
കഴിഞ്ഞ ആഗസ്ത് 28നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത് (ദൗത്യം അവസാനിച്ചതായി ആഗസ്ത് 30-ന് പ്രഖ്യാപിക്കപ്പെട്ടു). 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കവെയാണ് അവസാനിച്ചത്. പക്ഷേ, പ്രതീക്ഷിക്കാത്തത്ര വലിയൊരു വിജയക്കുതിപ്പ് നടത്തിയിട്ടാണ് ചന്ദ്രയാന്‍ വിടവാങ്ങിയതെന്ന് അന്ന് ആരും കരുതിയില്ല. ഇന്ത്യയെ ഇന്നുവരെയില്ലാത്തത്ര ഉയരത്തിലെത്തിച്ചിരിക്കുന്നു ചന്ദ്രയാന്‍-1. ലോകമെമ്പാടുമുള്ള ഗവേഷകരെ പതിറ്റാണ്ടുകളായി അലട്ടുന്ന ചോദ്യത്തിനാണ് ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 ഉത്തരം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉപഗ്രഹത്തിന്റെ പ്രതലത്തിലെ ജലസാന്നിധ്യമാണ് ആ കണ്ടെത്തല്‍. ചന്ദ്രയാന്‍ ദൗത്യത്തിന്റെ 90 ശതമാനവും പൂര്‍ത്തിയായെന്നും ദൗത്യം പൂര്‍ണവിജയമാണെന്നും ഐ.എസ്.ആര്‍.ഒ. അധികൃതര്‍ പറഞ്ഞത് വിശ്വസിക്കാത്തവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കണ്ടെത്തല്‍.

ചാന്ദ്രയാനിലുണ്ടായിരുന്ന 11 പഠനോപകരണങ്ങളില്‍ ഒന്നായ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്), ചന്ദ്രോപരിതലത്തില്‍ ജലാംശം കണ്ടെത്തിയതിന്റെ വിവരങ്ങളുള്ളത് വെള്ളിയാഴ്ചത്തെ സയന്‍സ് ഗവേഷണവാരികയിലാണ്. ചന്ദ്രയാനിലെ ഉപകരണങ്ങളില്‍ ഇന്ത്യ നിര്‍മിച്ചവ അഞ്ചെണ്ണവും വിദേശത്ത് നിര്‍മിച്ചവ ആറെണ്ണവുമായിരുന്നു. വിദേശ ഉപകരണങ്ങളില്‍ നാസ രൂപകല്‍പ്പന ചെയ്ത മൂണ്‍ മിനറോളജി മാപ്പര്‍ ആണ് ചന്ദ്രനില്‍ ജലമുണ്ടെന്ന് കണ്ടെത്തിയത്. ഇതുള്‍പ്പടെ, ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരികരിക്കുന്ന മൂന്ന് റിപ്പോര്‍ട്ടുകള്‍ സയന്‍സിന്റെ പുതിയ ലക്കത്തിലുണ്ട്. ശനിയെക്കുറിച്ച് പഠിക്കാന്‍ അയച്ച കാസിനി പേടകവും, വാല്‍നക്ഷത്രില്‍ ഇടിച്ചിറങ്ങാന്‍ പോയ ഡീപ് ഇംപാക്ട് ബഹിരാകാശ പേടകവും ചന്ദ്രന് സമീപത്തുകൂടി പോകുമ്പോള്‍ നടത്തിയ കണ്ടെത്തലുകളാണ് മറ്റ് രണ്ട് റിപ്പോര്‍ട്ടുകളിലുള്ളത്.
ചന്ദ്രപ്രതലത്തിലെ ഓരോ ടണ്‍ മണ്ണിലും കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളമെങ്കിലുമുണ്ടാകുമെന്നാണ് കണ്ടെത്തല്‍. ചന്ദ്രന്റെ പ്രതലത്തിലുടനീളം ജലതന്മാത്രകളുടെയോ ഹൈഡ്രോക്‌സില്‍ തന്മാത്രകളുടെയോ (ഹൈഡ്രോക്‌സില്‍ എന്നത് ഒരു ഓക്‌സിജന്‍ ആറ്റവും ഒരു ഹൈഡ്രജന്‍ ആറ്റവും ചേര്‍ന്നതാണ്-HO) സാന്നിധ്യമുണ്ടത്രേ. ചന്ദ്രയാനിലെ മൂണ്‍ മാപ്പര്‍ കണ്ടെത്തിയ വിവരങ്ങള്‍ വിശകലനം ചെയ്തത് ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷക കാര്‍ലെ പീറ്റേഴ്‌സും അഹമ്മദാബാദില്‍ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടിയിലെ പ്രൊഫ. ജി.എന്‍.ഗോസ്വാമിയും ഉള്‍പ്പെട്ട സംഘവുമാണ് ജലസാന്നിധ്യത്തെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്.

ചന്ദ്രപ്രതലത്തിലുടനീളം ജലതന്മാത്രകളുണ്ടെന്ന കണ്ടെത്തല്‍ ജിജ്ഞാസാജനകമാണ് അവര്‍ പറയുന്നു. എവിടെനിന്നു വന്നു ജലതന്മാത്രകള്‍. മഞ്ഞുകട്ടയുടെ രൂപത്തില്‍ ധ്രുവങ്ങളിലുള്ള ജലം ചന്ദ്രപ്രതലത്തില്‍ മറ്റിടങ്ങളിലേക്ക് കുടിയേറിയതാകാം എന്നാണ് ഗവേഷകര്‍ കരുതുന്നത്. സൗരക്കാറ്റിന്റെ സ്വാധീനമാകാം ഈ കുടിയേറ്റത്തിന് പിന്നില്‍. സൗരക്കാറ്റില്‍ കൂടുതലും ഉള്ളത് പ്രോട്ടോണ്‍ കണങ്ങളാണ്. പ്രോട്ടോണ്‍ കണങ്ങള്‍ എന്നു പറഞ്ഞാല്‍ ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകള്‍. ഭൂമിയില്‍ സൗരക്കാറ്റ് അത്ര സ്വാധീനം ചെലുത്താത്തതിന് കാരണം, ഇവിടെ അന്തരീക്ഷം ഉള്ളതിനാലാണ്. അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്ത് വെച്ചു തന്നെ സൗരക്കാറ്റുകള്‍ തടയപ്പെടുന്നു.
ചന്ദ്രപ്രതലത്തില്‍ ജലതന്മാത്രകള്‍ ഇത്തരത്തില്‍ കുടിയേറിയവയാണെങ്കില്‍, അവിടെ സൂര്യപ്രകാശം പതിക്കാത്ത കിടങ്ങുകളിലും ഇടുക്കുകളിലും ജലത്തിന്റെ വലിയ സാന്നിധ്യം ഉണ്ടാകാം. ചന്ദ്രനില്‍ സൂര്യപ്രകാശം പതിക്കുന്ന വൈവിധ്യമാര്‍ന്ന മേഖലകളില്‍ മൂണ്‍ മാപ്പര്‍ ജലാംശം ദര്‍ശിച്ചു. കാസിനി പേടകത്തിലെ 'വിഷ്വല്‍ ആന്‍ഡ് ഇന്‍ഫ്രാറെഡ് മാപ്പിങ് സ്‌പെക്ട്രോമീറ്ററും' (VIMS), ഡീപ് ഇംപാക്ടിലെ 'ഹൈ റസല്യൂഷന്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്ററും' ശേഖരിച്ച വിവരങ്ങളുമായി താരതമ്യം ചെയ്താണ് മൂണ്‍ മാപ്പറിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചത്.

പ്രകാശത്തിന് മൂലകങ്ങളില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ നിറഭേദമുണ്ടാകും. മൂലകത്തിന്റെ സ്വഭാവമനുസരിച്ചാവും ആ വ്യത്യാസം. പ്രകാശവര്‍ണരാജി (സ്‌പെക്ട്ര) യിലുണ്ടാകുന്ന ആ വ്യാത്യാസമാണ് ഓരോ മുലകത്തിന്റെയും രാസമുദ്ര (കെമിക്കല്‍ സിഗ്നേച്ചര്‍). ഇത്തരം നിറഭേദങ്ങളുടെ പഠനമാണ് സ്‌പെക്ട്രോഗ്രാഫി, പഠനത്തിനുപയോഗിക്കുന്നത് സ്‌പെക്ട്രോമീറ്ററും. ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പറിന്റെ മുഖ്യഭാഗം ഒരു സ്‌പെക്ട്രോമീറ്റര്‍ ആയിരുന്നു. അതുപയോഗിച്ച് ചന്ദ്രപ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങളെ വിശകലനം ചെയ്ത് പഠിക്കുകയാണ് മൂണ്‍ മാപ്പര്‍ ചെയ്തത്.
സൂര്യകിരണങ്ങള്‍ ചന്ദ്രോപരിതലത്തില്‍ തട്ടുമ്പോള്‍, അവിടുത്തെ രാസഘടന അനുസരിച്ച് പ്രകാശം വൈദ്യുതകാന്തിക വര്‍ണരാജിയിലെ വിവിധഭാഗങ്ങളായാണ് (റേഡിയോ തരംഗങ്ങള്‍, മൈക്രോതരംഗങ്ങള്‍, ഇന്‍ഫ്രാറെഡ് കിരണങ്ങള്‍, ദൃശ്യപ്രകാശം, എക്‌സ്‌റേ, ഗാമാകിരണങ്ങള്‍ എന്നിങ്ങനെ) പ്രതിഫലിക്കുക. പ്രതിഫലിക്കുന്ന തരംഗങ്ങള്‍ (നിറവ്യത്യാസം) എന്തെന്ന് സൂക്ഷ്മമായി മനസിലാക്കാനായാല്‍, അത് ഏത് മൂലകത്തില്‍ അല്ലെങ്കില്‍ രാസവസ്തുവില്‍ തട്ടിയാകാം പ്രതിഫലിച്ചത് എന്ന് നിഗമനത്തിലെത്താം. മൂണ്‍ മാപ്പറും അതാണ് ചെയ്തത്.

ചന്ദ്രയാന്‍-1 ലെ പതിനൊന്ന് ഉപകരണങ്ങളില്‍ ഒരെണ്ണം നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചന്ദ്രയാനിലെ ഉപകരണങ്ങള്‍ ചന്ദ്രപ്രതലത്തിലെ 97 ശതമാനം പ്രദേശങ്ങള്‍ പഠനവിധേയമാക്കി. അതിന്റെ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. ചന്ദ്രയാനില്‍ നിന്ന് ത്രിവര്‍ണവും വഹിച്ച് ചന്ദ്രപ്രതലത്തില്‍ പതിച്ച മൂണ്‍ ഇംപാക്ട് പ്രോബില്‍, അവിടെ അന്തരീക്ഷമുണ്ടോ എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന മാസ് സ്‌പെക്ട്രോമീറ്റര്‍ ഘടിപ്പിച്ചിരുന്നു. അത് നടത്തിയ കണ്ടെത്തലും അറിവായിട്ടില്ല.
ചന്ദ്രന്റെ ധ്രുവങ്ങളില്‍ കിലോമീറ്ററുകള്‍ ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ളതായി, ചന്ദ്രയാനിലെ ലൂണാര്‍ ലേസര്‍ റേഞ്ചിങ് ഇന്‍സ്ട്രുമെന്റ് (എല്‍.എല്‍. ആര്‍. ഐ) നടത്തിയ നിരീക്ഷണങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അത്തരം കിടങ്ങുകളില്‍ ബാഷ്പീകരിച്ചു പോകാതെ വന്‍തോതില്‍ ജലം ഉണ്ടാകാം. ഇതു സംബന്ധിച്ച വിവരങ്ങളും അറിയാനിരിക്കുന്നതേയുള്ളു. എന്നുവെച്ചാല്‍, മഴ തോര്‍ന്നാലും മരം പെയ്യും എന്നത് പോലെയാണ് ചന്ദ്രയാന്‍-1 ന്റെ കാര്യം എന്നുസാരം. ഇന്ത്യന്‍ പേടകം അതിന്റെ ആദ്യവെടി പൊട്ടിച്ചിട്ടേയുള്ളു. ഇനി എന്തൊക്കെയാവാം ആ പേടകം നമുക്ക് അറിയാനായി ബാക്കി വെച്ചിട്ടുണ്ടാവുക. അതറിയാന്‍ ക്ഷമയോടെ കാത്തിരിക്കാം.
(അവലംബം: സയന്‍സ് ഗവേഷണ വാരിക, ഐ.എസ്.ആര്‍.ഒ, നാസ, 'ലോകം കാത്തിരുന്ന സുപ്രധാനനേട്ടം'-മലയാള മനോരമ (സപ്തം. 25, 2009)യില്‍ ഡോ.ടി.കെ. അലക്‌സ് എഴുതിയ ലേഖനം).
കാണുക
കാണുക
20 comments:
കഴിഞ്ഞ ആഗസ്ത് 28-നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കവെയാണ് അവസാനിച്ചത്. പക്ഷേ, പ്രതീക്ഷിക്കാത്തത്ര വലിയൊരു വിജയക്കുതിപ്പ് നടത്തിയിട്ടാണ് ചന്ദ്രയാന്‍ വിടവാങ്ങിയതെന്ന് അന്ന് ആരും കരുതിയില്ല. ഇന്ത്യയെ ഇന്നുവരെയില്ലാത്തത്ര ഉയരത്തിലെത്തിച്ചിരിക്കുന്നു ചന്ദ്രയാന്‍-1. ലോകമെമ്പാടുമുള്ള ഗവേഷകരെ പതിറ്റാണ്ടുകളായി അലട്ടുന്ന ചോദ്യത്തിനാണ് ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 ഉത്തരം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉപഗ്രഹത്തിന്റെ പ്രതലത്തിലെ ജലസാന്നിധ്യമാണ് ആ കണ്ടെത്തല്‍. ചന്ദ്രയാന്‍ ദൗത്യത്തിന്റെ 90 ശതമാനവും പൂര്‍ത്തിയായെന്നും ദൗത്യം പൂര്‍ണവിജയമാണെന്നും ഐ.എസ്.ആര്‍.ഒ. അധികൃതര്‍ പറഞ്ഞത് വിശ്വസിക്കാത്തവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കണ്ടെത്തല്‍.
ചന്ദ്രയാനിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനങ്ങള്‍.. ഇത് ഒരു അപൂര്‍വ്വ നിമിഷമാണ്. നാസയുടെ കൂടി സഹകരണത്തോടെ ആണെങ്കില്‍ കൂടിയും വലിയ ഒരു ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ വെറും 386 കോടി രൂപമാത്രം ചിലവഴിച്ച് നിര്‍മ്മിച്ച ഒരു പേടകത്തിന് സാധിച്ചു. ചന്ദ്രയാന്‍ വെറും ഗിമിക്കാണ്, പണം വെറുതേ കളയാന്‍ ഉള്ള വഴികളാണ് എന്നൊക്കെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ നേട്ടം...
നന്ദി... JA
All these months I was under the wrong impression that the M3 was developed by the scientists at Nasa.
Those devious Americans have even created this fake website to proclaim that they have developed this technology.
http://nasascience.nasa.gov/missions/moon-mineralogy-mapper
ഐ,എസ്സ്.ആര്‍.ഓ.യുടെ സൈറ്റായ http://www.isro.org/chandrayaan/htmls/mmm_nasa.htm ല്‍ നിന്ന്:
Moon Mineralogy Mapper (M3) payload is from Brown University and Jet Propulsion Laboratory, USA through NASA
നാസയുടെ സൈറ്റില്‍ (http://moonmineralogymapper.jpl.nasa.gov/TEAM/PartnersContributors/) പറയുന്നത്:
Based upon a white paper presented to ISRO in March 2004, ISRO selected the Brown University PI lead, JPL managed Moon Mineralogy Mapper Instrument and Investigation as one of the science payload instruments on Chandrayaan-1. This selection is contingent upon NASA selecting, developing and delivering the M3 Instrument to ISRO for integration on their spacecraft.
ചന്ദ്രായാനിലെ 11 പേലോഡുകള്‍ വഴി നടത്തിയ പഠനങ്ങളുടെ ഫലങ്ങള്‍ പുറത്ത് വരുവാന്‍ സമയം എടുക്കും... ചന്ദ്രായാന്‍ പ്രവര്‍ത്തനരഹിതമായത് തന്നെ ചന്ദ്രന്‍ പ്രതിഫലിപ്പിക്കുന്ന ചൂടിനെ കുറിച്ചുള്ള തെറ്റായ വിവരം മൂലമാണെന്ന് പറഞ്ഞ് കഴിഞ്ഞു. അതായത് ചന്ദ്രോപരിതലത്തില്‍ നിന്ന് പ്രതിഫലിക്കുന്ന ചൂട് നാം ഇന്ന് “പഠിച്ച്” വെച്ചിരിക്കുന്നതിലും കൂടുതലാണെന്ന്!
ഞാനും ആ സംശയ രോഗികളുടെ കൂട്ടത്തിലാരുന്നു. ഇപ്പൊ സന്തോഷം തോന്നുന്നു.
"ആദ്യം പറഞ്ഞതുപോലെ ചനന്ദ്രനില്‍ ജലം കണ്ടെത്തിയിട്ടില്ല. മറിച്ച് മേല്‍പ്പറഞ്ഞ സാധ്യതകള്‍, അത് അങ്ങനെതന്നെ സംഭവിച്ചാല്‍ അവിടെ ജലരൂപമുണ്ടാകാമെന്ന നിഗമനം മാനത്രമാണ് ഇപ്പോഴുള്ളത്. നിഗമനം സത്യത്തിലേക്കടുക്കാന്‍, സിദ്ധാന്തം നപ്രയോഗനപ്രവേശമാകാന്‍ ഇനിയും സമയം വേണം. ഇനിയും ഒരുപാട് പരീക്ഷണങ്ങളും വേണം."
From this article
ചന്ദ്രയാന്‍ ദൌത്യം അവസാന ഘട്ടം വിജയകരമാകത്ത്തില്‍ വിഷമിക്കേണ്ട. ഇത് നമ്മുടെ ആദ്യ പരീക്ഷണമല്ലേ. ഇനിയും ഉയരത്തില്‍ എത്തട്ടെ ഭാരതപതാക.
വിവരം അതീവ ലളിതമായി ബ്ലോഗില്‍ പങ്കുവച്ച ജോസഫ് ആന്റണി മാഷിന് നന്ദി
നന്ദി മാഷേ. തീര്‍ച്ചയായും ഇതൊരു ചരിത്ര നേട്ടം തന്നെയാണ്.
വെരിഗുഡ്
മഴ തോര്‍ന്നാലും മരം പെയ്യും എന്നത് പോലെയാണ് ചന്ദ്രയാന്‍-1 ന്റെ കാര്യം. ചന്ദ്രയാന്‍-1 ലെ പതിനൊന്ന് ഉപകരണങ്ങളില്‍ ഒരെണ്ണം നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യന്‍ പേടകം അതിന്റെ ആദ്യവെടി പൊട്ടിച്ചിട്ടേയുള്ളു. ഇനി എന്തൊക്കെയാവാം ആ പേടകം നമുക്ക് അറിയാനായി ബാക്കി വെച്ചിട്ടുണ്ടാവുക. അതറിയാന്‍ ക്ഷമയോടെ കാത്തിരിക്കാം.
നമുക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെ. ചന്ദ്രയാന്‍ വിക്ഷേപിച്ച് ആദ്യ ആഴ്ചയില്‍ തന്നെ ചന്ദ്രനില്‍ ജലാംശം ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നതായി ജി.മാധവന്‍ നായര്‍ ഇന്ന് പത്രസമ്മേളനത്തില്‍ എടുത്ത് പറഞ്ഞു. മൂണ്‍ ഇമ്പാക്റ്റ് പ്രോബ്ബ് ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്നതിന് മുന്‍പായി 25 മിനിറ്റ് കൊണ്ട് എടുത്ത ചിത്രങ്ങള്‍ വിശകലനം ചെയ്തപ്പോഴും വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടത്രേ. ഇതെല്ലാം ഇനിയുള്ള പര്യവേക്ഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും.
ചന്ദ്രയാന്‍ കീ ജയ്!!
The M³ ( Moon Mineralogy Mapper) was independently developed by NASA as part of the Discovery Program. Funded entirely by US taxpayers.
Chandrayan-1 was used as a vehicle to carry The M³ payload into the moons orbit. Once the payload was deployed the payload was actived by scientists at NASA. Where they physically sit and do this task is irrelevant,
The credit for deploying the payload into orbit is rightly due to ISRO. However it would be incorrect and highly inappropriate to lay exclusive claim to the discovery of water on the moon as an Indian achievement. That would be like giving credit to United Airline for the destruction of the Twin Towers in NY.
The current interest, especially from Indian media, in the discovery of water on the lunar surface (as is evident from a report in the Indian Express ) has nothing to do with science, the moon or water for that matter. Neither the media nor the public has any interest in pure sciences. The steady decline of admissions to pure sciences in our esteemed accademies are clear indications of this trend. This is clearly misplaced patriotism and to a large extend sabre rattling aimed at our neighbours. But that is a different matter altogether.
ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കാന്‍ അവിടം വരെ പോകേണ്ടിയിരുന്നോ സഹോദരന്മാരെ? ഇതൊക്കെ കണ്ടെത്താന്‍ ഭാരതീയ ജ്യോതിഷത്തില്‍ അതിന്റേതായ മാര്‍ഗങ്ങളുണ്ട്.
ഞങ്ങള്‍ ഇതൊക്കെ പണ്ടേ രാശി വെച്ച് കണ്ടെത്തിയതാണ്. (ചന്ദ്രനില്‍ ലഗ്നാല്‍ വരുണ ദൃഷ്ടി കണ്ട കുറ്റിപ്പുറം ത്രികാലന്‍ പണിക്കര്‍ ഇതൊക്കെ പറഞ്ഞിരുന്നു. വരുണ ദ്രിഷ്ടിം ജലസാമീപ്യം ഫലം.) എന്നിട്ടാണിപ്പോ സോളാര്‍ വിന്‍ഡ് മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞോണ്ട് ഇറങ്ങിയിരിക്കുന്നത്.
വിശദ വിവരങ്ങള്‍ ഈ ലക്കം ജ്യോതിഷ കൈരളി (പുറം 43). സയന്‍സ് മാസികയൊക്കെ വെറും തട്ടിപ്പാടെയ്..
ഇനിയെങ്കിലും ഇത്തരം കോടിക്കണക്കിന് രൂപ മുടക്കിയുള്ള ഉദ്യമങ്ങള്‍ക്ക് മുന്‍പ് ഞങ്ങളെ സമീപിച്ച് പ്രശ്നം വെച്ച് നോക്കാന്‍ അപേക്ഷിക്കുന്നു.
ഓഫ്: ISRO ചെയര്‍മാന്‍ മാധവന്‍ നായര്‍ വിക്ഷേപണത്തിന് മുന്‍പ് തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തിയതായി വാര്‍ത്ത. ഓരോ വിക്ഷേപണത്തിന് മുന്‍പും പ്രധാനപ്പെട്ട ശാസ്ത്രജ്ഞന്മാരെല്ലാം തന്നെ ക്ഷേത്ര ദര്‍ശനം നടത്താറുണ്ടത്രേ. കണ്ടു പടിക്കടെയ്...
സഹിക്കണില്ലല്ല്.......
ചന്ദ്രയാന്‍ വെറുമൊരു കുന്ത്രാണയാന്‍ ആണെന്നു വിശ്വസിക്കാനായിരുന്നു ഇഷ്ടം :)
ചന്ദ്രനിൽ വെള്ളം കണ്ടെത്തി. ചൊവ്വയിൽ ice കണ്ടെത്തി.
ദയവായി ആരെങ്കിലും ഒരു plate beef ഫ്രി തരൂ.
Ramadan കഴിഞ്ഞിട്ട് Ajmanൽ നിന്നും ആദ്യമായി പോയി വാങ്ങിയ ഒരു കുപ്പി Jack Daniel ആണു. ഞാൻ ഒന്നു അർമ്മാദിക്കട്ടെ
ഒരു ചോദ്യം:
“ചന്ദ്രയാൻ പേടകം ജലം കണ്ടെത്തിയ സുപ്രധാന വിവരം ഇന്ത്യയിൽ പുറത്തുവരാതിരുന്നത് എന്തുകൊണ്ടാവാം? നാസയിലെയും ബ്രൌൺ സർവകലാശാലയിലെയും ശാസ്ത്രജ്ഞർ പത്രസമ്മേളനം നടത്തി വിവരം പുറത്തുവിട്ട ശേഷം മാത്രമാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ ഇതേക്കുറിച്ച് ഉരിയാടിയത്.നാസ നടത്തിയ പത്ര സമ്മേളന വേദിയിൽ ഒരൊറ്റ ഇന്ത്യൻ ശാസ്ത്രജ്ഞനേയും കണ്ടതുമില്ല”. ഈ സംശയം ഡോ എ രാജഗോപാൽ കമ്മത്ത് ഉന്നയിച്ച(ഇന്നത്തെ മാധ്യമം-26/9/2009) പത്രത്തിൽ) ഉദ്ധരിച്ചത്.
നാസ നടത്തിയ പത്രസമ്മേളനത്തില്‍ ഐ.എസ്.ആര്‍.ഓ പ്രതിനിധിയും ഉണ്ടായിരുന്നു. നാസ പ്രതിനിധി അദ്ദേഹത്തെ ആ സമ്മേളനത്തില്‍ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.എന്തുകൊണ്ടാണ് ഈ വിവരം ഇന്ത്യയില്‍ പുറത്തുവരാതിരുന്നത് എന്നതിന് ഇന്നലത്തെയും ഇന്നത്തെയും വാര്‍ത്തകളില്‍ നിന്നും വ്യക്തമാണെന്ന് കരുതുന്നു.
വായിച്ച് തീർന്നപേൾ ഒരു ദുഖ്ം ഇതു ബ്ലേഗ് വായനക്കർക്ക് മാത്ര മല്ലേ വായിക്കാൻ കിട്ടിയുൽള്ളു
Adv.R saju ,Poovachal
indian space researchers are capable to do better things... but the damn politics makes it downword...an ex isro employee...
Post a Comment