
തുടക്കം നമ്മളില്‍ നിന്നു തന്നെയാകട്ടെ; ഹോമോ സാപ്പിയന്‍സ് എന്ന പേരുകാരില്‍ നിന്ന്. നരവംശത്തിന്റെ തായ്‌വഴി തേടി കാലത്തിലൂടെ പിന്നോട്ട് പോകുക. അധികദൂരം പോകേണ്ട, അതിന് മുമ്പ് എല്ലുകളും തലയോട്ടികളും പല്ലിളിക്കാന്‍ തുടങ്ങും. ഫോസിലുകളാണവ, നമ്മുടെ പൂര്‍വികരെ സംബന്ധിച്ച അനിഷേധ്യമായ തെളിവുകള്‍. ഹോമിനിഡുകള്‍ എന്നാണ് മനുഷ്യന്റെ തായ്‌വഴിയില്‍പെട്ട വര്‍ഗങ്ങള്‍ക്ക് പേര്. പിന്നിലേക്കുള്ള യാത്രയില്‍ ആദ്യമൊക്കെ ഹോമിനിഡ് ഫോസിലുകള്‍ സുലഭമാണ്. കൂടുതല്‍ പിന്നിലേക്ക് എത്തുന്തോറും ഫോസിലുകളുടെയും തെളിവുകളുടെയും എണ്ണം അവിശ്വസനീയമായി കുറഞ്ഞു വരും. ഒടുവില്‍ കനത്ത ഇരുട്ട്. ആ ഇരുട്ടില്‍ മനുഷ്യവര്‍ഗത്തിന്റെ ബാല്യം കാണാന്‍ കഴിയാതെ നമ്മള്‍ കുഴങ്ങുന്നു.
ഭൂമിയുടെ ഏത് ദിക്കില്‍ നിന്ന് ഈ യാത്ര തുടങ്ങിയാലും എത്തുക ആഫ്രിക്കയിലാകും. കാരണം, ആഫ്രിക്കയാണ് മനുഷ്യന്റെ ആദിഗേഹം. പക്ഷേ, ആരാണ് ആദിപിതാവ് അല്ലെങ്കില്‍ ആദിമാതാവ്; ചിമ്പാന്‍സികളുടെയും മനുഷ്യന്റെയും പൊതുപൂര്‍വികന്‍ എങ്ങനെയിരുന്നു. അതിന് കുരങ്ങിന്റെ രൂപമായിരുന്നോ, അതോ മറ്റേതെങ്കിലും ജീവിയുടെയോ? പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പെട്ട് നരനിലേക്ക് തിരിഞ്ഞ ആദ്യ കണ്ണി ഏത്? ഇരുട്ട് മൂലം മനസിലാക്കാന്‍ കഴിയുന്നില്ല. അതിന് തെളിവുകളുടെ വെളിച്ചം വേണം. 1974-ല്‍ കണ്ടെത്തിയ 32 ലക്ഷം വര്‍ഷം പഴക്കമുള്ള 'ലൂസി' (Lucy)യെന്ന, പ്രാചീനസ്ത്രീയുടെ ഫോസില്‍ നരവംശത്തിന്റെ പൂര്‍വചരിത്രത്തിലേക്ക് ശക്തമായ പ്രകാശം വിതറി. മസ്തിഷ്‌കം വലുതാകുന്നതിനും മുമ്പുതന്നെ മനുഷ്യന്റെ പൂര്‍വികര്‍ ഇരുകാലുകളില്‍ നിവര്‍ന്നു നടന്നു തുടങ്ങിയെന്ന് ലോകം അത്ഭുതത്തോടെ മനസിലാക്കി.
ലൂസിയെ കണ്ടെത്തി 35 വര്‍ഷത്തിന് ശേഷം, ഇപ്പോഴിതാ അവള്‍ക്കും മുമ്പുള്ള ചരിത്രത്തിലേക്ക് വെള്ളിവെളിച്ചം വീശുന്ന പുതിയൊരു ഫോസില്‍ കണ്ടെത്തിയിരിക്കുന്നു-'ആര്‍ഡി' (Ardi) യെന്ന് ചുരുക്കപ്പേരിട്ടിട്ടുള്ള ആ ഫോസില്‍ ആര്‍ഡിപിത്തക്കസ് റമിഡസ് എന്ന ഹോമിനിഡിന്റേതാണ്. 44 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന പ്രാചീനസ്ത്രീയാണ് ആര്‍ഡി. നരവംശചരിത്രത്തെ ലൂസിയുടെ കാലത്തിനും പത്തുലക്ഷം വര്‍ഷം പിന്നിലേക്ക് നയിക്കുന്നു ഈ കണ്ടെത്തല്‍.

ആഫ്രിക്കന്‍ ആള്‍ക്കുരങ്ങ്
ജീവിവര്‍ഗങ്ങളില്‍ ആള്‍ക്കുരങ്ങുകള്‍ക്കൊപ്പമാണ് പരിണാമശാസ്ത്രജ്ഞര്‍ നരവംശത്തെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. 120-150 ലക്ഷം വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞെന്നു കരുതുന്ന രണ്ട് തായ്‌വഴികളില്‍ പെട്ട ആള്‍ക്കുരങ്ങുകളാണ് ഇപ്പോള്‍ ഭൂമിയിലുള്ളത് - ഏഷ്യയിലെയും ആഫ്രിക്കയിലെയും ആള്‍ക്കുരങ്ങുകള്‍. ഏഷ്യന്‍ ആള്‍ക്കുരങ്ങുകള്‍ രണ്ടിനമുണ്ട്-ഒറാങ്ങൂട്ടനും ഗിബണും. ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകള്‍ മുഖ്യമായും മൂന്നിനങ്ങളാണ്- ഗൊറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ എന്നിവ.

പരിണാമവഴിയില്‍ ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകളുടെ പൊതുപൂര്‍വികനില്‍ നിന്ന് ഗൊറില്ല ആദ്യം വേര്‍പിരിഞ്ഞു. പിന്നീട് ചിമ്പാന്‍സികളും മനുഷ്യനും രണ്ട് തായ്്‌വഴികളായി പരിണമിച്ചു. പക്ഷേ, എന്നായിരുന്നു ആ വേര്‍പിരിയല്‍ എന്ന് വ്യക്തമല്ല. കാരണം, ഫോസിലുകളുടെ അഭാവം തന്നെ. 60-130 ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കാര്യമായി ലഭ്യമല്ല. എങ്കിലും, ജിനോംവിശകലനങ്ങളുടെ വെളിച്ചത്തില്‍ നരവംശശാസ്ത്രം എത്തിയിരിക്കുന്ന നിഗമനം ഇതാണ്; 50-80 ലക്ഷം വര്‍ഷം മുമ്പാകണം പൊതുപൂര്‍വികനില്‍നിന്ന് വേര്‍പെട്ട് നരവംശം ഉദയം ചെയ്തത്.
450 കോടി വര്‍ഷമാണ് ഭൂമിയുടെ പ്രായം. എന്നാല്‍, ഇന്ന് ഭൂമിയെ അടക്കിവാഴുന്ന വര്‍ഗം പിറന്നിട്ട് ഒരുകോടി വര്‍ഷം പോലും തികഞ്ഞിട്ടില്ല എന്നാണ് മേല്‍ സൂചിപ്പിച്ച വസ്തുത വ്യക്തമാക്കുന്നത്. അത്ര ഹൃസ്വമാണ് നരവംശത്തിന്റെ ചരിത്രം. ഹൃസ്വമാണെങ്കിലും, ആ ചരിത്രത്തില്‍ രണ്ട് ഘട്ടങ്ങളെക്കുറിച്ചേ ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തത ഉണ്ടായിരുന്നുള്ളു. 10-40 ലക്ഷം വര്‍ഷം മുമ്പത്തെ ഓസ്ട്രലോപിത്തക്കസുകളുടെ ഘട്ടവും, 20 ലക്ഷം വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഹോമോ കാലഘട്ടവും. തലച്ചോര്‍ വളര്‍ന്നിരുന്നില്ലെങ്കിലും ഇരുകാലില്‍ നിവര്‍ന്നു നടക്കാന്‍ കഴിഞ്ഞിരുന്നവയാണ് ഓസ്ട്രലോപിത്തക്കസ് ജീനസില്‍ പെട്ടവ. ലൂസിയാണ് (ഓസ്ട്രലോപിത്തക്കസ് അഫാറന്‍സിസ്) ആ ജീനസിന്റേതായി ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഫോസില്‍. എത്യോപ്യയിലെ ഹാഡറില്‍ നിന്ന് 1974-ല്‍ ഡൊണാള്‍ഡ് ജോഹാന്‍സനും സംഘവും കണ്ടെത്തിയ 'AL288-1' എന്ന ഭാഗിക ഹോമിനിഡ് ഫോസിലിന് ഒരു ബീറ്റില്‍സ് ഗാനത്തിന്റെ ചുവട് പിടിച്ച് ലൂസിയെന്ന് പേര് നല്‍കപ്പെടുകയായിരുന്നു.
ലൂസിയുടെ ജീനസില്‍പെട്ട വേറെയും ഹോമിനിഡുകള്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നു. അവയെ സംബന്ധിച്ചും ഒട്ടേറെ ഫോസില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പെട്ട ശേഷം ഓസ്‌ട്രലോപിത്തക്കസിലേക്ക് എത്തുംവരെ നരവംശത്തിന്റെ തായ്‌വഴിയില്‍ ആരാണ് രംഗം വാണിരുന്നത് എന്ന ചോദ്യം ഇത്രകാലവും ഉത്തരമില്ലാതെ തുടരുകയായിരുന്നു. അവിടെണ് ആര്‍ഡിയുടെ പ്രാധാന്യവും പ്രസക്തിയും. 'പ്രാചീനപൂര്‍വികനും ഓസ്ട്രലോപിത്തക്കസിനും മധ്യേയുള്ള ശൂന്യത ഒരു പരിധിവരെ നികത്താന്‍ സഹായിക്കുന്നതാണ് ആര്‍ഡിയുടെ കണ്ടെത്തല്‍', ഹാര്‍വാഡ് സര്‍വകലാശാലയില്‍ മനുഷ്യപരിണാമശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡേവിഡ് പില്‍ബീം അഭിപ്രായപ്പെടുന്നു. മനുഷ്യവംശത്തിന്റെ ബാല്യത്തിലേക്ക് വെളിച്ചം വീശുന്ന ഈ കണ്ടെത്തല്‍ ഏതാണ്ട് അമ്പതോളം ഗവേഷകരുടെ 15 വര്‍ഷം നീണ്ട ശ്രമകരവും ക്ഷമാപൂര്‍വുമായ ഗവേഷണത്തിന്റെ ഫലമാണ്. എത്യോപ്യയില്‍ മനുഷ്യപൂര്‍വ വര്‍ഗങ്ങളെക്കുറിച്ച് പഠിക്കുന്ന മിഡില്‍ അവാഷ് സംഘമാണ് ആര്‍ഡിയെ കണ്ടെത്തി, 'സയന്‍സ്' മാഗസിനിലൂടെ അടുത്തയിടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.
മണ്ണില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ആര്‍ഡി

1994-ല്‍ ശരിക്കുള്ള തിരച്ചില്‍ അവാഷ് നദീതടത്തില്‍ ആരംഭിച്ചു. ഇപ്പോള്‍ ഓഹായോയില്‍ ക്ലീവ്‌ലന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകനായ എത്യോപ്യന്‍ വംശജന്‍ യോഹാന്നസ് ഹെയ്‌ലെ-സിലാസ്സീയാണ് കൈപ്പത്തിയുടെ രണ്ട് അസ്ഥികള്‍ ആദ്യം കണ്ടത്. താമസിയാതെ ഇടുപ്പെല്ലിന്റെ കഷണങ്ങള്‍ കിട്ടി. അപ്പോഴതാ കാല്‍, കൈക്കുഴ, പാദത്തിലെ അസ്ഥികള്‍, കൈകളിലെയും കാലുകളിലെയും അസ്ഥികള്‍, പല്ലുകളോടുകൂടിയ കീഴ്ത്താടിയെല്ല്, തലയോട്ടിയുടെ ഭാഗം ഒക്കെ വരുന്നു. 1995 ജനവരിയായപ്പോഴേക്കും ഗവേഷകര്‍ക്ക് ഒരു കാര്യം വ്യക്തമായി, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കണ്ടെത്തലാണ് തങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരു ഭാഗിക അസ്ഥികൂടം. 10 ലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ഹോമിനിഡുകളുടെ അരഡസണ്‍ അസ്ഥികൂടങ്ങളേ ഇത്രകാലത്തിനിടയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ലൂസിയെക്കാള്‍ പഴക്കമുള്ള ഏക അസ്ഥികൂടമാണ് തങ്ങളുടെ പക്കല്‍ കിട്ടിയിരിക്കുന്നത്. ശരിക്കും ഒരു ആയുഷ്‌ക്കാലത്തേക്കുള്ള കണ്ടെത്തല്‍.

നരവംശത്തിന്റെ ഉത്ഭവത്തെപ്പറ്റി നിലനില്‍ക്കുന്ന ഒരു പരമ്പരാഗത സങ്കല്‍പ്പത്തെ ചോദ്യംചെയ്യുന്നതാണ്, ആര്‍ഡി ജീവിച്ചിരുന്ന പരിസ്ഥിതിയെക്കുറിച്ച് ഫോസിലുകള്‍ നല്‍കുന്ന വിവരം. കാലാവസ്ഥാമാറ്റം മൂലം ആഫ്രിക്കന്‍ റിഫ്ട്‌വാലി പ്രദേശത്തെ വനങ്ങള്‍ സാവന്നയായി രൂപപ്പെട്ടപ്പോഴാണ്, മരങ്ങള്‍ക്ക് മുകളില്‍ കഴിഞ്ഞിരുന്ന മനുഷ്യന്റെ പൂര്‍വികര്‍ നിലത്തിറങ്ങി ഇരുകാലില്‍ നടക്കാന്‍ തുടങ്ങിയതെന്നാണ് നിഗമനം. അത് ശരിയായിക്കൊള്ളണം എന്നില്ല എന്ന് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു. സാവന്നയുടെ സാന്നിധ്യമല്ല, മറ്റേതെങ്കിലും കാരണമുണ്ടാകണം നമ്മുടെ പൂര്‍വികര്‍ ഇരുകാലില്‍ നടക്കാനാരംഭിച്ചതിന് എന്ന് ആര്‍ഡിയുമായി ബന്ധപ്പെട്ട തെളിവുകള്‍ പറയുന്നു. ലൂസിയുടെ വര്‍ഗത്തില്‍ പെട്ടവര്‍ മരങ്ങളുള്ള പരിസ്ഥിതിയിലാകണം കഴിഞ്ഞതെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. അതിനും ലക്ഷക്കണക്കിന് വര്‍ഷം മുമ്പ്, ലൂസിയുടെ മുന്‍ഗാമികള്‍ വൃക്ഷനിബിഡമായ പ്രദേശത്ത് ഇരുകാലില്‍ സഞ്ചരിച്ചിരുന്നു എന്നാണ് ആര്‍ഡി പറഞ്ഞു തരുന്നത്.
വര്‍ഷങ്ങള്‍ നീണ്ട പഠനം

ഗവേഷകര്‍ കണ്ടെത്തിയ ഫോസിലുകളുടെ അവസ്ഥ ഭീതിജനകമായിരുന്നു, തൊട്ടാല്‍ പൊടിയുന്നവ. അസ്ഥിഭാഗങ്ങള്‍ നൂറിലേറെ ചെറുകഷണങ്ങളായി തകര്‍ന്ന നിലയിലായിരുന്നു. ഫോസിലുകള്‍ സ്ഥിതിചെയ്യുന്ന എക്കല്‍കട്ടകള്‍ ഒന്നോടെ പ്ലാസ്റ്ററില്‍ പൊതിഞ്ഞ് നീക്കംചെയ്യാന്‍ തീരുമാനിച്ചു. മൂന്ന് ഫീല്‍ഡ് സീസണുകള്‍ വേണ്ടിവന്നു മുഴുവന്‍ ശേഖരിച്ചു തീര്‍ക്കാന്‍. ഫോസിലുകളടങ്ങിയ എക്കല്‍ക്കട്ടകള്‍ ആഡിസ് അബാബയില്‍ പ്രവര്‍ത്തിക്കുന്ന എത്യോപ്യന്‍ ദേശീയ മ്യൂസിയത്തിലെത്തിച്ചു. ബര്‍ക്കലിയില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പാലിയോആന്ത്രോപ്പോളജിസ്റ്റ് ടിം വൈറ്റ് ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളുടെ ശ്രമം വേണ്ടി വന്നു ഫോസിലുകള്‍ വേര്‍തിരിച്ചെടുക്കാനും ആര്‍ഡിയെ മനസിലാക്കാനും.
അതിനിടെ, കമ്പ്യൂട്ടര്‍ ടോമോഗ്രാഫി (സി.ടി.) സ്‌കാന്‍ മുതലായ ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ആര്‍ഡിയുടെ തലയോട്ടിയുടെ വേര്‍ച്വല്‍ രൂപം സൃഷ്ടിക്കുന്ന ജോലി ജെന്‍ സുവയുടെ നേതൃത്വത്തില്‍ ക്യോട്ടോ സര്‍വകലാശാലയില്‍ നടന്നു. തലയോട്ടിയുടെ തകര്‍ന്ന കഷണങ്ങള്‍ ചേര്‍ത്ത് വേര്‍ച്വല്‍ തലയോട്ടിക്ക് രൂപംനല്‍കാനുള്ള സങ്കേതത്തില്‍ വൈദഗ്ധ്യം നേടാന്‍ സുവ ഒന്‍പത് വര്‍ഷമാണ് ചെലവിട്ടത്. തലയോട്ടിയുടെ 65 കഷണങ്ങളുപയോഗിച്ച്, വേര്‍ച്വല്‍ തലയോട്ടി രൂപപ്പെടുത്താന്‍ താന്‍ കുറഞ്ഞത് ആയിരം മണിക്കൂര്‍ ചെലവിട്ടതായി സുവ പറയുന്നു. അതിനു വേണ്ടി ആര്‍ഡി ഫോസിലുകളില്‍ ചിലത് പല തവണ ടോക്യോയിലെത്തിച്ച് പരിശോധനകള്‍ നടത്തേണ്ടിയും വന്നു.

വേര്‍ച്വല്‍ തലയോട്ടി പൂര്‍ത്തിയായ ശേഷം, സുവയ്‌ക്കൊപ്പം ആഡിസ് അബാബയില്‍ റിഫ്ട് വാലി റിസര്‍ച്ച് സര്‍വീസിലെ ഗവേഷകനായ ബെര്‍ഹേന്‍ അസ്ഫായും ചേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഹോമിനിഡുകളുടെ തലയോട്ടികളുമായി, ആര്‍ഡിയുടേത് താരതമ്യം ചെയ്ത് വ്യത്യാസങ്ങള്‍ സൂക്ഷ്മമായി മനസിലാക്കി. 2009 മാര്‍ച്ച് ആയപ്പോഴേക്കും വേര്‍ച്വല്‍ തലയോട്ടിയുടെ പത്താമത്തെ വകഭേദം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നതില്‍ സുവ വിജയിച്ചു. തലയോട്ടിയുമായി സുവ പടവെട്ടുന്ന വേളയില്‍, അമേരിക്കയിലെ ഓഹായോവില്‍ കെന്റ് സ്‌റ്റേറ്റ് സര്‍വകലാശാലയിലെ സി. ഓവെന്‍ ലവ്‌ജോയിയെന്ന ഗവേഷകന്‍ സി.ടി.സ്‌കാനുകളുടെ സഹായത്തോടെ ആര്‍ഡിയുടെ ഇടുപ്പെല്ലിന്റെ ഭൗതികരൂപം സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വമായ ശ്രമത്തിലായിരുന്നു. ഇത്തരത്തില്‍ വര്‍ഷങ്ങളുടെ ശ്രമഫലമായാണ് ആര്‍ഡിയുടെ ശരീരഘടന ഗവേഷകര്‍ അനുമാനിച്ചെടുത്തത്.
''ആര്‍ഡിയുടെ ചില ലക്ഷണങ്ങള്‍ അമ്പരപ്പിക്കുന്നവയാണ്. എന്നാല്‍, കാലങ്ങളായി മനുഷ്യന്റെ തായ്‌വഴിയില്‍ സംഭവിച്ച മാറ്റങ്ങള്‍ മനസിലാക്കുന്നതില്‍ വളരെ തൃപ്തികരമായ ഒന്നാണ് ആ പ്രാചീനജീവി''-പഠനത്തില്‍ പങ്കുവഹിച്ചിട്ടില്ലാത്ത ആന്ധ്രു ഹില്‍ (പാലിയോആന്ത്രോപ്പോളജിസ്റ്റ്, യേല്‍ സര്‍വകലാശാല) പറയുന്നു. 'മനുഷ്യന്റെ ശരിക്കുള്ള ഒരു പൂര്‍വികവര്‍ഗത്തെ തന്നെയാണ് ഞങ്ങള്‍ കണ്ടത്, പക്ഷേ അതൊരു ചിമ്പാന്‍സിയല്ല', ടിം വൈറ്റ് പറയുന്നു.

120 സെന്റീമീറ്റര്‍ പൊക്കവും 50 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു ആര്‍ഡിയെന്ന ആ പുരാതനസ്ത്രീക്ക്. ഇരുകാലുകളില്‍ നിവര്‍ന്ന് നടക്കാനും മരങ്ങളില്‍ കഴിയാനും പാകത്തിലുള്ളതാണ് അതിന്റെ ശരീരഘടന. തലച്ചോറ് ചിമ്പാന്‍സിയുടേതിന് തുല്യമാണെങ്കിലും, ചിമ്പാന്‍സിയുടെ ശരീരലക്ഷണങ്ങളില്‍ മിക്കതും ആര്‍ഡിക്കില്ല. ചിമ്പാന്‍സികളില്‍ നിന്നും ഗോറില്ലകളില്‍ നിന്നും വ്യത്യസ്തമാണ് ആര്‍ഡി. ഇക്കാര്യം പ്രധാനപ്പെട്ടതാണെന്ന് ഗവേഷകര്‍ കരുതുന്നു. കാരണം, പൊതുപൂര്‍വികന്‍ ചിമ്പാന്‍സിയപ്പോലെയോ ഗോറില്ലകളെപ്പോലെയോ ആയിരുന്നില്ല എന്നതിന്റെ സൂചനയാണത്. ആദിരൂപത്തില്‍ നിന്ന് ഏറെ വ്യതിയാനം സംഭവിച്ചത് ആര്‍ക്കുരങ്ങുകള്‍ക്കാകം, ഹോമിനിഡുകള്‍ക്കാകില്ല എന്നാണ് ഇതില്‍ നിന്ന് ഊഹിക്കാവുന്ന ഒരു വസ്തുത. നമ്മുടെ പൂര്‍വികനെ ആള്‍ക്കുരങ്ങുകളില്‍ തിരഞ്ഞിട്ട് കാര്യമില്ല എന്നര്‍ഥം.
ആര്‍ഡിയും ലൂസിയുടെ വര്‍ഗക്കാരും തമ്മിലുള്ള ബന്ധം കൃത്യമായി നിര്‍വചിക്കാന്‍ ഗവേഷകര്‍ക്കാകുന്നില്ല. അതിന് കൂടുതല്‍ തെളിവുകള്‍ വേണം. ലൂസിയുടെ ജീനസായ ഓസ്ട്രിലോപിത്തക്കസ് ആര്‍ഡിയുടെ വര്‍ഗത്തില്‍ നിന്ന് രൂപപ്പെട്ടതാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് മാത്രമേ പറയാനാകൂ. അത് സത്യമാണെങ്കില്‍ വീണ്ടും ചോദ്യം ഉദിക്കുന്നു, ആര്‍ഡിക്ക് മുമ്പ് ആരായിരുന്നു? ശിഥിലമായ ചില തെളിവുകളേ ലഭിച്ചിട്ടുള്ളു. അതുവെച്ചുള്ള അനുമാനങ്ങളും തീര്‍പ്പുകളും ശരിയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ആഫ്രിക്കയിലെ ആദിഗേഹത്തില്‍ നിന്ന് പുതിയ ഫോസിലുകള്‍ കണ്ടെത്തും വരെ കാത്തിരിക്കാം. (മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോ.11, 2009).
അവലംബം-
Ann Gibbons, (1)A New Kind of Ancestor: Ardipithecus Unveiled, (2) The View From Afar, Science, Oct.2, 2009
Ernst Mayr, What Evolution is (Basic Books, New York, 2001)
Richard Fortey, Life-A Natural History of the First Four Billion Years of Life on Earth (Vintage Books, New York, 1998)
Jared Diamond, The Rise and Fall of The Third Chimpanzee (Vintage, London, 1992)
5 comments:
മനുഷ്യന്റെ പൂര്‍വികവര്‍ഗങ്ങളെ തേടേണ്ടത് ആഫ്രിക്കയിലാണെന്ന് ചാള്‍സ് ഡാര്‍വിന്‍ പ്രസ്താവിച്ചത് 1871-ലാണ്. ഫോസില്‍തെളിവുകള്‍ മുന്നിലില്ലാതെ അദ്ദേഹം നടത്തിയ ആ പ്രവചനം പില്‍ക്കാലത്ത് നരവംശശാസ്ത്രത്തിലെ ഏറ്റവും വലിയ സത്യമായി മാറി. ആഫ്രിക്കയില്‍ നിന്നല്ലാതെ മറ്റൊരിടത്തു നിന്നും 20 ലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ഹോമിനിഡ് ഫോസിലുകള്‍ കിട്ടിയിട്ടില്ല എന്നതും, വംശാവലിയില്‍ ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകളാണ് മനുഷ്യന്റെ അടുത്ത ബന്ധുക്കള്‍ എന്ന് ജനിതകവിശകലനങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാലും ഡാര്‍വിന്റെ പ്രവചനത്തെ ഇന്നാരും ചോദ്യംചെയ്യുമെന്ന് തോന്നുന്നില്ല. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, 138 വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ പ്രവചനം ശരിയാണെന്ന് ആര്‍ഡിയിലൂടെ ഒരിക്കല്‍ക്കൂടി തെളിയുകയാണ്.
ഇനിയും പിടികിട്ടാത്ത ഹോമോ സാപ്പിയന്‍സ് വിസ്മയങ്ങള്‍ വളരെ പ്രയോചന പരമമായ ഒരു ലേഖനമാണ് കഴിഞ്ഞ ചരിത്രത്തിന്റെ നാള്‍ വഴികള്‍ തിരഞ്ഞു നമ്മുടെ സത്വങ്ങളിലേക്ക് വിളിച്ചു പറയാനുള്ള സത്യങ്ങള്‍
ഒരു ചെറു നിര്‍ദ്ദേശം പറയട്ടെ ഇത്രയും വലിച്ചു നീട്ടാതെ രണ്ടോ മുന്നോ പോസ്റ്റായി ഇട്ടിരുന്നെങ്കില്‍ വായനക്കാരന്‍റെ മനപുര്‍വ്വ മായശ്രദ്ധ ഇവിടെ ഉണ്ടായിരുന്നേനെ
ആശംസകള്‍
പുതിയ അറിവിന് നന്ദി...
:) thanks!!ker
നന്ദി എന്റെ പിതാക്കന്‍ മാരെ കുറിച്ച് അറിഞതില്‍
Post a Comment