Thursday, April 11, 2013

ഫോണേതായാലും, ഒഎസ് നന്നായാല്‍ മതി!

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഫിബ്രവരി 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
തിരുവനന്തപുരം ഭാഗത്ത് ബസ് യാത്രയ്ക്കിടെ മുന്‍സീറ്റിലിരുന്ന പയ്യനും നാല്പതുകാരനും നമ്മില്‍ നടന്ന ഡയലോഗ്-

'അണ്ണാ, പുതിയ ഫോണെങ്ങനെ' -പയ്യന്‍

'ഓ, എന്തിരു പറയാനെടേ......സംഭവം കൊള്ളാം. പക്ഷേ, എന്റെ മോന്‍ പറയണത് ഇത് വാങ്ങിയ കാശിന് രണ്ട് ഗാലക്‌സി, എന്തോന്ന് ഗാലക്‌സി വൈ വാങ്ങാരുന്നെന്ന്' - നാല്പതുകാരന്‍

'അണ്ണന്‍ വാങ്ങിയത് ഗാലക്‌സി ഡുവോസ് അല്ലേ. അതില് ആന്‍ഡ്രോയ്ഡ് നാലല്ലേ അണ്ണാ. വൈയിലാണെങ്കില്‍ വെറും ജിഞ്ചര്‍ബ്രഡ്!' - പയ്യന്‍

'ബ്രെഡ്ഡോ ഓംലെറ്റോ....ചെല്ലാ, എനിക്കിതത്ര പിടിയില്ല. ഈ കാശിന് രണ്ടെണ്ണം വാങ്ങാരുന്നെന്ന് മോന്‍ പറഞ്ഞപ്പോള്‍, അതുകേട്ട് അമ്മായിയമ്മ പറയുകാണ്, അവര്‍ക്കും വേണമായിരുന്നു ഒരു ക്യാമറഫോണ്‍ എന്ന്. രണ്ടെണ്ണം വാങ്ങിയിരുന്നെങ്കില്‍ ഒന്ന് അവര്‍ക്കെടുക്കാമായിരുന്നു പോലും!'-നാല്‍പ്പതുകാരന്‍.

'അണ്ണന്‍ പേടിക്കണ്ട, ഉടന്‍ പുതിയ സംഭവങ്ങള്‍ വരികല്ലേ - ഫയര്‍ഫോക്‌സ്, ഉബുണ്ടു ഒക്കെ'-പയ്യന്‍

'അനിയാ, ഇപ്പോള്‍ തന്നെ പുലിവാല് പിടിച്ചപോലെയായി. ഇനി ഇത്തരം വെടിഗുണ്ടു സാധനങ്ങള്‍ക്കൂടി വന്നാല്‍ എന്തിരാകുമോ എന്തോ'-നാല്പതുകാരന്‍

അവസാനം കാര്യങ്ങള്‍ അവിടെ എത്തിയിരിക്കുന്നു, മേല്‍പ്പറഞ്ഞ സംഭാഷണം കേള്‍ക്കാനിടയായ ഈയുള്ളവന്‍ മനസിലോര്‍ത്തു. കമ്പനിയും ഫോണുമൊന്നുമല്ല, അതിലെ ഒഎസ് അഥവാ ഓപ്പറേറ്റിങ് സിസ്റ്റം ആണ് പ്രധാനം എന്നായിരിക്കുന്നു.

'ഫോണേതായാലും, ഒഎസ് നന്നായാല്‍ മതി' എന്ന് പുതിയൊരു ആപ്തവാക്യം കൂടി രൂപപ്പെടുത്താം!

2007 ന് മുമ്പ് ലോകം എത്ര ലളിതമായിരുന്നു, ഞാനോര്‍ത്തു. ഒഎസ് എന്നു പറഞ്ഞാല്‍, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രേമികള്‍ക്കാണെങ്കില്‍ ലിനക്‌സ്. കാശുകാര്‍ക്കും പത്രാസുകാര്‍ക്കും ആപ്പിളിന്റെ മാക്. തീര്‍ന്നു. ഇതെല്ലാം ഡെസ്‌ക് ടോപ്പുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കുമുള്ള ഒഎസുകള്‍. കൂടുതല്‍ തല പുകയ്‌ക്കേണ്ട കാര്യമില്ലായിരുന്നു.

അന്നും മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. പക്ഷേ, മൊബൈല്‍ ഒഎസിനെക്കുറിച്ചോര്‍ത്ത് ആരും വ്യാകുലപ്പെട്ടിരുന്നില്ല. സിമ്പിയന്‍, പാം എന്നൊക്കെ ചില ടെക്കികള്‍ പറഞ്ഞിരുന്നു എന്നുമാത്രം.

എന്നാല്‍, 2007 ല്‍ കഥ മാറി. ആ ജനവരി 9 ന് 'മാക്‌വേള്‍ഡ് കോണ്‍ഫറന്‍സ് എക്‌സ്‌പോ'യില്‍ ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെട്ടു.

അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് നടത്തിയ ഐഫോണ്‍ അവതരണം യുട്യൂബിലുണ്ട്. അപ്രതീക്ഷിതമായ ഭാവി മുന്നിലെത്തുമ്പോള്‍, അതിനെ സ്വാഗതം ചെയ്യണോ നിരാകരിക്കണോ എന്നറിയാതെ സംഭ്രമത്തിലാകുന്ന അവസ്ഥയാണ് 'ഫ്യൂച്ചര്‍ ഷോക്ക്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ ആല്‍വിന്‍ ടോഫഌ വിവരിക്കുന്നത്. അത്തരമൊരു 'ഭാവിസംഭ്രമം' സ്റ്റീവ് സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് ആ വീഡിയ വിളിച്ചോതുന്നു.

'എല്ലായ്‌പ്പോഴും വിപ്ലവകരമായ ഒരു ഉത്പന്നം എല്ലാറ്റിനെയും മാറ്റിമറിക്കാനായി പ്രത്യക്ഷപ്പെടുന്നു' എന്ന പ്രസ്താവനയോടെ സ്റ്റീവ് ആരംഭിക്കുന്ന ഐഫോണ്‍ അവതരണം, മുമ്പ് മകിന്റോഷ് വഴി ആപ്പിള്‍ എങ്ങനെ കമ്പ്യൂട്ടര്‍ വ്യവസായത്തെയാകെ മാറ്റിത്തീര്‍ത്തുവെന്നും, ഐപോഡ് എന്ന ഐതിഹാസിക മ്യൂസിക് പ്ലെയര്‍ വഴി സംഗീതവ്യവസായം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മുന്നേറുന്നത്.

'ആ ക്ലാസില്‍ പെടുന്ന വിപ്ലവകരമായ മൂന്ന് ഉത്പന്നങ്ങളാണ് ഞങ്ങളിന്ന് അവതരിപ്പിക്കുന്നത്. അതില്‍ ആദ്യത്തേത് വലിയ ടച്ച്‌സ്‌ക്രീനോടു കൂടിയ ഒരു ഐപോഡ്. രണ്ടാമത്തേത് വിപ്ലവകരമായ ഒരു മൊബൈല്‍ ഫോണ്‍. മൂന്നാമത്തേത് വലിയ മുന്നേറ്റമാകുന്ന ഇന്റര്‍നെറ്റ് ഉപകരണം' - സ്റ്റീവ് പറഞ്ഞു.

ആ വാക്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിട്ട് അദ്ദേഹം തനത് ശൈലിയില്‍ സദസ്സിനോട് ചോദിച്ചു : 'നിങ്ങള്‍ക്കിത് മനസിലാകുന്നുണ്ടോ? മൂന്ന് വ്യത്യസ്ത ഉപകരണങ്ങളല്ലിത്, ഇത് ഒറ്റ ഉപകരണമാണ്. ഞങ്ങളതിനെ ഐഫോണ്‍ എന്ന് വിളിക്കുന്നു'. സ്‌റ്റേജില്‍ സ്റ്റീവിന് പിന്നിലെ സ്‌ക്രീനില്‍ ഐഫോണിന്റെ വലിയ ചിത്രം തെളിഞ്ഞു. ഐഫോണ്‍ എന്ന പേര് ലോകം ആദ്യമായി കേട്ടു. 

ഭാവിയാണ് തങ്ങളുടെ മുന്നില്‍ തെളിയുന്നതെന്നും, മൊബൈല്‍ കമ്പ്യൂട്ടിങിന്റെ പുത്തന്‍ യുഗമാണ് ഉത്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അന്ന് മിക്കവരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എങ്കിലും, സദസ്സ് കരഘോഷത്താന്‍ പ്രകമ്പനം കൊണ്ടു.

ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിച്ചത് അങ്ങനെയാണ്. മൊബൈല്‍ ഒഎസുകളെക്കുറിച്ച് ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയതും ഐഫോണിന്റെ വരവോടെ തന്നെ.

ഐഫോണ്‍, ഐപോഡ് ടച്ച്, ഐപാഡ്, ആപ്പിള്‍ ടിവി എന്നീ ഉപകരണങ്ങളുടെ അത്മാവായി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം അഥവാ ഐഒഎസ് ( iOS ) ആപ്പിള്‍ വികസിപ്പിച്ചത് കമ്പനിയുടെ 'മാക് ഒഎസ് എക്‌സി'ല്‍ നിന്നാണ്.

ലോകം കണ്ട ആദ്യ മൊബൈല്‍ ഒഎസ് ആയിരുന്നില്ല ഐഒഎസ്. സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകള്‍ മുമ്പും ഉണ്ടായിരുന്നു. ആദ്യ സ്മാര്‍ട്ട്‌ഫോണായ 'ഐബിഎം സിമോണ്‍' (1993) തന്നെ ടച്ച്‌സ്‌ക്രീനും ഈമെയില്‍ സംവിധാനവുമുള്ള ഫോണായിരുന്നു. 'നോക്കിയ എസ്40' (1999), 'എറിക്‌സണ്‍ ആര്‍ 380' ഫോണിലൂടെ ആദ്യമായി രംഗത്തെത്തിയ സിമ്പിയന്‍ (2000), ബ്ലാക്ക്ബറി (2002), നോക്കിയയുടെ മീമോ (2005) ഒക്കെ ഐഒഎസിന് മുമ്പ് രംഗത്തെത്തിയവയാണ്.
പക്ഷേ, യഥാര്‍ഥ മൊബൈല്‍ ഒഎസ് എങ്ങനെയായിരിക്കണം എന്ന് ഐഒഎസ് ആണ് ലോകത്തിന് കാട്ടിക്കൊടുത്തത്. ഐഫോണിനായി ആപ്പിള്‍ പുതിയതായി ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് പറയാറുണ്ട്. ശരിയാണ്. പക്ഷേ, എല്ലാറ്റിനെയും ഉപഭോക്താവിന്റെ സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് നവീകരിക്കാന്‍ സ്റ്റീവ് ജോബ്‌സിനും സംഘത്തനുമായി. പിന്നീട് രംഗത്തെത്തിയ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകളിലും ഐഒഎസ് വലിയ തോതില്‍ സ്വാധീനം ചെലുത്തി.

വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തെക്കുറിച്ച് ആപ്പിളിനെപ്പോലെ തന്നെ ധാരണയുണ്ടായിരുന്നു മറ്റൊരു കമ്പനിയുണ്ടായിരുന്നു. അത് അക്കാലത്ത് മൊബൈല്‍ രംഗവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഗൂഗിള്‍ ആയിരുന്നു. ആന്‍ഡ്രോയ്ഡ് എന്ന മൊബൈല്‍ സോഫ്റ്റ്‌വേര്‍ കമ്പനിയെ 2005 ല്‍ ഗൂഗിള്‍ ഏറ്റെടുത്ത് സ്വന്തമാക്കിയിരുന്നു.

ഐഫോണ്‍ രംഗത്തെത്തിയ 2007 ല്‍ തന്നെ, സോണി, എച്ച്ടിസി, ഡെല്‍, ഇന്റല്‍, മോട്ടറോള, സാംസങ്, എല്‍ജി എന്നിങ്ങനെ ഡസണ്‍ കണക്കിന് ഐടി കമ്പനികളെ സഹകരിപ്പിച്ച് ഗൂഗിളിന്റെ നേതൃത്വത്തില്‍ 'ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ്' നിലവില്‍ വന്നു. സൗജന്യ മൊബൈല്‍ ഒഎസ് ആയ ആന്‍ഡ്രോയ്ഡിന്റെ വികസനവും ഉപയോഗവുമായിരുന്നു ആ കൂട്ടായ്മയുടെ ലക്ഷ്യം.

അങ്ങനെ ഗൂഗിളും മൊബൈല്‍ രംഗത്ത് എത്തി. ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 1.0 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ടിസി ഡ്രീം (2008) ആയിരുന്നു വിപണിയിലെത്തിയ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍. പിന്നീട് കണ്ടത് ഒരു ആന്‍ഡ്രോയ്ഡ് പ്രളയമാണ്. ഒട്ടേറെ റേഞ്ചുകളിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിവിധ കമ്പനികള്‍ രംഗത്തെത്തിച്ചു. സാംസങിനെപ്പോലൊരു കമ്പനിയെ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാക്കി മാറ്റാന്‍ സഹായിച്ചത് ആന്‍ഡ്രോയ്ഡ് ഫോണുകളാണ്. ഇന്നിപ്പോള്‍, ക്യാമറയിലേക്കും ടിവിയിലേക്കും പ്രൊജക്ടറുകളിലേക്കും, എന്തിന് ഫ്രിഡ്ജിലേക്ക് പോലും ആന്‍ഡ്രോയ്ഡ് കുടിയേറുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

ആപ്പിളുമായി നേരിട്ടുള്ള മത്സരത്തിലേക്കാണ് ആന്‍ഡ്രോയ്ഡ് ഗൂഗിളിനെ നയിച്ചത്. ഐഒഎസിനെ അനുകരിച്ചാണ് ആന്‍ഡ്രോയ്ഡ് രൂപപ്പെടുത്തിയതെന്ന് സ്റ്റീവ് ജോബ്‌സ് തുറന്നാക്ഷേപിച്ചു. 'ശരിക്കും അതൊരു (ആന്‍ഡ്രോയ്ഡ്) മോഷണവസ്തുവാണ്' -സ്റ്റീവ് മരിക്കുന്നതിന് മുമ്പ് പ്രസ്താവിച്ചു. അതില്‍ കുറച്ച് വാസ്തവവുമുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡിനെതിരെ ഒരു 'ആണവയുദ്ധ'ത്തിന് പോലും താന്‍ സന്നദ്ധനാണെന്ന് ജീവചരിത്രകാരനായ വള്‍ട്ടര്‍ ഇസാക്‌സനോട് സ്റ്റീവ് പറഞ്ഞു.

മത്സരം മുറുകുന്തോളും ആപ്പിളും ഗൂഗിളും തമ്മിലുള്ള ശത്രുതയും വര്‍ധിച്ചു. ടെക്‌നോളജി രംഗത്ത് ഇന്ന് നടക്കുന്ന പേറ്റന്റ് യുദ്ധങ്ങളുടെ യാഥാര്‍ഥ പശ്ചാത്തലം തേടിയാല്‍ എത്തുക ഈ ശത്രുതയിലേക്കായിരിക്കും.

ഐഫോണും ആന്‍ഡ്രോയ്ഡും അരങ്ങു തകര്‍ക്കുമ്പോള്‍, ടെക് രംഗത്ത് വലിയ കൊമ്പന്‍മാരായിരുന്ന പല കമ്പനികള്‍ക്കും വെറും കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. മൊബൈല്‍ രംഗത്ത് എന്തു ചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പത്തിലായി മൈക്രോസോഫ്റ്റ്. കൊമ്പും ചിറകുമൊടിഞ്ഞ് ചോര കിനിയുന്ന അവസ്ഥയിലായി ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ നോക്കിയ. ബ്ലാക്ക്ബറിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു.

മൊബൈല്‍ ഒഎസുകള്‍ തന്നെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കും ജീവനേകാന്‍ തുടങ്ങിയതോടെ ഒരുകാര്യം വ്യക്തമായി. പരമ്പരാഗത കമ്പ്യൂട്ടര്‍രംഗം മൊബൈലിലേക്ക് സംക്രമിച്ചിരിക്കുന്നു. മൊബൈലാണ് ഭാവി. ആപ്പിളിനും ഗൂഗിളിനും അത് തിരിച്ചറിയാന്‍ കഴിഞ്ഞു. മൈക്രോസോഫ്റ്റ് അത് മനസിലാക്കാന്‍ വൈകി. എങ്കിലും, 2010 ഫിബ്രവരിയില്‍ അവവതരിപ്പിച്ച വിന്‍ഡോസ് ഫോണ്‍ ഒഎസിന്റെയും, ആ ഒഎസിനായ നോക്കിയയുമായുണ്ടാക്കിയ കരാറിന്റെയും സഹായത്തോടെ മൊബൈല്‍ രംഗത്ത് ശക്തി തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ് ഇപ്പോഴും. മാത്രമല്ല, ടാബ്‌ലറ്റുകള്‍ക്കും കൂടി ഉപയോഗിക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 8 ഒഎസ് മൈക്രോസോഫ്റ്റ് രംഗത്തെത്തിച്ചിരിക്കുന്നത്. മൊബൈല്‍ കമ്പ്യൂട്ടിങ് രംഗത്ത് മൈക്രോസോഫ്റ്റിനെ ഇനി അവഗണിക്കാനാകില്ല എന്ന് സാരം.

2007 ല്‍ ആരംഭിച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ ഇതുവരെ രംഗം അടക്കിവാണത് ഐഫോണും ആന്‍ഡ്രോയിഡും ആയിരുന്നു. അതിന്റെ സൂചന 2012 അവസാനം ആഗോള വിപണിയില്‍ വിവിധ മൊബൈല്‍ ഒഎസുകളുടെ വിഹിതമെത്രയെന്ന് നോക്കിയാല്‍ വ്യക്തമാകും. ആന്‍ഡ്രോയ്ഡിന്റെ വിപണി വിഹിതം 2011 ല്‍ 52. 5 ശതമാനമായിരുന്നത്, 2012 ല്‍ 72.4 ശതമാനമായി. അതേസമയം, ഐഒഎസിന്റേത് 15 ല്‍ നിന്ന് 13.9 ശതമാനമായി താണു. എങ്കിലും രണ്ട് ഒഎസുകളുടെയും കൂടി മൊത്തം വിഹിതം 86 ശതമാനത്തില്‍ കൂടുതലാണ്. അവശേഷിക്കുന്ന 14 ശതമാനം മാത്രമാണ് ബാക്കി എല്ലാ മൊബൈല്‍ ഒഎസുകള്‍ക്കും കൂടിയുള്ളത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണിന് സ്വീകാര്യത വര്‍ധിക്കുകയും, പുതിയ മൊബൈല്‍ ഒഎസുകള്‍ രംഗത്തെത്തുകയും ചെയ്യുമ്പോള്‍ ആന്‍ഡ്രോയ്ഡിനും ഐഒഎസിനും ഇപ്പോഴത്തെ അവയുടെ മൃഗീയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ കഴിയുമോ?

ഒരുപക്ഷേ, ഈ ചോദ്യത്തിന് 2013 ഉത്തരം നല്‍കിയേക്കും.

പുതിയ ഒരുപിടി മൊബൈല്‍ ഒഎസുകള്‍, അതും ഐടി രംഗത്ത് മികവ് തെളിയിച്ച ഗ്രൂപ്പുകളില്‍നിന്ന്, രംഗത്തെത്തുന്നു എന്നതാണ് 2013 ന്റെ സവിശേഷത. അതില്‍ ഏറ്റവും ശ്രദ്ധേയം രണ്ടെണ്ണമാണ് - ഉബുണ്ടു മൊബൈലും, ഫയര്‍ഫോക്‌സ് ഒഎസും. ആന്‍ഡ്രോയ്ഡ് പോലെ ലിനക്‌സ് അധിഷ്ഠിതമാണ് ഇവ രണ്ടും. മാത്രമല്ല, സ്വതന്ത്രകമ്പ്യൂട്ടിങ് ഗ്രൂപ്പുകളുടെ പിന്തുണ ഏറെയുള്ളവയാണ് രണ്ട് കമ്പനികളും.

ആന്‍ഡ്രോയ്ഡിനെയും ഐഒഎസിനെയും അപേക്ഷിച്ച് പുതുമയുള്ള ഇന്റര്‍ഫേസാണ് ഉബുണ്ടു മൊബൈലിന്റേത്. ഡ്യുവല്‍ കോര്‍ പ്രൊസസറും 512 എംബി റാമും ആണ് ഒരു ഹാന്‍ഡ്‌സെറ്റിന് ഉബുണ്ടു മൊബൈലില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കുറഞ്ഞ യോഗ്യതകളെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഉബുണ്ടുവിനായി കാര്യമായ ആപ്ലിക്കേഷനുകളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ല. ലിനക്‌സ് അധിഷ്ഠിതമാകയാല്‍, ആന്‍ഡ്രോയ്ഡ് ആപുകള്‍ ഇതിലും ഓടുമെന്നാണ് കരുതുന്നത്.

കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് പരിചിതമാണ് ഫയര്‍ഫോക്‌സ് ബ്രൗസര്‍. ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ഫലം. അതിന് പിന്നിലുള്ള മോസില്ല കമ്പനിയാണ് ക്ലൗഡ് അധിഷ്ഠിത ഫയര്‍ഫോക്‌സ് ഒഎസ് അവതരിപ്പിച്ചിട്ടുള്ളത്. അതിന്റെ പ്രധാന ഡിസൈന്‍ ഘടകങ്ങള്‍ ആന്‍ഡ്രോയ്ഡിനോട് സാമ്യമുള്ളവയാണ്. എച്ച്ടിഎംഎല്‍, സിഎസ്എസ്, ജാവാ സ്‌ക്രിപ്റ്റ് തുടങ്ങിയ വെബ് സ്റ്റാന്‍ഡേര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് ഈ മൊബൈല്‍ ഒഎസ് രൂപപ്പെടുത്തിയിട്ടുള്ളത്. ക്ലൗഡ് അധിഷ്ഠതമാകയാല്‍ കുറഞ്ഞ വിലയ്ക്ക് ഫയര്‍ഫോക്‌സ് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയും. ഒട്ടേറെ മൊബൈല്‍ സര്‍വീസ് കമ്പനികളും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഫയര്‍ഫോക്‌സ് ഒഎസിന് ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

2013 ലെ മറ്റൊരു മൊബൈല്‍ ഒഎസ് ആയ ബ്ലാക്ക്ബറി 10 ഇതിനകം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. പുതിയ ഒഎസ് അവതരിപ്പിച്ചതിനൊപ്പം, ബ്ലാക്ക്ബറി സൃഷ്ടാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അതിന്റെ പേര് 'ബ്ലാക്ക്ബറി'യെന്ന് മാറ്റുകയും ചെയ്തു. നവസ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ ബ്ലാക്ക്ബറി നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള അവസാനത്തെ ശ്രമമെന്നാണ് ബ്ലാക്ക്ബറി 10 ന്റെ പിറവി വിലയിരുത്തപ്പെടുന്നു. ബ്ലാക്ക്ബറി ഹബ്ബ്, ഫ്‌ളോ യുഐ, ആക്ടീവ് ഫ്രെയിംസ് തുടങ്ങി ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് ബ്ലാക്ക്ബറി 10 ന്റെ വരവ്. ഉപഭോക്താക്കള്‍ എങ്ങനെ ബ്ലാക്ക്ബറി 10 നെ ഏറ്റെടുക്കും എന്നേ ഇനി അറിയേണ്ടതുള്ളൂ.

ഇതുകൊണ്ടും തീരുന്നില്ല 2013 ലെ അവതാരങ്ങള്‍. നോക്കിയയുടെ മീഗോ ഉപയോഗിച്ച് ഒരു എച്ച്ടിഎംഎല്‍ 5 മൊബൈല്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്താന്‍ സാംസങും ഇന്റലും കൈകോര്‍ത്തിന്റെ ഫലമാണ് ടിസെന്‍ ( Tizen ) ഒഎസ്. വെറുമൊരു മൊബൈല്‍ ഒഎസ് അല്ല ഇത്. ആന്‍ഡ്രോയ്ഡിനെപ്പോലെ, മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ടെലിവിഷനുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടും. ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നവര്‍ക്കായി ടിസെന്റെ 'സോഫ്റ്റ്‌വേര്‍ ഡെവലപ്പ്‌മെന്റ് കിറ്റ്' (SDK) ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് ആപുകളുടെ കാര്യത്തില്‍ ആന്‍ഡ്രോയ്ഡിനെക്കാളും മികച്ച സുരക്ഷിതത്വമാണ് ടിസെന്‍ വാഗ്ദാനം ചെയ്യുന്നത്. ടിസെന്‍ അധിഷ്ഠിതമായ ഒരു സാംസങ് ഗാലക്‌സി എസ് 3 ഫോണ്‍ അണിയറയില്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

നോക്കിയയുടെ മീഗോ ഒഎസ് അടിസ്ഥാനമാക്കിയ മറ്റൊരു മൊബൈല്‍ ഒഎസ് കൂടി താമസിയാതെ രംഗത്തെത്തും - സാലിഫിഷ് ( Salifish ) ഒഎസ്. മീഗോയ്ക്ക് വേണ്ടി നോക്കിയയില്‍ പ്രവര്‍ത്തിച്ച ഡെവലപ്പര്‍മാരാണ് പുതിയ സംരംഭത്തിന് പിന്നില്‍. 'ജോല്ല' (Jolla) എന്ന പേരിലുള്ള കമ്പനിയാണ് സാലിഫിഷ് പുറത്തിറക്കുന്നത്. ആന്‍ഡ്രോയ്ഡില്‍നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനവും ഇന്റര്‍ഫേസും സാധ്യമാകാന്‍ പാകത്തിലാണ് ഈ ഒഎസിന്റെ സൃഷ്ടി. ആം (ARM), ഇന്റര്‍ ചിപ്പുകളെ പിന്തുണയ്ക്കുന്നതാകും സാലിഫിഷ്. മള്‍ട്ടിടാസ്‌ക്കിങ് അനായാസം നടക്കും, കസ്റ്റമറൈസേഷന്‍ എത്ര വേണമെങ്കിലുമാകാം.

കഴിഞ്ഞ നവംബറില്‍ ആദ്യ സാലിഫിഷ് ഫോണ്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും, അത്തരം ഫോണുകളുടെ കാര്യമായ ഉത്പാദനം 2014 ലേ ആരംഭിക്കൂ. ക്യാമറകള്‍, ടെലിവിഷന്‍ തുടങ്ങി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ പാകത്തിലാണ് സാലിഫിഷ് എത്തുക.

പുതിയ ഒഎസുകളില്‍ മിക്കതും ആന്‍ഡ്രോയ്ഡിനോട് മുട്ടാനാണ് എത്തുന്നത് എന്നകാര്യം ശ്രദ്ധിക്കുക. മത്സരം മുറുകും, തീര്‍ച്ച.

മൊബൈല്‍ ഒഎസുകളുടെ പുതിയ കാലത്തിലേക്കാണ് 2013 ഓടെ ലോകം പ്രവേശിക്കുക എന്നു സാരം. ഉപഭോക്താക്കളെ സംബന്ധിച്ച് തിരഞ്ഞെടുപ്പിന് കൂടുതല്‍ അവസരങ്ങളുണ്ടാകും. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വൈവിധ്യമേറും. ഇന്നവേഷന്റെ തോത് വര്‍ധിക്കും. കുറഞ്ഞ വിലയ്ക്ക് മികച്ച ഫോണ്‍ തിരഞ്ഞെടുക്കാനാകും. തീര്‍ച്ചയായും ഇത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

(അവലംബം, കടപ്പാട്: 1. Steve Jobs (2011), by Walter Isaacson; 2. Google Enters the Wireless World, by Miguel Helft and John Markoff, New York Times, Nov 5, 2007; 3. Wikipedia.org; 4. MB4Tech.com)