Thursday, June 26, 2008

മത്സ്യത്തിന്റെ ഉടല്‍; മൃഗത്തിന്റെ ശിരസ്സ്‌

പരിണാമപ്രക്രിയയില്‍ പുതുവെളിച്ചം വീശുന്ന പ്രാചീന നാല്‌ക്കാലിയുടെ ഫോസില്‍; 36.5 കോടി വര്‍ഷം പഴക്കമുള്ളത്‌.

നാല്‌ക്കാലിയാണോ എന്ന്‌ ചോദിച്ചാല്‍; അതെ. എന്നാല്‍, വെള്ളത്തില്‍ ജീവിക്കാന്‍ പാകത്തിലുള്ളതാണ്‌ ഉടല്‍. ഏതാണ്ട്‌ മത്സ്യത്തിന്റെ ഉടലും മൃഗത്തിന്റെ ശിരസ്സും. പുരാണങ്ങളില്‍നിന്ന്‌ ഉടല്‍രൂപം പൂണ്ട്‌ പുറത്തുവന്ന വിചിത്രജീവിയെപ്പോലൊന്ന്‌. ലാറ്റ്‌വിയയില്‍നിന്ന്‌ കണ്ടെടുത്ത 36.5 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ പുരാവസ്‌തുഗവേഷകരെ അമ്പരിപ്പിക്കുകയാണ്‌. ജീവപരിണാമത്തിന്റെ ഒരു നിര്‍ണായക മുഹൂര്‍ത്തത്തിന്‌ (ജലജീവികള്‍ കരജീവികളായ ഘട്ടം) സാക്ഷിയായ ജീവിയുടെ അവശിഷ്ടമാണിതെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. പരിണാമപ്രക്രിയയെപ്പറ്റി പുതിയ അവബോധം സൃഷ്ടിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിച്ചേക്കും.

ചീങ്കണ്ണിയെപ്പോലുള്ള ഇഴജന്തുക്കളുടെ ഗണത്തിലാണ്‌ 'വെന്റാസ്‌റ്റേഗ കുറോനിക്ക' (Ventastega curonica) എന്ന ശാസ്‌ത്രീയനാമം നല്‍കിയിട്ടുള്ള ഈ പ്രാചീനജീവിയെ ഗവേഷകര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ദിനോസറുകള്‍ ഭൂമുഖത്ത്‌ പ്രത്യക്ഷപ്പെടുന്നതിന്‌ പത്തുകോടി വര്‍ഷംമുമ്പ്‌ ജീവിച്ചിരുന്നവയാണ്‌ ഇവ. ആഴംകുറഞ്ഞ തടാകഭാഗങ്ങളിലോ, വേലിയേറ്റത്തില്‍ വെള്ളം നിറയുന്ന ചതുപ്പുകളിലോ അവ ഇരതേടി കഴിഞ്ഞിരിക്കാമെന്ന്‌, 'നേച്ചര്‍' ഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പറയുന്നു.

വെള്ളത്തില്‍നിന്ന്‌ കരയില്‍ വാസം തുടങ്ങിയ ജീവികളുടെ ആദ്യതലമുറയില്‍പെട്ട 'ടെട്രോപോഡു'(tetrapod)കളെ അനുസ്‌മരിപ്പിക്കുന്ന ശിരസ്സാണ്‌ വെന്റാസ്‌റ്റേഗയുടേതെന്ന്‌, പഠനത്തിന്‌ നേതൃത്വം നല്‍കിയ സ്വീഡനില്‍ ഉപ്‌സല സര്‍വകലാശാലയിലെ പ്രൊഫ. പെര്‍ അഹ്‌ല്‍ബെര്‍ഗ്‌ അറിയിക്കുന്നു. ശരീരം പക്ഷേ, ഏതാണ്ട്‌ മത്സ്യത്തിന്റേതാണ്‌. നാലു കാലുകളുള്ളതിന്‌ വേണ്ടത്ര വികസിച്ചിട്ടില്ല. ''അകല നിന്ന്‌ നോക്കിയാല്‍ ചീങ്കണ്ണിയാണോ എന്ന്‌ സംശയം തോന്നാം. അടുത്തെത്തിയാല്‍, മത്സ്യത്തിന്റേതുപോലുള്ള വാലും ചെകിളയുടെ സ്ഥാനത്തെ വിടവും കണ്ണില്‍പ്പെടും''-അദ്ദേഹം അറിയിക്കുന്നു.

രൂപഘടന പ്രകാരം, മത്സ്യത്തില്‍നിന്ന്‌ കരയിലെ ജീവിയാകാനുള്ള ഭൗതീകമാറ്റം അതിന്‌ സംഭവിച്ചു കഴിഞ്ഞതായി മനസിലാക്കാം. എന്നാല്‍, ജീവിതശൈലി വെച്ചുനോക്കിയാല്‍ നിങ്ങള്‍ കാണുന്നത്‌ ഇപ്പോഴും ജലത്തില്‍ വസിക്കുന്ന ഒരു ജീവിയെയാണ്‌-പ്രൊഫ. അഹ്‌ല്‍ബെര്‍ഗ്‌ പറയുന്നു. കടലില്‍നിന്ന്‌ കരയ്‌ക്കെത്തുന്നതിനിടെ ജീവികള്‍ക്ക്‌ സംഭവിച്ചത്‌ രേഖീയ പരിണാമമാണെന്ന്‌ ഗവേഷകര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, വൈവിധ്യമാര്‍ന്ന രീതിയില്‍ ആ ഘട്ടത്തില്‍ പരിണാമം നടന്നു എന്നതിന്റെ തെളിവാണ്‌ വെന്റാസ്‌റ്റേഗയെന്ന ജീവിയെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

കാനഡയില്‍നിന്ന്‌ 2004-ല്‍ 'തിക്ടാലിക്‌' (Tiktaalik) എന്നൊരു പ്രാചീനജീവിയുടെ ഫോസില്‍ കണ്ടുകിട്ടിയിരുന്നു. പരിണാമത്തില്‍ മത്സ്യത്തിനും സസ്‌തനികള്‍ക്കും മധ്യേയുള്ള കണ്ണിയാണ്‌ അതെന്ന്‌ ഗവേഷകലോകം വിധിയെഴുതുകയും ചെയ്‌തു. എന്നാല്‍, തിക്ടാലിക്കുകള്‍ക്കു ശേഷം ജീവിച്ചിരുന്നവയാണ്‌ വെന്റാസ്‌റ്റേഗ. തിക്ടാലിക്കുകള്‍ക്കും പ്രാചീന സസ്‌തനികള്‍ക്കും മധ്യേയുള്ള കണ്ണിയാണ്‌ പുതിയ ജീവിയെന്നു വേണം കരുതാനെന്ന്‌ ഗവേഷകര്‍ പറയുന്നു. കാര്യമായ തകരാറൊന്നും പറ്റാത്ത ഫോസിലാണ്‌ ലാറ്റ്‌വിയയില്‍നിന്ന്‌ ലഭിച്ചത്‌. ആ പ്രദേശത്തിന്റെ ഭൗമശാസ്‌ത്രപരമായ പ്രത്യേകതയാവാം ഇതിന്‌ കാരണം. ഫോസില്‍ വലിയ പരിക്കുകളൊന്നും കൂടാതെ ലഭിച്ചതിനാല്‍, അതിനെ വിശകലനം ചെയ്യാനും പഠിക്കാനും വലിയ സൗകര്യമായെന്ന്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: നേച്ചര്‍)

5 comments:

Joseph Antony said...

നാല്‌ക്കാലിയാണോ എന്ന്‌ ചോദിച്ചാല്‍; അതെ. എന്നാല്‍, വെള്ളത്തില്‍ ജീവിക്കാന്‍ പാകത്തിലുള്ളതാണ്‌ ഉടല്‍. ഏതാണ്ട്‌ മത്സ്യത്തിന്റെ ഉടലും മൃഗത്തിന്റെ ശിരസ്സും. പുരാണങ്ങളില്‍നിന്നും മറ്റും ഉടല്‍രൂപം പൂണ്ട്‌ പുറത്തുവന്ന വിചിത്രജീവിയെപ്പോലൊന്ന്‌. ലാറ്റ്‌വിയയില്‍നിന്ന്‌ കണ്ടെടുത്ത 36.5 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ പുരാവസ്‌തുഗവേഷകരെ അമ്പരിപ്പിക്കുകയാണ്‌. പരിണാമപ്രക്രിയയിലേക്ക്‌ പുതുവെളിച്ചം വീശുന്ന കണ്ടെത്തലിനെപ്പറ്റി.

Suraj said...

ഹൈ...ഇങ്ങളിതെന്താണ് പറയണത് മാഷേ...മീന് മൃഗമായീന്നാ..?
മൃഗം മനുഷനായീന്നാ...?
ഒടയതമ്പുരാനേ...ദൈവ നിഷേധം പറയണ ഇതിയാന് നരകം കൊടുക്കണേ...!

കമ്മൂണിസത്തിന്റ കൂട ഇദും കൂടി ഇനി പിള്ളേര് പഠിക്കണവല്ല എന്റെ പര ദൈവങ്ങളേ!
അതുങ്ങളട തല തിരിയത്തേ ഒള്ളു.

ചത്തുപോയ ആ താടിക്കാരമ്മാര് നരകത്തീയില്‍ വേവട്ട്... ലൂസിഫേറുകള് !!

ഒരു “ദേശാഭിമാനി” said...

:)

ഷാഫി said...

ഹമ്മോ... 36.5 കോടി വര്‍ഷം എന്നുവച്ചാല്‍...? അറിയപ്പെട്ട ചരിത്രത്തിന്റെ നാലയലത്തൊന്നുമില്ലല്ലോ അത്‌.
ഏതായാലും മനുഷ്യന്‍ മൃഗത്തിലേക്ക്‌ അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്‌. വഴിവിട്ട ബന്ധത്തിന്റെ ഫലമായി വാലുള്ള കുഞ്ഞ്‌ ജനിക്കുന്നത്‌ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍ ഉണ്ട്‌. പില്‍ക്കാലത്ത്‌ ലാറ്റിനമേരിക്കയിലെവിടെയോ അങ്ങനെ സംഭവിക്കുകയും ചെയ്‌തുവെന്ന്‌ പിന്നീടൊരു അഭിമുഖത്തില്‍ അദ്ദേഹം പറയുകയും ചെയ്‌തു.
പലയിടത്തും യോജിക്കാനാവുന്നില്ലെങ്കിലും, വിവരം തരുന്ന പോസ്‌റ്റ്‌. നന്ദി.

Joseph Antony said...

സൂരജ്‌,
ദേശാഭിമാനി,
ഷാഫി,
അഭിപ്രായങ്ങള്‍ക്കു സ്വാഗതം, ഷാഫി വിയോജിപ്പിക്കുകള്‍ക്കും. ഏതായാലും ഗാര്‍സിയ മാര്‍കേസിന്റെ കടുത്ത ആരാധകനായ എനിക്ക്‌ അതേപോലെ മറ്റൊരാളെ ഇവിടെ കണ്ടുകിട്ടിയതില്‍ സന്തോഷം