Sunday, April 29, 2007

വൈദ്യുതികൊണ്ട്‌ പകരം വയ്‌ക്കാന്‍ കഴിയാത്തത്‌

നശിപ്പിക്കാന്‍ പാടില്ലാത്തത്ര അമൂല്യമാണ്‌ സൈലന്റ്‌ വാലിയിലെ മഴക്കാടുകളെന്ന്‌ നമ്മുടെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എത്രയായിട്ടും മനസിലാകുന്നില്ല. ഉറക്കം നടിക്കുകയാണവര്‍. അല്ലെങ്കില്‍ പാത്രക്കടവ്‌ പദ്ധിക്കുള്ള നീക്കവുമായി വീണ്ടും രംഗത്തെത്തില്ലായിരുന്നു. പാത്രക്കടവ്‌ പദ്ധതി സൈലന്റ്‌ വാലിക്ക്‌ ഒരു ദോഷവും ചെയ്യില്ല എന്നവര്‍ ആണയിടുന്നു. ആ വാദം പ്രകൃതിയെ സംബന്ധിച്ച പ്രാഥമിക അറിവുകള്‍ക്കും ശാസ്‌ത്രത്തിനു തന്നെയും എതിരാണെന്നു പറയുന്നവര്‍ വികസനവിരുദ്ധരെന്ന്‌ എളുപ്പം മുദ്രകുത്തപ്പെടുന്നു.

"എന്താണ്‌ പാത്രക്കടവ്‌ വന്നാല്‍ സൈലന്റ്‌ വാലിക്ക്‌ സംഭവിക്കുക? പാത്രക്കടവില്‍ വെറും എഴുപത്‌ മെഗാവാട്ട്‌ വൈദ്യുതിക്കു വേണ്ടി ഒരു അണക്കെട്ടുണ്ടാക്കിയാല്‍, ആ പ്രവര്‍ത്തിയുടെ നേരിട്ടുള്ളതും അല്ലാത്തതുമായ ആഘാതം സൈലന്റ്‌ വാലി ഇക്കോവ്യൂഹത്തിന്‌ ഏല്‍ക്കേണ്ടി വരും. ഇത്‌ ഒരു വെളിപാടല്ല. ശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തില്‍ ലോകമെമ്പാടും നടന്നിട്ടുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌ അതാണ്‌. ഒരു ഇക്കോവ്യൂഹത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഉണ്ടാകുന്ന ഒരു ചെറിയ പരിക്കുപോലും ആ ഇക്കോവ്യൂഹത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാക്കും. അത്‌ ഒരു വന്‍കിട ആഘാതത്തിന്‌ വഴിയൊരുക്കും"-പ്രൊഫ. എം.കെ. പ്രസാദ്‌ പറയുന്നു (മാതൃഭൂമി 28 ഏപ്രില്‍ 2007).


കേരളത്തിലെ ഒരു പുഴയെപ്പോലും വെറുതെവിടരുതെന്നാണോ നമ്മള്‍ വാദിക്കുന്നത്‌. എല്ലാ പുഴയും തീരുമ്പോള്‍ പിന്നെയെന്തുചെയ്യും. ഏതായാലും ഒരു കാര്യം വ്യക്തം, പാത്രക്കടവ്‌ പദ്ധതിയില്‍ നിന്ന്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന എഴുപത്‌ മെഗാവാട്ട്‌ വൈദ്യുതിയല്ല, ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നവരെ ആകര്‍ഷിക്കുന്നത്‌. പദ്ധതിച്ചെലവ്‌ 420 കോടി വരുമെന്ന കാര്യമാണ്‌ പലരുടെയും വായില്‍ വെള്ളമൂറാന്‍ കാരണം. "കേരളത്തില്‍ 66 ലക്ഷം ബള്‍ബുകള്‍ മാറ്റി സി.എഫ്‌.എല്‍. ഉപയോഗിച്ചാല്‍ 13 പാത്രക്കടവ്‌ പ്രോജക്ടുകള്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി ലാഭിക്കാം"-എന്ന പ്രൊഫ.പ്രസാദിന്റെ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കാന്‍ പാകത്തില്‍ എന്നാണ്‌ നമ്മള്‍ എത്തുക.


എത്ര മെഗാവാട്ട്‌ വൈദ്യുതി കൊണ്ട്‌ താഴെ കാണുന്ന ദൃശ്യങ്ങളിലെ ജൈവസമ്പന്നതയ്‌ക്ക്‌ കണക്കു തീര്‍ക്കാനാകും. സൈലന്റ്‌ വാലിയും അതുള്‍പ്പെടുന്ന ഇക്കോവ്യൂഹവും സഹസ്രാബ്ദങ്ങളായി പരിപാലിക്കുന്ന ജൈവവൈവിധ്യത്തിന്റെ അമൂല്യതയിലേക്ക്‌ ഒരു എത്തിനോട്ടം മാത്രമാണ്‌ സൈലന്റ്‌ വാലിയില്‍ നിന്ന്‌ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍. ഇതിലും എത്രയോ കൂടുതല്‍ അത്ഭുതങ്ങള്‍ അവിടെ കണ്ടെത്താനിരിക്കുന്നു. ഇതൊക്കെ വരുംതലമുറകള്‍ക്ക്‌ നിഷേധിച്ചിട്ട്‌ ഏതു വികസന സ്വര്‍ഗ്ഗത്തിലാണ്‌ നമ്മള്‍ എത്താന്‍ ശ്രമിക്കുന്നത്‌.
























ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: കേരള വനംവകുപ്പ്‌

എച്ച്‌.ഐ.വിക്ക്‌ രക്തത്തില്‍നിന്ന്‌ മരുന്ന്‌

രക്തത്തില്‍ നിന്ന്‌ എയിഡ്‌സ്‌ വൈറസിനെതിരെ ഔഷധം വികസിപ്പിക്കാന്‍ വഴി തെളിയുന്നു. എയിഡ്‌സിന്‌ കാരണമായ ഹ്യുമണ്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ്‌ (എച്ച്‌.ഐ.വി) ശരീരത്തില്‍ പെരുകുന്നത്‌ തടയാന്‍, രക്തത്തിലെ ഒരു സ്വാഭാവിക ഘടകത്തിന്‌ ശേഷിയുണ്ടെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ ജര്‍മന്‍ ഗവേഷകര്‍.

എയിഡ്‌സ്‌ പൂര്‍ണമായി ഭേദമാക്കാന്‍ ഇതുവരെ ഒരു മാര്‍ഗ്ഗവും തെളിഞ്ഞിട്ടില്ല. രക്തത്തില്‍ പുതിയതായി കണ്ടെത്തിയ ഘടകത്തിനും ആ കഴിവില്ല. എന്നാല്‍, ശരീരത്തില്‍ എയിഡ്‌സിന്റെ ആവിര്‍ഭാവം വൈകിക്കാനും എച്ച്‌.ഐ.വി.ബാധിച്ചവര്‍ക്ക്‌ സാധാരണ ജീവിതം നീട്ടിക്കിട്ടാനും സഹായിക്കുന്ന ചില വൈറസ്‌പ്രതിരോധ മരുന്നുകളുണ്ട്‌. ആ ഗണത്തിലാണ്‌ രക്തഘടകവും പെടുകയെന്ന്‌ ഗവേഷകര്‍ പറയുന്നു.

നിലവിലുള്ള വൈറസ്‌പ്രതിരോധ ഔഷധങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായ രീതിയിലാണ്‌ ഈ രക്തഘടകം പ്രവര്‍ത്തിക്കുക. ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കെതിരെ എയിഡ്‌സ്‌ വൈറസ്‌ വളരെ വേഗം പ്രതിരോധശേഷി നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഫലപ്രദമായ പുതിയൊരു വിഭാഗം മുന്നുകളുടെ വികസനത്തിന്‌ രക്തഘടകത്തിന്റെ കണ്ടെത്തല്‍ സഹായിക്കുമെന്നാണ്‌ പ്രതീക്ഷ.

രക്തത്തിലെ ചില ഘടകങ്ങള്‍ക്ക്‌ എച്ച്‌.ഐ.വി തടയാന്‍ കഴിയുമെന്ന്‌ നേരത്തെ സൂചനയുണ്ടായിരുന്നു. ആ ഘടകങ്ങളെ തിരിച്ചറിയാനായിരുന്നു, ജര്‍മനിയില്‍ യും സര്‍വകലാശാല (University of Ulm) യിലെ ഗവേഷകരുടെ ശ്രമം. സ്വന്തംനിലയ്‌ക്കു വികസിപ്പിച്ച മാര്‍ഗ്ഗമുപയോഗിച്ച്‌ അവര്‍ രക്തത്തിലെ പത്തുലക്ഷത്തോളം പ്രോട്ടീനുകളുടെ എച്ച്‌.ഐ.വി പ്രതിരോധഗുണങ്ങള്‍ പരിശോധിച്ചുവെന്ന്‌, 'സെല്‍' ഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

'വൈറസ്‌ ഇന്‍ഹിബിറ്ററി പെപ്‌റ്റൈഡ്‌'(VIRIP) എന്ന പ്രോട്ടീന്‍ഘടകം രക്തത്തില്‍ താരതമ്യേന സുലഭമാണെന്ന്‌ ഗവേഷകര്‍ കണ്ടു. ഈ പെപ്‌റ്റൈഡിലെ അമിനോആസിഡ്‌ ശൃംഗലകളില്‍ (പ്രോട്ടീനുകളുടെ അടിസ്ഥാന ഘടകം അമിനോആസിഡുകളാണ്‌) നേരിയ വ്യത്യാസം വരുത്തിയപ്പോള്‍ അതിന്റെ എച്ച്‌.ഐ.വി.പ്രതിരോധശേഷി വര്‍ധിച്ചു. രക്തത്തിലെ പ്ലാസ്‌മയില്‍ ഈ തന്മാത്രകളുടെ ചില വകഭേദങ്ങള്‍ സുസ്ഥിരമാണെന്നും, അവയുടെ സാന്ദ്രത എത്ര വര്‍ധിപ്പിച്ചാലും അത്‌ വിഷമയമാകുന്നില്ലെന്നുമുള്ള കാര്യമാണ്‌ പ്രതീക്ഷയുണര്‍ത്തുന്നത്‌.

മനുഷ്യകോശങ്ങളിലേക്ക്‌ കടന്നു കയറാന്‍ എച്ച്‌.ഐ.വി.ഉപയോഗിക്കുന്ന ഒരു പ്രത്യേകയിനം പഞ്ചസാരതന്മാത്രകളെയാണ്‌, പുതിയതായി കണ്ടെത്തിയ രക്തഘടകം ലക്ഷ്യംവെയ്‌ക്കുന്നത്‌.

ഭൂമുഖത്ത്‌ നിലവില്‍ 400 ലക്ഷം എച്ച്‌.ഐ.വി.ബാധിതരുണ്ടെന്നാണ്‌ ലോകാരോഗ്യസംഘടന(WHO)യുടെ കണക്ക്‌. അവരില്‍ ഒരു വിഭാഗത്തിന്‌ നിലവിലുള്ള വൈറല്‍പ്രതിരോധ മരുന്നുകള്‍ ഫലപ്രദമാകാത്ത സ്ഥിതിയെത്തിക്കഴിഞ്ഞു. മരുന്നുകള്‍ക്കെതിരെ എയിഡ്‌സ്‌ വൈറസ്‌ വളരെ വേഗം പ്രതിരോധശേഷി ആര്‍ജിക്കുന്നതാണ്‌ കാരണം. അത്തരക്കാര്‍ക്ക്‌ അനുഗ്രഹമാകും പുതിയ കണ്ടെത്തല്‍ എന്ന്‌ വിലയിരുത്തുപ്പെടുന്നു (അവലംബം: 'Cell' ഗവേഷണവാരിക).

Thursday, April 26, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-15: ശ്രീനിവാസ രാമാനുജന്‍


തുണിക്കടയിലെ കണക്കെഴുത്തുകാരന്റെ മകനായി പിറന്ന ശ്രീനിവാസ രാമാനുജന്‍ എഴുതിയ കണക്കുകള്‍ ഗണിതശാസ്‌ത്രത്തിന്റെ തലക്കുറിതന്നെ മാറ്റി. ആധുനിക ഭാരതം ലോകത്തിന്‌ സംഭാവന ചെയ്‌ത ഏറ്റവും വലിയ ഗണിതപ്രതിഭയാണ്‌ അദ്ദേഹം.

ലോകത്തെ ഏറ്റവും പ്രശസ്‌തനായ പേറ്റന്റ്‌ ഓഫീസ്‌ ഗുമസ്‌തനെ എല്ലാവര്‍ക്കുമറിയാം- ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍. ഒരു ക്ലാര്‍ക്കിന്‌ എങ്ങനെ ഭൗതികശാസ്‌ത്രത്തിന്റെ അത്യുന്നതിയിലെത്താം എന്നു തെളിയിച്ച മഹാപ്രതിഭ. അതുപോലെ, ഒരു ഗുമസ്‌തന്‌ എങ്ങനെ ഗണിതശാസ്‌ത്ര ചരിത്രത്തില്‍ നിസ്‌തുലസ്ഥാനം നേടാം എന്നു തെളിയിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു ശ്രീനിവാസ രാമാനുജന്‍.

തുണിക്കടയിലെ കണക്കെഴുത്തുകാരന്റെ മകനായി പിറന്ന്‌ തികഞ്ഞ ദാരിദ്ര്യത്തില്‍ വളര്‍ന്ന രാമാനുജന്‍ എഴുതിയ കണക്കുകള്‍ പക്ഷേ, ഗണിതശാസ്‌ത്രത്തിന്റെ തലക്കുറിതന്നെ മാറ്റി. ആധുനിക ഭാരതം ലോകത്തിന്‌ സംഭാവന ചെയ്‌ത ഏറ്റവും വലിയ ഗണിതപ്രതിഭയായിരുന്നു അദ്ദേഹം. 32 വര്‍ഷത്തെ ഹൃസ്വജീവിതത്തിനിടെ രാമാനുജന്‍ ഗണിച്ചുവെച്ച കണക്കുകളെ ലോകം തികഞ്ഞ ആദരവോടെയും അത്ഭുതത്തോടെയുമാണ്‌ ഇന്നും സമീപിക്കുന്നത്‌.

തമിഴ്‌നാട്ടില്‍ ഈറോഡിലെ ദരിദ്ര ബ്രാഹ്മണ കുടുംബത്തില്‍ 1887 ഡിസംബര്‍ 22-ന്‌ ശ്രീനിവാസ രാമാനുജന്‍ ജനിച്ചു. അച്ഛന്‍ ശ്രീനിവാസ അയ്യങ്കാര്‍ തുണിക്കടയില്‍ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാള്‍. രാമാനുജനു താഴെ അഞ്ചു മക്കള്‍കൂടി. സ്‌കൂളില്‍ വെച്ചേ ഗണിതമായിരുന്നു രാമാനുജന്‌ കൂട്ട്‌.

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രതിഭ മാത്രം കൈമുതലാക്കി ഗണിത പഠനം തുടര്‍ന്നു. സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904-ല്‍ കുംഭകോണം ഗവണ്‍മെന്റ്‌ കോളേജില്‍ ചേര്‍ന്നു. ഗണിതം മാത്രമായിരുന്നു ശരണം. മറ്റ്‌ വിഷയങ്ങള്‍ക്കെല്ലാം തോറ്റു. സ്‌കോളര്‍ഷിപ്പ്‌ നഷ്‌ടമായി. പഠിക്കാനാകാതെ ഒളിച്ചോട്ടം.

1906-ല്‍ മദ്രാസ്‌ പച്ചയ്യപ്പാസ്‌ കോളേജില്‍ ചേര്‍ന്നെങ്കിലും, അവിടെയും കണക്കൊഴികെ മറ്റ്‌ വിഷയങ്ങളില്‍ കണക്കു പിഴച്ചു. തോറ്റു. മദ്രാസ്‌ സര്‍വകലാശാലയില്‍ ചേരുകയെന്ന സ്വപ്‌നം പൊലിഞ്ഞു. 1909 ജൂലായ്‌ 14-നായിരുന്നു വിവാഹം. ഭാര്യ ജാനകിക്ക്‌ അന്ന്‌ പത്തു വയസ്സ്‌. ജോലി കിട്ടാതെ നിവൃത്തിയില്ല എന്ന സ്ഥിതി വന്നു.

ഗണിതശാസ്‌ത്രത്തിലെ 6000 സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ അടങ്ങിയ, ജി.എസ്‌.കാര്‍ രചിച്ച, `സിനോപ്‌സിസ്‌ ഓഫ്‌ എലിമെന്ററി റിസള്‍ട്ട്‌സ്‌ ഇന്‍ പ്യുവര്‍ മാത്തമാറ്റിക്‌സ്‌' എന്ന ഗ്രന്ഥം സ്‌കൂള്‍ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു.

പ്രഗത്ഭരായ ഗണിതജ്ഞര്‍ക്കു മാത്രം നിര്‍ദ്ധാരണം ചെയ്യാന്‍ കഴിയുന്ന ആ പ്രശ്‌നങ്ങള്‍, ഗണിതശാസ്‌ത്രമേഖലയിലെ പുതിയ പ്രവണതകളോ മുന്നേറ്റങ്ങളോ ഒന്നും അറിയാതെ രാമാനുജന്‍ ഒന്നൊന്നായി പരിഹരിച്ചു പോന്നു. ഉത്‌കൃഷ്‌ടമൊന്നുമല്ലാതിരുന്ന കാറിന്റെ പുസ്‌തകം പ്രശസ്‌തമായതു തന്നെ രാമാനുജനിലൂടെയാണ്‌.

കോളേജ്‌ പഠനം മുടങ്ങുമ്പോഴും ആ പുസ്‌തകം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ആ പുസ്‌തകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിനിടെ പുതിയ ഗണിതശ്രേണികള്‍ ഒന്നൊന്നായി രാമാനുജന്‍ കണ്ടെത്തി. `പൈ' യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിര്‍ണയിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ചു (പൈയുടെ മൂല്യം വേഗത്തില്‍ നിര്‍ണയിക്കാനുള്ള കമ്പ്യൂട്ടര്‍ `ആല്‍ഗരിത'ത്തിന്‌ അടിസ്ഥാനമായത്‌ ഈ കണ്ടുപിടുത്തമാണ്‌).

അക്കാലത്താണ്‌ 'ഇന്ത്യന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി' നിലവില്‍ വരുന്നത്‌. തന്റെ പ്രബന്ധം സൊസൈറ്റിയുടെ ജേണല്‍ പ്രസിദ്ധീകരിച്ചത്‌ രാമാനുജന്‌ പ്രശസ്‌തി നേടിക്കൊടുത്തു.

1912 ജനവരി 12-ന്‌ രാമാനുജന്‌ മദ്രാസ്‌ അക്കൗണ്ട്‌സ്‌ ജനറല്‍ ഓഫീസില്‍ ക്ലാര്‍ക്കായി ജോലി കിട്ടി. ആ മാര്‍ച്ച്‌ ഒന്നു മുതല്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ഓഫീസിലായി ജോലി.പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍ സര്‍ ഫ്രാന്‍സിസ്‌ സ്‌പ്രിങും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പു മേധാവി ഡോ.ഗില്‍ബര്‍ട്ട്‌ വാക്കറും ഉന്നതപഠനത്തിന്‌ രാമാനുജന്‌ സഹായവുമായെത്തി.

അവരുടെ പ്രേരണയാല്‍, പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായിരുന്ന കേംബ്രിഡ്‌ജിലെ ജി.എച്ച്‌.ഹാര്‍ഡിക്ക്‌ രാമാനുജനയച്ച കത്ത്‌, അദ്ദേഹത്തിന്റെ ജീവതത്തില്‍ വഴിത്തിരിവായി. ലണ്ടനിലേക്ക്‌ രാമാനുജനെ ഹാര്‍ഡി ക്ഷണിച്ചു.

1914 ഏപ്രില്‍ 14-ന്‌ രാമാനുജന്‍ ലണ്ടനിലെത്തി. ഹാര്‍ഡി തന്നെയായിരുന്നു ഗുരുവും വഴികാട്ടിയും സുഹൃത്തുമെല്ലാം. അടിസ്ഥാന വിദ്യാഭാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളില്‍ ഇളവു നല്‍കി 1916 മാര്‍ച്ച്‌ 16-ന്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാല രാമാനുജന്‌ `ബാച്ചിലര്‍ ഓഫ്‌ സയന്‍സ്‌ ബൈ റിസേര്‍ച്ച്‌ ബിരുദം' നല്‍കി (ഡോക്‌ടറേറ്റിന്‌ തുല്യമാണ്‌ ഈ ബിരുദം).

1918 ഫിബ്രവരി 18-ന്‌ റോയല്‍ സൊസൈറ്റി ഫെലോഷിപ്പ്‌ ലഭിച്ചു. ആ ബഹുമതിക്ക്‌ അര്‍ഹനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു രാമാനുജന്‍. ആ ഒക്‌ടോബറില്‍ തന്നെ കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജ്‌ ഫെലോ അയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഒരു ഇന്ത്യക്കാരന്‍ ആ സ്ഥാനത്ത്‌ എത്തുകയായിരുന്നു.

പ്രതികൂല കാലാവസ്ഥ മൂലം ആരോഗ്യം മോശമായതിനാല്‍ 1919 ഫിബ്രവരി 27-ന്‌ രാമാനുജന്‍ ഇന്ത്യയിലേക്കു മടങ്ങി. ക്ഷയരോഗമായിരുന്നു ബാധിച്ചിരുന്നത്‌ . 1920 ഏപ്രില്‍ 26-ന്‌ അദ്ദേഹം അന്തരിച്ചു.

മരണത്തോട്‌ മല്ലിടുമ്പോഴും പുതിയ ഗണിതരഹസ്യങ്ങള്‍ രാമാനുജന്‍ തേടിക്കൊണ്ടിരുന്നു. മരണശയ്യയില്‍ കിടന്നു വികസിപ്പിച്ച പ്രമേയങ്ങള്‍ അദ്ദേഹം ഹാര്‍ഡിക്ക്‌ അയച്ചുകൊടുത്തു. രാമാനജന്റെ നോട്ടുബുക്കിലെ സിദ്ധാന്തങ്ങള്‍ പലതും മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ സൂചനകള്‍ വെച്ച്‌ പല ശാസ്‌ത്രജ്‌ഞരും പുതിയ തിയറങ്ങള്‍ വികസിപ്പിച്ചു.

രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകള്‍ വികസിപ്പിച്ച ബ്രൂസ്‌ സി.ബെര്‍ട്‌, ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അവ 12 വാല്യങ്ങളായാണ്‌ പ്രസിദ്ധീകരിച്ചത്‌. ചെന്നൈയിലെ റോയപുരത്ത്‌ ഇപ്പോള്‍ രാമാനുജന്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നു. 1993-ലാണ്‌ അത്‌ സ്ഥാപിക്കപ്പെട്ടത്‌ (കാണുക: ഭാരതീയശാസ്‌ത്രജ്ഞര്‍)

Wednesday, April 25, 2007

സൗരയൂഥത്തിന്‌ വെളിയില്‍ ഒരു 'സൂപ്പര്‍ ഭൂമി'


സൗരയൂഥത്തിന്‌ വെളിയില്‍ ഭൂമിയോട്‌ സാമ്യമുള്ള ഒരു ഗ്രഹത്തെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. 'സൂപ്പര്‍ ഭൂമി'(Super-Earth) എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ ഗ്രഹത്തിന്റെ സ്ഥാനം നമ്മളില്‍ നിന്ന്‌ 20.5 പ്രകാശവര്‍ഷം അകലെയാണ്‌.

ഭൂമിക്ക്‌ വെളിയില്‍ എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തില്‍ നാഴികക്കല്ലാണ്‌ ഈ കണ്ടുപിടിത്തമെന്ന്‌ വിലയിരുത്തപ്പെടുന്നു.

ഭൂമിയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്‌ പുതിയ ഗ്രഹത്തിന്റെ പിണ്ഡമെങ്കിലും, അതിന്റെ വ്യാസം ഭൂമിയുടേതിന്‌ ഒന്നര മടങ്ങേയുള്ളൂ. സൗരയൂഥത്തന്‌ വെളിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ചെറിയ ഗ്രഹമാണിത്‌.

ഗ്രഹത്തിന്റെ താപനില പൂജ്യത്തിനും 40 ഡിഗ്രി സെല്‍സിയസിനും മധ്യേയാണെന്ന കാര്യമാണ്‌ ശാസ്‌ത്രജ്ഞരെ ആവേശഭരിതരാക്കുന്നത്‌. അവിടെ ജലമുണ്ടെങ്കില്‍ അത്‌ ദ്രാവകരൂപത്തിലാവും കാണപ്പെടുകയെന്ന വസ്‌തുതയാണ്‌ ഇതിന്‌ പിന്നില്‍.

ലിബ്ര (Libra) നക്ഷത്രഗണത്തില്‍ 'ഗ്ലീസ്‌ 581' (Gliese 581) എന്ന നക്ഷത്രത്തെയാണ്‌ പുതിയഗ്രഹം ചുറ്റുന്നത്‌. മങ്ങിയ ആ നക്ഷത്രം ഒരു 'ചെമന്ന കുള്ളന്‍' (red dwarf) ആണ്‌.

ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ പതിനാലിലൊന്നേയുള്ളൂ, പുതിയതായി കണ്ടെത്തിയ ഗ്രഹവും 'ഗ്ലീസ്‌ 581' നക്ഷത്രവും തമ്മില്‍. പക്ഷേ, നക്ഷത്രം മങ്ങിയ ഒന്നായതിനാലാണ്‌ ഗ്രഹത്തിന്‌ ഊഷ്‌മാവ്‌ കുറഞ്ഞിരിക്കാന്‍ കാരണം.

എക്‌സ്‌പ്രസ്സ്‌ വേഗത്തിലാണ്‌ ഗ്രഹം നക്ഷത്രത്തെ ചുറ്റുന്നത്‌; വെറും 13 ദിവസം കൊണ്ട്‌ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ സര്‍വകലാശാലയിലെ സ്റ്റിഫാന്‍ യുഡ്രിയുടെ നേതൃത്വത്തിലുള്ള സംഘം, ചിലിയില്‍ അറ്റകാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയില്‍ നടത്തിയ നിരീക്ഷണത്തിലാണ്‌ പുതിയ കണ്ടെത്തല്‍ നടത്തിയത്‌. ഒബ്‌സര്‍വേറ്ററി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ്‌ ഇക്കാര്യമുള്ളത്‌.

ജലം ദ്രാവകാവസ്ഥയില്‍ കാണപ്പെടാന്‍ സാധ്യതയുള്ള ഗ്രഹം കണ്ടെത്തുകയെന്നത്‌ വളരെ പ്രധാനമാണെന്ന്‌, ഗവേഷണത്തില്‍ പങ്കാളിയായ ഗ്രനോബിള്‍ സര്‍വകലാശാലയിലെ സേവ്യര്‍ ഡെല്‍ഫോസ്സെ അറിയിച്ചു.

പുതിയ കണ്ടുപിടിത്തത്തോടെ സൗരയൂഥത്തിന്‌ വെളിയില്‍ ഇതുവരെ തിരിച്ചറിഞ്ഞ ഗ്രഹങ്ങളുടെ എണ്ണം 228 ആയെന്ന്‌ വിക്കിപീഡിയ പറയുന്നു. അതില്‍, ഭൂമിയോട്‌ ഏറ്റവും സാമ്യമുള്ള ഗ്രഹമാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌.

മാതൃകാപഠനങ്ങള്‍ വ്യക്തമാക്കുന്നത്‌ പുതിയ ഗ്രഹം പാറകള്‍ നിറഞ്ഞതോ സമുദ്രങ്ങള്‍ ഉള്ളതോ ആകാമെന്നാണ്‌. എങ്കില്‍, ആ ഗ്രഹത്തില്‍ ജീവന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ ഗവേഷകര്‍ കരുതുന്നു.

മുമ്പ്‌ ഗ്ലീസ്‌ 581 നക്ഷത്രത്തെ ചുറ്റുന്ന രണ്ട്‌ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിരുന്നു. ഒരെണ്ണം നക്ഷത്രത്തിന്‌ വളരെ അടുത്താണ്‌ സ്ഥിതിചെയ്യുന്നത്‌; പിണ്ഡം ഭൂമിയുടെ 15 മടങ്ങ്‌ വരും. രണ്ടാമത്തേത്‌ കുറച്ചുകൂടി അകലെയാണ്‌; പിണ്ഡം ഭൂമിയുടെ ഏട്ടുമടങ്ങ്‌.

ഭാവി ഗ്രഹപര്യവേക്ഷണങ്ങള്‍ക്ക്‌ ഒരു ലക്ഷ്യസ്ഥാനമായിരിക്കും പുതിയതായി കണ്ടെത്തിയ 'സൂപ്പര്‍ ഭൂമി'യെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. അവിടെ ജീവന്റെ രാസമുദ്രകള്‍ (chemical signatures) കണ്ടെത്താനാവും ഇനിയുള്ള ശ്രമം.(അവലംബം: എ.എഫ്‌.പി)

Monday, April 23, 2007

പടിഞ്ഞാറ്റയിലെ മണാട്ടികള്‍

'പകല്‍ പുറത്തിറങ്ങിയാല്‍ ആകാശം ഇടിഞ്ഞു വീഴു'മെന്ന്‌ ഭയപ്പെടുന്നവയെന്ന്‌ നാട്ടുകാര്‍ പറയുന്ന 'മണാട്ടിതവളകള്‍', തന്റെ ബാല്യകാലത്തെ പേടിയും കൗതുകവുമായിരുന്നതിന്റെ അനുഭവം പങ്കുവെക്കുകയാണ്‌ ശശിധരന്‍ മങ്കത്തില്‍. ഈ ബ്ലോഗില്‍ മണവാട്ടിത്തവളകളെ കുറിച്ച്‌ പ്രസിദ്ധീകരിച്ച പോസ്‌റ്റ്‌ വായിച്ചിട്ട്‌ അദ്ദേഹം തയ്യാറാക്കിത്തന്ന കുറിപ്പ്‌ നന്ദിപൂര്‍വ്വം ഇവിടെ പ്രസിദ്ധീകരിക്കുന്നു

ന്ധ്യയ്‌ക്ക്‌ രാമനാമം ചൊല്ലിയാലേ രാത്രിയാകും മുമ്പ്‌ ചോറ്‌ കിട്ടൂ. 'നാമം ചൊല്ലാത്തവര്‍ക്ക്‌ ചോറില്ല'-വലിയമ്മയുടെ ശാസന വരുന്നതിന്‌ മുമ്പുതന്നെ ഞങ്ങള്‍ കുട്ടികള്‍ കിഴക്കേ വരാന്തയില്‍ പായയിട്ട്‌ നാമം ചൊല്ലാനിരിക്കും.

പക്ഷേ പടിഞ്ഞാറ്റയില്‍ നിന്ന്‌ പുറത്തേക്കു വരുന്ന വഴിയോടുചേര്‍ന്ന്‌ ഇരിക്കാന്‍ പേടിയാണ്‌. സന്ധ്യയാകുന്നതോടെ മണാട്ടി തവളകള്‍ പുറത്തേക്കു നിരനിരയായി ഇറങ്ങുന്ന വഴിയാണ്‌. എന്തായാലും അറ്റത്ത്‌ ഇരിക്കുന്ന ഒരാള്‍ക്ക്‌ മണാട്ടിയെ പേടിച്ചിരിക്കേണ്ടിവരും.

എന്റെ കുട്ടിക്കാലത്ത്‌ മണാട്ടി തവളകളുടെ 'വീടാ'യിരുന്നു ഞങ്ങളുടെ തൃക്കരിപ്പൂര്‍ കൊയോങ്കരയിലെ മങ്കത്തില്‍ തറവാട്‌. പടിഞ്ഞാറ്റ, കൊട്ടില്‍, കോമ്പിരി, അകത്തിറയം എന്നിങ്ങനെ മുറികളിലെ മൂലയിലെല്ലാം മണാട്ടികള്‍ ഒളിച്ചിരിക്കും.

പടിഞ്ഞാറ്റയില്‍ തൂക്കുവിളക്കിന്‌ താഴെ ഗുരുവായൂരപ്പന്റെയും മറ്റും ചിത്രങ്ങള്‍ വെച്ച സ്ഥലത്ത്‌ കിണ്ടി, കവളിക തുടങ്ങി കുറെ ഓട്ടുപാത്രങ്ങള്‍ വെള്ളം നിറച്ചുവെച്ചിരിക്കും. പകല്‍ അതിനകത്തും കാണും മണാട്ടികള്‍. തണുത്തവെള്ളത്തില്‍ സുഖകരമായ 'പൊങ്ങിക്കിടപ്പ്‌'.

വീട്ടിലുള്ളവര്‍ മണാട്ടികളെ കാര്യമാക്കാറില്ല. പക്ഷേ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ഇവയൊരു തലവേദനയായിരുന്നു. പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേക്കും പോകാന്‍ തന്നെ പേടിയാണ്‌.

പടിഞ്ഞാറ്റയുടെ പടിക്ക്‌ താഴെ മണാട്ടിയുണ്ടാകും. ബൈക്കില്‍ പോകുമ്പോള്‍ ഇടുന്ന ജാക്കറ്റ്‌ ധരിച്ചതുപോലെ, മുകള്‍ഭാഗത്ത്‌ ഓടിന്റെ നിറം. ഇരുഭാഗത്തും കാലും കൈയും കറുപ്പ്‌. നോക്കുമ്പോള്‍ അനങ്ങാതെ അങ്ങനെ ഇരിക്കും. കണ്ണുരുട്ടി കീഴ്‌ത്താടിയുടെ താഴെഭാഗം ചലിപ്പിച്ചുകൊണ്ടേയിരിക്കും.

ചിലപ്പോള്‍ ഒറ്റച്ചാട്ടമാണ്‌. ചാട്ടം മിക്കവാറും നമ്മുടെ ദേഹത്തേക്കായിരിക്കും.

വീട്ടില്‍ അതിഥികള്‍ വന്നാല്‍, മറ്റ്‌ സ്‌ത്രീകള്‍ക്ക്‌ പടിഞ്ഞാറ്റയില്‍ കിടക്കാന്‍ പറ്റാത്ത സമയത്ത്‌ വലിയമ്മയാണ്‌ പടിഞ്ഞാറ്റയില്‍ കിടക്കുക. അപ്പോള്‍ കുട്ടികളെ ആരെയെങ്കിലും വലിയമ്മ ഒപ്പം കിടത്തും. അന്ന്‌ രാത്രി ഉറക്കം വരില്ല. തലയറ്റം പുതപ്പുമൂടിയാണ്‌ രാത്രി കഴിച്ചുകൂട്ടുക.

'വേഗം ഉറങ്ങിക്കോ മണാട്ടി വരും' എന്ന്‌ ചെറിയ കുട്ടികളെ വലിയമ്മ പറഞ്ഞ്‌ പേടിപ്പിക്കുകയും ചെയ്യും.

മണവാട്ടിത്തവള എന്നാണ്‌ പേരെങ്കിലും നാട്ടില്‍ ഇവ 'മണാട്ടി'യാണ്‌. എല്ലാ വീടുകളിലും മണാട്ടികളുണ്ടാകും. ഇവ ചിലപ്പോള്‍ തോന്നുന്ന സമയത്ത്‌ പുറത്തേക്കും അകത്തേക്കും പോകും. ആരും ചോദിക്കാനും പറയാനുമില്ല.

പടിഞ്ഞാറ്റയില്‍ എന്റെ പാര്‍തി വല്യമ്മ (പാര്‍വ്വതി എന്ന്‌ യഥാര്‍ത്ഥ പേര്‌) മോര്‌ കലത്തിലാക്കി ഒരു മൂലയില്‍ വെച്ചിട്ടുണ്ടാകും. രാവിലെ പത്തുമണിയോടെയാണ്‌ വരാന്തയില്‍ നിന്ന്‌ തൈര്‌ കടഞ്ഞ്‌ മോര്‌ പടിഞ്ഞാറ്റയില്‍ കൊണ്ടുവെക്കുന്നത്‌.

ഉച്ചക്ക്‌ കളി കഴിഞ്ഞുവന്ന്‌ ദാഹിച്ച്‌ മോര്‌ എടുത്ത്‌ ഞങ്ങള്‍ സംഭാരം ഉണ്ടാക്കാന്‍ വട്ടംകൂട്ടും. പക്ഷേ പടിഞ്ഞാറ്റയിലേക്ക്‌ പോകാന്‍ പേടിയാണ്‌. എങ്ങനെയെങ്കിലും കയറി മോര്‌ എടുക്കുമ്പോള്‍ ഏതെങ്കിലും മൂലയില്‍ നിന്ന്‌ മണാട്ടി ചാടിവീഴുമെന്ന്‌ ഉറപ്പാണ്‌. ചിലപ്പോള്‍ കലം കൈയില്‍ നിന്ന്‌ വീണ്‌ പൊളിയും.

കൊട്ടിലിലെ പത്തായത്തിലാണ്‌ ശര്‍ക്കരയും അവലും മറ്റും സൂക്ഷിക്കുന്നത്‌. ആരും കാണാതെ അത്‌ ഞങ്ങള്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കും. പകല്‍ സമയത്തും ഇരുട്ടുള്ള കൊട്ടിലില്‍ കയറി ശ്വാസമടക്കി പിടിച്ചാണ്‌ പത്തായത്തിലെ പലക തുറക്കുക. ചിലപ്പോള്‍ മണാട്ടികള്‍ ചാടിവീണ്‌ ഞങ്ങളുടെ 'ശര്‍ക്കര മോഷണം' കുളമാക്കും. വലിയമ്മ സംഗതി അറിയുകയും ചെയ്യും. പിറ്റെ ദിവസം മുതല്‍ ശര്‍ക്കരയുടെ സ്ഥാനം മാറും.

മോര്‌ കലത്തിന്റെ മുകളില്‍ സ്ഥാനംപിടിക്കുന്ന മണാട്ടിയെ വലിയമ്മയെ സോപ്പിട്ട്‌ അടിച്ചിറക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. വലിയമ്മ ഇവയെ മുറ്റത്തേക്ക്‌ ആക്കിയാല്‍ തത്‌ക്കാലം സമാധാനമാണ്‌. പക്ഷേ വൈകുന്നേരമാകുന്നതോടെ ഈ പോയ കക്ഷികള്‍ പടിഞ്ഞാറ്റയില്‍ അതേ സ്ഥാനത്ത്‌ ഇരിപ്പുണ്ടാകും.

സന്ധ്യയ്‌ക്കു നാമം ചൊല്ലുന്ന സമയത്ത്‌, അതായത്‌ ആറര ആറേമുക്കാലിന്‌, മണാട്ടികള്‍ ഒന്നിനുപിറകെ ഒന്നായി മുറ്റത്തേക്ക്‌ പോകും.

രാവിലെ വാതില്‍ തുറക്കാന്‍ നേരത്ത്‌ ഇവ പടിക്കുതാഴെ കാത്തിരിക്കുന്നുണ്ടാകും-അകത്തു കയറാന്‍. 'രാത്രി ഡ്യൂട്ടി' കഴിഞ്ഞ്‌ എല്ലാവരും പടിക്കു താഴെ ഇരിക്കുന്ന അന്നത്തെ കാഴ്‌ച കൗതുകകരമായിരുന്നു.

പകല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന്‌ പേടിച്ചാണ്‌ തവളകള്‍ വീട്ടിനുള്ളില്‍ കഴിയുന്നതെന്ന്‌ നാട്ടിലൊരു കഥയുണ്ട്‌.രാവിലെ വാതില്‍ തുറന്നാല്‍ പടിഞ്ഞാറ്റയിലെ മണാട്ടികള്‍ പടിഞ്ഞാറ്റയിലേക്കും കൊട്ടിലിലേത്‌ കൊട്ടിലിലേക്കും വഴിതെറ്റാതെ പോകുന്ന കാഴ്‌ച എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്‌.

മണാട്ടികളുടെ കാലാവസ്ഥാ പ്രവചനം ഇന്നാലോചിച്ചു നോക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തെപ്പോലും തോല്‍പ്പിക്കുന്നതായിരുന്നു മണാട്ടികളുടെ 'പെര്‍ഫോമന്‍സ്‌'.

ചില ദിവസങ്ങളില്‍ മണാട്ടികള്‍ രാവിലെ തന്നെ കരയാന്‍ തുടങ്ങും. ക്രൂത്ത്‌......, ക്രൂത്ത്‌......., ക്രൂത്ത്‌...... ഇതിനെതിരായി ഞങ്ങളും ക്രൂത്ത്‌, ക്രൂത്ത്‌, ക്രൂത്ത്‌ ശബ്ദം ഉണ്ടാക്കും. മണാട്ടികള്‍ കരയുമ്പോള്‍ വലിയമ്മ പറയും 'ഇന്ന്‌ രാത്രി എന്തായാലും മഴയുണ്ടാകും'.

സംഗതി റെഡി.

അന്ന്‌ രാത്രി കനത്ത മഴ.

ആകാശം മേഘാവൃതമായിരിക്കും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന റേഡിയോയിലെ കാലാവസ്ഥയൊന്നും നാട്ടുകാര്‍ക്ക്‌ വേണ്ട, മണാട്ടികള്‍ മതി.മണാട്ടികള്‍ക്ക്‌ കര്‍ഷകരുടെ വീടുകളിലെ പിടഞ്ഞാറ്റയില്‍ സ്ഥാനം കിട്ടിയത്‌ ഇവ കാലാവസ്ഥാ പ്രവാചകരായതുകൊണ്ടാണോ എന്ന്‌ ഞാന്‍ ചിലപ്പോള്‍ ചിന്തിച്ചിട്ടുണ്ട്‌.

അക്കാലത്ത്‌ ഒരു മാസികയില്‍ വന്ന കാര്‍ട്ടൂണ്‍ ഓര്‍ക്കുന്നു. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ ഡയറക്ടറോട്‌ ജോലിക്കാരന്റെ ചോദ്യം-"സാര്‍, ഇന്ന്‌ എന്താണ്‌ അറിയിപ്പ്‌ കൊടുക്കേണ്ടത്‌". മുറിയുടെ മൂലയില്‍ നിന്ന്‌ മണാട്ടികള്‍ കരയുന്നത്‌ കേട്ട ഡയറക്ടര്‍-"മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്‌ കൊടുത്തേക്ക്‌"!

തറവാടുകളിലെ അംഗങ്ങളായിരുന്ന മണാട്ടികള്‍ക്ക്‌ വീടുകളില്‍ അന്ന്‌ വേണ്ടത്ര സംരക്ഷണവും കിട്ടിയിരുന്നു. ആരും ഒന്നിനെപ്പോലും കൊന്നതായി പറയുന്നത്‌ കേട്ടിട്ടില്ല.

രാത്രി പെട്രോമാക്‌സുമായി കുണിയന്‍ പുഴ കടന്നു വരുന്ന തവളപിടുത്തക്കാരന്‍ രാഘവനും മണാട്ടിയെ പിടിക്കാറില്ല-കൈയും കാലും നേര്‍ത്തതുകൊണ്ടാകാം. അവര്‍ക്ക്‌ വേണ്ടത്‌ വലിയ 'പോക്കന്‍ തവള'യെയാണ്‌.

ദൈവസങ്കേതങ്ങളായ പടിഞ്ഞാറ്റയിലും കൊട്ടിലിലും യഥേഷ്ടം വിഹരിക്കുന്ന ഈ തവളകള്‍ 'വിശുദ്ധ മണവാട്ടികള്‍' തന്നെയാണ്‌. ഇന്ന്‌ പല തറവാടുകളിലും മണാട്ടികള്‍ കുറവാണ്‌. ഈ വംശനാശം എന്നെ വേദനിപ്പിക്കുന്നു.(കാണുക: വിഷുത്തവള)
  • കാസര്‍കോട്‌ ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത്‌ വെള്ളിക്കോത്ത്‌ സ്വദേശിയായ ശശിധരന്‍ മങ്കത്തില്‍, 'മാതൃഭൂമി' കോഴിക്കോട്‌ യൂണിറ്റില്‍ സബ്‌എഡിറ്ററാണ്‌

Saturday, April 21, 2007

ആഗോളതാപനം: ഒളിച്ചോട്ടത്തിന്‌ പഴുതില്ല

പതിനഞ്ചുവര്‍ഷത്തിനം ഹരിതഗൃഹവാതക വ്യാപനം കുറയ്‌ക്കാനായാല്‍, ആഗോളതാപനം നേരിടാനുള്ള ചെലവ്‌ കാര്യമായി പരിമിതപ്പെടുത്താനാകുമെന്ന്‌, യു.എന്നിന്റെ പുറത്തിറങ്ങാന്‍ പോകുന്ന കാലാവസ്ഥാ റിപ്പോര്‍ട്ട്‌ പറയുന്നു

രിതഗൃഹവാതക വ്യാപനം പരിമിതപ്പെടുത്തി, ആഗോളതാപനത്തിന്റെ തീക്ഷ്‌ണത ശമിപ്പിക്കാന്‍ അടുത്ത 15 വര്‍ഷം കൊണ്ട്‌ സാധിച്ചാല്‍ കനത്ത സാമ്പത്തിക ബാധ്യതകളില്‍ നിന്നും പാരിസ്ഥിതിക ദുരന്തങ്ങളില്‍ നിന്നും ലോകത്തിന്‌ രക്ഷപ്പെടാം. അതിന്‌ കഴിഞ്ഞില്ലെങ്കില്‍, കുടത്തില്‍ നിന്ന്‌ ഭൂതത്തെ തുറന്നുവിട്ട മുക്കുവന്റെ നിസ്സഹായവസ്ഥയാണ്‌ ലോകത്തെ കാത്തിരിക്കുന്നത്‌-യു.എന്‍. ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പാണിത്‌. ആഗോളതാപനത്തിന്റെ കാര്യത്തില്‍ ഇനിയൊരു ഒളിച്ചോട്ടത്തിന്‌ സാധ്യതയില്ലെന്ന്‌ ഇതു വ്യക്തമാക്കുന്നു.

യു.എന്നിന്‌ കീഴിലുള്ള 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ച്‌'(ഐ.പി.സി.സി) ആണ്‌ പുതിയ റിപ്പോര്‍ട്ട്‌ പുറത്തിറക്കുക. 130 രാജ്യങ്ങളില്‍ നിന്നുള്ള 2500 പ്രഗത്ഭശാസ്‌ത്രജ്ഞര്‍ അംഗങ്ങളായ ഈ വിദഗ്‌ധസമിതി 1988-ല്‍ നിലവില്‍ വന്ന ശേഷം പുറത്തിറക്കുന്ന നാലാം റിപ്പോര്‍ട്ടാണ്‌ 2007-ലേത്‌. ആ റിപ്പോര്‍ട്ടിന്റെ മൂന്നാം ഭാഗമാണ്‌ മെയ്‌ നാലിന്‌ ബാങ്കോക്കില്‍ പ്രസിദ്ധീകരിക്കുക. ഫിബ്രവരി രണ്ടിനും ഏപ്രില്‍ ആറിനും റിപ്പോര്‍ട്ടിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഹരിതഗൃഹവാതകവ്യാപനം 15 വര്‍ഷത്തിനകം കുറയ്‌ക്കാന്‍ കഴിഞ്ഞാല്‍, 2030 ആകുമ്പോഴേക്കും ലോകത്തിന്‌ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.ഡി.പി) മൂന്നു ശതമാനമേ ആഗോളതാപനം നേരിടാന്‍ ചെലവു വരൂ എന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം വഴിയും കാറ്റ്‌, സൂര്യപ്രകാശം പോലുള്ളവയെ ഊര്‍ജത്തിനായി കൂടുതല്‍ ആശ്രയിക്കുക വഴിയും വാതകവ്യാപനം കുറയ്‌ക്കാനാകും. സാമ്പത്തിക നേട്ടം മാത്രമല്ല, മലിനീകരണം കുറയുന്നതിനാല്‍ ആരോഗ്യരംഗത്തും ഇത്‌ മെച്ചമുണ്ടാകും-റിപ്പോര്‍ട്ട്‌ പറയുന്നു.

1950-ന്‌ ശേഷമുള്ള ആഗോളതാപനത്തിന്‌ 90 ശതമാനവും മനുഷ്യനാണ്‌ ഉത്തരവാദിയെന്നു വ്യക്തമാക്കുന്നതായിരുന്നു ഐ.പി.സി.സി. റിപ്പോര്‍ട്ടിന്റെ ഫിബ്രവരി രണ്ടിന്‌ പുറത്തിറക്കിയ ആദ്യഭാഗം. 2001-ലെ മൂന്നാം റിപ്പോര്‍ട്ടില്‍ ആഗോളതാപനം മനുഷ്യനിര്‍മിതിയാകാന്‍ 66 ശതമാനം സാധ്യതയാണ്‌ കല്‍പ്പിക്കപ്പെട്ടിരുന്നത്‌. ഇന്നത്തെ നിലയ്‌ക്ക്‌ കാര്യങ്ങള്‍ തുടര്‍ന്നാല്‍, ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഭൗമതാപനിലയില്‍ 1.8 മുതല്‍ നാലു ഡിഗ്രിസെല്‍സിയസ്‌ വരെ വര്‍ധനയുണ്ടാകുമെന്നും ഫിബ്രവരിയിലെ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

2001-ലെ റിപ്പോര്‍ട്ടില്‍ ഈ നൂറ്റാണ്ടില്‍ സമുദ്രനിരപ്പ്‌ ഒന്‍പതു മുതല്‍ 88 സെന്റിമീറ്റര്‍ വരെ ഉയരാം എന്നാണ്‌ പ്രവചിച്ചിരുന്നത്‌. പുതിയ റിപ്പോര്‍ട്ടില്‍ ആ പ്രവചനം 28 മുതല്‍ 43 സെന്റിമീറ്റര്‍ എന്നായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയാകുമ്പോഴേക്കും വേനലില്‍ ആര്‍ട്ടിക്‌ പ്രദേശത്ത്‌ മഞ്ഞുപാളികള്‍ ഇല്ലാത്ത അവസ്ഥയുണ്ടാകുമെന്നും പുതിയ റിപ്പോര്‍ട്ട്‌ പറയുന്നു. 'കത്രീന' പോലുള്ള ചുഴലിക്കൊടുങ്കാറ്റുകളുടെയും പേമാരിയുടെയും വരവ്‌ ഈ നൂറ്റാണ്ടില്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.


ആഗോളതാപനം ഭൂമുഖത്തെ ഏറ്റവും ദുര്‍ബലരായവരെയാണ്‌ കൂടുതല്‍ ബാധിക്കുകയെന്നു വ്യക്തമാക്കുന്നതായിരുന്നു ഐ.പി.സി.സി. റിപ്പോര്‍ട്ടിന്റെ ഏപ്രില്‍ ആറിന്‌ പുറത്തിറക്കിയ രണ്ടാം ഭാഗം. കോടിക്കണക്കിന്‌ പട്ടിണിപാവങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകാന്‍ ആഗോളതാപനം ഇടവരുത്തുമെന്ന്‌ ആ റിപ്പോര്‍ട്ട്‌ പറയുന്നു. ആഫ്രിക്ക, ഏഷ്യ തുടങ്ങിയ മേഖലകളെയാകും ആഗോളതാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക.

2020 ആകുമ്പോഴേക്കും ആഫ്രിക്കയില്‍ മാത്രം, കാലാവസ്ഥാ വ്യതിയാനം മൂലം ഏഴരക്കോടി മുതല്‍ 25 കോടി വരെ ആളുകള്‍ രൂക്ഷമായ ജലക്ഷാമത്തിന്‌ ഇരയാകുമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഏഷ്യയുടെ കിഴക്കന്‍ മേഖലയിലും തെക്കുകിഴക്കന്‍ പ്രദേശത്തും കാര്‍ഷിക വിളവില്‍ 20 ശതമാനം വര്‍ധനയുണ്ടാകുമ്പോള്‍, മധ്യേഷ്യയിലും ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലും കാര്‍ഷിക ഉത്‌പാദനത്തില്‍ 30 ശതമാനം കുറവുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ട്‌ പ്രവചിക്കുന്നു. 2020 ആകുമ്പോഴേക്കും മഴയെ ആശ്രയിച്ചു നടക്കുന്ന കൃഷി, ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 50 ശതമാനം കുറയും.

ഇരുപതു മുതല്‍ മുപ്പതു ശതമാനം വരെ സസ്യജാതികളും ജീവികളും വംശനാശ ഭീഷണി നേരിടാന്‍, ഭൗമതാപനിലയില്‍ 1.5 - 2.5 ഡിഗ്രിസെല്‍സിയസ്‌ വര്‍ധന മതി. ഹിമപാളികളും മഞ്ഞുമലകളും അപ്രത്യക്ഷമാകുന്നതിനാല്‍, ഹിമാലയം പോലുള്ള പര്‍വതപ്രദേശത്തു നിന്നുള്ള നദികളുടെ നിലനില്‍പ്പ്‌ ഭീഷണിയിലാകും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഇതുമൂലം ജലലഭ്യത കുറയും. ഭൂമിയിലെ ഭൗതീകവും ജീവശാസ്‌ത്രപരവുമായ വസ്‌തുതകളെ അടിസ്ഥാനമാക്കി സ്വരൂപിച്ച 29,000 വിവരമാതൃകകളെ വിശകലനം ചെയ്‌താണ്‌ ഐ.പി.സി.സി. അതിന്റെ നിഗമനങ്ങളില്‍ എത്തിയത്‌.(അവലംബം: യു.എന്‍.ഇ.പി, വിവിധ വാര്‍ത്താ ഏജന്‍സികള്‍. ചിത്രം കടപ്പാട്‌: എ.എഫ്‌.പി, മാതൃഭൂമി)

Wednesday, April 18, 2007

പഴയ ഭൂമി; പുതിയ കണ്ടെത്തല്‍

ഭൂപ്രതലം ഇതുപോലെ നിലനില്‍ക്കുന്നത്‌ ഫലകചലന പ്രക്രിയ മൂലമാണ്‌. ഈ പ്രക്രിയ തുടങ്ങിയത്‌ എന്നാണെന്ന്‌ വ്യക്തമല്ല. പക്ഷേ, ഇത്രകാലവും കരുതിയിരുന്നതിലും മുമ്പേ ഫലകചലനം ആരംഭിച്ചിരുന്നു എന്ന്‌ പുതിയൊരു കണ്ടെത്തല്‍ വ്യക്തമാക്കുന്നു. ഏറ്റവും 'പഴക്കമേറിയ ഭൂമി'യുടെ കണ്ടെത്തലാണ്‌ ഫലകചലന പ്രക്രിയയെയുടെ ചരിത്രത്തെപ്പറ്റി പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്നത്‌ ധുനിക ഭൗമശാസ്‌ത്രപഠനത്തിന്റെ കാതലാണ്‌ 'ഫലകചലന സിദ്ധാന്തം'(Plate Tectonics). ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ മുമ്പ്‌ ആള്‍ഫ്രഡ്‌ വേഗണര്‍ മുന്നോട്ടുവെച്ച ആശയമാണ്‌ ഇന്ന്‌ ഈ പേരില്‍ അറിയപ്പെടുന്നത്‌. ഭൂമിയുടെ ബാഹ്യപാളിയുടെ കാലാന്തരത്തിലുള്ള മാറ്റങ്ങള്‍ വിവരിക്കുന്ന ഭൗമശാസ്‌ത്ര സിദ്ധാന്തമാണിത്‌. ഭൂവല്‍ക്കം എന്നറിയപ്പെടുന്ന ഭൂമിയുടെ ബാഹ്യപാളിക്ക്‌ മുഖ്യമായും രണ്ട്‌ അടുക്കുകള്‍ ഉണ്ട്‌-ലിഥോസ്‌ഫിയറും(lithosphere), അസ്‌ഥെനോസ്‌ഫിയറും(asthenosphere). ഇതില്‍ ലിഥോസ്‌ഫിയറാണ്‌ പുറന്തോട്‌. അത്‌ വലുതും ചെറുതുമായ ഒട്ടേറെ ഫലകങ്ങള്‍(plates) ആയി കാണപ്പെടുന്നു.

എത്ര ഫലകങ്ങള്‍ ലിഥോസ്‌ഫിയറിലുണ്ട്‌ എന്ന കാര്യം ഇപ്പോഴും തര്‍ക്കവിഷയമാണ്‌. എട്ടു മുതല്‍ 12 വരെ ഭീമന്‍ ഫലകങ്ങളും ഇരുപതോളം ചെറുഫലകങ്ങളുമുണ്ടെന്ന്‌ സാമാന്യമായി പറയാം. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുംപോലെ, ഈ ഫലകങ്ങള്‍ അസ്‌ഥെനോസ്‌ഫിയറിന്‌ മുകളില്‍ ഒഴുകി നീങ്ങുന്നു. പല ദിക്കുകളിലേക്ക്‌ പല വേഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ഫലകങ്ങള്‍ തെന്നി നീങ്ങുന്നതിന്റെ ഫലമാണ്‌, ഭൂമുഖത്ത്‌ നമ്മള്‍ കാണുന്ന മിക്ക ഭൗമപ്രവര്‍ത്തനങ്ങളും. ഭൂകമ്പങ്ങള്‍, അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ എന്നിവ ഫലകചലന പ്രക്രിയയുടെ നിത്യവും കാണുന്ന ഫലങ്ങളാണ്‌. സമുദ്രങ്ങളുടെ ജനനം, ഭൂഖണ്ഡങ്ങളുടയും പര്‍വതങ്ങളുടെയുമൊക്കെ രൂപപ്പെടല്‍ തുടങ്ങിയവ ഈ പ്രക്രിയയുടെ ദീര്‍ഘകാല ഫലങ്ങളും.

ഫലകചലന പ്രക്രിയ എന്നാണ്‌ ആരംഭിച്ചത്‌? വ്യക്തമായ ഉത്തരം ഇപ്പോഴും ലഭ്യമല്ല. 460 കോടി വര്‍ഷമാണ്‌ ഭൂമിയുടെ പ്രായം. ഭൂമിക്കു ചെറുപ്പമായിരുന്നപ്പോള്‍ പുറന്തോടില്‍ ഫലകങ്ങള്‍ രൂപപ്പെട്ടിരുന്നില്ല എന്നായിരുന്നു പൊതുവെയുള്ള നിഗമനം. പക്ഷേ, ആ ധാരണ തിരുത്താന്‍ സമയമായെന്ന്‌ പുതിയൊരു കണ്ടെത്തല്‍ പറയുന്നു. ഭൂപ്രതലത്തില്‍, അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കമേറിയ ഭാഗം ഗ്രീന്‍ലന്‍ഡില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഗ്രീന്‍ലന്‍ഡില്‍ ഇസുവ ബെല്‍റ്റ്‌ (Isua Belt) എന്നറിയപ്പെടുന്ന പ്രദേശത്തുള്ള ശിലാമേഖലയ്‌ക്ക്‌ 380 കോടി വര്‍ഷം പഴക്കമുണ്ടെന്ന കണ്ടെത്തല്‍ ഭൗമഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. ഫലകചലനം ഇപ്പോള്‍ കരുതുന്നതിലും മുമ്പ്‌ ഭൂമിയില്‍ ആരംഭിച്ചിരുന്നു എന്നതിന്റെ തെളിവാണ്‌ ഈ കണ്ടെത്തലെന്ന്‌, 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. "ഫലകചലന പ്രക്രിയയെന്ന പരിപ്രേക്ഷ്യത്തിലാണ്‌ ആധുനിക ഭൗമശാസ്‌ത്രമെന്ന്‌ നാം വ്യവഹരിക്കുന്ന മൊത്തം ചട്ടക്കൂടും പ്രവര്‍ത്തിക്കുന്നത്‌. ആ നിലയ്‌ക്ക്‌ ഫലകചലനം തുടങ്ങിയിട്ട്‌ എത്ര കാലമായി എന്നറിയുന്നത്‌ തീര്‍ച്ചയായും പ്രധാനപ്പെട്ട സംഗതിയാണ്‌"-ഗവേഷണസംഘത്തില്‍ അംഗമായിരുന്ന, കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ പ്രൊഫ. മിനിക്‌ റോസിങ്‌ അഭിപ്രായപ്പെടുന്നു. "ആവേശഭരിതം"-വിസ്‌കോന്‍സിന്‍ സര്‍വകലാശാലയിലെ ഭൗമശാസ്‌ത്രജ്ഞന്‍ പ്രൊഫ. ജോണ്‍ വാലി പുതിയ കണ്ടെത്തലിനോട്‌ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. "ഈ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌ 380 വര്‍ഷം മുമ്പു തന്നെ ഫലകചലനം ആരംഭിച്ചിരുന്നു എന്നാണ്‌"- പ്രൊഫ.ജോണ്‍ വാലി പറഞ്ഞു. ഭൂമിയുണ്ടായി വെറും 80 കോടി വര്‍ഷം കഴിഞ്ഞുള്ള ഭൗമപ്രതലമാണ്‌ ഗ്രീന്‍ലന്‍ഡില്‍ കണ്ടുപിടിച്ചിരിക്കുന്നത്‌.

ഭൂമിയുടെ യഥാര്‍ത്ഥ പ്രായവുമായി താരതമ്യം ചെയ്‌താല്‍, പുറന്തോട്‌ വളരെ ചെറുപ്പമാണ്‌. സമുദ്രങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കുമെല്ലാം ചെറുപ്പമാണ്‌. വെറു പത്തോ പതിനഞ്ചോ കോടി വര്‍ഷം മുമ്പ്‌ ഇന്നു കാണുന്ന മഹാസമുദ്രങ്ങളോ ഭൂഖണ്ഡങ്ങളോ ഭൂമുഖത്ത്‌ ഇല്ലായിരുന്നു. ഫലകചലന സിദ്ധാന്തപ്രകാരം ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തില്‍ വെറും പത്തിലൊന്ന്‌ മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ (കാണുക: സമുദ്രജനനം). ഭൂമിയുടെ പഴക്കം ഗണിക്കാന്‍ നടന്ന ശ്രമങ്ങള്‍ക്കെല്ലാം പലപ്പോഴും തടസ്സമായത്‌, ഭൂമിയുടെ യഥാര്‍ത്ഥ പ്രായം പ്രതിഫലിപ്പിക്കുന്ന ഒരു മാതൃകയും ഭൂമിയിലില്ല എന്നതായിരുന്നു. ഭൂമിയുടെ ബാഹ്യപാളി ഇങ്ങനെ 'ചെറുപ്പമായി' നിലനില്‍ക്കുന്നത്‌ ഫലകചലന പ്രക്രിയ മൂലമാണ്‌. ഭൂപ്രതലത്തെ അത്‌ നിരന്തരം പുനര്‍ജനിപ്പിച്ചുക്കൊണ്ടിരിക്കുന്നു.

'നടുക്കടല്‍ വിള്ളലുകള്‍' (mid-ocean ridges) എന്നറിയപ്പെടുന്ന ഫലകഅതിര്‍ത്തികളിലാണ്‌ സമുദ്രപ്രതലങ്ങള്‍ (sea floors) പുതിയതായി രൂപപ്പെടുന്നത്‌. അസ്‌ഥെനോസ്‌ഫിയറില്‍ നിന്ന്‌ ഇത്തരം വിള്ളലുകളിലൂട പുറത്തേക്കു വരുന്ന ലാവ (മാഗ്‌മ) തണുത്ത്‌ പരക്കുന്നു. ഫലകാതിര്‍ത്തികളുടെ മധ്യഭാഗത്തു നിന്ന്‌ അവ സമുദ്രങ്ങളുടെ അരികുകളിലേക്ക്‌ നീങ്ങുന്നതോടെ, കൂടുതല്‍ തണുത്ത്‌ സാന്ദ്രതയേറി പുറംപാളിക്കടിയിലേക്ക്‌ താഴാനാരംഭിക്കും; പുനര്‍സൃഷ്ടിക്കപ്പെടാനായി. ഇങ്ങനെ പുതിയ സമുദ്രപ്രതലം അപ്രത്യക്ഷമാകുന്ന സ്ഥലം ഒരു സമ്മര്‍ദമേഖലയായി മാറും. "സാധാരണഗതിയില്‍ സമുദ്രപ്രതലങ്ങള്‍ 20 കോടി വര്‍ഷത്തില്‍ കൂടുതല്‍ നിലനില്‍ക്കാറില്ല"-പ്രൊഫ. റോസിങ്‌ അറിയിക്കുന്നു. ഏറിയ പങ്കും സമ്മര്‍ദമേഖലകളില്‍ നശിക്കുന്നു.

എന്നാല്‍, ചില സവിശേഷ സാഹചര്യങ്ങളില്‍ സമുദ്രപ്രതലത്തിന്റെ ചെറുതുണ്ടുകള്‍ നശിക്കാതെ നിലനില്‍ക്കും. അവ കാലാന്തരത്തില്‍ കരയുടെ ഭാഗമായി മാറും. ഇത്തരം തുണ്ടുഭൂമിയെ 'ഒഫിയോലൈറ്റുകള്‍'(ophiolites) എന്നാണ്‌ വിളിക്കുക. ഇത്തരമൊരു തുണ്ടു ഭൂമിയാണ്‌ ഗ്രീന്‍ലന്‍ഡില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌. സൈപ്രസിലും ഒമാനിലും മുമ്പ്‌ 'ഒഫിയോലൈറ്റുകളെ' തിരിച്ചറിഞ്ഞിട്ടുണ്ട്‌. പക്ഷേ, പഴക്കത്തിന്റെ കാര്യത്തില്‍ അവയെ കടത്തി വെട്ടുന്നു ഗ്രീന്‍ലന്‍ഡിലെ പഴയഭൂമി. എന്നുവെച്ചാല്‍, ഭൂമുഖത്ത്‌ മനുഷ്യന്‍ ഇന്നുവരെ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ഭാഗമാണ്‌ ഗ്രീന്‍ലന്‍ഡിലേത്‌ എന്നു സാരം.

ഗ്രീന്‍ലന്‍ഡിലെ ഇസുവ ബെല്‍റ്റില്‍ ഗവേഷകര്‍ പഠന വിധേയമാക്കിയത്‌ അഞ്ചുകിലോമീറ്ററോളം ദൂരത്തെ തുണ്ടുഭൂമിയാണ്‌. അടിത്തട്ടില്‍ പരലീകരിക്കപ്പെട്ട ശിലാഖണ്ഡങ്ങളും അതിനുമുകളില്‍ ഉറഞ്ഞു കട്ടിയായി 'ഫോസിലീകരിക്കപ്പെട്ട' മാഗ്‌മ അറകളും ഉള്‍പ്പടെ, ഒഫിയോലൈറ്റുകളുടെ സ്വഭാവഗുണങ്ങളെല്ലാം ആ പ്രദേശത്തിനുള്ളതായി ഗവേഷകര്‍ കണ്ടു. "380 കോടി വര്‍ഷം മുമ്പ്‌, സമുദ്രപ്രതലത്തില്‍ ഏതാനും മിനുറ്റുകൊണ്ട്‌ ലാവ ഉറഞ്ഞുണ്ടായ ഘടനയാണ്‌ അതെന്ന്‌ തിരിച്ചറിയാനാകും"-പ്രൊഫ. റോസിങ്‌ അറിയിക്കുന്നു. അത്ര പ്രാചീനകാലത്തു തന്നെ, ഇന്നു നമ്മള്‍ കാണുന്ന 'നടുക്കടല്‍ വിള്ളല്‍' പ്രക്രിയ നടന്നിരുന്നു എന്നാണ്‌ ഇത്‌ അസന്നിഗ്‌ധമായി തെളിയിക്കുന്നത്‌. ഫലകചലന പ്രക്രിയയുടെ ചരിത്രത്തെ കുറഞ്ഞത്‌ 130 കോടി വര്‍ഷം പിന്നോട്ടു നയിക്കുന്നു കണ്ടെത്തലാണിതെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു (അവലംബം: സയന്‍സ്‌ ഗവേഷണ വാരിക, ബിബിസി ന്യൂസ്‌)

Saturday, April 14, 2007

വിഷുത്തവള


ഒരു വിഷുദിനത്തില്‍ ആദ്യമായി പരിചയപ്പെട്ട തവളയെക്കുറിച്ചുള്ള സ്‌മരണ. അല്ലാതെ വിഷുവിനും 'മണവാട്ടിത്തവള'യ്‌ക്കും തമ്മില്‍ പ്രത്യേകിച്ച്‌ ബന്ധമൊന്നുമില്ല

ത്തുവര്‍ഷം മുമ്പത്തെ വിഷുദിനത്തിലാണ്‌ ഈ തവളയെ ആദ്യമായി പരിചയപ്പെടുന്നത്‌. വെറുതെ പരിചയപ്പെടുകയായിരുന്നില്ല, ആര്‍.വി.എം.ദിവാകരന്റെ നരുവമ്പ്രത്തുള്ള വീട്ടിലെ അടുക്കളയില്‍ കഞ്ഞിവെയ്‌ക്കാന്‍ കോരിവെച്ചിരുന്ന വെള്ളത്തില്‍ നിന്ന്‌, ദിവാകരന്റെ അമ്മ (ഞങ്ങള്‍ ടീച്ചറെന്നു വിളിക്കുന്ന വി.എം.ലീലാഭായി) സ്‌പൂണ്‍ കൊണ്ട്‌ ആ സുന്ദരിയെ കോരി പുറത്തേക്കു വിടുകയായിരുന്നു! ഒറ്റച്ചാട്ടം, ജനാലപ്പടിയിലുടെ അടുക്കളയുടെ മൂലയില്‍ അവള്‍ മറഞ്ഞു. പല ജീവിയെയും കണ്ടിട്ടുണ്ട്‌; പക്ഷേ, കഞ്ഞിക്കുള്ള വെള്ളം ആവാസവ്യവസ്ഥയാക്കുന്ന ഒരെണ്ണത്തിനെ ജീവിതത്തിലാദ്യമായി കാണുകയായിരുന്നു! "ഭാഗ്യം, ഒന്നല്ലേയുള്ളൂ, ബാക്കി 26 പേരും വീടിന്റെ മറ്റേതെങ്കിലും കോണുകളില്‍ കാണും"-എന്റെ മുഖത്തെ അമ്പരപ്പു കണ്ടപ്പോള്‍ ടീച്ചര്‍ ആത്മഗതം പോലെ പറഞ്ഞു.

കാര്യം എനിക്ക്‌ അത്രയ്‌ക്കങ്ങോട്ട്‌ പിടികിട്ടിയിട്ടില്ല എന്നു മനസിലായപ്പോള്‍, ദിവാകരന്റെ സഹോദരി ദീപ സഹായത്തിനെത്തി. "ജോസഫേട്ടാ, ഞങ്ങളുടെ വീട്ടില്‍ ഞങ്ങളെപ്പോലെ തന്നെ തികഞ്ഞ അവകാശത്തോടെ താമസിക്കുന്ന ഒരു വര്‍ഗ്ഗമാണ്‌ ഈ തവളകള്‍. 'മണവാട്ടിത്തവള' എന്ന്‌ ഞങ്ങളിതിനെ വിളിക്കും. താങ്കളെപ്പോലൊരു പരിസ്ഥിതിസ്‌നേഹിക്ക്‌ താത്‌പര്യമുണ്ടായേക്കാവുന്ന തവളയാണിത്‌"-ദീപയുടെ വാക്കിലെ ദുരൂഹതയുടെ പുകമറയും അടുപ്പിലെ പുകയും കൂടിയായപ്പോള്‍ ഞാന്‍ സ്വയം പുകഞ്ഞു പുറത്തു ചാടി. ദിവാകരനെത്തേടിപ്പിടിച്ചു, കാര്യത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു. സ്വതസിദ്ധമായ രീതിയില്‍ അവന്‍ ഒന്ന്‌ ഇളകിയിരുന്നു. എന്നിട്ടു പറഞ്ഞു, "മണവാട്ടിത്തവളയോ, ഇവിടെ മിക്ക വീടുകളിലും ഇത്തരം തവളകള്‍ സ്ഥിരംതാമസക്കാരാണ്‌".

വീടിന്റെ ഇരുട്ടും വെളിച്ചവും കലര്‍ന്ന ഒരു മുറിയിലേക്ക്‌ ദിവാകരന്‍ എന്നെ കൂട്ടിക്കൊണ്ടു പോയി. മുറിയിലെ കട്ടിലിന്റെ തലയ്‌ക്കല്‍ ചാരിവെച്ചിരുന്ന തലയിണ എടുത്തമാറ്റി. അവിടെയതാ, ഞാന്‍ കണ്ണുതിരുമ്മി അരണ്ട വെളിച്ചത്തില്‍ ഒന്നുകൂടി നോക്കി, ആറ്‌ മണവാട്ടിത്തവളകള്‍ കൂട്ടമായിരിക്കുന്നു; കമ്മറ്റി കൂടും പോലെ! "സാധാരണ തവളകളെപ്പോലെ അറപ്പുളവാക്കുന്നവയല്ല ഇവ"-ഒരു 'മണവാട്ടി'യെ കൈയിലെടുത്തുകൊണ്ട്‌ ദിവാകരന്‍ പറഞ്ഞു. "കൈ നീട്ടൂ"-അവന്‍ ആവശ്യപ്പെട്ടു. നീട്ടിയ കൈയിലേക്ക്‌ ആ മണവാട്ടിയെ വെച്ചുതന്നപ്പോള്‍ ഒരു തണുപ്പ്‌. മനസില്‍ അല്‍പ്പം അറപ്പ്‌ കടന്നുകൂടിയോ? വെളിച്ചത്തിലേക്കു കൈമാറ്റി 'മണവാട്ടിയെ' ശരിക്കും കണ്ടതോടെ അതു മാറി. കുഞ്ഞിക്കണ്ണുകള്‍ കൊണ്ട്‌ ആ തവളയെന്നെ നോക്കി. നിഷ്‌കളങ്കമായ തണുത്ത നോട്ടം. സത്യം പറയാമല്ലോ, ഉള്ളില്‍ ഒരു വാത്സല്യം മുളയിട്ടു. ചെറിയൊരു തവള. ഏതാനും സെന്റീമീറ്റര്‍ നീളം. ''ഇതിന്‌ പരമാവധി ഇത്രയും വലിപ്പമേ ഉണ്ടാകൂ"-ദിവാകരന്‍ പറഞ്ഞു. ശരീരത്തിന്റെ മുകള്‍ഭാഗം മുതല്‍ താഴെ വരെ ഇഷ്ടികയുടെ നിറത്തിലൊരു ഭാഗം. അതിന്‌ മുകളില്‍ കറുത്ത നിറവും, മഞ്ഞപ്പൊട്ടുകളും. ശരീരത്തിന്റെ അടിഭാഗം മഞ്ഞകലര്‍ന്ന വെള്ളനിറം. സുന്ദരി, ഞാന്‍ മനസില്‍ പറഞ്ഞു. "അണിഞ്ഞൊരുങ്ങിയ ഒരു മണവാട്ടിയെപ്പോലെയില്ലേ, അതാണ്‌ ഈ പേരിന്‌ പിന്നില്‍"-ദിവാകരന്‍ വിശദീകരിച്ചു. വീട്ടിനുള്ളില്‍ ചെറുപ്രാണികളും കൊതുകുകളും വളരാന്‍ ഇവര്‍ സമ്മതിക്കില്ല; എല്ലാറ്റിനെയും പിടിച്ച്‌ തിന്നും, ദിവാകരന്‍ അറിയിച്ചു. മണവാട്ടി വീടുകളില്‍ ഒരു ഉപകാരിയാണ്‌. അതിനാല്‍, ആരും മണവാട്ടിയെ ഉപദ്രവിക്കാറില്ല. വടക്കന്‍ കേരളം അത്ര പരിചയമില്ലാത്ത എനിക്ക്‌ മുന്നില്‍ അത്ഭുതത്തിന്റെ പുതിയൊരു ലോകം തുറക്കുകയായിരുന്നു.
വിഷുവിന്‌ ഓഫീസ്‌ അവധിയായതിനാല്‍, കോഴിക്കോട്ടുനിന്ന്‌ ദിവാകരനൊപ്പം രാവിലെ നരുവമ്പ്രത്തെത്തിയതായിരുന്നു ഞാന്‍. തീവണ്ടിയില്‍ കണ്ണൂര്‍ കടന്ന്‌ പഴയങ്ങാടിയില്‍ ഇറങ്ങിയ ഞങ്ങള്‍ മാടായിപ്പാറയുടെ കിഴക്കേ ചെരുവിന്‌ താഴെ വരെ ബസ്സിലെത്തി അവിടെ നിന്ന്‌ നരുവമ്പ്രത്തിന്‌ നടന്നു. ഏതാണ്ട്‌ ഇരുപത്‌ മിനിറ്റ്‌ നടന്നു കാണും. അതിനിടെ, ദിവാകരന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുള്ള ഒട്ടേറെപ്പേര്‍ റോഡില്‍ വെച്ചും കടവരാന്തകളില്‍ നിന്നുമൊക്കെ ദിവാകരനെയും ചിലപ്പോള്‍ എന്നെയും അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. 'ഹോ, എന്തു വായനാശീലമുള്ള മനുഷ്യര്‍' എന്ന്‌ എന്നെക്കൊണ്ട്‌ മനസില്‍ പറയിക്കുക പോലും ചെയ്‌തു ചിലര്‍. 'ആരാ കൂടെയുള്ളത്‌', എന്ന്‌ എന്റെ ലേശം മുടന്തിയുള്ള നടത്തം കണ്ട്‌ സഹതാപം തോന്നി ചിലര്‍ ചോദിച്ചപ്പോഴൊക്കെ, 'അറിയില്ലേ, ജോസഫ്‌ ആന്റണി, ഞങ്ങളൊരുമിച്ചാ ജോലിചെയ്യുന്നത്‌', എന്ന്‌ ദിവാകരന്‍ വളരെ ഭവ്യതയോടെ അവരോട്‌ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

വിഷുവിന്‌ വീട്ടില്‍ വരുന്ന അതിഥിയെക്കുറിച്ച്‌ ദിവാകരന്‍ നേരത്തെ തന്നെ ടീച്ചറെയും അച്ഛനെയും ദീപയെയും ഒക്കെ അറിയിച്ചിരുന്നു. എന്റെ താത്‌പര്യങ്ങളെക്കുറിച്ചും നല്ല വിവരണം നല്‍കിയിരുന്നു എന്നു വേണം ഊഹിക്കാന്‍. അതായിരിക്കണം, അവരുടെ വീട്ടിനും പറമ്പിനും തൊട്ടപ്പുറത്ത്‌, ദേശാടനപക്ഷികള്‍ കൂടുകൂട്ടുന്ന ആ കാടിനെക്കുറിച്ച്‌ വിശദമായി വിവരിക്കാന്‍ ദീപയെ പ്രേരിപ്പിച്ചത്‌. പകല്‍ പോലും കീരി, കുറുക്കന്‍ തുടങ്ങിയ ജീവികള്‍ പരസ്യമായി ഇറങ്ങി നടക്കുന്ന കാടാണത്‌. പുരയിടത്തിന്റെ പേരില്‍ കോടതിയില്‍ കേസ്‌ നടക്കുന്നതു കൊണ്ടാണ്‌, അതിങ്ങനെ കാടുകയറി വന്യജീവി സങ്കേതമായി മാറിയിരിക്കുന്നത്‌. കോടതികള്‍ വിചാരിച്ചെങ്കിള്‍ കേരളത്തില്‍ എത്രമാത്രം വനം വര്‍ധിക്കുമായിരുന്നുവെന്ന്‌ ഞാന്‍ മനസിലോര്‍ത്തു. പോരുംമുമ്പ്‌ ഒരു കീരിയും മൂന്നു മക്കളും കാടിന്‌ നടുവിലെ ഇടവഴി മുറിച്ച്‌ കടന്നു പോകുന്നതിന്‌ സാക്ഷിയാകാനും എനിക്കു കഴിഞ്ഞു. കോഴിക്കോട്ട്‌, ഞങ്ങള്‍ താമസിക്കുന്ന കോളനിയില്‍ പാര്‍പ്പുറപ്പിച്ചിട്ടുള്ള കീരിയുടെയും നാലുമക്കളുടെയും കണ്ണൂരുള്ള ബന്ധുക്കളായിരിക്കാം ഇതെന്ന്‌ ഞാന്‍ മനസില്‍ കുറിച്ചു.

പരിസ്ഥിതി മാത്രമല്ല, പാചകത്തിലും താത്‌പര്യമുണ്ടെന്ന്‌ ഞാന്‍ ടീച്ചറോട്‌ പറഞ്ഞു. നെയ്യാര്‍ഡാമില്‍ നിന്ന്‌ വലകെട്ടി കിട്ടുന്ന കട്‌ല മത്സ്യങ്ങളെ കറിവെയ്‌ക്കുന്നതിന്റെ പാചകവിധി വിവരിച്ചപ്പോള്‍, തങ്ങള്‍ വെജിറ്റേറിയനായതിന്റെ സങ്കടം ടീച്ചറുടെ മുഖത്ത്‌ തെളിഞ്ഞു (ഈ പാചകതാത്‌പര്യമാണ്‌ എന്നെ ലക്ഷ്‌മി നായരുടെ ഒരു ഫാനാക്കിയത്‌. എന്റെ ഭാര്യ പക്ഷേ, ഇക്കാര്യം അങ്ങോട്ട്‌ സമ്മതിച്ചു തരില്ല). കണ്ണൂരിലെ വിഷു വിഭവങ്ങളെക്കുറിച്ചും, ഓലന്‍ തുടങ്ങിയവ ഉണ്ടാക്കുന്നതിനെക്കുറിച്ചും ടീച്ചര്‍ എനിക്ക്‌ ചെറിയൊരു ക്ലാസ്‌ തരുന്ന വേളയിലാണ്‌, മണവാട്ടിത്തവള കഞ്ഞിക്കലത്തിലേക്ക്‌ ഡൈവ്‌ ചെയ്‌തെത്തിയതും, എന്റെ സജീവശ്രദ്ധ ആകര്‍ഷിച്ചതും. ദിവാകരന്‍ നല്‍കിയ വിവരണങ്ങള്‍ക്കു ശേഷവും ചില സംശയങ്ങള്‍ ബാക്കി നിന്നു. ഊണു തയ്യാറാക്കുന്നതിന്റെ തിരക്കിലായിരുന്നു ടീച്ചറിനോട്‌ ഇടയ്‌ക്ക്‌ ഞാന്‍ ചോദിച്ചു, " 27 തവളകള്‍ ഇവിടെയുണ്ടെന്ന്‌ എങ്ങനെയാ അറിഞ്ഞത്‌?''"അതൊരു ന്യായമായ ചോദ്യമാണ്‌"-ടീച്ചര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. പകല്‍ നേരത്തു മാത്രമേ ഇവരെല്ലാം വീട്ടിലുണ്ടാകൂ. സൂര്യന്‍ താണുകഴിഞ്ഞാല്‍ ഒറ്റയെണ്ണത്തിനെ കാണില്ല, എല്ലാവരും പുറത്തുപോകും. രാത്രി മുഴുവന്‍ പറമ്പിലായിരിക്കും.
"രാവിലെ, പത്രം എടുക്കാന്‍ കതകു തുറക്കുമ്പോള്‍, എല്ലാവരും വാതലിന്‌ മുന്നില്‍ ധര്‍ണയിരിക്കുന്നതു കാണാം"-ടീച്ചര്‍ ഒരത്ഭുതവും കൂടാതെ അത്ഭുതകരമായ ആ സംഗതി വിവരിച്ചു. "വാതില്‍പ്പിടിക്കു താഴെ കാത്തിരിക്കുന്നവര്‍ എത്രപേരുണ്ടെന്ന്‌ ഞാന്‍ പലപ്പോഴും എണ്ണിനോക്കിയിട്ടുണ്ട്‌, ഇവിടെ 27 മണവാട്ടികള്‍ താമസമുണ്ടെന്ന്‌ അങ്ങനെയാണ്‌ വ്യക്തമായത്‌". ടീച്ചര്‍ വാതില്‍ തുറന്നു കഴിഞ്ഞാല്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന മണവാട്ടികള്‍ ഓരോരുത്തരും വീട്ടിനുള്ളിലേക്ക്‌ ചാട്ടുളി പോല ഒറ്റ ചാട്ടമാണ്‌. "പകലത്തെ ഡ്യൂട്ടിക്ക്‌"-ഞാന്‍ മനസിലോര്‍ത്തു. പിന്‍വാതിലിലൂടെ വരാറില്ലേ, സംശയം തീരുന്നില്ല. "ഇല്ല"-ടീച്ചര്‍ അസന്നിഗ്‌ദമായി പറഞ്ഞു. "ആദ്യം തുറക്കുന്നത്‌ മുമ്പിലത്തെ വാതിലല്ലേ, അവിടയേ കാത്തു നില്‍ക്കാറുള്ളൂ". സാധാരണഗതില്‍ ഈ തവളകളെ ആരും വീട്ടിനുള്ളില്‍ ഉപദ്രവിക്കാറില്ല, ദിവാകരന്‍ അറിയിച്ചു. അടുക്കളയില്‍ വെച്ചിരിക്കുന്ന വെള്ളത്തില്‍ ചിലപ്പോള്‍ വന്നു ചാടും. അതിലത്ര അറപ്പൊന്നും ആരും പ്രകടിപ്പിക്കാറില്ല, സ്‌പൂണോ തവിയോ കൊണ്ട്‌ കോരി പുറത്തു വിടും.

ജാഫര്‍ പാലോട്ടിന്റെ വീട്‌ മാടായിപ്പാറയുടെ ചുവട്ടിലാണ്‌. പ്രകൃതിസ്‌നേഹിയും ഗവേഷകനുമായ അദ്ദേഹത്തെ പിറ്റെ ദിവസം തിരികെ പോരും വഴി ഞങ്ങള്‍ സന്ദര്‍ശിച്ചു. കുശലത്തിനിടെ, ഞാന്‍ മണവാട്ടിത്തവളയുടെ വിഷയം എടുത്തിട്ടു. "ഇവിടെയൊന്നും ആര്‍ക്കും മണവാട്ടിത്തവള അത്ര അത്ഭുതമല്ല"-ജാഫര്‍ പറഞ്ഞു. "കേരളത്തില്‍ ഭാരതപ്പുഴയ്‌ക്ക്‌ വടക്കേ ഇവയെ കാണൂ, ഏറിവന്നാല്‍ മംഗലാപുരം വരെ". ശരിക്കും എന്‍ഡമിക്ക്‌ (ഭൂപരിമിതം) ആയ ജീവിവര്‍ഗ്ഗമാണിത്‌. "അതിന്റെ ശാസ്‌ത്രീയനാമം എന്തു മനോഹരമാണെന്നോ"-ജാഫര്‍ പറഞ്ഞു. "റാണ മലബാറിക്ക (Rana malabarica)". ശരിക്കും സുന്ദരം, രാജകീയ പ്രൗഡി. Fungoid Frog എന്നിതിനെ ഇംഗ്ലീഷില്‍ വിളിക്കും. ഇവയ്‌ക്ക്‌ അമ്മായിത്തവള, നിസ്‌ക്കാരത്തവള, തെയ്യംതവള എന്നൊക്കെ മലബാറില്‍ പേരുണ്ട്‌. മുട്ടയിടാന്‍ മാത്രമേ വെള്ളത്തിലിറങ്ങൂ. രണ്ടുമാസമാകുമ്പോഴേക്കും പൂര്‍ണവളര്‍ച്ചയെത്തി കരയ്‌ക്കു കയറും.

ഒരു വീട്ടില്‍ താമസമുറപ്പിച്ച 'മണവാട്ടി'കളെ അവിടെ നിന്ന്‌ ഒഴിവാക്കുക എളുപ്പമല്ല, ജാഫര്‍ അറിയിച്ചു. ജാഫറിന്റെ സ്വന്തം അനുഭവം തന്നെയുണ്ട്‌ അതിന്‌ തെളിവായി. ജാഫറിന്റെ വീട്ടില്‍ സുഖവാസം നടത്തിയിരുന്ന 14 തവളകളുണ്ടായിരുന്നു. ചിലയവസരങ്ങളില്‍ ഭക്ഷണം വിളമ്പി വെയ്‌ക്കുന്ന നേരത്ത്‌ ഇവരില്‍ ചിലര്‍ ഒരു രസത്തിന്‌ ഡൈനിങ്‌ ടേബിളിന്‌ മുകളിലേക്ക്‌ ചാടിയെത്തും. ഒരിക്കല്‍ അച്ചാര്‍ പാത്രത്തില്‍ ഒരു മണവാട്ടി വീണു. ഉമ്മയ്‌ക്ക്‌ ആകെ വിഷമമായി. ഉമ്മയുടെ പരാതി തീര്‍ക്കാന്‍ ജാഫര്‍ വീട്ടിലുള്ള 14 മണവാട്ടികളെയും പിടിച്ച്‌ ടിന്നിലടച്ച്‌ ബൈക്കില്‍ മൂന്നു കിലോമീറ്റര്‍ അകലെ കൊണ്ടുപോയി ഒരു കാട്ടില്‍ തുറന്നു വിട്ടിട്ട്‌ സമാധാനമായി തിരിച്ചു പോന്നു.

പിറ്റേ ദിവസം രാവിലെ ഉമ്മ വാതില്‍ തുറക്കുമ്പോള്‍ നോക്കി, ഒറ്റ മണവാട്ടിയും ഇല്ല; ഉമ്മയ്‌ക്ക്‌ ആശ്വാസമായി. തൊട്ടടുത്ത ദിവസങ്ങളും അങ്ങനെ കടന്നു പോയി. പക്ഷേ, അഞ്ചാംദിവസം കതകുതുറക്കുമ്പോള്‍ ആ ഹൃദയഭേദകമായ കാഴ്‌ച കണ്ടു, വീട്ടില്‍ നിന്ന്‌ പോയ പതിനാല്‌ മണവാട്ടികള്‍ക്കൊപ്പം ഏഴുപേര്‍ കൂടി സംഘടിച്ച്‌ 21 പേര്‍ ഉമ്മറപ്പടിയ്‌ക്കു താഴെ കാവല്‍!

കഴിഞ്ഞ ദുഖവെള്ളിയാഴ്‌ച (2007 ഏപ്രില്‍ ആറ്‌) ഞാനും കുടുംബവും കണ്ണൂരില്‍ പേരാവൂരിനടുത്ത്‌ മണത്തണയുള്ള ചേച്ചിയുടെ വീട്ടിലേക്ക്‌ യാത്രചെയ്യുകയായിരുന്നു. തലശ്ശേരി കഴിഞ്ഞപ്പോള്‍ മുതല്‍ കാറ്റിന്റെ സ്വഭാവം മാറി. പൊള്ളുന്ന കാറ്റാണ്‌ ബസ്സിനുള്ളിലേക്ക്‌ വീശുന്നത്‌. ഒരു അഗ്നികുണ്ഡം ഉണ്ടാക്കി അതിനടുത്തു നിന്നാലത്തെ അവസ്ഥ. ചൂട്‌ അസാധാരണമായി വര്‍ധിച്ചിരിക്കുന്നു. പാലയ്‌ക്കാടും കണ്ണൂരും കൊടുംചൂടിന്റെ കാര്യത്തില്‍ തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ. അപ്പോള്‍ മനസിലേക്ക്‌ ഉയര്‍ന്നു വന്നത്‌, പത്തുവര്‍ഷം മുമ്പ്‌ ദിവാകരന്‍ എന്റെ കൈയിലേക്ക്‌ വെച്ചുതന്ന ആ 'മണവാട്ടി'യുടെ നോട്ടമായിരുന്നു.
ആഗോളതാപനഫലമായി ഭൂമിക്ക്‌ ചൂടുപിടിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ സമീപവര്‍ഷങ്ങളില്‍ വായിച്ച വാര്‍ത്തകളിലൊരെണ്ണം, തളവകളാണ്‌ ഉയരുന്ന ചൂടിന്റെ ആദ്യഇരകള്‍ എന്നായിരുന്നു. അന്നത്‌ വായിച്ചപ്പോള്‍ എനിക്ക്‌ 'മണവാട്ടിത്തവള'കളെ ഓര്‍മ വന്ന കാര്യം, ചൂടുകാറ്റിന്റെ അസ്വസ്ഥതയില്‍ വീണ്ടുമോര്‍ത്തു.
കണ്ണൂര്‍കാരനായ സഹപ്രവര്‍ത്തകന്‍ എ.കെ.സജീവനോട്‌ കഴിഞ്ഞ ദിവസം വെറുതെ ചോദിച്ചു, ചേട്ടന്റെ വീട്ടില്‍ മണവാട്ടിത്തവളയുണ്ടോ എന്ന്‌. "ഉണ്ട്‌, രണ്ടെണ്ണം"-അദ്ദേഹം അറിയിച്ചു. "വീട്ടിലെ കുളിമുറിയിലാണ്‌ അവ കഴിയുന്നത്‌. കോണ്‍ക്രീറ്റ്‌ വീടല്ലേ, മറ്റെവിടെയാ അവയ്‌ക്ക്‌ ജീവിക്കാനൊക്കുക". ഉത്തരം വ്യക്തം. പക്ഷേ, ഞാനത്‌ വിശ്വസിക്കുന്നില്ല. 27 മണവാട്ടിത്തവളകള്‍ സുഖമായി പാര്‍ക്കുന്ന വീടുകള്‍ കണ്ണൂരില്‍ ഇപ്പോഴും ധാരളമുണ്ടെന്ന്‌ കരുതാനാണ്‌ എനിക്കിഷ്ടം (ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: India Nature Watch)
-ജോസഫ്‌ ആന്റണി
(Note: ഡോ.ആര്‍.വി.എം.ദിവാകരന്‍ ഇപ്പോള്‍ കാലിക്കറ്റ്‌ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ ലക്‌ചററാണ്‌. ആര്‍.വി.എം.ദീപ തിരുവനന്തപുരം കഴക്കൂട്ടം സൈനിക്‌ സ്‌കൂളില്‍ അധ്യാപിക. ഡോ.ജാഫര്‍ പാലോട്ട്‌, സുവോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യ (ZSI)യുടെ കോഴിക്കോട്‌ റീജിണല്‍ ഓഫീസില്‍ ഗവേഷകന്‍.)

Friday, April 13, 2007

അപൂര്‍വ വയല്‍ക്കുരുവി ഇന്ത്യയില്‍ വീണ്ടും


നൂറ്റിമുപ്പത്തൊമ്പത്‌ വര്‍ഷം മുമ്പ്‌ ഇന്ത്യയില്‍ കണ്ട ശേഷം ഗവേഷകരുടെ കണ്ണില്‍പെടാതിരുന്ന 'ലാര്‍ജ്‌ ബില്‍ഡ്‌ വാര്‍ബ്ലര്‍' എന്ന അപൂര്‍വ വയല്‍ക്കുരുവിയെ, വീണ്ടും ഇന്ത്യയില്‍ കണ്ടെത്തി.

കിഴക്കന്‍ കൊല്‍ക്കത്തയിലെ നരേന്ദ്രപൂരിന്‌ സമീപത്തു നിന്നാണ്‌ ഈ പക്ഷി ഒരു നിരീക്ഷകന്റെ കണ്ണില്‍ പെട്ടത്‌. അടുത്തയിടെ ഈ വയല്‍ക്കുരുവിയെ അപ്രതീക്ഷിതമായി തായ്‌ലന്‍ഡില്‍ കണ്ടെത്തിയത്‌ വന്‍ വാര്‍ത്താപ്രധാന്യം നേടിയിരുന്നു(കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌).

ഭാരതീയശാസ്‌ത്രജ്ഞര്‍-14: പുതുമന ചോമാതിരി

പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കേരളീയ ഗണിതശാസ്‌ത്ര പ്രതിഭയാണ്‌ പുതുമന ചോമാതിരി. 'കരണപദ്ധതി'യെന്ന സുപ്രധാന ഗ്രന്ഥം അദ്ദേഹമാണ്‌ രചിച്ചത്‌

ഭൗതീകശാസ്‌ത്രത്തിലെ തന്റെ കണ്ടെത്തലുകള്‍ക്ക്‌ ഗണിതശാസ്‌ത്രത്തിന്റെ അടിത്തറ നല്‍കാനാണ്‌ ഐസക്‌ ന്യൂട്ടണ്‍ (1642-1727) കലിതം (കാല്‍ക്കുലസ്‌) രൂപപ്പെടുത്തിയത്‌. മറ്റൊരു മാര്‍ഗ്ഗത്തിലൂടെ ലെബ്‌നിറ്റ്‌സും കലിതം കണ്ടെത്തി. ഈ പശ്ചാത്യപ്രതിഭകളുടെ സമകാലികനായിരുന്നു പുതുമന ചോമാതിരിയെന്ന കേളരീയ ഗണിതജ്ഞന്‍. ത്രികോണമിതി, കലനം തുടങ്ങിയ ഗണിതശാസ്‌ത്രശാഖകള്‍ പാശ്ചാത്യലോകത്ത്‌ വികാസം പ്രാപിക്കുന്നതിനും മുമ്പ്‌ കേരളത്തിലെ പ്രതിഭകള്‍ അവ കണ്ടെത്തിയിരുന്നു എന്ന്‌ തെളിയിക്കുന്ന ഒട്ടേറെ കൃതികളുണ്ട്‌. ആ ഗ്രന്ഥപരമ്പരയില്‍ സുപ്രധാന സ്ഥാനം അര്‍ഹിക്കുന്ന കൃതിയാണ്‌ 'കരണപദ്ധതി'. അതിന്റെ കര്‍ത്താവാണ്‌ പുതുമന ചോമാതിരി. ത്രികോണമിതി, അനന്തശ്രേണികളുടെ ഉപയോഗം, `പൈ'യുടെ കൃത്യമായ മൂല്യനിര്‍ണയം ഒക്കെ കരണപദ്ധതിയിലുണ്ട്‌.

പുതാതന ഭാരതത്തില്‍ ജ്യോതിശാസ്‌ത്രവും ഗണിതശാസ്‌ത്രവും ജോതിഷവും കൂടിക്കുഴഞ്ഞാണ്‌ കിടന്നത്‌. അതിനാല്‍ ഇവ ഒറ്റശാസ്‌ത്രമായി കണക്കാക്കപ്പെട്ടു. നമ്മുടെ പല ജ്യോതിശാസ്‌ത്രഗ്രന്ഥങ്ങളും ഗണിതശാസ്‌ത്രഗ്രന്ഥങ്ങളും ജ്യോതിഷഗ്രന്ഥങ്ങളായും ശാസ്‌ത്രജ്ഞര്‍ വെറും ജ്യോതിഷികളായും ഇന്നും തെറ്റിദ്ധരിക്കപ്പെടുന്നു. ഇത്തരത്തില്‍ വേണ്ടത്ര അറിയപ്പെടാതെ പോയ കേരളീയ ഗണിതപ്രതിഭകളില്‍ പുതുമന ചോമാതിരിയും പെടുന്നു. ചോമാതിരിയുടെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതര്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പ്രകടിപ്പിട്ടുണ്ട്‌. 'ദൃഗ്ഗണിതം' എന്ന മഹാഗണിതഗ്രന്ഥം രചിച്ച വടശ്ശേരി പരമേശ്വരന്റെ(1360-1455) കാലത്താണ്‌ ചോമാതിരിയും ജീവിച്ചിരുന്നതെന്ന്‌, വടക്കുംകൂര്‍ രാജരാജവര്‍മ, മഹാകവി ഉള്ളൂര്‍ തുടങ്ങിയവര്‍ നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍, പ്രശസ്‌ത പണ്ഡിതനായ കെ.വി.ശര്‍മയാണ്‌ ചോമാതിരിയുടെ കാലം കണ്ടെത്തിയത്‌.

കെ.വി.ശര്‍മ നടത്തിയ കണക്കുകൂട്ടല്‍ പ്രകാരം, 1660-ല്‍ തൃശൂരില്‍ പുതുമന ഇല്ലത്താണ്‌ ചോമാതിരി (സോമയാജി) ജനിച്ചത്‌. 1732-ല്‍ അദ്ദേഹം കരണപദ്ധതി രചിച്ചു. 1740-ല്‍ അന്തരിച്ചു. കേരളത്തില്‍ നിലവിലുണ്ടായിരുന്ന രണ്ട്‌ ഗണിതപദ്ധതികളാണ്‌ പരഹിതവും ദൃക്കും. എ.ഡി.683-ല്‍ ഹരിദത്തന്‍ ആവിഷ്‌ക്കരിച്ച സമ്പ്രദായമാണ്‌ പരഹിതം. 1430-ല്‍ വടശ്ശേരി പരമേശ്വരന്‍ ആണ്‌ ദൃക്‌ സമ്പ്രദായം ആവിഷ്‌ക്കരിച്ചത്‌. പരഹിത സമ്പ്രദായമനുസരിച്ച്‌ കേരളത്തില്‍ ജ്യോത്സ്യന്‍മാര്‍ മുഹൂര്‍ത്തം ഗണിക്കുന്നത്‌ ഇപ്പോഴും പതിവാണ്‌; ഗ്രഹണം മുതലായവ ഗണിക്കുന്നത്‌ ദൃക്‌ സമ്പ്രദായം അനുസരിച്ചും. ഈ രണ്ട്‌ ഗണിതപദ്ധതികളും ചോമാതിരി 'കരണപദ്ധതി'യില്‍ ഉപയോഗിച്ചിട്ടുണ്ട്‌. കരണപദ്ധതിയുടെ പഴയ കൈയെഴുത്തു പ്രതികള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്‌ ആ പ്രദേശങ്ങളില്‍ പ്രചാരം സിദ്ധിച്ചിരുന്നു എന്നതിന്‌ തെളിവാണിത്‌.

കേരളത്തിലെ ഗണിത-ജ്യോതിശ്ശാസ്‌ത്രപാരമ്പര്യത്തിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌-ഗണിതഭാഗവും ഫലഭാഗവും. ആദ്യത്തേത്‌ ശുദ്ധശാസ്‌ത്രമാണ്‌. ജാതകഗണനം ഫലപ്രവചനം എന്നിവ ഉള്‍പ്പെടുന്ന ജ്യോതിഷമാണ്‌ രണ്ടാംഭാഗം. ഇവ സംബന്ധിച്ച കൃതികള്‍ക്കു പുറമേ, നമ്പൂതിരിമാരുടെ ആചാരങ്ങള്‍ വിവരിക്കുന്ന ഒട്ടേറെ കൃതികള്‍ ചോമാതിരി രചിച്ചു. ജാതകാദേശമാര്‍ഗം, ആശൗചം, ബഹ്വലച സ്‌മാര്‍ത്തപ്രായശ്ചിത്തം, വേണ്വാരോഹാഷ്‌ടകം, പഞ്ചബോധം, ന്യായരത്‌നം, ഗ്രഹണഗണിതം തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ പെടുന്നു. ജാതകാദേശം എന്നത്‌ ചോമാതിരി രചിച്ച പ്രശസ്‌ത ജ്യോതിഷകൃതിയാണ്‌. മാനസഗണിതം എന്നൊരു കൃതി രചിച്ചിട്ടുള്ളതായി സൂചനയുണ്ടെങ്കിലും അത്‌ കണ്ടുകിട്ടിയിട്ടില്ല.

പ്രശസ്‌ത ഗണിതശാസ്‌ത്രജ്ഞനായ സംഗമഗ്രാമ മാധവന്‍ രചിച്ച വേണ്വാരോഹം എന്ന കൃതിയുടെ ചുവടുപിടിച്ച്‌ ചോമാതിരി രചിച്ച ഗ്രന്ഥമാണ്‌ വേണ്വാരോഹാഷ്ടകം. ചന്ദ്രന്‌ ഓരോ കാലങ്ങളിലുള്ള സ്ഥാനവ്യതിയാനം കൃത്യമായി ഗണിക്കാന്‍ സഹായിക്കുന്നു ഈ ഗ്രന്ഥം. ഗ്രഹചലനത്തെക്കുറിച്ചുള്ള ആധികാരിക പഠനം അവതരിപ്പിക്കുന്ന എട്ട്‌ അധ്യായങ്ങളുള്ള കൃതിയാണ്‌ ന്യായരത്‌നം. കാവ്യരൂപത്തില്‍ എഴുതപ്പെട്ട ഗ്രന്ഥമാണിത്‌. ആശൗചം, ബഹ്വലച സ്‌മാര്‍ത്തപ്രായശ്ചിത്തം എന്നീ കൃതികള്‍ ധര്‍മശാസ്‌ത്രം എന്ന വിഭാഗത്തില്‍ പെടുത്താവുന്നവയാണ്‌. നമ്പൂതിരിമാരുടെ മരണസമയത്ത്‌ ആചരിക്കേണ്ട കാര്യങ്ങളുടെ വിശദീകരണമാണ്‌, മലയാളത്തില്‍ രചിക്കപ്പെട്ട ആശൗചം എന്ന കൃതിയുടെ ഉള്ളടക്കം. അതില്‍ 18 ശ്ലോകങ്ങളുണ്ട്‌. 173 ശ്ലോകങ്ങളില്‍ രചിക്കപ്പെട്ട സംസ്‌കൃതകൃതിയാണ്‌ ബഹ്വലച സ്‌മാര്‍ത്തപ്രായശ്ചിത്തം. ഉപനയനം, വിവാഹം തുടങ്ങിയവയ്‌ക്ക്‌ ലോപം സംഭവിച്ചാല്‍ നമ്പൂതിരിമാര്‍ അനുഷ്‌ഠിക്കേണ്ട കാര്യങ്ങളാണ്‌ ഈ ഗ്രന്ഥത്തിലുള്ളത്‌.

Thursday, April 12, 2007

വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യം

സൗരയൂഥത്തിന്‌ വെളിയില്‍ ഒരു ഗ്രഹത്തില്‍ ആദ്യമായി ജലസാന്നിധ്യം തിരിച്ചറിഞ്ഞു. ഭൂമിയില്‍ നിന്ന്‌ 150 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തെ ചുറ്റുന്ന ഭീമന്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ്‌, നീരാവിയുടെയോ ബാഷ്‌പത്തിന്റെയോ രൂപത്തില്‍ ജലമുള്ളതായി കണ്ടെത്തിയത്‌. ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടോ എന്ന അന്വേഷണത്തില്‍ പുതിയൊരു ചുവടുവെപ്പാണ്‌ ഈ കണ്ടെത്തലെന്ന്‌ വിലയിരുത്തപ്പെടുന്നു.

'പെഗാസസ്‌'(Pegasus) നക്ഷത്രഗണത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രത്തിന്റെ ഗ്രഹത്തിലാണ്‌ ജലാംശമുള്ളതായി തെളിവ്‌ ലഭിച്ചത്‌. 'എച്ച്‌ ഡി 209458ബി' (HD 209458b) എന്നാണ്‌ ഗ്രഹത്തിന്‌ നല്‍കിയിട്ടുള്ള നാമം. നമ്മുടെ വ്യാഴത്തിന്റെ അത്ര വലിപ്പമുള്ള വാതകഭീമനാണത്‌. മാതൃനക്ഷത്രത്തോട്‌ വളരെ അടുത്തു സ്ഥിതിചെയ്യുന്ന 'ചൂടന്‍ വ്യാഴങ്ങള്‍'("hot Jupiters") എന്ന വിഭാഗത്തില്‍ ഇത്‌ പെടുന്നതായി 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു. ഇക്കാരണത്താല്‍ അവിടെ ജീവനുണ്ടാകാനുള്ള സാധ്യത തീരെയില്ല.


കഴിഞ്ഞ ഫിബ്രവരിയില്‍ ഈ ഗ്രഹത്തിനു സമാനമായ മറ്റൊന്നിന്റെ അന്തരീക്ഷം വിശകലനം ചെയ്‌ത ഗവേഷകസംഘം, അവിടെ ജലസാന്നിധ്യമില്ല എന്ന നിഗമനത്തിലാണെത്തിയത്‌. 'നാസ'യുടെ സ്‌പിറ്റ്‌സര്‍ സ്‌പേസ്‌ ടെലസ്‌കോപ്പ്‌ ഉപയോഗിച്ചാണ്‌ സൂര്യസമാനമായ ഒരു നക്ഷത്രത്തെ ചുറ്റുന്ന HD 20858b എന്ന ഗ്രഹത്തിന്റെ അന്തരീക്ഷം ജെറമി റിച്ചാര്‍ഡ്‌സണും സംഘവും വിശകലനം ചെയ്യാന്‍ ശ്രമിച്ചത്‌. 'ഒസിരിസ്‌'എന്നറിയപ്പെടുന്ന ആ ഗ്രഹത്തില്‍ ജലസാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന്‌ 'നേച്ചര്‍' വാരികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറഞ്ഞിരുന്നു. HD 209458b എന്ന ഗ്രഹത്തിന്റെ അന്തരീക്ഷത്തിലും ജലസാന്നിധ്യം തിരിച്ചറിയാന്‍ ആ സംഘത്തിന്‌ കഴിഞ്ഞില്ല.


മാതൃനക്ഷത്രവും HD 209458b എന്ന ഗ്രഹവും തമ്മിലുള്ള അകലം, സൂര്യനും ബുധനും തമ്മിലുള്ള അകലത്തേക്കാള്‍ കുറവാണ്‌. അതിനാല്‍ 700 ഡിഗ്രിസെല്‍സിയസിന്‌ മുകളിലാണ്‌ ഗ്രഹാന്തരീക്ഷത്തിലെ താപനില. മൂന്നര ദിവസം കൂടുമ്പോള്‍ ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തെ ഒരു തവണ വലംവെക്കുന്നു. മൂന്നര ദിവസം കൂടുമ്പോള്‍ ഗ്രഹം നക്ഷത്രത്തിന്‌ മുന്നിലൂടെ കടന്നു പോകുന്നത്‌ (സംതരണം എന്നാണിതിന്‌ പേര്‌) ഭൂമിയില്‍ നിന്ന്‌ നിരീക്ഷിക്കാം. ഇത്തരത്തില്‍ നക്ഷത്രത്തിന്‌ മുന്നില്‍ ഗ്രഹമെത്തുമ്പോള്‍, നക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തില്‍ ചെറിയൊരു പങ്ക്‌ ഗ്രഹാന്തരീക്ഷം ആഗിരണം ചെയ്യും.


അങ്ങനെ ആഗിരണം ചെയ്യപ്പെടുന്ന പ്രകാശത്തിന്റെ സ്വഭാവം നോക്കി ഗ്രഹാന്തരീക്ഷത്തിന്റെ രാസഉള്ളടക്കം മനസിലാക്കാന്‍ കഴിയും. ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പിന്റെ സഹായത്തോടെ, അമേരിക്കയില്‍ ഫ്‌ളാഗ്‌സ്റ്റാഫിലുള്ള ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ട്രാവിസ്‌ ബാര്‍മാനാണ്‌, വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യമുള്ളതായി തിരിച്ചറിഞ്ഞത്‌. ഒരു പ്രത്യേക ഇന്‍ഫ്രാറെഡ്‌ സ്‌പെക്ട്രത്തിന്റെ ഭാഗത്ത്‌, ദൃശ്യപ്രകാശത്തിന്റെ വര്‍ണരാജി (സ്‌പെക്ട്രം) വഴി കാണുമ്പോഴുള്ളതിലും വലുതായി ഗ്രഹം പ്രത്യക്ഷപ്പെടുന്നത്‌, ഗ്രഹാന്തരീക്ഷത്തില്‍ ജലസാന്നിധ്യമുള്ളതിന്റെ സൂചനയാണെന്ന്‌ ഡോ.ബാര്‍മാന്‍ പറയുന്നു.


സൗരയൂഥത്തിന്‌ വെളിയിലുള്ള പല ഗ്രഹങ്ങളിലും ജലസാന്നിധ്യം തിരിച്ചറിയാന്‍ താന്‍ വികസിപ്പിച്ച മാതൃക സഹായിക്കുമെന്ന്‌ ഡോ.ബാര്‍മാന്‍ പറയുന്നു. 200-ലേറെ ഗ്രഹങ്ങളെ സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടിട്ടുണ്ടെങ്കിലും അവയുടെ അന്തരീക്ഷത്തില്‍ എന്താണുള്ളതെന്ന്‌ മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല (കടപ്പാട്‌: ബിബിസി ന്യൂസ്‌).

Wednesday, April 11, 2007

ആഗോളതാപനം ചൊവ്വാഗ്രഹത്തിലും

ആഗോളതാപനം ഭൂമിയില്‍ മാത്രമുള്ള പ്രതിഭാസമാണെന്ന്‌ കരുതിയെങ്കില്‍ തെറ്റി. ഭൂമിയ്‌ക്ക്‌ ചൂടുപിടിക്കുന്നതിന്റെ നാലിരട്ടി വേഗത്തില്‍ ചൊവ്വാഗ്രഹത്തില്‍ ഊഷ്‌മാവ്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയാണത്രേ.

ഭൂമിയില്‍ അനുഭവപ്പെടുന്ന താപവര്‍ധനയില്‍ മനുഷ്യന്‍ തന്നെയാണ്‌ മുഖ്യപ്രതിയെങ്കില്‍, ചൊവ്വായിലെ താപവര്‍ധനയ്‌ക്കു കാരണം അവിടെ അനുഭവപ്പെടുന്ന അസാധാരണമായ പൊടിക്കാറ്റാണത്രേ! കഴിഞ്ഞ 30 വര്‍ഷത്തെ ഗ്രഹനിരീക്ഷണ വിവരങ്ങള്‍ വിശകലനം ചെയ്‌ത ഗവേഷകരാണ്‌ ഈ വസ്‌തുത തിരിച്ചറിഞ്ഞത്‌.

ചൊവ്വാപ്രതലത്തിലെ തിളങ്ങുന്ന ചുവന്ന പൊടിപടലം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച്‌ കളയുകയാണ്‌ പതിവ്‌. ഗ്രഹപ്രതലം ചൂടുപിടിക്കുന്നത്‌ തടയാന്‍ ഇത്‌ സഹായിക്കുന്നു. ഇങ്ങനെ പ്രകാശം അന്തരീക്ഷത്തിന്‌ വെളിയിലേക്ക്‌ പ്രതിഫലിപ്പിക്കുന്ന പ്രതിഭാസത്തിന്‌ 'ആല്‍ബെഡോ' (albedo) എന്നാണ്‌ പേര്‌. എന്നാല്‍, ഗ്രഹപ്രതലത്തെ ഉലയ്‌ക്കുന്ന ശക്തമായ പൊടിക്കാറ്റ്‌ ആല്‍ബെഡോ പ്രതിഭാസത്തെ ദുര്‍ബലമാക്കുന്നു. പ്രകാശം പ്രതിഫലിപ്പിക്കാനുള്ള ഗ്രഹപ്രതലത്തിന്റെ ശേഷി കുറയുന്നു. സൂര്യപ്രകാശത്തിലൂടെയെത്തുന്ന താപം ഗ്രഹപ്രതലത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. താപവര്‍ധനയ്‌ക്ക്‌ ഇതാണ്‌ കാരണം.

ചൊവ്വാഗ്രഹത്തില്‍ വിവിധ കാലത്ത്‌ പല സ്ഥലങ്ങളിലായി മൈനസ്‌ 87 ഡിഗ്രി മുതല്‍ അഞ്ച്‌ ഡിഗ്രി സെല്‍സിയസ്‌ വരെ (-125F to 23F) താപനില അനുഭവപ്പെടാറുണ്ട്‌. എന്നാല്‍, പൊടിക്കാറ്റിന്റെ ആധിക്യത്താല്‍ ഗ്രഹപ്രതലത്തിന്റെ പ്രകാശപ്രതിഫലനശേഷി ശോഷിച്ചതിനാല്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ശരാശരി താപനില 0.65 ഡിഗ്രി വര്‍ധിച്ചുവെന്ന്‌, 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു. അതേസമയം, ഭൂമിയില്‍ നൂറുവര്‍ഷത്തിനിടെ ശരാശരി താപനിലയിലുണ്ടായ വര്‍ധന 0.75 ഡിഗ്രി സെല്‍സിയസ്‌ ആണെന്നാണ്‌ കണക്ക്‌.

നാസയിലെ ഗ്രഹഗവേഷക (planetary scientist) ലോറി ഫെന്റോനും സംഘവുമാണ്‌ കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ ചൊവ്വായിലെ ആഗോളതാപനത്തെക്കുറിച്ച്‌ പഠിച്ചത്‌. 1970-കളില്‍ നാസയുടെ 'വിക്കിങ്‌' ദൗത്യവും, 20 വര്‍ഷത്തിന്‌ ശേഷം 'ഗ്ലോബല്‍ സര്‍വേയറും' പകര്‍ത്തിയ 'തെര്‍മല്‍ സ്‌പെക്ട്രോമീറ്റര്‍ ദൃശ്യങ്ങള്‍ താരതമ്യം ചെയ്‌താണ്‌ താപനിലയിലെ വര്‍ധന ഗവേഷകര്‍ മനസിലാക്കിയത്‌. ആല്‍ബെഡോ പ്രതിഭാസവും അന്തീരക്ഷത്തിലെ പൊടിപടലത്തിന്റെ ആധിക്യവും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ ഈ താരതമ്യം സഹായിച്ചു.

ഭൂമിയില്‍ അനുഭവപ്പെടുന്ന ആഗോളതാപനത്തിന്‌ മനുഷ്യനാണ്‌ ഉത്തരവാദി. പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലം ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കണക്കറ്റ്‌ വ്യാപിക്കുന്നതാണ്‌ ഇതിന്‌ മുഖ്യകാരണം. കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ താപത്തെ കുടുക്കിയിട്ട്‌ അന്തരീക്ഷ ഊഷ്‌മാവ്‌ വര്‍ധിപ്പിക്കുകയാണ്‌ ചെയ്യുക. ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടാകുന്ന വളരെ നേരിയ വ്യതിയാനം, ഭൂമി സ്വയംഭ്രമണത്തിലെ ദിശാവ്യത്യാസം, അഗ്നിപര്‍വതങ്ങളില്‍ നിന്നും പ്രകൃതിയില്‍ നിന്നും വ്യാപിക്കുന്ന ഹരിതഗൃഹവാതകങ്ങള്‍ ഒക്കെ ചിലയവസരങ്ങളില്‍ ആഗോളതാപനത്തിന്‌ കാരണമാകാറുണ്ട്‌.

ചൊവ്വാഗ്രഹത്തില്‍ പക്ഷേ, ആഗോളതാപനത്തിന്‌ കാരണമാകുന്ന പൊടിക്കാറ്റ്‌ ഇപ്പോഴും ശാസ്‌ത്രലോകത്തിന്‌ ഒരു നിഗൂഢതയായി നിലനില്‍ക്കുകയാണ്‌. ചൊവ്വായിലെ കാലാവസ്ഥാവ്യതിയാനവും ആല്‍ബെഡോ പ്രതിഭാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ആഴത്തില്‍ പഠിക്കാന്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ സഹായിക്കുമെന്ന്‌ കരുതുന്നു. സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങളില്‍ സൂര്യനില്‍ നിന്ന്‌ നാലാമത്തെ ഗ്രഹമാണ്‌ 'ചുവന്നഗ്രഹ'മെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ചൊവ്വാഗ്രഹം.

23 കോടി ചതുരശ്രകിലോമീറ്ററാണ്‌ ചൊവ്വായുടെ പ്രതല വിസ്‌തീര്‍ണം. ഗ്രഹത്തിന്റെ സ്വയംഭ്രമണത്തിന്‌ 24.62 മണിക്കൂര്‍ വേണം. 686.93 ഭൗമദിനങ്ങളാണ്‌ ഒരു ചൊവ്വാവര്‍ഷം. ചൊവ്വായുടെ അന്തരീക്ഷത്തില്‍ 96 ശതമാനവും കാര്‍ബണ്‍ഡയോക്‌സയിഡ്‌ ആണ്‌. ഭൂമിയിലെ ആല്‍ബെഡോ പ്രതിഭാസത്തിന്റെ ഭൂമിയിലെ തോത്‌ ചൊവ്വായിലേതിനേക്കാള്‍ 30 മടങ്ങ്‌ കൂടുതലാണ്‌. ഭൂമിയെ അപേക്ഷിച്ച്‌ വളരെ ഇരുണ്ടതായാണ്‌ ചൊവ്വ കാണപ്പെടുന്നത്‌.

Sunday, April 08, 2007

ഗണിതശാസ്‌ത്രത്തിലെ 'എവറസ്റ്റ്‌' കീഴടങ്ങി

ഗണിതത്തിലെ ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നങ്ങളിലൊന്നിനെ ഒരു അന്താരാഷ്ട്രസംഘം കീഴടക്കിയിരിക്കുകയാണ്‌. പ്രപഞ്ചത്തിന്റെ സൂക്ഷ്‌മസങ്കീര്‍ണതകളുടെ അര്‍ത്ഥതലങ്ങള്‍ കുടികൊള്ളുന്നതെന്നു കരുതുന്ന E8-നെ 19 ഗണിതശാസ്‌ത്രജ്ഞര്‍ നാലവര്‍ഷം കൊണ്ടാണ്‌ നിര്‍ധാരണം ചെയ്‌തത്‌
ര്‍വതാരോഹകര്‍ക്ക്‌ എവറസ്‌റ്റ്‌ കൊടുമുടി എങ്ങനെയാണോ, അങ്ങനെയാണ്‌ ഗണിതശാസ്‌ത്രജ്ഞര്‍ക്കു E8. അറിയപ്പെടുന്നതില്‍ ഏറ്റവും സങ്കീര്‍ണമായ രൂപഘടനയാണിത്‌. കഴിഞ്ഞ നൂറ്റിയിരുപതു വര്‍ഷമായി ലോകമെമ്പാടുമുള്ള ഗണിതശാസ്‌ത്രജ്ഞരെ പ്രലോഭിപ്പിക്കുകയും അതേസമയം അമ്പരിപ്പിക്കുകയും ചെയ്‌ത ഈ ഗണിതപ്രശ്‌നം ഒടുവില്‍ കീഴടങ്ങിയിരിക്കുന്നു. ഗണിതശാസ്‌ത്രജ്ഞര്‍ അവരുടെ 'എവറസ്‌റ്റ്‌' കീഴടക്കിയിരിക്കുകയാണ്‌. ഒരുപക്ഷേ, 2007-ലെ ഏറ്റവും വലിയ ശാസ്‌ത്രനേട്ടമായിരിക്കുമിത്‌. ഹ്യുമണ്‍ ജിനോം പ്രോജക്ടിന്റെ വിജയത്തിന്‌ ശേഷം ഒരു അന്താരാഷ്ട്രശാസ്‌ത്രസംഘം കൈവരിക്കുന്ന മറ്റൊരു നിര്‍ണായക മുന്നേറ്റം. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയെന്തെന്നു കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പുതിയൊരു നാഴികക്കല്ലായി ഇത്‌ വിലയിരുത്തപ്പെടുന്നു.

E8 എന്താണെന്നു വിശദീകരിക്കാന്‍ സാധാരണഗതിയില്‍ ഗണിതശാസ്‌ത്രജ്ഞര്‍ക്കു പോലും ബുദ്ധിമുട്ടാണ്‌. 248 വിധത്തില്‍ ചുറ്റിച്ചാലും കാഴ്‌ചയില്‍ അല്‍പ്പം പോലും വ്യത്യാസം തോന്നത്ത തരത്തിലുള്ള, 57 മാനങ്ങളുള്ള (മാനം=dimension) ഒരു ജ്യാമിതീയരൂപത്തിന്റെ സമതുലനാവസ്ഥകളെയാണ്‌ (symmetries) E8 എന്നു പറയാം. പ്രകൃതിയുടെ അടിസ്ഥാനതത്വമാണ്‌ സമതുലനാവസ്ഥ. ഒരു ഗോളത്തിന്റെ കാര്യമെടുക്കുക. അത്‌ ഏത്‌ വശത്തേക്കു ചുറ്റിച്ചാലും എത്ര അകലെനിന്നു നോക്കിയാലും രൂപത്തിന്‌ മാറ്റമുള്ളതായി തോന്നില്ല. നീളം, വീതി, പൊക്കം എന്നിങ്ങനെ മുന്നു മാനങ്ങളേ ഗോളത്തിനുള്ളൂ. അതിനാല്‍ അതൊരു ത്രിമാനരൂപമാണ്‌. ഒരു മാനം കൂടിയേ നമുക്ക്‌ പരിചയമുള്ളൂ. അത്‌ സമയമാണ്‌ (time). എന്നാല്‍, 57 മാനങ്ങളുള്ള ഒരു രൂപഘടന എങ്ങനെയിരിക്കും...സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്ര സങ്കീര്‍ണമായിരിക്കുമത്‌. അതാണ്‌ E8.

മാരിയസ്‌ സോഫസ്‌ ലീ
ജ്യാമിതീയരൂപങ്ങളുടെ (അത്‌ ത്രിമാന രൂപമാകട്ടെ അതില്‍ കൂടുതല്‍ മാനങ്ങളുള്ളവയാകട്ടെ) സമതുലനാവസ്ഥകള്‍ വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഗണിതസമീകരണങ്ങളാണ്‌ 'ലീ ഗ്രൂപ്പുകള്‍'(Lie groups). ജ്യാമിതീയ സമതുലനാവസ്ഥകള്‍ കൈകാര്യം ചെയ്യുന്ന 'ടോപ്പോളജി'(topology)യെന്ന ഗണിതശാസ്‌ത്രശാഖയുടെ വളര്‍ച്ചയ്‌ക്ക്‌ അടിത്തറ പാകിയത്‌ 'ലീ ഗ്രൂപ്പുകളു'ടെ കണ്ടെത്തലാണ്‌. നോര്‍വീജിയന്‍ ഗണിതശാസ്‌ത്രജ്ഞനായ മാരിയസ്‌ സോഫസ്‌ ലീ ആയിരുന്നു ആ കണ്ടെത്തലിന്‌ പിന്നില്‍. 1842-ലാണ്‌ ലീ ജനിച്ചത്‌. ജര്‍മന്‍ ചാരനായി അറസ്റ്റുചെയ്യപ്പെടുകയും, ഭ്രാന്തിന്‌ ചികിത്സതേടുകയും ചെയ്‌തിട്ടുള്ള ലീ 1873-ലാണ്‌ 'ലീ ഗ്രൂപ്പുകള്‍' കണ്ടെത്തുന്നത്‌. പിന്നീട്‌ ഗണിതശാസ്‌ത്രജ്ഞര്‍ നടത്തിയ അന്വേഷണങ്ങളില്‍, നാല്‌ ക്ലാസുകളിലുള്ള ലീ ഗ്രൂപ്പുകളില്‍ അഞ്ച്‌ വേര്‍തിരിവുകള്‍ ഉള്ളതായി കണ്ടു. ആ വേര്‍തിരിവുകളില്‍ ഏറ്റവും സങ്കീര്‍ണമായതാണ്‌ 'എക്‌സെപ്‌ഷണല്‍ സിംപിള്‍ ലീ ഗ്രൂപ്പ്‌സ്‌'(''exceptional simple Lie groups''). 1887-ല്‍ കണ്ടുപിടിക്കപ്പെട്ട ആ ലീ ഗ്രൂപ്പാണ്‌ E8.

E8-നെ നിര്‍ധാരണം ചെയ്യുക മനുഷ്യസാധ്യമല്ലെന്നാണ്‌ ഇക്കാലമത്രയും കരുതിയിരുന്നത്‌. എന്നാല്‍, അമേരിക്കയിലും യൂറോപ്പിലുമുള്ള 19 പ്രമുഖ ഗണിതശാസ്‌ത്രജ്ഞര്‍ നാലുവര്‍ഷം കഠിനാധ്വാനം ചെയ്‌തപ്പോള്‍ അസാധ്യമെന്നു കരുതിയത്‌ സാധ്യമായി. E8 പിടിയിലൊതുങ്ങി. പുതിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും പുതിയ ഗണിതസങ്കേതങ്ങളും പക്ഷേ, അതിനായി അവര്‍ക്ക്‌ ആവിഷ്‌ക്കരിക്കേണ്ടി വന്നു. ഹ്യുമണ്‍ ജിനോം പദ്ധതി വഴി 320 കോടി രാസബന്ധങ്ങളുള്ള മനുഷ്യ ഡി.എന്‍.എ യെ അപകോഡീകരിച്ചപ്പോള്‍ കിട്ടിയതിലും കൂടുതല്‍ ഡേറ്റ, E8 ന്റെ നിര്‍ധാരണ വേളയിലുണ്ടായി.

60 ഗിഗാബൈറ്റ്‌സ്‌(GB) സ്ഥലത്തേ ഈ രൂപഘടനയുടെ ഗണിതരൂപം ഉള്‍ക്കൊള്ളിക്കാനാവൂ (മാനവജിനോമിലെ മുഴുവന്‍ വിവരങ്ങളും ഒരു ഗിഗാബൈറ്റ്‌സില്‍ കുറവേ വരൂ എന്നറിയുക). 'സേജ്‌'(Sage) സൂപ്പര്‍കമ്പ്യൂട്ടറില്‍ 77 മണിക്കൂര്‍ നേരത്തെ കണക്കൂട്ടല്‍ വേണ്ടിവന്നു E8-നെ മെരുക്കാന്‍. ഒടുവില്‍, 2007 ജനവരി എട്ടിന്‌ സേജില്‍ നിന്ന്‌ ഉത്തരം കിട്ടി. 'അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മാത്തമാറ്റിക്‌സി'ന്റെ മേല്‍നോട്ടത്തിലാണ്‌ E8-നെ നിര്‍ധാരണം ചെയ്യുന്ന പ്രവര്‍ത്തനം നടന്നത്‌. 'അത്‌ലസ്‌ ഓഫ്‌ ലീ ഗ്രൂപ്പ്‌സ്‌ ആന്‍ഡ്‌ റെപ്രസന്റേഷന്‍സ്‌' എന്നറിയപ്പെടുന്ന ബൃഹദ്‌പദ്ധതിയുടെ ഭാഗമായിരുന്നു E8-ന്റെ നിര്‍ധാരണം.

E8-നെ അതിന്റെ എല്ലാ സാധ്യതകളും മനസിലാക്കാന്‍ 20000 കോടിയിലേറെ സംഖ്യകളുപയോഗിച്ചുള്ള കണക്കുകൂട്ടലുകള്‍ നടത്തേണ്ടതുണ്ടായിരുന്നു. അതാണ്‌, മേരിലാന്‍ഡ്‌ സര്‍വകലാശാലയിലെ ഗണിതശാസ്‌ത്ര പ്രൊഫസര്‍ ജെഫ്രി ഡി. ആദംസിന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്‌തത്‌. ഗണിതത്തില്‍ 'പ്രതിപാദനങ്ങള്‍'(representations) എന്നറിയപ്പെടുന്ന സമതുലനാവസ്ഥാഗ്രൂപ്പ്‌ (symmetry group) ആയാണ്‌ E8 പ്രകടമാക്കപ്പെടുന്നത്‌. E8 -ന്റെ സാധ്യമായ എല്ലാ പ്രതിപാദനങ്ങളെയും വിശദമാക്കുകയെന്നതായിരുന്നു E8 നിര്‍ധാരണത്തിന്റെ കാതല്‍.

E8-നെ മെരുക്കിയ സംഘം.

E8-ന്റെ ഭാഗമായ പ്രതിപാദനങ്ങളോരോന്നും അത്യധികം സങ്കീര്‍ണമായവയാണ്‌ (പോളിനോമിയലുകളായാണ്‌ ഈ പ്രതിപാദനങ്ങളെ എഴുതുക. രണ്ടില്‍ കൂടുതല്‍ ബീജഗണിതപദങ്ങളുള്ള ഗണിതവാചകമാണ്‌ പോളിനോമില്‍). ഈ പ്രതിപാദനങ്ങളെ അടിസ്ഥാന നിര്‍മാണശിലകള്‍ (basic building blocks) ആയി ഗണിതശാസ്‌ത്രജ്ഞര്‍ പരിഗണിക്കുന്നു. E8-ന്റെ നിര്‍ധാരണം കൊണ്ട്‌ ഗവേഷകര്‍ ചെയ്‌തത,്‌ ആ രൂപഘടനയിലെ ഇത്തരം അടിസ്ഥാനശിലകളുടെ പട്ടിക മുഴുവന്‍ തയ്യാറാക്കുകയും അവ തമ്മിലുള്ള പരസ്‌പരബന്ധം വിവരിക്കുകയുമാണ്‌. ആ പട്ടികയിലെ മൊത്തം അംഗസംഖ്യയെത്രയെന്നോ? 205,263,363,600(20526 കോടി).

E8-ന്റെ നിര്‍ധാരണഫലം മുഴുവന്‍ 'ചതുരഗണ'(matrix or grid) മായി വിന്യസിക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ആ ചതുരഗണത്തിന്റെ വലിപ്പം 453,060 ആണ്‌. എന്നുവെച്ചാല്‍ 453,060 വരിയും അത്ര തന്നെ നിരയും! ചതുരഗണത്തിലെ ഓരോ അംഗത്തെയും ഒരു ചതുരശ്ര ഇഞ്ച്‌ സ്ഥലത്ത്‌ എഴുതിയാല്‍, ആ ചതുരഗണത്തിന്റെ ഓരോ വശത്തിനും 11.2 കിലോമീറ്റര്‍ നീളമുണ്ടാകും. ചതുരഗണത്തിലെ അംഗങ്ങളായ വ്യത്യസ്‌ത പോളിനോമിയലുകളുടെ സംഖ്യ 1,181,642,979 വരും. വ്യത്യസ്‌ത പോളിനോമിയലുകളിലെ ഗുണാങ്ക (coefficient)ങ്ങളുടെ എണ്ണം 13,721,641,221 ആണ്‌. 11,808,808 ആണ്‌ ഏറ്റവും വലിയ ഗുണാങ്കം. E8-നെ നിര്‍ധാരണം ചെയ്‌തപ്പോള്‍ ലഭിച്ച പ്രതിപാദനങ്ങളില്‍ ഏറ്റവും വലുതിനെ കുറിക്കുന്ന പോളിനോമിയല്‍

''നിങ്ങള്‍ക്ക്‌ E8-ന്റെ അര്‍ത്ഥം സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല''-അമേരിക്കന്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ മാത്തമാറ്റിക്‌സിന്റെ എക്‌സിക്യുട്ടീവ്‌ ഡയറക്ടറായ ബ്രിയാന്‍ കോന്‍റേയ്‌ പറയുന്നു. ''ഒരു ജീവിയെ സംബന്ധിച്ച്‌ ഒട്ടേറെക്കാര്യങ്ങള്‍ അതിന്റെ ഡി.എന്‍.എ.യില്‍ നിന്ന്‌ പഠിക്കാന്‍ കഴിയും. എന്നാല്‍, അതിനെ പൂര്‍ണമായും മനസിലാക്കണമെങ്കില്‍ ഡി.എന്‍.എ. മാത്രം പോര, ജീവിയെ വളര്‍ത്തി നോക്കിയാലേ കഴിയൂ. ഒരര്‍ത്ഥത്തില്‍ E8 സംഘം ചെയ്‌തത്‌ അത്തരമൊരു പ്രവര്‍ത്തനമാണ്‌''-ഡ്യൂക്ക്‌ സര്‍വകലാശാലയിലെ ഗണിതശാസ്‌ത്രജ്ഞന്‍ റോബര്‍ട്ട്‌ എല്‍. ബ്രിയാന്റ്‌ പറയുന്നു. ''E8-ന്റെ യഥാര്‍ത്ഥ ആകര്‍ഷണീയ എന്തെന്നു വെച്ചാല്‍, സമതുലനാവസ്ഥയ്‌ക്ക്‌ എത്രത്തോളം സങ്കീര്‍ണമാകാമോ അതാണ്‌ E8 എന്നതാണ്‌''-പദ്ധതിയില്‍ അംഗമായിരുന്ന മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(എം.ഐ.ടി)യിലെ ഗണിത ശാസ്‌ത്രജ്ഞനായ ഡേവിഡ്‌ വോഗന്‍ അറിയിക്കുന്നു. വോഗനാണ്‌ E8-നെ നിര്‍ധാരണം ചെയ്‌ത കാര്യം മാര്‍ച്ച്‌ 19-ന്‌ ലോകത്തെ അറിയിച്ചത്‌.

ലീ ഗ്രൂപ്പുകളുടെ നിര്‍ധാരണത്തിനു വേണ്ടി ഒരു സംഘം ഗണിതശാസ്‌ത്രജ്ഞര്‍ ആല്‍ഗരിതങ്ങളും സോഫ്‌ട്‌വേറുകളും രൂപപ്പെടുത്താനാരംഭിക്കുന്നത്‌ 2002-ലാണ്‌. ഫൊക്കോ ഡു ക്ലൗക്‌സ്‌ എന്ന ഗവേഷകന്‍ ഇതിനാവശ്യമായ സോഫ്‌ട്‌വേര്‍ രചിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തു. 2005-ഓടെ സോഫ്‌ട്‌വേര്‍ ഏതാണ്ട്‌ തയ്യാറായി. E8-ന്റെ ഭാഗമായ പോളിനോമിയലുകള്‍ മുഴുവന്‍ കമ്പ്യൂട്ടറില്‍ ലോഡ്‌ ചെയ്യുകയായിരുന്നു അടുത്ത പടി. പക്ഷേ, E8-ന്റെ അസാധാരണ വലിപ്പം സാധാരണ കമ്പ്യൂട്ടറുകള്‍ക്ക്‌ താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്താണ്‌. ലോഡ്‌ ചെയ്‌ത ഡേറ്റ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ പ്രോഗ്രാം പ്രവര്‍ത്തിക്കണമെങ്കില്‍ കുറഞ്ഞത്‌ 200 ഗിഗാബൈറ്റ്‌സ്‌ മെമ്മറി(RAM) ആവശ്യമാണെന്നു വന്നു. അതിനാല്‍, 2006-ലെ വേനല്‍ക്കാലത്ത്‌ ഡു ക്ലൗക്‌സ്‌, ഡേവിഡ്‌ വോഗന്‍, മാര്‍ക്‌ വാന്‍ ലീയുവെന്‍ എന്നിവര്‍ ചേര്‍ന്ന്‌ ചെറിയ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ പ്രോഗ്രം പുനക്രമീകരിച്ചു. വാഷിങ്‌ടണ്‍ സര്‍വകലാശാല 'സേജ്‌' സൂപ്പര്‍കമ്പ്യൂട്ടര്‍ E8 നിര്‍ധാരണത്തിനായി വിട്ടുകിട്ടി. 'സേജി'ന്‌ 64 ഗിഗാബൈറ്റ്‌സ്‌ റാമും 16 പ്രോസസറുകളുമുണ്ട്‌. കമ്പ്യൂട്ടറില്‍ 77 മണിക്കൂറെടുത്തു E8 എന്ന അഗാധസങ്കീര്‍ണതയുടെ ഉത്തരം ലഭിക്കാന്‍.



ഗണിതശാസ്‌ത്രത്തില്‍ മാത്രമല്ല, പ്രപഞ്ചപഠനശാഖ (cosmology)യിലും രസതന്ത്രം പോലുള്ള ഇതര ശാസ്‌ത്രമേഖലകളിലും വന്‍സ്വാധീനം ചെലുത്താന്‍ പോകുന്ന മുന്നേറ്റമാണ്‌ E8-ന്റെ നിര്‍ധാരണം. ഭൗതീകശാസ്‌ത്രത്തില്‍ സൂക്ഷ്‌മപ്രപഞ്ചത്തെ വിവരിക്കുന്ന ക്വാണ്ടംമെക്കാനിക്‌സും, സ്ഥൂലപ്രപഞ്ചത്തെ നിര്‍ണയിക്കുന്ന പൊതുആപേക്ഷികതാസിദ്ധാന്തവും കൂട്ടിയിണക്കി ഒരു ഏകീകൃതസിദ്ധാന്തം (unified theory) രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിക്കാന്‍ E8-ന്റെ നിര്‍ധാരണം സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടന നിര്‍ണയിക്കാന്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്ന 'സ്‌ട്രിങ്‌തിയറി' (String Theory)യുടെ യഥാര്‍ത്ഥ അര്‍ത്ഥങ്ങള്‍ കുടികൊള്ളുന്നത്‌ E8-ന്റെ നിര്‍ധാരണഫലങ്ങള്‍ക്കുള്ളിലാണെന്ന്‌ പലരും വിശ്വസിക്കുന്നു. അറിവിന്റെ നവചക്രവാളങ്ങള്‍ വികസിക്കാനുള്ള ഒരു വന്‍മുന്നേറ്റമാണ്‌ സംഭവിച്ചിരിക്കുന്നതെന്നു ചുരുക്കം. E8 ന്റെ നാനാര്‍ത്ഥങ്ങള്‍ മനസിലാക്കാനിരിക്കുന്നതേയുള്ളു (കടപ്പാട്‌: അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മാത്തമാറ്റിക്‌സ്‌, ദി കേംബ്രിഡ്‌ജ്‌ ഡിക്ഷ്‌ണറി ഓഫ്‌ സയന്റിസ്റ്റ്‌സ്‌). (2007 ഏപ്രില്‍ എട്ടിലെ 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്‌)

Friday, April 06, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-13: വടശ്ശേരി പരമേശ്വരന്‍

കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന 'ദൃഗ്ഗണിതം' രചിച്ച പ്രതിഭയാണ്‌ വടശ്ശേരി പരമേശ്വരന്‍. പക്ഷേ, ആ മഹാഗ്രന്ഥത്തെക്കുറിച്ചോ വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയാവുന്ന മലയാളികള്‍ കുറവാണ്‌

കേരളത്തില്‍ പതിനാലാം നൂറ്റാണ്ടില്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിക്കാനുള്ള നിയോഗം ഒരാള്‍ സ്വയം ഏറ്റെടുത്തു. ഭാരതപ്പുഴയുടെ തീരത്ത്‌ 55 വര്‍ഷക്കാലം അയാള്‍ അതിനായി സമയം ചെലവിട്ടു. ടെലസ്‌കോപ്പുകളോ മറ്റ്‌ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത കാലം. എന്നിട്ടും ആ നിരീക്ഷകന്റെ തപസ്യ നിഷ്‌ഫലമായില്ല. താന്‍ നടത്തിയ സൂക്ഷ്‌മനിരീക്ഷണങ്ങളില്‍ നിന്ന്‌ ലഭിച്ച ഉള്‍ക്കാഴ്‌ച അയാള്‍ താളിയോലകളില്‍ സംസ്‌കൃതത്തില്‍ കുറിച്ചു വെച്ചു. കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും പ്രമുഖമായ ആധാരഗ്രന്ഥമായി ആ കുറിപ്പുകള്‍ മാറി. 'ദൃഗ്ഗണിതം' എന്നാണ്‌ ആ ഗ്രന്ഥത്തിന്റെ പേര്‌. ഗ്രന്ഥകര്‍ത്താവ്‌ വടശ്ശേരി പരമേശ്വരന്‍. പക്ഷേ, ഈ മഹാഗ്രന്ഥത്തെക്കുറിച്ചോ അത്‌ രചിച്ച വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയുന്ന മലയാളികള്‍ കുറവാണ്‌.

കേരളം സംഭാവന ചെയ്‌ത ഏറ്റവും പ്രതിഭാശാലിയായ ഗണിതജ്ഞരിലൊരാളാണ്‌ വടശ്ശേരി പരമേശ്വരന്‍. 'ദൃഗ്ഗണിതം' എന്നത്‌ വെറുമൊരു ഗ്രന്ഥം മാത്രമല്ല, ഒരു ഗണിതപദ്ധതി കൂടിയാണ്‌. ജ്യോതിശാസ്‌ത്രത്തില്‍ കൃത്യമായ ഗ്രഹനക്ഷത്ര ഗണനയ്‌ക്ക്‌ ഈ പദ്ധതി സഹായിക്കുന്നു. ഭാരതീയജ്യോതിശാസ്‌ത്രത്തിന്‌ കേരളം സംഭാവന ചെയ്‌ത രണ്ട്‌ പ്രമുഖ ഗണിതരീതികളില്‍ ഒന്നാണ്‌ 'ദൃക്‌'. 'പരഹിതം' വേറൊന്ന്‌. ആര്യഭടന്റെ ഗണിതരീതി ആസ്‌പദമാക്കി, ഗണനഫലങ്ങള്‍ക്കു കൃത്യതയുണ്ടാക്കാന്‍ വേണ്ടി സൂക്ഷ്‌മായി നവീകരിച്ച പദ്ധതികളാണ്‌ 'പരഹിത'വും 'ദൃക്കും'.

തിരുനാവായ സ്വദേശിയായ ഹരിദത്തന്‍ (എഡി 650 - 700) എന്ന ഗണിതജ്ഞന്‍ എഡി. 683-ല്‍ ആവിഷ്‌ക്കരിച്ചതാണ്‌ 'പരഹിത' പദ്ധതി. ആര്യഭടന്റെ ഗണിതരീതികളിലെ പോരായ്‌മകള്‍ തിരുത്തി സൂക്ഷ്‌മമാക്കിയതാണ്‌ ഇത്‌. 'മഹാമാര്‍ഗനിബന്ധനം', 'ഗ്രഹാചാരനിബന്ധനം' എന്നീ സംസ്‌കൃതകൃതികള്‍ വഴി ഹരിദത്തന്‍ പരഹിതസമ്പ്രദായം അവതരിപ്പിച്ചു. ഇതില്‍ 'മാഹാമാര്‍ഗനിബന്ധനം' ഇതുവരെ കണ്ടെത്താന്‍ ചരിത്രകാരന്‍മാര്‍ക്കായിട്ടില്ല. കേരളത്തില്‍ ജ്യോതിശാസ്‌ത്രപഠനവും നക്ഷത്രനിരീക്ഷണവും വ്യാപകമാക്കാന്‍ ഹരിദത്തന്റെ സംഭാവന സഹായിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പ്രചാരം ലഭിച്ച പരഹിതസമ്പ്രദായം, അറുന്നൂറ്‌ വര്‍ഷത്തോളം കേരളത്തിലെ ജ്യോതിശാസ്‌ത്രപഠനമേഖലയില്‍ ചോദ്യംചെയ്യപ്പെടാതെ തുടര്‍ന്നു.

പക്ഷേ, പരഹിതസമ്പ്രദായത്തിലും പിഴവുകളുണ്ടായിരുന്നു. അവ പരിഹരിക്കാനാണ്‌ വടശ്ശേരി പരമേശ്വരന്‍ 1430-ല്‍ ദൃക്‌ സമ്പ്രദായത്തിന്‌ രൂപം നല്‍കിയത്‌. നിലവിലുണ്ടായിരുന്ന ഗണിതക്രിയകളുടെ വീഴ്‌ചകളും അവയ്‌ക്കുള്ള കാരണങ്ങളും വര്‍ഷങ്ങളോളമെടുത്ത്‌ പഠിക്കുകയും, അരനൂറ്റാണ്ടിലേറെ വാനനിരീക്ഷണം നടത്തുകയും, ഗ്രഹണം, ഗ്രഹയോഗം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തന്റെ നിഗമനങ്ങള്‍ പരീക്ഷിക്കുകയും ചെയ്‌താണ്‌ അദ്ദേഹം ദൃഗ്ഗണിതം രചിച്ചതെന്ന്‌, നീലകണ്‌ഠ സോമയാജി തന്റെ 'ആര്യഭടീയഭാഷ്യ'ത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഗ്രഹത്തിന്റെയും വിവിധ കാലങ്ങളിലെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനുള്ള ഗണിതരീതി പരമേശ്വരന്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദൃഗ്ഗണിതത്തിന്റെ താളിയോലകള്‍ കണ്ടെത്തിയത്‌ പ്രശസ്‌ത പണ്ഡിതന്‍ കെ.വി.ശര്‍മയാണ്‌.

പാലക്കാട്ട്‌ ആലത്തൂരിലെ വടശ്ശേരി ഇല്ലത്തില്‍ 1360-ലാണ്‌ പില്‍ക്കാലത്ത്‌ വടശ്ശേരി പരമേശ്വരന്‍ എന്നറിയപ്പെട്ട പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. ഗണിതപഠന പാരമ്പര്യമുള്ളതായിരുന്നു വടശ്ശേരി ഇല്ലം. 'മുഹൂര്‍ത്തരത്‌നം', 'മുഹൂര്‍ത്ത പദവി' എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തലക്കുളത്തു ഗോവിന്ദഭട്ടതിരി (1237-1295)യുടെ ശിഷ്യനായിരുന്നു പരമേശ്വരന്റെ മുത്തച്ഛന്‍. അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന സംഗമഗ്രാമ മാധവന്‍, രുദ്രന്‍ തുടങ്ങിയവരായിരുന്നു പരമേശ്വരന്റെ അധ്യാപകര്‍. പരമേശ്വരന്റെ മകന്‍ വടശ്ശേരി ദാമോദരനും (1410-1545) ഗണിതജ്ഞനായിരുന്നു. നീലകണ്‌ഠ സോമയാജിയെന്ന മഹാഗണിതജ്ഞന്റെ ഗുരു വടശ്ശേരി ദാമോദരനായിരുന്നു.

ഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ വടശ്ശേരി പരമേശ്വരന്‍ രചിച്ചു എന്നാണ്‌ കരുതുന്നത്‌. 'ദൃഗ്ഗണിതം'(1430), മൂന്നുകൃതികള്‍ ഉള്‍പ്പെട്ട 'ഗോളദീപിക'(1443), 'ഗ്രഹണാഷ്ടകം', 'ഗ്രഹണമണ്ഡനം', 'ഗ്രഹണന്യായദീപിക', 'ചന്ദ്രഛായാഗണിതം', 'വാക്യകാരണം' എന്നിവ പരമേശ്വരന്‍ രചിച്ച മൗലീക കൃതികളാണ്‌. 'ആര്യഭടീയം', 'മഹാഭാസ്‌കരീയം', 'മഹാഭാസ്‌കരീയഭാഷ്യം', 'ലഘുഭാസ്‌കരീയം', 'സൂര്യസിദ്ധാന്തം', 'ലഘുമാനസം', 'ലീലാവതി' തുടങ്ങിയ കൃതികളുടെ വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. പരമേശ്വരന്‍ രചിച്ച 'വാക്യദീപിക', 'ഭാ ദീപിക' എന്നീ കൃതികള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. 'ആചാരസംഗ്രഹം', 'ജാതകപദ്ധതി', 'സദ്‌വര്‍ഗഫലം' തുടങ്ങി ഒട്ടേറെ കൃതികള്‍ വേറെയും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. 1455-ല്‍ തൊണ്ണൂറ്റയഞ്ചാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

Tuesday, April 03, 2007

ചിത്രങ്ങള്‍, ഓര്‍മകള്‍

ശാസ്‌ത്രവിഷയങ്ങളില്‍ നിന്ന്‌ ഇടയ്‌ക്കൊരു മാറ്റം. അടുത്തയിടെ തേക്കടിയില്‍ പോയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ചിലതാണ്‌ ചുവടെ. വേനലിന്റെ ഉഗ്രസ്‌പര്‍ശം തേക്കടിയെയും വെറുതെ വിടാത്തതിനാല്‍, ഇവയില്‍ പച്ചപ്പ്‌ കുറവാണ്‌. ഷാജുദീന്റെ തേക്കടി ചിത്രങ്ങളാണ്‌ ഈയൊരു പോസ്‌റ്റിന്‌ പ്രചോദനമായത്‌.










ക്യാമറ: Nikon, Coolpix L1, 6.2 Mega pixels, 5X Zoom