Sunday, June 29, 2008

ശരീരത്തിനകം പരിശോധിക്കാന്‍ 'ഗുളികക്യാമറ'

പുറമെനിന്ന്‌ നിയന്ത്രിച്ച്‌ ശരീരത്തിനുള്ളില്‍ പരിശോധന നടത്താനും രോഗബാധിതഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാനും കഴിയുന്ന 'ഗുളികക്യാമറ'(pill camera)യ്‌ക്ക്‌ ജര്‍മന്‍ ഗവേഷകര്‍ രൂപംനല്‍കി.
കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ആമാശയവും കുടലും ഉള്‍പ്പടുന്ന ദഹനേന്ദ്രിയവ്യൂഹത്തിലൂടെ ഗുളികക്യാമറ അനായാസം ചലിപ്പിക്കാനും ഏത്‌ ദിശയിലേക്ക്‌ വേണ്ടമെങ്കിലും തിരിക്കാനും സഹായിക്കുന്ന ഈ സംവിധാനം, ചികിത്സ കൂടുതല്‍ കൃത്യമാക്കാനും മെച്ചപ്പെടുത്താനും സഹായിക്കും.

ദഹനേന്ദ്രിയവ്യൂഹത്തിലെ പരിശോധന നിലവില്‍ എന്‍ഡോസ്‌കോപ്പി വഴിയാണ്‌ സാധ്യമാകുന്നത്‌. അസുഖകരമായ അനുഭവമാണ്‌ ഇത്തരം പരിശോധന. രോഗിയെ ഭാഗികമായി മയക്കേണ്ടി വരും; മണിക്കൂറുകളെടുക്കും മയക്കം മാറാന്‍. എന്നാല്‍, പുതിയ സംവിധാനം പരീക്ഷണാര്‍ഥം ഉപയോഗിച്ചപ്പോള്‍ രോഗിക്ക്‌ കാര്യമായ പ്രശ്‌നങ്ങളോ അസൗകര്യങ്ങളോ ഉണ്ടായതായി കണ്ടില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു.

ജര്‍മനിയില്‍ 'ഫ്രാന്‍ഹോഫര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ ബയോമെഡിക്കല്‍ എന്‍ജിനിയറിങി'ലെ ഫ്രാങ്ക്‌ വോള്‍കെയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഗുളികക്യാമറ വികസിപ്പിച്ചത്‌. ഒരു മള്‍ട്ടിവിറ്റാമിന്‍ ഗുളികയുടെ വലിപ്പമേയുള്ളു ക്യാമറയ്‌ക്ക്‌. ക്യാമറ, ട്രാന്‍സ്‌മിറ്റര്‍, ബാറ്ററി, ചിത്രങ്ങളെടുക്കുമ്പോള്‍ ഫ്‌ളാഷ്‌ തെളിയാനുള്ള ഡയോഡ്‌ തുടങ്ങിയവയൊക്കെ അടങ്ങിയതാണ്‌ ഗുളികക്യാമറ. ദഹനവ്യൂഹത്തിലൂടെ ചലിക്കുമ്പോള്‍, സെക്കന്‍ഡില്‍ നാലു ചിത്രങ്ങള്‍ വരെ പകര്‍ത്തി പുറത്തേക്ക്‌ അയയ്‌ക്കാന്‍ ഇതിനാകും. രോഗിയുടെ ബല്‍റ്റില്‍ ഘടിപ്പിച്ചിട്ടുള്ള സ്വീകരണി (റിസീവര്‍) ചിത്രങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കും.

ശരീരത്തിനുള്ളിലെ യഥാര്‍ഥ സ്ഥിതി മനസിലാക്കാനും, ട്യൂമറുകളും മറ്റും എത്ര വലുതായിട്ടുണ്ടെന്ന്‌ കൃത്യമായി മനസിലാക്കാനും, ശസ്‌ത്രക്രിയ വേണ്ട സാഹചര്യമാണെങ്കില്‍ അത്‌ മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാനുമൊക്കെ, ശരീരത്തിനുള്ളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ സഹായിക്കും. രോഗസ്ഥിതി മനസിലാക്കാന്‍ മാത്രമല്ല, ഭാവിയില്‍ ശരീരത്തിനുള്ളില്‍ കൃത്യമായ ഇടങ്ങളില്‍ ഔഷധങ്ങളെത്തിക്കാനും, പുറമെനിന്ന്‌ നിയന്ത്രിക്കാവുന്ന ഇത്തരം ഉപകരണങ്ങള്‍ സഹായിക്കുമെന്ന്‌, അമേരിക്കയില്‍ മയോക്ലിനിക്കിലെ ഗാസ്‌ട്രോഎന്‍ട്രോളജിസ്‌റ്റായ ഡോ.ഡേവിഡ്‌ ഫ്‌ളീഷര്‍ പറയുന്നു.

ആമാശയത്തിനുള്ളില്‍നിന്ന്‌ ചിത്രങ്ങളയയ്‌ക്കാന്‍ ശേഷിയുള്ള ഗുളികക്യാമറകള്‍ ഏതാനും വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്‌. പക്ഷേ, ദഹനവ്യൂഹത്തില്‍ ഭക്ഷണം കടന്നുപോകാന്‍ സഹായിക്കുന്ന പേശികളുടെ പ്രവര്‍ത്തനഫലമായാണ്‌ അവ ചലിക്കുന്നത്‌. നിയന്ത്രണം സാധ്യമല്ല. അതേസമയം, പുറത്തുനിന്ന്‌ കാന്തികമണ്ഡലം പ്രയോഗിച്ച്‌ ക്യാമറയെ ദഹനവ്യൂഹത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിക്കാം എന്നതാണ്‌ പുതിയ സംവിധാനത്തിന്റെ പ്രത്യേകത. രോഗിയെ സ്‌പര്‍ശിക്കേണ്ട ആവശ്യം തന്നെ വരുന്നില്ല- 'ടെക്‌നോളജി റിവ്യൂ' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

സാധാരണഗതിയില്‍ തൊണ്ടയ്‌ക്കു താഴെ, ആമാശയത്തിന്‌ മേല്‍ഭാഗത്തുള്ള സ്ഥലത്ത്‌ വെറും സെക്കന്‍ഡുകള്‍ മാത്രമേ മറ്റു ഗുളികക്യാമറകള്‍ നില്‍ക്കാറുള്ളു. വേഗം ആമാശയത്തിലേക്ക്‌ വീഴും. അതിനാല്‍, തൊണ്ടക്കുഴലില്‍ അവയുപയോഗിച്ച്‌ പരിശോധന നടത്തുക ബുദ്ധിമുട്ടാണ്‌. മാത്രമല്ല, ദഹനേന്ദ്രിയവ്യൂഹത്തിനുള്ളില്‍ കൃത്യമായ ദിശയിലേക്ക്‌ ക്യാമറ തിരിയണം എന്നുമില്ല. ഈ പരിമിതിയെല്ലാം പുതിയ സംവിധാനം മറികടക്കുന്നു. രോഗി നിവര്‍ന്നിരിക്കുമ്പോള്‍തന്നെ, കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ തോണ്ടക്കുഴലില്‍ പത്തുമിനിറ്റ്‌ നേരം ക്യാമറ നിര്‍ത്തി പരിശോധിക്കാന്‍ ഗവേഷകര്‍ക്കായി. ഇസ്രായേലി കമ്പനിയായ 'ഗിവണ്‍ ഇമേജിങി'ന്റെ സഹകരണത്തോടെയാണ്‌ ജര്‍മന്‍ ഗവേഷകര്‍ പുതിയ സംവിധാനം രൂപപ്പെടുത്തിയത്‌. (അവലംബം: ടെക്‌നോളജി റിവ്യു, കടപ്പാട്‌:മാതൃഭൂമി)

മരങ്ങള്‍ മലകയറുന്നു

ഭൂമി ചൂടാകുകയാണ്‌. തണുത്ത കാലാവസ്ഥ തേടി ഉയര്‍ന്ന വിതാനങ്ങളിലേക്ക്‌ മരങ്ങള്‍ വാസം മാറ്റുന്നതായി പഠനറിപ്പോര്‍ട്ട്‌.
'ലോര്‍ഡ്‌ ഓഫ്‌ ദി റിങ്‌സി'ലെ വൃക്ഷമനുഷ്യരെ ഓര്‍മയില്ലേ. ചലിക്കാനും സഞ്ചരിക്കാനും കഴിയുന്ന അത്ഭുതമരങ്ങള്‍, വൃക്ഷമുത്തച്ഛന്‍മാര്‍. അതിഗംഭീരമായ വേഷപ്പകര്‍ച്ചയാണ്‌ വൃക്ഷങ്ങള്‍ക്കും മനുഷ്യര്‍ക്കും ആ കഥാപാത്രത്തിലൂടെ സംവിധായകന്‍ നല്‍കിയത്‌. എന്നാല്‍, ഭാവനാലോകത്തല്ലാതെ ഇത്തരം സഞ്ചരിക്കുന്ന മരങ്ങളെ ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ മരങ്ങള്‍ മലകയറുന്നു എന്നു കേട്ടാല്‍ വിശ്വാസം വരണമെന്നുമില്ല. എന്നാല്‍, ഒരര്‍ഥത്തില്‍ മരങ്ങളിപ്പോള്‍ സഞ്ചാരം തുടങ്ങിയിരിക്കുകയാണത്രേ; സഞ്ചരിക്കുകയല്ല, ശരിക്കു പറഞ്ഞാല്‍ വാസം മാറ്റുകയാണ്‌. ചൂടു കൂടുന്ന അന്തരീക്ഷത്തില്‍നിന്ന്‌ തണുപ്പു തേടി, ഉയര്‍ന്ന വിതാനങ്ങളിലേക്കാണ്‌ മരങ്ങളുടെ ഈ ചുവടുമാറ്റം!

ആഗോളതാപനം ആവാസവ്യവസ്ഥകള്‍ക്ക്‌ ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി നൂറുകണക്കിന്‌ ശാസ്‌ത്രീയപഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലത്തെ പഠനങ്ങളിലൊന്നിലാണ്‌, മരങ്ങള്‍ മലകയറുന്ന കാര്യം വെളിപ്പെട്ടിരിക്കുന്നത്‌. പടിഞ്ഞാറന്‍ യൂറോപ്പിലെ വനങ്ങളില്‍ കാണപ്പെടുന്ന 171 സസ്യജാതികളെ നിരീക്ഷിച്ചാണ്‌ ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന്‌, പുതിയ ലക്കം 'സയന്‍സ്‌' ഗവേഷണവാരിക പറയുന്നു. പല മരങ്ങളും സസ്യയിനങ്ങളും ഓരോ പതിറ്റാണ്ടിലും ശരാശരി 29 മീറ്റര്‍വരെ ഉയര്‍ന്ന വിതാനത്തിലേക്ക്‌ ആവാസവ്യവസ്ഥ മാറ്റിയത്രേ. കുറഞ്ഞ ജീവചക്രമുള്ള പന്നല്‍ച്ചെടികള്‍ പോലുള്ളവയാണ്‌ പുതിയ സ്ഥലത്തേക്ക്‌ കൂടുതല്‍ വേഗം വ്യാപിക്കുന്നത്‌.


ഫ്രാന്‍സിലെ അഗ്രോപാരീസ്‌ടെക്‌ (AgroParisTech) എന്ന സ്ഥാപനത്തിലെ ഗവേഷകനായ ജോനാതന്‍ ലെനോയ്‌റിന്റെ നേതൃത്വത്തിലാണ്‌ പഠനം നടന്നത്‌. ചിലിയന്‍ ഗവേഷകരും സഹകരിച്ചു. പോയനൂറ്റാണ്ടില്‍ കാലാവസ്ഥാവ്യതിയാനം സസ്യയിനങ്ങളില്‍ വ്യാപകമായ തോതില്‍ സ്വാധീനം ചെലുത്തിക്കഴിഞ്ഞു എന്ന്‌ തെളിയിക്കപ്പെടുന്നത്‌ ആദ്യമായാണ്‌-പഠനഫലത്തെ ലെനോയ്‌ര്‍ വിലയിരുത്തുന്നു. സാധാരണ ആവാസവ്യവസ്ഥകളില്‍ (ecosystems) കാലാവസ്ഥാവ്യതിയാനത്തിന്റെ 'കൈമുദ്ര' ഇപ്പോള്‍ തന്നെ പ്രകടമാണോ എന്നറിയാനായിരുന്നു ഗവേഷണം.


ഇക്കാര്യം കണ്ടെത്താനായി 1905-1985 കാലയളവിലെ വനസസ്യയിനങ്ങളുടെ വിതരണത്തെ, 1986-2005 കാലയളവിലേതുമായി താരതമ്യപ്പെടുത്തുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. `ഫ്രഞ്ച്‌ മലനിരകളില്‍ കാണപ്പെടുന്ന 171 സാധാരണ സസ്യയിനങ്ങളെയാണ്‌ ഞങ്ങള്‍ പരിഗണിച്ചത്‌. സമുദ്രവിതാനത്തിനും അവിടെനിന്ന്‌ 2600 മീറ്റര്‍ ഉയരമുള്ള വിതാനത്തിനും മധ്യേ കാണപ്പെടുന്ന ആവാസവ്യവസ്ഥയിലായിരുന്നു നിരീക്ഷണം. വളര്‍ച്ചയ്‌ക്കും പ്രജനനത്തിനും അനുയോജ്യമായ താപനില തേടി മിക്ക വൃക്ഷങ്ങളും സസ്യയിനങ്ങളും ഉയര്‍ന്ന വിതാനങ്ങളിലേക്ക്‌ മാറുകയാണെന്ന്‌ പഠനത്തില്‍ കണ്ടു. ചിലയിനങ്ങളുടെ മാറ്റം പതിറ്റാണ്ടില്‍ ശരാശരി 29 മീറ്റര്‍ വരെയാണ്‌'-ലെനോയ്‌ര്‍ അറിയിക്കുന്നു. ഇതുസംബന്ധിച്ച വ്യക്തതയ്‌ക്ക്‌ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.


താപനിലയിലെ വ്യതിയാനത്തോടുള്ള പല സസ്യങ്ങളുടെയും പ്രതികരണം വ്യത്യസ്‌തമാണെന്ന്‌, പഠനത്തില്‍ ഉള്‍പ്പെട്ട പ്രൊഫ. ജീന്‍ ക്ലാഡ്‌ ഗിഗോട്ട്‌ പറയുന്നു.ആയുസ്സ്‌ കൂടിയ സസ്യങ്ങള്‍ അത്രയധികം മാറ്റം പ്രകടിപ്പിച്ചു കാണുന്നില്ല. എന്നാല്‍, ജീവചക്രം കുറഞ്ഞ ചെറുചെടികളുടെ കാര്യത്തില്‍ വളരെക്കൂടുതലായിരുന്നു മലമുകളിലേക്കുള്ള മാറ്റം. ഇത്തരം ചെടികള്‍ക്ക്‌ വേഗം വിത്ത്‌ വിതറി മുകളിലേക്ക്‌ കയറാം. മാറുന്ന കാലവസ്ഥയോട്‌ പൊരുത്തപ്പെടാന്‍ അതുകൊണ്ട്‌ ചെറുസസ്യങ്ങള്‍ക്ക്‌ എളുപ്പം കഴിയുന്നു. എന്നാല്‍, ജീവചക്രം കൂടതലുള്ള വന്‍മരങ്ങളുടെ കാര്യത്തില്‍ അതത്ര എളുപ്പമല്ല. അതുകൊണ്ട്‌ കാലാവസ്ഥാമാറ്റത്തിന്റെ ആദ്യ ഇരകള്‍ വന്‍വൃക്ഷങ്ങളായിരിക്കുമെന്ന്‌ പ്രൊഫ.ഗിഗോട്ട്‌ പറയുന്നു.(അവലംബം: സയന്‍സ്‌).
കാണുക: ഉഷ്‌ണമേഖല ധ്രുവങ്ങളിലേക്ക്‌ വ്യാപിക്കുന്നു
കാലാവസ്ഥാശാസ്‌ത്രത്തിലെ 'ഡബിള്‍ ഹെലിക്‌സ'
ഇതു സംബന്ധിച്ച്‌ കേരളത്തില്‍ നിന്നുള്ള ഒരു നിരീക്ഷണം ഇവിട.

Thursday, June 26, 2008

മത്സ്യത്തിന്റെ ഉടല്‍; മൃഗത്തിന്റെ ശിരസ്സ്‌

പരിണാമപ്രക്രിയയില്‍ പുതുവെളിച്ചം വീശുന്ന പ്രാചീന നാല്‌ക്കാലിയുടെ ഫോസില്‍; 36.5 കോടി വര്‍ഷം പഴക്കമുള്ളത്‌.

നാല്‌ക്കാലിയാണോ എന്ന്‌ ചോദിച്ചാല്‍; അതെ. എന്നാല്‍, വെള്ളത്തില്‍ ജീവിക്കാന്‍ പാകത്തിലുള്ളതാണ്‌ ഉടല്‍. ഏതാണ്ട്‌ മത്സ്യത്തിന്റെ ഉടലും മൃഗത്തിന്റെ ശിരസ്സും. പുരാണങ്ങളില്‍നിന്ന്‌ ഉടല്‍രൂപം പൂണ്ട്‌ പുറത്തുവന്ന വിചിത്രജീവിയെപ്പോലൊന്ന്‌. ലാറ്റ്‌വിയയില്‍നിന്ന്‌ കണ്ടെടുത്ത 36.5 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ പുരാവസ്‌തുഗവേഷകരെ അമ്പരിപ്പിക്കുകയാണ്‌. ജീവപരിണാമത്തിന്റെ ഒരു നിര്‍ണായക മുഹൂര്‍ത്തത്തിന്‌ (ജലജീവികള്‍ കരജീവികളായ ഘട്ടം) സാക്ഷിയായ ജീവിയുടെ അവശിഷ്ടമാണിതെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. പരിണാമപ്രക്രിയയെപ്പറ്റി പുതിയ അവബോധം സൃഷ്ടിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിച്ചേക്കും.

ചീങ്കണ്ണിയെപ്പോലുള്ള ഇഴജന്തുക്കളുടെ ഗണത്തിലാണ്‌ 'വെന്റാസ്‌റ്റേഗ കുറോനിക്ക' (Ventastega curonica) എന്ന ശാസ്‌ത്രീയനാമം നല്‍കിയിട്ടുള്ള ഈ പ്രാചീനജീവിയെ ഗവേഷകര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ദിനോസറുകള്‍ ഭൂമുഖത്ത്‌ പ്രത്യക്ഷപ്പെടുന്നതിന്‌ പത്തുകോടി വര്‍ഷംമുമ്പ്‌ ജീവിച്ചിരുന്നവയാണ്‌ ഇവ. ആഴംകുറഞ്ഞ തടാകഭാഗങ്ങളിലോ, വേലിയേറ്റത്തില്‍ വെള്ളം നിറയുന്ന ചതുപ്പുകളിലോ അവ ഇരതേടി കഴിഞ്ഞിരിക്കാമെന്ന്‌, 'നേച്ചര്‍' ഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു.

വെള്ളത്തില്‍നിന്ന്‌ കരയില്‍ വാസം തുടങ്ങിയ ജീവികളുടെ ആദ്യതലമുറയില്‍പെട്ട 'ടെട്രോപോഡു'(tetrapod)കളെ അനുസ്‌മരിപ്പിക്കുന്ന ശിരസ്സാണ്‌ വെന്റാസ്‌റ്റേഗയുടേതെന്ന്‌, പഠനത്തിന്‌ നേതൃത്വം നല്‍കിയ സ്വീഡനില്‍ ഉപ്‌സല സര്‍വകലാശാലയിലെ പ്രൊഫ. പെര്‍ അഹ്‌ല്‍ബെര്‍ഗ്‌ അറിയിക്കുന്നു. ശരീരം പക്ഷേ, ഏതാണ്ട്‌ മത്സ്യത്തിന്റേതാണ്‌. നാലു കാലുകളുള്ളതിന്‌ വേണ്ടത്ര വികസിച്ചിട്ടില്ല. ''അകല നിന്ന്‌ നോക്കിയാല്‍ ചീങ്കണ്ണിയാണോ എന്ന്‌ സംശയം തോന്നാം. അടുത്തെത്തിയാല്‍, മത്സ്യത്തിന്റേതുപോലുള്ള വാലും ചെകിളയുടെ സ്ഥാനത്തെ വിടവും കണ്ണില്‍പ്പെടും''-അദ്ദേഹം അറിയിക്കുന്നു.

രൂപഘടന പ്രകാരം, മത്സ്യത്തില്‍നിന്ന്‌ കരയിലെ ജീവിയാകാനുള്ള ഭൗതീകമാറ്റം അതിന്‌ സംഭവിച്ചു കഴിഞ്ഞതായി മനസിലാക്കാം. എന്നാല്‍, ജീവിതശൈലി വെച്ചുനോക്കിയാല്‍ നിങ്ങള്‍ കാണുന്നത്‌ ഇപ്പോഴും ജലത്തില്‍ വസിക്കുന്ന ഒരു ജീവിയെയാണ്‌-പ്രൊഫ. അഹ്‌ല്‍ബെര്‍ഗ്‌ പറയുന്നു. കടലില്‍നിന്ന്‌ കരയ്‌ക്കെത്തുന്നതിനിടെ ജീവികള്‍ക്ക്‌ സംഭവിച്ചത്‌ രേഖീയ പരിണാമമാണെന്ന്‌ ഗവേഷകര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, വൈവിധ്യമാര്‍ന്ന രീതിയില്‍ ആ ഘട്ടത്തില്‍ പരിണാമം നടന്നു എന്നതിന്റെ തെളിവാണ്‌ വെന്റാസ്‌റ്റേഗയെന്ന ജീവിയെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

കാനഡയില്‍നിന്ന്‌ 2004-ല്‍ 'തിക്ടാലിക്‌' (Tiktaalik) എന്നൊരു പ്രാചീനജീവിയുടെ ഫോസില്‍ കണ്ടുകിട്ടിയിരുന്നു. പരിണാമത്തില്‍ മത്സ്യത്തിനും സസ്‌തനികള്‍ക്കും മധ്യേയുള്ള കണ്ണിയാണ്‌ അതെന്ന്‌ ഗവേഷകലോകം വിധിയെഴുതുകയും ചെയ്‌തു. എന്നാല്‍, തിക്ടാലിക്കുകള്‍ക്കു ശേഷം ജീവിച്ചിരുന്നവയാണ്‌ വെന്റാസ്‌റ്റേഗ. തിക്ടാലിക്കുകള്‍ക്കും പ്രാചീന സസ്‌തനികള്‍ക്കും മധ്യേയുള്ള കണ്ണിയാണ്‌ പുതിയ ജീവിയെന്നു വേണം കരുതാനെന്ന്‌ ഗവേഷകര്‍ പറയുന്നു. കാര്യമായ തകരാറൊന്നും പറ്റാത്ത ഫോസിലാണ്‌ ലാറ്റ്‌വിയയില്‍നിന്ന്‌ ലഭിച്ചത്‌. ആ പ്രദേശത്തിന്റെ ഭൗമശാസ്‌ത്രപരമായ പ്രത്യേകതയാവാം ഇതിന്‌ കാരണം. ഫോസില്‍ വലിയ പരിക്കുകളൊന്നും കൂടാതെ ലഭിച്ചതിനാല്‍, അതിനെ വിശകലനം ചെയ്യാനും പഠിക്കാനും വലിയ സൗകര്യമായെന്ന്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: നേച്ചര്‍)

Tuesday, June 24, 2008

ചൊവ്വായില്‍ മണ്ണ്‌ മാന്തി; മഞ്ഞ്‌ കണ്ടു

ചൊവ്വായില്‍ മഞ്ഞുകട്ടകളുടെ രൂപത്തില്‍ വെള്ളമുണ്ട്‌ എന്നതിന്‌ 'കുറ്റമറ്റ തെളിവ്‌' ലഭിച്ചിരിക്കുന്നു. കഴിഞ്ഞ മാസാവസാനം അവിടെയിറങ്ങിയ 'ഫീനിക്‌സ്‌' പേടകമാണ്‌ ഈ കണ്ടെത്തല്‍ നടത്തിയത്‌. ചൊവ്വ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ ചുറ്റിസഞ്ചരിക്കുന്ന വേളയില്‍ 'മാഴ്‌സ്‌ ഒഡിസ്സി' (Mars Odyssey)യെന്ന ബഹിരാകാശ പേടകം, ആ ഗ്രഹത്തിന്റെ ധ്രുവമേഖലയില്‍ പ്രതലത്തിന്‌ താഴെ മഞ്ഞുപാളികളുടെ വന്‍ശേഖരമുള്ളതായി സൂചന നല്‍കിയിരുന്നു. 2002-ലായിരുന്നു അത്‌. ആറ്‌ വര്‍ഷത്തിന്‌ ശേഷം ഇപ്പോഴിതാ, ചൊവ്വയിലെ മണ്ണ്‌ മാന്തി 'മഞ്ഞുകട്ടകള്‍' കണ്ടെത്താനായിരിക്കുന്നു. ചൊവ്വായുടെ ധ്രുവമേഖലയിറങ്ങിയ നാസയുടെ 'ഫീനിക്‌സ്‌' എന്ന മുക്കാലി പേടകമാണ്‌ സുപ്രധാനമായ ഈ കണ്ടെത്തല്‍ നടത്തിയത്‌.

ചൊവ്വായില്‍ മഞ്ഞുകട്ടകളുടെ രൂപത്തില്‍ വെള്ളമുണ്ട്‌ എന്നതിന്‌ 'കുറ്റമറ്റ തെളിവ്‌' ലഭിച്ചിരിക്കുന്നു എന്ന്‌ ജൂണ്‍ 19-നാണ്‌, 'മാഴ്‌സ്‌ ഫീനിക്‌സ്‌ ലാന്‍ഡര്‍' ദൗത്യത്തിന്റെ മേധാവി പീറ്റര്‍ സ്‌മിത്ത്‌ പ്രസ്‌താവന വഴി ലോകത്തെ അറിയിച്ചത്‌. ഫീനിക്‌സിന്റെ യന്ത്രക്കരം മണ്ണുമാന്തിയുണ്ടാക്കിയ ചാലില്‍ വെളുത്തു തിളങ്ങുന്ന ചില കട്ടകള്‍ ഉള്ളതായി ജൂണ്‍ 15-ന്‌ ലഭിച്ച ചിത്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതില്‍ ചിലത്‌ ഉരുകിയതായി ജൂണ്‍ 19-ന്‌ എടുത്ത ചിത്രത്തില്‍ കണ്ടു. ഇതാണ്‌ ചൊവ്വായില്‍ വെള്ളമുണ്ട്‌ എന്നതിന്റെ പുതിയ തെളിവെന്ന്‌ ഗവേഷകര്‍ പറയുന്നു.

ഫീനിക്‌സിന്റെ യന്ത്രക്കരങ്ങള്‍ മാന്തിയെടുത്തത്‌ ലവണക്കട്ടകളാണോ എന്ന്‌ സംശയമുണ്ടായേക്കാം, എന്നാല്‍ ലവണക്കട്ടകള്‍ ഇത്തരത്തില്‍ ഉരുകി ബാഷ്‌പീകരിക്കപ്പെടില്ല-സ്‌മിത്ത്‌ അറിയിക്കുന്നു. അവ ഖനീഭവിച്ച കാര്‍ബണ്‍ഡയോക്‌്‌സയിഡ്‌ കട്ടകളാകാനും തരമില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. കാരണം, ജൂണ്‍ 15-ന്‌ തോണ്ടിയെടുത്ത കട്ടകള്‍ 19-ഓടെയാണ്‌ ഉരുകിത്തീര്‍ന്നത്‌. ചൊവ്വായിലെ കാലാവസ്ഥയും അന്തരീക്ഷതാപനിലയും അനുസരിച്ച്‌ കാര്‍ബണ്‍ഡയോക്‌സയിഡ്‌ കട്ടകള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ബാഷ്‌പീകരിക്കാതെ സ്ഥിതിചെയ്യാന്‍ സാധ്യമല്ല-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്‌ ജലം തന്നെയാണ്‌ മഞ്ഞുകട്ടയുടെ രൂപത്തില്‍ കാണപ്പെട്ടതെന്ന്‌ ഗവേഷകര്‍ കരുതുന്നു.

ജീവന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം ജലമാണ്‌. ജലമുണ്ടെന്ന്‌ പറഞ്ഞാല്‍ അതിനര്‍ഥം, അവിടെ ജീവന്റെ അടിസ്ഥനഘടകം ഉണ്ടെന്നാണ്‌. തീര്‍ച്ചയായും ചൊവ്വയില്‍ ജീവന്‍ ഉണ്ടാകാനോ, ഒരുകാലത്ത്‌ ഉണ്ടായിരുന്നിരിക്കാനോ ഉളള സാധ്യതയാണ്‌ ജലത്തിന്റെ സാന്നിധ്യം മുന്നോട്ടു വെക്കുന്നത്‌. ചൊവ്വായില്‍ മഞ്ഞുകട്ട കണ്ടെത്തി എന്ന വാര്‍ത്തയുടെ പ്രാധാന്യവും അവിടെയാണ്‌. ചൊവ്വായുടെ ധ്രുവപ്രദേശം വാസയോഗ്യമാണോ എന്ന്‌ മനസിലാക്കാനാണ്‌ ഫീനിക്‌സിനെ അയച്ചിരിക്കുന്നത്‌. ചൊവ്വയിലെ മണ്ണ്‌ കുഴിച്ചു പരിശോധിക്കുന്നത്‌ ആദ്യമായാണ്‌.

2007 ആഗസ്‌ത്‌ നാലിന്‌ അമേരിക്കയില്‍ ഫ്‌ളോറിഡയിലെ കേപ്‌ കാനവെറല്‍ എയര്‍ഫോഴ്‌സ്‌ സ്‌റ്റേഷനില്‍നിന്ന്‌ ഡെല്‍റ്റ-2 റോക്കറ്റില്‍ വിക്ഷേപിച്ച ഫീനിക്‌സ്‌ പേടകം, കഴിഞ്ഞ മെയ്‌ 25-നാണ്‌ ചൊവ്വായില്‍ വിജയകരമായി ഇറങ്ങിയത്‌. 68 കോടി കിലോമീറ്റര്‍ പേടകം യാത്ര ചെയ്‌തു. മുമ്പ്‌ റദ്ദാക്കിയ രണ്ട്‌ ചൊവ്വദൗത്യങ്ങളുടെ ഉപകരണങ്ങളാണ്‌ ഫീനിക്‌സില്‍ മുഖ്യമായും നാസ ഉപയോഗിച്ചിരിക്കുന്നത്‌. യന്ത്രക്കരം ഉപയോഗിച്ച്‌ ചൊവ്വയിലെ മണ്ണ്‌ കുഴിച്ച്‌ മ്‌ഞ്ഞിന്റെയും ജലത്തിന്റെയും സാന്നിധ്യം മനസിലാക്കാനാണ്‌ ഫീനിക്‌സിനെ പ്രധാമായും ഉപയോഗിക്കുക. ആ നിലയ്‌ക്ക്‌ ഫീനിക്‌സ്‌ ഉജ്ജ്വല വിജയമാണ്‌ ഇപ്പോള്‍ തന്നെ നേടിയിരിക്കുന്നത്‌.(കടപ്പാട്‌: നാസ, നാഷണല്‍ ജ്യോഗ്രഫിഫ്‌ ന്യൂസ്‌).

Monday, June 23, 2008

'സഹസ്രാബ്ദ പുരസ്‌കാരം' പ്രൊഫ. റോബര്‍ട്ട്‌ ലാങര്‍ക്ക്‌

സാങ്കേതികവിദ്യയ്‌ക്കുള്ള അനൗദ്യോഗിക നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന മില്ലിനിയം ടെക്‌നോളജി പുരസ്‌കാരത്തിന്‌ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട ഗവേഷകനെപ്പറ്റി.

ര്‍ബുദം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പലപ്പോഴും പരാജയത്തിന്റെ നിറംകെട്ട കഥകളാണ്‌ അവശേഷിപ്പിക്കാറ്‌. എന്നാല്‍, ആ യുദ്ധത്തില്‍ ജയിക്കാനായി ജനിച്ച ചിലരുണ്ട്‌. പതിറ്റാണ്ടുകള്‍ക്കിടയില്‍ പുതിയ കണ്ടെത്തലുകളുമായി അവര്‍ വിജയഗാഥ രചിക്കാനെത്തും. അത്തരം വിജയഗാഥകള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക്‌ സഹായവും ആശ്വാസവുമാകും, പതിനായിരങ്ങളുടെ ജീവന്‍ രക്ഷിക്കും. ശാസ്‌ത്രചരിത്രത്തില്‍ നാഴികക്കല്ലുകളാകും അങ്ങനെയുള്ള മുന്നേറ്റങ്ങള്‍.

മനുഷ്യജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പാകത്തില്‍ വിജയഗാഥ രചിച്ചവരുടെ പട്ടികയിലാണ്‌ പ്രൊഫ. റോബര്‍ട്ട്‌ ലാങര്‍ എന്ന 59-കാരനായ ഗവേഷകന്റെയും സ്ഥാനം. 'ബയോമെറ്റീരിയലുകളെ'ക്കുറിച്ച്‌ പ്രൊഫ.ലാങര്‍ നടത്തുന്ന ഗവേഷണം, കൂടുതല്‍ അനുഗ്രഹമായത്‌ വൈദ്യശാസ്‌ത്രത്തിനാണ്‌. മനുഷ്യശരീരത്തില്‍ ഫലവത്തായും നിയന്ത്രിതമായും ഔഷധങ്ങള്‍ എത്തിക്കാനുള്ള സങ്കേതം വികസിപ്പിച്ചതാണ്‌ അദ്ദേഹത്തിന്റെ പ്രധാന നേട്ടം. ലോകത്ത്‌ കുറഞ്ഞത്‌ പത്തുകോടി രോഗികള്‍ക്ക്‌ പ്രൊഫ. ലാങര്‍ വികസിപ്പിച്ച സങ്കേതം ഇന്ന്‌ അനുഗ്രഹമാകുന്നു.

മാനവസമൂഹത്തിന്‌ നല്‍കിയ സംഭാവനയെ മുന്‍നിര്‍ത്തി 'മില്ലിനിയം ടെക്‌നോളജി പുരസ്‌കാരം' (Millennium Technology Prize) ഇത്തവണ പ്രൊഫ. ലാങര്‍ക്ക്‌ ലഭിക്കുമ്പോള്‍, അത്‌ 25 വര്‍ഷമായി അദ്ദഹം തുടരുന്ന ഗവേഷണ സപര്യയ്‌ക്ക്‌ അര്‍ഹിക്കുന്ന ബഹുമതിയായി. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കപ്പെടുന്ന ഈ പുരസ്‌കാരം, സാങ്കേതികവിദ്യയ്‌ക്കുള്ള 'അനൗദ്യോഗിക നോബല്‍ സമ്മാനം' എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. എട്ടുലക്ഷം യൂറോ ആണ്‌ സമ്മാനത്തുക. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയാണ്‌ പുരസ്‌ക്കാരസമര്‍പ്പണ വേദി. 'വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌' (world wide web-www) രൂപപ്പെടുത്തിയ ടിം ബേണേഴ്‌സ്‌ ലീ, ഊര്‍ജക്ഷമതയേറിയ എല്‍.ഇ.ഡി.കള്‍ (LEDs) വികസിപ്പിച്ച ഷുജി നകമുറെ എന്നിവരാണ്‌ മുമ്പ്‌ ഈ വിഖ്യാത പുരസ്‌കാരത്തിന്‌ അര്‍ഹരായിട്ടുള്ളവര്‍.

അമേരിക്കയിലെ പ്രസിദ്ധമായ മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (MIT)യിലെ 13 'ഇന്‍സ്‌റ്റിട്ട്യൂട്ട്‌ പ്രൊഫസര്‍മാരി'ല്‍ ഒരാളാണ്‌ പ്രൊഫ. ലാങര്‍. ഹാര്‍വാഡ്‌-എം.ഐ.ടി. 'ഡിവിഷന്‍ ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജി'യിലെ ഫാക്കല്‍ട്ടി അംഗമായ അദ്ദേഹമാണ്‌, ലോകത്തെ ഏറ്റവും വലിയ ബയോമെഡിക്കല്‍ എന്‍ജിനിയറിങ്‌ ലാബിന്റെ മേധാവി. 60 ലക്ഷം ഡോളര്‍ വാര്‍ഷികഗ്രാന്റ്‌ ലഭിക്കുന്ന ആ പരീക്ഷണശാലയില്‍ പ്രൊഫ. ലാങറുടെ കീഴില്‍ നൂറോളം ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നു.

ബയോറബ്ബര്‍ (biorubber), മൈക്രോസ്‌ഫിയേഴ്‌സ്‌ (microspheres), സമയബന്ധിതമായി ഔഷധം പുറത്തുവിടുന്ന പോളിമറുകള്‍, മുറിവേല്‍പ്പിക്കാതെ ചര്‍മത്തിലൂടെ ഔഷധം ശരീത്തില്‍ എത്തിക്കുന്ന പാച്ചുകള്‍ തുടങ്ങി 'ബയോമെറ്റീരിയലുകള്‍' (biometerials) എന്ന വിശാലമേഖലയില്‍ ഏറ്റവും വലിയ കീഴടക്കലുകള്‍ നടത്തിയ ഗവേഷകനാണ്‌ പ്രൊഫ. ലാങര്‍. പൊള്ളലേറ്റ്‌ ദുരിതമനുഭവിക്കുന്നവര്‍ക്കു മുതല്‍ ഹൃദ്രോഗവും അര്‍ബുദവും മൂലം പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്കുവരെ ആശ്വാസമായി പ്രൊഫ. ലാങറുടെ കണ്ടുപിടിത്തങ്ങള്‍ എത്തുന്നു.

1974-ലാണ്‌ അദ്ദേഹം ഗവേഷണം ആരംഭിക്കുന്നത്‌. ഔഷധങ്ങളെ പൊതിഞ്ഞുസൂക്ഷിച്ചിട്ടുള്ള പോളിമറിലെ സൂക്ഷ്‌മസുക്ഷിരങ്ങളിലൂടെ പുറത്തുവരാന്‍ കഴിയാത്ര വലുതാണ്‌ ഔഷധതന്മാത്രകള്‍ എന്നകാര്യം, ഔഷധപ്രയോഗരംഗത്ത്‌ വന്‍ വെല്ലുവിളിയാണ്‌ ഉയര്‍ത്തിയത്‌. ആ പ്രശ്‌നത്തിന്‌ പരിഹാരം കാണാനായിരുന്നു പ്രൊഫ. ലാങറുടെ ആദ്യശ്രമങ്ങള്‍. പ്രത്യേക ത്രിമാനഘടനയുള്ള പോളിമറുകള്‍ വികസിപ്പിക്കുകയാണ്‌ അതിനായി അദ്ദേഹം ചെയ്‌തത്‌. അത്തരം പോളിമറുകള്‍ ഔഷധതന്മാത്രകളെ ഉദ്ദേശിക്കുന്ന രീതിയില്‍ സാവധാനത്തില്‍ രോഗിയുടെ ശരീരത്തിലെത്താന്‍ സഹായിക്കും.

ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലെ ന്യൂറോസര്‍ജനായ ഹെന്‍ട്രി ബ്രെമ്മും പ്രൊഫ. ലാങറും ചേര്‍ന്ന്‌ എണ്‍പതുകളുടെ മധ്യത്തില്‍ രൂപംനല്‍കിയ 'ഗ്ലിയാഡല്‍ വാഫര്‍'(Gliadel Wafer) ഇത്തരമൊരു പോളിമര്‍ ഉത്‌പന്നമാണ്‌. അര്‍ബുദരോഗികളുടെ മസ്‌തിഷ്‌ക്കത്തിനുള്ളില്‍ നേരിട്ട്‌ കീമോതെറാപ്പിയെത്തിക്കാന്‍, നാണയത്തിന്റെ വലിപ്പം മാത്രമുള്ള ഈ വാഫറിന്‌ കഴിയും. മസ്‌തിഷ്‌ക്കാര്‍ബുദ ചികിത്സയില്‍ 25 വര്‍ഷത്തിനിടെയുണ്ടാകുന്ന ആദ്യ ചികിത്സാമാര്‍ഗമായിരുന്നു അത്‌. '`ഞാനൊരു എന്‍ജിനിയറാണ്‌, പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനാണ്‌ എന്റെ ശ്രമങ്ങള്‍''-തന്റെ ഗവേഷണനേട്ടങ്ങളെ ഇങ്ങനെയാണ്‌ പ്രൊഫ.ലാങര്‍ വിലയിരുത്തുന്നത്‌.

കണ്ടുപിടിത്തങ്ങള്‍ക്കായി മാത്രം ജനിച്ചതാണോ ഈ ഗവേഷകന്‍ എന്ന്‌ തോന്നിപ്പോകും. അഞ്ഞൂറിലേറെ പേറ്റന്റുകളാണ്‌ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ പ്രൊഫ. ലാങര്‍ സ്വന്തമാക്കിയത്‌. അദ്ദേഹത്തിന്റെ ഗവേഷണഫലമായി രൂപപ്പെട്ട നാല്‌പതോളം ഉത്‌പന്നങ്ങള്‍ വിപണിയിലുണ്ട്‌ അല്ലെങ്കില്‍ പരീക്ഷണഘട്ടം പിന്നിടുന്നു. ''ശാസ്‌ത്രംകൊണ്ട്‌ നന്മയുണ്ടായിക്കാണാന്‍ ഞാനാഗ്രഹിക്കുന്നു, അത്‌ ജനങ്ങളെ സഹായിക്കുന്നതും''-900-ലേറെ ശാസ്‌ത്രപ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള പ്രൊഫ.ലാങര്‍ പറയുന്നു.

വെറും ഗവേഷണം കൊണ്ടുമാത്രം ശാസ്‌ത്രത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തില്ലെന്ന്‌ നല്ല നിശ്ചയമുള്ള വ്യക്തിയാണ്‌ പ്രൊഫ.ലാങര്‍. ഗവേഷണഫലങ്ങള്‍ ഉത്‌പന്നങ്ങളായി പുറത്തു വരണം. അതിന്‌ കമ്പനികളും സ്ഥാപനങ്ങളും വേണം. കുറഞ്ഞത്‌ ഒരു ഡസണ്‍ ബയോടെക്‌ സ്ഥാപനങ്ങള്‍ക്കെങ്കിലും പ്രൊഫ. ലാങര്‍ തുടക്കക്കാരനായിട്ടുണ്ട്‌, ഒട്ടേറെ സ്ഥാപനങ്ങളുടെ ഉപദേഷ്ടാവുമാണ്‌ അദ്ദേഹം. അദ്ദേഹത്തിന്റെ പേരിലുള്ള പേറ്റന്റുകളുടെ ലൈസന്‍സ്‌ 200-ഓളം കമ്പനികള്‍ക്ക്‌ ഇതിനകം ലഭിച്ചിട്ടുണ്ട്‌.

1948 ആഗസ്‌ത്‌ 29-ന്‌ ന്യൂയോര്‍ക്കിലെ അല്‍ബാനിയില്‍ ജനിച്ച ലാങര്‍, കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നാണ്‌ കെമിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം നേടുന്നത്‌. എം.ഐ.ടി.യില്‍നിന്ന്‌ അതേ വിഷയത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ലാങറെ, ജറുസലേമിലെ ഹീബ്രു സര്‍വകലാശാല, സൂറിച്ചിലെ ഇ.ടി.എച്ച്‌. തുടങ്ങിയ സ്ഥാപനങ്ങള്‍ ഹോണററി ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്‌. 150-ലേറെ പ്രമുഖ അവാര്‍ഡുകളും പുരസ്‌കാരങ്ങളും അക്കാദമി അംഗത്വങ്ങളും നേടിയിട്ടുള്ള പ്രൊഫ. ലാങര്‍ക്ക്‌, ആ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ മില്ലിനിയം ടെക്‌നോളജി പുരസ്‌കാരം.

യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ നാഷണല്‍ മെഡല്‍ ഓഫ്‌ സയന്‍സ്‌ (2006), എന്‍ജിനിയറിങിലെ 'നോബല്‍ പുരസ്‌കാരം' എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ചാള്‍സ്‌ സ്റ്റാര്‍ക്ക്‌ ഡ്രാപെര്‍ പ്രൈസ്‌'(2002), ഹീന്‍സ്‌ അവാര്‍ഡ്‌ ഫോര്‍ ടെക്‌നോളജി, എക്കണോമി ആന്‍ഡ്‌ എംപ്ലോയ്‌മെന്റ്‌ (2003), ഹാര്‍വി പ്രൈസ്‌ (2003), തോമസ്‌ ആല്‍വാ എഡിസണ്‍, ഓര്‍വില്ലി റൈറ്റ്‌ തുടങ്ങിയവര്‍ നേടിയിട്ടുള്ള ജോണ്‍ ഫ്രിറ്റ്‌സ്‌ അവാര്‍ഡ്‌(2003), ഡിക്‌സണ്‍ പ്രൈസ്‌ ഫോര്‍ സയന്‍സ്‌ (2002) തുടങ്ങിയവയെല്ലാം, പ്രൊഫ.ലാങറെ തേടിയെത്തിയ പുരസ്‌കാരങ്ങളില്‍ പെടുന്നു. 'ഗെയിര്‍ഡ്‌നെര്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌' ലഭിച്ചിട്ടുള്ള ഏക എന്‍ജിനിയറും അദ്ദേഹം തന്നെ.

അമേരിക്കയില്‍ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസിന്റെ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിസിന്‍, നാഷണല്‍ അക്കാദമി ഓഫ്‌ എന്‍ജിനിയറിങ്‌, നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌ എന്നീ മൂന്ന്‌ ദേശീയ അക്കാദമികളിലും അംഗത്വം ലഭിച്ച അത്യപൂര്‍വം ഗവേഷകരില്‍ ഒരാളാണ്‌ പ്രൊഫ. ലാങര്‍. 43 വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ ഈ ബഹുമതി തേടിയെത്തിയ വേറെയാരും ചരിത്രത്തിലില്ല. ആ ചരിത്രത്തിനാണ്‌ ഇപ്പോള്‍ 'സഹസ്രാബ്ദ പുരസ്‌ക്കാര'ത്തിന്റെ തിളക്കം കൂടി ലഭിക്കുന്നത്‌. (കടപ്പാട്‌: എന്‍.ഐ.എച്ച്‌, വിക്കിപീഡിയ, എം.ഐ.ടി, ബി.ബി.സി.ന്യൂസ്‌).

Sunday, June 22, 2008

ക്ലോണിങ്‌ തുണയ്‌ക്കെത്തി; അര്‍ബുദം അപ്രത്യക്ഷമായി

അര്‍ബുദം ഭേദമാക്കാന്‍ രോഗിയുടെ പ്രതിരോധകോശങ്ങള്‍ തന്നെ ഉപയോഗിക്കാനാകുമെന്ന്‌ സൂചന.
ക്ലോണ്‍ചെയ്‌ത പ്രതിരോധ കോശങ്ങളുപയോഗിച്ച്‌ അര്‍ബുദം ഭേദമാക്കുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയിച്ചു. മാരകമായ ചര്‍മാര്‍ബുദം ശരീരമാസകലം പടര്‍ന്ന 52-കാരനെയാണ്‌ രോഗമുക്തനാക്കാന്‍ അമേരിക്കന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞത്‌. രോഗിയുടെ ശരീരത്തിലെ പ്രതിരോധകോശങ്ങളുടെ കോടിക്കണക്കിന്‌ ക്ലോണ്‍ചെയ്‌ത പകര്‍പ്പുകള്‍ അയാളില്‍ തന്നെ കുത്തിവെക്കുകയായിരുന്നു. ഈ മാര്‍ഗം മറ്റുള്ളവരിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ അര്‍ബുദചികിത്സയില്‍ വിപ്ലവമായിരിക്കും ഫലം.
സിയാറ്റിലില്‍ ഫ്രെഡ്‌ ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിലെ ഡോ.കാസ്സിയന്‍ യീ നേതൃത്വം നല്‍കിയ സംഘമാണ്‌ പുതിയ ചികിത്സ പരീക്ഷിച്ചത്‌. ചര്‍മം മുതല്‍ ശ്വാസകോശംവരെ 'മെലനോമ'(melanoma) യെന്ന ചര്‍മാര്‍ബുദം ബാധിച്ച രോഗിയിലായിരുന്നു പരീക്ഷണം. മറ്റ്‌ ചികിത്സാരീതികളൊക്കെ പരാജയപ്പെട്ടയാളായിരുന്നു അത്‌. ക്ലോണ്‍ചെയ്‌ത പ്രതിരോധകോശങ്ങള്‍ കുത്തിവെച്ച്‌ രണ്ടു മാസത്തിനകം രോഗിയുടെ ശരീരത്തിലെ അര്‍ബുദ ട്യൂമറുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. ഇപ്പോള്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും രോഗം തിരിച്ചുവരുന്ന ഒരു ലക്ഷണവും ഇല്ലെന്ന്‌, 'ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണല്‍ ഓഫ്‌ മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.
അര്‍ബുദത്തെ നേരിടുന്നതില്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്‌ പ്രധാന പങ്കുണ്ട്‌. ശരീരപ്രതിരോധം കുറഞ്ഞവരെയാണ്‌ അര്‍ബുദമുള്‍പ്പടെയുള്ള രോഗങ്ങള്‍ എളുപ്പം ബാധിക്കുക. 75 ശതമാനം രോഗികളിലും അര്‍ബുദകോശങ്ങളെ സ്വാഭാവികമായി ആക്രമിക്കുന്ന ഒരിനം പ്രതിരോധകോശമുണ്ട്‌-'സിഡി4റ്റി'കോശങ്ങള്‍ (CD4+ T cells). രോഗിയുടെ ശരീരത്തില്‍നിന്നുള്ള ഇത്തരം കോശങ്ങളെ ഡോ.കാസ്സിയന്‍ യീയും സംഘവും പരീക്ഷണശാലയില്‍ ക്ലോണ്‍ ചെയ്‌തു.(ഒരു ജീവിയുടെയോ ശരീരഭാഗത്തിന്റെയോ ജനിതകപ്പകര്‍പ്പുകള്‍ സൃഷ്ടിക്കുന്ന ജൈവസങ്കേതമാണ്‌ ക്ലോണിങ്‌). ക്ലോണ്‍ ചെയ്‌ത 500 കോടി കോശങ്ങള്‍ തിരികെ രോഗിയില്‍തന്നെ കുത്തിവെച്ചപ്പോഴാണ്‌ അത്ഭുതകരമായ ഫലം കണ്ടത്‌.
ലോകത്താദ്യമായാണ്‌ ഇത്തരമൊരു ചികിത്സവഴി അര്‍ബുദം ഭേദമാക്കുന്നത്‌. ചര്‍മാര്‍ബുദം ബാധിച്ചവരില്‍ നാലിലൊന്നിനും ഈ സങ്കേതം ഗുണം ചെയ്യുമെന്നാണ്‌ സൂചന. മാത്രമല്ല, അര്‍ബുദചികിത്സയ്‌ക്ക്‌ ശരീരപ്രതിരോധത്തെ തന്നെ ആയുധമാക്കാന്‍ ഗവേഷകലോകത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഈ ഗവേഷണം. നിലവില്‍ അര്‍ബുദചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന കീമോതെറാപ്പി, റേഡിയേഷന്‍ മാര്‍ഗങ്ങളൊക്കെ കടുത്ത പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്‌. ആ നിലയ്‌ക്ക്‌ ശരീരപ്രതിരോധം ആയുധമാക്കിയുള്ള ചികിത്സയ്‌ക്ക്‌ പ്രാധാന്യവും ഗുണവും ഏറെയാണ്‌. എന്നാല്‍, `ഒറ്റ രോഗിയില്‍ മാത്രമാണ്‌ പുതിയ മാര്‍ഗം വിജയിച്ചതെന്ന കാര്യം മറക്കരുത്‌, മറ്റു രോഗികളില്‍ ഇത്‌ ഫലിക്കുമോ എന്ന്‌ അറിയാനിരിക്കുന്നതേയുള്ളു'-ഡോ.കാസ്സിയന്‍ യീ ഓര്‍മിപ്പിക്കുന്നു.(അവലംബം:'ഫ്രെഡ്‌ ഹച്ചിന്‍സണ്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററി'ന്റെ വാര്‍ത്താക്കുറിപ്പ്‌).

Saturday, June 21, 2008

മാച്ചൂ പിക്‌ച്ചൂ മുമ്പേ കണ്ടെത്തിയിരുന്നു

മാച്ചൂ പിക്‌ച്ചൂ എന്നൊരു ചരിത്രനഗരം പെറുവില്‍ ആന്‍ഡിസ്‌ പവര്‍തശിഖരത്തില്‍ മറഞ്ഞിരിക്കുന്ന കാര്യം 1911-ലാണ്‌ ലോകമറിഞ്ഞത്‌; അമേരിക്കക്കാരനായ ഒരു പര്യവേക്ഷകനില്‍നിന്ന്‌. എന്നാല്‍ അതിനും 40 വര്‍ഷം മുമ്പേ ഈ നഷ്ടനഗരം കണ്ടെത്തിയിരുന്നുവത്രേ.

പെറുവില്‍ ആന്‍ഡിസ്‌ പര്‍വതശിഖരത്തിലാണ്‌ ഇന്‍കാകളുടെ നഷ്ടനഗരമായ മാച്ചൂ പിക്‌ച്ചൂവിന്റെ സ്ഥാനം. അരസഹസ്രാബ്ദത്തിന്‌ മുമ്പ്‌ നിര്‍മിച്ച ഈ നഗരം അധിനിവേശക്കാരില്‍ നിന്നു മറഞ്ഞിരിക്കുകയായിരുന്നു; നൂറ്റാണ്ടുകളോളം. ഇങ്ങനെയൊരു പുരാതന നഗരമുള്ള കാര്യം ആധുനികലോകത്തിന്‌ മുമ്പിലെത്തിച്ചത്‌ 1911-ല്‍ യു.എസ്‌.പര്യവേക്ഷകനായ ഹിരാം ബിന്‍ഗാം ആണെന്ന്‌ ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നു. പക്ഷേ, അത്‌ ശരിയല്ലത്രേ. ബിന്‍ഗാമാണ്‌ മാച്ചൂ പിക്‌ച്ചൂ കണ്ടെത്തിയതെന്ന കഥ തിരുത്തേണ്ടിവരുമെന്ന്‌ ഒരുസംഘം ചരിത്രവിദഗ്‌ധര്‍ പറയുന്നു.

ബിന്‍ഗാമിനും 40 വര്‍ഷം മുമ്പുതന്നെ ഒരു ജര്‍മന്‍ വ്യാപാരി മാച്ചൂ പിക്‌ച്ചൂ കണ്ടെത്തുകയും, വിലപിടിപ്പുള്ള ഒട്ടേറെ ചരിത്രാവശിഷ്ടങ്ങള്‍ അവിടെനിന്ന്‌ യൂറോപ്പിലേക്ക്‌ കടത്തുകയും ചെയ്‌തുവത്രേ. എന്നാല്‍, താന്‍ കണ്ടെത്തിയ ആ പുരാതന നഗരത്തിന്‌ മറ്റെന്തെങ്കിലും സവിശേഷതയുള്ളതായി അഗസ്‌റ്റോ ബേണ്‍സ്‌ എന്ന ആ വ്യാപാരിക്ക്‌ തോന്നിയില്ലെന്നു മാത്രം. ബേണ്‍സിന്റെ പ്രവര്‍ത്തന മേഖലകള്‍ അടയാളപ്പെടുത്തിയ ഒരു ഭൂപടം പെറുവിലെ നാഷണല്‍ മ്യൂസിയത്തില്‍നിന്ന്‌ അടുത്തയിടെ ഒരു ചരിത്രഗവേഷകന്‍ കണ്ടെത്തിയതോടെയാണ്‌, മാച്ചൂ പിക്‌ച്ചൂവിനെ സംബന്ധിച്ച ഈ അറിയപ്പെടാത്ത ഏട്‌ വെളിവായത്‌.

അവസാനത്തെ ഇന്‍കാ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്ന പച്ചാക്യുടെക്‌ 1450-കളോടെ സ്ഥാപിച്ച രഹസ്യനഗരമാണ്‌ മാച്ചൂ പിക്‌ച്ചൂ. പിന്നീട്‌ വന്ന സ്‌പാനിഷ്‌ അധിനിവേശക്കാരില്‍നിന്ന്‌ ഇങ്ങനെയൊരു സ്ഥലമുള്ള കാര്യം ഇന്‍കാ വര്‍ഗക്കാര്‍ മറച്ചുവെച്ചു. എന്നാല്‍, മൂന്നു നൂറ്റാണ്ടിന്‌ ശേഷം പെറുവില്‍നിന്ന്‌ സ്വര്‍ണവും തടിയും കച്ചവടം ചെയ്യാനെത്തിയ ജര്‍മന്‍ വ്യാപാരിയായ ബേണ്‍സ്‌, പെറുവിയന്‍ അധികൃതരുടെ നിശബ്ദാനുമതിയോടെ 1867-ല്‍ മാച്ചൂ പിക്‌ച്ചൂവിലെ ശവകുടീരങ്ങള്‍ റെയ്‌ഡ്‌ ചെയ്യുകയും അവിടെനിന്ന്‌ അമൂല്യമായ വസ്‌തുക്കള്‍ കൊള്ളയടിക്കുകയും ചെയ്‌തതായാണ്‌ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്‌.

മാച്ചൂ പിക്‌ച്ചൂ സ്ഥിതിചെയ്യുന്ന വനനിബിഡമായ ആന്‍ഡിസ്‌ പര്‍വതമേഖലയുടെ ചുവട്ടില്‍ ബേണ്‍സ്‌ ഒരു തടിമില്‍ സ്ഥാപിക്കുകയും, ആ പുരാതനനഗരിയിലെ വിലപിടിപ്പുള്ള വസ്‌തുക്കള്‍ ആസൂത്രിതമായി കൊള്ളയടിക്കുകയും ചെയ്യുകയാണത്രേ ഉണ്ടായത്‌. അയാള്‍ ആ വസ്‌തുക്കള്‍ യൂറോപ്യന്‍ ഗാലറികള്‍ക്കും മ്യൂസിയങ്ങള്‍ക്കും വിറ്റു കാശാക്കി. 40 വര്‍ഷം കഴിഞ്ഞാണത്രേ, അമേരിക്കയില്‍ യേല്‍ സര്‍വകലാശാലയിലെ പര്യവേക്ഷകനായ ഹിരാം ബിന്‍ഗാം മാച്ചൂ പിക്‌ച്ചൂവിലെത്തുന്നതും, അങ്ങനെയൊരു നഗരമുള്ള കാര്യം ലോകത്തെ അറിയിക്കുന്നതും.

പെറുവില്‍ ഇത്രകാലത്തിനിടെ ഒറ്റ പുരവസ്‌തു പര്യവേക്ഷണം പോലും നടന്നിട്ടില്ലാത്തതുകൊണ്ട്‌, എന്തൊക്കെ മാച്ചൂ പിക്‌ച്ചൂവില്‍നിന്ന്‌ നഷ്ടപ്പെട്ടുവെന്ന്‌ ആര്‍ക്കും ഒരു പിടിയുമില്ല. രാജ്യത്തുനിന്ന്‌ ഇപ്പോഴും ഒട്ടേറെ അമൂല്യ പുരാവസ്‌തുക്കള്‍ കവര്‍ച്ചചെയ്യപ്പെടുന്നുണ്ട്‌, അവ അന്താരാഷ്ട്ര ബ്ലാക്ക്‌മാര്‍ക്കറ്റില്‍ എത്തുന്നുമുണ്ട്‌. ആ നിലയ്‌ക്ക്‌ മാച്ചൂ പിക്‌ച്ചൂവിന്‌ നഷ്ടമായത്‌ ഇനി കണ്ടുപിടിക്കുക ശ്രമകരമാരിയിരിക്കും, ഒരുപക്ഷേ അസാധ്യവും.(ബി.ബി.സി.ന്യൂസ്‌)
കാണുക: മാച്ചൂ പിക്‌ച്ചൂവും നെരൂദയും

Sunday, June 15, 2008

മാലിന്യനിര്‍മാര്‍ജനം, 'കേരളസ്റ്റൈല്‍'-5

പല വഴികള്‍ ഒത്തുചേരണം
അരനൂറ്റാണ്ടുമുമ്പ്‌ ലോകം വികസിപ്പിച്ച ടെക്‌നോളജിയാണ്‌ കംപോസ്‌റ്റിങ്‌ രംഗത്ത്‌ ഇപ്പോള്‍ കേരളം ഉപയോഗിക്കുന്നത്‌. അതിനുമുകളില്‍ മാത്രം അടയിരിക്കാതെ പുതിയ സങ്കേതങ്ങള്‍കൂടി പരീക്ഷിക്കാന്‍ കേരളം തയ്യാറാകണമെന്ന അഭിപ്രായക്കാരുമുണ്ട്‌. ഇസ്രായേലി ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത 'ആരോബയോ'സങ്കേതമാണ്‌ ഇതിന്‌ ഉദാഹരണം.
ജൈവാവശിഷ്ടങ്ങള്‍ ജീര്‍ണിക്കുമ്പോള്‍ അതില്‍ വലിയൊരളവ്‌ മീഥേന്‍ ആയി മാറും. ശരിയായ സംസ്‌ക്കരണം നടന്നില്ലെങ്കില്‍ നഗരമാലിന്യത്തിന്റെ (കേരളത്തില്‍ 85 ശതമാനം ജൈവമാലിന്യമാണെന്ന്‌ ഓര്‍ക്കുക) ഏതാണ്ട്‌ 25-30 ശതമാനം മീഥേന്‍ ആയി മാറും. ശരിക്കു പറഞ്ഞാല്‍ ഇത്‌ അനുഗ്രഹമാണ്‌. കാരണം സാക്ഷാല്‍ ബയോഗ്യാസാണ്‌ ഈ വാതകം. ഊര്‍ജാവശ്യത്തിന്‌ ഇതുപയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു അനുഗ്രഹം തന്നെ. പക്ഷേ, തുറസ്സായ സ്ഥലത്ത്‌ കിടന്ന്‌ മാലിന്യം അഴുകുമ്പോള്‍ മീഥേന്‍ മുഴുവന്‍ അന്തരീക്ഷത്തില്‍ വ്യാപിക്കും. കാര്‍ബണ്‍ഡൈയോക്‌സയിഡിനെ (CO2) അപേക്ഷിച്ച്‌ 21 മടങ്ങ്‌ ആഗോളതാപനശേഷിയുള്ള വാതകമാണ്‌ മീഥേന്‍. ഒരു മീഥേന്‍ ആറ്റം, 21 CO2 ആറ്റങ്ങളുണ്ടാക്കുന്നത്ര ആഗോളതാപനം സൃഷ്ടിക്കുമെന്ന്‌ സാരം. കേരളത്തില്‍ ദിവസവുമുണ്ടാകുന്ന 6756 ടണ്‍ മാലിന്യത്തില്‍ എത്ര കുറച്ചേ ശരിയായി സംസ്‌ക്കരിക്കാന്‍ നമുക്ക്‌ കഴിയുന്നുള്ളു. ആ നിലയ്‌ക്ക്‌ ഭൂമിയെ ചൂടുപിടിപ്പിക്കുന്നതില്‍, മാലിന്യത്തിന്റെ രൂപത്തില്‍ കേരളീയര്‍ എത്ര സംഭാവനയാണ്‌ ചെയ്യുന്നത്‌. അടിയന്തരമായി നമ്മുടെ സമൂഹം പരിഹരിക്കേണ്ട ഒരു വലിയ പാരിസ്ഥിതികപ്രശ്‌നം കൂടിയാണ്‌ മാലിന്യത്തിന്റേതെന്ന്‌ സാരം.

ആകെയുള്ള മാലിന്യത്തില്‍ 25-30 ശതമാനം മീഥേന്‍ ആകും. സംസ്‌ക്കരിച്ചു കഴിഞ്ഞാല്‍, 30-35 ശതമാനം തിരസ്‌കൃത അവശിഷ്ടങ്ങളാണ്‌; സാനിറ്ററി എന്‍ജിനിയേര്‍ഡ്‌ ലാന്‍ഡ്‌ഫില്‍ ആക്കി മറവുചെയ്യേണ്ടവ. ഇതുവെച്ചു നോക്കിയാല്‍, സംസ്‌ക്കരണം എന്ന്‌ നമ്മള്‍ ഉദ്ദേശിക്കുന്ന കംപോസ്‌റ്റിങിന്‌, ആകെയുള്ള മാലിന്യത്തില്‍ എത്ര ശതമാനം ഉപയോഗിക്കാനാവും എന്ന്‌ കണക്കാക്കാവുന്നതേയുള്ളൂ. ഏതാണ്ട്‌ 30 ശതമാനമേ കംപോസ്‌റ്റാക്കി സംസ്‌ക്കരിക്കാനാവൂ. എന്നുവെച്ചാല്‍, കേരളത്തില്‍ ദിവസവുമുണ്ടാകുന്ന 6756 ടണ്‍ നഗരമാലിന്യത്തില്‍ 2250 ടണ്‍ മാത്രമേ പരമാവധി ശ്രമിച്ചാലും കംപോസ്‌റ്റ്‌ ആക്കാന്‍ കഴിയൂ. അതിലും കൂടുതല്‍ ലാന്‍ഡ്‌ഫില്‍ ആക്കി മറവുചെയ്യേണ്ടി വരും. ദിവസവും ഇത്രയേറെ തിരസ്‌കൃത മാലിന്യങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കേന്ദ്രനിയമപ്രകാരം വിന്‍ഡ്രോ കംപോസ്‌ററിങ്‌ ആണ്‌ നഗരമാലിന്യസംസ്‌ക്കരണത്തിന്‌ മുഖ്യമായും ശുപാര്‍ശ ചെയ്യപ്പെടുന്നത്‌. ഈ രീതിയുടെ ദൗര്‍ബല്യവും പരിമിതിയും മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ പരിമിതി മറികടക്കാനുള്ള ഒരു പോംവഴി തിരസ്‌കൃത മാലിന്യത്തിന്റെ അളവ്‌ കുറയ്‌ക്കുകയെന്നതാണ്‌. ഉത്ഭവസ്ഥാനത്ത്‌ വെച്ചുതെന്ന പ്ലാസ്റ്റിക്ക്‌, കുപ്പിച്ചില്ല്‌, ജൈവമാലിന്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കിട്ടുകയാണ്‌ അതിന്‌ വേണ്ടത്‌. കേരളത്തെ സംബന്ധിച്ച്‌ അത്തരമൊരു സംസ്‌ക്കാരത്തിലേക്ക്‌ നമ്മള്‍ വേഗമെത്തെട്ടെ എന്ന്‌ ആശിക്കാനേ ഇന്നത്തെ നിലയ്‌ക്കു കഴിയൂ. ഒപ്പം മാലിന്യം മുഴുവന്‍ കമ്പോസ്‌റ്റിങിന്‌ വിടുകയെന്ന രീതി മാറ്റി, ബയോഗ്യാസാക്കാന്‍ പറ്റുന്നിടത്തോളം അത്തരത്തില്‍ മാറ്റണം. മീഥേന്‍ വാതകം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌ ഒരുപരിധി വരെ തടയാന്‍ ഇത്‌ സഹായിക്കും. കംപോസ്‌റ്റ്‌ നിര്‍മാണത്തിന്‌ കേരളം നേരിടുന്ന മറ്റൊരു വെല്ലുവിളി ഇവിടുത്തെ കാലാവസ്ഥയാണ്‌. വിന്‍ഡ്രോ കംപോസ്‌റ്റിങ്‌ നടക്കുമ്പോള്‍, അന്തരീക്ഷത്തിലെ ആര്‍ദ്രത 55 ശതമാനത്തില്‍ കൂടരുത്‌. എന്നാല്‍, വര്‍ഷകാലത്ത്‌ ഇവിടെയത്‌ 90 ശതമാനത്തിന്‌ മീതെയാകും.

1950-കളില്‍ ലോകം വികസിപ്പിച്ച ടെക്‌നോളജിയാണ്‌ കംപോസ്‌റ്റിങിന്‌ ഇപ്പോള്‍ കേരളം ഉപയോഗിക്കുന്നത്‌. അതിനുമുകളില്‍ മാത്രം അടയിരിക്കാതെ പുതിയ സങ്കേതങ്ങള്‍കൂടി പരീക്ഷിക്കാന്‍ കേരളം തയ്യാറാകണമെന്ന അഭിപ്രായക്കാരുണ്ട്‌. ഇസ്രായേലി ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത 'ആരോബയോ'(ArrowBio) സങ്കേതമാണ്‌ ഇതിന്‌ ഉദാഹരണം. ഈ സങ്കേതമുപയോഗിച്ചുള്ള ആദ്യസംസ്‌ക്കരണപ്ലാന്റ്‌ ടെല്‍ അവീവില്‍ 2002-ലാണ്‌ സ്ഥാപിച്ചത്‌. ഇപ്പോള്‍ ഓസ്‌ട്രേലിയ, സ്‌കോട്ട്‌ലന്‍ഡ്‌ തുടങ്ങിയ പ്രദേശങ്ങളില്‍ ഒട്ടേറെ നഗരഭരണകൂടങ്ങള്‍ ആരോബയോപ്ലാന്റ്‌ സ്ഥാപിക്കുകയാണ്‌.

ദുര്‍ഗന്ധമില്ലാതെ നഗരമാലിന്യം സംസ്‌ക്കരിക്കാം എന്നതാണ്‌ ഈ ആരോബയോ സങ്കേതത്തിന്റെ ഏറ്റവും വലിയ മേന്‍മയായി ചൂണ്ടിക്കാട്ടുന്നത്‌. മാത്രമല്ല, ദിവസവും 200 ടണ്‍ മാലിന്യം സംസ്‌ക്കരിക്കുന്ന പ്ലാന്റ്‌ സ്ഥാപിക്കാന്‍ വെറും രണ്ടര ഏക്കര്‍ സ്ഥലം മതി. ചെലവും ഒരു കമ്പോസ്‌റ്റിങ്‌ പ്ലാന്റിനെക്കാള്‍ കൂടുതല്‍ വരില്ല (സ്ഥലവില കൂടി കണക്കിലെടുക്കുമ്പോള്‍. കമ്പോസ്‌റ്റിങിന്‌ വിശാലമായ സ്ഥലം വേണമല്ലോ). വായൂമലിനീകരണമോ ജലമലിനീകരണമോ സൃഷ്ടിക്കാത്തതിനാല്‍, നഗരത്തിനുള്ളില്‍തന്നെ ആരോബയോ പ്ലാന്റ്‌ സ്ഥാപിക്കാവുന്നതേയുള്ളു. നഗരമാലിന്യത്തിന്റെ ദുരിതം ഗ്രാമങ്ങള്‍ പേറേണ്ടി വരുന്നു എന്ന കാലാകാലമായുള്ള ആരോപണത്തിന്‌ പരിഹാരവുമാകും.

ഈ സങ്കേതത്തില്‍ മാലിന്യം സംസ്‌ക്കരിക്കുമ്പോള്‍ അല്‍പ്പവും മീഥേന്‍ പുറത്തുപോകുന്നില്ല. മാലിന്യം മുന്‍കൂട്ടി വേര്‍തിരിക്കണമെന്നില്ല എന്നതാണ്‌ മറ്റൊരു സവിശേഷത. കേരളത്തെ സംബന്ധിച്ച്‌ കീറാമുട്ടിയായ ആ പ്രശ്‌നം ഇവിടെ പ്രശ്‌നമേയല്ല എന്ന്‌ സാരം. മാലിന്യത്തില്‍ 90 ശതമാനത്തിലേറെ വീണ്ടെടുക്കാമെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത. അവശിഷ്ടങ്ങള്‍ പത്തുശതമാനത്തില്‍ താഴെയേ വരൂ. എന്നുവെച്ചാല്‍, നിലവില്‍ മാലിന്യസംസ്‌ക്കരണം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം സമഗ്രമാവും സമര്‍ഥവുമായ പരിഹാരം ആരോബയോ സങ്കേതത്തിലുണ്ടെന്നു സാരം.

മാലിന്യം ഒന്നോടെ വെള്ളത്തിലിട്ടാല്‍ പ്ലാസ്റ്റിക്ക്‌ പോലുള്ള കനംകുറഞ്ഞവ പൊങ്ങിക്കിടക്കുകയും, കുപ്പിച്ചില്ല്‌, ലോഹഭാഗങ്ങള്‍ മുതലായവ അടിയിലെത്തുകയും, മാലിന്യത്തിലെ നാറ്റമുണ്ടാക്കുന്ന ദ്രവഭാഗം വെള്ളത്തിലൊഴുകി പോവുകയും ചെയ്യും എന്ന ലളിതമായ തത്ത്വമാണ്‌ ഈ സങ്കേതത്തില്‍ പ്രയോജനപ്പെടുത്തുന്നത്‌. പ്ലാസ്റ്റിക്കും ലോഹങ്ങളും ഗ്ലാസും മറ്റും കഴുകി വൃത്തിയാക്കിയ നിലയില്‍ ലഭിക്കുമെന്നതിനാല്‍ അത്‌ പുനരുപയോഗം ചെയ്യാന്‍ ബുദ്ധിമുട്ടില്ല. ജൈവസമ്പുഷ്ടമായ ജലം ഒരു പ്ലാന്റിലാണ്‌ എത്തുക. അതില്‍നിന്നുള്ള ഗ്യാസ്‌ വൈദുതിയുത്‌പാദനത്തിന്‌ ഉപയോഗിക്കും. ബാക്കിയുള്ള ജൈവമാലിന്യത്തെ വെള്ളവും വായുവുമുപയോഗിച്ച്‌ ശക്തിയായി സ്‌പ്രേ ചെയ്‌ത്‌ ഉടച്ചെടുത്ത്‌ ഒരു പ്ലാന്റിലെത്തിക്കും. അവിടെയും ഗ്യാസ്‌ വൈദ്യുതി ഉണ്ടാക്കാന്‍ ഉപയോഗിക്കും. പ്ലാന്റില്‍ അവശേഷിക്കുന്നത്‌ വളമാക്കും. പ്രക്രിയ പൂര്‍ത്തിയായാല്‍ വെള്ളം സംസ്‌ക്കരിച്ച്‌ ഉപയോഗിക്കാം. ദിനംപ്രതി 200 ടണ്‍ മാലിന്യം കൈകാര്യം ചെയ്യുന്ന ഒരു ആരോബയോ പ്ലാന്റിന്‌ പരമാവധി ഒന്‍പത്‌ ജോലിക്കാര്‍ മതി. ഇത്തരമൊരു പ്ലാന്റ്‌ ദിവസവും മൂന്ന്‌ മെഗാവാട്ട്‌ വൈദ്യുതിയുത്‌പാദിപ്പിക്കും. അതില്‍ അര മെഗാവാട്ട്‌ മതി പ്ലാന്‍റിന്റെ പ്രവര്‍ത്തനത്തിന്‌, ബാക്കി വിറ്റു കാശാക്കാം.

ഇതാണ്‌ നഗരമാലിന്യസംസ്‌ക്കരണത്തിന്‌ വികസിപ്പിച്ചിട്ടുള്ള ഏറ്റവും പുതിയ സങ്കേതം. എന്തുകൊണ്ട്‌ പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ ഇത്തരമൊരു ആരോബയോപ്ലാന്റ്‌ തുടങ്ങിക്കൂടാ. കംപോസ്‌റ്റിങിലൂടെ മാത്രം ഏതായാലും നമ്മുടെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല എന്നത്‌ വ്യക്തമാണ്‌. ആ നിലയ്‌ക്ക്‌ പുതിയ വഴികള്‍ തേടാന്‍ നമ്മള്‍ തയ്യാറായേ പറ്റൂ. (അവസാനിച്ചു).
(ഈ ലേഖന പരമ്പരയ്‌ക്ക്‌ ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹകരിച്ച ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്‌. അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ക്ക്‌ സൗമനസ്യത്തോടെ മറുപടി നല്‍കാന്‍ സമയം കണ്ടെത്തിയവര്‍, എനിക്കു വേണ്ടി കാത്തുനിന്നവര്‍. അവരുടെയൊക്കെ സഹായംകൊണ്ട്‌ മാത്രമാണ്‌ ഈ വിഷയത്തെക്കുറിച്ച്‌ ഇത്രയും എഴുതാന്‍ കഴിഞ്ഞത്‌. പാലക്കാട്‌ മുണ്ടൂരിലെ 'ഐ.ആര്‍.ടി.സി', തിരുവനന്തപുരത്തെ 'സെന്റര്‍ ഫോര്‍ എന്‍വിരോണ്‍മെന്റ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌'(സി.ഇ.ഡി) തുടങ്ങിയ സ്ഥാപനങ്ങളോടും, പ്രൊഫ.ആര്‍.വി.ജി.മേനോന്‍, 'ശുചിത്വ മിഷന്‍' എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ഡോ.ആര്‍.അജയകുമര്‍വര്‍മ, സംസ്ഥാന മനിലീകരണനിയന്ത്രണബോര്‍ഡിലെ എന്‍വിരോണ്‍മെന്റല്‍ എന്‍ജിനിയര്‍ എം.ദിലീപ്‌കുമാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ കമ്മ്യൂണിറ്റി മെഡിസിനിലെ ഡോ. കെ.വിജയകുമാര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.ബി.പത്മകുമാര്‍, തിരുവനന്തപുരം നഗരസഭാ ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ.ഡി.ശ്രീകുമാര്‍, കോഴിക്കോട്‌ നഗരസഭാ ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ.കെ.ബീനാകുമാരി, കണ്ണൂര്‍ വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്‌ ലിമിറ്റഡിലെ ബയോടെക്‌നോളജിസ്‌റ്റ്‌ ഡോ. ഇ.ശ്രീനിവാസന്‍, സി.ഇ.ഡി.എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ഡോ.ബാബു അമ്പാട്ട്‌, കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ എന്‍വിരോണ്‍മെന്റല്‍ സ്‌റ്റഡീസിന്റെ മുന്‍ഡയറക്ടര്‍ പ്രൊഫ.വി.എന്‍.ശിവശങ്കരപിള്ള, നോര്‍ത്ത്‌ പറവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.എ.അലി, കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയര്‍ സി.കെ.മണിശങ്കര്‍, ഐ.ടി.ഇ.സി.യിലെ അഡ്വ.ആര്‍.സാജു തുടങ്ങിയ വ്യക്തികളോടുമുള്ള കടപ്പാട്‌ ഇവിടെ രേഖപ്പെടുത്തുന്നു).

അല്‍ഷൈമേഴ്‌സിനെതിരെ ആദ്യ ഔഷധം ഒരുങ്ങുന്നു

ലോകത്ത്‌ ലക്ഷക്കണക്കിനാളുകളെ വിസ്‌മൃതിയുടെ നിസ്സഹായതയിലേക്ക്‌ തള്ളിവിടുന്ന ആരോഗ്യപ്രശ്‌നമാണ്‌ അല്‍ഷൈമേഴ്‌സ്‌ രോഗം. ഒരു നൂറ്റാണ്ടിനുമുമ്പ്‌ തിരിച്ചറിയപ്പെട്ട ഈ രോഗത്തിന്‌ മുന്നില്‍ വൈദ്യശാസ്‌ത്രം ഇത്രകാലവും തോല്‍ക്കുകയായിരുന്നു. പക്ഷേ, തോല്‍വിയുടെ ആ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞതായി സൂചന. അമേരിക്കയിലെയും യൂറോപ്പിലെയും ഗവേഷകര്‍ അല്‍ഷൈമേഴ്‌സിനെതിരെയുള്ള ആദ്യ ഔഷധത്തിന്റെ പരീക്ഷണത്തിലാണ്‌.

അല്‍ഷൈമേഴ്‌സ്‌ രോഗത്തിനെതിരെ ദ്വിമുഖ ആക്രമണത്തിന്‌ ശേഷിയുള്ള പുതിയൊരിനം ഔഷധമാണ്‌ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്‌. രോഗകാരിയായ വികലപ്രോട്ടീന്‍ തലച്ചോറില്‍ അടിഞ്ഞുകൂടുന്നത്‌ ചെറുക്കാന്‍ ഔഷധത്തിന്‌ കഴിയുമെന്നകാര്യം ഗവേഷകലോകത്ത്‌ ആവേശവും ആകാംക്ഷയും സൃഷ്ടിച്ചിരിക്കുകയാണ്‌. ലോകത്ത്‌ നിലവില്‍ 240 ലക്ഷം പേരെ ബാധിച്ചിട്ടുള്ള രോഗമാണ്‌ അല്‍ഷൈമേഴ്‌സ്‌. 2020 ആകുമ്പോഴേക്കും ഈ സംഖ്യ 810 ലക്ഷം കവിയുമെന്നാണ്‌ വിലയിരുത്തല്‍.

'ഗാമാ-സെക്രീറ്റേസ്‌ മോഡുലേറ്റേഴ്‌സ്‌' (gamma-secretase modulators -GSM) എന്ന പേരില്‍ അറിയപ്പെടുന്ന പുതിയയിനം ഔഷധങ്ങളാണ്‌ സ്‌മൃതിനാശരോഗത്തെ ചെറുക്കുന്നതായി തെളിഞ്ഞത്‌. അല്‍ഷൈമേഴ്‌സിന്റെ വരവിന്‌ കാരണം, അമിലോയ്‌ഡ്‌ ബീറ്റാ പ്രോട്ടീനുകള്‍ എന്ന വികലപ്രോട്ടീനുകള്‍ തലച്ചോറില്‍ കൊഴുപ്പുകട്ടകളുടെ രൂപത്തില്‍ (പ്ലാക്കുകള്‍ ആയി) അടിഞ്ഞുകൂടുന്നതാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

തലച്ചോറില്‍ കൊഴുപ്പുകട്ടകള്‍ ഉണ്ടാകുന്നത്‌ തടയുക മാത്രമല്ല ജി.എസ്‌.എം. ചെയ്യുക, ആ പ്രോട്ടീനുകളുടെ ചെറുതുണ്ടുകളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചെറുതുണ്ടുകള്‍ വര്‍ധിക്കുന്നത്‌, വലിയ കൊഴുപ്പുകട്ടകള്‍ രൂപപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഇതാണ്‌ ജി.എസ്‌.എമ്മിന്റെ ദ്വിമുഖതന്ത്രം. പക്ഷേ, എന്തുകൊണ്ട്‌ ജി.എസ്‌.എം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നകാര്യം വ്യക്തമല്ലെന്ന്‌, പുതിയ ലക്കം 'നേച്ചറി'ലെ റിപ്പോര്‍ട്ട്‌ പറയുന്നു.

അല്‍ഷൈമേഴ്‌സിനിടയാക്കുന്ന വികലപ്രോട്ടീനിന്‌ കാരണമായ എന്‍സൈമിനെ (രാസാഗ്നിയെ) അല്ല ജി.എസ്‌.എം. ഉന്നംവെക്കുന്നത്‌, പ്രോട്ടീനിനെ തന്നെയാണ്‌. പ്രോട്ടീനെതിരെ നേരിട്ട്‌ പ്രവര്‍ത്തിക്കുന്ന ഔഷധങ്ങള്‍ സാധ്യമല്ലെന്നാണ്‌ ഇത്രകാലവും ഗവേഷകലോകം കരുതിയിരുന്നത്‌. അസാധ്യമെന്നു കരുതിയ കാര്യമാണ്‌ ഇപ്പോള്‍ സാധ്യമായിരിക്കുന്നതെന്ന്‌ സാരം. ഭ്രാന്തിപ്പശുരോഗം പോലെ, വികലപ്രോട്ടീനുകളുടെ പ്രവര്‍ത്തനംകൊണ്ട്‌ മസ്‌തിഷ്‌ക്കദ്രവീകരണം സംഭവിക്കുന്ന പല രോഗങ്ങള്‍ക്കും ചികിത്സ കണ്ടെത്താന്‍ പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കും.

"ഔഷധസാധ്യതയുടെ ലോകം വിപുലപ്പെടുത്തിയിരിക്കുകയാണ്‌ പുതിയ കണ്ടെത്തല്‍"-ഗവേഷണത്തില്‍ പങ്കാളിയായിരുന്ന അമേരിക്കയില്‍ മയോക്ലിനിക്കിലെ ന്യൂറോളജിസ്റ്റ്‌ ഡോ.ടോഡ്‌ ഗോള്‍ഡി പറയുന്നു. ഒട്ടേറെ വ്യത്യസ്‌തരോഗങ്ങള്‍ക്ക്‌ പുതിയയിനം ഔഷധങ്ങള്‍ കണ്ടെത്താനുള്ള തുടക്കമായേക്കും ഇതെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

അമേരിക്കയിലെയും യൂറോപ്പിലെയും 29 ഗവേഷകരുടെ സംയുക്തസംരംഭമായാണ്‌ പുതിയ ഗവേഷണം പുരോഗമിക്കുന്നത്‌. 'ടാറെന്‍ഫ്‌ളൂര്‍ബില്‍'(tarenflurbil) എന്ന ജി.എസ്‌.എം.തന്മാത്രയുടെ പരീക്ഷണം മനുഷ്യരില്‍ അവസാനഘട്ടത്തിലാണ്‌. 'ഫ്‌ളൂറിസാന്‍'(flurizan) എന്നാണ്‌ ആ തന്മാത്രയ്‌ക്കു നല്‍കിയിട്ടുള്ള ബ്രാന്‍ഡ്‌നാമം. ഇതേ വര്‍ഗത്തില്‍പെട്ട ഒട്ടേറെ മരുന്നുകള്‍ വരുംവര്‍ഷങ്ങളില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറായിരിക്കുകയാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.(അവലംബം: നേച്ചര്‍)

Saturday, June 14, 2008

മാലിന്യനിര്‍മാര്‍ജനം, 'കേരളസ്റ്റൈല്‍'-4

സംസ്‌ക്കരണം മഹാച്ഛര്യം, നമുക്കും കിട്ടണം പ്ലാന്റ്‌ പ്ലാന്റ്‌ സ്ഥാപിച്ച്‌ മാലിന്യം സംസ്‌ക്കരിക്കാമെന്നാണ്‌ പലരുടെയും ധാരണ. മാലിന്യസംസ്‌ക്കരണത്തില്‍ പ്ലാന്റ്‌ എന്നുദ്ദേശിക്കുന്ന യന്ത്രത്തിന്റെ റോള്‍, വെറുമൊരു അരിപ്പയുടേത്‌ മാത്രമാണെന്ന്‌ അറിയുക. യഥാര്‍ഥ സംസ്‌ക്കരണം നടത്തേണ്ടത്‌ ചിലയിനം ബാക്ടീരിയകളുടെയും ഫംഗസുകളുടെയും ജോലിയാണ്‌. അത്‌ കുറഞ്ഞത്‌ അഞ്ചാഴ്‌ച നീളുന്ന പ്രക്രിയയാണ്‌.

കൊച്ചി നഗരസഭ ബ്രഹ്മപുരത്ത്‌ സ്ഥാപിച്ച മാലിന്യസംസ്‌ക്കരണപ്ലാന്റിന്റെ ട്രയല്‍ റണ്‍ നന്നത്‌ 2008 മെയ്‌ 16-നാണ്‌. അതിന്റെ പിറ്റേന്നത്തെ പത്രങ്ങളിലെല്ലാം അതുസംബന്ധിച്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. കാലങ്ങളായി മാലിന്യത്തിന്റെ ശാപം പേറിക്കഴിഞ്ഞിരുന്ന കൊച്ചി നഗരം ശുചിത്വത്തിന്റെ പുതുയുഗത്തിലേക്ക്‌ കടന്നത്‌ വിളംബരം ചെയ്‌തുകൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ടുകളെല്ലാം. 'ദ ഹിന്ദു'വില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: 'മണിക്കൂറില്‍ 25 ടണ്‍ മാലിന്യം വേര്‍തിരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്‌. നൂറ്‌ മില്ലീമീറ്ററില്‍ താഴെ കനമുള്ളവ കമ്പോസ്‌റ്റ്‌ നിര്‍മിക്കാനും അതിന്‌ മുകളിലുള്ളവ ലാന്‍ഡ്‌ഫില്ലിനും പോകും'. ഇതാണോ അപ്പോള്‍ സംസ്‌ക്കരണം. പ്ലാന്റ്‌ സ്ഥാപിച്ച്‌ മാലിന്യം സംസ്‌ക്കരിക്കാമെന്നാണ്‌ പലരുടെയും ധാരണ. ഇവിടെ നോക്കുക, മാലിന്യത്തെ വലുതും ചെറുതുമായ കഷണങ്ങളായി വേര്‍തിരിക്കല്‍ മാത്രമാണ്‌ പ്ലാന്റില്‍ നടക്കുന്നത്‌.

മാലിന്യസംസ്‌ക്കരണത്തെപ്പറ്റി ആദ്യം മനസിലാക്കേണ്ട വസ്‌തുത അതൊരു സംസ്‌ക്കാരത്തിന്റെ ഭാഗമാണ്‌, അല്ലാതെ പ്ലാന്റ്‌ സ്ഥാപിച്ചതുകൊണ്ടു മാത്രം സാധ്യമാകുന്ന കാര്യമല്ല എന്നതാണ്‌. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ എക്‌സെല്‍ കമ്പനി സ്ഥാപിച്ച പ്ലാന്റുണ്ട്‌. കോഴിക്കോട്‌ ഞെളിയന്‍പറമ്പിലും അതേ കമ്പനിയുടെ പ്ലാന്റുണ്ട്‌. മാലിന്യസംസ്‌ക്കരണത്തില്‍ പ്ലാന്റ്‌ എന്നുദ്ദേശിക്കുന്ന യന്ത്രത്തിന്റെ റോള്‍, വെറുമൊരു അരിപ്പയുടേത്‌ മാത്രമാണ്‌. യഥാര്‍ഥ സംസ്‌ക്കരണം നടത്തേണ്ടത്‌ 'മീസോഫിലിക്‌', 'തെര്‍മോഫിലിക്‌' എന്നിങ്ങനെയുള്ള ചില ബാക്ടീരിയകളുടെയും ഫംഗസുകളുടെയും ജോലിയാണ്‌. അവയുടെ പ്രവര്‍ത്തനഫലമായി ജൈവമാലിന്യങ്ങള്‍ കംപോസ്‌റ്റായി മാറാന്‍ കുറഞ്ഞത്‌ 30-40 ദിവസമെടുക്കും. (മാലിന്യം ദ്രവിപ്പിച്ച്‌ കംപോസ്‌റ്റാക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍, ജനതികപരിഷ്‌ക്കരണം വരുത്തിയ ചിലയിനം ബാക്ടീരിയകളെ അമേരിക്കയിലും മറ്റും വികസിപ്പിച്ചിട്ടുണ്ട്‌. അത്‌ കേരളത്തില്‍ ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്‌. അത്തരം ബാക്ടീരിയ കംപോസ്‌റ്റിലൂടെ നമ്മുടെ കൃഷിയിടങ്ങളിലെത്തുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ആശങ്കപ്പെടുന്നവരുമുണ്ട്‌. പക്ഷേ, ആരോപണങ്ങളല്ലാതെ, ഇതു സംബന്ധിച്ച്‌ എന്തെങ്കിലും പഠനങ്ങളോ അന്വേഷണറിപ്പോര്‍ട്ടുകളോ ലഭ്യമല്ല.)

എന്നുവെച്ചാല്‍, യഥാര്‍ഥ മാലിന്യസംസ്‌ക്കരണം എന്നത്‌ യന്ത്രം ഉപയോഗിച്ച്‌ നടത്താവുന്നതല്ല, 40 ദിവസംകൊണ്ട്‌ കംപോസ്‌റ്റായി മാറുന്ന സുദീര്‍ഘ പ്രക്രിയയാണെന്നു സാരം. ഇതില്‍ ആദ്യ പത്തുദിവസം മാലിന്യത്തിന്‌ ദുര്‍ഗന്ധമുണ്ടാകും. അത്‌ കുറയ്‌ക്കാന്‍ മേല്‍മൂടിയുള്ള സ്ഥലത്ത്‌ സംസ്‌ക്കരണം നടത്തുക, കമ്പോസ്‌റ്റാക്കാന്‍ ചതുരത്തില്‍ മാലിന്യം ഒരേ കനത്തിലിട്ടുണ്ടാക്കുന്ന 'വിന്‍ഡ്രോ' ടാര്‍പ്പോളിന്‍കൊണ്ട്‌ മൂടുക മുതലായ രീതികള്‍ അവലംബിക്കുകയേ നിവൃത്തിയുള്ളു. വളരെ സൂക്ഷ്‌മമായും ചിട്ടയായും നടത്തിയാലേ, ദുര്‍ഗന്ധം പരമാവധി കുറച്ച്‌ ശരിയായ സംസ്‌ക്കരണം സാധ്യമാകൂ. പക്ഷേ, നമുക്ക്‌ താത്‌പര്യം ഇത്തരമൊരു ചിട്ടയായ സംവിധാനം ഉണ്ടാക്കുന്നതിലല്ല, പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിലാണ്‌. കോടികളുടെ ഏര്‍പ്പാടാണ്‌ പ്ലാന്റ്‌. അതാണ്‌ മിക്കവര്‍ക്കും താത്‌പര്യം കൂടാന്‍ കാരണം.

മാലിന്യസംസ്‌ക്കരണത്തിന്‌ അവാര്‍ഡ്‌ വരെ നേടുന്ന സ്ഥലങ്ങളില്‍ എങ്ങനെയാണ്‌ കാര്യങ്ങള്‍ നടക്കുന്നതെന്ന്‌ അന്വേഷിച്ചു നോക്കുക. എത്ര പ്രാകൃതാവസ്ഥയിലാണ്‌ കേരളം എന്നു വ്യക്തമാകും. ഉദാഹരണത്തിന്‌ കോഴിക്കോടിന്റെ കാര്യമെടുക്കാം. കേരളത്തില്‍ ട്രഞ്ചിങ്‌ഗ്രൗണ്ട്‌ സ്വന്തമായുണ്ടാക്കിയ ആദ്യ നഗരമാണ്‌ കോഴിക്കോട്‌. സ്വന്തമായി ആദ്യം മാലിന്യസംസ്‌ക്കരണപ്ലാന്റ്‌ സ്ഥാപിച്ചതും കോഴിക്കോട്‌ തന്നെ. ദിവസവും 200 ടണ്‍ മാലിന്യം നഗരത്തില്‍ ഉണ്ടാകുന്നു. നഗരത്തില്‍ മാലിന്യശേഖരണത്തിന്‌ കുടുംബശ്രീ സജീവമാണ്‌. ഏതാണ്ട്‌ 600 കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി (വീടൊന്നിന്‌ ദിവസവും ഒരു രൂപാവീതം നല്‍കണം; മാസം 30 രൂപ) മാലിന്യം ശേഖരിക്കുന്നു. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യം എത്തുന്നത്‌ നഗരസഭയുടെ ട്രഞ്ചിങ്‌ഗ്രൗണ്ടായ ഞെളിയന്‍പറമ്പിലെ സംസ്‌ക്കരണകേന്ദ്രത്തിലേക്കാണ്‌.

ഞെളിയന്‍പറമ്പിലെ 18 ഏക്കര്‍ സ്ഥലം 1938-ല്‍ നഗരസഭ സ്വന്തമായി വാങ്ങുന്നത്‌ കോഴിക്കോട്‌ നഗരത്തിലെ കക്കൂസ്‌ മാലിന്യങ്ങള്‍ കൊണ്ടുതള്ളാനാണ്‌. 1984-ല്‍ തോട്ടിപ്പണി നിര്‍ത്തലാക്കും വരെ അത്‌ തുടര്‍ന്നു. അതുകഴിഞ്ഞാണ്‌ നഗരമാലിന്യങ്ങള്‍ ഞെളിയന്‍പറമ്പില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്‌. അതങ്ങനെ കുന്നുകൂടി കിടന്ന്‌ നാറി. ഞെളിയന്‍പറമ്പിന്‌ മുന്നിലെ റോഡിലൂടെ യാത്രചെയ്‌തിട്ടുള്ളവര്‍ക്ക്‌ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല, എന്താണ്‌ ഞെളിയന്‍പറമ്പെന്ന്‌. നാട്ടുകാര്‍ സമരവും സത്യഗ്രഹവും തുടങ്ങി; എന്തുചെയ്യണമെന്നറിയാതെ നഗരസഭയും. ഒടുവില്‍ ഡല്‍ഹിയില്‍നിന്ന്‌ ഡോ.മനോജ്‌ ദത്തയെന്ന വിദഗ്‌ധന്‍ രക്ഷകനായി എത്തി. വര്‍ഷങ്ങളായി കുന്നുകൂടിക്കിടന്ന ചപ്പുചവറുകള്‍ക്ക്‌ മുകളില്‍ മണ്ണിട്ടുനിരത്തി, കയര്‍ ജിയോടെക്‌സ്‌റ്റൈല്‍സ്‌ (കയര്‍വലകള്‍) കൊണ്ട്‌ ബന്ധവസ്ഥാക്കി, മുകളില്‍ പുല്ലും നട്ടു.

റോഡിലൂടെ പോകുമ്പോള്‍ ആ പച്ചപ്പാണ്‌ ഇപ്പോള്‍ കാണുന്നത്‌. ദുര്‍ഗന്ധവും കുറവുണ്ട്‌. റോഡില്‍നിന്ന്‌ കാണാന്‍ കഴിയാത്ത മുകള്‍ഭാഗത്ത്‌ 2000-ല്‍കമ്മീഷന്‍ ചെയ്‌ത പ്ലാന്റ്‌ പ്രവര്‍ത്തിക്കുന്നു. എല്ലാം ഭദ്രമാണെന്ന്‌ പുറത്തുനിന്നു നോക്കിയാല്‍ തോന്നും. യാഥാര്‍ഥ്യം അറിയാന്‍ ഞെളിയന്‍പറമ്പിനുള്ളില്‍ കയറി നോക്കണം. ശവത്തെ കുളിപ്പിച്ച്‌ പുതപ്പിച്ചു കിടത്തിയതു പോലെയാണ്‌ യഥാര്‍ഥ സ്ഥിതി. പ്ലാന്റ്‌ സ്ഥിതിചെയ്യുന്ന ആസ്‌ബസ്റ്റോസ്‌ മേഞ്ഞ വിശാലമായ കെട്ടിടത്തിനുള്ളിലും പുറത്തുമായി മാലിന്യം നിറഞ്ഞു കവിയുകയാണ്‌. ദുര്‍ഗന്ധം മൂലം അടുക്കാന്‍ വയ്യ. നഗരസഭയുടെ വാഹനങ്ങളില്‍ ദിവസവും 200 ടണ്‍ മാലിന്യം ആസ്‌ബസ്റ്റോസ്‌ മേല്‍ക്കൂരയ്‌ക്ക്‌ കീഴില്‍കൊണ്ട്‌ തള്ളുകയാണ്‌. എന്തോ ചില ബാക്ടീരിയകളടങ്ങിയ ഇനോക്കുലിന്‍ തളിക്കുന്നുണ്ടെന്ന്‌ പ്ലാന്റിന്റെ ചുമതല വഹിക്കുന്നവര്‍ പറയുന്നു. ഏതായാലും ആഴ്‌ചകളോളം ജൈവമാലിന്യങ്ങള്‍ കിടക്കുമ്പോള്‍ ദ്രവിക്കുമല്ലോ. അത്‌ ഒരറ്റത്തുനിന്ന്‌ ഏതാനും തൊഴിലാളികള്‍ പ്ലാന്റില്‍ അരിച്ചെടുക്കുന്നു. അരിച്ചു കിട്ടിയത്‌ കംപോസ്‌റ്റ്‌ എന്നാണ്‌ അവര്‍ പറയുന്നത്‌. ഇതാണോ മാലിന്യസംസ്‌ക്കരണം എന്ന്‌ അത്ഭുതപ്പെട്ടുപോകും.

പക്ഷേ, ആരും ആ കംപോസ്‌റ്റ്‌ വാങ്ങാന്‍ എത്തുന്നില്ല. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ നടക്കുന്ന വിന്‍ഡ്രോകംപോസ്‌റ്റിങില്‍ വിന്‍ഡ്രോ ക്രമീകരിക്കുന്നത്‌ ഒരാള്‍പൊക്കത്തില്‍ കൂടുതലാകാന്‍ പാടില്ല എന്നാണ്‌ വിദഗ്‌ധമതം. മാത്രമല്ല, ആഴ്‌ചയിലൊരിക്കല്‍ വിന്‍ഡ്രോ മറിച്ചിടുകയും വേണം. പക്ഷേ, ഞെളിയന്‍പറമ്പിലെ പ്ലാന്റില്‍ ഇതൊന്നും നടക്കുന്നില്ല. ഒരറ്റത്ത്‌ മേല്‍ക്കൂരയോളം പൊക്കത്തില്‍ മാലിന്യം കൊണ്ടിടുന്നു. മറ്റേ വശത്ത്‌ ഏതാനും തൊഴിലാളികള്‍ നിന്ന്‌ പ്ലാന്റില്‍ അരിക്കുന്നു. അരിച്ച ശേഷം ബാക്കിയുള്ള തിരസ്‌കൃതമാലിന്യങ്ങള്‍ എന്തുചെയ്യണമെന്ന്‌ ഒരു നിശ്ചയവുമില്ല. പ്ലാന്റിന്‌ ചുറ്റും അത്‌ കൂടിക്കിടന്ന്‌ അഴുകുകയാണ്‌. സാനിറ്ററി ലാന്‍ഡ്‌ഫില്ലിന്‌ സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്‌ നഗരസഭ. കേരളത്തില്‍ ആദ്യ സംസ്‌ക്കരണപ്ലാന്റ്‌ സ്ഥാപിച്ച നഗരസഭയിലെ കാര്യമാണിത്‌. പത്തുവര്‍ഷമായി നഗരമാലിന്യത്തില്‍നിന്ന്‌ വെര്‍മികംപോസ്‌റ്റ്‌ (മണ്ണിരകംപോസ്‌റ്റ്‌) ഉണ്ടാക്കി മാതൃകയായ നോര്‍ത്ത്‌ പറവൂര്‍ മുനിസിപ്പാലിറ്റിയുടെ ഉദാഹരണം കൂടി നോക്കാം. ആദ്യമേ പറയട്ടെ, മണ്ണിരകംപോസ്‌റ്റ്‌ എന്നത്‌ ചെറിയ തോതില്‍ മാത്രം നടത്താവുന്ന ഒരു ഏര്‍പ്പാടാണ്‌. കാരണം, കംപോസ്‌റ്റ്‌ കളത്തില്‍ ഉറുമ്പുകയറാന്‍ പാടില്ല, എലി വരരുത്‌, ഊഷ്‌മാവും ഈര്‍പ്പവും ഒരു നിശ്ചിത കണക്കില്‍ നിലനില്‍ക്കേണ്ടതുണ്ട്‌. ഇത്തരം വ്യവസ്ഥകളൊക്കെ പാലിച്ച്‌ വന്‍തോതില്‍ മണ്ണിരകംപോസ്‌റ്റ്‌ ഉണ്ടാക്കുക അത്ര പ്രായോഗികമല്ല. അതിനാല്‍, മാലിന്യത്തില്‍ കുറച്ചുഭാഗം മാത്രമേ ഇത്തരത്തില്‍ സംസ്‌ക്കരിക്കാന്‍ കഴിയൂ. നോര്‍ത്ത്‌ പറവൂരിലും നടക്കുന്നത്‌ വ്യത്യസ്‌തമല്ല. ദിവസവും ഏതാണ്ട്‌ ഏഴ്‌ ടണ്ണിലേറെ മാലിന്യം ഉണ്ടാകുന്ന മുനിസിപ്പാലിറ്റിയില്‍ വെറും ഒരു ടണ്‍ മാത്രമാണ്‌ വെര്‍മികംപോസ്‌റ്റ്‌ ആക്കുന്നത്‌.

മുനിസിപ്പാലിറ്റിയുടെ ട്രഞ്ചിങ്‌ഗ്രൗണ്ടിന്റെ ഒരു ഭാഗത്താണ്‌ കംപോസ്‌റ്റ്‌ നിര്‍മാണത്തിനുള്ള ആസ്‌ബസ്‌റ്റോസ്‌ ഷെഡ്‌. പ്ലാസ്റ്റിക്‌ കലര്‍ന്ന മാലിന്യം കംപോസ്‌റ്റിങിന്‌ ഉപയോഗിക്കുന്നില്ല. അതിനാല്‍, അവിടുത്തെ കംപോസ്‌റ്റില്‍ കര്‍ഷകര്‍ക്ക്‌ വിശ്വാസമുണ്ട്‌. തൃശൂരില്‍നിന്നു പോലും വാഹനങ്ങളുമായെത്തി ആളുകള്‍ കംപോസ്‌റ്റ്‌ വാങ്ങിപ്പോകുന്നു. പക്ഷേ, യഥാര്‍ഥ പ്രശ്‌നം മാലിന്യത്തില്‍ ഏഴിലൊന്നേ ഇത്തരത്തില്‍ സംസ്‌ക്കരിക്കപ്പെടുന്നുള്ളു എന്നതാണ്‌. ബാക്കി മുഴുവന്‍ ട്രഞ്ചിങ്‌ഗ്രൗണ്ടില്‍ കിടന്ന്‌ ചീയുകയാണ്‌. കാക്കയും എലിയും ഈച്ചയുമാര്‍ത്ത്‌ നാറുന്നു. മഴ പെയ്യുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകും. പുതിയൊരു സമഗ്രപദ്ധതി താമസിയാതെ യാഥാര്‍ഥ്യമാകും. അതിന്റെ പ്രോജക്ട്‌ അനുവദിച്ചു കഴിഞ്ഞു. അതോടെ പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്ന ശുഭപ്രതീക്ഷയിലാണ്‌ മുനിസിപ്പല്‍ അധികൃതര്‍. മുനിസിപ്പാലിറ്റിയുടെ കമ്പോളത്തില്‍ അറവുശാലാമാലിന്യം ബയോഗ്യാസായി മാറ്റാനുള്ള പ്ലാന്റിന്റെ പണിയും പുരോഗമിക്കുകയാണ്‌. മാര്‍ക്കറ്റില്‍ അതുപയോഗിച്ച്‌ 50 ബള്‍ബുകള്‍ കത്തിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

മാലിന്യസംസ്‌ക്കരണം ചിലര്‍ക്ക്‌ എങ്ങനെ കറവപ്പശു ആകുന്നു എന്നു മനസിലാക്കാന്‍, സംസ്‌ക്കരണത്തിന്‌ തിരുവനന്തപുരം നഗരസഭ ഏഴുവര്‍ഷം മുമ്പുണ്ടാക്കിയ കരാര്‍ പരിശോധിച്ചാല്‍ മാത്രം മതി. പോപ്‌സണ്‍ കമ്പനിയുമായിട്ടായിരുന്നു കരാര്‍. വിളപ്പില്‍ശാലയിലെ നഗരസഭയുടെ സ്ഥലത്ത്‌ പ്ലാന്റ്‌ സ്ഥാപിച്ച്‌ മാലിന്യസംസ്‌ക്കരണം പോപ്‌സണ്‍ നടത്തും. കംപോസ്‌റ്റ്‌ വിറ്റ്‌ അതിനുള്ള ചെലവ്‌ പോപ്‌സണ്‍ കണ്ടെത്തിക്കൊള്ളും. നഗരസഭ ദിവസവും 300 ടണ്‍ മാലിന്യം വീതം നല്‍കിയാല്‍ മാത്രം മതി, മറ്റൊന്നും വേണ്ട. 300 ടണ്‍ മാലിന്യം വീതം നല്‍കിയില്ലെങ്കില്‍, നഗരസഭ ദിവസവും 49,000 രൂപാവീതം പോപ്‌സണ്‌ നഷ്ടപരിഹാരം നല്‍കണം. ഇതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ.

കംപോസ്‌റ്റ്‌ ഉദ്ദേശിച്ചതുപോലെ വില്‍ക്കാന്‍ പറ്റുന്നില്ല എന്നു കണ്ടതോടെ, മാലിന്യസംസ്‌ക്കരണത്തിന്റെ താളംതെറ്റാന്‍ തുടങ്ങി. നൂറുകണക്കിന്‌ ടണ്‍ മാലിന്യം വിളപ്പില്‍ശാലയില്‍ കിടന്ന്‌ അഴുകി. മലിനജലം കരമനയാറിനെ വിഷലിപ്‌തമാക്കി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ എങ്ങനെയെങ്കിലും തടിതപ്പിയാല്‍ മതിയെന്നായി പോപ്‌സണ്‌, പോപ്‌സണെ ഒഴിവാക്കിയാല്‍ മതിയെന്നായി നഗരസഭയ്‌ക്കും. പക്ഷേ, അപ്പോഴാണ്‌ ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ കരാറിലെ മര്‍മപ്രധാനമായ ഭാഗം പോപ്‌സണ്‍ ആയുധമാക്കിയത്‌. നഗരസഭ ദിവസവും 300 ടണ്‍ മാലിന്യം തന്നുകൊള്ളാമെന്നാണ്‌ കരാര്‍. വെറും 200 ടണ്‍ മാലിന്യത്തില്‍ താഴെ മാത്രം തിരുവനന്തപുരത്തുണ്ടാകുന്ന സമയത്താണ്‌ ഈ കരാര്‍ ഉണ്ടാക്കിയതെന്നോര്‍ക്കണം. അപ്പോള്‍ ദിവസവും ബാക്കി 100 ടണ്‍ എവിടെനിന്ന്‌ കൊടുക്കുമെന്നാണ്‌ നഗരസഭ കരുതിയത്‌. കരാര്‍ ആര്‍ക്കുവേണ്ടിയാണ്‌ ഉണ്ടാക്കിയതെന്ന്‌ വ്യക്തമാണല്ലോ.

കരാറില്‍ പറഞ്ഞിരിക്കുന്ന കണക്കിന്‌ മാലിന്യം നല്‍കിയിട്ടില്ല, അതിനാല്‍ നഗരസഭ ദിവസം 49,000 രൂപാ വെച്ച്‌ 12.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌ പോപ്‌സണ്‍ വാദിച്ചു. ഒടുവില്‍ ഏഴുകോടി രൂപാനല്‍കി പോപ്‌സണെ ഒഴിവാക്കി. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എന്‍വിരോണ്‍മെന്റ്‌ ആന്‍ഡ്‌ ഡെവലെപ്‌മെന്റി (സി.ഇ.ഡി)നെയാണ്‌ ഇപ്പോള്‍ സംസ്‌ക്കരണത്തിന്റെ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്‌. ചെലവ്‌ മുഴുവന്‍ നഗരസഭ വഹിക്കണം എന്നാണ്‌ വ്യവസ്ഥ. മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റിന്റെയും സാനിറ്ററി ലാന്‍ഡ്‌ഫില്ലിന്റെയും രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. അവ കൂടി പൂര്‍ത്തിയാക്കിയാല്‍ തിരുവനന്തപുരം നഗരസഭ മാലിന്യസംസ്‌ക്കരണത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്‌ മാതൃകയാകുമെന്നാണ്‌ സി.ഇ.ഡി. പറയുന്നത്‌.

കേരളത്തില്‍ ഒരു ടണ്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ (പരിപാലനത്തിന്‌) 1200 മുതല്‍ 2400 രൂപ വരെയാണ്‌ ചെലവ്‌ വരുന്നത്‌. ടണ്ണൊന്നിന്‌ ശരാശരി 1800 രൂപ എന്നു കണക്കാക്കിയാല്‍, വര്‍ഷംതോറും 450 കോടി രൂപ. പക്ഷേ, ഈ മുടക്കുമുതലിന്‌ ചേര്‍ന്ന പ്രയോജനം ജനങ്ങള്‍ക്ക്‌ ലഭിക്കുന്നില്ലെന്നു മാത്രമല്ല, പകര്‍ച്ചവ്യാധികള്‍ പടരാന്‍ പാകത്തില്‍ കേരളം മലിനമാകുകയും ചെയ്യുന്നു. (അടുത്ത ലക്കം: പല വഴികള്‍ ഒത്തുചേരണം).

Friday, June 13, 2008

പ്ലൂട്ടോ പ്ലൂട്ടോയിഡ്‌ ആകുമ്പോള്‍

പ്ലൂട്ടോയുടെ പദവി സംബന്ധിച്ച്‌ പതിറ്റാണ്ടുകളായി ശാസ്‌ത്രസമൂഹത്തില്‍ നിലനിന്ന തര്‍ക്കവും വിവാദവും പ്ലൂട്ടോയിഡ്‌ തീരുമാനത്തോടെ അവസാനിക്കുമോ.

ആ അധ്യായം അവസാനിക്കുകയാണ്‌. 76 വര്‍ഷം നിലനിന്ന ഒന്‍പതാംഗ്രഹമെന്ന പ്രശസ്‌തി, അതിന്‌ ശേഷം 23 മാസത്തെ 'കുള്ളന്‍ഗ്രഹ'മെന്ന പദവി. പ്ലൂട്ടോ എന്ന ആകാശഗോളം ഇനി 'പ്ലൂട്ടോയിഡുകള്‍' എന്ന ഗണത്തിലാകും ഉള്‍പ്പെടുക. സൗരയൂഥത്തില്‍ നെപ്യൂണിന്‌ അപ്പുറത്തുള്ള കുള്ളന്‍ഗ്രഹങ്ങളാണ്‌ ഇനി മുതല്‍ പ്ലൂട്ടോയിഡുകള്‍ ആയി അറിയപ്പെടുക. 2008 ജൂണ്‍ 12-ന്‌ ഓസ്ലോയില്‍ ചേര്‍ന്ന, അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിന്റെ 'സ്‌മോള്‍ ബോഡി നോമന്‍ക്ലാച്യൂര്‍' കമ്മറ്റിയാണ്‌ ചരിത്രപ്രധാനമായ ഈ തീരുമാനമെടുത്തത്‌.
ഇതു പ്രകാരം, കിയ്‌പ്പര്‍ ബെല്‍ട്ട്‌ (Kuiper Belt) എന്നറിയപ്പെടുന്ന സൗരയൂഥത്തിന്റെ വിദൂരഭാഗത്ത്‌ സൂര്യനെ ചുറ്റുന്ന പ്ലൂട്ടോയും 'ഈറിസ്‌'(Eris) എന്ന കുള്ളന്‍ഗ്രഹവും പ്ലൂട്ടോയിഡുകള്‍ ആയിരിക്കും. ഏറ്റവും വലിയ ക്ഷുദ്രഗ്രഹമായ സിറിസ്‌ (Ceres) മാത്രമാണ്‌ ഇനി കുള്ളന്‍ഗ്രഹം. സൗരയൂഥത്തിന്റെ പുതിയ ഘടന ഇതാണ്‌ -സൂര്യം, എട്ടു ഗ്രഹങ്ങള്‍ (ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനെസ്‌, നെപ്യൂണ്‍), രണ്ട്‌ പ്ലൂട്ടോയിഡുകള്‍ (പ്ലൂട്ടോ, ഈറിസ്‌), ഒരു കുള്ളന്‍ഗ്രഹം (സിറിസ്‌). പിന്നെ ഗ്രഹങ്ങളെ ചുറ്റുന്ന 166 ഉപഗ്രഹങ്ങള്‍, ലക്ഷക്കണക്കിന്‌ ക്ഷുദ്രഗ്രഹങ്ങള്‍, ഡസണ്‍കണക്കിന്‌ വാല്‍നക്ഷത്രങ്ങള്‍, കിയ്‌പ്പര്‍ബെല്‍റ്റിലും അതിനപ്പുറത്തെ ഊര്‍റ്റ്‌മേഘ മേഖലയിലുമുള്ള പരശ്ശതം വസ്‌തുക്കള്‍, ധൂളീപടലങ്ങള്‍ ഒക്കെ സൗരയൂഥത്തിന്റെ ഭാഗമാണ്‌.
പ്ലൂട്ടോ-വിവാദങ്ങള്‍ അവസാനിക്കുമോ
പ്ലൂട്ടോയുടെ പദവി സംബന്ധിച്ച്‌ പതിറ്റാണ്ടുകളായി ശാസ്‌ത്രസമൂഹത്തില്‍ നിലനിന്ന തര്‍ക്കവും വിവാദവും ഈ പ്ലൂട്ടോയിഡ്‌ തീരുമാനത്തോടെ അവസാനിക്കുമോ. തീരുമെന്ന്‌ കരുതാന്‍ ന്യായമില്ല. പ്ലൂട്ടോയുടെ ഗ്രഹപദവി തിരികെക്കൊണ്ടുവരണം എന്നു വാദിക്കുന്ന ഒരു ന്യൂനപക്ഷം ഇപ്പോഴുമുണ്ട്‌. ഗ്രഹശാസ്‌ത്രം എന്നതിലേറെ, ഇക്കാര്യത്തില്‍ ചരിത്രപമായ അര്‍ഹത പ്ലൂട്ടോയ്‌ക്കുണ്ടെന്ന്‌ അവര്‍ കരുതുന്നു. പ്ലൂട്ടോ കണ്ടുപിടിക്കും മുമ്പുതന്നെ ആരംഭിച്ചതാണ്‌, പ്ലൂട്ടോ ഗ്രഹമാണോ അല്ലയോ എന്ന തര്‍ക്കം.
അമേരിക്കയില്‍ ബോസ്റ്റണില്‍ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന പെര്‍സിവല്‍ ലോവലില്‍ (ഇദ്ദേഹത്തിന്റെ പേരിലാണ്‌ പ്രശസ്‌തമായ ലോവല്‍ ഒബ്‌സര്‍വേറ്ററി സ്ഥാപിക്കപ്പെട്ടത്‌) നിന്നാണ്‌ പ്ലൂട്ടോയുടെ കഥ ആരംഭിക്കേണ്ടത്‌. ചൊവ്വയില്‍ വലിയ ചാലുകള്‍ കാണപ്പെടുന്നുണ്ടെന്നും, അവിടെയുള്ളവര്‍ കൃഷിക്കു ജലസേചനം നടത്താന്‍ ഉപയോഗിക്കുന്നതാണ്‌ അവയെന്നും മറ്റുമുള്ള ഭ്രാന്തന്‍ ആശയങ്ങളുമായാണ്‌ ലോവല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. ഇത്തരം വാദങ്ങളുമായി തന്റെ വാനനിരീക്ഷണങ്ങള്‍ തുടരുന്നതിനിടെ, നെപ്‌ട്യൂണിനപ്പുറം ഒന്‍പതാമതൊരു ഗ്രഹമുണ്ടെന്ന്‌ ലോവലിന്‌ സൂചന ലഭിച്ചു. `എക്‌സ്‌ ഗ്രഹം' എന്ന്‌ അതിന്‌ പേരും നല്‍കി. യുറാനസിന്റെയും നെപ്‌ട്യൂണിന്റെയും ഭ്രമണപഥങ്ങളില്‍ കാണപ്പെട്ട ക്രമരാഹിത്യമാണ്‌ ഇത്തരമൊരു നിഗമനത്തിലെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. തന്റെ നിഗമനം പുറത്തുവിട്ടതിന്റെ പിറ്റേവര്‍ഷം, 1916-ല്‍, ലോവല്‍ അന്തരിച്ചു. അതിനാല്‍ 'ഒന്‍പതാമത്തെഗ്രഹം' എന്നത്‌ ലോവലിന്റെ മറ്റൊരു ഭ്രാന്തന്‍ ആശയമായി അവശേഷിച്ചു.
1929-ല്‍ ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ഡയറക്‌ടര്‍മാരാണ്‌, ലോവലിന്റെ ആശയത്തിന്‌ ജീവന്‍ നല്‍കിയത്‌. ഒന്‍പതാമതൊരു ഗ്രഹം ഉണ്ടെങ്കില്‍ അത്‌ കണ്ടുപിടിക്കാന്‍ അവര്‍ തീരുമാനിച്ചു. കാന്‍സാസ്‌ സ്വദേശിയായ ക്ലൈഡ്‌ ടോംബോ എന്ന യുവാവിനെ ആ ദൗത്യം ഏല്‍പ്പിച്ചു. പരിശീലനം സിദ്ധിച്ച ഒരു വാനനിരീക്ഷകനായിരുന്നില്ലെങ്കിലും, ഒരു വര്‍ഷം കൊണ്ട്‌ അയാള്‍ ലക്ഷ്യം കണ്ടു. 1930 ഫിബ്രവരി 18-ന്‌ ടോംബോ പുതിയ ആകാശഗോളത്തെ കണ്ടെത്തി. അതിന്‌ ഒട്ടേറെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും, പെര്‍സിവല്‍ ലോവലിന്റെ പേരിലെ ആദ്യാക്ഷരങ്ങള്‍ ആദ്യം വരുന്ന `പ്ലൂട്ടോ'യെന്ന പേര്‌ സ്വീകരിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ ഓക്‌സ്‌ഫഡിലെ പതിനൊന്നുകാരിയായ വെനേഷ്യ ഫയ്‌ര്‍ ആണ്‌, പാതാളലോകത്തിന്റെ അധിപനായ റോമന്‍ ദേവന്‍ പ്ലൂട്ടോയുടെ പേര്‌ പുതിയ ഗ്രഹത്തിന്‌ നിര്‍ദ്ദേശിച്ചത്‌. കിയ്‌പ്പര്‍ബെല്‍റ്റ്‌ ഒരു തണുത്തുറഞ്ഞ ഇരുണ്ടലോകമാണ്‌. അവിടെയാണ്‌ പ്ലൂട്ടോ സ്ഥിതിചെയ്യുന്നത്‌.
അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ അംഗീകരിച്ചില്ലെങ്കിലും, പ്ലൂട്ടോ ഒന്‍പതാമത്തെ ഗ്രഹമായി അറിയപ്പെട്ടു. ലോകമെങ്ങുമുള്ള പാഠപുസ്‌തകങ്ങളിലും അത്‌ രേഖപ്പെടുത്തി. അങ്ങനെ അമേരിക്കക്കാര്‍ കണ്ടുപിടിച്ച ആദ്യഗ്രഹമായി പ്ലൂട്ടോ. സൂര്യനില്‍ നിന്ന്‌ ശരാശരി 590 കോടി കിലോമീറ്റര്‍ അകലെയാണ്‌ പ്ലൂട്ടോ സ്ഥിതിചെയ്യുന്നത്‌. 248 ഭൗമവര്‍ഷം വേണം ഒരു തവണ സൂര്യനെ പ്രദക്ഷിണം വെയ്‌ക്കാന്‍. 2360 കിലോമീറ്റര്‍ ആണ്‌ വ്യാസം. 6.8 ഭൗമദിനം കൊണ്ട്‌ പ്ലൂട്ടോ ഒരു തവണ സ്വയംഭ്രമണം ചെയ്യുന്നു. ഭൂമിയുടേ ആറ്‌ ശതമാനം മാത്രമാണ്‌ ഗുരുത്വാകര്‍ഷണം. പ്രതല ഊഷ്‌മാവ്‌ മൈനസ്‌ 233 ഡിഗ്രി സെല്‍സിയസ്‌. മൂന്ന്‌ ഉപഗ്രഹങ്ങള്‍-കെയ്‌റണ്‍, നിക്‌സ, ഹൈഡ്ര. ഇവയില്‍ കെയ്‌റണിനെ ജയിംസ്‌ ക്രിസ്റ്റിയെന്ന ഗവേഷകന്‍ 1978-ലാണ്‌ കണ്ടുപിടിച്ചത്‌. മറ്റു രണ്ടു ഉപഗ്രഹങ്ങളെ ഹബ്ബിള്‍ സ്‌പേസ്‌ടെലസ്‌കോപ്പ്‌ 2005-ല്‍ തിരിച്ചറിഞ്ഞു.
വെറും 2360 കിലോമീറ്റര്‍ വ്യാസം മാത്രമുള്ള ആകാശഗോളത്തെ ഗ്രഹമായി അംഗീകരിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, കണ്ടുപിടിച്ച്‌ എഴുപത്‌ വര്‍ഷത്തിന്‌ ശേഷം അതൊരു ഗ്രഹമാണെന്ന്‌ രേഖാമൂലമുള്ള അറിയിപ്പ്‌ അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ 1999 ഫിബ്രവരിയില്‍ പുറപ്പെടുവിച്ചു. (ആകാശഗോളങ്ങളെ അംഗീകരിക്കാനും നാമകരണം ചെയ്യാനുമുള്ള ഉത്തരവാദിത്വം 1919 മുതല്‍ അസ്‌ട്രോണമിക്കല്‍ യൂണിയാനാണ്‌). ഇതുവെച്ചു നോക്കിയാല്‍, ഔദ്യോഗികമായി വെറും ഏഴുവര്‍ഷം മാത്രം നിലനിന്ന ഗ്രഹപദവിയാണ്‌ പ്ലൂട്ടോയ്‌ക്ക്‌ നഷ്ടമായത്‌.
പ്ലൂട്ടോയ്‌ക്കു വിനയായത്‌ 'പത്താമത്തെഗ്രഹം'
`പത്താമത്തെ ഗ്രഹ'മെന്നു വിശേഷിപ്പിക്കട്ട `2003യുബി313'(ഈറിസ്‌)യെ കണ്ടെത്തിയതായി 2005 ജൂലായ്‌ 29-നാണ്‌ പ്രഖ്യാപിക്കപ്പെട്ടത്‌. കിയ്‌പ്പര്‍ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന അതിന്‌ പ്ലൂട്ടോയുടെ ഒന്നര മടങ്ങ്‌ വലുപ്പമുണ്ട്‌. കാലഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌)യിലെ ഗവേഷകനായ മൈക്ക്‌ ബ്രൗണും സംഘവും കണ്ടെത്തിയ ഈ ആകാശഗോളമാണ്‌ ശരിക്കുപറഞ്ഞാല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി തെറിപ്പിച്ചത്‌. പ്ലൂട്ടോയുടെ ഗ്രഹപദവി നിലനിര്‍ത്തുകയും, അതിന്റെ ഒന്നര മടങ്ങ്‌ വലുപ്പമുള്ള ആകാശഗോളത്തെ ഗ്രഹമായി അംഗീകരിക്കതിരിക്കുകയും ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ ഒരുകൂട്ടം വാനനിരീക്ഷകര്‍ വാദിച്ചു.
പ്ലൂട്ടോയെ കണ്ടുപിടിക്കുന്ന കാലത്ത്‌ വാനനിരീക്ഷണ സംവിധാനങ്ങള്‍ ഇന്നത്തെയത്ര വികസിച്ചിരുന്നില്ല. സൗരയൂഥത്തില്‍ കിയ്‌പ്പര്‍ ബെല്‍റ്റെന്ന ഇരുണ്ട ലോകത്ത്‌ ആകാശഗോളങ്ങളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ആധുനിക നിരീക്ഷണ സങ്കേതങ്ങള്‍ രംഗത്തെത്തിയതോടെ കിയ്‌പ്പര്‍ ബല്‍ട്ടിലും ഒളിച്ചിരിക്കുക എളുപ്പമല്ലാതായി. സമീപകാലത്ത്‌ ഒട്ടേറെ കൂറ്റന്‍ ഹിമഗോളങ്ങളെ ആ പ്രദേശത്ത്‌ വാനനിരീക്ഷകര്‍ കണ്ടെത്തുകയുണ്ടായി. 2002-ല്‍ കണ്ടെത്തിയ `ക്വോവറി' ന്റെ വ്യാസം 1280 കിലോമീറ്ററാണ്‌. 2004-ല്‍ കണ്ടെത്തിയ `സെഡ്‌ന'യ്‌ക്ക്‌ 1800 കിലോമീറ്റര്‍ വ്യാസമുണ്ട്‌. 2002 ഡിസംബറില്‍ മാത്രം കിയ്‌പ്പര്‍ ബെല്‍ട്ടില്‍ നെപ്യൂണിനിപ്പുറത്തേക്ക്‌ സഞ്ചാരപഥം നീളുന്ന അറുന്നൂറിലേറെ വസ്‌തുക്കളെ ഗവേഷകര്‍ കണ്ടെത്തി. `പ്ലൂട്ടിനോസ്‌' എന്ന്‌ ചിലര്‍ വിളിക്കുന്ന ഈ വസ്‌തുക്കളില്‍ ചിലതിന്‌ പ്ലൂട്ടോയുടെ മുഖ്യഉപഗ്രഹമായ കെയ്‌റണിന്റെയത്ര വലുപ്പമുണ്ട്‌. ആ വലുപ്പമുള്ള ഒരു ആകാശഗോളത്തിന്‌ നല്‍കിയിരിക്കുന്ന പേര്‌ `വരുണ'യെന്നാണ്‌.
ഈ പശ്ചാത്തലത്തിലാണ്‌, അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്റെ പ്രാഗില്‍ നടന്ന പൊതുസഭാസമ്മേളനം 2006 ആഗസ്‌ത്‌ 24-ന്‌ പ്ലൂട്ടോയുടെ ഗ്രഹപദവി തള്ളിക്കൊണ്ടുള്ള സുപ്രധാന തീരുമാനമെടുത്തത്തത്‌. ഇനി മുതല്‍ സൗരയൂഥത്തില്‍ നവഗ്രഹങ്ങള്‍ക്കു പകരം അഷ്ടഗ്രഹങ്ങളേ ഉണ്ടാകൂ എന്നായിരുന്നു ആ പ്രഖ്യാപനം. 75 രാജ്യങ്ങളില്‍ നിന്നായി 2700 ജ്യോതിശാസ്‌ത്രജ്ഞര്‍ പങ്കെടുത്ത സമ്മേളനത്തിനൊടുവില്‍ അംഗീകരിച്ച ഗ്രഹനിര്‍വചനം പ്രകാരമാണ്‌ പ്ലൂട്ടോ ഗ്രഹമല്ലാതായത്‌.
ഈ നിര്‍വചനം അനുസരിച്ച്‌ സൂര്യനെ ചുറ്റിസഞ്ചരിക്കുന്ന ഒരു ഗോളം ഗ്രഹമാകണമെങ്കില്‍, അതിന്‌ സ്വയം ഗോളാകൃതി കൈവരിക്കാന്‍ വേണ്ട ഗുരുത്വാകര്‍ഷണബലത്തിന്‌ ആവശ്യമായ പിണ്ഡം ഉണ്ടായിരിക്കണം. മാത്രമല്ല, സ്വന്തം ഭ്രമണപഥത്തിനരികില്‍ മറ്റു വസ്‌തുക്കളെ അനുവദിക്കയുമരുത്‌. പ്ലൂട്ടോ ചില കാലയളവില്‍ നെപ്‌ട്യൂണിന്റെ ഭ്രമണപഥം മറികടന്ന്‌ ഇപ്പുറത്തെത്താറുണ്ട്‌. അതിനാല്‍, സ്വാഭാവികമായും ഈ നിര്‍വചനപ്രകാരം പ്ലൂട്ടോ ഗ്രഹമല്ലാതായി.
പ്ലൂട്ടോയെ കണ്ടുപിടിച്ച ക്ലൈഡ്‌ ടോംബോ പത്തുവര്‍ഷം മുമ്പാണ്‌ അന്തരിച്ചത്‌. അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടവും വഹിച്ചുകൊണ്ടാണ്‌, 'നാസ'യുടെ ആദ്യ പ്ലൂട്ടോപര്യവേക്ഷണപേടകമായ 'ന്യൂ ഹൊറൈസെണ്‍സ്‌ ' ഭൂമിയില്‍ നിന്ന്‌ യാത്രതിരിച്ചത്‌. 2006 ജനവരി 19-ന്‌ ഫ്‌ളോറിഡയില്‍ നിന്ന്‌ നാസയുടെ ആ വാഹനം പുറപ്പെടുമ്പോള്‍, പ്ലൂട്ടോ ഒരു ഗ്രഹമായാണ്‌ അറിയപ്പെട്ടിരുന്നത്‌. 2015 ജൂലായ്‌ക്കും 2017 ജൂലായ്‌ക്കും മധ്യേ പ്ലൂട്ടോയ്‌ക്ക്‌ സമീപം ആ ബഹിരാകാശപേടകം എത്തുമ്പോള്‍ അവിടെ അതിനെ കാത്തിരിക്കുന്നത്‌ (ഇപ്പോഴത്തെ നിലയ്‌ക്ക്‌) വെറുമൊരു പ്ലൂട്ടോയിഡ്‌ മാത്രമാകും. (അവലംബം:നാസ, എ.എഫ്‌.പി, ബില്‍ ബ്രൗസന്‍ രചിച്ച 'എ ഷോര്‍ട്ട്‌ ഹിസ്‌റ്ററി ഓഫ്‌ നിയര്‍ലി എവരിതിങ്‌', വിക്കിപീഡിയ)

മാലിന്യനിര്‍മാര്‍ജനം, 'കേരളസ്റ്റൈല്‍'-3

കണ്ടറിയാത്തവര്‍ കൊണ്ടറിയുന്ന കാലം മലിനീകരണം ഒരു പരിധിവിടുമ്പോള്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെടും. പകര്‍ച്ചവ്യാധികള്‍ കേരളത്തെ തുറിച്ചുനോക്കുന്നുവെന്നാല്‍ അതിനര്‍ഥം, പരിസരമലിനീകരണം ഇവിടെ പരിധിവിട്ടിരിക്കുന്നു എന്നാണ്‌. ആയിക്കണക്കിന്‌ ടണ്‍ മാലിന്യം ദിവസവും ഉണ്ടാവുകയും അത്‌ സംസ്‌ക്കരിക്കാന്‍ ഒരു സംവിധാനവുമില്ലാതിരിക്കുകയും ചെയ്യുന്നിടത്ത്‌ അത്‌ സ്വാഭാവികം മാത്രം.

ചിക്കുന്‍ഗുനിയ ബാധിച്ച 1200 പേരെ ഉള്‍പ്പെടുത്തി ആലപ്പുഴ മെഡിക്കല്‍കോളേജില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഒരു പഠനം നടക്കുന്നുണ്ട്‌. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗവും വൈറോജളി ഇന്‍സ്‌റ്റിട്ട്യൂട്ടും ചേര്‍ന്ന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തുന്ന പഠനത്തില്‍, ചിക്കുന്‍ഗുനിയ ബാധിച്ചവരുടെ തുടര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ്‌ മുഖ്യപരിഗണന. പഠനവിധേയരായ രോഗികളില്‍ 95 ശതമാനവും കൊതുകുതിരികള്‍പോലുള്ള ഏതെങ്കിലും കൃത്രിമമാര്‍ഗം സ്ഥിരമായി അവലംബിച്ചിരുന്നവരാണ്‌. എന്നിട്ടും അവര്‍ക്ക്‌ ചിക്കുന്‍ഗുനിയ ബാധിച്ചു. എന്താണ്‌ ഇതിനര്‍ഥം? `കൊതുകിനെയകറ്റാനുള്ള കൃത്രിമമാര്‍ഗങ്ങളെക്കാള്‍ പ്രധാനം പരിസരശുചിത്വമാണ്‌ എന്നാണിത്‌ വ്യക്തമാക്കുന്നത്‌'-പഠനത്തിന്‌ നേതൃത്വം നല്‍കുന്ന ഡോ.ബി.പത്മകുമാര്‍ പറയുന്നു.

ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ മുഖ്യമായും മൂന്ന്‌ ഘടകങ്ങള്‍ വേണമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. വൈറസോ ബാക്ടീരിയയോ പോലുള്ള ഒരു ഏജന്റ്‌, കൊതുക്‌, ഈച്ച, എലി, മനുഷ്യന്‍ തുടങ്ങി അത്‌ പടര്‍ത്താന്‍ സഹായിക്കുന്ന ഇടനിലക്കാരന്‍, മൂന്നാമതായി പരിസ്ഥിതി മലിനീകരണം. മലിനീകരണം ഒരു പരിധിവിടുമ്പോള്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെടും. പകര്‍ച്ചവ്യാധികള്‍ കേരളത്തെ തുറിച്ചുനോക്കുന്നുവെന്നാല്‍ അതിനര്‍ഥം, പരിസരമലിനീകരണം ഇവിടെ പരിധിവിട്ടിരിക്കുന്നു എന്നാണ്‌. ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി എന്നിങ്ങനെ, പാലക്കാട്‌ ജില്ലയില്‍ അടുത്തയിടെ പ്രത്യക്ഷപ്പെട്ട ഗ്വില്ലിയന്‍ ബാരി സിന്‍ഡ്രോം(ജി.ബി.സിന്‍ഡ്രോം) വരെ കേരളീയരുടെ ഉറക്കം കെടുത്തുകയാണ്‌. ജി.ബി.സിന്‍ഡ്രോം പകര്‍ച്ചവ്യാധിയുടെ സ്വഭാവമുള്ള രോഗമല്ലെങ്കിലും, ലക്ഷത്തിലൊരാളെ മാത്രം ബാധിക്കുന്ന ഈ രോഗം പാലക്കാട്ട്‌ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒരു ഡസനോളം പേരെ ബാധിക്കാനിടയായത്‌ ജലമലിനീകരണത്തിന്റെ ഫലമായാണെന്ന്‌ സംശയമുണര്‍ന്നിരിക്കുന്നു.

കേരളത്തില്‍ ഏറ്റവുമൊടുവിലെത്തിയിരിക്കുന്ന പകര്‍ച്ചവ്യാധി ടൈഫസ്‌ പനിയാണ്‌. കോതമംഗലംകാരനായ ഒരാളില്‍ ഈ രോഗം സ്ഥിരീകരിച്ച കാര്യം ജൂണ്‍ 12-ന്റെ 'മലയാള മനോരമ'യാണ്‌ റിപ്പോര്‍ട്ടു ചെയ്‌തത്‌. കേരളത്തില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത ഈ രോഗം, ചെറുപ്രാണികളാണ്‌ പരത്തുന്നത്‌. പരിസരമലിനീകരണം തന്നെയാണ്‌ രോഗം പടരാന്‍ മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്‌. മാലിന്യത്തില്‍ പെരുകുന്ന ഈച്ചകള്‍ വഴിയും മലിനജലത്തില്‍കൂടിയുമാണ്‌ ടൈഫോഡിഡ്‌ പടരുന്നത്‌. മിക്ക വികസിതരാഷ്ട്രങ്ങളിലും ശുചിത്വത്തിന്റെ അളവുകോലായി ഈ രോഗത്തിന്റെ തോത്‌ കുറയുന്നത്‌ പരിഗണിക്കപ്പെടുന്നു. എന്നാല്‍, `കേരളത്തിലെ മെഡിക്കല്‍കോളേജ്‌ ആസ്‌പത്രികളില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഈ രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ്‌ കണ്ടിട്ടില്ല'-ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസറായ ഡോ.പത്മകുമാര്‍ പറയുന്നു. മാലിന്യസംസ്‌ക്കരണത്തിന്‌ കാര്യമായ സംവിധാനങ്ങളൊന്നുമില്ലാത്ത ഒരു നാട്ടില്‍ ടൈഫോയിഡ്‌ ബാധിതരുടെ സംഖ്യ കുറയാത്തതില്‍ അത്ഭുതമില്ല.

മാലിന്യസംസ്‌ക്കരണം കൃത്യമായി നടന്നില്ലെങ്കില്‍, അത്‌ വന്‍പ്രശ്‌നത്തിനിടയാക്കുന്ന തരത്തിലുള്ളതാണ്‌ നമ്മുടെ കാലാവസ്ഥയും ഭൂപ്രകൃതിയും. `വര്‍ഷത്തില്‍ 160 മഴദിനങ്ങളെ നമുക്ക്‌ നേരിടാനുണ്ട്‌'-ശുചിത്വ മിഷന്റെ മേധാവി ഡോ.അജയകുമാര്‍ വര്‍മ പറയുന്നു. ഊഷ്‌ണമേഖലാപ്രദേശമായതിനാല്‍ ജൈവമാലിന്യങ്ങള്‍ എളുപ്പം അഴുകും. കൊതുകും ഈച്ചയും മറ്റും വേഗം പെരുകും. തുറസ്സായ സ്ഥലത്തുകിടക്കുന്ന മാലിന്യം മഴവെള്ളത്തില്‍ ഒഴുകിയെത്തി മണ്ണിനെയും ഭൂഗര്‍ഭജലത്തെയും ശുദ്ധജലസ്രോതസ്സുകളെയും ദുഷിപ്പിക്കും. ലക്ഷക്കണക്കിന്‌ കിണറുകളും കുളങ്ങളും 44 പുഴകളും എണ്ണമറ്റ തോടുകളും ജലസ്രോതസ്സുകളുമുള്ള കേരളംപോലൊരു ചെറിയൊരു ഭൂപ്രദേശത്ത്‌ ആയിരക്കണക്കിന്‌ ടണ്‍ മാലിന്യം ദിവസവും സംസ്‌ക്കരിക്കപ്പെടാതിരിക്കുമ്പോള്‍ പ്രശ്‌നം എത്ര സങ്കീര്‍ണമാകുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

മാലിന്യത്തിന്‌ തന്നെ ഒട്ടേറെ അവതാരങ്ങളുണ്ട്‌. ഏറ്റവും അപകടകാരിയായതും സംസ്‌ക്കരിക്കാന്‍ വിഷമമുള്ളതുമായ ആസ്‌പത്രി മാലിന്യങ്ങളും ഇലക്ട്രോണിക്‌ മാലിന്യങ്ങളും (ഇ-മാലിന്യം) മുതല്‍(ഇ-മാലിന്യത്തെപ്പറ്റി അറിയാന്‍ വി.കെ.ആദര്‍ശിന്റെ ഈ ബ്ലോഗ്‌ കാണുക) ജൈവാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും കടലാസും വരെ നഗരമാലിന്യത്തില്‍ പെടുന്നു. `ഇവയയെല്ലാം ഒരുമിച്ച്‌ സംസ്‌ക്കരിക്കാനാവില്ല. ഓരോന്നും അതിന്റെതായ വഴിക്കു തന്നെ പോകണം'-പാലക്കാട്‌ മുണ്ടൂരിലെ 'ഇന്റഗ്രേറ്റഡ്‌ റൂറല്‍ ടെക്‌നോളജി സെന്റര്‍'(ഐ.ആര്‍.ടി.സി) രജിസ്‌ട്രാര്‍ വി.ജി.ഗോപിനാഥ്‌ പറയുന്നു. `ഏതായാലും മാലിന്യസംസ്‌കരണം മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഇനിയുള്ള കാലം മുന്നോട്ടുപോകാനാവില്ല എന്നൊരു ചിന്ത ജനങ്ങളിലും ഭരിക്കുന്നവരിലും ശക്തിപ്പെട്ടിട്ടുണ്ട്‌`'-അദ്ദേഹം പറയുന്നു. അതിന്റെ പ്രതിഫലനം ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം. നഗരസഭകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും മാലിന്യസംസ്‌കരണത്തിനുള്ള പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കത്‌ അതിന്റെ തെളിവാണ്‌.

പ്രതീക്ഷയേകുന്ന ഈ പുതിയ നീക്കത്തിന്‌ പിന്നില്‍ മൂന്നു കാരണങ്ങളാണ്‌ പ്രൊഫ.ആര്‍.വി.ജി.മേനോന്‍ കാണുന്നത്‌. നഗരമാലിന്യസംസ്‌ക്കരണം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കാതിരിക്കാന്‍ കഴിയില്ല എന്നകാര്യം, പകര്‍ച്ചവ്യാധി ഭീഷണിമൂലം ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മര്‍ദം, പഴയതില്‍നിന്ന്‌ വ്യത്യസ്‌തമായി മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്ക്‌ ഫണ്ട്‌ യഥേഷ്ടം കിട്ടും എന്നകാര്യം. (കാശുണ്ട്‌ എന്നു കണ്ടതോടെ പ്രാഗത്ഭ്യമില്ലാത്ത ചില സ്ഥാപനങ്ങള്‍ മാലിന്യസംസ്‌ക്കരണരംഗത്ത്‌ കടന്നുകൂടുന്നതിനെ കരുതിയിരിക്കണമെന്ന്‌ അദ്ദേഹം ഓര്‍മിപ്പിക്കുന്നു).

മാലിന്യസംസ്‌ക്കരണരംഗത്തുണ്ടായ പുതിയ ചലനത്തിന്‌ കേരളീയര്‍ ഒരു പരിധിവരെയെങ്കിലും ചിക്കുന്‍ഗുനിയയോടുകൂടി കടപ്പെട്ടിരിക്കുന്നു എന്നുസാരം! `നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുന്നു എന്നുകണ്ടപ്പോഴാണ്‌ ഇപ്പോള്‍ മാലിന്യസംസ്‌ക്കരണം ഒരു പ്രശ്‌നമായി വന്നിരിക്കുന്നത്‌. അതുവരെ ആരും ഇത്‌ കണ്ടതായിപ്പോലും നടിച്ചില്ല'-തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ.കെ. വിജയകുമാര്‍ പറയുന്നു. കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്ന്‌ പറയുന്നത്‌ വെറുതെയല്ല.

കേരളത്തില്‍ 66 ലക്ഷം വീടുകളുള്ളതില്‍ 86 ശതമാനത്തിലും ഇപ്പോള്‍ കക്കൂസ്‌ സൗകര്യമുണ്ട്‌. ഒന്നര പതിറ്റാണ്ട്‌ മുമ്പ്‌ ഇതായിരുന്നില്ല സ്ഥിതി. 1991-ല്‍ കക്കൂസുള്ള വീടുകളുടെ ശതമാനം ഗ്രാമങ്ങളില്‍ 44, നഗരങ്ങളില്‍ 73 എന്നിങ്ങനെയായിരുന്നു. `കക്കൂസ്‌ സൗകര്യത്തിന്റെ കാര്യത്തില്‍ കേരളത്തിലുണ്ടായ മുന്നേറ്റം മാലിന്യസംസ്‌ക്കരണത്തിന്റെ കാര്യത്തിലും സംഭവിക്കും, സംശയമില്ല'-ഡോ.വിജയകുമാര്‍ ശുഭാപ്‌തിവിശ്വാസിയാണ്‌.(അടുത്ത ലക്കം: സംസ്‌ക്കരണം മഹാച്ഛര്യം നമുക്കും കിട്ടണം പ്ലാന്റ്‌)

Thursday, June 12, 2008

മാലിന്യനിര്‍മാര്‍ജനം, 'കേരളസ്റ്റൈല്‍'-2

കേരളത്തില്‍ സംഭവിക്കുന്നത്‌
സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌, കേരളത്തില്‍ മാലിന്യസംസ്‌ക്കരണത്തിന്‌ സ്ഥലം കണ്ടെത്തിയിട്ടുള്ളത്‌ അഞ്ച്‌ നഗരസഭകള്‍ ഉള്‍പ്പടെ 176 തദ്ദേശ ഭരണകൂടങ്ങള്‍ മാത്രമാണ്‌. ആകെയുള്ള 1057 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 881 എണ്ണത്തിന്‌ ഇത്രകാലമായിട്ടും മാലിന്യമിടാന്‍ ഒരു സ്ഥലം പോലുമില്ല എന്ന്‌ സാരം! അപ്പോള്‍ ദിവസവുമുണ്ടാകുന്ന ആയിരക്കണക്കിന്‌ ടണ്‍ മാലിന്യം നമ്മള്‍ എന്തുചെയ്യുന്നു.
സംസ്ഥാനത്ത്‌ ഒട്ടേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്‌ വീടുകളില്‍നിന്ന്‌ മാലിന്യം ശേഖരിക്കാന്‍ ഇന്ന്‌ സംവിധാനമുണ്ട്‌, ശുചീകരണതൊഴിലാളികളുണ്ട്‌, കുടുംബശ്രീ പ്രവര്‍ത്തകരുണ്ട്‌. എന്നാല്‍, കേരളത്തിലെ വീടുകളില്‍നിന്ന്‌ പ്ലാസ്റ്റിക്ക്‌ മാലിന്യവും, ജൈവമാലിന്യവും വേര്‍തിരിച്ചുകൊടുക്കാന്‍ ബഹുഭൂരിപക്ഷം പേരും ഇപ്പോഴും തയ്യാറാകുന്നില്ല. മാത്രമല്ല, പ്ലാസ്റ്റിക്ക്‌ മാലിന്യത്തിന്റെ അളവ്‌ കുറയ്‌ക്കാനും ജനങ്ങളുടെ ഭാഗത്തുനിന്ന്‌ ശ്രമം ഉണ്ടാകുന്നില്ല. 30 മൈക്രോണ്‍ ക്യാരീബാഗുകള്‍ നിരോധിച്ച സമയത്ത്‌ പ്ലാസ്റ്റിക്ക്‌ മാലിന്യത്തില്‍ കുറവു വന്നിരുന്നു. എന്നാല്‍, അത്‌ 31 മൈക്രോണ്‍ കവറുകളായി പുനര്‍ജനിച്ചതോടെ സ്ഥിതി പഴയതിലും വഷളായി. മാലിന്യപരിപാലനത്തിലെ സുപ്രധാനമായ ആദ്യഘട്ടം താളംതെറ്റിയ നിലയിലാണെന്നു സാരം. ശക്തമായ ബോധവത്‌ക്കരണത്തിലൂടെയും, മാലിന്യസംസ്‌ക്കരണ പ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടും മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ. തിരുവനന്തപുരം നഗരസഭ പോലുള്ളിടത്ത്‌ ഒറ്റപ്പെട്ട ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. മാലിന്യം പൊതുസ്ഥലത്ത്‌ വലിച്ചെറിയുന്നതും മറ്റും കുറയ്‌ക്കാന്‍ നഗരസഭയ്‌ക്ക്‌ അതുവഴി കഴിഞ്ഞിരിക്കുന്നു.

മാലിന്യസംസ്‌ക്കരണത്തിന്‌ സംസ്ഥാനത്ത്‌ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ 70 ശതമാനം കാലാവധി കഴിഞ്ഞവയാണെന്നും, നഗരങ്ങളില്‍ക്കൂടി 25 ശതമാനം വാഹനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും സര്‍ക്കാര്‍രേഖ തന്നെ ('മാലിന്യമുക്ത കേരളം-പ്രവര്‍ത്തന രൂപരേഖ') വെളിപ്പെടുത്തുന്നു. വീടുകളില്‍നിന്ന്‌ ശേഖരിക്കുന്ന മാലിന്യം എത്തിക്കേണ്ടിടത്ത്‌ എത്തിക്കാനുള്ള സംവിധാനം എത്ര 'കാര്യക്ഷമ'മാണെന്നത്‌ ഇതില്‍നിന്ന്‌ വ്യക്തമാകുന്നു. ഓടുന്നവയില്‍തന്നെ മൂടിയുള്ളതും, ജൈവ-അജൈവ മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കാന്‍ പ്രത്യേകം അറകളുള്ളതുമായ വാഹനങ്ങള്‍ ചില നഗരസഭകള്‍ക്കു മാത്രമാണുള്ളത്‌. മാലിന്യപരിപാലനത്തിലെ ആദ്യ രണ്ടുഘട്ടവും കേരളത്തില്‍ ഇങ്ങനെയാണ്‌.

ഇനി സംസ്‌ക്കരണഘട്ടം എങ്ങനെയെന്നു നോക്കാം. ഇതിലെ ഒഴിവാക്കാനാവാത്ത വശം, നഗരമാലിന്യസംസ്‌ക്കരണം എന്നത്‌ ഒരു 'നാറ്റക്കേസാ'ണ്‌ എന്ന കാര്യമാണ്‌്‌. ജൈവമാലിന്യങ്ങള്‍ ജീര്‍ണിക്കുമ്പോഴുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല. കുറഞ്ഞത്‌ പത്തുദിവസമെങ്കിലും നാറണം എന്നത്‌ പ്രകൃതിനിയമമാണ്‌. നൂറുകണക്കിന്‌ ടണ്‍ മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥലത്തിന്‌ കുറഞ്ഞത്‌ നാലുകിലോമീറ്റര്‍ ചുറ്റളവില്‍ ദുര്‍ഗന്ധം പരന്നിരിക്കും. അതുകൊണ്ടാണ്‌ കാസര്‍കോട്ടെ കേളുഗുഡെ, കണ്ണൂരിലെ ചേലോറ, കോഴിക്കോട്ടെ ഞെളിയന്‍പറമ്പ്‌, പാലക്കാട്ടെ യാക്കര, തൃശ്ശൂരിലെ ലാലൂര്‍, കോട്ടയത്തെ താന്നിക്കല്‍പടി, തിരുവനന്തപുരത്തെ വിളപ്പില്‍ശാല തുടങ്ങിയവയൊക്കെ കേരളത്തില്‍ ഏറ്റവും വെറുക്കപ്പെടുകയും അറപ്പുളവാക്കുകയും ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ പെട്ടത്‌.

അധികം ആള്‍ത്തിരക്കില്ലാത്ത സ്ഥലത്ത്‌ നൂറുകണക്കിന്‌ ടണ്‍ മാലിന്യം ദിവസവും കൈകാര്യം ചെയ്യാന്‍ പാകത്തില്‍ വിശാലമായ സ്ഥലം മാലിന്യസംസ്‌ക്കരണത്തിന്‌ കൂടിയേ തീരൂ എന്നാണ്‌ ഇതിനര്‍ഥം. ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നാണ്‌ കേരളം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു മിക്കതിനും അനുയോജ്യമായ സ്ഥലം ഇനിയും മാലിന്യസംസ്‌ക്കരണത്തിന്‌ കണ്ടെത്താനാവാത്തതില്‍ അത്ഭുതമില്ല. മേല്‍ സൂചിപ്പിച്ച സ്ഥലങ്ങളുടെ ദുരവസ്ഥ അറിയാവുന്ന പൊതുജനങ്ങള്‍ എളുപ്പത്തിലൊന്നും ഒരു സ്ഥലം ഏറ്റെടുക്കാന്‍ അധികൃതരെ അനുവദിക്കാറുമില്ല. അതില്‍ ഭാഗ്യം ചെയ്‌തത്‌ തിരുവനന്തപുരവും കൊച്ചിയുമാണ്‌. തിരുവനന്തപുരത്തിന്റെ സംസ്‌ക്കരണപ്ലാന്റ്‌ വിളപ്പില്‍ശാലയിലെ 35 ഏക്കറിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കൊച്ചിയില്‍ സംസ്‌ക്കരണം ആരംഭിച്ചിരിക്കുന്നത്‌ ബ്രഹ്മപുരത്ത്‌ നഗരസഭ വാങ്ങിയ 63 ഏക്കറിലാണ്‌.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌, മാലിന്യസംസ്‌ക്കരണത്തിന്‌ സ്ഥലം കണ്ടെത്തിയിട്ടുള്ളത്‌ അഞ്ച്‌ നഗരസഭകള്‍ ഉള്‍പ്പടെ 176 തദ്ദേശ ഗവണ്‍മെന്റുകള്‍ മാത്രമാണ്‌. എന്നുവെച്ചാല്‍, കേരളത്തില്‍ ആകെയുള്ള 1057 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 881 എണ്ണത്തിന്‌ ഇത്രകാലമായിട്ടും മാലിന്യമിടാന്‍ ഒരു സ്ഥലം പോലുമില്ല എന്ന്‌ സാരം! അപ്പോള്‍ മാലിന്യം ദിവസവും നമ്മള്‍ എന്തുചെയ്യുന്നു. തോട്ടിലോ പുഴയിലോ വയലിലോ ചതുപ്പിലോ ഒക്കെ കൊണ്ടുതള്ളും. അവിടെക്കിടന്നത്‌ അഴുകി നാറും. മണ്ണിനെയും ഭൂജലത്തെലും മലിനമാക്കും. പുഴകളെ മലിനമാക്കും. ജലവും മണ്ണും വായുവും മലിനമാകുമ്പോള്‍, കൊതുകും എലിയും ഈച്ചയും പെരുകുമ്പോള്‍, പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുകയെന്നത്‌ സ്വാഭാവിക പ്രക്രിയ മാത്രമാകും.(അടുത്ത ലക്കം: കണ്ടറിയാത്തവര്‍ കൊണ്ടറിയുന്ന കാലം).

Wednesday, June 11, 2008

മലിന്യനിര്‍മാര്‍ജനം,'കേരളസ്‌റ്റൈല്‍'-1

ശുചിത്വത്തിന്റെ കാര്യത്തില്‍ മേനിനടിക്കുകയും മറ്റ്‌ നാട്ടുകാരെ കളിയാക്കുകയും ചെയ്യുന്ന മലയാളിക്ക്‌ അവന്റെ മാലിന്യം എന്തുചെയ്യണമെന്ന്‌ അറിയാമോ. കേരളത്തില്‍ ദിവസവുമുണ്ടാകുന്ന ആയിരക്കണക്കിന്‌ ടണ്‍ മാലിന്യത്തിന്‌ എന്താണ്‌ സംഭവിക്കുന്നത്‌-ഒരു അന്വേഷണം തിനാല്‌ വര്‍ഷം മുമ്പാണ്‌, തിരുവനന്തപുരത്തെ 'പ്രോഗ്രാം ഫോര്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍'(പി.സി.ഒ) എന്ന സ്ഥാപനത്തില്‍ ഒരു ശില്‌പശാല നടന്നു. 'നഗരമാലിന്യനിര്‍മാര്‍ജന'മായിരുന്നു വിഷയം. അന്നവിടെ സംസാരിച്ചവരില്‍ പലരും കേരളം നേരിടുന്ന രൂക്ഷമായ മാലിന്യപ്രശ്‌നത്തെക്കുറിച്ചും, അത്‌ പരിപാലിക്കുന്നതില്‍ നമ്മള്‍ നേരിടുന്ന തികഞ്ഞ പരാജയത്തെക്കുറിച്ചും ഓര്‍മിപ്പിച്ചു. തിരുവനന്തപുരം നഗരസഭ നടത്തുന്ന മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം സിവിശേഷമായ ഒന്നാണെന്ന്‌ പ്രൊഫ.ആര്‍.വി.ജി.മേനോന്‍ ചൂണ്ടിക്കാട്ടി. ഒരുപക്ഷേ, ലോകത്ത്‌ ഒരു നഗരവും അവലംബിക്കാത്ത മാര്‍ഗം. 'D & R' രീതിയെന്നാണ്‌ അതിന്‌ അദ്ദേഹം പേരു വിളിച്ചത്‌. പൂര്‍ണരൂപം-Dump & Run! തിരുവനന്തപുരം മാത്രമല്ല, കേരളത്തിലെ ഇതര നഗരസഭകളും മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളുമൊക്കെ അവലംബിക്കുന്നതും വേറെ മാര്‍ഗമായിരുന്നില്ല.

ഇത്‌ ഒന്നരപതിറ്റാണ്ട്‌ മുമ്പത്തെ കഥ. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന്‌ മനസിലാക്കാന്‍, ഇതെഴുതുന്നയാള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം സംസ്ഥാനത്ത്‌ ഒരു യാത്ര നടത്തുകയുണ്ടായി. മേനിനടിക്കലുകള്‍ സുലഭം. ഏത്‌ പട്ടണത്തിലെ ഭരണാധികാരിയെ കണ്ടാലും അവര്‍ ഉത്സാഹപൂര്‍വം അവിടെ വരാന്‍ പോകുന്ന, അല്ലെങ്കില്‍ നടത്താനുദ്ദേശിക്കുന്ന, അതുമല്ലെങ്കില്‍ തുടങ്ങിക്കൊണ്ടിരിക്കുന്ന കോടികളുടെ മാലിന്യനിര്‍മാര്‍ജന പദ്ധതികളെപ്പറ്റി വാചാലരാകും. കൊള്ളാം, വരാന്‍ പോകുന്നത്‌ നല്ല നാളെയാണ്‌. പക്ഷേ, ഇപ്പോള്‍ എന്താണ്‌ സ്ഥിതി? അക്കാര്യം ഒന്ന്‌ നിര്‍ബന്ധപൂര്‍വം അന്വേഷിച്ചാല്‍ ആവര്‍ത്തിക്കപ്പെടുന്നത്‌, ഒന്നര പതിറ്റാണ്ടു മുമ്പത്തെ കഥ തന്നെ, പ്രൊഫ.ആര്‍.വി.ജി.മേനോന്‍ പറഞ്ഞത്‌-എവിടെയെങ്കിലും കൊണ്ടിടുക, രക്ഷപ്പെടുക!

കൊച്ചിയുടെ കാര്യം ഉദാഹരണമായെടുക്കാം. കേരളത്തിന്റെ വാണിജ്യതലസ്ഥാനം. ഐ.ടി.ഹബ്ബാകാന്‍ കാലുനീട്ടുന്ന നഗരം. അവിടെ ചരിത്രത്തിലാദ്യമായി ഒരു മാലിന്യസംസ്‌ക്കരണപ്ലാന്റ്‌ പരീക്ഷണാര്‍ഥം പ്രവര്‍ത്തനം ആരംഭിച്ചത്‌ 2008 മെയ്‌ 18-നാണ്‌. ബ്രഹ്മപുരത്ത്‌, 63 ഏക്കര്‍ സ്ഥലത്താണ്‌ പ്ലാന്റ്‌ പ്രവര്‍ത്തിക്കുന്നത്‌. 21 കോടിരൂപ ചെലവ്‌. ഫണ്ട്‌ 'ജവഹര്‍ലാല്‍നെഹൃ ദേശീയ നഗരപുനരുജ്ജീവന ദൗത്യ' (JNNURM)ത്തില്‍ നിന്ന്‌. ആന്ധ്രപ്രദേശ്‌ ടെക്‌നോളജി ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ പ്രൊമോഷന്‍ സെന്റര്‍ (ATDPC) ആണ്‌ പ്ലാന്റ്‌ നിര്‍മിച്ചത്‌. 'ഹിക്വിപ്‌ ടെക്‌നോളജീസ്‌' (Hyquip Technologies) ഒരുവര്‍ഷം നടത്തുന്നതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നു. 400 ടണ്‍ സംസ്‌ക്കരണശേഷിയുണ്ട്‌ പ്ലാന്റിനെന്ന്‌ ഡെപ്യുട്ടി മേയര്‍ സി.കെ.മണിശങ്കര്‍ അറിയിക്കുന്നു. നല്ലതുതന്നെ. പക്ഷേ, ചോദ്യം അതല്ല. പരീക്ഷണാര്‍ഥം നഗരസഭ മാലിന്യസംസ്‌ക്കരണം ആരംഭിച്ചിട്ടേയുള്ളു. അത്‌ എത്രത്തോളം വിജയിക്കും എന്ന്‌ തെളിയാനിരിക്കുന്നതേയുള്ളു. ദിവസവും (ഓര്‍ക്കുക, മാലിന്യത്തിന്‌ അവധിയില്ല) 250 ടണ്‍ ഖരമാലിന്യം (പ്രതിമാസം 7500 ടണ്‍) ഉണ്ടാകുന്ന കൊച്ചി ഇതുവരെ അത്‌ എന്തുചെയ്യുകയായിരുന്നു.

ഈ ചോദ്യത്തിന്‌ നഗരസഭാ അധികൃതര്‍ നല്‍കുന്ന മറുപടി, മാലിന്യം ഇതുവരെ 'ലാന്‍ഡ്‌ഫില്ലി'ന്‌ ഉപയോഗിക്കുകയായിരുന്നു എന്നാണ്‌. വിവരമുള്ളവര്‍ ഇതുകേട്ടാല്‍ അത്ഭുതപ്പെടും. സാധാരണഗതിയില്‍, സംസ്‌ക്കരിച്ച നഗരമാലിന്യത്തില്‍ ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ (rejects-തിരസ്‌കൃത മാലിന്യങ്ങള്‍) ഭൂജലവിതാനത്തിനും ശുദ്ധജലസ്രോതസ്സുകള്‍ക്കും മലിനീകരണം ഉണ്ടാകാതിരിക്കാന്‍ പാകത്തില്‍, പ്രത്യേകരീതിയില്‍ മണ്ണിനടിയില്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നതിനെയാണ്‌ 'സാനിറ്ററി എന്‍ജിനിയേര്‍ഡ്‌ ലാന്‍ഡ്‌ഫില്‍' എന്നു പറയുന്നത്‌. കേരളത്തില്‍ അങ്ങനെയൊന്ന്‌ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനം ഉണ്ടാക്കിയതായി ഇതുവരെ അറിവില്ല. മാലിന്യം മുഴുവനായി ആരും ഇത്തരം ലാന്‍ഡ്‌ഫില്ലിന്‌ ഉപയോഗിക്കാറില്ല. കൊച്ചി നഗരസഭയ്‌ക്ക്‌ അതെങ്ങനെ ഇത്രകാലവും സാധിച്ചു എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ കാര്യത്തിന്റെ കിടപ്പ്‌ പിടികിട്ടുക. ഇത്‌ നേരത്ത പറഞ്ഞ 'ഡി ആന്‍ഡ്‌ ആര്‍' രീതിയുടെ മറ്റൊരു വകഭേദമാണ്‌. എവിടെയെങ്കിലും കൊണ്ടുതള്ളുകയെന്നര്‍ഥം! ഇത്തരം 'ലാന്‍ഡ്‌ഫില്ലി'ന്‌ പിന്നില്‍ എന്തെല്ലാം താത്‌പര്യങ്ങളും അഴിമതികളും ഉണ്ടെന്നു ചികഞ്ഞാല്‍, കോടികളുടെ തലചുറ്റുന്ന കണക്കുകളാകും പുറത്തുവരിക.

കണക്കുകള്‍ കഥ പറയുന്നു
കേരളത്തില്‍ അഞ്ച്‌ നഗരസഭകളും 53 മുനിസിപ്പാലിറ്റികളും 999 ഗ്രാമപഞ്ചായത്തുകളുമാണുള്ളത്‌. ഒക്കെക്കൂടി 1057 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏറ്റവുമധികം വിദേശ-അന്യസംസ്ഥാന പര്യടനങ്ങളും പഠനയാത്രകളും നടത്തിയിട്ടുള്ളത്‌ മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച്‌ അറിയാനാണ്‌. എന്നിട്ട്‌ പഠിച്ചോ, പരിഹരിച്ചോ? അതുമാത്രം നടന്നില്ല. ശുചിത്വത്തിന്റെ കാര്യത്തില്‍ മേനിനടിക്കുകയും മറ്റ്‌ സംസ്ഥാനക്കാരെ കളിയാക്കുകയും ചെയ്യുന്ന മലയാളിക്ക്‌ അവന്റെ മാലിന്യം എന്തുചെയ്യണമെന്ന്‌ ഇത്രകാലമായിട്ടും അറിയില്ല, അല്ലെങ്കില്‍ എന്തുചെയ്യണമെന്ന്‌ ഗൗരവമായി ആലോചിച്ചിട്ടില്ല.

'ക്ലീന്‍കേരളമിഷന്‍' സമാഹരിച്ചിട്ടുള്ള കണക്കു പ്രകാരം കേരളത്തില്‍ പ്രതിദിനമുണ്ടാകുന്ന ആളോഹരി മാലിന്യം (2006-ല്‍) 210 ഗ്രാമാണ്‌. നഗരസഭകളില്‍ ഇത്‌ 465 ഗ്രാമും മുനിസിപ്പാലിറ്റികളില്‍ 268 ഗ്രാമും ഗ്രാമപഞ്ചായത്തുകളില്‍ 187 ഗ്രാമുമാണ്‌. 2001-ല്‍ കേരളത്തിലാകെ പ്രതിദിനം 5878 ടണ്‍ നഗരഖരമാലിന്യം സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണ്‌ കണക്ക്‌. 2006-ല്‍ ഇത്‌ 6506 ടണ്‍ ആയി. എന്നുവെച്ചാല്‍, ദിനംപ്രതിയുള്ള മാലിന്യം ഓരോ വര്‍ഷം കഴിയുന്തോറും ഏതാണ്ട്‌ 125 ടണ്‍ എന്ന കണക്കിന്‌ വര്‍ധിക്കുന്നു. അതനുസരിച്ച്‌ 2008-ല്‍ കേരളത്തില്‍ ദിവസവും 6756 ടണ്‍ ഖരമാലിന്യം ഉണ്ടാകുന്നു. സംസ്ഥാനത്തുണ്ടാകുന്ന നഗരമാലിന്യത്തില്‍ ഏതാണ്ട്‌ 85 ശതമാനംവരെ ജൈവമാലിന്യമാണ്‌. ജീര്‍ണിച്ചു നശിക്കുന്നതും, പ്രകൃതിയോട്‌ ചേരുന്നതും. എട്ടു മുതല്‍ ഒന്‍പത്‌ ശതമാനം വരെ പ്ലാസ്റ്റിക്കും നൈലോണ്‍തുണികളും മറ്റും. അത്‌ അജീര്‍ണം. ബാക്കിയുള്ളതില്‍ കുപ്പി,ടയര്‍, ഫ്യൂസായ ബള്‍ബുകള്‍, ട്യൂബ്‌ ലൈറ്റുകള്‍, വിഷമയമായ രാസവസ്‌തുക്കള്‍ മുതലായവയൊക്കെ ഉള്‍പ്പെടുന്നു.

മാലിന്യത്തിന്റെ ഉള്ളടക്കമെന്തെന്ന്‌ മനസിലാക്കി, അവയെ ഉത്ഭവസ്ഥാനത്തുതന്നെ (വീടുകള്‍, ഹോട്ടലുകള്‍, ഹോസ്‌പിറ്റലുകള്‍, പാര്‍ക്കുകള്‍, റെയില്‍വെസ്റ്റേഷനുകള്‍, ബസ്റ്റാന്റുകള്‍, കമ്പോളങ്ങള്‍, കല്ല്യാണമണ്ഡപങ്ങള്‍ തുടങ്ങിയിടത്ത്‌) വേര്‍തിരിച്ചു ശേഖരിക്കുക എന്നതാണ്‌ മാലിന്യപരിപാലനത്തില്‍ ഏറ്റവും പ്രധാനം. ഇതാണ്‌ ആദ്യഘട്ടം. വീടുകളില്‍നിന്ന്‌ ഏറ്റെടുക്കുന്ന മാലിന്യം, വെവ്വേറെ അറകളുള്ള വാഹനത്തില്‍ ജീര്‍ണിക്കുന്നവയും അല്ലാത്തവയും എന്ന്‌ പ്രത്യേകം ശേഖരിച്ച്‌, സംസ്‌ക്കരണകേന്ദ്രത്തില്‍ എത്തിക്കുകയാണ്‌ രണ്ടാംഘട്ടം. തുറസ്സായ വണ്ടികളില്‍ മാലിന്യം കൊണ്ടുപോകാന്‍ പാടില്ല. മാലിന്യം വെറുംകൈകൊണ്ട്‌ തൊടാനും പാടില്ല. സംസ്‌ക്കരണകേന്ദ്രത്തില്‍ എത്തിക്കുന്നതില്‍ ജീര്‍ണിക്കുന്ന ജൈവാവശിഷ്ടങ്ങളെ കംപോസ്‌റ്റ്‌, ബയോഗ്യാസ്‌, ഗ്യാസുപയോഗിച്ചുള്ള വൈദ്യുതിയൊക്കെയാക്കി മാറ്റുന്നതാണ്‌ മൂന്നാംഘട്ടം. ആ പ്രക്രിയയ്‌ക്ക്‌ ദിവസങ്ങളും ആഴ്‌ചകളും എടുക്കും. (കംപോസ്‌റ്റാകാന്‍ കുറഞ്ഞത്‌ 30-40 ദിവസം വേണം). എന്നിട്ടും ജീര്‍ണിക്കാതെ അവശേഷിക്കുന്ന തിരസ്‌കൃത മാലിന്യങ്ങളെ സാനിറ്ററി എന്‍ജിനിയേര്‍ഡ്‌ ലാന്‍ഡ്‌ഫില്ലാക്കി ജലസ്രോതസ്സുകള്‍ക്കോ മണ്ണിനോ പ്രകൃതിക്കോ ദോഷമില്ലാത്ത രീതിയില്‍ മറവുചെയ്യുന്നതാണ്‌ നാലാംഘട്ടം.

എല്ലാദിവസവും ആവര്‍ത്തിക്കേണ്ട പ്രക്രിയയാണിത്‌. ഒരുദിവസം പോലും അവധി പാടില്ല. എങ്കില്‍ മൊത്തം താളംതെറ്റും. അതിനുള്ള കൃത്യമായ പ്ലാനിങും സംവിധാനവും കൂടിയേ തീരൂ. ഇത്രയും കാര്യങ്ങള്‍ ക്രമമായും സ്ഥിരമായും കാര്യക്ഷമതയോടെ നിര്‍വഹിക്കപ്പെടുന്നിടത്തേ, മാലിന്യനിര്‍മാര്‍ജനം ശരിയായി നടക്കുന്നു എന്നു പറയാനാകൂ. മേല്‍പ്പറഞ്ഞ ഘട്ടങ്ങളില്‍ എവിടെയെങ്കിലും തടസ്സമുണ്ടെങ്കില്‍-മാലിന്യം വേര്‍തിരിച്ച്‌ ലഭിക്കുന്നില്ലെങ്കില്‍, വീടികളില്‍നിന്ന്‌ ഒരുദിവസം ശേഖരിക്കാതിരുന്നാല്‍, സംസ്‌ക്കരണശാലയിലേക്ക്‌ പോകുന്നത്‌ ഒരുദിവസം മുടങ്ങിയാല്‍, സംസ്‌ക്കരണപ്രകിയ ഒരുദിവസം വൈകിയാല്‍, തിരസ്‌കൃത മാലിന്യങ്ങളെ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നില്ലെങ്കില്‍-എങ്കില്‍ മൊത്തം സംവിധാനവും താളം തെറ്റും. 200 ടണ്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ മാത്രം ആള്‍ശേഷിയും സംസ്‌ക്കരണശേഷിയുമുള്ള ഒരു പട്ടണത്തില്‍ ഒറ്റദിവസംകൊണ്ട്‌ അതിന്റെ ഇരട്ടി കൈകാര്യം ചെയ്യുക എളുപ്പമാവില്ലല്ലോ. ഇക്കാര്യങ്ങള്‍ കൃത്യമായി സാധിക്കുന്നില്ലെങ്കില്‍, എത്രവിദേശ യാത്ര നടത്തിയിട്ടും കോടികളുടെ പ്ലാന്റ്‌ സ്ഥാപിച്ചിട്ടും കാര്യമില്ല. (അടുത്ത ലക്കം: കേരളത്തില്‍ സംഭവിക്കുന്നത്‌).

Monday, June 09, 2008

കാലത്തിന്‌ മുന്‍പത്തെ 'സമയ'മുദ്രകള്‍

മഹാവിസ്‌ഫോടനത്തിന്‌ മുമ്പ്‌ എന്തായിരുന്നു, നമ്മുടെ പ്രപഞ്ചത്തിന്‌ ഒരു പിതൃപ്രപഞ്ചം നിലനിന്നിരുന്നോ, നമ്മളിരിക്കുന്ന മുറിയില്‍ ഒരു മാഹാവിസ്‌ഫോടനം സാധ്യമോ, അത്‌ നമ്മള്‍ അറിയാതിരിക്കുമോ, ഒരു മുട്ടയുടയ്‌ക്കുമ്പോള്‍ അതിന്‌ മഹാവിസ്‌ഫോടനത്തെ മനസിലാക്കി തരാനാകുമോ- പ്രപഞ്ചവിജ്ഞാനത്തിലെ അഴിയാക്കുരുക്കുകളെ ചര്‍ച്ചചെയ്യുന്നു പുതിയൊരു പഠനം.

ആധുനിക പ്രപഞ്ചവിജ്ഞാനം അനുസരിച്ച്‌ കാലത്തിന്റെ ചരിത്രം 1370 കോടി വര്‍ഷംമുമ്പ്‌ മഹാവിസ്‌ഫോടന(Big bang)ത്തോടെ ആരംഭിക്കുന്നു. കാലം മാത്രമല്ല, സ്ഥലവും ദ്രവ്യവും ബലങ്ങളുമെല്ലാം രൂപംകൊണ്ടത്‌ അതുവഴിയാണ്‌. മഹാവിസ്‌ഫോടനത്തിന്റെ പ്രതിധ്വനിയായി പ്രപഞ്ചംമുഴുവന്‍ നിറഞ്ഞിരിക്കുന്ന 'പ്രാപഞ്ചിക സൂക്ഷ്‌മതരംഗ പശ്ചാത്തലം' (cosmic microwave background-CMB) സൂക്ഷ്‌മമായി പരിശോധിച്ചാല്‍, മഹാവിസ്‌ഫോടനത്തിന്‌ മുമ്പുള്ള 'സമയ'ത്തിന്റെ മുദ്രകള്‍ കണ്ടെത്താനാകുമെന്ന വാദവുമായി ഒരുസംഘം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നു.

'സൂക്ഷ്‌മതരംഗ പശ്ചാത്തല'ത്തെ പ്രപഞ്ചത്തിന്റെ പ്രാചീനാവശിഷ്ടം (relic) എന്നാണ്‌ വിശേഷിപ്പിക്കാറ്‌. പ്രപഞ്ചത്തിന്‌ വെറും നാലുലക്ഷം വര്‍ഷം മാത്രം പ്രായമുള്ളപ്പോള്‍ രൂപപ്പെട്ടതെന്ന്‌ കരുതുന്ന ഈ തരംഗപശ്ചലത്തിന്റെ കണ്ടെത്തലാണ്‌, മഹാവിസ്‌ഫോടനം നടന്നു എന്നതിന്റെ ഏറ്റവും പ്രധാന തെളിവ്‌. അതിനെ സൂക്ഷ്‌മമായി നിരീക്ഷിച്ചാല്‍, കാലത്തിന്‌ മുമ്പുള്ള സമയമുദ്രകള്‍ മാത്രമല്ല, സമയം എന്തുകൊണ്ട്‌ 'ഇന്നലെയില്‍നിന്ന്‌ ഇന്നേക്ക്‌' എന്ന രൂപത്തില്‍ രേഖീയമായി പുരോഗമിക്കുന്നു എന്നതിന്റെ ഉത്തരവും കിട്ടുമെന്ന്‌ ഗവേഷകര്‍ പറയുന്നു.

നാസയുടെ 'COBE' ബഹരാകാശപേടകമാണ്‌ പ്രാപഞ്ചിക സൂക്ഷ്‌മതരംഗ പശ്ചാത്തലത്തെപ്പറ്റി ആദ്യമായി വിശദ നിരീക്ഷണം നടത്തിയത്‌. സൂക്ഷ്‌മതരംഗ പശ്ചാത്തലം ഒട്ടൊക്കെ നിരപ്പായതാണെങ്കിലും, ചില വ്യതിയാനങ്ങള്‍ അതിലുണ്ടെന്ന്‌ 1992-ല്‍ ആ ഉപഗ്രഹം കണ്ടെത്തി. പ്രപഞ്ചം വികസിച്ചപ്പോള്‍ ഗാലക്‌സികള്‍ രൂപപ്പെടാന്‍ നിമിത്തമായത്‌ ആ വ്യതിയാനങ്ങളാണെന്ന്‌ ശാസ്‌ത്രലോകം നിഗമനത്തിലുമെത്തി.

എന്നാല്‍, സൂക്ഷ്‌മതരംഗ പശ്ചാത്തലത്തിലെ ആ വ്യതിയാനങ്ങളില്‍, മഹാവിസ്‌ഫോടനത്തിന്‌ മുമ്പുള്ള കാലത്തെക്കുറിച്ച്‌ സൂചന അടങ്ങിയിരിക്കുന്നതായി അമേരിക്കയില്‍ കാലഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) യിലെ ഡോ.ആഡ്രിയെന്നെ എറിക്‌സെക്കും സംഘവും അഭിപ്രായപ്പെടുന്നു. COBE-ന്റെ പിന്‍ഗാമിയായി സൂക്ഷ്‌മതരംഗ പശ്ചാത്തലത്തെപ്പറ്റി 2001 മുതല്‍ പഠനം നടത്തുന്ന 'വില്‍ക്കിന്‍സണ്‍ മൈക്രോവേവ്‌ അനിസോട്രോഫി പ്രോബ്‌' (WMAP) നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ നിഗമനം.

മഹാവിസ്‌ഫോടനത്തിന്‌ മുമ്പുള്ള കാലത്തെക്കുറിച്ചുള്ള മുദ്രകള്‍ കണ്ടെത്താനാകും എന്നു പറഞ്ഞാല്‍, നമ്മുടെ പ്രപഞ്ചത്തിന്‌ മുമ്പ്‌ മറ്റൊന്ന്‌ നിലനിന്നിരുന്നു എന്നാണര്‍ഥം. ഒരു പിതൃപ്രപഞ്ചത്തിനുള്ളില്‍നിന്ന്‌ സ്വമേധയാ ഇപ്പോഴത്തെ പ്രപഞ്ചം രൂപപ്പെട്ടു എന്നാണ്‌ ഡോ.എറിക്‌സെക്കും സംഘവും എത്തിയിരിക്കുന്ന നിഗമനം. തികച്ചും അനാകര്‍ഷകം ആയിരുന്നിരിക്കാം ആ രൂപപ്പെടല്‍ എന്നും അവര്‍ കരുതുന്നു. താമസിയാതെ ഈ നിഗമനങ്ങള്‍ 'ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്‌സി'ല്‍ പ്രസിദ്ധീകരിക്കും.

മിസ്സോറിയിലെ സെന്റ്‌ ലൂയിസില്‍ കഴിഞ്ഞ ദിവസം നടന്ന 'അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി' (AAS) യോഗത്തില്‍ ഈ പഠനവിവരം അവതരിപ്പിച്ചുകൊണ്ട്‌, ഗവേഷകസംഘാംഗമായ പ്രൊഫ.സീന്‍ കരോള്‍ പറഞ്ഞത്‌ 'ഈ മുറിക്കുള്ളില്‍നിന്നുപോലും ഒരു പ്രപഞ്ചം രൂപപ്പെടാം, നമ്മള്‍ ഒരിക്കലും അക്കാര്യം അറിഞ്ഞെന്നു വരില്ല' എന്നാണ്‌. മഹാവിസ്‌ഫോടനത്തെക്കുറിച്ചുള്ള വിശദീകരണത്തില്‍നിന്നു മാത്രം പ്രചോദനം കൊണ്ടായിരുന്നില്ല പുതിയ പഠനം. ഭൗതീകശാസ്‌ത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രഹേളികകളില്‍ ഒന്നായ 'ആരോ ഓഫ്‌ ടൈം' (arrow of time) എന്തെന്നറിയാനുള്ള, എന്തുകൊണ്ട്‌ സമയം ഒരേ ദിശയില്‍ മാത്രം നീങ്ങുന്നതായി തോന്നുന്നു എന്നകാര്യം വിശദീകരിക്കാനുള്ള, ശ്രമത്തിന്റെ ഭാഗം കൂടിയാണത്‌.

`ഇന്നലെ ഏതാണെന്നോ ഇന്ന്‌ ഏതാണെന്നോ ആര്‍ക്കും സംശയമില്ല'പ്രൊഫ.കരോള്‍ പറയുന്നു. തെര്‍മോഡൈനാമിക്‌സിലെ രണ്ടാംനിയമത്തെയാണ്‌ (second law of thermodynamics), സമയത്തിന്റെ ഏകദിശീയമായ ഈ ഒഴുക്കിന്‌ കാരണമായി ഭൗതീകശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഓരോ സംവിധാനവും സമയം കഴിയുന്തോറും ക്രമത്തില്‍ (order)നിന്ന്‌ ക്രമരാഹിത്യത്തിലേക്ക്‌ (disorder) വീഴും എന്നാണ്‌ രണ്ടാംനിയമം പറയുന്നത്‌. ക്രമരാഹിത്യത്തിന്റെ തോതിനെ എന്‍ട്രോപ്പി (entropy) എന്നാണ്‌ വിളിക്കാറ്‌.

തെര്‍മോഡൈനാമിക്‌സിലെ രണ്ടാംനിയമത്തില്‍നിന്ന്‌ പ്രപഞ്ചത്തിന്‌ രക്ഷയില്ല. പക്ഷേ, പ്രപഞ്ചത്തെ സംബന്ധിച്ച്‌ ഒരു പ്രധാന നിഗമനവുമായി ബന്ധപ്പെട്ടാണ്‌ ഇക്കാര്യം ഉന്നയിക്കപ്പെടുന്നതെന്ന്‌ പ്രൊഫ.കരോള്‍ ചൂണ്ടിക്കാട്ടുന്നു. പ്രപഞ്ചം തുടങ്ങിയത്‌ ക്രമബദ്ധമായ ഒരു അവസ്ഥയില്‍നിന്നാണ്‌ എന്നതാണ്‌ ആ നിഗമനം. പ്രാപഞ്ചികശാസ്‌ത്രത്തെ സംബന്ധിച്ച്‌ ഏറ്റവും അടിസ്ഥാനപരമായ ഒരു നിഗമനമാണിത്‌. `നിങ്ങളൊരു മുട്ട ഉടയ്‌ക്കുമ്പോള്‍, ഗ്ലാസ്‌ പൊട്ടിക്കുമ്പോള്‍, മഹാവിസ്‌ഫോടനത്തെക്കുറിച്ച്‌ നിങ്ങള്‍ മനസിലാക്കുകയാണ്‌'-പ്രൊഫ.കരോള്‍ അറിയിക്കുന്നു.

ഒരു പിതൃപ്രപഞ്ചത്തിലെ ശീതസ്ഥലത്തുണ്ടായ മഹാവിസ്‌ഫോടനത്തോടെ ക്രമബദ്ധമായ ഒന്നായി ഇപ്പോഴത്തെ പ്രപഞ്ചം ആവിര്‍ഭവിച്ചുവെന്നാണ്‌ മനസിലാക്കേണ്ടതെന്ന്‌, കാല്‍ടെക്ക്‌ സംഘം വാദിക്കുന്നു. സ്വാഭാവികമായും സമയം ഏകദിശീയമായി നീങ്ങാന്‍ തുടങ്ങി. ക്രമം, ക്രമരാഹിത്യത്തിലേക്ക്‌ മാറിത്തുടങ്ങി. പൊട്ടിയ മുട്ടയെ പഴയതുപോലെ ഒന്നാക്കാന്‍ കഴിയില്ല എന്നതാണ്‌, ഈ സമയഗതിയുടെ അനന്തരഫലം.

ഈ സിദ്ധാന്തത്തെക്കുറിച്ച്‌ ഇനിയും ഏറെ പഠനം ബാക്കിയുണ്ട്‌. WMAP യില്‍ നിന്നുള്ള നിരീക്ഷണഫലത്തില്‍, പ്രാപഞ്ചിക സൂക്ഷ്‌മതരംഗ പശ്ചാത്തല വ്യതിയാനം, ആകാശത്തിന്റെ ഒരുവശത്ത്‌ മറുവശത്തേക്കാള്‍ പത്തുശതമാനം കൂടുതലാണെന്ന്‌ കാല്‍ടെക്ക്‌ സംഘം കണ്ടെത്തിയതാണ്‌ പുതിയ നിഗമനത്തിന്‌ പ്രേരകമായത്‌. അത്‌ ചിലപ്പോള്‍ യാദൃശ്ചികമാകാം-പ്രൊഫ.കരോള്‍ പറയുന്നു. അതല്ലെങ്കില്‍, പിതൃപ്രപഞ്ചത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നതാവാം-അദ്ദേഹം പറയുന്നു.

പ്രാപഞ്ചികപഠനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോട്‌ അവരുടെ നിലപാടുകള്‍ വിശാലമാക്കാനാണ്‌ പ്രൊഫ.കരോള്‍ അഭ്യര്‍ഥിക്കുന്നത്‌. മഹാവിസ്‌ഫോടനത്തിന്‌ മുമ്പ്‌ സമയമില്ല എന്ന്‌ പറയാനാണ്‌ നമ്മള്‍ പരിശീലനം നേടിയിട്ടുള്ളത്‌. ആ ശീലം മാറ്റിയേ തീരൂ. കാല്‍ടെക്‌ സംഘത്തിന്റെ നിഗമനം ശരിയാണെങ്കില്‍, ഇപ്പോഴത്തെ പ്രപഞ്ചത്തിന്‌ മുമ്പ്‌ എന്തായിരുന്നു എന്നതിന്റെ ആദ്യതെളിവ്‌ നമുക്ക്‌ ലഭിച്ചു കഴിഞ്ഞു. (അവലംബം: അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി).
കാണുക: പ്രപഞ്ചം-പുതിയ സമസ്യകള്‍
‍പ്രപഞ്ചമെന്ന തനിയാവര്‍ത്തനം