Sunday, November 30, 2008

ചെറുദ്വീപില്‍ ഞണ്ടുകളുടെ കാണാലോകം

ശാന്തസമുദ്രത്തില്‍ വിദൂര വാനുവതു റിപ്പബ്ലിക്കിലെ എസ്‌പിരിറ്റു ദ്വീപില്‍ ജൈവവൈവിധ്യം തേടി പര്യവേക്ഷണം നടത്തിയവരെ കാത്തിരുന്നത്‌ മനുഷ്യന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആയിരക്കണക്കിന്‌ ജീവജാലങ്ങളാണ്‌. 600 ഇനം ഞണ്ടുകളെ മാത്രം അവിടെ കണ്ടെത്തി. അത്ഭുതകരമായ ശരീരഘടനയും വര്‍ണവിന്യാസവും ഉള്ളവയായിരുന്നു അവയില്‍ പലതും.

'സാന്റോ 2006' എന്ന്‌ പേരിട്ട പര്യവേക്ഷത്തില്‍ ലഭിച്ച ഞണ്ടുകളില്‍ ഒന്നാണ്‌ മുകളില്‍. ഒച്ചുകളുടെയും മറ്റ്‌ തോട്‌ ഉടയ്‌ക്കാന്‍ തക്ക കരുത്തുള്ള നഖങ്ങളാണ്‌ ഈ പെട്ടിഞണ്ടിന്റേത്‌.

ദക്ഷിണശാന്തസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന എണ്‍പതോളം ദ്വീപുകളുടെ കൂട്ടമാണ്‌ വാനുവതു റിപ്പബ്ലിക്ക്‌ എന്ന്‌ അറിയപ്പെടുന്നത്‌. നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റിയുടെ സാമ്പത്തിക സഹകരണത്തോടെ, സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പടെ ലോകത്തെ ഒട്ടേറെ സ്ഥാപനങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ അവിടുത്തെ ജൈവവൈവിധ്യം അടുത്തറിയാന്‍ നടത്തിയ പഠനത്തില്‍ പങ്കാളികളായി. പര്യവേക്ഷണത്തില്‍ കണ്ടെത്തിയ ഞണ്ടുകളില്‍ ചിലതിന്റെ ചിത്രം ചുവടെ.

ഷഡ്‌ഭുജാകൃതിയുള്ള പുറംതോടാണ്‌ ഈ ഞണ്ടിന്‌. നക്ഷത്രമത്സ്യത്തിന്റെ മധ്യഭാഗത്താണ്‌ ഇതിന്റെ വാസം.

പവിഴപ്പുറ്റുകളില്‍ താമസിക്കുന്ന ഈ ഞണ്ടിന്‌ ഭീതിയുണര്‍ത്തുന്ന രൂപമാണുള്ളത്‌. ഈ ജീവിയെ കഴിച്ചവര്‍ക്ക്‌ വിഷബാധയേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്‌.


എസ്‌പിരിറ്റു ദ്വീപിലെ മൃദുവായ പവിഴപ്പുറ്റ്‌ ഭാഗങ്ങളില്‍ കഴിയുന്ന ഒരിനം 'ചിലന്തിഞണ്ട്‌' ആണിത്‌. പവിഴപ്പുറ്റിനിടയില്‍ ഇവയ്‌ക്ക്‌ ഭംഗിയായി മറഞ്ഞിരിക്കാന്‍ കഴിയും. കണ്ടാല്‍ പവിഴപുറ്റ്‌ ഭാഗമെന്നേ ആരും കരുതൂ.

കാലുകളില്‍ രോമമുള്ള, ചിലന്തിയുടെ ആകൃതിയുള്ള മറ്റൊരിനം.

എസ്‌പിരിറ്റു ദ്വീപില്‍ കണ്ടെത്തിയ, ശരീരത്തില്‍ അത്ഭുത വര്‍ണങ്ങളുള്ള മറ്റൊരിനം ഞണ്ട്‌.

കാല്‍സ്യം ധാരാളമടങ്ങിയ ചുമപ്പ്‌ ആല്‍ഗകളെയും വഹിച്ചാണ്‌ ഈ ചങ്ങാതിയുടെ വാസം. ശത്രുക്കളെ ഭയപ്പെടുത്താന്‍ ഞണ്ടിനെ ഈ ആല്‍ഗ സഹായിക്കുന്നുവെന്നാണ്‌ ഗവേഷകരുടെ അനുമാനം.

രോമനിബിഡമായ ശരീരവുമായി ഒരാള്‍. സാവധാനത്തില്‍ സഞ്ചരിക്കുന്ന ഒരിനമാണിത്‌.

ശരീരത്തെക്കാള്‍ വലിയ കൈകളുള്ള ഇനം. പവിഴപ്പുറ്റിലാണ്‌ ഇവന്റെയും വാസം.

പവിഴപ്പുറ്റില്‍ താമസിക്കുന്ന തടിയന്‍ ഞണ്ട്‌. തന്റെ സ്ഥലത്ത്‌ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നവരെ തടിച്ച കൈകള്‍കൊണ്ട്‌ ഈ ജീവി നേരിടും.

(കടപ്പാട്‌: നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റി, നാഷണല്‍ യൂണിവേഴ്‌സിറ്റി, സിംഗപ്പൂര്‍)

Wednesday, November 26, 2008

ശസ്‌ത്രക്രിയാരംഗത്ത്‌ വഴിത്തിരിവ്‌

വിത്തുകോശങ്ങളുടെ സഹായത്തോടെ ശ്വാസനാളി മാറ്റിവെച്ചു.

വൈദ്യശാസ്‌ത്ര ചരിത്രത്തിലാദ്യമായി വിത്തുകോശങ്ങളുടെ സഹായത്തോടെ വളര്‍ത്തിയെടുത്ത ശ്വാസനാളി വിജയകരമായി മാറ്റിവെച്ചു. മുപ്പതുകാരിക്ക്‌ ക്ഷയരോഗബാധയാല്‍ കേടുവന്ന ശ്വാസനാളിയുടെ ഭാഗം മാറ്റിവെച്ച്‌ സ്‌പെയിനിലെ ശസ്‌ത്രക്രിയാവിദഗ്‌ധരാണ്‌ ചരിത്രം സൃഷ്ടിച്ചത്‌. തിരസ്‌ക്കരണത്തിന്റെ പ്രശ്‌നമില്ലാതെ കേടുവന്ന അവയവങ്ങള്‍ മാറ്റിവെയ്‌ക്കാനുള്ള സാധ്യത തുറക്കുകയാണ്‌ ഇതിലൂടെയെന്ന്‌, പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ 'ലാന്‍സെറ്റ്‌' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

രണ്ടു കുട്ടികളുടെ മാതാവായ ക്ലാഡിയ കാസ്‌റ്റില്ലയെന്ന കൊളംബിയന്‍ യുവതിയാണ്‌ ക്ഷയരോഗബാധ മൂലം ശ്വാസനാളി കേടായി അപകടാവസ്ഥയില്‍ പെട്ടത്‌. ആ അവസ്ഥയില്‍ വിത്തുകോശസങ്കേതം ക്ലാഡിയയുടെ തുണയ്‌ക്കെത്തുകയായിരുന്നു. സമീപകാലത്ത്‌ മരിച്ച ഒരാളുടെ ശ്വാസനാളി എടുത്തശേഷം അതില്‍നിന്ന്‌ ശക്തിയേറിയ രാസവസ്‌തുക്കളുടെ സഹായത്താല്‍ കോശങ്ങള്‍ ഒഴിവാക്കിയുണ്ടാക്കിയ ചട്ടക്കൂട്ടിലാണ്‌, വിത്തുകോശങ്ങള്‍ സ്ഥാപിച്ച്‌ പുതിയ ശ്വാസനാളി വളര്‍ത്തിയെടുത്തത്‌.

ക്ലാഡിയയുടെ ശരീരത്തില്‍ നിന്നുള്ള വിത്തുകോശങ്ങള്‍ തന്നെ ശ്വാസനാളി വളര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചു. ശ്വാസകോശത്തിലെ ശ്വാസനാളികളുടെ സൂചകകോശങ്ങള്‍ക്കൊപ്പം മജ്ജയില്‍നിന്നുള്ള വിത്തുകോശങ്ങളും ഇതിനായി ഉപയോഗിച്ചു. പരീക്ഷണശാലയില്‍ പ്രത്യേകം സംവിധാനം ചെയ്‌ത ജൈവറിയാക്ടറിലാണ്‌ ഡോക്ടര്‍മാര്‍ ശ്വാസനാളി വളര്‍ത്തിയത്‌. നാല്‌ ദിവസം കൊണ്ട്‌ കൃത്രിമശ്വാസനാളി മാറ്റിവെയ്‌ക്കാന്‍ പാകമായി.


സ്‌പെയിനില്‍ ബാര്‍സലോണ ഹോസ്‌പിറ്റര്‍ ക്ലിനിക്കിലെ പ്രൊഫ. പാവ്‌ലോ മാക്കിയാറിനിയുടെ നേതൃത്വത്തിലാണ്‌ ശസ്‌ത്രക്രിയ നടന്നത്‌. "എനിക്ക്‌ ശരിക്കും ഭയമുണ്ടായിരുന്നു. ഇതിന്‌ മുമ്പ്‌ ഇത്തരം ശസ്‌ത്രക്രിയകള്‍ പന്നികളിലേ നടന്നിട്ടുള്ളു"-പ്രൊഫ. മാക്കിയാറിനി അറിയിക്കുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന ശത്രക്രിയ വന്‍വിജയമായിരുന്നു. കൃത്രിമമായുണ്ടാക്കിയ ശ്വാസനാളി (ട്രാക്കിയ) ക്ലാഡിയയുടെ തന്നെ കോശത്താല്‍ രൂപപ്പെടുത്തിയതായതുകൊണ്ട്‌, അവളുടെ ശരീരം ഒരുതരത്തിലുള്ള തിരസ്‌കരണ പ്രവണതയും കാട്ടിയില്ല.

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ വെറും നാലുദിവസം കൊണ്ടുതന്നെ, പുതിയതായി കൂട്ടിയോജിപ്പിച്ച ശ്വാസനാളി രോഗിയുടെ ശരീരത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല എന്ന സ്ഥിതിയായെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. ഒരുമാസം കഴിഞ്ഞ്‌ ബയോസ്‌പി നടത്തിയപ്പോള്‍, പുതിയ ഭാഗത്ത്‌ സ്വാഭാവികമാംവിധം രക്തധമനികളും മറ്റും രൂപപ്പെട്ടിരിക്കുന്നത്‌ കണ്ടു. ഇപ്പോള്‍ നാലുമാസം കഴിഞ്ഞു. ക്ലാഡിയയ്‌ക്ക്‌ സ്വാഭാവിക ജീവിതം നയിക്കാന്‍ കഴിയുന്നു. മക്കളായ ജോഹാനും (15) ഇസബല്ലെ (നാല്‌) യ്‌ക്കുമൊപ്പം ആഹ്ലാദകരമായി ആ അമ്മ കഴിയുന്നു.

ശസ്‌ത്രക്രിയാരംഗത്ത്‌ വഴിത്തിരിവാണ്‌ ഈ മുന്നേറ്റമെന്ന്‌, ശ്വാസനാളി കൃത്രിമമായി നിര്‍മിക്കാന്‍ സഹകരിച്ച ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ശസ്‌ത്രിക്രിയാ വിദഗ്‌ധന്‍ പ്രൊഫ. മാര്‍ട്ടിന്‍ ബിര്‍ച്ചല്‍ അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയായവരിലെ വിത്തുകോശങ്ങളുടെ ഉപയോഗ സാധ്യതയെന്താണെന്ന്‌ മനസിലാക്കിത്തരുന്ന സംഭവമാണിത്‌. ഗുരുതരമായി അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക്‌ അത്‌ പുതുജീവന്‍ നല്‍കുമെന്നാണ്‌ അര്‍ഥം. 20 വര്‍ഷത്തിനകം ശരീരത്തിലെ ഏത്‌ അവയവവും ഈ രീതിയില്‍ രൂപപ്പെടുത്താന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. (അവലംബം: ലാന്‍സെറ്റ്‌, കടപ്പാട്‌: മാതൃഭൂമി)

Saturday, November 22, 2008

കോപ്പര്‍നിക്കസിന്റെ ഭൗതീക അവശിഷ്ടം കണ്ടെത്തി

നാലര നൂറ്റാണ്ട്‌ നീണ്ട നിഗൂഡതയ്‌ക്ക്‌ അന്ത്യം

നൂറ്റാണ്ടുകള്‍ നീണ്ട വിശ്വാസപ്രമാണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്‌, ഭൂമിയാണ്‌ സൂര്യനെ ചുറ്റുന്നതെന്നുമുള്ള സങ്കല്‍പ്പം മുന്നോട്ടു വെച്ച ചിന്തകനാണ്‌ നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌. അതുവഴി ആധുനിക വൈജ്ഞാനിക വിപ്ലവത്തിന്‌ അദ്ദേഹം തിരികൊളുത്തി. ആ മഹാരഥന്റെ ഭൗതിക അവശിഷ്ടം എവിടെയാണെന്ന, നാലര പതിറ്റാണ്ടായി തുടരുന്ന നിഗൂഢതയ്‌ക്ക്‌ അന്ത്യമാകുന്നു. പോളണ്ടില്‍ മധ്യകാലഘട്ടത്തിലെ ഒരു കത്തീഡ്രലിന്റെ അള്‍ത്താരയ്‌ക്കടിയില്‍ കണ്ടെത്തിയ കല്ലറയും ഭൗതീക അവശിഷ്ടവും കോപ്പര്‍നിക്കസിന്റേതാണെന്ന്‌ സ്ഥിരീകരിച്ചതായി പോളിഷ്‌ ഗവേഷകര്‍ അറിയിച്ചു.

ശവക്കല്ലറയില്‍നിന്ന്‌ ലഭിച്ച ഭാഗികമായ തലയോട്ടി ഉപയോഗിച്ച്‌ മരിച്ചയാളുടെ മുഖം ഫോറന്‍സിക്‌ സങ്കേതത്തില്‍ പുനസൃഷ്ടിച്ചും, ഡി.എന്‍.എ. വിശകലനം നടത്തിയുമാണ്‌ തങ്ങള്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്ന്‌ പുരാവസ്‌തുഗവേഷകനായ ജെര്‍സി ഗസോവിസ്‌കി പറഞ്ഞു. 2004-ല്‍ ആരംഭിച്ച ഗവേഷണമാണ്‌ ഇപ്പോള്‍ വിജയത്തില്‍ എത്തുന്നത്‌. തലയോട്ടിയുടെ സഹായത്തോടെ രൂപപ്പെടുത്തിയ മുഖത്തിന്‌, കോപ്പര്‍നിക്കസിന്റെ ചിത്രങ്ങളുമായി നല്ല സാമ്യമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. മാത്രമല്ല, 70 വയസ്‌ പ്രായമുള്ള (കോപ്പര്‍നിക്കസ്‌ മരിക്കുമ്പോഴും പ്രായം ഏതാണ്ട്‌ അതായിരുന്നു) വ്യക്തിയുടേതാണ്‌ തലയോട്ടിയെന്നും പരിശോധനകളില്‍ വ്യക്തമായി.

പോളണ്ടിലെ ബാള്‍ട്ടിക്ക്‌ തീരത്ത്‌ കോപ്പര്‍നിക്കസ്‌ മതസംഹിത വിദഗ്‌ധന്‍ (കാനോണ്‍) ആയി ജോലിനോക്കിയ ഫ്രോണ്‍ബര്‍ഗ്‌ കത്തീഡ്രലിലെ 16 അള്‍ത്താരകളില്‍ ഒന്നിനടിയില്‍ നിന്നാണ്‌ ഭൗതിക അവശിഷ്ടം കണ്ടെത്തിയത്‌. തലയോട്ടിയും മറ്റ്‌ അവശിഷ്ടങ്ങളും 2005 ആഗസ്‌തിലാണ്‌ കണ്ടെടുത്തത്‌. കോപ്പര്‍നിക്കസിന്റെ പിന്‍ഗാമികളാരും ജീവിച്ചിരിപ്പില്ലാത്തതിനാല്‍, ആ അവശിഷ്ടങ്ങളുടെ ജനിതക പരിശോധന ബുദ്ധിമുട്ടായതായി ഗസോവിസ്‌കി അറിയിച്ചു. മധ്യ പോളണ്ടില്‍ പുല്‍ടുസ്‌കിലുള്ള ആര്‍ക്കിയോളജി ആന്‍ഡ്‌ ആന്ത്രോപോളജി ഇന്‍സ്‌റ്റിട്യൂട്ടിന്റെ മേധാവിയാണ്‌ അദ്ദേഹം.


എന്നാല്‍, ശവക്കല്ലറയില്‍ നിന്ന്‌ ലഭിച്ച അവശിഷ്ടങ്ങളിലെ (പ്രത്യേകിച്ചും കശേരുക്കള്‍, പല്ല്‌, തുടയെല്ല്‌ എന്നിവിടങ്ങളില്‍ നിന്നുള്ള) ഡി.എന്‍.എ.യും, കോപ്പര്‍നിക്കസിന്റെ തലമുടിയില്‍ നിന്നുള്ള ഡി.എന്‍.എയും താരതമ്യം ചെയ്‌ത്‌, രണ്ടും ഒരു വ്യക്തിയുടേതാണെന്ന്‌ സ്ഥിരീകരിക്കാനും ആയി. കോപ്പര്‍നിക്കസിന്റെ വകയായിരുന്ന ചില ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ സ്വീഡനിലെ ഉപ്പസല സര്‍വകലാശാലയിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. അതില്‍ ഒരു ഗ്രന്ഥത്തില്‍നിന്നാണ്‌ തലമുടി ലഭിച്ചത്‌. ഉപ്പസല സര്‍വകലാശാലയിലെ തന്നെ മാരീ അലെന്‍ ആണ്‌ ഡി.എന്‍.എ. താരതമ്യം നടത്തിയത്‌. ഡി.എന്‍.എ. താരതമ്യത്തിനായി നാല്‌ തലമുടികള്‍ തങ്ങള്‍ ശേഖരിച്ചതായി അലെന്‍ അറിയിച്ചു. അതില്‍ രണ്ടെണ്ണം, ശവക്കല്ലറയില്‍ കാണപ്പെട്ട ഭൗതീക അവശിഷ്ടങ്ങളുമായി ജനിതകസാമ്യമുള്ളതായിരുന്നു.

പോളണ്ടിലെ ടോറണ്‍ പട്ടണത്തില്‍ 1473 ഫിബ്രവരി 19-ന്‌ ഒരു ചെമ്പു വ്യാപാരിയുടെ മകനായി നിക്കോളാസ്‌ കോപ്പര്‍നിക്കസ്‌ ജനിച്ചു. പത്തു വയസ്സുള്ളപ്പോള്‍ അച്ഛനമ്മമാര്‍ മരിച്ചു. ബാള്‍ട്ടിക്‌ തീരത്തെ വാര്‍മിയില്‍ ബിഷപ്പായി പിന്നീട്‌ ചുമതലയേറ്റ പണ്ഡിതനായ അമ്മാവന്‍ ലൂക്കാസ്‌ വാസ്സെന്‍ റോഡ്‌ ആണ്‌ കോപ്പര്‍നിക്കസിനെ വളര്‍ത്തിയത്‌. അമ്മാവന്‍ ആ കുട്ടിയില്‍ വലിയ സ്വാധീനം ചെലുത്തി. പോളണ്ട്‌, ഇറ്റലി എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ നിന്ന്‌ ഗണിതവും നിയമവും വൈദ്യശാസ്‌ത്രവും പഠിച്ച കോപ്പര്‍നിക്കസ്‌, പോളണ്ടിലെ ഫ്രോണ്‍ബര്‍ഗ്‌ പള്ളിയില്‍ കാനോണ്‍ ആയാണ്‌ ജീവത്തില്‍ ഏറെക്കാലവും ജോലിചെയ്‌തത്‌. ഭരണപരമായ ചുമതലകളായിരുന്നു അദ്ദേഹത്തിന്‌ അവിടെ നിര്‍വഹിക്കാനുണ്ടായിരുന്നത്‌.

1500 വര്‍ഷം നീണ്ട നിശ്ചലതയ്‌ക്ക്‌ അന്ത്യം കുറിച്ച്‌ ആധുനിക ശാസ്‌ത്രവിപ്ലവത്തിന്‌ തുടക്കം കുറിച്ചത്‌
കോപ്പര്‍നിക്കസാണ്‌. ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്നും സൂര്യനും മറ്റ്‌ ആകാശഗോളങ്ങളുമെല്ലാം ഭൂമിയെ ചുറ്റുകയാണെന്നുമുള്ള അരിസ്‌റ്റോട്ടിലിന്റെയും ടോളമിയുടെയും പ്രപഞ്ച സങ്കല്‍പ്പത്തെ മാറ്റിമറിച്ചത്‌ കോപ്പര്‍നിക്കസാണ്‌. ഭൂമിയും മറ്റ്‌ ഗ്രഹങ്ങളും സൂര്യനെ ചുറ്റുകയാണെന്ന്‌ കോപ്പര്‍നിക്കസ്‌ വാദിച്ചു. പില്‍ക്കാലത്ത്‌ ഗലീലിയോയ്‌ക്ക്‌ മതദ്രോഹവിചാരണ നേരിടേണ്ടി വന്ന ദുരനുഭവം പക്ഷേ, കോപ്പര്‍നിക്കസിനുണ്ടായില്ല. കത്തോലിക്ക സഭ കോപ്പര്‍നിക്കസിന്റെ പ്രപഞ്ച സങ്കല്‍പ്പം നിരോധിച്ചത്‌ 19-ാം നൂറ്റാണ്ടിന്റെ പകുതിയിലാണ്‌.

സഹസ്രാബ്ധങ്ങള്‍ നീണ്ട പ്രപഞ്ചസങ്കല്‍പ്പത്തെ മാറ്റി മറിച്ച തന്റെ 'ഓണ്‍ ദ റെവല്യൂഷന്‍സ്‌ ഓഫ്‌ ദി സെലസ്റ്റിയല്‍ സ്‌ഫിയേഴ്‌സ്‌' എന്ന വിഖ്യാത കൃതി പ്രസിദ്ധീകരിക്കാന്‍ അന്ന്‌ കത്തോലിക്ക സഭയിലെ ഉന്നതരുടെ പ്രോത്സാഹനവും കോപ്പര്‍നിക്കസിന്‍ ലഭിക്കുകയുണ്ടായി. എന്നാല്‍, തന്റെ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തെ മാറ്റിമറിക്കുന്നത്‌ കാണാനുള്ള അവസരം കോപ്പര്‍നിക്കസിനുണ്ടായില്ല. കാരണം, തന്റെ പ്രശസ്‌ത കൃതി പുറത്തിറങ്ങിയ 1543-ല്‍ തന്നെ അദ്ദേഹം അന്തരിച്ചു.

ആധുനികശാസ്‌ത്ര വിപ്ലവത്തിന്റെ പിറവി ആ കൃതിയുടെ പ്രസിദ്ധീകരണത്തോടെയാണെന്ന കാര്യം ഇന്ന്‌ ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. കോപ്പ
ര്‍നിക്കസ്‌ പാകിയ വിപ്ലവത്തിന്റെ ചരട്‌ ഏറ്റെടുത്താണ്‌ ടൈക്കോ ബ്രാഹെയും ജോഹാന്നസ്‌ കെപ്ലാറും ഗലീലിയോ ഗലിലീയും പിന്നീട്‌ സാക്ഷാല്‍ ഐസക്‌ ന്യൂട്ടണും ശാസ്‌ത്രത്തെ മുന്നോട്ട്‌ നയിച്ചത്‌. (കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌, ബി.ബി.സി.ന്യൂസ്‌, ജോണ്‍ ഗ്രിബ്ബിന്‍ രചിച്ച 'സയന്‍സ്‌-എ ഹിസ്റ്ററി' എന്ന ഗ്രന്ഥം).

Wednesday, November 19, 2008

4600 വര്‍ഷം പഴക്കമുള്ള അണുകുടുംബം

ജര്‍മനിയില്‍നിന്ന്‌ പുരാവസ്‌തുഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍, കുടുംബ വ്യവസ്ഥകളെ സംബന്ധിച്ച പ്രാചീന സങ്കല്‍പ്പങ്ങളെക്കുറിച്ച്‌ പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്നു.

അച്ഛന്‍, അമ്മ. ഏറിയാല്‍ രണ്ട്‌ മക്കള്‍. ഇത്രയും അംഗങ്ങള്‍ മാത്രമുള്ളതാണ്‌ അണുകുടുംബം എന്ന്‌ അറിയപ്പെടാറ്‌. മലയാളികള്‍ക്ക്‌ ഇത്തരം കുടുംബത്തെപ്പറ്റി മനസിലാക്കിക്കൊടുക്കേണ്ട കാര്യമില്ല. അതിന്റെ ഗുണവും ദോഷവും നന്നായി അനുഭവിക്കുന്നവരാണ്‌ കേരളീയര്‍. എന്നാല്‍, പുതിയ കാലത്തെ മാത്രം പ്രതിഭാസമാണ്‌ അണുകുടുംബമെന്ന്‌ ധരിക്കുന്നുവെങ്കില്‍ അത്‌ ശരിയല്ല എന്ന്‌ പുതിയൊരു പഠനം പറയുന്നു. ജര്‍മനിയില്‍നിന്ന്‌ 4600 വര്‍ഷം മുമ്പത്തെ അണുകുടുംബത്തിന്റെ വ്യക്തമായ തെളിവ്‌ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍.

ജര്‍മനിയില്‍ സക്‌സോണി-അന്‍ഹാല്‍ട്ടിലെ യൂലാവുവില്‍ കണ്ടെത്തിയ നാല്‌ ശവക്കുഴികളില്‍ നിന്നാണ,്‌ പ്രാചീന കുടുംബ വ്യവസ്ഥകളെക്കുറിച്ചുള്ള സൂചനകള്‍ ഗവേഷകര്‍ക്ക്‌ ലഭിച്ചത്‌. 2005-ല്‍ കണ്ടെത്തിയ ആ പ്രാചീന അവശിഷ്ടങ്ങള്‍ ഡി.എന്‍.എ. വിശകലനത്തിന്‌ വിധേയമാക്കിയപ്പോള്‍, നവീനശിലായുഗത്തില്‍ സാധാരണമല്ലാതിരുന്ന കുടുംബവ്യവസ്ഥകളെയും സംസ്‌ക്കാരരീതികളെയും കുറിച്ച്‌ വ്യക്തമായെന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സി' (PNAS)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ഒരു പുരുഷനും ഒരു സ്‌ത്രീയും രണ്ട്‌ കുട്ടികളുമാണ്‌ ഒരു ശവക്കുഴിയില്‍ കാണപ്പെട്ടത്‌. ഡി.എന്‍.എ. വിശകലനത്തില്‍ അത്‌ അച്ഛനും അമ്മയും രണ്ട്‌ ആണ്‍മക്കളുമാണെന്ന്‌ വ്യക്തമായി. 4-5, 8-9 വയസ്‌ പ്രായമുള്ളവരാണ്‌ കുട്ടികള്‍. ഇതാണ്‌ അണുകുടുംബത്തെ സംബന്ധിച്ച്‌ ലഭ്യമായ ഏറ്റവും പഴയ ജനിതക തെളിവെന്ന്‌ ഗവേഷകര്‍ പറയുന്നു.

മാത്രമല്ല, പ്രചീനകാലത്തെ ശവസംസ്‌ക്കാര രീതികളെപ്പറ്റിയും കൂടുതല്‍ ഉള്‍ക്കാഴ്‌ച നല്‍കുന്നതാണ്‌ ഈ കണ്ടെത്തല്‍. നാല്‌ ശവക്കുഴിയിലും കൂടി 13 പേരുടെ അവശിഷ്ടങ്ങളാണ്‌ ഉണ്ടായിരുന്നത്‌. വ്യക്തിബന്ധം പ്രതിഫലിക്കത്തക്ക വിധമാണ്‌ മൃതദേഹങ്ങള്‍ കിടത്തിയിരുന്നത്‌. നവജാതശിശു മുതല്‍ പത്ത്‌ വയസ്സ്‌ വരെ പ്രായമുള്ള കുട്ടികള്‍ വരെ ശവക്കുഴികളില്‍ ഉണ്ടായിരുന്നു; 30 വയസ്സോളം പ്രായമുള്ള മുതിര്‍ന്നവരും ഉണ്ടായിരുന്നു. എന്നാല്‍, കൗമാരപ്രായക്കാരുടെ ആരുടെയും അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ല.

എതിര്‍ ഗ്രൂപ്പുകളുടെ കഠിനമായ ആക്രമണത്തിന്‌ ഇരയായി മരിച്ചതാണ്‌ അവരെല്ലാം എന്നതിനും ഗവേഷകര്‍ക്ക്‌ തെളിവ്‌ കിട്ടി. അസ്ഥികളില്‍ കാണപ്പെട്ട ഒടിവുകളും പരിക്കുകളും വെച്ചാണ്‌ ഇക്കാര്യം അവര്‍ അനുമാനിച്ചെടുത്തത്‌. മാത്രമല്ല, ശിലായുഗത്തില്‍ നടന്ന ആ ദുരന്തം മനസിലാക്കാന്‍ ഏറ്റവും ആധുനികമായ ജനിതക സങ്കേതങ്ങളും ഐസോടോപ്പ്‌ ഡേറ്റിങുമൊക്കെ ഗവേഷകര്‍ അവലംബിച്ചു.

ഒരു ശവക്കുഴിയിലെ രണ്ട്‌ മുതിര്‍ന്നവരുടെയും രണ്ട്‌ കുട്ടികളുടെയും ജനിതകബന്ധം കണ്ടെത്തുക വഴി, പ്രാചീന മധ്യയൂറോപ്പില്‍ അണുകുടുംബങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്‌ തെളിവ്‌ ഹാജരാക്കാന്‍ കഴിഞ്ഞെങ്കിലും, പ്രാചീനലോകത്ത്‌ അതൊരു മാതൃകയായിരുന്നു എന്ന്‌ തങ്ങള്‍ കരുതുന്നില്ലെന്ന്‌, ഗവേഷണ പ്രബന്ധത്തിന്റെ മുഖ്യരചയിതാവും അഡെലെയ്‌ഡെ സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ. വൂല്‍ഫ്‌ഗാങ്‌ ഹാക്ക്‌ അറിയിക്കുന്നു.

ചെറുപ്പത്തില്‍ ഭക്ഷണം വഴി പല്ലില്‍ അടിഞ്ഞുകൂടുന്ന മൂലകമാണ്‌ സ്‌ട്രോന്‍ഷ്യം. യൂലാവുവിലെ ശവക്കുഴികളില്‍ കാണപ്പെട്ടവര്‍ എവിടെയാണ്‌ വളര്‍ന്നതെന്ന്‌ മനസിലാക്കാന്‍ സ്‌ട്രോന്‍ഷ്യം ഐസോടോപ്പിന്റെ വിശകലനവും തങ്ങള്‍ നടത്തിയെന്ന്‌, പഠനത്തില്‍ പങ്ക്‌ വഹിച്ച ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി ഹൈല്‍കെ ഡി ജോങ്‌ പറഞ്ഞു. വിവിധ വ്യക്തികളുടെ പല്ലിലെ സ്‌ട്രോന്‍ഷ്യം ഐസോടോപ്പുകളുടെ തോത്‌ താരതമ്യം ചെയ്‌താല്‍, അവര്‍ വളര്‍ന്ന മേഖലയെക്കുറിച്ചും അവിടുത്തെ ഭൗമശാസ്‌ത്രത്തെക്കുറിച്ചും സൂചന ലഭിക്കും.

സ്‌ട്രോന്‍ഷ്യം വിശകലനത്തില്‍ ലഭിച്ച വിവരം കൗതുകമുണര്‍ത്തുന്നതാണ്‌. പുരുഷന്‍മാരും കുട്ടികളും വളര്‍ന്ന പ്രദേശത്തിന്‌ വെളിയില്‍ നിന്നുള്ളവരാണ്‌ സ്‌ത്രീകള്‍ എന്നാണ്‌ അത്‌ വ്യക്തമാക്കിയത്‌-പഠനപദ്ധതിയുടെ സഹമേധാവിയും ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ. അലിസ്‌റ്റെയര്‍ പൈക്ക്‌ അറിയിക്കുന്നു. മറ്റ്‌ സ്ഥലങ്ങളില്‍നിന്ന്‌ സ്‌ത്രീകളെ വിവാഹം കഴിച്ചു കൊണ്ടുവരുന്നതും (exogamy), പുരുഷന്‍മാരുടെ സ്ഥലങ്ങളിലേക്ക്‌ സ്‌ത്രീകള്‍ പറിച്ചു നടപ്പെടുന്നതും (patrilocaltiy), പ്രാചീനകാലത്തു പോലും നിലനിന്നിരുന്നു എന്നാണ്‌ ഇതിനര്‍ഥം.

(അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌(PNAS), ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌)

Monday, November 17, 2008

എയ്‌ഡ്‌സ്‌ വൈറസിനെ നേരിടാന്‍ പുതിയ സാധ്യതകള്‍

വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും പിടികൊടുക്കാന്‍ കൂട്ടാക്കാത്ത മാരക രോഗാണുവാണ്‌ എച്ച്‌.ഐ.വി. പരമ്പരാഗത മാര്‍ഗങ്ങളിലൂടെ ഈ വൈറസിനെ കീഴടക്കാന്‍ കഴിയില്ല എന്ന്‌ ഇതിനകം വ്യക്തമായിക്കഴിഞ്ഞു. പുതിയ സാധ്യതകള്‍ കണ്ടെത്തിയേ തീരൂ. അത്തരം സാധ്യതകള്‍ മുന്നോട്ടു വെയ്‌ക്കുന്ന പുതിയ രണ്ട്‌ ഗവേഷണങ്ങളെപ്പറ്റി.

എയ്‌ഡ്‌സ്‌ വൈറസിന്റെ അതിജീവനതന്ത്രം നിഷ്‌ഫലമാക്കാനും, അവയെ വകവരുത്താനും ശേഷിയുള്ള പ്രതിരോധകോശങ്ങള്‍ പരീക്ഷണശാലയില്‍ പിറന്നു. അമേരിക്കയിലെയും ബ്രിട്ടനിലെയും ഗവേഷകര്‍ കൈവരിച്ച ഈ മുന്നേറ്റം എയ്‌ഡ്‌സിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്‌ കരുത്ത്‌ പകരുമെന്ന്‌്‌ 'നേച്ചര്‍ മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ശരീരപ്രതിരോധകോശങ്ങള്‍ക്ക്‌ പരിഷ്‌ക്കരണം വരുത്തിയാണ്‌, എച്ച്‌.ഐ.വി.യെ വകവരുത്താന്‍ ശേഷിയുള്ള 'കൊലയാളി കോശങ്ങള്‍'ക്ക്‌ ഗവേഷകര്‍ രൂപം നല്‍കിയത്‌. വേഗം വ്യതികരണങ്ങള്‍ക്ക്‌്‌ വിധേയമാകുന്നതിനാല്‍, പ്രതിരോധസംവിധാനത്തിന്റെ കണ്ണുവെട്ടിച്ച്‌ കോശങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കാന്‍ കഴിയുന്നുവെന്നതാണ്‌ എച്ച്‌.ഐ.വി.യുടെ പ്രത്യേകത. അതാണ്‌ അതിന്റെ അതിജീവനതന്ത്രം. ആ തന്ത്രം പരാജയപ്പെടുത്താനും, എച്ച്‌.ഐ.വി. ഏത്‌ രൂപത്തില്‍ ഒളിച്ചിരുന്നാലും കണ്ടെത്തി നശിപ്പിക്കുകയോ ദുര്‍ബലമാക്കുകയോ ചെയ്യാനും കൊലയാളി കോശങ്ങള്‍ക്ക്‌ കഴിയും.

ബ്രിട്ടനില്‍ കാര്‍ഡിഫ്‌ സര്‍വകലാശാലയിലെയും അമേരിക്കയില്‍ പെനിസില്‍വാനിയ സര്‍വകലാശാലയിലെയും ഗവേഷകരാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. ബ്രിട്ടനിലെ 'അഡാപ്‌ട്‌ഇമ്മ്യൂണ്‍ ലിമിറ്റഡ്‌'
(Adaptimmune Limited) എന്ന കമ്പനിയുടെ പങ്കാളിത്തത്തോടെയായിരുന്നു ഗവേഷണം. പുതിയ 'കൊലയാളി കോശങ്ങള്‍' ഉപയോഗിച്ചുള്ള പരീക്ഷണം അടുത്ത വര്‍ഷം ആരംഭിക്കാനാണ്‌ പരിപാടി. എയ്‌ഡ്‌സ്‌ മൂര്‍ച്ഛിച്ചവരിലാകും ആദ്യം പരീക്ഷിക്കുക.

2007-ലെ കണക്ക്‌ പ്രകാരം ഭൂമുഖത്ത്‌ 330 ലക്ഷം പേര്‍ എച്ച്‌.ഐ.വി. ബാധിച്ചവരായുണ്ട്‌. വൈറസ്‌ വിരുദ്ധ ഔഷധങ്ങളുടെ സഹായത്തോടെ, എച്ച്‌.ഐ.വി.ബാധിതര്‍ക്ക്‌ മുമ്പത്തെക്കാളും കൂടുതല്‍ കാലം വലിയ പ്രശ്‌നമില്ലാതെ ജീവിക്കാമെങ്കിലും, എച്ച്‌.ഐ.വി.യെ നശിപ്പാക്കാന്‍ ശേഷിയുള്ള ഔഷധത്തിനായി ലോകമെങ്ങും അന്വേഷണം തുടരുകയാണ്‌. ഈ പശ്ചത്താലത്തില്‍ വലിയ പ്രതീക്ഷയേകുന്നതാണ്‌ പുതിയ ഗവേഷണം.

എച്ച്‌.ഐ.വി.ക്കെതിരെയുള്ള നീക്കങ്ങള്‍ വിജയിക്കാത്തതിന്‌ കാരണം, പ്രതിരോധ സംവിധാനത്തിന്റെ കണ്ണുവെട്ടിച്ച്‌ മനുഷ്യശരീരത്തില്‍ കഴിയാനുള്ള അവയുടെ സവിശേഷതയാണ്‌. വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍, കോശങ്ങളുടെ സംവിധാനം ഹൈജാക്ക്‌ ചെയ്‌താണ്‌ അവ പെരുകുക. സാധാരണഗതിയില്‍, വൈറസ്‌ബാധിത കോശങ്ങളുടെ പ്രതലത്തിന്‌ പുറത്തേക്ക്‌ വൈറസുകളുടെ ചെറിയൊരു ഭാഗം ഉന്തി നില്‍ക്കും. 'ഈ കോശത്തെ വൈറസ്‌ ബാധിച്ചിരിക്കുന്നു' എന്നറിയാന്‍ തന്മാത്രാതലത്തിലുള്ള മുദ്രയാണത്‌.

ശരീരപ്രതിരോധ സംവിധാനത്തിലെ ടി-കോശങ്ങള്‍ (killer Tcells) ഈ മുദ്ര തിരിച്ചറിയുകയും, ആക്രമണം നടത്തി വൈറസിനെയും വൈറസ്‌ബാധിത കോശങ്ങളെയും നശിപ്പിക്കുകയും ചെയ്യും. എന്നാല്‍, മറ്റ്‌ വൈറസുകളില്‍നിന്ന്‌ വ്യത്യസ്‌തമായി കോശങ്ങളില്‍ കടന്നുകഴിഞ്ഞാല്‍, എച്ച്‌.ഐ.വി.ക്ക്‌ വ്യതികരണം വഴി ഈ അടയാളം മറച്ചുവെയ്‌ക്കാന്‍ കഴിയും. ടി-കോശങ്ങള്‍ അങ്ങനെ കബളിപ്പിക്കപ്പെടുന്നു. എച്ച്‌.ഐ.വി.അതിന്റെ വ്യാപനം തുടരുന്നത്‌ ഇത്തരത്തിലാണ്‌. എച്ച്‌.ഐ.വി.ക്കെതിരെ ഔഷധം രൂപപ്പെടുത്തുകയെന്നത്‌ ശ്രമകരമാകുന്നതും ഇക്കാരണത്താലാണ്‌.

ജൈവസങ്കേതം വഴി ടി-കോശങ്ങളുടെ ഒരു 'സ്വീകരണി' (receptor) പരീക്ഷണശാലയില്‍ രൂപപ്പെടുത്തുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. എച്ച്‌.ഐ.വി. നടത്തുന്ന വിവിധങ്ങളായ രൂപമാറ്റങ്ങളെ തിരിച്ചറിയാന്‍ ശേഷിയുള്ള സ്വീകരണിയാണത്‌. ടി-കോശങ്ങളില്‍ ഈ സ്വീകരണി സംയോജിപ്പിച്ചാണ്‌ പുതിയ കൊലയാളി കോശങ്ങള്‍ക്ക്‌ രൂപം നല്‍കിയത്‌. കബളിപ്പിക്കല്‍ തന്ത്രം മനസിലാക്കി എച്ച്‌.ഐ.വി.യെ നശിപ്പിക്കാന്‍ പരിഷ്‌ക്കരിച്ച ടി-കോശങ്ങള്‍ക്ക്‌ കഴിയുന്നതായി കാര്‍ഡിഫ്‌ സര്‍വകലാശാലയിലെ പ്രൊഫ. ആന്‍ഡി സിവെല്‍ അറിയിക്കുന്നു. പരീക്ഷണശാലയില്‍ കണ്ട ഈ ഫലം, മനുഷ്യരിലും ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്‌ ഗവേഷകര്‍.

"രോഗാണുബാധിതമായ കോശങ്ങളെ സ്‌കാന്‍ ചെയ്‌ത്‌ നശിപ്പിക്കാനുള്ള പ്രകൃതിയുടെ വഴിയാണ്‌ ടി-കോശങ്ങളിലെ സ്വീകരണികള്‍. അതിവേഗം വ്യതികരണത്തിന്‌ വിധേയമാകുന്നതിനാല്‍ എച്ച്‌.ഐ.വി.യുടെ കാര്യത്തില്‍ ഇത്‌ പരാജയപ്പെടുന്നു"-അഡാപ്‌ട്‌ഇമ്മ്യൂണ്‍ ലിമിറ്റഡിലെ ഗവേഷകന്‍ ഡോ. ബെന്റ്‌ ജേക്കബ്‌സന്‍ അറിയിക്കുന്നു. എന്നാല്‍, കോശങ്ങളില്‍ എച്ച്‌.ഐ.വി.യുടെ കൈമുദ്ര കണ്ടെത്താന്‍ ശേഷിയുള്ള സ്വീകരണിയാണ്‌ രൂപപ്പെടുത്താന്‍ ഞങ്ങള്‍ക്ക്‌ കഴിഞ്ഞത്‌. പരീക്ഷണശാലയില്‍ കണ്ട ഫലം ആസ്‌പത്രിയിലും ആവര്‍ത്തിക്കാനായാല്‍, ശക്തമായ ഒരു ചികിത്സാമാര്‍ഗമായി അത്‌ മാറും"-അദ്ദേഹം പറയുന്നു.

ഓന്തിന്റെ നിറംമാറുംപോലുള്ള എച്ച്‌.ഐ.വി.യുടെ കഴിവ്‌ മൂലം ശരീരത്തില്‍നിന്ന്‌ പൂര്‍ണമായി അതിനെ പുറത്താക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, പുതിയ കൊലയാളി കോശങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വൈറസിന്‌ കൂടുതല്‍ വ്യതികരണങ്ങള്‍ക്ക്‌ വിധേയമാകേണ്ടി വരും. ഓരോ വ്യതികരണ വേളയിലും വൈറസ്‌ ദുര്‍ബലമാകും. എച്ച്‌.ഐ.വി.യെ കൂടുതല്‍ ദുര്‍ബലമാക്കി അപകടം ഒഴിവാക്കാനും പുതിയ കൊലയാളി കോശങ്ങള്‍ സഹായിക്കുമെന്ന്‌ ചുരുക്കം.

"ജൈവസങ്കേതം വഴി രൂപപ്പെടുത്തിയ കൊലയാളി കോശങ്ങള്‍ ഒന്നുങ്കില്‍ എച്ച്‌.ഐ.വി.യെ നശിപ്പിക്കും, അല്ലെങ്കില്‍ ദുര്‍ബലമാക്കും"-പ്രൊഫ. സിവെല്‍ പറയുന്നു. വൈറസുകളെ ദുര്‍ബലമാക്കാന്‍ കഴിഞ്ഞാല്‍ പോലും അത്‌ നേട്ടമാണ്‌. വൈറസ്‌ബാധിതര്‍ക്ക്‌ കൂടുതല്‍ കാലം ജീവിച്ചിരിക്കാനും, രോഗം മറ്റുള്ളവരിലേക്ക്‌ പകരുന്നതിന്റെ തോത്‌ കുറയ്‌ക്കാനും അത്‌ സഹായിക്കുമെന്ന്‌ അദ്ദേഹം പറയുന്നു.

പുതിയ കൊലയാളി കോശങ്ങള്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതിക്ക്‌ കാക്കുകയാണ്‌ ഗവേഷകര്‍. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രൊഫ. കാള്‍ ജൂണിന്റെയും ഡോ. ജെയിംസ്‌ റിലേയുടെയും നേതൃത്വത്തില്‍ അടുത്തവര്‍ഷം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാമെന്നാണ്‌ പ്രതീക്ഷ. "എച്ച്‌.ഐ.വി.ബാധ അതിന്റെ രൂക്ഷനിലയിലെത്തിയ രോഗികളിലാകും ആദ്യം പരീക്ഷിക്കുക"-പ്രൊഫ. ജൂണ്‍ അറിയിക്കുന്നു. അത്‌ വിജയിച്ചാല്‍, വൈറസ്‌ ബാധയുടെ ആരംഭഘട്ടത്തിലുള്ളവരില്‍ പരീക്ഷിക്കും.

പുതിയ പരീക്ഷണം ഫലവത്തായാല്‍ എയിഡ്‌സിന്റെ കാര്യത്തില്‍ മാത്രമാകില്ല അതിന്റെ പ്രയോജനം ലഭിക്കുകയെന്ന്‌ ഗവേഷകര്‍ കരുതുന്നു. പ്രതിരോധകോശങ്ങളുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ മാര്‍ഗം, അര്‍ബുദങ്ങള്‍ക്കെതിരെയും പ്രയോഗിക്കാനാകും. 2003-ല്‍ ആരംഭിച്ച ഗവേഷണമാണ്‌ ഇപ്പോള്‍ പ്രാഥമിക വിജയം കൈവരിച്ചത്‌. കൊലയാളി കോശങ്ങളെ അര്‍ബുദത്തിന്റെ കാര്യത്തില്‍ ഉപയോഗിക്കാനുള്ള ശ്രമം ഗവേഷകര്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

എയ്‌ഡ്‌സ്‌ പ്രതിരോധം-മറ്റൊരു സമീപനം

എയ്‌ഡ്‌സിനെതിരെ ലോകമെങ്ങും നടക്കുന്ന ഗവേഷണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഫലങ്ങളിലൊന്നാണ്‌ മുകളില്‍ വിവരിച്ചത്‌. എന്നാല്‍, ഇനിയും ചികിത്സ കണ്ടെത്താന്‍ കഴിയാത്ത ഈ മാരകരോഗത്തിനെതിരെ മറ്റൊരു സമീപനം സാധ്യമാണെന്ന്‌ ഒരുസംഘം ഗവേഷകര്‍ പറയുന്നു. ശരീരത്തില്‍ എച്ച്‌.ഐ.വി.യുമായി പോരടിച്ച്‌ ക്ഷീണിക്കുന്ന പ്രതിരോധകോശങ്ങളെ രക്ഷിച്ചെടുക്കലാണ്‌ ആ സമീപനം. പുതിയ എയ്‌ഡ്‌സ്‌ പ്രതിരോധ ഔഷധങ്ങള്‍ രൂപപ്പെടുത്താന്‍ ഇത്‌ സഹായിക്കുമെന്ന്‌ നവംബര്‍ 24-ന്റെ 'എക്‌സ്‌പെരിമെന്റല്‍ മെഡിസിന്‍' റിപ്പോര്‍ട്ടു ചെയ്യുന്നു.

കാനഡയില്‍ ടൊറന്റോ സര്‍വകലാശാലയിലെ ഡോ. മരിയോ ഒസ്‌ട്രോവ്‌സ്‌കി, അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. ഡഗ്ലസ്‌ നിക്‌സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. എച്ച്‌.ഐ.വി.യുമായി പോരടിച്ച്‌ തളര്‍ന്ന ശരീരപ്രതിരോധകോശങ്ങളില്‍ 'ടിം-3' (Tim-3) എന്ന തന്മാത്രയുടെ ആധിക്യമുണ്ട്‌. ഈ തന്മാത്രയെ ചെറുക്കാന്‍ കഴിഞ്ഞാല്‍, പ്രതിരോധകോശങ്ങളുടെ വീര്യം വീണ്ടും വര്‍ധിക്കുമെന്നും എച്ച്‌.ഐ.വി.ക്കെതിരെ പോരാട്ടം ശക്തമാകുമെന്നുമാണ്‌ കണ്ടെത്തല്‍.

"എച്ച്‌.ഐ.വി.ബാധയുടെ സമയത്ത്‌, ശരീരത്തില്‍ വൈറസുകള്‍ ആദ്യം വന്‍തോതില്‍ പെരുകും. വൈറസ്‌ബാധ ഭാഗികമായി നിയന്ത്രണത്തിലാക്കാന്‍ ആ സയമത്ത്‌ പ്രതിരോധസംവിധാനത്തിനാകും. 'CD+ കൊലയാളി ടി-കോശങ്ങള്‍' (CD8+ killer T cells) എന്നറിയപ്പെടുന്ന പ്രതിരോധകോശങ്ങളാണ്‌ ഇത്‌ സാധിക്കുന്നത്‌. ഭൂരിപക്ഷം കേസുകളിലും, വൈറസ്‌വിരുദ്ധ ഔഷധങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍, എയ്‌ഡ്‌സ്‌ പുരോഗമിക്കുന്നതോടെ ഈ പ്രതിരോധകോശങ്ങള്‍ ക്ഷിണിക്കും, പ്രവര്‍ത്തനം മന്ദഗതിയിലാകും"-ടൊറന്റോ സര്‍വകലാശാലയിലെ ബ്രാഡ്‌ ജോണ്‍സ്‌ അറിയിക്കുന്നു.

സാധാരണ വൈറസ്‌ബാധകളുടെ കാര്യത്തില്‍ പ്രതിരോധസംവിധാനത്തിലെ കൊലയാളി കോശങ്ങള്‍ വേഗം പെരുകി, വൈറസുകളെ ഉന്‍മൂലനം ചെയ്യും. എന്നാല്‍, എയ്‌ഡ്‌സിന്റെ കാര്യത്തില്‍ ഈ കോശങ്ങള്‍ പ്രവര്‍ത്തനം മന്ദീഭവിച്ച്‌ ക്ഷീണിച്ച്‌ അവശനിലയിലാകുന്നു. "പ്രതിരോധകോശങ്ങള്‍ക്ക സംഭവിക്കുന്ന ക്ഷീണാവസ്ഥയ്‌ക്ക്‌ കാരണം ശരിക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല"- ജോണ്‍സ്‌ പറയുന്നു. ഒരുപക്ഷേ, എച്ച്‌.ഐ.വി.യ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന്‌ പിന്‍മാറാന്‍ ടി-കോശങ്ങള്‍ക്ക്‌ ടിം-3 തന്മാത്രകള്‍ സൂചന നല്‍കുന്നതാവാം കാരണമെന്നാണ്‌ ഗവേഷകരുടെ അനുമാനം.

പരീക്ഷണശാലയില്‍ നടത്തിയ പഠനത്തില്‍, എച്ച്‌.ഐ.വി. ബാധ വര്‍ധിക്കുന്നതിനനുസരിച്ച്‌ ടി-കോശങ്ങളില്‍ ടിം-3 തന്മാത്രകളുടെ ആധിക്യം വര്‍ധിക്കുന്നതായി കണ്ടതാണ്‌ ഇത്തരമൊരു നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചതെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. "ടിം-3 തന്മാത്രയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനായാല്‍ അത്‌ എച്ച്‌.ഐ.വി.ക്കെതിരെ ശക്തമായ ആയുധമാകും എന്നാണ്‌ ഇത്‌ നല്‍കുന്ന സൂചന"-കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ലിഷോംവ എന്‍ലോവു പറയുന്നു.

തങ്ങളുടെ നിഗമനം ശരിയാണോ എന്നറിയാന്‍, ടിം-3 തന്മാത്രകളെ ചെറുക്കാന്‍ ശേഷിയുള്ള ചില തന്മാത്രകളെ ഗവേഷകര്‍ പരീക്ഷണശാലയില്‍ സൃഷ്ടിച്ചു. അതിന്റെ സഹായത്തോടെ ടിം-3 നെ ചെറുത്തപ്പോള്‍, CD+ കൊലയാളി ടി-കോശങ്ങളുടെ ക്ഷീണം മാറുകയും വൈറസുകള്‍ക്കെതിരെ പോരാട്ടം പുനരാരംഭിക്കാന്‍ അവയ്‌ക്ക്‌ കരുത്ത്‌ ലഭിക്കുകയും ചെയ്‌തു-ഡോ. മരിയോ ഒസ്‌ട്രോവ്‌സ്‌കി അറിയിക്കുന്നു. ടിം-3 തന്മാത്രകളുടെ പ്രവര്‍ത്തനം തടയുക വഴി എയ്‌ഡ്‌സിനെതിരെ പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനുള്ള സാധ്യതയാണ്‌ ഈ പഠനം മുന്നോട്ടു വെയ്‌ക്കുന്നത്‌.

പക്ഷേ, പഠനം പ്രാഥമികഘട്ടത്തില്‍ മാത്രമാണ്‌. പ്രതിരോധകോശങ്ങളില്‍ ടിം-3 തന്മാത്രകളുടെ ആധിക്യം വര്‍ധിപ്പിക്കാന്‍ എച്ച്‌.ഐ.വി.ക്ക്‌ എങ്ങനെ സാധിക്കുന്നു എന്നകാര്യം ഗവേഷകര്‍ക്ക്‌ ഇപ്പോഴും മനസിലായിട്ടില്ല. അതേസമയം, ശരീരപ്രതിരോധ സംവിധനവും എച്ച്‌.ഐ.വി.യും തമ്മിലുള്ള ദീര്‍ഘപോരാട്ടത്തിന്റെ ഉള്ളുകള്ളികളെക്കുറിച്ച്‌്‌ പുത്തന്‍ സൂചന നല്‍കുന്നതാണ്‌ ഈ പഠനം. ആ നിലയ്‌ക്ക്‌ അത്‌ പുതിയ സാധ്യതകളും ഇത്‌ തുറക്കുന്നു.
(അവലംബം: നേച്ചര്‍ മെഡിസിന്‍, എക്‌സ്‌പെരിമെന്റല്‍ മെഡിസിന്‍, പെന്‍സില്‍വാനിയ സര്‍വകലാശാലയുടെയും കാര്‍ഡിഫ്‌ സര്‍വകലാശാലയുടെയും സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയുടെയും വാര്‍ത്താക്കുറിപ്പുകള്‍).

കാണുക: വൈറസുകളെ തിരിച്ചറിഞ്ഞവര്‍ക്ക്‌ ബഹുമതി, എയ്‌ഡ്‌സ്‌ വൈറസിന്‌ നൂറ്റാണ്ടിന്റെ ചരിത്രം, എച്ച്‌.ഐ.വി.ക്കെതിരെ പുതിയ യുദ്ധമുഖം, സ്വവര്‍ഗപ്രേമികളെ എച്ച്‌.ഐ.വി. വേട്ടയാടുന്നു, എച്ച്‌.ഐ.വി.ക്ക്‌ രക്തത്തില്‍നിന്ന്‌ മരുന്ന്‌, എച്ച്‌.ഐ.വി. തടയാന്‍ എച്ച്‌.ഐ.വി.

Friday, November 14, 2008

വിദൂര ഗ്രഹങ്ങളുടെ ആദ്യദൃശ്യങ്ങള്‍

സൗരയൂഥത്തിന്‌ പുറത്തുള്ള ഗ്രഹങ്ങളിലും ഗ്രഹസംവിധാനങ്ങളിലും നേരിട്ട്‌ നോട്ടമെത്തുന്നു. ദൃശ്യപ്രകാശത്തില്‍ ആദ്യമായെടുത്ത വിദൂരഗ്രഹത്തിന്റെ ചിത്രവും, മറ്റൊരു നക്ഷത്രത്തിലെ ഗ്രഹസംവിധാനത്തിന്റെ നേരിട്ടുള്ള ദൃശ്യവും വാനനിരീക്ഷണ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാകുന്നു.

ഭൂമിയെപ്പോലെ മറ്റെവിടെയെങ്കിലും ഒരു ഗ്രഹം, അല്‍പ്പം പച്ചപ്പ്‌, ഏതെങ്കിലും രൂപത്തില്‍ ജീവന്‍. മനുഷ്യന്‍ ഏറെക്കാലമായി തേടിക്കൊണ്ടിരിക്കുകയാണ്‌ ഇക്കാര്യം. സൂര്യനെപ്പോലെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഇത്തരമൊരു ഗ്രഹം മനുഷ്യന്റെ അന്വേഷണ കൗതുകത്തിന്റെ അതിര്‍ത്തി രേഖയാണ്‌. അതുകൊണ്ടാണ്‌ അന്യനക്ഷത്രങ്ങളുടെ പരിസരത്തേക്ക്‌ വാനശാസ്‌ത്രജ്ഞര്‍ ടെലസ്‌കോപ്പ്‌ തിരിക്കുന്നത്‌.

സൗരയൂഥത്തിന്‌ വെളിയില്‍ മറ്റു ഗ്രഹങ്ങളെ കണ്ടെത്താന്‍ മനുഷ്യന്‍ നൂറ്റാണ്ടുകളായി ശ്രമിക്കുന്നുവെങ്കിലും തൊണ്ണൂറുകളിലാണ്‌ ഇക്കാര്യത്തില്‍ ആദ്യവിജയം നേടുന്നത്‌. ഈ നവംബര്‍ വരെ ഇത്തരം 322 അന്യഗ്രഹങ്ങളെ കണ്ടെത്തിയെന്നാണ്‌ കണക്ക്‌. വിദൂര നക്ഷത്രങ്ങളുടെ ചുറ്റും പ്രദക്ഷിണം വെയ്‌ക്കുന്ന ഈ ഗ്രഹങ്ങളെ നേരിട്ടു നിരീക്ഷിക്കാനുള്ള സാങ്കേതിക വൈദഗ്‌ധ്യം മനുഷ്യന്‍ ആര്‍ജിച്ചിട്ടില്ലാത്തതിനാല്‍, ഇവയൊക്കെ പരോക്ഷ നിരീക്ഷണമാര്‍ഗങ്ങളുടെ ഫലമായാണ്‌ കണ്ടുപിടിക്കപ്പെട്ടത്‌.

പക്ഷേ, അത്‌ ഇതുവരെയുള്ള കഥ. ആദ്യമായി സൗരയൂഥേതര ഗ്രഹത്തെയും ഗ്രഹസംവിധാനത്തെയും നേരിട്ടു നിരീക്ഷിച്ചതിന്റെ ഫലങ്ങള്‍ പുതിയ ലക്കം 'സയന്‍സ്‌' ഗവേഷണ വാരിക പ്രസിദ്ധീകരിച്ചിരിക്കുന്നു. വാനശാസ്‌ത്ര ചരിത്രത്തിലെ പുതിയ നാഴികക്കല്ല്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ മുന്നേറ്റത്തിന്‌ പിന്നില്‍ രണ്ട്‌ വ്യത്യസ്‌ത ഗവേഷകസംഘങ്ങളാണ്‌ പ്രവര്‍ത്തിച്ചത്‌.

വിദൂര ഗ്രഹസംവിധാനം കണ്‍മുന്നില്‍

ജെമിനി നോര്‍ത്ത്‌ ടെലസ്‌കോപ്പ്‌, കെക്ക്‌ ഒബ്‌സര്‍വേറ്ററി എന്നിവയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ്‌, ചരിത്രത്തിലാദ്യമായി ഒരു വിദൂര നക്ഷത്രത്തിന്‌ ചുറ്റുമുള്ള മൂന്നു ഗ്രഹങ്ങളെ ഗവേഷകര്‍ക്ക്‌ നേരിട്ടു നിരീക്ഷിക്കാനായത്‌. കാനഡയില്‍ ഹെര്‍സ്‌ബെര്‍ഗ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ അസ്‌ട്രോഫിസിക്‌സിലെ ക്രിസ്റ്റ്യന്‍ മരോയിസ്‌ നേതൃത്വം നല്‍കിയ അന്താരാഷ്ട്രസംഘമാണ്‌ നിരീക്ഷണം നടത്തിയത്‌.

സൗരയൂഥത്തിന്‌ വെളിയില്‍ ഒരു സാധാരണ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹകുടുംബത്തിന്റെ നേരിട്ടുള്ള ദൃശ്യം ലഭിക്കുന്നത്‌ ആദ്യമായാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. 2007 ഒക്ടോബര്‍ 17-ന്‌ ലഭിച്ച നിരീക്ഷണ വിവരങ്ങള്‍ പ്രകാരം നക്ഷത്ര പരിസരത്ത്‌ രണ്ട്‌ ഗ്രഹങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. പിന്നീട്‌, 2007 ഒക്ടോബര്‍ 25-നും 2008-ലെ വേനല്‍ക്കാലത്തും നടത്തിയ നിരീക്ഷണത്തിലാണ്‌ മൂന്നാമതൊരു ഗ്രഹം കൂടി ഉണ്ടെന്ന്‌ സ്ഥിരീകരിച്ചത്‌. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ഈ ഗ്രഹസംവിധാനത്തിന്റെ ഇന്‍ഫ്രാറെഡ്‌ ദൃശ്യങ്ങളാണ്‌ ഗവേഷകര്‍ പകര്‍ത്തിയത്‌.

ഭൂമിയില്‍നിന്ന്‌ 130 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന, അധികം പ്രായമില്ലാത്ത ഭീമന്‍ നക്ഷത്രമായ HR 8799-ന്റെ ഗ്രഹസംവിധാനമാണ്‌ ഗവേഷകര്‍ കണ്ടെത്തിയത്‌. ഗ്രഹങ്ങള്‍ അത്ര പ്രായമുള്ളവയല്ല എന്നാണ്‌ അനുമാനം. ആറു കോടി വര്‍ഷം മുമ്പാണ്‌ അവ രൂപപ്പെട്ടതെന്ന്‌ കരുതുന്നു. (ഭൂമിയുടെ പ്രായം 460 കോടി വര്‍ഷമാണെന്നോര്‍ക്കുക). പക്ഷേ, വലിപ്പം കൂടുതലാണ്‌. നമ്മുടെ വ്യാഴത്തിന്റെ ഏഴ്‌ മൂതല്‍ പത്ത്‌ മടങ്ങുവരെയുള്ളവയാണ്‌ അവ.

ഗ്രഹസംവിധാനത്തിന്റെ പുറംമേഖലയിലാണ്‌ ഗ്രഹങ്ങളുടെ സ്ഥാനം. സൗരയൂഥത്തിന്റെ കണക്കനുസരിച്ച്‌, ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ (അസ്‌ട്രോണമിക്കല്‍ യൂണിറ്റ്‌) 25, 40, 70 മടങ്ങ്‌ വരും ആ ഗ്രഹങ്ങളും മാതൃനക്ഷത്രവും തമ്മിലുള്ള അകലം. ഏറ്റവും അകലെയുള്ള ഗ്രഹം സ്ഥിതിചെയ്യുന്നത്‌ ധൂളീപടലങ്ങളും അവശിഷ്ടങ്ങളും നിറഞ്ഞ ഒരു ബെല്‍റ്റിലാണ്‌. സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള കിയ്‌പ്പര്‍ ബെല്‍റ്റിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ അത്‌.

HR 8799 സൂര്യന്റെ ഒന്നര ഇരട്ടി പിണ്ഡമുള്ള നക്ഷത്രമാണ്‌. പക്ഷേ, സൂര്യനെക്കാള്‍ അഞ്ചുമടങ്ങ്‌ അധികമാണ്‌ പ്രകാശതീവ്രത, സൂര്യനെക്കാള്‍ ചെറുപ്പവുമാണ്‌. പൊടിപടലങ്ങളുടെ ഒരു ഭീമന്‍ വലയം ആ നക്ഷത്രത്തെ ചുറ്റുന്നുണ്ട്‌. ഗവേഷണത്തില്‍ പങ്കാളിയായിരുന്ന ബെര്‍ക്ക്‌ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ബെന്‍ സുക്കെര്‍മാന്റെ അഭിപ്രായത്തില്‍, ഭൂമിയില്‍നിന്ന്‌ 300 പ്രകാശവര്‍ഷ പരിധിക്കുള്ളില്‍ ഏതെങ്കിലുമൊരു നക്ഷത്രത്തിന്‌ ചുറ്റുമുള്ള ഏറ്റവും ഭീമന്‍ പൊടിപടലവലയമാണത്‌.

ഹബ്ബിള്‍ ടെലസ്‌കോപ്പ്‌ നേരിട്ടു കണ്ടു

മുകളില്‍ പറഞ്ഞത്‌ നേരിട്ടു കണ്ട ആദ്യ അന്യഗ്രഹകുടുംബത്തിന്റെ കാര്യമാണെങ്കില്‍, ഇനിയൊരു വിദൂര ഗ്രഹത്തിന്റെ കാര്യമാണ്‌ പറയാനുള്ളത്‌. ഗ്രഹകുടുംബത്തെ ഇന്‍ഫ്രാറെഡ്‌ പ്രകാശത്തിലാണ്‌ നീരീക്ഷിച്ചതെങ്കില്‍, ഗ്രഹത്തെ നിരീക്ഷിച്ചത്‌ ദൃശ്യപ്രകാശത്തില്‍ തന്നെയാണ്‌. ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ സഹായത്തോടെ, ബെര്‍ക്ക്‌ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പോള്‍ കലാസ്‌ ആണ്‌ ചരിത്രത്തിലാദ്യമായി, സൗരയൂഥത്തിന്‌ വെളിയില്‍ ഒരു ഗ്രഹത്തിന്റെ ദൃശ്യപ്രകാശ ചിത്രം പകര്‍ത്തിയത്‌. വര്‍ഷങ്ങളുടെ ശ്രമകരമായ നിരീക്ഷണം വേണ്ടി വന്നു അദ്ദേഹത്തിന്‌ പക്ഷേ, ഈ ചരിത്രനേട്ടം കൈവരിക്കാന്‍.

ഭൂമിയില്‍നിന്ന്‌ വെറും 25 പ്രകാശവര്‍ഷമകലെ സ്ഥിതിചെയ്യുന്ന 'ഫോമാല്‍ഹോറ്റ്‌' (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തിന്റെ നേരിട്ടുള്ള ദൃശ്യമാണ്‌ കലാസ്‌ പകര്‍ത്തിയത്‌. വ്യാഴഗ്രഹത്തിന്റെ ഏതാണ്ട്‌ അതേ വലിപ്പമുള്ള ഗ്രഹമാണതെന്നാണ്‌ അനുമാനം. വ്യാഴഗ്രഹത്തിന്‌ അതിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു എന്ന്‌ കരുതുപോലൈാരു വലയവും വിദൂരഗ്രഹത്തിനുണ്ട്‌. 'ഫോമാല്‍ഹോറ്റ്‌ ബി'യെന്ന്‌ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഗ്രഹത്തിന്റെ സാന്നിധ്യം 2005-ല്‍ തന്നെ പ്രവചിക്കപ്പെട്ടിരുന്നതാണ്‌. പക്ഷേ, നേരിട്ടുള്ള തെളിവ്‌ ലഭിക്കുന്നത്‌ ഇപ്പോഴാണെന്നു മാത്രം.

മാതൃനക്ഷത്രത്തിന്‌ ചുറ്റുമുള്ള പൊടിപടലവലയവും ഗ്രഹവും തമ്മിലുള്ള പ്രതിക്രിയയില്‍നിന്നാണ്‌ ഗ്രഹത്തിന്റെ സാന്നിധ്യം ആദ്യം പ്രവചിക്കപ്പെട്ടത്‌. ഗ്രഹത്തെ നേരിട്ട്‌ നിരീക്ഷിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ 'സയന്‍സ്‌' വാരികയില്‍ പ്രസിദ്ധീകരിച്ചതിനൊപ്പം, പൊടിപടലവലയവും ഗ്രഹവും തമ്മിലുള്ള പ്രതിക്രിയ സംബന്ധിച്ച ഒരു ഗവേഷണ പ്രബന്ധം 'ദി അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍' കലാസും സംഘവും പ്രസിദ്ധീകരിക്കുന്നുണ്ട്‌.

ഒന്നര പതിറ്റാണ്ട്‌ മുമ്പ്‌ കലാസ്‌ ബിരുദവിദ്യാര്‍ഥിയായിരുന്ന വേളയില്‍ തുടങ്ങിയതാണ്‌ ഫോമാല്‍ഹോറ്റ്‌ നക്ഷത്രത്തെ നിരീക്ഷിക്കുന്ന പ്രവര്‍ത്തനം. നക്ഷത്രത്തിന്റെ ചുറ്റും സ്ഥിതിചെയ്യുന്ന പൊടിപടലവലയമായിരുന്നു വിഷയം. 2004-ലാണ്‌ ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പിലെ 'അഡ്വാസ്‌ഡ്‌ ക്യാമറ ഫോര്‍ സര്‍വേസി'ന്റെ സഹായത്തോടെ നിരീക്ഷണം തുടങ്ങിയത്‌. അതാണിപ്പോള്‍ ഫലപ്രാപ്‌തിയിലെത്തിയത്‌. "കഴിഞ്ഞ മെയ്‌ അവസാനം, ഫോമാല്‍ഹോറ്റ്‌ ബി അതിന്റെ മാതൃനക്ഷത്രത്തെ പ്രദക്ഷിണം വെയ്‌ക്കുന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഞാനൊരു ഹൃദയാഘാതത്തിന്റെ വക്കത്തെത്തി"-കലാസ്‌ പറയുന്നു. വലിയ കണ്ടെത്തലുകള്‍ നടത്തുന്നവര്‍ ചിലപ്പോള്‍ വലിയ ഞെട്ടലോടയാകാം അത്‌ തിരിച്ചറിയുന്നത്‌.
(അവലംബം: സയന്‍സ്‌, ജെമിനി ഒബ്‌സര്‍വേറ്ററി, ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവയുടെ വാര്‍ത്താക്കുറിപ്പ്‌)

കാണുക: സൗരയൂഥത്തിന്‌ വെളിയില്‍ 28 പുതിയ ഗ്രഹങ്ങള്‍

Tuesday, November 11, 2008

മസ്‌തിഷ്‌ക്കത്തിലെ വര്‍ണപ്രപഞ്ചം

മസ്‌തിഷ്‌ക്കത്തിന്റെ വ്യത്യസ്‌തമായ ദൃശ്യഭൂമികയിലേക്ക്‌ പ്രവേശിക്കാന്‍ പുതിയൊരു ഇമേജിങ്‌ സങ്കേതം വഴി തുറക്കുന്നു. 'ഡിഫ്യൂഷന്‍ സ്‌പെക്ട്രം ഇമേജിങ്‌' (Diffusion spectrum imaging) എന്നാണ്‌ പുതിയ സങ്കേതത്തിന്റെ പേര്‌. മസാച്യൂസെറ്റ്‌സ്‌ ജനറല്‍ ഹോസ്‌പിറ്റലിലെ ന്യൂറോസയന്റിസ്‌റ്റ്‌ വാന്‍ വിഡീന്‍ ആണ്‌ പുതിയ ഇമേജിങ്‌ രീതി വികസിപ്പിച്ചെടുത്തത്‌. 'മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ ഇമേജിങ്‌' (MRI) ഡേറ്റയുടെ നൂതന രീതിയിലുള്ള വിശകലനമാണ്‌ പുത്തന്‍ സങ്കേതത്തില്‍ നടക്കുക. കോശങ്ങള്‍ക്കിടയില്‍ വിവരങ്ങള്‍ വിനിമയം ചെയ്യുന്ന നാഡീനാരുകളെ മാപ്പ്‌ ചെയ്യാന്‍ ഗവേഷകര്‍ക്ക്‌ ഇത്‌ അവസരമൊരുക്കുന്നു. സങ്കീര്‍ണ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനങ്ങളെ സൂക്ഷ്‌മമായി മനസിലാക്കാനും സിരാരോഗങ്ങളെക്കുറിച്ച്‌ കൂടുതല്‍ ഉള്‍ക്കാഴ്‌ച ലഭിക്കാനും പുതിയ മാര്‍ഗം സഹായിക്കും.

പുതിയ സങ്കേതമുപയോഗിച്ച്‌ ദൃശ്യരൂപം നല്‍കിയ ജീവനുള്ള വ്യക്തിയുടെ മസ്‌തിഷ്‌ക്കത്തിന്റെ പൂര്‍ണരൂപമാണ്‌ മുകളില്‍. എന്നാല്‍, നാഡീനാരുകളില്‍ ഒരു വിഭാഗത്തെ മാത്രം ചിത്രീകരിച്ചതാണ്‌ താഴത്തെ ദൃശ്യം. ഇരു ദൃശ്യങ്ങളിലും മധ്യത്തിലും താഴെയുമായി കാണപ്പെടുന്ന ചുവന്ന നാരുകള്‍, മസ്‌തിഷ്‌ക്കത്തിന്റെ ഇരുപകുതികളെയും ബന്ധിപ്പിക്കുന്ന 'കോര്‍പ്പസ്‌ കൊളോസ'ത്തിന്റെ ഭാഗമാണ്‌.

നേരിട്ടു ദൃശ്യവത്‌ക്കരിക്കാന്‍ കഴിയാത്തത്ര സൂക്ഷ്‌മങ്ങളാണ്‌ നാഡീനാരുകള്‍. അതിനാല്‍, അവയിലൂടെയുള്ള ജലതന്മാത്രകളുടെ വിസരണം അളന്നാണ്‌ ദൃശ്യവത്‌ക്കരണം നടത്തുന്നത്‌. അതിനായി ഗവേഷകര്‍ എം.ആര്‍.ഐ. ദൃശ്യങ്ങളെ 'വോക്‌സലുകള്‍' (voxels) അഥവാ ത്രിമാന പിക്‌സലുകള്‍ ആയി വിഭജിക്കുന്നു. അതിന്‌ ശേഷം, ഓരോ വോക്‌സലിലും എല്ലാ ദിശയിലും ജലം എത്ര വേഗത്തില്‍ വ്യാപിക്കുന്നു എന്ന്‌ കണക്കാക്കുന്നു. ആ ഡേറ്റയാണ്‌ ചുവടെയുള്ള ആദ്യ ദൃശ്യങ്ങളില്‍ കടലമണികള്‍ പോലെ പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നത്‌. ഓരോന്നിന്റെയും ആകൃതിയില്‍നിന്ന്‌ വ്യത്യസ്‌ത നാഡീനാരുകളുടെ (ചുവപ്പും നീലവും വരകള്‍) ആ പോയന്റിലുള്ള പാത ഏതൊക്കെയാണെന്ന്‌ ഗവേഷകര്‍ പരോക്ഷമായി ഗണിച്ചെടുക്കുന്നു. അതനുസരിച്ച്‌ രൂപം നല്‍കിയ ചിത്രമാണ്‌ ചുവടെയുള്ള മൂന്നാമത്തേത്‌.



മസ്‌തിഷ്‌ക്കത്തിലെ പ്രത്യേക സര്‍ക്കീട്ടുകളെക്കുറിച്ചു മാത്രം പഠിക്കാനും പുതിയ സങ്കേതം സഹായിക്കും. പഠനവിധേയമാക്കേണ്ട നാഡീനാരുകളെ മാത്രം വേര്‍തിരിച്ചു ചിത്രീകരിക്കാന്‍ കഴിയും. മനുഷ്യരില്‍ വൈകാരികമായ അനുഭവങ്ങള്‍, ഓര്‍മശക്തി എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കീട്ടുകളുടെ ദൃശ്യവത്‌ക്കരണമാണ്‌ ചുവടെ.

ഒരു കുരങ്ങിന്റെ തലച്ചോറിന്റെ ദൃശ്യം പുതിയ സങ്കേതത്തില്‍ പകര്‍ത്തിയതാണ്‌ ചുവടെ. നാഡീനാരുകളില്‍ ഒരു വിഭാഗത്തെ മാത്രം ചിത്രീകരിച്ചതാണ്‌ ചുവടെയുള്ള രണ്ടാമത്തെ ദൃശ്യം.


(മസാച്യൂസെറ്റ്‌സ്‌ ജനറല്‍ ഹോസ്‌പിറ്റലിന്‌ കീഴില്‍ 'മാര്‍ട്ടിനോസ്‌ സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഇമേജിങി'ലെ വാന്‍ വിഡീന്‍, റോപെങ്‌ വാങ്‌, ജെറേമി സ്‌കമാഹ്‌മാന്‍, ഗ്വാങ്‌പിങ്‌ ഡായ്‌ എന്നിവര്‍ പകര്‍ത്തിയതാണ്‌ ഇവിടെ ഉപയോഗിച്ച ദൃശ്യങ്ങള്‍. കടപ്പാട്‌: ടെക്‌നോളജി റിവ്യൂ)

Sunday, November 09, 2008

മണ്‍സൂണ്‍ രചിച്ച 'ശിരോലിഖിതം'

സാമ്രാജ്യങ്ങള്‍ അസ്‌തമിച്ചതിന്റെ ചരിത്രം ചൈനയിലെ ഒരു ഗുഹയില്‍, മണ്‍സൂണ്‍ അവശേഷിപ്പിച്ച ലവണനിക്ഷേപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കാലാവസ്ഥാമാറ്റം എത്ര വലിയ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടവരുത്താം എന്ന്‌ സൂചിപ്പിക്കുന്ന ഒരു ഗവേഷണം.

കഴിഞ്ഞ രണ്ട്‌ സഹസ്രാബ്ദത്തിനിടെ ചൈനയിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നടിഞ്ഞതിന്‌ കാലവര്‍ഷവുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തല്‍. മണ്‍സൂണ്‍ ദുര്‍ബലമായ കാലയളവിലാണ്‌ ചില രാജവംശങ്ങള്‍ ക്ഷയിക്കുകയും ഭരണത്തില്‍നിന്ന്‌ പുറത്താകുകയും ചെയ്‌തതത്രേ. ചൈനയിലെ ഒരു ഗുഹയില്‍ ചുണ്ണാമ്പകല്‍പ്പുറ്റില്‍ (stalagmite) ഉറഞ്ഞുകൂടിയിരുന്ന 1810 വര്‍ഷത്തെ മണ്‍സൂണ്‍ ചരിത്രമാണ്‌ ഈ വിവരം വെളിപ്പെടുത്തുന്നത്‌.

ചൈനയിലെ ടാങ്‌, യുവാന്‍, മിങ്‌ രാജവംശങ്ങള്‍ ക്ഷയിച്ച കാലത്തെല്ലാം മണ്‍സൂണ്‍ പരാജയപ്പെട്ടിരുന്നു എന്ന്‌ ഗവേഷകര്‍ കണ്ടെത്തിയതായി 'സയന്‍സ്‌' ഗവേഷണവാരികയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഗാന്‍സു പ്രവിശ്യയിലെ വാങ്‌ഷിയാങ്‌ ഗുഹയില്‍ കണ്ടെത്തിയ 118 മില്ലീമീറ്റര്‍ നീളമുള്ള ചുണ്ണാമ്പുകല്‍പ്പുറ്റാണ്‌, ഗവേഷകര്‍ക്ക്‌ ഈ ചരിത്രസത്യം ബോധ്യപ്പെടുത്തിക്കൊടുത്തത്‌.

മുഖ്യമായും കാല്‍സ്യംകാര്‍ബണേറ്റ്‌ കൊണ്ട്‌ രൂപപ്പെടുന്നതാണ്‌ ചുണ്ണാമ്പുകല്‍പ്പുറ്റ്‌. ഗുഹകളുടെ മേല്‍ത്തട്ടില്‍നിന്ന്‌ ഇറ്റുവീഴുന്ന വെള്ളത്തിലെ ലവണാംശങ്ങള്‍ ഉറച്ചു കട്ടപിടിച്ചുണ്ടാകുന്നതാണ്‌ ഇത്തരം പുറ്റുകള്‍. സമുദ്രനിരപ്പില്‍നിന്ന്‌ 1200 മീറ്റര്‍ ഉയരത്തിലാണ്‌ വാങ്‌ഷിയാങ്‌ ഗുഹ സ്ഥിതിചെയ്യുന്നത്‌. ഊഷര മേഖലയാണത്‌. വാര്‍ഷിക വര്‍ഷപാതം ശരാശരി 480 മില്ലീമീറ്റര്‍ മാത്രം. അതില്‍ 80 ശതമാനവും മെയ്‌-സപ്‌തംബര്‍ കാലയളവിലാണ്‌ ലഭിക്കുന്നത്‌.

പ്രായമായ തടികള്‍ക്കുള്ളിലെ വാര്‍ഷികവലയങ്ങള്‍ പോലുള്ള ഒന്നാണ്‌, ആ പുറ്റില്‍ ഗവേഷകരെ കാത്തിരുന്നത്‌. 1810 വര്‍ഷത്തെ വര്‍ഷപാതത്തിന്റെ കൃത്യമായ തോത്‌, ആ ചുണ്ണാമ്പുകല്‍പ്പുറ്റില്‍ ഓരോ വര്‍ഷവും ഉറഞ്ഞുകൂടിയ ലവണത്തിന്റെ അളവില്‍നിന്ന്‌ കണ്ടെത്താനായി. ചൈനയില്‍ ലാന്‍ഷൗ സര്‍വകലാശാലയിലെ പിങ്‌ഷോങ്‌ ഷാങും സംഘവുമാണ്‌, ആ ചുണ്ണാമ്പുകല്‍പുറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ചൈനയിലെ വര്‍ഷപാതനിരക്ക്‌ സംബന്ധിച്ച ചരിത്രരേഖകളുമായി താരതമ്യം ചെയ്‌തത്‌.

ഉത്തരാര്‍ധഗോളത്തില്‍ മണ്‍സൂണിന്റെ രണ്ടായിരത്തോളം വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ ഗവേഷകര്‍ക്ക്‌ മുന്നില്‍ തെളിഞ്ഞു വരികയായിരുന്നു. താപനിലയിലെ വ്യതിയാനങ്ങളും ചെറുഹിമയുഗവും സൗരോര്‍ജത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുമൊക്കെ എത്രമാത്രം സ്വാധീനം മഴയുടെ മേല്‍ ചെലുത്തിയെന്നതിന്റെ സൂചനയാണ്‌ ഗവേഷകര്‍ക്ക്‌ ലഭിച്ചത്‌. കഴിഞ്ഞ 50 വര്‍ഷത്തിനിടെ, ഹരിതഗൃഹവാതക പ്രഭാവം മൂലം സംഭവിച്ച ആഗോളതാപനത്തിന്റെ വര്‍ധനയെക്കുറിച്ചും വ്യക്തമായ സൂചന ആ ചുണ്ണാമ്പുകല്‍പ്പുറ്റില്‍ കാണപ്പെടുന്നതായി ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു.

ചുണ്ണാമ്പുകള്‍പ്പുറ്റിലെ ഓക്‌സിജന്‍ ഉള്ളടക്കത്തിലുള്ള ചെറുവ്യതിയാനങ്ങള്‍, ഗുഹയുടെ പരിസരത്തെ മഴയുടെ തോതിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യമാണ്‌ ഗവേഷകര്‍ അവലംബിച്ചത്‌. മാത്രമല്ല, ചുണ്ണാമ്പുകല്‍പ്പുറ്റില്‍ അടങ്ങിയിട്ടുള്ള തോറിയം, യുറേനിയം തുടങ്ങിയ റേഡിയോആക്ടീവ്‌ മൂലകങ്ങളുടെ സഹായത്തോടെ അതിലെ അടരുകളുടെ കാലഗണന (ശരാശരി രണ്ടര വര്‍ഷം എന്ന കണക്കിന്‌) നടത്താനും കഴിഞ്ഞു.

നൂറ്റാണ്ടുകളോളം ചൈന ഭരിച്ച അഞ്ച്‌ പ്രമുഖ രാജവംശങ്ങളില്‍ മൂന്നെണ്ണത്തിന്റെയും-ടാങ്‌, യുവാന്‍, മിങ്‌ എന്നിവയുടെ- പതനത്തിന്‌ കാലാവസ്ഥ മുഖ്യ പങ്കുവഹിച്ചതയാണ്‌ ഗവേഷകര്‍ എത്തിയ അനുമാനം. `ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള മണ്‍സൂണ്‍ വാതകങ്ങള്‍ എത്ര ശക്തമാണോ, അതിനനുസരിച്ച്‌ ചൈനയുടെ വടക്കുപടിഞ്ഞാറ്‌ ഭാഗത്തേക്ക്‌ കൂടുതല്‍ മഴ ലഭിക്കും`- പഠനത്തില്‍ പങ്കാളിയായിരുന്ന അമേരിക്കയില്‍ മിന്നിസോട്ട സര്‍വകലാശാലയിലെ ഹായ്‌ ചെങ്‌ പറയുന്നു.

കൂടുതല്‍ മഴ കിട്ടിയാല്‍ അതിനനുസരിച്ച്‌ കൂടുതല്‍ നെല്ല്‌ വിളയും. ജനസംഖ്യയും സമൂഹിക സുരക്ഷിതത്വവും വര്‍ധിക്കും. ഭരണകൂടങ്ങള്‍ ശക്തമായി നിലനില്‍ക്കും. മഴ കുറയുമ്പോള്‍ സംഗതികള്‍ വിപരീത ദിശയിലാകും. അരക്ഷിതാവസ്ഥ ഏറും, ഭരണകൂടങ്ങള്‍ നിലംപൊത്തും. ചൈനയിലെ രാജവംശങ്ങള്‍ ക്ഷയിക്കാന്‍ ചരിത്രപരമായ മറ്റ്‌ കാരണങ്ങളും ഉണ്ടായിരുന്നെങ്കിലും, കാലാവസ്ഥ ഒരു മുഖ്യപങ്ക്‌ വഹിച്ചുവെന്നാണ്‌ തങ്ങള്‍ കരുതുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു.

850 എ.ഡി.ക്കും 940 എ.ഡി.ക്കും മധ്യേയുള്ള കാലം പരിഗണിക്കുക. മണ്‍സൂണ്‍ ദുര്‍ബലമായതിനെ തുടര്‍ന്ന്‌ കൊടുംവരള്‍ച്ച നേരിട്ട ആ കാലം ചൈനയിലെ ടാങ്‌ രാജവംശത്തെ മാത്രമല്ല അസ്‌തമിപ്പിച്ചത്‌, ഭൂഗോളത്തിന്റെ മറുവശത്ത്‌ അമേരിക്കയില്‍ മായന്‍ സംസ്‌ക്കാരത്തിന്‌ ക്ഷയം സംഭവിച്ചതും ആ കാലയളവില്‍ തന്നെയാണ്‌-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ ചെറിയ തോതിലാണ്‌ അനുഭവപ്പെടുകയെങ്കിലും, കാലാവസ്ഥിയിലെ മാറ്റം വന്‍ പ്രത്യാഘാതമാണ്‌ ഉണ്ടാക്കുകയെന്നാണ്‌ ഈ ഗവേഷണം നല്‍കുന്ന മുന്നറിയിപ്പ്‌.
(അവലംബം: സയന്‍സ്‌ ഗവേഷണവാരിക).

Sunday, November 02, 2008

മാംസാഹാരം ശരീരത്തെ ഒറ്റിക്കൊടുക്കുന്നു-പഠനം

അജിനോമോട്ടോ കൊണ്ട്‌ സ്വാദ്‌ വര്‍ധിപ്പിച്ച പഴകിയ മാംസവും, വേവാത്ത മാംസവുമൊക്കെ കഴിക്കുന്നതിനെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ്‌ ഡോ. അജിത്‌ വര്‍ക്കിയുടെ കണ്ടെത്തല്‍.

മാംസാഹാരം ശരീരത്തിന്‌ അത്ര നന്നല്ല എന്നതിന്‌ ഒരു തെളിവ്‌ കൂടി. മാട്ടിറച്ചിയും ആട്ടിറച്ചിയും മറ്റും കഴിക്കുമ്പോള്‍ മനുഷ്യശരീരത്തിലെത്തുന്ന അന്യതന്മാത്ര, ഒരിനം മാരകരോഗാണുവിന്‌ ശരീരത്തെ ആക്രമിക്കാന്‍ അവസരമൊരുക്കുമത്രേ. അപകടകരമായ ഭക്ഷ്യവിഷബാധയ്‌ക്ക്‌ ഇത്‌ കാരണമാകും. ഒരര്‍ഥത്തില്‍ ശരീരത്തെ ഒറ്റിക്കൊടുക്കുന്നതിന്‌ തുല്യമാണിത്‌. മലയാളി ഗവേഷകന്‍ ഡോ. അജിത്‌ വര്‍ക്കിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷണസംഘമാണ്‌ ഈ കണ്ടെത്തലിന്‌ പിന്നില്‍.

ഇറച്ചിയിലൂടെയും മറ്റും ശരീരത്തിലെത്തുന്ന ഒരിനം പഞ്ചസാര തന്മാത്രയുടെ സഹായത്തോടെ ബാക്ടീരിയയ്‌ക്ക്‌ ഭക്ഷ്യവിഷബാധ സൃഷ്ടിക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌. 'നേച്ചര്‍' ഗവേഷണവാരികയുടെ പുതിയ ലക്കത്തിലാണ്‌, അമേരിക്കയിലെ സാന്‍ ഡിയേഗോയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ (യു.സി.എസ്‌.ഡി) ഗവേഷകനായ ഡോ. അജിത്‌ വര്‍ക്കിയുടെയും സംഘത്തിന്റെയും ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ശരിയായി വേവാത്ത മാംസവും പഴകിയ മാംസവും പാലുത്‌പന്നങ്ങളും ഉപയോഗിക്കുന്നത്‌ മാരകമായ ഫലമുണ്ടാക്കാമെന്ന്‌ ഈ പഠനം മുന്നറിയിപ്പു നല്‍കുന്നു. എന്നാല്‍, പഴങ്ങള്‍ പച്ചക്കറികള്‍ മുതലായവയില്‍ ഇത്തരം പഞ്ചസാര തന്മാത്രകളുടെ സാന്നിധ്യം വളരെ കുറവാണ്‌.

മനുഷ്യരിലില്‍ കാണപ്പെടാത്ത ഒന്നാണ്‌ 'എന്‍-ഗ്ലൈക്കോലൈല്‍ന്യൂറാമിനിക്‌ ആസിഡ്‌' (N-glycolylneuraminic acid -Neu5Gc) എന്ന പഞ്ചസാര തന്മാത്ര. മറ്റ്‌ ജീവികളില്‍ ഈ തന്മാത്ര സുലഭമായുണ്ട്‌. മാംസാഹാരം വഴി ഇത്‌ മനുഷ്യ ശരീരത്തിലെത്തുന്നു. മാരകമായ ഭക്ഷ്യവിഷബാധയ്‌ക്കിടയാക്കുന്ന 'സബ്‌ടിലേസ്‌ സൈറ്റോടോക്‌സിന്‍' (subtilase cytotoxin) എന്ന വിഷവസ്‌തു ഉത്‌പാദിപ്പിക്കാന്‍ ഒരിനം ഇ-കോളി ബാക്ടീരിയയ്‌ക്ക്‌ ഈ തന്മാത്ര അവസരമൊരുക്കുന്നു എന്നാണ്‌ ഇപ്പോഴത്തെ കണ്ടെത്തല്‍. രക്തത്തോടുകൂടിയ കഠിന വയറിളക്കത്തിന്‌ ഈ വിഷവസ്‌തു കാരണമാകും.

ഹീമോലിറ്റിക്ക്‌ യുറേമിക്‌ സിന്‍ഡ്രോം (HUS) എന്ന്‌ ഈ മാരകരോഗം, 'ഹാംബര്‍ഗര്‍ രോഗം' എന്നും അറിയപ്പെടുന്നു. കേടുവന്ന ഇറച്ചി കഴിക്കുന്നവരില്‍ ഉണ്ടാകുന്ന അസുഖമായതിനാലാണ്‌ ഈ പേര്‌. `ശരീരം ആഗിരണം ചെയ്യുന്ന ആ പഞ്ചസാര തന്മാത്രകള്‍, ഇ-കോളി ബാക്ടീരിയ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുവിന്റെ പ്രവര്‍ത്തന ലക്ഷ്യമാവുകയാണ്‌ സംഭവിക്കുന്നത്‌'-ഡോ. അജിത്‌ വര്‍ക്കി പറയുന്നു.

മനുഷ്യരിലില്ലാത്തതും മറ്റ്‌ ജീവികളില്‍ കാണപ്പെടുന്നതുമായ ആ സവിശേഷ പഞ്ചസാര തന്മാത്രയെക്കുറിച്ച്‌ വര്‍ഷങ്ങളായി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ശാസ്‌ത്രജ്ഞനാണ്‌ ഡോ. അജിത്‌ വര്‍ക്കി. മനുഷ്യപരിണാമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍, ഏതാണ്ട്‌ 30 ലക്ഷം വര്‍ഷം മുമ്പാണ്‌ ആ തന്മാത്രയ്‌ക്ക്‌ കാരണമായ ജീന്‍ മനുഷ്യന്‌ നഷ്ടമായതെന്ന്‌ അദ്ദേഹവും സഹപ്രവര്‍ത്തകരും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ടെത്തിയിരുന്നു. ചില അസുഖങ്ങള്‍ മനുഷ്യരെ മാത്രം ബാധിക്കുന്നതിനും, മറ്റു ജീവികള്‍ക്ക്‌ പ്രശ്‌മുണ്ടാക്കാത്തതിനും ഒരു കാരണം ആ പഞ്ചസാര തന്മാത്രയുടെ അഭാവമാണെന്ന്‌ കരുതുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന പല സവിശേഷതകള്‍ക്കും (മസ്‌തിഷ്‌ക്ക വലിപ്പം ഉദാഹരണം) കാരണം ആ ജീന്‍ നഷ്ടമാണെന്നും വാദമുണ്ട്‌.

മാംസവും പാലുത്‌പന്നങ്ങളും കഴിക്കുമ്പോള്‍ Neu5Gc എന്ന തന്മാത്ര മനുഷ്യന്റെ കോശപാളികള്‍ ആഗിരണം ചെയ്യുന്നതായി അഞ്ചുവര്‍ഷം മുമ്പ്‌ ഡോ. അജിത്‌ വര്‍ക്കി കണ്ടെത്തുകയുണ്ടായി. രക്തധമനികളിലും കുടലിലുമുള്ള കോശങ്ങളുടെ പ്രതലത്തിലാണ്‌ ഈ തന്മാത്ര കുടിയേറുകയെന്നും തെളിയുകയുണ്ടായി. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ പ്രതികരണമുണ്ടാക്കാന്‍ ഈ തന്മാത്രകള്‍ക്കു കഴിയും. അതിന്റെ ഫലമായി കോശപാളികളില്‍ നീര്‍ക്കെട്ടുണ്ടാകാറുമുണ്ട്‌.

യു.സി.എസ്‌.ഡി.യിലെ 'ഗ്ലൈക്കോബയോളജി റിസര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിങ്‌ സെന്ററി'ന്റെ സഹമേധാവിയായ ഡോ. അജിത്‌ വര്‍ക്കിയുടെ കുടുംബവേരുകള്‍ കേരളത്തിലാണ്‌. മാവേലിക്കര ആലിന്റെ തെക്കേതില്‍ കുടുംബത്തിലെ അംഗവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന എ. എം. വര്‍ക്കിയുടെ മകന്‍ മാത്യു വര്‍ക്കിയാണ്‌ ഡോ. അജിത്‌ വര്‍ക്കിയുടെ പിതാവ്‌. പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ പോത്തന്‍ ജോസഫിന്റെ മകള്‍ അന്ന വര്‍ക്കിയാണ്‌ മാതാവ്‌. വെല്ലൂര്‍ മെഡിക്കല്‍കോളേജില്‍ നിന്ന്‌ മെഡിസിനില്‍ ബിരുദമെടുത്ത അജിത്‌ വര്‍ക്കി, സെന്റ്‌ ലൂയിസിലെ വാഷിങ്‌ടണ്‍ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ്‌ കാലിഫോണിയ സര്‍വകലാശാലയില്‍ ചേര്‍ന്നത്‌. ഭാര്യ ഡോ. നിസ്സി വര്‍ക്കിയും ഇതേ സര്‍വകലാശാലയില്‍ ഗവേഷകയാണ്‌. പുതിയ കണ്ടെത്തല്‍ നടത്തിയ സംഘത്തില്‍ ഡോ. നിസ്സിയും അംഗമായിരുന്നു.
(അവലംബം: നേച്ചര്‍, കാലിഫോര്‍ണിയ സര്‍വകലാശാല-സാന്‍ ഡിയേഗോയുടെ വാര്‍ത്താക്കുറിപ്പ്‌. കടപ്പാട്‌: മാതൃഭൂമി)

Saturday, November 01, 2008

സുനാമി: ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസം

2004-ല്‍ ഏഷ്യയിലാകെ ദുരന്തം വിതച്ച സുനാമി, ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം സംഭവിച്ച കൊടുംദുരന്തമല്ലെന്ന്‌ ഗവേഷകര്‍. കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണത്രേ, ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സുനാമി.

സുമാത്രയ്‌ക്കു സമീപം 2004 ഡിസംബര്‍ 26-നുണ്ടായ സമുദ്രഭൂകമ്പത്തിന്റെയും, അതേത്തുടര്‍ന്ന്‌ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നാശം വിതച്ച സുനാമിയുടെയും നടുക്കം ഇപ്പോഴും ശരിക്ക്‌ മാറിയിട്ടില്ല. 30 മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിച്ച മരണത്തിരകള്‍ ആഞ്ഞടിച്ചു. ഏതാണ്ട്‌ രണ്ടേകാല്‍ ലക്ഷം പേരാണ്‌ ആ ദുരന്തത്തില്‍ മരിച്ചത്‌. ഇന്ത്യയുള്‍പ്പടെ മേഖലയിലെ 11 രാജ്യങ്ങളെ സുനാമി നേരിട്ടു ബാധിച്ചു.

9.1 നും 9.3 നും മധ്യേ തീവ്രതയുള്ള സമുദ്രഭൂകമ്പമാണ്‌, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുനാമികളിലൊന്നിന്‌ നിമിത്തമായത്‌. എന്നാല്‍, 2004-ലേത്‌ മേഖലയില്‍ ഇത്തരത്തിലുണ്ടായ ആദ്യ സുനാമി ദുരന്തമല്ലത്രെ. മുമ്പും ഇതുപോലെ ഭീമന്‍ സുനാമിദുരന്തം ഇന്ത്യന്‍ മഹാസമുദ്ര മേഖല നേരിട്ടിട്ടുള്ളതായി പുതിയൊരു ഗവേഷണം പറയുന്നു. ഏതാണ്ട്‌ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസമാണ്‌ ഏഷ്യന്‍ സുനാമിയെന്നാണ്‌ ഗവേഷണം നല്‍കുന്ന സൂചന.

ഇന്‍ഡൊനീഷ്യയില്‍ സുമാത്രയിലെയും തായ്‌ലന്‍ഡിലെയും തീരപ്രദേശത്ത്‌ അടിഞ്ഞുകൂടിയ മണല്‍പ്പാളികള്‍ പരിശോധിച്ച അന്താരാഷ്ട്ര ഗവേഷകരാണ്‌, മുമ്പും മേഖലയില്‍ സുനാമി ദുരന്തമുണ്ടായിട്ടുണ്ട്‌ എന്ന്‌ കണ്ടെത്തിയത്‌. 600-700 വര്‍ഷം മുമ്പ്‌്‌ മേഖല 2004-ലേത്‌ പോലൊരു ദുരന്തത്തിന്‌ ഇരയായെന്ന്‌, 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ഏതാണ്ട്‌ അതേ ഇടവേളയ്‌ക്ക്‌ മുമ്പ്‌ മറ്റൊന്ന്‌ ഉണ്ടായതിന്റെയും തെളിവ്‌ ഗവേഷകര്‍ക്ക്‌ ലഭിച്ചു. ഭാവി ദുരന്തങ്ങള്‍ പ്രവചിക്കാന്‍ തുണയായേക്കാവുന്ന പഠനമാണിത്‌.

ഭൂകമ്പത്തിന്‌ ശേഷം സംഹാരശക്തിയോടെ കരയിലേക്ക്‌ അടിച്ചു കയറുന്ന തിരമാലകള്‍, തീരത്തുനിന്ന്‌ ഉള്ളിലേക്ക്‌ വന്‍തോതില്‍ മണല്‍ എത്തിക്കും. സുനാമി എത്ര വലുതാണോ അത്രയും ഉള്ളിലേക്ക്‌ മണല്‍ എത്തിയിട്ടുണ്ടാകും. കാറ്റ്‌ മൂലമോ ഒഴുക്കുവെള്ളത്തിന്റെ സഹായത്താലോ മണല്‍ എത്താത്ത സ്ഥലത്ത്‌ കാണപ്പെടുന്ന ഇത്തരം അവശിഷ്ടങ്ങള്‍ ചരിത്രരേഖ തന്നെയാണ്‌. ലോകത്തെവിടെയും മുമ്പുണ്ടായ സുനാമികളെക്കുറിച്ച്‌ പഠിക്കാന്‍ തീരപ്രദേശത്തെ മണലിന്റെ ഇത്തരം അടരുകളാണ്‌ സഹായകമാകുന്നത്‌.

രണ്ട്‌ അന്താരാഷ്ട്രസംഘങ്ങളാണ്‌ ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ പഴയ സുനാമികളെക്കുറിച്ച്‌ പഠിച്ചത്‌. തായ്‌ലന്‍ഡില്‍ ചുലലോംഗ്‌കോണ്‍ സര്‍വകലാശാലയിലെ കരുവാവുന്‍ ജാന്‍കായേവിന്റെ നേതൃത്വത്തിലുള്ള സംഘവും, പിറ്റ്‌സ്‌ബര്‍ഗ്‌ സര്‍വകലാശാലയിലെ കാട്രിന്‍ മൊനികെയുടെ നേതൃത്വത്തിലുള്ള സംഘവും. ഇതില്‍ ആദ്യ ഗ്രൂപ്പ്‌ തായ്‌ലന്‍ഡിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഫാര തോങ്‌ ദ്വീപിലെ 150 കേന്ദ്രങ്ങള്‍ പരിശോധിച്ചു. കാട്രിന്റെ നേതൃത്വത്തിലുള്ള സംഘം, സുമാത്രയിലെ ആച്ചേയ്‌ മേഖലയിലെ നൂറിടങ്ങളില്‍ നിന്ന്‌ തെളിവ്‌ ശേഖരിച്ചു.

ഇരുകൂട്ടരും പഠനം നടത്തിയ പ്രദേശങ്ങളില്‍ മേല്‍മണ്ണിനടിയില്‍ ഒരു പ്രത്യേക മണല്‍പ്പാളി ഉള്ളതായി കണ്ടു. 2004-ലെ സുനാമിയുടെ ഫലമായി രൂപപ്പെട്ട മണല്‍പ്പാളിയോട്‌ സദൃശ്യമുള്ളതായിരുന്നു അത്‌. റേഡിയോ കാര്‍ബണ്‍ സങ്കേതത്തിന്റെ സഹായത്തോടെ, മണ്ണിനടിയിലെ ആ മണല്‍പ്പാളിയുടെ പ്രായം എത്രയെന്ന്‌ അവര്‍ ഉത്തരം തേടി. രണ്ടു സംഘത്തിനും കിട്ടിയത്‌ ഏതാണ്ട്‌ ഒരേ ഉത്തരമായിരുന്നു: 600-700 വര്‍ഷം പഴക്കം.

ആ പഴയ പാളിയെക്കാള്‍ ആഴത്തില്‍ മറ്റൊരു മണല്‍പ്പാളിയുടെ കൂടി തെളിവ്‌ ഡോ. മൊനികെയ്‌ക്കും സംഘത്തിനും ലഭിച്ചു. അതിന്‌ പഴക്കം ഏതാണ്ട്‌ 1200 വര്‍ഷമായിരുന്നു. മേഖലയില്‍ വന്‍സുനാമികള്‍ ഏതാണ്ട്‌ 600 വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണിത്‌. 2004-ലേതുപോലെ, കരയില്‍ വളരെ ഉള്ളിലുള്ള സ്ഥലങ്ങളിലാണ്‌, പഴയ മണല്‍പ്പാളികളും കാണപ്പെട്ടത്‌. അതിനാല്‍, പഴയവയും ശക്തമായ സുനാമികളായിരുന്നു എന്നാണ്‌ മനസിലാക്കേണ്ടത്‌.

തായ്‌ സംഘത്തിന്‌ 1200 വര്‍ഷം പഴക്കമുള്ള മണല്‍പ്പാളിയെക്കുറിച്ച്‌ ചില സൂചനകളേ ലഭിച്ചുള്ളു. എന്നാല്‍, 2000 വര്‍ഷം മുമ്പുണ്ടായ മറ്റൊരു മണല്‍പ്പാളിയെപ്പറ്റി വളരെ വ്യക്തമായ തെളിവ്‌ കണ്ടെത്താന്‍ അവര്‍ക്കായി. ഭൂകമ്പപ്രവചനം ഇപ്പോഴും മനുഷ്യന്‌ അസാധ്യമാണ്‌. സമുദ്രഭൂകമ്പം എപ്പോഴും സുനാമി ഉണ്ടാക്കിക്കൊള്ളണമെന്നില്ല. എങ്കിലും, പുതിയ ഗവേഷണം നല്‍കുന്ന സൂചന, ഉടനെയൊന്നും ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ മറ്റൊരു സുനാമിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌. (അവലംബം: നേച്ചര്‍)