മദ്യക്കുപ്പിയുടെ പുറത്ത് കാണാറില്ലേ 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന്. 'പുകവലി അര്‍ബുദത്തിന് കാരണമാകും' എന്ന മുന്നറിയിപ്പ് സിഗരറ്റ് പാക്കറ്റിന് പുറത്തും കാണാം.
ഇതുപോല ലേബലില്‍ മുന്നറിയിപ്പ് കാണിച്ച് മാത്രമേ ഇനി മുതല്‍ അമേരിക്കയില്‍ ഹോമിയോപ്പതി മരുന്നുകളുടെ ഓവര്‍ ദി കൗണ്ടര്‍ വില്‍പ്പന പാടുള്ളൂ. 'മിക്ക ആധുനിക മെഡിക്കല്‍ വിദഗ്ധരും അംഗീകരിക്കാത്ത' കാലഹരണപ്പെട്ട സിദ്ധാന്തമുപയോഗിച്ച് നിര്‍മിക്കുന്നവയാണ് ഈ മരുന്നുകള്‍, ഇവ 'ഗുണം ചെയ്യുമെന്നതിന് ശാസ്ത്രീയമായ ഒരു തെളുവുമില്ല' എന്നാണ് ഹോമിയോപ്പതി മരുന്നുകളുടെ ലേബലില്‍ മുന്നറിയിപ്പ് നല്‍കേണ്ടത്.
ഇങ്ങനെ മുന്നറിയിപ്പ് നല്‍കാതെ ഹോമിയോപ്പതി മരുന്നുകള്‍ വിറ്റാല്‍, ഇനി മുതല്‍ ആ നടപടി യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ ( FTC ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ( https://goo.gl/uMGg4p ) വിരുദ്ധമായിരിക്കും. മറ്റ് മോഹമരുന്നുകളുടെ കാര്യത്തിലെന്ന പോലുള്ള നിയന്ത്രണമാണ് ഹോമിയോപ്പതി മരുന്നുകളുടെ കാര്യത്തിലും എഫ്ടിസി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം ചികിത്സാരീതികളുടെ പരസ്യങ്ങളും മരുന്നുകളും ഉപയോക്താക്കളെ 'തെറ്റിദ്ധരിപ്പിക്കാതിരിക്കാനാ'ണ് ഈ നടപടിയെന്ന് ട്രേഡ് കമ്മീഷന്‍ വ്യക്തമാക്കുന്നു. 1700 കളില്‍ വികസിപ്പിച്ച ചില തിയറികാളാണ് ഹോമിയോപ്പതി മരുന്നുകള്‍ക്ക് അടിസ്ഥാനമെന്നും, അവ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തെളിവുകളുടെ പിന്‍ബലമില്ലെന്നും ഉപയോക്താക്കള്‍ അറിയണം എന്നതുകൊണ്ടാണ് ഇത്തരമൊരു പോളിസി സ്‌റ്റേറ്റ്‌മെന്റ് പുറപ്പെടുവിച്ചതെന്ന് ട്രേഡ് കമ്മീഷന്‍ വ്യക്തമാക്കി (അവലംബം: Chemistry World. https://goo.gl/sKoqkW).
'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ ഹോമിയോപ്പതിയെപ്പറ്റി രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ച ലേഖനം ചര്‍ച്ച ചെയ്യാനും അതെക്കുറിച്ച് പ്രതികരിക്കാനും സമയവും മനസും കണ്ടെത്തിയ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായില്ല എന്നത് ഒരു പോരായ്‌മയായി തോന്നാം. അതിനാല്‍, പ്രതികരിച്ച എല്ലാവരുടെയും വാക്കുകളും വാദഗതികളും അംഗീകരിച്ചു കൊണ്ട്, എന്റെ പ്രതികരണം ഈ പോസ്‌റ്റായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇത് ആര്‍ക്കെങ്കിലുമുള്ള മറുപടിയല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഹോമിയോയെക്കുറിച്ച് ഉയരാറുള്ള പതിവു വാദഗതികള്‍ എത്ര ശരിയാണെന്ന് ചില അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള പരിശോധന മാത്രം.
-ആദ്യമേ സൂചിപ്പിക്കട്ടെ, ഞാനെഴുതിയത് ഹോമിയോപ്പതിയെന്ന ചികിത്സാസമ്പ്രദായത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചാണ്. അല്ലാതെ ആയുര്‍വേദത്തെയും മറ്റ് സമാന്തര ചികിത്സാരീതികളെയും കുറിച്ചല്ല; അവയുടെ കാര്യത്തിലും വിരുദ്ധ വാദഗതികള്‍ ഉണ്ടാകാമെങ്കിലും. ഹോമിയോ എത്ര ഫലപ്രദമാണ്. സാമാന്യയുക്തിക്കു പോലും നിരക്കാത്ത അതിന്റെ പിന്നാലെ സാധാരണക്കാര്‍ എന്തുകൊണ്ട് പോകുന്നു. എത്രവലിയ തട്ടിപ്പാണ് ഈ ചികിത്സാരീതിക്കു പിന്നിലുള്ളതെന്ന് ബോധമുള്ള എത്ര ശതമാനം പേര്‍ നമ്മുക്കിടിയിലുണ്ടാകും എന്നൊക്കെയുള്ള സംഗതികള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നു തോന്നുന്നു.
ഹോമിയോ ചികിത്സയെ ആശ്രയിക്കുന്ന ഒട്ടേറെപ്പേരെ എനിക്ക് നേരിട്ടറിയാം. മുഖക്കുരു മുതല്‍ ഗര്‍ഭാശയമുഴയ്‌ക്കു വരെ ഹോമിയോ മരുന്നു കഴിക്കുന്നവര്‍ അതില്‍ പെടുന്നു. സൈനസൈറ്റിസ്, ആസ്‌ത്മ തുടങ്ങി എത്രയോ രോഗങ്ങള്‍ ഹോമിയോപ്പതി മൂലം ചികിത്സിച്ചു ഭേദമായതിന്റെ സാക്ഷ്യങ്ങള്‍ സുലഭം. ഈ മാതിരി സാക്ഷ്യങ്ങള്‍ കേട്ട് പലരും ശുപാര്‍ശ ചെയ്യും; 'കുട്ടികള്‍ക്ക് ഹോമിയോപ്പതിയാണ് എപ്പോഴും നല്ലത്. അലോപ്പതിയില്‍ പോയി വെറുതെയെന്തിന് ആന്റിബയോട്ടിക്ക് നല്‍കി കുഴപ്പത്തില്‍ ചാടുന്നു". അല്ലെങ്കില്‍, "സൈനസൈറ്റിസോ, അതിന് ഹോമിയോപ്പതിയിലേ മരുന്നുള്ളൂ". "സര്‍ജറിയല്ലേ മോഡേണ്‍ മെഡിസിനിലെ അവസാന ആശ്രയം, ഹോമിയോയുടെ കാര്യം അതല്ല."
ഈ അഭിപ്രായം പറഞ്ഞവരോട് ചോദിച്ചുനോക്കൂ, എന്തുകൊണ്ട് അവര്‍ ഇങ്ങനെയൊരു അഭിപ്രായപ്പെട്ടുവെന്ന്. കൃത്യമായി മറുപടി കിട്ടണമെന്നില്ല. "എനിക്ക് അനുഭവമുള്ളതാണ്", അല്ലെങ്കില്‍, "ചേച്ചിയുടെ കുടുംബത്തിലെല്ലാവരും ഹോമിയോയാണ് ചികിത്സിക്കുന്നത്", "അപ്പുറത്തെ വീട്ടിലെ സാറ് പറഞ്ഞല്ലോ ഹോമിയോപ്പതിയാണ് നല്ലതെന്ന്", "ഇന്ന മാസികയില്‍ വായിച്ചല്ലോ ഇതിന് ഹോമിയോ ഫലപ്രദമാണെന്ന്"- ഇമ്മാതിരി മറുപടികളാവും കിട്ടുക. കാന്തക്കിടക്ക, കോണി ബയോ തുടങ്ങിയ മോഹചികിത്സകളുടെ കാര്യത്തിലും ഇത്തരം മറുപടികളാണ് സാധാരണഗതിയില്‍ ലഭിക്കുകയെന്നത് കൗതുകമുണര്‍ത്തുന്നു.
ഈ കുറിപ്പ് തയ്യാറാക്കുന്ന വേളയിലുണ്ടായ ഒരു സംഭവം വിവരിക്കട്ടെ. കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലായ് 6) വൈകുന്നേരം കോഴിക്കോട് നഗരപരിസരത്ത് ഒരു വനിതാ ഹോമിയോ ഡോക്ടറുടെ ഒരു വയസ്സു തികയാത്ത കുഞ്ഞിന് പനി കലശലായി. മൂന്നുനാലു ദിവസം മുമ്പ് തുടങ്ങിയതാണ് അസുഖം. ഹോമിയോമരുന്നു നല്‍കി വരികയായിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ പനി കടുത്തു, ജന്നിയിളകുന്ന ഘട്ടത്തിലെത്തി. ആ സമയത്താണ് ഹോമിയോ ഡോക്ടറുടെ ബന്ധുവായ ജേര്‍ണലിസം വിദ്യര്‍ത്ഥി അവിടെ എത്തുന്നത്. രാത്രി ഒന്‍പതു മണിയായിക്കാണും. കുഞ്ഞിന്റെ അവസ്ഥ കണ്ട് പന്തികേടു തോന്നിയ വിദ്യാര്‍ത്ഥി ഡോക്ടറോട് കുഞ്ഞിന്റെ പനി കുറയ്‌ക്കാന്‍ എന്തെങ്കിലും അടിയന്തരമായി ചെയ്യാന്‍ ആവശ്യപ്പെട്ടു.
"കുഞ്ഞ് പനി മൂത്ത് ഞെരിപിരി കൊള്ളുകയായിരുന്നു, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ശരീരത്തിന്റെ വിറ മാറുന്നില്ല"-ഇക്കാര്യം പിറ്റേന്ന് എന്നോടു വിവരിക്കുമ്പോള്‍ ആ വിദ്യാര്‍ത്ഥിയുടെ മുഖത്തെ സംഭ്രമം എനിക്ക് നേരിട്ടറിയാനായി. ഡോക്ടര്‍ക്കും അറിയാം കുഞ്ഞിന്റെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന്. "പക്ഷേ, ഹോമിയോ ഡോക്ടറായ ഞാനെങ്ങനെ മെഡിക്കല്‍ സ്‌റ്റോറില്‍ പോയി പാരസെറ്റാമോള്‍ സിറപ്പ് വാങ്ങും"-അവര്‍ നിസ്സഹായതയോടെ ചോദിച്ചു. ഒടുവില്‍ ആ വിദ്യാര്‍ത്ഥി തന്നെ ബൈക്കില്‍ പോയി മരുന്നു വാങ്ങിക്കൊണ്ടുവന്നു. കുഞ്ഞിന് മരുന്നു നല്‍കി തണുത്ത വെള്ളം കൊണ്ട് ശരീരമൊക്കെ തുടര്‍ച്ചയായി തുടച്ച് ഒടുവില്‍ രാവിലെയായപ്പോഴേക്കും പനിക്ക് ശമനമായി.
ആ ഡോക്ടറെ ഹോമിയോപ്പതി പഠിപ്പിക്കാന്‍ അയച്ച രക്ഷിതാക്കള്‍ ഒരിക്കലെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടാവുമോ തങ്ങളുടെ മകള്‍ക്ക് ഇത്തരമൊരു സങ്കടാവസ്ഥ ഉണ്ടാകുമെന്ന്. ഡോക്ടറാകാന്‍ അയയ്‌ക്കുക എന്നത് അന്തസ്സായല്ലേ എല്ലാവരും കാണുന്നത്; അതിന് ഹോമിയോ ഡോക്ടറായാല്‍ എന്ത് അല്ലേ. പനിക്ക് ചികിത്സയ്‌ക്കു ചെല്ലുമ്പോള്‍, പനി വര്‍ധിച്ചാല്‍ പാരസെറ്റാമോള്‍ കഴിച്ചോളൂ എന്ന് ഉപദേശിക്കുന്ന ഹോമിയോപ്പതി ഡോക്ടര്‍മാര്‍ വിരളമല്ല. അവരുടെ ആ നിസ്സഹായവസ്ഥയ്‌ക്ക് ആരാണ് ഉത്തരവാദി. രണ്ടു വര്‍ഷം മുമ്പ് ഹോമിയോപ്പതി വിവാദത്തെക്കുറിച്ച് 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ ഒരു ലേഖനമെഴുതിയപ്പോള്‍, ഹോമിയോരംഗത്തുള്ള ഒട്ടേറെപ്പേര്‍ അതിനെതിരെ പ്രതികരിക്കാന്‍ രംഗത്തെത്തിയിരുന്നു. പലരും എന്നെ ശപിച്ചു. ചിലര്‍ പ്രാകി. (മലയാളം ബ്ലോഗര്‍മാരായി അധികം ഹോമിയോ വിദഗ്‌ധര്‍ ഇതുവരെ എത്താത്തത് എന്റെ ഭാഗ്യം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ശാപങ്ങളും ഏല്‍ക്കേണ്ടി വരുമായിരുന്നു).
അത്തരം പ്രതികരണത്തിനിടയില്‍ ഇടുക്കി സ്വദേശിയായ ഒരു ഹോമിയോ ഡോക്ടര്‍ എഴുതിയ കത്ത് വ്യത്യസ്‌തമായിരുന്നു. താന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അപേക്ഷാഫോറത്തില്‍ 'ഡോക്ടര്‍' എന്ന് വെയ്‌ക്കാറില്ല എന്നാണ് അദ്ദേഹം തുറന്നെഴുതിയത്. കാരണം, ട്രെയിനില്‍ വെച്ച് ഏതെങ്കിലും യാത്രക്കാരന് നെഞ്ചുവേദനയോ ഹൃദയസ്‌തംഭനമോ വന്നാല്‍ തന്റെ പക്കല്‍ അതിന് പരിഹാരമൊന്നുമില്ല- ആ ഡോക്ടര്‍ എഴുതി. ഈ നിസ്സഹായാവസ്ഥ സൃഷ്ടിക്കുന്നതില്‍ ഹോമിയോ കോളേജുകള്‍ തുടങ്ങുന്നവര്‍ക്കും ഇതൊരു ചികിത്സാ സമ്പ്രദായമായി അംഗീകരിച്ച് കൊണ്ടുനടക്കുന്ന സര്‍ക്കാരിനുമൊക്കെ പങ്കില്ലേ. പണ്ട് കൊല്‍ക്കത്തയില്‍ നിന്ന് മൂന്നാഴ്‌ച കൊണ്ട് തപ്പാല്‍ വഴി പഠിക്കാന്‍ കഴിഞ്ഞിരുന്ന ഈ ചികിത്സയെ ഔദ്യോഗികമാക്കി മാറ്റിയവര്‍ക്ക് ഇതെപ്പറ്റി എത്ര ധാരണയുണ്ടായിരുന്നിരിക്കണം.
ജനങ്ങള്‍ക്കെല്ലാം ഹോമിയോ ചികിത്സയെപ്പറ്റി ശരിയായ ധാരണയുണ്ടെന്ന വാദവും പരിശോധിക്കേണ്ടതുണ്ട്. ഒരു മാസമായിക്കാണും, രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ എന്നോട് ഭാര്യ വളരെ രോക്ഷത്തോടെ ഒരു സംഭവം വിവരിച്ചു. തൊട്ടുമുകളിലെ ഫ്‌ളാറ്റിലെ ഒരു വയസ്സുകാരന്‍ വിഷ്‌ണുദാസിന് ഒരാഴ്‌ചയായി പനിയും വയറിളക്കവുമാണ്. "ഇതറിഞ്ഞു കുഞ്ഞിനെ കാണാന്‍ ചെന്ന ഞാന്‍ നടുങ്ങിപ്പോയി"-ഭാര്യ പറഞ്ഞു. തീപോലെ പനിക്കുകയാണ് കുഞ്ഞിന്. തെര്‍മോമീറ്റര്‍ വെച്ചു നോക്കിയപ്പോള്‍ 102 ഡിഗ്രിക്ക് മുകളില്‍ ശരീരതാപനില. കുഴപ്പമില്ല, ഹോമിയോമരുന്ന് കൊടുക്കുന്നുണ്ട് എന്നായിരുന്നു, വിഷ്‌ണുദാസിന്റെ അമ്മയുടെ അല്‍പ്പവും ആശങ്കയില്ലാത്ത മറുപടി. കുഞ്ഞിന് ഹോമിയോ ചികിത്സ മതിയെന്ന് നിര്‍ദ്ദേശിച്ച അവളുടെ നാത്തൂന്‍ പറഞ്ഞത്രേ, മരുന്നു കൊടുക്കുന്നുണ്ടല്ലോ കുറഞ്ഞോളും എന്ന്.
ഒരാഴ്‌ചയായി മരുന്നു തുടര്‍ന്നിട്ടും കുഞ്ഞിന്റെ രോഗം വഷളാകുന്നതിനെപ്പറ്റി ആ ചെറുപ്പക്കാരിയായ അമ്മയ്‌ക്ക് അല്‍പ്പവും വേവലാതിയില്ല എന്നതാണ് എന്റെ ഭാര്യയെ കുപിതയാക്കിയത്."കുഞ്ഞ് വാടി തളര്‍ന്നിരുന്നു. എനിക്ക് സങ്കടം തോന്നി"-ഭാര്യ എന്നോടു പറഞ്ഞു. " ഇവരുടെ വിവരക്കേടിന് ആ കുഞ്ഞ് എന്തുപിഴച്ചു. ഒരാഴ്‌ചയായി അവര്‍ ആ കുഞ്ഞിനെ കഷ്ടപ്പെടുത്തുകയല്ലേ". ഏതായാലും, കുഞ്ഞിന്റെ സ്ഥിതി അപകടാവസ്ഥയിലേക്ക് എത്തുകയാണെന്നും, ഉടന്‍ നല്ലൊരു പീഡിയാട്രീഷ്യനെ കാട്ടണമെന്നും ആ അമ്മയെ പറഞ്ഞു മനസിലാക്കാന്‍ കഴിഞ്ഞു. വിഷ്‌ണുദാസിന്റെ അമ്മ ഭര്‍ത്താവിനെ ഫോണ്‍ചെയ്‌ത് വരുത്തി കുഞ്ഞിനെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഹോമിയോമരുന്നു കൊണ്ട് കുഞ്ഞിന്റെ വയറിളക്കവും പനിയും മാറും എന്ന് ആ യുവദമ്പതികള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരിക്കുകയായുന്നു. കുഞ്ഞാണെങ്കില്‍ നിര്‍ജലീകരണവും (ഡീഹൈഡ്രേഷനും) വയറിലെ അണുബാധയും കൊണ്ട് കൂടുതല്‍ അവശനാവുകയും. കുഞ്ഞുങ്ങള്‍ക്ക് ഹോമിയോ ചികിത്സ ഫലിക്കുന്നത് പ്ലാസിബോ ഇഫക്ട് കൊണ്ടാവില്ലല്ലോ എന്ന സ്ഥിരം വാദം ഈ സംഭവം കേട്ടപ്പോള്‍ ഞാനോര്‍ത്തു.
ഞങ്ങളുടെ അയല്‍വക്കത്ത് താമസിച്ചിരുന്ന രണ്ട് മധ്യവയസ്‌ക്കരായ സ്‌ത്രീകളുടെ ഉദാഹരണം കൂടി പറയാം. ഒരാള്‍ കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ചീഫ് പ്രൂഫ് റീഡറായി വിരമിച്ചയാളുടെ ഭാര്യ. രണ്ടാമത്തെയാള്‍ ഒരു മലയാളം വര്‍ത്താചാനലിലെ റിപ്പോര്‍ട്ടറുടെ ചെറിയമ്മ. രണ്ടുപേരുടെയും പ്രശ്‌നം ഗര്‍ഭാശയ മുഴയായിരുന്നു. ആദ്യ സ്‌ത്രീ ഹോമിയോപ്പതിയും കൂടെ റെയ്‌ക്കിയും പ്രയോഗിച്ചു രോഗശമനത്തിന് ശ്രമിച്ചു. അല്‍പ്പമൊക്കെ പൊതുപ്രവര്‍ത്തനവും പൊതുജന സമ്പര്‍ക്കവുമുണ്ടായിരുന്ന ആ സ്‌ത്രീ ആ ബാഹ്യലോകത്തുനിന്ന് തീര്‍ത്തും അകന്നു. കഠിനമായ വേദന അവര്‍ക്കു സഹിക്കാനാവുന്നില്ല, രക്തസ്രവവുമുണ്ട് എന്ന് അവരെ കണ്ട സുഹൃത്തുക്കള്‍ പറഞ്ഞു. ആറു മാസം കഴിഞ്ഞപ്പോള്‍ ചികിത്സിച്ചുകൊണ്ടിരുന്ന ഹോമിയോ ഡോക്ടര്‍ ഉപദേശിച്ചു, ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണാന്‍. അങ്ങനെ ഗൈനക്കോളജിസ്‌റ്റിനെ കണ്ടു, ശസ്‌ത്രക്രിയ വഴി ഗര്‍ഭാശയം നീക്കംചെയ്‌തു. ഇപ്പോള്‍ കുറെയൊക്കെ പഴയ നിലയിലേക്ക് അവര്‍ എത്തിക്കഴിഞ്ഞു.
രണ്ടാമത്തെ സ്‌ത്രീയുടെ കാര്യം കുറച്ചുകൂടി അടുത്തറിയാം. കാരണം അവര്‍ ഞങ്ങളുടെ തൊട്ട് അയല്‍വാസിയായിരുന്നു. പല ദിവസങ്ങളിലും ആ ചേച്ചി വേദനകൊണ്ട് പുളയുന്നതു കണ്ട് കണ്ണുനിറഞ്ഞെത്തുന്ന എന്റെ ഭാര്യയില്‍ നിന്ന് ഒന്നും പറയാതെ തന്നെ കാര്യങ്ങള്‍ എനിക്കു ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. ഹോമിയോചികിത്സയാണ് അവര്‍ നടത്തുന്നത്. ഇത്രയും പ്രായവും വിവരമുള്ള സ്‌ത്രീയല്ലേ, അവരെ നമ്മള്‍ എങ്ങനെ ഉപദേശിക്കും, ഭാര്യ എന്നോട് ചോദിക്കുമായിരുന്നു. എതായാലും അഞ്ചുമാസക്കാലം ആ സ്‌ത്രീ കഠിനവേദന തിന്നു. അത്രയുമായപ്പോള്‍ അവരെ ചികിത്സിച്ചിരുന്ന ഹോമിയോ ഡോക്ടര്‍ പറഞ്ഞു, ഒരു ഗൈനക്കോളജസ്‌റ്റിനെ കാണാന്‍. ആദ്യ സ്‌ത്രീയുടെ അനുഭവത്തിന്റെ തനിയാവര്‍ത്തനം. സര്‍ജറി കഴിഞ്ഞ് സുഖം പ്രാപിച്ച് തിരികെയെത്തിയ അവര്‍ അധിക കാലം കോഴിക്കോട്ട് ഉണ്ടായിരുന്നില്ല. തിരികെ നാട്ടിലേക്ക് തന്നെ പോയി.
ആ സ്‌ത്രീകള്‍ മാസങ്ങളോളം അനുഭവിച്ച വേദന ഏത് കണക്കില്‍ പെടുത്തും. രണ്ടുപേരും കാര്യവിവരമുള്ള സ്‌ത്രീകള്‍. പക്ഷേ, ഹോമിയോമരുന്നു കൊണ്ട് എന്തു ഫലം ഉണ്ടാകും എന്നുമാത്രം അവര്‍ക്ക് അറിയില്ലായിരുന്നു. ഒരു വിശ്വാസത്തിന്റെ പുറത്ത് ആത്മാര്‍ത്ഥമായി ആ ചികിത്സയെ അവര്‍ സ്വീകരിക്കുകയായിരുന്നു. കഠിനമായ വേദന അവര്‍ അനുഭവിക്കുന്നത് അറിഞ്ഞുകൊണ്ട് അവരെ വഞ്ചിക്കുകയല്ലായിരുന്നോ, ആ ഡോക്ടര്‍മാര്‍. ഇതല്ലേ പച്ചയായ ക്രൂരത. ഈ ക്രൂരതയ്‌ക്ക് ആര് സമാധാനം പറയും. സമാന്യവത്‌ക്കരിക്കുകയാണെന്നു തോന്നാം. എന്റെ തൊട്ടടുത്ത് ഇത്രയും അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ കേരളത്തിലാകമാനം എത്രമാത്രം പേര്‍ ഹോമിയോയില്‍ വിശ്വസിച്ച് ഇതുപോലെ ക്രൂരതയ്‌ക്ക് ഇരയാവുന്നുണ്ടാകാം.കുഞ്ഞുങ്ങളെ വിധിക്കു വിടുന്നുണ്ടാകും. ഒരു പത്രവും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യില്ല. ഒരു ചാനലും ഈ വേദന ദൃശ്യവത്‌ക്കരിക്കില്ല. ഹോമിയോയുടെ അപദാനങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ കേള്‍ക്കൂ. അല്ലെങ്കില്‍ എടുത്താല്‍ പൊന്താത്ത അവകാശവാദങ്ങള്‍. ബ്ലോഗിന്റെ സാധ്യത ഒന്നുകൊണ്ടു മാത്രമാണ് എന്നെപ്പോലൊരാള്‍ക്ക് ഇക്കാര്യങ്ങള്‍ ആരെങ്കിലുമായി പങ്കുവെക്കാന്‍ കഴിയുന്നത് എന്നും പറയട്ടെ.
നീണ്ടുപോകുന്ന ഈ കുറിപ്പ് ഒരു അനുഭവം കൂടി എഴുതി അവസാനിപ്പിക്കാം. ഇത് എന്റെ ഉറ്റ സുഹൃത്തായ പത്രപ്രവര്‍ത്തകനും ഭാര്യയ്‌ക്കും ഉണ്ടായ അനുഭവമാണ്. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പ് സുഹൃത്തിന്റെ ഭാര്യയുടെ കൈമുട്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു മുഴ ആ ദമ്പതിമാരെ അലോസരപ്പെടുത്തി. വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ല. ഒരു എല്ല് പുറത്തേക്ക് തള്ളി വന്നതു മാതിരിയായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ ഉടന്‍ വിദഗ്‌ധോപദേശം നല്‍കി, ഇതിന് (എന്താണതെന്ന് ആര്‍ക്കും പിടിയില്ല) അലോപ്പതിയില്‍ ശസ്‌ത്രക്രിയ മാത്രമേ പരിഹാരം ഉള്ളൂ, ഹോമിയോയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ശരിയായ ചികിത്സയുള്ളത്. ബന്ധുക്കളുടെ ഉപദേശം അവഗണിക്കാനാവില്ലല്ലോ. ഇരുവരും കൂടി കോഴിക്കോട്ടെ ഒരു പ്രശസ്‌ത ഹോമിയോ ഡോക്ടറെ അഭയം പ്രാപിച്ചു. ഡോക്ടര്‍ കാര്യങ്ങളെല്ലാം വളരെ ക്ഷമാപൂര്‍വ്വം കേട്ടു. "കുഴപ്പമില്ല'', എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം അറിയിച്ചു. "കുറഞ്ഞത് അഞ്ചാറു മാസത്തെ ചികിത്സ വേണ്ടിവരും, മരുന്നു കൃത്യമായി കഴിക്കണം".
സുഹൃത്തും ഭാര്യയും എല്ലാം സമ്മതിച്ചു.മരുന്നും വാങ്ങി വീട്ടിലെത്തി. അപ്പോഴാണ് പ്രശ്‌നം. മരുന്നു ദിവസവും ഏഴുനേരം വീതം കഴിക്കണം, അതും കൃത്യമായ ഇടവേളകളില്‍ അഞ്ചാറു പൊതിയിലെ പഞ്ചസാര ഗുളികള്‍. മൂന്നുനേരം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിക്ക് ക്ഷമ നശിച്ചു. അവള്‍ പ്രഖ്യാപിച്ചു, എനിക്കിതു വയ്യ. അങ്ങനെ ചികിത്സ അവിടെ നിന്നു.(കൂടെ പറയട്ടെ, സുഹൃത്തിന്റെ ഭാര്യ ഫാര്‍മസിയില്‍ ബിരുദം നേടിയ പെണ്‍കുട്ടിയാണ്. അവള്‍ക്കും പക്ഷേ, ഹോമിയോ മരുന്നിനെക്കുറിച്ച് ഒരു സംശയവും തോന്നിയില്ല. ആ നിലയ്‌ക്ക് സാധാരണക്കാര്‍ ഈ ചികിത്സയെ സംശയിക്കാത്തതില്‍ അത്ഭുതമുണ്ടോ). വേദനയില്ലാത്തതു കൊണ്ട് കൈക്കുഴയിലെ പ്രശ്‌നം അങ്ങനെ തന്നെ വിട്ടു. ഒരു മാസം കഴിഞ്ഞു കാണും, കൈമുട്ടിലെ മുഴ തനിയെ അപ്രത്യക്ഷമായി. ഒരു മരുന്നും കഴിക്കാതെ തന്നെ. "ഹോമിയോ മരുന്ന് കഴിച്ചിരുന്നെങ്കിലോ", സുഹൃത്ത് ചോദിക്കുന്നു. "ഞാനും ഭാര്യയും ഹോമിയോയുടെ നിത്യവക്താക്കളായി മാറിയേനെ".
മാറാത്ത പലതും ഹോമിയോ കൊണ്ട് മാറിയെന്ന അവകാശവാദങ്ങള്‍ ഉയരുമ്പോള്‍ എന്റെ മനസില്‍ ഈ സുഹൃത്തിന്റെ വാക്കുകള്‍ എത്തും. നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കാനുള്ള കഴിവ് ആര്‍ക്കെല്ലാം മുതലെടുപ്പിനും പണമുണ്ടാക്കാനും മാര്‍ഗ്ഗമാകുന്നു അല്ലേ.
കാണുക -
അഴിമതി മാറ്റാന്‍ ഹോമിയോപ്പതി
ഹോയോപ്പതി - സത്യവും മിഥ്യയും
മതസംഹിതകള്‍ പോലെയാണ് ഒരര്‍ത്ഥത്തില്‍ ഹോമിയോപ്പതിയും. മാറ്റമില്ല. മൂന്നു നൂറ്റാണ്ടുകാലം ശാസ്‌ത്രത്തിനുണ്ടായ വികസത്തോട് പുറംതിരിഞ്ഞാണ് അതിന്റെ നില്‍പ്പ്. മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതാത് മതത്തില്‍പെട്ട ചിലര്‍ വെച്ചുപുലര്‍ത്തുന്ന അതേ അസഹിഷ്‌ണുത, ഹോമിയോപ്പതിയുടെ കാര്യത്തില്‍ ആ രംഗത്തുള്ളവരും പിന്തുടരുന്നതായി കാണാം
ബ്രിട്ടീഷ് ഗവേഷണ വാരികയായ 'ലാന്‍സെറ്റ്' 2005 ആഗസ്‌ത് 26-ന്റെ ലക്കത്തില്‍ ഒരു പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഹോമിയോ ഔഷധങ്ങള്‍ക്ക് എന്തെങ്കിലും ഔഷധഗുണമുണ്ടോ എന്നതായിരുന്നു ആ പഠനം. യൂറോപ്പിലെ മൂന്നു പ്രമുഖ സര്‍വകലാശാലകള്‍ (ബെര്‍ണെ സര്‍വകലാശാല, സൂറിച്ച് സര്‍വകലാശാല, ബ്രിസ്റ്റോള്‍ സര്‍വകലാശാല) സംയുക്തമായാണ് പഠനം നടത്തിയത്.
വിവിധ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി ഔഷധങ്ങളുപയോഗിച്ചു നടിന്നിട്ടുള്ള 110 പരീക്ഷണങ്ങളുടെ ഫലങ്ങളും, അതേ രോഗങ്ങള്‍ക്ക് ആധുനിക ഔഷധങ്ങളുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളും താരതമ്യം ചെയ്‌തായിരുന്നു പഠനം. ബെര്‍ണെ സര്‍വകലാശാലയിലെ സാംഖികശാസ്‌ത്ര (സ്റ്റാറ്റിസ്റ്റിക്‌സ്) വിദഗ്‌ധനായ മാത്തിയാസ് ഇഗ്ഗര്‍ ആണ് ഈ താരതമ്യ പഠനത്തിന് മേല്‍നോട്ടം വഹിച്ചത്. പ്രത്യേകിച്ച് ഔഷധഗുണങ്ങളൊന്നുമില്ലാത്ത `ഡമ്മിഔഷധങ്ങളു'(പ്ലാസിബോ)ടെ ഫലമേ ഹോമിയോമരുന്നുകള്‍ നല്‍കുന്നുള്ളൂ എന്നയിരുന്നു ഗവേഷകര്‍ എത്തിയ നിഗമനം (മരുന്നു കഴിക്കുന്നു എന്ന വിശ്വാസം മൂലമുള്ള ഫലം മാത്രമാണ് `പ്ലാസിബോ'കള്‍ നല്‍കുക).
ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ഭാഷയില്‍ എഴുതപ്പെട്ട ഒരു എഡിറ്റോറിയലും `ലാന്‍സെറ്റ്' പ്രസിദ്ധീകരിച്ചു. ``തങ്ങളുടെ മുന്നിലെത്തുന്ന രോഗികളോട് ഇനിയെങ്കിലും സത്യം തുറന്നു പറയാന്‍ ഡോക്‌ടര്‍മാര്‍ തയ്യാറാകണം; ഈ മരുന്നു കഴിക്കുന്ന നിങ്ങള്‍ സമയം പാഴാക്കുകയാണെന്ന്''-`ഹോമിയോപ്പതിയുടെ അന്ത്യം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ `ലാന്‍സെറ്റ്' എഴുതി.
ലോകത്താകമാനം 50 കോടി പേര്‍ ആശ്രയിക്കുന്ന ചികിത്സാമാര്‍ഗമാണ് ഹോമിയോപ്പതി. അതില്‍ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളും പ്രഭുക്കന്‍മാരും രാഷ്‌ട്രത്തലവന്‍മാരും മുതല്‍ സാധാരണക്കാര്‍വരെ ഉള്‍പ്പെടുന്നു. ലോകത്ത് കുറഞ്ഞത് ഒരു ലക്ഷം ഡോക്‌ടര്‍മാര്‍ ഹോമിയോപ്പതി പ്രാക്‌ടീസ് ചെയ്യുന്നു എന്നാണ് കണക്ക്. ഡസന്‍ കണക്കിന് സര്‍വകലാശാലകളും കോളേജുകളും ഈ സമന്തര ചികിത്സാസമ്പ്രദായത്തില്‍ കോഴ്‌സുകള്‍ നടത്തുന്നു. ആധുനിക ഔഷധങ്ങളുടെ അത്രയ്‌ക്കു വരില്ലെങ്കിലും, ഹോമിയോപ്പതി മരുന്നു കച്ചവടവും കോടികളുടെ ബിസിനസ്സാണ്. അങ്ങനെയുള്ള ഒരു ചികിത്സാരീതിയെപ്പറ്റി ഇത്തരത്തില്‍ എഴുതണമെങ്കില്‍ അസാധാരണ ധൈര്യം വേണമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.
സ്വാഭാവികമായും 'ലാന്‍സെറ്റി'ന്റെ റിപ്പോര്‍ട്ടിനെതിരെ ഹോമിയോപ്പതി രംഗത്തുള്ളവര്‍ രംഗത്തെത്തി. ഇത്തരമൊരു കുലീന പ്രസിദ്ധീകരണം ഇങ്ങനെയൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്ന് ബ്രിട്ടീഷ് ഹോമിയോപ്പതി അസോസിയേഷന്‍ അന്തസ്സോടെ പ്രതികരിച്ചപ്പോള്‍, കേരളത്തിലെ പ്രസ്സ്‌ക്ലബ്ബുകളിലാകെ ഹോമിയോ സംഘടനാ നേതാക്കള്‍ വാര്‍ത്തസമ്മേളനം നടത്തി, ലാന്‍സെറ്റ് റിപ്പോര്‍ട്ടിന് ആധികാരികതയില്ല എന്ന് പ്രഖ്യാപിച്ചു! ഔഷധക്കമ്പനികള്‍ക്കു വിടുപണി ചെയ്യുകയാണ് ലാന്‍സെറ്റ് എന്നും, ലാന്‍സെറ്റ് മെഡിക്കല്‍ രംഗത്തെ ആധികാരിക പ്രസിദ്ധീകരണമല്ല എന്നുമൊക്കെ ആരോപിക്കപ്പെട്ടു. 'അലോപ്പതി'ക്കാരുടെ ഗൂഢാലോചനയാണിതെന്നും വാദമുണ്ടായി.
ഹോമിയോപ്പതിക്കെതിരെ എന്തു വിമര്‍ശനമുണ്ടാകുമ്പോഴും 'അലോപ്പതി'ക്കാരാണ് അതിന് പിന്നിലെന്നത് പതിവായി ഉയരുന്ന ആരോപണമാണ്. ഹോമിയോ വിദഗ്‌ധര്‍ സാധാരണ ഉന്നയിക്കാറുള്ള അവകാശവാദങ്ങളുടെ കഥ പോലെ, ഇത്തരം ആരോപണങ്ങള്‍ക്കും തെളിവ് ഹാജരാക്കാറില്ല. ഈ സാഹചര്യത്തില്‍ 'ലാന്‍സെറ്റ്' റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാവുന്നതു തന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി ഔഷധങ്ങള്‍ക്ക് എന്തെങ്കിലും ഔഷധഗുണമുണ്ടോ ഇല്ലയോ എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ തര്‍ക്കമല്ല. മൂന്ന് നൂറ്റാണ്ടു മുമ്പ് ജര്‍മന്‍ ഭിഷഗ്വരനായ സാമുവേല്‍ ഹാനിമാന്‍(1755-1843) ഈ ചികിത്സാപദ്ധതി ആവിഷ്‌ക്കരിച്ച കാലം മുതല്‍ ഇത്തരമൊരു തര്‍ക്കം നിലനില്‍ക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും തൃപ്‌തികരമായ ഉത്തരം ഉണ്ടായിട്ടുമില്ല.
ഹോമിയോപ്പതി മരുന്നുകള്‍ ഫലം ചെയ്യുമോ എന്ന സംശയത്തിന് ആധുനികവൈദ്യശാസ്‌ത്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമുണ്ടോ? ഹോമോഔഷധങ്ങള്‍ക്കു ഗുണമില്ലെന്ന് പഠനങ്ങളില്‍ തെളിയുന്നതിന്റെ കുറ്റം ഹോമിയോപ്പതിയുടേതല്ല, ശാസ്‌ത്രത്തിന്റേതാണെന്നാണ് പലപ്പോഴും ഉന്നയിക്കപ്പെടുന്ന വിചിത്ര വാദഗതി. ഇത്തരം വാദങ്ങളുടെ കാരണവും പ്രേരണയും തേടിപ്പോയാല്‍ ഹോമിയോപ്പതിയുടെ പിറവി തന്നെ വസ്‌തുനിഷ്‌ഠമായ പഠനങ്ങളുടെയോ, യുക്തിപരമായ തീര്‍പ്പുകളുടെയോ അടിസ്ഥാനത്തിലല്ല ഉണ്ടായതെന്ന സാമാന്യ നിഗമനത്തിലാകും എത്തുക.
മൂന്നു നൂറ്റാണ്ട് മുമ്പാണ് ഹോമിയോപ്പതിയുടെ തുടക്കം. അന്നത്തെ പ്രാകൃതമായ ചികിത്സാരീതിയില്‍ മനംനൊന്ത ഡോ. ഹനിമാന്‍ രൂപപ്പെടുത്തിയ ചികിത്സാരീതിയാണിത്. തികച്ചും വ്യക്തിപരമായ അനുഭവങ്ങളുടെയും ആത്മനിഷ്‌ഠാപരമായ നിഗമനങ്ങളുമാണ് അദ്ദേഹത്തെ ഇതിന് പ്രേരിപ്പിച്ചത്. മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ, രോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നോ, ഔഷധങ്ങള്‍ ശരീരത്തില്‍ എന്തുഫലമാണുണ്ടാക്കുകയെന്നോ അറിയാത്ത കാലത്താണ് ഹനിമാന്‍ തന്റെ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നത്. ശരീരത്തിലെ `പ്രകൃതവീര്യങ്ങളു' (humors)ടെ ദോഷം കൊണ്ടാണ് രോഗം വരുന്നതെന്നാണ് അന്ന് വിശ്വസിച്ചിരുന്നത്.
ഐസക് ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിളാണ് ആധുനിക ഭൗതികശാസ്‌ത്രത്തിന്റെ അടിസ്ഥാന സങ്കല്‍പമായ ഗുരുത്വാകര്‍ഷണ ബലത്തെപ്പറ്റി അദ്ദേഹത്തിന് വെളിപാട് നല്‍കിയതെന്നാണ് കഥ. ജസ്യൂട്ട് പാതിരിമാര്‍ മലമ്പനിക്കുള്ള ഔഷധമായി 1632-ല്‍ പെറുവില്‍ നിന്ന് യൂറോപ്പിലേക്കു കൊണ്ടുവന്ന സിങ്കോണ മരത്തിന്റെ തൊലിയാണ് ഹോമിയോപ്പതിയുടെ കാര്യത്തില്‍ `ന്യൂട്ടന്റെ ആപ്പിളാ'യത്. 1700-കളുടെ അവസാനമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഡോ.ഹനിമാന്‍ രൂപപ്പെടുത്തുന്നത്. സിങ്കോണ സത്ത് തിന്ന അദ്ദേഹത്തിന്, മലമ്പനിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും, `ഒരു പ്രത്യേക രോഗത്തിനുള്ള മരുന്ന് ആരോഗ്യവാനായ ഒരാള്‍ കഴിച്ചാല്‍ അതേ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടു'മെന്ന നിഗമനത്തില്‍ അതുവഴി അദ്ദേഹം എത്തിയെന്നുമാണ് ചരിത്രം. `സദൃശം സദൃശത്തെ ഭേദപ്പെടുത്തു'മെന്ന ഹോമിയോപ്പതിയിലെ അടിസ്ഥാനനിയമം (``law of similars'') ഇതില്‍ നിന്നാണ് ഡോ.ഹനിമാന്‍ രൂപപ്പെടുത്തിയതെന്നു കരുതുന്നു.
സിങ്കോണ തൊലിയില്‍ രണ്ട് ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്-ക്വിനീനും(quinine) സിങ്കോനിഡൈനും (cinchonidine). ഇതില്‍ ക്വിനീന്‍, ചിലരുടെ കാര്യത്തില്‍ അലര്‍ജിയുണ്ടാക്കുന്ന രാസവസ്‌തുവാണ്. അലര്‍ജിയുള്ളവര്‍ ഇത് കഴിച്ചാല്‍ ശക്തമായ പനിയുടെ ലക്ഷണങ്ങളും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രത്യക്ഷപ്പെട്ടേക്കാം. പ്രശസ്‌തമായ 'സിങ്കോണടെസ്റ്റി'ലെ ലക്ഷണങ്ങള്‍ പിന്നീട് ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളത് ക്വിനീന്‍ അലര്‍ജിയുള്ളവരുടെ കാര്യത്തില്‍ മാത്രമാണെ സത്യം പരിഗണിച്ച്, പില്‍ക്കാലത്ത് ഡോ.വില്യം ഇ.തോമസിനെപ്പോലുള്ള വിദഗ്‌ധര്‍ എത്തിച്ചേര്‍ നിഗമനം ഇതാണ് - സിങ്കോണ സത്ത് തിന്നപ്പോള്‍ ഡോ. ഹനിമാന്‍ അനുഭവിച്ചത് മലമ്പനിയുടെ ലക്ഷണങ്ങളല്ല, മറിച്ച് ക്വിനീന്‍ അലര്‍ജിയാണ്. അപ്പോള്‍ ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വം തന്നെ ഡോ.ഹനിമാന്‍ മൂന്നു നൂറ്റാണ്ട് മുമ്പ് അനുഭവിച്ച അലര്‍ജിക്ക് മുകളിലാണ് (അത് അലര്‍ജിയാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത അജ്ഞതയ്‌ക്ക് മേലാണ്) കെട്ടിപ്പൊക്കിയിരിക്കുന്നതെന്നു ന്യായമായും സംശയിക്കാം.
അക്കാലത്ത് നിലനിന്നിരുന്ന ഔഷധങ്ങള്‍ ചെറിയ അളവില്‍ രോഗശമനത്തിന് ഉപയോഗിക്കുകയാണ് ആദ്യമൊക്കെ ഡോ.ഹനിമാന്‍ ചെയ്‌തത്. എന്നാല്‍, ശരീരത്തിന് സ്വയം രോഗം ശമിപ്പിക്കാനാകുമെന്നും, അതിനുവേണ്ട ഉത്തേജനം നല്‍കാനായി വളരെ ചെറിയ അളവില്‍ മാത്രമേ ഔഷധങ്ങള്‍ വേണ്ടൂ എന്നും അദ്ദേഹം പിന്നീട് നിരൂപിച്ചു. അതനുസരിച്ച് ഔഷധങ്ങള്‍ക്ക് `നേര്‍പിക്കുന്തോറും വീര്യം കൂടു'മെന്ന ഹോമിയോപ്പതിയുടെ മറ്റോരു പ്രധാന നിയമം(``law of infinitesimals'') ഡോ.ഹനിമാന്‍ രൂപപ്പെടുത്തി. എത്ര നേര്‍പ്പിക്കുന്നോ അത്രയും വീര്യം കൂടുമത്രേ. വെള്ളമുപയോഗിച്ച് (ചിലയവസരങ്ങളില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചും) ഔഷധം നേര്‍പ്പിക്കുമ്പോള്‍ തന്നെ അത് ശക്തിയായി ആവര്‍ത്തിച്ച് കുലുക്കുകയും വേണം. അപ്പോള്‍ ഔഷധവീര്യം ജലത്തിലേക്കു വ്യാപിക്കുകയും, നിലനില്‍ക്കുകയും ചെയ്യും എന്നാണ് ഹനിമാന്‍ വിശ്വസിച്ചത് (ഇത് വെള്ളത്തിന്റെ `ഓര്‍മശക്തി' മൂലമാണെ് ഡോ.ഹനിമാന്റെ പിന്‍ഗാമികള്‍ വിശദീകരിച്ചു). ധാതുക്കളും സസ്യഭാഗങ്ങളുമൊക്കെ ഉപയോഗിച്ചുള്ള മൂവായിരത്തോളം മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ഇന്നുപയോഗിക്കുന്നുണ്ട്. ഇവയില്‍ മിക്കവയും ഡോ.ഹനിമാന്‍ പറഞ്ഞ നേര്‍പ്പിക്കല്‍ നിയമപ്രകാരം നിര്‍മിക്കുന്നവയാണ്.
ഈ നേര്‍പ്പിക്കലിന്റെ കാര്യം പരിശോധിക്കുമ്പോഴാണ്, ഹോമിയോപ്പതി എന്തുകൊണ്ട് വിവാദവിഷയമായി തുടരുന്നു എന്ന് ഒന്നുകൂടി വ്യക്തമാവുക. പ്രധാനമായും രണ്ടു തരത്തിലാണ് ഹോമിയോ ഔഷധനിര്‍മാണത്തില്‍ നേര്‍പ്പിക്കല്‍ നടക്കുന്നത്; ഒന്നിന് പത്ത് എന്ന കണക്കിനും (ഇതിനെ റോമന്‍ ലിപിയായ X കൊണ്ട് സൂചിപ്പിക്കുന്നു), ഒന്നിന് നൂറ് എകണക്കിനും (ഇതിനെ റോമന്‍ലിപിയായ C കോണ്ട് സൂചിപ്പിക്കുന്നു). ഇതില്‍ ആദ്യത്തേതില്‍ ഒരു ഭാഗം ഔഷധദ്രവ്യത്തെ ഒമ്പത് ഭാഗം വെള്ളത്തില്‍ ലയിപ്പിക്കുന്നു(1X). അതില്‍ ഒരു ഭാഗത്തെ വീണ്ടും ഒമ്പതുഭാഗം വെള്ളത്തില്‍ നേര്‍പ്പിക്കുന്നു(2X). അഭികാമ്യമായ `വീര്യം' ലഭിക്കും വരെ ഈ നേര്‍പ്പിക്കല്‍ തുടരുന്നു. ഗണിതശാസ്‌ത്ര രീതിയില്‍ ഈ നേര്‍പ്പിക്കലിനെ 1X=1/10, 3X=1/1000, 6X=1/1,000,000 എന്നിങ്ങനെ സൂചിപ്പിക്കാം.
രണ്ടാമത്തെ മാര്‍ഗത്തില്‍ ഒരു ഭാഗം ഔഷധത്തെ തൊണ്ണൂറ്റൊമ്പത് ഭാഗം വെള്ളത്തിലാണ് ലയിപ്പിക്കുക(1C). അങ്ങനെ കിട്ടുന്ന ലായനിയില്‍ ഒരുഭാഗത്തെ വീണ്ടും തൊണ്ണൂറ്റൊമ്പത് ഭാഗം വെള്ളവുമായി നേര്‍പ്പിക്കുന്നു(2C). ആവശ്യമായ വീര്യം ലഭിക്കും വരെ ഇത് ആവര്‍ത്തിക്കുന്നു. ഇതിനെ 1C=1/100, 2C=1/10,000, 3C=1/1,000,000 എന്നിങ്ങനെ സൂചിപ്പിക്കാം. ഹോമിയോപ്പതിയിലെ സാധാരണ ഔഷധങ്ങള്‍ 6X മുതല്‍ 30X വരെ നേര്‍പ്പിക്കലിന് വിധേയമാക്കിയവയാണ്. 30C -യോ അതിലേറെയോ നേര്‍പ്പിക്കലിന് വിധേയമായ മരുന്നുകളും വിപണിയിലുണ്ട്.
ഒരു 30X മരുന്നെന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമെന്നറിയാമോ; ഒരു ഭാഗം ഔഷധദ്രവ്യത്തെ 1,000,000,000,000,000,000,000,000,000,000 ഭാഗം വെള്ളവുമായി ചേര്‍ത്തതിന് തുല്യം. ഒരു ഘനസെന്റിമീറ്റര്‍ വെള്ളത്തില്‍ 15 തുള്ളികളുണ്ടെന്നു കണക്കാക്കിയാല്‍, മേല്‍ സൂചിപ്പിച്ച സംഖ്യയുടെ അത്രയും തുള്ളി വെള്ളം കൊള്ളണമെങ്കില്‍ ഭൂമിയുടേതിന് അമ്പത് മടങ്ങ് വലുപ്പമുള്ള ഒരു ടാങ്ക് വേണ്ടിവരും. 30X ഔഷധത്തിന്റെ കാര്യത്തില്‍, ഇത്രയും തുള്ളി വെള്ളത്തില്‍ ഒരു തുള്ളി ഔഷധമാണ് ലയിച്ചിരിക്കുക. ഹോമിയോപ്പതി നിയമപ്രകാരം ആ വെള്ളത്തിന് മുഴുവന്‍ ഔഷധഗുണം ലഭിക്കുകയും ചെയ്യും!
അങ്ങനെയെങ്കില്‍ 30C വീര്യമുള്ള ഔഷധത്തിന്റെ കാര്യമോ? ഇതില്‍ തുള്ളികളുടെ കണക്കെടുത്താല്‍, ഒരു തുള്ളി ഔഷധം ലയിച്ചിരിക്കേണ്ടത് എത്രമാത്രം വെള്ളത്തിലാണെന്നറിയാമോ? ഭൂമിയുടേതിന് 30,000,000,000 മടങ്ങ് വലുപ്പമുള്ള ടാങ്കില്‍ നിറയുന്നത്ര വെള്ളത്തില്‍. ഔഷധഗുണം ഓര്‍ത്തിരിക്കേണ്ടത് വെള്ളത്തിന്റെ കടമയും! ഇനി മറ്റൊരു തരത്തില്‍ ഈ വസ്‌തുതയെ സമീപിച്ചു നോക്കാം. 30X വീര്യമുള്ള ഹോമിയോ മരുന്നു കഴിക്കുന്നയാള്‍ക്ക്, താന്‍ കഴിക്കുന്ന ഹോമിയോഗുളികയില്‍ ഒരു ഔഷധ തന്മാത്രയെങ്കിലും (സാധാരണ ഗതിയില്‍ ഏതൊരു രാസവസ്‌തുവിന്റെയും ഏറ്റവും ചെറിയ യൂണിറ്റാണല്ലോ തന്മാത്ര) ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ എന്തുചെയ്യണം. പ്രശസ്‌ത അമേരിക്കന്‍ ഭൗതികശാസ്‌ത്രജ്ഞനായ റോബര്‍ട്ട് എല്‍.പാര്‍ക്ക് നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍ അനുസരിച്ച് കുറഞ്ഞത് 200 കോടി ഗുളികയെങ്കിലും കഴിക്കണം!
പനിക്കും സമാന ലക്ഷണങ്ങള്‍ക്കും ഉപയോഗിക്കുന്ന ഒരു ഹോമിയോമരുന്നാണ് `ഓസില്ലോകോക്‌സിനം'(Oscillococcinum). ഒരു 200C ഉത്‌പന്നമാണിത്. പുതുതായി കൊന്നെടുത്ത താറാവിന്റെ കരളിന്റെയും ചങ്കിന്റെയും വളരെ ചെറിയൊരു ഭാഗം പല പ്രക്രിയകളില്‍ കൂടി മാറ്റിയുണ്ടാക്കുന്ന ഔഷധദ്രവ്യത്തെ നേര്‍പ്പിച്ചുണ്ടാക്കുന്ന മരുന്നാണിത്. താറാവിന്റെ കരളിന്റെയോ ചങ്കിന്റെയോ ഒരു തന്മാത്ര ഒന്നു കഴിഞ്ഞ് 400 പൂജ്യമിട്ടാല്‍ കിട്ടുന്ന അത്രയും ജലതന്മാത്രകളുമായി എന്ന തോതില്‍ ലയിച്ചുണ്ടാകുന്ന മരുന്നാണിത്. (പ്രപഞ്ചത്തില്‍ ആകെയുണ്ടെന്നു കണക്കാക്കുന്ന തന്മാത്രകളുടെ എണ്ണം ഒരു `ഗൂഗൊളാ'ണ്. അത് ഒന്നിനു ശേഷം നൂറ് പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ്. അതിലും വലുതാണ് മേല്‍പ്പറഞ്ഞ സംഖ്യയെന്നോര്‍ക്കുക). 1996-ല്‍ ഈ മരുന്നിന്റെ ആഗോള വില്‍പന 200 ലക്ഷം ഡോളറിന്റേത് (ഏതാണ്ട് 88 കോടി രൂപ) ആയിരുന്നു. ഈ മരുന്നിന്റെ നിര്‍മാണത്തിന് ഒരു വര്‍ഷം വേണ്ടത് വെറും ഒരു താറാവ് മാത്രം! അതുകൊണ്ട് 1997 ഫിബ്രവരി 17-ന്റെ `യു.എസ്. ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട്' ഈ മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന താറാവിനെ വിശേഷിപ്പിച്ചത് `20 മില്ല്യണ്‍ ഡോളര്‍ ഡക്ക്' എന്നായിരുന്നു!
ഹോമിയോപ്പതി മരുന്നുകള്‍ക്ക് എന്തെങ്കിലും ഔഷധഗുണമുണ്ടോ എന്നു കണ്ടെത്താന്‍ നടന്നിട്ടുള്ള പഠനങ്ങള്‍ എന്തുകൊണ്ട് വിവാദത്തില്‍ കലാശിക്കുന്നു എന്ന ചോദ്യത്തിന്, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉത്തരമാകുന്നു. ഹോമിയോ മരുന്നുകള്‍ ഡമ്മിഔഷധങ്ങളുടെ ഫലമേ നല്‍കുന്നുള്ളൂ എന്ന `ലാന്‍സെറ്റ്' റിപ്പോര്‍ട്ട്, ഇത്തരത്തില്‍ ആദ്യത്തേതായിരുന്നില്ല. ഹോമിയോപ്പതി ഔഷധങ്ങളുപയോഗിച്ചു നടന്ന 40 പരീക്ഷണഫലങ്ങളെ സാധാരണ ഔഷധങ്ങളുപയോഗിച്ചു നടന്ന പരീക്ഷണങ്ങളുമായി താരതമ്യം ചെയ്‌ത് 1990-ല്‍ `റിവ്യൂ ഓഫ് എപിഡിമിയോളജി' പ്രസിദ്ധീകരിച്ച പഠനവും പറഞ്ഞത് മറ്റൊന്നല്ല. ഫാര്‍സ്യൂട്ടിക്കല്‍ ഉത്‌പന്നങ്ങളെ വിലയിരുത്തുകയും അവയുടെ ഫലങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്യുന്ന ഫ്രഞ്ച് ജേര്‍ണലാണ് `പ്രിസ്‌ക്രൈര്‍ ഇന്റര്‍നാഷണല്‍'. 1995-ല്‍ ആ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു ഔഷധപഠന അവലോകനം പറയുന്നതിങ്ങനെയാണ്: ``വളരെയേറെ പഠനങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ടെങ്കിലും, പ്ലാസിബോ നല്‍കുന്ന ഫലമല്ലാതെ അതില്‍ കൂടുതല്‍ എന്തെങ്കിലും ഫലം ഹോമിയോ മരുന്നുകള്‍ നല്‍കുന്നു എന്നതിന് തെളിവില്ല''. ഇതുപോലെ, ഹോമിയോ മരുന്നുകള്‍ ഡമ്മിഔഷധങ്ങളുടെ ഫലമേ നല്‍കുുള്ളൂ എന്ന് വ്യക്തമാക്കുന്ന ഒട്ടേറെ പഠനഫലങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കമ്മീഷന്‍ ഓഫ് ദി യൂറോപ്യന്‍ കമ്മ്യൂണിറ്റീസ് ചുമതലപ്പെടുത്തിയ വിദഗ്‌ധസമിതിയായ `ഹോമിയോപ്പതിക് മെഡിസിന്‍ റിസേര്‍ച്ച് ഗ്രൂപ്പ്'(എച്ച്.എം.ആര്‍.ജി) 1996 ഡിസംബറില്‍ ഒരു ബൃഹത്തായ റിപ്പോര്‍ട്ട് പുറത്തിറക്കി. നിയന്ത്രിതമായ നിലയില്‍ നടന്ന ഹോമിയോപ്പതി പരീക്ഷണങ്ങളുടെ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാനുള്ളതുമായ പഠനറിപ്പോര്‍ട്ടുകള്‍ വിലയിരുത്തുകയായിരുന്നു ആ ഗ്രൂപ്പിന്റെ കര്‍ത്തവ്യം. ഹോമിയോപ്പതി ഡോക്‌ടര്‍മാരും, ക്ലിനിക്കല്‍ ഗവേഷണത്തില്‍ വൈദഗ്‌ധ്യം നേടിയവരും, ജൈവസാംഖിക വിഗ്‌ധരും ഉള്‍പ്പടെ ഈ രംഗത്തിന്റെ ഒരു പരിഛേദം തന്നെ ആ ഗ്രൂപ്പിലുണ്ടായിരുന്നു.
ഹോമിയോപ്പതിയുടെ ഫലപ്രാപ്‌തിയെ സംബന്ധിച്ച 184 പഠനറിപ്പോര്‍ട്ടുകള്‍ ആ വിദഗ്‌ധഗ്രൂപ്പ് പരിശോധിച്ചു. പരിഗണിക്കാന്‍ യോഗ്യതയുള്ള രീതിയില്‍ നടത്തപ്പെട്ട 17 റിപ്പോര്‍ട്ടുകളേ അതില്‍ അവര്‍ക്ക് കണ്ടെത്താനായുള്ളൂ എന്ന് അന്തിമ റിപ്പോര്‍ട്ട് പറയുന്നു. അവയില്‍ ചില റിപ്പോര്‍ട്ടുകളില്‍ പ്ലാസിബോയെക്കാള്‍ കൂടുതല്‍ ഫലം ഹോമിയോ മരുന്നുകള്‍ നല്‍കുതായി കാണിച്ചിരുന്നു. പക്ഷേ, ഈ 17 പഠനത്തിലും പങ്കെടുത്തവരുടെ എണ്ണം തുച്ഛമായിരുന്നു. അതിനാല്‍ അവയുടെ ഫലം ശാസ്‌ത്രീയമായി മുഖവിലയ്‌ക്കെടുക്കാന്‍ കഴിയാത്തതാണെന്ന് സംഘം വിലയിരുത്തി. എന്നുവെച്ചാല്‍, ഭൂരിപക്ഷം ഹോമിയോ ഗവേഷണങ്ങളും ശാസ്‌ത്രീയമായി വിലയിരുത്തപ്പെടാന്‍ യോഗ്യതയില്ലാത്തവയായിരുന്നു എന്നാണ് ഹോമിയോ വിദഗ്‌ധര്‍ ഉള്‍പ്പെട്ട സമിതിയെത്തിയ നിഗമനം എന്നു സാരം.
മതതത്ത്വങ്ങള്‍ പോലെയാണ് ഹോമിയോപ്പതി. മാറ്റമില്ല. ശാസ്‌ത്രത്തിനുണ്ടായ മൂന്നുനൂറ്റാണ്ടിന്റെ വളര്‍ച്ചയോട് പുറംതിരിഞ്ഞാണ് അതിന്റെ നില്‍പ്. മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതാത് മതത്തില്‍പെട്ട ചിലര്‍ വെച്ചുപുലര്‍ത്തുന്ന അതേ അസഹിഷ്‌ണുത, ഹോമിയോപ്പതിയുടെ കാര്യത്തില്‍ ആ രംഗത്തുള്ളവരും പിന്തുടരുതായി കാണാം. ഒപ്പം പിടിച്ചാലെത്താത്ത അവകാശവാദങ്ങളും. വലിയ അവകാശവാദങ്ങള്‍ക്ക് വലിയ തെളിവുകള്‍ വേണം എന്ന പ്രസ്‌താവനയ്‌ക്ക് ഒന്നു ഭേദഗതി വരുത്തി നോക്കൂ. വലിയ അബദ്ധങ്ങള്‍ മറച്ചുവെക്കാന്‍ വലിയ അവകാശവാദങ്ങള്‍ കൊണ്ടു കഴിയുമോ. ഹോമിയോപ്പതിയെന്ന അബദ്ധത്തെ മറച്ചുവെക്കാനാകുമോ, ഈ രംഗത്തുള്ളവര്‍ വലിയ അവകാശവാദങ്ങളുമായി ഇടയ്‌ക്കിടെ രംഗത്തെത്തുന്നത്.
കാണുക -
അഴിമതി മാറ്റാന്‍ ഹോമിയോപ്പതി
ഹോമിയോപ്പതി - വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്
അവലംബം
1.THE LANCET, 26 August 2005
2. Homeopathy - Wikipedia
3. Hahnemann's Homeopathy - Dr.William E. Thomas MD
4. Why Extraordinary Claims Demand Extraordinary Proof - Ed J.gracely, Ph.D
5. The Scientific Evidence on Homeopathy - David W.Ramey
6. Homeopathy: If 'Less Is More', Is Nothing Best? - Jack Raso, M.S., R.D.
7. Homeopathy: The Ultimate Fake - Stephen Barrett, M.D.
8. American Council on Science and Health website
9. വിലപേശപ്പെടുന്ന ആരോഗ്യം - ഡോ.മനോജ് കോമത്ത്
10. ഹോമിയോവിവാദം എന്ത് -ജോസഫ് ആന്റണി, മാതൃഭൂമി ആരോഗ്യമാസിക, ഒക്ടോബര്‍ 2005
അഴിമതി ചികിത്സിച്ചു ഭേദമാക്കാനാകുമോ. കഴിയുമെന്ന് ഒരു ഹോമിയോ വിദഗ്‌ധന്‍ പറയുന്നു. ഹോമിയോയില്‍ അതിന് മരുന്നുണ്ടത്രേ. എന്തുകൊണ്ട് സാമാന്യയുക്തിക്കു പോലും നിരക്കാത്ത ഇത്തരം അവകാശവാദങ്ങള്‍ ഹോമിയോരംഗത്തുള്ളവര്‍ ഉന്നയിക്കുന്നു
അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാന്‍ ഹോമിയോപ്പതിയില്‍ ഫലപ്രദമായ മരുന്നുണ്ടത്രേ. ഇതൊരു തമാശയായി ആരും കണരുത്. സംഗതി സത്യമാണ്. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ അടുത്തയിടെ റിപ്പോര്‍ട്ടു ചെയ്‌ത കാര്യമാണിത് (ഇതോടൊപ്പമുള്ള ക്ലിപ്പിങില്‍ ക്ലിക്ക് ചെയ്‌തു നോക്കുക). ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത് ഏതെങ്കിലും ലാടവൈദ്യനോ മന്ത്രവാദിയോ അല്ല. സര്‍ക്കാര്‍ ചെലവില്‍ (എന്നുവെച്ചാല്‍ ജനങ്ങളുടെ ചെലവില്‍) ഹോമിയോകോളേജില്‍ നിന്നു പഠിച്ച് ഡിഗ്രിനേടുകയും, അതേത്തുടര്‍ന്ന് ഈ രംഗത്ത് ഔദ്യോഗികതലത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുകയും ചെയ്‌ത ഡോ.എം.അബ്ദുള്‍ ലത്തീഫ് ആണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ഉന്നയിക്കുക മാത്രമല്ല, സംസ്ഥാന ഹോമിയോ വിദ്യാഭ്യാസവകുപ്പ് മുന്‍കണ്‍ട്രോണിങ് പ്രിന്‍സിപ്പല്‍ കൂടിയായ അദ്ദേഹം കൈക്കൂലിയും അഴിമതിയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ചികിത്സിച്ചു ഭേദമാക്കാനായി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ സമീപിക്കുകയും ചെയ്‌തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ നിന്നു മനസിലാകുന്നത്.
സര്‍ക്കാര്‍ ഓഫീസുകളില്‍ വെറും 30 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ ജോലിചെയ്യുന്നുള്ളൂ എന്ന് മുഖ്യമന്ത്രി അച്യുതാന്ദന്‍ അടുത്തയിടെ പ്രസ്‌താവിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഡോ. അബ്ദുള്‍ ലത്തീഫിന്റെ രംഗപ്രവേശം. ഉദ്യോഗസ്ഥരുടെ അഴിമതി, അനാസ്ഥ തുടങ്ങിയവയൊക്കെ ഹോമിയോപ്പതി വഴി ചികിത്സിച്ചു മാറ്റാം എന്നാണ് ഡോ.അബ്ദുള്‍ ലത്തീഫിന്റെ നിലപാട്. കൈക്കൂലി, അഴിമതി എന്നിവയ്‌ക്കെതിരെ അദ്ദേഹം 30 ഹോമിയോ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു. കള്ളം പറയുന്ന ശീലത്തിന് പ്രതിവിധിയായി 20 മരുന്നുണ്ടത്രേ. ജോലിചെയ്യാന്‍ താത്‌പര്യം ഇല്ലാത്തവര്‍ക്ക് അതുണ്ടാക്കാന്‍ പത്തും ഇരുപതുമല്ല 273 മരുന്നുകളാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. മനസിരുത്തി ചെയ്യേണ്ട ജോലികളില്‍ താത്‌പര്യം കാട്ടാത്തവരെ നേരെയാക്കാന്‍ 130 മരുന്ന്. വീട്ടുജോലി ചെയ്യാന്‍ താത്‌പര്യമില്ലാത്ത സ്‌ത്രീകള്‍ സൂക്ഷിക്കുക, അവര്‍ക്കെതിരെ പ്രയോഗിക്കാനും ഹോമിയോയില്‍ വിദ്യയുണ്ടെന്ന് മുന്‍കണ്‍ട്രോളിങ് പ്രിന്‍സിപ്പല്‍ പറയുന്നു. പുകവലിപോലെ, ജോലിചെയ്യുന്നത് ഹാനികരമാണെന്നു വിശ്വസിക്കുന്നയാളാണോ നിങ്ങള്‍, എങ്കില്‍ നിങ്ങള്‍ക്കുമുണ്ട് മരുന്ന്!
ഡോ.അബ്ദുള്‍ ലത്തീഫിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നു കരുതുക. രാവിലെ ഓഫീസിലേക്കു കയറുംമുമ്പ് ഏതാനും പഞ്ചസാര ഗുളികകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക വഴി സംസ്ഥാനത്തിന്റെ ഉത്‌പാദന ക്ഷമത എത്ര മടങ്ങാണ് വര്‍ധിക്കുന്നതെന്ന് ആലോചിച്ചു നോക്കൂ. ഇപ്പോള്‍ 30 ശതമാനംപേര്‍ മാത്രം (മുഖ്യമന്ത്രിയുടെ നിഗമനപ്രകാരം) വാങ്ങുന്ന ശമ്പളത്തിന് ജോലിചെയ്യുന്ന സ്ഥാനത്ത് നൂറു ശതമാനം പേരും കൃത്യമായി ജോലിചെയ്യാനാരംഭിച്ചാല്‍ എന്താകും സ്ഥിതി. ആഗോളവത്‌ക്കരണമൊന്നും വേണ്ടിവരില്ല, കേരളം അമേരിക്കയെപ്പോലെയാകാന്‍; ഹോമിയോ മതിയാകും.
വലിയ അവകാശവാദങ്ങള്‍ക്ക് വലിയ തെളിവുകളുടെ പിന്‍ബലം വേണമെന്നത് ഒരു സാമാന്യതത്ത്വമാണ്. എന്നാല്‍, ഡോ.അബ്ദുള്‍ ലത്തീഫ് അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ക്ക് യുക്തിപൂര്‍വമായ എന്തെങ്കിലും തെളിവുകള്‍ നിരത്തുന്നതായി പത്രറിപ്പോര്‍ട്ടിലില്ല. അങ്ങനെയെങ്കില്‍, ഇത്രവലിയൊരു അവകാശവാദവുമായി രംഗത്തെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകമെന്താവും. അറിയില്ല. എന്നാല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്ത് ഹോമിയോ രംഗത്തു പ്രവര്‍ത്തിക്കുന്ന 'വിദഗ്‌ധര്‍' ഉന്നയിച്ചിട്ടുള്ള അവകാശവാദങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്‌തുതയുണ്ട്; ഇത്തരം 'വലിയകാര്യങ്ങള്‍' ഹോമിയോയില്‍ സാധ്യമാണെന്ന് പറയുന്ന ആദ്യ വ്യക്തിയല്ല ഡോ.അബ്ദുള്‍ ലത്തീഫ്. വൈദ്യശാസ്‌ത്രത്തിന് ഇനിയും എത്തിപ്പിടിക്കാനാവാത്ത പല പ്രശ്‌നങ്ങളുമുണ്ട്. അര്‍ബുദങ്ങള്‍, സാര്‍സ്, ഭ്രാന്തിപ്പശുരോഗം, പക്ഷിപ്പനി എന്നിങ്ങനെ ചികിത്സ കണ്ടെത്താന്‍ ഇനിയും സാധിക്കാത്ത മിക്ക രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ടെന്ന അവകാശവാദം ഈ രംഗത്തെ 'വിദഗ്‌ധരില്‍' നിന്നു പലപ്പോഴും ഉണ്ടായിട്ടുണ്ട്. അവര്‍ പുറപ്പെടുവിച്ച പ്രസ്‌താവനകള്‍ പത്രങ്ങളില്‍ വലിയ തലക്കെട്ടുകളില്‍ വന്നിട്ടുമുണ്ട്.
ഏഴുവര്‍ഷം മുമ്പ് കേരളത്തില്‍ 'ഭ്രാന്തിപ്പശുരോഗം' ആദ്യമായി എത്തിയെന്ന ആശങ്കയുയര്‍ന്ന സമയം തന്നെ ഉദാഹരണമായെടുക്കാം. 2000 ഡിസംബര്‍ 14-നാണ് കേരളീയര്‍ക്ക് നടുക്കമുളവാക്കുന്ന ആ വിവരം 'മാധ്യമം' പത്രം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി ഭ്രാന്തിപ്പശുരോഗം റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നു. ഓമശ്ശേരിയിലെ നീലേശ്വരം ചെട്ട്യാംതൊടിയില്‍ ചന്ദ്രന്‍ എന്ന 45-കാരന് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രന്റെ രോഗം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സ്ഥിരീകരിച്ചത്. ഭ്രാന്തിപ്പശു രോഗത്തിന്റെ മനുഷ്യരെ ബാധിക്കുന്ന വകഭേദമായ 'ജേക്കബ്ബ്‌സ് ക്രൂസ്‌ഫെല്‍ട്ട് ഡിസീസ്'(CJD) ആണ് ചന്ദ്രനെ ബാധിച്ചിരിക്കുന്നത്. തലച്ചോര്‍ ദ്രവിച്ച് അരിപ്പപോലെ തുളവീണ്, ഭ്രാന്തെടുത്തു മരിക്കുകയാണ് രോഗത്തിന്റെ ഫലം. ഒരു ചികിത്സയും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത രോഗമാണിത്.
ഈ മൃഗരോഗം മാട്ടിറച്ചി കഴിക്കുന്നതിലൂടെ മനുഷ്യരെയും ബാധിച്ചത് കഴിഞ്ഞ പതിറ്റാണ്ടില്‍ യൂറോപ്പില്‍, പ്രത്യേകിച്ചും ബ്രിട്ടനില്‍, ജനങ്ങളുടെ ഉറക്കം കെടുത്തിയ പ്രശ്‌നമായിരുന്നു. മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ വഴി മാടുകളെ ബാധിച്ച 'ബൊവൈന്‍ സ്‌പോഞ്ചിഫോം എന്‍സിഫലോപ്പതി'(BSE)യാണ് ഭ്രാന്തിപ്പശുരോഗം (Mad Cow Disease) എന്നറിയപ്പെട്ടത്. ഇത് ബാധിച്ച മാടുകളുടെ മാംസം കഴിക്കുക വഴി മനുഷ്യരെയും രോഗം ബാധിക്കാം. ഇറച്ചി തിന്നുന്നതിലൂടെ മനുഷ്യരെ ബാധിക്കുന്ന രോഗത്തിന് 'വേരിയന്റ് സി.ജെ.ഡി' (vCJD) എന്നാണ് പേര്. രോഗാണുക്കളല്ല ഇതിന് കാരണം എന്നതാണ് വിചിത്രമായ വസ്‌തുത. 'പ്രയോണുകള്‍'(prions) എന്നറിയപ്പെടുന്ന വികലപ്രോട്ടീനുകളാണ് ഈ രോഗം വരുത്തുന്നത്. ചൂടാക്കിയാലും തണുപ്പിച്ചാലുമൊന്നും പ്രയോണുകള്‍ നശിക്കില്ല എന്നത് വലിയ ഭീഷണിയാണ്. ഇറച്ചി വേവിച്ചാണ് തിന്നത് എന്നതുകൊണ്ട് രോഗം വരാതിരിക്കില്ല. ബ്രിട്ടനില്‍ ഇപ്പോഴും നൂറുകണക്കിനാളുകള്‍ ഭ്രാന്തിപ്പശുരോഗം ബാധിച്ച് നിസ്സാഹരായി മരണം കാക്കുന്നവരായുണ്ട്.
ജനിതകവ്യതികരണം കൊണ്ട് സി.ജെ.ഡി.എന്ന പ്രശ്‌നം പത്തുലക്ഷത്തിലൊരാള്‍ക്ക് വീതം ബാധിക്കാം; ഭ്രാന്തിപ്പശുരോഗം ബാധിച്ച മാടിന്റെ ഇറച്ചി തിന്നണമെന്നില്ല. ചന്ദ്രനെ ബാധിച്ചത് vCJD അല്ല എന്ന് വിദഗ്‌ധ പരിശോധനയില്‍ തെളിഞ്ഞു. അതിനാല്‍, ബ്രിട്ടനില്‍നിന്ന് രോഗമിവിടെ എത്തി എന്ന് കരുതാനാകില്ല എന്നാണ് മെഡിക്കല്‍ വിദഗ്‌ധര്‍ ഒടുവില്‍ എത്തിയ നിഗമനം. സി.ജെ.ഡി.യാണെങ്കിലും, മാട്ടിറച്ചി തിന്നുക വഴി ബാധിക്കുന്ന അതിന്റെ വകഭേദമാണെങ്കിലും, രണ്ടിനും ചികിത്സയില്ല. രോഗാണുവല്ല രോഗകാരിയെന്നതില്‍ പരമ്പരാഗത ചികിത്സകളൊന്നും ഫലപ്രദമാവുകയുമില്ല. പ്രശ്‌നമതല്ല, ചന്ദ്രന് രോഗം ബാധിച്ചുവെന്ന റിപ്പോര്‍ട്ട് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ പത്രങ്ങളുടെ ഓഫീസുകളിലേക്ക് ചില ഹോമിയോവിദഗ്‌ധരുടെ പ്രസ്‌താവനകളും കത്തുകളും ലേഖനങ്ങളുമെത്തി. എല്ലാറ്റിലെയും ഉള്ളടക്കം ഏതാണ്ട് ഇതായിരുന്നു-'ഭ്രാന്തിപ്പശുരോഗത്തിന് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്'. രോഗം ബാധിച്ച ഒരാളെ ഇതുവരെ നേരിട്ടു കാണുക പോലും ചെയ്യാത്തവരാണ് ഈ അവകാശവാദമുന്നയിച്ച് രംഗത്തെത്തയത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യമഹാമാരിയെന്ന് വിശേഷിപ്പിക്കപ്പെട്ട രോഗമാണ് 'സിവിയര്‍ അക്യൂട്ട് റെസ്‌പിറേറ്ററി സിന്‍ഡ്രോം'(സാര്‍സ്-SARS). തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ 2002 നവംബറിലാണ് രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. കൊറോണ വിഭാഗത്തില്‍ പെടുന്ന ഒരിനം വൈറസാണ്, ജനിതകവ്യതികരണം സംഭവിച്ച് വായുവിലൂടെ പകരാന്‍ പ്രാപ്‌തി നേടി ലോകത്തിന് ഭീഷണിയുയര്‍ത്തിയത്. മാരകമായ ന്യുമോണിയയിലെത്തി രോഗി മരിക്കുകയാണ് ഫലം. 2003-ല്‍ ദക്ഷിണേഷ്യ മുഴുവന്‍ രോഗം ഭീഷണിയുയര്‍ത്തി. മലേഷ്യ, സിങ്കപ്പൂര്‍ മുതലായ പ്രദേശങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ പോലും നിര്‍ത്തിവെച്ചു. സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചേ ജനത്തിന് പുറത്തിറങ്ങാനാകൂ എന്നതായി സ്ഥിതി.
സാര്‍സിനൊരു മരുന്നു കണ്ടുപിടിക്കാന്‍, പ്രത്യേകിച്ചും മാരകമായ വൈറസ് രോഗമായതിനാല്‍, വൈദ്യശാസ്‌ത്രത്തിന് കഴിഞ്ഞില്ല. ആ സമയത്ത് പക്ഷേ, കേരളത്തിലെ പ്രസ്‌ക്ലബ്ബുകളില്‍ ചില ഹോമിയോവിദഗ്‌ധര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രസ്‌താവിച്ചു-സാര്‍സിന് ഫലപ്രദമായ ചികിത്സ ഹോമിയോയിലുണ്ട്. വലിയ തലക്കെട്ടുകളില്‍ വാര്‍ത്ത മലയാളപത്രങ്ങള്‍ റിപ്പോട്ടുചെയ്യുകയും ചെയ്‌തു. തൊണ്ണൂറുകളുടെ അവസാനം പ്രത്യക്ഷപ്പെട്ട പക്ഷിപ്പനിയുടെ പേരിലും ഇത്തരം അവകാശവാദം ആവര്‍ത്തിക്കപ്പെട്ടു. ഒരു സാര്‍സ് രോഗിയെയോ പക്ഷിപ്പനി ബാധിച്ചയാളെയോ കാണുകയാകട്ടെ പരിശോധിക്കുകയാവട്ടെ ചെയ്യാതെയാണ് ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്.
അറിയപ്പെടുന്ന ഒരു ഹോമിയോ ഡോക്ടര്‍ കഴിഞ്ഞ വര്‍ഷം കാലിക്കറ്റ് പ്രസ്സ്‌ക്ലബ്ബില്‍ ഒരു വാര്‍ത്താസമ്മേളനം നടത്തി. ഏതാനും കുട്ടികളെയുംകൊണ്ടാണ് അദ്ദേഹം എത്തിയത്. വൈദ്യശാസ്‌ത്രചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തി വെയ്‌ക്കേണ്ട ഒരു മുന്നേറ്റത്തിന്റെ കാര്യം അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്. ആ കുട്ടികള്‍ രക്താര്‍ബ്ബുദം ബാധിച്ചവരായിരുന്നു. ഹോമിയോചികിത്സവഴി അത് തീര്‍ത്തും ഭേദമായിരിക്കുന്നു എന്നാണദ്ദേഹം പ്രസ്‌താവിച്ചത്. സംശയമുണ്ടെങ്കില്‍ കുട്ടികളോടു ചോദിക്കൂ എന്നും അദ്ദേഹം പറയുമായിരിക്കും എന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സന്ദേഹിച്ചിരിക്കണം. കുട്ടികളുടെ രോഗം മാറിയതിന്റെ തെളിവായി ചില രക്തപരിശോധനാഫലങ്ങളുടെ കോപ്പികളും അദ്ദേഹം വിതരണം ചെയ്‌തു.
ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിതന്നെ പറഞ്ഞാല്‍ പോരല്ലോ. അതുപോലെ താന്‍ ഇത്തരം അത്ഭുതകരമായ ഒരു പ്രവര്‍ത്തി നടത്തിയെന്ന് ഡോക്ടര്‍ തന്നെ അവകാശപ്പെട്ടാല്‍ പോരല്ലോ. ശരിയാണെങ്കില്‍ അത് മഹത്തായ സംഗതിതന്നെയാണ്. ആധുനികവൈദ്യശാസ്‌ത്രം തലകുത്തി നിന്നിട്ടു സാധിക്കാത്ത കാര്യം. എങ്കില്‍, ഈ പരീക്ഷണഫലം ഏതെങ്കിലും അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കയല്ലായിരുന്നോ വേണ്ടത്. ലോകം മുഴുവന്‍ നടുങ്ങില്ലായിരുന്നോ. അതിനു പകരം എന്തിന് വെറുമൊരു പ്രസ്സ്‌ക്ലബ്ബിലെ വാര്‍ത്താസമ്മേളനത്തിലേക്ക് ഈ മഹത്തായ മുന്നേറ്റത്തിന്റെ വെളിപ്പെടുത്തല്‍ ഒതുക്കി എന്ന് ചോദിക്കാന്‍ അന്നവിടെ കൂടിയിരുന്ന പത്രപ്രവര്‍ത്തകര്‍ക്കാര്‍ക്കും തോന്നിയില്ല. പകരം, 'രക്താര്‍ബുദത്തിന് ഹോമോയോ ചികിത്സ' എന്ന ഒരു അസംബന്ധ വാര്‍ത്തനല്‍കി ആ അധ്യായം അവര്‍ അവസാനിപ്പിച്ചു.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ചികിത്സാ സമ്പ്രദായത്തിന്റെ വക്താക്കളായ ഈ ഡോക്ടര്‍മാര്‍ എന്തുകൊണ്ട്, സാമാന്യയുക്തിക്കു പോലും നിരക്കാത്ത ഇത്തരം അവകാശവാദങ്ങളുമായി രംഗത്തെത്തുന്നു. സാധാരണഗതിയില്‍ ഇത്തരം അവകാശവാദവുമായി മറ്റ് ചികിത്സാ സമ്പ്രദായങ്ങളിലുള്ള വിദഗ്‌ധര്‍ വാര്‍ത്താസമ്മേളനം നടത്താറില്ല. ഇതിന്റെ ഉത്തരം കിട്ടണമെങ്കില്‍, ഇത്തരം അവകാശവാദം ഉയര്‍ത്തുന്നവരെ അതിന് പ്രേരിപ്പിക്കുന്ന സംഗതിയെന്താണെന്ന് അറിയണം. രണ്ട് തരത്തില്‍ അവകാശവാദങ്ങള്‍ പ്രത്യക്ഷപ്പെടാം; ഒന്ന് അമിതമായ ആത്മവിശ്വാസം മൂലം. തനിക്കത് സാധിക്കും എന്ന ഉറച്ച വിശ്വാസം കൊണ്ട്. ഇതിന് നേരെ തിരിച്ചുള്ള അവസ്ഥയിലും അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടാം. അത്മവിശ്വാസമില്ലായ്‌മ മൂലമാണത്. ഹോമിയോരംഗത്തുള്ളവര്‍ നടത്തുന്ന മിക്ക അവകാശവാദങ്ങളും ആത്മവിശ്വാസമില്ലായ്‌മയുടെ പ്രതിഫലനമാണെന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും. ആത്മവിശ്വാസക്കുറവിന് കാരണമെന്ത്? അതറിയണമെങ്കില്‍ എന്താണ് ഹോമിയോപ്പതിയെന്നു മനസിലാക്കണം. അതിന് സാധാരണ അവകാശവാദങ്ങള്‍ മാത്രം പോര ചില വസ്‌തുതകള്‍ കൂടി അറിയണം; അല്‍പ്പം ചരിത്രവും. (അത് അടുത്ത ലേഖനത്തില്‍).
കാണുക-
ഹോയോപ്പതി - സത്യവും മിഥ്യയും
ഹോമിയോപ്പതി - വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്