Monday, December 03, 2007

ഉഷ്‌ണമേഖല ധ്രുവങ്ങളിലേക്ക്‌ വ്യാപിക്കുന്നു

ആഗോളതാപനത്തിന്റെ മറ്റൊരു പ്രത്യഘാതം. സ്ഥിതി പ്രവചിക്കപ്പെട്ടതിലും രൂക്ഷമെന്ന്‌ റിപ്പോര്‍ട്ട്‌.
ആഗോളതാപനത്തിന്‌ കാരണമായ ഹരിതഗൃഹ പ്രഭാവത്തിന്റെ ഫലമായി, ഭൂമധ്യരേഖയ്‌ക്കു സമീപത്തെ ഉഷ്‌ണമേഖലാ കാലാവസ്ഥ (tropical climate) ധ്രുവങ്ങളിലേക്ക്‌ നീങ്ങിത്തുടങ്ങിയതായി പഠന റിപ്പോര്‍ട്ട്‌. ആഗോളതലത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ഈ പ്രതിഭാസം പ്രവചിക്കപ്പെട്ടതിലും രൂക്ഷമാണെന്ന്‌ അമേരിക്കന്‍ ഗവേഷകര്‍ ഞായറാഴ്‌ച പുറത്തുവിട്ട ഗവേഷണ ഫലം മുന്നറിയിപ്പു നല്‍കുന്നു.

ഇത്രകാലവും ഉഷ്‌ണമേഖലയില്‍ മാത്രം നിലനിന്ന ചൂടും ഈര്‍പ്പവും കൂടിയ കാലാവസ്ഥ ധ്രുവങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദക്ഷിണ മേഖലയും മെഡിറ്റനേറിയന്‍ പ്രദേശവും ദക്ഷിണ ഓസ്‌ട്രേലിയയും പോലെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലകളെ കടുത്ത വറുതിയിലാക്കും. ഈ കാലാവസ്ഥാ ധ്രുവീകരണം ഏതൊക്കെ മേഖലകളെയാകും മാറ്റി മറിക്കുകയെന്ന്‌ വ്യക്തമല്ലെന്നും, 'നേച്ചര്‍ ജിയോസയന്‍സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

ആഗോളതാപനം നേരിടാന്‍ ക്യോട്ടോ ഉടമ്പടിക്കു ശേഷം എന്തുവേണം എന്നകാര്യം ചര്‍ച്ച ചെയ്യാന്‍ ലോകമെമ്പാടും നിന്ന്‌ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ പതിനായിരം പ്രതിനിധികള്‍ യു.എന്നിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ സമ്മേളിക്കാന്‍ തുടങ്ങുന്ന വേളയിലാണ്‌ ഈ സുപ്രധാന പഠനറിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. അഞ്ച്‌ വ്യത്യസ്‌ത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 1979-2005 കാലയളവില്‍ ലോകത്തു നടന്ന പ്രമുഖപഠനങ്ങളെ വിശകലനം ചെയ്‌താണ്‌, യു.എസ്‌.നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫറിക്‌ റിസര്‍ച്ചിലെ ഗവേഷകനായ ഡയാന്‍ സീഡലും സംഘവും പുതിയ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ഭൂമിശാസ്‌ത്രപരമായി ഉഷ്‌ണമേഖലയുടെ പരിധിയായി പറയാറുള്ളത്‌ ഭൂമധ്യരേഖയ്‌ക്ക്‌ 23.5 ഡിഗ്രി വടക്കും തെക്കുമുള്ള അക്ഷാംശങ്ങളെയാണ്‌. ആ അക്ഷാംശങ്ങള്‍ക്കിടയിലുള്ള പ്രദേശത്താണ്‌ ഉഷ്‌ണമേഖലാ കാലാവസ്ഥ അനുഭവപ്പെടേണ്ടത്‌. എന്നാല്‍, കാലാവസ്ഥാ ശാസ്‌ത്രജ്ഞര്‍ ഇത്തരത്തിലല്ല ഉഷ്‌ണമേഖല നിര്‍ണയിക്കുക. 'ഹാഡ്‌ലി വാതകപ്രവാഹ' (Hadley circulation) ത്തിന്റെ പരിധി വെച്ചാണ്‌ അവരത്‌ കണക്കാക്കുന്നത്‌. ഉഷ്‌ണമേഖലാ കാലാവസ്ഥയുടെ മുഖമുദ്രയായ ഉയര്‍ന്ന അന്തരീക്ഷ ബാഷ്‌പത്തിന്റെ തോത്‌ ഈ വാതകപ്രവാഹം മൂലമാണ്‌ സാധ്യമാകുന്നത്‌.

ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍, ഹാഡ്‌ലി വാതകപ്രവാഹത്തിന്റെ ഭാഗമായുള്ള കാറ്റുകളും മഴയുമെല്ലാം ധ്രുവങ്ങളിലേക്കു നീങ്ങുമെന്ന്‌ മുമ്പ്‌ തന്നെ കമ്പ്യൂട്ടര്‍ മാതൃകാ പഠനങ്ങള്‍ സൂചന നല്‍കിയിരുന്നു. ഏറ്റവും മോശപ്പെട്ട സ്ഥിതിവിശേഷമായി പ്രവചിക്കപ്പെട്ടിരുന്നത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉഷ്‌ണമേഖല ഏതാണ്ട്‌ 200 കിലോമീറ്റര്‍ വീതം ധ്രുവങ്ങളുടെ ദിശയിലേയ്‌ക്ക്‌ വ്യാപിക്കും എന്നാണ്‌.

ഈ നൂറ്റാണ്ട്‌ അവസാനത്തോടെ സംഭവിക്കുമെന്നു കരുതിയിരുന്നതിലും കൂടുതല്‍ വ്യതിയാനം ഉഷ്‌ണമേഖലാ കാലാവസ്ഥയില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകൊണ്ട്‌ ഉണ്ടായിരിക്കുന്നു എന്നാണ്‌ പുതിയ പഠനത്തില്‍ തെളിഞ്ഞത്‌. വിവിധ പഠനങ്ങള്‍ വിശകലനം ചെയ്‌തപ്പോള്‍ വ്യക്തമായത്‌ 25 വര്‍ഷം കൊണ്ട്‌ ഉഷ്‌ണമേഖലയ്‌ക്കു ധ്രുവങ്ങളുടെ ദിശയിലേക്ക്‌ 200 മുതല്‍ 480 കിലോമീറ്റര്‍ വരെ വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്നാണ്‌-പഠന റിപ്പോര്‍ട്ട്‌ പറയുന്നു. ആശങ്കയുണര്‍ത്തുന്ന വിവരമാണിതെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥയിലെ ഈ സ്ഥാനവ്യതിയാനത്തിന്‌ കാരണം ആഗോളതാപനം മാത്രമാവണമെന്നില്ല. ഓസോണ്‍ ശോഷണവും അന്തരീക്ഷപാളികളിലെ ചില പ്രവണതകളുമൊക്കെ ഇതിന്‌ നിമിത്തമാകുന്നുണ്ടാകാം. ഏത്‌ കാരണം കൊണ്ടായാലും ഉഷ്‌ണമേഖലയുടെ അതിര്‍ത്തി വ്യാപിക്കുന്നത്‌ ആവാസവ്യവസ്ഥകളിലും മനുഷ്യരുടെ പാര്‍പ്പിടമേഖലകളുടെ കാര്യത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകാം. കൃഷിയിലും ജലലഭ്യതയുടെ കാര്യത്തിലും വന്‍പ്രതിസന്ധികള്‍ക്ക്‌ അത്‌ ഇടയാക്കിയേക്കാമെന്നും റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു.

മരങ്ങള്‍ വടക്കോട്ട്‌ വളരും

മേല്‍പ്പറഞ്ഞ പഠനറിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊന്ന്‌ ഡിസംബര്‍ ലക്കം 'ബയോസയന്‍സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന പ്രമുഖ വൃക്ഷജനുസുകളക്കുറിച്ച്‌ കനേഡിയന്‍ ഫോറസ്‌റ്റ്‌ സര്‍വീസിലെ ഡാനിയേല്‍ ഡബ്ല്യു. മക്‌കെന്നിയും സംഘവും നടത്തിയ പഠനമാണത്‌. ഭൂഖണ്ഡത്തിലെ 130 വൃക്ഷജാതികളുടെ ആവാസവ്യവസ്ഥക്ക്‌ കാലാവസ്ഥാ വ്യതിയാനം എന്തു മാറ്റം വരുത്തുമെന്നാണ്‌ ഗവേഷകര്‍ പഠിച്ചത്‌. മരങ്ങള്‍ക്ക്‌ വളരാന്‍ കഴിയുന്ന നിലവിലുള്ള കാലാവസ്ഥ നൂറുകണക്കിന്‌ കിലോമീറ്റര്‍ വടക്കോട്ട്‌ മാറുമെന്നും, അതിനാല്‍ വൃക്ഷങ്ങളുടെ റേഞ്ച്‌ പകുതിയായി കുറയുമെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിലെയും കാനഡയിലെയും വൃക്ഷങ്ങളെക്കുറിച്ച്‌ സമഗ്രമായ പഠനമാണ്‌ മക്‌കെന്നിയും സംഘവും നടത്തിയത്‌. കാലാവസ്ഥ മാറുമ്പോള്‍ അതിനനുസരിച്ച്‌ വൃക്ഷങ്ങളുടെ വിത്തുകള്‍ അനുകൂലമായ സ്ഥലങ്ങളിലെത്തണം. വടക്കോട്ട്‌ കുറഞ്ഞത്‌ 700 കിലോമീറ്ററെങ്കിലും വ്യാപിക്കുന്ന പ്രദേശങ്ങളിലേക്ക്‌ വൃക്ഷങ്ങള്‍ക്ക്‌ മാറേണ്ടി വരും. അതിന്‌ കഴിയാതെ വരുന്നതോടെ, മരങ്ങള്‍ വംശനാശം നേരിടും. നിലവിലുള്ള വൃക്ഷങ്ങള്‍ അവയുടെ മേഖല വടക്കോട്ട്‌ മാറ്റുമ്പോള്‍, തെക്കന്‍ മേഖലയില്‍ ഉഷ്‌ണമേഖയില്‍ കാണപ്പെടുന്ന മരങ്ങള്‍ പുതിയതായി സ്ഥാനം പിടിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: നേച്ചര്‍ ജിയോസയന്‍സ്‌)

8 comments:

Joseph Antony said...

ഇത്രകാലവും ഉഷ്‌ണമേഖലയില്‍ മാത്രം നിലനിന്ന ചൂടും ഈര്‍പ്പവും കൂടിയ കാലാവസ്ഥ ധ്രുവങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദക്ഷിണ മേഖലയും മെഡിറ്റനേറിയന്‍ പ്രദേശവും ദക്ഷിണ ഓസ്‌ട്രേലിയയും പോലെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലകളെ കടുത്ത വറുതിയിലാക്കും. ആഗോളതാപനത്തിന്റെ ഫലമായി ഉഷ്‌ണമേഖല കൂടുതല്‍ കൂടുതല്‍ ധ്രുവങ്ങളിലേക്ക്‌ വ്യാപിച്ചുകൊണ്ടിരിക്കുന്നതായി പഠന റിപ്പോര്‍ട്ട്‌.

vadavosky said...

ജോസഫ്‌ മാഷേ,

വളരെ സമയോജിതമായ ലേഖനം.

ഓ:ടോ: hydrogen fuel കാറിനെക്കുറിച്ച്‌ ഒരു പോസ്റ്റിടാവുന്നതാണ്‌

മുക്കുവന്‍ said...

ജോസഫ്‌ മാഷേ,

വളരെ സമയോജിതമായ ലേഖനം.

ഒരു “ദേശാഭിമാനി” said...

ലേഖനം വളരെ പ്രധാനാന്‍പ്പെട്ട വിഷയത്തെ പറ്റി ആണു. ഈ വിഷയത്തില്‍ എങനെ ബന്ധപ്പെട്ടവരുടെ കണ്ണു തുറപ്പിക്കാന്‍ സഹായിക്കാമെന്നു കൂടി അറിവുള്ളവര്‍ വീണ്ടും എഴുതുമല്ലോ!

Suraj said...

ഇംഗ്ലണ്ടില്‍ നിന്ന് വന്ന ഒരു സുഹ്യത്തു കഴിഞ്ഞ ദിവസം പറയുകയായിരുന്നു, അവിടെ തണുപ്പു സമയങ്ങളില്‍ വീട്റ്റിനുള്ളില്‍ സാധാരണ താപനില നിലനിര്‍ത്താന്‍ അവര്‍ ഉപയോഗിച്ചു തീര്‍ക്കുന്ന ഊര്‍ജ്ജത്തെക്കുറിച്ച്. അതിനു പകരമായി അവര്‍ രാത്രികളില്‍ കഴിയുന്നതും കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കുന്ന മുറികളില്‍ മാത്രമേ വൈദ്യുത പ്രകാശം ഉപയോഗിക്കൂ എന്ന്. ഉത്തരവാദിത്വപൂര്‍ണ്ണമായ ശീലം. നമുക്കും വാര്‍ത്തകളുടെയും മുന്നറിയിപ്പുകളുടേയും ലോകത്തു നിന്നും പ്രായോഗികതയുടെ യഥാര്‍ത്ഥ ലോകത്തിലേക്കു വരേണ്ട സമയമായിരിക്കുന്നു.

Joseph Antony said...

വടവോസ്കി,
മുക്കുവന്‍,
ദേശാഭിമാനി,
സൂരജ്,
ഇവിടം സന്ദര്‍ശിക്കുന്നതിലും അഭിപ്രായം രേഖപ്പെടുത്തി പ്രോത്സാഹിപ്പിക്കുന്നതിലും അതിയായ കടപ്പാടുണ്ട്, സന്തോഷമുണ്ട്.

Harish said...

ആഗോള താപനം ഇക്കണക്കിനു പോയാല്‍ നാം 2060 ല്‍ പൂര്‍ണ്ണമയി നാമാവശേഷമാകും എന്ന വാദത്തില്‍ കഴമ്പുണ്ടാകുമോ?

Anonymous said...

We have reviewed the very best ketosis supplements available on the market to find out which products really operate to place your body in a state of ketosis. All of the ketone nutritional supplements we examined were assessed in their components, dose, customer testimonials, and cost. https://shapemeon.com/5414/keto-plus-diet-pills/