Monday, January 21, 2008

കാലാവസ്ഥശാസ്‌ത്രത്തിലെ 'ഡബിള്‍ ഹെലിക്‌സ്‌'

ഒരുമാസത്തെ ഇടവേള 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ യാദൃശ്ചികമായി സംഭവിച്ചതാണ്‌. ആ ഇടവേള ഇരുന്നൂറാമത്തെ പോസ്‌റ്റിനായി എന്നത്‌ അതിലും യാദൃശ്ചികം.

വിദൂര പെസഫിക്‌ദ്വീപിലെ അഗ്നിപര്‍വതത്തിന്‌ മുകളില്‍ സ്ഥാപിച്ച നിരീക്ഷണാലയത്തില്‍, ചാള്‍സ്‌ കീലിങ്‌ എന്ന ശാസ്‌ത്രജ്ഞന്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ്‌ കണക്കാക്കാന്‍ തുടങ്ങിയിട്ട്‌ 2008-ല്‍ അരനൂറ്റാണ്ട്‌ തികയുന്നു. ആഗോളതാപനത്തെപ്പറ്റി ഇന്ന്‌ ലോകം പങ്കുവെയ്‌ക്കുന്ന സര്‍വ ആശങ്കകള്‍ക്കും അടിസ്ഥാനമായി മാറി, കീലിങിന്റെ കണക്കുകളും അതുപയോഗിച്ച്‌ അദ്ദേഹം രൂപപ്പെടുത്തിയ ഗ്രാഫും. മൂന്നു വര്‍ഷം മുമ്പ്‌ അന്തരിച്ച ആ മഹാശാസ്‌ത്രജ്ഞനെയും അദ്ദേഹത്തിന്റെ ജീവിതത്തെയും കുറിച്ച്‌.....

ലളിതമായ ഒരു ദൃശ്യമാകാം ഗൗരവമാര്‍ന്ന പ്രശ്‌നത്തെ വിദഗ്‌ധമായി പ്രതിനിധീകരിക്കുക. 'കീലീങ്‌ഗ്രാഫ്‌' (Keeling Curve) അത്തരമൊരു ദൃശ്യമാണ്‌. കാലത്തിനൊപ്പം ക്രമമായി മുകളിലേക്കുയരുന്ന രേഖ. മനുഷ്യന്‍ ഭൂമിയോടു ചെയ്യുന്ന അരുതായ്‌മകളുടെ ഏറ്റവും വലിയ തെളിവ്‌. കഴിഞ്ഞ അമ്പതുവര്‍ഷമായി അന്തരീക്ഷവായുവില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ സാന്ദ്രത എത്രകണ്ട്‌ വര്‍ധിച്ചു എന്നതിന്റെ ദൃശ്യവിവരണം. ഹരിതഗൃഹവാതകങ്ങളില്‍ ഏറ്റവും പ്രമുഖം കാര്‍ബണ്‍ഡയോക്‌സയിഡ്‌ (CO2) ആണെന്ന വസ്‌തുത ഇതോടൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍, ഈ ഗ്രാഫിന്റെ പാരിസ്ഥിതികവും രാഷ്ട്രീയവുമായ മാനങ്ങള്‍ വര്‍ധിക്കുന്നു. ഇതൊരു മുന്നറിയിപ്പാകുന്നു. ഭൂമിക്കു ചൂടുപിടിക്കുന്നു എന്ന മുന്നറിയിപ്പ്‌.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വാര്‍ത്തയില്‍നിന്ന്‌ വിട്ടുമാറാത്തെ വര്‍ഷമാണ്‌ കടന്നു പോയത്‌. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചി (ഐ.പി.സി.സി) ന്റെ നാലാം അവലോകറിപ്പോര്‍ട്ട്‌ പുറത്തു വന്നതും, ആഗോളതാപനം ചെറുക്കാനുള്ള ശാസ്‌ത്രീയപഠനത്തിനും ബോധവത്‌ക്കരണത്തിനും (ഐ.പി.സി.സിക്കും അല്‍ഗോറിനും) സമാധാനനോബല്‍ ലഭിച്ചതും, ക്യോട്ടോയ്‌ക്കു ശേഷം എന്തുവേണം എന്നകാര്യം ആലോചിക്കാന്‍ ലോകം ബാലിയില്‍ ഒത്തുകൂടിയതും (ഇത്‌ കാണുക), ഇതിനകം മനുഷ്യരാശിയെയും ജൈവവ്യവസ്ഥകളെയും ആഗോളതാപനം വേട്ടയാടാന്‍ ആരംഭിച്ചിരിക്കുന്നു എന്ന സത്യം വിളിച്ചുപറയുന്ന ഒട്ടേറെ ഗവേഷണഫലങ്ങള്‍ പുറത്തു വന്നതും (ഒരു ഉദാഹരണം ഇവിടെ) പോയ വര്‍ഷമാണ്‌. ഒരുപക്ഷേ, 2007-ല്‍ ലോകം ചര്‍ച്ചചെയ്‌ത മുഖ്യവിഷയം ആഗോളതാപനം ആയിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

എന്നാല്‍, ഇതിന്റെയെല്ലാം തുടക്കം അമ്പതുവര്‍ഷം മുമ്പ്‌ ശാന്തസമുദ്രത്തിന്റെ മധ്യത്തിലെ ഒരു വിദൂരദ്വീപില്‍ ചാള്‍സ്‌ ഡേവിഡ്‌ കീലിങ്‌ (Charles David Keeling) എന്ന യുവശാസ്‌ത്രജ്ഞന്‍ ആരംഭിച്ച അത്യന്തം ശ്രമകരമായ ഒരു കണക്കെടുപ്പോടെ ആയിരുന്നു എന്നകാര്യം അധികമാര്‍ക്കും അറിയില്ല. നഗരമലിനീകരണത്തിന്റെ ഭീഷണികളില്‍ നിന്നകന്ന്‌, ഹാവായിയില്‍ മൗന ലോവ ദ്വീപിലെ അഗ്നിപര്‍വതത്തില്‍, സമുദ്രനിരപ്പില്‍നിന്ന്‌ 3000 മീറ്റര്‍ ഉയരെ സ്ഥാപിച്ച ലബോറട്ടറിയില്‍ അന്തരീക്ഷവായുവിലെ CO2-ന്റെ കണക്കെടുപ്പാണ്‌ നടന്നത്‌. ഭൂമി ശ്വസിക്കുന്നതും നിശ്വസിക്കുന്നതും എങ്ങനെയെന്ന്‌ ആ നീരീക്ഷണഫലങ്ങള്‍ ആദ്യമായി ലോകത്തിന്‌ കാട്ടിക്കൊടുത്തു. താന്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം വര്‍ഷംതോറും അന്തരീക്ഷത്തിലെ CO2-ന്റെ സാന്ദ്രത വ്യത്യാസപ്പെടുന്നതിന്റെ തോത്‌ ഒരു ഗ്രാഫായി കീലിങ്‌ രേഖപ്പെടുത്തി. അതാണ്‌ 'കീലിങ്‌ ഗ്രാഫ്‌'.
അമ്പതുവര്‍ഷം തുടര്‍ന്ന ശ്രമകരമായ നിരീക്ഷണഫലങ്ങളാണ്‌ കീലിങ്‌ ഗ്രാഫിലുള്ളത്‌. അതീവ ലളിതമെന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന ആ ഗ്രാഫിന്‌ മേലാണ്‌, കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച സങ്കീര്‍ണസത്യങ്ങള്‍ ശാസ്‌ത്രലോകം കെട്ടിപ്പൊക്കിയിരിക്കുന്നത്‌. ഫോസില്‍ ഇന്ധനങ്ങള്‍ (പെട്രോളിയം, കല്‍ക്കരി തുടങ്ങിയവ) കൂടുതലായി ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ CO2 ക്രമമായി വര്‍ധിക്കുന്നതിന്റെ വ്യക്തമായ ചിത്രം കീലിങ്‌ ഗ്രാഫ്‌ കാട്ടിത്തരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം സ്വാന്റെ അറീനിയസ്‌ (Svante Arrhenius) എന്ന ഗവേഷകന്‍, അന്തരീക്ഷത്തില്‍ CO2 കൂടുതല്‍ വ്യാപിക്കുന്നതിന്റെ അപകത്തെപ്പറ്റി മുന്നറിയിപ്പ്‌ നല്‍കിയിരുന്നെങ്കിലും, അരനൂറ്റാണ്ട്‌ മുമ്പ്‌ കീലിങ്‌ ആരംഭിച്ച CO2-ന്റെ അളവെടുപ്പാണ്‌ ആഗോളതാപനത്തിന്‌ ശാസ്‌ത്രീയ അടിത്തറ പാകിയത്‌.

ജനിതകശാസ്‌ത്രത്തില്‍ 'ഡബിള്‍ ഹെലിക്‌സ്‌' (double helix-ഡി.എന്‍.എ.ഘടന) എന്താണോ, അതാണ്‌ കാലാവസ്ഥാപഠനത്തില്‍ കീലിങ്‌ ഗ്രാഫ്‌. ഇരുപതാംനൂറ്റാണ്ടില്‍ ലോകത്തിന്‌ ലഭിച്ച ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഡേറ്റയാണ്‌ ഈ ഗ്രാഫിലുള്ളത്‌. `ചാള്‍സ്‌ കീലിങിന്റെ കഠിനപ്രയത്‌നം ഇല്ലായിരുന്നെങ്കില്‍, ഈ ഗ്രാഫ്‌ നമുക്കു മുന്നില്‍ തെളിവായി അവശേഷിക്കാതിരുന്നെങ്കില്‍, മനുഷ്യപ്രേരിതമായ ആഗോളതാപനത്തെക്കുറിച്ച്‌ ലോകത്തിനുള്ള ധാരണകള്‍ കുറഞ്ഞത്‌ 20 വര്‍ഷമെങ്കിലും പിന്നിലാകുമായിരുന്നു`-ഈസ്റ്റ്‌ ആംഗ്ലിയ സര്‍വകലാശാലയ്‌ക്കു കീഴിലെ 'ടിന്‍ഡെല്‍ സെന്റര്‍ ഫോര്‍ ക്ലൈമറ്റ്‌ ചേഞ്ച്‌ റിസര്‍ച്ചി'ന്റെ ഡയറക്ടര്‍ പ്രൊഫ. ആന്‍ഡ്രൂ വാറ്റ്‌കിന്‍സണ്‍ അഭിപ്രായപ്പെടുന്നു.

2005 ജൂണ്‍ 20-നാണ്‌ ചാള്‍സ്‌ കീലിങ്‌ അന്തരിച്ചത്‌. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന അമേരിക്കയിലെ 'സ്‌ക്രിപ്പ്‌സ്‌ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ്‌ ഓഷ്യാനോഗ്രാഫി'യുടെ ഡയറക്ടര്‍ ചാള്‍സ്‌ എഫ്‌.കെന്നല്‍ അനുശോചന സന്ദേശത്തില്‍ ഇങ്ങനെ പറഞ്ഞു: `നിരീക്ഷണങ്ങള്‍ ശാസ്‌ത്രത്തെത്തന്നെ പാടെ മാറ്റിമറിച്ച മൂന്ന്‌ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ട്‌. ടൈക്കോ ബ്രാഹെയുടെ വാനനിരീക്ഷണങ്ങള്‍ സര്‍ ഐസക്ക്‌ ന്യൂട്ടന്‌ ഗുരുത്വാകര്‍ഷണ സിദ്ധാന്തം രൂപപ്പെടുത്താനുള്ള അടിത്തറയായി. പ്രകാശത്തിന്റെ പ്രവേഗത്തെപ്പറ്റി ആല്‍ബെര്‍ട്ട്‌ മൈക്കല്‍സണ്‍ നടത്തിയ നിരീക്ഷണങ്ങള്‍, ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്‌ അടിസ്ഥാനമായി. ആഗോളതലത്തില്‍ അന്തരീക്ഷത്തില്‍ CO2 അടിഞ്ഞുകൂടുന്നതിനെപ്പറ്റി ചാള്‍സ്‌ കീലിങ്‌ നടത്തിയ നിരീക്ഷണങ്ങള്‍ കലാവസ്ഥാവ്യതിയാനത്തെക്കുറിച്ച്‌ ഇന്നുയരുന്ന ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കെല്ലാം തുടക്കമിട്ടു. ഒരു ശാസ്‌ത്രജ്ഞന്‍ തന്റെ പഠനമേഖലയില്‍ ത്യാഗമനസ്സോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രം ലോകത്തെ എങ്ങനെ മാറ്റാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ചാള്‍സ്‌ കീലിങ്‌`.

CO2 ഭൂമിയോട്‌ ചെയ്യുന്നത്‌
അന്തരീക്ഷത്തില്‍ CO2 വാതകത്തിന്റെ അളവ്‌ വളരെ പരിമിതമാണ്‌. അതിനാല്‍, CO2-ന്റെ സാന്ദ്രത പതിവായി അളക്കുക അത്ര എളുപ്പമല്ല. വായുവില്‍ 78 ശതമാനം നൈട്രജനും 20.9 ശതമാനം പ്രാണവായുവായ ഓക്‌സിജനുമാണ്‌. ആര്‍ഗൊണ്‍ 0.9 ശതമാനം വരും. 99.8 ശതമാനം വായുവും ഈ മൂന്ന്‌ വാതകങ്ങളാണ്‌. CO2 ഉള്‍പ്പടെ മറ്റ്‌ എല്ലാ വാതകങ്ങളും ചേര്‍ന്നാല്‍ 0.2 ശതമാനമേ വരൂ. പതിനായിരം വായുതന്മാത്രകളെടുത്താല്‍ അതില്‍ വെറും നാലെണ്ണം മാത്രമായിരിക്കും CO2. എത്ര നിസ്സാരം എന്നു തോന്നാം. പക്ഷേ, ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന്‌ അനുകൂലമാംവിധം ഊഷ്‌മാവ്‌ ക്രമീകരിച്ചു നിര്‍ത്തുന്നതില്‍ ഈ വാതകത്തിന്‌ മുഖ്യപങ്കുണ്ട്‌. ഭൗമാന്തരീക്ഷത്തിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസ്‌ ആണ്‌. അന്തരീക്ഷത്തില്‍ CO2 ഇല്ലായിരുന്നെങ്കില്‍, അത്‌ മൈനസ്‌ 20 ഡ്രിഗ്രിയാകുമായിരുന്നു; ജീവന്റെ നിലനില്‍പ്പ്‌ അസാധ്യമാകുമായിരുന്നു.

ഇത്തരത്തിലൊരു ഉപകാരിയാണെങ്കില്‍ CO2-നെക്കുറിച്ച്‌ ഇത്ര ആശങ്കയുടെ ആവശ്യമെന്ത്‌ എന്ന്‌ തോന്നാം. അതിന്‌ കാരണമുണ്ട്‌. അന്തരീക്ഷത്തില്‍ CO2 ഇല്ലെങ്കില്‍ താപനില മൈനസ്‌ ഇരുപതും, പതിനായിരത്തില്‍ വെറും നാല്‌ എന്ന തോതില്‍ CO2 ഉള്ളപ്പോള്‍ താപനില 14 ഡിഗ്രിയും ആണെന്ന്‌ പറഞ്ഞാല്‍ എന്താണ്‌ മനസിലാക്കേണ്ടത്‌. പതിനായിരത്തില്‍ വെറും നാല്‌ തന്മാത്ര എന്ന തോതില്‍ CO2-ന്റെ സാന്ദ്രത അന്തരീക്ഷത്തില്‍ വര്‍ധിച്ചപ്പോള്‍ താപനിലയില്‍ 34 ഡിഗ്രിയുടെ വര്‍ധന ഉണ്ടായി എന്നല്ലേ. അങ്ങനെയെങ്കില്‍, CO2 സാന്ദ്രത വീണ്ടും വര്‍ധിച്ചാലോ. ഊഷ്‌മാവില്‍ എത്ര വലിയ കുതിച്ചുചാട്ടമാകും സംഭവിക്കുക. ഉദാഹരണത്തിന്‌, അന്തരീക്ഷവായുവില്‍ CO2 ന്റെ തോത്‌ ഒരു ശതമാനമായി എന്നു കരുതുക. എന്തു സംഭവിക്കുമെന്നോ, താപനില 100 ഡിഗ്രിക്ക്‌ മുകളിലെത്തും, വെള്ളം തിളയ്‌ക്കും! ശുക്രഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ 98 ശതമാനവും CO2 ആണ്‌. അതുകൊണ്ട്‌ അവിടുത്തെ താപനില 477 ഡിഗ്രി സെല്‍സിയസ്‌ ആണ്‌.

ഹരിതഗൃഹങ്ങള്‍ (green houses) എന്നു കേട്ടിട്ടില്ലേ. ഉള്ളിലെത്തുന്ന ചൂടിനെ പുറത്തേക്കു വിടാതെ പിടിച്ചുനിര്‍ത്തി കൃത്രിമാന്തരീക്ഷം സൃഷ്ടിച്ച്‌ ചെടികളും മറ്റും വളര്‍ത്താന്‍ സസ്യശാസ്‌ത്രജ്ഞര്‍ ഉപയോഗിക്കുന്ന സംവിധാനം. ഇങ്ങനെ താപം തടഞ്ഞുനിര്‍ത്തുന്ന പ്രതിഭാസത്തിന്‌ ഹരിതഗൃഹപ്രഭാവം (green house effect) എന്നാണ്‌ പേര്‌. CO2, മീഥേന്‍ തുടങ്ങിയ വാതകങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ ഹരിതഗൃഹങ്ങളുടെ പങ്കാണ്‌ വഹിക്കുന്നത്‌. സൂര്യനില്‍നിന്നെത്തുന്ന താപോര്‍ജത്തില്‍ നല്ലൊരു പങ്ക്‌ ഭൂമിയില്‍നിന്ന്‌ പ്രതിഫലിച്ചും വിസരണം വഴിയുമൊക്ക അന്തരീക്ഷത്തിന്‌ വെളിയില്‍ പോകണം. അന്തരീക്ഷതാപനില വലിയ ചാഞ്ചാട്ടമില്ലാതെ നിലനില്‍ക്കാന്‍ അതേ വഴിയുള്ളു. എന്നാല്‍, CO2 അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ സൂര്യനില്‍നിന്നെത്തുന്ന താപോര്‍ജത്തില്‍ നല്ലൊരു പങ്ക്‌ പുറത്തു പോകാന്‍ അനുവദിക്കാതെ ഇവിടെത്തന്നെ തടഞ്ഞു നിര്‍ത്തുന്നു. ഇത്തരം വാതകങ്ങളുടെ സാന്ദ്രത വര്‍ധിക്കുമ്പോള്‍, അന്തരീക്ഷത്തില്‍ തടഞ്ഞുനിര്‍ത്തപ്പെടുന്ന താപത്തിന്റെ അളവും വര്‍ധിക്കും. ഇതുമൂലം അന്തരീക്ഷ താപനില ക്രമേണ ഉയരും. ഈ പ്രതിഭാസമാണ്‌ ആഗോളതാപനം (global warming). ലോകമിന്ന്‌ ഏറ്റവും ആശങ്കയോടെ കാണുന്ന സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി പ്രശ്‌നമാണിത്‌.

കല്‍ക്കരി നിലയങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍നിന്നാണ്‌ ഏറ്റവുമധികം CO2 പുറത്തുവരുന്നത്‌. കല്‍ക്കരി, പെട്രോളിയം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഇതിന്‌ കാരണമാകുന്നു. ശരിക്കു പറഞ്ഞാല്‍ കോടിക്കണക്കിന്‌ വര്‍ഷംകൊണ്ട്‌ അന്തരീക്ഷത്തില്‍നിന്ന്‌ സസ്യലോകം ആഗിരണം ചെയ്‌തു സൂക്ഷിച്ച കാര്‍ബണാണ്‌ ഇന്ന്‌ ഒറ്റയടിക്ക്‌ മനുഷ്യന്‍ അന്തീരക്ഷത്തില്‍ വ്യാപിക്കുന്നത്‌. പ്രാചീനകാലത്ത്‌ ഭൂമിക്കടിയില്‍പെട്ട വൃക്ഷങ്ങളും സസ്യങ്ങളുമാണല്ലോ ഫോസില്‍ ഇന്ധനങ്ങള്‍ക്ക്‌ കാരണം. കോടിക്കണക്കിന്‌ വര്‍ഷം മുമ്പ്‌ പ്രകൃതി 'കുടത്തിലടച്ചു സൂക്ഷിച്ച ഭൂത'ത്തെ ആധുനിക മനുഷ്യന്‍ തുറന്നുവിടുകയാണെന്നു പറയാം. വ്യവസായിക വിപ്ലവത്തോടെ ആരംഭിച്ച ഈ പ്രക്രിയയ്‌ക്ക്‌ ഇരുപതാംനൂറ്റാണ്ടില്‍ ആക്കം കൂടി.
വ്യവസായികവിപ്ലവത്തിന്റെ തുടക്കത്തില്‍ അന്തരീക്ഷത്തില്‍ CO2 -ന്റെ തോത്‌ 280 പി.പി.എം (parts per million-പത്തുലക്ഷത്തിലൊരംശം) ആയിരുന്നു. കീലിങ്‌ തന്റെ നിരീക്ഷണം ആരംഭിക്കുന്ന സമയത്ത്‌ (1958-ല്‍) അത്‌ 315 പി.പി.എമ്മും, 2005-ല്‍ 380 -ഉം ആയി. എന്നുവെച്ചാല്‍, വ്യവസായികവിപ്ലവം ആരംഭിച്ച ശേഷം അന്തരീക്ഷത്തില്‍ CO2 -ന്റെ തോതിലുണ്ടായ വര്‍ധന 100 പി.പി.എം.ആണ്‌. കീലിങ്‌ ഗ്രാഫ്‌ പ്രകാരം, കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ പ്രതിവര്‍ഷം ശരാശരി 0.44 ശതമാനം വര്‍ധനയാണ്‌ CO2-ന്റെ കാര്യത്തില്‍ സംഭവിച്ചത്‌. എന്നാല്‍, ഓരോ പതിറ്റാണ്ട്‌ കഴിയുന്തോറും ഇതിന്റെ തോത്‌ വര്‍ധിക്കുന്നതായി ചില സമീപകാല പഠനങ്ങള്‍ പറയുന്നു. ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്ഞര്‍ നടത്തിയ പഠനം അനുസരിച്ച്‌, കഴിഞ്ഞ പതിറ്റാണ്ടില്‍ അന്തരീക്ഷ CO2-ന്റെ പ്രതിവര്‍ഷ വര്‍ധന 1.8 ശതമാനം ആയിരുന്നു. 2002, 2003 കാലത്ത്‌ അത്‌ 2.54 ശതമാനമായി.

ഒരു സ്ഥലത്ത്‌ സംഭവിക്കുന്ന മലിനീകരണം അവിടെ തന്നെ ഒതുങ്ങും എന്നു കരുതരുത്‌. ഭൗമാന്തരീക്ഷം ഒറ്റ യൂണിറ്റായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതിലെ വാതകപ്രവാഹങ്ങള്‍ ലോകം മുഴുവന്‍ എത്തുന്നു. കഴിഞ്ഞയാഴ്‌ച നിങ്ങളുടെ ഉച്ഛാസവായുവിലൂടെ പുറത്തുവന്ന CO2-നെ ഇപ്പോള്‍ ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത്‌ ഒരു ചെടി പ്രകാശസംശ്ലേഷണത്തിന്‌ ഉപയോഗിക്കുകയാവാം. സസ്യലോകമാണ്‌ CO2-ന്റെ മുഖ്യഉപഭോക്താക്കള്‍. കാരണം, സൂര്യപ്രകാശത്തെ ആഗിരണം ചെയ്‌ത്‌ ധാന്യകം നിര്‍മിക്കാനുള്ള പ്രകാശസംശ്ലേഷണമെന്ന പ്രക്രിയയില്‍ CO2 ഒരു അഭിഭാജ്യഘടകമാണ്‌. എന്നാല്‍, ഭൂമിയിലെ വനങ്ങള്‍ക്കും സസ്യലോകത്തിനും സമുദ്രങ്ങള്‍ക്കുമൊക്കെ താങ്ങാനാകുന്നതിലും കൂടുതല്‍ CO2 മനുഷ്യന്‍ പുറത്തുവിടുന്നു എന്നിടത്താണ്‌ പ്രശ്‌നം.
'അഴകളവി'ന്റെ അമ്പത്‌ വര്‍ഷങ്ങള്‍
കീലിങ്‌ എന്ന ശാസ്‌ത്രജ്ഞന്‌ CO2-നോട്‌ തോന്നിയ പ്രണയം യാദൃശ്ചികമായിരുന്നു. ജീവിതലക്ഷ്യമായി CO2 നിരീക്ഷണം പിന്നീട്‌ അദ്ദേഹം സ്വയം ഏറ്റെടുത്തു. പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റണില്‍ 1928 ഏപ്രില്‍ 20-ന്‌ ജനിച്ച കീലിങ്‌, പ്രാഥമികതലത്തില്‍ രസതന്ത്ര പഠനം പൂര്‍ത്തിയാക്കി, 1954-ല്‍ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന്‌ രസതന്ത്രത്തില്‍ ഗവേഷണബിരുദം കരസ്ഥമാക്കിയ ശേഷം ജിയോകെമിസ്‌ട്രിയില്‍ ഗവേഷണം തുടരാന്‍ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(കാല്‍ടെക്‌) യില്‍ ചേര്‍ന്നപ്പോഴാണ്‌, ഒരു ഒഴിയാബാധയായി CO2 അദ്ദേഹത്തിന്റെ ജീവിതത്തില്‍ കയറിക്കൂടുന്നത്‌. ആ സമയത്ത്‌ തന്നെയായിരുന്നു (1955-ല്‍) ലൂയിസ്‌ ബാര്‍തോള്‍സുമായുള്ള കീലിങിന്റെ വിവാഹവും. കാര്‍ബണ്‍ഡയോക്‌സയിഡും താനും തമ്മിലുള്ള ബന്ധം ആരംഭിച്ചതെങ്ങനെയെന്ന്‌, ആത്മകഥയായ 'റിവാര്‍ഡ്‌സ്‌ ആന്‍ഡ്‌ പെനാലിറ്റീസ്‌ ഓഫ്‌ മോണിറ്ററിങ്‌ എര്‍ത്ത്‌' എന്ന കൃതിയില്‍ കീലിങ്‌ വിവരിക്കുന്നുണ്ട്‌.

'കാല്‍ടെകി'ല്‍ പ്രൊഫ. ഹാരിസണ്‍ ബ്രൗണിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍വന്ന ജിയോകെമിസ്‌ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ ആദ്യ പോസ്‌റ്റ്‌ഡോക്ടറല്‍ ഫെലോയായിരുന്നു കീലിങ്‌. ഗവേഷണ വിഷയം കണ്ടെത്തുക എന്നതായിരുന്ന താന്‍ അവിടെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്ന്‌ കീലിങ്‌ ഓര്‍ക്കുന്നു. ഇക്കാര്യത്തില്‍ പ്രൊഫ.ബ്രൗണ്‍ പക്ഷേ, അത്ര ഉത്‌ക്കണ്‌ഠയൊന്നും പ്രകടിപ്പില്ല. ചുണ്ണാമ്പുകല്ലുകള്‍ക്കു മുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ പ്രതലത്തിന്‌ മുകളിലും പ്രതലത്തിന്‌ താഴെയും കാര്‍ബണേറ്റിന്റെ ഒരു രാസസമതുലനാവസ്ഥയുണ്ടാകുമെന്നും, വായുവിലെ CO2ഉം വെള്ളത്തിലെ ചുണ്ണാമ്പുകല്ലുമാകും അതിന്‌ കാരണമെന്നും ഒരുദിവസം പ്രൊഫസര്‍ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച്‌ ഗവേഷണവിഷയമൊന്നും ഇല്ലാതെ കറങ്ങിനടന്ന കീലിങ്‌ ആ ആശയം ശരിയാണോ എന്ന്‌ പരീക്ഷിക്കാന്‍ തീരുമാനിച്ചു.

വായുവിലെയും വെള്ളത്തിലെയും CO2ന്റെ അളവ്‌ കണക്കുകയെന്നത്‌ അത്ര എളുപ്പമല്ല. അളവെടുക്കാന്‍ ഒരു ഉപകരണം വേണം. 1916-ലെ ഒരു ഗവേഷണ ജേര്‍ണലില്‍ വിവരിച്ചിരുന്ന സംവിധാനത്തിന്റെ മാതൃക കടമെടുത്ത്‌, CO2-ന്റെ അളവ്‌ കൃത്യമായി കണക്കാക്കാനുള്ള ഉപകരണം കീലിങ്‌ വികസിപ്പിച്ചു. അതുമായി കാല്‍ടെകിന്‌ സമീപം പസദേനയിലെ ചില സ്ഥലങ്ങളില്‍ ചെന്ന്‌ വായുവിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചു. എന്നാല്‍, നഗരത്തില്‍നിന്ന്‌ അകലെ മലിനീകരണം കുറഞ്ഞ സ്ഥലത്ത്‌ പഠനം നടത്തിയിട്ടേ കാര്യമുള്ളൂ എന്ന്‌ താമസിയാതെ ബോധ്യമായി. പെസഫിക്‌ സമുദ്രത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ബിഗ്‌ സുര്‍ സ്‌റ്റേറ്റ്‌ പാര്‍ക്ക്‌ പറ്റിയ സ്ഥലമാണെന്ന്‌ മനസിലാക്കി പഠനം അങ്ങോട്ടു മാറ്റി. താന്‍ രൂപപ്പെടുത്തിയ ഉപകരണം നല്‍കിയ കൗതുകം കൊണ്ടാകണം, മണിക്കൂറുകള്‍ ഇടവിട്ട്‌ വായുവിന്റെ സാമ്പിള്‍ ശേഖരിക്കുകയും CO2-ന്റെ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തുകയും ചെയ്യാന്‍ കീലിങ്‌ ആരംഭിച്ചു.

യഥാര്‍ഥത്തില്‍ തന്റെ പ്രോജക്ടിന്‌ അത്തരം വ്യാപകമായ രീതിയിലുള്ള പരിശോധന ആവശ്യമായിരുന്നില്ല. എന്നിട്ടും എന്തിന്‌ അങ്ങനെ ചെയ്‌തുവെന്ന്‌ ഇപ്പോഴും അത്ഭുതം തോന്നുന്നതായി കീലിങ്‌ ആത്മകഥയില്‍ പറയുന്നു. `അതിലൊരു രസം തോന്നി, അത്രതന്നെ' കീലിങ്‌ എഴുതുന്നു. ചെറുപ്പത്തിന്റെ ആവേശം, ഉത്സാഹം. രാത്രി പലതവണ സ്ലീപ്പിങ്‌ ബാഗില്‍നിന്ന്‌ പുറത്തിറങ്ങി വായുസാമ്പിളുകള്‍ ശേഖരിക്കേണ്ടി വന്നതൊന്നും പ്രശ്‌നമായി തോന്നിയില്ല. താമസിയാതെ, വെള്ളത്തിലെ CO2-ന്റെ കണക്കാക്കുന്നത്‌ നിര്‍ത്തി. വായുവില്‍ കൂടുതല്‍ ശ്രദ്ധിച്ചു. പകലിനെക്കാള്‍ രാത്രിവായുവില്‍ CO2 കൂടുതലുള്ളത്‌ കൗതുകമുണര്‍ത്തി. രാത്രിയില്‍ സസ്യങ്ങള്‍ CO2 ആഗിരണം ചെയ്യാത്തതാണ്‌ കാരണമെന്ന്‌ വ്യക്തമായി. സൂര്യപ്രകാശമുള്ളപ്പോഴല്ലേ പ്രകാശസംശ്ലേഷണം നടക്കൂ. മറ്റ്‌ പല ഗവേഷണകേന്ദ്രങ്ങളുടെയും സഹായത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വായുസാമ്പിളുകള്‍ സംഘടിപ്പിച്ച്‌ വിശകലനം ചെയ്‌തു. അങ്ങനെയാണ്‌ CO2 കീലിങിനെ തേടിയെത്തിയത്‌. ഭൗമരസതന്ത്രത്തില്‍ തന്റെ മേഖല ഏതാണെന്ന്‌ ആ ചെറുപ്പക്കാരന്‍ സ്വയം കണ്ടെത്തുകയായിരുന്നു. CO2-ന്റെ അളവെടുക്കാന്‍ അന്ന്‌ തുടങ്ങിയതാണ്‌. അമ്പതു വര്‍ഷം നീണ്ട ഒരു തപസ്യയാകും അതെന്ന്‌ കീലിങ്‌ പോലും കരുതിയില്ല. ശരിക്കു പറഞ്ഞാല്‍, തികച്ചും യാദൃശ്ചികമായി കാലം ആ ദൗത്യം അദ്ദേഹത്തെ ഏല്‍പ്പിക്കുകയായിരുന്നു.

അഗ്നിപര്‍വതം നല്‍കിയ ഗ്രാഫ്‌
ഹാവായി ദ്വീപുകള്‍ ശാന്തസമുദ്രത്തിന്റെ മധ്യത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌; മലിനനഗരങ്ങളില്‍ നിന്നെല്ലാം അകലെ. അതിലൊന്നിലെ 13,000 അടി ഉയരമുള്ള അഗ്നിപര്‍വതത്തിന്റെ പേരാണ്‌ മൗന ലോവ (Mauna Loa). 1957-58 കാലത്ത്‌ 'അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷാചരണ'(IGY) ത്തിന്റെ ഭാഗമായി മൗന ലോവയില്‍ ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടു. അന്തരീക്ഷത്തിലെ CO2 ന്റെ അളവ്‌ തുടര്‍ച്ചയായി കണക്കാക്കാന്‍ കീലിങ്‌ നിയോഗിക്കപ്പെടുന്നത്‌ മൗന ലോവയിലാണ്‌. ജിയോഫിസിക്കല്‍ വര്‍ഷാചരണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായ റോജര്‍ റിവില്ലെയുടെയും, യു.എസ്‌.കാലാവസ്ഥാ ബ്യൂറോയിലെ എഞ്ചിനിയറിങ്‌ മേധാവി ഡോ.ഹാരി വെക്‌സ്ലെറുടെയും പ്രേരണയാണ്‌ ആ ദൗത്യം ഏറ്റെടുക്കാന്‍ കാരണമായത്‌. പ്രശസ്‌ത ഗവേഷണകേന്ദ്രമായ 'സ്‌ക്രിപ്പ്‌സ്‌ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ്‌ ഓഷ്യാനോഗ്രാഫി'യുടെ അന്നത്തെ മേധാവി കൂടിയായ റോജര്‍ റിവില്ലെ, കീലിങിനെ തന്റെ സ്ഥാപനത്തില്‍ നിയമിക്കുകയും ചെയ്‌തു.

അക്കാലത്തെ പൊതുവിശ്വാസം, ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന്‌ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന CO2-ല്‍ നല്ലൊരു പങ്ക്‌ സമുദ്രങ്ങള്‍ ആഗിരണം ചെയ്യും എന്നായിരുന്നു. പല ഗവേഷകര്‍ക്കും പക്ഷേ, ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അന്തരീക്ഷവായുവിലെ CO2-ന്റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കിയാലേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതിന്‌ വായുവിലെ CO2-ന്റെ അളവ്‌ പതിവായി കണക്കാക്കണം. മൗന ലോവയില്‍ കീലിങും കൂട്ടരും അതാണ്‌ ചെയ്‌തത്‌. ദിവസവും രണ്ടുതവണ വീതം വായുസാമ്പിളുകള്‍ ശേഖരിച്ച്‌ CO2 അളന്നു. കീലിങിന്റെ സംഘത്തിന്‌ വേണ്ടി ദക്ഷിണധ്രുവത്തില്‍നിന്നും പതിവായി വായുസാമ്പിളുകള്‍ ശേഖരിച്ചു. അന്തരീക്ഷത്തില്‍ CO2-ന്‌ വാര്‍ഷിക ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്ന കാര്യം, നിരീക്ഷണം ആരംഭിച്ച്‌ ഒന്നുരണ്ട്‌ വര്‍ഷങ്ങള്‍കൊണ്ട്‌ തന്നെ വ്യക്തമായി. വസന്തകാലത്ത്‌ CO2-ന്റെ അളവ്‌ കുറയുന്നു; ഗ്രീഷ്‌മത്തില്‍ കൂടുന്നു. വസന്തത്തില്‍ സസ്യങ്ങള്‍ കൂടുതല്‍ CO2 ആഗിരണം ചെയ്യുന്നതുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നതെന്ന്‌ വ്യക്തമായിരുന്നു.

വാര്‍ഷിക ഏറ്റക്കുറച്ചിലുകള്‍ ചാക്രികമായി സംഭവിക്കുമ്പോള്‍ തന്നെ, CO2 ഡേറ്റ ഉപയോഗിച്ച്‌ നിര്‍മിച്ച ഗ്രാഫിന്റെ തലപ്പ്‌ മുകളിലേക്ക്‌ ഉയരുന്ന കാര്യം അറുപതുകള്‍ ആയപ്പോഴേക്കും വ്യക്തമായി. എന്നുവെച്ചാല്‍ അന്തരീക്ഷത്തില്‍ CO2-ന്റെ അളവ്‌ ക്രമമായി കൂടുകയാണ്‌. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന വാതകം മുഴുവന്‍ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നില്ലെന്നും, വാതകത്തില്‍ നല്ലൊരു പങ്ക്‌ അന്തരീക്ഷത്തില്‍ അവശേഷിക്കുകയാണ്‌ എന്നതിനുള്ള തെളിവായിരുന്നു ആ ഗ്രാഫ്‌. അത്‌ പിന്നീട്‌ കീലിങ്‌്‌ഗ്രാഫ്‌ എന്ന്‌ അറിയപ്പെടാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പിന്നിടുന്തോറും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി; അപകടത്തിലേക്കാണ്‌ പോക്ക്‌. 1969-ല്‍ അമേരിക്കന്‍ ഫിലോസൊഫിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍, CO2-ന്റെ അമിതവ്യാപനത്തെക്കുറിച്ചു സംസാരിക്കാന്‍ കീലിങ്‌ ക്ഷണിക്കപ്പെട്ടു. നിരീക്ഷണങ്ങളിലൂടെ ലഭിച്ച ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആഗോളതാപനത്തെക്കുറിച്ച്‌ ഒരു വേദിയില്‍ ഒരുപക്ഷേ, ആദ്യമായി ചര്‍ച്ച നടന്നത്‌ അന്നാകണം.

അന്തരീക്ഷത്തിലെ CO2-ന്റെ വ്യാപനം വര്‍ഷംതോറും വര്‍ധിക്കുന്ന കാര്യം കണ്ടെത്തിയതുകൊണ്ടു മാത്രം കീലിങ്‌ തന്റെ ദൗത്യം അവസാനിപ്പിച്ചില്ല. CO2 അളവെടുപ്പ്‌ അദ്ദേഹം കൃത്യമായി തുടര്‍ന്നു. 'പതിവ്‌ പ്രവര്‍ത്തനം' എന്നു വിശേഷിപ്പിച്ച്‌ യു.എസ്‌.നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്‍ അറുപതുകളില്‍ മൗന ലോവ നിരീക്ഷണകേന്ദ്രത്തിനുള്ള ഫണ്ട്‌ നിര്‍ത്തലാക്കിയിട്ടും, പുതിയതായി നിലവില്‍വന്ന 'നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ അഡ്‌മിനിസ്‌ട്രേഷന്‍' (നോവ-NOAA) പലതവണ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടും, 'നോവ'യിലെ ചില പ്രമാണിമാര്‍ വ്യക്തിപരമായി തന്നെ മൗന ലോവ നിരീക്ഷണകേന്ദ്രം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടുമൊന്നും തോറ്റു പിന്‍മാറാന്‍ കീലിങ്‌ തയ്യാറായില്ല. അമേരിക്കന്‍ ശാസ്‌ത്രമേഖലയിലെ ബ്യൂറോക്രസി ഓരോ തവണ എതിരായി വരുമ്പോഴും, മറ്റേതെങ്കിലും കോണില്‍നിന്ന്‌ കീലിങിന്റെ പ്രവര്‍ത്തനത്തിന്റെ മഹത്ത്വം മനസിലാക്കി സഹായം എത്തിക്കൊണ്ടിരുന്നു. ലോക കാലാവസ്ഥാസംഘടന (WMO) യുടെ രൂപത്തിലും, യൂറോപ്പിനെ ചില യൂണിവേഴ്‌സിറ്റികളുടെ രൂപത്തിലുമെക്കെ കീലിങിന്‌ രക്ഷകരെത്തി. തൊണ്ണൂറുകളില്‍ പോലും ഫണ്ട്‌ വേണമെങ്കില്‍ തന്റെ ഗവേഷണത്തെ വീണ്ടും വീണ്ടും ന്യായീകരിക്കേണ്ട സ്ഥിതി തനിക്കുണ്ടായെന്ന്‌ കീലിങ്‌ വേദനയോടെ രേഖപ്പെടുത്തുന്നു.

അരനൂറ്റാണ്ട്‌ താന്‍ നടത്തിയത്‌ CO2 നിരീക്ഷണം മാത്രമല്ലെന്ന്‌ കീലിങ്‌ അനുസ്‌മരിക്കുന്നു; അമേരിക്കയിലെ ഔദ്യോഗിക ശാസ്‌ത്രലോബിയോടുള്ള ചെറുത്തുനില്‍പ്പുകൂടിയായിരുന്നു. എല്‍നിനോ (El Nino) പ്രതിഭാസവും കാലാവസ്ഥയും തമ്മിലുള്ള ബന്ധം, അന്തരീക്ഷത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന താപവര്‍ധന, വേലിയേറ്റവും വേലിയിറക്കവും കാലാവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം, സൂര്യചന്ദ്രന്‍മാരുടെ ഗുരുത്വാകര്‍ഷണത്തിലുള്ള ചാക്രികസ്വാഭവം സമുദ്രത്തിലെ ഊഷ്‌മാവില്‍ വരുത്തുന്ന ദീര്‍ഘകാലമാറ്റം തുടങ്ങി കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ഒട്ടേറെ സുപ്രധാന പഠനങ്ങള്‍, CO2 നിരീക്ഷണത്തിനൊപ്പം പില്‍ക്കാലത്ത്‌ കീലിങ്‌ നടത്തി. അന്തരീക്ഷതാപനില ഉയരുന്നത്‌ വസന്താഗമനത്തെപ്പോലും സ്വാധീനിക്കുന്ന കാര്യം ആദ്യമായി കണ്ടെത്തിയതും കീലിങ്‌ തന്നെ. ഉത്തരാര്‍ധഗോളത്തില്‍ വസന്തം ഒരാഴ്‌ച മുമ്പേ എത്തിത്തുടങ്ങയിരിക്കുന്നതായി 1996-ലാണ്‌ കീലിങ്‌ ലോകത്തെ അറിയിച്ചത്‌.

വന്യതെയെ വളരെ ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു കീലിങ്‌. മാത്രമല്ല, ക്ലാസിക്കല്‍ പിയാനോയില്‍ അദ്ദേഹം വിദഗ്‌ധനുമായിരുന്നു. 'സാന്‍ഡിയാഗോ മാഡ്രിഗല്‍ സിങേഴ്‌സ്‌' എന്ന ട്രൂപ്പിന്റെ സ്ഥാപക ഡയറക്ടര്‍ കീലിങായിരുന്നു. കീലിങ്‌ -ലൂയിസ്‌ ദമ്പതിമാര്‍ക്ക്‌ അഞ്ചു കുട്ടികള്‍ പിറന്നു. അതിലൊരളായ റാല്‍ഫ്‌ കീലിങ്‌ പിതാവിന്റെ കാലടികള്‍ പിന്തുടര്‍ന്ന്‌ കാലാവസ്ഥാ ശാസ്‌ത്രജ്ഞനായി. സ്ര്‌ക്രിപ്പ്‌സ്‌ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ്‌ ഓഷ്യാനോഗ്രാഫിയിലെ പ്രൊഫസറാണ്‌ റാല്‍ഫ്‌.

'മൗന ലോവ നിരീക്ഷണകേന്ദ്രവുമായി ബന്ധപ്പെട്ട്‌ അന്തരീക്ഷ CO2-ന്റെ തോത്‌ നിര്‍ണയിക്കാന്‍ കഴിഞ്ഞ 40 വര്‍ഷമായി നടത്തുന്ന നിസ്‌തുല ഗവേഷണം' മുന്‍നിര്‍ത്തി ശാസ്‌ത്രരംഗത്തെ 'സവിശേഷ നേട്ടത്തിനുള്ള അവാര്‍ഡ്‌' 1997-ല്‍ അന്നത്തെ യു.എസ്‌.വൈസ്‌പ്രസിഡന്റ്‌ അല്‍ ഗോര്‍ കീലിങിന്‌ സമ്മാനിച്ചു. ക്യോട്ടോ ഉടമ്പടിയുടെ വര്‍ഷമായിരുന്നു അത്‌. ആയുഷ്‌ക്കാല ശാസ്‌ത്രനേട്ടത്തിനുള്ള ഏറ്റവും വലിയ അമേരിക്കന്‍ ബഹുമതിയായ 'നാഷണല്‍ മെഡല്‍ ഓഫ്‌ സയന്‍സ്‌' 2002-ല്‍ കീലിങിന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ സമ്മാനിച്ചു. ക്യോട്ടോ ഉടമ്പടിയില്‍നിന്ന്‌ അമേരിക്ക പിന്‍മാറുന്നതായി പ്രഖ്യാപിച്ചതും കീലിങിന്‌ ബഹുമതി സമ്മാനിച്ചതും ബുഷ്‌ തന്നെയാണെന്നത്‌ വിരോധാഭാസമായി തോന്നാം. 'ടൈലര്‍ പ്രൈസ്‌ ഫോര്‍ എണ്‍വിരോണ്‍മെന്റ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌' 2005-ല്‍ കീലിങിനെത്തേടിയെത്തി. അവാര്‍ഡുകളുടെ പെരുപ്പമൊന്നും പക്ഷേ, ആ ശാസ്‌ത്രജ്ഞന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയില്ല. നൂറിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം മരിക്കുന്ന ദിവസം വരെയും, തന്റെ പേരില്‍ അറിയപ്പെടുന്ന ആ ഗ്രാഫ്‌ കൂടുതല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു. മനുഷ്യരാശി ഉള്ളിടത്തോളം കാലം ആ ഗ്രാഫ്‌ ഒരു മുന്നറിയിപ്പായി നിലനില്‍ക്കുകയും ചെയ്യും.

പിന്‍കുറിപ്പ്‌: അമ്പതുവര്‍ഷം മുമ്പ്‌ മൗന ലോവ അഗ്നിപര്‍വതത്തില്‍ കീലിങ്‌ ആരംഭിച്ചത്ര ലളിതമായ പ്രവര്‍ത്തനമല്ല ഇന്ന്‌ CO2 നിരീക്ഷണം. അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഒരു ബ്രഹത്‌ പ്രവര്‍ത്തനമാണ്‌ ഇന്നത്‌. ഭൂമുഖത്തെ നൂറ്‌ കേന്ദ്രങ്ങളില്‍നിന്ന്‌ ആഴ്‌ചതോറും വായുസാമ്പിളുകള്‍ ശേഖരിച്ച്‌ CO2-ന്റെ അളവ്‌ കണക്കാക്കുന്നു. ഫ്‌ളാസ്‌ക്കുകളില്‍ ശേഖരിക്കുന്ന വായു, ലബോറട്ടറികളിലെത്തിച്ച്‌ അതിലെ CO2 ഉള്‍പ്പടെയുള്ള ഹരിതഗൃഹവാതകങ്ങളുടെയും മറ്റ്‌ മാലിന്യങ്ങളുടെയും തോത്‌ നിര്‍ണയിക്കപ്പെടുന്നു. കാലാവസ്ഥാപഠനത്തിനുള്ള വിമാനങ്ങള്‍ അത്രതന്നെ സാമ്പിളുകള്‍ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന വിതാനങ്ങളില്‍നിന്നും ശേഖരിക്കുന്നു. ഒപ്പം അന്തരീക്ഷത്തിലെ ചില വാതകങ്ങളുടെ സാന്ദ്രത കൃത്രിമോപഗ്രഹങ്ങളുടെ സഹായത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്നു. കീലിങ്‌ തുടങ്ങിയ പ്രവര്‍ത്തനത്തിന്റെ ശരിക്കുള്ള തുടര്‍ച്ച തന്നെയാണിത്‌.
(അവലംബം: Rewards and Penalties of Monitoring Earth - Charles Keeling, The Weather Makers - Tim Flannery, Cambridge Dictionary of Scientists, Charles David Keeling Biography - Scripps Institution of Oceanography, Wikipedia, BBC) (ഈ ബ്ലോഗിലെ നൂറാമത്തെ പോസ്‌റ്റ്‌ ഇവിടെ).

17 comments:

Joseph Antony said...

`നിരീക്ഷണങ്ങള്‍ ശാസ്‌ത്രത്തെത്തന്നെ പാടെ മാറ്റിമറിച്ച മൂന്ന്‌ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ട്‌. ടൈക്കോ ബ്രാഹെയുടെ വാനനിരീക്ഷണങ്ങള്‍ സര്‍ ഐസക്ക്‌ ന്യൂട്ടന്‌ ഗുരുത്വാകര്‍ഷണ സിദ്ധാന്തം രൂപപ്പെടുത്താനുള്ള അടിത്തറയായി. പ്രകാശത്തിന്റെ പ്രവേഗത്തെപ്പറ്റി ആല്‍ബെര്‍ട്ട്‌ മൈക്കല്‍സണ്‍ നടത്തിയ നിരീക്ഷണങ്ങള്‍, ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്‌ അടിസ്ഥാനമായി. ആഗോളതലത്തില്‍ അന്തരീക്ഷത്തില്‍ CO2 അടിഞ്ഞുകൂടുന്നതിനെപ്പറ്റി ചാള്‍സ്‌ കീലിങ്‌ നടത്തിയ നിരീക്ഷണങ്ങള്‍ കലാവസ്ഥാവ്യതിയാനത്തെക്കുറിച്ച്‌ ഇന്നുയരുന്ന ആകാംക്ഷകള്‍ക്കും ആശങ്കകള്‍ക്കെല്ലാം തുടക്കമിട്ടു. ഒരു ശാസ്‌ത്രജ്ഞന്‍ തന്റെ പഠനമേഖലയില്‍ ത്യാഗമനസ്സോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രം ലോകത്തെ എങ്ങനെ മാറ്റാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്‌ ചാള്‍സ്‌ കീലിങ്‌`-'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ ഇരുന്നൂറാമത്തെ പോസ്‌റ്റ്‌.

Mr. K# said...

200-ആം പോസ്റ്റിന് ആശംശകള്‍.

ശ്രീ said...

ഇരുന്നൂറാം പോസ്റ്റിന് ആശംസകള്‍‌....

കാവലാന്‍ said...

നല്ല ലേഖനം,ലേറ്റായ് വന്താലും ലേറ്റസ്റ്റായ് വരണം.ആശംസകള്‍.

vadavosky said...

ആശംസകള്‍

സുഗീഷ്. ജി|Sugeesh.G said...

നല്ലതുപോലെ ഹോം വര്‍ക്കു ചെയ്ത് എഴുതിയതാണ് ഈ ലേഖനം എന്നു മനസ്സിലായി. ഇത് ബൂലോകത്തില്‍ മാത്രം വായിക്കാനുള്ളതല്ല. ഏതെങ്കിലും മാധ്യമം വഴി സാധാരണ ജനങ്ങളീലും വിദ്യാര്‍ത്ഥികളിലും ആഗോളതാപനത്തിനെക്കുറിച്ചും അതിന്റെ ഘടകങ്ങള്‍, നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചും കുറച്ചുകൂടി വിശദമായി പ്രതിപാദിക്കുന്നത് നന്നായിരിക്കും. 200 ന് എല്ലാ ഭാവുകങ്ങളും എന്റെ വകയായി

സസ്നേഹം,

സുഗീഷ്

വി. കെ ആദര്‍ശ് said...

വളരെ വിജ്ഞാന പ്രദമായ ലേഖനം. എന്താണ്‍ ഒരു മാസത്തെ ഇടവേള സംഭവിച്ചതു, പാലാക്കാട്ടേക്കു മാറിയോ. എതായാലും ഒരു മാസത്തെ ഗാപ് ഇത്രമേല്‍ ഡെപ്ത് ഉള്ള ഒരു പോസ്റ്റിംഗ് കോണ്ട് മാറ്റി. നന്ദി.

krish | കൃഷ് said...

ഇരുനൂറാം പോസ്റ്റിന് ആശംസകള്‍.
:)

കുടുംബംകലക്കി said...

പതിവുപോലെ മികച്ച പോസ്റ്റ്.

കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള പൊതുവായ ആശങ്കകള്‍ക്കു വിരുദ്ധമായി, മനുഷ്യന്റെ പ്രവര്‍ത്തനങ്ങളല്ല, സ്വാഭാവികമായ ഭൌതിക മാറ്റമാണെന്നൊരു വാദം - State of Fear by Michael Chrichten - നിലവിലുണ്ട്. അതിനെപ്പറ്റിക്കൂടി...

Joseph Antony said...

കുതിരവട്ടന്‍,
ശ്രീ,
കാവലാന്‍,
വടോവസ്‌കി,
സുഗീഷ്‌,
ആദര്‍ശ്‌,
കൃഷ്‌,
കുടുംബംകലക്കി..

എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍, ഇവിടെയെത്തിയതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും.

ആദര്‍ശ്‌, താങ്കള്‍ പറഞ്ഞത്‌ ഭാഗികമായി ശരിയാണ്‌, പാലക്കാട്‌ മാറ്റവും ഒരു കാരണമായി. കുഴപ്പമില്ല, ഇപ്പോള്‍ വണ്ടി വീണ്ടും പാളത്തില്‍ കയറി.

സുഗീഷ്‌, തീര്‍ച്ചയായും താങ്കളുടെ അഭിപ്രായം വിലപ്പെട്ടതാണ്‌. അക്കാര്യം പരിഗണിക്കേണ്ട സംഗതി തന്നെയാണ്‌.

കുടുംബംകലക്കി, ആഗോളതാപനമെന്നത്‌ ഒരു പ്രശ്‌നമേയല്ലെന്നും അതു സംബന്ധിച്ചുയരുന്ന ആശങ്കകള്‍ക്കടിസ്ഥാനം കപടശാസ്‌ത്രമാണെന്നുമുള്ള പ്രചാരണം അമേരിക്കയിലെ ബുഷ്‌ ഭരണകൂടം വ്യാപകമായി നടത്തിവരുന്നുണ്ട്‌, പല മാര്‍ഗങ്ങളിലൂടെ. വൈറ്റ്‌ഹൗസിലെ പരിസ്ഥിതി ഉപദേഷ്ടാവ്‌ രാജിവെക്കുന്നതു വരെയെത്തി ആ പ്രചാരണം. ചില സാഹിത്യകാരന്‍മാരെപ്പോലും അതിന്‌ ബുഷ്‌ ഭരണകൂടം ഉപയോഗിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമാണ്‌ മൈക്കല്‍ ക്രിച്ചന്റെ ആ നോവല്‍ എന്നുവേണം കരുതാന്‍. അ്‌ത്‌ വായിച്ച്‌ പലരും എന്നോട്‌ ചോദിച്ചിട്ടുണ്ട്‌, അതിലെ ഡേറ്റ ശരിയാണോ എന്ന്‌. എന്നാല്‍, കീലിങ്‌ ഗ്രാഫ്‌ ഇത്തരം വാദഗതികളുടെയെല്ലാം അന്ത്യം കുറിക്കുന്നു എന്നതാണ്‌ വാസ്‌തവം.

Suraj said...

"...അക്കാലത്തെ പൊതുവിശ്വാസം, ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന്‌ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന CO2-ല്‍ നല്ലൊരു പങ്ക്‌ സമുദ്രങ്ങള്‍ ആഗിരണം ചെയ്യും എന്നായിരുന്നു. പല ഗവേഷകര്‍ക്കും പക്ഷേ, ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. അന്തരീക്ഷവായുവിലെ CO2-ന്റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കിയാലേ ഇക്കാര്യത്തില്‍ എന്തെങ്കിലും തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അതിന്‌ വായുവിലെ CO2-ന്റെ അളവ്‌ പതിവായി കണക്കാക്കണം. മൗന ലോവയില്‍ കീലിങും കൂട്ടരും അതാണ്‌ ചെയ്‌തത്‌..."

Unquestioning acceptance of authority is the greatest threat to Science എന്ന ഐന്‍സ്റ്റയിന്‍ വാക്യം സാര്‍ത്ഥകമായ നിമിഷങ്ങളായിരുന്നിരിക്കണം അത്.

വെറുതേ വിശ്വസിക്കുന്നതിലല്ല, വിശ്വാസങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നതിലാണ് ശാസ്ത്രത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത് എന്ന് വിളിച്ചുപറയുന്ന ലേഖ്നം - നന്ദി ആന്റണി മാഷ് !

അങ്കിള്‍ said...

ഗംഭീരം. വിജ്ഞാനപ്രദം.

123 said...

വളരെ നന്ദി
ഒരു സംശയം
കടല് ജലം co2 വലിച്ചെടുക്കുമോ?

Suraj said...

തലയാ,

കടല്‍ ജലം കാര്‍ബന്‍ഡൈയോക്സൈഡ് വലിച്ചെടുക്കുമെന്നല്ല മുന്‍പ് വിശ്വസിച്ചിരുന്നത്.

സാഗരങ്ങളിലെ ചെറുസസ്യങ്ങളായ പ്ലാങ്റ്റണുകള്‍ (plankton) ഫോട്ടോസിന്തസിസിനായി വലിയ അളവില്‍ CO2 വലിച്ചെടുക്കുന്നതുകൊണ്ടുതന്നെ അന്തരീക്ഷത്തിലെ CO2 മാലിന്യത്തിന്റെ അളവു താനേ കുറഞ്ഞോളും എന്നായിരുന്നു കീലിംഗിന്റെ പഠനമൊക്കെ വരുന്നതിനു മുന്‍പ് ശാസ്ത്രജ്ഞര്‍ കരുതിയിരുന്ന്നത്.

Joseph Antony said...

അങ്കിള്‍,
തലയന്‍,
നമസ്‌ക്കാരം. ഇവിടെയെത്തിയതിലും കമന്റിടാന്‍ തോന്നിയതിലും സന്തോഷം.

സൂരജ്‌, ആ വിശദീകരണത്തിന്‌ നന്ദി.

സമുദ്രങ്ങള്‍ ഇപ്പോഴും CO2 ആഗിരണം ചെയ്യുന്നുണ്ട്‌. സൂരജിന്റെ കമന്റില്‍ സൂചിപ്പിച്ചതുപോലെ, കടലിലെ സൂക്ഷ്‌മസസ്യങ്ങളായ പ്ലങ്‌ടണുകളും മറ്റും പ്രകാശസംശ്ലേഷണത്തിനായി. പക്ഷേ, അതിനൊരു നിശ്ചിത പരിധിയുണ്ട്‌. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന മുഴുവന്‍ CO2 വാതകവും ആഗിരണം ചെയ്‌ത്‌ അന്തരീക്ഷത്തെ മാലിന്യമുക്തമാക്കാന്‍ കടലുകള്‍ക്ക്‌ കഴിയില്ല എന്നാണ്‌ കീലിങിന്റെ ദീര്‍ഘകാല പഠനം അസന്നിഗ്‌ധമായി തെളിയിച്ചത്‌.

chirackal said...

Chettan, vayichu.thanks for furthermore infomation.

John honay said...

ഒത്തിരി വൈകിയാണ് ഈ വഴി എത്തിയത്.
ഈ ലേഖനം എല്ലാവരും വായിക്കേണ്ടതാണ്.
വളരെ നന്നായിരിക്കുന്നു.