Friday, June 13, 2008

പ്ലൂട്ടോ പ്ലൂട്ടോയിഡ്‌ ആകുമ്പോള്‍

പ്ലൂട്ടോയുടെ പദവി സംബന്ധിച്ച്‌ പതിറ്റാണ്ടുകളായി ശാസ്‌ത്രസമൂഹത്തില്‍ നിലനിന്ന തര്‍ക്കവും വിവാദവും പ്ലൂട്ടോയിഡ്‌ തീരുമാനത്തോടെ അവസാനിക്കുമോ.

ആ അധ്യായം അവസാനിക്കുകയാണ്‌. 76 വര്‍ഷം നിലനിന്ന ഒന്‍പതാംഗ്രഹമെന്ന പ്രശസ്‌തി, അതിന്‌ ശേഷം 23 മാസത്തെ 'കുള്ളന്‍ഗ്രഹ'മെന്ന പദവി. പ്ലൂട്ടോ എന്ന ആകാശഗോളം ഇനി 'പ്ലൂട്ടോയിഡുകള്‍' എന്ന ഗണത്തിലാകും ഉള്‍പ്പെടുക. സൗരയൂഥത്തില്‍ നെപ്യൂണിന്‌ അപ്പുറത്തുള്ള കുള്ളന്‍ഗ്രഹങ്ങളാണ്‌ ഇനി മുതല്‍ പ്ലൂട്ടോയിഡുകള്‍ ആയി അറിയപ്പെടുക. 2008 ജൂണ്‍ 12-ന്‌ ഓസ്ലോയില്‍ ചേര്‍ന്ന, അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിന്റെ 'സ്‌മോള്‍ ബോഡി നോമന്‍ക്ലാച്യൂര്‍' കമ്മറ്റിയാണ്‌ ചരിത്രപ്രധാനമായ ഈ തീരുമാനമെടുത്തത്‌.
ഇതു പ്രകാരം, കിയ്‌പ്പര്‍ ബെല്‍ട്ട്‌ (Kuiper Belt) എന്നറിയപ്പെടുന്ന സൗരയൂഥത്തിന്റെ വിദൂരഭാഗത്ത്‌ സൂര്യനെ ചുറ്റുന്ന പ്ലൂട്ടോയും 'ഈറിസ്‌'(Eris) എന്ന കുള്ളന്‍ഗ്രഹവും പ്ലൂട്ടോയിഡുകള്‍ ആയിരിക്കും. ഏറ്റവും വലിയ ക്ഷുദ്രഗ്രഹമായ സിറിസ്‌ (Ceres) മാത്രമാണ്‌ ഇനി കുള്ളന്‍ഗ്രഹം. സൗരയൂഥത്തിന്റെ പുതിയ ഘടന ഇതാണ്‌ -സൂര്യം, എട്ടു ഗ്രഹങ്ങള്‍ (ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനെസ്‌, നെപ്യൂണ്‍), രണ്ട്‌ പ്ലൂട്ടോയിഡുകള്‍ (പ്ലൂട്ടോ, ഈറിസ്‌), ഒരു കുള്ളന്‍ഗ്രഹം (സിറിസ്‌). പിന്നെ ഗ്രഹങ്ങളെ ചുറ്റുന്ന 166 ഉപഗ്രഹങ്ങള്‍, ലക്ഷക്കണക്കിന്‌ ക്ഷുദ്രഗ്രഹങ്ങള്‍, ഡസണ്‍കണക്കിന്‌ വാല്‍നക്ഷത്രങ്ങള്‍, കിയ്‌പ്പര്‍ബെല്‍റ്റിലും അതിനപ്പുറത്തെ ഊര്‍റ്റ്‌മേഘ മേഖലയിലുമുള്ള പരശ്ശതം വസ്‌തുക്കള്‍, ധൂളീപടലങ്ങള്‍ ഒക്കെ സൗരയൂഥത്തിന്റെ ഭാഗമാണ്‌.
പ്ലൂട്ടോ-വിവാദങ്ങള്‍ അവസാനിക്കുമോ
പ്ലൂട്ടോയുടെ പദവി സംബന്ധിച്ച്‌ പതിറ്റാണ്ടുകളായി ശാസ്‌ത്രസമൂഹത്തില്‍ നിലനിന്ന തര്‍ക്കവും വിവാദവും ഈ പ്ലൂട്ടോയിഡ്‌ തീരുമാനത്തോടെ അവസാനിക്കുമോ. തീരുമെന്ന്‌ കരുതാന്‍ ന്യായമില്ല. പ്ലൂട്ടോയുടെ ഗ്രഹപദവി തിരികെക്കൊണ്ടുവരണം എന്നു വാദിക്കുന്ന ഒരു ന്യൂനപക്ഷം ഇപ്പോഴുമുണ്ട്‌. ഗ്രഹശാസ്‌ത്രം എന്നതിലേറെ, ഇക്കാര്യത്തില്‍ ചരിത്രപമായ അര്‍ഹത പ്ലൂട്ടോയ്‌ക്കുണ്ടെന്ന്‌ അവര്‍ കരുതുന്നു. പ്ലൂട്ടോ കണ്ടുപിടിക്കും മുമ്പുതന്നെ ആരംഭിച്ചതാണ്‌, പ്ലൂട്ടോ ഗ്രഹമാണോ അല്ലയോ എന്ന തര്‍ക്കം.
അമേരിക്കയില്‍ ബോസ്റ്റണില്‍ ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന പെര്‍സിവല്‍ ലോവലില്‍ (ഇദ്ദേഹത്തിന്റെ പേരിലാണ്‌ പ്രശസ്‌തമായ ലോവല്‍ ഒബ്‌സര്‍വേറ്ററി സ്ഥാപിക്കപ്പെട്ടത്‌) നിന്നാണ്‌ പ്ലൂട്ടോയുടെ കഥ ആരംഭിക്കേണ്ടത്‌. ചൊവ്വയില്‍ വലിയ ചാലുകള്‍ കാണപ്പെടുന്നുണ്ടെന്നും, അവിടെയുള്ളവര്‍ കൃഷിക്കു ജലസേചനം നടത്താന്‍ ഉപയോഗിക്കുന്നതാണ്‌ അവയെന്നും മറ്റുമുള്ള ഭ്രാന്തന്‍ ആശയങ്ങളുമായാണ്‌ ലോവല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. ഇത്തരം വാദങ്ങളുമായി തന്റെ വാനനിരീക്ഷണങ്ങള്‍ തുടരുന്നതിനിടെ, നെപ്‌ട്യൂണിനപ്പുറം ഒന്‍പതാമതൊരു ഗ്രഹമുണ്ടെന്ന്‌ ലോവലിന്‌ സൂചന ലഭിച്ചു. `എക്‌സ്‌ ഗ്രഹം' എന്ന്‌ അതിന്‌ പേരും നല്‍കി. യുറാനസിന്റെയും നെപ്‌ട്യൂണിന്റെയും ഭ്രമണപഥങ്ങളില്‍ കാണപ്പെട്ട ക്രമരാഹിത്യമാണ്‌ ഇത്തരമൊരു നിഗമനത്തിലെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. തന്റെ നിഗമനം പുറത്തുവിട്ടതിന്റെ പിറ്റേവര്‍ഷം, 1916-ല്‍, ലോവല്‍ അന്തരിച്ചു. അതിനാല്‍ 'ഒന്‍പതാമത്തെഗ്രഹം' എന്നത്‌ ലോവലിന്റെ മറ്റൊരു ഭ്രാന്തന്‍ ആശയമായി അവശേഷിച്ചു.
1929-ല്‍ ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ഡയറക്‌ടര്‍മാരാണ്‌, ലോവലിന്റെ ആശയത്തിന്‌ ജീവന്‍ നല്‍കിയത്‌. ഒന്‍പതാമതൊരു ഗ്രഹം ഉണ്ടെങ്കില്‍ അത്‌ കണ്ടുപിടിക്കാന്‍ അവര്‍ തീരുമാനിച്ചു. കാന്‍സാസ്‌ സ്വദേശിയായ ക്ലൈഡ്‌ ടോംബോ എന്ന യുവാവിനെ ആ ദൗത്യം ഏല്‍പ്പിച്ചു. പരിശീലനം സിദ്ധിച്ച ഒരു വാനനിരീക്ഷകനായിരുന്നില്ലെങ്കിലും, ഒരു വര്‍ഷം കൊണ്ട്‌ അയാള്‍ ലക്ഷ്യം കണ്ടു. 1930 ഫിബ്രവരി 18-ന്‌ ടോംബോ പുതിയ ആകാശഗോളത്തെ കണ്ടെത്തി. അതിന്‌ ഒട്ടേറെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും, പെര്‍സിവല്‍ ലോവലിന്റെ പേരിലെ ആദ്യാക്ഷരങ്ങള്‍ ആദ്യം വരുന്ന `പ്ലൂട്ടോ'യെന്ന പേര്‌ സ്വീകരിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ ഓക്‌സ്‌ഫഡിലെ പതിനൊന്നുകാരിയായ വെനേഷ്യ ഫയ്‌ര്‍ ആണ്‌, പാതാളലോകത്തിന്റെ അധിപനായ റോമന്‍ ദേവന്‍ പ്ലൂട്ടോയുടെ പേര്‌ പുതിയ ഗ്രഹത്തിന്‌ നിര്‍ദ്ദേശിച്ചത്‌. കിയ്‌പ്പര്‍ബെല്‍റ്റ്‌ ഒരു തണുത്തുറഞ്ഞ ഇരുണ്ടലോകമാണ്‌. അവിടെയാണ്‌ പ്ലൂട്ടോ സ്ഥിതിചെയ്യുന്നത്‌.
അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ അംഗീകരിച്ചില്ലെങ്കിലും, പ്ലൂട്ടോ ഒന്‍പതാമത്തെ ഗ്രഹമായി അറിയപ്പെട്ടു. ലോകമെങ്ങുമുള്ള പാഠപുസ്‌തകങ്ങളിലും അത്‌ രേഖപ്പെടുത്തി. അങ്ങനെ അമേരിക്കക്കാര്‍ കണ്ടുപിടിച്ച ആദ്യഗ്രഹമായി പ്ലൂട്ടോ. സൂര്യനില്‍ നിന്ന്‌ ശരാശരി 590 കോടി കിലോമീറ്റര്‍ അകലെയാണ്‌ പ്ലൂട്ടോ സ്ഥിതിചെയ്യുന്നത്‌. 248 ഭൗമവര്‍ഷം വേണം ഒരു തവണ സൂര്യനെ പ്രദക്ഷിണം വെയ്‌ക്കാന്‍. 2360 കിലോമീറ്റര്‍ ആണ്‌ വ്യാസം. 6.8 ഭൗമദിനം കൊണ്ട്‌ പ്ലൂട്ടോ ഒരു തവണ സ്വയംഭ്രമണം ചെയ്യുന്നു. ഭൂമിയുടേ ആറ്‌ ശതമാനം മാത്രമാണ്‌ ഗുരുത്വാകര്‍ഷണം. പ്രതല ഊഷ്‌മാവ്‌ മൈനസ്‌ 233 ഡിഗ്രി സെല്‍സിയസ്‌. മൂന്ന്‌ ഉപഗ്രഹങ്ങള്‍-കെയ്‌റണ്‍, നിക്‌സ, ഹൈഡ്ര. ഇവയില്‍ കെയ്‌റണിനെ ജയിംസ്‌ ക്രിസ്റ്റിയെന്ന ഗവേഷകന്‍ 1978-ലാണ്‌ കണ്ടുപിടിച്ചത്‌. മറ്റു രണ്ടു ഉപഗ്രഹങ്ങളെ ഹബ്ബിള്‍ സ്‌പേസ്‌ടെലസ്‌കോപ്പ്‌ 2005-ല്‍ തിരിച്ചറിഞ്ഞു.
വെറും 2360 കിലോമീറ്റര്‍ വ്യാസം മാത്രമുള്ള ആകാശഗോളത്തെ ഗ്രഹമായി അംഗീകരിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, കണ്ടുപിടിച്ച്‌ എഴുപത്‌ വര്‍ഷത്തിന്‌ ശേഷം അതൊരു ഗ്രഹമാണെന്ന്‌ രേഖാമൂലമുള്ള അറിയിപ്പ്‌ അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ 1999 ഫിബ്രവരിയില്‍ പുറപ്പെടുവിച്ചു. (ആകാശഗോളങ്ങളെ അംഗീകരിക്കാനും നാമകരണം ചെയ്യാനുമുള്ള ഉത്തരവാദിത്വം 1919 മുതല്‍ അസ്‌ട്രോണമിക്കല്‍ യൂണിയാനാണ്‌). ഇതുവെച്ചു നോക്കിയാല്‍, ഔദ്യോഗികമായി വെറും ഏഴുവര്‍ഷം മാത്രം നിലനിന്ന ഗ്രഹപദവിയാണ്‌ പ്ലൂട്ടോയ്‌ക്ക്‌ നഷ്ടമായത്‌.
പ്ലൂട്ടോയ്‌ക്കു വിനയായത്‌ 'പത്താമത്തെഗ്രഹം'
`പത്താമത്തെ ഗ്രഹ'മെന്നു വിശേഷിപ്പിക്കട്ട `2003യുബി313'(ഈറിസ്‌)യെ കണ്ടെത്തിയതായി 2005 ജൂലായ്‌ 29-നാണ്‌ പ്രഖ്യാപിക്കപ്പെട്ടത്‌. കിയ്‌പ്പര്‍ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന അതിന്‌ പ്ലൂട്ടോയുടെ ഒന്നര മടങ്ങ്‌ വലുപ്പമുണ്ട്‌. കാലഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌)യിലെ ഗവേഷകനായ മൈക്ക്‌ ബ്രൗണും സംഘവും കണ്ടെത്തിയ ഈ ആകാശഗോളമാണ്‌ ശരിക്കുപറഞ്ഞാല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി തെറിപ്പിച്ചത്‌. പ്ലൂട്ടോയുടെ ഗ്രഹപദവി നിലനിര്‍ത്തുകയും, അതിന്റെ ഒന്നര മടങ്ങ്‌ വലുപ്പമുള്ള ആകാശഗോളത്തെ ഗ്രഹമായി അംഗീകരിക്കതിരിക്കുകയും ചെയ്യുന്നത്‌ ശരിയല്ലെന്ന്‌ ഒരുകൂട്ടം വാനനിരീക്ഷകര്‍ വാദിച്ചു.
പ്ലൂട്ടോയെ കണ്ടുപിടിക്കുന്ന കാലത്ത്‌ വാനനിരീക്ഷണ സംവിധാനങ്ങള്‍ ഇന്നത്തെയത്ര വികസിച്ചിരുന്നില്ല. സൗരയൂഥത്തില്‍ കിയ്‌പ്പര്‍ ബെല്‍റ്റെന്ന ഇരുണ്ട ലോകത്ത്‌ ആകാശഗോളങ്ങളെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. ആധുനിക നിരീക്ഷണ സങ്കേതങ്ങള്‍ രംഗത്തെത്തിയതോടെ കിയ്‌പ്പര്‍ ബല്‍ട്ടിലും ഒളിച്ചിരിക്കുക എളുപ്പമല്ലാതായി. സമീപകാലത്ത്‌ ഒട്ടേറെ കൂറ്റന്‍ ഹിമഗോളങ്ങളെ ആ പ്രദേശത്ത്‌ വാനനിരീക്ഷകര്‍ കണ്ടെത്തുകയുണ്ടായി. 2002-ല്‍ കണ്ടെത്തിയ `ക്വോവറി' ന്റെ വ്യാസം 1280 കിലോമീറ്ററാണ്‌. 2004-ല്‍ കണ്ടെത്തിയ `സെഡ്‌ന'യ്‌ക്ക്‌ 1800 കിലോമീറ്റര്‍ വ്യാസമുണ്ട്‌. 2002 ഡിസംബറില്‍ മാത്രം കിയ്‌പ്പര്‍ ബെല്‍ട്ടില്‍ നെപ്യൂണിനിപ്പുറത്തേക്ക്‌ സഞ്ചാരപഥം നീളുന്ന അറുന്നൂറിലേറെ വസ്‌തുക്കളെ ഗവേഷകര്‍ കണ്ടെത്തി. `പ്ലൂട്ടിനോസ്‌' എന്ന്‌ ചിലര്‍ വിളിക്കുന്ന ഈ വസ്‌തുക്കളില്‍ ചിലതിന്‌ പ്ലൂട്ടോയുടെ മുഖ്യഉപഗ്രഹമായ കെയ്‌റണിന്റെയത്ര വലുപ്പമുണ്ട്‌. ആ വലുപ്പമുള്ള ഒരു ആകാശഗോളത്തിന്‌ നല്‍കിയിരിക്കുന്ന പേര്‌ `വരുണ'യെന്നാണ്‌.
ഈ പശ്ചാത്തലത്തിലാണ്‌, അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്റെ പ്രാഗില്‍ നടന്ന പൊതുസഭാസമ്മേളനം 2006 ആഗസ്‌ത്‌ 24-ന്‌ പ്ലൂട്ടോയുടെ ഗ്രഹപദവി തള്ളിക്കൊണ്ടുള്ള സുപ്രധാന തീരുമാനമെടുത്തത്തത്‌. ഇനി മുതല്‍ സൗരയൂഥത്തില്‍ നവഗ്രഹങ്ങള്‍ക്കു പകരം അഷ്ടഗ്രഹങ്ങളേ ഉണ്ടാകൂ എന്നായിരുന്നു ആ പ്രഖ്യാപനം. 75 രാജ്യങ്ങളില്‍ നിന്നായി 2700 ജ്യോതിശാസ്‌ത്രജ്ഞര്‍ പങ്കെടുത്ത സമ്മേളനത്തിനൊടുവില്‍ അംഗീകരിച്ച ഗ്രഹനിര്‍വചനം പ്രകാരമാണ്‌ പ്ലൂട്ടോ ഗ്രഹമല്ലാതായത്‌.
ഈ നിര്‍വചനം അനുസരിച്ച്‌ സൂര്യനെ ചുറ്റിസഞ്ചരിക്കുന്ന ഒരു ഗോളം ഗ്രഹമാകണമെങ്കില്‍, അതിന്‌ സ്വയം ഗോളാകൃതി കൈവരിക്കാന്‍ വേണ്ട ഗുരുത്വാകര്‍ഷണബലത്തിന്‌ ആവശ്യമായ പിണ്ഡം ഉണ്ടായിരിക്കണം. മാത്രമല്ല, സ്വന്തം ഭ്രമണപഥത്തിനരികില്‍ മറ്റു വസ്‌തുക്കളെ അനുവദിക്കയുമരുത്‌. പ്ലൂട്ടോ ചില കാലയളവില്‍ നെപ്‌ട്യൂണിന്റെ ഭ്രമണപഥം മറികടന്ന്‌ ഇപ്പുറത്തെത്താറുണ്ട്‌. അതിനാല്‍, സ്വാഭാവികമായും ഈ നിര്‍വചനപ്രകാരം പ്ലൂട്ടോ ഗ്രഹമല്ലാതായി.
പ്ലൂട്ടോയെ കണ്ടുപിടിച്ച ക്ലൈഡ്‌ ടോംബോ പത്തുവര്‍ഷം മുമ്പാണ്‌ അന്തരിച്ചത്‌. അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടവും വഹിച്ചുകൊണ്ടാണ്‌, 'നാസ'യുടെ ആദ്യ പ്ലൂട്ടോപര്യവേക്ഷണപേടകമായ 'ന്യൂ ഹൊറൈസെണ്‍സ്‌ ' ഭൂമിയില്‍ നിന്ന്‌ യാത്രതിരിച്ചത്‌. 2006 ജനവരി 19-ന്‌ ഫ്‌ളോറിഡയില്‍ നിന്ന്‌ നാസയുടെ ആ വാഹനം പുറപ്പെടുമ്പോള്‍, പ്ലൂട്ടോ ഒരു ഗ്രഹമായാണ്‌ അറിയപ്പെട്ടിരുന്നത്‌. 2015 ജൂലായ്‌ക്കും 2017 ജൂലായ്‌ക്കും മധ്യേ പ്ലൂട്ടോയ്‌ക്ക്‌ സമീപം ആ ബഹിരാകാശപേടകം എത്തുമ്പോള്‍ അവിടെ അതിനെ കാത്തിരിക്കുന്നത്‌ (ഇപ്പോഴത്തെ നിലയ്‌ക്ക്‌) വെറുമൊരു പ്ലൂട്ടോയിഡ്‌ മാത്രമാകും. (അവലംബം:നാസ, എ.എഫ്‌.പി, ബില്‍ ബ്രൗസന്‍ രചിച്ച 'എ ഷോര്‍ട്ട്‌ ഹിസ്‌റ്ററി ഓഫ്‌ നിയര്‍ലി എവരിതിങ്‌', വിക്കിപീഡിയ)

6 comments:

Joseph Antony said...

പ്ലൂട്ടോയെ കണ്ടുപിടിച്ച ക്ലൈഡ്‌ ടോംബോ പത്തുവര്‍ഷം മുമ്പാണ്‌ അന്തരിച്ചത്‌. അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടവും വഹിച്ചുകൊണ്ടാണ്‌, 'നാസ'യുടെ ആദ്യ പ്ലൂട്ടോപര്യവേക്ഷണപേടകമായ 'ന്യൂ ഹൊറൈസെണ്‍സ്‌' ഭൂമിയില്‍ നിന്ന്‌ യാത്രതിരിച്ചത്‌. 2006 ജനവരി 19-ന്‌ ഫ്‌ളോറിഡയില്‍ നിന്ന്‌ നാസയുടെ ആ വാഹനം പുറപ്പെടുമ്പോള്‍, പ്ലൂട്ടോ ഒരു ഗ്രഹമായാണ്‌ അറിയപ്പെട്ടിരുന്നത്‌. 2015 ജൂലായ്‌ക്കും 2017 ജൂലായ്‌ക്കും മധ്യേ പ്ലൂട്ടോയ്‌ക്ക്‌ സമീപം ആ ബഹിരാകാശപേടകം എത്തുമ്പോള്‍ അവിടെ അതിനെ കാത്തിരിക്കുന്നത്‌ (ഇപ്പോഴത്തെ നിലയ്‌ക്ക്‌) വെറുമൊരു പ്ലൂട്ടോയിഡ്‌ മാത്രമാകും.

Kailash said...

എന്നത്തേയും പോലെ മനോഹരമായിരിക്കുന്നു ലേഖനം. ഒരു കമ‌ന്റ് എഴുതാന്‍ ഇതു വരെ ഒരവസരം ലഭിക്കാത്തതിനു ക്ഷമ ചോദിക്കുന്നു.

2006‍ല്‍ പ്ലൂട്ടോ ഗ്രഹപ്പട്ടികയി‍ല്‍ നിന്നു പുറത്തായപ്പോള്‍ ഇവിടെ ലണ്ടനില്‍ പലയിടങളിലായി പ്രതിഷേധ പ്രകടനങള്‍ നടന്നതു ഞാന്‍ ഓര്‍ക്കുന്നു. എല്ലാവരുടേയും ഓമന (പൂര്‍വ്വ)‍‍‍‍‍‍ഗ്രഹമായി മാറിയിരിക്കുന്നു പ്ലൂട്ടോ.

Joseph Antony said...

കൈലാഷ്‌,
വര്‍ഷങ്ങള്‍ക്കുമുമ്പ്‌
മലയാളത്തില്‍ പലരും ബ്ലോഗെന്നു കേള്‍ക്കുക പോലും ചെയ്യുന്നതിനും മുമ്പ്‌, ബ്ലോഗ്‌ എന്ന വാക്ക്‌ എനിക്കു മുന്നില്‍ ആദ്യം ഉച്ഛരിക്കുകയും, അത്തരമൊരു മാധ്യമത്തിലേക്ക്‌ എന്റെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‌ത താങ്ങള്‍, എന്റെ ബ്ലോഗില്‍ ആദ്യമായി കമന്റ്‌ ഇട്ടിരിക്കുന്നു. സന്തോഷം, ആശംസകള്‍

magic and only M A G I C said...

ചത്തതിന്റെ ജാതകം നോക്കണോ?

Suraj said...

മനോഹരമായി മാഷേ ഈ അനുസ്മരണം. എന്തൊക്കെപ്പറഞ്ഞാലും ‘ഒന്‍പതാമത്തെ ഗ്രഹം പ്ലൂട്ടോ’യെന്ന് കുറേക്കാലം പറഞ്ഞു പഠിച്ച ഒരു തലമുറ ഇവിടെയുണ്ടല്ലോ. അവര്‍ക്ക് ഇനിയത് ഓര്‍മ്മമാത്രം :)

പിന്നെ, ഈറിസ് (Eris)എന്നാണ് ആ പേരിന്റെ ഉച്ചാരണം. ഈറിസ് എന്നാല്‍ കലഹത്തിന്റെ ഗ്രീക്ക് ദേവതയാണ്. 2003UB313 എന്ന താല്‍ക്കാലിക നാമത്തില്‍ നിന്നും സീന(xena) എന്നാണ് മൈക്ക് ബ്രൌണ്‍ ആദ്യം പേരു മാറ്റിയതെങ്കിലും ഒടുവില്‍ ഇതേചൊല്ലിയുള്ള കച്ചറകള്‍ക്ക് ശേഷം മൂപ്പര്‍ തന്നെയാണ് ‘ഈറിസ്’ എന്ന ഇപ്പോഴത്തെ പേര് ആസ്ട്രോണമിക്കല്‍ യൂണിയനു സമര്‍പ്പിച്ചതും :)

Joseph Antony said...

മാജിക്കേ,
കിടക്കട്ടെ ചത്തതിന്റെ ഒരു ജാതകം,
സൂരജ്‌,
വളരെ നന്ദി, ആ തിരുത്തിന്‌