Sunday, July 28, 2013

ക്വാണ്ടം ആറ്റത്തിന് നൂറ് തികയുമ്പോള്‍


വിജ്ഞാനചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവമായിരുന്നു ക്വാണ്ടംഭൗതികത്തിന്റെ ആവിര്‍ഭാവം. സൂക്ഷ്മപ്രപഞ്ചത്തിന്റെ അഗാധസങ്കീര്‍ണതകള്‍ തേടി ശാസ്ത്രലോകം ഊളിയിട്ടതിന്റെ ഫലം. ആ വിപ്ലവത്തിന്റെ തുടക്കം ഒരര്‍ഥത്തില്‍ ഡാനിഷ് ഭൗതികശാസ്ത്രജ്ഞനായ നീല്‍സ് ബോര്‍ മുന്നോട്ടുവെച്ച ആറ്റത്തിന്റെ ക്വാണ്ടംമാതൃകയോടെ ആയിരുന്നു. ക്വാണ്ടം ആറ്റംമാതൃകയ്ക്ക് ഇപ്പോള്‍ നൂറുവയസ്സ് തികയുന്നു. 

'ഫിലോസൊഫിക്കില്‍ മാഗസിനി'ല്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച മൂന്ന് പ്രബന്ധങ്ങളിലൂടെയാണ് ക്വാണ്ടം ആറ്റംമാതൃക നീല്‍സ് ബോര്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അതില്‍ ആദ്യപ്രബന്ധം പുറത്തുവന്നത് 1913 ജൂലായിലായിരുന്നു. രണ്ടാമത്തെ പ്രബന്ധം ആ സപ്തംബറിലും, മൂന്നാമത്തേത് നവംബറിലും പ്രസിദ്ധീകരിക്കപ്പെട്ടു.

പോസിറ്റീവ് ചാര്‍ജുള്ള ആറ്റമിക ന്യൂക്ലിയസ്. അതിന് ചുറ്റും 'നിശ്ചിത ഊര്‍ജനില'കളില്‍ സ്ഥിതിചെയ്യുന്ന ഇലക്ട്രോണുകള്‍. ഇങ്ങനെയാണ് നീല്‍സ് ബോര്‍ തന്റെ ആറ്റംമാതൃക വിഭാവനം ചെയ്തത്. നിശ്ചിത ഊര്‍ജനിലകളിലാണ് ഇലക്ട്രോണുകള്‍ സ്ഥിതിചെയ്യുന്നതെന്ന നീല്‍സ് ബോറിന്റെ കണ്ടെത്തലായിരുന്നു ആറ്റംമാതൃകയിലെ ഏറ്റവും നിര്‍ണായകമായ സംഗതി. ഒരു ഏണിയുടെ പടികള്‍ സങ്കല്‍പ്പിക്കുക. ആ പടികളില്‍ മാത്രമേ ഒരാള്‍ക്ക് ചവിട്ടാനാകൂ, അല്ലാതെ രണ്ട് പടികള്‍ക്കിടയില്‍ ചവിട്ടാനാകില്ല. അതുപോലെ, ആറ്റമിക ന്യൂക്ലിയസിന് ചുറ്റുമുള്ള വ്യത്യസ്ത ഊര്‍ജനിലകളുള്ള പഥങ്ങളിലേ ഇലക്ട്രോണുകള്‍ക്ക് സ്ഥിതിചെയ്യാനാകൂ. അല്ലാതെ രണ്ട് ഭ്രമണപഥങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യാന്‍ കഴിയില്ല.

ഈ നിഗമനത്തിലെത്താന്‍ നീല്‍സ് ബോറിനെ സഹായിച്ചത്, 13 വര്‍ഷം മുമ്പ് മാക്‌സ് പ്ലാങ്ക് അവതരിപ്പിച്ച ക്വാണ്ടം സിദ്ധാന്തമായിരുന്നു. തമോവസ്തു വികിരണം വിശദീകരിക്കാനുള്ള ശ്രമത്തിനിടെ പ്ലാങ്ക് എത്തിച്ചേര്‍ന്ന നിഗമനമാണ്, പ്രകാശം 'നിശ്ചിത യൂണിറ്റുകള്‍' അല്ലെങ്കില്‍ 'ക്വാണ്ടങ്ങള്‍' (quantums) ആയി പ്രത്യക്ഷപ്പെടുന്നു എന്ന കാര്യം. ക്ലാസിക്കല്‍ ഭൗതികശാസ്ത്രത്തിലെ നിയമങ്ങള്‍കൊണ്ട് തമോവസ്തു വികിരണം വിശദീകരിക്കാന്‍ കഴിയാതെ വന്നതാണ്, പ്ലാങ്ക് ക്വാണ്ടം സിദ്ധാന്തത്തിലേക്ക് എത്തിയത്.

1885 ഒക്ടോബര്‍ ഏഴിന് കോപ്പന്‍ഹേഗനില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച നീല്‍സ് ഹെന്‍ട്രിക് ഡേവിഡ് ബോര്‍, 1911 ല്‍ തന്റെ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനാണ് ഇംഗ്ലണ്ടിലെത്തിയത്. 1908 ല്‍, ഇരുപത്തിമൂന്നാം വയസ്സില്‍ റോയല്‍ ഡാനിഷ് അക്കാദമി ഓഫ് സയന്‍സസില്‍ നിന്ന് സ്വര്‍ണമെഡല്‍ നേടിയ നീല്‍സ് ബോറിന്റെ പി.എച്ച്.ഡി.പ്രബന്ധം 'ലോഹങ്ങളുടെ ഇലക്ട്രോണ്‍ സിദ്ധാന്ത'ത്തെക്കുറിച്ചുള്ളതായിരുന്നു.

സ്വാഭാവികമായും ഉപരിപഠനം കേംബ്രിഡ്ജില്‍ ജെ.ജെ.തോംസണിന് കീഴില്‍ നടത്താനായിരുന്നു നീല്‍സ് ബോറിന്റെ താത്പര്യം. ഇലക്ട്രോണ്‍ കണ്ടെത്തിയതിന് 1906 ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ തോംസണെക്കാള്‍ യോഗ്യനായ ഒരു അധ്യാപകന്‍ തനിക്ക് വേറെയുണ്ടാകില്ലെന്ന് ആ ഡാനിഷ് യുവാവ് കരുതി.

എന്നാല്‍, കേംബ്രിഡ്ജിലെത്തി അധികം വൈകാതെ നീല്‍സ് ബോറിന് തന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് മനസിലായി. തോംസണിന്റെ സിദ്ധാന്തത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ നീല്‍സ് ബോര്‍ ധൈര്യപ്പെട്ടതും, ആ ഡാനിഷ് യുവാവിന്റെ ഇംഗ്ലീഷ് അത്ര നല്ലതായിരുന്നില്ല എന്നതും, തോംസണുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമായി. മാത്രമല്ല, നീല്‍സ് ബോര്‍ മുന്നോട്ടുവെയ്ക്കുന്ന പുതിയ ആശയങ്ങളോട് പ്രതികരിക്കാന്‍ അപ്പോള്‍ 55 വയസ്സുള്ള തോംസണ് കഴിഞ്ഞുമില്ല.


തോംസണ്‍ നിരാശപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടില്‍ മറ്റൊരു ഗവേഷകന്‍ നീല്‍സ് ബോറില്‍ ആവേശമുയര്‍ത്തി. മാഞ്ചെസ്റ്ററില്‍ വിക്ടോറിയ സര്‍വകലാശാലയിലെ ഏണസ്റ്റ് റുഥര്‍ഫോഡായിരുന്നു അത്. 1912 ഫിബ്രവരിയില്‍ റുഥര്‍ഫോര്‍ഡിന്റെ ലാബില്‍ റേഡിയോ ആക്ടീവതയെക്കുറിച്ച് ഗവേഷണം നടത്താന്‍ നീല്‍സ് ബോറിന് അവസരമുണ്ടായി. അതിന് ഏതാണ്ട് ഒരുവര്‍ഷം മുമ്പ് (2011 മാര്‍ച്ച് 7 ന്) റുഥര്‍ഫോര്‍ഡ് ഒരു ആറ്റംമാതൃക അവതരിപ്പിച്ചിരുന്നു. പോസിറ്റീവ് ചാര്‍ജുള്ള ചെറുന്യൂക്ലിയസിനെ ചുറ്റുന്ന നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണുകള്‍ എന്ന നിലയ്ക്കായിരുന്നു ആ മാതൃക.

റുഥര്‍ഫോര്‍ഡിന്റെ ആറ്റംമാതൃക കാതലായ ഒരു പ്രശ്‌നം നേരിട്ടു. ചാര്‍ജുള്ള കണമാണ് ഇലക്ട്രോണ്‍. ചാര്‍ജുള്ള ഏത് കണവും തുടര്‍ച്ചയായി ഭ്രമണം ചെയ്യുമ്പോള്‍, മാക്‌സ്‌വെലിന്റെ വൈദ്യുതകാന്തിക സിദ്ധാന്തം അനുസരിച്ച്, അത് തുടര്‍ച്ചയായി വികിരണോര്‍ജം പുറപ്പെടുവിക്കും. അങ്ങനെ ഇലക്ട്രോണിന് ഊര്‍ജം നഷ്ടപ്പെട്ട് ന്യൂക്ലിയസില്‍ നിപതിച്ച് ആറ്റം തകരും.

ആ പ്രശ്‌നം പരിഹരിച്ച് സ്ഥിരതയുള്ള ഒരു ആറ്റംമാതൃകയ്ക്ക് രൂപംനല്‍കാനാണ് നീല്‍സ് ബോര്‍ ശ്രമിച്ചത്. ക്ലാസിക്കല്‍ ഭൗതികം അനുസരിച്ച് ആറ്റത്തിനുള്ളില്‍ ന്യൂക്ലിയസിന് ചുറ്റും ഏത് ഭ്രമണപത്തിലും ഇലക്ട്രോണിന് സ്വീകരിക്കാം. അതില്‍ ഒരു നിയന്ത്രണവും ഇല്ല. എന്നാല്‍, ബോര്‍ അതിന് നിയന്ത്രണം വെച്ചു. അതിന് ക്ലാസിക്കല്‍ ഭൗതികത്തിന്റെ പരിധിവിട്ട് അദ്ദേഹം, പ്ലാങ്ക് ആവിഷ്‌ക്കരിക്കുകയും ഐന്‍സ്റ്റൈന്‍ ആദ്യ ഉപയോഗം (ഫോട്ടോഇലക്ട്രിക് പ്രഭാവം വിശദീകരിക്കാന്‍) കണ്ടെത്തുകയും ചെയ്ത ക്വാണ്ടംസിദ്ധാന്തത്തിന്റെ സഹായം തേടി.

ഇലക്ട്രോണുകളുടെ സ്ഥാനം ന്യൂക്ലിയസിന് ചുറ്റും ചില പ്രത്യേക ഊര്‍ജനിലകളിലുള്ള പഥങ്ങളിലാക്കി നീല്‍സ് ബോര്‍ പരിമിതപ്പെടുത്തി. അങ്ങനെ പരിമിതപ്പെടുത്തുക വഴി ഇലക്ട്രോണുകള്‍ തുടര്‍ച്ചയായി വികിരണോര്‍ജം പുറപ്പെടുവിക്കുകയോ ന്യൂക്ലിയസില്‍ പതിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് അദ്ദേഹം ചെയ്തത്. അവിടെയാണ് നീല്‍സ് ബോറിന്റെ പ്രതിഭ പ്രവര്‍ത്തിച്ചത്. അതുവഴി ആറ്റത്തിന്റെ ഭൗതിക സവിശേഷതകള്‍ മാത്രമല്ല, രാസഗുണങ്ങളും വശദീകരിക്കാമെന്ന് അദ്ദേഹം തെളിയിച്ചു.

ഹൈഡ്രജന്‍ വര്‍ണരാജി സംബന്ധിച്ച ശാസ്ത്രീയ വിശദീകരണവും തന്റെ ക്വാണ്ടം ആറ്റംമാതൃകയിലൂടെ നീല്‍സ് ബോറാണ് ആദ്യം മുന്നോട്ട് വെയ്ക്കുന്നത്. വര്‍ണരാജി സംബന്ധിച്ച് 1885 ല്‍ ജോഹാന്‍ ജേക്കബ്ബ് ബാല്‍മര്‍ രൂപംനല്‍കിയ ഗണിതസമവാക്യം നീല്‍സ് ബോര്‍ അതിനായി ഉപയോഗിച്ചു.

ചരിത്രം സാക്ഷിയായ ഏറ്റവും വലിയ വിജ്ഞാന വിപ്ലവങ്ങളിലൊന്നിനാണ് താന്‍ നാന്ദി കുറിക്കുന്നതെന്ന് അന്ന് നീല്‍സ് ബോര്‍ ഓര്‍ത്തിരിക്കില്ല. പക്ഷേ, സംഭവിച്ചത് അങ്ങനെയാണ്. ആ മുന്നേറ്റത്തിന് 1922 ല്‍ ഭൗതികശാസ്ത്ര നൊബേലിന് നീല്‍സ് ബോര്‍ അര്‍ഹനായി.

ക്വാണ്ടം ആറ്റംമാതൃക പിന്നീട് ആര്‍നോള്‍ഡ് സോമര്‍ഫെല്‍ഡ് പരിഷ്‌ക്കരിച്ചു. ക്വാണ്ടം ആറ്റംമാതൃകയുടെ ചുവടുപിടിച്ചുള്ള അന്വേഷണങ്ങള്‍ 1920 കളില്‍ ആധുനിക ക്വാണ്ടംഭൗതികത്തിന്റെ വിശാലലോകത്തേക്കും പ്രപഞ്ചരഹസ്യങ്ങളിലേക്കും ശാസ്ത്രത്തെ നയിച്ചു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) നടക്കുന്ന കണികാപരീക്ഷണം പോലെ, അന്ന് തുടങ്ങിയ അന്വേഷണം ഇപ്പോഴും ശാസ്ത്രം തുടരുന്നു.

(അവലംബം, കടപ്പാട് : 1. Quantum (2009), by Manjit Kumar; 2. Nature, Vol 498, June 6, 2013; ചിത്രം കടപ്പാട് : American Institute of Physics) 

Wednesday, July 17, 2013

പ്രഭാതഭേരി @ 25 - ചില ഓര്‍മകള്‍

 
 ആകാശവാണി തിരുവനന്തപുരം നിലയം അവതരിപ്പിക്കുന്ന 'പ്രഭാതഭേരി' പ്രോഗ്രാമിന് 25 വയസ്സ് തികയുകയാണ്. കേരളത്തിലെ മാധ്യമരംഗത്ത് ഒരു പുതുമയായിരുന്നു ആ പ്രോഗ്രാം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരുടെ തന്നെ ശബ്ദത്തില്‍ നേരിട്ട് കേള്‍പ്പിച്ച മലയാളത്തിലെ ആദ്യപ്രോഗ്രാമായിരുന്നു അത്. കാടുംമേടും കായലും കുന്നും താണ്ടി പ്രഭാതഭേരിയുടെ മൈക്രോഫോണ്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ തേടിയെത്തി. 'സംസ്ഥാനത്ത് രണ്ട് പ്രതിപക്ഷം വേണ്ട' എന്ന് അന്ന് റവന്യൂമന്ത്രിയായിരുന്നു കെ.എം.മാണിയെക്കൊണ്ട് നിയമസഭയില്‍ പറയിപ്പിച്ച പ്രോഗ്രാമാണത്. അധികാരികളുടെ ഉറക്കംകെടുത്തിയ പ്രോഗ്രാം. മുഴുവന്‍ സമയ വാര്‍ത്താചാനലുകള്‍ രംഗത്തെത്തുന്നതിന് മുമ്പ്, ജനങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായി കാതോര്‍ത്ത പരിപാടി.

ഒരുകാലത്ത് ഈയുള്ളവനും ആ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു. ശരിക്കുപറഞ്ഞാല്‍ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയത് തന്നെ ആ പ്രോഗ്രാമിലൂടെയാണ്. അക്കാലത്ത് എന്നെ നിലനിര്‍ത്തിയത് ആകാശവാണിയുടെ ചെക്കുകളും.

1991 ലാണ് പ്രഭാതഭേരിയുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത്. അമ്പൂരിയോട് വിടപറഞ്ഞ് തിരുവനന്തപുരത്തെ കുന്നുംപുറത്ത് സുബൈദാര്‍ ലോഡ്ജില്‍ തമ്പടിച്ചിരുന്ന കാലം. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട വിവാദം ശക്തമായ സമയമായിരുന്നു അത്. പാര്‍ക്കിനെ എതിര്‍ത്തിരുന്നവര്‍ക്കൊപ്പം ഞങ്ങള്‍ കുറച്ചുപേരും സഹകരിച്ചിരുന്നു. പാര്‍ക്ക് വരുന്ന പ്രദേശത്തെ ആദിവാസികള്‍, കാട്ടിനുള്ളില്‍ നിന്ന് ചൂരല്‍ക്കുട്ടയും തേനും മറ്റ് വനവിഭവങ്ങളും വില്‍ക്കാന്‍ എത്തിച്ചിരുന്നത് കോട്ടൂര്‍ എന്ന സ്ഥലത്തെ ലേലച്ചന്തയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ചന്തയുടെ നടത്തിപ്പുകാര്‍.

വനംവകുപ്പുകാരും ഇടത്തട്ടുകാരും ചേര്‍ന്ന് ആദിവാസികളെ ശരിക്കും ചൂഷണം ചെയ്യുന്ന ഏര്‍പ്പാടാണ് ചന്തയില്‍ നടന്നിരുന്നതെന്ന്, ആദിവാസികളുമായുള്ള ആശയവിനിമയത്തില്‍നിന്ന് മനസിലായി. ഇത്തരമൊരു പ്രശ്‌നം അന്ന് ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഏറ്റവും ശക്തമായ മാര്‍ഗം പ്രഭാതഭേരിയായിരുന്നു. പൊതുജനങ്ങളെല്ലാം ശ്രദ്ധിക്കുമെന്നതിനാല്‍, പ്രഭാതഭേരിയില്‍ വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ വ്യഗ്രത കാട്ടിയിരുന്നു.

അതിനാല്‍, ലേലച്ചന്തയിലെ ചൂഷണവും തട്ടിപ്പും പ്രഭാതഭേരി വഴി പുറത്തുകൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പ്രഭാതഭേരിയുടെ ചുമതലക്കാരന്‍ ആകാശവാണിയില്‍ അന്ന് പ്രോഗ്രാം എക്‌സിക്യുട്ടീവായ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ (പറക്കോട് ഉണ്ണികൃഷ്ണന്‍) ആണ്. അദ്ദേഹത്തെ എന്റെ സുഹൃത്ത് നാരായണന്‍ മാഷിന് പരിചയമുണ്ട്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാഷ് എന്നെയും കൂട്ടി വഴുതക്കാട്ട് ആകാശവാണിയിലെത്തി, ഉണ്ണികൃഷ്ണനെ കണ്ടു. വിഷയം അദ്ദേഹത്തിന് ഇഷ്ടമായി. ഞാനും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നയാളാണെന്ന് അറിഞ്ഞപ്പോള്‍, അദ്ദേഹം ചോദിച്ചു: 'ജോസഫ്, എന്തുകൊണ്ട് ഈ പ്രോഗ്രാം താങ്ങള്‍ക്ക് തയ്യാറാക്കിക്കൂടാ'.

അതായിരുന്നു തുടക്കം. ലേലച്ചന്ത സംബന്ധിച്ച പ്രോഗ്രാം പ്രഭാതഭേരിയില്‍ ശ്രദ്ധിക്കപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം സ്റ്റാച്ച്യൂവിന് മുന്നിലൂടെ വരുമ്പോള്‍ ഒരു സ്‌കൂട്ടര്‍ അടുത്ത് ചവിട്ടിനിര്‍ത്തി. നോക്കുമ്പോള്‍ ഉണ്ണികൃഷ്ണന്‍ മാഷ്. 'പിന്നെ ആകാശവാണിയിലേക്ക് കണ്ടില്ലല്ലോ'- അദ്ദേഹം ചോദിച്ചു. 'വരൂ, നമുക്ക് പുതിയ പ്രോഗ്രാം ചെയ്യണ്ടേ'.

അടുത്ത പ്രോഗ്രാം പത്തനംതിട്ട ജില്ലയില്‍ അച്ചന്‍കോവിലാറിലെയും പമ്പയിലെയും മണലൂറ്റ് ആ നദികളെയും, അതിന്റെ പരിസരപ്രദേശത്തെ പരിസ്ഥിതിയെയും എങ്ങനെ ദുരിതത്തിലേക്ക് തള്ളിയിടുന്നു എന്നതിനെക്കുറിച്ചായിരുന്നു. പ്രഭാതഭേരി മൂന്ന് സ്ലോട്ടായി ആ പ്ലോഗ്രാം തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്തു......പരിസ്ഥിതി, ആരോഗ്യ പ്രശ്‌നങ്ങളായിരുന്നു പ്രഭാതഭേരിയില്‍ ഞാന്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. അതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്ന് മാത്രം 30 ലേറെ പ്രോഗ്രാമുകള്‍. അതിലേറ്റവും ശ്രദ്ധേയം 'കേരളത്തില്‍ ഗോതമ്പ് കൃഷി' ചെയ്യുന്ന ഒരു ഗ്രാമമുണ്ടെന്നും, അതിന്റെ പേര് വട്ടവടയാണെന്നും മലയാളികള്‍ അറിഞ്ഞതാണ്.

ഇടുക്കിയില്‍ മറയൂര്‍ താഴ്‌വരയില്‍ ശിലായുഗ സ്മാരകങ്ങളായ മുനിയറകള്‍ സ്ഥിതിചെയ്യുന്ന വിശാലമായ ഒരു പാറ ബാംഗ്ലൂര്‍ കേന്ദ്രമായ കമ്പനി പൊട്ടിച്ചുമാറ്റാന്‍ തുടങ്ങിയത് അക്കാലത്താണ്. കേരളത്തിലെ അന്നത്തെ ഒരു യു.ഡി.എഫ്. മന്ത്രിയുടെ ബിനാമിയാണെന്ന് ആക്ഷേപമുള്ള ആ കമ്പനിക്ക് വഴിവിട്ട് പാറഖനനത്തിന് അനുമതി നല്‍കുകയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു പ്രവര്‍ത്തകന്‍ ഇക്കാര്യം പ്രഭാതഭേരിക്കെഴുതി. 'ഇടുക്കി റിപ്പോര്‍ട്ടര്‍' എന്ന നിലയ്ക്ക് എന്നെ ഉണ്ണികൃഷ്ണന്‍ മാഷ് മറയൂരിന് അയച്ചു. പ്രോഗ്രാം പ്രഭാതഭേരിയില്‍ വന്നു. എറണാകുളത്തെ അഡ്വ.എ.എക്‌സ്. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള 'നിയമസഹായവേദി' ഹൈക്കോടതിയില്‍, ആ പ്രോഗ്രാമിനെ അടിസ്ഥാനമാക്കി, മറയൂര്‍ മുനിയറകള്‍ സംരക്ഷിക്കണമെന്ന് കാണിച്ച് പൊതുതാത്പര്യ ഹര്‍ജി നല്‍കി. കോടതി തന്നെ നേരിട്ടന്വേഷിച്ച്, ഖനനം നിര്‍ത്തണമെന്നും, മറയൂര്‍ മുനിയറകള്‍ ദേശീയ സ്മാരകങ്ങളായി സംരക്ഷിക്കണമെന്നും വിധി പുറപ്പെടുവിച്ചു.

1992 ജൂണില്‍ സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഷട്ടറുകള്‍ ആദ്യമായി അടച്ച സമയത്ത് അതിനെതിരെ 'ജലസമാധി' നടത്തുമെന്ന് മേധാ പട്ക്കറുടെ നേതൃത്വത്തില്‍ നര്‍മദ ബച്ചാവോ ആന്ദോളന്‍ തീരുമാനിച്ചു. ഡാമിലെ വെള്ളത്തില്‍ ആദ്യം മുങ്ങുന്ന മണിബേലി  എന്ന ആദിവാസി ഗ്രാമത്തില്‍ ജലസമാധി നടത്താനായിരുന്നു പ്ലാന്‍. സര്‍ക്കാര്‍ അവിടെ 144 പ്രഖ്യാപിച്ചതിനാല്‍, സത്യാഗ്രഹം മുംബൈയിലെ ചര്‍ച്ച്‌ഗേറ്റിലേക്ക് മാറ്റി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്ന് ഒരു ആറംഗസംഘത്തെ ആ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ അയച്ചതില്‍ തിരുവനന്തപുരം ജില്ലയുടെ പ്രതിനിധി ഞാനായിരുന്നു. ഇക്കാര്യമറിഞ്ഞ ഉണ്ണികൃഷ്ണ്‍ മാഷ് പറഞ്ഞു: 'ആരുടെയെങ്കിലും കൈയില്‍ ചെറിയ ടേപ്പ് റിക്കോര്‍ഡര്‍ കാണും, ഒരു പ്രോഗ്രാം ചെയ്‌തോളൂ' (ഡിജിറ്റല്‍ റിക്കോര്‍ഡറുകള്‍ക്ക് മുമ്പുള്ള കാലമാണത്, ടേപ്പ് റിക്കോര്‍ഡറുകള്‍ തന്നെയായിരുന്നു ആശ്രയം).

മുംബൈയിലെത്തി, സത്യഗ്രഹത്തില്‍ പങ്കെടുത്തു, മണിബേലിയില്‍ സന്ദര്‍ശനം നടത്തി, തിരിച്ചുപോരും മുമ്പ് പ്രഭാതഭേരിക്ക് ആ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. 'ഫ്രണ്ട്‌സ് ഓഫ് പീപ്പിള്‍' എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ മലയാളികളായിരുന്നു. അവരെന്നെ സഹായിച്ചു. ടേപ്പ് റിക്കോര്‍ഡര്‍ സംഘടിപ്പിച്ച് തന്നു. അടുത്ത പ്രശ്‌നം ഭാഷയായിരുന്നു. എന്നെപ്പോലെ തന്നെ നര്‍മദ താഴ്‌വരയിലെ ആദിവാസികള്‍ക്കും മറാഠിയോ ഹിന്ദിയോ അറിയില്ല. ഒടുവില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍കുട്ടി, മുംബൈയിലെ കലാകൗമുദി പത്രത്തിലെ ഒരു ലേഖിക - ഇങ്ങനെ രണ്ടുപേരുടെ സഹായത്തോടെ ആ പ്രോഗ്രാം ഞാന്‍ പൂര്‍ത്തിയാക്കി. മേധയുടെ സഹായിയായി നിന്ന പെണ്‍കുട്ടിയുടെ കൈയില്‍ ടേപ്പ് റിക്കോര്‍ഡര്‍ കൊടുത്തുവിട്ട് മേധയ്ക്ക് പറയാനുള്ളതും റിക്കോര്‍ഡ് ചെയ്തു. അങ്ങനെ മണിബേലിയുടെ ശബ്ദം പ്രഭാതഭേരിയിലൂടെ മലയാളികള്‍ കേട്ടു.

ശ്രീനാഥ്, നിസ്സാര്‍ സെയ്യിദ് മുതലായ സുഹൃത്തുക്കളും അന്ന് പ്രഭാതഭേരി ചെയ്യാന്‍ സജീവമായി രംഗത്തുള്ളതായി ഞാനോര്‍ക്കുന്നു. പ്രഭാതഭേരി ചെയ്തിരുന്ന മറ്റാളുകളുമായി എനിക്കത്ര ബന്ധമില്ലായിരുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പ്രോഗ്രാമുകള്‍ ഞാന്‍ ചെയ്തു. ശരിക്കുപറഞ്ഞാല്‍, കേരളത്തെ നേരിട്ടറിയാനുള്ള ഒരു അവസരമായി എനിക്കത് മാറി. ആ പ്രോഗ്രാമുകള്‍ക്കായി അറുന്നൂറോളം പേരെ ഇന്റര്‍വ്യൂ ചെയ്തു. അതില്‍ ബഹുഭൂരിപക്ഷവും കര്‍ഷകരും ആദിവാസികളും മത്സ്യത്തൊഴിലാളികളുമായ സാധാരണക്കാരായിരുന്നു. ശരിക്കും അവരുടെ ശബ്ദമായിരുന്നു പ്രഭാതഭേരി. ആ പ്രോഗ്രാമിന്റെ ഭാഗമാവുക വഴി സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇന്നാലോചിക്കുമ്പോള്‍, അതാണ് പ്രഭാതഭേരി നല്‍കിയ ഏറ്റവും വലിയ നേട്ടം; മറ്റൊരിടത്തുനിന്നും ലഭിക്കാത്തതും!

പ്രഭാതഭേരിയുടെ തുടക്കവും വികാസ പരിണാമവും പറക്കോട് ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു...http://bit.ly/1asITuQ 

V.K.Adarsh ഇന്നിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഈ കുറിപ്പ് തയ്യാറാക്കാന്‍ പ്രേരണയായത്.

Tuesday, July 16, 2013

മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍


ക്വിക്ക് റെസ്‌പോണ്‍സ് കോഡ് അഥവാ ക്യു.ആര്‍.കോഡ് മുന്നോട്ടുവെയ്ക്കുന്ന അനന്ത സാധ്യതകളില്‍ ഒന്നു മാത്രമാണ് മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍. ബിസിനസും പരസ്യവും ബോധവത്ക്കരണവും വിദ്യാഭ്യാസവും വിവരവിനിമയവും ഉള്‍പ്പടെ ഒട്ടേറെ മേഖലകള്‍ക്ക് ക്യു.ആര്‍.കോഡുകള്‍ തുറന്നു തരുന്ന സാധ്യത പറഞ്ഞാല്‍ തീരില്ല.


ലണ്ടന് 200 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ചെറുപട്ടണമാണ് മോണ്‍മൗത്ത്. ഏതാണ്ട് 9000 ല്‍ താഴെ മാത്രം ജനസംഖ്യയുള്ള പട്ടണം. ആയിരം വര്‍ഷംമുമ്പുള്ള റോമന്‍ കോട്ടയായ 'ബ്ലെസ്റ്റിയം' ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വേറെയും ചില ചരിത്രസ്മാരകങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍, ചരിത്രപ്രാധാന്യമുള്ള 445,000 കെട്ടിടങ്ങളും മധ്യകാലഘട്ടത്തിലെ 12,000 ദേവാലയങ്ങളും അറിയപ്പെടുന്ന ആറുലക്ഷം പുരാവസ്തുസങ്കേതങ്ങളുമുള്ള ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സാമാന്യമായ അര്‍ഥത്തില്‍ മോണ്‍മൗത്തിലെ ചരിത്രസ്മാരകങ്ങള്‍ക്ക് അത്ര പ്രാധാന്യമൊന്നുമില്ല.

പക്ഷേ, കഴിഞ്ഞ വര്‍ഷത്തോടെ സ്ഥിതി മാറി. മോണ്‍മൗത്തിലെ ചരിത്രസ്മാരകങ്ങള്‍ക്ക് മറ്റെവിടെയുമില്ലാത്ത ഒരു സവിശേഷത കൈവന്നു. ആ സ്മാരകങ്ങളോരോന്നും വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശവുമായി 'ലിങ്ക്' ചെയ്തു എന്നതാണ് ആ സവിശേഷത. അതുവഴി ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം' (Wikipedia Town) എന്നായി മോണ്‍മൗത്തിന്റെ പദവി.

ഇത് കേള്‍ക്കുമ്പോള്‍ സംശയം തോന്നാം. മോണ്‍മൗത്തിന്റെ വെബ്ബ്‌സൈറ്റില്‍നിന്നല്ലേ വിക്കിപീഡിയയിലേക്ക് 'ലിങ്ക്' കൊടുക്കാനാകൂ. പട്ടണത്തിലെ യഥാര്‍ഥ സ്മാരകങ്ങളെ എങ്ങനെയാണ് വിക്കിപീഡിയയിലേക്ക് 'ലിങ്ക്' ചെയ്യുക? അവിടെയാണ് ക്യു.ആര്‍.കോഡിന്റെ രംഗപ്രവേശം. ക്യു.ആര്‍.കോഡുകള്‍ വഴിയാണ് മോണ്‍മൗത്തിലെ സ്മാരകങ്ങള്‍ വിക്കിപീഡിയയുമായി ലിങ്ക് ചെയ്തിരിക്കുന്നത്!

മോണ്‍മൗത്ത് സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്, ഏത് സ്മാരകത്തിന് മുന്നിലെത്തിയാലും അവിടെയൊരു ഫലകം ( plaque ) സ്ഥാപിച്ചിരിക്കുന്നത് കാണാം. സ്മാരകത്തിന്റെ പേരും വിക്കിപീഡിയയുടെ ഐക്കണും പിന്നെ കറുപ്പും വെളുപ്പും കള്ളികളുള്ള ഒരു ചതുരവുമാണ് ഫലകത്തില്‍ ആലേഖനം ചെയ്തിരിക്കുക. ആ ചതുരമാണ് ക്യു.ആര്‍.കോഡ്. സ്മാര്‍ട്ട്‌ഫോണെടുത്ത് അതിലെ ക്യു.ആര്‍.റീഡര്‍ ആപ്ലിക്കേഷനില്‍ ഒന്നു വിരലമര്‍ത്തിയ ശേഷം, ആ ചതുരത്തിന് നേരെ പിടിക്കുകയേ വേണ്ടൂ, ആ സ്മാരകത്തെ സംബന്ധിച്ച വിക്കിപീഡിയ പേജിലേക്ക് പോകാനുള്ള വഴിയായി. വിക്കിപീഡിയ പേജ് വായിച്ച് മനസിലാക്കിയ ശേഷം സ്മാരകം കണ്ടാല്‍ സന്ദര്‍ശനം കൂടുതല്‍ ഫലവത്താകും.

'മോണ്‍മൗത്ത്പീഡിയ' (Monmouthpedia) എന്ന പദ്ധതി വഴിയാണ്, ഈ പട്ടണം ലോകത്തെ ആദ്യ വിക്കിപീഡിയ പട്ടണമായത്. രണ്ടുതരത്തിലുള്ള ഒരുക്കങ്ങള്‍ അതിന് വേണ്ടിവന്നു. മോണ്‍മൗത്തിലെ സ്മാരകങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ച് 25 ഭാഷകളിലായി 500 പുതിയ ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ക്കേണ്ടിവന്നു. ഒപ്പം ബന്ധപ്പെട്ട വിക്കിപീഡിയ പേജുകളുടെ ലിങ്ക് നല്‍കുന്ന ആയിരത്തിലേറെ ക്യൂ.ആര്‍.കോഡുകള്‍ ഫലകങ്ങളിലാക്കി പട്ടണത്തില്‍ സ്ഥാപിക്കേണ്ടിയും വന്നു.

അങ്ങനെ, ഒരു പട്ടണത്തെ വെര്‍ച്വല്‍ ലോകവുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ സാധിച്ചു. ക്യു.ആര്‍.കോഡാണ് അതിന് വഴിയൊരുക്കിയത്.

ക്വിക്ക് റെസ്‌പോണ്‍സ് കോഡ് അഥവാ ക്യു.ആര്‍.കോഡ് മുന്നോട്ടുവെയ്ക്കുന്ന അനന്ത സാധ്യതകളില്‍ ഒന്നു മാത്രമാണ് മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍. ബിസിനസും പരസ്യവും ബോധവത്ക്കരണവും വിദ്യാഭ്യാസവും വിവരവിനിമയവും ഉള്‍പ്പടെ ഒട്ടേറെ മേഖലകള്‍ക്ക് ക്യു.ആര്‍.കോഡുകള്‍ തുറന്നു തരുന്ന സാധ്യത പറഞ്ഞാല്‍ തീരില്ല.

ഇത് പറയുമ്പോള്‍ എന്താണ് ക്യു.ആര്‍.കോഡ് എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം. കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് പുറത്ത് കാണപ്പെടുന്ന വെള്ളയും കറുപ്പം വരകളുള്ള ബാര്‍കോഡുകള്‍ മിക്കവര്‍ക്കും പരിചിതമാണ്. 1974 ല്‍ യു.എസില്‍ ഒഹായോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ചൂയിങം പാക്കറ്റിന് മേല്‍ ആദ്യം പ്രത്യക്ഷപ്പെട്ട ശേഷം ബാര്‍കോഡ് നമ്മളെ ഒഴിഞ്ഞു പോയിട്ടില്ല.

ബാര്‍കോഡില്‍ നിന്ന് വ്യത്യസ്തമാണ് ക്യു.ആര്‍.കോഡ്. കറുപ്പുംവെളുപ്പും കുത്തുകള്‍ നിറഞ്ഞ ചതുരകോഡുകളാണ് അവ. പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് കോഡുകള്‍. ബാര്‍കോഡിനെ അപേക്ഷിച്ച് ഏറെ വിവരങ്ങള്‍ ക്യു.ആര്‍.കോഡില്‍ ഉള്‍ക്കൊള്ളിക്കാനാകും. ഒരു വെബ്ബ്‌സൈറ്റിന്റെ യു.ആര്‍.എല്‍, അല്ലെങ്കില്‍ ഒരാളുടെ വിലാസം, വീഡിയോ ലിങ്കുകള്‍, പരസ്യവാക്യങ്ങള്‍, വിശദീകരണങ്ങള്‍ അങ്ങനെ വൈവിധ്യമാര്‍ന്ന വിവരങ്ങള്‍ ക്യു.ആര്‍.കോഡില്‍ ഉള്‍ക്കൊള്ളിക്കാം. ക്യൂ.ആര്‍.റീഡര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ക്യു.ആര്‍.കോഡിന്റെ ചിത്രമെടുത്താല്‍ മതി, അതിലുള്ള വിവരങ്ങള്‍ അനായാസം ഫോണിലേക്കെത്തും.

ബാര്‍കോഡുകള്‍ രൂപപ്പെടുത്തുന്നത് 1950 കളുടെ തുടക്കത്തിലാണ്. പക്ഷേ, അതിന് ആദ്യമായി ഉപയോഗം കണ്ടെത്തുന്നത് 1974 ലും. ഒരര്‍ഥത്തില്‍ ആ ചരിത്രത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ക്യു.ആര്‍.കോഡിന്റെയും. 1994 ലാണ് ക്യു.ആര്‍.കോഡുകള്‍ വികസിപ്പിക്കുന്നത്. അത് പ്രചാരത്തിലെത്തുന്നതോ, സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിച്ചതിന് ശേഷവും.

ജപ്പാനിലാണ് ക്യു.ആര്‍.കോഡിന്റെ ആവിര്‍ഭാവം. വാഹനനിര്‍മാതാക്കളായ ടൊയോട്ടയുടെ കീഴിലുള്ള ഡെന്‍സോ വേവില്‍, വാഹനഭാഗങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യാനായി വികസിപ്പിച്ച സങ്കേതമാണിത്. ഡെന്‍സോ വേവിന് തന്നെയാണ് ക്യു.ആര്‍.കോഡിന്റെ പേറ്റന്റ് എങ്കിലും, അവരത് എല്ലാത്തരം ലൈന്‍സിങില്‍നിന്നും മുക്തമാക്കി സൗജന്യമായി ലോകത്തിന് നല്‍കി. ഐ.എസ്.ഒ. സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് അത് പുറത്തിറക്കിയത്.

ക്യൂ.ആര്‍.കോഡ് സൃഷ്ടിക്കാനോ, ക്യു.ആര്‍.കോഡ് വായിച്ചെടുക്കാനോ പ്രത്യേകിച്ച് ചെലവൊന്നും ഇല്ല. ഗൂഗിളില്‍ ചെന്ന് ക്യു.ആര്‍.കോഡെന്ന് സെര്‍ച്ച് ചെയ്താല്‍ ആ കോഡുകള്‍ സൃഷ്ടിച്ചു തരുന്ന ഒട്ടേറെ സൈറ്റുകള്‍ മുന്നിലെത്തും. ക്യു.ആര്‍.കോഡില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവരങ്ങളെന്താണെന്ന് അത്തരം സൈറ്റിലെ പേജില്‍ നല്‍കിയാല്‍ സെക്കന്‍ഡുകള്‍ക്കകം ക്യു.ആര്‍.കോഡ് റെഡി! അത് പ്രിന്റ് ചെയ്‌തെടുത്താല്‍ മതി, സംഗതി എളുപ്പം (വളരെ ജനപ്രിയമായ ഒരു എ.പി.ഐ ഗൂഗിളിനുണ്ട്; ക്യു.ആര്‍.കോഡ് സൃഷ്ടിക്കാന്‍).

അതുപോലെ തന്നെയാണ് ക്യു.ആര്‍.കോഡ് റീഡറുകളുടെയും സ്ഥിതി. പ്രമുഖ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലൊക്കെ ക്യു.ആര്‍.റീഡര്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ലഭിക്കും. ആന്‍ഡ്രോയ്ഡ് ഫോണിനെയും ഐഫോണിനെയുമൊക്കെ എളുപ്പത്തില്‍ ക്യു.ആര്‍.കോഡ് റീഡറുകളാക്കി മാറ്റാം.

പരസ്യപലകകള്‍ മുതല്‍ വിസിറ്റിങ് കാര്‍ഡുകള്‍ വരെ ഇന്ന് ക്യു.ആര്‍.കോഡുകള്‍കൊണ്ട് തയ്യാറാക്കപ്പെടുന്നു. പാശ്ചാത്യനഗരങ്ങളിലും ജപ്പാനിലും ക്യു.ആര്‍.കോഡുകള്‍ സര്‍വവ്യാപിയാണ്. പല വെബ്ബ്‌സൈറ്റുകളും അവരുടെ പേജുകള്‍ മൊബൈലില്‍ ബുക്ക്മാര്‍ക്ക് ചെയ്യാന്‍ ക്യു.ആര്‍.കോഡുകളുടെ സഹായം തേടുന്നു. വളരെ നീളമുള്ള യു.ആര്‍.എല്ലുകള്‍ മൊബൈലില്‍ ടൈപ്പ് ചെയ്‌തെടുക്കുക ബുദ്ധിമുട്ടാകും. എന്നാല്‍, ആ പേജിലൊരു ക്യു.ആര്‍.കോഡുണ്ടെങ്കില്‍ മൊബൈലുപയോഗിച്ച് ഒരു ഫോട്ടോയെടുത്താല്‍ മതി, യു.ആര്‍.എല്‍.ഫോണിലെത്തും.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി കണക്കാക്കപ്പെടുന്ന സംഗതിയാണ് 'ഹൈപ്പര്‍ടെക്സ്റ്റി'ന്റെ ഉപയോഗം.1965 ല്‍ ടെഡ് നെല്‍സണ്‍ 'ഹൈപ്പര്‍ടെക്‌സ്റ്റെ'ന്ന് പേര് നല്‍കിയ ആ സാധ്യത, വെബ്ബ്‌പേജുകളെയും ചിത്രങ്ങളെയും വിവരങ്ങളെയും പരസ്പരം ബന്ധിപ്പിക്കാന്‍ (ലിങ്ക് ചെയ്യന്‍) സഹായിക്കുന്നു. ഓണ്‍ലൈന്‍ പേജില്‍ ഒരു കാര്യത്തെക്കുറിച്ച് നമ്മള്‍ വായിക്കുന്നതിനിടയില്‍, അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളിലേക്ക് ക്ലിക്ക് ചെയ്ത് പോകാന്‍ ഹൈപ്പര്‍ടെക്സ്റ്റ് അവസരമൊരുക്കുന്നു. അച്ചടി മാധ്യമത്തിന് സാധിക്കാത്ത ഒന്നാണ് ഈ സാധ്യത. ഒരു പത്രത്തിന്റെ ഒന്നാംപേജില്‍ നിന്ന് ക്ലിക്ക് ചെയ്ത് അഞ്ചാംപേജിലേക്ക് പോവുക സാധ്യമല്ലല്ലോ!

ഇക്കാര്യം ശരിതന്നെ. പക്ഷേ, ഇങ്ങനെയൊരു സാഹചര്യം സങ്കല്‍പ്പിക്കുക : നിങ്ങള്‍ പത്രം വായിക്കുകയാണ്. മൂന്നാംപേജില്‍ ഒരു റെഡിമെയ്ഡ് ഷോപ്പിന്റെ പരസ്യം. ഇങ്ങനെ കാണുന്നു : 'ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്നവര്‍ക്ക് വമ്പിച്ച ഓഫര്‍. 40 ശതമാനം വിലകുറവ്'. അതിനൊപ്പം ഒരു ക്യു.ആര്‍.കോഡും നല്‍കിയിരിക്കുന്നു. അതുകൊള്ളാമല്ലെ എന്ന് മനസില്‍ കരുതി, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ കൈയിലെടുത്ത് ആ ക്യു.ആര്‍.കോഡ് ക്യാമറയിലാക്കിയതും, കടയുടെ ഫെയ്‌സ്ബുക്ക് പേജിലേക്കുള്ള ലിങ്ക് ഫോണിലെത്തി. ആ പേജില്‍ കടന്ന് ഒരു ലൈക്ക് കൊടുത്തു. നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഷോപ്പിന്റെ മെസേജ് ഫോണിലെത്തി. ഇന്ന തീയതിവരെ ഇവിടെയെത്തി 40 ശതമാനം വിലകുറച്ച് പര്‍ച്ചേസിങ് നടത്താം, സ്വാഗതം!

ഓര്‍ക്കുക, നിങ്ങള്‍ അച്ചടിച്ച ഒരു പത്രത്താളില്‍നിന്നാണ് കടയുടെ ഫെയ്‌സ്ബുക്ക് പേജിലേക്ക് പോയത്. അതിന് കാരണമായതോ ക്യു.ആര്‍.കോഡും! നിങ്ങള്‍ക്ക് ഒരു പത്രത്താളില്‍നിന്ന് ക്ലിക്ക് ചെയ്ത് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, ഏതാണ്ട് അതിന് സമാനമായ ഒരു സംഗതി തന്നെയല്ലേ ക്യു.ആര്‍.കോഡ് ഒരുക്കിത്തരുന്നത്. പ്രിന്റും ഓണ്‍ലൈനും തമ്മിലുള്ള പാലമായി ക്യു.ആര്‍.കോഡിനെ മാറ്റാന്‍ കഴിയും എന്നര്‍ഥം. 'ഹൈപ്പര്‍ടെക്സ്റ്റ്' എന്ന ആശയത്തിന് പുതിയ വേദികള്‍ തുറന്നിടുകയാണ് ക്യു.ആര്‍.കോഡ്.

മേല്‍പ്പറഞ്ഞ ഷോപ്പിന്റെ പരസ്യം നമുക്ക് ഒന്നുകൂടി പരിഗണിക്കാം. അത്തരമൊരു പരസ്യം നിങ്ങള്‍ പോകുന്ന വഴിക്ക് ഒരു വലിയ ബോര്‍ഡിലാണ് എഴുതിവെച്ചിരിക്കുന്നതെന്ന് കരുതുക. 'ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക, വമ്പിച്ച ഓഫര്‍ നേടുക'. അതില്‍ ക്യു.ആര്‍.കോഡിന് പകരം ഫെയ്‌സ്ബുക്ക് പേജിന്റെ യു.ആര്‍.എല്‍.ആണ് നല്‍കയിരിക്കുന്നത്. ആ ബോര്‍ഡിന് മുന്നില്‍ നിന്ന് മൊബൈലില്‍ ആ യു.ആര്‍.എല്‍.ടൈപ്പ് ചെയ്ത് സൈറ്റിലെത്തി ലൈക്ക് ചെയ്യാന്‍ നിങ്ങള്‍ മുതിരുമോ! അധികമാരും അതിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. എന്നാല്‍, ഇതേ സാധ്യത ഇരിക്കുന്നിടത്ത് ക്യു.ആര്‍.കോഡിന്റെ രൂപത്തിലെത്തിയപ്പോള്‍ നിങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

അതാണ് ക്യു.ആര്‍.കോഡിന്റെ മാന്ത്രികത. പേര് പോലെ അത് 'ക്വിക്ക് റെസ്‌പോണ്‍സ്' സൃഷ്ടിക്കുന്നു. സാമീപ്യം, സൗകര്യം, പ്രാപ്യത -ഈ മൂന്ന് ഘടകങ്ങളാണ് ക്യു.ആര്‍.കോഡിനെ ഇത്രയേറെ ആകര്‍ഷണീയമാക്കുന്നത്. ഒപ്പം അതിലെന്താണുള്ളതെന്ന് അറിയാനുള്ള കൗതുകവും!


ക്യു.ആര്‍.കോഡുകള്‍ നമ്മുടെ നാട്ടില്‍ അത്ര വ്യാപകമായിട്ടില്ല. അതിന് കാരണമുണ്ട്. ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഉപയോക്താക്കളില്‍ ഇപ്പോഴും ചെറിയൊരു ശതമാനമേ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുള്ളൂ. സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ടാണ് ക്യു.ആര്‍.കോഡ് പ്രവര്‍ത്തനം എന്നതുകൊണ്ട്, ക്യു.ആര്‍.കോഡ് നമ്മുടെ ഭാവിയിലേക്ക് തുറക്കുന്ന സാധ്യതയാണ്.

എന്നാല്‍, സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍വവ്യാപിയായ നാടുകളില്‍ ഓരോ ദിവസവും ക്യു.ആര്‍.കോഡിന് പുതിയ ഉപയോഗങ്ങള്‍ രംഗത്തെത്തുകയാണ്. ഉദാഹരണത്തിന്, ബ്രസീലിലെ പ്രസിദ്ധ നഗരമായ റിയോ ഡി ജനീറോയില്‍ ക്യു.ആര്‍.കോഡുകള്‍ സ്ഥാനംപിടിച്ചിരിക്കുന്നത് നടപ്പാതകളിലാണ്. ടൂറിസ്റ്റുകളെ സഹായിക്കാനാണ് ആ നടപടി. ബന്ധപ്പെട്ട ടൂറിസം സൈറ്റുകളിലേക്കുള്ള ലിങ്കുകളാണ് ആ ക്യൂ.ആര്‍.കോഡുകളിലുള്ളത്. മാത്രമല്ല, മാപ്പുകളിലേക്കുള്ള ലിങ്കുകളുമുണ്ട്. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ ടൂറിസ്റ്റുകള്‍ക്കായി ക്യു.ആര്‍.കോഡുകള്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് റിയോയും അത് പിന്തുടര്‍ന്നത്.

ബോര്‍ഡുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ളത് വായിക്കാന്‍ മിനക്കെടാത്തവര്‍പോലും നടപ്പാതകളില്‍ ഇത്തരം കോഡുകള്‍ കണ്ടാല്‍, കൗതുകംകൊണ്ട് അതിന്റെ ഫോട്ടോ മൊബൈലില്‍ എടുത്തെന്നിരിക്കും! അതൊന്ന് വായിച്ചുനോക്കിയെന്നിരിക്കും.

ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് മാത്രമല്ല, പരേതരുടെ ഇടയിലും ക്യു.ആര്‍.കോഡുകള്‍ക്ക് സ്ഥാനം കണ്ടെത്താന്‍ കഴിയുമെന്ന് ക്യാനഡയില്‍നിന്നുള്ള ഒരു വാര്‍ത്ത വ്യക്തമാക്കുന്നു. ക്യാനഡയില്‍ ബൊഡെല്‍വ്യാഡനിലെ സെന്റ് മാര്‍ഗ്രറ്റ് ദേവാലയ സെമിത്തേരിയിലാണ്, പരേതരുടെ വിവരങ്ങള്‍ ക്യു.ആര്‍.കോഡുകളില്‍ രേഖപ്പെടുത്തിയത്. ഒന്നാംലോക മഹായുദ്ധത്തില്‍ മരിച്ച എണ്‍പതിലേറെ സൈനികരുടെ മൃതദേഹങ്ങള്‍ ആ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടുണ്ട്. സൈനികരുടെ ശവകുടീരങ്ങളിലാണ്, അവരെ സംബന്ധിച്ചും അവര്‍ പങ്കെടുത്ത സൈനിക നടപടി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ക്യു.ആര്‍.കോഡുകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. സെമിത്തേരി സന്ദര്‍ശിക്കുന്നവര്‍ക്ക് ആ കോഡുകളുടെ ചിത്രം സ്മാര്‍ട്ട്‌ഫോണിലെടുത്ത് വിവരങ്ങളറിയാം.

ക്യു.ആര്‍.കോഡുകള്‍ സൃഷ്ടിക്കുകയും വായിക്കുകയും മാത്രമല്ല, ക്യു.ആര്‍.കോഡ് അധിഷ്ഠിതമായ പുതിയ സര്‍വീസുകളും മൊബൈല്‍ ലോകത്ത് പ്രത്യക്ഷപ്പെടുമെന്നതിന്റെ സൂചനയാണ്, അടുത്തിയിടെ 'പള്‍സ്എം' (pulsM) കമ്പനി പുറത്തിറിക്കിയ ആപ്ലിക്കേഷന്‍. ഉപഭോക്താക്കളുടെ പ്രതികരണം അറിയാന്‍ അവസരമൊരുക്കുന്ന ഒന്നാണ് ഈ ആപ്ലിക്കേഷന്‍.

ഓണ്‍ലൈന്‍ ഫോറങ്ങള്‍ പൂരിപ്പിക്കുക, കസ്റ്റമര്‍ സര്‍വ്വെ നടത്തുക മുതലായ പൊല്ലാപ്പുകളൊന്നുമില്ലാതെ കസ്റ്റമറുടെ മനസിലിരിപ്പ് അറിയാന്‍ പുതിയ ആപ്ലിക്കേഷന്‍ സഹായിക്കും. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഒരു ക്യൂ.ആര്‍.കോഡിന്റെ ഫോട്ടോ സ്മാര്‍ട്ട്‌ഫോണിലെടുക്കുമ്പോള്‍, ഫോണിലെ 'പള്‍സ്എം' ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാകും. പ്രതികരണം ഫോണിനോട് പറഞ്ഞാല്‍ മതി. അത് എത്തേണ്ടിടത്ത് എത്തിക്കൊള്ളും. ഉദാഹരണത്തിന് ഒരു റെസ്‌റ്റോറണ്ടില്‍ കയറി. ഭക്ഷണം അത്ര നന്നല്ല. പള്‍സ്എം വഴി അക്കാര്യം പറഞ്ഞാല്‍ ഉടമസ്ഥന്റെ മുന്നില്‍ നിങ്ങളുടെ പ്രതികരണമെത്തും.

അദൃശ്യ ക്യു.ആര്‍.കോഡുകളുടെ സഹായത്തോടെ പ്രമാണങ്ങളും കറന്‍സി നോട്ടുകളും വ്യാജമായി നിര്‍മിക്കുന്നത് തടയാനുള്ള ഗവേഷണമാണ്, ക്യു.ആര്‍.കോഡുകളുടെ സാധ്യത തേടുന്ന മറ്റൊരു മേഖല. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാധ്യതകളിലേക്കാണ് ക്യു.ആര്‍.കോഡ് വഴി ലോകം ചുവടുവെയ്ക്കുന്നത്.

പക്ഷേ, അപ്പോഴും ഓര്‍ക്കുക. ഇത് നല്ലകാര്യങ്ങള്‍ക്ക് മാത്രമല്ല ഉപയോഗിക്കാന്‍ കഴിയുക. ക്യു.ആര്‍.കോഡ് കണ്ടാല്‍ അതിന്റെ ഫോട്ടോയെടുത്തു നോക്കുന്ന ആളുകളുടെ സ്വഭാവം മുതലാക്കാന്‍ ആരെങ്കിലും രംഗത്തെത്തിക്കൂടെന്നില്ല. കുബുദ്ധികള്‍ക്ക് ഇതുമൊരു ലാഭക്കൊയ്ത്താക്കി മാറ്റാം. നിങ്ങളുടെ മൊബൈലിലെ പാസ്‌വേഡുകളും ബാങ്ക്അക്കൗണ്ട് വിവരങ്ങളും ചോര്‍ത്താനുള്ള ഒരു ദുഷ്ടപ്രോഗ്രാമിന്റെ ലിങ്ക് ഇത്തരമൊരു കോഡില്‍ അനായാസം ഉള്‍ക്കൊള്ളിക്കാവുന്നതെയുള്ളൂ.

കാണുന്ന ലിങ്കുകളിലൊക്കെ ചാടിക്കേറി ക്ലിക്ക് ചെയ്യരുത് എന്ന് പറയുംപോലെ, കാണുന്ന ക്യു.ആര്‍.കോഡിലൊക്കെ അതെവിടെയാണ് എന്താണ് എന്ന് നോക്കാതെ ക്ലിക്ക് ചെയ്യരുത്!

(അവലംബം, കടപ്പാട് : qrcodestickers.org; Wikimedia blog on Monmouthpedia; വിവിധ വാര്‍ത്താഏജന്‍സികള്‍)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ജൂലായ് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

Monday, July 08, 2013

ഭൂപടത്തിലില്ലാത്ത ദ്വീപുകള്‍

ജീവികളുടെ ഭൂപടത്തില്‍നിന്ന് ഒരു ജീവിവര്‍ഗം അപ്രത്യക്ഷമാകുന്നത് ചെറുക്കാന്‍ ഭൂപടത്തിലില്ലാത്ത ദ്വീപുകള്‍ തേടിനടന്നയാളാണ് സതീഷ് ഭാസ്‌ക്കര്‍. കടലാമകളെക്കുറിച്ച് പഠിക്കാന്‍ ആരും എത്താത്ത വിദൂരതീരങ്ങളില്‍ അലഞ്ഞ മനുഷ്യന്‍. ഇന്ത്യയില്‍ കടലാമഗവേഷണം രണ്ടു പതിറ്റാണ്ടോളം ഒറ്റയാള്‍ പട്ടാളത്തെപ്പോലെ സ്വന്തം ചുമലിലേറ്റി നടന്നയാള്‍. ജനിച്ചത് കേരളത്തിലാണെങ്കിലും ഒരിക്കലും കേരളീയര്‍ തിരിച്ചറിയാത്ത വ്യക്തിത്വം.


ലക്ഷദ്വീപിലെ ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപായ സുഹേലി വലിയകരയില്‍നിന്ന് മണ്‍സൂണ്‍ കാലത്തെ പ്രക്ഷുബ്ദമായ കടലിലേക്കാണ്, കുപ്പിയിലടച്ച് ഭദ്രമാക്കിയ ആ കത്ത് സതീഷ് ഭാസ്‌ക്കര്‍ 'പോസ്റ്റു'ചെയ്തത്. ചെന്നൈയില്‍ തന്റെ പ്രിയതമയ്ക്കുള്ളതായിരുന്നു കത്ത്. കേരളതീരത്തോ ഗോവയിലോ അടിയുന്ന ആ 'കുപ്പിക്കത്ത്' ആരെങ്കിലും കണ്ടെടുത്ത് ചെന്നൈയിലേക്ക് അയച്ചുകൊള്ളുമെന്ന് സതീഷ് കരുതി.

കടലിലൂടെ ആ കത്ത് പോയത് പക്ഷേ, ശ്രീലങ്കയ്ക്കാണ്! 1982 ജൂലായ് 3 ന് അയച്ച കത്ത് 24 ദിവസംകൊണ്ട് 800 കിലോമീറ്റര്‍ ഒഴുകി ശ്രീലങ്കയിലെത്തി. അന്തോണി ഡമേഷ്യസ് എന്ന മത്സ്യത്തൊഴിലാളിക്കാണ് അത് കിട്ടിയത്. കത്തിലെ വാചകങ്ങള്‍ ആ മത്സ്യത്തൊഴിലാളിയെ ഏറെ സ്പര്‍ശിച്ചു. തനാരാണെന്നും ആ കത്ത് തനിക്ക് എത്രമാത്രം മതിപ്പുളവാക്കിയെന്നും കാണിച്ച് ഒരു കവറിങ് ലറ്ററും, സ്വന്തം കുടുംബഫോട്ടോയും ചേര്‍ത്താണ് അതയാള്‍ ചെന്നൈയിലേക്ക് അയച്ചത്. 'നിങ്ങള്‍ കുടുംബസമേതം ശ്രീലങ്കയ്ക്ക് ഒരിക്കല്‍ വരണം' എന്ന് സ്‌നേഹപൂര്‍വ്വം ക്ഷണിക്കാനും ആ മത്സ്യത്തൊഴിലാളി മറന്നില്ല.

ആ മണ്‍സൂണ്‍ കാലത്ത് കടലിന് നടുവിലെ ദ്വീപില്‍ ഏകനായി കഴിയുന്ന ഭര്‍ത്താവിന്റെ കത്ത് വായിച്ച് ബൃന്ദയ്ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. സതീഷ് ഭാസ്‌ക്കര്‍ എന്ന മനുഷ്യന്‍ പെരുമഴയത്ത് ആ വിദൂര ദ്വീപില്‍ ഒറ്റയ്ക്ക് കഴിയുന്നത് എന്തിനെന്ന് മനസിലാക്കിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഹാരി മില്ലര്‍, കടലിലൂടെ ഒഴുകിയെത്തിയ ആ കത്തിന്റെ വിവരം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വാര്‍ത്തയാക്കി. വാര്‍ത്തയുടെ തലവാചകം ഇങ്ങനെയായിരുന്നു : 'റോബിന്‍സണ്‍ സതീഷ് ഭാസ്‌ക്കര്‍'! ('റോബിന്‍സണ്‍ ക്രൂസോ' എന്ന നോവല്‍ നാമം ഓര്‍ക്കുക).

മണ്‍സൂണ്‍ കാലത്ത് മുട്ടയിടാനെത്തുന്ന ഗ്രീന്‍ കടലാമകളെക്കുറിച്ച് പഠിക്കാന്‍ അറബിക്കടലിലെ വിജനദ്വീപില്‍ അഞ്ചുമാസം ഒറ്റയ്ക്ക് കഴിയുകയായിരുന്നു സതീഷ് ഭാസ്‌ക്കര്‍. ഭാര്യ ബൃന്ദയെയും മൂന്നുമാസം മാത്രം പ്രായമായ തന്റെ കടിഞ്ഞൂല്‍ പുത്രിയെയും ചെന്നൈയില്‍ വിട്ടിട്ടാണ് ആ ദൗത്യത്തിന് അദ്ദേഹം പുറപ്പെട്ടത്. ജനവാസമുള്ള അടുത്ത പ്രദേശം കവറത്തി ദ്വീപാണ്. സുഹേലിയില്‍ നിന്ന് 52 കിലോമീറ്റര്‍ കടല്‍ താണ്ടിയാലേ അവിടെയെത്തൂ. മണ്‍സൂണിലെ പെരുമഴയത്ത് പ്രക്ഷുബ്ദമായ കടല്‍ താണ്ടി ഒരു ബോട്ടും സുഹേലിക്ക് വരില്ല. അതാണ് ഭാര്യയ്ക്കുള്ള കത്ത് കുപ്പിയിലടച്ച് കടലില്‍ 'പോസ്റ്റു'ചെയ്യാന്‍ സതീഷിനെ പ്രേരിപ്പിച്ച സംഗതി!


ഇന്ത്യയില്‍ കടലാമഗവേഷണത്തിന്റെ ആദ്യകാല ചരിത്രത്തില്‍ ഇത്തരം ഒട്ടേറെ കഥകള്‍ കണ്ടെത്താനാകും. സാഹസികതയുടെയും അപൂര്‍വ്വതയുടെയും പരിവേഷമുള്ളവ. കഥകള്‍ പലതാണെങ്കിലും പക്ഷേ, അതിലെല്ലാം ഒറ്റ നായകനെയേ കാണാനാകൂ. സതീഷ് ഭാസ്‌ക്കര്‍ എന്ന സൗമനായ മനുഷ്യനെ മാത്രം! ഇന്ത്യന്‍ തീരങ്ങളിലും വിദൂരദ്വീപുകളിലും കടലാമകളുടെ വരവും പോക്കും അറിയാന്‍ ആദ്യമായി അലഞ്ഞയാണ് അദ്ദേഹം. ഇന്ത്യയില്‍ കടലാമഗവേഷണം രണ്ടുപതിറ്റാണ്ടോളം ഒറ്റയാള്‍ പട്ടാളത്തെപ്പോലെ സ്വന്തം ചുമലില്‍ പേറിയ മനുഷ്യന്‍. ജനിച്ചത് കേരളത്തിലാണെങ്കിലും ഒരിക്കലും കേരളീയര്‍ തിരിച്ചറിയാത്ത വ്യക്തിത്വം.

'സ്‌കൂള്‍കുട്ടിയുടെ ഭാഗത്തുനിന്ന് നോക്കിയാല്‍, എന്റെ ജീവിതം ഒരു കെട്ടുകഥ പോലെ തോന്നാം' - തെക്കന്‍ ഗോവയില്‍ കാന ബനോളിയിലെ വസതിയിലിരുന്ന് പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനിടെ സതീഷ് പറഞ്ഞു. മദ്രാസ്സ് ഐ.ഐ.ടി.യില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പഠിച്ച സതീഷാണ് ഇന്ത്യയില്‍ കടലാമഗവേഷണത്തിന് അടിത്തറയിട്ടതെന്ന് പറയുമ്പോള്‍, 7500 കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ തീരം മുഴുവന്‍ ഈ മനുഷ്യന്‍ കാല്‍നടയായി പിന്നിട്ടുവെന്ന് അറിയുമ്പോള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ മേഖല ഉള്‍പ്പടെ ഇന്ത്യയിലെ 670 ഓളം ദ്വീപുകളില്‍ കടലാമകള്‍ക്കായി ഇദ്ദേഹം പര്യടനം നടത്തിയ കഥ കേള്‍ക്കുമ്പോള്‍, കൊലയാളി സ്രാവുകള്‍ നിറഞ്ഞ എത്രയോ കടലിടുക്കുകള്‍ അതിനായി നീന്തിക്കടന്നിട്ടുണ്ടെന്ന് മനസിലാക്കുമ്പോള്‍, നദീതടങ്ങളിലും കായലോരങ്ങളിലും ചീങ്കണ്ണികള്‍ ഇദ്ദേഹത്തോട് കാട്ടിയ സൗജന്യത്തെക്കുറിച്ചറിയമ്പോള്‍, ഭൂമുഖത്തെ ഏറ്റവും വിഷമേറിയ മത്സ്യമായ സ്‌റ്റോണ്‍ഫിഷിന്റെയും കൊടിയവിഷമുള്ള പാമ്പുകളുടെയും കാട്ടാനയുടെയും ആക്രമണങ്ങളില്‍നിന്ന് തലമുടിനാരിഴ വ്യത്യാസത്തില്‍ അദ്ദേഹം രക്ഷപ്പെട്ടകാര്യം കേട്ട് അത്ഭുതപ്പെടുമ്പോള്‍ - ഉറപ്പാണ്, കെട്ടുകഥകള്‍ പോലും തോല്‍ക്കുന്നതായി തോന്നും!


കടലാമകളെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ മേഖല പോലുള്ള ദ്വീപ് ശൃംഖലകളാണ് പ്രധാനമെന്ന് സതീഷ് പറയുന്നു. അതില്‍തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപുകള്‍. 'ഏതാണ്ട് 400 മീറ്റര്‍ നീളവും90 മീറ്റര്‍ മാത്രം വീതിയുമുള്ള അത്തരം ദ്വീപുകള്‍ ഭൂപടത്തില്‍ പോലും കണ്ടെന്ന് വരില്ല'- അദ്ദേഹം അറിയിക്കുന്നു. ജീവികളുടെ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമാകാതിരിക്കാന്‍ കടലാമകള്‍ക്ക് താങ്ങാകുന്നത് ഭൂപടത്തിലില്ലാത്ത അത്തരം ദ്വീപുകളാണ്. ശുദ്ധജലം പോലും ലഭ്യമല്ലാത്ത ആ വിദൂരദ്വീപുകളിലായിരുന്നു സതീഷിന്റെ പ്രവര്‍ത്തനം ഏറെയും.

1977 ലാണ് സതീഷ് കടലാമകളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്. ഗുജറാത്ത് തീരം മുതല്‍ അധികമാരും സന്ദര്‍ശിച്ചിട്ടില്ലാത്ത രാജ്യത്തെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നായ മെറോ (Meroe) ദ്വീപില്‍ വരെ സതീഷിന്റെ പര്യവേക്ഷണങ്ങള്‍ നീണ്ടു. ഇന്ത്യയില്‍ മാത്രമല്ല, ന്യൂ ഗിനി പോലെ ഇന്‍ഡൊനീഷ്യയുടെ വിദൂരതീരങ്ങളിലും കടലാമഗവേഷണത്തിന് തുടക്കമിടാന്‍ സതീഷിന് കഴിഞ്ഞു. 1984-1985 കാലത്താണ് ഡബ്ല്യു.ഡബ്ല്യു.എഫ് - ഇന്‍ഡൊനീഷ്യയുടെ ക്ഷണംസ്വീകരിച്ച് ന്യൂ ഗിനിയുടെ പടിഞ്ഞാറേ അറ്റത്തുള്ള വൊഗല്‍കോപ്ഫ് തീരത്ത് അദ്ദേഹം പഠനം നടത്തുന്നത്.


'ഞാന്‍ കടലാമകളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയ കാലത്ത്, ആ ജീവികളുടെ പ്രജനനകേന്ദ്രങ്ങളായ കടലോരങ്ങള്‍ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം പോലും ആളുകള്‍ക്ക് അറിയുമായിരുന്നില്ല'-സതീഷ് ഓര്‍ക്കുന്നു. 'പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ പ്രധാന്യം എനിക്ക് ബോധ്യമായി'. എവിടെയാണ് കടലാമകള്‍ എത്തുന്നത്, എത്രയെണ്ണം എത്തുന്നു, ഏതൊക്കെ ഇനങ്ങള്‍ എത്തുന്നു, എപ്പോഴാണ് പ്രജനന സീസണ്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിരുന്നു സതീഷിന്റെ ശ്രമം. 'ഇതില്‍ ചിലതിന്റെ ഉത്തരം എനിക്ക് കണ്ടെത്താനായി. ഞാന്‍ ആകെ ചെയ്തതായി എനിക്ക് തോന്നുന്നത് ഇതുമാത്രമാണ്'. അല്ലാതെയുള്ള ഒരു അവകാശവാദത്തിനും സതീഷ് തയ്യാറല്ല.

പാറയില്‍ ഭാസ്‌ക്കരന്റെയും ചെറിയചാണാശ്ശേരി രാമന്‍ പത്മിനിയുടെയും ഏക സന്താനമായി 1946 സപ്തംബര്‍ 11 ന് എറണാകളും ജില്ലയിലെ ചെറായിയിലാണ് സതീഷ് ഭാസ്‌ക്കറിന്റെ ജനനം. ഇരിങ്ങാലക്കുട സ്വദേശിയായിരുന്ന ഭാസ്‌ക്കരന്‍ പട്ടാളത്തില്‍ മേജറായിരുന്നു; പത്മിനി ചെറായി സ്വദേശിയും. കേരളത്തിന് പുറത്ത് വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു സതീഷിന്റെ ആദ്യകാല വിദ്യാഭ്യാസം. ഷില്ലോങിലെ സെന്റ് എഡ്മണ്ട് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ സതീഷ്, മദ്രാസ്സ് ഐ.ഐ.ടി.യില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങിന് ചേര്‍ന്നു.

ചെന്നൈയില്‍ വെച്ച് കടലിനോട് തോന്നിയ പ്രണയമാണ് ഒരര്‍ഥത്തില്‍ ആ വിദ്യാര്‍ഥിയെ കടലാമഗവേഷണത്തിലേക്ക് എത്തിച്ചത്. 'കടലില്‍ നീന്തുന്നത് (ബോഡി സര്‍ഫിങ്) എനിക്ക് ഹരമായി' - സതീഷ് ഓര്‍ക്കുന്നു. മദ്രാസ്സ് സ്‌നേക്ക് പാര്‍ക്കിന്റെ സ്ഥാപകനും പ്രശസ്ത ഉരഗജീവി വിദഗ്ധനുമായ റോമുലസ് വിറ്റേക്കറുമായി സതീഷ് പരിചയപ്പെടുന്നതും ആ സമയത്താണ്. ആ പരിചയം സതീഷിന്റെ മാത്രമല്ല, ഇന്ത്യയിലെ കടലാമഗവേഷണത്തിന്റെയും ശിരോലിഖിതം മാറ്റിയെഴുതി. ഐ.ഐ.ടി.യ്ക്ക് പകരം സ്‌നേക്ക്പാര്‍ക്കിലായി സതീഷിന്റെ ശ്രദ്ധ, എന്‍ജിനിയറിങ് ഗ്രന്ഥങ്ങള്‍ക്ക് പകരം ബയോളജി പുസ്തകങ്ങളായി വായന!


വിറ്റേക്കര്‍ ആ സമയത്ത് ചീങ്കണ്ണികളെക്കുറിച്ച് പഠിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച സമയമാണ്. 'കടലാമകളെക്കുറിച്ച് പഠിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. അതിനൊരു മുഴുവന്‍ സമയ പ്രവര്‍ത്തകനെ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നു''-2010 ല്‍ ഒരു അഭിമുഖത്തില്‍ വിറ്റേക്കര്‍ പറഞ്ഞു. കടലിനെ പ്രണിയിക്കുന്ന സതീഷ് ആയിരുന്നു അതിന് വിറ്റേക്കര്‍ കണ്ടെത്തിയ വ്യക്തി. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കാതെ കടലാമകളുടെ രഹസ്യങ്ങള്‍ തേടി ആ യുവാവ് പുറപ്പെട്ടു.

മദ്രാസ് സ്‌നേക്ക് പാര്‍ക്കിന്റെ 'ഫീല്‍ഡ് ഓഫീസര്‍' എന്ന നിലയ്ക്കാണ് സതീഷ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യ അദ്ദേഹത്തെ റിക്രൂട്ട് ചെയ്തു. സ്‌നേക്ക് പാര്‍ക്കിലെ സെക്രട്ടറിയായിരുന്ന ബൃന്ദ ബ്രിഡ്ജിത്തിനെ 1981 ജനവരിയില്‍ സതീഷ് വിവാഹം കഴിച്ചു. സതീഷ്-ബൃന്ദ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട് -നൈല, കൈലി, സന്ധ്യ.

ലോകത്താകെയുള്ള എട്ടിനം കടലാമകളില്‍ അഞ്ച് സ്പീഷീസുകള്‍ -ഒലിവ് റിഡ്‌ലി, ഗ്രീന്‍, ഹ്വാക്‌സ്ബില്‍, ലോഗര്‍ഹെഡ്, ലെതര്‍ബാക്ക് എന്നിവ - ഇന്ത്യന്‍ തീരങ്ങളില്‍ എത്തുന്നുണ്ട്.  ഇവയില്‍ ലോഗര്‍ഹെഡ് ഇന്ത്യയിലൊരിടത്തും മുട്ടയിടുന്നതായി ഇതുവരെ കണ്ടിട്ടില്ല. ബാക്കി നാലിനങ്ങളില്‍ ഒലിവ് റിഡ്‌ലിയാണ് ഏറ്റവും കൂടുതലായി ഇന്ത്യയിലെത്തുന്നത്. ഒറിസ്സാ തീരത്തെ ഗഹീര്‍മാതാ കടലോരമാണ് ലോകത്തേറ്റവുമധികം ഒലിവ് റിഡ്‌ലികള്‍ കൂട്ടത്തോടെ പ്രജനനത്തിനെത്തുന്ന സ്ഥലം.

എന്നാല്‍, 17 വര്‍ഷം നീണ്ട കടലാമഗവേഷണത്തിനിടെ സതീഷ് ഏറ്റവും കുറച്ച് ശ്രദ്ധിച്ചിട്ടുള്ള ഇനം ഒലിവ് റിഡ്‌ലിയാണ്. അതെപ്പറ്റി സതീഷ് പറയുന്നത് ഇങ്ങനെ : 'പതിനായിരക്കണക്കിന് ഒലിവ് റിഡ്‌ലികളെ ടാഗ് ചെയ്ത ഗവേഷകര്‍ ഇന്ത്യയില്‍ തന്നെയുണ്ട്. പക്ഷേ, അവര്‍ ഒരു ഗ്രീന്‍ കടലാമയെയോ ലതര്‍ബാക്കിനെയോ ഹ്വാക്‌സ്ബിലിനെയോ ടാഗ് ചെയ്തിട്ടുണ്ടാകില്ല. കാരണം, അവ പ്രജനനത്തിനെത്തുന്നത് ഇന്ത്യയുടെ വന്‍കരയിലല്ല, വിദൂര ദീപുകളുടെ തീരങ്ങളിലാണ്. അത്തരം സ്ഥലങ്ങളായിരുന്നു എന്റെ പ്രവര്‍ത്തന മേഖല'. ശരിയാണ് ഇന്ത്യന്‍ തീരത്ത് ഗ്രീന്‍ കടലാമകള്‍ മുട്ടയിടുന്നത് ആദ്യമായി നേരിട്ട് നിരീക്ഷിച്ച വ്യക്തി സതീഷാണ്; ലക്ഷദ്വീപിലെ സുഹേലി വലിയകരയില്‍ വെച്ച് 1982 ല്‍. ലെതര്‍ബാക്ക് കടലാമകള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ മുട്ടയിടാനെത്തുന്ന വിവരം ആദ്യമായി സ്ഥിരീകരിച്ചതും അദ്ദേഹം തന്നെ. റുട്ട്‌ലന്‍ഡ് ദ്വീപിലെ ജഹാജി ബീച്ചില്‍ ലെതര്‍ബാക്ക് പ്രജനനം നടത്തുന്ന വിവരം 1978 ല്‍ സതീഷ് രേഖപ്പെടുത്തി. 1991-1995 കാലത്ത് ആന്‍ഡമാനിലെ ആളില്ലാത്ത ചെറുദ്വീപായ സൗത്ത് റീഫ് ഐലന്‍ഡില്‍ തുടര്‍ച്ചയായി മാസങ്ങളോളം താമസിച്ച് ഹ്വാക്‌സ്ബില്‍ കടലാമകളുടെ പ്രജനനരീതികള്‍ പഠിച്ചു. പില്‍ക്കാല ഗവേഷണങ്ങള്‍ക്കുള്ള അടിത്തറയാണ് ഇതിലൂടെ സതീഷ് പണിതുയര്‍ത്തിയത്.

മദ്രാസ്സ് ക്രോക്കഡൈല്‍ ബാങ്കാണ് 1990 കളില്‍ സതീഷിന്റെ ഗവേഷണങ്ങള്‍ക്ക് ഫണ്ട് നല്‍കിയിരുന്നത്. ഫണ്ടിന്റെ കുറവ് വന്നതോടെ 1995 ല്‍ തന്റെ പഠനം നിര്‍ത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായി. കടലാമഗവേഷണത്തില്‍നിന്ന് റിട്ടയര്‍ചെയ്ത സതീഷ് ആ വര്‍ഷംതന്നെ കുടുംബസമേതം ഗോവയിലേക്ക് താമസം മാറ്റി.


പ്രൊഫഷണലായി ബയോളജി പഠിക്കാത്ത വ്യക്തിയാണ് സതീഷ്. ഒരു വിഷയത്തിലും ബിരുദവുമില്ല. ശരിക്കുപറഞ്ഞാല്‍ ഒരു അമേച്വര്‍ ഗവേഷകന്‍. എന്നിട്ടും, 1979 നവംബറില്‍ കടലാമസംരക്ഷണത്തെക്കുറിച്ച് ആദ്യ അന്താരാഷ്ട്ര സമ്മേളനം വാഷിങ്ടണ്‍ ഡി.സിയില്‍ നടക്കുമ്പോള്‍ ഇന്ത്യയില്‍നിന്ന് അതില്‍ പങ്കെടുത്ത രണ്ടുപേരില്‍ ഒരാള്‍ സതീഷായിരുന്നു. കടലാമഗവേഷണത്തിനുള്ള അംഗീകാരമായി 1984 ല്‍ റോളക്‌സിന്റെ അവാര്‍ഡും ഫാന്‍സി വാച്ചും സതീഷിന് സമ്മാനിക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ സീ തര്‍ട്ട്ല്‍ സൊസൈറ്റി (ഐ.എസ്.ടി.എസ്) അതിന്റെ മുപ്പതാംവാര്‍ഷിക സമ്മേളനം 2010 ഏപ്രിലില്‍ ഗോവയില്‍ നടത്തിയപ്പോള്‍, ആ വര്‍ഷത്തെ 'ഐ.എസ്.ടി.എസ്.ചാമ്പ്യന്‍സ് അവര്‍ഡ്' നല്‍കി സതീഷിനെ ആദരിച്ചു.

ഒരു പഠനമേഖലയെ സ്വന്തംചുമലിലേറ്റി മുന്നോട്ട് നയിച്ച വ്യക്തിയാണ് സതീഷ്. 'വംശനാശത്തില്‍നിന്ന് അതിജീവനത്തിലേക്ക് ഒരു ജീവിവര്‍ഗത്തെ കൈപിടിച്ചുയര്‍ത്താന്‍, ഒരു മനുഷ്യന് ആ ജീവിയോടും അതിന്റെ ആവാസവ്യവസ്ഥയോടുമുള്ള അഭിനിവേശം എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം, അതാണ് സതീഷിന്റെ ജീവിത'മെന്ന് മൂന്നുവര്‍ഷംമുമ്പ് വിറ്റേക്കര്‍ അഭിപ്രായപ്പെട്ടത് തീര്‍ച്ചയായും അതിശയോക്തിയല്ല. (ചിത്രങ്ങളില്‍ ആദ്യത്തേത് ഗോവയില്‍വെച്ച് ലേഖകന്‍ എടുത്തത്. ബാക്കി ചിത്രങ്ങള്‍ക്ക് കടപ്പാട് : സതീഷ് ഭാസ്‌ക്കര്‍)

- മാതൃഭൂമി വാരാന്തപ്പതിപ്പ് (ജൂലായ് 7, 2013) പ്രസിദ്ധീകരിച്ച ഫീച്ചറിന്റെ പൂര്‍ണരൂപം