Friday, September 13, 2013

ഒരു വര്‍ഷത്തിലേറെയായി വോയജര്‍ ഒന്ന് സൗരയൂഥത്തിന് വെളിയില്‍ !

 
വോജയര്‍ ഒന്ന് പേടകം സൗരയൂഥം കടന്ന് നക്ഷത്രാന്തരലോകത്തിന്റെ വിശാലതയിലേക്ക് പ്രവേശിച്ചോ എന്ന കാര്യത്തില്‍ ഇനി തര്‍ക്കം വേണ്ട. നാസ അക്കാര്യം സ്ഥിരീകരിച്ചു.

സൂര്യന്റെ സാമ്രാജ്യത്തില്‍നിന്ന് ആ പേടകം 2012 ആഗസ്ത് 25 ന് പുറത്തുകടന്നു എന്നാണ് നാസയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ലക്കം സയന്‍സ് മാഗസിന്‍ അതിനെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനുഷ്യനിര്‍മിതമായ ഒരു പേടകം ആദ്യമായാണ് സൗരയൂഥത്തിന്റെ അതിര്‍ത്തി കടക്കുന്നത്. ഇതൊരു ചരിത്രമൂഹൂര്‍ത്തമാണെന്ന്, വോയജര്‍ ദൗത്യത്തിന് നാലുപതിറ്റാണ്ടായി നേതൃത്വം നല്‍കുന്ന ഗവേഷകന്‍ എഡ് സ്റ്റോണ്‍ പറയുന്നു.

എങ്ങനത്തെ മുഹൂര്‍ത്തമെന്ന് ചോദിച്ചാല്‍, ഭൂമിയെ ചുറ്റി മനുഷ്യന്‍ ആദ്യം സഞ്ചരിച്ചതുപോലുള്ള, അല്ലെങ്കില്‍ ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യം കലുകുത്തിയതുപോലുള്ള ഒന്ന്.

സൂര്യന്റെ സ്വാധീനവലയത്തിലുള്ള മേഖലയാണ് സൗരയൂഥം. ആ മേഖലയെക്കുറിച്ചേ ഇതുവരെ ശാസ്ത്രലോകത്തിന് നേരിട്ടുള്ള അറിവുള്ളൂ. അതിന് വെളിയില്‍ വിദൂരനക്ഷത്രങ്ങളുടെ സ്വാധീനമുള്ള 'യഥാര്‍ഥ സ്‌പേസ്' എങ്ങനെയെന്ന് നേരിട്ടുള്ള അറിവ് ഇപ്പോഴും ശാസ്ത്രലോകത്തിനില്ല.

അക്കാര്യത്തില്‍ ശാസ്ത്രലോകത്തിന്റെ ആദ്യ അറിവ് ഇനി ലഭിക്കുക വോയജര്‍ ഒന്നില്‍ നിന്നായിരിക്കും. ശാസ്ത്രമൊരു പുതിയ യുഗത്തിലേക്ക് ചുവടുവെയ്ക്കുന്നുവെന്ന് സാരം!

1977 ലാണ് സൗരയൂഥത്തിന്റെ ബാഹ്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ നാസയുടെ വോയജര്‍ ഒന്നും രണ്ടും വാഹനങ്ങള്‍ പുറപ്പെട്ടത്. 36 വര്‍ഷംകൊണ്ട് 1877 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് വോജയര്‍ ഒന്നിപ്പോള്‍ നക്ഷത്രാന്തരലോകത്തേക്ക് കടന്നിരിക്കുന്നു. വോജയര്‍ രണ്ടും അധികം വൈകാതെ ആ പാത പിന്തുടരും.

മണിക്കൂറില്‍ 59,000 കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിയില്‍നിന്ന് അകന്നുകൊണ്ടിരിക്കുന്ന വോയജര്‍ ഒന്നില്‍ പ്രവര്‍ത്തനക്ഷമമായ നാല് നിരീക്ഷണോപകരണങ്ങള്‍ ഇപ്പോഴുമുണ്ട്. അവയില്‍ നിന്നുള്ള വിവരങ്ങള്‍ ഭൂമിയിലെത്താന്‍ 17 മണിക്കൂര്‍ വേണം. വോജയര്‍ ഒന്നിന് ഒരു നിര്‍ദേശം നല്‍കിയാല്‍ അതിന്റെ മറുപടി ലഭിക്കാന്‍ 34 മണിക്കൂര്‍ കാക്കണമെന്ന് സാരം.

വൊയേജര്‍ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ഭീമന്‍ ആന്റിനകളുടെ ഒരു ആഗോള ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നു; ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക് ( Deep Space Network ) എന്ന പേരില്‍. വൊയേജര്‍ ദൗത്യത്തിന് ആന്റിന സമയത്തില്‍ വിലയേറിയ പത്തു മണിക്കൂര്‍ വീതം ദിവസവും ലഭിക്കുകയും ചെയ്യുന്നു. വോയജറിന്റെ പുതിയലോകത്തേക്കുള്ള പ്രവേശനത്തിന് ശാസ്ത്രലോകം എത്ര പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

കാണുക -
ഇനി അനന്തതയിലേക്ക്; വോയജര്‍ സൗരയൂഥം കടന്നു
വോയജര്‍ പുതിയ ലോകത്തേക്ക് ; ശാസ്ത്രവും
ബഹിരാകാശ ദൗത്യങ്ങള്‍ -1 : വോയജര്‍