
തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെപ്പറ്റി ഒരാള്‍ എങ്ങനെയാവും ചിന്തിക്കുക; 'ആ ചങ്ങാതി എന്നും ഒപ്പമുണ്ടായിരുന്നു, ഇനിയും ഉണ്ടാകണം' എന്നായിരിക്കും. ആ ചങ്ങാതി ഇല്ലാത്ത ലോകത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും അശക്തനായിരിക്കും അയാള്‍. ജീവിതം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടുന്ന ഭൂരിപക്ഷം പേരും 'ഗൂഗിളി'(Google)നെ ഈ ചങ്ങാതിയുടെ സ്ഥാനത്താണ് പ്രതിഷ്ഠിക്കുന്നത്. ഗൂഗിള്‍ എന്നും ഇവിടെയുണ്ടായിരുന്നു, ഇനിയും ഉണ്ടാകും എന്ന് മിക്കവരും ആശ്വസിക്കുന്നു; പ്രതീക്ഷിക്കുന്നു. ഗൂഗിള്‍ ഇല്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതി.
ഇന്റര്‍നെറ്റെന്നാല്‍ പലര്‍ക്കും ഗൂഗിള്‍ തന്നെയാണ്. ലോകമെമ്പാടും ദിനംപ്രതി 640 ലക്ഷം പേര്‍ നൂറിലേറെ ഭാഷകളില്‍ ഗൂഗിളില്‍ സെര്‍ച്ചിങ്(തിരച്ചില്‍) നടത്തുന്നു; വിവരങ്ങള്‍ ശേഖരിക്കുന്നു. എന്തിനും ഏതിനും ആദ്യത്തെയും അവസാനത്തെയും ആശ്രയം ഗൂഗിള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പണ്ഡിതരും സാധാരണക്കാരും ഒരുപോലെ തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഗൂഗിളിലേക്ക് തിരിയുന്നു. 800 കോടിയോളം വെബ്പേജുകളില്‍ തിരച്ചില്‍ നടത്തി നൊടിയിട കൊണ്ട് ഫലം മുന്നിലെത്തിക്കുകയെന്ന സങ്കീര്‍ണപ്രക്രിയയാണ് ഗൂഗിള്‍ ഓരോ സെര്‍ച്ചിലും ചെയ്യുന്നത്. അത്രയും പേജുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെച്ചാല്‍ ഏതാണ്ട് 800 കിലോമീറ്റര്‍ പൊക്കം വരുമെന്നറിയുക.
ലോകത്തെ ഏറ്റവും വലിയ മാധ്യമകമ്പനിയായ ഗൂഗിള്‍, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയത്തില്‍ ചെക്കേറിയത് ഇതുവരെ സ്വന്തമായി ഒരു പരസ്യം പോലും നല്‍കാതെയാണ്. ഉപയോഗിക്കുന്നവര്‍ തന്നെയാണ് ഗൂഗിളിന്റെ പ്രചാരകര്‍. പതിനായിരം കോടി ഡോളര്‍ (4.5 ലക്ഷം കോടിരൂപ) ആസ്തിയുള്ള, എന്നാല്‍ ടി.വി.യില്‍ പരസ്യം നല്‍കാത്ത, ലോകത്തെ ഏക പബ്ലിക്ലിമിറ്റഡ് കമ്പനിയാണ് ഗൂഗിള്‍. സ്വന്തമായി പരസ്യം നല്‍കാത്ത ഒരു കമ്പനി ഏറ്റവും വലിയ 'പരസ്യകമ്പനി'യാവുക എന്നത് വിരോധാഭാസമായി തോന്നാം. ഗൂഗിളിന്റെ കാര്യത്തില്‍ അതാണ് സത്യം. ഭൂമുഖത്തെ ഏറ്റവും വലിയ പരസ്യക്കമ്പിനി ഇന്ന് ഗൂഗിളാണ്. ഇക്കാര്യം പക്ഷേ, അധികമാര്‍ക്കും അറിയില്ല. പരസ്യമാണ് ഗൂഗിളിന്റെ വരുമാനരഹസ്യം. പരസ്യമല്ലാത്ത രഹസ്യം. ഉപഭോക്താക്കള്‍ക്ക് ഗൂഗിളിലുള്ള കറയറ്റ വിശ്വാസം പക്ഷേ, രഹസ്യമല്ല.
അല്‍പ്പം ചരിത്രം
അറുപതുകളുടെ അവസാനം അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ പരീക്ഷണപദ്ധതിയായി തുടങ്ങിയ ഇന്റര്‍നെറ്റിന് സ്വന്തമായി അസ്തിത്വം ഉണ്ടാകുന്നത് 1989-ല്‍ ടിം ബേണേഴ്സ് ലീ 'വേള്‍ഡ് വൈഡ് വെബ്'(www) രൂപപ്പെടുത്തുന്നതോടെയാണ്. എന്നാല്‍, മടുപ്പില്ലാത്ത അനുഭവമായി ഇന്റര്‍നെറ്റ് മാറാനും തേടുന്ന വിവരങ്ങള്‍ കൃത്യമായി അവിടെ കണ്ടെത്താനും 'ഗൂഗിള്‍' രംഗത്ത് വരേണ്ടതുണ്ടായിരുന്നു. ഗൂഗിളാണ് ഇന്റര്‍നെറ്റ് ഉപയോഗത്തെ ഫലവത്തായ ഒരു പ്രക്രിയയായി രൂപപ്പെടുത്തിയത്. വിവരശേഖരണത്തിനുള്ള ഉപാധിയായി ഇന്റര്‍നെറ്റിനെ ഗൂഗിള്‍ മാറ്റി. അഞ്ഞൂറ് വര്‍ഷം മുമ്പ് ഗുട്ടന്‍ബര്‍ഗ്ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചതിന് ശേഷം ലോകം പഴയതുപോലെ ആയില്ല എന്ന് പറയാറുണ്ട്. അതിന് സമാന്തരമായ ഒന്നാണ് ഗൂഗിളിന്റെ കഥയും. ഗൂഗിളിന്റെ ആവിര്‍ഭാവത്തിന് ശേഷം ലോകം ഒരിക്കലും പഴയതുപോലെ ആയില്ല.
ഗൂഗിളിന്റെ ചരിത്രം തുടങ്ങുന്നത് 1996 ജനവരിയിലാണ്; കാലിഫോര്‍ണിയയിലെ പാലോ ഓള്‍ട്ടോയില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരുന്ന ലോറന്‍സ് പേജ് (ലാറി പേജ് എന്ന് ചുരുക്കം), സെര്‍ജി ബ്രിന്‍ എന്നിവരുടെ ഗവേഷണപദ്ധതിയില്‍ നിന്ന്. വെബ്പേജുകളെ അവയുടെ പ്രാധാന്യമനുസരിച്ച് തിരഞ്ഞുകണ്ടെത്താന്‍ സഹായിക്കുന്ന 'പേജ്‌റാങ്ക്'(PageRank) എന്ന ഗണിതസമീകരണം(algorith
m) ആണ് ഗൂഗിളിന്റെ ആത്മാവ്. പേജ്‌റാങ്ക് സംബന്ധിച്ച ആശയം ലാറിയാണ് ആദ്യം മുന്നോട്ടു വെച്ചത്. ലാറിക്കൊപ്പം സെര്‍ജിയും കൂടി ചേര്‍ന്ന് അതിനെ പുതിയൊരു സെര്‍ച്ച്‌എഞ്ചിനായി രൂപപ്പെടുത്തി.
'ഓള്‍ട്ട വിസ്റ്റ' ഉള്‍പ്പടെ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ സെര്‍ച്ച്‌എഞ്ചിനുകളെയും പിന്തള്ളി മികച്ച സെര്‍ച്ച്ഫലം നല്‍കാന്‍ കഴിവുള്ളതായിരുന്നു ഗൂഗിള്‍. മറ്റ് സെര്‍ച്ച്‌എഞ്ചിനുകളെല്ലാം പ്രാധാന്യം തിരിച്ചറിയാതെ ഒരുകൂട്ടം വെബ്പേജുകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലെത്തിക്കുമ്പോള്‍, നെല്ലില്‍ നിന്ന് പതിര് വേര്‍തിരിക്കും പോലെ അപ്രധാനമായത് പിന്നിലേക്ക് തള്ളി പ്രധാനപ്പെട്ട വെബ്പേജുകളെ ആദ്യം സ്ക്രീനിലെത്തിക്കുന്നു ഗൂഗിള്‍. 1997-സപ്തംബര്‍ 15-ന് 'ഗൂഗിള്‍ ഡോട്ട് കോം' എന്ന ഡൊമയിന്‍ നാമം രജിസ്റ്റര്‍ ചെയ്യപ്പെട്ടു(പേജ്‌റാങ്കിന് 2001 സപ്തംബര്‍ നാലിനാണ് പേറ്റന്റ് ലഭിച്ചത്; യു.എസ്.പേറ്റന്റ് നമ്പര്‍ 6,285,999. ലാറി പേജാണ് അതിന്റെ ഉപജ്ഞാതാവെന്ന് പേറ്റന്റ് രേഖകളില്‍ പറയുന്നു).
തങ്ങള്‍ കണ്ടെത്തിയ സാങ്കേതികവിദ്യ പത്തുലക്ഷം ഡോളറിന് 'ഓള്‍ട്ട വിസ്റ്റ'യ്ക്ക് കൈമാറിയ ശേഷം സ്റ്റാന്‍ഫഡില്‍ പഠനം തുടരാനായിരുന്നു ലാറിയുടെയും സെര്‍ജിയുടെയും പരിപാടി. പക്ഷേ, ഓള്‍ട്ടവിസ്റ്റ ആ 'റിസ്കി'ന് തയ്യാറായില്ല. 'യാഹൂ'വിന് ഗൂഗിള്‍ കൈമാറാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല(സ്റ്റാന്‍ഫഡിലെ രണ്ട് മുന്‍കാല വിദ്യാര്‍ത്ഥികളാണ് യാഹൂ സ്ഥാപിച്ചതും). 'അമേരിക്ക ഓണ്‍ ലൈനും(എ.ഒ.എല്‍) ഗൂഗിളിനെ കൈയൊഴിഞ്ഞു. ഒടുവില്‍ പഠനം തത്ക്കാലത്തേക്ക് ഉപേക്ഷിച്ച് കമ്പനി തുടങ്ങേണ്ട 'ഗതികേടിലെത്തി' ലാറിയും സെര്‍ജിയും. പക്ഷേ, അതിന് പണം വേണം. അങ്ങനെയാണ് ഇരുവരും ആന്‍ഡി ബെച്ചോള്‍ഷീം എന്ന കോടീശ്വരനായ നിക്ഷേപകനെ സമീപിക്കുന്നത്.
'സണ്‍ മൈക്രോസിസ്റ്റംസി'ന്റെ സ്ഥാപകരിലൊരാളായ ബെച്ചോള്‍ഷീം, പുതിയ സാങ്കേതികവിദ്യയെപ്പറ്റിയുള്ള ആദ്യവിവരണത്തില്‍ തന്നെ വീണു. ലാറിയും സെര്‍ജിയും എല്ലാ വിശദാംശങ്ങളും പറഞ്ഞുതീരാന്‍ പോലും അദ്ദേഹം കാത്തില്ല. 'എന്തുകൊണ്ട് ഒരുലക്ഷം ഡോളറിന്റെ ചെക്ക് നിങ്ങള്‍ക്കുവേണ്ടി എഴുതിക്കൂട'-അദ്ദേഹം ചോദിച്ചു. 'ഗൂഗിള്‍ ഇന്‍കോര്‍പ്പറേറ്റഡ് ' എന്ന കമ്പനിക്കാണ് ബെച്ചോള്‍ഷീം ചെക്കെഴുതിയത്. ആ പേരിലൊരു കമ്പനി അന്നു ഭൂമിയിലില്ല. ചെക്കുമാറണമെങ്കില്‍ പക്ഷേ, അങ്ങനെയൊരു കമ്പനിയും കമ്പനിക്ക് ബാങ്‌ക്‍അക്കൗണ്ടും വേണം. അങ്ങനെ 'ഗതികെട്ട് ' ലാറിക്കും സെര്‍ജിക്കും ഗൂഗിള്‍കമ്പനി തുടങ്ങേണ്ടി വന്നു!
ഇരുവര്‍
സ്റ്റാന്‍ഫഡ് സര്‍വകലാശാലാക്യാമ്പസില്‍ അവസാനിക്കാത്ത തര്‍ക്കങ്ങളിലും ആലോചനകളിലും മുഴുകി നടന്ന രണ്ട് ഗവേഷണവിദ്യാര്‍ത്ഥികളായിരുന്നു സെര്‍ജിയും ലാറിയും. ആ ചര്‍ച്ചകളാണ് ഗൂഗിളിന് വഴിതെളിച്ചത്, ലോകത്തെ എന്നന്നേക്കുമായി മാറ്റിയത്

സാങ്കേതികവിദ്യയുടെയോ ബിസിനസിന്റെയോ രംഗത്ത് ഇത്തരമൊരു ചങ്ങാത്തം കണ്ടെത്തുക പ്രയാസം. 1995-ല്‍ സ്റ്റാന്‍ഫഡില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് സെര്‍ജിബ്രിനും ലാറിപേജും ആദ്യമായി പരസ്പരം പരിചയപ്പെട്ടത്. ക്രിയാത്മകതയുടെയും ബൗദ്ധീകതയുടെയും എന്തോ ഒരു രസതന്ത്രം ഇരുവരെയും ആകര്‍ഷിച്ചു; ശക്തമായി അടുപ്പിച്ചു. അത് ഗൂഗിളിന് പിറവി നല്‍കി. ലോകത്തെ കൂടുതല്‍ നല്ല സ്ഥലമാക്കി മാറ്റി. ആ അടുപ്പം ഇപ്പോഴും തുടരുന്നു; സമാനതകളില്ലാതെ. ഗൂഗിളിന്റെ ഓരോ മുന്നേറ്റത്തിലും ഈ ഇരുവരുടെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. പുതുമ നശിക്കാതെ ഗൂഗിളിനെ മുന്നോട്ടു നയിക്കുമ്പോള്‍ തന്നെ, ലോകത്തെ എല്ലാ വിവരങ്ങളും കോര്‍ത്തിണക്കിയ ഒരു വിവരശേഖരം ഇവര്‍ സ്വപ്നം കാണുന്നു. ആ വിവരശേഖരത്തില്‍ ഓഫ്ലൈന്‍ വിജ്ഞാനം എന്നു കരുതാവുന്ന പുസ്തകങ്ങള്‍('ഗൂഗിള്‍ ബുക്ക്സെര്‍ച്ച് ' അതിനുള്ളതാണ്) മുതല്‍ ജനിതക വിവരങ്ങള്‍ വരെ ഉള്‍പ്പെടും.
തമാശയല്ല, മനുഷ്യജീനുകളിലും ഡി.എന്‍.എ.ശ്രേണികളിലും തിരച്ചില്‍ നടത്തി ഒരാള്‍ക്ക് സ്വന്തം വിധി കണ്ടെത്താവുന്ന കാലമാണ് ഗൂഗിളിന്റെ ലക്ഷ്യങ്ങളിലൊന്ന്. 'സെലേറ ജിനോമിക്സ് ' എന്ന കമ്പനി സ്ഥാപിച്ച് ആഗോളസംരംഭമായ ഹ്യുമണ്‍ജിനോം പദ്ധതിയെ ഒറ്റയ്ക്കു വെല്ലുവിളിച്ച് മാനവജിനോം കണ്ടെത്തിയ സാക്ഷാല്‍ ക്രേയ്ഗ് വെന്ററാണ് ഇക്കാര്യത്തില്‍ ഗൂഗിളിന്റെ ഉപദേഷ്ടാവും സഹായിയും! ഭൂമിയിലെ മാത്രമല്ല, അന്യഗ്രഹങ്ങളിലെയും വിവരങ്ങള്‍ ഗൂഗിളിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുമെന്നാണ് കഴിഞ്ഞ ഡിസംബര്‍ 19-ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഗൂഗിളും തമ്മില്‍ ഒപ്പുവെച്ച 'സ്പേസ് എഗ്രിമെന്റ് ആക്ട് ' വ്യക്തമാക്കുന്നത്. നാസയുടെ ഉപയോഗയോഗ്യമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. താമസിയാതെ, 'ഗൂഗിള്‍എര്‍ത്ത് ' പോലെ ചന്ദ്രന്റെയും ചൊവ്വയുടെയുമൊക്കെ വിശദമായ ത്രിമാന മാപ്പുകള്‍ വെറുമൊരു മൗസ്ക്ലിക്കിന്റെ അകലത്തില്‍ ഗൂഗിളിലൂടെ ഇന്റര്‍നെറ്റിലെത്തും.
തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നാണ് ലാറിയും സെര്‍ജിയും വരുന്നതെങ്കിലും, ഇരുവര്‍ക്കും പൊതുവായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. കമ്പ്യൂട്ടറിന്റെ രണ്ടാംതലമുറ ഉപഭോക്താക്കളായിരുന്നു ഇരുവരും. കുട്ടിക്കാലത്തു തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനും ഇവര്‍ക്ക് രണ്ടാള്‍ക്കും സ്വന്തം വീടുകളില്‍ തന്നെ അവസരമുണ്ടായി. സങ്കീര്‍ണമായ ഗണിതസമീകരണങ്ങളും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുമൊക്കെയായി മല്ലിടുന്നവരായിരുന്നു ഇരുവരുടെയും മാതാപിതാക്കള്‍. പ്രശസ്തമായ മോന്റെസ്സോറി സ്കൂളിലാണ് ഇരുവരും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന പൊതുപശ്ചാത്തലവുമുണ്ട്.
അറുപതുകളില്‍ മിഷിഗന്‍ സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി കമ്പ്യൂട്ടര്‍ ബിരുദം നേടിയവരിലൊരാളായിരുന്നു ലാറിയുടെ പിതാവ് കാള്‍ വിക്ടര്‍പേജ്. ലാറിയുടെ മാതാവ് ജൂതവംശജയായ ഗ്ലോറിയയും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമുള്ള വ്യക്തിയായിരുന്നു. 1972 ഡിസംബര്‍ 12-ന് ജനിച്ച ലാറി, ചെറുപ്പത്തിലെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ സാഹചര്യത്തിലാണ് വളര്‍ന്നത്. വേര്‍പിരിഞ്ഞെങ്കിലും ലാറിയെ നല്ല രീതിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. ലാറിയുടെ പിതാവുമായി ദീര്‍ഘകാലബന്ധമുണ്ടായിരുന്ന മിഷിഗന്‍ പ്രൊഫസര്‍ ജോയിസ് വൈല്‍ഡെന്താളിന്റെയും സ്വന്തം അമ്മയുടെയും സ്നേഹലാളനകള്‍ ഏറ്റാണ് ലാറി വളര്‍ന്നത്.
ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ശക്തമായ അടിത്തറയുള്ള ഒരു കുടുംബത്തിലാണ് സെര്‍ജിബ്രിന്നിന്റെയും ജനനം. പിതാവ് മൈക്കല്‍ബ്രിന്‍ അമേരിക്കയില്‍ മേരിലന്‍ഡ് സര്‍വകലാശാലയിലെ ഗണിതാധ്യാപകന്‍. നാസയുടെ ഗോദാര്‍ദ്ദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ പ്രമുഖ ശാസ്ത്രജ്ഞയായിരുന്നു മാതാവ് യൂജീനിയ. 1973 ആഗസ്ത് 21-ന് മോസ്കോയിലാണ് സെര്‍ജിയുടെ ജനനം; റഷ്യന്‍ ജൂതകുടുംബത്തില്‍. സെര്‍ജിക്ക് ആറുവയസുള്ളപ്പോള്‍ മാതാപിതാക്കള്‍ അമേരിക്കയിലേക്കു കുടിയേറി. പത്തൊന്‍പതാംവയസില്‍ തന്നെ അണ്ടര്‍ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി, ഗവേഷണ വിദ്യാര്‍ത്ഥിയാകാന്‍ വേണ്ട പത്തുപരീക്ഷയും ഒറ്റയടിക്കു പാസായാണ് സെര്‍ജി സ്റ്റാന്‍ഫഡിലെത്തുന്നത്.
സ്റ്റാന്‍ഫഡ് ക്യാമ്പസില്‍ ലാറിയും സെര്‍ജിയും കണ്ടുമുട്ടുമ്പോഴൊക്കെ അവസാനിക്കാത്ത തര്‍ക്കങ്ങളിലും ആലോചനകളിലും ഇരുവരും മുഴുകുമായിരുന്നു. ആ തര്‍ക്കവും ആലോചനയുമാണ് സെര്‍ച്ചിങ്ങിന്റെ തന്നെ പര്യായമായി മാറിയ ഗൂഗിളിനു വഴിതെളിച്ചത്.
പേരിന് പിന്നില്‍
ഒരു അക്ഷരപിശകില്‍ നിന്നാണ് ഗൂഗിളുണ്ടാകുന്നുത്; ഒരിക്കലും പിഴയ്ക്കാതെ മുന്നേറാന്‍

സ്റ്റാന്‍ഫഡില്‍ 1997-ന്റെ തുടക്കത്തിലാണ് ലാറി പേജ് സെര്‍ച്ച്‌എഞ്ചിന്റെ പ്രാകൃതരൂപം ഉണ്ടാക്കുന്നത്. 'ബാക്ക്‌റബ്'(BackRub) എന്നായിരുന്നു ആദ്യപേര്. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സെര്‍ച്ച്‌എഞ്ചിന് പുതിയൊരു പേര് വേണമെന്നായി. പറ്റിയ പേരൊന്നും കിട്ടിയില്ല. ഒടുവില്‍ ലാറിയും സെര്‍ജിയും കൂടി സഹപാഠിയായ സീന്‍ ആന്‍ഡേഴ്സനെ സമീപിച്ചു. 'ഞാനൊരു ബോര്‍ഡില്‍ പേരുകളെഴുതാം, യോഗ്യമായതെത്തുമ്പോള്‍ പറഞ്ഞാല്‍ മതി'-ആന്‍ഡേഴ്സണ്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ആരംഭിച്ചു. ഓരോ പേരെഴുതുമ്പോഴും ലാറിയും സെര്‍ജിയും ഒരേ സ്വരത്തില്‍ 'വേണ്ട' എന്ന് പറയും. ഈ അഭ്യാസം ദിവസങ്ങളോളം തുടര്‍ന്നു.
ഒരവസരത്തില്‍ ആന്‍ഡേഴ്സണ്‍ ചോദിച്ചു, 'ഗൂഗിള്‍പ്ലെക്സ്(Googleplex) എങ്ങനെ?' അത് ലാറിക്ക് ഇഷ്ടമായി. വളരെ വലിയൊരു സംഖ്യയാണത്. ഒന്നു കഴിഞ്ഞ് നൂറുപൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യ. പ്രപഞ്ചത്തിലുള്ള മൊത്തം തന്മാത്രകളുടെ എണ്ണമെന്നു കരുതുന്ന സംഖ്യ. 'അതിനെ ഗൂഗിള്‍(Google) എന്നു ചുരുക്കിയാലോ'-ലാറി ചോദിച്ചു. അന്ന് വൈകുന്നേരം ലാറി ആ ബോര്‍ഡില്‍ ഇങ്ങനെ എഴുതി Google.com. അങ്ങനെ പേരുണ്ടായി. ഗൂഗിള്‍പ്ലക്സിന്റെ ആദ്യഭാഗം സ്വീകരിച്ചതുകൊണ്ടാണ് 'ഗൂഗിള്‍' ആയത്. യഥാര്‍ത്ഥത്തില്‍ ആ സംഖ്യയെ സൂചിപ്പിക്കുന്ന ചെറുവാക്ക് 'ഗൂഗൊള്‍'(Googol) ആണ്. പക്ഷേ, തെറ്റു കണ്ടെത്തുമ്പോഴേക്കും ലാറിയും സെര്‍ജിയും ഗൂഗിളുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. അങ്ങനെ ഒരു അക്ഷരപിശകില്‍ നിന്ന് ഗൂഗിളുണ്ടായി; ഒരിക്കലും പിഴയ്ക്കാതെ മുന്നേറാന്‍.
(കടപ്പാട്: മാര്‍ക്ക് മല്‍ഷീദിന്റെ സഹായത്തോടെ പുലിറ്റ്സര്‍ ജേതാവ് ഡേവിഡ് എ. വൈസ് രചിച്ച 'ദി ഗൂഗിള്‍ സ്റ്റോറി' എന്ന പുസ്തകത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഈ പരമ്പരയിലെ ലേഖനങ്ങള്‍ രചിക്കുന്നതിന് വളരെയേറെ സഹായകമായിട്ടുണ്ട്. ' ദി എക്കണോമിസ്റ്റ് ', 'ടൈം മാഗസിന്‍', തുടങ്ങിയ ആനുകാലികങ്ങളില്‍ പലപ്പോഴായി ഗൂഗിളിനെപ്പറ്റി വന്ന ഒട്ടേറെ ലേഖനങ്ങളും, 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച ഏതാനും ലേഖനങ്ങളും, എണ്ണമറ്റ പത്രവാര്‍ത്തകളും, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളും, വിക്കിപീഡിയയിലെ ഗൂഗിള്‍ ലേഖനവും, ഗൂഗിള്‍ സൈറ്റില്‍ നിന്നുള്ള വിവരങ്ങളും ഈ ലേഖനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്)
14 comments:
സമാനതകളില്ലാത്ത ഒന്നാണ് ഗൂഗിളിന്റെ വിജയഗാഥ. ഒന്നുമില്ലായ്മയില്‍ നിന്ന് വെറും എട്ടുവര്‍ഷം കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയ ചരിത്രം. അതെക്കുറിച്ച ഒരു പരമ്പര.
നല്ല ആറ്ട്ടിക്കള്‍ . ഗൂഗള്‍ സത്യ്ത്തില്‍ ഒരു വിസ്മയം തന്നെ. ഗൂഗിള്‍ ലാബില്‍ നടക്കുന്ന പരീക്ഷണങല്ല്ക്കു കണക്കില്ല. ഇന്നലെത്തന്നെ എന്റെ ഒരു ഫ്രണ്ടിന്റെ കൈയില്‍ നിന്നും എത്ര എണ്ണമാ പിഴച്ചു പോയതു?
തനിമലയാളത്തിനും അഭിമാനിക്കാം.നമ്മുടെ ഇടയിലെ പ്രധാനി ഗൂഗിളിലേക്ക് ജോലിക്കായി കയറികഴിഞ്ഞു.നമുക്ക് മുന്നില്‍ പുതിയ ലോകം തുറക്കപ്പെടും എന്ന് വിശ്വസിക്കാം.
ജൊ,
വളരെ നല്ല ലേഖനം.
വളരെ നന്ദിയുണ്ട്.
സസ്നേഹം,
ചിത്രകരന്‍
ജൊസഫ് ആന്റണി,
പേരുമാറിപ്പോയതിനു ക്ഷമാപണം.
-ചിത്രകരന്‍
ഒരു പാടറിവു നല്‍കിയ ലേഖനം.
ഇനിയും ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു.
ഗൂഗിളിന് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു. ഭാവിയില്‍ ഇന്‍ഫര്‍മേഷന്‍ ലോകത്തെ സര്‍വാധിപനാകാന്‍ പോകുന്നു ഇവന്‍... എല്ലാ കുത്തകകളും മനുഷ്യരാശിക്ക് ദോഷകരമായിത്തീരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു....
desktop computing-ന്റെ കാലം എണ്ണപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഇവന്‍ കൂടുതല്‍ കരുത്തനാകാനാണ് സാധ്യത.
(മറ്റേ കുത്തകഭീമനുമായുള്ള താരതമ്യവും തുടര്‍ന്നുള്ള ലക്കങ്ങളില്‍ പ്രതീക്ഷിക്കുന്നു. take over കളികളിലൂടെയാണ് രണ്ടുകൂട്ടരും തങ്ങളുടെ കുത്തക ഉറപ്പിച്ചത്.)ഭാവി തലമുറ 'ഇന്‍ഫര്‍മേഷന്‍' എന്നതിനെ ഇവന്റെ പര്യായമായി കരുതിയേക്കാം.
ലേഘനം നന്നായി
പക്ഷേ, ഗൂഗിള്‍ എന്ന പേരു വന്നതിനു രണ്ട് വിശദീകരണം കണ്ടു.
ഒരെണ്ണം കൂടി പറയാം. ലാറിയും സെര്‍ജിയും ഗോഗിള്‍ എന്നാണ് ആദ്യം പേരിട്ടത്. പക്ഷേ, ആന്‍ഡി ചെക്ക് കൊടുത്തപ്പോള്‍ സ്പെല്ലിംഗ് തെറ്റി ഗൂഗിള്‍ന്നായിപ്പോയി, എന്നാ പിന്നെ കമ്പനി അങ്ങിനെയാവട്ടേന്നും കരുതി
ഗൂഗിള്‍ ഭാവിയില്‍ കുത്തക സ്വഭാവം കാണിക്കില്ലെന്നാണ് എല്ലാവരുടേയും വിശ്വാസം. ആ വിശ്വാസം ഇന്റര്‍നെറ്റിനെ രക്ഷിക്കട്ടെയെന്നു മാത്രമേ തല്‍ക്കാലം പറയാന്‍ പറ്റൂ. ഗൂഗിളിന് വരുന്ന പകരക്കാരൊന്നും പച്ച തൊടാതെ പോവുകയാണ്. എങ്കിലും അസാധ്യമായി ഒന്നുമില്ല
വളരെ നന്നായിരിക്കുന്നു.വിവരങ്ങള്‍ തുടര്‍ന്നും അപ്ഡേറ്റ് ചെയ്യുക
ജോസഫ് ആന്റണി, ഒരു ചെറിയ സജഷന്‍ :
എല്ലാ ആര്‍ട്ടിക്കിളും രസം പിടിച്ചു വരുമ്പോ തീര്‍ന്നു പോകുന്നു. അപ്പോ പിന്നെ ഗൂഗിളേട്ടനെ തന്നെ ശരണം പ്രാപിക്കേണ്ടി വരുന്നു.
റെഫറന്‍സുകള്‍ url ആയി തന്നെ കൊടുക്കുകയാണെങ്കില്‍ കുറേക്കൂടി നന്നായേനേ. തുടരന്റെ ചൂടു പോകാതിരിക്കാന്‍ ഒന്നോ രണ്ടോ url വീതം കൊടുത്തു പോയാലും മതി.
വായനക്കാരനെ ആകര്‍ഷിക്കുന്ന സരളമായ ഭാഷ .
വിജ്ഞാനപ്രദമായ നല്ല ലേഖനം.
വളരെ നല്ല പോസ്റ്റ്. ഗൂഗിള്‍ നേടുന്ന കൂടിയ വിജയത്തേക്കാള്‍ അതില്‍ പങ്കാളികളാകുന്ന ഓരോരുത്തരും വിജയിക്കുന്നു.
"സാങ്കേതികവിദ്യയുടെയോ ബിസിനസിന്റെയോ രംഗത്ത് ഇത്തരമൊരു ചങ്ങാത്തം കണ്ടെത്തുക പ്രയാസം"
Above statement is not exactly correct.
Hewlette and packard were the very famous friends in tech-industry. HP company was established by them at 1970s. from then till their death (1990s )they were good friends.
Post a Comment