Sunday, January 03, 2010

ഒരു മരവും ഒരു സംസ്‌ക്കാരവും

ജയിംസ് കാമറൂണിന്റെ പുതിയ ചിത്രമായ 'അവതാര്‍' കണ്ടവര്‍ക്ക്, ഒരു മരം എങ്ങനെ ഒരു സംസ്‌ക്കാരത്തിന്റെ ആണിക്കല്ലായി മാറുന്നു എന്ന് മനസിലാക്കാന്‍ എളുപ്പമാണ്. വിദൂരനക്ഷത്രലോകത്തെ ഉപഗ്രഹമായ പന്‍ഡോരയില്‍ നാ'വി (Na'vi) വര്‍ഗം നിലനില്‍ക്കുന്നത് അവരുടെ ഭവനവൃക്ഷത്തെ ആശ്രയിച്ചാണ്. ഭവനവൃക്ഷം നശിച്ചാല്‍ ആ വര്‍ഗവും നശിക്കും. ആ ഉപഗ്രഹത്തില്‍ ധാതുഖനനം ലാക്കാക്കി എത്തുന്ന അന്യഗ്രഹജീവികളായ മനുഷ്യര്‍, ഭവനവൃക്ഷത്തിനും അതുവഴി നാ'വി വര്‍ഗത്തിനും വെല്ലുവിളിയാകുന്നതാണ് സിനിമയുടെ മുഖ്യപ്രമേയം.

ഇത് സിനിമാക്കഥ. ഒരു ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിന് ഒരു വൃക്ഷം എങ്ങനെ താങ്ങുംതണലുമാകുന്നു എന്നതിന് ഉദാഹരണങ്ങള്‍ നമുക്ക് അടുത്തു തന്നെയുണ്ട്.
സൈലന്റ് വാലിയിലെ സിംഹവാലന്‍ കുരങ്ങുകളും വെടിപ്ലാവുകളും തമ്മിലുള്ള ബന്ധം ഉദാഹരണം. ആ അമൂല്യമഴക്കാട്ടിലെ സ്ഥാനികജീവിയെന്നാണ് സിംഹവാലന്‍ അറിയപ്പെടുന്നത്. ലോകത്ത് ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിന് ഏറ്റവുമധികം തുണയാകുന്ന ഒന്നായി സൈലന്റ് വാലി മാറാന്‍ കാരണം അവിടുത്തെ വെടിപ്ലാവുകളുടെ സുലഭ സാന്നിധ്യമാണ്. വെടിപ്ലാവിന്റെ ചക്ക സിംഹവാലന്‍ കുരങ്ങിന്റെ മുഖ്യഭക്ഷണമാകയാല്‍, ആ വൃക്ഷം നശിച്ചാല്‍ സിംഹവാലനും നിലനില്‍ക്കാനാവില്ല.

ഒരു വൃക്ഷത്തിന് ഒരു വര്‍ഗത്തിന്റെ നിലനില്‍പ്പില്‍ ഇത്രയൊക്കെ സ്ഥാനമുണ്ടാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. അത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്ന ഒരു കണ്ടെത്തല്‍ അടുത്തയിടെ തെക്കെയമേരിക്കയില്‍ നിന്നുണ്ടായി. പെറുവിലെ
നാസ്‌ക (Nasca) വര്‍ഗക്കാര്‍ക്ക് ഏതാണ്ട് 1500 വര്‍ഷംമുമ്പ് സംഭവിച്ചത് എന്താണെന്ന് പഠിച്ച പുരാവസ്തുഗവേഷകരാണ് അക്കാര്യം കണ്ടെത്തിയത് - ആ പ്രാചീന ജനതയെ സംബന്ധിച്ചിടത്തോളം കല്‍പ്പവൃക്ഷമെന്ന് കരുതാവുന്ന ഹ്യുരാന്‍ഗോ മരങ്ങള്‍ (huarango trees) വ്യാപകമായി നശിപ്പിക്കപ്പെട്ടതാണത്രേ അവരുടെ സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചത്.

പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്ന് 400 കിലോമീറ്റര്‍ തെക്കുമാറി, തീരപ്രദേശത്തെ അര്‍ധഊഷര താഴ്‌വരകളായിരുന്നു നാസ്‌ക വര്‍ഗക്കാരുടെ വാസഗേഹം. സമീപത്തെ മരുപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഭീമന്‍ ചിത്രരൂപങ്ങളാണ് ആ പ്രാചീനസംസ്‌കാരത്തിന്റെ ഇപ്പോഴും അവശേഷിക്കുന്ന തെളിവ്. ('നാസ്‌ക ലൈന്‍സ്' എന്നറിയപ്പെടുന്ന ആ ചിത്രരൂപങ്ങള്‍ ആകാശത്തുനിന്ന് നോക്കിയാലാണ് വ്യക്തമായി കാണാനാവുക. വിളവലയങ്ങളെ (crop circles) അനുസ്മരിപ്പിക്കുന്ന ആ ചിത്രരൂപങ്ങള്‍ക്ക് പിന്നില്‍ ഭൗമേതരശക്തികളാണെന്ന് ഒരുകാലത്ത് കരുതിയിരുന്നെങ്കിലും, അവ മനുഷ്യസൃഷ്ടി തന്നെയെന്ന് പിന്നീട് തെളിഞ്ഞു). കിലോമീറ്ററുകളോളം നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന ചിത്രരൂപങ്ങള്‍ വരച്ചത് 500 ബി.സിക്കും 500 എ.ഡിക്കും മധ്യേയുള്ള കാലത്താണ്.

തെക്കെയമേരിക്കയില്‍ ഇന്‍ക വര്‍ഗക്കാര്‍ക്ക് മുമ്പ് നിലനിന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്‌ക്കാരമായിരുന്നു നാസ്‌കകളുടേത്. വസ്ത്രനിര്‍മാണത്തിലും ചിത്രരചനയിലും കരകൗശലവിദ്യകളിലും അവര്‍ പ്രാവിണ്യം നേടിയിരുന്നു. കൃഷിക്കായി ജലസേചനസംവിധാനവും അവര്‍ വികസിപ്പിച്ചിരുന്നു. ഏതാണ്ട് എട്ട് നൂറ്റാണ്ടിലേറെ ആ വര്‍ഗം പ്രതാപത്തോടെ നിലനിന്നു. എന്നാല്‍, എ.ഡി.600 ഓടെ നാസ്‌കകള്‍ ഏതോ ശാപത്താലെന്നോണം നശിച്ചു, അവരുടെ സംസ്‌ക്കാരവും അന്യംനിന്നു.

എന്താണ് സംഭവിച്ചത്, ഏത് ശാപമാണ് ആ വര്‍ഗത്തെ ഗ്രസിച്ചത്? ആ സഹസ്രാബ്ദത്തിലെ ഏറ്റവും ശക്തമായ
എല്‍നിനോ (El Nino) പ്രതിഭാസമാണ് നാസ്‌ക സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചതെന്നായിരുന്നു വിദഗ്ധരുടെ നിഗമനം. എല്‍നിനോ മൂലമുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് ആ വര്‍ഗത്തിന് അവസാനിക്കേണ്ടി വന്നിരിക്കാമെന്ന് അവര്‍ കരുതി.

എന്നാല്‍, മേല്‍പ്പറഞ്ഞത് കഥയുടെ ഒരു ഭാഗമേ ആകുന്നുള്ളുവത്രേ. പ്രബലമായ മറ്റൊരു കാരണം കൂടി ആ വര്‍ഗത്തിന്റെ അസ്തമയത്തിന് പിന്നിലുണ്ടായിരുന്നുവെന്ന് പുരാവസ്തുഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. അത് ഹ്യുരാന്‍ഗോ മരങ്ങളുടെ വ്യാപകമായ നാശമായിരുന്നുവത്രേ. ആ മരങ്ങള്‍ വെട്ടിമാറ്റിയിരുന്നില്ലെങ്കില്‍, നാസ്‌ക വര്‍ഗം നശിക്കില്ലായിരുന്നുവെന്ന് 'ലാറ്റിനമേരിക്കന്‍ ആന്റിക്വിറ്റി'യില്‍ അടുത്തയിടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ജലസേചന ശൃംഗലകളുടെ സഹായത്തോടെയാണ് പെറൂവിയന്‍ തീരത്തെ അര്‍ധഊഷര പ്രദേശങ്ങളെ ചോളവും മധുരക്കിഴങ്ങും മത്തനും വിളയുന്ന കൃഷിഭൂമികളാക്കി നാസ്‌ക വര്‍ഗം മാറ്റിയത്. ഹ്യൂരാന്‍ഗോ മരങ്ങളെ വ്യാപകമായി വെട്ടിമാറ്റിക്കൊണ്ടായിരുന്നു ആ മുന്നേറ്റം. എല്‍നിനോയുടെ ഫലമായുണ്ടായ പേമാരിയില്‍ ജലസേചനസംവിധാനം തകരുകയും മണ്ണൊലിപ്പ് മൂലം കൃഷിഭൂമി നശിക്കുകയും ചെയ്തു. കൃഷിഭൂമിയായിരുന്ന പ്രദേശങ്ങള്‍ മരുഭൂമിയായി മാറി.

പുതിയ പഠനം പറയുന്നത്, ഹ്യൂരാന്‍ഗോ മരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പ്രളയം ചെറുക്കാനും അതുവഴിയുണ്ടായ മണ്ണൊലിപ്പ് പരിമിതപ്പെടുത്താനും കഴിയുമായിരുന്നു എന്നാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നാസ്‌ക വര്‍ഗത്തിന് അതിജീവനം സാധ്യമാകുമായിരുന്നു. നൈട്രജന്‍ ആഗിരണം ചെയ്ത് മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ മികച്ച കഴിവുള്ള വൃക്ഷജനുസായിരുന്നു ഹ്യൂരാന്‍ഗോ. മാത്രമല്ല, ഭക്ഷണത്തിനും തടിക്കും വിറകിനുമൊക്കെ ഉപയോഗിക്കാനാകുന്ന വൃക്ഷവുമായിരുന്നു അത്് - കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പുരാവസ്തുഗവേഷകനും നാസ്‌ക വിദഗ്ധനുമായ ഡേവിഡ് ബെരെസ്‌ഫോര്‍ഡ്-ജോണ്‍സ് പറയുന്നു. പഠനത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്.

ലോലമായ ആ അര്‍ധഊഷര പരിസ്ഥിതിവ്യൂഹം സംരക്ഷിക്കുന്നതുള്‍പ്പടെ, അവിടുത്തെ ആവാസവ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരുന്ന ഒന്നാണ്
ഹ്യൂരാന്‍ഗോ വൃക്ഷങ്ങള്‍ (Prosopis pallida). മണ്ണിന്റെ വളക്കൂറും സൂക്ഷ്മകാലാവസ്ഥയും സംരക്ഷിക്കാന്‍ ഹ്യൂരാന്‍ഗോ മരങ്ങള്‍ ധാരാളമുള്ള പരിസ്ഥിതിക്ക് കഴിയും. മാത്രമല്ല, അറിയപ്പെടുന്നതില്‍ ഏറ്റവും ആഴത്തില്‍ വളരുന്ന വേരുകളുള്ള മരം കൂടിയാണിത്. അതുമൂലം, മണ്ണൊലിപ്പിനെതിരെ ശക്തമായ പ്രതിരോധം കൂടിയാകുന്നു ആ മരങ്ങള്‍-ഡോ. ബെരെസ്‌ഫോര്‍ഡ്-ജോണ്‍സ് പറയുന്നു.

നാസ്‌ക വര്‍ഗത്തിന്റെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായിരുന്ന ഇകാ താഴ്‌വരയില്‍ നടത്തിയ ഉല്‍ഖനനമാണ്, ആ സംസ്‌ക്കാരം മണ്ണടിയാന്‍ ഇടയാക്കിയതിന് പിന്നില്‍ ഹ്യൂരാന്‍ഗോ മരങ്ങളുടെ നാശവും ഉണ്ടായിരുന്നു എന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. കൂടുതല്‍ കൃഷിയിറക്കാനായി മരങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റിയതിന് വ്യക്തമായ തെളിവ് ഗവേഷകര്‍ക്ക് ലഭിച്ചു. 'വൃക്ഷങ്ങള്‍ വെട്ടിമാറ്റിയതോടെ പ്രദേശം മുഴുവന്‍ പാരിസ്ഥിതികമായ ഒരു അപകടാവസ്ഥയിലെത്തി. മരൂഭൂമിയില്‍ നിന്നുള്ള കാറ്റും എല്‍നിനോ വഴിയുണ്ടായ പ്രളയവും അവിടം കൃഷിക്ക് പറ്റാത്ത ഇടമാക്കി മാറ്റിയിരിക്കണം'-ഗവേഷകര്‍ പറയുന്നു.

കൃഷി ക്രമേണ അസാധ്യമായതോടെ ആ വര്‍ഗത്തിന്റെ നിലനില്‍പ്പും അപകടത്തിലായി. നാസ്‌ക തലസ്ഥാനമായ കഹൂയാച്ചി ഉപേക്ഷിക്കപ്പെട്ടു, ഭാവി വര്‍ഗങ്ങള്‍ക്ക് പഠിക്കാനുള്ള ഒരു പ്രാചീന ചരിത്രമേഖല മാത്രമായി അത് മാറി. 'സ്പാനിഷ് അധിനിവേശം ആരംഭിക്കും വരെ അമേരിക്കയിലെ പ്രാദേശിക വര്‍ഗങ്ങള്‍ പ്രകൃതിയുമായി സമരസപ്പെട്ടാണ് കഴിഞ്ഞതെന്ന കാഴ്ചപ്പാടിന് വിരുദ്ധമാണ് ഞങ്ങളുടെ ഗവേഷണം'-ഡോ. ബെരെസ്‌ഫോര്‍ഡ്-ജോണ്‍സ് ചൂണ്ടിക്കാട്ടി. മുന്‍പിന്‍ നോക്കാതെ പ്രകൃതിക്ക് മേല്‍ കൈവെയ്ക്കുന്ന ഏത് വര്‍ഗത്തിനുമുള്ള മുന്നറിയിപ്പാണ് നാസ്‌ക സംസ്‌കാരത്തിന്റെ പതനമെന്ന് സാരം.
ഒപ്പം അന്താരാഷ്ട്ര ജൈവവൈവിധ്യവര്‍ഷം ആയി 2010-നെ ആചരിക്കുമ്പോള്‍ ഓര്‍ക്കേണ്ട വിലപ്പെട്ട പാഠവും ഈ പ്രാചീനസംസ്‌ക്കാരത്തിന്റെ പതനം മുന്നോട്ടുവെയ്ക്കുന്നു. (കടപ്പാട്: ബി.ബി.സി, ടൈംസ് ഓണ്‍ലൈന്‍)

16 comments:

Joseph Antony said...

ജയിംസ് കാമറൂണിന്റെ പുതിയ ചിത്രമായ 'അവതാര്‍' കണ്ടവര്‍ക്ക്, ഒരു മരം എങ്ങനെ ഒരു സംസ്‌ക്കാരത്തിന്റെ ആണിക്കല്ലായി മാറുന്നു എന്ന് മനസിലാക്കാന്‍ എളുപ്പമാണ്. ജയിംസ് കാമറൂണിന്റെ പുതിയ ചിത്രമായ 'അവതാര്‍' കണ്ടവര്‍ക്ക്, ഒരു മരം എങ്ങനെ ഒരു സംസ്‌ക്കാരത്തിന്റെ ആണിക്കല്ലായി മാറുന്നു എന്ന് മനസിലാക്കാന്‍ എളുപ്പമാണ്. വിദൂരനക്ഷത്രലോകത്തെ ഉപഗ്രഹമായ പന്‍ഡോരയില്‍ നാ'വി (Na'vi) വര്‍ഗം നിലനില്‍ക്കുന്നത് അവരുടെ ഭവനവൃക്ഷത്തെ ആശ്രയിച്ചാണ്. ഭവനവൃക്ഷം നശിച്ചാല്‍ ആ വര്‍ഗവും നശിക്കും.
ഒരു വൃക്ഷത്തിന് ഒരു വര്‍ഗത്തിന്റെ നിലനില്‍പ്പില്‍ ഇത്രയൊക്കെ സ്ഥാനമുണ്ടാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. അത്തരക്കാരുടെ കണ്ണുതുറപ്പിക്കുന്ന ഒരു കണ്ടെത്തല്‍ അടുത്തയിടെ തെക്കെയമേരിക്കയില്‍ നിന്നുണ്ടായി. പെറുവിലെ നാസ്‌ക (Nasca) വര്‍ഗക്കാര്‍ക്ക് ഏതാണ്ട് 1500 വര്‍ഷംമുമ്പ് സംഭവിച്ചത് എന്താണെന്ന് പഠിച്ച പുരാവസ്തുഗവേഷകരാണ് അക്കാര്യം കണ്ടെത്തിയത്.

Vinayaraj V R said...

മരം എന്നത്‌ ജീവന്റെ ആധാരമാണ്‌. നമ്മുടെ വായുവിനേയും ജലത്തിനേയും ശുദ്ധീകരിക്കുന്നതും സംഭരിക്കുന്നതും മരം തന്നെ. ശാസ്ത്രം എത്ര വളര്‍ന്നിട്ടും ഇനിയും കാര്‍ബണും വെള്ളവും പ്രകാശവും ഹരിതകവും ഉപയോഗിച്ച്‌ ഭക്ഷണം നിര്‍മ്മിക്കാനായിട്ടില്ല, അതിനു കുഞ്ഞുനെല്‍ച്ചെടി കൂടിയേ തീരൂ. അന്തരീക്ഷത്തിലെ കാര്‍ബണ്‍ നീക്കം ചെയ്ത്‌ തടിയിലും ഇലയിലും സംഭരിച്ച്‌, മണ്ണിലേക്കു സൂക്ഷിക്കുന്ന വനങ്ങള്‍ അനുദിനം കുറഞ്ഞു വരുന്നു. പ്രകൃതി സമൃദ്ധമായി വരം കനിഞ്ഞരുളിയ നമ്മുടെ സമൂഹം ഇവയുടെ വില വേണ്ടത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയം. ഒരു തരത്തിലും മരം മുറിക്കാത്ത ബിഷ്ണോയികളുടെ ജീവിതം ഇവിടെ എടുത്തു പറയാവുന്നതാണ്‌. ജീവന്‍ നല്‍കിയും മരം സംരക്ഷിക്കുന്ന Chipko Movement-ഉം മറന്നുകൂടാ. 1923 -ല്‍ 60% വനമായിരുന്ന ഹൈതിയില്‍ 2006-ല്‍ 2% വനം മാത്രമാണു ബാക്കിയുള്ളത്‌. അതേത്തുടര്‍ന്നു ഉണ്ടാകുന്ന മണ്ണൊലിപ്പും വെള്ളപ്പൊക്കവും ഹൈതിയിലെ ജനജീവിതം ഇന്നു താറുമാറാക്കുന്നു. യു.എന്‍.സഹായത്തോടെ 15 ലക്ഷം ഫലവൃക്ഷങ്ങള്‍ നടാനുള്ള ഒരു പദ്ധതിയില്‍ Art of Living Fountation മുഖ്യ പങ്കു വഹിക്കുന്നു. എല്ലാവരും അവരവരുടെ സാഹചര്യവും സമയവുമനുസരിച്ചു ആവുന്നത്ര മരങ്ങള്‍ നടുകയും നിലവിലുള്ളത്‌ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്‌ ഏറ്റവും അടിയന്തിരമായി നമുക്കു ചെയ്യാനുള്ളത്‌.

itecnews said...

ഒരു മരത്തിന്‍റ കായ് ഒരു പക്ഷി കഴിച്ച് അതിന്‍റെ കാക്ഷ്ടത്തിലൂടെ പുറത്തു വരുന്ന വിത്തു മാത്രമേ
മുളക്കുകയുള്ളു .ആ കിളിക്ക് വംശനാശം സംഭംവിച്ചു.
ആ മരത്തിന് പുതിയ തൈകള്‍ ഉണ്ടാകുന്നില്ല.
ആ മരത്തിന്‍റെയും കിളിയുടെയും പേര് അറിയില്ല.
അതിനെ കുറിച്ച് ഒരു ചെറു ലേഖനം പ്രതീക്ഷിക്കുന്നു
അഡ്വ:ആര്‍.സജു
തിരുവനന്തപുരം.

ശ്രീ said...

നല്ല പോസ്റ്റ്!

പുതുവത്സരാശംസകള്‍, മാഷേ.

Joseph Antony said...

Vinayaraj,
അഡ്വ.ആര്‍.സജു,
ശ്രീ,
പുതുവര്‍ഷത്തില്‍ നിങ്ങളെ ഇവിടെ കാണാനായതിലും അഭിപ്രായം പ്രകടിപ്പിച്ചതിലും സന്തോഷം. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ (2010-ല്‍ ഇനിയും 360 ദിവസം ബാക്കിയുണ്ട്!).

vinayaraj, മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ പ്രസക്തമായ കാര്യമാണ് താങ്കള്‍ പറഞ്ഞത്, തീര്‍ച്ചയായും.

അഡ്വ.സജു, അത്തരമൊരു പക്ഷിയും മരവും തീര്‍ച്ചയായും കൗതുകകരവും വിലപ്പെട്ട പാഠവുമാണ്. ഏതാണെന്ന് എനിക്കും തീര്‍ച്ച പോരാ, അന്വേഷിക്കാം, വിവരം കിട്ടുമെങ്കില്‍ എഴുതാം.

മേരിക്കുട്ടി(Marykutty) said...

The bird mentioned by Mr.Saju is Dodo bird.

Joseph Antony said...

മേരിക്കുട്ടി,
ഡോഡോയാണ് ആ കക്ഷി (സോറി പക്ഷി) യെന്ന വിവരം പങ്കുവെച്ചതിന് വളരെ നന്ദി.

Vinayaraj V R said...

ഇതാ ആ മരം. ധാരാളം സുന്ദരങ്ങളായ അറിവുകള്‍ നിറഞ്ഞ ഈ ലേഖനം നിര്‍ബന്ധമായും വായിക്കുക.

Vinayaraj V R said...

പിന്നെ മരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും അതെപ്പറ്റിയുള്ള വിജ്ഞാനം പങ്കുവയ്ക്കുന്നവര്‍ക്കും ഈ ഓര്‍ക്കുട്‌ കമ്യൂണിറ്റി സന്ദര്‍ശിക്കാം, ചേരാം. നൂറു കണക്കിനു മര/പ്രകൃതി സംബന്ധിയായ ലിങ്കുകള്‍ ഉള്ള ഈ ബ്ലോഗും കാണാം, നന്ദി.

vasanthalathika said...

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 'മൌരീഷ്യസ്' എന്നാ ദ്വീപില്‍ ആയിരുന്നു 'ടോടോ'പക്ഷികള്‍ ഉണ്ടായിരുന്നത്.'കാല്വേരിയ' എന്നാ മറയ്ഹിന്റെ പഴങ്ങള്‍ മാത്രമേ വെജിട്ടെരിയന്മാരായ അവ കഴിചിരുന്നുല്ല്. ആയിരതയാഞ്ഞൂരില്‍ പോര്‍ച്ചുഗീസുകാര്‍ ദ്വീപിലേയ്ക്ക് കുടിയെരിപ്പാര്തതോറെ ഈപക്ഷികളെ വേട്ടയാടാന്‍ തുടങ്ങി.രുചിയേറിയ മാംസം ആയിരുന്നുവത്രേ.പക്ഷികള്‍ എല്ലാതായിതുടങ്ങി.ഇവയുടെ കാഷ്ടംകല്വേരിയാ മരങ്ങളുടെ പുനരുല്പാടനതിനുകൂടി കാരണമായിരുന്നു.കാരണം വളരെ കട്ടി കൂടിയ കായ്കള്‍ മണ്ണില്‍ മുലയ്ക്കണമെങ്കില്‍ ഈ പക്ഷികളുടെ ദഹനരസം കൊണ്ടു നെര്‍ക്കണം.പക്ഷികള്‍ കൊന്നോടുക്കപ്പെട്ടതോറെ മരങ്ങളും ഇല്ലാതായി.'ടോടോ 'യും 'കാല്വേരിയ''യും ഈ ദുരന്തത്തിന്റെ ഇരകളായി.ഇന്ന് 'ടോടോ' ഇല്ല. മരം വിരലിലേന്നാന്മാത്രം.പ്രകൃതിജീവനം അനന്തസാധ്യതകള്‍ ഉള്ള ഒന്നാണ്.ഒരു കണ്ണ്‍ ഐ മുറിഞ്ഞാല്‍ എല്ലാം തകരും.

vasanthalathika said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

ഈ ലേഖനം എന്നെ വളരെ ആകർഷിച്ചിരുന്നു. ഒരു വൃക്ഷം ഒരു മനുഷ്യവർഗ്ഗത്തിന്റെ നിലനില്പിനെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് ചരിത്രം ചൂണ്ടിക്കാണിക്കുന്നു. പൌരാണിക സങ്കല്പത്തിൽ വൃക്ഷത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടായിരുന്നു എന്ന് ഒരു അന്വേഷണം ഇവിടെ കുറിച്ചുവെച്ചിട്ടുണ്ട്.

★ Shine said...

Thanks for a good article.

ഷിനോജേക്കബ് കൂറ്റനാട് said...

vasanthatilakanod

മൌറീഷ്യസ് അല്ല , മഡഗാസ്കര്‍ ആണ്


നല്ല പോസ്റ്റ് ...

Joseph Antony said...

വിനയരാജ്,
വസന്തലതിക,
പാര്‍ത്ഥന്‍
ഷൈന്‍,
ഷിനോജേക്കബ്,

ഇവിടെയെത്തിയതിലും വായിച്ച് വിലപ്പെട്ട അഭിപ്രായങ്ങള്‍ പങ്കുവെച്ചതിലും അതിയായ സന്തോഷം.

ഷിനോജേക്കബ്ബ്, ഡോഡോ പക്ഷിയുടെ കാര്യത്തില്‍ വന്തലതിക പറഞ്ഞതാണ് നൂറ് ശതമാനവും ശരി. അവ ജീവിച്ചിരുന്ന ഒരേയൊരു പ്രദേശം മൗറീഷ്യസ് ആണ് മഡഗാസ്‌കര്‍ അല്ല. എന്നാല്‍, Hapalemur simus (bamboo eating lemur) പോലുള്ള ചില ജീവികള്‍ മഡഗാസ്‌കറില്‍ മാത്രം കാണപ്പെട്ടിരുന്നവയും ഡോഡോയെപ്പോലെ വംശനാശം സംഭവിച്ചവയുമാണ്.

Unknown said...

മാത്രമേ കാല്‍വേറിയ മേജര്‍ എന്ന മരത്തിന്റെ വിത്തുകള്‍ ഡോഡോയുടെ ദഹനരസത്തില്‍ കൂടി പാകപ്പെട്ടാല്‍ മാത്രമേ മുളയ്ക്കുകയുള്ളൂ എന്നാണ് കേട്ടിട്ടുള്ളത്

http://www.creationtips.com/dodo.html