Sunday, December 31, 2006

മാച്ചൂ പിക്‌ച്ചൂവും നെരൂദയും


പാബ്ലോ നെരൂദയുടെ ഏറ്റവും മികച്ച കവിത 'മാച്ചൂ പിക്‌ച്ചൂവിന്റെ ഉയരങ്ങളില്‍' ആകണമെന്നില്ല. പക്ഷേ, അതൊഴിവാക്കി നെരൂദയുടെ കവിതകളെപ്പറ്റി പറയാനാവില്ല. നെരൂദയുടെ കവിതയിലൂടെയാണ്‌ മാച്ചൂ പിക്‌ച്ചൂവിനെപ്പറ്റി ഞാന്‍ ആദ്യമറിഞ്ഞത്‌. ആ അറിവ്‌ ഒരു പുതുവത്സരയിനമായി ഇവിടെ ചേര്‍ക്കുന്നു; നെരൂദയുടെ കവിതയിലെ തിരഞ്ഞെടുത്ത ഭാഗങ്ങളും. നെരൂദയെപ്പറ്റിയൊരു ചെറുകുറിപ്പും



നാനൂറ്‌ വര്‍ഷം മനുഷ്യന്റെ കണ്‍വെട്ടത്തുനിന്ന്‌ മറഞ്ഞുനിന്നു, മാച്ചൂ പിക്‌ച്ചൂവെന്ന നഷ്ടനഗരം. പെറുവില്‍ കിഴക്കന്‍ ആന്‍ഡീസില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 2430 മീറ്റര്‍ ഉയരെ യുറൂംബാംബാനദിയുടെ സംഗീതം ശ്രവിച്ചു മറഞ്ഞിരുന്നു ഇന്‍കാവര്‍ഗ്ഗക്കാരുടെ ആ നഷ്ടഗേഹം. സ്പാനിഷ്‌ അധിനിവേശക്കാരുടെ കഴുകദൃഷ്ടിക്ക്‌ മാച്ചൂ പിക്‌ച്ചൂ ഗോചരമായില്ല. ക്ഷേത്രങ്ങളും കളപ്പുരകളും മറ്റ്‌ കെട്ടിടങ്ങളും ഉള്‍പ്പടെ ഇരുന്നൂറോളം നിര്‍മിതികള്‍ ചേര്‍ന്ന ആ നഗരം, യെല്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഹിരാം ബിംന്‍ഗാം 1911-ലാണ്‌ കണ്ടെത്തുന്നത്‌. 1943 ഒക്ടോബറില്‍ പബ്ലോ നെരൂദയെന്ന ചിലിയന്‍ മഹാകവി ആ വിചിത്രനഗരത്തെ വീണ്ടും കണ്ടുപിടിച്ചു; കവിതയിലൂടെ, തീഷ്ണമായ വാക്കുകളിലൂടെ.

ഒരിക്കലും സന്ദര്‍ശിക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞില്ലെങ്കിലും, നെരൂദയുടെ വരികളിലൂടെ ആ സമ്മോഹനനഗരം എത്രതവണ എന്റെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു. യാത്രകളില്‍ വായനയ്ക്കുള്ള വരികളായി, കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്‌ ചിത്രമായി. എത്ര കണ്ടിട്ടും വായിച്ചിട്ടും മതിവാരാത്തത്ര അസഹനീയമായ ഒന്ന്‌. സൗന്ദര്യമെന്നത്‌ മനസിന്‌ ശാന്തിനല്‍കുന്ന പൂര്‍ണതയാണെന്ന്‌ ഉമ്പെര്‍ട്ടോ എക്കോ പറഞ്ഞത്‌ എത്ര ശരിയെന്ന്‌ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു മാച്ചൂ പിക്‌ച്ചൂ; നഷ്ടനഗരമായിട്ടുപോലും!

മാച്ചൂപിച്ചൂവിന്റെ ഉയരങ്ങളില്‍
തെരുവിലൂടെ ഞാന്‍ കടന്നുപോയി,
അന്തരീക്ഷത്തിലൂടെ,
കാറ്റില്‍നിന്നു കാറ്റിലേയ്ക്ക്‌,
ശൂന്യമായൊരു വലപോലെ.

ശരത്കാലം പുറപ്പെട്ടപ്പോഴാണ്‌
ഞാന്‍ എത്തിച്ചേര്‍ന്നത്‌.
ഇലകളുടെ സ്വര്‍ണ്ണനാണയങ്ങള്‍ചുറ്റും
ചിതറിക്കിടക്കുന്നു.
മഹത്തായ സ്നേഹം
നീണ്ടെത്തുന്ന ഒരു ചന്ദ്രനെപ്പോലെ
ഊര്‍ന്നു വീഴുന്ന ഒരു കയ്യുറയിലെന്നപോലെ
നമുക്കു സമ്മാനിക്കുന്ന ധാന്യക്കതിരുകള്‍ക്കും
വസന്തത്തിനുമിടയില്‍ ഞാന്‍ പുറപ്പെട്ടു.

വയലിനുകള്‍ക്കിടയില്‍എ
ന്നെ കാത്തിരുന്ന ആരോ
കുഴിച്ചുമൂടിയ ഗോപുരംപോലുള്ള
ഒരു ലോകം കണ്ടെത്തി
കഠിനഗന്ധക വര്‍ണ്ണമാര്‍ന്ന
ഇലകള്‍ക്കെല്ലാമടിയില്‍ചുറ്റുചുറ്റായി
ആണ്ടുകിടക്കുന്ന
ഒരു ഗോപുരം
വാല്‍നക്ഷത്രങ്ങളുടെ ഉറയിലിട്ട
ഒരു ഖഡ്ഗം പോലെ
ഞാനെന്റെ മൃദുലവ്യാകുലമായ കൈകളാഴ്ത്തി:
ആഴത്തിലേക്ക്‌,
ഭൂഗര്‍ഭശാസ്ത്രത്തിന്റെ സ്വര്‍ണ്ണത്തിലേക്ക്‌,
ഭൂമിയിലെ വസ്തുക്കള്‍ക്കുള്ളതില്‍ വെച്ച്‌
ഏറ്റവും ആഴമേറിയ യോനിയിലേക്ക്‌
അളവറ്റ അലമാലകള്‍ക്കിടയിലേക്ക്‌.
ശിരസ്സുചായ്ച്‌ ഞാനാണ്ടുപോയി,
ഗന്ധകത്തിന്റെ പ്രശാന്തിയില്‍ വീണ
ഒരു ബിന്ദുവായി.
അന്ധനെപ്പോലെ ഞാന്‍ തിരിച്ചെത്തി.
നമ്മുടെ പ്രക്ഷീണമായി മനുഷ്യവസന്തത്തിന്റെ
മുല്ലപ്പൂവിലേക്ക്‌.


മനുഷ്യജീവന്‍
അതിന്റെ മണികള്‍ ചോളംപോലെ
ഇവിടെ പൊഴിച്ചിട്ടു,
നഷ്ടപ്രവൃത്തികളുടെയും നികൃഷ്ട
സംഭവങ്ങളുടെയും
ഈ അനന്തമായ കളപ്പുരയില്‍ഒന്നല്ല,
ഏഴല്ല, എട്ടും ഏറെയും.
ഓരോരുത്തരും ഒരുകുറിയല്ല,
പലകുറി മരിച്ചു.
ഓരോ ദിവസവുംഒരു കൊച്ചുമരണം.
പൊടി, പുഴു, നഗരപ്രാന്തത്തിലെ
ചെളിയില്‍മിന്നിപ്പൊലിയുന്ന ഒരു വെളിച്ചം
പരുക്കന്‍ ചിറകാര്‍ന്ന ഒരു ചെറുമരണം
ഓരോ മനുഷ്യനിലും
ഒരു കൊച്ചു കുന്തംപോലെ തുളച്ചു കയറി
അപ്പം അല്ലെങ്കില്‍ കത്തി
അവനെ വേട്ടയാടി.

കന്നുകാലി വളര്‍ത്തുകാരന്‍,
തുറമുഖങ്ങളുടെ സന്തതി
കലപ്പയുടെ കറുത്ത കപ്പിത്താന്‍,
നിറഞ്ഞ തെരുവുകള്‍ കരണ്ടു തിന്നുന്ന
ഒരെലി,
എല്ലാവരും അവരുടെ മരണം,
ഓരോ ദിവസത്തെയും ഹ്രസ്വമായ മരണം,
കാത്തുകാത്തു തളര്‍ന്നു.
ഓരോ ദിവസവും അവരുടെ ദുസ്സഹദുരിതം
വിറപൂണ്ട കൈകളോടെ അവര്‍ മോന്തിയ
ഓരോ കറുത്ത കോപ്പപോലെയായിരുന്നു.

പിന്നെ ഞാന്‍ ഭൂമിയുടെ കോവണി കയറി
നഷ്ടവിപിനങ്ങളുടെ കിരാതജടിലതകളിലൂടെ
നിന്നിലേക്ക്‌, മാച്ചുപിച്ചു.
നടക്കല്ലുകളുടെ സമുന്നതനഗരം,
ഭൂമി അവളുടെ നിശാവസ്ത്രങ്ങളില്‍ഒളിപ്പിക്കാതിരുന്നവന്റെ
ഒടുവിലത്തെ വാസഗേഹം.
നിന്നില്‍, മനുഷ്യന്റെയും ഇടിമിന്നലിന്റെയും
പിള്ളത്തൊട്ടിലുകള്‍രണ്ടു
സമാന്തരരേഖകളെന്നപോല
മുള്‍ക്കാറ്റിലാടി.

ശിലയുടെ മാതാവ്‌
വന്‍കഴുകന്‍മാരുടെ നുര
മനുഷ്യോദയത്തിന്റെ പവിഴപ്പുറ്റ്‌
ആദിമണലില്‍ ആണ്ടുപോയ തൂമ്പ.

ഇതായിരുന്നു വീട്‌
ഇതാണ്‌ സ്ഥലം.
ചോളത്തിന്റെ കൊഴുത്ത
കതിരുകള്‍ഉയര്‍ന്നു പൊങ്ങിയതിവിടെയാണ്‌,
ഇവിടെയാണവ ചുകന്ന ഹിമവാതംപോലെ
വീണ്ടും വീണ്ടും കൊഴിഞ്ഞു വീണത്‌.

ചെമ്മരിയാടില്‍നിന്ന്‌
സ്വര്‍ണ്ണനാരുകള്‍ അഴിച്ചെടുക്കപ്പെട്ടതിവിടെയാണ്‌,
കാമുകിമാര്‍ക്കും ശ്മശാനങ്ങള്‍ക്കുംഉടുപ്പുതുന്നുവാന്‍,
സാമ്രാട്ടിനും അമ്മമാര്‍ക്കും,
പ്രാര്‍ത്ഥനകള്‍ക്കും പടയാളികള്‍ക്കും

ഇവിടെയാണ്‌ രാത്രി
രക്തംപുരണ്ട ഗിരിഗഹ്വരങ്ങളില്‍മനുഷ്യരുടെ
കാലടികളും ഗരുഡന്മാരുടെ നഗരങ്ങളും
അടുത്തടുത്ത്‌ വിശ്രാന്തി പൂകിയത്‌.
പുലര്‍വേളയില്‍ ഇടിമുഴങ്ങുന്ന ചുവടുമായി
നനുത്ത മൂടല്‍മഞ്ഞിലൂടെ നടന്ന്‌
അവര്‍ മണ്ണും കല്ലും സ്പര്‍ശിച്ചറിഞ്ഞു.
ഇരുളിലും മരണത്തില്‍ പോലും
അവര്‍ക്കവയെ തിരിച്ചറിയാന്‍ കഴിയുവോളം.

ഒരൊറ്റ നരകക്കുഴിയില്‍ മണ്ണടിഞ്ഞവര്‍,
ആഴമേറിയ ഒരൊറ്റനീര്‍ക്കയത്തിലെ പ്രേതങ്ങള്‍-
അങ്ങനെയാണ്‌ നിന്റെ മഹാഗാംഭീര്യത്തിലേക്ക്‌
മൃു‍ത്യു വന്നെത്തിയത്‌:
സത്യമായ, തീപ്പോലെ പൊള്ളിക്കുന്ന, മൃു‍ത്യു
തുളവീണ പാറപ്പുറങ്ങളില്‍നിന്ന്‌,
ചോരച്ചുകപ്പായ കൊടുമുടിയില്‍ നിന്ന്‌
നീര്‍ച്ചാലുകള്‍ തീര്‍ത്ത പടവുകളില്‍നിന്ന്‌,
നീ തട്ടത്തടഞ്ഞു വീണു,
ഒരു ശരത്കാലത്ത്‌, ഒരൊറ്റ
മരണത്തിലേയ്ക്കെന്നപോലെ
നിശ്ശൂന്യമായ കാറ്റ്‌ ഇന്നു വിലാപം
നിര്‍ത്തിയിരിക്കുന്നു,
നിന്റെ കളിമണ്‍ കാലടികള്‍ഇപ്പോഴതിന്നുപരിചിതമായി.

ഇടിമിന്നലിന്റെ കത്തികള്‍ ആകാശത്തെ
കീറിമുറിച്ചപ്പോള്‍മൂടല്‍മഞ്ഞ്‌
മഹാവൃക്ഷത്തെ വിഴുങ്ങിയപ്പോള്‍,
കാറ്റ്‌ അതിനെ വെട്ടിത്താഴെയിട്ടപ്പോള്‍,
മാനത്തെ അരിച്ചെടുത്ത പോലെ
നിന്നില്‍നിന്നൂറിയിറങ്ങിയ ജലകുംഭങ്ങളെയും
അതു മറന്നുകഴിഞ്ഞിരുന്നു.

എന്നോടൊപ്പം കയറിവരൂ,
എന്റെ അമേരിക്കന്‍ പ്രണയിനീ.
എന്നോടൊപ്പം.
ഈ രഹസ്യശിലകളെ ചുംബിക്കൂ.
യൂറൂംബാംബായുടെ രജതപ്രവാഹം
പൂമ്പൊടിയെ അതിന്റെ സ്വര്‍ണ്ണകോപ്പയിലേക്കു
പറത്തിവിടുന്നു.
വള്ളികളുടെ മാളം, ശിലീകൃതമായ സസ്യം,
മണ്ണിലുറഞ്ഞുപോയ പൂമാല,
പര്‍വതത്തിന്റെ ഈ പവിഴച്ചെല്ലത്തിന്റെ
മൗനത്തിന്നും മുകളിലേക്കു പറന്നുചെല്ലൂ.
വരൂ, ഭൂവിന്റെ ചിറകുകള്‍ക്കിടയിലെ
കരുന്നുജീവിതമേ, വരൂ.
പിന്നെ നീ, വന്യജലമേ,
കടഞ്ഞെടുത്ത തണുത്ത തെളിഞ്ഞ കാറ്റേ,
മരതകത്തിന്റെ പടയണികള്‍ പിളര്‍ന്ന്‌
മഞ്ഞില്‍നിന്ന്‌ നീ കീഴോട്ടിറങ്ങൂ.


പ്രേമിക്കൂ, പ്രേമിക്കൂപെട്ടെന്നു രാത്രി വന്നിറങ്ങുംവരെ,
ധ്യാനിക്കൂ, ഹിമത്തിന്റെ അന്ധസന്തതിയെ
മുഴങ്ങുന്ന ആന്‍ഡിയന്‍ തീക്കല്ലുതൊട്ട്‌
ഉഷസ്സിന്റെ അരുണാഭമായ കാല്‍മുട്ടുകള്‍ വരെ.

തണുപ്പിന്റെ ഇടിമിന്നലിനെ പിടികൂടി
ഈ മലമുകളില്‍ കെട്ടിയിട്ടതാരാണ്‌?
ഉറഞ്ഞ ഈ കണ്ണീരിന്നിടയില്‍
അതിനെ തുണ്ടംതുണ്ടമായി പകുത്തിട്ടതാരാണ്‌?
മലയുടെ ദ്രുതഖഡ്ഗങ്ങളില്‍ കിടന്നത്‌
വിറകൊള്ളുന്നു
തഴക്കമാര്‍ന്ന ഗിരിശരീരത്തിനുള്ളില്‍അത്‌
സ്പന്ദിക്കുന്നു
തന്റെ സൈനികശയ്യയിലേക്ക്‌
അതാനയിക്കപ്പെടുന്നു
പാറക്കെട്ടുകളിലുള്ള അന്ത്യം കണ്ട്‌
അതു ഞെട്ടിത്തെറിക്കുന്നു.

വേട്ടയാടപ്പെട്ട നിന്റെ മിന്നലുകള്‍
പറയുന്നതെന്താണ്‌?
രഹസ്യകലാപകാരിയായ നിന്റെ ഇടിമിന്നല്‍
ഒരിക്കല്‍ ഉള്ളില്‍ നിറയെ വാക്കുകളുമായി
സഞ്ചരിച്ചിരുന്നോ?
നിന്റെ അവശേഷിച്ച സുഷുമ്നാജലത്തില്‍ഉറഞ്ഞ മാത്രകള്‍,
കറുത്ത ഭാഷകള്‍, സുവര്‍ണ്ണപതാകകള്‍.
അടിത്തട്ടില്ലാത്ത വായകള്‍,
അടിത്തട്ടില്ലാത്ത നിലവിളികള്‍-
എല്ലാം പൊട്ടിത്തെറിപ്പിച്ചു
കടന്നു പോകുന്നതാരാണ്‌?
കാഴ്ച കാണാനായി ഭൂമിയില്‍നിന്നുയര്‍ന്നുവരുന്ന
പൂക്കളുടെ കണ്‍പീലികള്‍ തുണ്ടംതുണ്ടമാക്കി
അലഞ്ഞുതിരിയുന്നതാരാണ്‌?
നിന്റെ കുതിച്ചൊഴുകുന്ന കൈകളില്‍ നിന്നുതിരുന്ന
മരിച്ച വിത്തുകളെ വലിച്ചെറിയുന്നതാരാണ്‌
ആരാണവയുടെ മെതിക്കപ്പെട്ട നിശീഥിനിയെ
ഭൂഗര്‍ഭശാസ്ത്രത്തിന്റെ കല്‍ക്കരിയില്‍വീണു
ചിതറാനായി വലിച്ചെറിയുന്നത്‌?

ഓമനേ, ഓമനേ,
അതിരുകളില്‍ തൊടരുത്‌.
ആണ്ടുപോയ ശിരസ്സിനെ ആരാധിക്കയുമരുത്‌
തന്റെ തകര്‍ന്നസ്രോതസ്സുകളുടെ
മന്ദിരത്തിലിരുന്ന്‌
കാലം അതിന്റെ വളര്‍ച്ച പൂര്‍ത്തിയാക്കട്ടെ
വേഗമാര്‍ന്ന ജലപ്രവാഹത്തിനും
മഹാപ്രകാരങ്ങള്‍ക്കുമിടയിലെ മലയിടുക്കില്‍ നിന്ന്‌
അത്‌ ശ്വാസവായു ശേഖരിക്കട്ടെ,
കാറ്റിന്റെ സമാന്തരമായ പാളികളില്‍നിന്ന്‌
മലനിരകളുടെ അന്ധമായ നീര്‍ച്ചാലില്‍നിന്ന്‌,
മഞ്ഞിന്റെ കഠിനമായ അഭിവാദ്യത്തില്‍നിന്ന്‌.
എന്നിട്ടു കയറട്ടെ,
വലിച്ചെറിയപ്പെട്ട സര്‍പ്പത്തെ ചവിട്ടിമെതിച്ച്‌,
സാന്ദ്രഹിമത്തിലൂടെ, മലരില്‍നിന്നു
മലരിലേയ്ക്ക്‌.

കല്ലും കാടും; ഹരിതനക്ഷത്രധൂളികളും
പ്രകാശനിര്‍ഭരമായ
വിപിനങ്ങളും; കുഴിയും മേടും;
ഇവിടെ 'മാന്‍ടൂര്‍' പൊട്ടിത്തുറക്കുന്നു.
ജീവനുള്ളൊരു തടാകം.
നിശ്ശബ്ദതയുടെ പുതിയൊരൗന്നത്യം.

എന്റെ സത്തയിലേക്കു വരൂ
എന്റെ സ്വന്തം പുലരിയിലേക്ക്‌,
മകുടം ചൂടിയ ഏകാന്തതകളിലേക്ക്‌,
മരിച്ച സാമ്രാജ്യം ഇപ്പോഴും ജീവിക്കുന്നു.

ഘടികാരത്തിന്റെ പുറത്തുകൂടി
കഴുകന്റെ നിഴല്‍ കടന്നുപോകുന്നു:
കരുത്ത ഒരു കപ്പല്‍ പോലെ.


നക്ഷത്രങ്ങള്‍ ചൂഴ്‌ന്നഗരുഡന്‍,
മൂടല്‍ മഞ്ഞിന്റെ മുന്തിരിത്തോപ്പ്‌
കണ്ണില്ലാത്ത കരവാളം,
തകര്‍ന്നടിഞ്ഞ പ്രകാരം,
താരങ്ങള്‍ പതിച്ച ഒഡ്യാണം.
വിശുദ്ധമായ അപ്പം, കുത്തിയൊലിക്കുന്ന കോവണി
ഭീമാകാരമായ കണ്‍പീലി.
ത്രികോണരൂപമാര്‍ന്ന അടിവസ്ത്രം,
ശിലാപരാഗം, ലോഹസര്‍പ്പം,
കരിങ്കല്‍ വിളക്ക്‌, കല്‍പ്പനിനീര്‍, കല്ലപ്പം.
ആണ്ടുപോയ കപ്പല്‍, കല്ലിന്നുറവ;
തിങ്കളിന്റെ കുതിര,
ഭൂമധ്യത്തിന്റെ വൃത്തപദം,
അവസാനത്തെ ക്ഷേത്രഗണിതം.
ശിലാപ്രകാശം, ശിലാബാഷ്പം, ശിലാഗ്രന്ഥം.
കാറ്റുകള്‍ക്കിടയില്‍ കൊത്തിയെടുത്ത ഹിമശൈലം.
ആണ്ടുപോയകാലത്തിന്റെ പവിഴപ്പുറ്റ്‌
വിരലുകള്‍ തലോടി മിനുക്കിയെടുത്ത കൊത്തളങ്ങള്‍,
തൂവലുകള്‍ അടരാടിയ മേല്‍ക്കൂര.
കണ്ണാടിയുടെ കൂട്ടങ്ങള്‍.
കൊടുങ്കാറ്റിന്റെ അസ്ഥിവാരങ്ങള്‍
പടരുന്ന മുന്തിരിവള്ളി മറിച്ചിട്ട സിംഹാനങ്ങള്‍.
രക്തം പുരണ്ട നഖങ്ങളുടെ ഭരണകൂടം,
മലഞ്ചെരിവില്‍ തടവിലാക്കിയ ചുഴലിക്കാറ്റ്‌.
നിലച്ചുപോയ വൈഡ്യൂര്യജലപ്രവാഹം,
നിദ്രപൂണ്ടവരുടെ ഗോത്രമണികള്‍.
ചങ്ങലയ്ക്കിട്ട ഹിമത്തിന്റെ കഴുത്തുപട്ട.
സ്വന്തം പ്രതിമകളില്‍ നിവര്‍ന്നു കിടക്കുന്ന ഇരുമ്പ്‌.
അടച്ചിട്ട, അപ്രാപ്യമായ കൊടുങ്കാറ്റ്‌
അമേരിക്കന്‍ സിംഹത്തിന്റെ പാദങ്ങള്‍
രക്തദാഹിയായ ശില
നിഴല്‍വീണഗോപുരം, മഞ്ഞിന്റെ വാദപ്രതിവാദം,
വിരലുകളിലും വേരുകളിലുമുയര്‍ത്തിനിര്‍ത്തിയ
രാത്രി.
മൂടല്‍മഞ്ഞിന്റെ ജാലകം,
അലിവില്ലാത്ത അരിപ്രാവ്‌
രാവിന്റെ ചെടി, ഇടിമുഴക്കങ്ങളുടെ പ്രതിമ.
കടലിന്റെ മേല്‍ക്കൂര, കാതലായ ഗിരിനിര
നഷ്ടഗരുഡന്‍മാരുടെ വാസ്തുശില്‍പം.
ആകാശത്തിന്റെ കയറ്‌, കൊടുമുടിയിലെ തേനീച്ച.
ചോരയുടെ സമതലം, പണിതുയര്‍ത്തിയ നക്ഷത്രം
ധാതുക്കളുടെ കുമിള, വെണ്‍ശിലയുട തിങ്കള്‍ക്കല.
ആന്‍ഡയന്‍ സര്‍പ്പം, സൗഗന്ധികത്തിന്റെ
നെറ്റിത്തടംമൗനത്തിന്റെ കുംഭഗോപുരം,
വിശുദ്ധപിതൃഭൂമി:
സമുദ്രത്തിന്റെ വധു, പള്ളികളുടെ വൃക്ഷം.
ലവണസമൂഹം, കരിഞ്ചിറകാര്‍ന്ന ചെറിമരം.
തുഷാരദന്തങ്ങള്‍, ഹിമനിബിഡമായ മേഘഗര്‍ജ്ജനം.
മാന്തിക്കീറിയ ചന്ദ്രന്‍, പേടിപ്പെടുത്തുന്ന കല്ല്‌.
തലമുടിയുടെ ഹിമശിരസ്സ്‌, കാറ്റിന്റെ
കര്‍മഫലം.
കൈപ്പത്തികളുടെ അഗ്നിപര്‍വതം.
വ്യാകുലമായ വെള്ളച്ചാട്ടം
വെള്ളിത്തിരമാല, കാലത്തിന്റെ ലക്ഷ്യസ്ഥാനം.

മാച്ചൂ, പീക്ചൂ,
നീ കല്ലുകള്‍ക്കിടയില്‍ കല്ലുവെച്ചുയര്‍ന്നെന്നോ,
അടിത്തറയില്‍ വെരും പഴന്തുണിയോ?
കല്‍ക്കരിക്ക്‌ മീതെ കല്‍ക്കരി,
അടിത്തട്ടിലോ, കണ്ണീര്‍ത്തുള്ളി!
സ്വര്‍ണ്ണത്തിനുള്ളില്‍ അഗ്നി,
അതിനുമകത്ത്‌ വിറയ്ക്കുന്ന രക്തത്തിന്റെ
ചുവന്ന മഴത്തുള്ളി!
മാച്ചൂ, പിക്ചൂ, നീ കുഴിച്ചുമൂടിയ അടിമയെ
എനിക്കു തിരിച്ചു തരൂ.
ഈ നാടുകളില്‍ നിന്ന്‌
ദരിദ്രരുടെ അലിവില്ലാത്ത അപ്പം
കുടഞ്ഞെറിഞ്ഞുകളയൂ.
അടിമപ്പണിചെയ്ത കൃഷീവലന്റെ
ഉടുപ്പുകളും ജനലുകളും എനിക്കു കാട്ടിത്തരൂ.
ജീവിച്ചിരുന്ന കാലത്ത്‌ അയാള്‍
ഉറങ്ങിയതെവിടെയാണെന്ന്‌
എനിക്കു പറഞ്ഞുതരൂ.

ഞാനെന്റെ കൈകളാഴ്ത്തട്ടെ:
ഈ സ്തബ്ധസമൃദ്ധിയിലൂടെ,
ശിലയുടെ നിശീഥിനിയിലൂടെ,
ആയിരം വര്‍ഷങ്ങളായി തടവറയില്‍ പൂട്ടിയിട്ട
ഒരു പക്ഷിയെന്നപോലെ,
വിസ്മരിക്കപ്പെട്ടവന്റെ പ്രാക്തനഹൃദയം
എന്നില്‍ സ്പന്ദിക്കട്ടെ.
ഈ സൗഖ്യം ഞാനിന്നുതന്നെ മറക്കട്ടെ,
സമുദ്രത്തെക്കാള്‍ വലിയ ഈ സൗഖ്യം.
മനുഷ്യന്‍ സമുദ്രത്തെക്കാള്‍ വലുതാണ്‌,
ദ്വീപുകളെക്കാള്‍ വലുത്‌.
നാം അവനിലേക്ക്‌ വിഴണം,
കിണറ്റിലേയ്ക്കെന്നപോലെ,
രഹസ്യജലത്തിന്റെ ഒരു ശിഖരവും
മുങ്ങിപ്പോയ സത്യങ്ങളും കൊണ്ട്‌
ഉയര്‍ന്നുവരണം.

എന്നോടൊപ്പം
ജനനത്തിലേയ്ക്കുയര്‍ന്നു വരൂ സഹോദരാ.
നിന്റെ ശിഥിലദുഖത്തിന്റെ അഗാധഭൂമിയില്‍നിന്ന്‌
എനിക്കായി കൈനീട്ടൂ.
നീ തിരിച്ചു വരില്ല, പാറകളുടെ ആഴത്തില്‍ നിന്ന്‌
നീ തിരിച്ചു വരില്ല, ഭൂഗര്‍ഭത്തിലാണ്ട-
കാലത്തില്‍ നിന്ന്‌.
നിന്റെ തയമ്പു വീണ ശബ്ദം തിരിച്ചുവരില്ല.
നിന്റെ തുളവീണ കണ്ണു തിരിച്ചുവരില്ല.
ഭൂവിന്റെ അടിത്തട്ടില്‍നിന്ന്‌ എന്നെ നോക്കൂ.
ഉഴവുകാരാ, നെയ്ത്തുകാരാ, ഊമയായ ആട്ടിടയാ,
രക്ഷകനായ കാട്ടാറിനെ മെരുക്കിയെടുക്കുന്നവനേ,
മരണത്തിന്റെ വെല്ലുവിളികേട്ട
എകരത്തില്‍ നിന്നു പണിയുന്ന കല്ലാശാരി,
ആന്‍ഡിയന്‍ കണ്ണീരിന്‌ വെള്ളം ചുമക്കുന്നവനേ,
കൈ പൊടിഞ്ഞുപോയ ആഭരണപ്പണിക്കാരാ
ധാന്യത്തിനടിയില്‍ നിന്നു വിറയ്ക്കുന്ന കൃഷിക്കാരാ,
കളിമണ്ണിന്നടിയില്‍ തൂവിച്ചിതറിപ്പോയ കുശവാ,
കുഴിച്ചുമൂടിയ നിങ്ങളുടെ പ്രാചീനഖേദങ്ങ
ള്‍ഈ നവജീവിതത്തിന്റെ കോപ്പയില്‍ പകരൂ.
നിങ്ങളുടെ രക്തവും നിങ്ങളുടെ ഉഴവുചാലും
എനിക്കു കാണിച്ചുതരൂ,
പറയൂ: ഇവിടെവെച്ച്‌ അവരെന്നെ ശിക്ഷിച്ചു,
ഒരു രത്നം വേണ്ടപോലെ തിളങ്ങാത്തതിന്‌,
അല്ലെങ്കില്‍, ഭൂമി വേണ്ടസമയത്ത്‌ കല്ലുതരാത്തതിന്‌,
ധാന്യം തരാത്തതിന്‌.
നിങ്ങളെ അവര്‍ കൊന്നുവീഴ്ത്തിയ കല്ല്‌
എനിക്കു കാട്ടിത്തരൂ.
നിങ്ങളെ കുരിശിലേറ്റിയ മരം കാട്ടിത്തരൂ.
പഴയ തീക്കല്ലുകളുരച്ചുകത്തിക്കൂ:
പഴയ വിളക്കുകള്‍,
നൂറ്റാണ്ടുകളിലൂടെ
മുറിവുകളിലൊട്ടിച്ചേര്‍ന്നുപോയ ചമ്മട്ടികള്‍,
രക്തം തിളങ്ങുന്ന കോടാലികള്‍,
നിങ്ങളുടെ മരിച്ച വായിലൂടെ
സംസാരിക്കാന്‍ഞാനിതാ വരുന്നു.

ഭൂമി മുഴുവന്‍ ചിതറിക്കിടക്കുന്ന
നിശബ്ദമായ ചുണ്ടുകളോടൊത്തു ചേരൂ
ഈ ദീര്‍ഘരാത്രിയിലുടനീളം
ആഴങ്ങളില്‍ നിന്ന്‌ എന്നോട്‌ സംസാരിക്കൂ,
ഞാന്‍ നിങ്ങളില്‍ നങ്കൂരമിട്ടെന്നപോല
എന്നോടെല്ലാം പറയൂ,
ചങ്ങലചങ്ങലയായി.
നിങ്ങള്‍ പൂഴ്ത്തിവെച്ചിരിക്കുന്ന
കത്തികളെടുത്തു കൂര്‍പ്പിക്കൂ,
അവ എന്റെ നെഞ്ചിലാഴ്ത്തൂ,എന്റെ കൈയിലാഴ്ത്തൂ,
മഞ്ഞരശ്മികളുടെ ഒരു പുഴപോല,
കുഴിച്ചുമൂടപ്പെട്ട പുലികളുടെ പുഴപോലെ,
ഞാന്‍ കരയട്ടെ,
മണിക്കൂറുകള്‍, ദിവസങ്ങള്‍,വര്‍ഷങ്ങള്‍.
അന്ധയുഗത്തോളം ഞാന്‍ കരയട്ടെ.
നക്ഷത്ര ശതാബ്ദങ്ങളോളം.

എനിക്കു തരൂ,
മൗനം, ജലം, പ്രതീക്ഷ.
എനിക്കു തരൂ, സമരം, ഇരുമ്പ്‌, തീമലകള്‍.
കുന്തങ്ങളെപ്പോലെ
ശരീരങ്ങള്‍ എന്നിലള്ളിപ്പിടിക്കട്ടെ.
എന്റെ സിരകളിലേയ്ക്കു വരൂ,
എന്റെ വായിലേയ്ക്കു വരൂ.
എന്റെ വാക്കുകളിലൂടെ സംസാരിക്കൂ,
സംസാരിക്കൂ, എന്റെ രക്തത്തിലൂടെ.

നെരൂദയെക്കുറിച്ച്‌ കേട്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി
'അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നല്‍കി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവന്‍ നീ എനിക്കു നല്‍കി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നല്‍കി. ഏകാകിയായ മനുഷ്യനു നല്‍കാത്ത സ്വാതന്ത്ര്യം നീ എനിക്കു നല്‍കി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാന്‍ നീ എന്നെ പഠിപ്പിച്ചു................നീ എന്നെ അനശ്വരനാക്കി, എന്തെന്നാല്‍, ഇനിമേല്‍ ഞാന്‍ എന്നില്‍ത്തന്നെ ഒടുങ്ങുന്നില്ല'-എന്ന്‌ സ്വന്തം പാര്‍ട്ടിയെപ്പറ്റി പാടാന്‍ കഴിവുള്ള ഒരാളേ ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുള്ളൂ; അത്‌ പാബ്ലോ നെരൂദയായിരുന്നു. വാക്കുകളുടെ അരികുകളില്‍ തീഷ്ണവര്‍ണ്ണങ്ങള്‍ക്കൊപ്പം, വിശക്കുന്നവന്റെ കണ്ണീരും മര്‍ദ്ദിതന്റെ പ്രതിഷേധവും അധ്വാനിക്കുന്നവന്റെ വിയര്‍പ്പും തേച്ചുപിടിപ്പിച്ച്‌, അവയെ ഭൂമിയിലെ ഏറ്റവും മൂല്യമുള്ള വസ്തുക്കളാക്കി നേരൂദ മാറ്റി. പ്രണയത്തെപ്പറ്റി ഇത്ര കഠിനമായി പാടിയ വേറെ കവികള്‍ വിരളമായിരിക്കും. ലോകത്തുള്ള ഒന്നും കവിതയ്ക്ക്‌ അന്യമല്ലെന്ന്‌ അദ്ദേഹം തെളിയിച്ചു. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്നു ശാഠ്യം പിടിക്കുമ്പോഴും, അത്‌ വെറും പ്രചാരണവസ്തുവാകരുതെന്ന നിര്‍ബന്ധം നെരൂദയ്ക്കുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിനായി കവിതയില്‍ കാലം കരുതിവെച്ച വജ്രായുധമായിരുന്ന ആ ചിലിയന്‍ കവി.

ജനനം ചിലിയിലെ പാരാലില്‍(Parral) 1904 ജൂലായ്‌ 12-ന്‌. യഥാര്‍ത്ഥപേര്‌ നെഫ്താലി റിക്കാര്‍ഡോ റെയസ്‌ ബസോല്‍റ്റോ. അമ്മ ഡോണ ബസോല്‍റ്റോ ഡി റെയസ്‌. അച്ഛന്‍ ഡോണ്‍ ജോസ്‌ ഡെല്‍ കാര്‍മന്‍ റെയസ്‌ മൊറാല്‍സ്‌. അമ്മ ആ ആഗസ്തില്‍ മരിച്ചു. രണ്ടാനമ്മയുടെ തണലിലാണ്‌ വളര്‍ന്നത്‌. വിവിധ തൂലികാനാമങ്ങളില്‍ കൗമാരം വിടുമ്പോള്‍ തന്നെ കവിതയെഴുതിത്തുടങ്ങി. 1920 ഒക്ടോബറില്‍ പാബ്ലോ നെരൂദയെന്ന തൂലികാനാമം സ്വീകരിച്ചു. അനശ്വരമാകാനായിരുന്നു ആ പേരിന്റെ വിധി. ഇരുപതു വയസ്സായപ്പോഴേയ്ക്കും ചിലിയിലെങ്ങും കവിയെന്ന നിലയില്‍ പ്രശസ്തിയാര്‍ജ്ജിച്ചു. ഔദ്യോഗികമായി ഒരു നയതന്ത്രജ്ഞന്റെ റോളാണ്‌ നെരൂദയെ കാത്തിരുന്നത്‌. 1927-ല്‍ അന്നത്തെ ബര്‍മയുടെ തലസ്ഥാനമായ റാങ്കൂണിലെ ചിലയന്‍ സ്ഥാനപതിയായി. 1928-ല്‍ കൊളംബോയിലെ സ്ഥാനപതി. 1929-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊല്‍ക്കത്ത സമ്മേളനത്തില്‍ സൗഹൃദപ്രതിനിധിയായി പങ്കെടുത്തു. 1931-ല്‍ സിങ്കപ്പൂരില്‍ സ്ഥാനപതി. കവിതയ്ക്ക്‌ മാത്രം ഒരിക്കലും ഒഴിവില്ലായിരുന്നു. ലോകംചുറ്റിയുള്ള യാത്ര അങ്ങനെ തുടങ്ങിയതാണ്‌. മരിക്കുംവരെയും അത്‌ തുടര്‍ന്നു.

1940-ല്‍ ചിലിയില്‍ തിരിച്ചെത്തിയ നെരൂദ രാഷ്ട്രീയത്തില്‍ സജീവമായി. 1945 മാര്‍ച്ച്‌ നാലിന്‌ ചിലിയന്‍ സെനറ്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. അന്റോഫഗസ്റ്റയിലെ ഖാനിത്തൊഴിലാളികളുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ്‌ നെരൂദ മത്സരിച്ചത്‌. ആ വര്‍ഷം ജൂലായ്‌ എട്ടിന്‌ ചിലിയന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അദ്ദേഹം അംഗമായി. 1946 ഡിസംബര്‍ 28-ന്‌ പാബ്ലോ നേരൂദയെന്ന നാമം ഔദ്യോഗികമായി സ്വീകരിച്ചു. 1948-ല്‍ ചിലിയുടെ ഭരണസാരഥ്യമേറ്റ വലതുപക്ഷസ്വേച്ഛാധിപതി ഗോണ്‍ഥാലെ ഥ്‌വീഡെലായെ നെരൂദ കഠിനമായി വിമര്‍ശിച്ചത്‌, ഭരണകൂടത്തെ പ്രകോപിപ്പിച്ചു. 1948 ഫിബ്രവരി അഞ്ചിന്‌ നെരൂദയ്ക്കെതിരെ അറസ്റ്റുവാറണ്ട്‌ പുറപ്പെടുവിച്ചതോടെ, അദ്ദേഹം ഒളിവിലായി. ചിലിയില്‍ നിന്ന്‌ മെക്സിക്കോവിലേക്ക്‌, അവിടെനിന്ന്‌ പാരീസിലേക്ക്‌. ഈ അജ്ഞാതവാസക്കാലത്ത്‌ മഹാകാവ്യമായ 'കാന്റോജെനെറല്‍' നെരൂദ പൂര്‍ത്തിയാക്കി. 1950-ല്‍ പ്രസിദ്ധീകരിച്ച ആ മഹാകാവ്യത്തില്‍ പെട്ടതാണ്‌ 'മാച്ചൂ പിക്‌ച്ചൂവിന്റെ ഉയരങ്ങളില്‍' എന്ന കവിതയും. കവിതയുടെ അതുവരെ അറിയപ്പെട്ട എല്ലാ രൂപങ്ങള്‍ക്കും 'കാന്റോജെനറലി'ല്‍ മാതൃകകളുണ്ട്‌. പേരിന്റെ അര്‍ത്ഥം 'എല്ലാറ്റിനെയും കുറിച്ചുള്ളത്‌' എന്നാണ്‌. അത്‌ ആ മഹാകാവ്യത്തെ സംബന്ധിച്ച്‌ ശരിയുമാണ്‌.

പ്രവാസജീവിതം കഴിഞ്ഞ്‌ മടങ്ങിയെത്തിയ നെരൂദ 1958-ല്‍ ചിലിയിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിനിറങ്ങി. തൊഴിലാളികളുടെ റാലികളെ രാജ്യത്തുടനീളം സ്വന്തം കവിതകളുമായി അദ്ദേഹം അഭിസംബോധന ചെയ്തു. അറുപതുകളില്‍ അദ്ദേഹം ലോകം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. നെരൂദയെത്തേടിയെത്തിയ ബഹുമതികള്‍ക്ക്‌ കണക്കില്ല. അന്താരാഷ്ട്രസമാധാന സമ്മാനം, ലെനിന്‍ സമാധാനസമ്മാനം, ഓക്സ്ഫഡ്‌ സര്‍വകലാശാലയുടെ ഓണറ റി ഡി ലിറ്റ്‌ ബിരുദം ഇങ്ങനെ പോകുന്നു അവ. ചിലിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഔദ്യോഗിസ്ഥാനാര്‍ത്ഥിയായിരുന്നു നെരൂദ. പിന്നീട്‌ തന്റെ ഉറ്റചങ്ങാതി സാല്‍വദോര്‍ അല്ലെന്‍ഡേ ആ സ്ഥാനത്ത്‌ നിയോഗിക്കപ്പെട്ടു. നെരൂദ പാരീസില്‍ അംബാസഡറായി. അവിടെയായിരിക്കുമ്പോള്‍, 1971-ല്‍ നെരൂദ നോബല്‍സമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടു.

പക്ഷേ, അവസാനവര്‍ഷങ്ങള്‍ നെരൂദയെ സംബന്ധിച്ചിടത്തോളം ദുരന്തപൂര്‍ണമായിരുന്നു. ചിലിയിലെ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍അമേരിക്കന്‍ ഭരണകൂടം സി.ഐ.എ. പിണിയാളുകളെ നിയോഗിച്ചു. പട്ടാള അട്ടിമറിയുടെ ഭാഗമായി 1973 സപ്തംബര്‍ 11-ന്‌ ലാ മൊണേഡാ കൊട്ടാരത്തില്‍ ബോംബ്‌ വീണു, അല്ലെന്‍ഡേ മരിച്ചു. പിനോഷെയുടെ കിരാതഭരണത്തിലേക്ക്‌ ചിലി നിപതിക്കുകയായിരുന്നു. ഒരു സപ്തംബര്‍ 11-ന്റെ പേരില്‍ അമേരിക്ക നടത്തുന്ന കിരാതവേട്ട, സദ്ദാം ഹുസൈന്റെ വധത്തില്‍ വരെയെത്തിയത്‌ കാണുന്ന പുതുതലമുറയ്ക്ക്‌, ചരിത്രത്തിലെ ആദ്യ 'സപ്തംബര്‍ 11' അമേരിക്കന്‍ സൃഷ്ടിയായിരുന്നെന്നും അത്‌ ചിലിയിലാണ്‌ അരങ്ങേറിയതെന്നും ചിലപ്പോള്‍ അറിവുണ്ടാവില്ല. അല്ലെന്‍ഡേയുടെ മരണം നെരൂദയ്ക്ക്‌ താങ്ങാവുന്നതിലും അധികമായിരുന്നു. മാതൃരാജ്യത്തിനേറ്റ ആഘാതത്തില്‍ മനംനൊന്ത്‌ 1973 സപ്തംബര്‍ 23-ന്‌ ആ കാവ്യജീവിതം അവസാനിച്ചു. നെരൂദയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ചിലിയിലെ സൈനികഭരണകൂടത്തിനെതിരെയുള്ള ആദ്യപ്രതിഷേധപ്രകടനം കൂടിയായി. സി.ഐ.എ.കൂലിപ്പടയാളികള്‍ സാന്തിയാഗോവിലെ നെരൂദയുടെ വീടു തകര്‍ത്തു. പുസ്തകങ്ങളും കൈയെഴുത്തുപ്രതികളും നശിപ്പിക്കപ്പെട്ടു. അവസാനകാലത്ത്‌ നെരൂദയെഴുതി: 'ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല, ഇനി ഒന്നും പറയാനുമില്ല. എല്ലാം അവസാനിച്ചിരിക്കുന്നു, വിപിനത്തിന്റെ വാതിലുകള്‍ അടഞ്ഞിരിക്കുന്നു. സൂര്യന്‍ ഇലകള്‍ വിരിയിച്ചു ചുറ്റിക്കറങ്ങുന്നു, ചന്ദ്രന്‍ വെളുത്ത ഒരു പഴംപോലെ ഉദിച്ചുയരുന്നു. മനുഷ്യന്‍ സ്വന്തം ഭാഗധേയത്തിനു വഴങ്ങുന്നു.'
(കടപ്പാട്‌: സച്ചിദാനന്ദന്‍ എഡിറ്റ്‌ ചെയ്ത്‌ മള്‍ബറി ബുക്സ്‌ പ്രസിദ്ധീകരിച്ച 'നെരൂദയുടെ തിരഞ്ഞെടുത്ത കവിതകള്‍' എന്ന ഗ്രന്ഥത്തില്‍ നിന്നുള്ളതാണ്‌ ഇവിടെ ചേര്‍ത്തിട്ടുള്ള വരികള്‍. ഗൂഗിള്‍ ഇമേജ്‌ സെര്‍ച്ചില്‍ മാച്ചൂ പിക്‌ച്ചൂ എന്നു നല്‍കിയപ്പോള്‍ കിട്ടിയ നൂറായിരം ചിത്രങ്ങളില്‍ ചിലത്‌ ഇതോപ്പമുണ്ട്‌. മാച്ചൂ പിക്‌ച്ചൂ കാണാന്‍ ഭാഗ്യം സിദ്ധിക്കുകയും തങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ക്ക്‌ പങ്കുവെയ്ക്കുകയും ചെയ്ത ആ മഹത്തുക്കള്‍ക്കും നന്ദി)

Thursday, December 28, 2006

2000 വര്‍ഷം പഴക്കമുള്ള കമ്പ്യൂട്ടര്‍

രണ്ടായിരം വര്‍ഷം മുമ്പൊരു കമ്പ്യൂട്ടറോ? അതെ സൂര്യചന്ദ്രന്‍മാരുടെ ചലനങ്ങള്‍ സൂക്ഷ്മമായി പിന്തുടരാന്‍ കഴിയുന്ന ഒരു സങ്കീര്‍ണയന്ത്രം പുരാതനഗ്രീക്കുകാര്‍ നിര്‍മിച്ചിരുന്നു. അതിന്റെ രഹസ്യം ആദ്യമായി ചുരുളഴിയുന്നു

നൂറുവര്‍ഷത്തിലേറെയായി ഗവേഷകരെ അമ്പരിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുകയാണ്‌ 'ആന്റികൈഥെറ മെക്കാനിസം'(Antikythera Mechanism) എന്ന പ്രാചീന യന്ത്രം. 80 കഷണങ്ങളായി ചിതറിപ്പോയ ആ പ്രാചീനയന്ത്രം, ഗ്രീക്ക്‌ ദ്വീപായ ആന്റികൈഥെറയ്ക്കു സമീപം സമുദ്രത്തിനടിയില്‍നിന്ന്‌ കണ്ടെത്തിയതു മുതല്‍ തുടങ്ങിയതാണ്‌ ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങള്‍. രണ്ടായിരം വര്‍ഷം മുമ്പ്‌ കടലിലാണ്ടുപോയ റോമന്‍ കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ്‌ അത്‌ ലഭിച്ചത്‌. ആ യന്ത്രവുമായി ബന്ധപ്പെട്ട നിഗൂഢതയ്ക്കിപ്പോള്‍ വിരാമമാകുന്നു. സൂര്യചന്ദ്രന്‍മരുടെയും ഒരുപക്ഷേ, ഗ്രഹങ്ങളുടെയും ചലനങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ സഹായിക്കുന്ന ഒരു പൗരാണിക കമ്പ്യൂട്ടറായിരുന്നുവത്രേ ആന്റികൈഥെറ മെക്കാനിസം. 2000 വര്‍ഷം പഴക്കമുള്ള (അറിയപ്പെടുന്നതില്‍ വെച്ച്‌ ഏറ്റവും പഴക്കമുള്ള) ഏറ്റവും സങ്കീര്‍ണ്ണമായ ഉപകരണം. ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ 'മോണാലിസ'യെക്കാള്‍ ചരിത്രമൂല്യമുള്ള കണ്ടെത്തല്‍ എന്നാണ്‌ ഗവേഷകര്‍ ഈ പൗരാണിക കമ്പ്യൂട്ടറിനെ വിശേഷിപ്പിക്കുന്നത്‌.

1900-ല്‍ ആന്റികൈഥെറ ദ്വീപിന്‌ സമീപത്തുനിന്ന്‌ ഏലിയാസ്‌ സ്റ്റഡിയാറ്റോസ്‌ എന്ന മുങ്ങല്‍ വിദഗ്ധനാണ്‌ കടലില്‍ 42 മീറ്റര്‍ ആഴത്തില്‍ മറഞ്ഞുകിടന്ന പുരാതന റോമന്‍കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്‌. കപ്പല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ ആന്റികൈഥെറ മെക്കാനിസത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ വലേരിയോസ്‌ സ്റ്റെയിസ്‌ എന്ന പുരാവസ്തുഗവേഷകന്‍ 1902-ല്‍ തിരിച്ചറിഞ്ഞു. ആ വിചിത്രയന്ത്രത്തിന്റെ പല്‍ച്ചക്രങ്ങള്‍ ഉള്‍പ്പടെയുള്ള 80 കഷണങ്ങള്‍ ഗവേഷകര്‍ക്ക്‌ കണ്ടെത്താനായി. 2000 വര്‍ഷം മുമ്പ്‌ ഇത്ര സങ്കീര്‍ണമായ ഒരു ഉപകരണം മനുഷ്യന്‍ നിര്‍മിച്ചു എന്നകാര്യം വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. പായല്‍നിറഞ്ഞ്‌ നിറംമങ്ങിയ ആ വെങ്കലകഷണങ്ങളില്‍ പുരാതന ഗ്രീക്ക്ഭാഷയിലുള്ള കുറിപ്പുകളും ഉണ്ടായിരുന്നു. എന്താണ്‌ ആ നിഗൂഢ ഉപകരണമെന്നതിന്‌ വിശദീകരണം നല്‍കാന്‍ പിന്നീട്‌ നടന്ന ശ്രമങ്ങളൊന്നും ശരിക്ക്‌ വിജയിച്ചില്ല. യന്ത്രം പുനസൃഷ്ടിക്കാന്‍ നടന്ന ശ്രമങ്ങളും പൂര്‍ണവിജയത്തിലെത്തിയില്ല.

ഒടുവില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായം വേണ്ടിവന്നു ആന്റികൈഥെറ മെക്കാനിസത്തിന്റെ രഹസ്യം കണ്ടെത്താന്‍. കാര്‍ഡിഫ്‌ സര്‍വകലാശാലയിലെ മൈക്ക്‌ എഡ്മണ്ട്സിന്റെയും ടോണി ഫ്രീതിന്റെയും നേതൃത്വത്തിലുള്ള സംഘമാണ്‌ ഗവേഷണം നടത്തിയത്‌. യന്ത്രക്കഷണങ്ങള്‍ക്ക്‌ പുറത്തുള്ള മങ്ങിയ കുറിപ്പുകള്‍ വായിക്കാനാവശ്യമായ എക്സ്‌-റേ കമ്പ്യൂട്ടര്‍സങ്കേതം 'ഹെര്‍റ്റ്ഫോര്‍ഡ്ഷൈര്‍ എക്സ്‌-ടെക്ക്‌'(Hertfordshire X-Tek) എന്ന കമ്പനി നല്‍കി. ഉപകരണത്തിന്റെ പ്രതലത്തിന്റെ വിശദാംശങ്ങള്‍ പൊലിമയോടെ മനസിലാക്കാനുള്ള ഇമേജിങ്‌ സങ്കേതം 'ഹെവ്ലെറ്റ്‌-പക്കാര്‍ഡ്‌'(Hewlett-Pakard, HP) രൂപപ്പെടുത്തി. ആ സങ്കേതങ്ങളുടെ സഹായത്തോടെയുള്ള വിശദമായ പഠനത്തില്‍, ആന്റികൈഥെറ മെക്കാനിസം നിര്‍മിക്കപ്പെട്ടത്‌ 150 ബി.സിക്കും 100 ബി.സിക്കും മധ്യേയായിരുന്നുവെന്ന്‌ വ്യക്തമായി- 'നേച്ചര്‍' ഗവേഷണവാരിക അടുത്തയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ചന്ദ്രന്റെയും സൂര്യന്റെയും രാശിചക്രങ്ങള്‍ പിന്തുടരാന്‍ പാകത്തിലാണ്‌ യന്ത്രത്തിലെ 37 പല്‍ച്ചക്രങ്ങള്‍ ക്രമീകരിച്ചിരുന്നത്‌.

ബി.സി.രണ്ടാംനൂറ്റാണ്ടില്‍ ഗ്രീക്ക്‌ ജ്യോതിശാസ്ത്രജ്ഞനായിരുന്ന റോഡസിലെ ഹിപ്പാര്‍ക്കസാണ്‌, ചന്ദ്രന്റെ ക്രമമില്ലാത്ത ഭ്രമണത്തെപ്പറ്റി ആദ്യമായി പഠിച്ചത്‌. ആ ചലനങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയും വിധം ആന്റികൈഥെറ മെക്കാനിസത്തിന്റെ നിര്‍മാണത്തിന്‌, ഹിപ്പാര്‍ക്കസിന്റെ ഉപദേശങ്ങള്‍ തേടിയിട്ടുണ്ടാകാം എന്നാണ്‌ ഗവേഷകര്‍ ഇപ്പോള്‍ അനുമാനിക്കുന്നത്‌. പതിനാറാംനൂറ്റാണ്ടില്‍ മനുഷ്യന്‍ ആദ്യമായി നിര്‍മിച്ചുവെന്ന്‌ ഇത്രകാലവും കരുതിയിരുന്നത്ര സങ്കീര്‍ണമായ പല്‍ച്ചക്രവ്യൂഹമാണ്‌ ആ പൗരാണികയന്ത്രത്തിലുള്ളതെന്ന്‌ സ്കാനിങ്ങില്‍ വ്യക്തമായി. പതിനെട്ടാം നൂറ്റാണ്ടിലെ ഘടികാരങ്ങളില്‍ കാണുന്നത്ര സങ്കീര്‍ണത ആന്റികൈഥെറ മെക്കാനിസത്തിലുണ്ട്‌. ആ യന്ത്രത്തിന്‌ അടിസ്ഥാനമായ ഗ്രീക്ക്‌ സാങ്കേതികവിദ്യ പില്‍ക്കാലത്ത്‌ എങ്ങനെ അപ്രത്യക്ഷമായി? മറ്റൊരു നാഗരികതയും അടുത്തൊരു ആയിരംവര്‍ഷത്തേക്ക്‌ ആന്റികൈഥെറ മെക്കാനിസത്തിന്‌ സമാനമായ മറ്റൊരു സങ്കീര്‍ണഉപകരണം നിര്‍മിച്ചതായി അറിവില്ല. സാധാരണഗതിയില്‍ വെങ്കല ഉപകരണങ്ങള്‍ ഉരുക്കി പുനരുപയോഗം നടത്തുന്ന രീതി പൗരാണിക സമൂഹങ്ങളിലുണ്ടായിരുന്നു. അത്തരത്തില്‍ മാറ്റപ്പെട്ടതിനാലാകാം, അന്നത്തെ ഉപകരണങ്ങളെല്ലാം പുരാവസ്തുരേഖകളില്‍ നിന്ന്‌ അപ്രത്യക്ഷമായതിന്‌ കാരണമെന്നാണ്‌ ഒരു വിശദീകരണം.

ജൂലിയസ്‌ സീസര്‍ റോമില്‍ നടത്തിയ ആഘോഷത്തിനായി ഗ്രീസിലെ റോഡസില്‍ നിന്ന്‌ കൊള്ളയടിച്ചുകൊണ്ടുവന്ന സാധനങ്ങളില്‍പ്പെട്ടതാകാം ആന്റികൈഥെറ മെക്കാനിസമെന്ന്‌ ഗവേഷകര്‍ കരുതുന്നു. 'അസാധാരണമാണ്‌ ഈ ഉപകരണം. ഇത്തരത്തിലൊന്ന്‌ ഇതുമാത്രമേയുള്ളൂ'-പ്രൊഫ.എഡ്മണ്ട്സ്‌ പറയുന്നു. 'ഇത്‌ നല്‍കുന്ന ജ്യോതിശാസ്ത്രം കൃത്യമാണ്‌. ചരിത്രമൂല്യത്തിന്റെ കാര്യത്തില്‍ ഞാന്‍ ഈ യന്ത്രത്തെ മോണാ ലിസയ്ക്കു മുകളില്‍ സ്ഥാപിക്കുന്നു'-അദ്ദേഹം അറിയിക്കുന്നു. ആന്റികൈഥെറ മെക്കാനിസത്തിന്റെ രഹസ്യം അനാവരണം ചെയ്ത സംഘത്തില്‍ കാര്‍ഡിഫ്‌ ഗവേഷകര്‍ക്കൊപ്പം, ഏഥന്‍സ്‌ സര്‍വകലാശാല, തെസ്സലോണികി സര്‍വകലാശാല, ഏതന്‍സില്‍ നാഷണല്‍ ആര്‍ക്കയോളജിക്കല്‍ മ്യൂസിയം എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഉള്‍പ്പെട്ടിരുന്നു(കടപ്പാട്‌: ദി ഗാര്‍ഡിയന്‍, ബിബിസി ന്യൂസ്‌, കാര്‍ഡിഫ്‌ സര്‍വകലാശാലയുടെ പത്രക്കുറിപ്പ്‌).

Sunday, December 24, 2006

സൗരമണ്ഡലത്തിന്റെ പുതുദൃശ്യം

സൂര്യഗ്രഹണവേളയില്‍ വജ്രമോതിരം പോലെ തെളിയുന്നതാണ്‌ സൂര്യന്റെ കൊറോണ(corona). ഇത്രകാലവും ഗ്രഹണസമയത്തു മാത്രമേ കൊറോണയുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍, ജപ്പാന്റെ സൗരനിരീക്ഷണ വാഹനമായ 'ഹിനോഡെ'(Hinode) ആ പതിവ്‌ തെറ്റിച്ചു. ഹിനോഡെയുടെ എക്സ്‌റേ ടെലിസ്കോപ്‌ 2006 ഒക്ടോബര്‍ 28-ന്‌ പകര്‍ത്തിയ ഈ ദൃശ്യം ഡിസംബര്‍ 23-നാണ്‌ 'നാസ' പുറത്തു വിട്ടത്‌. സൗരധ്രുവങ്ങളുടെ വിശാദംശങ്ങളും ഇതില്‍ വ്യക്തമാണ്‌. സൗരക്കാറ്റുകളുടെ ഉറവിടങ്ങളെന്നു കരുതുന്ന കാന്തികചുഴികളും സ്പഷ്ടമായി കാണാം.

'ഹിനോഡെ'യെന്നാല്‍ ജാപ്പനീസ്‌ ഭാഷയില്‍ സൂര്യോദയം എന്നാണര്‍ത്ഥം. 2006 സപ്തംബര്‍ 22-ന്‌ വിക്ഷേപിച്ച ഈ ഉപഗ്രഹത്തിന്റെ ആദ്യപേര്‌ 'സോളാര്‍-ബി'യെന്നായിരുന്നു. വിക്ഷേപിച്ചു കഴിഞ്ഞ്‌ പേരു മാറ്റുകയെന്നത്‌ ജപ്പാനിലെ രീതിയാണ്‌. സൗരപ്രതലത്തിലെ ആളിക്കത്തലുകളെ(Solar flares)ക്കുറിച്ചും സൗരക്കാറ്റുകളെക്കുറിച്ചുമാണ്‌ ഹിനോഡെ പഠനം നടത്തുന്നത്‌. ഹിനോഡെ അതിന്റെ ആദ്യനിരീക്ഷണങ്ങള്‍ നവംബര്‍ ആദ്യം ഭൂമിയിലേക്കയച്ചു.

ഏതാനും മിനുറ്റുകള്‍ കൊണ്ട്‌ കോടിക്കണക്കിന്‌ ഹൈഡ്രജന്‍ ബോംബുകള്‍ പുറത്തുവിടുന്നയത്ര ഊര്‍ജ്ജമാണ്‌ സൗരപ്രതലത്തിലെ ആളിക്കത്തലുകള്‍ വഴി ഉണ്ടാകുന്നത്‌. അതിന്റെ ഫലമായുണ്ടാകുന്ന അതിശക്തമായ സൂര്യവാതകപ്രവാഹം, ഭൂമിലും കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുണ്ട്‌. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും ബഹിരാകാശയാത്രികരുടെയും സുരക്ഷയ്ക്ക്‌ ഈ ഊര്‍ജ്ജപ്രവാഹം കടുത്ത ഭീഷണിയാണ്‌. പവര്‍ഗ്രിഡുകളെയും അത്‌ പ്രതികൂലമായി ബാധിക്കും.

ഓരോ ദിവസം കഴിയുന്തോറും വാര്‍ത്താവിനിമയ സംവിധാനങ്ങളിലുള്ള മനുഷ്യന്റെ ആശ്രിതത്വം ഏറിവരുന്ന സാഹചര്യത്തില്‍, സൗരക്കാറ്റുകളെപ്പറ്റി കൂടുതല്‍ പഠിക്കുകയും അപകടമൊഴിവാക്കാനുള്ള വഴികള്‍ തേടേണ്ടതും അനിവാര്യതയായി മാറിയിരിക്കുന്നു. ഈ വസ്തുത മുന്നില്‍ കണ്ട്‌ ജപ്പാന്‍ മാത്രമല്ല പര്യവേക്ഷണ ഉപഗ്രഹം വിക്ഷേപിച്ചിട്ടുള്ളത്‌; അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടുത്തയിടെ വിക്ഷേപിച്ച ഉപഗ്രഹദ്വയമായ 'സ്റ്റീരിയോ'യും പഠിക്കുക സൗരക്കാറ്റുകളെക്കുറിച്ചാണ്‌ (ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്‌: നാസ).

ശസ്ത്രക്രിയയില്‍ സഹായിക്കാന്‍ 'യന്ത്രപ്പാമ്പു'കള്‍

യന്ത്രപ്പാമ്പുകളും യന്ത്രക്കരങ്ങളുമൊക്കെ സര്‍ജന്റെ വലംകൈയാകുന്ന കാലമാണ്‌ വരാന്‍ പോകുന്നത്‌. സങ്കീര്‍ണമെന്നും അപകടകരമെന്നും ഇന്നു കരുതുന്നു പല ശസ്ത്രക്രിയകളും ഭാവിയില്‍ അനായാസമാകും

സ്ത്രക്രിയാമുറിയില്‍ സര്‍ജനെ സഹായിക്കാന്‍ നാളെ ഒരുപക്ഷേ, യന്ത്രപാമ്പുകളും യന്ത്രകൈകളുമാകുമാകാം ഉണ്ടാവുക. സൂക്ഷ്മസങ്കീര്‍ണമായ ശസ്ത്രക്രിയകളില്‍ മനുഷ്യകരത്തിന്റെ പരിമിതി മറികടക്കാനാണ്‌ ഇത്തരം റോബോട്ടുകള്‍ സഹായിക്കുക. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സാധ്യത കൂടി ഉപയോഗിക്കുമ്പോള്‍, ഇത്രകാലവും അത്യന്തം അപകടസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പല ശസ്ത്രക്രിയകളും കൃത്യമായി ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കു കഴിയും.

തൊണ്ടയ്ക്കുള്ളിലെ ശസ്ത്രക്രിയ അനായാസമാക്കാന്‍ സഹായിക്കുന്ന ഒരു യന്ത്രപാമ്പിന്റെ സൃഷ്ടിയിലാണ്‌, അമേരിക്കയില്‍ ജോണ്‍സ്‌ ഹോപ്കിന്‍സ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍. നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷ(എന്‍.എസ്‌. എഫ്‌)ന്റെ ധനസഹായത്തോടെ 1998-ല്‍ ആരംഭിച്ച ഗവേഷണം ഇപ്പോള്‍ വിജയത്തിലെത്തുകയാണെന്ന്‌, സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നേത്രശസ്ത്രക്രിയ പോലെ അങ്ങേയറ്റം സൂക്ഷ്മത വേണ്ട അവസരങ്ങളില്‍ സഹായിക്കുന്ന 'പതറാത്ത യന്ത്രക്കൈ'യാണ്‌ പരീക്ഷണശാലയില്‍ നിന്ന്‌ പുറത്തു വരുന്ന മറ്റൊരു ഉപകരണം.

തൊണ്ടക്കുഴലിലെ ഇടുങ്ങിയ സ്ഥലത്ത്‌ ക്യാമറയുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ കടത്തിയാണ്‌ നിലവില്‍ ശസ്ത്രക്രിയ നടത്തുന്നത്‌. വൈഷമ്യമേറിയ പ്രക്രിയയാണിത്‌. അതിനൊരു പരിഹാരമെന്ന നിലയ്ക്കാണ്‌ യന്ത്രപാമ്പ്‌ രംഗത്തെത്തുന്നത്‌. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗത്തിന്റെ ത്രിമാനരൂപം കൃത്യമായി ഡോക്ടറുടെ കണ്‍മുന്നിലെത്തിക്കാനും, ശസ്ത്രക്രിയ നടത്താനും ആ ഉപകരണം സഹായിക്കും. കാന്തികതയില്ലാത്ത ലോഹം കൊണ്ടുള്ളതാണ്‌ യന്ത്രപാമ്പ്‌. അതിനാല്‍, കാന്തിക ഇമേജിങ്‌ ഉപകരണങ്ങളുടെ സാന്നിധ്യം അതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തൊണ്ടയ്ക്കുള്ളില്‍ അനായാസം കടന്ന്‌ ഏത്‌ ദിശയിലേക്കു വേണമെങ്കിലും തിരിയാന്‍ പാകത്തില്‍, സെക്കന്‍ഡില്‍ നൂറ്‌ ക്രമീകരണം വരെ നടത്താന്‍ കഴിവുള്ളതാണ്‌ യന്ത്രപാമ്പ്‌.


സൂക്ഷ്മശസ്ത്രക്രിയില്‍ സഹായിക്കാന്‍ പതറാത്ത യന്ത്രെ‍കൈ


മനുഷ്യകരങ്ങള്‍ അതുല്യമാണ്‌. പക്ഷേ, കുറ്റമറ്റതല്ല. വളരെ സൂക്ഷ്മമായി നടത്തേണ്ട ശസ്ത്രക്രിയാവേളയില്‍ സര്‍ജന്റെ കൈയ്ക്കുണ്ടാകുന്ന നേരിയ ചലനം പോലും വലിയ പ്രത്യാഘാതമുണ്ടാക്കാം; നേത്രശസ്ത്രക്രിയ പോലുള്ള അവസരങ്ങളില്‍ പ്രത്യേകിച്ചും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്‌ 'പതറാത്ത യന്ത്രക്കൈ'. നേത്രശസ്ത്രക്രിയാ വേളയില്‍ കണ്ണിലെ സൂക്ഷ്മധമനികളില്‍ രക്തം കട്ടപിടിച്ചാല്‍, എന്നന്നേക്കുമായി കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകും. അതൊഴിവാക്കാന്‍ കണ്ണിലെ ധമനികളില്‍ മരുന്ന്‌ കുത്തിവെക്കണം. അങ്ങേയറ്റം സങ്കീര്‍ണമായ ഒരു നടപടിയാണത്‌. കൈ ചലിക്കാന്‍ പാടില്ല. ഇവിടെയാണ്‌ 'പതറാത്ത യന്ത്രകൈ'യുടെ പ്രയോജനം. കോഴിയുടെ ഭ്രൂണധമനികളില്‍ കൃത്യമായി കുത്തിവെപ്പു നടത്താന്‍ ഈ മാര്‍ഗ്ഗത്തിലൂടെ ഗവേഷകര്‍ക്കായി. ആ ധമനികള്‍ക്ക്‌ ഏതാണ്ട്‌ തുല്യമാണ്‌ മനുഷ്യനേത്രങ്ങളിലെ ധമനികളും.

കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ഈ യന്ത്രസഹായികളെ കുറ്റമറ്റതാക്കേണ്ടതുണ്ടെന്ന്‌ ഗവേഷകര്‍ പറയുന്നു. ശസ്ത്രക്രിയകളില്‍ മനുഷ്യന്റെ സ്ഥാനത്ത്‌ യന്ത്രങ്ങളെ സ്ഥാപിക്കുകയല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്‌; ശസ്ത്രക്രിയാ വിദഗ്ധന്റെ പരിമിതികള്‍ മറികടക്കാന്‍ സഹായിക്കുക എന്നതാണ്‌, ഗവേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ജോണ്‍സ്‌ ഹോപ്കിന്‍സിലെ റസ്സല്‍ എച്ച്‌. ടെയ്‌ലര്‍ പറഞ്ഞു. ശരീരത്തില്‍ ചില ഭാഗങ്ങളെ അപേക്ഷിച്ച്‌ സര്‍ജന്റെ വിരലുകള്‍ വളരെ വലുതായിരിക്കും. ആ സമയത്ത്‌ ഇത്തരം സഹായികള്‍ രക്ഷകരാകും-അദ്ദേഹം അറിയിച്ചു (കടപ്പാട്‌: മാതൃഭൂമി).

Tuesday, December 19, 2006

മൂലകങ്ങള്‍ കണ്ടുപിടിച്ച (രുചിച്ചു നോക്കിയ) മനുഷ്യന്‍

ശാസ്ത്രലോകത്ത്‌ കാള്‍ ഷീലിയെന്ന സ്വീഡിഷ്‌ ഗവേഷകന്‍ മുമ്പേ പറന്ന പക്ഷിയാണ്‌. സ്വന്തമായി എട്ടുമൂലകങ്ങളും ഒട്ടേറെ സുപ്രധാന സംയുക്തങ്ങളും കണ്ടെത്തിയിട്ടും, അവയൊന്നു പോലും ഷീലിയുടെ പേരില്‍ അറിയപ്പെടുന്നില്ല. ദൗര്‍ഭാഗ്യവാന്‍മാരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരിക്കും ഷീലിയുടെ സ്ഥാനം

നുഷ്യമൂത്രത്തിനും സ്വര്‍ണ്ണത്തിനും മഞ്ഞനിറമാണ്‌. അതായിരിക്കണം മൂത്രത്തില്‍ നിന്ന്‌ സ്വര്‍ണ്ണമുണ്ടാക്കാന്‍ കഴിയുമെന്ന നിഗമനത്തില്‍ ജര്‍മന്‍കാരനായ ഹെന്നിങ്‌ ബ്രാന്‍ഡിനെ എത്തിച്ചത്‌. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന നോവലില്‍ ജോസ്‌ അക്കേര്‍ഡിയ ബുവേന്‍ഡിയ അയസ്കാന്തമുപയോഗിച്ച്‌ ഭൂമിക്കുള്ളില്‍ നിന്ന്‌ സ്വര്‍ണ്ണം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കും പോലെ, ഹെന്നിങ്‌ ബ്രാന്‍ഡ്‌ തന്റെ ഭ്രാന്തന്‍ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. അതിനായി അമ്പത്‌ ബക്കറ്റ്‌ മൂത്രം ശേഖരിച്ചു. മാസങ്ങളോളം അത്‌ നിലവറയില്‍ സൂക്ഷിച്ച്‌ പലവിധ പ്രക്രിയകള്‍ക്ക്‌ വിധേയമാക്കി. അതില്‍ നിന്ന്‌, കെട്ടമണമുള്ള അറപ്പുളവാക്കുന്ന മെഴുകുപോലൊരു പദാര്‍ത്ഥമുണ്ടാക്കാന്‍ ഹെന്നിങ്ങിനായി. സ്വര്‍ണ്ണമുണ്ടാക്കാനായില്ലെങ്കിലും മറ്റൊരു വിചിത്രസംഗതിയുണ്ടായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മെഴുകുപോലുള്ള ആ വസ്തു തിളങ്ങാനാരംഭിച്ചു; വായുവുമായി സമ്പര്‍ക്കത്തിലെത്തുമ്പോള്‍ സ്വയം തീപിടിക്കാനും! 1675-ലായിരുന്നു ഈ സംഭവം.

വളരെയേറെ പ്രായോഗിക ഉപയോഗങ്ങള്‍ കല്‍പ്പിക്കപ്പെട്ട ആ പദാര്‍ത്ഥത്തിന്‌ ഫോസ്ഫറസ്‌ എന്ന്‌ പേര്‌ നല്‍കപ്പെട്ടു. പക്ഷേ, ഫോസ്ഫറസിന്റെ നിര്‍മാണം അത്ര എളുപ്പമായിരുന്നില്ല. മൂത്രത്തിന്റെ ലഭ്യതക്കുറവായിരുന്നു കാരണം. സൈനികരെ ഉപയോഗിച്ചിട്ടുപോലും ഫോസ്ഫറസ്‌ നിര്‍മിക്കാനുള്ള 'അസംസ്കൃത വസ്തു' ആവശ്യത്തിന്‌ ലഭ്യമല്ല എന്ന സ്ഥിതിവന്നു. അതിനാല്‍, ഫോസ്ഫറസിന്‌ സ്വര്‍ണ്ണത്തേക്കാള്‍ വിലയായി. സ്വര്‍ണ്ണം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഹെന്നിങ്‌ അങ്ങനെ 'സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള വസ്തു' നിര്‍മിച്ചുവെന്ന ഖ്യാതി നേടി. 1750-കളില്‍ കാള്‍ വില്‍ഹെം ഷീലിയെന്ന സ്വീഡിഷ്‌ ഗവേഷകന്‍, ചെലവുകുറഞ്ഞ രീതിയില്‍ ഫോസ്ഫറസ്‌ വന്‍തോതില്‍ നിര്‍മിക്കാനുള്ള വിദ്യ വികസിപ്പിച്ചു. അതോടെയാണ്‌ ഫോസ്ഫറസിന്‌ മൂത്രമണത്തില്‍ നിന്ന്‌ എന്നന്നേക്കുമായി മോചനം ലഭിച്ചത്‌ (തീപ്പെട്ടി നിര്‍മാണത്തില്‍ സ്വീഡന്‍ ഒന്നാംനിരയില്‍ എത്തിയതിന്‌ മുഖ്യകാരണവും ഷീലി നടത്തിയ ഈ മുന്നേറ്റമായിരുന്നു).

ഇംഗ്ലീഷ്‌ പോലെ ലോകമറിയുന്ന ഒന്നായിരുന്നു സ്വീഡിഷ്‌ ഭാഷയെങ്കില്‍, ലോകത്തെ ഏറ്റവും ഉന്നതരായ രസതന്ത്രജ്ഞരിലൊരാളായി അറിയപ്പെടുമായിരുന്ന കാള്‍ ഷീലിയിലേക്കെത്താന്‍ ഒരു കുറുക്കുവഴി തുറന്നു തരുന്നു ഹെന്നിങ്‌ ബ്രാന്‍ഡിന്റെ ഭ്രാന്തന്‍ കണ്ടുപിടിത്തത്തിന്റെ കഥ. ഒരുപക്ഷേ, ഏറ്റവും ദൗര്‍ഭാഗ്യവാന്‍മാരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരിക്കും ഷീലിയുടെ സ്ഥാനം. ഒട്ടേറ മൂലകങ്ങളും സംയുക്തങ്ങളും കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഹതഭാഗ്യന്‍. സ്വന്തമായി എട്ടുമൂലകങ്ങള്‍ (ക്ലോറിന്‍, ഫ്ലൂറിന്‍, മാന്‍ഗനീസ്‌, ബേരിയം, മോളിബ്ഡിനം, ടങ്ങ്സ്റ്റണ്‍, നൈട്രജന്‍, ഓക്സിജന്‍ എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരില്‍ അറിയപ്പെടാന്‍ ഷീലിക്ക്‌ യോഗമില്ലാതെ പോയി. അമോണിയ, ഗ്ലിസറിന്‍, റ്റാനിക്‌ ആസിഡ്‌ തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരന്‍മാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.

ജര്‍മനിയില്‍ സ്വീഡിഷ്‌ പ്രവിശ്യയായിരുന്ന പൊമെറാനിയയിലെ സ്ട്രാല്‍സന്‍ഡില്‍ 1742 ഡിസംബര്‍ ഒന്‍പതിന്‌ ഷീലി ജനിച്ചു. കാര്യമായി ഔപചാരിക വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാത്ത ഷീലി, പതിനാലാം വയസ്സില്‍ ഗോഥന്‍ബര്‍ഗിലെ ഒരു ഫാര്‍മസിയില്‍ അപ്രന്റീസായി ചേര്‍ന്നു. രാസവസ്തുക്കളുമായുള്ള പരിചയമാണ്‌ ഷീലിയുടെ ജിവിതം മാറ്റിമറിച്ചത്‌. പിന്നീട്‌ സ്റ്റോക്ഖോമില്‍ ഫാര്‍മസിസ്റ്റായി ജോലിനോക്കി. അതിനുശേഷം, ഉപ്പസാലയില്‍ ലോക്‌ ലാബൊറട്ടറിയില്‍ അസിസ്റ്റായി. ഈ കാലത്തിനിടെ അദ്ദേഹം സ്വീഡനില്‍ അറിയപ്പെടുന്ന വ്യക്തിയായി. 1775 ഫിബ്രവരി നാലിന്‌ സ്വീഡനിലെ റോയല്‍ അക്കാഡമിയില്‍ അംഗത്വം ലഭിച്ചു. ഒരു ഫാര്‍മസി വിദ്യാര്‍ത്ഥിക്ക്‌ ഈ ബഹുമതി ലഭിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു.

ഷീലി തന്റെ നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും രേഖപ്പെടുത്തിയത്‌ സ്വീഡിഷ്‌ ഭാഷയിലായിരുന്നതിനാല്‍, ഗവേഷണ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ കൈയടക്കിവെച്ചിരുന്ന ഇംഗ്ലീഷ്‌ ലോകം ഷീലിയുടെ നേട്ടങ്ങള്‍ അറിയാന്‍ കാലമെടുത്തു. അപ്പോഴേയ്ക്കും ആ നേട്ടങ്ങളൊക്കെ മറ്റ്‌ പലരുടെയും പ്രശസ്തിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. കണ്ടുപിടിക്കുന്ന പദാര്‍ത്ഥങ്ങളൊക്കെ രുചിച്ചു നോക്കാനുള്ള വല്ലാത്തൊരു അഭിനിവേശം ഷീലിയുടെ സ്വഭാവത്തിലുണ്ടായിരുന്നു. മെര്‍ക്കുറി, ഹൈഡ്രോസൈനിക്‌ ആസിഡ്‌ തുടങ്ങിയ മാരകവിഷങ്ങള്‍ പോലും ഷീലിയുടെ കണ്ടുപിടിത്തങ്ങളിലുള്‍പ്പെട്ടിരുന്നു എന്നറിയുമ്പോള്‍, ഈ ദുസ്വഭാവം വരുത്താവുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. നാല്‍പത്തിമൂന്നാം വയസില്‍ (1786 മാര്‍ച്ച്‌ 21-ന്‌) തന്റെ പരീക്ഷണശാലയിലെ ബഞ്ചില്‍ വികൃതമായ മുഖഭാവത്തോടെ മരിച്ച നിലയില്‍ ഷീലിയെ കണ്ടെത്തി. അദ്ദേഹത്തിന്‌ ചുറ്റും മാരകമായ പലതരം രാസവസ്തുക്കള്‍ കാണപ്പെടുകയും ചെയ്തു.

ഓക്സിജന്‍ കണ്ടുപിടിച്ചത്‌ 1774-ല്‍ ജോസഫ്‌ പ്രീസ്റ്റ്ലിയാണെന്ന്‌ നമുക്കറിയാം. പക്ഷേ, അത്‌ ഷീലി കണ്ടുപിടിച്ച്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞായിരുന്നെന്നു മാത്രം. ദൗര്‍ഭാഗ്യം കൊണ്ട്‌ തന്റെ പ്രബന്ധം സമയത്ത്‌ പ്രസിദ്ധപ്പെടുത്താന്‍ ഷീലിക്ക്‌ കഴിഞ്ഞില്ല. പ്രീസ്റ്റ്ലി സ്വന്തം നിലയ്ക്ക്‌ ഓക്സിജന്‍ കണ്ടെത്തി അതിന്റെ ഖ്യാതി സ്വന്തമാക്കുകയും ചെയ്തു. പാഠപുസ്തകങ്ങളിലെല്ലാം കാണും ക്ലോറിന്‍ കണ്ടുപിടിച്ചത്‌ ഹംഫ്രി ഡേവിയാണെന്ന്‌. ശരിയാണ്‌. പക്ഷേ, അത്‌ ഷീലി ക്ലോറിന്‍ കണ്ടുപിടിച്ചിട്ട്‌ 36 വര്‍ഷത്തിന്‌ ശേഷമായിരുന്നു എന്നുമാത്രം! (കടപ്പാട്‌: A Short History of Nearly Everything, by Bill Bryson, Science: A Histoy 1543-2001, by John Gribbin, Wikipedia)

Sunday, December 17, 2006

ഐപ്പോഡ്‌ ബധിരത വരുത്തും

ഐപ്പോഡിന്‌ തുല്യം ഐപ്പോഡ്‌ മാത്രം. പക്ഷേ, നമ്മുടെ ചെവിക്കു തുല്യം ചെവി മാത്രം എന്ന കാര്യം കൂടി ഓര്‍ക്കുക. ഉയര്‍ന്ന ശബ്ദത്തില്‍ തുടര്‍ച്ചയായി എം.പി-3 പ്ലേയറുകള്‍ ഉപയോഗിക്കുന്നത്‌ അപകടമാണെന്ന്‌ ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു

'ഐപ്പോഡ്‌ ' പോലുള്ള എം.പി-3 പ്ലെയറുകള്‍ ചെവിയില്‍ നിന്നെടുക്കാന്‍ മടിക്കുന്ന പുത്തന്‍ തലമുറ സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത്‌ അകാലബധിരതയും കേഴ്‌വിക്കുറവുമാണ്‌. ഇത്തരം പ്ലെയറുകള്‍ പരമാവധി ശബ്ദത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്ക്‌, അവരുടെ മാതാപിതാക്കളെ അപേക്ഷിച്ച്‌ 30 വര്‍ഷം മുമ്പേ ബധിരത ബാധിക്കാമത്രേ. മ്യൂസിക്‌ പ്ലെയറുകള്‍ മാത്രമല്ല, മൊബെയില്‍ ഫോണ്‍ ഇയര്‍ഫോണുകള്‍ വഴി വലിയ ശബ്ദത്തില്‍ തുടര്‍ച്ചയായി ശ്രവിക്കുന്നതും ഇതേ പ്രശ്നമുണ്ടാക്കാം.

ബ്രിട്ടനില്‍ 'ഡിഫന്‍സ്‌ റിസര്‍ച്ച്‌ യു.കെ' യെന്ന സ്ഥാപനം നടത്തിയ പഠനമാണ്‌ ആശങ്കയുളവാക്കുന്ന ഈ വിവരം പുറത്തുകൊണ്ടുവന്നത്‌. പേഴ്സണല്‍ മ്യൂസിക്‌ പ്ലെയറുകള്‍ ഉപയോഗിക്കുന്ന കൗമാരക്കാരും ചെറുപ്പക്കാരും അതുണ്ടാക്കുന്ന അപകടത്തെപ്പറ്റി ബോധവാന്‍മാരല്ലെന്നും പഠനം പറയുന്നു. എം.പി.3 പ്ലെയറുകള്‍ ഉപയോഗിക്കുന്നവരില്‍ 68 ശതമാനവും, കേഴ്‌വിക്ക്‌ കുഴപ്പമുണ്ടാക്കുന്നത്ര ഉയര്‍ന്ന ശബ്ദത്തിലാണ്‌ അത്‌ ശ്രവിക്കുന്നതെന്നാണ്‌ ബ്രിട്ടനില്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കിയത്‌.

ആരോഗ്യവിദഗ്ധരുടെ കണക്കനുസരിച്ച്‌, 105 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കാനിടയായാല്‍ ശ്രവണശേഷിക്ക്‌ സ്ഥിരമായി തകരാര്‍ സംഭവിക്കാം. എന്നാല്‍, മിക്ക എം.പി.3 പ്ലെയറുകളുടെയും പരമാവധി ശബ്ദം 120 ഡെസിബെലാണ്‌. ഒരു ആമ്പുലന്‍സ്‌ സൈറന്റെ ശബ്ദത്തിന്‌, അല്ലെങ്കില്‍ ജെറ്റ്‌ വിമാനം പറന്നു പൊങ്ങുന്ന ശബ്ധത്തിന്‌ തുല്ല്യമാണിത്‌. കഴിഞ്ഞ തലമുറയില്‍ പെട്ടവരെ ബധിരത പിടികൂടിയിരുന്നത്‌ അവരുടെ അറുപതുകളിലോ എഴുപതുകളിലോ ആണെങ്കില്‍, ഇപ്പോഴത്തെ തലമുറ നാല്‍പതുകളില്‍ തന്നെ ബധിരതയ്ക്ക്‌ അടിപ്പെടാമെന്ന്‌ പഠനം മുന്നറിയിപ്പു നല്‍കുന്നു.

കാതുകളിലെ 'ഹെയര്‍ കോശങ്ങള്‍' ആണ്‌ ശബ്ദം പിടിച്ചെടുക്കാനും വിശകലനം ചെയ്യാനും സഹായിക്കുന്നത്‌. പ്രായം കൂടുമ്പോള്‍ ഈ കോശങ്ങള്‍ സ്വാഭാവികമായും നശിക്കും. പക്ഷേ, ഉയര്‍ന്ന ശബ്ദങ്ങള്‍ ഈ കോശങ്ങളുടെ നാശം വേഗത്തിലാക്കും. ഫലമോ അകാല ബധിരത. ഇതൊഴിവാക്കാന്‍, 60 ശതമാനം വോള്യത്തിലേ മ്യൂസിക്‌ പ്ലെയറുകള്‍ ശ്രവിക്കാവൂ എന്ന്‌ വിദഗ്ധര്‍ പറയുന്നു(കടപ്പാട്‌: മാതൃഭൂമി).

Monday, December 11, 2006

ഒരു മൂങ്ങയും ഒടിഞ്ഞകാലും

കാലൊടിഞ്ഞ ഒരു മൂങ്ങ വാര്‍ത്തയായ കഥ. ഒപ്പം ആ മൂങ്ങാലേഖനവും

കാലൊടിഞ്ഞ മൂങ്ങ-ഒപ്പമുള്ളത്‌ ഡോ.അബ്ദുള്‍ ഗഫൂര്‍

2005 ഫിബ്രവരിയിലാണ്‌ ഒരു പ്രകൃതിപഠനക്യാമ്പിന്‌ തേക്കടയിലെത്തിയത്‌; കോഴിക്കോട്‌ പ്രസ്ക്ലബ്ബിന്‌ കീഴിലെ 'ഇന്‍സ്റ്റ്ട്ട്യൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേര്‍ണലിസ'(ICJ)ത്തിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം. മൂന്നുദിവസത്തെ ക്യാമ്പ്‌. അതിനൊപ്പം ട്രക്കിങ്ങും ബോട്ടിങ്ങും. കുമിളിയിലെ വനശ്രീ ഓഡിറ്റോറിയത്തിലാണ്‌ ക്ലാസുകള്‍. അതിന്‌ തൊട്ടടുത്ത്‌ മുളങ്കാടുകള്‍ക്കു നടുവിലെ ഡോര്‍മിട്രിയില്‍ താമസം. തേക്കടിയിലെ ഇക്കോടൂറിസം ഓഫീസര്‍ സി.എ.അബ്ദുള്‍ ബഷീര്‍ മേറ്റ്ല്ലാ പരിപാടികള്‍ക്കും തത്ക്കാലം വിടനല്‍കി ഞങ്ങള്‍ക്കൊപ്പമുണ്ട്‌.

വനശ്രീ ഓഡിറ്റോറിയത്തിലെ സ്റ്റേജിനു ചുവടെയുള്ള സ്ഥലത്താണ്‌ ക്ലാസുകള്‍. ആദ്യദിവസം വൈകുന്നേരം മുഖവുര ക്ലാസ്‌. അതീവരുചികരമായ കഞ്ഞിയും ചമ്മന്തിയും പയറു തോരനും. രണ്ടാമത്തെ ദിവസം അതിരാവിലെ ട്രക്കിങ്‌ നിശ്ചയിച്ചിരുന്നു. രണ്ട്‌ ഗൈഡുകള്‍ ഞങ്ങളെ കാട്ടില്‍ കൊണ്ടുപോയി. മൂടല്‍മഞ്ഞിന്റെ പുലരിയായിരുന്നു അത്‌. മരങ്ങള്‍ക്കെല്ലാം മഞ്ഞിന്റെ ആത്മാവ്‌. ഒരുകൂട്ടം ആനകള്‍ ദര്‍ശനം നല്‍കി. അപര്‍ണ, സൂര്യഗോപന്‍ എന്നിങ്ങനെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍ സൂം ചെയ്തും അല്ലാതെയും ആനകളുടെ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. ആനകള്‍ അതിനനുസരിച്ച്‌ തിരിഞ്ഞും മറിഞ്ഞും തുമ്പിക്കൈ ഉയര്‍ത്തിയുമൊക്കെ പോസുചെയ്തു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓട്ടോഫോക്കസ്‌ ക്യാമറയാണ്‌ കൈയിലുള്ളതെന്നു പോലും മറന്ന്‌ ചിലര്‍, ആകാശത്തോളം ഉയരമുള്ള വൃക്ഷത്തിന്റെ ഉച്ചിയില്‍ പ്രത്യക്ഷപ്പെട്ട മലയണ്ണാന്റെ സമീപദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു. മറ്റു ചിലര്‍ മൂക്കിലെത്തുന്ന ആനച്ചൂര്‌ ഭീതയോടെ ജീവിതത്തിലാദ്യമായി തിരിച്ചറിഞ്ഞു.

ഒരാഴ്ചയായി നൈറ്റ്ഡ്യൂട്ടിയിലായിരുന്ന എനിക്ക്‌, കോഴിക്കോട്‌ നിന്ന്‌ തേക്കടി വരെയുള്ള യാത്രയുടെയും ഉറക്കമിളപ്പിന്റെയും ക്ഷീണം ബാക്കിയായിരുന്നു. ട്രക്കിങ്‌ കഴിഞ്ഞു വന്ന്‌ ഭക്ഷണം കഴിഞ്ഞുള്ള ആദ്യക്ലാസില്‍ ഞാന്‍ മുങ്ങി. രണ്ടുമണിക്കൂര്‍ ഉറങ്ങിയെണീക്കുമ്പോള്‍, രാവിലത്തെ സെഷന്റെ ഇടവേളയാണ്‌. ചായ കുടിക്കുന്നതിനിടെ, നിഷാദ്‌ എന്റെയടുത്തെത്തി ചോദിച്ചു;'ആ സ്റ്റേജിലൊരു കാര്‍ബോര്‍ഡ്പെട്ടി കണ്ടില്ലേ'. ഞാന്‍ നോക്കി. ശരിയാണ്‌, ഒരു പെട്ടി. 'അതിലൊരു മൂങ്ങയുണ്ട്‌', നിഷാദ്‌ അറിയിച്ചു. പെട്ടിക്കുള്ളില്‍ അതിന്‌ ശ്വാസം മുട്ടില്ലേ എന്നാണ്‌ ആദ്യം എനിക്കുണ്ടായ സംശയം. പെട്ടിയിലുള്ളത്‌ കാലൊടിഞ്ഞ മൂങ്ങയാണെന്നും രാവിലെ ഒരാള്‍ വന്ന്‌ അതിന്‌ തീറ്റ കൊടുക്കുന്നതു കണ്ടെന്നുമൊക്ക പറഞ്ഞ്‌ എന്നെ ആകര്‍ഷിക്കാന്‍ നിഷാദ്‌ ശ്രമിച്ചെങ്കിലും, എനിക്കത്ര താത്പര്യം തോന്നിയില്ല. 'ശരി, അവര്‍ വളര്‍ത്തട്ടെ', എന്നു പറഞ്ഞ്‌ ഞാന്‍ തടിതപ്പി. പിന്നീടാണ്‌ ഓര്‍ത്തത്‌ എന്നെപ്പോലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ പകല്‍ ഉറങ്ങുന്ന വര്‍ഗ്ഗമാണല്ലോ മൂങ്ങകളും എന്ന്‌. പെട്ടിക്കുള്ളില്‍ അവന്‍ ഒടിഞ്ഞകാലുമായി ഉറക്കമായിരിക്കും!

ഉച്ചയ്ക്ക്‌ ഊണിന്റെ വേളയില്‍ നിഷാദ്‌ വീണ്ടും പിടികൂടി. 'മൂങ്ങയ്ക്ക്‌ ഇറച്ചികഷണങ്ങളാണ്‌ തിന്നാന്‍ കൊടുക്കുന്നത്‌' അവന്‍ പറഞ്ഞു. നിഷാദെന്താ മൂങ്ങായുടെ അംബാസഡറോ, ഞാന്‍ മനസിലോര്‍ത്തു. അതോ കഴിഞ്ഞ ജന്‍മത്തില്‍ ഇവന്‍ മൂങ്ങയായിരുന്നോ? സംശയം ബലപ്പെട്ടു. 'രാവിലെ ഒരു ഡോക്ടര്‍ വന്ന്‌ ആ മൂങ്ങയെ സ്റ്റേജില്‍ നടത്തിച്ചു. ചികിത്സയുടെ ഭാഗമാണത്രേ'-നിഷാദ്‌ തുടര്‍ന്നു. കൊള്ളാമല്ലോ, ഞാന്‍ മനസിലോര്‍ത്തു. മൂങ്ങകള്‍ക്കും ഫിസിയോതെറാപ്പി, കാലം പോണ പോക്കേ. 'കാലൊടിഞ്ഞ മൂങ്ങയെ ഒരാള്‍ തെരുവില്‍ നിന്നു വിലക്കു വാങ്ങി ഇവിടെ ഏല്‍പ്പിച്ചതാണത്രേ'-നിഷാദ്‌ വിടാന്‍ ഭാവമില്ല. ക്ലാസ്‌ തുടങ്ങാന്‍ സമയമായതുകൊണ്ട്‌ തത്ക്കാലം അവന്‍ അവസാനിപ്പിച്ചു. നാലുമണിക്ക്‌ ചായയ്ക്കു പിരിഞ്ഞപ്പോള്‍ നിഷാദ്‌ വീണ്ടുമെത്തി. 'മൂങ്ങയെ കാല്‌ തല്ലിയൊടിച്ച്‌ ഒരാള്‍ വില്‍ക്കാന്‍ കൊണ്ടുനടന്നതാണ്‌. ഒരു സായ്‌വാണ്‌ അതിനെ വാങ്ങിയേല്‍പ്പിച്ചതെന്ന്‌ ആ ഡോക്ടര്‍ പറഞ്ഞു. ഡോക്ടറോട്‌ ചോദിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും' ഇത്രയുമായപ്പോള്‍ എനിക്ക്‌ മനസിലായി, ഇതിലൊരു വാര്‍ത്തയുണ്ട്‌, ഞാന്‍ ആ മൂങ്ങയെപ്പറ്റി എന്തെങ്കിലും എഴുതണം എന്ന്‌ നിഷാദ്‌ ആത്മാര്‍ത്ഥമായി കരുതുന്നു.

'ഇടയ്ക്കിടെ സായ്‌വ്‌ വിദേശത്തു നിന്ന്‌ വിളിച്ചുചോദിക്കുമത്രേ, മൂങ്ങയ്ക്ക്‌ സുഖമായോ എന്ന്‌'നിഷാദ്‌ പറഞ്ഞു. ശരിക്കും നടുക്കമുളവാക്കുന്നതായിരുന്നു ആ വിവരം. കാലൊടിഞ്ഞ മൂങ്ങയുടെ വിവരം
വിദേശത്തുനിന്ന്‌ ഒരു സായ്‌വ്‌ വിളിച്ചു ചോദിക്കുക! തകര്‍പ്പനല്ലേ. അതുവരെ നിഷാദിന്‌ പറയാനുള്ളത്‌ മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാത്തതിന്‌ ഞാന്‍ സ്വയം ശാസിച്ചു. പെട്ടന്ന്‌ അനാകര്‍ഷകമായ വെറുമൊരു മൂങ്ങ എന്ന നിലയില്‍ നിന്ന്‌ ആ സംഭവത്തിന്‌ മോചനമായി. 'ആ ഡോക്ടറെ എങ്ങനെ ബന്ധപ്പെടാന്‍ കഴിയും'-ഞ്ഞാന്‍ ചോദിച്ചു. അക്കാര്യം നിഷാദിനും അറിയാമായിരുന്നില്ല. 'ഇക്കോടൂറിസം ഓഫീസര്‍ അബ്ദുള്‍ ബഷീര്‍ സാറിന്‌ അറിയാമായിരിക്കും'-നിഷാദ്‌ പറഞ്ഞു.

മൂങ്ങയെപ്പറ്റി ചോദിച്ചപ്പോള്‍ ബഷീര്‍ സാറിനും അത്ര താത്പര്യം തോന്നിയില്ല.
അതിനെ ചികിത്സിക്കുന്ന ഡോക്ടറെപ്പറ്റി പക്ഷേ, അദ്ദേഹം വാചാലനായി. വളരെ വര്‍ണാഭമായ വിവരണം തന്നെ നല്‍കി. 'ഡോ. അബ്ദുള്‍ ഗഫൂര്‍ തേക്കടി വന്യജീവിസങ്കേതത്തിലെ വൈല്‍ഡ്ലൈഫ്‌ വെറ്റിനറി സര്‍ജനാണ്‌. വനത്തിലാണ്‌ ജോലിയെങ്കിലും അയാളുടെ മനസ്‌ കടലിലാണ്‌. ചോറിങ്ങും കൂറങ്ങും'ബഷീര്‍ പറഞ്ഞു. ലക്ഷദ്വീപുകാരനാണ്‌ ഡോ.ഗഫൂര്‍. കടല്‍പക്ഷികളാണ്‌ ഇഷ്ടഗവേഷണ വിഷയം. അറബിക്കടലില്‍ ചില ദ്വീപുകളിലെ പാറക്കൂട്ടങ്ങള്‍ക്കരികില്‍, കടല്‍പക്ഷികള്‍ മുട്ടയിടുന്നത്‌ നിരീക്ഷിക്കാന്‍ മണിക്കൂറുകളോളം കഴുത്തറ്റം വെള്ളത്തില്‍ കിടക്കുന്നതാണ്‌ ഡോക്ടറുടെ മുഖ്യവിനോദമത്രേ! അങ്ങനെ അദ്ദേഹവും ശരിക്കൊരു കടല്‍ജീവിയായി പരിണമിക്കുന്ന ഘട്ടത്തില്‍ ദൈവം സഹായിച്ച്‌ ഇവിടെ പണികിട്ടിയതാണ്‌. അല്ലെങ്കില്‍ അടുത്ത മനുഷ്യപരിണാമം അറബിക്കടലില്‍ സംഭവിക്കുമായിരുന്നു-ബഷീര്‍ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയും വ്യാഖ്യാനിക്കാം. ഡോക്ടറെ കാണണം, മൂങ്ങയെപ്പറ്റി അറിയാനാണ്‌ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ രാത്രി ഇവിടെ വരാന്‍ ഏര്‍പ്പാടാക്കാം എന്ന്‌ ബഷീര്‍ ഉറപ്പുനല്‍കി.

അങ്ങനെ (നിഷാദ്‌ പുറകെ നടന്നിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാത്ത ഞാന്‍) മൂങ്ങയുടെ നിജസ്ഥിതിയറിയാന്‍ ആ രാത്രിയില്‍ ഡോ.ഗഫൂര്‍ വരുന്നതും കാത്ത്‌ ഉറങ്ങാതിരുന്നു. പത്തര കഴിഞ്ഞു അദ്ദേഹം എത്തുമ്പോള്‍. പൊക്കംകുറഞ്ഞ്‌ താടിയുള്ള ഒരു യുവാവ്‌. തമിഴ്‌നാട്ടില്‍ നിന്ന്‌ കേരളത്തിലേക്ക്‌ അറവുമാടുകളെത്തുന്ന മുഖ്യമര്‍ഗ്ഗങ്ങളിലൊന്ന്‌ കുമിളിയാണ്‌. അതുവഴി കുളമ്പുരോഗം കേരളത്തില്‍ എത്താന്‍ സാധ്യത കൂടുതലാണ്‌. പെരിയാര്‍ വന്യജീവിസങ്കേതത്തിലേക്ക്‌ രോഗം പകരാതിരിക്കാന്‍ നാട്ടുകാരെ ബോധവത്ക്കരിക്കാന്‍ പോയതാണ്‌; അതാണ്‌ വൈകിയതെന്ന്‌ ഡോ.ഗഫൂര്‍ അറിയിച്ചു. ആ തണുത്ത രാത്രിയില്‍, യാത്രയുടെ ക്ഷീണത്തില്‍ എല്ലാവരും ഉറങ്ങിത്തുടങ്ങിയ സമയത്ത്‌, ഡോ. ഗഫൂര്‍ എന്നോട്‌ മൂങ്ങയുടെ കഥ പങ്കുവെച്ചു. ആ കഥ 2005 മാര്‍ച്ച്‌ 13-ന്‌ 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ ഫീച്ചറായി പ്രത്യക്ഷപ്പെട്ടു. അത്‌ ചുവടെ.

മൂങ്ങേ സായ്‌വ്‌ വിളിക്കുന്നു

ടതുകാലൊടിഞ്ഞ ഒരു വെള്ളിമൂങ്ങയാണ്‌ ഈ സംഭവകഥയിലെ നായകന്‍. ഉപനായകര്‍ ഗ്രീക്കുകാരായ ഒരു സായ്‌വും മദാമ്മയും; കൊച്ചിയില്‍ വിനോദ സഞ്ചാരത്തിനെത്തിയവര്‍. തേക്കടിയില്‍ വനംവകുപ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ.അബ്ദുള്‍ ഗഫൂര്‍, തേക്കടിയിലെ തന്നെ വനഗവേഷണ കേന്ദ്രത്തില്‍ വാച്ചറായ കെ. ആര്‍. ശേഖരന്‍ എന്നിവരും ഇതിലെ കഥാപാത്രങ്ങളാണ്‌. ഫിബ്രവരിയില്‍ കാലം തെറ്റിയെത്തിയ കൊടും ചൂടില്‍ അമര്‍ന്നു കിടക്കുന്ന കൊച്ചി തെരുവില്‍ നിന്ന്‌ കഥയുടെ ആരംഭം.

അജ്ഞാതനായ ഒരാള്‍ വില്‍ക്കാന്‍ കൊണ്ടുനടന്ന മൂങ്ങയില്‍, ഗ്രീക്ക്‌ സ്വദേശികളായ കരാബിനിയോസിനും ഭാര്യ അലക്സിയോസിനും തോന്നിയ സഹതാപം കലര്‍ന്ന കൗതുകം, അതിനെ 400 രൂപാ നല്‍കി വാങ്ങാന്‍ അവരെ പ്രേരിപ്പിച്ചതൊടെയാണ്‌ തുടക്കം. മൂങ്ങയെ വാങ്ങി മോചിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കാശും വാങ്ങി കച്ചവടക്കാരന്‍ സ്ഥലം വിട്ടപ്പോഴാണ്‌ പക്ഷേ, മൂങ്ങയുടെ ഇടതുകാല്‍ ഒടിഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്‌. സായ്‌വും മദാമ്മയും ധര്‍മ്മസങ്കടത്തിലായി. ഒടിഞ്ഞ കാലുമായി ഈ പാവത്തെ എങ്ങനെ പറപ്പിച്ചു വിടും. വീണ്ടും ആരുടെയെങ്കിലും കൈയില്‍ പെടില്ലേ. വികലാംഗനായ ഈ മൂങ്ങയെയും കൊണ്ട്‌ വിനോദ സഞ്ചാരികളായ തങ്ങള്‍ എന്തുചെയ്യും ?

ഒടുവില്‍ ഇരുവരും മൂങ്ങയെ മൃഗസംരക്ഷണ വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫീസിലെത്തിച്ചു. മൂങ്ങയെ ചികിത്സിച്ച്‌ ഭേദമാക്കി വിട്ടയയ്ക്കും എന്ന കാര്യത്തില്‍ ഉറപ്പുകിട്ടണം എന്ന്‌ സായ്‌വും മദാമ്മയും വാശിപിടിച്ചതോടെ, മൃഗസംരക്ഷണവകുപ്പ്‌ ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി. മൃഗസംരക്ഷണ വകുപ്പിന്റെ ഓഫീസാണ്‌, അല്ലാതെ ഇത്‌ പക്ഷി സംരക്ഷണ വകുപ്പോ, മൂങ്ങാ സംരക്ഷണ വകുപ്പോ അല്ലെന്ന്‌ സായ്‌വിനെയും മദാമ്മയെയും പറഞ്ഞു മനസിലാക്കാന്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകണം. തങ്ങള്‍ നാളെ വരും, അപ്പോഴേയ്ക്കും തീരുമാനമുണ്ടാകണം എന്ന്‌ ഭീഷണി മുഴക്കി സായ്‌വും മദാമ്മയും സ്ഥലം വിട്ടു.

എന്തിനും ഒരു പരിഹാരം വേണമല്ലോ. മൃഗസംരക്ഷണ വകുപ്പിലെ ഒരാള്‍ക്ക്‌ ഭാഗ്യവശാല്‍ തന്റെ സുഹൃത്തും തേക്കടിയില്‍ വനംവകുപ്പിലെ വെറ്റിനറി സര്‍ജനുമായ ഡോ. അബ്ദുള്‍ ഗഫൂറിനെ ഓര്‍മ്മ വന്നു. ലക്ഷദ്വീപ്‌ സ്വദേശിയായ ഡോ.ഗഫൂറിന്റെ ഇഷ്ട വിഷയം കടല്‍ പക്ഷികളാണെങ്കിലും, ഇത്തരം കേസുകളിലും താത്പര്യമുള്ളയാളാണ്‌ അദ്ദേഹം. താമസിച്ചില്ല, ഡോ.ഗഫൂറിന്റെ സെല്‍ഫോണില്‍ സന്ദേശമെത്തി; കാലൊടിഞ്ഞ ഒരു മൂങ്ങയെ രക്ഷിക്കണം, ഒപ്പം ഞങ്ങളേയും! അദ്ദേഹം പ്രശ്നം ഏറ്റു. പിറ്റേന്ന്‌ മൃഗസംരക്ഷണ വകുപ്പിന്റെ ഓഫീസിലെത്തിയ സായ്‌വിനെയും മദാമ്മയെയും ഡോ. ഗഫൂറിന്റെ ഫോണ്‍ നമ്പര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.

അടുത്തദിവസം ഡോ.ഗഫൂര്‍ എറണാകുളത്തെത്തി, നഗരവാസിയായ ആ വെള്ളിമൂങ്ങയെ ഒരു കാര്‍ഡ്ബോര്‍ഡ്‌ പെട്ടിയിലാക്കി ബസ്‌ മാര്‍ഗ്ഗം തേക്കടിയിലെത്തിച്ചു ചികിത്സ തുടങ്ങി. ഒടിഞ്ഞ കാലില്‍ പ്ലാസ്റ്ററിടുമ്പോള്‍ പലരും ഡോക്ടറോട്‌ ചോദിച്ചു, "എന്തിനാ സാറേ ഇത്ര കഷ്ടപ്പെടുന്നത്‌, ആ കാലങ്ങു വെട്ടി വിട്ടാല്‍ പോരേ?" ലളിതമായ പരിഹാരമാര്‍ഗ്ഗം. പക്ഷേ, "തനിക്കതിന്‌ മനസു വന്നില്ലെ"ന്ന്‌ ഡോ. ഗഫൂര്‍ സമ്മതിക്കുന്നു. (കാലൊടിഞ്ഞ്‌ ദിവസങ്ങള്‍ കഴിഞ്ഞാണ്‌ പ്ലാസ്റ്ററിട്ടത്‌. അതുകൊണ്ട്‌ മുറിവു ഭേദമാകുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നു എന്നത്‌ വേറെ കാര്യം.) ഒരു കടുവയോ പുലിയോ ആണ്‌ കാലൊടിഞ്ഞ നിലയില്‍ കിട്ടുന്നതെങ്കില്‍ നമ്മളതിന്റെ കാല്‌ വെട്ടുമോ എന്നാണ്‌ ഡോ.ഗഫൂര്‍ ചോദിക്കുന്നത്‌. "ഇതൊരു വെറും പക്ഷിയല്ലേ, നമ്മുക്കിതിന്റെ കാല്‌ തല്ലിയൊടിച്ച്‌ തെരുവില്‍ വില്‍ക്കാം, വിലയ്ക്കു വാങ്ങി കൂട്ടിലടയ്ക്കാം, അല്ലെങ്കില്‍ ഒടിഞ്ഞ കാല്‌ വെട്ടി എന്നന്നേക്കുമായി അംഗവിഹീനനാക്കി വിട്ടയയ്ക്കാം-ഇതാണ്‌ നമ്മുടെ മനോഭാവം."

മൂങ്ങയെ തേക്കടിയിലെത്തിച്ചതിന്റെ രണ്ടാം ദിവസം വൈകുന്നേരം ഡോ.ഗഫൂറിന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. ഗ്രീസില്‍ നിന്നുള്ള വിളിയാണ്‌! "മൂങ്ങ എന്തു ചെയ്യുന്നു. ആരോഗ്യസ്ഥിതി എങ്ങനെ. സുഖം പ്രാപിച്ചു തുടങ്ങിയോ. എന്താണ്‌ തിന്നാന്‍ കൊടുത്തത്‌. സുഖമായാല്‍ അവന്‍ പറന്നു പൊയ്ക്കൊള്ളില്ലേ?" എല്ലാ ചോദ്യങ്ങള്‍ക്കും ഡോ.ഗഫൂര്‍ ക്ഷമാപൂര്‍വ്വം മറുപടി കൊടുത്തു: "മൂങ്ങയുടെ കാലില്‍ പ്ലാസ്റ്ററിട്ടുകഴിഞ്ഞു. ദിവസവും നടത്തി പരിശീലിപ്പിക്കുന്നുണ്ട്‌. ഇറച്ചിയും വെള്ളവുമാണ്‌ അവന്‌ ഇഷ്ടം. ശേഖരന്‍ എന്നൊരാളാണ്‌ മൂങ്ങയുടെ ലോക്കല്‍ ഗാര്‍ഡിയന്‍". ഡോക്ടറുടെ വിശദീകരണം കഴിഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്ന്‌ മറുപടി വന്നു, "ശരി പിന്നീട്‌ വിളിക്കാം". അങ്ങനെ, കേരളത്തില്‍ ആദ്യമായി 'ചോദിക്കാനും പറയാനും ആളുള്ള' ഒരു മൂങ്ങായുണ്ടായി!

മൂങ്ങയുടെ 'ലോക്കല്‍ ഗാര്‍ഡിയന്‍' ശേഖരനാണെന്ന്‌ പറഞ്ഞത്‌ അതിശയോക്തിയല്ല. മൂങ്ങകളെ മാത്രമല്ല പ്രപഞ്ചത്തിലെ സര്‍വ്വ പക്ഷികളെയും സ്നേഹിക്കുന്ന വ്യക്തിയാണ്‌, തേക്കടിയില്‍ 16 വര്‍ഷമായി വനംവകുപ്പിന്റെ വാച്ചറായി ജോലിനോക്കുന്ന ശേഖരന്‍. ഇപ്പോള്‍ വനഗവേഷണ വിഭാഗത്തിലുള്ള ശേഖരന്‍, 60 ഇനം പക്ഷികളെ തിരിച്ചറിയാന്‍ തനിക്ക്‌ കഴിയുമെന്നു പറയുമ്പോള്‍ അത്‌ അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, ഇതു മാത്രമല്ല നമ്മുടെ നായകന്റെ സംരക്ഷണ-ശുശ്രൂഷ ചുമതല ശേഖരനെ ഏല്‍പ്പിക്കാന്‍ ഡോ. ഗഫൂറിനെ പ്രേരിപ്പിച്ച ഘടകം. മൂങ്ങകള്‍ വേഗം ഇണങ്ങുന്ന വര്‍ഗ്ഗമാണ്‌. സ്ഥിരമായി ഒരാഴ്ച ഒരിടത്തു കഴിഞ്ഞാല്‍, പിന്നെയത്‌ ആ പരിസരം വിട്ടു പോകില്ല. അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു നിന്നുകളയും. വീണ്ടും ആരുടെയെങ്കിലും കൈയില്‍ പെടും. കാലൊടിഞ്ഞവനാണെങ്കിലും, മൂങ്ങയെ ഒരിടത്ത്‌ 'അഡ്മിറ്റ്‌' ചെയ്ത്‌ ചികിത്സിക്കുന്നത്‌ 'റിസ്ക്കാ'ണെന്നു സാരം! ചികിത്സ കഴിഞ്ഞ്‌ അവനെ പറപ്പിച്ചു വിട്ടില്ലെങ്കില്‍ ഗ്രീസില്‍ നിന്ന്‌ ആള്‌ പറന്നു വരും, സമാധാനം ചോദിക്കാന്‍.

മൂങ്ങയുടെ ചികിത്സ തുടരണം; എന്നാല്‍, അവന്‍ ഇണങ്ങാന്‍ പാടില്ല. ശരിക്കും കുടുക്കു തന്നെ. ഈ വൈതരണി കടക്കാന്‍ ഡോ. ഗഫൂര്‍ കണ്ടെത്തിയ മരുന്നാണ്‌ ശേഖരന്‍. മൂങ്ങയ്ക്ക്‌ വെള്ളവും ഇറച്ചിയും സമയത്ത്‌ കൊടുത്താല്‍ മാത്രം പോരാ, ശേഖരന്‍ എവിടെ പോകുന്നോ അവിടെയൊക്കെ മൂങ്ങയേയും കൊണ്ടു പൊയ്ക്കൊള്ളണം. ശേഖരന്‌ ഒരു ദിവസം കുമിളിയിലെ വനശ്രീയിലാണ്‌ ഡ്യൂട്ടിയെങ്കില്‍, രാവിലെ അവിടെയെത്തുമ്പോള്‍ കൈയില്‍ സാമാന്യം വലിയൊരു കാര്‍ഡ്ബോര്‍ഡ്‌ പെട്ടിയുമുണ്ടാകും; അതിനുള്ളില്‍ (നേരം വെളുത്തതിനാല്‍) മൂങ്ങ ഉറക്കം പിടിച്ചിട്ടുണ്ടാകും. വനശ്രീ ഓഡിറ്റോറിയത്തിലെ സ്റ്റേജിന്റെ മൂലയ്ക്ക്‌ മൂങ്ങയെ പെട്ടിക്കുള്ളില്‍ ഉറങ്ങാന്‍ വിട്ട്‌ ശേഖരന്‍ തന്റെ തിരക്കുകളില്‍ മുഴുകും. ഇടയ്ക്ക്‌ ഡോ.ഗഫൂറെത്തിയാല്‍, മൂങ്ങയെ എഴുന്നേല്‍പ്പിച്ച്‌ കുറച്ചു നേരം നടത്തി പരിശീലിപ്പിക്കും.

പിറ്റേന്ന്‌ ശേഖരന്‌ തേക്കടിയിലെ രാജീവ്‌ ഗാന്ധി മ്യൂസിയത്തിലാകും ഡ്യൂട്ടി; അവിടെ സ്ഥാപിക്കുന്ന ആനയുടെ അസ്ഥികൂടം കൂട്ടിയോജിപ്പിക്കുന്ന പണി. അവിടെയെത്തുമ്പോഴും ശേഖരനൊപ്പം മൂങ്ങായുമുണ്ടാകും. വൈകുന്നേരം മടങ്ങുമ്പോള്‍ ശേഖരന്‍ 'മൂങ്ങാപ്പെട്ടി ' കൈയിലെടുക്കും. ആ സമയത്ത്‌ ഡോ.ഗഫൂര്‍ ഒട്ടൊരു ഉത്ക്കണ്ഠയോടെ ഗ്രീസില്‍ നിന്നുള്ള ഫോണ്‍ കോളിന്‌ മറുപടി പറയാന്‍ തയ്യാറെടുക്കുകയായിരിക്കും.

'ടിറ്റോ ആല്‍ബ' (Tito alba) എന്നാണ്‌ വെള്ളിമൂങ്ങയുടെ ശാസ്ത്രീയ നാമം. 'ബാണ്‍ ഓള്‍' (Barn Owl) എന്ന്‌ ഇംഗ്ലീഷില്‍ വിളിക്കുന്ന ഈ പക്ഷിയെ ചികിത്സിച്ചു ഭേദമാക്കിയതു കൊണ്ട്‌ ആര്‍ക്കാണ്‌ പ്രയോജനം എന്നു ചോദിച്ചാല്‍, "നമുക്കു തന്നെ" എന്നാവും ഡോ.ഗഫൂര്‍ നല്‍കുന്ന മറുപടി. വെറുതെ പറയുകയല്ല, അതിന്‌ കാരണമുണ്ട്‌. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും കാണപ്പെടുന്ന, പത്തായ പക്ഷി, കളപ്പുര കൂമന്‍ എന്നൊക്കെ പേരുള്ള, വെള്ളിമൂങ്ങകള്‍ എലികളെ പിടിക്കുന്നതില്‍ അങ്ങേയറ്റം വൈദഗ്ധ്യം ഉള്ളവരാണ്‌. ഒരു വെള്ളിമൂങ്ങ ഒരു വര്‍ഷം 1300 എലികളെ പിടിക്കുമെന്നാണ്‌ ഏകദേശ കണക്ക്‌. ഒരു എലി പ്രതിവര്‍ഷം 15000 കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കും എന്ന കണക്കുകൂടി ചേര്‍ത്തു വായിച്ചാലേ, മൂങ്ങകള്‍ എത്രവലിയ സേവനമാണ്‌ നമുക്കു ചെയ്യുന്നതെന്ന്‌ വ്യക്തമാകൂ. എത്രവലിയ എലിയായാലും മൂങ്ങയുടെ കൈയില്‍ നിന്ന്‌ രക്ഷപ്പെടാനാകില്ല. അതുകൊണ്ടാണ്‌, ഇന്ദുചൂഢന്‍ 'കേരളത്തിലെ പക്ഷികള്‍' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍, എലികളുടെ ശത്രു പൂച്ചകളാണെന്ന പഴങ്കഥ തിരുത്തി, പൂച്ചകളുടെ സ്ഥാനം മൂങ്ങക്കും ചേരയ്ക്കും നല്‍കണമെന്ന്‌ എഴുതി വെച്ചത്‌.

പകല്‍ കണ്ണു കാണാത്ത വെള്ളിമൂങ്ങകള്‍ രാത്രിയാണ്‌ വേട്ടയ്ക്കിറങ്ങുക. "സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത്‌, ഈ പക്ഷികളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കാന്‍ ഒരു പദ്ധതി നടപ്പാക്കണം" എന്ന്‌ ഡോ.ഗഫൂര്‍ പറയുന്നു. "എലികളെ നശിപ്പിക്കാന്‍ ഇതിലും നല്ല ഒരു ജൈവ നിയന്ത്രണമാര്‍ഗ്ഗം കാണില്ല." എന്നാല്‍ നമ്മളെന്താണ്‌ ചെയ്യുന്നത്‌. മൂങ്ങകളുടെ കാല്‌ തല്ലിയൊടിച്ച്‌ കൂട്ടിലിട്ടു വളര്‍ത്തുന്നു. ഭൂമിയുടെ ഏതോ വിദൂരകോണില്‍ നിന്ന്‌ നാടുകാണാനെത്തിയ ആ ദമ്പതിമാര്‍ക്കു തോന്നിയ അനുകമ്പ നമ്മുടെ മനസില്‍ എന്നാണ്‌ ഉടലെടുക്കുക.

പിന്‍കുറിപ്പ്‌:-

ഫീച്ചറിലെ നായകനായ മൂങ്ങയുടെ കാലിന്‌ കുറച്ചു വൈകല്യമുണ്ടായിരുന്നെങ്കിലും മുറിവുണങ്ങിയപ്പോള്‍ അതിനെ ശേഖരന്‍ കാട്ടിലേക്ക്‌ തുറന്നു വിട്ടു. ഫീച്ചര്‍ പ്രസിദ്ധീകരിച്ച സമയത്ത്‌ ഡോ.ഗഫൂര്‍ സ്ഥലത്തുണ്ടായിരുന്നില്ല, യാത്രയിലായിരുന്നു. ഒരു മാസം കഴിഞ്ഞ്‌ തിരികെയെത്തിയപ്പോള്‍, കാലൊടിഞ്ഞ മൂന്ന്‌ മൂങ്ങകളും പരിക്കുപറ്റിയ ഒരു വേഴാമ്പലും അദ്ദേഹത്തെ കാത്ത്‌ തേക്കടിയില്‍ ഉണ്ടായിരുന്നു. ഫീച്ചര്‍ വായിച്ചവര്‍ എത്തിച്ചതാണ്‌ രോഗികളെ. പരിക്കുപറ്റിയ ഇത്തരം ജീവികള്‍ക്കു വേണ്ടി ഒരു സാനിറ്റോറിയം തുടങ്ങിയാലോ എന്ന ആലോചനയിലാണ്‌ താനെന്ന്‌ ഡോ.ഗഫൂര്‍ പിന്നീടൊരിക്കല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. അദ്ദേഹത്തിനത്‌ കഴിയും എന്നാണെന്റെ വിശ്വാസം.

Sunday, December 10, 2006

ഭാവിയില്‍ മനുഷ്യവര്‍ഗ്ഗം രണ്ടാകും

പരിണാമത്തിന്റെ ഭാവി മനുഷ്യരില്‍ എന്തായിരിക്കും. പുതിയ ജീനോം പഠനങ്ങള്‍ പറയുന്നത്‌ നാലുലക്ഷം വര്‍ഷം മുമ്പ്‌ നിയാണ്ടെര്‍ത്തല്‍ മനുഷ്യരും ഇപ്പോഴത്തെ മനുഷ്യവര്‍ഗ്ഗവും വേര്‍പിരിഞ്ഞുവെന്നാണ്‌. ഭാവിയിലും ഇതാവര്‍ത്തിക്കാമത്രേ. മനുഷ്യവര്‍ഗ്ഗം രണ്ടായി മാറും

നുഷ്യപരിണാമത്തിന്റെ ഭാവി എന്തായിരിക്കും? അധികമാരും ഇക്കാര്യം ചിന്തിച്ചിരിക്കില്ല. എന്നാല്‍, ഒരു ലക്ഷം വര്‍ഷത്തിനുള്ളില്‍ മനുഷ്യന്‍ രണ്ട്‌ ഉപവര്‍ഗ്ഗങ്ങളായി പരിണമിക്കുമെന്നും, പ്രജനനരീതിയും ഭക്ഷ്യക്രമവുമായിരിക്കും പരിണാമഗതി നിശ്ചയിക്കുകയെന്നും ഒരു ബ്രിട്ടീഷ്‌ വിദഗ്ധന്‍ പ്രവചിക്കുന്നു. ആറടിയില്‍ കൂടുതല്‍ ഉയരമുള്ളവരായിരിക്കും അതില്‍ ഒരു വര്‍ഗ്ഗം. പൊക്കം കുറഞ്ഞ്‌ കുള്ളന്‍മാരെപ്പോലുള്ളവരാകും മറ്റൊരു വര്‍ഗ്ഗം.

എച്ച്‌.ജി.വെല്‍സിന്റെ 'ടൈം മെഷീനി'ലെ പ്രവചനങ്ങളെ അനുസ്മരിപ്പിക്കുന്നു ഈ വാദഗതികള്‍. ലണ്ടന്‍ സ്കൂള്‍ ഓഫ്‌ എക്കണോമിക്സിനു കീഴിലുള്ള 'സെന്റര്‍ ഫോര്‍ ഫിലോസൊഫി ഓഫ്‌ നാച്ചുറല്‍ ആന്‍ഡ്‌ സോഷ്യല്‍ സയന്‍സി'ലെ ഡോ.ഒലിവര്‍ കറിയാണ്‌ വിവാദമായേക്കാവുന്ന ഈ വാദങ്ങള്‍ മുന്നോട്ടു വെച്ചത്‌.

സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ചവച്ചു തിന്നേണ്ട ആവശ്യം കുറയും. അതിനാല്‍ കീഴ്ത്താടിയുടെ ഉപയോഗം കുറഞ്ഞ്‌ ചുരുങ്ങും. സമീപഭാവിയില്‍ തന്നെ ഇതു സംഭവിക്കും. 'നിയോട്ടണി'(neotony) എന്നറിയപ്പെടുന്ന ഈ പരിണാമപ്രതിഭാസം നായകളില്‍ നിരീക്ഷിച്ചിട്ടുണ്ട്‌. മൂവായിരാമാണ്ടില്‍ ഭൂമുഖത്തുണ്ടാവുക ആറടി ആറിഞ്ച്‌ ഉയരമുള്ള, കീഴ്ത്താടിയും കവിളുകളും ചുരുങ്ങി ശോഷിച്ച മനുഷ്യരായിരിക്കുമെന്നാണ്‌ പ്രവചനം.

മുന്തിയ ഭക്ഷണം കഴിക്കുകയും സ്വന്തം നിലവാരത്തിലുള്ളവരുമായി മാത്രം വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്ന അതിസമ്പന്ന വിഭാഗം ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ഉപവര്‍ഗ്ഗമായി പരിണമിക്കാന്‍ തുടങ്ങും. അവര്‍ക്ക്‌ ഉയര്‍ന്ന ബുദ്ധിനിലവാരവും ആറടിയിലേറെ ഉയരവും കൂടിയ ആയുസ്സും ഉണ്ടാകും.

ആവശ്യത്തിന്‌ ഭക്ഷണം കിട്ടാതെ ദാരിദ്ര്യത്തില്‍ കഴിയുന്ന വിഭാഗം മറ്റൊരു വര്‍ഗ്ഗമായി മാറും. പൊക്കം കുറഞ്ഞ്‌ ചതുരവടിവുകളുള്ള ശരീരമായിരിക്കും ആ വര്‍ഗ്ഗത്തില്‍പെട്ടവര്‍ക്കെന്ന്‌ ഡോ.കറി പറയുന്നു. അടുത്ത ഒരുലക്ഷം വര്‍ഷത്തിനുള്ളില്‍ മനുഷ്യവര്‍ഗ്ഗം ഇങ്ങനെ വേര്‍പിരിയുമത്രേ. നാലുലക്ഷം വര്‍ഷം മുമ്പാണ്‌ നിയാന്‍ഡെര്‍ത്തല്‍ മനുഷ്യനും ഇപ്പോഴത്തെ മനുഷ്യവര്‍ഗ്ഗമായ 'ഹോമോ സാപ്പിയന്‍സും' വേര്‍പിരിഞ്ഞത്‌ (കാണുക-നിയാണ്ടെര്‍ത്തല്‍ മനുഷ്യന്റെ ജനിതകരഹസ്യം). മുന്നോട്ടുള്ള ഗതിയിലും ഇത്തരം വേര്‍പിരിയാലുകള്‍ അനിവാര്യമത്രേ.

എന്നാല്‍, സാങ്കേതികവിദ്യയോടുള്ള അമിത ആശ്രിതത്വം ഭാവിയില്‍ മനുഷ്യന്റെ സാമൂഹിക കഴിവുകളും, എന്തിന്‌ ആരോഗ്യം പോലും അപകടത്തിലാക്കി കൂടെന്നില്ല- ഡോ.കറി ഉത്ക്കണ്ഠപ്പെടുന്നു. മരുന്നുകളുടെ അമിതോപയോഗം മനുഷ്യന്റെ ശരീരപ്രതിരാധശേഷിയും അപകടത്തിലാവില്ലേ എന്നും അദ്ദേഹം സംശയിക്കുന്നു.

'മനുഷ്യന്‌ ആവശ്യമായ കുറ്റമറ്റ ഒരു ആവാസവ്യവസ്ഥ പ്രദാനം ചെയ്യാന്‍ അടുത്ത സഹസ്രാബ്ദത്തില്‍ ശാസ്ത്രത്തിന്‌ കഴിഞ്ഞേക്കും. എന്നാല്‍, അതുകഴിഞ്ഞാണ്‌ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ജനിതകവേര്‍പിരിയല്‍ നടക്കുക. അത്‌ ഭാവിയുടെ ഒരു വൃത്തികെട്ട മുഖമായിരിക്കും പ്രകടമാക്കുക'-ഡോ.കറി പറയുന്നു. 'ബ്രേവോ' ടെലിവിഷന്‍ ചാനലിന്റെ 21-ാ‍ വാര്‍ഷികം പ്രമാണിച്ചു തയ്യാറാക്കിയ പ്രത്യേക പരിപാടിയിലാണ്‌ ഈ പ്രവചനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്‌.

വെറും ഒരു ശതമാനം പേരാണ്‌ ലോകത്തെ 40 ശതമാനം സമ്പത്തും കൈയാളുന്നത്‌ എന്ന്‌ പുതിയൊരു സര്‍വെ വ്യക്തമാക്കുന്നു. ലോകമാകെ ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആഗോളവത്ക്കരണവും നവമുതലാളിത്വവും സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കാനും, ദാരിദ്ര്യത്തില്‍ കഴിയുന്നവരെ എല്ലാ സാമൂഹിക പരിഗണനകളില്‍ നിന്നും അകറ്റാനും സഹായിക്കുന്ന ഒന്നാണെന്ന ശക്തമായ വിമര്‍ശനം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഡോ.കറിയുടെ നിഗമനങ്ങള്‍ക്ക്‌ പ്രസക്തി വര്‍ധിക്കുക സ്വാഭാവികം മാത്രം (കടപ്പാട്‌: ടൈംസ്‌, മാതൃഭൂമി).

Saturday, December 09, 2006

സ്റ്റോണ്‍ഹെന്‍ജ്‌ ആസ്പത്രിയായിരുന്നു

സ്റ്റോണ്‍ഹെന്‍ജ്‌ എന്തായിരുന്നു എന്നത്‌ തലമുറകളെ അലട്ടിയ ചോദ്യമാണ്‌. നൂറ്റാണ്ടുകളായി സാധാരണക്കാരും വിദഗ്ധരും ഒരുപോലെ ഈ ചോദ്യം ഉന്നയിക്കുന്നു. വിശദീകരണങ്ങളൊന്നും പൂര്‍ണമല്ല. അതൊരു പ്രാചീന ചികിത്സാകേന്ദ്രമായിരുന്നു എന്നാണ്‌ ഏറ്റവും ഒടുവില്‍ പുറത്തു വന്നിരിക്കുന്ന സിദ്ധാന്തം

തെക്കന്‍ ഇംഗ്ലണ്ടിലെ 'സ്റ്റോണ്‍ഹെന്‍ജ്‌ '(Stonehenge) നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന അപൂര്‍വ്വ സൃഷ്ടിയാണ്‌. മനുഷ്യന്‍ ഇരുമ്പിന്റെ ഉപയോഗം തുടങ്ങിയ കാലമാണ്‌ മഹാശിലായുഗം(Megalithic Age). ആ യുഗത്തിന്റെ സ്മാരകമാണ്‌ സ്റ്റോണ്‍ഹെന്‍ജ്‌. വില്‍റ്റ്ഷൈറിലെ സാലിസ്ബറിക്കു സമീപം സ്ഥിതിചെയ്യുന്ന വൃത്താകൃതിയിലുള്ള ശിലാനിര്‍മിതിയാണത്‌. 3100 ബിസിക്കും 1550 ബിസിക്കും മധ്യേ മൂന്നുഘട്ടങ്ങളിലായി അതിന്റെ നിര്‍മാണം നടന്നു എന്നാണ്‌ കരുതുന്നത്‌.

സ്റ്റോണ്‍ഹെന്‍ജ്‌ എന്തായിരുന്നു എന്നത്‌ ഇന്നും വ്യക്തമായ ഉത്തരം കിട്ടാത്ത ചോദ്യമാണ്‌. അതൊരു കോട്ടയായിരുന്നു, ക്ഷേത്രമായിരുന്നു, നക്ഷത്രഘടികാരമായിരുന്നു എന്നിങ്ങനെ ഒരു ഡസനോളം വിശദീകരണങ്ങള്‍ ലഭ്യമാണ്‌. അന്യഗ്രഹജീവികളാണ്‌ സ്റ്റോണ്‍ഹെന്‍ജിന്റെ സൃഷ്ടിക്കു പിന്നിലെന്ന്‌ വിശ്വസിക്കുന്നവരും കുറവല്ല. തെക്കന്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി കൃഷിയിടങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള 'വിളവലയങ്ങള്‍'(Crop Circles) ക്കും സ്റ്റോണ്‍ഹെന്‍ജിനും ബന്ധമുണ്ടെന്ന വിശ്വാസക്കാരും ഉണ്ട്‌.

പക്ഷേ, ഇത്തരം വിശദീകരണങ്ങളോ വിശ്വാസങ്ങളോ കൊണ്ട്‌ ഉത്തരം പൂര്‍ണമാകുന്നില്ല. ദുരൂഹതയും ആശയക്കുഴപ്പവും വര്‍ധിപ്പിക്കാനേ ഇവയൊക്കെ ഉപകരിച്ചിട്ടുള്ളൂ. അത്തരം ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ പുതിയൊരു പഠനം പക്ഷേ, തികച്ചും വ്യത്യസ്തമായ ഒരു വാദഗതി മുന്നോട്ടുവെക്കുന്നു. സ്റ്റോണ്‍ഹെന്‍ജ്‌ ഒരു ആസ്പത്രിയായിരുന്നുവത്രേ. യൂറോപ്പിന്റെ വിദൂരകോണുകളില്‍ നിന്നു പോലും ചികിത്സ തേടി ആളെത്തിയിരുന്ന ഇടം. ആ പ്രാചീനകാലത്ത്‌ സാലിസ്ബറിയില്‍ സ്ഥാപിക്കപ്പെട്ട സവിശേഷയിനം ശിലകളും(healstones), അവയ്ക്കടുത്തായി കാണപ്പെടുന്ന കുളങ്ങളും ഇതിനു തെളിവാണത്രേ.

സ്റ്റോണ്‍ഹെന്‍ജിന്‌ സമീപം വില്‍റ്റ്ഷൈറിലില്‍ സംസ്കരിച്ചിരുന്ന ഒരു പ്രാചീന മൃതദേഹം 2002-ല്‍ കണ്ടെത്തുകയുണ്ടായി. 2300 ബിസിയില്‍ (ക്രിസ്തുവിന്‌ 2300 വര്‍ഷം മുമ്പ്‌) മരിച്ച ഒരാളുടെ('അീയിംസ്ബറി ആര്‍ച്ചര്‍' എന്നാണ്‌ ഗവേഷകര്‍ അയാള്‍ക്ക്‌ പേര്‌ നല്‍കിയിട്ടുള്ളത്‌) മൃതദേഹമായിരുന്നു അത്‌. സമ്പന്നനായ ഒരാളായിരുന്നു ആര്‍ച്ചറെന്നും, മധ്യയൂറോപ്പില്‍(ഒരുപക്ഷേ, സിറ്റ്സ്വര്‍ലന്‍ഡില്‍) ജനിച്ചയാളാണ്‌ അയാളെന്നും ഗവേഷകര്‍ കണ്ടെത്തി. പക്ഷേ, അയാള്‍ക്ക്‌ ഒരു കാല്‍മുട്ട്‌ ഇല്ലായിരുന്നു. മരിക്കുന്നതിന്‌ വളരെ മുമ്പാണ്‌ ആ കാല്‍മുട്ട്‌ നഷ്ടപ്പെട്ടതെന്നും സൂക്ഷ്മപരിശോധനയില്‍ വ്യക്തമായി. അങ്ങനെയെങ്കില്‍, വികലാംഗനായ അല്ലെങ്കില്‍ രോഗിയായ ആ ധനവാന്‍ മധ്യയൂറോപ്പില്‍ നിന്ന്‌ ഇംഗ്ലണ്ടിലെ സ്റ്റോണ്‍ഹെന്‍ജിലെത്തി എന്തുചെയ്യുകയായിരുന്നു.

സ്റ്റോണ്‍ഹെന് ജിലും സമീപത്തും ക്രമീകരിച്ചിട്ടുള്ള 'അല്‍ത്താരശിലകള്‍'(Altarstones)ക്കും മറ്റു ചില ശിലാഖണ്ഡങ്ങള്‍ക്കും രോഗനിവാരണശേഷിയുണ്ടായിരുന്നു എന്ന വിശ്വാസം പ്രാചീന ഇംഗ്ലണ്ടില്‍ നിലനിന്നിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ച്‌ സ്റ്റോണ്‍ഹെന്‍ജിനെ പുനര്‍നിരീക്ഷണത്തിന്‌ വിധേയമാക്കിയ ഗവേഷകരാണ്‌ അതൊരു പ്രാചീന ചികിത്സാലയമായിരുന്നു എന്ന നിഗമനത്തിലെത്തിയത്‌. പ്രൊഫ. ജിയോഫ്‌ വെയ്ന്‍റൈറ്റ്‌, തിമോത്തി ഡാര്‍വില്‍ എന്നീ ഗവേഷകരാണ്‌ പുതിയ നിഗമനത്തിന്‌ പിന്നില്‍. ചികിത്സതേടി ആളുകള്‍ അന്യദേശങ്ങളില്‍ പോകുന്നതിനെയാണ്‌ മെഡിക്കല്‍ ടൂറിസം എന്നു പറയുന്നത്‌. നാലായിരം വര്‍ഷം മുമ്പേ ലോകത്ത്‌ മെഡിക്കല്‍ ടൂറിസം തുടങ്ങിയിരുന്നു എന്നാണ്‌ പുതിയ പഠനം നല്‍കുന്ന സൂചന(കടപ്പാട്‌: ഗാര്‍ഡിയന്‍).

Thursday, December 07, 2006

ഇന്ത്യയില്‍ ബ്ലോഗുകള്‍ക്ക്‌ നിയന്ത്രണം വരുന്നു

ബ്ലോഗുകളെയും വ്യക്തിഗത സൈറ്റുകളെയും നിയന്ത്രിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം അഭിപ്രായസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാകില്ലേ എന്ന്‌ ആശങ്കയുയരുന്നു

ന്റര്‍നെറ്റ്‌ സര്‍വസ്വതന്ത്രമാണെന്ന വിചാരം ഇനി വേണ്ട; കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും. വ്യക്തിഗത വെബ്സൈറ്റുകള്‍ക്കും ബ്ലോഗുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ സങ്കേതം നടപ്പാക്കാന്‍ പോവുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. ദേശീയസുരക്ഷയ്ക്ക്‌ ഭീഷണിയായ സൈറ്റുകളെയും ബ്ലോഗുകളെയും നിയന്ത്രിക്കാനാണ്‌ ഈ സംവിധാനമെന്ന്‌ അധികാരകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. പക്ഷേ, അതൊടുവില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാവില്ലേ എന്ന ആശങ്ക ശക്തമാണ്‌.

രാജ്യത്തെ അന്താരാഷ്ട്ര ബാന്‍ഡ്‌വിഡ്ത്ത്‌ സ്വീകരണകേന്ദ്രങ്ങളില്‍ സ്ക്രീനിങ്‌ സമ്പ്രദായം നടപ്പാക്കുക വഴിയാണ്‌, രാഷ്ട്രസുരക്ഷയ്ക്കു ഭീഷണിയായ സൈറ്റുകളെയും ബ്ലോഗുകളെയും അധികൃതര്‍ തടയുക. ഇന്ത്യയിലാകെ എട്ട്‌ ബാന്‍ഡ്‌വിഡ്ത്ത്‌ സ്വീകരണകേന്ദ്രങ്ങളാണ്‌ ഉള്ളത്‌; അഞ്ചെണ്ണം വി.എസ്‌.എന്‍.എല്ലി(VSNL)നും രണ്ടെണ്ണം റിലയന്‍സിനും ഒന്ന്‌ ഭാരതി എയര്‍ടെല്ലിനും. ഈ സ്വീകരണകേന്ദ്രങ്ങളില്‍ സ്ക്രീനിങ്‌ നടത്താനുള്ള സാങ്കേതിക സംവിധാനമാണ്‌ ടെലകോം വകുപ്പ്‌ (DoT) ഏര്‍പ്പെടുത്താന്‍ പോകുന്നത്‌.

ബാന്‍ഡ്‌വിഡ്ത്ത്‌ സ്വീകരണകേന്ദ്രങ്ങളില്‍ സ്ക്രീനിങ്‌ നടപ്പാക്കിയാല്‍, വെബ്സൈറ്റുകളെ ഉപ-ഡൊമെയ്ന്‍ തലത്തില്‍ നിയന്ത്രിക്കാനാകും. എന്തെങ്കിലും കാരണത്താല്‍ വെബ്സൈറ്റുകള്‍ നിയന്ത്രിക്കേണ്ടിവരുമ്പോള്‍ ഇത്രകാലവും അതിന്റെ ബാധ്യത വന്നുചേരുക 'ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ ദാതാക്കളു'(Internet Service Providers-ISPs) ടെ മേലായിരുന്നു. എന്നാല്‍, പുതിയ രീതി നടപ്പില്‍ വരുന്നതോടെ ആ തലവേദന ഇവര്‍ക്ക്‌ ഒഴിവാകും.

കഴിഞ്ഞ ജൂലായിലുണ്ടായ മുംബൈ സ്ഫോടനങ്ങള്‍ക്കു ശേഷം 18 ബ്ലോഗുകളും വെബ്സൈറ്റുകളും ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ ദാതാക്കളുടെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. സര്‍വീസ്‌ ദാതാക്കള്‍ക്ക്‌ ഉപ-ഡൊമെയ്ന്‍ തലത്തില്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ സങ്കേതമില്ല. അതിനാല്‍ അവര്‍ ഡൊമെയ്ന്‍ തലത്തില്‍ അത്‌ ചെയ്യാന്‍ നിര്‍ബന്ധിതരാകും. നൂറുകണക്കിന്‌ വെബ്സൈറ്റുകളും ബ്ലോഗുകളും കിട്ടാതെ ഉപഭോക്താക്കള്‍ വലയുകയാവും ഫലം. എന്നാല്‍, പുതിയ സംവിധാനം വഴി ഈ പ്രശ്നം ഒഴിവാക്കപ്പെടുമെന്ന്‌ അധികൃതര്‍ കരുതുന്നു.

ബ്ലോഗുകളുടെ നിയന്ത്രണത്തിന്‌ ദേശീയസുരക്ഷയാണ്‌ ഇപ്പോള്‍ കാരണം പറയുന്നതെങ്കിലും, അധികാരികള്‍ക്ക്‌ ഇത്‌ ഏത്‌ ദിശയിലേക്കും നീട്ടാം എന്നതാണ്‌ ഇത്തരം സംവിധാനങ്ങളുടെ പ്രശ്നം. ബ്ലോഗുകള്‍ വഴി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ, അഴിമതി തുറന്നു കാട്ടാന്‍ ശ്രമിക്കുന്നവരെയൊക്കെ നിശബ്ദരാക്കാന്‍ ഇതേ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. അഭിപ്രായസ്വാതന്ത്ര്യമായിരിക്കും അനിവാര്യമായ അത്യാഹിതം(കടപ്പാട്‌: The Economic Times).

Monday, December 04, 2006

ലോകം കടലിനും മരുഭൂമിക്കും മധ്യേ

ഒരുവശത്ത്‌ വളരുന്ന മരുഭൂമികള്‍. മറുവശത്ത്‌ ഉയരുന്ന കടല്‍ നിരപ്പ്‌. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിലയില്‍ ഭൂമി ഭീഷണി നേരിടുകയാണ്‌; മനുഷ്യന്റെ ചെയ്തികള്‍ മൂലം

ടലിനും ചെകുത്താനും മധ്യേ എന്നത്‌ 'കടലിനും മരുഭൂമിക്കും മധ്യേ' എന്ന്‌ തിരുത്താന്‍ സമയമാകുന്നു. വളരുന്ന മരുഭൂമികളും ഉയരുന്ന സമുദ്രവും ചേര്‍ന്ന്‌ കരയെ ഭീതിജനകമാം വിധം ഞെരുക്കികൊണ്ടിരിക്കുകയാണെന്ന്‌ പഠനങ്ങള്‍ പറയുന്നു. ഒരുവശത്ത്‌ കര ശോഷിക്കുമ്പോള്‍ തന്നെ മറുവശത്ത്‌ ജനസംഖ്യ ക്രമാതീതമായി പെരുകുകയും ചെയ്യുന്നു; വര്‍ഷം തോറും 700 ലക്ഷം പേര്‍ എന്ന തോതില്‍. ഈ പ്രവണത ഭൂമി നേരിടുന്ന വെല്ലുവിളിയുടെ യഥാര്‍ത്ഥ ചിത്രം കാട്ടിത്തരുന്നു.

ഈ വെല്ലുവിളി പക്ഷേ, മനുഷ്യന്റെ സൃഷ്ടിയാണ്‌. പുല്‍മേടുകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത്‌ മരുഭൂവത്ക്കരണത്തിന്റെ ആക്കം കൂട്ടുമ്പോള്‍, ആഗോളതാപനത്തിന്റെ പ്രത്യാഘാതമാണ്‌ ഉയരുന്ന സമുദ്രനിരപ്പ്‌. പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതകങ്ങള്‍(പ്രത്യേകിച്ചും കാര്‍ബണ്‍ഡയോക്സയിഡ്‌) കൂടുതല്‍ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ ഇടയാക്കുന്നത്‌. രണ്ടിടത്തും മുഖ്യപ്രതി മനുഷ്യന്‍ തന്നെയാണ്‌.

കടലിനും മരുഭൂമിക്കും മധ്യേ അകപ്പെട്ട കരയുടെ സ്ഥിതി മനസിലാക്കാന്‍ ചൈനയുടെയും നൈജീരിയയുടെയും ഉദാഹരണം സഹായിക്കുമെന്ന്‌ 'എര്‍ത്ത്‌ പോളിസി ഇന്‍സ്റ്റിട്ട്യൂട്ടി'(Earth Policy Institute)ന്റെ റിപ്പോര്‍ട്ട്‌ പറയുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളാണ്‌ ഇവ രണ്ടും. മരുവത്ക്കരണത്തിന്റെ കഠിനഭീഷണിയിലാണിപ്പോള്‍ ചൈന. 1950-1975 കാലത്ത്‌ പ്രതിവര്‍ഷം 1560 ചതുരശ്രകിലോമീറ്റര്‍ എന്ന കണക്കിനാണ്‌ മരുവത്ക്കരണം നടന്നത്‌. 2000 ആയപ്പോഴേക്കും ഇത്‌ ഇരട്ടിയിലേറെയായി.

മധ്യവടക്കന്‍ ചൈനയിലെ രണ്ട്‌ മരുഭൂമികള്‍ വര്‍ഷം തോറും വളര്‍ന്ന്‌ ഇപ്പോള്‍ ഒന്നാകാന്‍ പോവുകയാണെന്ന്‌ ഉപഗ്രഹ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്നര്‍ മംഗോളിയ മുതല്‍ ഗാന്‍സു പ്രവിശ്യ വരെ വ്യാപിച്ചു കിടക്കുന്ന മരുഭൂമിയാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ഇതിലും ഗുരുതരമാണ്‌. ഷിന്‍ജിയാങ്ങ്‌ പ്രവിശ്യയില്‍ താക്ലിമാകാന്‍, കുംടാഗ്‌ മരുഭൂമികള്‍ വികസിച്ച്‌ ലയിക്കാറായിരിക്കുന്നു. ഗോബി മരുഭൂമിയാണെങ്കില്‍ അനുദിനം വളര്‍ന്ന്‌ കിഴക്ക്‌ ബെയ്ജിങ്ങിന്‌ 241 കിലോമീറ്റര്‍ അകലെ വരെയെത്തിക്കഴിഞ്ഞു. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്തും പടിഞ്ഞാറന്‍ മേഖലയിലും മണല്‍ക്കാടുകളുടെ വളര്‍ച്ച മൂലം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കുറഞ്ഞത്‌ 24,000 ഗ്രാമങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ ഉപേക്ഷിക്കപ്പെട്ടതായി ചൈനീസ്‌ ഗവേഷകര്‍ അറിയിക്കുന്നു.

ചൈന മാത്രമല്ല, മധ്യേഷ്യന്‍ രാജ്യങ്ങളായ അഫ്ഗാനിസ്താന്‍, കാസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്കമെനിസ്താന്‍, യു.എസ്‌.എബെകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം മരുഭൂവത്ക്കരണത്തിന്റെ തിക്തഫലം ഏറിയോ കുറഞ്ഞോ അനുഭവിച്ചുകൊണ്ടിരിക്കുയാണെന്ന്‌ എര്‍ത്ത്‌ പോളിസി ഇന്‍സ്റ്റിട്ട്യൂട്ട്‌ പറയുന്നു. ഒരു കാലത്ത്‌ സോവിയറ്റ്‌ യൂണിയന്റെ 'കന്യാഭൂമി പദ്ധതി'(Soviet Virgin Land Project) യുടെ ആസ്ഥാനമായിരുന്ന കസാഖ്സ്താന്‍, 1980-ന്‌ ശേഷം അതിന്റെ വിളഭൂമിയുടെ പകുതിയും മരുവത്ക്കരണം മൂലം ഉപേക്ഷിക്കേണ്ടി വന്നു.

അഫ്ഗാനിസ്താനിലെ രജിസ്താന്‍ മരുഭൂമി(Registan Desert) പടിഞ്ഞാറേയ്ക്ക്‌ വളര്‍ന്ന്‌ കൃഷിഭൂമി കാര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്‌. നൂറോളം ഗ്രാമങ്ങള്‍ മണല്‍ക്കാറ്റില്‍ മുങ്ങിപ്പോയതായി യു.എന്നിന്റെ പരിസ്ഥിതി പ്രോഗ്രാമായ യു.എന്‍.ഇ.പി. റിപ്പോര്‍ട്ടു ചെയ്യുന്നു. റോഡുകളില്‍ ചിലസ്ഥലങ്ങളില്‍ 15 മീറ്റര്‍ കനത്തില്‍ മണല്‍ മൂടിയിരിക്കുകയാണെത്രേ. മേഖലയിലെ ജനങ്ങള്‍ പുറംലോകത്തെത്താന്‍ വേറെ വഴി കണ്ടെത്തേണ്ട സ്ഥിതിയിലാണിപ്പോള്‍. ഇറാനിലെ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ 2002-ലെ മണല്‍ക്കാറ്റില്‍ 124 ഗ്രാമങ്ങളാണ്‌ മുങ്ങിപ്പോയത്‌. ഗ്രാമീണര്‍ക്ക്‌ വേറെ വാസസ്ഥലം തേടേണ്ട സ്ഥിതിയായി.

ആഫ്രിക്കയില്‍ സഹാറ മരുഭൂമി മൂന്നു രാജ്യങ്ങളിലെ (മൊറോക്കോ, ടുണീഷ്യ, അല്‍ജീരിയ) ജനങ്ങളെ വടക്കോട്ട്‌ തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്‌. സഹാറയുടെ വളര്‍ച്ച തടുക്കാനുള്ള ശ്രമങ്ങളൊന്നും കാര്യമായ ഫലം ചെയ്തിട്ടില്ല. ഗതികെട്ട അല്‍ജീരിയ അവരുടെ കൃഷിയിടങ്ങളും കൃഷിരീതികളും വരെ മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. നൈജീരിയയ്ക്ക്‌ 1355 ചതുരശ്ര മെയില്‍ കൃഷിഭൂമിയും മേച്ചില്‍പുറങ്ങളും വര്‍ഷം തോറും നഷ്ടപ്പെടുന്നു എന്നാണ്‌ കണക്ക്‌. വടക്കേയമേരിക്കയില്‍ മെക്സിക്കോയും ബ്രസീലുമാണ്‌ മരുവത്ക്കരണത്തിന്റെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന രാജ്യങ്ങള്‍. മെക്സിക്കോയില്‍ വര്‍ഷം തോറും ഏഴുലക്ഷം പേര്‍ക്ക്‌ തൊഴില്‍ നഷ്ടമാകാന്‍ മരുവത്ക്കരണം കാരണമാകുന്നു എന്നാണ്‌ കണക്ക്‌.

മരുഭൂവത്ക്കരണത്തിന്റെ മറുവശമാണ്‌ ഉയരുന്ന സമുദ്രനിരപ്പ്‌. ഭാവിയില്‍ ഏറ്റവുമധികം പേരെ ബാധിക്കാന്‍ പോകുന്ന പ്രശ്നമാകുമിത്‌. കാരണം, ഭൂമുഖത്തെ ജനങ്ങളില്‍ നല്ലൊരു ശതമാനം താഴ്‌ന്ന വിതാനങ്ങളില്‍ കടല്‍ക്കരയിലാണ്‌ കഴിയുന്നത്‌. ആഗോളതാപനത്തിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടില്‍ സമുദ്രവിതാനം 15 സെന്റിമീറ്റര്‍ ഉയര്‍ന്നു എന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. പുതിയ നൂറ്റാണ്ടില്‍ അന്തരീക്ഷ താപനില റിക്കോര്‍ഡ്‌ വേഗത്തില്‍ ഉയരുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. ഓരോവര്‍ഷം കഴിയുന്തോറും അന്തരീക്ഷത്തിലെ ഹരിതഗ്രഹ വാതകവ്യാപനത്തിന്റെ തോത്‌ വര്‍ധിക്കുന്നത്‌ ഇതിന്റെ സൂചനയാണ്‌.

സ്വാഭാവികമായും അന്തരീക്ഷതാപനില വര്‍ധിക്കുമ്പോള്‍ കടല്‍നിരപ്പ്‌ ഉയരും. രണ്ടുതരത്തിലാണ്‌ താപം വര്‍ധിക്കുമ്പോള്‍ ഇതു സംഭവിക്കുക. ചൂടുകൂടുമ്പോള്‍ കടലിലെ ജലം വികസിക്കുന്നത്‌ (thermal expansion) സമുദ്രനിരപ്പ്‌ ഉയരാനിടയാക്കും. അന്തരീക്ഷതാപനില ഉയരുമ്പോള്‍ ധ്രുവപ്രദേശങ്ങളിലെയും പര്‍വ്വതശിഖരങ്ങളിലെയും മഞ്ഞുപാളികള്‍ ഉരുകി കടലില്‍ ചേരുന്നതു കൊണ്ടും ജലനിരപ്പ്‌ ഉയരും. ഗ്രീന്‍ലന്‍ഡ്‌ മഞ്ഞുപാളി ഉരുകുന്നതിന്റെ തോത്‌ സമീപവര്‍ഷങ്ങളില്‍ വര്‍ധിച്ചത്‌ ശാസ്ത്രജ്ഞര്‍ കടുത്ത ആശങ്കയോടെയാണ്‌ കാണുന്നത്‌. ചില സ്ഥലങ്ങളില്‍ ഒന്നര കിലോമീറ്ററിലേറെ കനമുള്ള ആ മഞ്ഞുപാളി പൂര്‍ണമായി ഉരുകാനിടയായാല്‍ ആഗോളതലത്തില്‍ സമുദ്രവിതാനം ഏഴുമീറ്ററോളം ഉയരും.

സമുദ്രവിതാനം വെറും ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ തന്നെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്‌ അത്‌ താങ്ങാവുന്നതില്‍ അപ്പുറമായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ബംഗ്ലാദേശില്‍ മാത്രം 300 ലക്ഷം ജനങ്ങള്‍ക്ക്‌ കിടപ്പാടം നഷ്ടമാകും. അവര്‍ സ്വന്തം രാജ്യത്തോ അയല്‍ രാജ്യങ്ങളിലോ അഭയാര്‍ത്ഥികളാകുന്ന സ്ഥിതിയുണ്ടാകും. ലണ്ടന്‍, അലെക്സാഡ്രിയ, ബാങ്കോക്ക്‌ ഉള്‍പ്പടെ നൂറുകണക്കിന്‌ നഗരങ്ങള്‍ ഭാഗികമായി വെള്ളത്തിലാകും. ഇത്‌ സമുദ്രവിതാനം ഒരുമീറ്റര്‍ ഉയരുമ്പോഴത്തെ സ്ഥിതി. അപ്പോള്‍ ഗ്രീന്‍ലന്‍ഡ്‌ മഞ്ഞുപാളി അപ്പാടെ ഉരുകിയാലോ? മരുഭൂവത്ക്കരണവും ആഗോളതാപനവും തടയാന്‍ അടിയന്തരമായി നടപടികളെടുത്തില്ലെങ്കില്‍, സമീപ ഭാവിയില്‍ തന്നെ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്നാണ്‌ 'എര്‍ത്ത്‌ പോളിസി ഇന്‍സ്റ്റിട്ട്യൂട്ട്‌ 'നല്‍കുന്ന മുന്നറിയിപ്പ്‌.
-ജോസഫ്‌ ആന്റണി

നിവര്‍ന്നിരിക്കുന്നത്‌ നട്ടെല്ലിന്‌ നന്നല്ല

ഇരിപ്പിനെപ്പറ്റി നമ്മള്‍ ധരിച്ചിട്ടുള്ള പല സംഗതികളും തിരുത്താന്‍ സമയമായെന്ന്‌ പുതിയൊരു പഠനം പറയുന്നു. പിന്നോട്ട്‌ ചാഞ്ഞ്‌ ആയാസരഹിതമായുള്ള ഇരിപ്പാണ്‌ നടുവേദന പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായകമത്രേ.

രിപ്പാണ്‌ നടുവേദയ്ക്ക്‌ മുഖ്യകാരണം; ഡിസ്ക്‌ തകരാറുകള്‍ക്കും. ഇക്കാര്യം അറിഞ്ഞുകൊണ്ടു തന്നെ ദിവസവും ദീര്‍ഘനേരം ഇരിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ മിക്കവരും. ഓഫീസിലും കമ്പ്യൂട്ടറിന്‌ മുന്നിലും ടിവി കാണാനുമൊക്കെയായി മണിക്കൂറുകളോളം ഇരിക്കുന്നു. അങ്ങനെ ഇരിക്കേണ്ടിവരുമ്പോഴും കുത്തനെ നിവര്‍ന്നിരിക്കരുതെന്ന്‌ പുതിയൊരു പഠനം പറയുന്നു. കസേരയില്‍ ലംബമായി ഇരിക്കുമ്പോഴാണത്രേ നട്ടെല്ലിലെ ഡിസ്കുകള്‍ക്ക്‌ ഏറ്റവുമധികം സമ്മര്‍ദ്ദം ഏല്‍ക്കുന്നത്‌. പുറകോട്ട്‌ അല്‍പ്പം ചാഞ്ഞ്‌ ആയാസരഹിതമായി ഇരിക്കുക, അതാണ്‌ നല്ലത്‌.

സ്കോട്ട്ലന്‍ഡിലെയും കാനഡയിലെയും ഗവേഷകരാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. 'മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ ഇമേജിങ്‌ ' അഥവാ എം.ആര്‍.ഐ.യുടെ പുതിയൊരു വകഭേദമുപയോഗിച്ചായിരുന്നു പഠനം. ഇരിക്കുമ്പോള്‍ ഒരാളുടെ നട്ടെല്ലിന്റെ കിഴ്ഭാഗത്ത്‌ എവിടെയൊക്കെ ഏതൊക്കെ രീതിയില്‍ സമ്മര്‍ദ്ദമേല്‍ക്കുന്നു എന്നാണ്‌ പരിശോധിച്ചത്‌. സ്കോട്ട്ലന്‍ഡില്‍ അബെര്‍ഡീനിലെ വുഡെന്‍ഡ്‌ ഹോസ്പിറ്റലില്‍ 22 സന്നദ്ധപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നടന്ന പഠനത്തിന്റെ ഫലം, വടക്കേയമേരിക്കന്‍ റേഡിയോളജിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു. പഠനഫലം പറയുന്നത്‌ ഇതാണ്‌-ഇരിക്കുമ്പോള്‍ 135 ഡിഗ്രി പിന്നിലേക്ക്‌ ചാഞ്ഞിരിക്കുക.

സാധാരണ സ്കാനിങ്ങിന്‌ രോഗി നിശ്ചലമായി കിടക്കണം. പക്ഷേ, ഈ പഠനത്തില്‍ പങ്കെടുത്തവര്‍ മൂന്നു വ്യത്യസ്ഥരീതിയില്‍ ഇരിക്കുമ്പോള്‍ സ്കാനിങ്‌ നടത്തി; വീഡിയോ ഗെയിം കളിക്കാന്‍ ഇരിക്കുന്ന മാതിരി കസേരയില്‍ മുമ്പോട്ടു ചാഞ്ഞിരിക്കുമ്പോഴും, കുത്തനെ നിവര്‍ന്നിരിക്കുമ്പോഴും(90 ഡിഗ്രിയില്‍), പിന്നോട്ട്‌ സുഖകരമായി ചാഞ്ഞിരിക്കുമ്പോഴും(135 ഡിഗ്രിയില്‍). എം.ആര്‍.ഐ ഉപയോഗിച്ച്‌ നട്ടെല്ലിലെ ഡിസ്കുകളുടെ ഈ ഓരോ ഘട്ടത്തിലുമുള്ള സ്ഥാനവും ചെരിവും ഉയരവുമെല്ലാം ഗവേഷകര്‍ അളന്നു തിട്ടപ്പെടുത്തി.

കുത്തനെ നിവര്‍ന്നരിക്കുന്ന ആളുടെ ഡിസ്കുകള്‍ക്കാണ്‌ പ്രകടമായ സമ്മര്‍ദ്ദമേല്‍ക്കുന്നതായി കണ്ടതെന്ന്‌, പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ. വസീം ബഷിര്‍ അറിയിക്കുന്നു. കാനഡയില്‍ ആല്‍ബെര്‍ട്ട ഹോസ്പിറ്റല്‍ യൂണിവേഴ്സിറ്റിക്കു കീഴിലെ റേഡിയോളജി ആന്‍ഡ്‌ ഡയഗ്നോസ്റ്റിക്‌ ഇമേജിങ്‌ വകുപ്പിലെ ഗവേഷകാനാണ്‌ ഡോ.ബഷീര്‍. മുന്നോട്ടു ചാഞ്ഞിരിക്കുമ്പോള്‍, നട്ടെല്ലിന്റെ കീഴ്ഭാഗത്തെ ഡിസ്കുകള്‍ കൂടുതല്‍ ഞെരുങ്ങുന്നതായും കണ്ടു. തുടര്‍ച്ചയായി ഇരിക്കേണ്ടി വരുന്നവര്‍ ശരിയായ രീതിയിലല്ല ഇരിക്കുന്നതെങ്കില്‍ കാലക്രമേണ ഡിസ്ക്‌ തേയ്മാനം, ഡിസ്ക്‌ പ്രൊലോപ്സിസ്‌ തുടങ്ങിയവ പിടികൂടുകയും നടുവേദന ഒഴിയാബാധയാവുകയും ചെയ്യും. ആ നിലയ്ക്ക്‌ പ്രാധാന്യമര്‍ഹിക്കുന്ന പഠനമാണിതെന്ന്‌ ഗവേഷകര്‍ പറയുന്നു.

പക്ഷേ, ഈ പഠനഫലം അപ്പടി അംഗീകരിക്കുന്നത്‌ ഗുണം ചെയ്യില്ല എന്നു കരുതുന്ന വിദഗ്ധരുമുണ്ട്‌. പിന്നിലേക്ക്‌ അല്‍പ്പം ചാഞ്ഞിരിക്കുന്നതു തന്നെയാണ്‌ നന്ന്‌. പക്ഷേ, 135 ഡിഗ്രി വേണ്ട എന്ന്‌ 'ബാക്ക്‌ കീയര്‍' എന്ന സന്നദ്ധ സംഘടനയിലെ ലെവെന്റ്‌ കാഗ്ലര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെയുള്ള ഇരിപ്പ്‌ പിന്നിലേക്ക്‌ കൂടുതല്‍ ചായാനുള്ള പ്രവണതയുണ്ടാക്കുകയും, ഇരിപ്പ്‌ സുഖകരമല്ലാതാക്കുകയും ചെയ്യും. അതിനാല്‍, പിന്നിലേക്ക്‌ 120 ഡിഗ്രി ചാഞ്ഞുള്ള ഇരിപ്പാണ്‌ ഏറ്റവും അനുയോജ്യം-കാഗ്ലര്‍ പറയുന്നു (മാതൃഭൂമി ദിനപ്പത്രം, 2006 ഡിസംബര്‍ 3).

Friday, December 01, 2006

മീശമാര്‍ജ്ജാരന്‍ ഓര്‍ക്കുട്ടില്‍

ശാസ്ത്രവിഷയങ്ങളില്‍ നിന്ന്‌ ഇടയ്ക്കൊരു മാറ്റമാവാം. ഒരു ചെറിയ ഇടവേള. ഒരു മാറ്റം ആര്‍ക്കാണ്‌ ഇഷ്ടമല്ലാത്തത്‌ എന്ന്‌ പരസ്യവാക്യം. പഴഞ്ചൊല്ലുകളെക്കാള്‍ ഇക്കാലത്ത്‌ ആളുകളെ സ്വാധീനിക്കുക പരസ്യചൊല്ലുകളാണല്ലോ.



മീശയെ പരിചയമില്ലത്തവര്‍ക്ക്‌ ഒരാമുഖം. മീശമാര്‍ജ്ജാരനും എലുമ്പനുമാണ്‌ കൂട്ട്‌; ഓസ്റ്റരിക്സും ഒബീലിക്സും പോലെ. എവിടെപ്പോയാലും അമിളി പറ്റുന്ന മലയാള സിനിമയിലെ ഹാസ്യതാരങ്ങളുടെ (അതോ മിമിക്രിതാരങ്ങളോ) പകര്‍പ്പുകളാണ്‌ മീശയും എലുമ്പനും.

ഒരു ദിവസം ഇരുവരും ബസില്‍ യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ വെച്ച്‌ ഹാന്‍ഡ്ബാഗുമായി കയറിയ ഒരമ്മാവന്‍ മീശയുടെയും എലുമ്പന്റെയും അടുത്ത്‌ ഇരുപ്പുറപ്പിച്ചു. വിസ്തരിച്ചിരുന്ന ശേഷം അമ്മാവന്‍ മീശയെയും എലുമ്പനെയും സൂക്ഷിച്ചു നോക്കി. എന്നിട്ട്‌ കുശലത്തിലേക്കു കടന്നു.

'നിങ്ങള്‍ എവിടെ നിന്നു വരികയാ'.

'തിരുവനന്തപുരത്തു നിന്ന്‌'-മീശ പറഞ്ഞു.

'അങ്ങനെ പറയുന്നത്‌ ഭാഷാപരമായി തെറ്റാണ്‌'-മീശ എന്തോ വലിയ തെറ്റുചെയ്തു എന്ന രീതിയില്‍ അമ്മാവന്‍ ചൂണ്ടിക്കാട്ടി. എന്നിട്ട്‌ തുടര്‍ന്നു,'പറയുമ്പോള്‍ കര്‍ത്താവ്‌ കൂട്ടി പറയണം. എന്നുവെച്ചാല്‍, ഞങ്ങള്‍ തിരുവനന്തപുരത്തു നിന്ന്‌ വരികയാണ്‌, എന്നുവേണം പറയാന്‍'.

ദൈവമേ പുലിവാലായോ-എലുമ്പന്‍ മനസില്‍ സ്വയം പറഞ്ഞു, മീശയ്ക്കും അതുതന്നെ തോന്നി.

പിന്നീടുള്ള സംഭാഷണങ്ങള്‍ക്കെല്ലാം അമ്മാവനാണ്‌ മുന്‍കൈയെടുത്തതെങ്കിലും, ഓരോ തവണയും വിശദമായ വ്യാകരണപാഠങ്ങളുടെ പ്രഹരമേറ്റ്‌ മീശയും എലുമ്പനും പുളഞ്ഞു. എത്ര പറഞ്ഞിട്ടും ഇവറ്റകള്‍ വ്യാകരണനിബദ്ധമായി സംസാരിക്കുന്നില്ലെന്നായപ്പോള്‍, അമ്മാവന്‍ തീരുമാനിച്ചുറപ്പിച്ച മാതിരി ഉത്തവിട്ടു; "സംസാരിക്കുന്നെങ്കില്‍ കര്‍ത്താവ്‌ കൂട്ടി പറയണം, വയ്യെങ്കില്‍ മിണ്ടാതിരിന്നു കൊള്ളണം'.

അനുസരണയുള്ള കുട്ടികളെപ്പോലെ മീശയും എലുമ്പനും മിണ്ടാതിരുന്നു. കുറെ ദൂരം പോയപ്പോള്‍ ഒരു പോക്കറ്റടിക്കാരന്‍ ബാഗ്‌ അടിച്ചെടുത്ത സന്തോഷത്തില്‍ ബസില്‍ നിന്ന്‌ ചാടിയിറങ്ങി മറഞ്ഞു. അല്‍പ്പ ദൂരം കൂടിപ്പോയപ്പോഴാണ്‌ തന്റെ ബാഗ്‌ കൈയിലില്ല എന്ന്‌ അമ്മാവന്‍ നടുക്കത്തോടെ അറിഞ്ഞത്‌.

'അയ്യോ, എന്റെ ബാഗ്‌'-അമ്മാവന്റെ നിലവിളി കേട്ട എലുമ്പന്‍ പറഞ്ഞു, 'കുറച്ചു മുമ്പ്‌ ഒരാള്‍ അതെടുത്ത്‌ പുറത്തേക്ക്‌ പോകുന്നതു കണ്ടു'.

'ദ്രോഹികളേ, എന്നിട്ടു പറയാത്തതെന്താ'-അമ്മാവന്‍ കയര്‍ത്തു.

'ബാഗ്‌ കള്ളന്‍ എടുത്തുകൊണ്ട്‌ പോയി എന്നാണോ പറയേണ്ടത്‌, അതോ കള്ളന്‍ ബാഗുമെടുത്ത്‌ പോയി എന്നാണോ പറയേണ്ടതെന്ന്‌ അറിയാത്തതു കൊണ്ട്‌, 'കര്‍ത്താവിനെ'യോര്‍ത്ത്‌ മിണ്ടാതിരുന്നതാ'എലുമ്പന്‍ വിനയപൂര്‍വ്വം അറിയിച്ചു.

'ബാലഭൂമി'യിലെ സന്തോഷിന്റെ ഇത്തരം സൂപ്പര്‍ഹിറ്റ്‌ മീശകഥകളും സംഭാഷണങ്ങളും ദേവപ്രകാശിന്റെ മീശവരയും കൂടിച്ചേര്‍ന്നപ്പോള്‍, മീശയ്ക്ക്‌ ആരാധകര്‍ കൂടുക സ്വാഭാവികം മാത്രം. ആരാധന കൂടിയാലത്തെ പ്രശ്നം അതെവിടെ ചെന്ന്‌ അവസാനിക്കും എന്ന്‌ മുന്‍കൂട്ടി പറയാനാകില്ല എന്നതാണ്‌. അതുതന്നെ സംഭവിച്ചു. ഈ നവംബര്‍ അവസാന ആഴ്ച എനിക്ക്‌ ടി.പി.ഗായത്രിയില്‍ നിന്ന്‌ ഒരു ക്ഷണം കിട്ടി, ജി-മെയില്‍ വഴി; അവള്‍ സൃഷ്ടിച്ച ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റിയില്‍ അംഗമാകൂ എന്ന്‌.

കമ്പ്യൂട്ടര്‍ കണ്ടാല്‍ ഭയഭക്തിയോടെ തൊടാതെ മാറിനില്‍ക്കുമായിരുന്ന ഗായത്രി ഓര്‍ക്കുട്ടിലെത്തിയെന്നു മാത്രമല്ല, വഴിയെപോയ വയ്യാവേലികളെയൊക്കെ പിടിച്ച്‌ സുഹൃത്തുക്കളാക്കുകയും ചെയ്തു. എന്നിട്ടിപ്പോള്‍ സ്വന്തമായി ബിസിനസ്‌ സ്ഥാപനം തുടങ്ങുന്നതു പോല ഒരു കമ്മ്യൂണിറ്റിയുമോ എന്ന്‌ ആശ്ചര്യപ്പെട്ട്‌ ഞാന്‍ ചെന്നു നോക്കി. അതാ സാക്ഷാല്‍ 'മീശമാര്‍ജ്ജാരന്‍' കമ്മ്യൂണിറ്റിയായിരിക്കുന്നു. സൃഷ്ടാവ്‌ ഗായത്രി. വളരെ വേഗമായിരുന്നു മീശയുടെ ആരാധകരുടെ കടന്നു കയറ്റം. ഒറ്റദിവസം കൊണ്ട്‌ 24 പേര്‍. ദേവപ്രകാശ്‌ ചൂടായി; ആരോട്‌ ചോദിച്ചിട്ട്‌ നിങ്ങളൊക്കെ മീശയുടെ ആരാധകരായി എന്ന്‌.

ആന്റി മലബാര്‍

മീശ മാത്രമല്ല, ഓര്‍ക്കുട്ടിലെ കമ്മ്യൂണിറ്റികള്‍ക്ക്‌ അന്തമില്ല. ഓരോ നിമിഷവും ആര്‌ വേണമെങ്കിലും കമ്മ്യൂണിറ്റിയുണ്ടക്കിക്കളയും എന്നതാണ്‌ സ്ഥിതി. ഏതാനും വര്‍ഷം മുമ്പ്‌ പത്രപ്രവര്‍ത്തനം നടത്താനായി കോഴിക്കോട്ടെത്തിയ ഒരു തിരുവനന്തപുരം യുവാവിന്റെ കഥകേള്‍ക്കൂ. എന്നും വൈകുന്നേരം മാനാഞ്ചിറയില്‍ നിന്ന്‌ ബസ്‌ കയറി എരഞ്ഞിപ്പാലത്തെ തന്റെ ലോഡ്ജിലേക്ക്‌ ഈ യുവാവ്‌ പോവുക പതിവാണ്‌ (പോകാതെ തരമില്ല). സാധാരണഗതിയില്‍ ബസിന്റെ പിന്നിലെ സീറ്റിലാകും ഇരിക്കുക; സുഹൃത്തുക്കളാരെങ്കിലും കൂടെയുണ്ടാവുകയും ചെയ്യും.

ബസില്‍ ഇരുപ്പുറപ്പിച്ചാല്‍ ഉടന്‍ യുവാവ്‌ തുടങ്ങുകയായി, 'ഈ മലബാറുകാരൊന്നും ശരിയല്ല, എന്തു മലബാര്‍, ഏത്‌ മലബാര്‍, ഒരു കുഞ്ഞാലിക്കുട്ടി മാത്രമുണ്ടിവിടെ', എന്നിങ്ങനെ. വളരെ ഉച്ചത്തിലാണ്‌ അഭിപ്രായ പ്രകടനം. സ്വാഭാവികമായും ബസിലുള്ള പാവം മലബാറുകാര്‍ ഷോക്കടിച്ചതുപോലെ ഒന്നു പരുങ്ങും; എന്തു മറുപടി പറയണമെന്നറിയാതെ. ശുദ്ധഗതിക്കാരായതു കൊണ്ട്‌ അവര്‍ വിചാരിക്കും വിവരദോഷികള്‍ എന്തെല്ലാം പറയുന്നു, നമ്മള്‍ എന്തിന്‌ ചെവികൊടുക്കണം എന്ന്‌. എരഞ്ഞിപ്പാലത്ത്‌ ബസിറങ്ങും വരെ യുവാവ്‌ മലബാറുകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്‌ തുടരും.

മറ്റൊരു തെക്കന്‍ സുഹൃത്തുമായി ചേര്‍ന്ന്‌ ഈ യുവാവ്‌ ഒരു ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റി തുടങ്ങിയാല്‍ അതെന്തായിരുക്കും എന്ന്‌ ഊഹിക്കാമല്ലോ, 'ആന്റി മലബാര്‍'. രണ്ടുപേര്‍ മാത്രമേ മൂന്നാഴ്ചയായിട്ടും കമ്മ്യൂണിറ്റിയില്‍ ചേര്‍ന്നിട്ടുള്ളൂ.

എന്തുകൊണ്ട്‌ 'ആന്റിമലബാര്‍' എന്നകാര്യം കമ്മ്യൂണിറ്റിയുടെ പേജില്‍ വിശദീകരിക്കുന്നുണ്ട്‌. അതില്‍ ചില വരികള്‍ ഇവിടെ ചേര്‍ക്കാം.

'മലബാര്‍ ഒരു നരകമാണ്‌.
ഇവിടെ ചൂര മീനില്ല,
കൊള്ളാവുന്ന ഒരു തീയേറ്ററില്ല,
കണ്ണില്‍ കണ്ട എന്തിനെയും ഇവര്‍ പിടിച്ച്‌ ഉപ്പിലിടും; ലെഡും ജിലേബിയും വരെ!'. എങ്ങനെയുണ്ട്‌.

ജയിംസ്‌ വാട്സണും കള്ളും

കേരളത്തിലെ ഒട്ടുമുക്കാലും സ്കൂളുകളും കോളേജുകളും ഓര്‍ക്കുട്ടില്‍ വിര്‍ച്വല്‍ രൂപത്തില്‍ കമ്മ്യൂണിറ്റികളായി പുനര്‍ജനിച്ചു കഴിഞ്ഞു. വിദ്യാലയങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കൊള്ളാവുന്ന സാസ്കാരിക സ്ഥാപനങ്ങള്‍ കള്ളുഷാപ്പുകളാണ്‌. ക്ലാസ്മേറ്റ്സ്‌ കഴിഞ്ഞാല്‍ ഗ്ലാസ്മേറ്റ്സ്‌. 'കള്ളും കപ്പേം മത്തിക്കറിയും' എന്നാണ്‌ നവംബര്‍ 28-ന്‌ ഓര്‍ക്കുട്ടില്‍ രൂപപ്പെട്ട ഒരു കമ്മ്യൂണിറ്റിയുടെ പേര്‌. ഒരേ കള്ളുഷാപ്പില്‍ വന്നു പോയ കുടിയന്‍മാര്‍ക്ക്‌ ബന്ധപ്പെടാന്‍ ആ ഷാപ്പിന്റെ നമ്പറില്‍ ഒരു ഓര്‍ക്കുട്ട്‌ കമ്മ്യൂണിറ്റി തുടങ്ങിയാല്‍ മതി. അത്‌ പിന്നെ എത്രവേണമെങ്കിലും വികസിപ്പിക്കാം.

ഡി.എന്‍.എ യ്ക്ക്‌ പിരിയന്‍ ഗോവണിയുടെ (ഡബിള്‍ ഹെലിക്സ്‌) ആകൃതിയാണെന്നു കണ്ടുപിടിച്ചത്‌ ജയിംസ്‌ വാട്സണും ഫ്രാന്‍സിസ്‌ ക്രിക്കും ചേര്‍ന്നാണ്‌; 1953ല്‍ (മനുഷ്യന്‍ ആദ്യമായി എവറസ്റ്റുകൊടുമുടി കീഴടക്കിയതും ആ വര്‍ഷമായിരുന്നു). ഇവരില്‍ ജയിംസ്‌ വാട്സണ്‍ തിരുവനന്തപുരത്ത്‌ വന്നിട്ടുണ്ട്‌. അന്ന്‌ അദ്ദേഹത്തെ ഏറ്റവും അത്ഭുതപ്പെടുത്തിയത്‌ തെങ്ങിന്റെ കുലയില്‍ കലം വെച്ച്‌ എങ്ങനെ കള്ളെടുക്കാന്‍ കഴിയുന്നു എന്ന കാര്യമാണെന്ന്‌, വാട്സനെ കാണാന്‍ പോയ പത്രപ്രവര്‍ത്തകനായ ശശിധരന്‍ മങ്കത്തില്‍ പറയുന്നു.

കള്ളെന്നു വെച്ചാല്‍ സായ്പിന്‌ ഇത്ര അത്ഭുതകരമായ സംഗതിയായതിനാല്‍, താമസിയാതെ ഓര്‍ക്കുട്ടിലെ 'കള്ള്‌ കമ്മ്യൂണിറ്റി'കളെ കുറിച്ച്‌ പാശ്ചാത്യ സര്‍വകലാശാലകളിലെവിടെയെങ്കിലും ഗവേഷണം ആരംഭിച്ചേക്കാം. നല്ല ഗവേഷണമാണെങ്കില്‍ നോബല്‍ സമ്മാനം പോലും കിട്ടിക്കൂടെന്നില്ല. കള്ളുകമ്മ്യൂണിറ്റിക്കാരാകുന്നത്‌ നോബല്‍സമ്മാനവുമായി ബന്ധപ്പെട്ട കാര്യമാണെന്ന്‌ പക്ഷേ, ഏതെങ്കിലും കുടിയന്‌ നിശ്ചയമുണ്ടോ എന്നേ സംശയമുള്ളൂ.

ഓര്‍ക്കുട്ട്‌ അടയാളങ്ങളുടെ ലോകം

രോ കമ്മ്യൂണിറ്റി തുടങ്ങുമ്പോഴും, ഓര്‍ക്കുട്ടിന്റെ ഉടമസ്ഥരായ ഗൂഗിളിന്‌ കാശുണ്ടാക്കാന്‍ ഒരു പഴുതുകൂടി തുറന്നുകിട്ടുന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. ഓര്‍ക്കുട്ടിലെ ഒരാളുടെയും പേജില്‍ 'സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ ' എന്ന പേരില്‍ പരസ്യം കാണാറില്ല. പക്ഷേ, കമ്മ്യൂണിറ്റി പേജില്‍ ഉണ്ട്‌. കമ്മ്യൂണിറ്റി പേജുകള്‍ വഴിയാണ്‌ ഗൂഗിള്‍ ഓര്‍ക്കുട്ടില്‍ നിന്ന്‌ പണമുണ്ടാക്കുന്നത്‌.

എന്തുകൊണ്ട്‌ ഓര്‍ക്കുട്ട്‌ എന്ന കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക്‌ ഇത്രയേറെ പ്രിയങ്കരമാകുന്നു. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഓര്‍ക്കുട്ട്‌ മാറുന്നതിന്‌ പിന്നിലെ രഹസ്യമെന്താണ്‌. ഒരു പക്ഷേ, ഇ-മെയിലിനു ശേഷം നെറ്റില്‍ ഇത്രമാത്രം സ്വീകരിക്കപ്പെട്ട സര്‍വീസുകള്‍ കുറവായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാം എന്നൊക്കെ പലരും പറയാറുണ്ട്‌; ഓര്‍ക്കുട്ടിന്റെ പ്രത്യേകതയായി. അത്‌ ശരിയുമാണ്‌. പക്ഷേ, അതുമാത്രമല്ല ഓര്‍ക്കുട്ടിന്റെ വിജയത്തിന്‌ കാരണം. ഒരാളെ ഒറ്റയടിക്ക്‌ പ്രശസ്തനാക്കുന്നു ഓര്‍ക്കുട്ട്‌. 50 സുഹൃത്തുക്കളെ ഒരാള്‍ക്ക്‌ നേടാന്‍ കഴിഞ്ഞാല്‍, അത്രയും പേര്‍ക്കിടയില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കാം. സുഹൃത്തുക്കളൊക്കെ തന്റെയൊപ്പമുണ്ടെന്ന്‌ ഒരു തോന്നലും മനസിലുദിക്കും.

പക്ഷേ, ഇതിനും അപ്പുറത്ത്‌ ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. അടയാളങ്ങളിലൂടെയാണ്‌ ഒരാള്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നത്‌. അതുകൊണ്ടാണ്‌ നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറി പോലെ അയല്‍ക്കാരന്റെ സ്വീകരണമുറി കാണപ്പെടാത്തത്‌. നിങ്ങളുടെ മുറി അലങ്കരിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടവയായിരിക്കും. നിങ്ങളുടെ പേരായിരിക്കും അവിടെ വാതിലിന്‌ മുന്നിലുണ്ടാവുക. എന്നുവെച്ചാല്‍ നിങ്ങളെ സംബന്ധിച്ച ഒരു അടയാളസങ്കേതമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. നമ്മള്‍ ചെല്ലുന്നിടത്തൊക്കെ ഇത്തരം ഒരു അടയാളപ്പെടുത്തല്‍ സ്വാഭാവികം മാത്രം.

ഒരാള്‍ക്ക്‌ തന്റെ അടയാളസങ്കേതം ഒരു പത്യേക സുരക്ഷിതത്വം നല്‍കുന്നു, ആശ്വാസം നല്‍കുന്നു, സന്തോഷം നല്‍കുന്നു. ആ അടയാളങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കണമെന്നും മിക്കവരും ആഗ്രഹിക്കുന്നു.മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവികളുടെയും ആദിമജൈവചോദനയില്‍ ഈ അടയാളപ്പെടുത്തലിന്റെ പ്രേരണ അടങ്ങിയിട്ടുണ്ടെന്ന്‌ ഡെസ്മെണ്ട്‌ മൊറിസ്‌ 'ഹുമണ്‍ സൂ' എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്നു പോകുന്നതിനിടെ നായ വേലിക്കല്ല്‌ കണ്ടാല്‍ കാലു പൊന്തിച്ച്‌ മൂത്രമൊഴിക്കുന്നത്‌ ഈ ചോദനയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന്‌ അദ്ദേഹം പറയുന്നു. ആ ജീവി തന്റേതായ ഒരു അടയാളം അവിടെ സ്ഥാപിക്കുകയാണ്‌. സ്വന്തം ഫോട്ടോ എടുത്ത്‌ വേലിക്കല്ലില്‍ തൂക്കാന്‍ നായയ്ക്കാവില്ലല്ലോ.

ഈ ചോദന ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ മനുഷ്യന്‌ അവസരം തരുന്നു ഓര്‍ക്കുട്ട്‌. നിങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടചിത്രങ്ങള്‍, ഇഷ്ടചങ്ങാതികള്‍, ഇഷ്ടവാക്യങ്ങള്‍,... എല്ലാം അവിടെ അടയാളപ്പെടുത്താം. മറ്റുള്ളവര്‍ക്കു മുന്നില്‍. അടയാളങ്ങളുടെ ഒരു വിര്‍ച്വല്‍ലോകം.. ഒരു സുരക്ഷിത സങ്കേതം. ഓര്‍ക്കുട്ടിന്റെ ഉപജ്ഞേതാവ്‌ തുര്‍ക്കിക്കാരനായ ഓര്‍ക്കുട്‌ ബുയുക്കൊക്ടേന്‍ ആണ്‌. അദ്ദേഹം ഇതൊക്കെ ആലോചിച്ചാണോ ഓര്‍ക്കുട്‌ രൂപപ്പെടുത്തിയതെന്നറിയില്ല.