Tuesday, September 30, 2008

ഭൂമിയോളം പഴക്കമുള്ള പാറ

ഭൂമുഖത്തെ ഏറ്റവും പഴക്കമുള്ള പാറപ്പരപ്പ്‌ കാനഡയില്‍ കണ്ടെത്തിയിരിക്കുന്നു.
ഭൂമിയുടെ പ്രായം വെറും 30 കോടിവര്‍ഷം മാത്രമുള്ളപ്പോള്‍ രൂപപ്പെട്ട പാറപ്പരപ്പ്‌ കാനഡയില്‍ കണ്ടെത്തി. 428 കോടി വര്‍ഷം പ്രായമുള്ള ആ പാറയാണ്‌, ഭൂപ്രതലത്തില്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമുള്ള പ്രദേശം. ഭൂമിയുടെ പ്രായം ഏതാണ്ട്‌ 460 കോടി വര്‍ഷമെന്നാണ്‌ കണക്കാക്കുന്നത്‌. അതുവെച്ചു നോക്കിയാല്‍, ഏതാണ്ട്‌ ഭൂമിയോളം തന്നെ പഴക്കമുള്ളതാണ്‌ മോണ്‍ട്രിയളില്‍ മക്‌ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയ പ്രാചീനമേഖല. ഭൂമിയെങ്ങനെ രൂപപ്പെട്ടു, ജീവന്റെ ഉത്ഭവം തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ഉള്‍ക്കാഴ്‌ച നല്‍കാന്‍ പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കും.

'ഫലകചലന പ്രക്രിയ'യുടെ ഫലമായി ഭൂപ്രതലം ഒരിക്കലും സ്ഥിരമായിരിക്കില്ല. ഭൂമിക്കുള്ളിലെ ഭാഗങ്ങള്‍ പ്രതലത്തിലെത്തുകയും, പ്രതലഭാഗങ്ങള്‍ ഭൂമിക്കുള്ളിലേക്ക്‌ ആവാഹിക്കപ്പെടുകയും ചെയ്യും. ഒരുതരം പുനചംക്രമണം. നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം മാറ്റമാണ്‌ ഭൂഖണ്ഡങ്ങളുടെയും സമുദ്രങ്ങളുടെയും സൃഷ്ടിക്ക്‌ കാരണം. ഭൂപ്രതലത്തിലെ മിക്ക പ്രദേശങ്ങളും ചെറുപ്പമായിരിക്കുന്നത്‌ അതുകൊണ്ടാണ്‌. ആ പൊതുസ്വഭാവത്തിന്‌ വിരുദ്ധമാണ്‌ കാനഡയില്‍ വടക്കന്‍ ക്യുബെക്കിലെ ഹഡ്‌സണ്‍ ഉള്‍ക്കടലിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന പാറപ്പരപ്പെന്ന്‌ ഗവേഷകര്‍ കണ്ടെത്തി. 'നുവ്വഗിറ്റുക്വ്‌ ഗ്രീന്‍സ്റ്റോണ്‍' എന്നറിയപ്പെടുന്ന ആ പ്രാചീന ശിലകള്‍ക്ക്‌, ഭൂമുഖത്ത്‌ അറിയപ്പെടുന്ന ഏത്‌ ശിലയെക്കാളും 25 കോടിവര്‍ഷം പഴക്കം കൂടുതലുണ്ടെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

മക്‌ഗില്‍ സര്‍വകലാശാലയിലെ ഭൗമശാസ്‌ത്രജ്ഞന്‍ ജോനാഥന്‍ ഒനീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കണ്ടെത്തലിന്‌ പിന്നില്‍. `ഭൂമിയുടെ പ്രാരംഭഘട്ടത്തിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാനുള്ള സാധ്യതയാണ്‌ ഈ കണ്ടെത്തലോടെ തുറന്നിരിക്കുന്നത്‌`-ഒനീല്‍ പറയുന്നു. എപ്പോഴാണ്‌, എങ്ങനെയാണ്‌ ജീവന്‍ പ്രത്യക്ഷപ്പെട്ടത്‌, പ്രാചീനഭൂമിയുടെ അന്തരീക്ഷം എങ്ങനെയായിരുന്നു, ആദ്യ ഭൂഖണ്ഡങ്ങള്‍ രൂപപ്പെട്ടത്‌ എന്നാണ്‌ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ഈ പ്രാചീനശിലകള്‍ സഹായിച്ചേക്കുമെന്ന്‌ അദ്ദേഹം കരുതുന്നു.

പ്രാചീന ശിലകള്‍ കണ്ടെത്താന്‍ ഏറ്റവും സാധ്യതയുള്ള പ്രദേശമായി വടക്കന്‍ ക്യുബെക്ക്‌ മേഖലയെ 2001-ല്‍ തന്നെ ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. അവിടെ നിന്നുള്ള ശിലാമാതൃക, വാഷിങ്‌ടണിലെ കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷനില്‍ അയച്ചാണ്‌ പരിശോധിച്ചത്‌. ശിലകളില്‍ അപൂര്‍വ ഭൗമമൂലകങ്ങളായ നിയോഡൈമിനം, സമാരിയം എന്നിവയുടെ ഐസോടോപ്പുകളുടെ അളവ്‌ പരിശോധിക്കുക വഴി, ശിലയുടെ പ്രായമറിയാനുള്ള ഒരു സവിശേഷ രാസമുദ്ര തങ്ങള്‍ തിരിച്ചറിഞ്ഞതായി ഗവേഷകര്‍ പറയുന്നു. 'ഫോക്‌സ്‌ ആംഫിബൊലൈറ്റ്‌' (faux amphibolite) എന്നു പേരിട്ടിട്ടുള്ള ആ പ്രാചീനശിലയ്‌ക്ക്‌ 428 കോടി വര്‍ഷം പഴക്കമുണ്ടെന്ന്‌ അങ്ങനെയാണ്‌ വ്യക്തമായതെന്ന്‌, പഠനസംഘത്തില്‍ ഉള്‍പ്പെട്ട പ്രൊഫ. ഡോണ്‍ ഫ്രാന്‍ക്‌സി അറിയിക്കുന്നു.

ഏതാണ്ട്‌ ഇപ്പോഴത്തെ ഭൂമിയെപ്പോലെ തന്നെ തോന്നിക്കുന്ന പ്രാചീന ഭൂമിയുടെ ചിത്രമാണ്‌ ഈ കണ്ടെത്തല്‍ നല്‍കുന്നതെന്ന്‌, ഗവേഷണത്തില്‍ പങ്കാളിയായ കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷനിലെ റിച്ചാര്‍ഡ്‌ ഡബ്ല്യു. കാള്‍സണ്‍ പറയുന്നു. ശിലാഖണ്ഡങ്ങളില്‍ പ്രചീനസൂക്ഷ്‌മജീവികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായാല്‍, ജീവന്റെ ഉത്ഭവത്തെക്കുറിച്ച്‌ വിലപ്പെട്ട വിവരങ്ങളാകും അത്‌ നല്‍കുക. തിരയടിക്കുന്ന മാഗ്മസമുദ്രങ്ങളുടെ അപരിചിത ലോകമായിരുന്നു ഭൂമി ആദ്യകാലത്ത്‌ എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ ചോദ്യം ചെയ്യുന്നതാണ്‌ പുതിയ കണ്ടെത്തല്‍.

എന്നാല്‍, ആ പ്രാചീനശിലകളുടെ പ്രായം പൂര്‍ണമായി അംഗീകരിക്കാത്തവരുമുണ്ട്‌. 428 കോടി വര്‍ഷം പഴക്കമുള്ള ശിലാവശിഷ്ടങ്ങള്‍ പ്രായംകുറഞ്ഞ ശിലകളുമായി അമര്‍ന്നു ചേര്‍ന്നു രൂപപ്പെട്ടതാകാം വടക്കന്‍ ക്യുബക്കിലേതെന്ന്‌ കോളറാഡോ സര്‍വകലാശാലയിലെ സ്‌റ്റീഫന്‍ മൊജ്‌സ്സിസ്‌ അഭിപ്രായപ്പെടുന്നു. തന്റെ നിഗമനം തെറ്റാണെന്ന്‌ തെളിഞ്ഞാല്‍, വടക്കന്‍ ക്യുബെക്കിലേക്ക്‌ ഭൗമശാസ്‌ത്രജ്ഞരുടെ ഒരു തള്ളിക്കയറ്റം തന്നെ വരുംനാളുകളില്‍ ഉണ്ടാകുമെന്ന്‌ അദ്ദേഹം പറയുന്നു.

ഇതുവരെ ഭൂമുഖത്തെ ഏറ്റവും പ്രായമുള്ള ശിലകള്‍ എന്ന്‌ കണക്കാക്കിയിരുന്നത്‌ കനേഡിയന്‍ നോര്‍ത്ത്‌വെസ്‌റ്റിലുള്ളവയായിരുന്നു. 403 കോടി വര്‍ഷമാണ്‌ അവയുടെ പഴക്കമെന്ന്‌ കണക്കാക്കുന്നു. എന്നാല്‍, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രായംകുറഞ്ഞ ശിലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണലുപോലുള്ള ഒരിനം ചെറുപരലുകള്‍ക്ക്‌ 436 കോടി വര്‍ഷം പ്രായമുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. (അവലംബം: സയന്‍സ്‌ ഗവേഷണവാരിക)

കാണുക: പഴയ ഭൂമി, പുതിയ കണ്ടെത്തല്‍

Sunday, September 28, 2008

സ്‌തനാര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ മാര്‍ഗം

സ്‌തനാര്‍ബുദചികിത്സ ഫലപ്രദമാകുമോ എന്നത്‌ മുഖ്യമായും രോഗം എത്ര നേരത്തെ തിരിച്ചറിയാന്‍ കഴിയുന്നു എന്ന കാര്യത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. പ്രാരംഭഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞ്‌ ചികിത്സിച്ചാല്‍ രോഗം മാരകമാകുന്നത്‌ തടയാനാകും, രോഗിക്ക്‌ സാധാരണജിവിതം നയിക്കാനും സഹായിക്കും. ആ നിലയ്‌ക്ക്‌ സ്‌തനാര്‍ബുദത്തിനെതിരെ ശക്തമായ ഒരായുധം കണ്ടെത്തിയിരിക്കുകയാണ്‌ ഒരുസംഘം യൂറോപ്യന്‍ ഗവേഷകര്‍. രോഗം നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു എക്‌സ്‌റേ സങ്കേതമാണ്‌ അവര്‍ വികസിപ്പിച്ചിരിക്കുന്നത്‌. വരുംവര്‍ഷങ്ങളില്‍ ഇത്‌ ചികിത്സാരംഗത്ത്‌ എത്തുമെന്നാണ്‌ പ്രതീക്ഷ.

നിലവില്‍ സ്‌തനാര്‍ബുദം നിര്‍ണയിക്കാന്‍ അവലംബിക്കുന്ന എക്‌സ്‌റേ മെമോഗ്രഫിയെ അപേക്ഷിച്ച്‌ കൃത്യതയോടെ നേരത്തെ രോഗം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്‌ പുതിയ മാര്‍ഗം. 'അനലൈസര്‍ ബെയ്‌സ്‌ഡ്‌ എക്‌സ്‌റേ ഇമേജിങ്‌'(എ.ബി.ഐ) എന്നു പേരിട്ടിട്ടുള്ള സങ്കേതം വികസിപ്പിച്ചതില്‍ ഫിന്‍ലന്‍ഡ്‌, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഗവേഷകര്‍ക്കൊപ്പം യൂറോപ്യന്‍ സിങ്ക്രോട്രോണ്‍ റേഡിയേഷന്‍ ഫെസിലിറ്റിയും കാര്യമായ പങ്കുവഹിച്ചു. സ്‌തനങ്ങള്‍ക്കുള്ളിലെ കലകളുടെ ത്രിമാനദൃശ്യവത്‌ക്കരണത്തിലൂടെ, കോശഭാഗങ്ങളിലെ സൂക്ഷ്‌മ പരിവര്‍ത്തനംപോലും കണ്ടെത്തുകയാണ്‌ എ.ബി.ഐ വഴി ചെയ്യുക. അര്‍ബുദ സാന്നിധ്യം അതുവഴി തിരിച്ചറിയാന്‍ കഴിയും.

ആധുനിക ജീവിതശൈലിയുടെയും മറ്റും ഫലമായി സ്‌ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന അര്‍ബുദമാണ്‌ സ്‌തനങ്ങളെ ബാധിക്കുന്നത്‌. പ്രാരംഭഘട്ടത്തില്‍ രോഗം തിരിച്ചറിയാന്‍ കഴിയാത്തതാണ്‌ പലപ്പോഴും അപകടം വരുത്തുന്നത്‌. രോഗനിര്‍ണയത്തിന്‌ എക്‌സ്‌റേ മെമോഗ്രഫി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, പത്തു മുതല്‍ ഇരുപതു ശതമാനം വരെ ആളുകളില്‍ രോഗബാധ ഇതു വഴി തിരിച്ചറിയാന്‍ കഴിയാറില്ല. സി.ടി.സ്‌കാന്‍ (കമ്പ്യൂട്ടഡ്‌ ടോമോഗ്രാഫി സ്‌കാന്‍) വഴി കൂടുതല്‍ ഫലപ്രദമായി രോഗനിര്‍ണയം സാധ്യമാണെങ്കിലും, സ്‌തനങ്ങള്‍ പോലുള്ള അവയവങ്ങളില്‍ ഇതിനായി ശക്തിയേറിയ എക്‌സ്‌-റേ പ്രയോഗം വേണ്ടിവരും. അത്‌ കൂടുതല്‍ ദോഷങ്ങള്‍ക്കിടയാക്കും.

എന്നാല്‍ പുതിയ എ.ബി.ഐ.സങ്കേതത്തില്‍ മെമോഗ്രഫി പരിശോധനയില്‍ ഉപയോഗിക്കുന്ന അത്രതന്നെ എക്‌സ്‌-റേ ഡോസേ ആവശ്യമുള്ളു, സാധാരണ സി.ടി.സ്‌കാനറുകളില്‍ ഉപയോഗിക്കുന്നതിന്റെ നാലിലൊന്ന്‌. എന്നാല്‍, ലഭിക്കുന്ന ത്രിമാനദൃശ്യത്തിന്‌ ഏഴ്‌ മടങ്ങ്‌ വ്യക്തത കൂടുതലുണ്ട്‌. സാധാരണ മെമോഗ്രാഫി പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാതെ വരുന്ന സ്‌തനാര്‍ബുദ മാതൃക ഉപയോഗിച്ച്‌ പുതിയ സങ്കേതം പരീക്ഷിച്ചപ്പോള്‍ അര്‍ബുദ സാന്നിധ്യം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു. സ്‌തനകലകളെ മൈക്രോസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള ഹിസ്‌റ്റോപാത്തോളജി പരിശോധന വഴി മാത്രം തിരിച്ചറിയാന്‍ കഴിയുന്ന രോഗസാന്നിധ്യമാണ്‌, എ.ബി.ഐ.സങ്കേതംവഴി കണ്ടെത്താനായത്‌.

മെമോഗ്രാഫി, സി.ടി.സ്‌കാന്‍ മുതലായവയുമായി പുതിയ സങ്കേതം താരതമ്യം ചെയ്‌താല്‍ അതിന്റെ മേന്‍മ മനസിലാകുമെന്ന്‌, പഠനത്തില്‍ പങ്കാളിയായ ജാനി കെയ്‌രിലായിനെന്‍ പറയുന്നു. പക്ഷേ, പരീക്ഷണശാലയില്‍ കോശഭാഗങ്ങളിലേ പുതിയ സങ്കേതം ഉപയോഗിച്ചിട്ടുള്ളു. താമസിയാതെ മനുഷ്യരില്‍ ഇത്‌ പരീക്ഷിക്കാം എന്ന പ്രതീക്ഷയിലാണ്‌ ഗവേഷകര്‍.

(അവലംബം: യൂറോപ്യന്‍ സിങ്ക്രോട്രോണ്‍ റേഡിയേഷന്‍ ഫെസിലിറ്റി (ESRF)യുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി)

Saturday, September 27, 2008

ഗൂഗിള്‍ഫോണ്‍ ഇന്ത്യയില്‍ ഡിസംബറില്‍

കമ്പ്യൂട്ടറില്‍ നിന്ന്‌ മൊബൈലിലേക്ക്‌ കുടിയേറുക എന്നത്‌ ഇന്റര്‍നെറ്റിന്റെ അനിവാര്യതയാണെന്ന്‌ ഗൂഗിള്‍ മനസിലാക്കിയിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ ഹാന്‍ഡ്‌സെറ്റുകളിലേക്ക്‌ കൂടുതല്‍ വ്യാപിക്കുന്നതോടെ തുറന്നുകിട്ടുന്നത്‌ പുത്തന്‍ വിപണിയാണ്‌. ആ വിപണിയാണ്‌ ഗൂഗിള്‍ഫോണും ആന്‍ഡ്രോയിഡും ലക്ഷ്യമിടുന്നത്‌. 
(മൊബൈല്‍ ഫോണിന്റെ ഭാവി ഗൂഗിളിന്റെ ദൃഷ്ടിയില്‍ എന്തെന്നറിയാന്‍ ഇതു കാണുക)

കാഴ്‌ചയ്‌ക്ക്‌ ആപ്പിളിന്റെ ഐഫോണിന്റെയത്ര കേമമല്ലെങ്കിലും, സാധനം കൊള്ളാം-ഗൂഗിള്‍ ആന്‍ഡ്രോയിഡ്‌ മൊബൈലിനെക്കുറിച്ച്‌ വിദഗ്‌ധരുടെ പ്രാഥമിക വിലയിരുത്തല്‍ ഇതാണ്‌. സൗകര്യങ്ങളിലും സവിശേഷതകളിലും ഐഫോണിനെക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ്‌ 'ജി-1' എന്നു പേരിട്ടിട്ടുള്ള ഗൂഗിള്‍ഫോണ്‍. തയ്‌വാനീസ്‌ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മാതാക്കളായ ഹൈടെക്‌ കമ്പ്യൂട്ടര്‍ (HTC) നിര്‍മിച്ച്‌, ടി-മൊബൈല്‍ പുറത്തിറക്കിയ ജിഫോണ്‍ ഈ ഡിസംബറില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ്‌ സൂചന.

ജിഫോണിന്‌ ഇന്ത്യയില്‍ വില ഏതാണ്ട്‌ 20,000 രൂപാ ആയിരിക്കുമെന്ന്‌ പ്രവചിക്കപ്പെടുന്നു. (അമേരിക്കയില്‍ 179 ഡോളര്‍-ഏതാണ്ട്‌ 8500 രൂപ-ആണെങ്കിലും). ഇന്ത്യയില്‍ ഐഫോണിന്റെ 8 GB മോഡലിന്‌ 31000 രൂപയാണ്‌. വിലയുടെ കാര്യത്തിലും ജിഫോണ്‍ കൂടുതല്‍ സ്വീകാര്യമാകാനാണ്‌ സാധ്യതയെന്ന്‌ സാരം. എച്ച്‌.ടി.സി.ഇന്ത്യ മാനേജര്‍ അജയ്‌ ശര്‍മ തന്നെയാണ്‌, ഡിസംബറില്‍ ജിഫോണ്‍ ഇന്ത്യയിലെത്തുമെന്ന്‌ വെളിപ്പെടുത്തിയത്‌- ബിസിനസ്‌ സ്റ്റാന്‍ഡേര്‍ഡ്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പറയുന്നു. ഇന്ത്യയില്‍ എച്ച്‌.ടി.സി. ഇപ്പോള്‍ തന്നെ സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്‌. 2007-ല്‍ ഇന്ത്യയില്‍ ഒരുലക്ഷം ഫോണ്‍ അവര്‍ വിറ്റിരുന്നു. ജിഫോണ്‍ കൂടി വരുന്നതോടെ, 2009-ല്‍ കുറഞ്ഞത്‌ ആറുലക്ഷം ഫോണുകള്‍ വില്‍ക്കാമെന്നാണ്‌ പ്രതീക്ഷ.
ജിഫോണിന്‌ ഐഫോണുമായുള്ള ഏറ്റവും പ്രകടമായ വ്യത്യാസം അതിന്റെ കീപാഡിലാണ്‌. ടച്ച്‌സ്‌ക്രീന്‍ മാത്രമാണ്‌ ഐഫോണിലുള്ളതെങ്കില്‍, ടച്ച്‌സ്‌ക്രീനിനൊപ്പം കമ്പ്യൂട്ടറുകളിലെ പരമ്പരാഗത QWERTY കീബോര്‍ഡുകൂടി ജിഫോണിലുണ്ട്‌. ടൈപ്പിങ്‌ അനായാസമാക്കാന്‍ അത്‌ സഹായിക്കും. ഫോണിന്റെ മുകളിലെ പാളിയിലാണ്‌ ടച്ച്‌സ്‌ക്രീന്‍. ആ പാളി തെന്നിമാറും, അതിനുള്ളിലാണ്‌ സാധാരണ കീപാഡ്‌. ഫോണിനെ കമ്പ്യൂട്ടര്‍ ഉപയോഗത്തിലേക്ക്‌ കൂടുതല്‍ അടുപ്പിക്കാന്‍ ജിഫോണ്‍ സഹായിക്കുമെന്ന്‌ സാരം.

3ഏ നെറ്റ്‌വര്‍ക്കിനൊപ്പം, ജിഫോണില്‍ wi-fi സൗകര്യംകൂടിയുണ്ട്‌, 3 മെഗാപിക്‌സല്‍ ക്യാമറയും (ഐഫോണില്‍ 2 മെഗാപിക്‌സല്‍ ക്യാമറയാണുള്ളത്‌). കറുപ്പ്‌, തവിട്ട്‌, വെള്ള എന്നീ നിറങ്ങളില്‍ ജിഫോണ്‍ ലഭ്യമാണ്‌. നിങ്ങളുടെ ജിമെയിലില്‍ പുതിയ ഇ-മെയിലെത്തിയാല്‍, ജിഫോണ്‍ ആ വിവരം അപ്പോള്‍ തന്നെ അറിയിക്കും.

ഇതിലൊക്കെ ഉപരിയായി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ്‌ മൊബൈല്‍ ഓപ്പറേറ്റിങ്‌ സംവിധാനമാണ്‌ ജിഫോണിന്റെ ആത്മാവ്‌. മറ്റ്‌ മൊബൈല്‍ ഓപ്പറേറ്റിങ്‌ സംവിധാനങ്ങളെ കടത്തിവെട്ടുന്ന തരത്തില്‍ മികച്ചതാണ്‌ ആന്‍ഡ്രോയിഡ്‌ എന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്രീ സോഫ്‌ട്‌വേറായ ലീനക്‌സിലാണ്‌ ഈ പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയിരിക്കുന്നത്‌ എന്നതിനാല്‍, വിന്‍ഡോസ്‌ മൊബൈല്‍ പോലെ അതിന്‌ കാശ്‌ കൊടുക്കേണ്ടതില്ല.

മാത്രമല്ല, മള്‍ട്ടിമീഡിയ മെസ്സേജിങ്‌, കോപ്പി ആന്‍ഡ്‌ പേസ്റ്റ്‌, വോയിസ്‌ ഡയലിങ്‌ തുടങ്ങി ഐഫോണിനില്ലാത്ത ഒട്ടേറെ സവിശേഷതകള്‍ ജിഫോണിലുണ്ട്‌. ബാറ്ററി എടുത്തു മാറ്റാനാകില്ല എന്നതാണ്‌ ഐഫോണിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി പലരും കാണുന്നത്‌. ബാറ്ററി കേടായാല്‍ ആപ്പിളിനെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. എന്നാല്‍, ജിഫോണില്‍ ആ പ്രശ്‌നമില്ല, എടുത്തുമാറ്റാവുന്ന ബാറ്ററിയാണ്‌ അതിലുള്ളത്‌.

ഗ്ലോബല്‍ പൊസിഷനിങ്‌ സംവിധാനം (GPS), മ്യൂസിക്‌ പ്ലേയര്‍, ബ്ലൂടൂത്ത്‌, ഗൂഗിള്‍മാപ്പ്‌സ്‌ തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ ഐഫോണിനും ജിഫോണിനും പൊതുവായുണ്ട്‌. ആപ്പിളിന്റെ ഐട്യൂണ്‍സ്‌ സ്റ്റോറിനെയാണ്‌ ഗാനങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യാനായി ഐഫോണ്‍ ആശ്രയിക്കുന്നതെങ്കില്‍, ജിഫോണ്‍ ആശ്രയിക്കുന്നത്‌ ആമസോണ്‍ MP3സ്‌റ്റോറിനെയാണ്‌. ഗൂഗിള്‍മാപ്പ്‌സ്‌ സ്‌ട്രീറ്റ്‌ വ്യൂ ജിഫോണില്‍ ലഭ്യമാണ്‌, ഐഫോണിന്‌ ഈ സൗകര്യം ലഭ്യമല്ല. യൂട്യൂബും ജിഫോണിലുണ്ട്‌.

എച്ച്‌.ടി.സി, ഇന്റല്‍, മോട്ടറോള, സാംസങ്‌ തുടങ്ങി 34 കമ്പനികള്‍ ചേര്‍ന്നുണ്ടാക്കിയ 'ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ്‌ അലിയന്‍സ്‌' ആന്‍ഡ്രോയിഡ്‌ വികസിപ്പിക്കുന്നതില്‍ ഗൂഗിളിനോട്‌ സഹകരിച്ചു. മൊബൈല്‍ഫോണുകളില്‍ ഇന്റര്‍നെറ്റ്‌ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ആന്‍ഡ്രോയിഡ്‌ രൂപപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഇന്റര്‍നെറ്റ്‌ ഹാന്‍ഡ്‌സെറ്റുകളിലേക്ക്‌ കൂടുതല്‍ വ്യാപിക്കുന്നതോടെ, തുറന്നുകിട്ടുന്ന പുത്തന്‍ വിപണിയാണ്‌ ഗൂഗിള്‍ ലക്ഷ്യമിടുന്നതെന്ന്‌ വ്യക്തം. കമ്പ്യൂട്ടറില്‍ നിന്ന്‌ മൊബൈലിലേക്ക്‌ നെറ്റ്‌ കുടിയേറുമെന്ന്‌ ഗൂഗിള്‍ മനസിലാക്കിയിട്ടുണ്ട്‌. (അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍, ബി.ബി.സി, ബിസിനസ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌).

NB: പത്താം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ്‌ ഗൂഗിള്‍, അതിന്റെ പുതിയ സംരംഭം രംഗത്തെത്തിച്ചിരിക്കുന്നത്‌.
ഗൂഗിളിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം-ലോകത്തെ മാറ്റിമറിക്കുന്ന, എന്നാല്‍ പരമാവധി ആളുകള്‍ക്ക്‌ പ്രയോജനം ലഭിക്കുന്ന, ആശങ്ങളുള്ള ആളാണ്‌ നിങ്ങളെങ്കില്‍. ആ ആശയം മുന്നോട്ടുവെയ്‌ക്കാം. അത്തരം അഞ്ച്‌ ആശയങ്ങളെ പിന്തുണയ്‌ക്കാന്‍ ഒരുകോടി ഡോളറാണ്‌ പിറന്നാള്‍ പ്രമാണിച്ച്‌ ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌.. പിറന്നാള്‍ വിശേഷങ്ങള്‍ അറിയാന്‍ ഇതു കാണുക.

Friday, September 26, 2008

ഹൃദയാഘാതത്തിന്റെ തീവ്രത കുറയ്‌ക്കുന്ന രാസാഗ്നി

ആഘാതവേളയില്‍ ഹൃദയപേശികള്‍ക്ക്‌ നാശമുണ്ടാകുന്നതിന്റെ തീവ്രത കുറയ്‌ക്കാന്‍ സഹായിക്കുന്ന സുപ്രധാന രാസാഗ്നി അമേരിക്കന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു.

ഭാവിയില്‍ ഹൃദ്രോഗചികിത്സയുടെ ആണിക്കല്ലായി മാറിയേക്കാവുന്ന കണ്ടെത്തലാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു. ഹൃദയാഘാതത്തിനെതിരെ പുതിയ ചികിത്സാമാര്‍ഗങ്ങള്‍ വികസിപ്പിക്കാനും, ഓപ്പണ്‍ഹാര്‍ട്ട്‌ സര്‍ജറി പോലുള്ള ഘട്ടങ്ങളില്‍ ഹൃദയത്തിന്‌ അപകടം സംഭവിക്കാതെ നോക്കാനും പുതിയ കണ്ടെത്തല്‍ തുണയായേക്കും.

ആഘാതവേളയില്‍ രക്തചംക്രമണം പരിമതപ്പെടുന്നതാണ്‌, ഹൃദയപേശികളിലെ കോശങ്ങളുടെ കൂട്ടനാശത്തിനിരയാക്കുന്നത്‌. ആ നാശത്തിന്റെ തോത്‌ പരിമിതപ്പെടുത്താനും ഹൃദയാഘാത തീവ്രത കുറയ്‌ക്കാനും സഹായിക്കുന്ന രാസാഗ്നിയും, തന്മാത്രാതലത്തില്‍ അതിന്റെ പ്രവര്‍ത്തനവുമാണ്‌ ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌. മദ്യത്തിന്റെ സാന്നിധ്യത്തില്‍ ഉദ്ദീപിപ്പിക്കപ്പെടുന്ന ഒരിനം രാസാഗ്നിയുടെ പ്രവര്‍ത്തനം പരിശോധിച്ചപ്പോഴാണ്‌ ഹൃദയാഘാതത്തിനെതിരെ അത്‌ നല്ലൊരു ആയുധമാണെന്ന്‌ ഗവേഷകര്‍ക്ക്‌ ബോധ്യമായതെന്ന്‌, 'സയന്‍സ്‌' ഗവേഷണവാരിക റിപ്പോര്‍ട്ടു ചെയ്യുന്നു.

സ്‌റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ പ്രൊഫ. ദാരിയ മോച്ച്‌ലി റോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌. ഇന്‍ഡ്യാന സര്‍വകലാശാലയിലെ ഗവേഷകരും സംഘത്തിലുണ്ടായിരുന്നു. ശരീരത്തില്‍നിന്ന്‌ മദ്യം നീക്കംചെയ്യാന്‍ സഹായിക്കുന്ന 'എ.എല്‍.ഡി.എച്ച്‌.2' എന്ന രാസാഗ്നിയാണ്‌, ഹൃദയാഘാത തീവ്രത കുറയ്‌ക്കാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്‌. ഈ രാസാഗ്നിയെ ഉദ്ദീപിപ്പിക്കുന്നതിന്‌ സഹായിക്കുന്ന മറ്റേതെങ്കിലും ഘടകമുണ്ടോ എന്ന അന്വേഷണം അവസാനിച്ചത്‌, 'അല്‍ഡ-1' എന്ന തന്മാത്രയിലാണ്‌.

എലികളില്‍ അല്‍ഡ-1 കൊണ്ട്‌ എ.എല്‍.ഡി.എച്ച്‌.2 രാസാഗ്നിയെ ഉദ്ദീപിപ്പിച്ച്‌ നടത്തിയ പരീക്ഷണത്തില്‍, ഹൃദയാഘാതത്തിന്റെ തീവ്രത 60 ശതമാനം കുറഞ്ഞതായി ഗവേഷകര്‍ കണ്ടു. അല്‍ഡ-1 എന്നത്‌ ചെറിയൊരു തന്മാത്രയാണ്‌. അതിനാല്‍, ഔഷധ ഉപയോഗങ്ങള്‍ക്ക്‌ അത്‌ ഏറെ യോജിച്ചതാണെന്ന്‌ പ്രൊഫ. മോച്ച്‌ലി റോസ്‌ അഭിപ്രായപ്പെടുന്നു. ഒട്ടേറെ ഔഷധ സാധ്യതകള്‍ ഈ തന്മാത്രയ്‌ക്കുണ്ടെന്ന്‌ അവര്‍ കരുതുന്നു. ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ മാത്രമല്ല, കോശനാശം മൂലമുണ്ടാകുന്ന ചര്‍മതകരാറുകള്‍ ചികിത്സിക്കാനും സിരാകോശ അപചയം മൂലമുണ്ടാകുന്ന അള്‍ഷൈമേഴ്‌സ്‌ പോലുള്ള രോഗങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനും പുതിയ സാധ്യത ഉപയോഗിക്കാനാകുമോ എന്നും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്‌.

സ്വതന്ത്ര റാഡിക്കലുകള്‍ അടിഞ്ഞുകൂടിയാണ്‌ കോശനാശം സംഭവിക്കുന്നത്‌. ശരീരത്തില്‍ നടക്കുന്ന നിരോക്‌സീകരണ പ്രക്രിയയിലൂടെ അത്തരം നാശം ചെറുക്കപ്പെടുന്നു. നിരോക്‌സീകരണത്തിന്‌ സാധ്യത കുറയുമ്പോള്‍ നാശത്തിന്റെ തോത്‌ വര്‍ധിക്കും. ഹൃദയാഘാതത്തിന്റെ ഫലമായി ഹൃദയപേശികളില്‍ സംഭവിക്കുന്നതും അതാണ്‌. നിരോക്‌സീകരണ പ്രക്രിയയെ സഹായിച്ച്‌ നാശം പരിമിതപ്പെടുത്തുന്ന തന്മാത്രാ സംവിധാനമാണ്‌, പ്രൊഫ. മോച്ച്‌ലി റോസും സംഘവും കണ്ടെത്തിയത്‌. എന്നാല്‍, എലികളിലേ പരീക്ഷണം നടന്നിട്ടുള്ളൂ. പുതിയ സാധ്യത മനുഷ്യരിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്ന്‌ ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.

(അവലംബം: സയന്‍സ്‌ ഗവേഷണവാരിക, ഇന്‍ഡ്യാന സര്‍വകലാശാലയുടെയും സ്റ്റാന്‍ഫഡ്‌ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിന്റെയും വാര്‍ത്താക്കുറിപ്പുകള്‍, കടപ്പാട്‌: മാതൃഭൂമി)

Monday, September 22, 2008

ഗൂഗിള്‍ഫോണ്‍ എത്തുമ്പോള്‍

ഗൂഗിള്‍ഫോണ്‍ എത്തുകയാണ്‌, ഏതാനും ദിവസത്തിനകം. സെര്‍ച്ചിങ്‌ രംഗത്തെ ആധിപത്യംസെല്‍ഫോണ്‍ വിപണിയില്‍ ഗൂഗിളിന്‌ ഉറപ്പിക്കാന്‍ കഴിയുമോ. ആപ്പിളിന്റെ ഐഫോണിന്‌ ഗൂഗിള്‍ഫോണ്‍ വെല്ലുവിളിയാകുമോ. ഗൂഗിള്‍ഫോണിന്റെ വരവ്‌ ഇത്തരം ഒട്ടേറെ ആകാംക്ഷകള്‍ക്ക്‌ വഴിതുറക്കുകയാണ്‌.
ഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും വിജയിച്ച രണ്ട്‌ സാങ്കേതികവിദ്യകള്‍ ഏതാണ്‌. അതു കണ്ടെത്താന്‍ ഏതാനും വര്‍ഷംമുമ്പ്‌ ഒരു സര്‍വെ നടന്നു. 'ദി ഇക്കണോമിസ്‌റ്റ്‌' വാരിക റിപ്പോര്‍ട്ടു ചെയ്‌ത പ്രകാരം, ആ സര്‍വെയില്‍ ജേതാക്കളായത്‌ ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌എഞ്ചിനും ആപ്പിള്‍ കമ്പനിയുടെ 'ഐപ്പോഡ്‌' എന്ന മ്യൂസിക്‌ പ്ലെയറുമാണ്‌. ഇന്റര്‍നെറ്റുമായി ബന്ധമുള്ളവരാരും ഈ സര്‍വെഫലത്തോട്‌ വിയോജിക്കുമെന്ന്‌ തോന്നുന്നില്ല. വ്യത്യസ്‌ത തരത്തില്‍ ലോകം കീഴടക്കിയവയാണ്‌ ഗൂഗിളും ഐപ്പോഡും. ഈ സങ്കേതങ്ങളുടെ സൃഷ്ടാക്കള്‍, ഗൂഗിള്‍ കമ്പനിയും ആപ്പിളും, ലോകം കീഴടക്കുന്നത്‌ ഇപ്പോഴും തുടരുന്നു. ഇന്റര്‍നെറ്റിലാണ്‌ ഗൂഗിള്‍ അത്‌ ചെയ്യുന്നതെങ്കില്‍, ഹാര്‍ഡ്‌വേറും സോഫ്‌ട്‌വേറും ചേര്‍ന്ന പഥത്തിലൂടെയാണ്‌ ആപ്പിളിന്റെ മുന്നേറ്റം.

സമാന്തരമായ മുന്നേറ്റത്തിനിടെ അതത്‌ മണ്ഡലങ്ങളില്‍ ഇരു കമ്പനികളും പലരെയും കടത്തിവെട്ടിക്കഴിഞ്ഞു. മൈക്രോസോഫ്‌ടിന്റെ കുത്തകയ്‌ക്കാണ്‌ ഗൂഗിള്‍ കത്തിവെയ്‌ക്കുന്നതെങ്കില്‍ (ഏറ്റവുമൊടുവില്‍ ക്രോം എന്ന ബ്രൗസര്‍ വഴിയും), മൊബൈല്‍ ഫോണ്‍ രംഗത്തെ ഭീമനായ നോക്കിയ പോലുള്ള കമ്പനികളെയാണ്‌ മത്സരത്തിന്റെ ചൂടിലേക്ക്‌ ആപ്പിള്‍ വലിച്ചിഴയ്‌ക്കുന്നത്‌, ഐഫോണ്‍ വഴി. സമാന്തരവഴികള്‍ പക്ഷേ, എപ്പോഴും സമാന്തരമായിത്തന്നെ തുടരണമെന്നില്ല. ഗൂഗിളിന്റെയും ആപ്പിളിന്റെയും കാര്യത്തിലും ഇക്കാര്യം ശരിയാകാന്‍ പോകുകയാണ്‌. ഏതാനും ദിവസത്തിനകം പുറത്തിറങ്ങാന്‍ പോകുന്ന 'ഗൂഗിള്‍ഫോണ്‍', ഇരുകമ്പനികളെയും നേര്‍ക്കുനേരെയുള്ള മത്സരത്തിലേക്ക്‌ വലിച്ചിടുമെന്ന്‌ തീര്‍ച്ച. ചോദ്യം ഒന്നുമാത്രം, ഐഫോണിനെ മലര്‍ത്തിയടിക്കാന്‍ ഗൂഗിള്‍ഫോണിന്‌ കഴിയുമോ?

വായില്‍ സ്വര്‍ണക്കരണ്ടിയുംകൊണ്ട്‌ പിറന്ന കമ്പനിയാണ്‌ ഗൂഗിള്‍. ആദ്യ വര്‍ഷങ്ങളിലേ പരാധീനതകള്‍ സഹിക്കേണ്ടി വന്നിട്ടുള്ളു. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സെര്‍ച്ചിങിനെ ഇന്റര്‍നെറ്റിലെ ഏറ്റവും ലാഭമുള്ള ബിസിനസ്സാക്കാമെന്ന്‌ ഗൂഗിള്‍ തെളിയിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരുടെ ഫോര്‍ബ്‌സ്‌ പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്‌ ഇന്ന്‌ ഗൂഗിള്‍ സ്ഥാപകരായ സെര്‍ജി ബ്രിന്നിന്റെയും ലാരി പേജിന്റെയും സ്ഥാനം. ഇരുവരുടെയും സമ്പാദ്യം 1500 കോടി ഡോളര്‍ (70,000 കോടിരൂപ) വീതമാണ്‌. തൊട്ടതെല്ലാം പൊന്നാക്കിയവരാണ്‌ ഇവര്‍. ഗൂഗിളിലൂടെ പുറത്തുവന്ന ഓരോ സര്‍വീസും, അന്നുവരെ ആ രംഗത്തുണ്ടായിരുന്നവയെ കടത്തിവെട്ടിയവയാണ്‌. ഗൂഗിള്‍ എന്ന സെര്‍ച്ച്‌മെഷീന്‍ ആണെങ്കിലും, ജിമെയില്‍ എന്ന ഇ-മെയില്‍ സര്‍വീസ്‌ ആണെങ്കിലും, ഏറ്റവുമൊടുവില്‍ രംഗത്തെത്തിയ ഗൂഗിള്‍ ക്രോം എന്ന ഇന്റര്‍നെറ്റ്‌ ബ്രൗസറാണെങ്കിലും ഇക്കാര്യം വ്യത്യസ്‌തമല്ല.

പുതുമയെ എന്നും കൂടെ നിര്‍ത്താന്‍, നിരന്തരം നവീകരണം തുടരാന്‍ ഗൂഗിള്‍ ശ്രമിക്കുന്നു എന്നതാണ്‌ അതിന്റെ ഇതുവരെയുള്ള വിജയരഹസ്യം. പുതുമയുണ്ടെന്നു തോന്നിയവയെ സ്വന്തമാക്കാനും ഗൂഗിള്‍ മടിച്ചില്ല. ഗൂഗിള്‍ എര്‍ത്ത്‌, യുട്യൂബ്‌ ഒക്കെ അങ്ങനെയാണ്‌ ഗൂഗിളിന്റെ ഭാഗമായത്‌. ഇത്തരമൊരു ചരിത്രമുള്ള ഗൂഗിളിന്റെ ആവനാഴിയില്‍നിന്ന്‌ ഗൂഗിള്‍ഫോണ്‍ പുറത്തുവരുന്നു എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഏതായാലും ഗൂഗിള്‍ കമ്പനിക്ക്‌ പത്തുവയസ്സാകുന്ന വേളയിലാണ്‌ വിര്‍ച്വല്‍ ലോകത്തെ മത്സരത്തോടൊപ്പം, യഥാര്‍ഥ ലോകത്തേക്ക്‌ ഗൂഗിള്‍ഫോണ്‍ എത്തുന്നത്‌. എന്താകാം ഗൂഗിള്‍ഫോണിന്റെ സവിശേഷതകള്‍ എന്ന്‌ ആര്‍ക്കും ഊഹിക്കാന്‍ പോലുമാകുന്നില്ല. സാധാരണഗതിയില്‍ ഒരു ഉത്‌പന്നം പുറത്തിറക്കിയ ശേഷം മതി അതെപ്പറ്റി ലോകം അറിയാന്‍ എന്നതാണ്‌ ഗൂഗിളിന്റെ രീതി. ഫോണിന്റെ കാര്യത്തിലും അതുതന്നെയാണ്‌്‌.

എങ്കിലും ചില വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. ഗൂഗിളും ടി-മൊബൈലും ചേര്‍ന്നാണ്‌ ഗൂഗിള്‍ഫോണ്‍ പുറത്തിറക്കുന്നത്‌. തയ്‌വാനീസ്‌ സെല്‍ഫോണ്‍ കമ്പനിയായ എച്ച്‌.ടി.സി (HTC) ആണ്‌ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മിക്കുന്നത്‌. ഐഫോണിന്റെ മാതിരി വലിയൊരു ടച്ച്‌സ്‌ക്രീന്‍ ഉണ്ടാകുമെന്ന്‌ കരുതുന്നു. മറ്റൊരു പ്രത്യേകതയായി പറയപ്പെടുന്നത്‌ QWERTY കീപാഡാണ്‌, ഒപ്പം 3.1 മെഗാപിക്‌സല്‍ ക്യാമറയും. ഇത്തരം പ്രത്യേകതകളുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഇന്ന്‌ വിരളമല്ല. പക്ഷേ, ഹാന്‍ഡ്‌സെറ്റിനെക്കാളും അതിലുപയോഗിക്കുന്ന സോഫ്‌ട്‌വേറിലാണ്‌ ഗൂഗിളിന്റെ കൈമുദ്രയുണ്ടാവുക. 'ആന്‍ഡ്രോയിഡ്‌' (Android) എന്ന പേരില്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിങ്‌ സംവിധാനമായിരിക്കും ഗൂഗിള്‍ഫോണിന്റെ ആത്മാവ്‌. 2007-ല്‍ ഗൂഗിള്‍ പുറത്തുവിട്ട സോഫ്‌ട്‌വേറാണിത്‌. മൊബൈല്‍ഫോണുകളെ വിപ്ലവകരമായി മാറ്റുകയെന്നതാണ്‌ ഈ ഓപ്പറേറ്റിങ്‌ സംവിധാനത്തിലൂടെ ഗൂഗിള്‍ ഉദ്ദേശിക്കുന്നത്‌.

സ്‌മാര്‍ട്ട്‌ഫോണ്‍ എന്ന പേര്‌ യഥാര്‍ഥത്തില്‍ അന്വര്‍ഥമാക്കുക, ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളായിരിക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലുള്ള വിന്‍ഡോസ്‌ മൊബൈല്‍, സിമ്പിയാന്‍ തുടങ്ങിയ സെല്‍ഫോണ്‍ ഓപ്പറേറ്റിങ്‌ സംവിധാനങ്ങളെ ഇത്‌ ബഹുദൂരം പിന്തള്ളുമെന്നാണ്‌ പ്രതീക്ഷ. ഗൂഗിള്‍ സോഫ്‌ട്‌വേറുകള്‍ പരിചയമുള്ള ആര്‍ക്കും ഇത്‌ അതിശയോക്തിയാണെന്ന്‌ തോന്നില്ല. ദിവസത്തില്‍ ഏതു സമയം, ഉപയോഗിക്കുന്നയാള്‍ എവിടെയാണ്‌, കലണ്ടറിലെ സംഭവങ്ങള്‍ എന്നിവയ്‌ക്കനുസരിച്ച്‌, സെറ്റിങ്‌സില്‍ (റിങ്‌ വോളിയം മുതലായവയില്‍) സ്വയം ക്രമീകരണങ്ങള്‍ നടത്താന്‍ ആന്‍ഡ്രോയിഡ്‌ പ്ലാറ്റ്‌ഫോമിലുള്ള ഫോണുകള്‍ക്കാകും. ആന്‍ഡ്രോയിഡ്‌ സോഫ്‌ട്‌വേര്‍ ഇപ്പോള്‍ പൂര്‍ണമായി ഓപ്പണ്‍സോഴ്‌സ്‌ അല്ല. ഈ വര്‍ഷമവസാനം അതിന്റെ സോഴ്‌സ്‌കോഡ്‌ പൂര്‍ണായി ഗൂഗിള്‍ പുറത്തുവിട്ടേക്കുമെന്നു കരുതുന്നു.

എന്നാല്‍, ഒരു സാധാരണ ഉപഭോക്താവിനെ ആകര്‍ഷിക്കുക, ഗൂഗിളിന്‌ വേണ്ടി എച്ച്‌.ടി.സി.നിര്‍മിക്കുന്ന ഹാന്‍ഡ്‌സെറ്റ്‌, മറ്റ്‌ സ്‌മാര്‍ട്ട്‌ഫോണുകളെ അപേക്ഷിച്ച്‌ എത്രത്തോളം ആകര്‍ഷകമായിരിക്കും എന്ന സംഗതിയാവും. ഗൂഗിള്‍ഫോണ്‍ സ്വാഭാവികമായും താരതമ്യം ചെയ്യപ്പെടുക ഐഫോണുമായിട്ടാവും. ആ താരതമ്യത്തില്‍ പുതിയ ഹാന്‍ഡ്‌സെറ്റ്‌ മേല്‍ക്കോയ്‌മ നേടണം എന്നില്ലെന്ന്‌, ഈ രംഗത്തെ വിദഗ്‌ധനായ ജാക്ക്‌ ഗോള്‍ഡ്‌ അഭിപ്രായപ്പെടുന്നു. `നിലവിലുള്ള സൂചന അനുസരിച്ച്‌ ഗൂഗിള്‍ഫോണ്‍ മറ്റൊരു ഐഫോണായിരിക്കില്ല. കമ്പോളത്തില്‍ പെട്ടന്ന്‌ ഓളമുണ്ടാക്കാനും അതിന്‌ കഴിയാന്‍ സാധ്യതയില്ല`-അദ്ദേഹം പറയുന്നു. ആദ്യ സെറ്റ്‌ ഹിറ്റായില്ലെങ്കില്‍ എന്തുസംഭവിക്കും. കച്ചവടക്കാരും ഉപഭോക്താക്കളും രണ്ടാമതൊരു അവസരം ഗൂഗിളിന്‌ നല്‍കുമോ? കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു.

NB: വാള്‍ സ്‌ട്രീറ്റ്‌ ജേര്‍ണല്‍ അനൗദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌, ഗൂഗിള്‍ ഫോണ്‍ സപ്‌തംബര്‍ 25-ന്‌ പുറത്തിറങ്ങും എന്നാണ്‌. വില 199 ഡോളര്‍ ആയിരിക്കുമത്രേ.

(അവലംബം: ടെക്‌നോളജി റിവ്യു, Ten Reasons why Google is still Number One-David Vise)

കാണുക: ഗൂഗിള്‍ഫോണ്‍ അണിയറയില്‍,   ഗൂഗിള്‍ വിസ്‌മയം-1,  2,  3,  4, 5

Thursday, September 18, 2008

ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കാന്‍ ചര്‍ച്ച്‌

'സാഹിത്യവാരഫല'ത്തില്‍ പ്രൊഫ. എം.കൃഷ്‌ണന്‍ നായര്‍ ഒരിക്കല്‍ എഴുതിയ കഥയാണ്‌-
ഒരിക്കല്‍ ഭര്‍ത്താവ്‌ പ്രതീക്ഷിക്കാത്ത സമയത്ത്‌ വീട്ടില്‍ വന്നപ്പോള്‍ തന്റെ ഭാര്യയെ അവിടുത്ത ബിഷപ്പിനൊപ്പം അരുതാത്ത രീതിയില്‍ കണ്ടു. ഭാര്യ ഭയന്നു, ഭര്‍ത്താവ്‌ എങ്ങനെയാവും പ്രതികരിക്കുക. പക്ഷേ, ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. കുറെ കഴിഞ്ഞപ്പോള്‍ റോഡിനഭിമുഖമായുള്ള ജനാലയ്‌ക്കല്‍ നിന്നുകൊണ്ട്‌ ഭര്‍ത്താവ്‌ റോഡിലൂടെ പോകുന്നവരെ അനുഗ്രഹിക്കുന്നത്‌ കണ്ടു. തന്റെ നടപ്പുദോഷം കൊണ്ട്‌ പാവം ഭര്‍ത്താവിന്റെ സമനില നഷ്ടപ്പെട്ടു എന്ന്‌ പേടിച്ച ഭാര്യ ചോദിച്ചു, `നിങ്ങള്‍ എന്താണ്‌ മനുഷ്യാ ഈ കാട്ടുന്നത്‌`. ഭര്‍ത്താവിന്റെ മറുപടി ഇതായിരുന്നു-`ഞാന്‍ ചെയ്യേണ്ട പണി ബിഷപ്പു ചെയ്യുന്നതുകൊണ്ട്‌, അങ്ങോള്‍ ചെയ്യേണ്ട ജോലി ഞാന്‍ ചെയ്യുകയാണ്‌`!

ആരും സ്വന്തം നില മറക്കരുത്‌, അക്കാര്യം ഓര്‍മിപ്പിക്കുന്നതാണ്‌ ഈ കഥ. ഇതുമായി ചേര്‍ത്ത്‌ വായിക്കാവുന്ന ഒരു സംഭവവികാസം ഇപ്പോള്‍ ബ്രിട്ടനില്‍ ഉണ്ടായിരിക്കുന്നു. ലോകത്തെ ഏറ്റവും ആദരണീയമായ ശാസ്‌ത്രസംഘടനയാണ്‌ ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റി. ശാസ്‌ത്രീയാവബോധം (scientific temper)പ്രചരിപ്പിക്കാന്‍ വേണ്ടി 300 വര്‍ഷമായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം. അസ്‌ട്രോണമിസ്‌റ്റ്‌ മാര്‍ട്ടിന്‍ റീസിനെപ്പോലെ ഒരു പ്രതിഭാശാലി പ്രസിഡന്റായിരിക്കുന്ന വേളയില്‍ റോയല്‍ സൊസൈറ്റി, ചാള്‍സ്‌ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനൊപ്പം സൃഷ്ടിവാദം കൂടി ക്ലാസ്‌മുറികളില്‍ പഠിപ്പിക്കണമെന്ന്‌ നിര്‍ദേശിച്ചാലോ? തികച്ചും ശാസ്‌ത്രീയ അടിത്തറയില്‍ കെട്ടിപ്പെടുത്തിരിക്കുന്ന പരിണാമസിദ്ധാന്തത്തിന്‌ വേണ്ടി നിലകൊള്ളേണ്ട (ഇത്രകാലവും നിലകൊണ്ട) റോയല്‍ സൊസൈറ്റി അതിന്റെ നിലമറന്നാല്‍ എന്താണ്‌ സംഭവിക്കുക?

തുടക്കത്തില്‍ പറഞ്ഞ കഥയിലെ കാര്യം ഇവിടെയും സംഭവിച്ചിരിക്കുന്നു. സഭ ചെയ്യേണ്ട പണി റോയല്‍ സൊസൈറ്റി ചെയ്യുന്നതുകൊണ്ട്‌, റോയല്‍ സൊസൈറ്റി ചെയ്യേണ്ട കര്‍ത്തവ്യവുമായി സഭ രംഗത്ത്‌ എത്തിയിരിക്കുന്നു. ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടാണ്‌ ഡാര്‍വിന്റെ സിദ്ധാന്തത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌. ശാസ്‌ത്രം പഠിപ്പിക്കുന്നിടത്ത്‌ സൃഷ്ടിവാദത്തിന്‌ ഒരു സ്ഥാനവുമില്ല എന്ന്‌ ചര്‍ച്ച്‌ അഭിപ്രായപ്പെട്ടു. ബൈബിളിനെ പദാനുപദം വ്യാഖ്യാനിക്കാനുള്ള വലതുപക്ഷ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളുടെ (അമേരിക്കയിലും സൃഷ്ടിവാദവും ബൗദ്ധീകരൂപകല്‍പ്പനാവാദവും പഠിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന്‌ യു.എസ്‌.പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ കൂടി ഭാഗമായ വലതുപക്ഷ ഇവാഞ്ചലിസ്റ്റുകളാണെന്ന്‌ ഓര്‍ക്കുക) ശ്രമം, സഭയെക്കുറിച്ച്‌ തെറ്റായ ധാരണ പരത്താന്‍ ഇടയാക്കും എന്നാണ്‌ ചര്‍ച്ച്‌ അഭിപ്രായപ്പെട്ടത്‌. മാത്രമല്ല, ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ ഒരു വെബ്‌സൈറ്റ്‌ ആരംഭിക്കാനും ചര്‍ച്ച്‌ പദ്ധതിയിടുകയാണ്‌! `ശാസ്‌ത്രീയ അടിത്തറയുള്ള ഒന്നായി സൃഷ്ടിവാദം പഠിപ്പിക്കാന്‍ പാടില്ല. ഓരോ കാലത്തും ശാസ്‌ത്രീയ ആശയങ്ങള്‍ ഉടലെടുത്തതു സംബന്ധിച്ച ചര്‍ച്ചകളില്‍ വേണമെങ്കില്‍ സൃഷ്ടിവാദവും പെടുത്താം. അല്ലെങ്കില്‍ മതപഠന ക്ലാസുകളില്‍ അത്‌ പഠിപ്പിക്കാം`-ചര്‍ച്ച്‌ അഭിപ്രായപ്പെടുന്നു.

ബ്രിട്ടനിലെ ശാസ്‌ത്രസമൂഹം നടുക്കത്തോടെയാണ്‌ റോയല്‍ സൊസൈറ്റിയുടെ ശുപാര്‍ശ ശ്രവിച്ചത്‌. ലോകത്തെവിടെയും മതമൗലികവാദികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ശക്തിയും സ്വാധീനവും പ്രാപിച്ചു വരുന്ന ഈ വേളയില്‍, റോയല്‍ സൊസൈറ്റിയെപ്പോലെ അങ്ങേയറ്റം ആദരണീയമായ ഒരു സംഘടന ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്‌ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ പലരും. `അടുത്തെന്താവും ബയോളജി ക്ലാസില്‍ പഠിപ്പിക്കേണ്ടി വരിക, ആദാമിന്റെ വാരിയെല്ലിനെക്കുറിച്ചാകുമോ?`ഒരു ജീവശാസ്‌ത്രജ്ഞന്റെ പ്രതികരണം ഇതായിരുന്നു. ഇത്തരമൊരു സംഗതി നടപ്പിലായാല്‍, എല്ലാത്തരം പിന്തിരിപ്പന്‍ വാദങ്ങളും വ്യാജസിദ്ധാന്തങ്ങളും കരിക്കുലത്തിന്റെ ഭാഗമാക്കി മാറ്റേണ്ടി വരില്ലേ എന്നാണ്‌ പലരും ചോദിക്കുന്നത്‌.

സൃഷ്ടിവാദത്തിന്‌ ബയോളജിക്ലാസുകളില്‍ ഒരു സ്ഥാനവുമില്ല എന്ന്‌ തുറന്ന കത്തിലൂടെ പ്രഖ്യാപിച്ച്‌ ഒരുവര്‍ഷം തികയുംമുമ്പ്‌, നിലപാട്‌ മാറ്റാന്‍ എന്താണ്‌ റോയല്‍ സൊസൈറ്റിയെ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമല്ല. റോയല്‍ സൊസൈറ്റിയില്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ മേധാവിയും ബയോളജിസ്‌റ്റുമായ പ്രൊഫ. മൈക്കല്‍ റീസാണ്‌ സൃഷ്ടിവാദം കൂടി ക്ലാസ്‌മുറികളില്‍ പഠിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്‌. രണ്ട്‌ നോബല്‍ ജേതാക്കളടക്കം ഒട്ടേറെ റോയല്‍ സൊസൈറ്റി ഫെലോകള്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫ. റീസ്‌ രാജി വെയ്‌ക്കാന്‍ നിര്‍ബന്ധിതനായെങ്കിലും, സൃഷ്ടിവാദം സംബന്ധിച്ച നിര്‍ദ്ദേശം റോയല്‍ സൊസൈറ്റി ഇപ്പോഴും അംഗീകരിക്കുന്നു. ആദ്യം എല്ലാവരും കരുതിയത്‌ അത്‌ പ്രൊഫ. റീസിന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ്‌. എന്നാല്‍, പിന്നീടാണ്‌ വ്യക്തമായത്‌ റോയല്‍ സൊസൈറ്റിയുടെ അഭിപ്രായമാണ്‌ പ്രൊഫി. റീസ്‌ പ്രകടിപ്പിച്ചതെന്ന്‌. ശാസ്‌ത്രവും മതവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന ഒരു യാഥാസ്ഥിതിക അമേരിക്കന്‍ സ്ഥാപനവുമായി വര്‍ധിച്ചു വരുന്ന വ്യാപാരബന്ധമാണ്‌ റോയല്‍ സൊസൈറ്റിയുടെ നിലപാട്‌ മാറ്റത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നവരുമുണ്ട്‌.

ശാസ്‌ത്രീയ അടിത്തറയില്‍ പരിണാമസിദ്ധാന്തത്തിന്റെ മേല്‍ക്കോയ്‌മ നിലനിര്‍ത്തിക്കൊണ്ടു തന്നെ, 'നിയമപരമായ' ഒരു ലോകവീക്ഷണം എന്ന നിലയ്‌ക്ക്‌ സൃഷ്ടിവാദം അംഗീകരിക്കണമെന്നേ വാദിക്കുന്നുള്ളു എന്ന്‌ റോയല്‍ സൊസൈറ്റി പറയുന്നു. ഇതു രണ്ടും ക്ലാസ്‌മുറിയില്‍ വിശദീകരിക്കാനും, പരിണാമസിദ്ധാന്തത്തിനാണ്‌ ശാസ്‌ത്രീയ അടിത്തറയുള്ളത്‌ എന്ന്‌ കാട്ടിക്കൊടുക്കാനും അധ്യാപകര്‍ക്ക്‌ അവസരമുണ്ടാകണം എന്നും സൊസൈറ്റി വാദിക്കുന്നു. സൃഷ്ടിവാദത്തിന്‌ നിയമസാധുത ഉണ്ടാക്കിക്കൊടുക്കുക റോയല്‍ സൊസൈറ്റിയുടെ പണിയാണോ എന്നതാണ്‌ ചോദ്യം. ഇവാഞ്ചലിസ്‌റ്റുകളുടെ ജോലി റോയല്‍ സൊസൈറ്റി ഏറ്റെടുക്കേണ്ടതുണ്ടോ?
(2008 സപ്‌തംബര്‍ 18-ന്‌ The Hindu -വില്‍ ഹസന്‍ സുരൂര്‍ എഴുതിയ 'Out of London' എന്ന കോളമാണ്‌ ഈ കുറിപ്പിന്‌ ആധാരം)

കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം

പുതിയൊരു മൗലീകകണം ഫെര്‍മിലാബില്‍ നിന്ന്‌

ആറ്റത്തിനുള്ളിലെ അത്ഭുതങ്ങള്‍ അടങ്ങുന്നില്ല. വിചിത്രമായൊരു കണത്തെ പുതിയതായി കണ്ടെത്തിയിരിക്കുന്നു.

യൂറോപ്പിലെ ജനീവയില്‍ ആരംഭിച്ച കണികാപരീക്ഷണം ഉയര്‍ത്തിയ ആകാംക്ഷയിലാണ്‌ ലോകം. സ്വിസ്സ്‌-ഫ്രാന്‍സ്‌ അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലാണ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം സപ്‌തംബര്‍ പത്തിന്‌ തുടങ്ങിയത്‌. അതിനിടെ, അത്‌ലാന്റിക്കിനക്കരെ അമേരിക്കയില്‍ മറ്റൊരു കണികാപരീക്ഷണത്തില്‍ പുതിയൊരു മൗലികകണം കണ്ടെത്തിയിരിക്കുന്നു. ഇല്ലിനോയിസില്‍ നാലുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഫെര്‍മി നാഷണല്‍ ആക്‌സലറേറ്റര്‍ ലബോറട്ടറി (ഫെര്‍മിലാബ്‌) യില്‍ നടക്കുന്ന കണികാകൂട്ടിയിടിയിലാണ്‌ പുതിയ കണം തിരിച്ചറിഞ്ഞത്‌. പ്രപഞ്ചാരംഭത്തില്‍ സുലഭമായിരുന്നതെന്ന്‌ കരുതപ്പെടുന്ന 'ഒമേഗ ബി ബാരിയോണ്‍' (Omega b baryon) ആണ്‌ ഫെര്‍മിലാബില്‍ ഉയര്‍ന്ന ഊര്‍ജനിലയില്‍ പ്രത്യക്ഷപ്പെട്ടത്‌.

ദ്രവ്യത്തിന്റെ മൗലികഘടകങ്ങളില്‍ പെട്ട ക്വാര്‍ക്കുകള്‍ മൂന്നെണ്ണം വീതം ചേര്‍ന്നു സൃഷ്ടിക്കപ്പെടുന്ന കണങ്ങള്‍ക്കാണ്‌ ബാരിയോണുകള്‍ എന്നു പറയുന്നത്‌. ഗ്രീക്കില്‍ 'ഭാരമേറിയത്‌' എന്നര്‍ഥം വരുന്ന പദത്തില്‍നിന്നാണ്‌ ബാരിയോണ്‍ എന്ന പേരിന്റെ ഉത്ഭവം. ഫെര്‍മി-ഡിറാക്‌ സമീകരണം അനുസരിക്കുന്ന ഫെര്‍മിയോണുകളുടെ കൂട്ടത്തിലാണ്‌ ബാരിയോണുകള്‍ ഉള്‍പ്പെടുന്നത്‌. പുതിയതായി കണ്ടെത്തിയ ഒമേഗ ബി ബാരിയോണ്‍ ഇപ്പോള്‍ പ്രപഞ്ചത്തില്‍ വിരളമാണ്‌. എന്നാല്‍, പ്രോട്ടോണുകളുടെ വിദൂരബന്ധുവായ ഈ കണം, 1370 കോടി വര്‍ഷം മുമ്പ്‌ മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട ആദ്യനിമിഷങ്ങളില്‍ പ്രപഞ്ചത്തില്‍ സുലഭമായിരുന്നുവെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു.
`പ്രപഞ്ചത്തില്‍ ദ്രവ്യം രൂപപ്പെട്ടത്‌ എങ്ങനെ എന്ന്‌ മനസിലാക്കാന്‍ ഈ കണ്ടുപിടിത്തം സഹായിക്കുന്നു. ദ്രവ്യത്തെ സംബന്ധിച്ച ക്വാര്‍ക്ക്‌ മാതൃകയുടെ നിര്‍ണായക വിജയവുമാണിത്‌. മാത്രവുമല്ല, ക്വാര്‍ക്കുകളെ വരിഞ്ഞുകെട്ടി പ്രോട്ടോണുകളും ന്യൂട്രോണുകളുമാക്കി മാറ്റുന്ന അതിബലത്തെ (strong force) സംബന്ധിച്ച്‌ പുതിയ ഉള്‍ക്കാഴ്‌ച നല്‍കുകയും ചെയ്യുന്നു ഈ കണ്ടുപിടിത്തം`- പുതിയ കണത്തിന്റെ കണ്ടുപിടിത്തത്തിന്‌ നേതൃത്വം നല്‍കിയവരില്‍ ഒരാളായ പ്രൊഫ. ജിയാന്‍മിങ്‌ ക്വിയന്‍ അറിയിക്കുന്നു.

മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രൊഫ. ക്വിയനെക്കൂടാതെ മിഷിഗണിലെ തന്നെ എഡ്വേര്‍ഡ്‌ ഡി ലാ ക്രൂസ്‌ ബുറെലോ, പ്രൊഫ. ഹോമര്‍ നീല്‍ എന്നിവര്‍ നടത്തിയ വിശകലനമാണ്‌ പുതിയ കണത്തിന്റെ കണ്ടെത്തലിലേക്ക്‌ നയിച്ചതെന്ന്‌ ഫെര്‍മിലാബിന്റെ വാര്‍ത്താക്കുറിപ്പ്‌ അറിയിക്കുന്നു. ഫെര്‍മിലാബില്‍ നടക്കുന്ന 'ഡിസീറോ' (DZero) പരീക്ഷണത്തില്‍ 90 ഗവേഷണസ്ഥാപനങ്ങളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നുമായി 600 ഗവേഷകര്‍ പങ്കാളികളാണ്‌. അതില്‍ ഉള്‍പ്പെട്ടവരാണ്‌ പ്രൊഫ. ക്വിയന്‍, ബുറെലോ, പ്രൊഫ. നീല്‍ എന്നിവര്‍. പുതിയ കണത്തിന്റെ കണ്ടെത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരണത്തിനായി 'ഫിസിക്കല്‍ റിവ്യൂ ലെറ്റേഴ്‌സി'ന്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

പുതിയ വിവരങ്ങള്‍ക്കു കാക്കാതെ, ഡിസീറോ പരീക്ഷണത്തില്‍ മുമ്പ്‌ നടന്ന കണികാകൂട്ടിയിടികളുടെ ഡേറ്റ പുനര്‍വിശകലനം ചെയ്യാന്‍ മിഷിഗണ്‍ ഗവേഷകര്‍ തയ്യാറായതാണ്‌ ഫലമുണ്ടാക്കിയത്‌. ഇതേ പരീക്ഷണത്തില്‍ 'കാസ്‌കേഡ്‌ ബി ബാരിയോണ്‍' എന്നൊരു വിചിത്രകണത്തിന്റെ കണ്ടെത്തല്‍ കഴിഞ്ഞ വര്‍ഷമുണ്ടായതും ഈ മൂന്ന്‌ മിഷിഗണ്‍ ഗവേഷകരുടെ ശ്രമഫലമായിട്ടാണ്‌. ഇപ്പോള്‍, ഒമേഗ ബി ബാരിയോണിന്റെ കണ്ടുപിടിത്തത്തിന്‌ നൂറുലക്ഷംകോടി (100 ട്രില്യണ്‍) കണികാകൂട്ടിയിടികളില്‍ നിന്ന്‌ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ടായിരുന്നു. (പ്രകാശവേഗത്തിനടുത്ത്‌ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ധാരകളെയും ആന്റിപ്രോട്ടോണ്‍ധാരകളെയും തമ്മില്‍ കൂട്ടിയിടിപ്പിച്ചായിരുന്നു പരീക്ഷണം).

''ശരിക്കും വൈക്കോള്‍ക്കൂനയില്‍ സൂചി തിരയുന്ന ഏര്‍പ്പാട്‌`-പ്രൊഫ. ക്വിയന്‍ പറയുന്നു. ഒരു പ്രത്യേക ആല്‍ഗരിതം തന്നെ പ്രൊഫ. ക്വയനും കൂട്ടര്‍ക്കും രൂപപ്പെടുത്തേണ്ടി വന്നു, നൂറ്‌ലക്ഷംകോടി കൂട്ടിയിടികളുടെ വിവരം വിശകലനം ചെയ്യാന്‍. ഒമേഗ ബി ബാരിയോണിന്‌ അപചയം സംഭവിക്കുമ്പോഴുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന സവിശേഷതകള്‍, ഇത്രയും കൂട്ടിയിടികളില്‍ 18 തവണ പ്രത്യക്ഷപ്പെട്ടതായി അവര്‍ മനസിലാക്കി. ഭാരമേറിയ ഈ കണങ്ങള്‍ അപചയം സംഭവിക്കുംമുമ്പ്‌ വെറും ഒരു മില്ലീമീറ്റര്‍ ദൂരമേ സഞ്ചരിക്കൂ.

പ്രപഞ്ചത്തിലെ ദൃശ്യദ്രവ്യം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌ ബാരിയോണുകളാലാണ്‌. ഏറ്റവും ഭാരം കുറഞ്ഞ ബാരിയോണുകളാണ്‌ പ്രോട്ടോണുകളും ന്യൂട്രോണുകളും. മൂന്നു ക്വാര്‍ക്കുകള്‍ വിവിധ തരത്തില്‍ സമ്മേളിച്ചാണ്‌ എല്ലാ ബാരിയോണുകളും രൂപപ്പെടുന്നത്‌. ഗുണങ്ങള്‍ (`flavor`) അനുസരിച്ച ആറിനം ക്വാര്‍ക്കുകളാണ്‌ ഉള്ളതെന്ന്‌, പ്രപഞ്ചത്തിന്റെ മൗലീകഘടനയെ ഭാഗികമായി വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ പറയുന്നു. അപ്‌, ഡൗണ്‍, ചാം, സ്‌ട്രേഞ്ച്‌, ടോപ്പ്‌, ബോട്ടം (up, down, charm, strange, top and bottom) എന്നിവയാണവ. അപ്‌, ഡൗണ്‍; ചാം, സ്‌ട്രേഞ്ച്‌; ടോപ്പ്‌, ബോട്ടം എന്നിങ്ങനെ മൂന്ന്‌ കുടുംബങ്ങളിലായി ഇവയെ ഗവേഷകര്‍ തരംതിരിച്ചിരിക്കുന്നു.

ഇതില്‍ ആദ്യകുടുംബത്തില്‍ പെട്ട (അപ്‌, ഡൗണ്‍) ക്വാര്‍ക്കുകള്‍കൊണ്ടാണ്‌ ന്യൂട്രോണുകളും പ്രോട്ടോണുകളും നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍, രണ്ട്‌ സ്‌ട്രേഞ്ച്‌ ക്വാര്‍ക്കുകളും ഒരു ബോട്ടം ക്വാര്‍ക്കുമാണ്‌ ഒമേഗ ബി ബാരിയോണിലുള്ളത്‌. പൂര്‍ണമായും ആദ്യകുടുംബത്തില്‍ പെടാത്ത ക്വാര്‍ക്കുകളാല്‍ നിര്‍മിതമായ ഒരു കണം കണ്ടെത്തുന്നത്‌ ആദ്യമായാണ്‌. ഇതിന്‌ പ്രോട്ടോണിന്റെ ആറിരട്ടി പിണ്ഡമുണ്ട്‌. വളരെ അസ്ഥിരമായ കണമാണിത്‌. സെക്കന്‍ഡിന്റെ ലക്ഷംകോടിയിലൊരംശം സമയം മാത്രം നിലനില്‍ക്കുന്ന ഇതിന്‌, ഒരു മില്ലീമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ തന്നെ അപചയം സംഭവിക്കുന്നു. ക്ഷീണബലം (weak force) ആണ്‌ ഇതിന്റെ അപചയത്തിന്‌ മാധ്യസ്ഥം വഹിക്കുന്നത്‌.

ദ്രവ്യത്തെ സംബന്ധിച്ച ക്വാര്‍ക്ക്‌ മാതൃക അവതരിപ്പിക്കപ്പെടുന്നത്‌ 1960-കളിലാണ്‌. മുറേ ജല്‍-മാന്‍, ജോര്‍ജ്‌ സ്വീഗ്‌ എന്നിവര്‍ വെവ്വേറെ കണ്ടെത്തിയ ആ മതൃക പ്രകാരം, അപ്‌, ഡൗണ്‍, സ്‌ട്രേഞ്ച്‌, ബോട്ടം എന്നീ നാലു ക്വാര്‍ക്കുകള്‍ 20 വ്യത്യസ്‌ത ബാരിയോണുകളായി മാറാം. അതില്‍ 13 എണ്ണത്തെ ഗവേഷകര്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ക്വാര്‍ക്ക്‌ മാതൃകയ്‌ക്കു ശക്തമായ പിന്തുണ കൊടുക്കുന്നതാണ്‌ പുതിയ കണ്ടെത്തല്‍. (അവലംബം: ഫെര്‍മിലാബിന്റെ വാര്‍ത്താക്കുറിപ്പ്‌, വിക്കിപീഡിയ).

Sunday, September 14, 2008

കണികാപരീക്ഷണം തുറക്കുന്ന സാധ്യതകള്‍

ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം ഏതൊക്കെ മേഖലകളിലാകും സ്വാധീനം ചെലുത്തുക. പ്രപഞ്ചസാരം സംബന്ധിച്ച സമസ്യകള്‍ക്ക്‌ ഉത്തരം നല്‍കുന്നതോടെ ആ മഹാപരീക്ഷണത്തിന്റെ സാധ്യത അവസാനിക്കുമോ.

അങ്ങനെ സംഭവിക്കില്ലെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. ഏതൊക്കെ മേഖലകളെയാണ്‌ ജനീവയില്‍ നടക്കുന്ന കണികാപരീക്ഷണം സ്വാധീനിക്കുകയെന്ന്‌ ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഭാവിയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രമെഴുതുന്നവര്‍ ഒരുപക്ഷേ, അന്ന്‌ ഭൂമിയില്‍ നിലനില്‍ക്കുന്ന വിപ്ലവകരമായ പല കാര്യങ്ങളുടെയും തുടക്കം ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ നിന്നാണെന്ന്‌ രേഖപ്പെടുത്തിയേക്കാം. അഥവാ പരീക്ഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെങ്കില്‍പ്പോലും നിരാശപ്പെടേണ്ടി വരില്ല. കാരണം പരീക്ഷണത്തിന്റെ ഫലങ്ങളെപ്പോല തന്നെ പാര്‍ശ്വഫലങ്ങളും അമൂല്യങ്ങളായിരിക്കും. ഒരുപക്ഷേ, ആ പാര്‍ശ്വഗുണഫലങ്ങളാകും ചിലപ്പോള്‍ മനുഷ്യവര്‍ഗത്തിന്‌ അതിജീവനത്തിന്റെ പുത്തന്‍ വഴികള്‍ തുറന്നുതരികയെന്നു കരുതുന്നവരുമുണ്ട്‌.

ഈ ദിശയില്‍ വ്യക്തമായ ചില സൂചനകള്‍ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍(എല്‍.എച്ച്‌.സി) സംരംഭം ഇതിനകം നല്‍ക്കഴിഞ്ഞു. കണികാപരീക്ഷണത്തില്‍ പുറത്തുവരുന്ന 'വിവരസുനാമി' കൈകാര്യം ചെയ്യാന്‍ രൂപംനല്‍കിയിട്ടുള്ള 'എല്‍.എച്ച്‌.സി.കമ്പ്യൂട്ടിങ്‌ ഗ്രിഡി'(എല്‍.സി.ജി) ന്റെ കാര്യം തന്നെ പരിഗണിക്കുക. നിങ്ങളുടെ മേശമേലിരിക്കുന്ന വെറുമൊരു പേഴ്‌സണല്‍ കമ്പ്യൂട്ടറിനെ, ഒറ്റയടിക്ക്‌ ലോകത്തെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍കമ്പ്യൂട്ടറാക്കി മാറ്റുന്ന മാസ്‌മരവിദ്യയാണത്‌. മെമ്മറി, ചിപ്പ്‌ശേഷി ഇതൊക്കെ ഗ്രിഡ്‌ അപ്രസക്തമാക്കുന്നു. ഇന്റര്‍നെറ്റില്‍ വേല്‍ഡ്‌ വൈഡ്‌ വെബ്ബിന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍ഫയലുകളാണ്‌ പങ്കുവെയ്‌ക്കുന്നതെങ്കില്‍, ഗ്രിഡില്‍ സാക്ഷാല്‍ കമ്പ്യൂട്ടര്‍ശേഷി (കമ്പ്യൂട്ടര്‍ പവര്‍) ആണ്‌ പങ്കുവെയ്‌ക്കപ്പെടുന്നത്‌. സിങ്കപ്പൂരിലെ ഒരു കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിട്ടുള്ള പ്രോഗ്രാം ഉപയോഗിച്ച്‌ ഇന്ത്യയിലിരുന്ന്‌ ഡേറ്റ പാകപ്പെടുത്തി അത്‌ കാനഡയിലെ കമ്പ്യൂട്ടറില്‍ സേവ്‌ ചെയ്യാം.

ഭൂമിയില്‍ ഒരു സംരംഭവും ഇന്നുവരെ കൈകാര്യം ചെയ്യാത്തത്ര വിവരങ്ങള്‍ (ഡേറ്റ) ആണ്‌ കണികാപരീക്ഷണം വഴിയുണ്ടാവുക. സേണി (യൂറോപ്യന്‍ അണുഗവേഷണ ഏജന്‍സി) ല്‍ ഗ്രിഡ്‌ പദ്ധതിയുടെ മേധാവിയായ ഇയാന്‍ ബേഡിന്റെ വാക്കുകളില്‍ '15 കോടി പിക്‌സല്‍ ശേഷിയുള്ള ഒരു ഡിജിറ്റല്‍ക്യാമറ സെക്കന്‍ഡില്‍ 60 കോടി തവണ ക്ലിക്ക്‌ ചെയ്‌ത്‌ ലഭിക്കുന്ന ഡേറ്റക്കു തുല്യമാണ്‌ ഓരോ പരീക്ഷണവും പുറത്തുവിടുന്നത്‌'. ഡേറ്റയില്‍ വലിയൊരു പങ്ക്‌ പ്രാഥമിക പരിശോധന നടത്തി ഉപേക്ഷിക്കും. എങ്കിലും, ബാക്കി വരുന്നത്‌ പ്രതിവര്‍ഷം ഏതാണ്‌ 15 പെറ്റാബൈറ്റ്‌സ്‌ (150 ലക്ഷം ഗിഗാബൈറ്റ്‌സ്‌) ഉണ്ടാകും. ഇതു മുഴുവന്‍ സി.ഡി.കളില്‍ പകര്‍ത്തി അടുക്കി വെച്ചാല്‍ അതിന്‌ 20 കിലോമീറ്റര്‍ ഉയരമുണ്ടാകും. ഇത്രയും ഡേറ്റ ഒരു ഐപ്പോഡിലെ ഗാനമായി സങ്കല്‍പ്പിച്ചാല്‍, ഗാനം പൂര്‍ത്തിയാകാന്‍ 24,000 വര്‍ഷം വേണ്ടിവരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ലോകത്താകെ ഒരു വര്‍ഷം അച്ചടിക്കുന്ന പുസ്‌തകങ്ങളിലെ മുഴുവന്‍ വിവരത്തിന്റെ ആയിരം മടങ്ങു വരും ഹാഡ്രൊണ്‍ കൊളൈഡര്‍ ഒരുവര്‍ഷം പുറത്തു വിടുന്ന ഡേറ്റ. ഈ വിവരപ്രളയത്തില്‍ നിന്ന്‌ പ്രപഞ്ചരഹസ്യങ്ങള്‍ തേടാന്‍ നിലവിലുള്ള ഒരു കമ്പ്യൂട്ടര്‍ സംവിധാനവും മതിയാവില്ല. അതുകൊണ്ടാണ്‌ എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌ എന്ന നൂതന സംവിധാനത്തിന്‌ സേണ്‍ രൂപം നല്‍കിയത്‌.

യൂറോപ്പ്‌, വടക്കേ അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന 11 പ്രമുഖ ഗവേഷണസ്ഥാപനങ്ങളിലേക്കാണ്‌ ഈ ഡേറ്റ ആദ്യം വീതിച്ചു നല്‍കുക. അതിന്‌ അതിവേഗ ഓപ്‌ടിക്കല്‍ ലൈനുകള്‍ ഉപയോഗിക്കുന്നു. അവിടെനിന്ന്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള 150 ഗവേഷണ സ്ഥാപനങ്ങള്‍ക്ക്‌ ഈ ഡേറ്റ ലഭിക്കും. ആ സ്ഥാപനങ്ങളിലെല്ലാം കൂടി ഏതാണ്ട്‌ പതിനായിരത്തോളം ഗവേഷകര്‍, 'വൈക്കോല്‍ക്കൂനയില്‍നിന്ന്‌ മൊട്ടുസൂചി തിരയുന്ന പ്രവര്‍ത്തനം' നടത്തും. 50 രാജ്യങ്ങളിലായി 300 കമ്പ്യൂട്ടര്‍ സെന്ററുകളാണ്‌ ഗ്രിഡിലെ കമ്പ്യൂട്ടര്‍ശേഷി പരസ്‌പരം പങ്കുവെയ്‌ക്കുക. 'ക്ലൗഡ്‌ കമ്പ്യൂട്ടിങ്‌' എന്ന പേരിലും അറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ഗ്രിഡിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത്‌ ആയിരക്കണക്കിന്‌ സാധാരണ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ശൃംഗലയാണ്‌. അവയില്‍ ഏറ്റവും വലുത്‌ സേണില്‍ തന്നെ ഒരുക്കിയിട്ടുള്ള 80,000 കമ്പ്യൂട്ടറുകളുടെ ശൃംഗലയാണ്‌. ഈ കമ്പ്യൂട്ടര്‍ ശൃംഗലകളെ 'മിഡില്‍വേര്‍' എന്ന പേരുള്ള ഒരു സോഫ്‌ട്‌വേര്‍ കൊണ്ടാണ്‌ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നത്‌.

ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവെന്ന്‌ പറയാറുണ്ടല്ലോ. ഗ്രിഡിന്റെ കാര്യത്തിലും സംഭവം അതുതന്നെയാണ്‌. ഇത്‌ രണ്ടാംതവണയാണ്‌, ആഗോളവിവരവിനിമയരംഗത്ത്‌ സേണ്‍ വഴികാട്ടുന്നത്‌. 1980-കളില്‍ ഇതുപോലെ മറ്റൊരു പരീക്ഷണം സേണില്‍ നടക്കുമ്പോള്‍, ഗവേഷകരുടെ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ പരസ്‌പരം പങ്കുവെയ്‌ക്കാന്‍ ഒരു എളുപ്പ മാര്‍ഗമില്ലാത്തത്‌ പ്രശ്‌നമായി. സേണില്‍ അന്ന്‌ ജോലിനോക്കിയിരുന്ന ടിം ബേര്‍ണസ്‌ ലി എന്ന യുവഗവേഷകന്‍ അതിനൊരു പരിഹാരം കണ്ടു. 1989-ല്‍ അദ്ദേഹം കണ്ടെത്തിയ ആ ഉപാധിക്ക്‌ പിന്നീട്‌ വേള്‍ഡ്‌ വൈഡ്‌ വെബ്ബ്‌ (www) എന്ന്‌ പേര്‌ നല്‍കപ്പെട്ടു. ഇന്റര്‍നെറ്റ്‌ എന്ന വിവരവിനിമയ സങ്കേതം ലോകത്തെത്തന്നെ മാറ്റി മറിക്കാന്‍ കാരണമായത്‌ വേല്‍ഡ്‌ വൈഡ്‌ വെബ്ബിന്റെ കണ്ടെത്തലായിരുന്നു. ഇന്ന്‌ ഗ്രിഡ്‌ വഴി സേണ്‍ വീണ്ടും വഴികാട്ടുകയാണ്‌.

ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍കൊണ്ട്‌ ഗ്രിഡ്‌ അവസാനിക്കില്ല. അതിന്‌ അനന്തസാധ്യതകളാണ്‌ പല ഗവേഷകരും കാണുന്നത്‌. ഉദാഹരണത്തിന്‌ എയ്‌ഡ്‌സ്‌, അള്‍ഷൈമേഴ്‌സ്‌ തുടങ്ങി വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും കീഴടങ്ങാത്ത മാരകരോഗങ്ങളുടെ കാര്യം പരിഗണിക്കുക. അവയ്‌ക്കു ചികിത്സ കണ്ടെത്താനുള്ള ആഗോളശ്രമങ്ങള്‍ക്ക്‌ ഗ്രിഡ്‌ തുണയാകുമെന്ന്‌ കരുതപ്പെടുന്നു. പല മാരകരോഗങ്ങള്‍ക്കുമുള്ള ഔഷധം കണ്ടെത്തുന്നതില്‍ മുഖ്യപ്രതിബന്ധമാകുന്നത്‌, ഔഷധലക്ഷ്യമാകേണ്ട പ്രോട്ടീനുകളുടെ ഘടന ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്‌. അത്യന്തം സങ്കീര്‍ണമായ പ്രോട്ടീനുകളുടെ ഘടന കണ്ടെത്താന്‍ വന്‍കമ്പ്യൂട്ടര്‍ശേഷിയും ഗവേഷകരുടെ കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണ്‌.

ലോകത്തെ പ്രമുഖ കമ്പ്യൂര്‍ നിര്‍മാതാക്കളായ ഐ.ബി.എം. ഏതാനും വര്‍ഷം മുമ്പ്‌ 'ബ്ലൂജീന്‍' എന്ന സൂപ്പര്‍കമ്പ്യൂട്ടര്‍ നിര്‍മിച്ചത്‌ പ്രോട്ടീനുകളെക്കുറിച്ചു പഠിക്കാനായിരുന്നു. എന്നാല്‍, ഗ്രിഡ്‌ പോലുള്ള സംവിധാനം ഈ പ്രവര്‍ത്തനം വളരെ ലളിതമാക്കും. സൂപ്പര്‍കമ്പ്യൂട്ടറുകളെ ഗ്രിഡ്‌ അപ്രസക്തമാക്കും. ലോകത്തെവിടെയുമുള്ള ഗവേഷകര്‍ക്ക്‌ തങ്ങളുടെ സീറ്റില്‍ ഇരുന്നുകൊണ്ടുതന്നെ ഇത്തരം ഒരു മാരകരോഗത്തിനെതിരെയുള്ള ഔഷധഗവേഷണത്തില്‍ പങ്കുചേരാന്‍ കഴിയും. സങ്കീര്‍ണമായ തന്മാത്രാഘടനകള്‍ മനസിലാക്കാനും, അവയെ ലക്ഷ്യമാക്കുന്ന ഔഷധതന്മാത്രകള്‍ കണ്ടെത്താനും ഗ്രിഡ്‌ നല്‍കുന്ന അസാധാരണമായ കമ്പ്യൂട്ടര്‍ശേഷി തുണയ്‌ക്കെത്തും. ഔഷധഗവേഷണം മാത്രമല്ല, ന്യൂറോസര്‍ജറി പോലുള്ള സങ്കീര്‍ണ ശസ്‌ത്രക്രിയകളെ വിര്‍ച്വലായി നടത്തിനോക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സര്‍ജന്‍മാര്‍ക്ക്‌ അതില്‍ പങ്കുചേരാനും ഗ്രിഡ്‌കമ്പ്യൂട്ടിങ്‌ അവസരമൊരുക്കും.

എന്നുവെച്ചാല്‍, ഒറ്റപ്പെട്ട ഗവേഷണങ്ങള്‍ക്കൊണ്ട്‌ പരിഹരിക്കാന്‍ കഴിയാത്ത വലിയ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാന്‍ ലഭിക്കുന്ന ശക്തമായ ഉപാധിയാകാന്‍ ഗ്രിഡിന്‌ കഴിയുമെന്ന്‌ സാരം. കുറഞ്ഞ ചെലവില്‍ ന്യൂക്ലിയര്‍ഫ്യൂഷന്‍ സാധ്യമാകുക വഴി ലോകത്തിന്റെ ഊര്‍ജപ്രതിസന്ധി പരിഹരിക്കാനുള്ള വഴി തുറക്കുക ചിലപ്പോള്‍ ഗ്രിഡാകും. പാരമ്പരേതര ഊര്‍ജമാര്‍ഗങ്ങള്‍, പ്രത്യേകിച്ചും സൗരവൈദ്യുതി പോലുള്ള മേഖലകള്‍, വികസിപ്പിക്കാന്‍ ഗ്രിഡ്‌ നല്‍കുന്ന പരസ്‌പരസഹകരണത്തിന്റെ സാധ്യത വഴി തുറന്നുകൂടെന്നില്ല. ജിനോം രംഗത്തു നടക്കുന്ന ഏത്‌ ഗവേഷണത്തിനും വന്‍ കമ്പ്യൂട്ടര്‍ശേഷി ആവശ്യമാണ്‌. അത്ര സങ്കീര്‍ണമാണ്‌ ജിനോമിന്റെ ലോകം. അതിലും ഗ്രിഡാകും നാളെ സഹായത്തിനെത്തുക. എന്നുവെച്ചാല്‍, കണികാപരീക്ഷണം വെറുമൊരു പരീക്ഷണമായി അവസാനിക്കില്ലെന്ന്‌ ഉറപ്പിക്കാമെന്ന്‌ ചുരുക്കം. ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിലാകും അത്‌ വിപ്ലവം സൃഷ്ടിക്കുക എന്ന്‌ ഇപ്പോള്‍ ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്നു മാത്രം.
(അവലംബം: സേണിന്റെ വെബ്‌സൈറ്റ്‌, സയന്റിഫിക്‌ അമേരിക്കന്‍-സപ്‌തംബര്‍4, 2008, ടെലഗ്രാഫ്‌-സപ്‌തംബര്‍7, 2008, ബി.ബി.സി-സപ്‌തംബര്‍4, 2008)

Thursday, September 11, 2008

ആരാകും നോബല്‍ ജേതാവ്‌:ഹിഗ്ഗ്‌സോ, ഹോക്കിങോ

ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം ജനീവയില്‍ ആരംഭിച്ചിരിക്കുകയാണ്‌. ആ പരീക്ഷണം വഴി ആരാകും ആദ്യം നോബല്‍ ജേതാവാകുക. പിണ്ഡത്തിന്റെ രഹസ്യം പ്രവചിച്ച പീറ്റര്‍ ഹിഗ്ഗ്‌സോ, അതോ സൂക്ഷ്‌മതമോഗര്‍ത്തങ്ങളുടെ ആയുസ്സ്‌ നിര്‍വചിച്ച സ്‌റ്റീഫന്‍ ഹോക്കിങോ?

ണ്ടു പതിറ്റാണ്ടിന്റെ ഒരുക്കം. 43000 കോടിരൂപായുടെ ചെലവ്‌. അമ്പതിലേറെ രാജ്യങ്ങളില്‍നിന്നായി പതിനായിരത്തോളം ശാസ്‌ത്രജ്ഞരുടെ പരിശ്രമം. വര്‍ഷങ്ങളുടെ ആകാംക്ഷ മുറ്റിയ കാത്തിരിപ്പ്‌. മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായ 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍'(LHC) എന്ന യന്ത്രം, ഒടുവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം ആരംഭിച്ചിരിക്കുകയാണ്‌. 2008 സപ്‌തംബര്‍ പത്തിന്‌ ആദ്യ പ്രോട്ടോണ്‍ധാര ആ യന്ത്രത്തില്‍ ചുറ്റിത്തിരിഞ്ഞതോടെ, പരീക്ഷണത്തിന്‌ വിജയകരമായ സമാരംഭമായി എന്ന്‌ പ്രഖ്യാപിക്കപ്പെട്ടു. ചരിത്രത്തിലെ പരമപ്രധാന സംഭവമായ പ്രപഞ്ചപിറവിയുടെ ആദ്യനിമിഷങ്ങളെ പുനസൃഷ്ടിക്കുന്നതിനൊപ്പം, പ്രപഞ്ചത്തിന്റെ മൗലീകഘടനയും ചേരുവയും മനസിലാക്കുകയെന്നതാണ്‌ പതിനഞ്ചു വര്‍ഷത്തിലേറെ നീണ്ടേക്കാവുന്ന പരീക്ഷണത്തിന്റെ ലക്ഷ്യം. പ്രപഞ്ചവിജ്ഞാനത്തിന്റെ പുത്തന്‍ അതിരുകളിലേക്കാണ്‌, ജനീവയ്‌ക്കു സമീപം ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹാഡ്രോണ്‍ കൊളൈഡര്‍ മനുഷ്യനെ നയിക്കുക.

പ്രപഞ്ചാരംഭത്തെ പുനസൃഷ്ടിക്കുന്നതിനൊപ്പം, പതിറ്റാണ്ടുകളായി പരീക്ഷിച്ചറിയാന്‍ ഭൗതീകശാസ്‌ത്രജ്ഞര്‍ കൊതിക്കുന്ന ചില സുപ്രധാന പ്രവചനങ്ങളുടെ നിജസ്ഥിതിയും ഈ പരീക്ഷണം പരിശോധിക്കും. അവയില്‍ പ്രധാനം പിണ്ഡത്തിന്‌ നിദാനമെന്നു കരുതുന്ന 'ഹിഗ്ഗ്‌സ്‌ ബോസോണു'കളുടെ അസ്‌തിത്വമാണ്‌. സര്‍വവ്യാപിയാണ്‌, പക്ഷേ ആരും കണ്ടിട്ടില്ല ആ കണങ്ങളെ. അതിനാല്‍ അവയ്‌ക്ക്‌ 'ദൈവകണം' എന്ന്‌ വിളിപ്പേര്‌ കിട്ടി. ഈ കണത്തിന്റെ അസ്‌തിത്വം ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടാല്‍, ഒരു കാര്യം ഉറപ്പിക്കാം 79-കാരനായ ഹിഗ്ഗ്‌സിന്‌ നോബല്‍ പുരസ്‌കാരത്തിന്‌ അധികം കാക്കേണ്ടി വരില്ല.

ഹാഡ്രോണ്‍ കൊളൈഡര്‍ പരിശോധിക്കുന്ന മറ്റൊരു പ്രവചനം സൂക്ഷ്‌മതമോഗര്‍ത്തങ്ങളെ സംബന്ധിച്ചുള്ളതാണ്‌. കണികാപരീക്ഷണത്തെ എതിര്‍ക്കുന്നവരുടെ പക്കലുള്ള മുഖ്യആയുധമാണ്‌ ഇത്‌. പരീക്ഷണവേളയില്‍ സൃഷ്ടിക്കപ്പെട്ടേക്കാവുന്ന സൂക്ഷ്‌മതമോഗര്‍ത്തങ്ങള്‍ ശക്തിയാര്‍ജിച്ച്‌ ചിലപ്പോള്‍ ഭൂമിയെത്തന്നെ വിഴുങ്ങിയേക്കാം എന്നവര്‍ വാദിക്കുന്നു. എന്നാല്‍, വളരെ സൂക്ഷ്‌മമായ സ്ഥലത്തു മാത്രമേ അത്തരം തമോഗര്‍ത്തങ്ങള്‍ പിറക്കൂ എന്നും, സെക്കന്‍ഡിന്റെ കോടാനുകോടിയിലൊരംശം കൊണ്ട്‌ ചെറിയരംശം ഊര്‍ജം പുറത്തുവിട്ട്‌ അവ ബാഷ്‌പീകരിക്കപ്പെടുമെന്നുമാണ്‌ സിദ്ധാന്തം. വിഖ്യാത ഭൗതീകശാസ്‌ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങാണ്‌ ഇക്കാര്യം പ്രവചിച്ചിട്ടുള്ളത്‌. സൂക്ഷ്‌മതമോഗര്‍ത്തങ്ങള്‍ പുറത്തുവിടുന്ന ഊര്‍ജാംശത്തിന്‌ 'ഹോക്കിങ്‌ വികിരണം' എന്നാണ്‌ പേര്‌. കണികാപരീക്ഷണത്തില്‍ സൂക്ഷ്‌മതമോഗര്‍ത്തം രൂപപ്പെടണമെന്ന്‌ ഏറ്റവും അധികം ആഗ്രഹിക്കുന്നത്‌ നോബല്‍ കമ്മറ്റിയാകണം. ജീവിച്ചിരിക്കുന്ന ഇതിഹാസമായ 66-കാരനായ ഈ പ്രതിഭയ്‌ക്ക്‌ നോബല്‍ പുരസ്‌കാരം നല്‍കാന്‍ ഇനിയധികം കാക്കാന്‍ അവര്‍ക്ക്‌ കഴിയില്ല എന്നതുതന്നെ കാരണം.

1964-ലാണ്‌ പീറ്റര്‍ ഹിഗ്ഗ്‌സ്‌ എന്ന ശാസ്‌ത്രജ്ഞന്‍ (റോബര്‍ട്ട്‌ ബ്രൗട്ട്‌, ഫ്രാന്‍കോയിസ്‌ ഇംഗ്ലെര്‍ട്ട്‌ എന്നിവര്‍ക്കൊപ്പം) പിണ്ഡത്തിന്‌ നിദാനമായ ഹിഗ്ഗ്‌സ്‌ സംവിധാനം പ്രവചിക്കുന്നത്‌. ഹിഗ്ഗ്‌സ്‌ അന്ന്‌ എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകനായിരുന്നു. മൗലീകകണങ്ങളെക്കുറിച്ചും, ദ്രവ്യത്തിന്റെ മൗലീകഘടനയെക്കുറിച്ചും ശാസ്‌ത്രലോകത്തിന്‌ പുതിയ ഉള്‍ക്കാഴ്‌ച ലഭിക്കുന്ന കാലമായിരുന്നു അത്‌. ദ്രവ്യത്തിന്‌ എങ്ങനെ പിണ്ഡം ലഭിക്കുന്നു. പിണ്ഡമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ക്ക്‌ വലിയ അര്‍ഥമില്ല. ഗുരുത്വാകര്‍ഷണബലം പോലും ഉണ്ടാകില്ല. ഭൗതീകശാസ്‌ത്രത്തെ തുടര്‍ച്ചയായി അലട്ടിയിരുന്ന ഈ പ്രശ്‌നത്തിന്‌, ഒരു മിന്നല്‍ പോലെ തന്റെ പ്രജ്ഞയിലേക്ക്‌ ഒരു പരിഹാരം കടന്നു വരികയായിരുന്നുവെന്ന്‌ ഹിഗ്ഗ്‌സ്‌ പറയുന്നു. ഒരു വാരാന്തത്തിലാണ്‌ ആ 'യുറീക്ക നിമിഷം' തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന്‌, ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിന്റെ പ്രവര്‍ത്തനം തുടങ്ങിയതുമായി ബന്ധപ്പെട്ട്‌ ലണ്ടനില്‍ റോക്‌സ്‌ബര്‍ഗ്‌ സ്‌ട്രീറ്റില്‍ നടത്തിയ പ്രഭാഷണത്തില്‍ ഹിഗ്ഗ്‌സ്‌ അനുസ്‌മരിച്ചു. ഏറെക്കാലമായി തലയ്‌ക്കുള്ളില്‍ കടന്നുകൂടിയ പലതരം ആശയങ്ങളും വസ്‌തുതകളുമെല്ലാം ചേര്‍ന്ന്‌ ആ വാരാന്തത്തില്‍, പിണ്ഡത്തിന്റെ പ്രശ്‌നത്തിന്‌ ഒരു പരിഹാരം തന്നിലേക്ക്‌ കടന്നു വരികയായിരുന്നു എന്ന്‌ അദ്ദേഹം പറഞ്ഞു.

പിണ്ഡത്തിന്‌ ആധാരമായി ഹിഗ്ഗ്‌സ്‌ മുന്നോട്ടുവെച്ച സംവിധാനം, പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു ബലമണ്ഡലമാണ്‌. 'ഹിഗ്ഗ്‌സ്‌ മണ്ഡലം' (Higgs field) എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായ വേളയില്‍ ഒരു കണത്തിനും പിണ്ഡമുണ്ടായിരുന്നില്ല. പ്രപഞ്ചം തണുക്കുകയും താപനില ഒരു നിര്‍ണായക തലത്തിലെത്തുകയും ചെയ്‌തപ്പോള്‍, ഹിഗ്ഗ്‌സ്‌ മണ്ഡലം എന്നൊരു ബലമണ്ഡലം രൂപപ്പെട്ടു. ഈ ബലമണ്ഡലവുമായി ഇടപഴകാന്‍ ശേഷിയുള്ള കണങ്ങള്‍ക്ക്‌, ഇടപഴകലിന്റെ തോത്‌ അനുസരിച്ച്‌ പിണ്ഡം ലഭിക്കുന്നു. ബലകണമായ 'ഹിഗ്ഗ്‌സ്‌ ബോസോണ്‍' വഴിയാണ്‌, മറ്റ്‌ കണങ്ങള്‍ ആ മണ്ഡലവുമായി ഇടപഴകുന്നത്‌. ഇടപഴകാത്ത കണങ്ങള്‍ക്ക്‌ പിണ്ഡം ഉണ്ടാകില്ല. ഇതാണ്‌ പ്രപഞ്ചത്തിലെ പിണ്ഡത്തിന്‌ ആധാരമായി ഹിഗ്ഗ്‌സ്‌ മുന്നോട്ടുവെച്ച വിശദീകരണം. 44 വര്‍ഷമായി ഹിഗ്ഗ്‌സ്‌ പറഞ്ഞ കാര്യം പ്രപഞ്ചത്തിന്റെ മൗലീകഘടന സംബന്ധിച്ച ഓരോ സിദ്ധാന്തത്തിലും പ്രമുഖമായി കടന്നു വരുന്നു. പ്രപഞ്ചത്തിന്റെ മൗലീകഘടനയെ ഭാഗികമായി പ്രതിനിധീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡലി'ല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ സാങ്കല്‍പ്പിക ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ കൂടിയേ തീരൂ. പക്ഷേ, ഇതുവരെ ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ അസ്‌തിത്വം തെളിയിക്കാനോ, അവയെ കണ്ടെത്താനോ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടില്ല.

ആ കണത്തെ കണ്ടെത്താന്‍ ശേഷിയുള്ള ഉപകരണം വികസിപ്പിക്കാന്‍ മനുഷ്യന്‌ ഇതുവരെ കഴിഞ്ഞില്ല എന്നതാണ്‌ ഇതിന്‌ ലഭിക്കുന്ന ഒരു വിശദീകരണം. ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ പിണ്ഡം എന്തെന്ന്‌ അറിയില്ല എന്നതാണ്‌, അവയെ കണ്ടെത്തുന്നത്‌ ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ ഉണ്ടാകുമെന്ന്‌ പ്രവചിക്കപ്പെട്ടിട്ടുള്ള ഒരു പിണ്ഡപരിധിയുണ്ട്‌. ആ പരിധി പരിശോധിക്കാന്‍ തക്ക ഊര്‍ജനിലയിലുള്ള പരീക്ഷണങ്ങള്‍ ഇന്നുവരെ നടന്നിട്ടില്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ ആ പിണ്ഡപരിധി ലഭ്യമാണ്‌. അതിനാല്‍, ദൈവത്തിന്റെ കണത്തിന്‌ ഇനി ഒളിച്ചിരിക്കുക സാധ്യമല്ല. ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, പിണ്ഡം സംബന്ധിച്ച്‌ പുതിയ സിദ്ധാന്തങ്ങള്‍ക്കുള്ള സാധ്യത തുറക്കലാകും അത്‌. (ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തെക്കുറിച്ച്‌ സമഗ്രമായി അറിയാന്‍ കാണുക: പ്രപഞ്ചസാരം തേടി ഒരു മഹാസംരംഭം).

(അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍, The BigBang Machine-The Guradian,June30,2008, 'In Search of Schrodinger's Cat', 'The Universe A Biography'- John Gribbin, The History of Science: From 1946 to 1990s-Ray Spangenburg and Diane K. Moser, The Cambridge Dictionary of Scientists)

Monday, September 01, 2008

അര്‍ബുദത്തിലെ വില്ലന്‍ മെരുങ്ങുന്നു

ഭൂരിപക്ഷം അര്‍ബുദകേസുകളിലും വില്ലനായി പ്രത്യക്ഷപ്പെടാറുള്ള ഒരു രാസാഗ്നി ഒടുവില്‍ ശാസ്‌ത്രലോകത്തിന്‌ മെരുങ്ങുന്നു.

ഒന്നര പതിറ്റാണ്ടായി നടത്തുന്ന ശ്രമങ്ങള്‍ക്കൊടുവിലാണ്‌ 'ടെലോമിറേസ്‌' (telomerase) എന്ന സുപ്രധാന രാസാഗ്നിയുടെ പ്രോട്ടീന്‍ഘടന അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌. അര്‍ബുദം ഭേദമാക്കാനും വാര്‍ധക്യം ചെറുക്കാനുമുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ഈ നിര്‍ണായക മുന്നേറ്റം വഴിതുറന്നേക്കും.

അര്‍ബുദ ചികിത്സാമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നവര്‍ മുഖ്യലക്ഷ്യമായി പരിഗണിക്കുന്ന രാസാഗ്നി (enzyme)യാണ്‌ ടെലോമിറേസ്‌. എന്നാല്‍ അതിന്റെ ഘടന തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഏത്‌ രോഗത്തിനും ഔഷധങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍, ഔഷധം ലക്ഷ്യമാക്കുന്ന പ്രോട്ടീനിന്റെ ഘടന വളരെ പ്രധാനപ്പെട്ടതാണ്‌. ഘടന മനസിലാക്കാന്‍ കഴിയാത്തതിനാല്‍ ടെലോമിറേസിനെതിരെ ഒരുതരത്തിലുള്ള ഔഷധ മുന്നേറ്റവും ഇത്രകാലവും സാധ്യമായിരുന്നില്ല. ഇപ്പോള്‍, ദി വിസ്‌റ്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ ഡോ. ഇമ്മാനുവേല്‍ സ്‌കൊര്‍ദലേക്ക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ടെലോമിറേസിന്റെ ഘടന കണ്ടെത്തുന്നതില്‍ വിജയിച്ചിതോടെ കഥ മാറിയിരിക്കുകയാണ്‌.

സാധാരണഗതിയില്‍ ഭ്രൂണവിത്തുകോശങ്ങളില്‍ മാത്രമാണ്‌ ടെലോമിറേസ്‌ സജീവമായി കാണപ്പെടുക. അതുകഴിഞ്ഞാല്‍, ആ രാസാഗ്നിയെ ശരീരം അണച്ചുകളയും. ആരോഗ്യമുള്ള കോശങ്ങളില്‍ പിന്നീട്‌ അതിന്റെ പ്രവര്‍ത്തനം കാണാറില്ല. അര്‍ബുദകോശങ്ങളുടെ കാര്യത്തില്‍ പക്ഷേ, കഥ വ്യത്യസ്‌തമാകുന്നു. 90 ശതമാനം ട്യൂമറുകളിലും ഈ പ്രോട്ടീന്‍ എങ്ങനെയോ വീണ്ടും സജീവമാകുന്നതായി തെളിഞ്ഞിട്ടുണ്ട്‌. അര്‍ബുദകോശങ്ങളെ മരിക്കുന്നതില്‍നിന്ന്‌ വിലക്കുന്നതും, ശത്രുതയോടെ പെരുകാന്‍ സഹായിക്കുന്നതും ഈ രാസാഗ്നിയാണ്‌.

കോശത്തില്‍ ഡി.എന്‍.എ.യ്‌ക്കു സംഭവിക്കുന്ന വൈകല്യമാണ്‌ അര്‍ബുദങ്ങള്‍ക്ക്‌ വഴിതുറക്കുന്നത്‌. ഇരുന്നൂറിലേറെ വ്യത്യസ്‌തയിനം അര്‍ബുദങ്ങള്‍ മനുഷ്യനെ ബാധിക്കാറുണ്ട്‌. ശരീരത്തിന്റെ ഏതുഭാഗം വേണമെങ്കിലും രോഗബാധയ്‌ക്ക്‌ ഇരയാകാം. അവയില്‍ ഭൂരിപക്ഷം അര്‍ബുദബാധകളിലും ടെലോമിറേസ്‌ സജീവമാകാറുണ്ട്‌. ഈ രാസാഗ്നിയുടെ സ്വാധീനം നശിപ്പിക്കാന്‍ ശേഷിയുള്ള ഔഷധം രൂപപ്പെടുത്താനായാല്‍, 90 ശതമാനം അര്‍ബുദബാധകളും ചെറുക്കാന്‍ കഴിയും എന്ന്‌ ഇതില്‍നിന്ന്‌ മനസിലാക്കാം. അര്‍ബുദബാധക്കെതിരെ ഒരു പൊതുഔഷധത്തിനുള്ള സാധ്യതയാണ്‌ പുതിയ കണ്ടെത്തല്‍ തുറന്നിരിക്കുന്നതെന്ന്‌ 'നേച്ചര്‍' ഗവേഷണവാരിക റിപ്പോര്‍ട്ടു ചെയ്യുന്നു.

ആന്തരഘടികാരം
അര്‍ബുദബാധ സംബന്ധിച്ച ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ ഉള്‍ക്കാഴ്‌ച രൂപപ്പെട്ടത്‌ 1960-കളിലാണ്‌. ലിയോനാര്‍ഡ്‌ ഹേഫ്‌ളിക്‌ എന്ന ഗവേഷകന്‍ നടത്തിയ പഠനങ്ങളും അദ്ദേഹമെത്തിയ നിഗമനങ്ങളുമാണ്‌ അതിനിടയാക്കിയത്‌. പരിധിയില്ലാതെ എല്ലാക്കാലത്തും വിഭജിച്ചു പെരുകാനുള്ള കഴിവ്‌ കോശങ്ങള്‍ക്കുണ്ടെന്ന വിശ്വാസം തെറ്റാണെന്നു തെളിയിച്ചത്‌, ഹേഫ്‌ളിക്കിന്റെ ഗവേഷണമായിരുന്നു. കോശങ്ങളില്‍ ഒരു ആന്തരഘടികാരമുണ്ടെന്നും, ഓരോ കോശവും എത്ര തവണ വിഭജിക്കണം എന്നു നിശ്ചയിക്കുന്നത്‌ ആ ഘടികാരമാണെന്നും അദ്ദേഹം കണ്ടെത്തി. നിശ്ചിത തവണ ('ഹേഫ്‌ളിക്ക്‌ പരിധി' എന്നാണിത്‌ അറിയപ്പെടുന്നത്‌) കഴിഞ്ഞാല്‍ കോശങ്ങള്‍ക്ക്‌ പിന്നീട്‌ വിഭജിക്കാന്‍ കഴിയാതെ വരും.

കോശങ്ങളിലെ ആന്തരഘടികാരത്തിന്‌ അര്‍ബുദവുമായും വാര്‍ധക്യവുമായും ബന്ധമുണ്ടെന്ന്‌ ഗവേഷകര്‍ മനസിലാക്കി. കോശങ്ങളുടെ വിഭജനവും അന്ത്യവും തമ്മില്‍ ബന്ധമുള്ളതാണല്ലോ അര്‍ബുദവും വാര്‍ധക്യവും. ഒരാള്‍ക്ക്‌ പ്രായമാകുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ക്കും പ്രായമാകുന്നു. കുഞ്ഞുങ്ങളില്‍ കോശങ്ങള്‍ ചെറുപ്പമാണെങ്കില്‍ മുതിര്‍ന്നവരില്‍ അവ മുതിര്‍ന്നതായിരിക്കും. ഒരു പരിധി കഴിയുന്നതോടെ കോശങ്ങള്‍ക്ക്‌ വിഭജിക്കാന്‍ കഴിയാതെ വരുന്നതാണ്‌ വാര്‍ധക്യം. കോശങ്ങളിലെ ആന്തരഘടികാരമാണ്‌ ഇത്‌ നിയന്ത്രിക്കുന്നത്‌. എന്നാല്‍, ആ ഘടികാരം നിശ്ചമായാല്‍ കോശങ്ങള്‍ നശിക്കാതെ വിഭജിക്കുന്നത്‌ തുടര്‍ന്നു കൊണ്ടിരിക്കും. അതാണ്‌ അര്‍ബുദത്തിന്റെ അടിസ്ഥാനം.

ജനിതകവസ്‌തുവായ ഡി.എന്‍.എ.യ്‌ക്കു തകരാര്‍ സംഭവിച്ചാല്‍, സാധാരണഗതിയില്‍ കോശവിഭജനം വഴി ആ തകരാര്‍ കൂടുതല്‍ കോശങ്ങളിലേക്ക്‌ എത്തുന്നത്‌ തടയുന്നതും ആന്തരഘടികാരമാണ്‌. തകരാര്‍ സംഭവിച്ച കോശത്തെ വിഭജനം നിര്‍ത്തി നശിക്കാന്‍ അത്‌ പ്രേരിപ്പിക്കും. അങ്ങനെ ആ തകരാര്‍ വ്യാപിക്കുന്നത്‌ തടയും. എന്നാല്‍, ആന്തരഘടികാരം പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേടുപറ്റിയ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്നു. അര്‍ബുദത്തില്‍ ഇതാണ്‌ സംഭവിക്കുന്നത്‌.

കോശത്തില്‍ ഡി.എന്‍.എ.തന്മാത്രയെ ചുരുട്ടി ക്രമീകരിച്ചു വെച്ചിട്ടുള്ള ക്രോമസോമുകളുടെ അഗ്രഭാഗങ്ങളില്‍ കാണപ്പെടുന്ന 'ടെലോമിയെര്‍'(telomere) ആണ്‌ ആന്തരഘടികാരമായി പ്രവര്‍ത്തിക്കുന്നത്‌. ഡി.എന്‍.എ.ശ്രേണിയുടെ ഒരു ചെറുതുണ്ടിനെ ക്രോമസോമുകളുടെ അഗ്രങ്ങളില്‍ ആവര്‍ത്തിച്ച്‌ കൂട്ടിവിളക്കി ടെലോമിറേസ്‌ രാസാഗ്നിയാണ്‌ ഇതിന്‌ കാരണമാകുന്നത്‌. ഇത്തരമൊരു ക്രമീകരണം മൂലം കോശവിഭജനവേളയില്‍ ജനിതക വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ല. ക്രോമസോമുകളുടെ വ്യക്തിത്വം സംരക്ഷിച്ചുകൊണ്ടുതന്നെ, വിഭജനം തുടരാന്‍ കോശങ്ങള്‍ക്ക്‌ ടെലോമിറേസ്‌ അവസരമൊരുക്കുന്നു എന്നുസാരം.

ടെലോമിറേസ്‌ സജീവമല്ലാത്തപ്പോള്‍, ഓരോ വിഭജനം കഴിയുമ്പോഴും ടെലോമിയെറിന്റെ നീളം കുറയുന്നു. ആത്യന്തികമായി ജനിതകനിര്‍വീര്യതയിലേക്കും മരണത്തിലേക്കും കോശങ്ങളെ നയിക്കുന്നത്‌ ഈ പ്രക്രിയയാണ്‌. ഭ്രൂണവിത്തുകോശങ്ങളുടെ അവസ്ഥ കഴിഞ്ഞാല്‍, ബാക്കി സയമത്തൊന്നും ഈ രാസാഗ്നി സജീവമായിരിക്കില്ല. ചെറുപ്പക്കാരുടെ കോശങ്ങളില്‍ ടെലോമിറേസിന്റെ നീളം കൂടുതലായിരിക്കും, പ്രായമാകുമ്പോള്‍ അത്‌ ചെറുതായി വരും. ഒടുവില്‍ ടെലോമിയറിന്റെ നീളം ഏറ്റവും കുറഞ്ഞ ഘട്ടത്തില്‍ കോശം വിഭജനം നിര്‍ത്തും. അതാണ്‌ ശരിക്കുള്ള വാര്‍ധക്യം.

എന്നാല്‍, അര്‍ബുദത്തിന്റെ കാര്യത്തില്‍ ടെലോമിയെര്‍ ചെറുതാകുന്നത്‌ തടയപ്പെടുന്നു. കോശത്തെ സംബന്ധിച്ചിടത്തോളം സമയം നിശ്ചലമാക്കപ്പെടുകയാണ്‌ അപ്പോള്‍ സംഭവിക്കുക. ടെലോമിറേസ്‌ എന്ന രാസാഗ്നിയുടെ സ്വാധീനം മൂലമാണ്‌ ഇത്‌ സംഭവിക്കുന്നത്‌. കോശം ശത്രുതയോടെ പെരുകാനും ട്യൂമറുകള്‍ക്ക്‌ വഴിവെക്കാനും കാരണം അതാണ്‌. ടെലോമിറേസ്‌ രാസാഗ്നിയെ അമര്‍ച്ച ചെയ്‌താല്‍ അര്‍ബുദ ട്യൂമറുകളെ ചെറുക്കാന്‍ സാധിക്കും. അര്‍ബുദം വൈദ്യശാസ്‌ത്രത്തിന്‌ കീഴടങ്ങും എന്നര്‍ഥം.

മനുഷ്യന്റെ എക്കാലത്തെയും വലിയ സ്വപ്‌നങ്ങളിലൊന്നാണ്‌ വാര്‍ധക്യം തടയുക എന്നത്‌. അക്കാര്യത്തിലും ടെലോമിറേസ്‌ ഘടനയുടെ കണ്ടെത്തല്‍ തുണയാകുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ക്രോമസോമുകളുടെ അഗ്രത്തിലുള്ള ടെലോമിയെറിന്റെ നീളം തീരെക്കുറയുന്നതാണല്ലോ വാര്‍ധക്യത്തിലേക്ക്‌ കോശങ്ങളെ നയിക്കുന്നത്‌. എന്നാല്‍, ടെലോമിറേസ്‌ രാസാഗ്നിയുടെ സഹായത്തോടെ ഈ പ്രക്രിയ മെല്ലെയാക്കിയാക്കാനായാല്‍, കോശങ്ങള്‍ വിഭജനം നിര്‍ത്തില്ല, വാര്‍ധക്യം വരികയുമില്ല. അസാധാരണമായ സാധ്യതകളിലേക്കുള്ള ചവിട്ടുപടിയാണ്‌ പുതിയ കണ്ടെത്തല്‍ എന്നു സാരം.

തുണയായത്‌ എക്‌സ്‌റേ ക്രിസ്‌റ്റലോഗ്രാഫി
പൂര്‍ണമല്ലെങ്കിലും, ടെലോമിറേസ്‌ രാസാഗ്നിയിലെ പ്രോട്ടീന്റെ സുപ്രധാനഭാഗത്തിന്റെ ഘടന കണ്ടെത്താന്‍ സ്‌കൊര്‍ദലേക്ക്‌സിനും സംഘത്തിനും കഴിഞ്ഞു. മാത്രമല്ല, ആ മേഖലയുടെ സൂക്ഷ്‌മവിശദാംശങ്ങള്‍ മനസിലാക്കാനും സാധിച്ചു. ക്രോമസോമുകളുടെ അഗ്രഭാഗത്ത്‌ ഡി.എന്‍.എ.തുണ്ടുകള്‍ (telomeres എന്നാണ്‌ ഇവ അറിയപ്പെടുന്നത്‌) എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും വീണ്ടും പകര്‍ത്തപ്പെടുന്നുവെന്നുമുള്ള കാര്യങ്ങളുടെ തന്മാത്രാതലത്തിലുള്ള വിശദാംശങ്ങളും ഗവേഷകര്‍ക്ക്‌ കണ്ടെത്താനായി. അര്‍ബുദത്തിന്റെയും വാര്‍ധക്യത്തിന്റെയും കാര്യത്തില്‍ ഒരേപോലെ നിര്‍ണായകമാണ്‌ തന്മാത്രാതലത്തിലുള്ള ഈ വിവരങ്ങള്‍.

ക്രോമസോമുകളുടെ അഗ്രഭാഗങ്ങളിലെ ടെലോമിയെറിന്‌ അടിസ്ഥാനമായ ഡി.എന്‍.എ.തുണ്ടുകളുടെ ചട്ടക്കൂട്‌ ഉള്‍ക്കൊള്ളുന്ന ഒരു ആര്‍.എന്‍.എ.ഭാഗവും, കെട്ടുപിണഞ്ഞ ബഹുപ്രോട്ടീന്‍ശൃംഗലകളും അടങ്ങിയ സങ്കീര്‍ണഘടനയാണ്‌ ടെലോമിറേസ്‌ രാസാഗ്നിയുടേത്‌. രാസാഗ്നിയില്‍ പ്രോട്ടീന്‍ ശൃംഗലകളുമായി ആര്‍.എന്‍.എ.ചേരുന്ന 'TRBD ഡൊമെയ്‌ന്‍' എന്ന നിര്‍ണായക മേഖലയുടെ ഘടനയാണ്‌ സ്‌കൊര്‍ദലേക്ക്‌സും സംഘവും കണ്ടെത്തിയത്‌. പതിനഞ്ചു വര്‍ഷമായി ഗവേഷകലോകം ശ്രമം ആരംഭിച്ചിട്ടെങ്കിലും, ഇപ്പോഴാണ്‌ വിജയം സാധ്യമാകുന്നത്‌.

പഠനത്തിന്‌ ആവശ്യമായ അളവില്‍ ടെലോമിറേസ്‌ രാസാഗ്നി ലഭ്യമല്ല എന്നതാണ്‌, സ്‌കൊര്‍ദലേക്ക്‌സും സംഘവും നേരിട്ട പ്രധാന വെല്ലുവിളി. സാധാരണഗതിയില്‍ മനുഷ്യരിലും യീസ്റ്റ്‌ പോലുള്ളവയില്‍ നിന്നും രാസാഗ്നി ശേഖരിച്ചാണ്‌ പഠനത്തിന്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍, പരിമിതമായ തോതിലേ ഇത്തരത്തില്‍ ലഭിക്കൂ എന്നിടത്താണ്‌ പ്രശ്‌നം. ആ പ്രശ്‌നം മറികടക്കാന്‍ പ്രോട്ടോസോവ, പ്രാണികള്‍ മുതലായവയെ വരെ ഗവേഷകര്‍ രാസാഗ്നിക്കായി ആശ്രയിച്ചു. ഒടുവില്‍ ഒരു ചെറു വണ്ടില്‍ നിന്നുള്ള ജീനാണ്‌ ടെലോമിറേസ്‌ രാസാഗ്നി ആവശ്യത്തിന്‌ സൃഷ്ടിക്കാന്‍ ഗവേഷകരെ സഹായിച്ചത്‌. അത്തരത്തില്‍ രാസാഗ്നി ലഭ്യമാക്കാം എന്നത്‌ ശരിക്കുള്ള ഒരു മുന്നേറ്റമായിരുന്നുവെന്ന്‌ സ്‌കൊര്‍ദലേക്ക്‌സ്‌ പറയുന്നു.

പിന്നീട്‌ വേഗം മുന്നേറാന്‍ കഴിഞ്ഞതായി ഗവേഷകര്‍ പറയുന്നു. രാസാഗ്നിയുടെ പ്രധാനഭാഗത്തിന്റെ ത്രിമാന ഘടന മനസിലാക്കാന്‍ എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി എന്ന സങ്കേതമാണ്‌ ഉപയോഗിച്ചത്‌. സൂക്ഷ്‌മവിശദാംശങ്ങളാണ്‌ അതുവഴി ലഭിച്ചത്‌. ക്രോമസോമുകളുടെ അഗ്രഭാഗത്ത്‌ ഡി.എന്‍.എ.തുണ്ടുകള്‍ പകര്‍ത്താന്‍ ആ രാസാഗ്നി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ ആദ്യമായി മനസിലാക്കാന്‍ കഴിഞ്ഞു. ടെലോമിറേസിന്റെ ഘടനയുടെ സഹായത്തോടെ ആ രാസാഗ്നി അമര്‍ച്ച ചെയ്യാന്‍ എങ്ങനെ സാധിക്കും എന്ന്‌ മനസിലാക്കാനാണ്‌ ഇനി ശ്രമിക്കുകയെന്ന്‌ സ്‌കൊര്‍ദലേക്ക്‌സ്‌ പറഞ്ഞു.

മര്‍മം അറിയാത്തതിനാല്‍ എതിരാളിയെ എവിടെ പ്രഹരിക്കണം എന്നറിയാത്ത ഒരാളിന്റെ അവസ്ഥയിലായിരുന്നു, ടെലോമിറേസിന്റെ കാര്യത്തില്‍ ഇതുവരെ വൈദ്യശാസ്‌ത്രം. എന്നാലിപ്പോള്‍, പ്രധാനഭാഗത്തിന്റെ പ്രോട്ടീന്‍ ഘടന വ്യക്തമായതോടെ പുതിയ അര്‍ബുദ ഔഷധങ്ങള്‍ക്ക്‌ വഴിതുറന്നിരിക്കുകയാണ്‌. നിലവിലുള്ള ഔഷധങ്ങളെ പുതിയ അറിവിന്റെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്താനും കഴിയും. (അവലംബം: നേച്ചര്‍, ദി വിസ്‌റ്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌:മാതൃഭൂമി)