Showing posts with label Malayalam Wikipedia. Show all posts
Showing posts with label Malayalam Wikipedia. Show all posts

Friday, December 21, 2012

വിനോദ് പ്രഭാകരന്‍ - മലയാളം വിക്കിപീഡിയയുടെ തുടക്കക്കാരന്‍


'ഞാനല്ലെങ്കില്‍ മറ്റൊരു മലയാളി തീര്‍ച്ചയായും മലയാളം വിക്കിപീഡിയ തുടങ്ങും എന്നുള്ള വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. അത് എനിക്കുതന്നെ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു'

ജിമ്മി വെയ്ല്‍സും ലാറി സേഞ്ചറും ആരാണെന്ന് മിക്കവര്‍ക്കുമറിയാം - വിക്കിപീഡിയയുടെ സ്ഥാപകര്‍. എന്നാല്‍, മലയാളം വിക്കിപീഡിയ തുടങ്ങിയ ആളെ നമുക്കറിയാമോ. അദ്ദേഹം ആരാണ്, എവിടെയാണ്. ഇപ്പോള്‍ എന്തുകൊണ്ട് വിക്കിപീഡിയയില്‍ സജീവമല്ല. മലയാളം വിക്കിപീഡിയ തുടങ്ങാന്‍ അദ്ദേഹത്തിന് പ്രചോദനമായ സംഗതികളെന്ത്? പത്തുവര്‍ഷംമുമ്പ് ഏതുതരം സോഫ്റ്റ്‌വേര്‍ ഉപകരണങ്ങളാകാം ഉപയോഗിച്ചിട്ടുണ്ടാവുക?

മലയാളം വിക്കിപീഡിയയുടെ ചരിത്രവും വളര്‍ച്ചയും മനസിലാക്കാന്‍ ശ്രമിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് ഇത്തരം ചോദ്യങ്ങള്‍ പലരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. വ്യക്തമായ ഉത്തരം നല്‍കാന്‍ എന്റെ സുഹൃത്തുക്കളായ വിക്കി പ്രവര്‍ത്തകര്‍ക്ക് പോലും കഴിഞ്ഞിരുന്നില്ല.

ദുരൂഹതയായി അത് തുടര്‍ന്നു.

ആകെ അറിയാവുന്ന വിവരങ്ങള്‍ ഇത്രമാത്രം. 'അമേരിക്കയില്‍ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് മേനോന്‍ ആണ് 2002 ഡിസംബര്‍ 21 ന് മലയാളം വിക്കിപീഡിയ തുടങ്ങിയത്. രണ്ടുവര്‍ഷം അദ്ദേഹം തന്നെ അത് കൊണ്ടുനടന്നു'. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളം വിക്കിപീഡിയയെക്കുറിച്ച് ഞാനെഴുതിയ ഫീച്ചറിലെ വാക്യങ്ങളാണ്. ഇതില്‍ക്കൂടുതലൊന്നും മലയാളം വിക്കിപീഡിയയുടെ തുടക്കക്കാരനെക്കുറിച്ച് പുറത്തുവന്നിട്ടില്ല.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേരള പ്രസ്സ് അക്കാദമിയുടെ 'മീഡിയ' മാഗസിനില്‍ മലയാളം വിക്കിപീഡിയയെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചപ്പോള്‍, അതിന്റെ വിവരശേഖരണത്തിന് എന്റെ പ്രിയസുഹൃത്തും വിക്കിപ്രവര്‍ത്തകനുമായ ഷിജു അലക്‌സുമായി ബന്ധപ്പെട്ടു. സംസാരത്തിനിടെ, മലയാളം വിക്കിപീഡിയ തുടങ്ങിയയാളുമായി താന്‍ മുമ്പ് ഈമെയില്‍ ആശയവിനിമയം നടത്തിയ കാര്യം ഷിജു പറഞ്ഞു. അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഒന്നു ശ്രമിച്ചുനോക്കൂ എന്നു പറഞ്ഞ് ഒരു മെയില്‍ ഐഡിയും ഷിജു എനിക്കു നല്‍കി. 'മിക്കവാറും മറുപടി കിട്ടാന്‍ സാധ്യതയില്ല' എന്ന് ഒപ്പം എനിക്ക് മുന്നറിയിപ്പ് നല്‍കാനും മറന്നില്ല.

പക്ഷേ, എനിക്ക് മറുപടി കിട്ടി; അല്‍പ്പം വൈകിയാണെങ്കിലും!

മറുപടിയില്‍ അദ്ദേഹം ഇങ്ങനെ എഴുതി : 'എന്റെ പേര് വിനോദ് പ്രഭാകരന്‍ എന്നാണ്. അതെങ്ങനെ 'വിനോദ് മേനോന്‍' ആയി എന്നത് ജിജ്ഞാസാജനകമാണ്'.

ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണ്, തനിക്കല്‍പ്പം സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഞാന്‍ കാത്തിരിക്കാന്‍ തയ്യാറായിരുന്നു. മാസങ്ങള്‍ കടന്നുപോയി. ഒടുവില്‍ അദ്ദേഹം മനസ് തുറന്നു.....!
മലയാളികള്‍ക്കും മലയാളത്തിനും അഭിമാനമായി വളര്‍ന്ന ആ സംരംഭത്തിന് പത്തുവര്‍ഷം തികയുന്ന ദിവസം, മലയാളം വിക്കിപീഡിയ തുടങ്ങിയ വിനോദ് എം.പ്രഭാകരനെ ഞാനിവിടെ പരിചയപ്പെടുത്തട്ടെ.

മുംബൈയില്‍ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി (TIFR) ന്റെ ഭാഗമായ 'സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സി'ലെ റീഡര്‍. പാറശാല സ്വദേശിയായ പ്രഭാകരന്‍ നായരുടെയും കന്യാകുമാരി ജില്ലയില്‍ മാര്‍ത്താണ്ഡം സ്വദേശിയായ മാലതി ദേവിയുടെയും മകന്‍. അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസിറും മുന്‍ ഗണിതാധ്യാപകനുമായിരുന്നു പ്രഭാകരന്‍ നായര്‍. മാലതി ദേവി ബി.എസ്.എന്‍.എല്ലിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും ഇപ്പോള്‍ മാര്‍ത്താണ്ഡത്ത് വിശ്രമജീവിതം നയിക്കുന്നു. ഡോ.മായാ പ്രസാദാണ് വിനോദിന്റെ ഭാര്യ.

വിനോദിന്റെ സഹോദരന്‍ മനോജ് പ്രഭാകരന്‍, യു.എസില്‍ ഉര്‍ബാന-ഷാംപെയ്‌നിലെ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ (മുകളിലുള്ള വിനോദിന്റെ ഫോട്ടോ അദ്ദേഹമെടുത്തതാണ്).

പത്തുവര്‍ഷംമുമ്പ് ബര്‍ക്കലി സര്‍വകലാശാലയില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്ന സമയത്താണ് വിനോദ് മലയാളം വിക്കിപീഡിയ തുടങ്ങുന്നത്. 'ഗവേഷണ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് ഒരുപക്ഷെ എന്നെ പിടികൂടിയ ഗൃഹാതുരത്വത്തിനു ഒരു മറുമരുന്ന് ആയിരുന്നിരിക്കണം ഈ ഹോബി പ്രൊജക്റ്റ്'-വിനോദ് പറയുന്നു.

കമ്പ്യൂട്ടറില്‍ മലയാളം വായിക്കാന്‍ പോലും ശരിക്കു കഴിയാത്ത കാലമായിരുന്നു അത്. മലയാളം യുണീകോഡ് സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ലിനക്‌സ്, മാക് എന്നിങ്ങനെ അന്ന് നിലിവുള്ള ഒരു കമ്പ്യൂട്ടര്‍ പ്ലാറ്റ്‌ഫോമും മലയാളത്തെ പിന്തുണച്ചിരുന്നില്ല.

മലയാളം ബ്ലോഗര്‍മാര്‍ക്കും വിക്കിപ്രവര്‍ത്തകര്‍ക്കും പരിചിതനായ സിബു ജോണി രൂപപ്പെടുത്തിയ 'വരമൊഴി' ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ്‌വേര്‍ ഇല്ലായിരുന്നെങ്കില്‍ തനിക്ക് മലയാളം വിക്കി സംരംഭം തുടങ്ങാന്‍ കഴിയുമായിരുന്നില്ലെന്ന് വിനോദ് സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, തിരുവനന്തപുരത്തെ സൂപ്പര്‍സോഫ്റ്റ് രൂപംനല്‍കിയ തൂലിക യുണീകോഡ് ഫോണ്ടും, ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കു മൈക്രോസോഫ്റ്റ് വിന്‍ഡോസും ലിനക്‌സും വിനോദിന്റെ പണിയായുധങ്ങളായി.

ഫോണ്ട് പ്രശ്‌നങ്ങള്‍ സിബു ജോണിയുമായി പലപ്പോഴും ചര്‍ച്ച ചെയ്തു. ആ സമയത്ത് വിനോദിന്റെ സഹോദരന്‍ മനോജ് പ്രഭാകരന്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി.ചെയ്യുകയാണ്. വിക്കിപീഡിയ സംരംഭത്തില്‍ പ്രത്യക്ഷത്തില്‍ ഒരുപങ്കും വഹിച്ചില്ലെങ്കിലും, സഹോദരന്‍ മനോജ് അക്കാര്യത്തില്‍ തനിക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കിയ കാര്യം വിനോദ് ഓര്‍ക്കുന്നു (മാത്രമല്ല, ആപ്പിളിന്റെ മാകില്‍ മലയാളം വായിക്കാന്‍ സഹായിക്കുന്ന കോഡ് ഇരുവരും ചേര്‍ന്നാണ് തയ്യാറാക്കിയത്).

'മലയാളം അക്ഷരമാല, ഓണം, ശ്രീനാരായണ ഗുരു, വൈക്കം മുഹമ്മദ് ബഷീര്‍, ഇ.എം.എസ് എന്നിങ്ങനെ ചില ആദ്യകാല ലേഖനങ്ങള്‍ എഡിറ്റ് ചെയ്തത് ഒഴിച്ചാല്‍, മലയാളം വിക്കിപീഡിയ വായിക്കുകയും, അതിലേക്ക് ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നത് അനായാസമാക്കാനുള്ള ചില ശ്രമങ്ങളാണ് ഞാന്‍ പ്രധാനമായി നടത്തിയത്. അതിനോട് സഹകരിക്കാന്‍ വളരെ കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, ടെക്‌നോളജിയുമായി ബന്ധമുള്ള ചെറിയൊരു ഗ്രൂപ്പിന് വെളിയിലേക്ക് അതെത്തിയില്ല'-വിനോദ് പറയുന്നു. മാത്രമല്ല, 'മലയാളത്തിലെഴുതിയ ലേഖനങ്ങള്‍ വായിക്കാന്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് കമ്പ്യൂട്ടറില്‍ വരുത്തേണ്ടതെന്ന് മറ്റുള്ളവരോട് വിശദീകരിക്കാന്‍ തന്നെ ഏറെ സമയം ചെലവിടേണ്ടിയും വന്നു'.

ആത്യന്തികമായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം വ്യാപകമാവുകയും, മലയാളം യുണീകോഡിന് മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ (ലിനക്‌സിന്റെയും) പിന്തുണ ലഭിക്കുകയും ചെയ്തതാണ് മലയാളം വിക്കിപീഡിയയുടെയും ബ്ലോഗുകളുടെയും ശരിയായ വളര്‍ച്ചയ്ക്ക് പശ്ചാത്തലമൊരുക്കിയത്. 'മലയാളം വിക്കിപീഡിയയുടെ ആദ്യ പേജ് ഞാന്‍ എഡിറ്റ് ചെയ്യുന്ന വേളയില്‍ ഇതൊക്കെ വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഗതികളായിരുന്നു!' -വിനോദ് ഓര്‍ക്കുന്നു. വൈകിയാണ് ഉണ്ടായതെങ്കിലും, മലയാളം വിക്കിപീഡിയയുടെ വളര്‍ച്ച തന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല, താനത് പ്രതീക്ഷിച്ചത് തന്നെയാണെന്നും അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് മലയാളം വിക്കിപീഡിയ സംരംഭത്തില്‍ പിന്നീട് അധികം സഹകരിച്ചില്ല എന്നതായിരുന്നു അറിയേണ്ടിരുന്നു ഒരു സംഗതി. 'ഇത്തരമൊരു പദ്ധതിക്ക് വേണ്ടി ഏറെ സമയം ചെലവിടാന്‍ താന്‍ ഒരിക്കലും തീരുമാനിച്ചിരുന്നില്ല' -വിനോദ് മറുപടി നല്‍കി. 'അതിന് തുടക്കമിടുക, എങ്ങനെ മലയാളത്തില്‍ എഴുതാനും എഡിറ്റുചെയ്യാനും കഴിയുമെന്ന് വിവരിക്കുക. സ്വാഭാവികമായും കുറച്ചു സദ്ധപ്രവര്‍ത്തകര്‍ എത്തും, അവര്‍ മുന്നോട്ടു കൊണ്ടുപൊയ്‌ക്കൊള്ളും. ഇതായിരുന്നു പ്രതീക്ഷ. അത് അമിതപ്രതീക്ഷയായിപ്പോയി എന്ന് വൈകാതെ ബോധ്യമായി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പക്ഷേ, സംഭവിച്ചത് മറ്റൊന്നല്ല, ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ്'-അദ്ദേഹം പറയുന്നു.

'ഞാനല്ലെങ്കില്‍ മറ്റൊരു മലയാളി തീര്‍ച്ചയായും വിക്കിപീഡിയ തുടങ്ങും എന്നുള്ള വ്യക്തമായ ധാരണ എനിക്കുണ്ടായിരുന്നു. അത് എനിക്കുതന്നെ സാധിച്ചത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു'.

നിലവില്‍ 27464 ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയിലുണ്ട്. പ്രതിമാസം ശരാശരി 27 ലക്ഷം പേജ് വ്യൂ ഉള്ള സൈറ്റായി അത് വളര്‍ന്നിരിക്കുന്നു. തീര്‍ച്ചയായും വിനോദിനും മലയാളം വിക്കിപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം.

കാണുക 

ഡിജിറ്റല്‍ മലയാളത്തിന് പത്ത് തികയുമ്പോള്‍ (മാതൃഭൂമി ലേഖനം)

ഒരു ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ ഭാവി അടയാളപ്പെടുത്തുന്ന മഹത്തായ സംരംഭങ്ങളിലൊന്നാണ് മലയാളം വിക്കിപീഡിയ  ഒരുപക്ഷേ, സമാനതകളില്ലാത്ത ഒന്ന്. വിജ്ഞാനവിനിമയത്തിന്റെയും ഭാഷാപ്രവര്‍ത്തനത്തിന്റെയും ആണിക്കല്ലായി ഡിജിറ്റല്‍ലോകം പരിണമിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, മലയാളഭാഷയുടെ ഏറ്റവും വലിയ ഡിജിറ്റല്‍ സാന്നിധ്യമാണ് മലയാളം വിക്കിപീഡിയ......തുടര്‍ന്ന് വായിക്കുക

Saturday, September 22, 2012

പത്തിലെത്തുന്ന മലയാളം വിക്കിപീഡിയ


കാല്‍ലക്ഷം ലേഖനങ്ങള്‍ തികഞ്ഞു എന്നത് മാത്രമല്ല മലയാളം വിക്കിപീഡിയ സംബന്ധിച്ച് ഇപ്പോഴത്തെ പ്രത്യേകത. വിക്കിപീഡിയയെന്ന ആഗോളസംരംഭത്തിന്റെ ചുവടുപിടിച്ച് അതിന്റെ മലയാളം പതിപ്പിന് തുടക്കംകുറിച്ചിട്ട് ഈ ഡിസംബറില്‍ പത്തുവര്‍ഷം തികയുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളികള്‍ മലയാളം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്, ബാലാരിഷ്ടതകളുടെ കഠിനദിനങ്ങള്‍ താണ്ടി, മലയാളം വിക്കിപീഡിയ വളര്‍ച്ചയുടെ പാതയിലൂടെ പത്തുവര്‍ഷം പിന്നിടുന്നത്............കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ 2012 സപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്


കേരളത്തില്‍ ചാലക്കുടി പുഴയില്‍ മാത്രം കാണപ്പെടുന്ന 'നെടും കല്‍നക്കി'യെന്ന ശുദ്ധജല മത്സ്യത്തിന് ഡിജിറ്റല്‍ലോകത്ത് എന്താണ് പ്രസക്തി. അലങ്കാരമത്സ്യമെന്ന നിലയ്ക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന ഈ മത്സ്യം കടുത്ത വംശനാശ ഭീഷണിയിലാണ് എന്നകാര്യം അതിന് ഡിജിറ്റല്‍ലോകത്ത് എന്തെങ്കിലും പ്രത്യേകത നല്‍കുന്നില്ല. കാരണം, ലോകത്ത് നൂറുകണക്കിന് ജീവിവര്‍ഗങ്ങള്‍ ഇത്തരത്തില്‍ ഭീഷണി നേരിടുന്നുണ്ട്.

'ട്രാവന്‍കോറിയ ഇലോന്‍ഗേറ്റ' (Travancoria elongata) എന്ന് ശാസ്ത്രനാമമുള്ള ഈ മത്സ്യത്തെക്കുറിച്ചൊരു ചെറുലേഖനം, Irvin_calicut എന്ന യൂസര്‍ 2012 ജൂലായ് 23 ന് എഴുതിയതോടെ, മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 25000 തികഞ്ഞു. അങ്ങനെയാണ് മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലും അതുവഴി ഡിജിറ്റല്‍ലോകത്തും നെടും കല്‍നക്കിയെന്ന മത്സ്യം സ്ഥാനംനേടുന്നത്!

മലയാളം വിക്കിപീഡിയ. 25000 ലേഖനങ്ങള്‍. മലയാളത്തിലെ ഏറ്റവും വലിയ ഡേറ്റാബേസുകളിലൊന്ന്. മലയാളഭാഷയുടെ ഭാവി നിശ്ചയിക്കുന്ന ഡിജിറ്റല്‍ രേഖപ്പെടുത്തല്‍. ഡിജിറ്റല്‍ലോകത്തും മലയാളം അതിന്റെ അടയാളം പതിപ്പിക്കണം എന്നാഗ്രഹിക്കുന്നവരെ ആഹ്ലാദിപ്പിക്കുന്ന മുന്നേറ്റം.

കാല്‍ലക്ഷം ലേഖനങ്ങള്‍ തികഞ്ഞു എന്നത് മാത്രമല്ല മലയാളം വിക്കിപീഡിയ സംബന്ധിച്ച് ഇപ്പോഴത്തെ പ്രത്യേകത. വിക്കിപീഡിയയെന്ന ആഗോളസംരംഭത്തിന്റെ ചുവടുപിടിച്ച് അതിന്റെ മലയാളം പതിപ്പിന് തുടക്കംകുറിച്ചിട്ട് ഈ ഡിസംബറില്‍ പത്തുവര്‍ഷം തികയുന്നു എന്നതും ശ്രദ്ധേയമാണ്. മലയാളികള്‍ മലയാളം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്താണ്, ബാലാരിഷ്ടതകളുടെ കഠിനദിനങ്ങള്‍ താണ്ടി, മലയാളം വിക്കിപീഡിയ വളര്‍ച്ചയുടെ പാതയിലൂടെ പത്തുവര്‍ഷം പിന്നിടുന്നത്.

മലയാളത്തെ ഉപജീവിച്ച് കഴിയുന്ന കേരളത്തിലെ മാധ്യമങ്ങളുടെയോ അക്കാദമിക് വിദഗ്ധരുടെയോ ബുദ്ധിജീവികളുടയോ ഒന്നും കാര്യമായ പങ്കില്ലാതെയാണ് - ഒരു പരിധിവരെ അവഗണ ഏറ്റുവാങ്ങിയാണ് - ഡിജിറ്റല്‍ മലയാളം ഈ നാഴികക്കല്ല് പിന്നിടുന്നത്.

സ്വന്തംഭാഷയില്‍ വിജ്ഞാനവിനിമയം സാധ്യമാകണമെന്നാഗ്രഹിക്കുന്ന, എന്നാല്‍ പ്രതിഫലമോ പ്രശസ്തിയോ ആഗ്രഹിക്കാത്ത, ഒരുകൂട്ടം സന്നദ്ധപ്രവര്‍ത്തകരോടാണ് നമ്മള്‍ ഇതിന് കടപ്പെട്ടിരിക്കുന്നത്. 'വിക്കിപീഡിയര്‍' എന്നറിയപ്പെടുന്ന അവരില്‍ മിക്കവരും സ്വന്തം പേരുപോലും പുറത്തറിയാന്‍ ആഗ്രഹിക്കാത്തവരാണെന്നറിയുക.

അല്‍പ്പം ചരിത്രം
വിജ്ഞാനം സ്വതന്ത്രമായിരിക്കണം എന്നതാണ് വിക്കിപീഡിയയ്ക്ക് പിന്നിലുള്ള ദര്‍ശനം. ആ ദര്‍ശനത്തിന്റെ പിന്‍ബലം പറ്റി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നവമാധ്യമ സാധ്യതയുടെ കരുത്തിലാണ് വിക്കിപീഡിയ വളര്‍ന്നത്.

വിക്കിപീഡിയയില്‍ ആ വിജ്ഞാനകോശത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം ഇതാണ് :  'ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയുള്ള, സൗജന്യവും കൂട്ടായി എഡിറ്റുചെയ്യപ്പെടുന്നതുമായ ബഹുഭാഷാ ഇന്റര്‍നെറ്റ് വിജ്ഞാനകോശമാണ് വിക്കിപീഡിയ'.

ഓണ്‍ലൈനില്‍ അനായാസം സഹകരിക്കാനും കൂട്ടായി ഉള്ളടക്കം സൃഷ്ടിക്കാനും വഴിയൊരുക്കുന്ന 'വിക്കി' സോഫ്ട്‌വേര്‍ എന്ന ആശയത്തിന്റെയും, അതിന്റെ ചുവടുപിടിച്ച് രംഗത്തെത്തിയ വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന്റെയും ഉത്ഭവചരിത്രം സുരക്ഷിതമായി ആരംഭിക്കാനുള്ള മാര്‍ഗം, റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ നേതൃത്വത്തില്‍ 1980 കളുടെ പകുതിയില്‍ ആരംഭിച്ച സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രസ്ഥാനത്തില്‍ നിന്ന് തുടങ്ങുക എന്നതാണ്.

യു.എസിലെ അലബാമയില്‍ ഹണ്ട്‌സ്‌വില്ലി സ്വദേശിയും സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ടനുമായ സാമ്പത്തിക വിദഗ്ധന്‍ ജിമ്മി ഡൊണാല്‍ 'ജിമ്പോ' വെയ്ല്‍സ്, ജിമ്മി വെയ്ല്‍സുമായി ദാര്‍ശിക സമസ്യകളെപ്പറ്റി ഓണ്‍ലൈനില്‍ തര്‍ക്കിക്കാനെത്തിയ വാഷിങ്ടണ്‍ സ്വദേശിയായ ലാറി സേഞ്ചര്‍, പരസ്പരസഹകരണത്തിന്റെ ഹരം ഇന്റര്‍നെറ്റ് യുഗത്തിന് മുമ്പ് അമേച്വര്‍ ഹാം റേഡിയോ പ്രക്ഷേപണം വഴി തലയ്ക്കുപിടിച്ച ഇന്ത്യാന സ്വദേശി വാര്‍ഡ് ഹണ്ണിങ്ഹാം-ഈ മൂന്നുപേരാണ് വിക്കിപീഡിയയുടെ ഉത്ഭവചരിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമുണ്ടായ ഡോട്ട്‌കോം പ്രളയത്തില്‍ അമേരിക്കയില്‍ പിറവിയെടുത്ത ഒട്ടേറെ ഐടി കമ്പനികളില്‍ ഒന്നായിരുന്നു 'ബോമിസ്' (Bomis, Inc.). ടിം ഷെല്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് ജിമ്മി വെയ്ല്‍സ് രൂപംനല്‍കിയതാണ് ബോമിസ്. ഓണ്‍ലൈനിലൂടെ അഡള്‍ട്ട് ചിത്രങ്ങള്‍ വിറ്റിരുന്ന ബോമിസിന് 'ഓണ്‍ലൈന്‍ പ്ലേബോയ്' എന്ന് ഇരട്ടപ്പേരുണ്ടായിരുന്നു.

ജിമ്മി വെയ്ല്‍സിന്റെ മനസില്‍ മുമ്പേയുണ്ടായിരുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമെന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ബോമിസ് അവസരമൊരുക്കി. 1985 മാര്‍ച്ചില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ഐതിഹാസിക 'ഗ്നു മാനിഫെസ്റ്റോ' (GNU Manifesto)യില്‍ ആകൃഷ്ടരായവരില്‍ ഒരാള്‍ ജിമ്മി വെയ്ല്‍സ് ആയിരുന്നു. അതിന്റെ ചുവടുപിടിച്ച് പുതിയ ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിന് 'ന്യൂപീഡിയ' (Nupedia) എന്ന് പേരിട്ടു.

അന്ന് ഓഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസൊഫിയില്‍ ഡോക്ടറല്‍ വിദ്യാര്‍ഥിയായിരുന്ന ലാറി സേഞ്ചറെ ന്യൂപീഡിയയുടെ ചീഫ് എഡിറ്ററായി ജിമ്മി വെയ്ല്‍സ് ക്ഷണിച്ചു. സൂക്ഷ്മതയോടെ പരിശോധിക്കപ്പെടുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശം എന്ന നിലയ്ക്കാണ് 2000 മാര്‍ച്ച് 9 ന് ന്യൂപീഡിയ അവതരിപ്പിക്കപ്പെട്ടത്. വിവിധ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതാന്‍ വിദഗ്ധരെയും ക്ഷണിച്ചു. പരസ്യങ്ങള്‍ വഴി പണമുണ്ടാക്കാം എന്നായിരുന്നു പ്രതീക്ഷ.

ന്യൂപീഡിയയുടെ ഒരു പാര്‍ശ്വസംരംഭമായാണ് ലോകത്തെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായ 'വിക്കിപീഡിയ' പിറവിയെടുത്തത്. വിദഗ്ധര്‍ ഉള്ളടക്കം സംഭാവന ചെയ്യുന്നതിന് പകരം, ആര്‍ക്കും എഴുതുകയും തിരുത്തുകയും ചെയ്യാവുന്ന ഓണ്‍ലൈന്‍ സംരംഭം എന്ന നിലയ്ക്കാണ് വിക്കിപീഡിയ വിഭാവനം ചെയ്യപ്പെട്ടത്. വിക്കിപീഡിയയില്‍ നിന്ന് ന്യൂപീഡിയയ്ക്ക് ലേഖനങ്ങള്‍ കിട്ടുമെന്ന് കരുതി.

വിക്കിപീഡിയ തുടങ്ങാന്‍ 1995 ല്‍ വാഡ് കണ്ണിങ്ഹാം രൂപപ്പെടുത്തിയ വിക്കി സോഫ്ട്‌വേര്‍ തുണയായി.

തന്റെ പഴയ സുഹൃത്തുക്കളിലൊരാളായ ബെന്‍ കോവിറ്റ്‌സില്‍ നിന്നാണ് 2001 ജനവരി രണ്ടിന് 'വിക്കിവിക്കിവെബ്ബ്' എന്ന പ്രോഗ്രാമിനെക്കുറിച്ച് സേഞ്ചര്‍ ആദ്യമായി കേള്‍ക്കുന്നത്. ആ ആശയം ജിമ്മി വെയ്ല്‍സിനും ആവേശമേകി. വെറും 13 ദിവസത്തിന് ശേഷം, ജനവരി 15 ന് വിക്കിപീഡിയ നിലവില്‍ വന്നു (ന്യൂപീഡിയയുടെ പോഷകപദ്ധതി എന്ന നിലയ്ക്കാണ് വിക്കിപീഡിയ വന്നതെങ്കിലും, 2003 ല്‍ ന്യൂപീഡിയ പൂട്ടി).

വിക്കിപീഡിയ യുഗം
U എന്ന ഇംഗ്ലീഷ് അക്ഷരത്തെക്കുറിച്ചുള്ള ലേഖനത്തോടെയായിരുന്നു വിക്കിപീഡിയ യുഗത്തിന്റെ ആരംഭം.

ശരിക്കും കാലം കാത്തിരുന്ന പദ്ധതിയായിരുന്നു അത്. ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന, ആര്‍ക്കും തിരുത്താവുന്ന, ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, ആരുടെയും സ്വന്തമല്ലാത്ത, എന്നാല്‍ എല്ലാവര്‍ക്കും സ്വന്തമായ, സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം. വിക്കിപീഡിയ വേഗം ശ്രദ്ധ നേടി.

ചീഫ് എഡിറ്റര്‍ എന്ന നിലയ്ക്ക് സേഞ്ചര്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളാണ് വിക്കിപീഡിയ നിഷ്പക്ഷമായി നിലനിര്‍ത്താനും, അതിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കരുത്തേകാനും തുണയായത്. പക്ഷേ, സേഞ്ചര്‍ അധികകാലം വിക്കിപീഡിയയുടെ ചുമതലയില്‍ തുടര്‍ന്നില്ല. ബോമിസ് കമ്പനിയുടെ സാമ്പത്തിക തകര്‍ച്ച സേഞ്ചര്‍ വിക്കിപീഡിയ വിടേണ്ട അവസ്ഥ സംജാതമാക്കി. മാത്രമല്ല, ജിമ്മി വെയ്ല്‍സും സേഞ്ചറും തമ്മിലുണ്ടായ അഭിപ്രായഭിന്നതകളും രൂക്ഷമായി. 2002 ഫിബ്രവരിയില്‍ സേഞ്ചര്‍ വിക്കിപീഡിയയുടെ ചീഫ് എഡിറ്റര്‍ പദവിയൊഴിഞ്ഞു.

ഭരണപരമായ ഇത്തരം പ്രശ്‌നങ്ങളൊന്നും പക്ഷേ, വിക്കിപീഡിയയുടെ മിന്നല്‍വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായില്ല. ഇംഗ്ലീഷ് ഭാഷയില്‍ ആരംഭിച്ച വിക്കിപീഡിയ, 2001 അവസാനമാകുമ്പോഴേക്കും മറ്റ് 18 ഭാഷകളിലേക്ക് വ്യാപിച്ചു. 2004 അവസാനമാകുമ്പോഴേക്കും 161 ലോകഭാഷകളില്‍ വിക്കിപീഡിയ എത്തി!

2012 ആഗസ്തിലെ കണക്ക് പ്രകാരം 285 ലോകഭാഷകളില്‍ വിക്കിപീഡിയ പതിപ്പുകളുണ്ട്. ആകെ 220 ലക്ഷം ലേഖനങ്ങള്‍. അതില്‍ 40 ലക്ഷത്തിലേറെ ലേഖനങ്ങള്‍ ഇംഗ്ലീഷ് വിക്കിപീഡിയയിലാണ്. പതിവായി സംഭവനചെയ്യുന്ന ഒരുലക്ഷം സന്നദ്ധപ്രവര്‍ത്തകര്‍ വിക്കിപീഡിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ പണ്ഡിതരും, സാധാരണക്കാരും, വിദ്യാര്‍ഥികളും, വീട്ടമ്മമാരും, പ്രൊഫഷണലുകളുമെല്ലാം ഉള്‍പ്പെടുന്നു.

ജനറല്‍ റഫറന്‍സിന് ആളുകള്‍ ആശ്രയിക്കുന്ന ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ വിവരശേഖരമായി വിക്കിപീഡിയ പരിണമിച്ചിരിക്കുന്നു. 'അലക്‌സ'യുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ആറാംസ്ഥാനമാണ് വിക്കിപീഡിയയ്ക്ക്. 36.5 കോടി വായക്കാര്‍ വിക്കിപീഡിയയ്ക്കുണ്ടെന്ന് അലക്‌സ വിലയിരുത്തുന്നു.

ഏറ്റവും വലിയ വിവരശേഖരം മാത്രമല്ല, പ്രമുഖ വാര്‍ത്താസ്രോതസ്സായും ഇപ്പോള്‍ വിക്കിപീഡിയയെ പലരും കാണുന്നു. കാരണം അത്ര വേഗത്തിലാണ് അതില്‍ വിവരങ്ങള്‍ ചേര്‍ക്കപ്പെടുന്നത്. ഒരുപക്ഷേ, ട്വിറ്റര്‍ പോലുള്ള സോഷ്യല്‍മീഡിയ സൈറ്റുകളില്‍ വിവരങ്ങള്‍ ചേര്‍ക്കപ്പെടുന്ന അതേ വേഗത്തില്‍ വിക്കിപീഡിയയിലും പുതിയ സംഭവങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പ്രിന്റ് രൂപത്തിലുള്ള ഒരു വിജ്ഞാനകോശത്തിന് ഒരിക്കലും സാധ്യമാകാത്ത സംഗതി.

ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന, ആര്‍ക്കും തിരുത്താവുന്ന ഒരു ഓണ്‍ലൈന്‍ സംരംഭത്തിന് എത്ര വിശ്വാസ്യതയുണ്ടാകും. പലരെയും ഈ ചോദ്യം അലട്ടാറുണ്ട്.

ലോകത്തെ ഏറ്റവും പ്രശസ്ത ശാസ്ത്രജേര്‍ണലായ 'നേച്ചര്‍' വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ചോദ്യം പരിഗണനയ്‌ക്കെടുക്കുകയുണ്ടായി. പ്രൊഫഷണലായി പ്രസിദ്ധീകരിക്കുകയും അതാത് മേഖലയിലെ വിദഗ്ധന്‍മാര്‍ മാത്രം എഴുതുകയും ചെയ്യുന്ന 'എന്‍സൈക്ലൊപ്പീഡിയ ബ്രിട്ടാണിക്ക'യിലെയും വിക്കിപീഡിയയിലെയും ശാസ്ത്രലേഖനങ്ങളിലെ പിശകുകള്‍ വിശകലനം ചെയ്തായിരുന്നു പഠനം. 2005 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ആ പഠനഫലം പലരെയും അത്ഭുതപ്പെടുത്തി. പിശകുകളുടെ കാര്യത്തില്‍ 'ബ്രിട്ടാണിക്ക'യും വിക്കിപീഡിയയും എതാണ്ട് 'കട്ടക്കട്ട' നില്‍ക്കുമെന്നായിരുന്നു അത്! എന്നുവെച്ചാല്‍, 'ബ്രിട്ടാണിക്ക'യുടെ അതേ ശരികള്‍ തന്നെയാണ് വിക്കിപീഡിയയിലും എന്ന്.

ഫ്രീ എന്നാല്‍ ഫ്രീഡം
ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട ഒരുലക്ഷത്തിലേറെപ്പേര്‍ വിക്കിപീഡിയയ്ക്കുവേണ്ടി സന്നദ്ധസേവനം ചെയ്യാന്‍ തയ്യാറാകുന്നതിന് പിന്നിലെ ചേതോവികാരമെന്താണ്? ഇക്കാര്യത്തെ പലവിധത്തില്‍ സമീപിക്കാനാകും. ഒരു വിജ്ഞാനകോശത്തില്‍ എഴുതാന്‍ കഴിയുക എന്നത് ചെറിയ സംഗതിയല്ല. അതൊരുതരം ത്രില്ലാണ്, ബൗദ്ധികമായ ഏര്‍പ്പാട്. ബൗദ്ധികമായ ഏര്‍പ്പാടെന്നാല്‍ ജീവിതത്തിന് കൂടുതല്‍ അര്‍ഥമുണ്ടാക്കുന്ന പ്രവര്‍ത്തനം.

'ഒരു കാര്യത്തെക്കുറിച്ച് എഴുതുകയും അത് ഉടന്‍തന്നെ മറ്റുള്ളവര്‍ക്ക് മുന്നില്‍ വായിക്കാന്‍ ലഭ്യമാകുകയും ചെയ്യുകയെന്നു വെച്ചാല്‍, അത് തനിക്ക് ചിലതൊക്കെ അറിയാമെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള അവസരമാണ്. അത്തരം പ്രവര്‍ത്തനം നല്‍കുന്നത് കറയറ്റ ആഹ്ലാദമാണ്'' - ഒരു അഭിമുഖത്തില്‍ ലാറി സേഞ്ചര്‍ പറയുകയുണ്ടായി. ബൗദ്ധികമായ സംതൃപ്തിയും ആഹ്ലാദവുമാണ് പതിനായിരങ്ങളെ വിക്കിപീഡിയയോട് അടുപ്പിച്ച് നിര്‍ത്തുന്നത്.

സാധാരണഗതിയില്‍ ഒരു വെബ്ബ്‌സൈറ്റില്‍ എഴുതാനും, അതിലെ ഉള്ളടക്കം എഡിറ്റു ചെയ്യാനും സങ്കീര്‍ണമായ ചില സാങ്കേതിക കടമ്പകളുണ്ട്. അതിനാല്‍, സാധാരണക്കാര്‍ക്ക് അത് അത്ര എളുപ്പമാകാറില്ല. വിക്കിപീഡിയയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്.

'വിക്കിപീഡിയയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യ താരതമ്യേന ലളിതമാണ്. ഒരു ഡേറ്റാബേസ്, ഒരു വെബ്ബ് സെര്‍വര്‍, ഒരു വെബ്ബ് ബ്രൗസര്‍ - ഒപ്പം വിക്കി എഡിറ്റിങ് ആശയവും'-ആന്‍ഡ്രു ലിഹ് രചിച്ച 'ദി വിക്കിപീഡിയ റവല്യൂഷന്‍' എന്ന ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ജിമ്മി വെയ്ല്‍സ് പറയുന്നു.

1995 ല്‍ വാര്‍ഡ് കണ്ണിംഹാം ആണ് വിക്കി ആശയം അവതരിപ്പിച്ചത്. എന്നുവെച്ചാല്‍, ആര്‍ക്കും എഡിറ്റുചെയ്യാവുന്ന ഒരു സൈറ്റിന് ആവശ്യമായ സങ്കേതം 1995 ല്‍ തന്നെ നിലവിലുണ്ടായിരുന്നു എന്നര്‍ഥം. പക്ഷേ, 2001 ല്‍ മാത്രമാണ് വിക്കിപീഡിയ രംഗത്തെത്തിയത്. എന്തുകൊണ്ട്? 'ഇതിന്റെ ഉത്തരം എന്താണെന്ന് ചോദിച്ചാല്‍', ജിമ്മി വെയ്ല്‍സ് പറയുന്നു, 'വിക്കിപീഡിയ എന്നത് ഒരു സാങ്കേതിക മുന്നേറ്റമേ ആയിരുന്നില്ല, അതൊരു സാമൂഹിക മുന്നേറ്റം (ഇന്നവേഷന്‍) ആയിരുന്നു'.

പതിനായിരങ്ങളെ വിക്കിപീഡിയയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു സംഗതി അത് തികച്ചും ഫ്രീ ആണ് എന്നതാണ്. ഫ്രീ എന്നത് സൗജന്യം എന്ന കേവല അര്‍ഥത്തില്‍ സമീപിക്കരുതെന്ന് ജിമ്മി വെയ്ല്‍സ് പറയുന്നു. 'ഫ്രീ എന്നു പറയുമ്പോള്‍ ഫ്രീഡം (സ്വാതന്ത്ര്യം) എന്നുവേണം വായിക്കാന്‍, അല്ലാതെ സൗജന്യം എന്നല്ല'

'നാലുതരത്തിലുള്ള സ്വാതന്ത്ര്യം വിക്കിപീഡിയ അതിന്റെ ഉപയോക്താക്കള്‍ക്ക് അനുവദിച്ചു നല്‍കുന്നു. വിക്കിപീഡിയയിലുള്ളത് പകര്‍ത്താനുള്ള സ്വാതന്ത്ര്യം, ഉള്ളടക്കം പരിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം,  വിക്കിപീഡിയയിലെ ഉള്ളടക്കം മറ്റുള്ളവരുമായി പങ്കിടാനുള്ള സ്വാതന്ത്ര്യം, പരിഷ്‌ക്കരിച്ച ഉള്ളക്കം പങ്കിടാനുള്ള സ്വാതന്ത്ര്യം...ഇതെല്ലാം നിങ്ങള്‍ക്ക് വാണിജ്യപരമായോ അല്ലാതെയോ ചെയ്യാം'-ജിമ്മി വെയ്ല്‍സ് പറയുന്നു.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന വിവരശേഖരങ്ങളിലൊന്നായി വിക്കിപീഡിയ മാറിയത് യാദൃശ്ചികമല്ല എന്നര്‍ഥം.

മലയാളത്തിലേക്ക്
'മലയാള അക്ഷരമാല' എന്ന ലേഖനത്തോടെ മലയാളം വിക്കിപീഡിയ തുടങ്ങി. രണ്ടാമത്തെ ലേഖനമായി 'ശ്രീനാരായണഗുരു' ചേര്‍ക്കപ്പെട്ടു.

2001 ല്‍ ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയതിനൊപ്പം മലയാളമടക്കം പ്രധാനപ്പെട്ട ലോകഭാഷകളിലെല്ലാം വിക്കിപീഡിയ പതിപ്പുകള്‍ തുടങ്ങാനുള്ള സാങ്കേതിക സംവിധാനം വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരുക്കിയിരുന്നു.

എന്നാല്‍, മലയാളം വിക്കിപീഡിയയുടെ എന്തെങ്കിലും പ്രവര്‍ത്തനം ആരംഭിക്കുന്നത് 2002 ഡിസംബര്‍ 21 നാണ്. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരന്‍ ആദ്യ തിരുത്തല്‍ നടത്തിയതോടെ (വിക്കിപീഡിയയിലെ ഏറ് കൂട്ടിച്ചേര്‍ക്കലും 'തിരുത്തല്‍' എന്നാണ് പറയുന്നത്) മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ആരംഭിക്കുന്ന സമയത്ത് മലയാളം വിക്കിപീഡിയയ്ക്ക് മുന്നില്‍ തടസ്സങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബഹുഭൂരിപക്ഷം മലയാളികളും ഡിജിറ്റല്‍ നിരക്ഷരതയിലാണ്ടു കിടന്ന കാലം. ഡിജിറ്റല്‍ മലയാളത്തിനാവശ്യമായ എഴുത്തുപകരണങ്ങള്‍ പോലും കാര്യമായി രംഗത്തെത്തിയിട്ടില്ല. കേരളത്തിലാണെങ്കില്‍, ഡയല്‍-അപ് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ പോലും വിരളം. കമ്പ്യൂട്ടറുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും താങ്ങാനാവാത്ത വില.
ഇത്തരം കടുത്ത യാഥാര്‍ഥ്യങ്ങള്‍ക്ക് നടുവിലാണ്, ബാലാരിഷ്ടകള്‍ വേട്ടയാടാന്‍ പോകുന്ന മലയാളം വിക്കിപീഡിയയുടെ ജനനം.

രണ്ടുവര്‍ഷത്തോളം വിനോദ് പ്രഭാകരന്‍ തന്നെ മലയാളം വിക്കിപീഡിയ കൊണ്ടുനടന്നു. അപ്പോഴേക്കും ഇംഗ്ലീഷ് വിക്കിപീഡിയ ലോകമാകെ ശ്രദ്ധനേടാന്‍ തുടങ്ങിയിരുന്നു. അത് മലയാളം വിക്കിപീഡിയയ്ക്ക് ഗുണംചെയ്തു. ചില വിദേശ മലയാളികള്‍ മലയാളം വിക്കിപീഡിയ സംരംഭത്തില്‍ സഹകരിക്കാനെത്തി. ഇപ്പോഴും മലയാളം വിക്കിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ നല്ലൊരു പങ്ക് കേരളത്തിന് പുറത്തുള്ള മലയാളികളാണ്.

മലയാളം വിക്കിപീഡിയയില്‍ നൂറു ലേഖനങ്ങള്‍ തികയാന്‍ രണ്ടുവര്‍ഷമെടുത്തു എന്നു പറയുമ്പോള്‍, എത്ര മെല്ലായാണ് ആ സംരംഭം മുന്നോട്ടുനീങ്ങിയതെന്ന് വ്യക്തമാകും.

2004 മധ്യത്തോടെയാണ് മലയാളം കമ്പ്യൂട്ടിങ് രംഗത്ത് കാര്യമായ ചില മുന്നേറ്റങ്ങളുണ്ടാകുന്നത്. മലയാളഭാഷയില്‍ യുണീകോഡ് എഴുത്തുസാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായി. ഇത് ബ്ലോഗിങ് എന്ന നവമാധ്യമ സാധ്യതയിലേക്ക് കുറെ മലയാളികളെ ആകര്‍ഷിച്ചു. ബ്ലോഗിങ് വഴി ഓണ്‍ലൈനില്‍ മലയാളം എഴുതാന്‍ പഠിച്ച കുറെപ്പേര്‍ മലയാളം വിക്കിപീഡിയയ്ക്കും തുണയായെത്തി.

കൂട്ടായ സംരംഭം എന്നനിലയ്ക്ക് വ്യക്തികള്‍ക്ക് അത്ര പ്രാധാന്യമില്ലെങ്കിലും, മലയാളം വിക്കിപീഡിയയുടെ ചരിത്രം പറയുമ്പോള്‍ മന്‍ജിത് കൈനിക്കരയെ ഒഴിവാക്കാന്‍ സാധിക്കില്ല. കമ്പ്യൂട്ടറിന് മലയാളവും വഴങ്ങുമെന്ന് പലരും അത്ഭുതത്തോടെ മനസിലാക്കി തുടങ്ങിയ കാലത്താണ്, കേരളത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന മന്‍ജിത് അമേരിക്കയിലെത്തുന്നത്. അദ്ദേഹം സജീവമായി ഇടപെട്ടു തുടങ്ങുന്നതോടെയാണ് മലയാളം വിക്കിപീഡിയയുടെ ചരിത്രത്തിലെ പുതിയ ഘട്ടം ആരംഭിക്കുന്നത്.

മലയാളം വിക്കിപീഡിയയുടെ മുഖ്യതാള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ ആ സംരംഭത്തിലേക്ക് ആകര്‍ഷിക്കുന്നതിനും മന്‍ജിത് നടത്തിയ ശ്രമം ഒരു പരിധിവരെ വിജയിച്ചു. 2005 സപ്തംബറില്‍ മന്‍ജിത് മലയാളം വിക്കിപീഡിയയുടെ ആദ്യ സിസോപ്പ് (കാര്യനിര്‍വാഹകന്‍) ആയി ചുമതലയേറ്റു. സാങ്കേതിക സംഗതികളില്‍ സ്വയംപര്യാപ്തതയുടെ കാലത്തേക്ക് മലയാളം വിക്കി പ്രവേശിക്കുന്നത് ആ സമയത്താണ്.

2010 നവംബര്‍ പത്തിന് മലയാളം വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം 15000 തികഞ്ഞു, ഇപ്പോള്‍ കാല്‍ലക്ഷവും. മലയാളം വിക്കിപീഡിയ മറ്റൊരു നാഴികക്കല്ല് കൂടി ഇപ്പോള്‍ പിന്നിടുകയാണ്. 2012 ജൂലായ് 26 ന് മലയാളം വിക്കിയിലെ തിരുത്തലുകളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു!

പുതിയ കാലം
2012 ജൂലായിലെ കണക്ക് പ്രകാരം, 27 ലക്ഷം ഹിറ്റുകള്‍ മലയാളം വിക്കിപീഡിയയ്ക്ക് പ്രതിമാസം ലഭിക്കുന്നു. വിക്കിപീഡിയര്‍ വിക്കി തിരുത്താന്‍ സന്ദര്‍ശിക്കുന്നത് അടക്കമുള്ള ഹിറ്റാണിത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മലയാളം വിക്കിപീഡിയയില്‍ അംഗത്വമെടുത്തവരുടെ എണ്ണം ഏതാണ്ട് 37000 ആണ്. എന്നാല്‍, അതില്‍ മഹാഭൂരിപക്ഷവും അക്കൗണ്ട് തുറക്കുക എന്നല്ലാതെ മറ്റ് കാര്യമായ ഒരു സംഭാവനയും വിക്കപീഡിയയ്ക്ക് നല്‍കിയിട്ടില്ല.

2006 ലാണ് ഏറ്റവുമധികം അംഗങ്ങളെ മലയാളം വിക്കിപീഡിയയ്ക്ക് ലഭിച്ചത്. ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന പലരും അന്ന് വിക്കിയിലെത്തിയവരാണ്. 2012 ജൂലായിലെ കണക്ക് പ്രകാരം ഏതാണ്ട് 110 പേര്‍ മാത്രമാണ് മലയാളം വിക്കിപീഡിയയില്‍ സജീവമായി തിരുത്തല്‍ നടത്തുന്നത്, 17 കാര്യനിര്‍വാഹകരുമുണ്ട്.

'ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കിപീഡിയകളുമായി താരതമ്യപ്പെടുത്തിയാല്‍, സജീവമായി ഇടപെടുന്ന ഏറ്റവും കൂടുതല്‍ യൂസര്‍മാര്‍ മലയാളത്തിലാണുള്ളത്. പക്ഷേ, മൂന്നരകോടി ജനങ്ങള്‍ സംസാരിക്കുന്ന ഒരു ഭാഷയുടെ കാര്യത്തില്‍ 110 പേര്‍ എന്നത് ഒന്നുമല്ല. അത് ആയിരവും പതിനായിരവുമൊക്കെ ആയിത്തീരുന്ന ദിനങ്ങള്‍ വരണം'-മലയാളം വിക്കിപീഡിയയുടെ സജീവപ്രവര്‍ത്തകനായ, വിക്കിമീഡിയ ഫൗണ്ടേഷനിലെ ഷിജു അലക്‌സ് അഭിപ്രായപ്പെടുന്നു.

'മലയാളിക്ക് മലയാളം ടൈപ്പിങ് അറിയില്ല എന്നതാണ് മലയാളം വിക്കിസമൂഹം വളരാനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന്. മലയാളം വിക്കിപീഡിയ പരിചയപ്പെടുത്തുമ്പോള്‍ ടൈപ്പിങ് അടക്കം പഠിപ്പിച്ച് തുടങ്ങണം എന്നത് വലിയോരു പ്രതിസന്ധിയായി നില്‍ക്കുകയാണ്'-ഷിജു അലക്‌സ് ചൂണ്ടിക്കാട്ടുന്നു. ഇത് വിക്കീപീഡിയര്‍ കാണുന്ന പ്രശ്‌നം.

എന്നാല്‍, മലയാളം വിക്കിയിലെ പല ലേഖനങ്ങളും എണ്ണംതികയ്ക്കാന്‍ വേണ്ടിയുണ്ടാക്കിയിട്ടുള്ള ശുഷ്‌ക്കലേഖനങ്ങളാണെന്ന് ചിലര്‍ വിമര്‍ശിക്കുന്നു. പല ലേഖനങ്ങളും ഒന്നോ രണ്ടോ വാക്യങ്ങളില്‍ തുടങ്ങിയിടത്ത് നില്‍ക്കുന്നതല്ലാതെ മുന്നോട്ട് നീങ്ങുന്നില്ലെന്ന കാര്യം വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ചെറിയ തോതില്‍ തുടങ്ങി ഏറ്റവും മികച്ചതും സമഗ്രവുമായി മാറിയ എത്രയോ ലേഖനങ്ങള്‍ ഇന്ന് മലയാളം വിക്കിപീഡിയയ്ക്ക് അഭിമാനമേകുന്നു എന്നകാര്യമാണ് ഇതിന് മറുപടിയായി എടുത്തുകാട്ടപ്പെടുന്നത്.

കൂടുതല്‍ മലയാളികള്‍ക്ക് കമ്പ്യൂട്ടര്‍ മലയാളം വഴങ്ങുന്നതോടെ, ഇത്തരമൊരു സംരംഭത്തിന്റെ പ്രാധാന്യം കൂടുതല്‍ പേരിലേക്ക് എത്തുന്നതിലൂടെ-അങ്ങനെയേ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ.

മലയാളം വിക്കിസംരംഭങ്ങള്‍ വിക്കിപീഡിയ കൊണ്ട് അവസാനിക്കുന്നില്ല. കുറഞ്ഞത് മലയാളം 'വിക്കിഗ്രന്ഥശാല'യെക്കുറിച്ചെങ്കിലും സൂചിപ്പിക്കേണ്ടതുണ്ട്. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് കരുത്തേകുകയും നാഴികക്കല്ലുകളായി പരിണമിക്കുകയും ചെയ്ത ഒട്ടേറെ പഴയ കൃതികള്‍ ഇപ്പോള്‍ തന്നെ വിക്കിഗ്രന്ഥശാലയില്‍ ഇടംപിടിച്ചു കഴിഞ്ഞു.

എഴുത്തച്ഛന്റെ അത്യാത്മരാമായണവും, കുഞ്ചന്‍ നമ്പ്യാരുടെ കൃതികളും, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയും, സ്വദേശാഭിമാനിയുടെ വൃത്താന്തപത്രപ്രവര്‍ത്തനവും, സി.വി.രാമന്‍പിള്ളയുടെ ധര്‍മരാജയും, സത്യവേദപുസ്തകവും, കേരളോല്‍പ്പത്തിയും, ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും, ആശാന്‍ കൃതികളും ഉള്‍പ്പടെ, വിലപ്പെട്ട ഡസണ്‍ കണക്കിന് മലയാളം ഗ്രന്ഥങ്ങള്‍ ഇപ്പോള്‍ ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് വിക്കിഗ്രന്ഥശാല വഴി വായിക്കാം.

ഈ പുസ്തകങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ഒട്ടേറെ മലയാളികള്‍ പങ്കുചേരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കേരളത്തിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണെന്നതും, 'ഐടി അറ്റ് സ്‌കൂള്‍' പദ്ധതി വഴി വിദ്യാര്‍ഥികളും അധ്യാപകരും കമ്പ്യൂട്ടര്‍ മലയാളത്തിന്റെ ലോകത്തേക്ക് എത്തുന്നതിന്റെ തെളിവാണിതെന്നതും പ്രതീക്ഷയേക്കുന്നു.

അവലംബം -
1.The Wikipedia Revolution. 2009. Andrew Lih. Aurum Press Ltd., London
2.Wikipedia. www.wikipedi.org
3. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ പത്തുവര്‍ഷങ്ങള്‍. ജോസഫ് ആന്റണി. മാതൃഭൂമി ഓണ്‍ലൈന്‍, Jan 13, 2011
4. മലയാളം വിക്കി ഡോട്ട് കോം. മാതൃഭൂമി വാരാന്തപ്പതിപ്പ്, Sept.2, 2007

കടപ്പാട് - 
ഷിജു അലക്‌സ്, വിക്കിമീഡിയ ഫൗണ്ടേഷന്‍