Wednesday, December 30, 2015

ഐന്‍സ്‌റ്റൈന്റെ മഹാസിദ്ധാന്തത്തിന് 100 വയസ്സ്

പുതിയ കാലത്തെ പ്രപഞ്ചസങ്കല്‍പ്പമാകെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച 'സാമാന്യ ആപേക്ഷിതാ സിദ്ധാന്ത'ത്തിന്റെ ചുവടുപിടിച്ച് രൂപപ്പെട്ടതാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും അന്തിമവിധിയും അടങ്ങിയ ആ മഹാസിദ്ധാന്തം അവതരിപ്പിച്ചിട്ട് 2015 നവംബര്‍ 25ന് ഒരു നൂറ്റാണ്ട് തികഞ്ഞു

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ 'ഇന്റര്‍സ്റ്റെല്ലാര്‍' ('Interstellar') സിനിമ കണ്ട പലരും അതിലെ 'കടിച്ചാല്‍ പൊട്ടാത്തതും' 'എടുത്താല്‍ പൊന്താത്തതു'മായ ശാസ്ത്രസങ്കല്‍പ്പങ്ങളെക്കുറിച്ച് അത്ഭുതപ്പെട്ടു. തമോഗര്‍ത്തങ്ങളും വേം ഹോളുകളും സ്‌പേസ്‌ടൈം വാര്‍പ്പും ടൈം ട്രാവലുമൊക്കെ മനുഷ്യഭാവനയ്ക്ക് പോലും വഴങ്ങാത്ത തരത്തിലുള്ള സങ്കീര്‍ണതകളാണെന്ന് ചിലര്‍ പരാതിപ്പെട്ടു. കഴിയുന്നത്ര കൃത്യതയോടെ അവയൊക്കെ സിനിമയില്‍ ദൃശ്യവത്ക്കരിക്കാന്‍ പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ കിപ് തോണ്‍ ആണ് സംവിധായകനെ സഹായിച്ചത്.

അവയൊന്നും പക്ഷേ, പുതിയ സങ്കല്‍പ്പങ്ങളായിരുന്നില്ല. കഴിഞ്ഞ നൂറുവര്‍ഷമായി ഒരു മഹാസിദ്ധാന്തവുമായി ശാസ്ത്രലോകം പടവെട്ടിയതിന്റെ അന്തരഫലങ്ങളാണ് മേല്‍സൂചിപ്പിച്ച സങ്കല്‍പ്പങ്ങളോരോന്നും. 'സാമാന്യ ആപേക്ഷികതാ സിദ്ധാന്തം' ('ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി') എന്നാണ് അത് അറിയപ്പെടുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ആ സിദ്ധാന്തത്തിന്റെ അന്തിമരൂപം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് 1915 നവംബര്‍ 25നാണ്.

സാധാരണക്കാരുടെ മനസില്‍ ഐന്‍സ്‌റ്റൈന് സ്ഥാനംനേടിക്കൊടുത്തത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഊര്‍ജസമവാക്യമാണ്. പദാര്‍ഥവും ഊര്‍ജവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് സ്ഥാപിക്കുന്ന ആ സമവാക്യമാണ് ഒരര്‍ഥത്തില്‍ ആറ്റംബോംബിന്റെ വരെ അടിത്തറ! വേഗം കൂടുമ്പോള്‍ സമയം പിന്നോട്ടിഴയും എന്നതായിരിക്കാം (ടൈം ഡയലേഷന്‍ എന്നാണിതിന്റെ പേര്) ഐന്‍സ്‌റ്റൈന്റെ കണ്ടുപിടിത്തങ്ങളില്‍ സാധാരണക്കാരെ അമ്പരപ്പിച്ച മറ്റൊരു സങ്കല്‍പ്പം. ഈ സങ്കല്‍പ്പങ്ങളൊക്കെ പക്ഷേ, 1905ല്‍ അദ്ദേഹം അവതരിപ്പിച്ച 'വിശിഷ്ട ആപേക്ഷികതാ സിദ്ധാന്ത'ത്തില്‍ ('സ്‌പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റി') ഉള്‍പ്പെട്ടതാണ്.

ഊര്‍ജസമവാക്യം ഉള്‍പ്പടെ മേല്‍സൂചിപ്പിച്ച സംഗതികള്‍ കണ്ടെത്തിയ ഐന്‍സ്റ്റൈന് പിന്നെയും പത്തുവര്‍ഷത്തെ കഠിനാധ്വാനം വേണ്ടിവന്നു 'സമാന്യ ആപേക്ഷികതാ സിദ്ധാന്ത'ത്തിലേക്ക് എത്താനെന്ന് പറയുമ്പോള്‍, എന്താകും ആ മഹാസിദ്ധാന്തത്തിന്റെ ഉള്ളടക്കമെന്ന് ഊഹിക്കാന്‍ തന്നെ ബുദ്ധിമുട്ടാകും. 1970കളില്‍ എഴുത്തുകാരനായ സി.പി.സ്‌നോ ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്തി: വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം 1905ല്‍ പ്രസിദ്ധീകരിക്കാന്‍ ഐന്‍സ്‌റ്റൈന് കഴിയാതെ വന്നിരുന്നെങ്കില്‍, രണ്ടോമൂന്നോ വര്‍ഷത്തിനുള്ളില്‍ മറ്റാരെങ്കിലും ആ സിദ്ധാന്തവുമായി രംഗത്തെത്തിയേനെ. അത്തരമൊരു സിദ്ധാന്തത്തിന്റെ ഈറ്റുനോവിലായിരുന്നു ശാസ്ത്രലോകം. എന്നാല്‍, സാമാന്യ ആപേക്ഷികതാ സിദ്ധാന്തം 1915ല്‍ ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ചിരുന്നില്ലെങ്കില്‍, ലോകമിന്നും ആ സിദ്ധാന്തത്തിനായി കാത്തിരുന്നേനെ! ഐന്‍സ്‌റ്റൈനിലെ പ്രതിഭ ശരിക്കും വെളിപ്പെട്ടത് 1915 ലാണെന്ന് സാരം.

രണ്ട് 'ആപേക്ഷികതാ സിദ്ധാന്തങ്ങള്‍' ഐന്‍സ്റ്റൈന്‍ ആവിഷ്‌ക്കരിച്ചുവെന്ന് വ്യക്തമായല്ലോ. അതില്‍ 1905ലെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അങ്ങേയറ്റം ലളിതമായ ഒരു സങ്കല്‍പ്പത്തിന് മേലാണ് കെട്ടിയുയര്‍ത്തിയിരിക്കുത്. നിങ്ങള്‍ ഏത് ചലനാവസ്ഥയിലായാലും ശരി, ഭൗതികശാസ്ത്രത്തിലെ മൗലികനിയമങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല - ഇതാണ് ആ സിദ്ധാന്തത്തിന്റെ കാതല്‍. ആ സിദ്ധാന്തത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഗതികളിലൊന്ന് പ്രകാശവേഗവുമായി ബന്ധപ്പെട്ട ആശയങ്ങളായിരുന്നു. സെക്കന്‍ഡില്‍ 2,99,792 കിലോമീറ്റര്‍ ആണ് ശൂന്യതയില്‍ പ്രകാശത്തിന്റെ പ്രവേഗം. ഇതൊരു പ്രാപഞ്ചിക സ്ഥിരാങ്കമാണ്. മാത്രമല്ല, പ്രപഞ്ചത്തില്‍ ഏത് വസ്തുവിനും സാധ്യമായ പരമാവധി വേഗവും ഇതുതന്നെയാണെന്ന് ഐന്‍സ്റ്റൈന്‍ പ്രഖ്യാപിച്ചു. ഒരര്‍ഥത്തില്‍, ക്ലാസിക്കല്‍ ഭൗതികത്തിന്റെ അങ്ങേത്തലയ്ക്കല്‍ ഗലീലിയോ ഗലീലിയും ഐസക് ന്യൂട്ടനും ആവിഷ്‌ക്കരിച്ച ചലനനിയമങ്ങളും, ഇങ്ങേത്തലയ്ക്കല്‍ മൈക്കല്‍ ഫാരഡെയും ജെയിംസ് ക്ലാക്ക് മാക്‌സ്‌വെല്ലും അവതരിപ്പിച്ച വൈദ്യുതകാന്തിക സിദ്ധാന്തവും തമ്മില്‍ കൂട്ടിക്കെട്ടുകയാണ് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തില്‍ ഐന്‍സ്റ്റൈന്‍ ചെയ്തത്.

1879 മാര്‍ച്ച് 14ന് ജര്‍മനിയിലെ ഉം പട്ടണത്തില്‍ ജനിച്ച ഐന്‍സ്റ്റൈന്‍, സൂറിച്ചില്‍ 'സ്വിസ്സ് ഫെഡറല്‍ പോളിടെക്‌നിക്കല്‍ സ്‌കൂളി'ലെ പഠനം മികവോടെ പൂര്‍ത്തിയാക്കാത്തതിനാല്‍ അധ്യാപകനാവുകയെന്ന മോഹം ഉപേക്ഷിക്കേണ്ടി വന്ന വ്യക്തിയാണ്. സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ ബേണിലെ പേറ്റന്റ് ഓഫിസില്‍ ഗുമസ്തനായി ചേര്‍ന്ന ആ യുവാവ്, പേറ്റന്റ് അപേക്ഷകള്‍ പരിശോധിക്കുന്ന ജോലിക്കിടെ ഭൗതികശാസ്ത്രത്തിലെ നാഴികക്കല്ലുകളായി മാറിയ ഏതാനും പ്രബന്ധങ്ങള്‍ 1905ല്‍ പ്രസിദ്ധീകരിച്ചു. അതില്‍ ഏറ്റവും പ്രധാനം 'വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം' ആയിരുന്നു (പ്രകാശത്തെ കണങ്ങളായി പരിഗണിച്ചുകൊണ്ട് ഫോട്ടോഇലക്ട്രിക് പ്രഭാവത്തിന് നല്‍കിയ വിശദീകരമായിരുന്നു അതില്‍ മറ്റൊരു പ്രബന്ധത്തിന്റെ ഉള്ളടക്കം. അതിന് 1921ല്‍ ഐന്‍സ്റ്റൈന് നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ആപേക്ഷികതാ സിദ്ധാന്തം പക്ഷേ, അത്തരമൊരു പുരസ്‌ക്കാരത്തിന് അര്‍ഹമാണെന്ന് നൊബേല്‍ കമ്മറ്റിക്ക് തോന്നിയില്ല!).

1907ല്‍ ഒരു സയന്‍സ് ഇയര്‍ബുക്കിന് വേണ്ടി ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ച് ലേഖനം തയ്യാറാക്കുമ്പോഴാണ് ഒരുകാര്യം ഐന്‍സ്‌റ്റൈന്‍ ശ്രദ്ധിച്ചത് - തന്റെ സിദ്ധാന്തത്തില്‍ ഗുരുത്വബലം (ഗ്രാവിറ്റി) ഉള്‍പ്പെടുന്നില്ല. ഗുരുത്വബലംകൂടി ഉള്‍പ്പെടുത്തി ആ സിദ്ധാന്തം സാമാന്യവത്ക്കരിക്കാനായി പിന്നീടുള്ള ശ്രമം. അതാണ് ഒടുവില്‍ 'സാമാന്യ ആപേക്ഷികതാ സിദ്ധാന്ത'മായി മാറിയത്. ന്യൂട്ടന്റെ ഗുരുത്വബല സിദ്ധാന്തത്തെ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ ഐന്‍സ്‌റ്റൈന്‍ നവീകരിച്ചപ്പോള്‍ വെളിവായത്, ഗുരുത്വബലമെന്ന് കേവലമൊരു ബലമേയല്ല - അതൊരുതരം ജ്യാമിതിയാണ് എന്നാണ്! ഐന്‍സ്റ്റൈന്റെ സിദ്ധാന്തത്തോടെ ന്യൂട്ടന്റെ സിദ്ധാന്തം അപ്രസക്തമായി എന്ന് കരുതുന്നവരുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. ന്യൂട്ടന്റെ സിദ്ധാന്തത്തെ പരിഷ്‌ക്കരിക്കുകയാണ് ഐന്‍സ്റ്റൈന്‍ ചെയ്തത്. റോക്കറ്റുകളയയ്ക്കുക, ഗ്രഹചലനങ്ങള്‍ വിശദീകരിക്കുക തുടങ്ങിയ നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ ഇന്നും ന്യൂട്ടനെ തന്നെയാണ് ശാസ്ത്രം ആശ്രയിക്കുന്നത്. തമോഗര്‍ത്തങ്ങള്‍, പ്രപഞ്ചവികാസം പോലുള്ള സംഗതികള്‍ വരുമ്പോഴാണ് ഐന്‍സ്‌റ്റൈന്റെ ആവശ്യം വരുന്നത്.


തന്റെ തനത് ശൈലിയില്‍, ലളിതമായ ഒരു ചിന്താപരീക്ഷണത്തില്‍ നിന്നാണ് ഗുരുത്വബലം സംബന്ധിച്ച അന്വേഷണം ഐന്‍സ്റ്റൈന്‍ ആരംഭിച്ചത്. ഒരു ഗുരുത്വമണ്ഡലത്തില്‍ തടസ്സമില്ലാതെ പതിക്കുന്ന വസ്തുവിന്, താഴേക്കുള്ള ആ വിഴ്ചയില്‍ ഭാരം അനുഭവപ്പെടുമോ ഇല്ലയോ? ഇതായിരുന്നു പ്രശ്‌നം. ഇല്ല എന്ന നിഗമനത്തില്‍ ഐന്‍സ്റ്റൈനെത്തി. ഗുരുത്വമണ്ഡലമാകയാല്‍ താഴേക്ക് വീഴുന്ന വേളയില്‍ വസ്തുവിന് ത്വരണം (ആക്‌സലറേഷന്‍) സംഭവിക്കും. ത്വരണവും ഗുരുത്വബലവും തമ്മിലുള്ള സംതുലനാവസ്ഥമൂലമാണ് വസ്തുവിന് ഭാരം അനുഭവപ്പെടാത്തത്....സ്ഥലകാലങ്ങളുടെ (സ്‌പേസ്‌ടൈമിന്റെ) വക്രതയാണ് യഥാര്‍ഥത്തില്‍ ഗുരുത്വബലമായി അനുഭവപ്പെടുന്നതെന്ന സങ്കല്‍പ്പത്തിലേക്ക് ഐന്‍സ്റ്റൈനെ എത്തിച്ചത് ഈ ദിശയിലുള്ള അന്വേഷണമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മന്‍ ഗണിതപ്രതിഭ ബേണ്‍ഹാഡ് റീമാന്‍, വക്രപ്രതലങ്ങളെ കൈകാര്യം ചെയ്യാന്‍ വികസിപ്പിച്ച ജ്യോമതി (നൊണ്‍-യുക്ലിഡിയന്‍ ജ്യാമിതി) തുണയായി.

ആ ജ്യാമിതിയുടെ സഹായത്തോടെ തയ്യാറാക്കിയ വെറും മൂന്നുപേജുള്ള 'ദി ഫീല്‍ഡ് ഇക്വേഷന്‍സ് ഓഫ് ഗ്രാവിറ്റേഷന്‍' ബെര്‍ലിനിലെ പ്രൂഷ്യന്‍ അക്കാദമി ഓഫ് സയന്‍സസില്‍ നൂറുവര്‍ഷം മുമ്പ് അവതരിപ്പിക്കുമ്പോള്‍, മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പങ്ങളെയാകെ കടപ്പുഴക്കാന്‍ പോന്ന ഒരു ബോംബാണ് അവിടെ ഐന്‍സ്റ്റൈന്‍ പൊട്ടിക്കുന്നതെന്ന് ആര്‍ക്കും ബോധ്യമുണ്ടായിരുന്നില്ല. സംഭവിച്ചത് പക്ഷേ, അതാണ്. മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പം പീന്നീടൊരിക്കലും പഴയതുപോലെ ആയില്ല!

സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിനായുള്ള അന്വേഷണത്തിനിടെ ഐന്‍സ്റ്റൈന്‍ ബേണിലെ പേറ്റന്റ് ഓഫീസ് വിട്ടിരുന്നു. സൂറിച്ച് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാവുകയും, പിന്നീട് പ്രാഗില്‍ പ്രൊഫസറായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. 1914ല്‍ ബെര്‍ലിനിലെ കൈസര്‍ 'വില്‍ഹം ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഫിസിക്‌സി'ന്റെ ഡയറക്ടറായി അദ്ദേഹം സ്ഥാനമേറ്റു. അതിനിടെ, ന്യൂട്ടന്റെ സിദ്ധാന്തംകൊണ്ട് പരിഹരിക്കാന്‍ കഴിയാതെ വന്ന ഒരു പ്രശ്‌നം സ്വന്തം സിദ്ധാന്തത്തിന്റെ സഹായതത്താല്‍ ഐന്‍സ്റ്റൈന്‍ പരിഹരിച്ചത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ആദ്യവിജയമായി. ബുധന്‍ ഗ്രഹത്തിന്റെ ഭ്രമണപഥം സംബന്ധിച്ച പ്രശ്‌നമായിരുന്നു അത്.

അടുത്ത വിജയം വന്നത്, പ്രസിദ്ധ ബ്രിട്ടീഷ് നക്ഷത്രഭൗതിക ശാസ്ത്രജ്ഞന്‍ ആര്‍തര്‍ എഡിങ്ടണിന്റെ നേതൃത്വത്തിലുള്ള സംഘം ദക്ഷിണാഫ്രിക്കയില്‍ പോയി സൂര്യഗ്രഹണം നിരീക്ഷിച്ചപ്പോഴായിരുന്നു. സൂര്യന്റെ ഗുരുത്വബലം മൂലം അതിനടുത്തുള്ള സ്‌പേസ് വക്രീകരിക്കപ്പെടുമെന്നും, സൂര്യന് സമീപത്തുകൂടി കടന്നുവരുന്ന നക്ഷത്രപ്രകാശത്തിന് അതിനാല്‍ ദിശാവ്യതിയാനമുണ്ടാകുമെന്നും ഐന്‍സ്റ്റൈന്‍ പ്രവചിച്ചു. സൂര്യഗ്രഹണവേളയില്‍ ആകാശം ഇരുളുകയും നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ ഇത് അളന്ന് തിട്ടപ്പെടുത്താമെന്നും ഐന്‍സ്‌റ്റൈന്‍ പറഞ്ഞു. എഡിങ്ടണും കൂട്ടരും നടത്തിയ നിരീക്ഷണത്തില്‍ ഐന്‍സ്‌റ്റൈന്‍ പ്രവചിച്ചത് ശരിയാണെന്ന് തെളിഞ്ഞു. 1919 നവംബര്‍ ആറിന് ലണ്ടനില്‍ റോയല്‍ സൊസൈറ്റിയുടെയും റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെയും സംയുക്തയോഗത്തില്‍ ആ ഫലം അവതരിപ്പിക്കപ്പെട്ടു. അതോടെയാണ് നമുക്കിന്ന് പരിചിതനായ ഐന്‍സ്‌റ്റൈന്‍ എന്ന 'സൂപ്പര്‍സ്റ്റാര്‍' ജനിക്കുന്നത്!

നൂറുവര്‍ഷം മുമ്പ് അദ്ദേഹം അവതരിപ്പിച്ച ആ സിദ്ധാന്തത്തിന്റെ മുന്നോട്ടുള്ള ഗതി ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ സമീപകാല ചരിത്രമാണ്. രണ്ടുതരത്തിലാണ് ഐന്‍സ്റ്റൈന്റെ ഫീല്‍ഡ് സമവാക്യങ്ങളെ ശാസ്ത്രലോകം സമീപിച്ചത്. ആദ്യത്തെ കൂട്ടര്‍ അതിന്റെ വ്യത്യസ്ത ഫലങ്ങള്‍ എന്തൊക്കെയാണെന്ന് തിട്ടപ്പെടുത്താനുള്ള നിരന്തരശ്രമങ്ങള്‍ തുടര്‍ന്നു. പ്രപഞ്ചത്തിന്റെ വിശാലഘടനയും, പ്രപഞ്ചവികാസവും, തമോഗര്‍ത്തങ്ങളും, ന്യൂട്രോണ്‍താരങ്ങളും, വേംഹോളുകളും, ഗ്രാവിറ്റേഷണല്‍ ലെന്‍സിങും, ശ്യാമോര്‍ജവും (ഡാര്‍ക്ക് എനര്‍ജി) ഒക്കെ, ശാസ്ത്രലോകത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് പലകാലങ്ങളിലായി ആ ഫീല്‍ഡ് സമവാക്യങ്ങളില്‍നിന്ന് പുറത്തുചാടി. ഐന്‍സ്റ്റൈന്റെ ഫീല്‍ഡ് സമവാക്യങ്ങളെ ഇനിയും പൂര്‍ണമായി മെരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പുതിയ ഫലങ്ങള്‍ ഇനിയും കണ്ടെത്താനാകുമെന്ന് സാരം!

ഇരുപതാംനൂറ്റാണ്ടില്‍ രൂപംകൊണ്ട ഭൗതികശാസ്ത്രത്തിലെ മറ്റൊരു മഹാസ്തംഭമായ ക്വാണ്ടംഭൗതികവുമായി ഐന്‍സ്റ്റൈന്റെ സിദ്ധാന്തം കൂട്ടിയിണക്കാനുള്ള ശ്രമമാണ് രണ്ടാമത്തെ കൂട്ടര്‍ നടത്തിയത്. ഐന്‍സ്‌റ്റൈന്റെ ഫീല്‍ഡ്‌സമവാക്യങ്ങള്‍ വിശാലപ്രപഞ്ചത്തെയാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം, ക്വാണ്ടംഭൗതികം ആറ്റങ്ങളും ഉപആറ്റമിക കണങ്ങളുമടങ്ങിയ സൂക്ഷ്മപ്രപഞ്ചത്തെയും. ഇവ രണ്ടും പ്രായോഗികമായി ശരിയെന്ന് തെളിഞ്ഞിട്ടുള്ള സിദ്ധാന്തങ്ങളാണ്. എന്നാല്‍, ഇവ തമ്മില്‍ പരസ്പരം ചേരുന്നില്ല. അതിനുള്ള മാര്‍ഗം നൂറുവര്‍ഷമായിട്ടും തുറന്നുകിട്ടിയിട്ടില്ല. ആധുനിക ഭൗതികശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിത്.

നൂറുവര്‍ഷം കഴിഞ്ഞിട്ടും ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമുയര്‍ത്തിയ വെല്ലുവിളി അവസാനിച്ചിട്ടില്ലെന്ന് സാരം. ആ വെല്ലുവിളി നേരിടാന്‍ 'പുതിയൊരു ന്യൂട്ടനെയോ ഐന്‍സ്‌റ്റൈനെയോ' കാക്കുകയാണ് ഇന്ന് ശാസ്ത്രലോകം.

(അവലംബം: 1. The Perfect Theory (2014), by Pedro G.Ferreira; 2. Einstein: His Life and Universe (2007), by Walter Isaacson; 3. Black Holes & Time Warps - Einstein's Outrageous Legacy (1994), by Kip S. Thorne).

by ജോസഫ് ആന്റണി 

-2015 നവംബര്‍ 25ന് മാതൃഭൂമി ദിനപത്രത്തിലും മാതൃഭൂമി ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം.

Wednesday, May 13, 2015

ഡല്‍ഹി-മോസ്‌കോ-വാഷിങ്ടണ്‍: ഒരു നടത്തത്തിന്റെ കഥ



എടത്തില്‍ പ്രഭാകരന്‍ മേനോന്‍ എന്ന മലയാളി, രാജസ്ഥാന്‍കാരനായ സുഹൃത്ത് സതീഷ് കുമാറിനൊപ്പം, ആണവമുക്തലോകമെന്ന മുദ്രാവാക്യവുമായി ന്യൂഡല്‍ഹിയില്‍നിന്ന് വാഷിങ്ടണ്‍വരെ കാല്‍നടയായി പോയതിന്റെ വിവരണമാണ് 'Footprints on Friendly Roads' എന്ന ഗ്രന്ഥം. അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു യാത്രാവിവരണമല്ല ഇത്. പക്ഷേ, അസാധാരണമായ ഒരു അനുഭവത്തിന്റെ രേഖപ്പെടുത്തലാണ് ഈ ഗ്രന്ഥം. യാത്രയവസാനിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ മേനോന്‍ ഇങ്ങനെ എഴുതി: 'ഭൂമി ഉരുണ്ടതാണെന്ന് ഞങ്ങളുടെ പാദങ്ങള്‍ കണ്ടെത്തി, ഭൂമിയില്‍ എല്ലായിടത്തും മനുഷ്യര്‍ ഒരുപോലെയാണെന്ന് ഞങ്ങളുടെ ഹൃദയങ്ങളും'. ഭൂമിയെ അനേകം പ്രാവശ്യം ചുട്ടെരിക്കാന്‍ പോന്നത്ര ആണവായുധങ്ങള്‍ക്ക് മേല്‍ ലോകസമാധാനം അടയിരിക്കുന്ന ഇക്കാലത്ത്, തീവ്രവാദവും മതസ്പര്‍ദയും തീവ്രദേശിയതയും മുമ്പെങ്ങുമില്ലാത്തവിധം പ്രത്യക്ഷപ്പെടുന്ന സമയത്ത്, അരനൂറ്റാണ്ട് മുമ്പ് നടന്ന ആ സമാധാനദൗത്യത്തിന്റെ വായനക്ക് പുതിയ അര്‍ഥങ്ങളുണ്ട്.
----------

ന്യൂഡല്‍ഹിയില്‍നിന്ന് വാഷിങ്ടണ്‍വരെ നടന്നുപോയ മലയാളിയെക്കുറിച്ച് കേരളീയര്‍ അറിയുന്നത് 2014 ഒക്ടോബര്‍ 12 ന് കെ.വിശ്വനാഥ് 'മാതൃഭൂമി വാരാന്തപ്പതിപ്പി'ലെഴുതിയ 'നടന്ന് താണ്ടിയ വന്‍കരകള്‍' എന്ന ഫീച്ചറിലൂടെയാണ്. എടത്തില്‍ പ്രഭാകരന്‍ മേനോന്‍ അഥവാ ഇ.പി.മേനോന്‍ എന്ന തൃശ്ശൂര്‍കാരന്‍, രാജസ്ഥാന്‍കാരനായ സുഹൃത്ത് സതീഷ് കുമാറിനൊപ്പം, ബര്‍ട്രാന്‍ഡ് റസ്സലിന്റെ ആഹ്വാനം ശിരസ്സാവഹിച്ച് ആണവമുക്തലോകമെന്ന മുദ്രാവാക്യവുമായി 10 രാജ്യങ്ങള്‍ കാല്‍നടയായി പിന്നിട്ട് വാഷിങ്ടണിലും, പിന്നീട് ജപ്പാനിലും എത്തിയ കഥ പലര്‍ക്കും അവിശ്വസനീയമായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂളോ, പോക്കറ്റില്‍ ഒരു രൂപയോ ഇല്ലാതെ, കാല്‍നടയായി എവിടെ എത്തുന്നോ അവിടുത്തെ ജനങ്ങളെ മാത്രം വിശ്വാസത്തിലെടുത്ത് നടത്തിയ ഒരു ലോകയാത്ര!

അവിശ്വസനീയമായ ആ യാത്രയുടെ വിവരണമാണ് ഇ.പി.മേനോന്‍ രചിച്ച 'Footprints on Friendly Roads' എന്ന ഗ്രന്ഥം

ന്യൂഡല്‍ഹിയില്‍ രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍നിന്ന് 1962 ജൂണ്‍ 1 നാണ് ആ 'സമാധാന മാര്‍ച്ച്' ആരംഭിച്ചത്. കാല്‍നടയായി എത്തി വന്‍ശക്തി രാഷ്ട്രങ്ങളിലെ ഭരണതലവന്‍മാരോട് മനുഷ്യരാശിയുടെ നന്മയെ കരുതി ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ നേരിട്ട് അഭ്യര്‍ഥിക്കുകയും, ലോകമെങ്ങും സമാധാനത്തിന്റെ സന്ദേശം എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍, സോവിയറ്റ് യൂണിയന്‍, പോളണ്ട്, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ പിന്നിട്ട് അമേരിക്കയിലെത്തിയ ആ യുവാക്കള്‍ കാല്‍നടയായി താണ്ടിയത് 15,000 ലേറെ കിലോമീറ്റര്‍!. ഇരുപതാം നൂറ്റാണ്ട് ജന്മംനല്‍കിയ ഒരുപിടി വിശിഷ്ടവ്യക്തിത്തങ്ങളെ നേരില്‍ കാണാനും അവരുടെ സ്‌നേഹാദരങ്ങള്‍ക്ക് പാത്രമാകാനും ആ യാത്രയ്ക്കിടെ അവര്‍ക്ക് കഴിഞ്ഞു. ബര്‍ട്രാന്‍ഡ് റസ്സല്‍, ലൈനസ് പോളിങ്, മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍, പേള്‍ എസ്.ബക്ക്, ഗായിക ജോണ്‍ ബേസ് എന്നിവരൊക്കെ അതില്‍ പെടുന്നു.

1964 ജനവരി 7 ന് വാഷിങ്ടണിലെ ആര്‍ലിങ്ടണില്‍ കെന്നഡിയുടെ ശവകുടീരത്തില്‍ ഔപചാരികമായി ആ സമാധാന യാത്ര അവസാനിച്ചു.

ആറ്റംബോംബിന്റെ ഭീകരത നേരിട്ട് അനുഭവിച്ച ഹിരോഷിമയും നാഗസാക്കിയും സന്ദര്‍ശിക്കാതെ ആ ദൗത്യം പൂര്‍ത്തിയാക്കരുതെന്ന ജപ്പാനിലെ സമാധാന പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ച് മേനോനും സതീഷും അമേരിക്കയില്‍നിന്ന് വിമാനമാര്‍ഗം ജപ്പാനിലെത്തി. ടോക്യോയില്‍നിന്ന് ഹിരോഷിമയിലെക്ക് മാര്‍ച്ച് നടത്തി.

ന്യൂഡല്‍ഹിയില്‍നിന്ന് യാത്ര തുടങ്ങുന്നത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനുഗ്രാസുകളോടെയാണ്. നടന്ന് അമേരിക്കയിലെത്തി പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡിയെ നേരില്‍ കണ്ട് യാത്ര അവസാനിപ്പിക്കുക എന്നായിരുന്നു പ്ലാന്‍. പക്‌ഷേ, ആ യാത്ര പൂര്‍ത്തിയാകും മുമ്പ് ആദ്യം കെന്നഡിയും, പിന്നാലെ നെഹ്‌റുവും വിടചൊല്ലി. അമേരിക്കയിലെത്തുമ്പോള്‍ കെന്നഡിയില്ല, തിരിച്ച് ഇന്ത്യയിലെത്തുമ്പോള്‍ നെഹ്‌റുവും ഇല്ല!

യാത്ര പൂര്‍ത്തിയാക്കി വീണ്ടും ന്യൂഡല്‍ഹിയില്‍ ഗാന്ധി സമാധിയിലെത്തിയ കാര്യം വിവരിക്കുമ്പോള്‍ മേനോന്‍ ഇങ്ങനെ രേഖപ്പെടുത്തി: 'ഭൂമി ഉരുണ്ടതാണെന്ന് ഞങ്ങളുടെ പാദങ്ങള്‍ കണ്ടെത്തി, ഭൂമിയില്‍ എല്ലായിടത്തും മനുഷ്യര്‍ ഒരുപോലെയാണെന്ന് ഞങ്ങളുടെ ഹൃദയങ്ങളും'.

മനുഷ്യരില്‍ വിശ്വാസമര്‍പ്പിച്ച്...

തൃശ്ശൂര്‍ ജില്ലയില്‍ ചെറുവത്തേരിയിലെ പോലീസ് ഓഫീസറായ എടത്തില്‍ ഈശ്വരമേനോന്റെയും പാര്‍വതി അമ്മയുടെയും മകനായി 1936 ല്‍ ജനിച്ച പ്രഭാകര മേനോന്‍, ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായി പതിനാറാം വയസ്സില്‍ നാടുവിട്ട് വാര്‍ധയിലെ ഗാന്ധി ആശ്രമത്തിലെത്തി. പിന്നീട് ആചാര്യ വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി, കൊല്‍ക്കത്തയിലെത്തി ഭൂദാന മാര്‍ച്ചില്‍ പങ്കെടുത്തു.

വിനോബ ഭാവെയുടെ നിര്‍ദേശപ്രകാരം ബാംഗ്ലൂരില്‍ സര്‍വോദയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കഴിയുമ്പോഴാണ് റസ്സലിന്റെ ആഹ്വാനം ചെവിക്കൊണ്ട് ഇരുപത്തിയാറാം വയസ്സില്‍ ലോകപര്യടനത്തിന് പുറപ്പെടുന്നത്. ആ ദൗത്യത്തിന് ആശിര്‍വാദം തേടിയെത്തിയ ശിഷ്യരോട് അപ്പോള്‍ അസമിലുള്ള വിനോദ ഭാവെ ഉപദേശിച്ചു: 'മനുഷ്യരെ വിശ്വസിക്കുക, എല്ലാം അവരില്‍ അര്‍പ്പിക്കുക'.

കൈയില്‍ കുറച്ച് പണം കരുതേണ്ടതുണ്ടോ തുടങ്ങിയ ആവലാതികള്‍ ആചാര്യന്റെ ആ വാക്കുകളോടെ ഇല്ലാതായി. ഒരു കാശും പോക്കറ്റിലില്ലാതെ സാധാരണ ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുള്ള യാത്ര.

എങ്കിലും ആശങ്കള്‍ ബാക്കി നിന്നു. യാത്രയ്ക്കിടെ പോസ്റ്റല്‍ സ്റ്റാമ്പുകളും പേനയും കടലാസുമൊക്കെ വേണ്ടിവന്നാല്‍ ? ഷൂസിന്റെ ലേസ് പൊട്ടിയാല്‍? പുതിയൊരു ജോടി ഷൂ വാങ്ങേണ്ടിവന്നാല്‍? വസ്ത്രങ്ങള്‍ മുഷിഞ്ഞ് കീറിയാല്‍? അസുഖം ബാധിച്ചാല്‍? സങ്കല്‍പ്പാതീതമായ റഷ്യന്‍ മഞ്ഞില്‍ തണുത്തുറയേണ്ടി വന്നാല്‍? ഷേവ് ചെയ്യാന്‍ ബ്ലേഡോ, സോപ്പോ, ടൂത്ത് ബ്രഷോ വേണ്ടിവന്നാല്‍?

ഇങ്ങനെയുള്ള ആശങ്കകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് ന്യൂഡല്‍ഹിയിലെ രാജ്ഘട്ടില്‍ ഗാന്ധിസമാധിയില്‍ പുഷ്പ്പാര്‍ച്ചന നടത്തി മേനോനും സതീഷും യാത്ര ആരംഭിക്കുമ്പോള്‍, ഇരുവര്‍ക്കും പാസ്‌പോര്‍ട്ട് കിട്ടിയിരുന്നില്ല.

ആചാര്യ വിനോബ ഭാവെയുടെ ഉപദേശം ശിരസ്സാവഹിച്ച് ലോകയാത്രയ്ക്കിറങ്ങിയ ആ ശിക്ഷ്യര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാത്ത കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി നെഹ്‌റുവും മന്ത്രിയായിരുന്ന ലക്ഷ്മീമേനോനും മുന്‍കൈയെടുത്ത്, ആ സമാധാനയാത്രികര്‍ പാക് അതിര്‍ത്തിയിലെത്തുന്നതിന് രണ്ടുദിവസം മുമ്പ് പാസ്‌പോര്‍ട്ട് എത്തിച്ചുകൊടുത്തു! പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങള്‍ അപ്പോഴേക്കും അവര്‍ക്ക് വിസ അനുവദിച്ചിരുന്നു.

ഒരു മാസമെടുത്തു ഇന്ത്യന്‍ അതിര്‍ത്തിയിലെത്താന്‍. 1962 ജൂലായ് മൂന്നിന് ആ യുവാക്കള്‍ പാകിസ്താന്റെ മണ്ണിലേക്ക് പ്രവേശിച്ചു. പാകിസ്താന്‍ പിന്നിടാന്‍ 24 ദിവസമെടുത്തു. റാവല്‍പിണ്ടിയായിരുന്നു യാത്രയിലെ പ്രധാന നഗരം. ഇരുപത്തിയഞ്ചാം ദിവസം (ജൂലായ് 28) ഇരുവരും ഖൈബര്‍ പാസ് കടന്ന് അഫ്ഗാനിസ്ഥാനിലെത്തി.

യാത്ര പുരോഗമിക്കുന്തോറും അവര്‍ക്ക് മനസിലായി, തുടക്കത്തിലുണ്ടായിരുന്ന ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന്. പോലീസ് സ്‌റ്റേഷനുകളും ഗ്രാമീണവിദ്യാലയങ്ങളും കര്‍ഷക ഭവനങ്ങളും അവര്‍ക്ക് അഭയം നല്‍കി. ഓരോ നഗരത്തിലും സമാധാനപ്രവര്‍ത്തകര്‍ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റി. ഇരുവരും ഗാന്ധിയന്‍മാരാണ്, സസ്യഭുക്കുകളാണ്. അതിന്റെ ചില്ലറ പ്രശ്‌നങ്ങള്‍ യാത്രയിലുടനീളം അവരെ പിന്തുടര്‍ന്നു.

ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന ആദ്യദിനം തന്നെ ഇരുവരും തങ്ങളുടെ ബാനറുകള്‍ കൈയിലേന്തിയിരുന്നു. അതിലെഴുതിയിരുന്നത് ഇങ്ങനെ -

PEACE MARCH ----- DELHI-MOSCOW-WASHINGTON
PEACE AT ALL COST. DISARMAMENT----CALL OF HUMANITY

പതിനാലാം നൂറ്റാണ്ടിലെ ഗ്രാമങ്ങള്‍

പതിവ് യാത്രാവിവരങ്ങണങ്ങളില്‍നിന്ന് വ്യത്യസ്തമാണ് 'ഫൂട്പ്രിന്റ്‌സ് ഓണ്‍ ഫ്രണ്ട്‌ലി റോഡ്‌സ്'. ഏറെയും ഒരു ഡയറിക്കുറിപ്പിന്റെ ഘടനയാണീ ഗ്രന്ഥത്തിനുള്ളത്. 28 മാസവും 10 ദിവസവും നീണ്ട ആ ലോകയാത്രയിലെ അനുഭവങ്ങളാണ് കുറിപ്പുകളുടെ രൂപത്തില്‍ ഇതില്‍ സമാഹരിച്ചിരിക്കുന്നത്. കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചും തങ്ങളോട് ഇടപഴകുന്ന ജനങ്ങളെപ്പറ്റിയും ആണവനിരായുധീകരണത്തെക്കുറിച്ചുമുള്ള വിവരണങ്ങളാണ് ഏറെയും.

അസാധാരണമായ ഒരു പര്യടനത്തിന്റെ വിവരണമെന്ന നിലയ്ക്കാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തിയെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. എണ്ണമറ്റ ജനവിഭാഗങ്ങളെയും സംസ്‌ക്കാരങ്ങളെയും ഭൂപ്രകൃതികളെയും കാലാവസ്ഥയെയുമൊക്കെ സ്പര്‍ശിച്ചുകൊണ്ടാണ് യാത്ര പുരോഗമിക്കുന്നത്. ആ കൗതുകം തീര്‍ച്ചയായും വായനയെ മുന്നോട്ടു നയിക്കും. ഇരുപതാം നൂണ്ടാറ്റില്‍നിന്ന് ഒറ്റയടിക്ക് നമ്മളെ പതിനാലാം നൂറ്റാണ്ടിലേക്കെത്തിക്കുന്ന അഫ്ഗാന്‍ ഗ്രാമങ്ങളും, കുടിക്കാനുള്ള പാനീയം വെള്ളമല്ല വീഞ്ഞാണെന്ന് വിശ്വസിക്കുന്ന ജോര്‍ജിയന്‍ കര്‍ഷകരും, 1960 കളില്‍ കമ്മ്യൂണിസ്റ്റ് സ്വര്‍ഗമെന്ന് വിവിക്ഷിക്കപ്പെട്ട സമൂഹങ്ങളും, ലിയോ ടോള്‍സ്‌റ്റോയിയുടെ ഭവനമായ 'യസ്‌നായ പോളിയാന' പോലുള്ള ലോകപ്രശസ്ത സ്മാരകങ്ങളും, നാസി ജര്‍മനിയുടെ കൊടുംക്രൂരതയില്‍ പതിനായിരക്കണക്കിന് മനുഷ്യജീവനുകള്‍ ഇല്ലായ്മചെയ്ത കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും, റസ്സലിന്റെ ഭവനം പോലുള്ള വിശിഷ്ടവസതികളുമൊക്കെ പിന്നിട്ട് ഹിരോഷിമയും നാഗസാക്കിയും വരെ എത്തുന്ന പര്യടനം, അതിന്റെ ഉള്ളടക്കംകൊണ്ടുതന്നെ കൗതുകകരമാണ്. അതും പോക്കറ്റില്‍ ചില്ലിക്കാശോ ദീര്‍ഘയാത്രയ്ക്ക് വേണ്ട മുന്നൊരുക്കങ്ങളോ ഇല്ലാതെയാണ് യാത്രയെന്ന് കൂടിയാകുമ്പോള്‍ കഥ കൂടുതല്‍ ആകാംക്ഷാഭരിതമാകുന്നു.

വയനയില്‍ തോന്നുന്ന ഒരു പ്രധാന പോരായ്മ അതില്‍ വിവരിച്ചിട്ടുള്ള അനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധികളായി സമാധാന സമ്മേനത്തില്‍ പങ്കെടുക്കുന്നവരുടെ കാര്യം ചിന്തിച്ചുനോക്കൂ. ആതിഥികള്‍ക്ക് കാണാന്‍ വേണ്ടത് ആതിഥേയര്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ടാകും. സന്ദര്‍ശനങ്ങള്‍ക്ക് ഒരു ഔപചാരിക സ്വാഭവം എപ്പോഴുമുണ്ടാകും; ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ക്കും, കാണുന്ന കാഴ്ചകള്‍ക്കും. അത്തരമൊരു സ്വഭാവമാണ് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്ന പല സംഭവങ്ങള്‍ക്കുമുള്ളത്.

എങ്കിലും, ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുള്ള പല അനുഭവങ്ങളും വായന കഴിഞ്ഞാലും നമ്മളെ പിന്തുടരുമെന്നുറപ്പ്.

1962 ജൂലായ്  അവസാനം അഫ്ഗാന്‍ അതിര്‍ത്തി കടന്ന മേനോനും സതീഷും പര്‍വ്വതങ്ങളും മുന്തിത്തോട്ടങ്ങളും കാവല്‍നില്‍ക്കുന്ന ഗ്രാമങ്ങള്‍ പിന്നിട്ട് ആദ്യം ജലാലാബാദിലും പിന്നീട് കാബൂളിലും എത്തി. കാബൂളില്‍ 10 ദിവസം ചെലവിടുമ്പോള്‍ അവിടുത്തെ ഇന്ത്യന്‍ എംബസിയാണ് ആതിഥേയത്വം വഹിച്ചത്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കത്ത് എംബസിയില്‍നിന്ന് അവര്‍ക്ക് കിട്ടി.

ശൈത്യകാലം ആരംഭിക്കാന്‍ പോവുകയാണ്. കമ്പിളി വസ്ത്രങ്ങളും മഞ്ഞുകാലത്തിടാവുന്ന ജപ്പാന്‍ നിര്‍മിത ഷൂവും ഇന്ത്യയില്‍നിന്നെത്തി. ആണവ നിരായുധീകരണത്തിന്റെ പ്രാധാന്യം സാധാരണക്കാരിലെത്തിക്കാന്‍ റഷ്യന്‍ ഭാഷയില്‍ 500 ലഘുലേഖകളും കാബൂളില്‍നിന്ന് അച്ചടിച്ചു.

ഭാഷയായിരുന്നു യാത്രയില്‍ ആ ചെറുപ്പക്കാര്‍ നേരിട്ട ഒരു വെല്ലുവിളി. ഒരു രാജ്യത്തെത്തിയാല്‍ ആദ്യദിനം തന്നെ തങ്ങള്‍ താമസിക്കുന്ന സ്ഥലത്തുള്ളവരോട് ചോദിച്ച് അവിടുത്തെ അത്യാവശ്യം ഉപചാരവാക്കുകളെല്ലാം ഹൃദിസ്ഥമാക്കും. ആ നാട്ടിലൂടെ യാത്ര പുരോഗമിക്കുന്തോറും, അവിടുത്തെ ഭാഷ അല്‍പ്പാല്‍പ്പമായി അവര്‍ക്ക് വഴങ്ങാന്‍ തുടങ്ങും. അഫ്ഗാനിസ്ഥാനിലും ഇതായിരുന്നു രീതി.

കാബൂളില്‍ പത്തുനാള്‍ ചിലവിട്ട ശേഷം പര്‍വ്വതവീഥികള്‍ പിന്നിട്ട് ഹീരാത്തിലും തുടര്‍ന്ന് ഇറാന്‍ അതിര്‍ത്തിയിലും എത്തി. പതിനാലാം നൂറ്റാണ്ടിലേക്ക് ഒറ്റയടിക്കെത്തിയ പ്രതീതിയായിരുന്നു, പൊടിയും ചരല്‍ക്കല്ലുകളും നിറങ്ങ വഴികളിലൂടെ പര്‍വ്വതഗ്രാമങ്ങളില്‍ തങ്ങിയുള്ള ആ യാത്ര. ഹീരാത്തിലെ പ്രാദേശിക ഭരണകൂടം അവര്‍ക്കൊരു വഴികാട്ടിയെ ഏര്‍പ്പാട് ചെയ്തിരുന്നു. അയാള്‍ക്ക് പരിചയമുള്ള ഒരു ഗ്രാമത്തിലാണ് അഫ്ഗാനിലെ അവസാന രാത്രി കഴിച്ചുകൂട്ടിയത്. 70 കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമം.

ഗ്രാമീണരോട് പരമാവധി ആശയവിനിമയം നടത്തുകയും സമാധാന സന്ദേശം അവരിലെത്തിക്കുകയും ചെയ്യുക യാത്രികരുടെ രീതിയായിരുന്നു. കുശലം പറയുന്നതിനിടെ ആതിഥേയനോട് തിരക്കി.

'ഈ ഗ്രാമത്തില്‍ എത്രയാണ് ജനസംഖ്യ?

'നൂറ്റമ്പത്', അയാള്‍ മറുപടി നല്‍കി.

'അതില്‍ ആണെത്ര, പെണ്ണെത്ര?'

'എല്ലാം ആണുങ്ങളാണ്'

'അതെയോ. അപ്പോള്‍, സ്ത്രീകള്‍ക്കെന്തുപറ്റി'-എനിക്ക് ജിജ്ഞാസ അടക്കാനായില്ല.

'ഓ, അവരിവിടെയുണ്ട്. ജനസംഖ്യയില്‍ ഞങ്ങള്‍ സ്ത്രീകളെ കൂട്ടാറില്ല'.

അഫ്ഗാന്‍ ഗ്രാമങ്ങളില്‍ ഒരു കണക്കെടുപ്പിലും സ്ത്രീകളെ ഉള്‍പ്പെടുത്താറില്ലാത്ത കാര്യം അയാള്‍ വിവരിച്ചുതന്നു!

1962 സപ്തംബര്‍ 21. ഏഴ് ആഴ്ച നീണ്ട അഫ്ഗാന്‍ യാത്ര അന്ന് അവസാനിച്ചു. അതിര്‍ത്തിയില്‍ ഇസ്ലാം ക്വിലയിലെ അഫ്ഗാന്‍ ഗസ്റ്റ്ഹൗസിലാണ് ആ രാത്രി കഴിച്ചുകൂട്ടിയത്.

തൃശ്ശൂര്‍കാരന്‍ ജോര്‍ജ്!

റോഡിലൂടെ ഭാണ്ഡങ്ങളുമായി നടന്നുനീങ്ങുന്ന യാത്രികരെ കണ്ട് വാഹനങ്ങള്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത് യാത്രയിലുടനീളം പതിവായിരുന്നു. പാകിസ്താനിലും അഫ്ഗാനിലും മുതല്‍ അമേരിക്കയില്‍ വരെ ആളുകളുടെ ആ ഉദാരമനസ്‌ക്കതയ്ക്ക് അവര്‍ 'ഇരയായി'. ഇറാനില്‍ ഇത് പതിവ് സംഭവമായി.

'നിങ്ങള്‍ക്ക് പോകേണ്ട സ്ഥലത്തേക്ക് ഏറെ ദൂരമുണ്ട്, നടന്നെത്തുക ബുദ്ധിമുട്ടാണ്. കയറൂ, ഞാന്‍ ഡ്രോപ്പ് ചെയ്യാം'. ഇത് പറഞ്ഞിട്ടാകും പലരും അവരുടെ പക്കലുള്ള ബാനര്‍ നോക്കുന്നത്. അതുകാണുമ്പോള്‍ അവരുടെ കണ്ണുകളില്‍ അത്ഭുതം നിറയും. 'ഇന്ത്യയില്‍നിന്ന് നടന്ന് വരികയോ!' - ഇതായിരിക്കും പലരുടെയും പ്രതികരണം.

'എങ്കില്‍ ശരി, കുറച്ച് കാശിതാ. നിങ്ങളുടെ ദൗത്യത്തിന് എന്റെയൊരു സംഭാവന', എന്നു പറഞ്ഞ് പേഴ്‌സ് തുറന്ന് കാശെടുത്ത് നീട്ടും. തങ്ങള്‍ കാശ് വാങ്ങില്ലെന്നും കാശില്ലാതെയാണ് യാത്രയെന്നും പറയുമ്പോള്‍ അവരുടെ അത്ഭുതം വര്‍ധിക്കും. ഒടുവില്‍ മിക്കവരും തങ്ങളുടെ വീട് എവിടെയാണെന്നും, അവിടെയെത്തിയാല്‍ ബന്ധപ്പെടണമെന്നും പറഞ്ഞാണ് പിരിയുക. ഇറാനിയന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പലപ്പോഴും ആതിഥേയരായത് ഇത്തരം ഉദാരമതികളാണ്.

ഇറാന്‍ അതിര്‍ത്തി കടന്ന് ഒരു മാസവും പതിമൂന്ന് ദിവസവും നടന്നു തലസ്ഥാനമായ ടെഹ്‌റനിലെത്താന്‍. അതിനിടെ പേര്‍ഷ്യന്‍ ജീവിതത്തിന്റെ ഒട്ടേറെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് അവര്‍ സാക്ഷിയായി. ഗ്രാമീണരുടെ ആതിഥേയത്വം ആവോളം ആസ്വദിച്ചു. അതിനിടെയാണ് റോഡരികിലെ ഒരു പഞ്ചസാര ഫാക്ടറിയില്‍വെച്ച് ജോര്‍ജ് സവിസ്പൂര്‍ എന്നയാളെ പരിചയപ്പെടുന്നത്.

'നിങ്ങള്‍ ഇന്ത്യയില്‍നിന്നല്ലേ, ജോര്‍ജിന് നിങ്ങളുടെ ഭാഷയറിയാം', ഇതു പറഞ്ഞ് മറ്റ് തൊഴിലാളികള്‍ അയാളെ വിളിച്ചുവരുത്തുകയായിരുന്നു.

ഹിന്ദിയും ഇംഗ്ലീഷുമാറിയാം ജോര്‍ജിന്. ഇന്ത്യയില്‍നിന്ന് കുട്ടിക്കാലത്ത് നാടുവിട്ടതാണ്. ഇപ്പോള്‍ ആ ഫാക്ടറിയിലെ ടെക്‌നീഷ്യന്‍. തന്റെ ജന്മനാട്ടില്‍നിന്നെത്തിയ ആ ചെറുപ്പക്കാരെ ജോര്‍ജ് വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചു. ഇറാന്‍കാരിയ ഭാര്യയും നാല് കുട്ടികളുമടങ്ങിയ കുടുംബം. അവരെ അയാള്‍ സന്തോഷത്തോടെ പരിചയപ്പെടുത്തി.

കൂടുതല്‍ അറിഞ്ഞപ്പോള്‍ മേനോന് മനസിലായി ജോര്‍ജ് കേരളത്തിലാണ് ജനിച്ചതെന്നും തൃശ്ശൂര്‍കാരനാണെന്നും! മേനോന്റെ തറവാട്ടില്‍നിന്ന് 40 കിലോമീറ്റര്‍ അകലമേയുള്ളൂ ജോര്‍ജിന്റെ നാട്ടിലേക്ക്. 

12 വയസുള്ളപ്പോള്‍ നാടുവിട്ട ജോര്‍ജ് മദ്രാസ്, ഹൈദരബാദ്, ബോംബെ, കറാച്ചി, സിങ്കപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കറങ്ങി ഒടുവില്‍ ഇറാനില്‍ എത്തുകയായിരുന്നു! തന്റെ മാതാപിതാക്കളെയും നാടിനെയും കുറിച്ച് പറയുമ്പോള്‍ ജോര്‍ജിന്റെ കണ്ണുകള്‍ നിറഞ്ഞു. എന്നെങ്കിലുമൊരിക്കല്‍ ജന്മനാട്ടില്‍ വരണമെന്നും, തന്റെ മക്കള്‍ക്ക് നാട് കാട്ടിക്കൊടുക്കണമെന്നുമുള്ള ആഗ്രഹം അയാള്‍ മറച്ചുവെച്ചില്ല.

നവംബര്‍ 4 ന് യാത്ര ടെഹ്‌റനില്‍ എത്തി. അവിടെ 17 ദിവസത്തെ വിശ്രമവും സ്വീകരണങ്ങളും ചര്‍ച്ചകളും. അതിനിടെ കൊട്ടാരത്തിലെത്തി രാജ്യത്തിന്റെ ഭരണാധികാരി ഷായെ നേരില്‍ കാണാനും ആ യുവാക്കള്‍ക്കായി (ആ ലോകപര്യടനത്തിനിടെ അവരെ നേരിട്ട് സ്വീകരിച്ച ഏക രാഷ്ട്രത്തലവന്‍ ഇറാനിലെ ഷാ ആയിരുന്നു).

ഏത് നഗരത്തിലെത്തുമ്പോഴും, ആണവായുധ നിരായുധീകരണ മുദ്രാവാക്യവുമായി ഇന്ത്യയില്‍നിന്ന് കാല്‍നടയായി എത്തിയ ആ യുവാക്കളെക്കുറിച്ച് പത്രങ്ങളും മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക പതിവായിരുന്നു. അതിനാല്‍ എവിടെയും അവരെ ആളുകള്‍ വേഗം തിരിച്ചറിഞ്ഞു, സ്‌നേഹവും പരിഗണനയും നല്‍കി. റോഡുവക്കില്‍ തടഞ്ഞുനിര്‍ത്തി ലോകസമാധാനത്തെക്കുറിച്ച് സംസാരിച്ചു. ടെഹ്‌റനിലായാലും പാരീസിലായാലും ന്യൂയോര്‍ക്കിലായാലും സ്ഥിതി വ്യത്യാസമില്ലായിരുന്നു.

അത്തരം പബ്ലിസിറ്റി ടെഹ്‌റനില്‍വെച്ച് പാരയായ ഒരു അനുഭവം മേനോന്‍ വിവരിച്ചിട്ടുണ്ട്. ഒരു ദിവസം കൂടെയുള്ളയാള്‍ മേനോനോട് ചോദിച്ചു: 'നിങ്ങളൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയോ?'

സംഭവം എന്താണെന്ന് പിടി കിട്ടിയില്ല. അപ്പോഴയാള്‍ Khaihan International എന്ന പത്രം നിവര്‍ത്തി കാട്ടികൊടുത്തു. 'യുവാവ് പെണ്‍കുട്ടിയെ കിഡ്‌നാപ്പ് ചെയ്തു' എന്ന തലവാചകത്തിന് കീഴെ മേനോന്റെ ചിത്രം!

ടെഹ്‌റനിനെ ഏറ്റവും പ്രധാനപ്പെട്ട ഇംഗ്ലീഷ് പത്രമാണത്. അവര്‍ മേനോനെയും സതീഷിനെയും ഇന്‍ര്‍വ്യൂ ചെയ്ത് വാര്‍ത്ത കൊടുത്തിരുന്നു. അതേ പേജില്‍ അധികം അകലെയല്ലാതെ കിഡ്‌നാപ്പിങിന്റെ വാര്‍ത്തയും കൊടുത്തു. പടം മാറി മേനോന്‍ കിഡ്‌നാപ്പറായി! അക്കാര്യം ചൂണ്ടിക്കാട്ടിയിട്ട് ഒരു തിരുത്തും നല്‍കാന്‍ പത്രം തയ്യാറായില്ലെന്ന് മേനോന്‍ പറയുന്നു.

വെള്ളമല്ല, കുടിക്കേണ്ടത് വീഞ്ഞ്

ഇറാനിലെ യാത്ര 101 ദിവസം നീണ്ടു. 17 ദിവസം ടെഹ്‌റനില്‍ ചിലവിട്ടതൊഴിച്ചാല്‍ 84 ദിവസത്തെ നടത്തം.

1963 ലെ പുതുവത്സരദിനത്തില്‍ ഇറാന്‍ അതിര്‍ത്തിയില്‍ 'ഏരസ്' (Arsa) നദിയിലെ പാലംകടന്ന് സോവിയറ്റ് യൂണിയനില്‍ പ്രവേശിച്ചു. അസര്‍ബൈജാന്‍, അര്‍മേനിയ, ജോര്‍ജിയ തുടങ്ങിയ കാക്കാസസ് മേഖലയിലേക്കാണ് എത്തിയത്. അന്ന് ഇവയെല്ലാം സോവിയറ്റ് യൂണിന്റെ ഭാഗമാണ്.

എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെല്ലുകളുടെ ഭാഗമായ സമാധാന കമ്മറ്റികള്‍ സോവിയറ്റ് യൂണിയനില്‍ ആ യാത്രികരുടെ ചുമതല ആവേശപൂര്‍വം ഏറ്റെടുത്തു. വൈകിട്ട് എവിടെയാകും താമസിക്കാന്‍ സൗകര്യം കിട്ടുക, എത്ര ദിവസം കൂടുമ്പോഴാണ് ഒന്ന് ഷേവ് ചെയ്യാനും കുളിക്കാനും സാധിക്കുക, ഷൂ കേടായാല്‍ എന്തുചെയ്യും തുടങ്ങിയ വേവലാതികള്‍ കഴിഞ്ഞ ആറ് മാസവും അവരെ അലട്ടിയിരുന്നു. സോവിയറ്റ് നാട്ടിലെത്തിയതോടെ അതിനൊന്നും പ്രസക്തിയില്ലാതായി. അവരുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് നിറവേറ്റിക്കൊടുക്കാന്‍ എപ്പോഴും ആളുകള്‍ തയ്യാറായിരുന്നു. ശരിക്കും ആ രാജ്യത്തിന്റെ അതിഥികളായി മാറി ഇരുവരും. അത്രമാത്രം സ്‌നേഹവും പരിഗണനയും അവര്‍ക്ക് ലഭിച്ചു.

സോവിയറ്റ് യൂണിയനില്‍ പ്രവേശിച്ച ശേഷം ആദ്യം ജോര്‍ജിയയിലെ കരിങ്കടല്‍ തീരത്തുകൂടിയായിരുന്നു യാത്ര. കേരളത്തില്‍ അറേബ്യന്‍ കടലോരത്തുകൂടിയുള്ള യാത്രയെ അത് അനുസ്മരിപ്പിക്കുന്നുവെന്ന് മേനോന്‍ രേഖപ്പെടുത്തി...വലതുവശത്ത് കാക്കാസസ് പര്‍വതനിരകളുടെ തുടര്‍ച്ച, ഇടതുവശത്ത് നീലച്ച കറുത്ത ജലപ്പരപ്പ്. അതിനിടയില്‍ എണ്ണമറ്റ താഴ്‌വരകള്‍, കൃഷിയിടങ്ങള്‍. പര്‍വതച്ചെരുവുകളില്‍ തേയല എസ്‌റ്റേറ്റുകളും ഓറഞ്ച് തോട്ടങ്ങളും. ഒരുകാലത്ത് സാര്‍ ചക്രവര്‍ത്തിയുടെയും ബന്ധുക്കളുടെയും വകയായിരുന്ന ആ തേയില എസ്‌റ്റേറ്റുകളെല്ലാം ഇന്ന് തൊഴിലാളികളുടേതാണ്.  

'വഴിയില്‍ വലിയൊരു തേയില സംസ്‌ക്കരണ ഫാക്ടറിയുണ്ടായിരുന്നു. നൂറുകണക്കിന് തൊഴിലാളികള്‍ അതിന്റെ ഗേറ്റിലെത്തി ഞങ്ങളെ അഭിവാദ്യം ചെയ്തു. ഫാക്ടറി സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അന്നത്തെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുമെന്ന വേവലാതിയുണ്ടായിരുന്നെങ്കിലും, സ്‌നേഹപൂര്‍വമായ ആ ക്ഷണം ഞങ്ങള്‍ക്ക് നിരസിക്കാന്‍ കഴിഞ്ഞില്ല. ഫാക്ടറിക്കുള്ളില്‍ ഒരുസംഘം കുട്ടികള്‍ ഞങ്ങള്‍ക്കൊരു ഗാര്‍ഡ് ഓഫ് ഓണല്‍ നല്‍കി' - മേനോന്‍ എഴുതി.

'പെട്ടന്ന് ഒരു മനുഷ്യന്‍ മുന്നോട്ട് വന്ന് നാലുപാക്കറ്റ് തേയില ഞങ്ങളെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു: 'പ്രിയ സഖാക്കളേ, ഏറ്റവും മികച്ച സമാധാന പോരാളികളാണ് നിങ്ങള്‍. ബോംബുകളുപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഈ കുട്ടികള്‍ നമ്മളെ കുറ്റപ്പെടുത്തും. ഈ നാലുപാക്കറ്റ് തേയില നിങ്ങള്‍ വാഷിങ്ടണിലേക്ക് കൊണ്ടുപോകണം. മോസ്‌കോയിലെത്തുമ്പോള്‍ ഇതില്‍ ആദ്യ പാക്കറ്റ് സഖാവ് ക്രൂഷ്‌ച്ചേവിന് നല്‍കുക, രണ്ടാമത്തേത് ഫ്രാന്‍സില്‍ ഡി ഗോളിക്ക് നല്‍കണം. മൂന്നാമത്തേത് ബ്രിട്ടനിലെ മാക്മില്ലണും, അടുത്തത് വൈറ്റ്ഹൗസിലും നല്‍കുക. എന്നിട്ട് ഞങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ അഭ്യര്‍ഥിക്കുക: 'ആണവബട്ടണില്‍ വിരലമര്‍ത്തുംമുമ്പ് ഇതുകൊണ്ട് ചായയിട്ട് കുടിക്കുക' അപ്പോഴവരുടെ തലച്ചോര്‍ ശാന്തമാകും, മനുഷ്യവര്‍ഗം സുരക്ഷിതമായിരിക്കും'. 

യാത്രയ്ക്കിടെ ഇതുപോലെ ഒട്ടേറെ ഫാക്ടറികളും കൂട്ടുകൃഷിയിടങ്ങളും വിദ്യാലയങ്ങളും അവര്‍ സന്ദര്‍ശിച്ചു.

എല്ലാകാര്യങ്ങളിലും ആതിഥേയരുടെ ഇഷ്ടത്തിനൊപ്പം പ്രവര്‍ത്തിക്കാനായെങ്കിലും, സസ്യഭുക്കുകളായ അവര്‍ മദ്യം ഉപയോഗിക്കാത്ത ഗാന്ധിയന്‍മാരാണ് എന്നകാര്യം ചില്ലറ അമ്പരപ്പുകള്‍ക്ക് വഴിയൊരുക്കി. വീഞ്ഞില്ലാത്ത ഒരു ഏര്‍പ്പാടും ജോര്‍ജിയയിലില്ല. വീഞ്ഞ്, ചായ, കരിങ്കടലോരത്തെ ഹെല്‍ത്ത് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് ജോര്‍ജിയ പ്രസിദ്ധം.

ദിവസവും നടത്തത്തിനൊടുവില്‍ ഏതെങ്കിലും തൊഴിലാളിയുടെയോ കര്‍ഷകന്റെയോ ഭവനത്തിലാകും രാത്രി കഴിച്ചുകൂട്ടുക. അപൂര്‍വ്വം ചില ദിവസങ്ങളില്‍ സ്‌കൂളുകളിലും. 'അത്താഴം മുതല്‍ അര്‍ധരാത്രി ഉറങ്ങാന്‍ പോകുന്ന സമയത്തിനിടെ അവിടെ കൂടിയ ഓരോ സഖാവും കുറഞ്ഞത് 25 മുതല്‍ 30 ഗ്ലാസ് വരെ വീഞ്ഞ് അകത്താക്കിയിട്ടുണ്ടാകും. ഒരു ഗ്ലാസ് ഞങ്ങള്‍ക്ക് മുമ്പിലും പ്രതീകാത്മകമായി വെയ്ക്കും, ഉപചാരത്തിനായിട്ട്'. ഇത് ഏതാണ്ട് ദിവസവും ആവര്‍ത്തിക്കുന്ന ഏര്‍പ്പാടായിരുന്നു. അത്താഴത്തിനിടെ കുടിക്കാന്‍ വെള്ളം ചോദിച്ചാല്‍ ആതിഥേയര്‍ക്ക് അത്ഭുതമാകും.

'വെള്ളമോ? കുടിക്കാനോ?'

'അതെ സുഹൃത്തേ, എനിക്കൊരു ഗ്ലാസ് വെള്ളം വേണം'

'സോവിയറ്റ് ജനങ്ങള്‍ വെള്ളം കുടിക്കാറില്ല. വീഞ്ഞോ, വോഡ്കയോ മാത്രമേ കുടിക്കൂ'.

വീഞ്ഞ് കുടിക്കില്ല എന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ അവര്‍ പാലൊഴിച്ച ചായയോ, കാപ്പിയോ തരും. അല്ലെങ്കില്‍ മിനറല്‍ വാട്ടര്‍.

'വെള്ളം കൈ കഴുകാനും തുണിയലക്കാനും മാത്രമുള്ളതാണ്. അല്ലാതെ കുടിക്കാന്‍ ആര് വെള്ളമുപയോഗിക്കും? നിങ്ങള്‍ ഇന്ത്യക്കാര്‍ വെള്ളം മാത്രം കുടിക്കുന്നതുകൊണ്ടാണ് ഇത്ര ആരോഗ്യമില്ലാത്തവരായത്.'

ഒരു ദിവസം രാവിലെ ഒരു കര്‍ഷകഭവനത്തില്‍നിന്ന് യാത്രയാകാന്‍ ഭാണ്ഡം മുറുക്കുകയായിരുന്നു. പെട്ടന്ന് കുടുംബനാഥന്‍ അവരെ വീടിന്റെ പിന്‍ഭാഗത്തേക്ക് കൊണ്ടുപോയി രണ്ട് തൂമ്പ കൈയില്‍ തന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പിടികിട്ടിയില്ല. 'ദയവായി ഈ തറ മെല്ല കിളയ്ക്കൂ', അദ്ദേഹം അഭ്യര്‍ഥിച്ചു. അവര്‍ അനുസരിച്ചു. ഒരടി താഴ്ചയിലെത്തിയപ്പോള്‍ ഒരു ഭീമന്‍ ജാര്‍ മണ്ണിനടിയില്‍. കുടുംബനാഥന്‍ അത് വളരെ ശ്രദ്ധാപൂര്‍വം പൊക്കിയെടുത്തു.

കുടുംബാംഗങ്ങള്‍ മുഴുവന്‍ ചുറ്റുംകൂടി. അവരുടെ കൈകളില്‍ ഓരോ ഗ്ലാസ് എത്തി. ചടങ്ങ് തുടങ്ങി- 'നിങ്ങള്‍ക്കറിയാമോ, ജോര്‍ജിയയില്‍ ഞങ്ങള്‍ സ്വന്തമായി മുന്തിരി കൃഷി ചെയ്യുന്നു, സ്വന്തമായി വീഞ്ഞുണ്ടാക്കുന്നു. ഞങ്ങള്‍ക്കിത് കടയില്‍നിന്ന് വാങ്ങേണ്ട കാര്യമില്ല. നിങ്ങള്‍ നില്‍ക്കുന്നതിന് കീഴെ, മണ്ണിനടിയില്‍ ഇതുപോലുള്ള 25 ജാറുകള്‍ നിറയെ വീഞ്ഞുണ്ട്. അതൊരു വര്‍ഷത്തേക്ക് തികയും. വീഞ്ഞ് സീസണ്‍ തുടങ്ങാന്‍ അയല്‍ഗ്രാമത്തില്‍നിന്ന് ആരെയെങ്കിലും ക്ഷണിച്ചുകൊണ്ടുവരികയാണ് പതിവ്. ഈ വര്‍ഷം നിങ്ങളിവിടെയുള്ളത് ഞങ്ങള്‍ക്കേറെ സന്തോഷം പകരുന്നു. ഈ വര്‍ഷം ഞങ്ങള്‍ക്ക് ഇന്ത്യയില്‍നിന്നുള്ള ഉത്ഘാടകരെയാണ് വീഞ്ഞ് സീസന് ലഭിച്ചിരിക്കുന്നത്. ഞങ്ങള്‍ ബഹുമാനിതരായിരിക്കുന്നു. ദയവുചെയ്ത് ഉദ്ഘാടനം നിര്‍വഹിക്കൂ'.

ജാറില്‍നിന്ന് ഗ്ലാസില്‍ വീഞ്ഞെടുത്ത് ഉത്ഘാടനം ചെയ്യാന്‍ അവര്‍ പറഞ്ഞു. 'ഈ സീസണിലെ ആദ്യ ഗ്ലാസ് നിങ്ങള്‍ കുടിക്കണം', അദ്ദേഹം ആവശ്യപ്പെട്ടു. 'മദ്യം കുടിക്കില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാനൊന്നും വഴിയില്ല. ഗ്ലാസുയര്‍ത്തി ഉപചാരം നേര്‍ന്ന് ജോര്‍ജിയയിലെ ആ വീഞ്ഞ് സീസണ്‍ ഞങ്ങള്‍ ഉത്ഘാടനം ചെയ്തു.'

ടോള്‍സ്‌റ്റോയിയുടെ എഴുത്തുമേശ

റഷ്യയിലെ ശൈത്യം കഠിനമാണ്. റോഡുകളും വീടുകളും മരങ്ങളുമെല്ലാം മഞ്ഞുമൂടും. ഹിമപാതം മൂലം കാല്‍നടയായുള്ള മാര്‍ച്ച് കുറച്ചു ദൂരം ഒഴിവാക്കേണ്ടിവന്നു. ജോര്‍ജിയയിലെ സമാധാനകമ്മറ്റി മേനോനെയും സതീഷിനെയും സോചി പട്ടണത്തില്‍നിന്ന് മോസ്‌കോയിലേക്ക് വിമാനമാര്‍ഗം എത്തിച്ചു. 1963 ഫിബ്രവരി 14 ന് മോസ്‌കോയിലെത്തിയ ഇരുവരും ഒരുമാസം അവിടെ ചെലവിട്ടു.

ആ യാത്രികരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ മോസ്‌കോ പീസ് കമ്മറ്റി സജീവമായി രംഗത്തുണ്ടായിരുന്നു. ഹോട്ടലിലെ മുന്തിയ താമസവും ഷോപ്പിങും ഉള്‍പ്പടെ എല്ലാം അവര്‍ ഏര്‍പ്പാട് ചെയ്തു. കൊടുംതണുപ്പത്ത് ഇടാനുള്ള കോട്ടുകളും മറ്റും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറില്‍ പോയി വാങ്ങി (പിന്നീട് യു.എസില്‍ മഞ്ഞുകാലത്ത് മാര്‍ച്ച് ചെയ്യുമ്പോള്‍, അവരുടെ റഷ്യയില്‍നിന്നുള്ള മുന്തിയ കമ്പിളിക്കുപ്പായം പലരിലും കൗതുകമുണര്‍ത്തി).

എന്ത് ആവശ്യമുണ്ടെങ്കിലും പറയാന്‍ മടിക്കേണ്ട എന്നാണ് മോസ്‌കോയിലെ സഖാക്കള്‍ പറഞ്ഞത്. മേനോന്റെ ഏറ്റവും വലിയ ആഗ്രഹം ലിയോ ടോള്‍സ്‌റ്റോയിയുടെ വസതിയായ 'യസ്‌നയ പൊളിയാന' (Yasnaya Polyana) സന്ദര്‍ശിക്കണം എന്നായിരുന്നു. ഫിബ്രവരി 17 ന് തയ്യാറായിക്കൊള്ളാന്‍ ആതിഥേയര്‍ അറിയിച്ചു.

മോസ്‌കോയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ ടുളു പട്ടണത്തിന് 12 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ബര്‍ച്ച് മരങ്ങള്‍ നിറഞ്ഞ ആ എസ്റ്റേറ്റും ഭവനവും. 384 ഹെക്ടര്‍ വരും ആ എസ്റ്റേറ്റിന്റെ വിസ്തൃതി. 1828 സപ്തംബര്‍ 9 ന് ടോള്‍സ്‌റ്റോയ് ജനിച്ചത് ഇവിടെയാണ്. 'യുദ്ധവും സമാധാനവും', 'അന്ന കരനീന' പോലുള്ള വിശ്വോത്തര കൃതികള്‍ രചിക്കപ്പെട്ടതും ഇവിടെവെച്ചാണ്. അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നതും ഇവിടെ തന്നെ. 1921 ല്‍ 'യസ്‌നയ പൊളിയാന' ഒരു ദേശീയ മ്യൂസിയമായി സോവിയറ്റ് യൂണിയന്‍ പ്രഖ്യാപിച്ചു. 

'വെളിച്ചമുള്ള തുറസ്സ്' എന്നാണ് 'യസ്‌നയ പൊളിയാന' എന്നതിനര്‍ഥം. എഴുത്തുകാരനെന്ന നിലയ്ക്ക് ടോള്‍സ്‌റ്റോയ് 35 വര്‍ഷം ചെലവിട്ടയിടമാണിത്. തന്റെ കൃതികളിലൂടെ അദ്ദേഹം ആ വെളിച്ചമുള്ള തുറസ്സില്‍നിന്ന് ലോകത്തിന് മുഴുവന്‍ പ്രകാശം പകര്‍ന്നു.

മേനോനും സതീഷും സന്ദര്‍ശിക്കുന്ന സമയത്ത് ശൈത്യത്തിന്റെ പിടിയിലായിരുന്നു അവിടം. ബെര്‍ച്ച് മരങ്ങള്‍ ഇല കൊഴിച്ച് നില്‍കുന്നു. പാതകളില്‍ നാലടി പൊക്കത്തില്‍ മഞ്ഞ്.

മുഖ്യകെട്ടിടത്തില്‍ ടോള്‍സ്‌റ്റോയ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ സ്വീകരിക്കുന്ന മുറിക്കപ്പുറമാണ് എഴുത്തുമുറി. ആ മുറി അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ആരിലും അനിര്‍വചനീയമായ കൗതുകം ജനിപ്പിക്കും. അതെപ്പറ്റി മേനോന്‍ എഴുതി: 'ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ', ഞാനെന്റെ ഇന്ത്യയിലെ ഉറ്റസുഹൃത്തിന് എഴുതി. 'നാലിഞ്ച് നീളവും മൂന്നിഞ്ച് വീതിയുമുള്ള തടികൊണ്ടുള്ള മേശയ്ക്ക് മുന്നില്‍ നിങ്ങള്‍ നില്‍ക്കുകയാണ്. 'യുദ്ധവും സമാധാനവും', 'അന്ന കരനീന', 'ഹാജി മുറാദ്' തുടങ്ങിയ സാഹിത്യരത്‌നങ്ങള്‍ പിറന്നതിന്റെ വേദനയും ആവേശവുമേറ്റുവാങ്ങിയ മേശയാണിത്. ആ മേശയില്‍വെച്ചാണ് ഞാനിപ്പോള്‍ എന്റെ ഡയറിക്കുറിപ്പ് എഴുതുന്നത്. അനിര്‍വചനീയമായ എന്തോ ഒരു സ്പന്ദനം എന്റെ സിരകളിലൂടെ ഒഴുകുന്നതുപോലെ'.

മേനോന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാഫല്യമായി മാറി ആ സന്ദര്‍ശനം.

മോസ്‌കോ വിടുംമുമ്പ് പ്രധാനമന്ത്രി ക്രൂഷ്‌ചേവിനെ നേരില്‍ കണ്ട് ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു ഉദ്ദേശം. അതിന് ക്രൂഷ്‌ചേവിന് കത്തെഴുതി, മോസ്‌കോ പീസ് കമ്മറ്റി സമ്മര്‍ദവും ചെലുത്തി. പക്ഷേ, നേരില്‍ കാണാന്‍ കഴിഞ്ഞില്ല. പകരം യൂണിയന്‍ ഓഫ് സോവിയറ്റ്‌സ് ഓഫ് ദി സുപ്രീം സോവിയറ്റ് ചെയര്‍മാന്‍ ഐ.വി.സ്പിരിഡോനോവുമായി അവര്‍ കൂടിക്കാഴ്ച നടത്തി. സുപ്രീം സോവിയറ്റ് ബില്‍ഡിങില്‍വെച്ച് ആണവനിരായുധീകരണത്തെക്കുറിച്ച് ചര്‍ച്ചനടത്താന്‍ ഫിബ്രവരി 27 നായിരുന്നു കൂടിക്കാഴ്ച.

ക്രൂഷ്‌ചേവിനെ കാണാനും സമാധാന സന്ദേശം നേരിട്ട് അറിയിക്കാനുമുള്ള ശ്രമം തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. മാര്‍ച്ച് 9 ന് ക്രൂഷ്‌ചേവിന്റെ സന്ദേശം അവര്‍ക്ക് ലഭിച്ചു. അതോടെ, മോസ്‌കോയില്‍നിന്ന് സമാധാനയാത്ര തുടരാന്‍ തീരുമാനിച്ചു.

ശൈത്യകാലം കഴിഞ്ഞിരുന്നില്ല. യാത്ര കഠിനമാകുമെന്ന സുഹൃത്തുക്കളുടെ മുന്നറിയിപ്പ് അവഗണിച്ച് ഇരുവരും മോസ്‌കോയില്‍നിന്ന് പോളണ്ടിലേക്ക് നടത്തമാരംഭിച്ചു.

മണ്ണിന്നടിയില്‍ അരലക്ഷം നിരപരാധികള്‍

സോവിയറ്റ് യൂണിയനില്‍ 120 ദിവസം ചെലവിട്ട യാത്രികര്‍ 1963 മെയ് 1 ന് പോളണ്ടിന്റെ അതിര്‍ത്തി കടന്നു. അവിടെ നിന്ന് തലസ്ഥാനമായ വാഴ്‌സയിലേക്ക് ഏഴുദിവസത്തെ നടത്തം. അവിടെ ഒരാഴ്ച അവര്‍ ചെലവിട്ടു. പോളണ്ടിലും സമാധാന യാത്ര പ്രശ്‌നങ്ങളില്ലാതെയാണ് പുരോഗമിച്ചത്. ലോക്കല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതിഥികളായിരുന്നു ആ യുവാക്കള്‍.

നാസി തേര്‍വാഴ്ചയുടെ നടുക്കമുളവാക്കുന്ന സ്മാരകങ്ങള്‍ പോളണ്ടില്‍ എങ്ങുമുണ്ട്. വാഴ്‌സയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ പോസ്‌നന്‍ നഗരത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അത്തരമൊരു സ്ഥലം സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. കോവോ (Kovo) പട്ടണത്തില്‍വെച്ചായിരുന്നു അത്. രണ്ടാംലോകമഹായുദ്ധകാലത്ത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായി പ്രവര്‍ത്തിച്ച ഒരു സ്ഥലം കാണാന്‍ കോവോയിലെ സംഘാടകര്‍ അവസരമൊരുക്കുകയായിരുന്നു.

പട്ടണത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെ, പൊക്കമേറിയ സോന്‍സ മരങ്ങള്‍ വളരുന്ന ഒരിടം. അസാധാരണമായ മൗനം അവിടെ തളംകെട്ടിനിന്നു. സൊന്‍സ മരങ്ങള്‍ ചലനമില്ലാതെ നിലകൊണ്ടു. ഒരു വലിയ വനത്തിനരികിലെ തുറസ്സായ സ്ഥലത്ത് ഞങ്ങളെത്തി. കല്ലുകളും സിമന്റ് കൈവരികളുടെ പൊട്ടിയ ഭാഗങ്ങളും അവിടെ കാണാമായിരുന്നു. മുമ്പിവിടെ കെട്ടിടങ്ങളോ മറ്റോ ഉണ്ടായിരുന്നതിന്റെ തെളിവ്.

'ഇവിടെ നിങ്ങളുടെ പാദത്തിനടിയില്‍ അരലക്ഷം നിരപരാധികളെ അടക്കം ചെയ്തിട്ടുണ്ട്! പോളണ്ട്, ചെക്കോസ്ലോവാക്യ, ഓസ്ട്രിയ, ഹംഗറി, ബെല്‍ജിയം, ഫ്രാന്‍സ് എന്നിങ്ങനെ ആറ് രാജ്യങ്ങളില്‍നിന്നുള്ളവരെ നാസികള്‍ ഇവിടെ കശാപ്പുചെയ്തു. വലിയ കിടങ്ങുകളില്‍ ആളുകളെയിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു' - അവരുടെ ആതിഥേയന്‍ പറഞ്ഞു. ആറടി വീതിയും നാലടി പൊക്കവും 120 മീറ്റര്‍ നീളവുമുള്ള ഒരു ഡസനിലേറെ കിടങ്ങുകള്‍ മനുഷ്യരെ ചുട്ടുകൊല്ലാന്‍ ഇവിടുണ്ടായിരുന്നു.

കിടങ്ങുകള്‍ക്കപ്പുറം റോസാച്ചെടികള്‍ പൂത്തുനില്‍ക്കുന്ന ഒരിടം. 'ഈ ചെടികള്‍ നില്‍ക്കുന്നത് ചെക്കോസ്ലാവാക്യയില്‍ നിന്നുള്ള നൂറുകണക്കിന് കുഞ്ഞുങ്ങളെ കശാപ്പുചെയ്ത് മറവ് ചെയ്തിടത്താണ്'. നടുക്കത്തോടെയാണ് അത് ശ്രവിച്ചത്.

അതിനടുത്ത് 48 കുടുംബങ്ങള്‍ മുമ്പ് പാര്‍ത്തിരുന്ന ഒരു ഗ്രാമത്തില്‍ എത്തി. ആ 48 കുടുംബങ്ങളെയും നാസികള്‍ യാതൊരു ദയയുമില്ലാതെ കൂട്ടക്കൊല ചെയ്തു.

കപ്പിന്റെ ആകൃതി തോന്നിക്കുന്ന മൂന്നടി പൊക്കമുള്ള മരക്കുറ്റി അവിടെയുണ്ടായിരുന്നു. 'അത് സ്വാഭാവിക മരമാണോ', അവര്‍ ചോദിച്ചു.

'അല്ല', ആതിഥേയര്‍ പറഞ്ഞു. 'മനുഷ്യത്തരഹിതമായ മറ്റൊരു കഥയാണത്. തടവുകാര്‍ക്ക് ഭക്ഷണം അതിലാണ് ഇട്ടുകൊടുക്കുക. വിശന്നുപൊരിഞ്ഞ മനുഷ്യര്‍ അതിന് ചുറ്റും യുദ്ധം ചെയ്യണം, വിശപ്പടക്കാന്‍ ഒരുപിടി ഭക്ഷണത്തിന്!'

അസ്ഥികഷണങ്ങള്‍ പൊടിമണ്ണില്‍ ചിതറിക്കിടക്കുന്നത് എവിടെയും കാണാമായിരുന്നു. കഴുകന്‍മാര്‍ക്ക് മാസങ്ങളോളം ഇവിടം വിരുന്നൊരുക്കിയിരിക്കണം; മനുഷ്യമാംസംകൊണ്ട്. ഇപ്പോള്‍ ഇവിടമൊരു യുദ്ധസ്മാരകമാക്കാനുള്ള നീക്കത്തിലാണ് പോളണ്ട് സര്‍ക്കാര്‍.

പോളണ്ട് നടന്നു തീര്‍ത്ത് ജൂണ്‍ 5 ന് കിഴക്കന്‍ കിഴക്കന്‍ ജര്‍മനിയിലെത്തി. അവിടുത്തെ പീസ് കൗണ്‍സിലായിരുന്നു ആതിഥേയര്‍. നാല് ദിവസം കിഴക്കന്‍ ബെര്‍ലിനിലും അവര്‍ ചെലവിട്ട് ജൂണ്‍ 12 ന് പടിഞ്ഞാറന്‍ ബെര്‍ലിനിലേക്ക് പ്രവേശിച്ചു.

ആറുമാസം കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിലായിരുന്നു. പരസ്യത്തിന്റെ ഗ്ലാമറില്ലാത്ത ലോകം. പരസ്യബോര്‍ഡുകളോ പത്രപരസ്യങ്ങളോ ഒരിടത്തും കാണാനില്ലായിരുന്നു. 'ന്യൂഡല്‍ഹി മുതല്‍ സോവിയറ്റ് അതിര്‍ത്തി വരെ കൊക്കകോളയുടെയും കാനഡ ഡ്രൈയുടെയുമൊക്കെ മനോഹരമായ പരസ്യബോര്‍ഡുകള്‍ റോഡിലുടനീളം ഞങ്ങള്‍ കണ്ടിരുന്നു'. ആറുമാസം അതൊന്നുമില്ലാത്ത ലോകത്ത് കൂടെ സഞ്ചരിച്ച് ഇപ്പോള്‍, ജര്‍മന്‍ 'അതിര്‍ത്തിയിലെ ചെക്ക്‌പോയന്റ് കടന്ന നിമിഷം കൊക്കകോളയുടെയും ബിയറിന്റെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും വര്‍ണാഭമായ പരസ്യഫലകങ്ങള്‍ ഞങ്ങളെ എങ്ങും സ്വാഗതം ചെയ്തു. ഇപ്പോള്‍, ഞങ്ങള്‍ 'സ്വതന്ത്ര ലോകത്തേ'ക്ക് വീണ്ടും എത്തിയിരിക്കുന്നു!'

പടിഞ്ഞാറന്‍ ജര്‍മനിയില്‍ എവിടെയും ആ സമാധാനയാത്രികരെ രഹസ്യപോലീസ് പിന്തുടര്‍ന്നു. മാസങ്ങളായി സോവിയറ്റ് പ്രദേശങ്ങളില്‍ ചെലവിട്ട അവര്‍ കമ്മ്യൂണിസ്റ്റുകളായിട്ടുണ്ടാകാമെന്നും, ചാരപ്രവര്‍ത്തനത്തിന് അവര്‍ തുനിഞ്ഞേക്കുമെന്നും അധികൃതര്‍ ഭയപ്പെട്ടതുപോലായിരുന്നു ആ നടപടി.

ജര്‍മനി കടന്ന് 11 ദിവസംകൊണ്ട് ബെല്‍ജിയവും പിന്നിട്ട് 1963 ആഗസ്ത് 5 ന് ഇരുവരും ഫ്രാന്‍സിലെ മോബോഗ് പട്ടണത്തിലെത്തി. 11 ദിവസത്തെ നടത്തംകൊണ്ട് പാരീസില്‍. മോസ്‌കോയില്‍നിന്ന് നടത്തം തുടങ്ങിയിട്ട് അഞ്ചുമാസം. 'വോമ മാര്‍ഗമോ തീവണ്ടിയിലോ മോസ്‌കോയില്‍നിന്ന് പാരീസിലെത്താന്‍ എത്ര സമയമെടുക്കുമെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞങ്ങള്‍ക്ക് ഉത്തരം അറിയില്ലായിരുന്നു. എന്നാല്‍, നടന്നാല്‍ അഞ്ചുമാസം മതിയെന്ന് ഞങ്ങള്‍ക്ക് ധൈര്യപൂര്‍വം പറയാന്‍ കഴിഞ്ഞു' - മേനോന്‍ ഡയറിയില്‍ എഴുതി.


ഒരു മാസം പാരീസില്‍ ചെലവിടുന്നതിനിടെ ഒട്ടേറെ പുതിയ അനുഭവങ്ങള്‍ അവരെ തേടിയെത്തി. ഗാന്ധിജിയുടെ ആശയങ്ങളാല്‍ ഊര്‍ജമുള്‍ക്കൊണ്ട് മുന്നോട്ടുപോകുന്ന ചില സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ഒട്ടേറെപ്പേരുടെ ഭവനങ്ങളില്‍ അതിഥികളായി. പ്രസിഡന്റ് ഡി ഗോളിയെ കാണാന്‍ ശ്രമിച്ച് പരാജയപ്പെട്ട അവര്‍, പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ 'ബോംബുകള്‍ വേണ്ട' എന്ന ബാനറുമേന്തി പ്രകടനം നത്തി അറസ്റ്റിലായി. സപ്തംബര്‍ 16 നായിരുന്നു അത്. മൂന്നുദിവസം ഫ്രഞ്ച് ജയിലില്‍. ഇന്ത്യന്‍ സ്ഥാനപതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇരുവരെയും ട്രെയിന്‍ മാര്‍ഗം ഇംഗ്ലണ്ടിലേക്ക് 'നാടുകടത്തി'.

ബര്‍ട്രാന്‍ഡ് റസ്സലിന്റെ വസതിയില്‍

ലണ്ടനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെ പെന്‍ഹൈന്‍ദ്യൂഡ്രാത്ത് (Penrhyndeudraeth) ഗ്രാമത്തിലാണ് 'പ്ലാസ് പെന്‍ഹൈന്‍' (Plas Penrhyn) വസതി. വെയ്ല്‍സിന് വടക്കാണ് ആ പ്രദേശം. ഒക്ടോബര്‍ 19 ന് വൈകുന്നേരം നാലുമണിയോടെ ആ വസതിയിലെത്തുമ്പോള്‍ പ്രൗഢമായി വസ്ത്രധാരണം ചെയ്ത കുലീനത്വം തുളുമ്പുന്ന ആ മെലിഞ്ഞ് നീണ്ട മനുഷ്യന്‍ വാതില്‍ക്കലെത്തി അവരെ ഹൃദ്യമായി സ്വീകരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ധീഷണാശാലികളില്‍ ഒരാളാണ് തങ്ങളെ സ്വീകരിച്ച് വീട്ടിനുള്ളിലേക്ക് ആനയിക്കുന്നതെന്നോര്‍ത്തപ്പോള്‍ ആ യുവാക്കളുടെ ഹൃദയം ശരിക്കും ഉദ്വേഗഭരിതമായി. ആരുടെ പ്രേരണയാണോ ആ സമാധാനയാത്രയ്ക്ക് ആത്യന്തികമായി കാരണമായത്, ആ മനുഷ്യനാണിത്. 91 -ാം വയസ്സിലും ബര്‍ട്രാന്‍ഡ് റസ്സലിന്റെ ഊര്‍ജസ്വൊലതയ്ക്ക് തെല്ലും തേയ്മാനം വന്നിരുന്നില്ല.

'ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് നിങ്ങള്‍ നടത്തിയ അത്ഭുതകരമായ മാര്‍ച്ചിനെക്കുറിച്ച് എല്ലാം അറിയായുള്ള ആകാംക്ഷയിലാണ് ഞാന്‍', കടുപ്പം കുറഞ്ഞ ഗ്രീന്‍ ടീ കപ്പുകളിലേക്ക് പകര്‍ന്നു നല്‍കിക്കൊണ്ട് റസ്സല്‍ അറിയിച്ചു. വിശദാംശങ്ങളൊന്നും വിട്ടുപോകാതെ യാത്രയുടെ കഥ മുഴുവന്‍ അവര്‍ വിവരിച്ചു.

'ഒപ്പം നടക്കാന്‍ നിങ്ങള്‍ക്ക് ആരെയും കിട്ടിയില്ലേ'.

ഒരു റഷ്യന്‍ വിദ്യാര്‍ഥി അതിന് തയ്യാറായ കാര്യവും, ആ യുവതിയുടെ അമ്മ തടസ്സം പറഞ്ഞതിനാല്‍ ഒഴിവാക്കിയ കാര്യവും അദ്ദേഹത്തെ അറിയിച്ചു. ഇടയ്ക്ക് കൈയിലുള്ള പൈപ്പില്‍നിന്ന് ഓരോ പുക എടുത്തുകൊണ്ട്, കൂടുതല്‍ സമയവും പൈപ്പ് വെറുതെ കൈയില്‍ പിടിച്ചുകൊണ്ട്, അവരുടെ കഥ അദ്ദേഹം ശ്രദ്ധയോടെ കേട്ടു.

മേനോന്‍ എഴുതി: 'ജാലകം വഴി ട്രെമാഡോക് ഉള്‍ക്കടലിന്റെ ശാന്തത ദര്‍ശിക്കാമായിരുന്നു. കര്‍ഷകരും ചെമ്മരിയാടുകളും ഗ്രാമച്ചെരുവിലെ പച്ചപ്പിലൂടെ നീങ്ങുന്നത് കാണാം. ഉള്‍ക്കടലിലേക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു ഉയര്‍ന്ന സ്ഥലത്താണ് റസ്സലിന്റെ വസതി. ലിവിങ് റൂം പൂച്ചട്ടികളും ചെടികളുംകൊണ്ട് അലങ്കരിച്ചിരുന്നു. മുറി ചൂടാക്കാന്‍ ഹീറ്ററില്‍ വിറക് എരിഞ്ഞുകൊണ്ടിരുന്നു. എണ്ണമറ്റ വലിയ വോള്യങ്ങള്‍ അടുക്കിവെച്ച ഭീമന്‍ പുസ്തകഷെല്‍ഫുകള്‍ എല്ലാ വശത്തുമുണ്ടായിരുന്നു'.

'നിങ്ങളുടെ ആശയങ്ങള്‍ക്കും ദൗത്യത്തിനും കുടുതല്‍ പിന്തുണ ലഭിച്ചത് കിഴക്കന്‍ രാജ്യങ്ങളിലാണെന്ന് തോന്നുന്നു. നിരായുധീകരണത്തിലും സമാധാനത്തിലും അവര്‍ക്കാണ് കൂടുതല്‍ ഉത്ക്കണ്ഠയുള്ളത്', റസ്സല്‍ നിരീക്ഷിച്ചു. 'അന്ധമായ ദേശീയബോധം. അതാണ് കുഴപ്പം. ഏറ്റവും വലിയ തിന്മകളിലൊന്നാണത്'.

'വ്യത്യസ്ത രാജ്യങ്ങളുടെ നിലനില്‍പ്പിന് പിന്നലെ ലക്ഷ്യം ജനങ്ങളെ കൊലചെയ്യുക എന്നതാണ്. അതുകൊണ്ടാണ് ലോകഗവണ്‍മെന്റിനായി ഞാന്‍ വാദിക്കുന്നത്. എന്നാല്‍ തങ്ങളുടെ സ്വതന്ത്ര അധികാരവും, തീരുമാനമെടുക്കാനുള്ള സൗകര്യവും ഉപേക്ഷിക്കാന്‍ ആളുകള്‍ തയ്യാറല്ല. അതിനാല്‍ ലോകഗവണ്‍മെന്റ് വിദൂരസ്വപ്‌നം മാത്രമായി അവശേഷിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ പരമ്പരാഗതമായ രീതിയില്‍ യുദ്ധങ്ങള്‍ നടക്കുന്നത് ഒഴിവാക്കാനാവില്ല. അതുകൊണ്ടാണ് ആണവായുധ നിരായുധീകരണത്തിന് ഞാന്‍ വാദിക്കുന്നത്. ഇനിയൊരു ആണവയുദ്ധമുണ്ടായാല്‍ അത് സങ്കല്‍പ്പാതീതമായ ദുരിതവും നാശവുമായിരിക്കും മനുഷ്യവര്‍ഗത്തിന് സമ്മാനിക്കുക. നമ്മളത് ഉപേക്ഷിക്കണം. മാനവികതയ്ക്കാകണം മനുഷ്യന്റെ പ്രഥമ പരിഗണന' - റസ്സല്‍ പറഞ്ഞത് ആ ചെറുപ്പക്കാര്‍ ജിജ്ഞാസയോടെ കേട്ടിരുന്നു.

'ഞാന്‍ പുകവലിക്കുന്നതില്‍ വിരോധമുണ്ടോ', ഇടയ്ക്ക് അദ്ദേഹം ആരാഞ്ഞു. ഇല്ലെന്ന് അവര്‍ അറിയിച്ചു.

ആ യാത്രികരുടെ മതവിശ്വാസം എത്തരത്തിലെന്ന് അറിയാന്‍ റസ്സല്‍ ആഗ്രഹം പ്രകടിപ്പിച്ചു. 'ഞങ്ങള്‍ക്ക് മതമില്ല', അവര്‍ പറഞ്ഞു.

ആണവായുധ നിരായുധീകരണത്തിന്റെ കാര്യത്തില്‍ അമേരിക്കയെക്കാളും സോവിയറ്റ് യൂണിയനെയാണ് റസ്സല്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹത്തിന്റെ സംഭാഷണത്തില്‍നിന്ന് അവര്‍ക്ക് മനസിലായി. സമാധാന പ്രസ്ഥാനങ്ങളെക്കുറിച്ചും മറ്റ് വിവിധ വിശയങ്ങളെക്കുറിച്ചും സംഭാഷണം നീണ്ടു. ഇന്തോ-ചൈന അതിര്‍ത്തി സംഘര്‍ഷവും പരാമര്‍ശ വിഷയമായി.

മഹാനായ ആ മനുഷ്യനുമായി വേണമെങ്കില്‍ മണിക്കൂറുകള്‍ സംഭാഷണത്തില്‍ മുഴുകാന്‍ കഴിയുമെന്ന് ആ ചെറുപ്പക്കാര്‍ക്ക് മനസിലായി. വിശ്രമിക്കേണ്ട ഈ പ്രായത്തിലും അദ്ദേഹം മാനവരാശിയുടെ നിലനില്‍പ്പിനെക്കുറിച്ച് ഉത്ക്കണ്ഠപ്പെട്ട് കര്‍മനിരതനാണ്. ശരിക്കുമൊരു 'ഹ്യുമണ്‍ ഡൈനാമോ'യാണ് അദ്ദേഹമെന്ന് മേനോന്‍ എഴുതി.

ഒന്നര മണിക്കൂര്‍ കടന്നുപോയത് അറിഞ്ഞില്ല. കാറില്‍വെച്ച് റസ്സലിന്റെ ദിനചര്യ അദ്ദേഹത്തിന്റെ സഹായി വിവരിച്ചുതന്നു. 'അദ്ദേഹം രാവിലെ 8 ന് ഉണരും. 11.30 വരെ പത്രങ്ങളും കത്തുകളും നോക്കാന്‍ ചെലവിടും. അതുകഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിവരെ അയയ്ക്കാനുള്ള കത്തുകള്‍ സെക്രട്ടറിക്ക് പറഞ്ഞുകൊടുക്കുകയും, സന്ദര്‍ശകരെ സ്വീകരിക്കുകയും ചെയ്യും. വീണ്ടും 4 മുതല്‍ 6 മണിവരെ ആ പ്രവര്‍ത്തനം തുടരും. 7 മണിക്ക് അത്താഴം കഴിഞ്ഞാല്‍, പിന്നീട് 6 മണിക്കൂര്‍ വായനയ്ക്കും ഗവേഷണത്തിനും എഴുത്തിനും താത്പര്യമുള്ള പത്രകട്ടിങ്ങുകള്‍ സൂക്ഷിച്ചുവെയ്ക്കാനും ചെലവിടും. രാത്രി ഒരു മണിക്ക് ഉറങ്ങാന്‍ കിടക്കും. 60 കാരിയായ ഭാര്യയാണ് അദ്ദേഹത്തിന്റെ സെക്രട്ടറിയും സുഹൃത്തും മാതാവും എല്ലാം. വര്‍ഷങ്ങളായി ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമേ അദ്ദേഹം കഴിക്കാറുള്ളൂ'.

അത്‌ലാന്റിക്കിനക്കരെ

ഫ്രാന്‍സില്‍നിന്ന് 'നാടുകടത്തപ്പെട്ട' സമാധാന യാത്രികര്‍ ഡന്‍കിര്‍ക്ക് വരെ തീവണ്ടിയിലും അതുകഴിഞ്ഞ് സ്റ്റീമറിലുമാണ് യാത്ര ചെയ്തത്.  ഇംഗ്ലണ്ടിലെ ഡോവര്‍ തുറമുഖത്ത് സ്റ്റീമര്‍ ഇറങ്ങിയ അവര്‍ അവിടെനിന്ന് മാര്‍ച്ചുചെയ്ത് ലണ്ടനിലെത്തുന്നത് സപ്തംബര്‍ 25 ന്. ഇംഗ്ലണ്ടിലെ ആണവായുധ വിരുദ്ധ പ്രവര്‍ത്തകര്‍ അവര്‍ക്ക് എല്ലാ സഹായവും നല്‍കി. രണ്ടുമാസം ലണ്ടനില്‍ കഴിയുന്നതിനിടെയാണ് അവര്‍ റസ്സലിനെ സന്ദര്‍ശിച്ചത്.

ലണ്ടനിലുള്ളപ്പോഴാണ് ഒരു ദിവസം ചെല്‍സി മേഖലയിലെ ഒരു റെസ്‌റ്റോറണ്ടിലേക്ക് ഇരുവരും ക്ഷണിക്കപ്പെട്ടു. അവിടെയെത്തി, ലഘുഭക്ഷണമൊക്കെ കഴിഞ്ഞപ്പോള്‍ അതിഥികളോട് ആ കസേരകളില്‍ ഒന്നിരിക്കുമോ ഒരു ഫോട്ടോയെടുത്തോട്ടെ എന്ന് ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

പോരാന്‍ നേരം അവരുടെ ആതിഥേയ പറഞ്ഞു. 'നോക്കൂ, ഇതെന്റെ സുഹൃത്തിന്റെ റസ്‌റ്റോറണ്ടാണ്, ഇന്നാണിതിന്റെ ഉദ്ഘാടനം. നിങ്ങളുടെ പ്രസ്ഥാനത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇത്രയും അകലെനിന്നുള്ള, ഇന്ത്യയില്‍നിന്നുള്ള അതിഥികളെ ഉദ്ഘാടന ദിവസം തന്നെ കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. ഭിത്തിയില്‍ നിങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. ഞങ്ങളുടെ ആദ്യ കസ്റ്റമര്‍മാര്‍ 7000 മൈല്‍ നടന്നെത്തിയവരാണ്!'.

ഇംഗ്ലണ്ടില്‍നിന്ന് അത്‌ലാന്റിക്കിനക്കരെയെത്തണം. യാത്രക്കൂലി വേണം. അതിന് ലണ്ടനിലെ സമാധാനപ്രവര്‍ത്തകര്‍ ഒരു 'അത്‌ലാന്റിക് ഫണ്ടി'ന് രൂപംനല്‍കി. ആ ഫണ്ടുപയോഗിച്ചാണ് അവര്‍ക്ക് കപ്പല്‍യാത്രയ്ക്ക് ടിക്കറ്റെടുത്തുകൊടുത്തത്.

ലണ്ടനില്‍നിന്ന് സമാധാനമാര്‍ച്ച് തുടര്‍ന്നു. 160 കിലോമീറ്റര്‍ നടന്ന് സതാംപ്ടണ്‍ തുറമുഖത്തെത്തിയ ഇരുവരും, നവംബര്‍ 22 ന് 'ക്യൂന്‍ മേരി' യാത്രാക്കലില്‍ ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ചു.

കപ്പല്‍ പുറപ്പെട്ട ആദ്യദിവസം തന്നെ ആ ദുഖവാര്‍ത്തയെത്തി. ആരെ നേരില്‍കണ്ട് ആണവായുധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടാനാണോ തങ്ങള്‍ അമേരിക്കയിലേക്ക് യാത്രചെയ്യുന്നത്, ആ മനുഷ്യന്‍ ദാരുണമായി വധിക്കപ്പെട്ടിരിക്കുന്നു. പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡിയുടെ മരണവാര്‍ത്ത കപ്പലിലുള്ളവരെ മുഴുവന്‍ ദുഖത്തിലാഴ്ത്തി.

ലണ്ടനില്‍ ആ സമാധാനയാത്രികള്‍ക്ക് വലിയ മാധ്യമശ്രദ്ധ ലഭിച്ചിരുന്നതിനാല്‍, കപ്പലിലുള്ള പല സഹയാത്രികളും അവരെ തിരിച്ചറിഞ്ഞു. ന്യൂയോര്‍ക്ക് തുറമുഖത്ത് കപ്പലടുക്കുമ്പോള്‍ തന്നെ ടിവിക്കാരും പത്രക്കാരും അവരെ ഇന്റര്‍വ്യൂ ചെയ്തു. അര്‍ധരാത്രിയോടെ ന്യൂയോര്‍ക്കിലെ താമസസ്ഥലത്ത് ഇരുവരും എത്തുമ്പോഴേക്കും, ഇന്ത്യയില്‍നിന്ന് നടന്നെത്തിയ ആ സമാധാനപ്രവര്‍ത്തകരെ കുറിച്ചുള്ള വാര്‍ത്ത രാജ്യം മുഴുവന്‍ പരന്നിരുന്നു!

പത്തുദിവസം ന്യൂയോര്‍ക്കിലുള്ളപ്പോള്‍ അവര്‍ യു.എന്‍.ആസ്ഥാനം സന്ദര്‍ശിച്ചു. നഗരത്തില്‍ ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജില്‍ ഒരു സഹോദരനും സഹോദരിക്കുമൊപ്പമായിരുന്നു താമസം. 'ഇത് നിങ്ങളുടെ സ്വന്തം ഭാവനമായി കരുതിക്കൊള്ളുക' - ജെറിയും ബിവര്‍ലിയും സ്‌നേഹപൂര്‍വം അറിയിച്ചു. ഒരു റെയില്‍റോഡ് ഓഫീസിലാണ് ജെറിക്ക് ജോലി. ലോകസമാധാനത്തിനും നിരായുധീകരണത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയിലാണ് ബിവര്‍ലി ജോലിചെയ്യുന്നത്.

ജെറിയും ബിവര്‍ലിയും തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റ് ഒരിക്കലും പൂട്ടിയിടാറില്ല എന്നതായിരുന്നു ശ്രദ്ധേയമായ സംഗതി. മോഷണവും കൊലപാതകവും മറ്റ് അക്രമവും ന്യൂയോര്‍ക്കില്‍ കുറവല്ലെന്ന് പലരും നല്‍കിയ മുന്നറിയിപ്പ് മനസിലുണ്ടായിരുന്നതിനാല്‍, ആ നഗരത്തില്‍ പൂട്ടിയിടാത്ത ഒരു വീട് എന്നത് അത്ഭുതമായിരുന്നു. 'അത്തരമൊരു സമൂഹം സൃഷ്ടിക്കണമെന്നല്ലേ നാമെല്ലാം ആഗ്രഹിക്കുന്നത്'-വീട് പൂട്ടാത്ത കാര്യം ചോദിച്ചപ്പോള്‍ ജെറി മറുചോദ്യമെറിഞ്ഞു. രാവോ പകലോ വ്യത്യാസമില്ലാതെ ഞങ്ങള്‍ നാലാള്‍ക്കും എപ്പോള്‍ വേണമെങ്കിലും വീട്ടില്‍ വരാം, ഭക്ഷണമുണ്ടാക്കി കഴിക്കാം, കിടന്നുറങ്ങാം. ആ സഹോദരങ്ങളുമായി മണിക്കൂറുകളോളം വിവിധ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത കാര്യം മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ ഞങ്ങള്‍ താമസിച്ച ഭവനം ഒരിക്കലും പൂട്ടാറില്ല എന്ന് പറഞ്ഞപ്പോള്‍, 'ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണി'ന്റെ ലേഖകന്‍ ഇങ്ങനെ പ്രതികരിച്ചു: 'ഇങ്ങനെയൊരു കാര്യം ന്യൂയോര്‍ക്കിലാണ് സംഭവിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല'.

എത്ര ജോടി ഷൂ വേണ്ടിവന്നു

1963 ഡിസംബര്‍ 7 ന് ന്യൂയോര്‍ക്കില്‍ യു.എന്‍.ആസ്ഥാനത്ത് നിന്ന് വാഷിങ്ടണിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചു. വാഷിങ്ടണിലേക്കുള്ള 410 കിലോമീറ്റര്‍ താണ്ടാന്‍ കൃത്യം ഒരു മാസമെടുത്തു. മഞ്ഞുവീഴ്ച ആരംഭിച്ചിരുന്നു. ഫിലാഡെല്‍ഫിയയില്‍ എത്തുമ്പോഴേക്കും ആ കൗണ്ടി മുഴുവന്‍ രണ്ടടി മഞ്ഞില്‍ മൂടിയിരുന്നു. റഷ്യന്‍ ശൈത്യം നേരിട്ട യാത്രികള്‍ക്ക് അമേരിക്കയിലേതിന് അത്ര കാഠിന്യം അനുഭവപ്പെട്ടില്ല. എങ്കിലും, ഡിസംബര്‍ അവസാന വാരവും ജനവരി ആദ്യ ആഴ്ചയും നടത്തം ശരിക്കും പീഢനപര്‍വ്വമായി മാറി.

ആ യാത്രയ്ക്കിടെ ഒരു ദിവസം കഴിച്ചുകൂട്ടിയത് പ്രസിദ്ധമായ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. രാത്രി വൈകുവോളം ചര്‍ച്ച. അവിടെ 3200 ഡോളറാണ് ഒരു വിദ്യാര്‍ഥിയുടെ വാര്‍ഷികഫീസ്.

'അത്രയും പണം നല്‍കാന്‍ എന്റെ പക്കലില്ല', ശാന്തനായി കാണപ്പെട്ട ഒരു വിദ്യാര്‍ഥി പറഞ്ഞു.

'അപ്പോള്‍, താങ്കള്‍ എന്തുചെയ്യും', ഞങ്ങള്‍ ചോദിച്ചു.

'ശരിയാണ്, എനിക്ക് ചെറിയൊരു സ്‌കോളര്‍ഷിപ്പ് ഉണ്ട്. അതുപക്ഷേ, ട്യൂഷന്‍ ഫീസിനേ തികയൂ. ഭക്ഷണത്തിനുള്ള വകയ്ക്ക് ഞാന്‍ ജോലിചെയ്യണം'.

ആ വിദ്യാര്‍ഥിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്പര്യമുണ്ടായി. അരമണിക്കൂര്‍ സംസാരിച്ചപ്പോള്‍ അവന്‍ അത്ഭുതകരമായ പല സംഗതികളും പറഞ്ഞു. 24 മണിക്കൂറില്‍ താന്‍ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്, ഒരു കപ്പ് കാപ്പിയും, അവന്‍ അറിയിച്ചു.

'പ്രിയപ്പെട്ട സുഹൃത്തേ, എനിക്ക് പക്ഷേ വിശപ്പ് തോന്നാറില്ല. ശരിയാണ് ചെറുതായി തോന്നും. എല്ലാം ശീലത്തിന്റെ പ്രശ്‌നമാണ്. മുഴുവന്‍ സമയവും ഞാന്‍ പഠിക്കുന്നു. ആഴ്ചയില്‍ രണ്ടുദിവസം റെസ്റ്റോറണ്ടില്‍ ജോലിയെടുക്കും. പാത്രങ്ങള്‍ കഴുകുക, മുറികള്‍ വൃത്തിയാക്കുക ഒക്കെയാണ് ജോലി. രാവിലെ കഴിക്കുന്ന ഒരു കപ്പി ദിവസം മുഴുവന്‍ എന്നെ നിലനിര്‍ത്തുന്നു'.

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിലൊന്നില്‍ അതിസമര്‍ഥനായ ഒരു ഗണിതവിദ്യാര്‍ഥിക്ക് ദിവസം രണ്ടുനേരം ഭക്ഷണമില്ല! - മേനോന്‍ അത്ഭുതത്തോടെ എഴുതി.

ഒരു ദിവസം ട്രെന്റണ്‍ സിറ്റിയിലെ ബഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ എലിമെന്ററി സ്‌കൂള്‍ യാത്രികരുടെ ശ്രദ്ധയാകര്‍ഷിച്ചു. അവിടേക്ക് കയറിച്ചെന്നു. പ്രിന്‍സിപ്പാള്‍ ആ സമാധാനപ്രവര്‍ത്തകരെ സ്വീകരിച്ചിരുത്തി കാപ്പി നല്‍കി സല്‍ക്കരിച്ചു. അല്‍പ്പസമയം കഴിഞ്ഞ് ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ചുമതലയേല്‍പ്പിച്ച് അവരെ സ്‌കൂള്‍ ചുറ്റികാണാന്‍ വിട്ടു. ആദ്യം അവരുടെ ക്ലാസ് കാണാമെന്ന് പറഞ്ഞു. കുട്ടികള്‍ ചോദ്യങ്ങളുടെ പരമ്പര തന്നെ കെട്ടഴിച്ചു.

ഏറ്റവും ശ്രദ്ധേയമായ ചോദ്യം ഇതായിരുന്നു: 'നിങ്ങള്‍ക്ക് എത്ര ജോടി ഷൂ വേണ്ടിവന്നു?'

'നിരായുധീകരണം' എന്ന ബാനറുമേന്തി നടന്നുനീങ്ങുന്ന അവരെ പരിഹസിക്കാനും അപമാനിക്കാനും അമേരിക്കയില്‍ ആളുണ്ടായി. വില്‍മിങ്ടണ്‍ പട്ടണത്തില്‍ വെച്ച്, 'വട്ടന്മാരെ എന്താ നിങ്ങളുടെ തല പരിശോധിക്കാത്തത്' എന്ന് ചോദിച്ച് ഒരു മധ്യവയസ്‌ക്കന്‍ അവരെ ആക്രമിക്കാന്‍ വന്നു. ഒരു ഗ്യാസ് സ്‌റ്റേഷനില്‍ ആണവനിരായുധീകരണത്തെക്കുറിച്ച് വിവരിക്കുന്ന ലഘുലേഖ വിതരണം ചെയ്യുമ്പോള്‍ കാറിലെത്തിയ തടിച്ച സ്ത്രീ അലറി: 'വിഡ്ഢികള്‍, നിങ്ങള്‍ നരകത്തില്‍ പോകാത്തതെന്താ'. വേറൊരിടത്തുവെച്ച് ഒരു പിതാവും മകനും മഞ്ഞുകട്ടകള്‍കൊണ്ട് അവരെ ആക്രമിച്ചു. ഒട്ടേറെ മഞ്ഞുകട്ടകള്‍ യാത്രികരുടെ ശരീരത്തില്‍ പതിച്ച് പൊട്ടിച്ചിതറി.

 'ഏതാണ്ട് ഒരു ഡസണ്‍ രാജ്യങ്ങളിലൂടെ ഞങ്ങള്‍ മാര്‍ച്ച് നടത്തിയെങ്കിലും ഇത്തരം ശത്രുതാപരമായ പെരുമാറ്റം അമേരിക്കയിലാണ് നേരിടേണ്ടിവന്നത്' - മേനോന്‍ രേഖപ്പെടുത്തുന്നു. അവര്‍ പിടിച്ചിരിക്കുന്ന ബോര്‍ഡില്‍ മോസ്‌കോ എന്ന് എഴുതിയിരിക്കുന്നത് കണ്ടതാണ് പലരെയും ചൊടിപ്പിച്ചത്.

1964 ജനവരി 7 ന് വാഷിങ്ടണ്‍ ഡി.സി.യില്‍ ആ നടത്തം അവസാനിച്ചു.

'ഗാന്ധിജിയുടെ സമാധിയില്‍നിന്ന് കെന്നഡിയുടെ കല്ലറയിലേക്കാണ് സമാധാന മാര്‍ച്ച് എത്തിയത്. രാജ്ഘട്ടില്‍നിന്ന് ആര്‍ലിങ്ടണിലേക്ക്! സമാധാനത്തിന്റെ വിത്തുകള്‍ തേടി രാജ്യഹൃദയങ്ങളിലൂടെയാണ് ഞങ്ങള്‍ സഞ്ചരിച്ചെത്തിയത്. പക്ഷേ, ഞങ്ങള്‍ കണ്ടത് അക്രമത്തിന്റെ വന്‍മരങ്ങളാണ്! എങ്കിലും, മനുഷ്യവംശത്തിന്റെ ഇരുണ്ട ഭാവിയില്‍ പ്രതീക്ഷയുടെ ചില ജ്വാലകള്‍ കാണാം'-മാര്‍ച്ച് അവസാനിക്കുന്ന വേളയില്‍ മേനോന്‍ കുറിച്ചു.



അങ്ങനെ ലോകസമാധാനത്തിനായി നടന്ന ആ ലോകയാത്ര സമാപിച്ചു. 15,000 കിലോമീറ്റര്‍ നീണ്ട നടത്തത്തിനിടെ എത്ര ജോടി ഷൂസ് വേണ്ടിവന്നുവെന്ന് മേനോന്‍ പക്ഷേ രേഖപ്പെടുത്തിയിട്ടില്ല.

പത്രം വായിക്കുന്ന അള്‍ത്താര

ആ സമാധാന മാര്‍ച്ച് വാഷിങ്ടണില്‍ അവസാനിപ്പിക്കരുതെന്ന് ലണ്ടനിലെത്തിയപ്പോഴേ മോനോനോട് ജപ്പാനിലെ ചില സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. ആണവദുരിതമേറ്റുവാങ്ങിയ ഹിരോഷിമയും നാഗസാക്കിയും സന്ദര്‍ശിക്കാതെ യാത്ര അവസാനിപ്പിക്കുന്നത് യുക്തസഹമാകില്ല എന്നാണ് അവര്‍ പറഞ്ഞത്. വാഷിങ്ടണിലെത്തിയ ശേഷം അമേരിക്കയിലെ സുഹൃത്തുക്കളുമായി ഇക്കാര്യം ചര്‍ച്ചചെയ്തു.

ആ ഇന്ത്യന്‍ യുവാക്കളുടെ യാത്രയ്ക്ക് അമേരിക്കയില്‍ വലിയ പ്രതികരണമാണ് മാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും ലഭിച്ചത്. ഗാന്ധിയന്‍ സംഘടനയായ 'കമ്മറ്റി ഫോര്‍ നോണ്‍-വയലന്റ് ആക്ഷന്‍' (CNVA) ആയിരുന്നു അമേരിക്കയില്‍ അവരുടെ ആതിഥേയര്‍. ഇന്ത്യയില്‍നിന്നുള്ള ആ സമാധാന പ്രവര്‍ത്തകരെ തങ്ങളുടെ നഗരത്തിലും എത്തിക്കണം എന്നഭ്യര്‍ഥിച്ച് നൂറിലേറെ കത്തുകള്‍ സി.എന്‍.വി.എ.ഓഫീസില്‍ ലഭിച്ചു. അങ്ങനെയാണ്, വാഷിങ്ടണില്‍ ദൗത്യം അവസാനിച്ച ശേഷം മൂന്നോ നാലോ മാസം അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ പ്രഭാഷണ യാത്രകള്‍ നടത്താനും, തിരികെ ഇന്ത്യയിലേക്കോ ജപ്പാനിലേക്കോ പോകാനുമുള്ള ചെലവ് സമാഹരിക്കാനും തീരുമാനിക്കുന്നത്. അഞ്ചുമാസം നീണ്ട ആ പ്രഭാഷണയാത്രകളുടെ മുഴുവന്‍ ഏകോപനവും സി.എന്‍.വി.എ. പ്രവര്‍ത്തകര്‍ക്കായിരുന്നു.

1964 ജനവരി പകുതി മുതല്‍ മെയ് വരെയായിരുന്നു പ്രഭാഷണ പര്യടനം. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വ്യത്യസ്ത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുമായി അടുത്തിടപഴകാനും അവസരം നല്‍കുന്ന തിരക്കേറിയ സമയമായിരുന്നു അത്. 27 സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. 25000 ലേറെ കിലോമീറ്റര്‍ കാറിലും ബസ്സിലുമായി താണ്ടി. യൂണിവേഴ്‌സിറ്റികളും കോളേജുകളും സ്‌കൂളുകളുമൊക്കെയായി നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംസാരിച്ചു. 200 ലേറെ കുടുംബസദസ്സുകളില്‍ പങ്കെടുത്ത് സമാധാന സന്ദേശം നല്‍കി. പള്ളികളിലും ക്ലബ്ബുകളിലും മറ്റ് സ്ഥാപനങ്ങളിലുമായി സംഘടിപ്പിച്ച 200 ലേറെ ചടങ്ങുകളിലും പങ്കെടുത്തു. അതിനിടെ രണ്ടുദിവസം അതിര്‍ത്തി കടന്ന് ക്യാനഡയിലുമെത്തി.

അതിനിടെ, ബോസ്റ്റണിന് സമീപം വിചിത്രമായ ഒരു പള്ളിയിലേക്ക് അവരെ ക്ഷണിച്ചു. ഏതാണ്ട് 25 കുടുംബങ്ങളേ ആ പള്ളിക്ക് കീഴിലുള്ളൂ. ആരാധനാലയങ്ങളില്‍ പരമ്പരാഗതമായി കാണുന്ന ചിഹ്നങ്ങളോ രൂപങ്ങളോ അവിടെയില്ല. അള്‍ത്താരയില്‍ കുരിശിന്റെ സ്ഥാനത്ത് ഒരു ഗ്ലോബാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനടുത്തായി ഒരു പിയാനോ. ഏതൊരാള്‍ക്കും പ്രസംഗപീഠത്തിലെത്തി സന്ദേശം നല്‍കാം. ഒരു നിയന്ത്രണവും അക്കാര്യത്തിലില്ല. കുമ്പസാരമോ വിശുദ്ധ കുര്‍ബാന നല്‍കുന്ന ഏര്‍പ്പാടോ ഇല്ല.

'അള്‍ത്താരയില്‍ പ്രസംഗപീഠത്തില്‍നിന്ന് ഏത് രചനയില്‍നിന്നുള്ള നല്ല ഭാഗങ്ങളും ഞങ്ങള്‍ക്ക് വായിക്കാം. യുക്തിചിന്ത പ്രചരിപ്പിക്കുന്ന പുസ്തകങ്ങളില്‍നിന്നുള്ള ഭാഗങ്ങള്‍, ചെറുകഥകഥകള്‍, എന്തിന് പത്രങ്ങളുടെ മുഖപ്രസംഗത്തില്‍നിന്നുള്ള ഭാഗം വരെ അവിടെ വായിക്കാറുണ്ട്' - ഞങ്ങളുടെ ആതിഥേയന്‍ അറിയിച്ചു. അവരുടെ ആ 'മാനവിക ദേവാലയത്തില്‍' നിന്ന് 'ലോകത്തിനുള്ള സന്ദേശം നല്‍കാന്‍' അദ്ദേഹം ഞങ്ങളോട് അഭ്യര്‍ഥിച്ചു.

'മനുഷ്യന്റെ ഐക്യമാണ് ഞങ്ങളുടെ ഏക മതം. അതുകൊണ്ടാണ് ഞങ്ങളുടെ പ്രാര്‍ഥനയുടെ അടയാളം ഗ്ലോബായത്'-അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ പര്യടനത്തിനിടെ ആ ഇന്ത്യന്‍ യുവാക്കള്‍ക്ക് ഇരുപതാം നൂറ്റാണ്ടിലെ ചില വിശിഷ്ടവ്യക്തിത്വങ്ങളെ നേരില്‍ കാണാനും ആശയവിനിമയം നടത്താനും സാധിച്ചു. കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം നടത്തുന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍, ആണവായുധങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരപ്രഖ്യാപനം നടത്തിയ ശാസ്ത്രപ്രതിഭ ഡോ.ലൈനസ് പോളിങ്, 'ഗുഡ് എര്‍ത്ത്' എന്ന നോവലിലൂടെ ലേകമെങ്ങും ആരാധകരെ സൃഷ്ടിച്ച പേള്‍ എസ്.ബക്ക്, മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍, ആല്‍ഡസ് ഹക്‌സ്‌ലി തുടങ്ങി ഒട്ടേറെ മഹത്‌വ്യക്തിത്വങ്ങളെ സ്വാധീനിച്ച 'അക്രമരഹിത ചെറുത്തുനില്‍പ്പിന്റെ സിദ്ധാന്തം' രൂപപ്പെടുത്തിയ റിച്ചാര്‍ഡ് ഗ്രെഗ്ഗ് ഒക്കെ അതില്‍ പെടുന്നു.

ലോകത്തെവിടെയുമുള്ള വിമോചന പോരാളികളുടെ ഹൃദയരാഗമായി മാറിയ ആ വരികള്‍,
We shall overcome, we shall overcome....
Oh deep in my heart, I do believe,
We shall overcom o-n-e-d-a-y-y-y.... ...അനശ്വരമാക്കിയ ഗായിക ജോണ്‍ ബേസുമായുള്ള കൂടിക്കാഴ്ചയാണ് ആ യുവാക്കളെ ജീവിതകാലം മുഴുവന്‍ ആവേശംകൊള്ളിക്കാന്‍ പോന്ന മറ്റൊരു സ്മരണ.

ആറുമാസം അമേരിക്കയില്‍ കഴിഞ്ഞ അവര്‍, 1964 ജൂണ്‍ 4 ന് ഹാവായ് വഴി ജപ്പാനിലേക്ക് തിരിച്ചു. രണ്ടുമാസംകൊണ്ട് ടോക്യോയില്‍നിന്ന് ഹിരോഷിമ വരെ നടന്നെത്തി. 1964 ആഗസ്ത് 4 ന് ഹിരോഷിമയില്‍. ആ ആഗസ്ത് 9 ന് നാഗസാക്കിയിലും സന്ദര്‍ശനം നടത്തി. ജപ്പാനിലെ സമാധാനപ്രവര്‍ത്തകര്‍ വലിയ ആവേശത്തോടെയാണ് ആ ദൗത്യത്തില്‍ പങ്കുചെര്‍ന്നത്.

ആഗസ്ത് 25 ന് ജപ്പാനിലെ യോക്കഹാമ തുറമുഖത്തുനിന്ന് എസ്.എസ്. വിയ്റ്റ്‌നാം എന്ന കപ്പലില്‍ ഹോങ്കോങ് വഴി ബോംബെ തുറമുഖത്തേക്ക് യാത്ര തിരിച്ചു. രണ്ടുവര്‍ഷം മുമ്പ് കാല്‍നടയായി ആരംഭിച്ച ആ യാത്ര 1964 സപ്തംബര്‍ 11 ന് ബോംബെയില്‍ അവസാനിച്ചു.

* Footprints on Friendly Roads , by E P Menon. 2001. Minerva Press, New Delhi. P.508.
കടപ്പാട്: കെ.വിശ്വനാഥ്, മാതൃഭൂമി.

-2015 ഏപ്രില്‍ 21 ന് 'മാതൃഭൂമി ഓണ്‍ലൈനി'ല്‍ പ്രസിദ്ധീകരിച്ചത്. ലിങ്ക്: http://goo.gl/csL3tv

by ജോസഫ് ആന്റണി 

ഹബ്ബിള്‍ ടെലിസ്‌കോപ്പിന് 25

കാല്‍നൂറ്റാണ്ടിനിടെ വെറും കണ്ടുപിടിത്തങ്ങള്‍ നടത്തുകയല്ല ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ചെയ്തത്, ജ്യോതിശാസ്ത്രത്തിന്റെ ഭാവി കണ്ടെത്തുകയായിരുന്നു ആ ടെലിസ്‌കോപ്പ്

മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പങ്ങളെയാകെ നവീകരിക്കാന്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനോളം സഹായിച്ച ഉപകരണങ്ങള്‍ ചരിത്രത്തില്‍ തന്നെ വിരളമാണ്. പഴയ നിഗമനങ്ങള്‍ സ്ഥിരീകരിക്കുക മാത്രമല്ല, പുതിയ സങ്കല്‍പ്പങ്ങള്‍ക്ക് വിത്തുപാകുകയും ചെയ്തു ആ ടെലിസ്‌കോപ്പ്. ഹബ്ബിള്‍ പകര്‍ത്തിയ നൂറുകണക്കിന് പ്രപഞ്ചദൃശ്യങ്ങള്‍, പുതിയ തലമുറകളുടെ ദൃശ്യബോധത്തെ പോലും മാറ്റിമറിച്ചു. ജ്യോതിശാസ്ത്രത്തിന് ആധുനിക കാലത്ത് ലഭിച്ച ഏറ്റവും ശക്തമായ ആ ഉപകരണത്തിന് ഇപ്പോള്‍ 25 വയസ്സ് തികയുന്നു.

1990 ഏപ്രില്‍ 24 ന് ഡിസ്‌കവറി പേടകം ഭ്രമണപഥത്തിലെത്തിച്ച ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍നിന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കണ്ടെത്തലുകളുടെ പ്രളയം തന്നെയുണ്ടായി. പ്രപഞ്ചത്തിന്റെ പ്രായവും, നക്ഷത്രങ്ങളുടെ പിറവിയും, അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ ഹബ്ബളിന്റെ അത്ഭുതനേത്രങ്ങള്‍ തേടിപ്പിടിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് മനസിലാക്കാന്‍ സഹായിക്കുക മാത്രമല്ല, ആ വികാസതോത് വര്‍ധിക്കുകയാണെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ തെളിയിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമായ ശ്യാമോര്‍ജം (dark energy) എന്താണെന്ന ആകാംക്ഷയിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത് ഒരര്‍ഥത്തില്‍ ഹബ്ബിളാണ്!
 പൊടിയും വായുവും നിറഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് തടസ്സമാണെന്നും, അത് മറികടക്കാന്‍ ടെലിസ്‌കോപ്പുകളെ ബഹിരാകാശത്ത് സ്ഥാപിക്കണമെന്നുമുള്ള ആശയം ആദ്യമവതരിപ്പിക്കുന്നത് ലിമാന്‍ സ്പിറ്റ്‌സര്‍ (1914-1997) ആണ്. ബഹിരാകാശത്തുനിന്നുള്ള ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് 1946 ല്‍ സ്പിറ്റ്‌സര്‍ തന്റെ പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോള്‍ മനുഷ്യന്‍ റോക്കറ്റുകള്‍ പോലും വിക്ഷേപിക്കാന്‍ ആരംഭിച്ചിരുന്നില്ല.

സ്പ്റ്റ്‌സറുടെ ആശയത്തിന്റെ ചുവടുപിടിച്ചാണ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അതിന്റെ 'ഗ്രേറ്റ് ഒബ്‌സര്‍വേറ്ററി' പരമ്പര 1970 കളില്‍ ആസൂത്രണം ചെയ്യുന്നത്. ആ പരമ്പരയിലെ ആദ്യ അംഗമാണ് ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പ്. എന്നുവെച്ചാല്‍ 1970 കളില്‍ ആരംഭിച്ച ആലോചനകളാണ് 1990 ല്‍ യാഥാര്‍ഥ്യമായതെന്നര്‍ഥം.

പ്രപഞ്ചം വികസിക്കുകയാണെന്ന് 1930 ല്‍ കണ്ടെത്തിയ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിളിന്റെ പേര് ആ സ്‌പേസ് ടെലിസ്‌കോപ്പിന് നല്‍കി. 15.9 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവും 11,110 കിലോഗ്രാം ഭാരവുമുള്ള ഹബ്ബിള്‍ ടെലിസ്‌കോപ്പ്, ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ് പ്രപഞ്ച നിരീക്ഷണം നടത്തുന്നത്. ഹബ്ബിളിന് ഒരു തവണ ഭൂമിയെ ചുറ്റാന്‍ 96 മിനിറ്റ് മതി. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആ ടെലിസ്‌കോപ്പ് ദിവസം 17 തവണ അത് ഭൂമിയെ വലംവെയ്ക്കുന്നു. 
ഹബ്ബിള്‍ ഇതിനകം ഭൂമിയെ ചുറ്റി 480 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 12 ലക്ഷം നിരീക്ഷണങ്ങള്‍ നടത്തി. 2.4 മീറ്റര്‍ വ്യസമുള്ള ദര്‍പ്പണത്തിന്റെ സഹായത്തോടെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ (അള്‍ട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നിങ്ങനെ) പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ഹബ്ബിളിന് സാധിക്കും.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ശാസ്ത്രചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പ്. പക്ഷേ, 1990 ല്‍ വിക്ഷേപിച്ചപ്പോള്‍ കഥ മറ്റൊന്നായിരുന്നു. ഹബ്ബിളിനെ ബഹിരാകാശത്തെത്തിച്ച ശേഷമാണ് അതിന്റെ മുഖ്യദര്‍പ്പണത്തിന് തകരാറുള്ള കാര്യം മനസിലായത്. ഹബ്ബിള്‍ പകര്‍ത്തുന്ന ദൃശ്യങ്ങളൊന്നും വ്യക്തതയുള്ളതല്ല! ആ പ്രശ്‌നം പരിഹരിക്കാന്‍ അന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു രക്ഷാദൗത്യത്തിന് നാസ തയ്യാറായി. 1993 ല്‍ എന്‍ഡവര്‍ പേടകത്തില്‍ ബഹിരാകാശ സഞ്ചാരികളെ ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പിലയച്ച് അതിന്റെ തകരാര്‍ പരിഹരിച്ചു!

ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിക്ക് ചുറ്റും പായുന്ന ഹബ്ബിളിനൊപ്പം അതേ വേഗത്തില്‍ സഞ്ചരിച്ച് തകരാര്‍ പരിഹരിച്ചുവെന്നത് അസാധാരണം എന്നല്ലാതെ വിശേഷിപ്പിക്കാനാകുമോ!

ഹബ്ബിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തിനിടെ നടന്ന ആദ്യ സര്‍വീസ് ദൗത്യമായിരുന്നു 1993 ലേത്. അതൊരു തുടക്കമായിരുന്നു. ഹബ്ബിളില്‍ അറ്റകുറ്റപണി നടത്താനുള്ള രണ്ടാമത്തെ ദൗത്യം 1997 ഫിബ്രവരിയില്‍ നടന്നു; ഡിസ്‌കവറി പേടകമാണ് അതിന് ഉപയോഗിച്ചത്. സ്‌പേസ് ടെലിസ്‌കോപ്പ് ഇമേജിങ് സ്‌പെക്ട്രോഗ്രാഫ് പോലുള്ള ചില നിര്‍ണായക ഉപകരണങ്ങള്‍ അന്ന് മാറ്റി സ്ഥാപിച്ചു. 1999 ഡിസംബറിലായിരുന്നു മൂന്നാമത്തെ സര്‍വീസ് ദൗത്യം. ഹബ്ബിളിന്റെ ബലന്‍സ് നിലനിര്‍ത്തുന്ന ഗൈറോസ്‌കോപ്പുകളില്‍ മൂന്നെണ്ണം തകരാറിലായത് മാറ്റി. 2002 മാര്‍ച്ചില്‍ നാലാമത്തെ ദൗത്യം -സോളാര്‍ പാനലുകളും ക്യാമറയും മാറ്റി സ്ഥാപിച്ചു; കൊളംബിയ പേടകത്തില്‍ പോയവര്‍ 'അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേയ്‌സ്' ഹബ്ബളില്‍ സ്ഥാപിച്ചു.
2003 ഫിബ്രവരി ഒന്നിന് നടന്ന കൊളംബിയ ദുരന്തം (ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള അടക്കം ഏഴ് ബഹിരാകാശയാത്രികര്‍ മരിച്ച ദുരന്തം) ഹബ്ബിളിന്റെ തുടര്‍ന്നുള്ള നവീകരണം അവതാളത്തിലാക്കി. പുതിയ സര്‍വീസ് ദൗത്യങ്ങള്‍ റദ്ദാക്കി. ഹബ്ബിളിനെ വേണമെങ്കില്‍ ഇനി കൈവിടാം എന്ന തോന്നലും നാസയില്‍ ശക്തമായി. പക്ഷേ, നാസക്ക് അതിന് മനസ് വന്നില്ല. ശാസ്ത്രലോകം അപ്പോഴേക്കും ഹബ്ബിളുമായി അത്രമേല്‍ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു!

അതുകൊണ്ടാണ്, ഹബ്ബിളിനെ നവീകരിക്കാനും അതിന്റെ അറ്റകുറ്റപ്പണി നടത്താനുമുള്ള അഞ്ചാമത്ത ദൗത്യം വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാന്‍ചെയ്തത്. 2009 മെയ് മാസത്തില്‍ അറ്റ്‌ലാന്റിസ് ബഹിരാകാശ പേടകത്തില്‍ പോയ സഞ്ചാരികളാണ് ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വെറും കേടുതീര്‍ക്കല്‍ ആയിരുന്നില്ല അഞ്ചാംദൗത്യം. ഹബ്ബിളിലെ സുപ്രധാന ഭാഗങ്ങളെല്ലാം മാറ്റി പുതുക്കി. പഴയ ക്യാമറയ്ക്ക് പകരം പുതിയ 'വൈഡ് ഫീല്‍ഡ് ക്യാമറ' സ്ഥാപിച്ചു. സ്‌പേസ് ടെലിസ്‌കോപ്പിന്റെ ബാലന്‍സ് നിലനിര്‍ത്തുന്ന ആറ് ഗൈറോസ്‌കോപ്പുകളും മാറ്റി. വിദൂരലക്ഷ്യങ്ങളില്‍ ദൃഷ്ടി ഉറപ്പിച്ചു നിര്‍ത്താന്‍ ഹബ്ബിളിനെ സഹായിക്കുന്ന 'ഫൈന്‍ഗൈഡന്‍സ് സെന്‍സറും' പുതുക്കി. അങ്ങനെ ഹബ്ബിളിനെ അടിമുടി നവീകരിച്ചു.

അഞ്ചുവര്‍ഷത്തേക്ക് കൂടി ഹബ്ബിളിന്റെ ആയുസ്സ് നീട്ടുന്ന സുപ്രധാന ദൗത്യമായിരുന്നു 2009 ലേത്. പക്ഷേ, ആ കാലയളവ് കഴിഞ്ഞിട്ടും ഹബ്ബിളിന്റെ പ്രവര്‍ത്തനത്തിന് തടസ്സമില്ലെന്ന്, ഏറ്റവുമൊടുവില്‍ (2015 ല്‍) പുറത്തുവന്ന കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡില്‍ പ്രതലത്തിന് കീഴെ സമുദ്രമുണ്ടെന്നതാണ് ആ കണ്ടെത്തല്‍. ഹബ്ബിള്‍ നടത്തിയ അത്ഭുതകരമായ കണ്ടെത്തലുകളില്‍ ഒന്ന് മാത്രമാണിത്. ലോകത്തെ എത്രയോ ഗവേഷണഗ്രൂപ്പുകള്‍ വ്യത്യസ്തമായ കണ്ടെത്തലുകള്‍ ഹബ്ബിളിന്റെ നിരീക്ഷണം വഴി നടത്തിയിരിക്കുന്നു.

ബാള്‍ട്ടിമോറിലെ 'സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിട്യൂട്ടി'നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചുമതല എങ്കിലും, ആര്‍ക്ക് വേണമെങ്കിലും ഹബ്ബിളിന്റെ സേവനം തേടാം. ഹബ്ബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം ആപേക്ഷകള്‍ നാസയ്ക്ക് ലഭിക്കുന്നു എന്നാണ് കണക്ക്. അതില്‍നിന്ന് തിരഞ്ഞെടുക്കുന്ന 200 അപേക്ഷകള്‍ അനുവദിക്കപ്പെടും. 
ഒരു വര്‍ഷം 20,000 നിരീക്ഷണങ്ങള്‍ നടത്താന്‍ ഹബ്ബിളിനാകും; ദിവസം ശരാശരി 54 നിരീക്ഷണങ്ങള്‍. അതുവഴി ഓരോ ആഴ്ചയിലും 18 ഡി.വി.ഡി.നിറയുന്നത്ര ഡേറ്റ ഹബ്ബിള്‍ ഭൂമിയിലേക്ക് അയയ്ക്കുന്നു. ഗവേഷകര്‍ക്ക് ലോകത്തെവിടെയിരുന്നും ഈ ഡേറ്റ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് വിശകലനം ചെയ്യാം. പ്രവര്‍ത്തനം തുടങ്ങി ആദ്യ രണ്ടുപതിറ്റാണ്ടിനുള്ളില്‍ ഹബ്ബിളില്‍നിന്നുള്ള നിരീക്ഷണഫലങ്ങളുടെ സഹായത്തോടെ 6000 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പുറത്തുവന്നു.

ഹബ്ബിളില്‍ നിന്നുണ്ടായ കണ്ടുപിടിത്തങ്ങളുടെ വ്യാപ്തി പരിശോധിച്ചാല്‍, ആധുനിക ജ്യോതിശ്ശാസ്ത്രം ഏറ്റവും കടപ്പെട്ടിരിക്കുന്ന ഉപകരണം അതാണെന്ന് വ്യക്തമാകും. പ്രപഞ്ചത്തിന്റെ പ്രായം 1300 കോടിക്കും 1400 കോടി വര്‍ഷത്തിനും മധ്യേയാണെന്ന കണ്ടെത്തലാകും അതില്‍ ഏറ്റവും പ്രധാനം.

1993 ല്‍ തകരാര്‍ പരിഹരിച്ചുകഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഹബ്ബിള്‍ ആദ്യത്തെ പ്രധാന നിരീക്ഷണം നടത്തി. ഷൂമാക്കര്‍-ലെവി 9 എ വാല്‍നക്ഷത്രം വ്യാഴഗ്രഹത്തില്‍ ഇടിച്ചുതകരുന്നതിന്റെ സ്‌തോഭജനകമായ ദൃശ്യങ്ങള്‍ ഹബ്ബിള്‍ പകര്‍ത്തി. ഒരു വാല്‍നക്ഷത്രം ഗ്രഹത്തില്‍ പതിക്കുന്നതിന്റെ പ്രതാഘാതങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നതിനും ആഴത്തില്‍ വിശകലനം ചെയ്യുന്നതിനും ശാസ്ത്രലോകത്തിന് ആദ്യമായി അവസരം ലഭിച്ചു.

അതായിരുന്നു ഹബ്ബിളിന്റെ യഥാര്‍ഥ തുടക്കം. പിന്നീട് ഹബ്ബിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1996 ലാണ്, ആകാശഗംഗയിലെ ഒരു 'സുക്ഷിര'ത്തിലൂടെ ബാഹ്യപ്രപഞ്ചത്തിലേക്ക് ഹബ്ബിള്‍ വിസ്തരിച്ചൊന്ന് 'നോക്കി'. ഗ്രേറ്റ് ബിയര്‍ നക്ഷത്രഗണത്തിന്റെ ദിശയിലായിരുന്നു ആ നിരീക്ഷണം. 10 ദിവസം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിന്റെ ഫലം അതിശയിപ്പിക്കുന്ന പ്രപഞ്ചദൃശ്യങ്ങളായി പുറത്തുവന്നു. നൂറുകണക്കിന് വിദൂര ഗാലക്‌സികളായിരുന്നു ആ ദൃശ്യത്തിലുള്ളത്. അതില്‍ ചിലത് പ്രപഞ്ചമുണ്ടായി ഏതാണ്ട് നൂറുകോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടത്. ഗാലക്‌സികളില്‍ നക്ഷത്രങ്ങളുടെ പിറവി ആദ്യം എത്ര ഊര്‍ജിതമായിരുന്നുവെന്നും, പിന്നീട് നക്ഷത്രപിറവിയുടെ ആവേഗം കുറഞ്ഞെന്നും ആ നിരീക്ഷണഫലം വ്യക്തമാക്കി.
നക്ഷത്രങ്ങളുടെ പിറവി എങ്ങനെയാണെന്നത് ജ്യോതിശാസ്ത്രജ്ഞരെ എക്കാലവും ആകാംക്ഷയിലാഴ്ത്തിയിട്ടുണ്ട്. ഗാലക്‌സികളില്‍ ധൂളിപടലങ്ങളുടെ മറയത്ത് നടക്കുന്ന നക്ഷത്രജനനങ്ങള്‍ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ നിരീക്ഷിക്കാന്‍ ഹബ്ബിളിന് കഴിഞ്ഞു. എത്ര നാടകീയമായ സംഭവങ്ങളുടെ അകമ്പടിയോടെയാണ് നക്ഷത്രങ്ങള്‍ പിറക്കുന്നതെന്ന് ആ നിരീക്ഷണങ്ങള്‍ തെളിയിച്ചു. ഹബ്ബിളില്‍നിന്ന് ലഭിച്ച ഏറ്റവും പ്രസിദ്ധമായ ദൃശ്യങ്ങളില്‍ ചിലത് 'സൃഷ്ടിയുടെ ഗോപുരങ്ങള്‍' (Pillars of Creation) എന്നറിയപ്പെടുന്ന, നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന മേഖലകളുടേതാണ്.

ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് ശരിയായി നിര്‍ണയിക്കുക എന്നതായിരുന്നു. ആ തോത് നിര്‍ണയിക്കുക വഴി പ്രപഞ്ചത്തിന്റെ പ്രായമെത്രയാണെന്ന് കണക്കാന്‍ ഹബ്ബിളില്‍നിന്നുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തെ സഹായിച്ചു.

പ്രപഞ്ചത്തിലെ വിദൂര ഗാലക്‌സികളിലേക്കുള്ള അകലം നിശ്ചയിക്കാന്‍ പ്രമാണദീപ്തികളായി ഉപയോഗിക്കുന്ന വിദൂര സൂപ്പര്‍നോവകളെ നിര്‍ണയിക്കാനും ജ്യോതിശാസ്ത്രജ്ഞരെ ഹബ്ബിള്‍ സഹായിച്ചു. വിദൂരഗാലക്‌സികളിലേക്കുള്ള അകലമറിയാന്‍ മാത്രമല്ല, പ്രപഞ്ചത്തിന്റെ പ്രാചീനകാലത്തേക്ക് ദൃഷ്ടിപായിക്കാനും അത് സഹായിച്ചു. ഒപ്പം, ആ നിരീക്ഷണങ്ങള്‍ അത്ഭുതകരമായ മറ്റൊരു തിരിച്ചറിവിലേക്ക് ശാസ്ത്രത്തെ നയിക്കുകയും ചെയ്തു. പ്രപഞ്ചം വെറുതെ വികസിക്കുകയല്ല, ആ വികാസത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു ആ തിരിച്ചറിവ്. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ കാരണം ശ്യാമോര്‍ജമെന്ന നിഗൂഢ ഊര്‍ജരൂപം ചെലുത്തുന്ന വിപരീതബലമാണെന്നും ഗവേഷകര്‍ നിഗമനത്തിലെത്തി. ശരിക്കുപറഞ്ഞാല്‍, ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ഭാവിയെ ഇതുവഴി ഹബ്ബിള്‍ ടെലസ്‌കോപ്പ് പുനര്‍നിര്‍ണയം നടത്തുകയായിരുന്നു.  
ഏതാണ്ടെല്ലാ ഗാലക്‌സികളുടെയും കേന്ദ്രത്തില്‍ തമോഗര്‍ത്തങ്ങളുണ്ടെന്നതാണ് ഹബ്ബിള്‍ നടത്തിയ പ്രസിദ്ധമായ മറ്റൊരു കണ്ടെത്തല്‍. മാത്രമല്ല, ആ തമോഗര്‍ത്തങ്ങള്‍ക്ക് ഗാലക്‌സിയുടെ മൊത്തം ദ്രവ്യമാനവുമായി (ദ്രവ്യമാനം = mass) ബന്ധമുണ്ടെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. ആദ്യം തമോഗര്‍ത്തം രൂപപ്പെട്ട ശേഷം, ഗാലക്‌സിയുടെ ദ്രവ്യമാനം നിശ്ചയിക്കപ്പെടുകയായിരുന്നോ, അതോ തിരിച്ചാണോ സംഭവിക്കുന്നത് എന്ന ചോദ്യമാണ് ഈ കണ്ടെത്തല്‍ അവശേഷിപ്പിക്കുന്നത്. അതുമല്ലെങ്കില്‍, ഗാലക്‌സിയും തമോഗര്‍ത്തവും ഒരേസമയം രൂപപ്പെട്ടതാണോ എന്ന സംശയവും ഉയരുന്നു.

കണ്ടെത്തലുകള്‍ നടത്തുക മാത്രമല്ല, പുതിയ കണ്ടെത്തലുകള്‍ക്ക് ഭാവിസാധ്യതകള്‍ തുറന്നിടുകകൂടിയാണ് ഹബ്ബിള്‍ ചെയ്യുന്നത്. പിന്‍ഗാമികള്‍ക്കുള്ള വഴിയൊരുക്കുക കൂടിയാണ് കാല്‍നൂറ്റാണ്ടുകാലം ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് ചെയ്തത് (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ).
 


by ജോസഫ് ആന്റണി 

- ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ 25-ാം വാര്‍ഷികത്തിന് 'മാതൃഭൂമി ഓണ്‍ലൈനി'ല്‍ പ്രസിദ്ധീകരിച്ചത്. ലിങ്ക്: http://goo.gl/5xILRN 

Tuesday, March 31, 2015

ആകാംക്ഷയുണര്‍ത്തി കണികാപരീക്ഷണം രണ്ടാംഘട്ടം

ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ രണ്ടാംഘട്ടം പരീക്ഷണം ആരംഭിക്കുകയാണ്. ഭൗതികശാസ്ത്രത്തിലെ സമസ്യകള്‍ക്ക് ഉത്തരം നല്‍കുമെന്ന് കരുതുന്ന കണികാപരീക്ഷണത്തിന്റെ പുതിയ ഘട്ടത്തെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം കാണുന്നത്

ലോകത്തെ ഏറ്റവും ശക്തിയേറിയ യന്ത്രം കൂടുതല്‍ കരുത്തോടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ എന്താണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഇതുവരെ ആരും നിരീക്ഷിക്കാത്ത കണങ്ങളോ? സ്ഥലകാലങ്ങളില്‍നിന്ന് ഭിന്നമായ പുതിയ ഡൈമന്‍ഷനുകളോ? അതോ, പുതിയ പ്രപഞ്ചസിദ്ധാന്തങ്ങളോ? അത്യന്തം ആകാംക്ഷയിലാണ് ശാസ്ത്രലോകം.

2008 ലാണ് ജനീവയില്‍ സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ ( LHC ) പ്രവര്‍ത്തനം ആരംഭിച്ചത്. നവീകരണത്തിനായി 2013 ആദ്യം നിര്‍ത്തിവെച്ച എല്‍.എച്ച്.സിയുടെ പ്രവര്‍ത്തനം ഈ മാര്‍ച്ച് അവസാനത്തോടെ പുനരാരംഭിക്കുമെന്നാണ്, പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ( CERN ) അറിയിച്ചിട്ടുള്ളത്.

ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സിക്ക് 27 കിലോമീറ്റര്‍ ചുറ്റളവുണ്ട്. അത്രയും നീളമുള്ള ടണലിലൂടെ എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ കൂട്ടിയിടിപ്പിച്ചു ചിതറിച്ച്, അതില്‍നിന്ന് പുറത്തു വരുന്നതെന്തൊക്കെയെന്ന് മനസിലാക്കുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുന്നത്.

ഏതാണ്ട് 43,000 കോടി രൂപ ചെലവിട്ട് പത്തുവര്‍ഷംകൊണ്ട് നിര്‍മിച്ച കണികാത്വരക (particle accelerator) മാണ് എല്‍.എച്ച്.സി. ഇന്ത്യയുള്‍പ്പടെ 113 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തോളം ശാസ്ത്രജ്ഞര്‍ എല്‍.എച്ച്.സിയിലെ കണികാപരീക്ഷണത്തില്‍ സഹകരിക്കുന്നു.

എല്‍.എച്ച്.സിയുടെ ആദ്യഘട്ടത്തില്‍ വമ്പനൊരു ഇര കുടുങ്ങിയിരുന്നു-'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍. 2012 ലാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിധ്യം കണികാപരീക്ഷണത്തില്‍ സ്ഥിരീകരിച്ചത്. പ്രപഞ്ചത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഭൗതികശാസ്ത്രരംഗത്തുണ്ടായ ഏറ്റവും പ്രധാന മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.

ഹിഗ്ഗ്‌സ് ബോസോണ്‍ ( Higgs boson ) കണ്ടെത്തുക എന്നത് മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു എങ്കിലും, ആധുനിക ഭൗതികശാസ്ത്രം നേരിടുന്ന മറ്റ് പല സമസ്യകള്‍ക്കും ഉത്തരം കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് എല്‍.എച്ച്.സി. രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

അത്യുന്നത ഊര്‍ജനിലയില്‍ പ്രോട്ടോണുകള്‍ കൂട്ടിയിടിക്കുമ്പോള്‍, ഊര്‍ജവും പദാര്‍ഥവും കൂടിക്കുഴഞ്ഞ ആദിമ പ്രപഞ്ചത്തിന്റെ ചെറിയൊരു രൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെടും. മഹാവിസ്‌ഫോടനം (Big Bang) വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളുടെ ചെറിയൊരു പതിപ്പാണത്. എന്തുകൊണ്ട് പ്രപഞ്ചം ഇന്നത്തെ നിലയില്‍ കാണപ്പെടുന്നു എന്നറിയണമെങ്കില്‍ ഈ ദിശയിലുള്ള അന്വേഷണം കൂടിയേ തീരൂ.

ചെമ്പുരുക്കുന്ന ശക്തി

ശരിക്കുപറഞ്ഞാല്‍, രണ്ടുവര്‍ഷംമുമ്പ് അടച്ചിട്ട എല്‍.എച്ച്.സിയല്ല ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടിമുടി പരിഷ്‌ക്കരിച്ച് ആ യന്ത്രത്തെ ഏതാണ്ട് ഇരട്ടി ശേഷിയുള്ളതാക്കി മാറ്റിയിരിക്കുന്നു.

'ഫലത്തില്‍ ഇതിപ്പോള്‍ പുതിയ യന്ത്രമാണ്'-സേണ്‍ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹുയര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളത്തില്‍ പറയുകയുണ്ടായി. 'അടച്ചിട്ടിരുന്ന സമയത്ത് യന്ത്രത്തിന്റെ ഓരോ 20 മീറ്റര്‍ ഇടവിട്ട് ഞങ്ങള്‍ തുറക്കുകയുണ്ടായി'.

ബാഹ്യപ്രപഞ്ചത്തില്‍പോലും കാണാത്തത്ര താഴ്ന്ന താപനിലയില്‍, മൈനസ് 273 ഡിഗ്രി സെല്‍സിയസില്‍, സ്ഥിതിചെയ്യുന്ന ഏതാണ്ട് പതിനായിരത്തോളം അതിചാലക വൈദ്യുതകാന്തങ്ങളാണ് 27 കിലോമീറ്റര്‍ നീളമുള്ള എല്‍.എച്ച്.സി.ടണലിലൂടെ പ്രോട്ടോണ്‍ ധാരകളെ കൃത്യമായ ദിശയില്‍ ചലിപ്പിക്കുന്നത്. 'അതിശീതാവസ്ഥയിലുള്ള പതിനായിരത്തോളം കാന്തങ്ങളിലെയും കണക്ഷനുകള്‍ പരിശോധിച്ച് പരിഷ്‌ക്കരിച്ചു' - ഹുയര്‍ അറിയിച്ചു. 

2013 ല്‍ അടച്ചിടുമ്പോള്‍ 8 TeV (ടെട്രാ ഇലക്ട്രോണ്‍ വോള്‍ട്ട്‌സ്) ആയിരുന്ന എല്‍.എച്ച്.സി.യുടെ ശേഷിയെങ്കില്‍, ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അത് 13 TeV ആയിരിക്കുന്നു. മുമ്പത്തെക്കാള്‍ 60 ശതമാനം കൂടുതല്‍ ശക്തിയോടെയാണ് കണികകള്‍ കൂട്ടിയിടിക്കുക. ഒരു കണികാത്വരകം ഇത്ര വലിയ ഊര്‍ജനില കൈവരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന കണികാധാരകളുടെ തീവ്രതയും ( luminosity) രണ്ടാംഘട്ടത്തില്‍ വര്‍ധിക്കും. ഇതിനര്‍ഥം ഒരോ സെക്കന്‍ഡിലും സംഭവിക്കുന്ന കണികാകൂട്ടിയിടികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ്. മുമ്പ് സെക്കന്‍ഡില്‍ 36 കോടി കണികാകൂട്ടിയിടികള്‍ നടന്നിടത്ത്, ഇനി സെക്കന്‍ഡില്‍ 70 കോടി കൂട്ടിയിടികളാകും സംഭവിക്കുക.

ഇതിന്റെ ഫലമായി, പുതിയ കണങ്ങളും പ്രതിഭാസങ്ങളും പ്രത്യക്ഷപ്പെടുന്നതിനൊപ്പം കൂടുതല്‍ ഡേറ്റയും എല്‍.എച്ച്.സിയില്‍ സൃഷ്ടിക്കപ്പെടും. സ്വാഭാവികമായും ഡേറ്റാവിശകലനത്തിനുള്ള സംവിധാനങ്ങളും വിപുലമാക്കേണ്ടിവരും.

പുതുക്കിയ എല്‍.എച്ച്.സിയുടെ പ്രവര്‍ത്തനശേഷി കാര്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും, രണ്ടാംഘട്ടം പ്രവര്‍ത്തനം തുടങ്ങിയ ഉടന്‍ ഇത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള പരീക്ഷണം പ്രതീക്ഷിക്കേണ്ടെന്ന് 'സേണ്‍' അധികൃതര്‍ പറയുന്നു. തുടക്കത്തില്‍ എല്‍.എച്ച്.സിയിലൂടെ കണികാധാരകള്‍ കടത്തിവിട്ട് നോക്കുകയാണ് ചെയ്യുക. കൂട്ടിയിടികള്‍ ആരംഭിക്കുക രണ്ടുമാസമെങ്കിലും കഴിഞ്ഞായിരിക്കുമെന്ന് ഹുയര്‍ അറിയിച്ചു.

തീവ്രത വര്‍ധിച്ചതിനാല്‍ കണികാധാരകള്‍ അത്യുന്നത താപനിലയിലായിരിക്കും. 'അത്തരത്തില്‍ ശക്തിയേറിയ കണകാധാര കൈകാര്യം ചെയ്യുന്നത് ശ്രദ്ധാപൂര്‍വ്വമായിരിക്കണം. കാരണം, ഓരോ കണികാധാരയ്ക്കും 500 കിലോഗ്രാം ചെമ്പ് ഉരുക്കാനുള്ളത്ര ശക്തിയും താപനിലയുമുണ്ടായിരിക്കും. രണ്ട് കണികാധാരകളും ഒരുമിച്ചായാല്‍ ഒരു ടണ്‍ ചെമ്പുരുകും' - ഹുയര്‍ പറഞ്ഞു.

'സ്റ്റാന്‍ഡേര്‍ഡ് മോഡലി'നപ്പുറത്തേക്ക്


വര്‍ധിതശക്തിയോടെ എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍, ഗവേഷകരുടെ ആദ്യ ശ്രദ്ധ ഹിഗ്ഗ്‌സ് ബോസോണുകളെ കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുക എന്നതാകും.



പ്രപഞ്ചസാരം സംബന്ധിച്ച് 1970 കളില്‍ നിലവില്‍വന്ന സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന്റെ ( Standard Model ) വന്‍വിജയമായാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്.

പ്രപഞ്ചത്തില്‍ മൗലികതലത്തില്‍ പദാര്‍ഥവും ബലങ്ങളും എങ്ങനെ ബന്ധപ്പെടുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്നു എന്നു വിശദീകരിക്കുന്ന സിദ്ധാന്തമാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. 12 പദാര്‍ഥകണങ്ങളും നാല് അടിസ്ഥാനബലങ്ങളുമാണ് പ്രപഞ്ചത്തിന്റെ ഉള്ളടക്കമെന്ന സങ്കല്‍പ്പമാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ മുന്നോട്ടു വെയ്ക്കുന്നത്.

ഗുരുത്വബലം, വൈദ്യുതകാന്തികബലം, അതിബലം ( Strong force), ക്ഷീണബലം ( weak force ) എന്നിവയാണ് നാല് അടിസ്ഥാനബലങ്ങള്‍. ഇതില്‍ ഗുരുത്വബലം സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ പരിധിയില്‍ വരുന്നില്ല. സൂക്ഷ്മപ്രപഞ്ചത്തെ കൈകാര്യം ചെയ്യുന്ന ക്വാണ്ടംഭൗതികത്തെയും, സ്ഥൂലപ്രപഞ്ചത്തെ വിശദീകരിക്കുന്ന ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെയും ഏകീകരിച്ച് ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ഭൗതികശാസ്ത്രത്തിന് കഴിയാത്തതാണ്, ഗുരുത്വബലം ഇപ്പോഴും കളത്തിന് പുറത്തുനില്‍ക്കാന്‍ കാരണം.

മാത്രമല്ല, ഗാലക്‌സികളെ നിലനിര്‍ത്തുന്ന തമോദ്രവ്യ (Dark Matter) മെന്ന നിഗൂഢപദാര്‍ഥത്തെ സംബന്ധിച്ചും സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ നിശബ്ദമാണ്. ശ്യാമദ്രവ്യത്തെ വിശദീകരിക്കാന്‍ 'സൂപ്പര്‍സിമട്രി' ( supersymmetry ) എന്നൊരു സൈദ്ധാന്തിക സാധ്യതയാണ് ഗവേഷകര്‍ മുന്നോട്ടുവെയ്ക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ കുറവുകള്‍ പരിഹരിക്കാന്‍ പാകത്തിലുള്ള വിപുലീകരണമായാണ് സുപ്പര്‍സിമട്രി കടന്നുവരുന്നത് (SUSY എന്നിതിനെ ഓമനപ്പേരിട്ട് വിളിക്കാറുണ്ട്). സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഉള്‍പ്പെടുന്ന ഓരോ കണത്തിനും, ഇനിയും കണ്ടെത്താത്ത ഒരോ 'സൂപ്പര്‍പങ്കാളി' ( superpartner ) ഉണ്ടെന്ന് ഈ സിദ്ധാന്തം പറയുന്നു. ഇലക്ട്രോണിന് 'സിലക്ട്രോണ്‍' ( selectron ),ഫോട്ടോണിന് 'ഫോട്ടിനോ' ( photino ) എന്നിങ്ങനെ.

സൂപ്പര്‍സിമട്രി പ്രകാരം 'ന്യൂട്രാലിനോകള്‍' ( Neutralinos ) എന്ന സൂപ്പര്‍സിമട്രിക് കണങ്ങളാലാണ് ശ്യാമദ്രവ്യം രൂപപ്പെടുന്നത്. കൂടുതല്‍ ശക്തിയോടെ എല്‍.എച്ച്.സിയില്‍ കണികാപരീക്ഷണം നടക്കുമ്പോള്‍ ന്യൂട്രാലിനോകള്‍ കണ്ടെത്താനായാല്‍, അത് വന്‍മുന്നേറ്റമാകും. സൂപ്പര്‍സിമട്രി സിദ്ധാന്തത്തിന്റെ വിജയം മാത്രമാകില്ല അത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിനപ്പുറത്തേക്ക് ഭൗതികശാസ്ത്രത്തിന് ചുവടുവെയ്ക്കാന്‍ അവസരമൊരുക്കുകയാകും അത്.

സൂപ്പര്‍സിമട്രി ശരിയെന്ന് എല്‍.എച്ച്.സിയിലെ പരീക്ഷണത്തില്‍ തെളിഞ്ഞാല്‍, ഭൗതികശാസ്ത്രം മറ്റൊരു വിപ്ലവത്തിനാകും സാക്ഷിയാവുക. എന്തുകൊണ്ട്, പദാര്‍ഥ കണങ്ങള്‍ക്ക് ദ്രവ്യമാനം നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ ദ്രവ്യമാനം ഇത്ര കുറഞ്ഞ നിലയില്‍ കാണപ്പെടുന്നു, ശ്യാമദ്രവ്യത്തിന്റെ രഹസ്യം - ഇതൊക്കെ അനാവരണം ചെയ്യപ്പെടും.

പുതിയ ഡൈമന്‍ഷനുകള്‍?

സൂപ്പര്‍സിമട്രിയെ പിന്തുണയ്ക്കുന്നവര്‍ മാത്രമല്ല, മറ്റൊരു കൂട്ടരും എല്‍.എച്ച്.സിയില്‍ കൂടുതല്‍ ശക്തിയില്‍ നടക്കുന്ന കണികാപരീക്ഷണം പ്രതീക്ഷയോടെ കാക്കുന്നുണ്ട്. ഭൗതികശാസ്ത്രലോകത്ത് ഒരു തെളിവും ഇതുവരെ ലഭിക്കാത്ത സ്ട്രിങ് തിയറിയുടെ വക്താക്കളാണവര്‍.

നിത്യജീവിതത്തില്‍ നമ്മള്‍ മൂന്ന് ഡൈമന്‍ഷനുകളുടെ സ്വാധീനമേ നേരിട്ട് അനുഭവിക്കാറുള്ളു നീളം, വീതി, പൊക്കം എന്നിവയുടെ. സ്ഥലകാലം (space-time) എന്നൊരു ഡൈമന്‍ഷന്‍കൂടി ഉണ്ടെന്ന് ആപേക്ഷികതാസിദ്ധാന്തം നമുക്ക് മനസിലാക്കിത്തരുന്നു.

എന്നാല്‍, വേറെ ഏഴ് ഡൈമന്‍ഷനുകള്‍ക്കൂടി ഉണ്ടെന്നാണ് സ്ട്രിങ് തിയറി പറയുന്നത്. ആ അധിക ഡൈമന്‍ഷനുകള്‍ എങ്ങനയോ മനുഷ്യന് ഇന്ദ്രിയഗോചരമാകുന്നില്ല എന്നേയുള്ളുവത്രേ. അവയെല്ലാം നമുക്ക് ചുറ്റും തന്നെയുണ്ട്. പക്ഷേ, അവയുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ലെന്ന് സ്ട്രിങ് തിയറി പറയുന്നു.

സ്ട്രിങ് തിയറി അനുസരിച്ച് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കണങ്ങള്‍ കൊണ്ടല്ല, നിരന്തരം കമ്പനം ചെയ്തുകൊണ്ടിരിക്കുന്ന സൂക്ഷ്മ തന്ത്രികള്‍ കൊണ്ടാണ്. ആ തന്ത്രികള്‍ക്കുണ്ടാകുന്ന വ്യത്യസ്ത കമ്പനങ്ങളാണ് പ്രപഞ്ചത്തിലെ വ്യത്യസ്ത സംഗതികള്‍ക്ക് നിദാനം.

ഗുരുത്വാകര്‍ഷണബലം അടിസ്ഥാനബലങ്ങളില്‍ ഏറ്റവും ദുര്‍ബലമായിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സ്ട്രിങ്തിയറിയില്‍ മറുപടിയുണ്ട്. സ്‌പേസില്‍ മറഞ്ഞിരിക്കുന്ന മറ്റ് ഡൈമന്‍ഷനുകള്‍കൂടി ഗുരുത്വാകര്‍ഷണബലത്തെ പങ്കുവെയ്ക്കുന്നതുകൊണ്ടാണ്, നമുക്ക് ആ ബലം വളരെ ദുര്‍ബലമായി അനുഭവപ്പെടുന്നത്.

കണികാപരീക്ഷണത്തില്‍ ഇതുവരെ കാണപ്പെടാത്ത ഡൈമന്‍ഷനുകള്‍ പ്രത്യക്ഷപ്പെടുമെന്നാണ് സ്ട്രിങ് തിയറിക്കാരുടെ പ്രതീക്ഷ. പരീക്ഷണവേളയില്‍ അകാരണമായി പെട്ടന്നൊരു കണം അപ്രത്യക്ഷമാവുകയോ, പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ അത് രഹസ്യഡൈമന്‍ഷനുകള്‍ ഉള്ളതിന് തെളിവായി കാണാം എന്നവര്‍ കരുതുന്നു.

സൂപ്പര്‍സിമട്രി കണ്ടെത്തിയാല്‍, അത് സ്ട്രിങ് തിയറിയിലേക്കുള്ള ഒരു പാതയൊരുക്കലാകും. കാരണം സ്ട്രിങ് തിയറി സാധ്യമാകണമെങ്കില്‍ സൂപ്പര്‍സിമട്രിയുടെ ചില വകഭേദങ്ങള്‍ ഉണ്ടായേ തീരൂ.

സൂപ്പര്‍സിമട്രിയും അധിക ഡൈമന്‍ഷനുകളും കണ്ടെത്താനായാല്‍ സ്ട്രീങ് തിയറിക്ക് സാധൂകരണത്തിന് വഴിതെളിയും. അതുവഴി, പ്രപഞ്ചത്തിലെ നാല് അടിസ്ഥാനബലങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും, നിലവിലെ പ്രതിസന്ധി മറികടക്കാനും സാധിക്കും. ഒരു ഏകീകൃതസിദ്ധാന്തം എന്ന ശാസ്ത്രലോകത്തിന്റെ ഏറെ നാളായുള്ള സ്വപ്‌നം സഫലമാകാന്‍ സ്ട്രിങ് തിയറി വഴിതുറക്കും.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണെങ്കിലും, ആകാംക്ഷയ്‌ക്കോ പ്രതീക്ഷകള്‍ക്കോ തെല്ലും കുറവില്ലെന്ന് സാരം.

(അവലംബം: 1. The Edge of Reason (2010), by Anil Ananthaswamy; 2. Massive: The Hunt for the God Particle (2010), by Ian Sample; 3. Collider: The Search for the World's Smallest Particles (2009) by Paul Halpern; 4. 'പ്രപഞ്ചസാരം തേടി ഒരു മഹാസംരംഭം' (2008), കുറിഞ്ഞി ഓണ്‍ലൈന്‍; 5. സേണിന്റെ വാര്‍ത്താക്കുറിപ്പ്)

by ജോസഫ് ആന്റണി 

(മാതൃഭൂമി ഓണ്‍ലൈനില്‍ 2015 മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ച ലേഖനം. ലിങ്ക് : http://goo.gl/247BOf)