Thursday, June 28, 2012

സുഹൃത്ബന്ധങ്ങളുടെ വില

ഫെയ്‌സ്ബുക്കിന്റെ അംഗസംഖ്യ വര്‍ധിക്കുമ്പോള്‍, വ്യക്തിഗത ഇഷ്ടങ്ങളുടെയും ഇഷ്ടക്കേടുകളുടെയും വിവരങ്ങളുടെയും ശേഖരമാണ് അതിനനുസരിച്ച് വര്‍ധിക്കുന്നത്. അതാണ് ഫെയ്‌സ്ബുക്കിന്റെ മൂല്യം. സക്കര്‍ബര്‍ഗിന്റെ സമ്പാദ്യത്തിന് പിന്നിലുള്ളത് കോടിക്കണക്കിന് ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ്. 


സൗഹൃദത്തിന്റെ ആഴമളക്കാന്‍ കഴിയുമെന്ന് പറയാറുണ്ട്. പക്ഷേ, സുഹൃത്ബന്ധങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ സാധിക്കുമോ? 

കേള്‍ക്കുമ്പോള്‍ ഇതൊരു ദാര്‍ശനിക സമസ്യയായി തോന്നാം. പുതിയ കാലത്ത് പക്ഷേ, കാര്യങ്ങള്‍ അങ്ങനെയല്ല. 2012 മെയ് 18 ഇരുണ്ട് വെളുത്തപ്പോള്‍ മാര്‍ക് സക്കര്‍ബര്‍ഗ് എന്ന ഇരുപത്തിയെട്ടുകാരന്‍ എത്രവലിയ സമ്പാദ്യത്തിനുടമയായി എന്ന് പരിശോധിച്ചാല്‍ മതി ഇക്കാര്യം ബോധ്യമാകാന്‍.

ഫെയ്‌സ്ബുക്ക് എന്ന ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയുടെ മുതലാളിയാണ് സക്കര്‍ബര്‍ഗ്. 'ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്' (ഐ.പി.ഒ) എന്ന പേരിലറിയപ്പെടുന്ന പ്രഥമ ഓഹരിവില്‍പ്പന ഫെയ്‌സ്ബുക്ക് നടത്തിയത് മെയ് 18 നാണ്. ഇന്റര്‍നെറ്റ് കമ്പനികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമഓഹരി വില്‍പ്പനയായിരുന്നു അത്.

അത് പൂര്‍ത്തിയായപ്പോള്‍, ഫെയ്‌സ്ബുക്കിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യുട്ടീവും സഹസ്ഥാപകനുമായ സക്കര്‍ബര്‍ഗിന്റെ സമ്പാദ്യം 19.1 ബില്യണ്‍ ഡോളറായി. എന്നുവെച്ചാല്‍, ഏതാണ്ട് ഒരുലക്ഷം കോടി രൂപ! സുഹൃത്ബന്ധങ്ങള്‍ക്ക് മൂല്യമുണ്ടോ എന്ന ചോദ്യത്തിന് ഇനി സക്കര്‍ബര്‍ഗ് മറുപടി നല്‍കും.

ശരിക്കും കമ്പ്യൂട്ടര്‍യുഗത്തിന്റെ സന്തതിയാണ് സക്കര്‍ബര്‍ഗ്. സ്റ്റീവ് ജോബ്‌സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സ് അവരുടെ പ്രശസ്തമായ മകിന്റോഷ് രംഗത്തെത്തിച്ച 1984 ലാണ് സക്കര്‍ബര്‍ഗിന്റെ പിറവി.

പത്തൊന്‍പതാം വയസ്സില്‍ സഹപാഠികള്‍ക്കായി തന്റെ കിടപ്പുമുറിയില്‍വെച്ച് രൂപപ്പെടുത്തിയ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മയാണ്, എട്ടുവര്‍ഷത്തിനിപ്പുറം ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളായി സക്കര്‍ബര്‍ഗിനെ മാറ്റിയത്.

ധനികന്‍ മാത്രമല്ല സക്കര്‍ബര്‍ഗ് ഇപ്പോള്‍, 90 കോടി അംഗങ്ങളുള്ള ഒരു സാമ്രാജ്യത്തിന്റെ അധിപന്‍കൂടിയാണ് -ജീന്‍സും ടീഷര്‍ട്ടും സ്‌പോര്‍സ് ഷൂവുമണിയുന്ന ചക്രവര്‍ത്തി. ഇപ്പോഴത്തെ അതിശയിപ്പിക്കുന്ന വളര്‍ച്ച തുടര്‍ന്നാല്‍, നൂറുകോടിയലേറെ അംഗസംഖ്യയുള്ള ഒന്നായി ഫെയ്‌സ്ബുക്ക് മാറാന്‍ അധികകാലം വേണ്ടിവരില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാക്ഷിയായ ഏറ്റവും വലിയ പ്രതിഭാസമാണ് ഫെയ്‌സ്ബുക്ക്. ആശയവിനിമയത്തിന്റെ അലകുംപിടിയും അത് മാറ്റി. സോഷ്യല്‍മീഡിയയുടെ ആവിര്‍ഭാവത്തിന് കരുത്തു പകര്‍ന്നു. ലോകത്തെ മുഴുവന്‍ വരിഞ്ഞുമുറുക്കുന്ന സൗഹൃദശൃംഖലയാണിന്ന് ഫെയ്‌സ്ബുക്ക്.

കൂട്ടുകൂടാനും ഒത്തുചേരാനുമുള്ള മനുഷ്യന്റെ ആദിമചോദനയെയാണ് ഫെയ്‌സ്ബുക്ക് പ്രയോജനപ്പെടുത്തുന്നത്. ലക്ഷങ്ങളെ വൈകാരികതീവ്രതയോടെ ഇടപെടാന്‍ പ്രേരിപ്പിക്കുന്ന ഒന്നായി ഫെയ്‌സ്ബുക്കിനെ രൂപപ്പെടുത്താന്‍ സക്കര്‍ബര്‍ഗിനും കൂട്ടര്‍ക്കും സാധിച്ചു. അവിടെയാണ് ഫെയ്‌സ്ബുക്കിന്റെ വിജയം.

ഇഷ്ടപ്പെടാനും ഇഷ്ടംകൂടാനും ശുപാര്‍ശ ചെയ്യാനും പങ്കിടാനും പിണങ്ങാനും ആശംസകള്‍ അര്‍പ്പിക്കാനും അനുശോചിക്കാനും സൗഹൃദം തേടാനും വാര്‍ത്തകള്‍ അറിയാനും കൂട്ടായ്മകള്‍ക്ക് രൂപംനല്‍കാനും പ്രതിഷേധിക്കാനും അറിയിപ്പുകള്‍ക്കും സന്ദേശങ്ങളയയ്ക്കാനും ഫോട്ടോ പങ്കിടാനും ഗെയിം കളിക്കാനും സുഹൃത്തുക്കളുടെ ഇഷ്ടം അറിയാനുമൊക്കെ ഫെയ്‌സ്ബുക്ക് മതി.

ഈമെയിലുകള്‍ വഴി വിവരങ്ങള്‍ അറിയിക്കുന്നത് പലരുടെ കാര്യത്തിലും പഴഞ്ചന്‍ രീതിയിയായിരിക്കുന്നു. ഫെയ്‌സ്ബുക്ക് വാളില്‍ എഴുതിയാല്‍ മതി, സുഹൃത്തുക്കളുടെ ന്യൂസ്ഫീഡില്‍ ആ വിവരം തത്സമയം എത്തുകയും അവരത് അറിയുകയും ചെയ്തുകൊള്ളും.

ഫെയ്‌സ്ബുക്കിന്റെ അംഗസംഖ്യ വര്‍ധിക്കുമ്പോള്‍, വ്യക്തിഗത ഇഷ്ടങ്ങളുടെയും ഇഷ്ടക്കേടുകളുടെയും വിവരങ്ങളുടെയും ശേഖരമാണ് അതിനനുസരിച്ച് വര്‍ധിക്കുന്നത്. അതാണ് ഫെയ്‌സ്ബുക്കിന്റെ മൂല്യം. സക്കര്‍ബര്‍ഗിന്റെ സമ്പാദ്യത്തിന് പിന്നിലുള്ളത് കോടിക്കണക്കിന് ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്കിന്റെ വരുമാനം 370 കോടി ഡോളറും, ലാഭം 100 കോടി ഡോളറും ആയിരുന്നു.

പുതിയൊരു വിപണിയുടെ ആവിര്‍ഭാവത്തിനും ഫെയ്‌സ്ബുക്ക് വഴിതുറന്നിരിക്കുന്നു. ഇ-കൊമേഴ്‌സിന്റെ സ്ഥാനത്ത് 'സോഷ്യല്‍ കൊമേഴ്‌സ്' അഥവാ എസ്-കൊമേഴ്‌സിന്റെ പുത്തന്‍ ലോകത്തിനാണ് ഫെയ്‌സ്ബുക്ക് രൂപംനല്‍കിയിരിക്കുന്നത്. സോഷ്യല്‍ കൊമേഴ്‌സ് ഇപ്പോഴും അതിന്റെ ബാല്യദശയിലാണ്. 'ബൂസ് ആന്‍ഡ് കമ്പനി'യുടെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം ലോകത്താകമാനം 500 കോടി ഡോളറിന്റെ സോഷ്യല്‍ കൊമേഴ്‌സ് നടന്നു.

യഥാര്‍ഥ പേരും ഫോട്ടോയും ഉപയോഗിച്ചാണ് ഭൂരിപക്ഷംപേരും ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ സൃഷ്ടിച്ചിട്ടുള്ളത്. അതിനാല്‍, ഫെയ്‌സ്ബുക്ക് ശരിക്കുമൊരു പാസ്‌പോര്‍ട്ട് പോലെയായി മാറിക്കൊണ്ടിരിക്കുന്നു. ഓണ്‍ലൈനില്‍ ആളുകളെ തിരിച്ചറിയാന്‍ വിവിധ ഏജന്‍സികളും കമ്പനികളും ഇപ്പോള്‍ ഫെയ്‌സ്ബുക്കിനെയാണ് ആശ്രയിക്കാറ്.

സോഷ്യല്‍നെറ്റ്‌വര്‍ക്ക് -അല്‍പ്പം ചരിത്രം

2004 ല്‍ സക്കര്‍ബര്‍ഗ് ആരംഭിച്ച 'ദിഫെയ്‌സ്ബുക്ക് (Thefacebook.com) ആണ് പിന്നീട് പേരുമാറ്റി ഫെയ്‌സ്ബുക്കായത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ആരംഭം ഫെയ്‌സ്ബുക്ക് എന്നാണ് പലരുടെയും ധാരണ. ഫെയ്‌സ്ബുക്കിന്റെ ആവിര്‍ഭാവം പ്രമേയമാക്കി ഡേവിഡ് ഫിഞ്ചെര്‍ സംവിധാനം ചെയ്ത 'ദി സോഷ്യല്‍ നെറ്റ്‌വര്‍ക്ക്' എന്ന സിനിമ 2010 ഒക്ടോബറില്‍ ഇറങ്ങിയതും അത്തരമൊരു ധാരണയ്ക്ക് വളംവെച്ചിട്ടുണ്ട്. എന്നാല്‍, ഇന്റര്‍നെറ്റിന്റെ അത്രതന്നെ ചരിത്രം സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന ആശയത്തിനുമുണ്ട് എന്നതാണ് വാസ്തവം.

അമേരിക്കന്‍ പ്രതിരോധഗവേഷണത്തിന് ആക്കംകൂട്ടാന്‍ രൂപംനല്‍കിയ 'അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി'(ARPA)യുടെ ശാഖയായിരുന്നു 1960 കളില്‍ രംഗത്തെത്തിയ 'ഇര്‍ഫര്‍മേഷന്‍ പ്രോസസിങ് ടെക്‌നിക്‌സ് ഓഫീസ്' (IPTO). ഐ.പി.ടി.ഒ. ആണ് ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായി 'അര്‍പാനെറ്റ് (ARPAnet) രൂപപ്പെടുത്തിയത്.

ഐ.പി.ടി.ഒ.യുടെ മേധാവിയെന്ന നിലയ്ക്ക് അര്‍പാനെറ്റ് യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച ജെ.സി.ആര്‍.ലിക്ക്‌ലിഡറും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഡബ്ല്യു.ടെയ്‌ലറും ചേര്‍ന്ന് 'The Computer as Communication Device' എന്ന പേരില്‍ 1968 ല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ആ ലേഖനത്തിലാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംബന്ധിച്ച ആശയങ്ങള്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

'ഓണ്‍ലൈനില്‍ ഇടപഴകുന്ന വ്യത്യസ്ത സമൂഹങ്ങളുടെ സ്വഭാവം എന്തായിരിക്കും? മിക്ക മേഖലകളിലും ഭൂമിശാസ്ത്രപരമായി വേര്‍തരിക്കപ്പെട്ട അംഗങ്ങളാകും അവയിലുണ്ടാവുക. ചിലയവസരങ്ങളില്‍ ചെറിയ ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നവരാകും അവര്‍. ആ സമൂഹങ്ങള്‍ പൊതുവായ സ്ഥാനമോ അവസ്ഥയോ ഉള്ളവയാകില്ല, പകരം പൊതുതാത്പര്യങ്ങള്‍ ഉള്ളവയാകും'-ലിക്ക്‌ലിഡറും ടെയ്‌ലറും ലേഖനത്തില്‍ പറഞ്ഞു.

ഇത്തരം ഓണ്‍ലൈന്‍ സമൂഹങ്ങളുടെ കാര്യത്തില്‍ 'നിങ്ങള്‍ കത്തോ ടെലഗ്രാമോ അയയ്‌ക്കേണ്ടി വരില്ല. നിങ്ങളുടെ ഫയലുകളുമായി ബന്ധപ്പെടേണ്ടത് ആരൊക്കെയെന്ന് ലളിതമായി നിശ്ചയിച്ചാല്‍ മാത്രംമതി'. ഫെയ്‌സ്ബുക്ക് ആവിര്‍ഭവിക്കുന്നതിനും 36 വര്‍ഷംമുമ്പ് എഴുതപ്പെട്ട വാക്യങ്ങളാണിവ.

എഴുപതുകളിലും എണ്‍പതുകളിലും ഇന്റര്‍നെറ്റ് അതിന്റെ സാധ്യതകളിലേക്ക് പരിണമിക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. 1979 മുതല്‍ പൊതുതാത്പര്യങ്ങള്‍ പങ്കുവെയ്ക്കുന്ന 'മെസേജ് ഗ്രൂപ്പുകള്‍' ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സ്റ്റിവാര്‍ഡ് ബ്രാന്‍ഡ്, ലാറി ബ്രില്ല്യന്റ് എന്നിവര്‍ മുന്‍കൈ എടുത്ത് സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായി 'ദി ഹോള്‍ എര്‍ത്ത് ഇലക്ട്രോണിക് ലിങ്ക്' (The Whole Earth 'Lectronic Link) അഥവാ 'വെല്‍' (Well) എന്ന ഇലക്ട്രോണിക് ബുള്ളറ്റിന് രൂപംനല്‍കിയത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ആദ്യകാല ചരിത്രത്തിലെ നാഴികക്കല്ലായി.

'വെല്‍' കൂട്ടായ്മയില്‍ അംഗമായിരുന്ന ഹൊവാര്‍ഡ് റീന്‍ഗോള്‍ഡ് 1987 ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്, പുതിയ ഓണ്‍ലൈന്‍ഗ്രൂപ്പുകളെ നിര്‍വചിക്കാന്‍ 'വെര്‍ച്വല്‍ കമ്മ്യൂണിറ്റി' (virtual community) എന്ന പ്രയോഗം ആദ്യമായി നടത്തുന്നത്.

സന്ദേശസര്‍വീസുകള്‍ വഴിയും ഇലക്ട്രോണിക് ബുള്ളറ്റിനുകള്‍ വഴിയും പാശ്ചാത്യലോകത്ത് കൂടുതല്‍ ആളുകള്‍ക്ക് ഇലക്ട്രോണിക് ആശയവിനിമയം പരിചയപ്പെട്ടു തുടങ്ങി. എങ്കിലും ടെക്‌നോളജിയോട് ആഭിമുഖ്യമുള്ളവര്‍ക്ക് മാത്രമാണ് ഈ അനുഭവങ്ങള്‍ സാധ്യമായത്. സാധാരണക്കാര്‍ക്ക് അന്നും ഇന്റര്‍നെറ്റ് ഒരു വിദൂരസങ്കല്‍പ്പം മാത്രമായിരുന്നു.

അത്തരമൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടായത് 1990 കളുടെ ആരംഭത്തിലാണ്. ടിം ബേണേഴ്‌സ് ലീ 'വേള്‍ഡ് വൈഡ് വെബ്ബി'(www) ന് രൂപംനല്‍കിയതോടെ ആയിരുന്നു അത്. ഗുട്ടര്‍ബര്‍ഗിന് ശേഷമുണ്ടായ ഏറ്റവും വലിയ വിജ്ഞാനവിപ്ലവത്തിന് വഴിമരുന്നിടാന്‍ പോന്ന മഹത്തായ ഒരു കണ്ടെത്തലായിരുന്നു ബേണേഴ്‌സ് ലീയുടേത്.

1993 ല്‍ മാര്‍ക് ആഡ്രീസണ്‍ മൊസൈക് (Mosaic) ബ്രൗസര്‍ രംഗത്തെത്തിച്ചതോടെ, വെബ്ബും അതുവഴി ഇന്റര്‍നെറ്റും സാധാരണക്കാരന്റെ ആശയവിനിമയ ഉപധിയായി പരിണമിച്ചു. അസാധാരണമായ വളര്‍ച്ചയുടെ ഘട്ടത്തിലേക്കാണ് വെബ്ബിന്റെ വരവോടെ ഇന്റര്‍നെറ്റ് പ്രവേശിച്ചത്.

വളര്‍ച്ചയുടെ ആവേഗം എത്രയെന്ന് മനസിലാക്കാന്‍ ചില സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചു നോക്കാം. വെബ്ബ് ആവിഷ്‌ക്കരിക്കപ്പെടുന്ന 1990 ല്‍ ലോകത്താകമാനം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സംഖ്യ 26 ലക്ഷം മാത്രമായിരുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍, 2000 ല്‍, അത് 148 മടങ്ങ് വളര്‍ച്ച നേടി 38.5 കോടി ആയി. 2010 ല്‍ ലോകത്താകമാനം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ 160 കോടി വരുമെന്നാണ് കണക്ക്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടേഷന്‍ ഗ്രൂപ്പ് നടത്തിയ പഠനം പറയുന്നത് 2016 ല്‍ അത് 300 കോടി തികയുമെന്നാണ്!

വെബ്ബിന്റെ കടന്നുവരവോടെ ഇന്റര്‍നെറ്റിന് സംഭവിച്ച സ്‌ഫോടനാത്മകമായ വളര്‍ച്ചയുമായി ബന്ധപ്പെടുത്തി വേണം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പിന്നീടുള്ള ചരിത്രം മനസിലാക്കാന്‍.

വെബ്ബ് എത്തിയതിന് പിന്നാലെ TheGlobe.com, Geocities, Tripod തുടങ്ങിയ സര്‍വീസുകള്‍ പ്രത്യക്ഷപ്പെട്ടു. യൂസര്‍മാര്‍ക്ക് പേഴ്‌സണല്‍ ഹോംപേജുകള്‍ സൃഷ്ടിക്കാനും വേണമെങ്കില്‍ മറ്റംഗങ്ങളുടെ പേജുകളുമായി അവയെ ബന്ധിപ്പിക്കാനും സഹായിക്കുന്ന സര്‍വീസുകളായിരുന്നു ഇവ. ജൂനിയര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ജിയോസിറ്റീസ് ഉപയോഗിച്ച് സൃഷ്ടിച്ച പേജാണ് സക്കര്‍ബര്‍ഗിന്റെ ആദ്യ വെബ്ബ്‌സൈറ്റുകളിലൊന്ന്.

സൗജന്യമായി ഡേറ്റിങ് നടത്താന്‍ സഹായിക്കുന്ന Match.com (1994), മുന്‍ സ്‌കൂള്‍ ചങ്ങാതിമാരെ കണ്ടെത്താന്‍ സഹായിക്കുന്ന Classmates.com (1995) എന്നിവയും തൊണ്ണൂറുകളില്‍ രംഗത്തെത്തിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസുകളാണ്.

ആധുനികയുഗം

സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ആധുനികയുഗം ഉത്ഘാടനം ചെയ്യപ്പെട്ടത് 1997 ലാണെന്ന് 'ദി ഫെയ്‌സ്ബുക്ക് ഇഫക്ടി'ന്റെ രചയിതാവും പ്രശസ്ത ടെക്‌നോളജി ജേര്‍ണലിസ്റ്റുമായ ഡേവിഡ് കിര്‍ക്ക്പാട്രിക് അഭിപ്രായപ്പെടുന്നു. അഭിഭാഷകനായ ആന്‍ഡ്രൂ വീന്‍ഡ്രീച്ച് ന്യൂയോര്‍ക്ക് കേന്ദ്രമായി sixdegrees.com എന്ന സൈറ്റ് ആരംഭിക്കുന്നതോടെയാണത്.

ഭൂമിയിലുള്ള മുഴുവന്‍പേരെയും നെറ്റ്‌വര്‍ക്കിങിലൂടെ ബന്ധപ്പെടുത്താന്‍ സാധിക്കുമെന്ന സങ്കല്‍പ്പമായിരുന്നു 'സിക്‌സ്ഡിഗ്രീസി'ന്റേത്. ഒരാളും അയാളുടെ അടുത്ത സുഹൃത്തുക്കളുമാണ് ഇതില്‍ ആദ്യ തലത്തിലേത് (അല്ലെങ്കില്‍ ആദ്യ 'ഡിഗ്രി'യിലേത്). അവരുടെ സുഹൃത്തുക്കള്‍ അടുത്ത തലം. അങ്ങനെ ആറ് തലങ്ങളില്‍കൂടി ലോകത്തുള്ള സര്‍വ്വപേര്‍ക്കും പരസ്പരം കണക്ടഡ് ആകാന്‍ കഴിയുമെന്ന് സിക്‌സ്ഡിഗ്രീസിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിശ്വസിച്ചു.

ഫെയ്‌സ്ബുക്ക് ഉള്‍പ്പടെ ഇന്ന് പരിചിതമായ മിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെയും സവിശേഷതകള്‍ ആദ്യം ആവിഷ്‌ക്കരിക്കപ്പെട്ടത് സിക്‌സ്ഡിഗ്രീസിലായിരുന്നു. പക്ഷേ, അത് വിജയമായില്ല. കാരണം, കാലത്തിന് മുന്നേ എത്തിയ ഒന്നായിരുന്നു ആ സംരംഭം. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് അന്ന് വ്യാപകമായിട്ടില്ല. അതിനാല്‍, സൈറ്റ് തുറന്നുകിട്ടാന്‍ ഡയല്‍-അപ് കണക്ഷന് മുന്നില്‍ വേദനാപൂര്‍ണമായ കാത്തിരിപ്പ് വേണ്ടിവന്ന കാലം.

മറ്റൊരു പരിമിതി കൂടി എടുത്തുപറയേണ്ടതുണ്ട്. അക്കാലത്ത് ഡിജിറ്റല്‍ ക്യാമറകള്‍ സര്‍വവ്യാപിയായിരുന്നില്ല. അതുകൊണ്ടുതന്നെ, സിക്‌സ്ഡിഗ്രീസിലെ അംഗങ്ങള്‍ക്ക് തങ്ങളുടെ പ്രൊഫൈലിനൊപ്പം ഫോട്ടോ ചേര്‍ക്കുക എളുപ്പമായിരുന്നില്ല.

ഇത്തരം പരിമിതികള്‍ക്കിടയിലും 1999 ആയപ്പോഴേക്കും സിക്‌സ്ഡിഗ്രീസിലെ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുടെ എണ്ണം 35 ലക്ഷമായി. ഒരു വലിയ കമ്പനി ആ സൈറ്റിനെ വിലക്ക് വാങ്ങി. എന്നാല്‍, കാശ് നഷ്ടപ്പെടുത്തി അത് കൊണ്ടുനടക്കാന്‍ വാങ്ങിയവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. കുപ്രസിദ്ധമായ 'ഡോട്ട്-കോം കുമിള' പൊട്ടിയതിനൊപ്പം 2000 ല്‍ സിക്‌സ്ഡിഗ്രീസും അവസാനിച്ചു.

സിക്‌സ്ഡിഗ്രീസ് ഏതാണ്ട് നിര്‍ത്തുന്ന സമയമായപ്പോഴാണ് മറ്റ് ചില സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രത്യക്ഷപ്പെടുന്നത്. BlackPlanet (1999), Asian Avenue (1999), സ്വീഡിഷ് സൈറ്റായ LunarStorm (2000), കൊറിയക്കാര്‍ക്കിടയില്‍ വന്‍പ്രചാരം നേടിയ Cyworld (2001), ബിസിനസുകാരെ ലക്ഷ്യംവെച്ച് രംഗത്തെത്തിയ Ryze (2001) എന്നിവയൊക്കെ ഉദാഹരണം.

റൈസ് നെറ്റ്‌വര്‍ക്കില്‍ അംഗമായിരുന്ന പ്രോഗ്രാമര്‍ ജോനാതന്‍ അബ്രാംസ് ആണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ മറ്റൊരാള്‍. ആ തിരിച്ചറിവിന്റെ ഫലമായിരുന്നു Friendster എന്ന വെബ്‌സൈറ്റ്. 2003 ഫിബ്രവരിയില്‍ ആ സൈറ്റ് രംഗത്തെത്തി. സിക്‌സ്ഡിഗ്രീസുമായി ഏറെ സാമ്യമുണ്ടായിരുന്ന ഫ്രണ്ട്‌സ്റ്ററിന്റെ സവിശേഷത, അംഗങ്ങളുടെ പേരിനൊപ്പം ഫോട്ടോകള്‍ കൂടി പ്രതിക്ഷപ്പെട്ടു എന്നതാണ്.


തുടങ്ങിയപ്പോള്‍ തന്നെ ഫ്രണ്ട്സ്റ്റര്‍ സൂപ്പര്‍ഹിറ്റായി. ലക്ഷങ്ങള്‍ അംഗങ്ങളായി. സൈറ്റ് സ്ഥാപകന്‍ അംബ്രാസ് മാഗസിന്‍ കവറുകളില്‍ ഇടംനേടി. 'ഭാവി ഗൂഗിള്‍' എന്ന വിശേഷണം പോലും ഫ്രണ്ട്സ്റ്ററിനുണ്ടായി. പണംമുടക്കാന്‍ ആളുണ്ടായി.

പക്ഷേ, അംഗസംഖ്യ വര്‍ധിച്ചതിനനുസരിച്ച് സെര്‍വറുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ സൈറ്റ് അധികൃതര്‍ക്കായില്ല. സൈറ്റിന്റെ വേഗം കുറഞ്ഞു. പേജ് ലോഡ് ചെയ്യാന്‍ 20 സെക്കന്‍ഡുവരെ വേണമെന്ന സ്ഥിതി. ഒപ്പം 'വ്യാജഅംഗങ്ങളെ' സംബന്ധിച്ച ചില ചൂടേറിയ വിവാദങ്ങളിലും ഫ്രണ്ട്സ്റ്റര്‍ പെട്ടു. മാസങ്ങളോളം സൈറ്റിന്റെ സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല. 2004 മാര്‍ച്ചില്‍ ഫ്രണ്ട്സ്റ്ററിന്റെ സിഇഒ പദത്തില്‍നിന്ന് അംബ്രാസിനെ നിക്ഷേപകര്‍ പുറത്താക്കി.

വിജയവും പരാജയവും ഏറ്റുവാങ്ങിയ അംബ്രാസ് പക്ഷേ, പലര്‍ക്കും മാതൃകയായി. അംബ്രാസിന്റെ സുഹൃത്തായിരുന്ന റീഡ് ഹോഫ്മാനാണ് LinkedIn സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയത്. മറ്റൊരു സുഹൃത്തായ മാര്‍ക് പിന്‍കസ് ആരംഭിച്ചതാണ് Tribe.net.

ഫ്രണ്ട്സ്റ്ററിന്റെ അനുകരണം അഥവാ ക്ലോണ്‍ എന്ന് പറയാവുന്ന തരത്തില്‍ പിന്നീട് MySpace രംഗത്തെത്തി. ഫ്രണ്ട്സ്റ്റര്‍ അംഗമായിരുന്ന ടോം ആന്‍ഡേഴ്‌സണ്‍, ക്രിസ് ഡിവൂള്‍ഫ് എന്നിവര്‍ ചേര്‍ന്ന് 2003 ആഗസ്ത് 15 ന് ആരംഭിച്ച മൈസ്‌പേസില്‍ എല്ലമുണ്ടായിരുന്നു-ഗെയിമുകള്‍, ഹോറോസ്‌കോപ്പ്, ബ്ലോഗിങ്...ഒപ്പം ഫ്രണ്ട്സ്റ്ററിലെ മാതിരി അംഗങ്ങള്‍ക്ക് പ്രൊഫൈല്‍ പേജുകളുണ്ടാക്കാനുള്ള സൗകര്യവും.

അതിന് പിന്നാലെയാണ്, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ഇഷ്ടംകൂടാനുമായി മാര്‍ക് സക്കര്‍ബര്‍ഗ് Thefacebook തുടങ്ങുന്നത്. 2004 ഫിബ്രവരി നാലിന് അത് നിലവില്‍ വന്നു.

യഥാര്‍ഥത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ആദ്യ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് അതിനും മൂന്നുവര്‍ഷം മുമ്പ് രംഗത്തെത്തിയിരുന്നു. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ഓര്‍ക്കുട്ട് ബുയുകോക്ക്റ്റന്‍ എന്ന തുര്‍ക്കിവംശജന്‍ രൂപംനല്‍കിയ Club Nexus ആയിരുന്നു അത്.

ഒരുവര്‍ഷം കഴിഞ്ഞ് ആ വിദ്യാര്‍ഥി ഗൂഗിളില്‍ ജോലിക്ക് ചേരുകയും, ഓര്‍ക്കുട്ട് എന്ന ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് രൂപംനല്‍കുകയും ചെയ്തു. ഫെയ്‌സ്ബുക്കിന് ഒരുമാസം മുമ്പ്, 2004 ജനവരിയില്‍ ഓര്‍ക്കുട്ട് രംഗത്തെത്തി. വിചിത്രമായ എന്തോ കാരണങ്ങളാല്‍ ബ്രിസീലിലും ഇന്ത്യയിലുമാണ് ഓര്‍ക്കുട്ട് ഏറെ ജനപ്രിയമായത്. ഇന്ത്യയില്‍ ഇപ്പോള്‍ ഓര്‍ക്കുട്ട് പിന്നിലാവുകയും അതിന്റെ സ്ഥാനത്ത് ഫെയ്‌സ്ബുക്ക് മുന്നേറുകയും ചെയ്തു. ബ്രസീല്‍ ഇപ്പോഴും ഓര്‍ക്കുട്ടിനെ കൈവിട്ടിട്ടില്ല. 2008 മുതല്‍ ഓര്‍ക്കുട്ടിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത് ബ്രസീലിലാണ്.

ഫെയ്‌സ്ബുക്ക് രംഗത്തെത്തുംവരെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങിന്റെ ഹൃസ്വചരിത്രം ഇതാണ്. ഫെയ്‌സ്ബുക്കിന് ശേഷം സംഭവിച്ചത് പുതിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതങ്ങളൊന്നാണ്.

കോളേജ് വിദ്യാര്‍ഥികള്‍ക്കായി 2004 ല്‍ തുടങ്ങിയ ഫെയ്‌സ്ബുക്ക്, വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല 13 വയസിന് മേല്‍ ആര്‍ക്കും അംഗമാകാമെന്ന നിലയിലേക്ക് 2006 ല്‍ മാറി. 2006 ഡിസംബറില്‍ 120 ലക്ഷമായിരുന്നു ഫെയ്‌സ്ബുക്കിലെ അംഗസംഖ്യ. 2009 ഡിസംബറില്‍ അത് 3500 ലക്ഷവും, 2011 ഡിസംബറില്‍ 8500 ലക്ഷവുമായി. ഇപ്പോള്‍ 9000 ലക്ഷം കടന്നു അംഗസംഖ്യയെന്നാണ് കണക്ക്.

ഫെയ്‌സ്ബുക്കിന്റെ സ്വാധീനവും ജനപ്രീതിയും എത്രയെന്നറിയാന്‍, 20 മിനിറ്റുനേരം ആ സൈറ്റില്‍ എന്തുനടക്കുന്നു എന്നൊന്ന് പരിശോധിച്ചാല്‍ മതി. കണക്കുകള്‍ ഇങ്ങനെയാണ് - ഓരോ 20 മിനിറ്റിലും ഫെയ്‌സ്ബുക്കില്‍ 10 ലക്ഷം ലിങ്കുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നു. 20 മിനിറ്റില്‍ ടാഗ് ചെയ്യപ്പെടുന്ന ഫോട്ടോകളുടെ എണ്ണം 1323000, ഇവന്റ് ക്ഷണങ്ങള്‍ 1484000, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ 1851000, സ്വീകരിക്കപ്പെടുന്ന സൗഹൃദാഭ്യര്‍ഥനകള്‍ 1972000, വാള്‍ പോസ്റ്റുകള്‍ 1587000, അപ്‌ലോഡ് ചെയ്യപ്പെടുന്ന ഫോട്ടോകളുടെ എണ്ണം 2716000, കമന്റുകള്‍ 10208000, മെസേജുകള്‍ 2716000 (2011 ലെ കണക്കാണിത്).

സുഹൃത്ബന്ധങ്ങളും സൗഹൃദക്കൂട്ടായ്മകളും എങ്ങനെയൊക്കെ പരിണിമിക്കാമെന്ന് കാലം കാട്ടിത്തരുന്നത് ഫെയ്‌സ്ബുക്കിലൂടെയാണ്. അതിന്റെ ഫലമാണ് കഴിഞ്ഞ മെയ് 18 ന് കണ്ടത്; സക്കര്‍ബര്‍ഗ് എന്ന ഇരുപത്തിയെട്ടുകാരന്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നരിലൊരാളായി മാറിയതിലൂടെ.

(അവലംബം : 1. The Facebook Effect (2010), by David Kirkpatrick; 2. 2010 Person of the Year - Mark Zuckerberg, Time Magzine, Dec 27, 2009; 3. A Fistful of Dollars, The Economist, Feb 4, 2012; 4. Historic Facebook debut falls short of expectations, ; 5. )

-കേരള പ്രസ്സ് അക്കാദമിയുടെ പ്രസിദ്ധീകരണമായ 'മീഡിയ' ജൂണ്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. 

Monday, June 25, 2012

ലോണ്‍സം ജോര്‍ജ് യാത്രയായി ; അവന്റെ വംശവും



ഇക്വഡോറിലെ ഗാലപഗോസ് ദ്വീപുകളിലൊന്നായ പിന്റയില്‍ നിന്ന് 1972 ല്‍ ഒരു ഹംഗേറിയന്‍ ഗേവഷകനാണ് 'ലോണ്‍സം ജോര്‍ജ്' (Lonesome George) എന്ന ഭീമന്‍ ആമയെ ആദ്യം കണ്ടത്. ഗാലപഗോസ് ദ്വീപുകള്‍ നേരിടുന്ന പരിസ്ഥിതി ഭീഷണിയുടെ പ്രതീകമായി പിന്നീട് മാറിയ ആ ഭീമന്‍ ആമ ഇപ്പോള്‍ യാത്രയായിരിക്കുന്നു. ഇതോടെ, ലോണ്‍സം ജോര്‍ജ് ഉള്‍പ്പെടുന്ന ഉപവര്‍ഗം ഭൂമുഖത്തുനിന്ന്  നാമാവശേഷമായെന്ന് കരുതുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ ജോര്‍ജിന്റെ വര്‍ഗക്കാര്‍ ഗാലപഗോസ് ദ്വീപുകളില്‍ സുലഭമായിരുന്നു. നാവികരും മത്സ്യബന്ധനത്തിനെത്തുന്നവരും മാംസത്തിനായി ഭീമന്‍ ആമകളെ പിന്നീട് വേട്ടയാടിയതാണ് അവയുടെ വംശം നാശത്തിലെത്താന്‍ മുഖ്യകാരണം.

ജോര്‍ജിന്റെ വര്‍ഗത്തെ നിലനിര്‍ത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നു. ഗാലപഗോസ് നാഷണല്‍ പാര്‍ക്ക് പ്രജനന പരിപാടിയില്‍ ജോര്‍ജിനെയും ഉള്‍പ്പെടുത്തുകയുണ്ടായി. 15 വര്‍ഷം അവന്‍ പെണ്‍ആമകള്‍ക്കൊപ്പം കഴിയുകയും ഇണചേരുകയും ചെയ്‌തെങ്കിലും മുട്ടകളൊന്നും വിരിഞ്ഞില്ല.

പരിണാമസിദ്ധാന്തം രൂപപ്പെടുത്താന്‍ ചാള്‍സ് ഡാര്‍വിന് തുണയായതില്‍ ജോര്‍ജിന്റെ വര്‍ഗക്കാരും പെടുന്നു. പിന്റ ദ്വീപില്‍ കാണപ്പെടുന്ന Chelonoidis nigra abingdoni എന്ന ഉപവര്‍ഗത്തില്‍പെടുന്ന ആമയാണ് ജോര്‍ജ്. 100 വര്‍ഷം പ്രായമുണ്ടെന്ന് കരുതുന്ന ജോര്‍ജിന്റെ മരണകാരണം വ്യക്തമായിട്ടില്ല. 

മറ്റ് ഉപവര്‍ഗങ്ങളില്‍പെട്ട 20,000 ഭീമന്‍ ആമകള്‍ ഇപ്പോള്‍ ഗാലപഗോസ് ദ്വീപുകളിലുണ്ട്.



(ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയിട്ടേഴ്‌സ്, എ.എഫ്.പി)


Wednesday, June 13, 2012

'ഇന്‍സ്റ്റഗ്രാ'മില്‍നിന്ന് പഠിക്കാനുള്ളത്



ഏതാനും ആഴ്ചകള്‍ക്കുമുമ്പുവരെ 'ഇന്‍സ്റ്റഗ്രാം' എന്നത് ലക്ഷക്കണക്കിന് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കിടയില്‍ ഒന്നു മാത്രമായിരുന്നു. ജനപ്രീതിയാര്‍ജിച്ച ഒരു മൊബൈല്‍ ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍. സാങ്കേതികഭാഷയില്‍ പറഞ്ഞാല്‍ വെറുമൊരു 'ആപ്പ്'.

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബെര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചതോടെ കഥയാകെ മാറി. എട്ട് ഖണ്ഡികയുള്ള ആ പ്രസ്താവനയുടെ കാതല്‍ ഇതായിരുന്നു -'ഇന്‍സ്റ്റഗ്രാമിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കുന്നു; നൂറുകോടി ഡോളറിന്.' ഏതാണ്ട് 5000 കോടി രൂപയ്ക്ക്!

സാങ്കേതികലോകം അത്ഭുതത്തോടെയാണ് ആ പ്രസ്താവന ശ്രവിച്ചത്. ഏവരുടെയും ശ്രദ്ധ ഇന്‍സ്റ്റഗ്രാമിലേക്ക് ഒറ്റയടിക്ക് തിരിഞ്ഞു. ഒരു ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍ കമ്പനിയെ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനി എന്തിന് ഇത്രയും ഭീമമായ തുകയ്ക്ക് ഏറ്റെടുക്കുന്നുവെന്ന് പലരും അത്ഭുതംകൂറി.

ശരിക്കു പറഞ്ഞാല്‍ ഇത്തരം സ്വന്തമാക്കലുകള്‍ ടെക് ലോകത്ത് സാധാരണമാണ്. പുതിയ ഉത്പന്നങ്ങളുമായി രംഗത്തെത്തുന്ന ചെറുകിട കമ്പനികളെയും അതിന്റെ നടത്തിപ്പുക്കാരെയും ടെക്ഭീമന്‍മാര്‍ പൊന്നുംവില നല്‍കി ഏറ്റെടുക്കുന്നത് സാധാരണ ഏര്‍പ്പാട് മാത്രം.

ഗൂഗിള്‍ ഇതിനകം എത്ര കമ്പനികളെ ഇങ്ങനെ സ്വന്തമാക്കിയിട്ടുണ്ടെന്ന കാര്യം ഗൂഗിളിന് തന്നെ നിശ്ചയമുണ്ടാകില്ല! അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2006 നവംബറില്‍ 165 കോടി ഡോളര്‍ നല്‍കി ഏറ്റെടുത്ത യുട്യൂബ് ആയിരുന്നു. ഓണ്‍ലൈന്‍ വീഡിയോ ഷെയറിങിന്റെ പര്യായമാണിന്ന് യുട്യൂബ്.

നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയ 'സിരി' ആപ്ലിക്കേഷന്റെ സാധ്യത ആദ്യം മനസിലാക്കിയ ഒരാള്‍ ആപ്പിള്‍ മുന്‍മേധാവി സ്റ്റീവ് ജോബ്‌സ് ആയിരുന്നു. 'സിരി' (Siri)യെ സ്വന്തമാക്കി അതിനെ ഒരു വിര്‍ച്വല്‍ സഹായിയായി ഐഫോണില്‍ കുടിയിരുത്തിയ ശേഷമായിരുന്നു സ്റ്റീവിന്റെ അന്ത്യം. സിരി കമ്പനിക്ക് ആപ്പിള്‍ എന്തുവില നല്‍കിയെന്നത് ഇപ്പോഴും രഹസ്യം.

സാങ്കേതികലോകത്ത് ഇത്തരം ഏറ്റെടുക്കലുകള്‍ നിത്യസംഭവമാണെങ്കില്‍, ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റഗ്രാമിനെ സ്വന്തമാക്കുന്നത് എന്തിന് വലിയ വാര്‍ത്തയാകണം. അതിന് കാരണമുണ്ട്. ഇന്‍സ്റ്റഗ്രാമിന്റെ അസാധാരണമായ വളര്‍ച്ച ഫെയ്‌സ്ബുക്കിനെ ചെറുതായി ഭയപ്പെടുത്തിയിരുന്നു. അതിന്റെ ഫലമാണ് ഈ ഏറ്റെടുക്കല്‍.

ഇന്‍സ്റ്റഗ്രാമിന്റെ പേരില്‍ ഒന്നല്ല രണ്ട് ആശങ്കയാണ് ഒരേസമയം ഫെയ്‌സ്ബുക്കിനെ പിടികൂടിയത്. ആദ്യത്തേത് ഫോട്ടോഷെയറിങുമായി ബന്ധപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ ഫോട്ടോഷെയറിങ് സൈറ്റാണ് ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്ക് ഫോട്ടോവിഭാഗം എന്‍ജിനിയര്‍ ജസ്റ്റിന്‍ മിച്ചെല്‍ നല്‍കുന്ന വിവരമനുസരിച്ച്, പ്രതിദിനം 200 മില്യണ്‍ ഫോട്ടോകള്‍ ആ സൈറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു; മാസംതോറും 600 കോടി ഫോട്ടോകള്‍! ഇന്‍സ്റ്റഗ്രാമിന്റെ പൊടുന്നനെയുള്ള വളര്‍ച്ച, ഫോട്ടോഷെയറിങ് രംഗത്ത് ഫെയ്‌സ്ബുക്കിന് വെല്ലുവിളി ഉയര്‍ത്തി.

മറ്റൊരും ഭയം ഫെയ്‌സ്ബുക്കിനെ ഗ്രസിച്ചത്, ഫോട്ടോഷെയറിങ് രംഗത്ത് തങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയ ഇന്‍സ്റ്റഗ്രാമിനെ ഗൂഗിളോ ആപ്പിളോ പോലുള്ള വമ്പന്‍മാര്‍ സ്വന്തമാക്കുമോ എന്നതാണ്. ട്വിറ്റര്‍ കമ്പനി കുറച്ചുനാളായി ഇന്‍സ്റ്റഗ്രാമിനെ ഏറ്റെടുക്കാന്‍ താത്പര്യം കാട്ടിയിരുന്നു.

ഫോട്ടോഗ്രാഫിയുടെ പുതിയ മുഖം

കെവിന്‍ സിസ്‌ട്രോം, മൈക്ക് ക്രീഗര്‍ എന്നീ യുവാക്കള്‍ ചേര്‍ന്ന് 2010 ഒക്ടോബറിലാണ് ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷന്‍ (Instagram App) രംഗത്തെത്തിച്ചത്. ഐഫോണ്‍ ആപ്ലിക്കേഷനായിരുന്നു ആദ്യം. 2012 ഏപ്രില്‍ അഞ്ചിന് ഇന്‍സ്റ്റഗ്രാമിന്റെ ആന്‍ഡ്രോയിഡ് പതിപ്പിറങ്ങി.

മൊബൈല്‍ ഫോണിലെടുക്കുന്ന ഫോട്ടോകള്‍ മിഴിവാര്‍ന്ന രീതിയില്‍ പരിഷ്‌ക്കരിക്കാനും വിവിധ സോഷ്യല്‍ സൈറ്റുകളില്‍ അപ്പപ്പോള്‍ പങ്കുവെയ്ക്കാനും ഇന്‍സ്റ്റഗ്രാം സഹായിക്കും. 'ഇന്‍സ്റ്റന്റ് ടെലഗ്രാം' എന്നതില്‍ നിന്നാണ് ഈ പേരുണ്ടായത്.

അമേച്വര്‍ ഫോട്ടോകളുടെ കളര്‍ബാലന്‍സ്, ദൃശ്യസവിശേഷതകള്‍ തുടങ്ങിയവ അനായാസം പരിഷ്‌ക്കരിച്ച് അവയെ മിഴിവാര്‍ന്നതാക്കാന്‍ ഇന്‍സ്റ്റഗ്രാം സഹായിക്കുന്നു. അതിനായുള്ള വ്യത്യസ്ത ഫില്‍ട്ടറുകളാണ് ഈ പ്രോഗ്രാമിന്റെ നട്ടെല്ല്. ഫില്‍ട്ടറുകളുടെ പ്രയോഗം ഫോട്ടോകളുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. ഉപയോഗിക്കുന്നവര്‍ക്കും, അതുവഴി ചിത്രങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കും ഇന്‍സ്റ്റഗ്രാമിനോട് വൈകാരികമായ ഒരടുപ്പം സൃഷ്ടിക്കപ്പെടുന്നു. അതാണ് ഇന്‍സ്റ്റഗ്രാമിനെ പൊടുന്നനെ ജനപ്രിയമാക്കിയത്.

ഏതാണ്ട് ഒന്നരനൂറ്റാണ്ടിന്റെ ചരിത്രമുള്ള ഫോട്ടോഗ്രാഫി സങ്കേതം സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടത് 1975 ലായിരുന്നു. ഈസ്റ്റേണ്‍ കൊഡാക്കിലെ എന്‍ജിനിയറായ സ്റ്റീവന്‍ സാസ്സന്‍ ആദ്യ ഡിജിറ്റല്‍ ക്യാമറ രൂപപ്പെടുത്തിയപ്പോഴായിരുന്നു അത്.

ക്യാമറകള്‍ മൊബൈല്‍ ഫോണുകളുടെ ഭാഗമായി മാറിയതോടെ ഫോട്ടോഗ്രാഫിക്ക് ജനകീയമുഖം കൈവന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്‍പ്പടെയുള്ള നവമാധ്യമങ്ങളുടെ വരവ്, വെറുമൊരു ഹോബി എന്നതിനപ്പുറം സാമൂഹികമാനങ്ങളുള്ള പ്രവര്‍ത്തനങ്ങളിലൊന്നാക്കി ഫോട്ടോഗ്രാഫിയെ രൂപപ്പെടുത്തി. ഫോട്ടോയുടെ ദൃശ്യഭംഗിയെക്കാളേറെ ഫോട്ടോ പങ്കിടലിനായി പ്രാധാന്യം.

ഫോട്ടോഷെയറിങിന്റെ പുതിയ മുഖമാണ് ഇന്‍സ്റ്റഗ്രാം മുന്നോട്ടുവെയ്ക്കുന്നത്. ശരിക്കും വൈകാരികമായ ഒരു സംഗതിയായി ഫോട്ടോഗ്രാഫിയെയും ഫോട്ടോഷെയറിങിനെയും ഇന്‍സ്റ്റഗ്രാം മാറ്റിയിരിക്കുന്നു. വേണമെങ്കില്‍ ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലെന്ന് ഇന്‍സ്റ്റഗ്രാമിനെ വിശേഷിപ്പിക്കാം.

ഒന്നരവര്‍ഷത്തെ ചരിത്രം

ഗൂഗിള്‍ ഉള്‍പ്പടെ ലോകത്തെ മാറ്റിമറിച്ച ഒട്ടേറെ കമ്പനികളുടെ സ്ഥാപകര്‍ കടന്നുവന്ന സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ സ്ഥാപകരായ കെവിന്‍ സിസ്‌ട്രോമിന്റെയും മൈക്ക് ക്രീഗറുടെയും വരവ്.

ബോസ്റ്റണ്‍ സ്വദേശിയായ സിസ്‌ട്രോമിന് ഫോട്ടോഗ്രാഫിയും ഡിസൈനുമായിരുന്നു ഇഷ്ടമേഖലകള്‍. സ്റ്റാന്‍ഫഡില്‍ മാനേജ്‌മെന്റ് സയന്‍സും എന്‍ജിനിയറിങും പഠിച്ച ആ യുവാവ് പിന്നീട് ഗൂഗിളില്‍ ജോലിക്ക് ചേര്‍ന്നു. മൂന്നുവര്‍ഷം തികയുംമുമ്പ് ഗൂഗിള്‍ വിട്ട സിസ്‌ട്രോമിന്റെ അടുത്ത താവളം 'നെക്‌സ്റ്റ്‌സ്‌റ്റോപ്പ്' (Nextstop) എന്ന ട്രാവല്‍ റെക്കമന്റേഷന്‍ സൈറ്റ് ആയിരുന്നു (നെക്സ്റ്റ്‌സ്റ്റോപ്പിനെ പിന്നീട് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു).

സ്മാര്‍ട്ട്‌ഫോണുകളാണ് ഭാവിയെന്ന് 2005 ല്‍ തന്നെ സിസ്‌ട്രോമിന് തോന്നിത്തുടങ്ങിയിരുന്നു. ആ രംഗത്ത് സ്വന്തംനിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ ആ യുവാവ് ആഗ്രഹിച്ചു. സുഹൃത്തുക്കളുമായി തങ്ങളുടെ ലോക്കേഷന്‍ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന 'ഫോര്‍സ്‌ക്വയര്‍' (Foursquare) ആപ്ലിക്കേഷന്‍ പോലൊരാശയവുമായി സിസ്‌ട്രോം പല നിക്ഷേപകരെയും കണ്ടു. ഇത്തരം സംരംഭങ്ങളില്‍ സഹായിക്കുന്ന പ്രമുഖന്‍ മാര്‍ക് ആന്‍ഡ്രീസണ്‍ ഉള്‍പ്പെടെ ചിലര്‍ സിസ്‌ട്രോമിന് പിന്തുണയേകി.

2010 ആദ്യം സ്വന്തമായി കമ്പനി തുടങ്ങാന്‍ പറ്റിയ ഒരു പങ്കാളിയെ അന്വേഷിച്ച സിസ്‌ട്രോം എത്തിയത് മൈക്ക് ക്രീഗര്‍ എന്ന ബ്രസീലിയന്‍ കുടിയേറ്റക്കാരനിലാണ്. വ്യത്യസ്ത അഭിരുചിയായിരുന്നു ക്രീഗറുടേത്. പഠിച്ചതോ അത്തരം അഭിരുചികളെ പരിപോഷിപ്പിക്കുന്ന ഒരു ഇന്റര്‍ഡിസിപ്ലിനറി കോഴ്‌സും. കമ്പ്യൂട്ടര്‍ കോഡിങ്, മനശ്ശാസ്ത്രം, ഭാഷാശാസ്ത്രം, ദാര്‍ശനികത ഒക്കെ ചേര്‍ന്നതായിരുന്നു സ്റ്റാന്‍ഫഡില്‍ ക്രീഗറുടെ പഠനവിഷയം! പഠിക്കുന്ന കാലത്ത് ക്രീഗര്‍ ഏറ്റെടുത്ത പ്രോജക്ടുകളിലൊന്ന് ആളുകളുടെ മനോവികാരം (emotion) അനുസരിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കമ്പ്യൂട്ടറായിരുന്നു!

മനശാസ്ത്രത്തിലുള്ള ക്രീഗറുടെ താത്പര്യവും അറിവും ഇന്‍സ്റ്റഗ്രാമില്‍ പ്രതിഫലിക്കുന്നു. സ്റ്റാന്‍ഫഡില്‍ ക്രീഗറുടെ പ്രൊഫസറായിരുന്ന ക്ലിഫോഡ് നാസ്സിന്റെ അഭിപ്രായത്തില്‍ ഇന്‍സ്റ്റഗ്രാം എന്നത് 'ഒരു സാങ്കേതികവിദ്യയുടെ വിജയമല്ല, രൂപകല്‍പ്പനയുടെയും മനശാസ്ത്രത്തിന്റെയും വിജയമാണ്'.


അതാണ് ഇന്‍സ്റ്റഗ്രാമിന്റെ സവിശേഷത. ഒട്ടേറെ മൊബൈല്‍ ഫോട്ടോഷെയറിങ് ആപ്ലിക്കേഷനുകള്‍ ഉണ്ട്. പാത്ത് (Path), പിക്പ്ലസ് (picplz), ഡെയ്‌ലിബൂത്ത് (DailyBooth), പിക്ച്ചര്‍ ഇഫക്ട് (Picture Effect), ഫോട്ടോകാസ്റ്റന്‍ (fotokasten), ട്രീഹൗസ് (Treehouse), ഡിപ്ടിക് (Diptic) എന്നിങ്ങനെ അവയുടെ പട്ടിക നീളുന്നു. എന്നാല്‍, അവയ്‌ക്കൊന്നും കഴിയാത്തത്ര സ്വപ്‌നതുല്യമായ വിജയം ഇന്‍സ്റ്റഗ്രാം നേടിയതിന് പിന്നിലെ ഘടകം, അതിലെ മനശാസ്ത്രസമീപനമാണ്.

2010 ഒക്ടോബര്‍ ആദ്യദിനങ്ങളില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ബേയിലെ ഒരു വെയര്‍ഹൗസില്‍ അരണ്ട വെളിച്ചത്തില്‍ രാത്രികളെ പകലാക്കിയ സിസ്‌ട്രോമും ക്രീഗറും തങ്ങള്‍ ചരിത്രം രചിക്കാന്‍ പോവുകയാണെന്ന് കരുതിയിരുന്നില്ല. ഇന്‍സ്റ്റഗ്രാമിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഒക്ടോബര്‍ ആറിന് പുലര്‍ച്ചെ നാലുമണിക്ക് സിസ്‌ട്രോം ട്വിറ്ററിലെഴുതി : 'അങ്ങനെ രാത്രിയിലെ ഉറക്കംപോയി'.

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ അന്നുതന്നെ ഇന്‍സ്റ്റഗ്രാം സ്ഥാനംപിടിച്ചു. പിന്നെ സംഭവിച്ചത്, സമീപകാല ടെക്ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായിരുന്നു. 24 മണിക്കൂറിനുള്ളില്‍ കാല്‍ലക്ഷം യൂസര്‍മാര്‍. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ മൂന്നുലക്ഷം. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ രംഗത്തെത്തി ആദ്യദിവസം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് 10 ലക്ഷം തവണ! ഇപ്പോള്‍ ലോകമെമ്പാടും 300 ലക്ഷം ഉപയോക്താക്കള്‍. ദിവസവും 50 ലക്ഷം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി അപ്‌ലോഡ് ചെയ്യപ്പെടുന്നു. ഇന്‍സ്റ്റഗ്രാം ഉപയോഗിച്ച് ഫോട്ടോ പങ്കിടുന്നവര്‍ 'ഇന്‍സ്റ്റഗ്രാമര്‍മാര്‍' (Instagrammers) എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഒന്നരവര്‍ഷത്തെ കണ്ണഞ്ചിക്കുന്ന പ്രകടനത്തിനൊടുവില്‍, ഇന്‍സ്റ്റഗ്രാമിനെ സ്വന്തമാക്കാന്‍ നൂറുകോടി ഡോളറുമായി ഫെയ്‌സ്ബുക്ക് പടിക്കല്‍ വന്നുനില്‍ക്കുന്നു!

പുതിയ മാധ്യമസാധ്യതകള്‍

ഏതാണ്ട് 230 ലക്ഷം ഫെയ്‌സ്ബുക്ക് ഓഹരികള്‍, കൂടാതെ പണമായിട്ട് 30 കോടി ഡോളര്‍- ആകെ നൂറുകോടി ഡോളര്‍. ഇന്‍സ്റ്റഗ്രാമിനെ ഏറ്റെടുക്കാന്‍ ഇതാണ് ഫെയ്‌സ്ബുക്ക് മുടക്കുന്നത്. ഒപ്പം ഇന്‍സ്റ്റഗ്രാമിലെ 11 ജീവനക്കാരും ഫെയ്‌സ്ബുക്കിന്റെ ഭാഗമാകും.

ഇന്‍സ്റ്റഗ്രാമിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്നത് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് അത്ര പിടിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഫെയ്‌സ്ബുക്ക് ഏറ്റെടുത്ത 'ബെലൂഗ' (Beluga), 'ഗോവാല' (Gowalla) എന്നീ കമ്പനികളുടെ ഗതിയാകുമോ ഇന്‍സ്റ്റഗ്രാമിനെന്ന് അവര്‍ ഭയപ്പെടുന്നു. ടെക്സ്റ്റ് മെസേജുകള്‍ ഗ്രൂപ്പായി അയയ്ക്കാന്‍ സഹായിക്കുന്ന സര്‍വീസായിരുന്നു ബെലൂഗ. ലൊക്കേഷന്‍ അധിഷ്ഠിത സോഷ്യല്‍നെറ്റ്‌വര്‍ക്കായിരുന്നു ഗോവാല. ഇവയെ ഏറ്റെടുത്ത് അവ വികസിപ്പിച്ച സങ്കേതങ്ങള്‍ വിവിധ ഫെയ്‌സ്ബുക്ക് ഉപകരണങ്ങളില്‍ സന്നിവേശിപ്പിച്ച ശേഷം, രണ്ട് സര്‍വീസുകളും ഫെയ്‌സ്ബുക്ക് നിര്‍ത്തുകയായിരുന്നു.


അതേസമയം, ഫെയ്‌സ്ബുക്കിന്റെ സ്വന്തം എന്നതിലേറെ, ഒരു സ്വതന്ത്ര ബ്രാന്‍ഡായി ഇന്‍സ്റ്റഗ്രാമിനെ വികസിപ്പിക്കാനാകും ശ്രമിക്കുകയെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. എന്നുവെച്ചാല്‍, ഐഫോണിനും ആന്‍ഡ്രോയിഡിനുമൊക്കെ ഇന്‍സ്റ്റഗ്രാം ഭാവിയിലും ഉപയോഗിക്കാനാകും.

ഒരുവശത്ത് ഇന്‍സ്റ്റഗ്രാം വാര്‍ത്തകളില്‍ നിറയുമ്പോള്‍, മറുവശത്ത് ഈ പുതിയ സാധ്യതയെ എങ്ങനെ ചൂഷണം ചെയ്യാനാകുമെന്ന തിരക്കിട്ട ശ്രമങ്ങളിലാണ് പരമ്പരാഗത മാധ്യമങ്ങള്‍. അമേരിക്കയിലും മറ്റും പല മാധ്യമകമ്പനികളും ഇന്‍സ്റ്റഗ്രാം തുറന്നുതരുന്ന സാധ്യതകള്‍ മനസിലാക്കി തുടങ്ങിയിരിക്കുന്നു. മൊബൈല്‍ ഉപകരണങ്ങളാണ് ഭാവിയെന്ന നിലയ്ക്ക് ഇന്‍സ്റ്റഗ്രാമിനെ അവഗണിക്കാന്‍ കഴിയാതായിരിക്കുന്നു എന്നര്‍ഥം.

പ്രത്യേക ഇന്‍സ്റ്റഗ്രാം സര്‍വീസുകള്‍ തുടങ്ങുക. വിശേഷാവസരങ്ങളില്‍ വെബ്ബ്‌സൈറ്റുകള്‍ പ്രത്യേകപേജുകള്‍ തയ്യാറാക്കുന്ന മാതൃകയില്‍ ഇന്‍സ്റ്റഗ്രാമിനെ ഉപയോഗിക്കുക. ഇങ്ങനെയൊക്കെയാണ് പരമ്പരാഗത മാധ്യമങ്ങള്‍ ഇന്‍സ്റ്റഗ്രാം തരംഗത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നത്.

(അവലംബം:  1. Behind Instagram's Success, Networking the Old Way- NewYork Times, April 13, 2012; 2. What journalists should know about Instagram, bought by Facebook-Poynter.org, April 10, 2012; 3. <http://www.quora.com> )

-കേരള പ്രസ്സ് അക്കാദമിയുടെ പ്രസിദ്ധീകരണമായ 'മീഡിയ' മെയ് 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.