Sunday, March 30, 2008

ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താന്‍ പുതിയ മാര്‍ഗം

ബാക്ടീരിയകളെ കൊല്ലാനുള്ള ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയകളെക്കൊണ്ട്‌ തന്നെ ഉത്‌പാദിപ്പിക്കാന്‍ മാര്‍ഗം തെളിയുന്നു

പാമ്പിന്‍ വിഷത്തിന്‌ പ്രതിവിധി പാമ്പിന്‍ വിഷം തന്നെയാണല്ലോ. അതുപോലെ, ബാക്ടീരിയകളെ നേരിടാന്‍ ബാക്ടീരിയകളെത്തന്നെ ഉപയോഗിക്കാവുന്ന കാലം വരുന്നു. പ്രത്യേകതരം ബാക്ടീരിയകളെ മറ്റൊരിനവുമായി സമ്പര്‍ക്കത്തില്‍ വളരാന്‍വിട്ട്‌ പുതിയയിനം ആന്റിബയോട്ടിക്കുകള്‍ക്ക്‌ രൂപംനല്‍കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ അമേരിക്കന്‍ ഗവേഷകര്‍. നിലവിലുള്ള ആന്റിബയോട്ടിക്കുകള്‍ക്കെതിരെ രോഗാണുക്കള്‍ പ്രതിരോധശേഷി നേടുന്ന സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കണ്ടെത്തലാണിത്‌.

പരീക്ഷണശാലയില്‍ പ്രത്യേകയിനം ബാക്ടീരിയത്തെ അതിന്റെ എതിരാളിയുമായി സമ്പര്‍ക്കത്തില്‍ വിടുകയാണ്‌, 'മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി' (എം.ഐ.ടി)യിലെ ഗവേഷകര്‍ ചെയ്‌തത്‌. ബാക്ടീരിയം അപ്പോള്‍ പുതിയൊരു ആന്റിബയോട്ടിക്ക്‌ പുറപ്പെടുവിച്ചു. ആമാശയഅള്‍സറിന്‌ കാരണമാകുന്ന 'എച്ച്‌.പൈലോറി'(H.pylori)യെന്ന രോഗാണുവിനെ കൊല്ലാന്‍ ശേഷിയുള്ളതാണ്‌ ആ പുതിയ ആന്റിബയോട്ട്‌. ഏതൊക്കെ സാഹചര്യങ്ങളില്‍ ബാക്ടീരിയകള്‍ ഇത്തരം രാസവസ്‌തുക്കള്‍ പുറപ്പെടുവിക്കുമെന്ന്‌ മനസിലാക്കാനും, അതുവഴി ഫലപ്രദമായ പുതിയ ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താനും വഴി തുറക്കുന്നതാണ്‌ പുതിയ പഠനം.രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിച്ച്‌ രോഗമുക്തി നേടാനാണ്‌ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്‌.

ഒട്ടേറെ ആന്റിബയോട്ടിക്കുകള്‍ നിലവിലുണ്ടെങ്കിലും രോഗാണുക്കള്‍ അവയ്‌ക്കെതിരെ പ്രതിരോധശേഷി നേടിക്കൊണ്ടിരിക്കുകയാണ്‌. 'സെന്റേഴ്‌സ്‌ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷ'ന്റെ കണക്കനുസരിച്ച്‌, അമേരിക്കന്‍ ആസ്‌പത്രികളില്‍നിന്ന്‌ വര്‍ഷംതോറും 20 ലക്ഷം പേര്‍ക്ക്‌ അണുബാധയേല്‍ക്കുന്നുണ്ട്‌. അതില്‍ 90,000 കേസുകള്‍ മാരകവുമാണ്‌. ആസ്‌പത്രികളില്‍നിന്നു ബാധിക്കുന്ന അണുക്കളില്‍ 70 ശതമാനവും ഏതെങ്കിലും ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധശേഷി കൈവരിച്ചതാണ്‌ എന്നകാര്യം ആരോഗ്യവിദഗ്‌ധരുടെ ഉറക്കം കെടുത്തുകയാണ്‌.

ഈ സാഹചര്യത്തിലാണ്‌ കൂടുതല്‍ ഫലവത്തായ ആന്റിബയോട്ടികള്‍ കണ്ടെത്താനുള്ള ശ്രമം ലോകമെങ്ങും ഊര്‍ജിതമായി നടക്കുന്നത്‌. ഉപയോഗത്തിലുള്ള ആന്റിബയോട്ടിക്കുകളുടെ കരുത്തു വര്‍ധിപ്പിക്കാനാണ്‌ ചിലരുടെ ശ്രമമെങ്കില്‍, രോഗാണുക്കളുടെ പ്രതിരോധശേഷി നോക്കി പ്രഹരിക്കാനുതകുന്ന പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനാണ്‌ വേറെ ചില ഗവേഷണങ്ങള്‍ ലക്ഷ്യമിടുന്നത്‌. ഇതില്‍നിന്ന്‌ തികച്ചും വ്യത്യസ്‌ത സമീപനമാണ്‌ പുതിയ ഗവേഷണത്തിലേത്‌. ബാക്ടീരിയകളില്‍ തന്നെ അടങ്ങിയിട്ടുള്ള ആന്റിബയോട്ടിക്കുകള്‍ ചികിത്സാരംഗത്ത്‌ എത്തിക്കാനുള്ള ശ്രമമാണത്‌.

മണ്ണില്‍ കാണപ്പെടുന്ന 'റൊഡോകോക്കസ്‌ ഫാസിയാന്‍സ്‌' (Rhodococcus fascians) എന്ന ബാക്ടീരിയയുടെ ജിനോം അപകോഡീകരിച്ച എം.ഐ.ടി.യിലെ 'അന്തോണി സിന്‍സ്‌ക്കി ലാബി'ലെ ഗവേഷകര്‍ ശരിക്കും അമ്പരന്നു. ഏതെങ്കിലും ആന്റിബയോട്ടിക്കുകള്‍ ഉത്‌പാദിപ്പിക്കാന്‍ കഴിവുള്ളതായി ഇതുവരെ അറിയില്ലായിരുന്ന ആ സൂക്ഷ്‌മാണുവില്‍, ആന്റിബയോട്ടിക്ക്‌ ഉത്‌പാദിപ്പിക്കാന്‍ സഹായിക്കുന്ന ചില ജീനുകളുണ്ടെന്ന കണ്ടെത്തലാണ്‌ ഗവേഷകര്‍ക്ക്‌ അമ്പരപ്പായത്‌. (വന്യചുറ്റുപാടുകളില്‍ അതിജീവന ഉപാധിയെന്ന നിലയ്‌ക്ക്‌ ശത്രുക്കളെ അമര്‍ച്ചചെയ്യാന്‍ ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകള്‍ പുറപ്പെടുവിക്കാറുണ്ട്‌).

റോഡോകോക്കസ്‌ ബാക്ടീരിയകള്‍ പരീക്ഷണശാലയിലെ സാധാരണ സാഹചര്യങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ ഉത്‌പാദിപ്പിക്കുന്നില്ല. എന്നാല്‍, 'സ്‌ട്രെപ്‌ടോമൈസസ്‌ ഫാസിയാന്‍സ്‌' (Streptomycse facians) എന്നയിനം ബാക്ടീരിയകളുമായി സമ്പര്‍ക്കത്തില്‍ വളരാന്‍ വിട്ടപ്പോള്‍ കഥമാറി. അപ്പോള്‍, ആന്റിബയോട്ടിക്കുകളുടെ കുടുംബത്തില്‍പെട്ട 'റോഡോസ്‌ട്രെപ്‌ടോമൈസിന്‍'(rhodostreptomycin) എന്നു പേരിട്ടിട്ടുള്ള രാസവസ്‌തു ബാക്ടീരിയ പുറപ്പെടുവിക്കുന്നതായി ഗവേഷകര്‍ കണ്ടു.

പ്രഥമശുശ്രൂഷാലേപനങ്ങളിലും മറ്റും ഉപയോഗിക്കാറുള്ള 'നിയോമൈസിന്‍' (neomycin), ക്ഷയരോഗമരുന്നായ 'സ്‌ട്രെപ്‌ടോമൈസിന്‍' (streptomycin) തുടങ്ങിയവ ഉള്‍പ്പെടുന്ന 'അമിനോഗ്ലൈക്കോസൈഡ്‌സ്‌' (aminoglycosides) എന്ന ആന്റിബയോട്ടിക്കുകളുടെ വിഭാഗത്തില്‍പെട്ട രാസവസ്‌തുവാണ്‌ റോഡോസ്‌ട്രെപ്‌ടോമൈസിന്‍. ആമാശയഅള്‍സറിന്‌ കാരണമായ എച്ച്‌.പൈലോറി അണുക്കളെ വകവരുത്താന്‍ ഈ രാസവസ്‌തുവിന്‌ കഴിയുമെന്ന്‌ പ്രാഥമിക പരീക്ഷണങ്ങളില്‍ വ്യക്തമായി. ആമാശയത്തിലേതുപോലെ ഉയര്‍ന്നതോതില്‍ അമ്ലതയുള്ള സാഹചര്യങ്ങളില്‍ ഈ ആന്റിബയോട്ടിക്ക്‌ നശിക്കുന്നില്ലെന്നും ഗവേഷകര്‍ കണ്ടു.

മാത്രമല്ല, രാസപരമായി നവീനഘടനയുള്ള ഒരിനം സംയുക്തവും റോഡോസ്‌ട്രെപ്‌ടോമൈസിനിലുണ്ട്‌. പുതിയ മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യാനുള്ള സാധ്യതയാണ്‌ അത്‌ തുറന്നു തരുന്നത്‌. രാസ-വൈവിധ്യ (chemical-diversity) ലോകത്ത്‌ പുതിയൊരു ഭൂമിക തുറന്നുകിട്ടിയിരിക്കുകയാണ്‌ ഈ രാസവസ്‌തുവിന്റെ കണ്ടെത്തലിലൂടെയെന്ന്‌ ഗവേഷകര്‍ പറയുന്നു. മൈക്രോബയോളജിസ്‌റ്റ്‌ കസുഹികോ കുറോസാവയും കൂട്ടരും നടത്തിയ കണ്ടെത്തലിന്റെ വിവരം 'ജേര്‍ണല്‍ ഓഫ്‌ ദ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി'യുടെ പുതിയ ലക്കത്തിലാണുള്ളത്‌.

എങ്ങനെയാണ്‌ റൊഡോകോക്കസ്‌ ബാക്ടീരിയയ്‌ക്ക്‌ പുതിയ രാസവസ്‌തു പുറപ്പെടുവിക്കാന്‍ കഴിയുന്നതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ശത്രുബാക്ടീരിയമായ സ്‌ട്രെപ്‌ടോമൈസസിനൊപ്പം വളര്‍ത്തിയ റൊഡോകോക്കസുകളില്‍ ഒരു സാമ്പിള്‍ മാത്രമാണ്‌ ആന്റിബയോട്ടിക്ക്‌ പുറപ്പെടുവിച്ചത്‌. ആ സാമ്പിളില്‍ റൊഡോകോക്കസിന്റെ ജിനോമില്‍ ശത്രുവിന്റെ കുറെ ഡി.എന്‍.എ.ഭാഗം കൂടിക്കലര്‍ന്നിട്ടുള്ളതായി കുറോസാവയും കൂട്ടരും കണ്ടു. വ്യത്യസ്‌ത ബാക്ടീരിയകള്‍ ഒരുമിച്ചു വളരുമ്പോള്‍ ജനിതകമായി കൊടുക്കല്‍ വാങ്ങലുകള്‍ സാധാരണമാണെന്ന്‌ മുമ്പു തന്നെ തെളിഞ്ഞിട്ടുള്ളതാണ്‌. ബാക്ടീരിയകള്‍ പ്രതിരോധശേഷി ആര്‍ജിക്കുന്നതില്‍ ഒരു മുഖ്യപങ്ക്‌ ഇത്തരം ആദാനപ്രദാന പ്രക്രിയയ്‌ക്കുണ്ട്‌.

പുതിയ ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താന്‍ ശ്രമം നടത്തുന്ന ഗവേഷകരെ കുറസോവയുടെയും കൂട്ടരുടെയും കണ്ടെത്തല്‍ ആവേശഭരിതരാക്കിയിരിക്കുകയാണ്‌. ബാക്ടീരിയകളില്‍ മറഞ്ഞിരിക്കുന്ന ആന്റിബയോട്ടിക്കുകള്‍ പുറത്തുകൊണ്ടുവരാനുള്ള പുതിയൊരു സമീപനമാണിതെന്ന്‌ അവര്‍ കരുതുന്നു. ജിനോം അപകോഡീകരണ സങ്കേതങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നതോടെ, കൂടുതല്‍ വൈവിധ്യമേറിയ ആന്റിബയോട്ടിക്കുകള്‍ രൂപപ്പെടുത്താനാകുമെന്നാണ്‌ പ്രതീക്ഷ. ഭൂമുഖത്തുള്ളതില്‍ ലക്ഷക്കണക്കിന്‌ ബാക്ടീരികയകളെ ഇനിയും ശാസ്‌ത്രലോകം തിരിച്ചറിയാനുണ്ട്‌. അവയില്‍ കുറെയെണ്ണത്തിലെങ്കിലും ഇത്തരം ഔഷധങ്ങള്‍ കണ്ടെത്താനാകുമെന്നത്‌, സാധ്യതയുടെ പുത്തന്‍ ലോകമാണ്‌ തുറന്നു തരുന്നത്‌. (അവലംബം: ജേര്‍ണല്‍ ഓഫ്‌ ദ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി, കടപ്പാട്‌: മാതൃഭൂമി).

Thursday, March 27, 2008

പ്രപഞ്ചം-പുതിയ സമസ്യകള്‍

പ്രപഞ്ചധാരണകള്‍ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്ന കണ്ടെത്തലുകള്‍ 'നാസ'യുടെ ബഹിരാകാശ പേടകം പുറത്തുവിട്ടിരിക്കുന്നു. മഹാവിസ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ നിലവിലുള്ള ചില നിഗമനങ്ങള്‍ തള്ളിക്കളയുന്നതാണ്‌ പുതിയ വിവരങ്ങള്‍.
മണമോ നിറമോ ഭാരമോ വൈദ്യുതിചാര്‍ജോ ഇല്ലാത്തവയാണ്‌ ന്യൂട്രിനോകള്‍. ശാസ്‌ത്രലോകം പരിചയപ്പെട്ടിട്ടുള്ള നിഗൂഢകണങ്ങളിലൊന്ന്‌. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ന്യൂട്രിനോകള്‍ അര്‍ക്കും പിടികൊടുക്കാറില്ല. ഖരമോ ദ്രാവകമോ വാതകമോ ഏതുമാകട്ടെ, സാധാരണ ദ്രവ്യരൂപങ്ങള്‍ക്ക്‌ ന്യൂട്രിനോകളെ തടഞ്ഞുനിര്‍ത്തന്‍ കഴിയില്ല. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലൂടെ സൂര്യനില്‍നിന്നുള്ള 50 ലക്ഷംകോടി ന്യൂട്രിനോകള്‍ ഓരോ സെക്കന്‍ഡിലും കടന്നുപോകുന്നുണ്ട്‌, എന്നിട്ടും നാമത്‌ അറിയുന്നില്ല!

പലവിധത്തില്‍ ന്യൂട്രിനോകള്‍ സൃഷ്ടിക്കപ്പെടുന്നു; റേഡിയോആക്ടീവ്‌ അപചയം സംഭവിക്കുമ്പോള്‍, സൂര്യനിലേതുപോലുള്ള അണുസംയോജനവേളയില്‍, സൂപ്പര്‍നോവസ്‌ഫോടനങ്ങളില്‍, കോസ്‌മിക്‌ കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ ആറ്റങ്ങളുമായി കൂട്ടിമുട്ടുമ്പോള്‍ ഒക്കെ. വളരെക്കുറച്ചു മാത്രമേ ഇവ സാധാരണദ്രവ്യരൂപങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാറുള്ളൂ. അതിനാല്‍ ഇവയെ കണ്ടുപിടിക്കാന്‍ ഗവേഷകര്‍ക്ക്‌ ഭൂമിക്കടിയില്‍ താവളമടിക്കേണ്ടി വന്നു; ഖനികളുടെയും മറ്റും ഉള്ളറയില്‍. അതിസങ്കീര്‍ണമായ കണികാകെണികള്‍ (particle accelerators) ഒരുക്കിവെച്ച്‌ പാതാളലോകത്ത്‌ പതിറ്റാണ്ടുകളോളം നടത്തിയ കാത്തിരിപ്പിനൊടുവിലാണ്‌ ന്യൂട്രിനോകള്‍ പിടിയിലായത്‌.

ന്യൂട്രിനോകളുമായി ബന്ധപ്പെട്ടാണ്‌ മൂന്നു തവണ ഭൗതീകശാസ്‌ത്രനോബല്‍ നല്‍കപ്പെട്ടത്‌ (1988, 1995, 2002) എന്നു പറയുമ്പോള്‍, ശാസ്‌ത്രലോകത്ത്‌ ഈ ചെറുകണങ്ങളെക്കുറിച്ചുള്ള പഠനം എത്ര വിലപ്പെട്ടതാണെന്ന്‌ വ്യക്തമാകുന്നു. ഭൂമിയില്‍ പതിക്കുന്നതില്‍ ഏറ്റവും പ്രമുഖം സൂര്യനില്‍നിന്നുള്ള ന്യൂട്രീനകളാണ്‌. സൂര്യന്‌ നേരെയുള്ള ഭൂമിയുടെ വശത്ത്‌, ഓരോ ചതുരശ്ര സെന്റീമീറ്റര്‍ സ്ഥലത്തുകൂടിയും സെക്കന്‍ഡില്‍ 7000 കോടി സൗരന്യൂട്രിനോകള്‍ കടന്നുപോകുന്നു എന്നാണ്‌ കണക്ക്‌. എന്നാല്‍, നിലവില്‍ പ്രപഞ്ചത്തിലെ ആകെ ന്യൂട്രിനോകളുടെ തോത്‌ കണക്കാക്കിയാല്‍ മൊത്തം ദ്രവ്യത്തിന്റെ ഒരു ശതമാനത്തില്‍ താഴെയേ വരൂ അവ.

പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ പക്ഷേ, ഇതായിരുന്നില്ല സ്ഥിതിയെന്ന്‌ പുതിയൊരു പഠനം പറയുന്നു. 3.8 ലക്ഷംവര്‍ഷം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ പത്തുശതമാനവും ന്യൂട്രിനോകളായിരുന്നുവത്രെ. ന്യൂട്രിനോകള്‍ വാണ കാലമായിരുന്നു അത്‌. പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവത്തെക്കുറിച്ചുള്ള ധാരണകള്‍ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുന്ന സുപ്രാധാന കണ്ടെത്തലാണിത്‌. പ്രാപഞ്ചിക സൂക്ഷ്‌മതരംഗ പശ്ചാത്തലത്തെ (cosmic microwave background-CMB)ക്കുറിച്ച്‌ പഠിക്കുന്ന നാസയുടെ 'വില്‍ക്കിന്‍സണ്‍ മൈക്രോവേവ്‌ അനിസോട്രോഫി പ്രോബ്‌' (WMAP) പേടകം കഴിഞ്ഞ അഞ്ചുവര്‍ഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌, ഇത്തരമൊരു സുപ്രധാന നിഗമനത്തില്‍ ഗവേഷകരെത്തിയത്‌.

പ്രപഞ്ചത്തിന്റെ ആരംഭവും പരിണാമവും ഭാവിയും ആകൃതിയും ഉള്ളടക്കവും മനസിലാക്കുകയെന്ന സുപ്രധാന ദൗത്യത്തിലേര്‍പ്പെട്ടിട്ടുള്ള പേടകമാണ്‌ WMAP. ഭൂമിയില്‍നിന്ന്‌, ഭൂമിയും ചന്ദ്രനും തമ്മിലുള്ളതിന്റെ നാലിരട്ടി അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ്‌ ഈ പേടകം അതിന്റെ നിരീക്ഷണം തുടരുന്നത്‌. മഹാവിസ്‌ഫോടനവേളയിലുണ്ടായ അതിഭീമമായ ആളിക്കത്തലിന്റെ അവശിഷ്ടം ഇപ്പോഴും സൂക്ഷ്‌മതരംഗപശ്ചാത്തലമായി പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. പ്രപഞ്ചത്തിലെ ഏറ്റവും പ്രാചീനമായ ആ തണുത്ത വെളിച്ചത്തെ മാപ്പ്‌ ചെയ്യുകയാണ്‌ WMAP ചെയ്യുന്നത്‌. പ്രപഞ്ചത്തെ സംബന്ധിച്ച്‌ സുപ്രധാനമായ ചില വിവരങ്ങള്‍ ഇതിനകം WMAP പേടകം നല്‍കിക്കഴിഞ്ഞു. 2003-ല്‍ WMAP പുറത്തുവിട്ട വിവരങ്ങളാണ്‌ പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വര്‍ഷമെന്ന ഏകദേശ സ്ഥിരീകരണത്തില്‍ ഗവേഷകരെ എത്തിച്ചത്‌. പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ വലിയൊരു പങ്ക്‌ ശ്യമോര്‍ജം (dark energy) ആണെന്നും അന്ന്‌ ഈ പേടകം ബോധ്യപ്പെടുത്തിത്തന്നു. നിലവില്‍, പ്രപഞ്ചത്തില്‍ സാധാരണദ്രവ്യം 4.6 ശതമാനം മാത്രമാണെന്നും, 23 ശതമാനം ശ്യാമദ്രവ്യവും (dark matter) 72 ശതമാനം ശ്യാമോര്‍ജവുമാണെന്ന വെളിപ്പെടുത്തല്‍ ഉണ്ടാക്കിയ അമ്പരപ്പ്‌ ഇന്നും അടങ്ങിയിട്ടില്ല. ഇതില്‍ ശ്യാമദ്രവ്യവും ശ്യാമോര്‍ജവും എന്താണെന്ന്‌ മനസിലാക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന വസ്‌തുത അമ്പരപ്പിന്റെ ആക്കം കൂട്ടുന്നു.

എന്നാല്‍, പ്രപഞ്ചത്തിന്‌ വെറും 3.8 ലക്ഷം വര്‍ഷം മാത്രം പ്രായമുണ്ടായിരുന്ന സമയത്ത്‌ ഇതായിരുന്നില്ല സ്ഥിതിയെന്ന്‌ WMAP പേടകത്തില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. അന്ന്‌ പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ പത്തു ശതമാനം ന്യൂട്രിനോകളും 12 ശതമാനം സാധാരണദ്രവ്യവും ആയിരുന്നത്രേ. ശ്യാമദ്രവ്യം 63 ശതമാനവും, പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ 15 ശതമാനവും. എന്നാല്‍, ഇന്ന്‌ ആധിപത്യം പുലര്‍ത്തുന്ന ശ്യാമോര്‍ജം തീരെക്കുറച്ചേ പ്രപഞ്ചത്തിന്റെ ബാല്യത്തില്‍ ഉണ്ടായിരുന്നുള്ളു. ഇതിനര്‍ഥം, ഇന്നത്തേതിലും തികച്ചും വ്യത്യസ്‌ത ചേരുവയുള്ള പ്രപഞ്ചമായിരുന്നു ആദ്യകാലത്തേത്‌ എന്നാണ്‌. ന്യുട്രിനോകളുടെ അതിസാന്നിധ്യം തീര്‍ച്ചയായും പ്രപഞ്ചത്തിന്റെ വികാസപരിണാമങ്ങളെ ശക്തമായി സ്വാധീനിച്ചിരിക്കാം.

അതിസാന്ദ്രമായ, അത്യുന്നത ഊഷ്‌മാവിലുള്ള ബാലപ്രപഞ്ചം, ഹീലിയം ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു ആണവറിയാക്ടറിന്‌ തുല്യമായിരുന്നിരിക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഹീലിയം ഉത്‌പാദിപ്പിക്കപ്പെടുന്ന ന്യൂക്ലിയര്‍ പ്രവര്‍ത്തനവേളയില്‍ ന്യൂട്രിനോകള്‍ സ്വതന്ത്രമാക്കപ്പെടുന്നു. ഇന്ന്‌ പ്രപഞ്ചത്തിലുള്ള ഹീലിയത്തിന്റെ അളവുമായി ബന്ധപ്പെട്ട്‌, പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ ന്യൂട്രിനോകളുടെ ഒരു മഹാസമുദ്രം തന്നെ നിലനിന്നിരിക്കാമെന്ന്‌ ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അത്തരം സിദ്ധാന്തങ്ങളെ സാധൂകരിക്കുന്നതാണ്‌ WMAP നല്‍കിയ പുതിയ വിവരങ്ങള്‍.
മഹാവിസ്‌ഫോടന സിദ്ധാന്തം-ഒരാമുഖം
1370 കോടി വര്‍ഷംമുമ്പ്‌ ഒരു ആദിമകണത്തിന്‌ സംഭവിച്ച മഹാവിസ്‌ഫോടനത്തിന്റെയും (Big Bang) അതിവികാസത്തിന്റെയും (inflation) ഫലമായി പ്രപഞ്ചം നിലവില്‍ വന്നു എന്നാണ്‌ 'മഹാവിസ്‌ഫോടന സിദ്ധാന്തം' പറയുന്നത്‌. സ്ഥലകാലങ്ങളും ദ്രവ്യ-ഊര്‍ജ രൂപങ്ങളുമെല്ലാം അങ്ങനെ സംജാതമായെന്ന്‌ ഈ സിദ്ധാന്തം വാദിക്കുന്നു. 1948-ലെ വിഡ്‌ഢിദിനത്തില്‍ പുറത്തിറങ്ങിയ 'ഫിസിക്കല്‍ റിവ്യൂ'വില്‍ ജോര്‍ജ്ജ്‌ ഗാമോവു കൂട്ടരും പ്രസിദ്ധീകരിച്ച 'ആര്‍ഫ, ബീറ്റ, ഗാമ പ്രബന്ധ'മാണ്‌ മഹാവിസ്‌ഫോടനസിദ്ധാന്തം മുന്നോട്ടുവെച്ചത്‌. വിഡ്‌ഢിത്തമെന്ന്‌ ആദ്യം വിശേഷിപ്പിക്കപ്പെട്ടെങ്കിലും, ശാസ്‌ത്രലോകത്തിന്‌ പില്‍ക്കാലത്ത്‌ ഈ സിദ്ധാന്തം അംഗീകരിക്കേണ്ടി വന്നു എന്നത്‌ ചരിത്രം.

ഗാമോവിന്റെ വിദ്യാര്‍ത്ഥിയായിരുന്ന റാല്‍ഫ്‌ ആല്‍ഫറും ആല്‍ഫറിന്റെ സഹപ്രവര്‍ത്തകന്‍ റോബര്‍ട്ട്‌ ഹെര്‍മനും മഹാവിസ്‌ഫോടനത്തെപ്പറ്റി ആഴത്തില്‍ വിശകലനം നടത്തി. അത്യുന്നത ഊഷ്‌മാവില്‍ നടന്ന ആ വിസ്‌ഫോടനത്തിന്റെ പ്രതിധ്വനി ഇന്നും പ്രപഞ്ചത്തില്‍ സൂക്ഷ്‌മതരംഗങ്ങളുടെ (മൈക്രോവേവുകളുടെ) രൂപത്തില്‍ അവശേഷിച്ചിട്ടുണ്ടാകും എന്നവര്‍ നിഗമനത്തിലെത്തി. 'തമോവസ്‌തു വികിരണ'(Blackbody radiation)ന്‌ സമാനമായിരിക്കും ആ സൂക്ഷ്‌മതരംഗ പശ്ചാത്തലമെന്നും അവര്‍ കണക്കുകൂട്ടി. പ്രപഞ്ചം വികസിച്ചതിനനുസരിച്ച്‌ ആ വികിരണങ്ങള്‍ തണുത്തിട്ടുണ്ടാകാമെന്നും അവര്‍ സമര്‍ത്ഥിച്ചു. ഇതുസംബന്ധിച്ച്‌ ഒരു പ്രബന്ധവും 1948-ല്‍ തന്നെ അവര്‍ പ്രസിദ്ധീകരിച്ചു.

ബെല്‍ ലാബൊറട്ടറിയിലെ റേഡിയോ അസ്‌ട്രോണമിസ്‌റ്റുകളായിരുന്ന ആര്‍നോ പെന്‍സിയാസ്‌, റോബര്‍ട്ട്‌ വില്‍സണ്‍ എന്നിവര്‍ ചേര്‍ന്ന്‌ 1964-ല്‍ പ്രാപഞ്ചിക സൂക്ഷ്‌മതരംഗപശ്ചാത്തലം കണ്ടുപിടിച്ചതോടെയാണ്‌, മഹാവിസ്‌ഫോടനമെന്നത്‌ വെറുമൊരു സിദ്ധാന്തം മാത്രമല്ല എന്ന്‌ ശാസ്‌ത്രലോകത്തിന്‌ ബോധ്യമാകുന്നത്‌. ആ കണ്ടുപിടുത്തത്തിന്‌ 1978-ലെ ഭൗതീകശാസ്‌ത്ര നോബല്‍ സമ്മാനം ലഭിച്ചു (പക്ഷേ, തരംഗപശ്ചാത്തലം കൃത്യമായി പ്രവചിച്ച ആര്‍ഫറിനും ഹെര്‍മനും പുരസ്‌കാരം ലഭിച്ചില്ല).

സൂക്ഷ്‌മതരംഗപശ്ചാത്തലത്തിന്റെ കൃത്യമായ വിതരണം മനസിലാക്കാന്‍ ഭൂമിയില്‍ നിന്നുള്ള നിരീക്ഷണം പോരാ എന്ന്‌ ഗവേഷകര്‍ മനസിലാക്കി. അങ്ങനെയാണ്‌ ഇക്കാര്യം പഠിക്കാന്‍ ഒരു ഉപഗ്രഹം വിക്ഷേപിക്കുകയെന്ന തീരുമാനത്തില്‍ 'നാസ'യെത്തിയത്‌. 1974-ല്‍ അതിനുള്ള നടപടി തുടങ്ങി. മഹാവിസ്‌ഫോടനം നടന്ന്‌ ആദ്യസെക്കന്‍ഡിന്റെ കോടാനുകോടിയിലൊരംശത്തിനുള്ളില്‍ ഒരു 'അതിവികാസ'മുണ്ടായതിന്റെ ഫലമായാണ്‌ പ്രപഞ്ചം ഇന്നു കാണുന്ന സ്ഥിതിയിലെത്തിയതെന്നും, അതിന്റെ തുടര്‍ച്ചയായാണ്‌ പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതെന്നുമുള്ള സിദ്ധാന്തവുമായി 1980-കളുടെ തുടക്കത്തില്‍ അലന്‍ ഗുഥ്‌ എന്ന ശാസ്‌ത്രജ്ഞന്‍ രംഗത്തെത്തി. ഇക്കാര്യം കൂടി പരിശോധിക്കാന്‍ പാകത്തില്‍ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തിയ 'കോസ്‌മിക്‌ ബാക്ക്‌ഗ്രൗണ്ട്‌ എക്‌സ്‌പ്ലോറര്‍'(COBE) ഉപഗ്രഹം 1989 നവംബര്‍ 18-ന്‌ വിക്ഷേപിക്കപ്പെട്ടു.

ഉപഗ്രഹം ഭ്രമണപഥത്തിലെത്തി ഒന്‍പതാം മിനിറ്റില്‍ തന്നെ വ്യക്തമായി, പ്രപഞ്ചതിലെ മൈക്രോവേവ്‌ പശ്ചാത്തലം കുറ്റമറ്റ 'തമോവസ്‌തുവികിരണ'മാണെന്ന്‌. പ്രപഞ്ചത്തില്‍ നമുക്കു ദൃശ്യമായ ദ്രവ്യം വളരെക്കുറച്ചേയുള്ളൂ എന്നും COBE നല്‍കിയ വിവരങ്ങള്‍ വ്യക്തമാക്കി. പ്രപഞ്ചാരംഭത്തില്‍ ദ്രവ്യവിതരണത്തില്‍ പ്രത്യക്ഷപ്പെട്ട ചെറിയ വ്യതിയാനങ്ങളാണ്‌ പിന്നീട്‌ ഭീമന്‍ ഗാലക്‌സികളുടെ ജനനത്തിന്‌ വിത്തുപാകിയതെന്നും, മഹാവിസ്‌ഫോടനത്തിന്‌ തൊട്ടുപിന്നാലെ സംഭവിച്ച അതിവികാസം യാഥാര്‍ഥ്യമാണെന്നും ഉപഗ്രഹം സ്ഥിരീകരിച്ചു. പ്രപഞ്ചത്തെ സംബന്ധിച്ച്‌ അത്രകാലവും ഉത്തരമില്ലാതിരുന്ന വലിയ ചോദ്യങ്ങള്‍ക്കാണ്‌ COBE മറുപടി നല്‍കിയത്‌.

COBE ഉപഗ്രഹം നടത്തിയ നിരീക്ഷണങ്ങളുടെ വിശകലന റിപ്പോര്‍ട്ട്‌ 1992-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. നാസയുടെ 'ഗോദ്ദാര്‍ഡ്‌ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ സെന്ററി'ലെ ജോണ്‍ സി. മാഥെര്‍, ബെര്‍ക്കലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറായ ജോര്‍ജ്ജ്‌ എഫ്‌. സ്‌മൂട്ട്‌ എന്നിവരായിരുന്നു ആ പഠനം തയ്യാറാക്കിയത്‌. പഠനം പുറത്തുവന്നതോടെ മറ്റേതു ശാസ്‌ത്രശാഖയും പോലെ, പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷിച്ചറിയാവുന്ന അവസ്ഥയിലായി ശാസ്‌ത്രലോകം. 1992-ല്‍ ആ പഠനം പുറത്തുവന്നതോടെ, ശരിക്കുമൊരു ശാസ്‌ത്രമെന്ന നിലയ്‌ക്ക്‌ പ്രപഞ്ചപഠനശാഖ (Cosmology) മാറിയതായി ശാസ്‌ത്രഗ്രന്ഥകാരനും ഗവേഷകനുമായ ജോണ്‍ ഗ്രിബ്ബിന്‍ അഭിപ്രായപ്പെടുന്നു. മാഥെറും സ്‌മൂട്ടും 2007-ലെ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടു.
പിന്‍ഗാമി
COBE നടത്തിയതിന്റെ തുടര്‍ പഠനങ്ങള്‍ക്കായി നാസ 2001-ല്‍ WMAP വിക്ഷേപിച്ചു. COBE -ന്‌ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സമസ്യകളാണ്‌ WMAP പൂരിപ്പിക്കുന്നത്‌. `അസാധാരണമായ ഒരു കാലത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌', നാസയുടെ ഗോദ്ദാര്‍ഡ്‌ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ സെന്ററിലെ ഗവേഷകകന്‍ ഗാരി ഹിന്‍ഷാ അഭിപ്രായപ്പെടുന്നു. `മനുഷ്യചരിത്രത്തില്‍ പ്രപഞ്ചത്തെക്കുറിച്ച്‌ ഇത്ര ആഴത്തിലുള്ള വിവരങ്ങള്‍ നിരീക്ഷിച്ചറിയുന്ന ആദ്യതലമുറയാണ്‌ നമ്മുടേത്‌'.

ആദ്യകാലത്തെ ന്യൂട്രിനോകളുടെ ആധിപത്യം പോലെ, WMAP ല്‍ നിന്നുള്ള പുതിയ ഡേറ്റ വെളിപ്പെടുത്തുന്ന മറ്റൊരു വസ്‌തുത, ആദിമപ്രപഞ്ചം 'ഇരുണ്ടയുഗ'ത്തില്‍നിന്ന്‌ പ്രകാശപൂരിതമായ നക്ഷത്രങ്ങളുടെ ലോകത്തേക്ക്‌ വികസിച്ചതിനെപ്പറ്റിയുള്ളതാണ്‌. പ്രപഞ്ചത്തിലെ ആദ്യതലമുറ നക്ഷത്രങ്ങള്‍ ഏതാണ്‌ 50 കോടി വര്‍ഷം നീണ്ടുനിന്ന ഒരു പ്രാപഞ്ചികപുകമറ (cosmic fog)യ്‌ക്ക്‌ കാരണമായി എന്ന്‌ പുതിയ നിരീക്ഷണഫലം വ്യക്തമാക്കുന്നു. പ്രപഞ്ചം ആരംഭിച്ച്‌ 40 കോടിവര്‍ഷം കഴിഞ്ഞ്‌ തുടങ്ങിയ ഈ പുകമറ, ഏതാണ്ട്‌ 50 കോടി വര്‍ഷക്കാലം നിലനിന്നുവത്രേ. ആദ്യകാല നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശം ചുറ്റുമുള്ള വാതകപടലങ്ങളില്‍ ഇലക്ട്രോണുകളുടെ പുകമറ സൃഷ്ടിക്കാന്‍ കാരണമായെന്നാണ്‌ ഗവേഷകര്‍ കരുതുന്നത്‌. മഹാവിസ്‌ഫോടനവേളയിലുണ്ടായ പ്രാപഞ്ചിക സൂക്ഷ്‌മതരംഗങ്ങളെ ചിതറിപ്പിക്കാന്‍ ഈ പുകപടലം കാരണമായി.

WMAP നല്‍കുന്ന മറ്റൊരു പുതിയ വിവരം, പ്രപഞ്ചത്തിന്റെ തുടക്കത്തില്‍, ആദ്യസെക്കന്‍ഡിന്റെ ലക്ഷംകോടിയൊരംശം സമയത്ത്‌ അതിവികാസത്തെ കഠിനമായി നിയന്ത്രിച്ചിരുന്ന ഘടകങ്ങളെക്കുറിച്ചുള്ളതാണ്‌. സ്‌പേസിന്റെ അടിസ്ഥാന ഘടനയില്‍ ആന്തോളനങ്ങളുണ്ടാക്കാന്‍ ഈ ഘടകങ്ങള്‍ കാരണമായിട്ടുണ്ടാകാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. 'അതിവികാസ സിദ്ധാന്ത'ത്തിലെ ചില വാദങ്ങളെ തള്ളിക്കളയുകയും മറ്റ്‌ ചില വാദങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന കണ്ടെത്തലാണിത്‌. `ആദിമപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വികാസത്തെക്കുറിച്ചുമുള്ള പല മുഖ്യധാരാ ആശയങ്ങളെയും WMAP നല്‍കിയ പുതിയ വിവരങ്ങള്‍ തള്ളിക്കളയുന്നു', WMAP -ടീമിലെ പ്രമുഖനും ബാള്‍ട്ടിമോറില്‍ ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലെ ഗവേഷകനുമായ ചാള്‍സ്‌ ബെന്നറ്റ്‌ പറയുന്നു. എന്നുവെച്ചാല്‍, പ്രപഞ്ചത്തെക്കുറിച്ചുള്ള പല പുതിയ അറിവുകളുടെയും തുടക്കമാണ്‌ WMAP നല്‍കിയ വിവരങ്ങളെന്നു സാരം.(അവലംബം: നാസയുടെ വാര്‍ത്താക്കുറിപ്പ്‌, നോബല്‍കമ്മറ്റിയുടെ വെബ്‌സൈറ്റ്‌, ജോണ്‍ ഗ്രിബ്ബിന്‍ രചിച്ച 'Science-A History' എന്ന ഗ്രന്ഥം).
കാണുക: പ്രപഞ്ചമെന്ന തനിയാവര്‍ത്തനം

Sunday, March 09, 2008

അണുക്കളെ അകറ്റുന്ന ചായം; നാനോവിദ്യയിലൂടെ

പ്രകൃതിദത്തമായ ഒരു രാസസങ്കേതമുപയോഗിച്ച്‌ കുറഞ്ഞ ചെലവില്‍ നാനോപെയിന്റ്‌ നിര്‍മിക്കാമെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ മലയാളിയാ പ്രൊഫ. ജോര്‍ജ്‌ ജോണിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം. രോഗാണുക്കളെ നശിപ്പിക്കാന്‍ ശേഷിയുള്ള ഈ ചായം ശുചിത്വപാലനത്തിന്റെ രീതികള്‍ തന്നെ മാറ്റിമറിച്ചേക്കും.

ണുക്കളെയകറ്റുന്ന ചായം നാനോസങ്കേതത്തിന്റെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ വഴിതെളിയുന്നു. ആസ്‌പത്രികള്‍ പോലെ അണുമുക്ത അന്തരീക്ഷം ആവശ്യമുള്ളയിടങ്ങള്‍ക്ക്‌ അനുഗ്രഹമാകുന്ന കണ്ടെത്തലാണിത്‌. അമേരിക്കയിലെ മലയാളി ഗവേഷകരാണ്‌, തികച്ചും പരിസ്ഥിതിസൗഹൃദ മാര്‍ഗത്തിലൂടെ അണുനാശചായം നിര്‍മിച്ചത്‌. അണുമുക്തമായിരിക്കേണ്ട ഉപകരണങ്ങളെയും ഇത്തരം ചായം പൂശി സംരക്ഷിക്കാന്‍ കഴിയും.

പ്രകൃതിദത്തമായ ഒരു രാസപ്രക്രിയ പുതിയ സാധ്യതയ്‌ക്കായി ഉപയോഗിക്കുക വഴി ഇടുക്കി സ്വദേശി പ്രൊഫ.ജോര്‍ജ്‌ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അണുനാശചായം രൂപപ്പെടുത്തിയത്‌. വെള്ളിയുടെ നാനോകണങ്ങള്‍ സസ്യയെണ്ണയില്‍ സന്നിവേശിപ്പിച്ച ശേഷം, അതുപയോഗിച്ച്‌ സാധാരണചായങ്ങളെ അണുനാശകമാക്കാനുള്ള രാസസങ്കേതമാണ്‌ അവര്‍ ആവിഷ്‌കരിച്ചത്‌. ന്യൂയോര്‍ക്ക്‌ സിറ്റി സര്‍വകലാശാലയ്‌ക്കു കീഴിലെ സിറ്റി കോളേജില്‍ അസ്സോസിയേറ്റ്‌ പ്രൊഫസറാണ്‌ ജോര്‍ജ്‌ ജോണ്‍. ഹൂസ്റ്റണില്‍ റൈസ്‌ സര്‍വകലാശാലയിലെ നാനോടെക്‌നോളജി വിദഗ്‌ധനായ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രൊഫ. പുളിക്കല്‍ എം. അജയനും ഈ ഗവേഷണത്തില്‍ പ്രധാന പങ്കുവഹിച്ചു.

സൂക്ഷ്‌മാണുക്കളെ അകറ്റുന്ന ചായങ്ങള്‍ മുമ്പും രൂപപ്പെടുത്തിയിട്ടുണ്ട്‌. പക്ഷേ, സങ്കീര്‍ണവും ചെലവേറിയതുമായ രാസപ്രക്രിയകള്‍ വഴി നിര്‍മിക്കുന്ന അവയ്‌ക്ക്‌ താങ്ങാന്‍ പറ്റാത്ത വിലയാണ്‌. അത്തരം ചായത്തിന്റെ നിര്‍മാണത്തില്‍ ഒട്ടേറെ വിഷവസ്‌തുക്കളും ഉള്‍പ്പെടുന്നു. എന്നാല്‍, 'ഹരിതരസതന്ത്രം' (green chemistry) എന്നു വിളിക്കുന്ന പരിസ്ഥിതി സൗഹൃദസമീപനത്തിലൂടെയാണ്‌ പ്രൊഫ.ജോര്‍ജ്‌ ജോണും സംഘവും അണുനാശചായം നിര്‍മിച്ചത്‌. വിഷവസ്‌തുക്കളൊന്നും പുതിയ പ്രക്രിയയില്‍ ഉണ്ടാകുന്നില്ലെന്ന്‌, 'നേച്ചര്‍ മെറ്റീരിയല്‍സി'ന്റെ മാര്‍ച്ച്‌ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

രോഗാണുക്കളെ അകറ്റുന്ന വെള്ളിയുടെ ഗുണം ശാസ്‌ത്രലോകത്തിന്‌ മുമ്പേ പരിചിതമാണ്‌. എന്നാല്‍, ഈ ലോഹത്തിന്റെ നാനോകണങ്ങള്‍ ഉപയോഗിച്ച്‌ അണുനാശകചായങ്ങളുണ്ടാക്കാനുള്ള വിദ്യ ആദ്യമായാണ്‌ കണ്ടെത്തുന്നത്‌. ലോഹങ്ങള്‍, തടികള്‍, പോളിമര്‍ ഷീറ്റുകള്‍, സെറാമിക്‌സ്‌ തുടങ്ങിയവയുടെയൊക്കെ പുറത്ത്‌ പുതിയ ചായം ഉപയോഗിക്കാനാകും. വെള്ളിയുടെ നാനോകണങ്ങള്‍ ചായത്തില്‍ സന്നിവേശിപ്പിച്ച അതേ രാസവിദ്യ മറ്റ്‌ പല നാനോകണങ്ങളുടെ കാര്യത്തിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന്‌ പഠനത്തില്‍ പങ്കാളിയായിരുന്ന അശ്വനി കുമാര്‍ പറയുന്നു. ചികിത്സാരംഗത്ത്‌ പ്രയോജനപ്പെടുന്ന തരത്തില്‍ കാര്യക്ഷമതയേറിയ ഉത്‌പ്രേരകങ്ങള്‍ സൃഷ്ടിക്കാന്‍ ഈ വിദ്യ സഹായിച്ചേക്കുമെന്ന്‌ റൈസ്‌ സര്‍വകലാശാലയിലെ പോസ്‌റ്റ്‌ഡോക്ടറല്‍ റിസര്‍ച്ച്‌ അസോസിയേറ്റായ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ന്യൂയോര്‍ക്ക്‌ സിറ്റി കോളേജില്‍ ഗവേഷകനായ ഡോ.പ്രവീണ്‍കുമാര്‍ വേമുളയും പുതിയ ഗവേഷണത്തില്‍ സജീവപങ്കു വഹിച്ചു.

വീട്ടിലടിക്കുന്ന സാധാരണ ചായങ്ങളെ ഒറ്റഘട്ടംകൊണ്ട്‌ നാനോപെയിന്റാക്കാന്‍ കഴിയുന്നു എന്നതാണ്‌ പുതിയ വിദ്യയുടെ പ്രത്യേകത. സ്വതന്ത്ര റാഡിക്കലുകളുടെ ആദാനപ്രദാന പ്രക്രിയ (free-radical exchange) ഉള്‍പ്പെടുന്ന, അപൂരിതഎണ്ണകളുടെ 'ഓക്‌സിഡേറ്റീവ്‌ ഡ്രൈയിങ്‌ പ്രക്രിയ' (oxidative drying process) എന്ന പ്രകൃതിദത്ത രാസമാര്‍ഗമാണ്‌ പുതിയ വിദ്യയ്‌ക്കായി ഡോ.ജോര്‍ജ്‌ ജോണും സംഘവും പ്രയോജനപ്പെടുത്തിയത്‌. ബാഹ്യഏജന്റുകളുടെയൊന്നും സഹായമില്ലാതെ ലോഹലവണത്തെ ലോഹ-നാനോകണങ്ങള്‍ (metal-nanoparticle -MNP) ആക്കി എണ്ണയില്‍ സന്നിവേശിപ്പിക്കാന്‍ അടിസ്ഥാനമാക്കിയത്‌ ഈ രാസമാര്‍ഗമാണ്‌. അങ്ങനെ നാനോകണങ്ങള്‍ സന്നിവേശിപ്പിച്ച എണ്ണമാധ്യമമുപയോഗിച്ച്‌ അണുനാശചായം രൂപപ്പെടുത്താന്‍ കഴിയുന്നു.

ലോഹനാനോകണങ്ങള്‍ രൂപപ്പെടുത്താന്‍ പരിസ്ഥിതിസൗഹൃമാര്‍ഗം കണ്ടെത്തുക വിഷമമാണ്‌. നാനോകണങ്ങളുടെ സൃഷ്ടിക്ക്‌ വിഷമയമായ ലായകങ്ങളും മറ്റും കൂടിയേ തീരൂ. അതിനാല്‍ പരിസ്ഥിതിക്ക്‌ വലിയ ഭീഷണിയാണ്‌ നാനോകണങ്ങളുടെ നിര്‍മാണം. എന്നാല്‍ വിഷമയമായ ലായകങ്ങളോ ലോപനീയങ്ങളോ (reducing agents) ഒന്നും ഉപയോഗിക്കാതെ, പ്രകൃതിദത്തമായ ഓട്ടോഓക്‌സീകരണ പ്രക്രിയ വഴി, തികച്ചും പരിസ്ഥിതിക്കിണങ്ങിയ മാര്‍ഗമാണ്‌ പ്രൊഫ. ജോണും കൂട്ടരും ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. 'ഹരിതരസതന്ത്ര'ത്തിന്റെ മുന്നേറ്റത്തില്‍ ഒരു സുപ്രധാന ചുവടുവെപ്പായി പുതിയ മാര്‍ഗം വിലയിരുത്തപ്പെടുന്നു.

ഇടുക്കിയില്‍ അടിമാലിയില്‍നിന്ന്‌ 18 കിലോമീറ്റര്‍ അകലെ പാറത്തോട്ടിലെ പൊട്ടക്കല്‍ കുടുംബത്തില്‍ ജോണിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്‌ ജോര്‍ജ്‌ ജോണ്‍. തൊടുപുഴ ന്യൂമാന്‍ കോളേജില്‍നിന്ന്‌ ബിരുദവും മൂവാറ്റുപുഴ നിര്‍മല കോളേജില്‍നിന്ന്‌ ബിരുദാനന്തരബിരുദവും നേടിയ ശേഷം, തിരുവനന്തപുരത്തെ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി' (പഴയ 'റീജണല്‍ റിസര്‍ച്ച്‌ ലബോറട്ടറി-RRL)യില്‍നിന്നാണ്‌ പി.എച്ച്‌.ഡി. പൂര്‍ത്തിയാക്കിയത്‌. ഇപ്പോള്‍ തിരുവനന്തപുരം പൂജപ്പുരയില്‍ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിട്യൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജിലുള്ള ഡോ.സി.കെ.എസ്‌.പിള്ളയായിരുന്നു പി.എച്ച്‌.ഡി.ക്ക്‌ ജോര്‍ജ്‌ ജോണിന്റെ ഉപദേശകന്‍.

1994-ല്‍ നെതര്‍ലന്‍ഡിലെ ട്വെന്റെ സര്‍വകലാശാലയില്‍ പോസ്‌റ്റ്‌ഡോക്ടറല്‍ പഠനത്തിലേര്‍പ്പെട്ട ജോണ്‍, പിന്നീട്‌ ജപ്പാനിലെ 'ഏജന്‍സി ഫോര്‍ അഡ്വാന്‍സ്‌ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി' (AIST) യില്‍ റിസര്‍ച്ച്‌ സയന്റിസ്‌റ്റായി. 2002-ല്‍ അദ്ദേഹം റെന്‍സ്സെലാര്‍ നാനോടെക്‌നോളജി സെന്ററില്‍ ഗവേഷകാനായി. പിന്നീടാണ്‌ ന്യൂയോര്‍ക്ക്‌ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്‌. ഷാലിയാണ്‌ ഭാര്യ, നീതു മകളും. (അവലംബം: നേച്ചര്‍ മെറ്റീരിയല്‍സ്‌. കടപ്പാട്‌: മാതൃഭൂമി. പ്രൊഫ. ജോര്‍ജ്‌ ജോണുമായി നടത്തിയ ഇ-മെയില്‍ ആശയവിനിമയവും ഈ റിപ്പോര്‍ട്ടിന്‌ വളരെ പിന്തുണയേകിയിട്ടുണ്ട്‌).

കാണുക: കറുപ്പിന്റെ ഏഴഴക്‌

നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍

ഊര്‍ജരംഗത്ത്‌ വിപ്ലവവുമായി മലയാളി ഗവേഷകര്‍

Saturday, March 08, 2008

പക്ഷിപ്പനിവൈറസിനെ മെരുക്കാന്‍ മാര്‍ഗം

ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളില്‍ കടുത്ത ഭീഷണി സൃഷ്ടിക്കുന്ന പക്ഷിപ്പനി വൈറസിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന മാര്‍ഗം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ ആവിഷ്‌ക്കരിച്ചു.

ഇനിമുതല്‍ ലോകത്ത്‌ ഏത്‌ പരീക്ഷണശാലയിലും ഈ വൈറസിനെ എത്തിക്കാനും പഠിക്കാനും കഴിയും. വൈറസിനെതിരെ വാക്‌സിന്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ പുതിയ ഗതിവേഗവും ദിശാബോധവും നല്‍കാന്‍ സഹായിക്കുന്ന മുന്നേറ്റമാണിത്‌.

ഫാമുകളിലും മറ്റും വളര്‍ത്തുപക്ഷികളെ കൈകാര്യം ചെയ്യുന്നവരെയാണ്‌ പക്ഷിപ്പനി കൂടുതലായി ബാധിക്കാറ്‌. രോഗകാരിയായ 'എച്ച്‌5എന്‍1'വൈറസിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍, പക്ഷിപ്പനിയെക്കുറിച്ചുള്ള പഠനം പല രാജ്യങ്ങളിലും ഫലപ്രദമായി നടന്നിരുന്നില്ല. ആ പ്രശ്‌നത്തിനാണ്‌ ഓസ്‌ട്രേലിയയില്‍ ഗോള്‍ഡ്‌ കോസ്‌റ്റിലുള്ള 'ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ ഗ്ലൈക്കോമിക്‌സി'ലെ ഗവേഷകര്‍ പരിഹാരം കണ്ടിരിക്കുന്നത്‌. ഗ്രിഫിത്ത്‌ സര്‍വകലാശാലയിലെ പ്രൊഫ. മാര്‍ക്ക്‌ വോന്‍ ഇറ്റ്‌സ്‌റ്റെയിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

വൈറസിലെ 'എച്ച്‌5' എന്ന മാരകപ്രോട്ടീനിനെ സുരക്ഷിതമായ ഒരു 'വൈറസ്‌സദൃശ്യവാഹി'യിലേക്ക്‌ സന്നിവേശിപ്പിക്കാനുള്ള മാര്‍ഗമാണ്‌ പ്രൊഫ. മാര്‍ക്ക്‌ വോനും കൂട്ടരും ആവിഷ്‌ക്കരിച്ചത്‌. അതോടെ, കൈകാര്യം ചെയ്യുന്നവരിലേക്ക്‌ വൈറസ്‌ പകരാനുള്ള സാധ്യത പരിമിതപ്പെട്ടു. വൈറസിന്റെ ഉപരിതലത്തിലെ പ്രോട്ടീനുകളെക്കുറിച്ച്‌ സുരക്ഷിതമായി പഠിക്കാനും പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനും ഈ മുന്നേറ്റം സഹായിക്കുമെന്ന്‌, ഗവേഷണവുമായി സഹകരിച്ച ഹോങ്കോങ്‌ സര്‍വകലാശാല പാസ്റ്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രൊഫ.മാലിക്‌ പെയ്‌രിസ്‌ പറയുന്നു.

പക്ഷിപ്പനിക്ക്‌ കാരണം 'എച്ച്‌5എന്‍1' എന്ന വൈറസാണ്‌. പക്ഷികളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പകരുന്ന ഈ രോഗാണു ആദ്യമായി ലോകശ്രദ്ധയാകര്‍ഷിക്കുന്നത്‌ തെക്കന്‍ ചൈനയില്‍ 12 വര്‍ഷം മുമ്പാണ്‌; മനുഷ്യരില്‍ കടുത്ത ന്യുമോണിയയ്‌ക്ക്‌ കാരണമാകുന്ന മാരകരോഗമെന്ന നിലയ്‌ക്ക്‌. ഇതിനകം 357 പേരിലേക്ക്‌ പകര്‍ന്ന ഈ വൈറസ്‌ അതില്‍ 224 പേരെ വകവരുത്തി. 40 രാജ്യങ്ങളില്‍ വളര്‍ത്തുപക്ഷികളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്‌. 1996-ന്‌ ശേഷം വിവിധ രാജ്യങ്ങളിലായി 25 കോടി കോഴികള്‍ ചത്തൊടുങ്ങുകയോ, രോഗബാധ തടയാന്‍ കൊന്നൊടുക്കുകയോ ചെയ്‌തിട്ടുണ്ട്‌.

മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പകരാന്‍ 'എച്ച്‌5എന്‍1' വൈറസിന്‌ കഴിയുമെന്ന്‌ ഇനിയും തെളിഞ്ഞിട്ടില്ല. എന്നാല്‍, ജനിതകവ്യതികരണം (മ്യൂട്ടേഷന്‍) സംഭവിച്ച്‌ വൈറസിന്‌ ആ കഴിവ്‌ ഉണ്ടായിക്കൂടെന്നില്ല. അങ്ങനെ വന്നാല്‍ ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കുന്ന മഹാമാരിയാകും ഫലമെന്ന്‌ വിദഗ്‌ധര്‍ ഭയക്കുന്നു. 1918-ല്‍ ലോകത്ത്‌ 40 ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ 'സ്‌പാനിഷ്‌ ഫ്‌ളൂ'വിന്‌ കാരണമായ 'എച്ച്‌1എന്‍1' വൈറസ്‌ അത്തരത്തില്‍ വ്യതികരണം സംഭവിച്ചുണ്ടായതാണ്‌. 1968-ല്‍ ആയിരങ്ങളുടെ മരണത്തിനിടയാക്കിയ 'എച്ച്‌3എന്‍2' വൈറസിന്റെ കഥയും മറ്റൊന്നല്ല. അതിനാല്‍, പക്ഷിപ്പനിക്കെതിരെ എത്രയും വേഗം പ്രതിരോധമരുന്ന്‌ കണ്ടെത്തിയേ തീരൂ എന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. ആ ദിശയിലുള്ള ഗവേഷണങ്ങള്‍ക്ക്‌ വലിയ അനുഗ്രഹമാകും പുതിയ സങ്കേതം.(കടപ്പാട്‌: എ.എഫ്‌.പി, മാതൃഭൂമി).

Sunday, March 02, 2008

കഴുകേണ്ട; വസ്‌ത്രങ്ങള്‍ ഇനി സ്വയംവൃത്തിയായിക്കൊള്ളും

'സ്വയംവൃത്തിയാക്കല്‍' എന്നത്‌ അധികം വൈകാതെ വസ്‌ത്രങ്ങളുടെ മുഖ്യ ഗുണമാകും. സൂര്യപ്രകാശമേറ്റാര്‍ സ്വയംശുചിയാകുന്ന വസ്‌ത്രനാരുകള്‍ വികസിപ്പിച്ച ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ നേട്ടം അതിന്റെ തുടക്കമായി വിലയിരുത്തപ്പെടുന്നു.

അലക്കുന്നതിനു പകരം മുഷിഞ്ഞ വസ്‌ത്രങ്ങള്‍ വെറുതെ വെയിലത്തിട്ടു നടന്നാല്‍ മതി, 'അലക്കിയെടുത്തതുപോലെ' വൃത്തിയാകാന്‍ എന്നകാര്യം സങ്കല്‍പ്പിച്ചു നോക്കൂ. വീട്ടമ്മമാര്‍ക്കാകും അത്‌ ഏറെ അനുഗ്രഹമാകുക. വാഷിങ്‌മെഷീനുകള്‍ വേണ്ടിവരില്ല. വൈദ്യുതിയും വെള്ളവും ഡിറ്റര്‍ജന്റും സോപ്പും ലാഭം. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള ജൈവമാലിന്യങ്ങളും ബാക്ടീരിയ പോലുള്ള സൂക്ഷ്‌മാണുക്കളെയും വിഘടിപ്പിച്ച്‌ സ്വയം വൃത്തിയാകാന്‍ കഴിവുള്ള വസ്‌ത്രനാരുകള്‍ വികസിപ്പിച്ചിരിക്കുകയാണ്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. 'സ്വയംവൃത്തിയാക്കല്‍' എന്നത്‌ ഭാവിയില്‍ വസ്‌ത്രങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഗുണമാകുമെന്ന്‌ ഗവേഷകര്‍ പറയുന്നു.

ടൈറ്റാനിയം ഡയോക്‌സൈഡിന്റെ നാനോപരലുകള്‍ വസ്‌ത്രനാരുകളില്‍ പൂശുന്നതിനുള്ള സങ്കേതം, ഓസ്‌ട്രേലിയയില്‍ വിക്ടോറിയയിലെ മൊനാഷ്‌ സര്‍വകലാശാലാ ഗവേഷകര്‍ വികസിപ്പിച്ചതാണ്‌ ഇക്കാര്യത്തില്‍ മുന്നേറ്റമായത്‌. ഇത്തരം അദൃശ്യ നാനോപരലുകള്‍ പൂശിയ വസ്‌ത്രനാരുകള്‍, സൂര്യപ്രകാശം തട്ടുമ്പോള്‍ ഭക്ഷ്യാവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും വിഘടിപ്പിച്ചു കളയുന്നതായി അവര്‍ കണ്ടു. അഴുക്കിനോപ്പം താവളമുറപ്പിക്കുന്ന രോഗാണുക്കളും വിഘടിച്ചു നശിക്കും. ഇത്തരത്തില്‍ ശുചിത്വം സ്വയം ഉറപ്പാക്കുന്ന വസ്‌ത്രങ്ങള്‍ ആസ്‌പത്രികളിലും ചികിത്സാരംഗത്തും വലിയ അനുഗ്രഹമാകും.

മൊനാഷ്‌ സര്‍വകലാശാലയിലെ ഗവേഷകനായ വാലിഡ്‌ ഡൗദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പുതിയ മുന്നേറ്റത്തിന്‌ പിന്നില്‍. കമ്പിളി, പട്ട്‌ തുടങ്ങിയ വസ്‌ത്രനാരുകളില്‍ ടൈറ്റാനിയം ഡയോക്‌സയിഡിന്റെ അദൃശ്യപാളി പൂശാന്‍ അവര്‍ക്കായി. "ടൈറ്റാനിയം ഡയോക്‌സയിഡിന്റെ നാനോപരലുകള്‍ വസ്‌ത്രനാരുകളെ വിഘടിപ്പിക്കില്ല. ചര്‍മത്തിനും ഈ രാസവസ്‌തു ദോഷം ചെയ്യില്ല"-വാലിഡ്‌ ഡൗദ്‌ അറിയിക്കുന്നു. നാരുകളിലേത്‌ അദൃശ്യപാളിയായതിനാല്‍ വസ്‌ത്രത്തിന്റെ ഭംഗിക്കോ നിറത്തിനോ ഒരു കോട്ടവും സംഭവിക്കുകയുമില്ല-'കെമിസ്‌ട്രി ഓഫ്‌ മെറ്റീരിയല്‍സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

സണ്‍സ്‌ക്രീനുകളിലും ടൂത്ത്‌പേസ്റ്റുകളിലും ചായങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന രാസവസ്‌തുവാണ്‌ ടൈറ്റാനിയം ഡയോക്‌സയിഡ്‌. ഇതൊരു മികച്ച ഫോട്ടോഉത്‌പ്രേരകം (photocatalyst) കൂടിയാണ്‌. എന്നുവെച്ചാല്‍, സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ്‌ പ്രകാശത്തിന്റെയും ജലബാഷ്‌പത്തിന്റെയും സാന്നിധ്യത്തില്‍ ഹൈഡ്രോക്‌സില്‍ റാഡിക്കലുകള്‍ (hydroxyl radicals) രൂപപ്പെടുത്താന്‍ അതിനാകും. ഈ റാഡിക്കലുകളാണ്‌ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച്‌ ഇല്ലാതാക്കുക.

ഒരു വസ്‌തുവിനെ കത്തിക്കുമ്പോള്‍, യഥാര്‍ഥത്തില്‍ നിങ്ങള്‍ അതിനെ ഓക്‌സീകരണത്തിന്‌ വിധേയമാക്കുകയാണ്‌ ചെയ്യുന്നത്‌-പര്‍ദ്യൂ സര്‍വകലാശാലയിലെ മെറ്റീരിയല്‍സ്‌ എന്‍ജിനിയറിങ്‌ പ്രൊഫസര്‍ ജഫ്‌റി യങ്‌ബ്ലഡ്‌ അറിയിക്കുന്നു. എണ്ണയെ അകറ്റി സ്വയം വൃത്തിയാക്കുന്ന വസ്‌തുക്കള്‍ രൂപപ്പെടുത്തുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ്‌ യങ്‌ബ്ലഡ്‌. അന്തരീക്ഷ ഊഷ്‌മാവില്‍, പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ജൈവവശിഷ്ടങ്ങളെ കത്തിച്ചുകളയുകയാണ്‌ ടൈറ്റാനിയം ഡയോക്‌സയിഡ്‌ യഥാര്‍ഥത്തില്‍ ചെയ്യുന്നത്‌-അദ്ദേഹം പറയുന്നു.

പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ബാക്ടീരിയ പോലുള്ള അണുക്കളുടെ കോശഭിത്തി തകര്‍ത്ത്‌ അവയെ നശിപ്പിക്കാനും ടൈറ്റാനിയം ഡയോക്‌സയിഡിന്‌ ശേഷിയുണ്ട്‌. ചികിത്സാ ആവശ്യങ്ങള്‍ക്കുമുള്ള തുണിയും മറ്റും സ്വയംശുചീകരണശേഷിയോടെ നിര്‍മിക്കാന്‍ ഈ ഗുണം അനുഗ്രഹമാകും. വസ്‌ത്രങ്ങളുടെ പ്രതലത്തില്‍ കുറഞ്ഞത്‌ മൂന്നുമാസം വരെ രോഗാണുക്കള്‍ക്ക്‌ നിലനില്‍ക്കാനാകുമെന്നാണ്‌ കണക്ക്‌. ആ നിലയക്ക്‌ രോഗാണുബാധ ചെറുക്കുന്നതില്‍ പുതിയയിനം വസ്‌ത്രങ്ങള്‍ക്ക്‌ കാര്യമായ പങ്ക്‌ വഹിക്കാനാകുമെന്ന്‌ ഡൗദ്‌ വിശ്വസിക്കുന്നു.

സ്വയംശുചീകരണശേഷിയുള്ള വസ്‌തുക്കള്‍ നിര്‍മിക്കാന്‍ ടൈറ്റാനിയം ഡയോക്‌സയിഡ്‌ ഉപയോഗിക്കുക എന്നത്‌ പുത്തന്‍ ആശയമല്ല. ചായങ്ങളില്‍ ഈ രാസവസ്‌തു ഉപയോഗിക്കുന്നതിന്റെ പ്രധാന ഉദ്ദേശം തന്നെ സ്വയംശുചീകരണമാണ്‌. സ്വയംവൃത്തിയാക്കുന്ന ജനാലപ്പാളികള്‍ നിര്‍മിക്കാന്‍ ടൈറ്റാനിയം ഡയോക്‌സയിഡിന്റെ അദൃശ്യപാളി ഗ്ലാസിന്റെ പ്രതലത്തില്‍ സൃഷ്ടിക്കാറുണ്ട്‌. ഈ രാസവസ്‌തുവിന്റെ നാനോപരലുകള്‍ ഉപയോഗിച്ച്‌ സ്വയംവൃത്തിയാക്കുന്ന പരുത്തി (കോട്ടണ്‍) നാരുകള്‍ മുമ്പുതന്നെ രൂപപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.

കമ്പിളി, പട്ട്‌ തുടങ്ങിയവയില്‍ ഈ രാസവസ്‌തു ഉപയോഗിക്കാന്‍ പക്ഷേ, ഇതുവരെയും സാധിച്ചിരുന്നില്ല. കാരണം, ഇവയുടെ നാരുകള്‍ 'കെരാറ്റിന്‍' എന്നറിയപ്പെടുന്ന പ്രോട്ടീനിനാല്‍ നിര്‍മിതമാണ്‌. അതിനാല്‍ നാരുകളുടെ പ്രതലത്തില്‍, ടൈറ്റാനിയം ഡയോക്‌സയിഡുമായി പ്രതിപ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഒരു രാസസംയുക്തവുമില്ല. അതുകൊണ്ടുതന്നെ, ടൈറ്റാനിയം ഡയോക്‌സയിഡ്‌ ഇത്തരം നാരുകളുടെ പ്രതലത്തില്‍ പൂശാന്‍ കഴിയില്ല.

ഈ പ്രശ്‌നത്തിനാണ്‌ ഡൗദും സംഘവും പരിഹാരം കണ്ടത്‌. നാരുകളുടെ പ്രതലത്തില്‍ ടൈറ്റാനിയം ഡയോക്‌സയിഡിന്‌ പറ്റിപ്പിടിച്ചിരിക്കാന്‍ പാകത്തില്‍ രാസപരിഷ്‌ക്കരണം നടത്തുകയാണ്‌ അവര്‍ ചെയ്‌തത്‌. കാര്‍ബോക്‌സിലിക്‌ ഗ്രൂപ്പുകള്‍ (carboxylic groups) എന്നറിയപ്പെടുന്ന രാസഗ്രൂപ്പകുളുടെ സഹായത്തോടെ നാരുകളെ പരിഷ്‌ക്കരിച്ചാണ്‌ അക്കാര്യം സാധിച്ചത്‌.

സാധാരണഗതിയില്‍ തുണിയില്‍ പറ്റിയാല്‍ നീക്കംചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള കറയാണ്‌ ചുവന്നവീഞ്ഞ്‌ വീണുണ്ടാകുന്നത്‌. പുതിയയിനം നാരുകള്‍കൊണ്ടുള്ള തുണിയില്‍നിന്ന്‌ വീഞ്ഞിന്റെ കറ, സൂര്യപ്രകാശം തട്ടി 20 മണിക്കൂര്‍കൊണ്ട്‌ നിശ്ശേഷം അപ്രത്യക്ഷമായി. മറ്റ്‌ കറകള്‍ പക്ഷേ, വളരെ വേഗം അപ്രത്യക്ഷമാകും. കാപ്പിക്കറ മാറാന്‍ വെറും രണ്ട്‌ മണിക്കൂര്‍ മാറി. എന്നാല്‍, നീലമഷി പറ്റിയത്‌ ഒഴിവാക്കാന്‍ 17 മണിക്കൂര്‍ എടുത്തു.

സ്വയംവൃത്തിയാക്കുന്ന തുണികള്‍ക്ക്‌ സൂര്യപ്രകാശം തട്ടണം എന്നത്‌, കമ്പിളി നിര്‍മാതാക്കളെ നിരാശപ്പെടുത്തിയിട്ടില്ലെന്ന്‌ ഡൗദ്‌ അറിയിക്കുന്നു. പല പ്രമുഖ വസ്‌ത്രനിര്‍മാണ കമ്പനികളും തങ്ങളെ ഇതിനകം സമീപിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിക്കുന്നു. പരീക്ഷണഘട്ടം പിന്നിട്ട്‌ രണ്ടുവര്‍ഷത്തിനകം സ്വയംവൃത്തിയാക്കുന്ന കമ്പളികള്‍ വിപണിയിലെത്തുമെന്ന്‌ ഡൗദ്‌ പ്രതീക്ഷിക്കുന്നു. (അവലംബം: കെമിസ്‌ട്രി ഓഫ്‌ മെറ്റീരിയല്‍സ്‌, കടപ്പാട്‌: മാതൃഭൂമി).

Saturday, March 01, 2008

പ്രാചീനഭീമന്‍മാര്‍

കുട്ടിദിനോസറുകളെ തിന്നിരുന്ന 'ചെകുത്താന്‍തവള', മനുഷ്യനെക്കാള്‍ വലിയ തേള്‍, കാളയോളം വലിപ്പമുള്ള തൊരപ്പന്‍, പിന്നെ കടല്‍ രാക്ഷസനും

യോദര്‍ ദോസ്‌തോവിസ്‌ക്കിയുടെ 'ഭൂതാവിഷ്ടര്‍' എന്ന വിഖ്യാത നോവലില്‍, നിഹിലിസമെന്ന അരാഷ്ട്രീയ-അരക്ഷിത ദര്‍ശനത്തില്‍ അഭിരമിക്കുന്ന നായകനോടൊപ്പമുള്ള ജീവിതത്തെ അയാളുടെ കാമുകി ഉപമിക്കുന്നത്‌ ഇങ്ങനെയാണ്‌: `എപ്പോള്‍ വേണമെങ്കിലും മേലേക്ക്‌ ചാടി വീഴാവുന്ന, വലിയപാറയോളം വലിപ്പമുള്ള പടുകൂറ്റന്‍ ചിലന്തിക്കു കീഴില്‍ കഴിയുന്നതു പോലെയാണ്‌ എന്റെ അവസ്ഥ'. ആ കഥാപാത്രം അനുഭവിക്കുന്ന അതിസങ്കീര്‍ണവും ഭീതിജനകവുമായ മാനസികാവസ്ഥ അവതരിപ്പിക്കാനാണ്‌ നോവലിസ്‌റ്റ്‌ ഇത്തരമൊരു ഉപമയെ കൂട്ടുപിടിക്കുന്നത്‌. യഥാര്‍ഥ ജീവിതത്തില്‍ പക്ഷേ, ഇത്തരം ഭീമന്‍ ചിലന്തികള്‍ക്കോ തേളുകള്‍ക്കോ തവളകള്‍ക്കോ സ്ഥാനമില്ല.

എന്നാല്‍, നമ്മള്‍ കോടിക്കണക്കിന്‌ വര്‍ഷം മുമ്പാണ്‌ ഭൂമിയില്‍ ജീവിച്ചതെന്ന്‌ കരുതുക. എങ്കില്‍ കഥ മറിച്ചായേനെ. മനുഷ്യരെക്കാള്‍ വലിയ തേളുകളെ നമുക്കു ഭയപ്പെടേണ്ടി വരുമായിരുന്നു, കുട്ടിദിനോസറുകളെ തിന്നുന്ന ഭീമന്‍തവളകള്‍ ഉറക്കം കെടുത്തിയേനെ, കാളയോളം വലിപ്പമുള്ള തൊരപ്പന്‍മാരെ പേടിക്കാതെ പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. രാക്ഷസരൂപമാര്‍ന്ന കടല്‍ജീവികള്‍ നിങ്ങളുടെ യഥാര്‍ഥ അനുഭവങ്ങളില്‍ നിറഞ്ഞേനെ. വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങളാണിവ. പക്ഷേ, ശാസ്‌ത്രഭാവനകളെ വെല്ലുന്ന വിസ്‌മയങ്ങളാണ്‌ പ്രകൃതി നമുക്കായി ഒളിച്ചുവെച്ചിരിക്കുന്നത്‌. പുരാവസ്‌തു ഗവേഷകര്‍ അടുത്തയിടെ നടത്തിയ നാല്‌ കണ്ടെത്തലുകള്‍ പരിശോധിച്ചാല്‍ മതി ഇക്കാര്യം വ്യക്തമാകാന്‍. പ്രാചീനലോകത്തെക്കുറിച്ച്‌ മനുഷ്യന്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളു എന്നാണ്‌ ഈ കണ്ടെത്തലുകള്‍ ഓര്‍മിപ്പിക്കുന്നത്‌.

ചെകുത്താന്‍തവള ഭൂമുഖത്ത്‌ ഇന്നുവരെ ജീവിച്ചിരുന്നതില്‍ ഏറ്റവും വലിയ തവളയുടെ ഫോസില്‍ അടുത്തയിടെ കണ്ടെത്തിയത്‌ മഡഗാസ്‌കറില്‍ നിന്നാണ്‌. 'ചെകുത്താന്‍തവള' (ശാസ്‌ത്രീയ നാമം-Beelzebufo ampinga) എന്നു പേരുള്ള ഈ നിഗൂഢജീവിയുടെ ജനിതകബന്ധുക്കള്‍ ഭൂഗോളത്തിന്റെ മറുവശത്ത്‌ തെക്കേഅമേരിക്കയില്‍ ആണ്‌ കാണപ്പെടുന്നത്‌. ന്യൂയോര്‍ക്കില്‍ സ്‌റ്റോണി ബ്രൂക്ക്‌ സര്‍വകലാശാലയിലെ പുരാവസ്‌തുഗവേഷകന്‍ ഡേവിഡ്‌ ക്രൗസും സംഘവുമാണ്‌, ചെകുത്താന്‍തവളയുടെ ഏഴുകോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തിയത്‌.

ക്രിറ്റേഷ്യസ്‌ യുഗത്തില്‍ ദിനോസറുകളുടെ സഹചാരിയായിരുന്ന ഈ തവളയ്‌ക്ക്‌ 41 സെന്റീമീറ്റര്‍ നീളവും നാലര കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. ഡേവിഡും സംഘവും പത്തുവര്‍ഷം മുമ്പ്‌ ആരംഭിച്ച ഉത്‌ഖനനത്തില്‍ ലഭിച്ച 75 ഫോസില്‍ കഷണങ്ങള്‍ കൂട്ടിയിണക്കിയാണ്‌ ചെകുത്താന്റെ പൂര്‍ണരൂപം ചികഞ്ഞെടുത്തത്‌. യൂണിവേഴ്‌സിറ്റി കോളേജ്‌ ലണ്ടനിലെ തവള-ഫോസില്‍ വിദഗ്‌ധയായ സൂസണ്‍ ഇവാന്‍സ്‌ ഫോസില്‍ കഷണങ്ങള്‍ കൂട്ടിയിണക്കാന്‍ സഹായിച്ചു. കാട്ടിനുള്ളിലും പൊന്തയിലും പതുങ്ങിയിരുന്ന്‌ മുന്നിലൂടെ പോകുന്ന ഇഴജന്തുക്കളെയും മറ്റ്‌ തവളകളെയും പിടിച്ചു ശാപ്പിടുകയാണ്‌ ചെകുത്താന്‍ ചെയ്‌തിരുന്നത്‌. നവജാത ദിനോസറുകളും ഇവയുടെ ഇരകളായിരുന്നിരിക്കാമെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. ചെകുത്താന്റെ ഉറപ്പുള്ള താടിയെല്ലും പെരുവായയും ഇതിന്‌ സഹായകമായിരിക്കാമെന്ന്‌ കരുതുന്നു.

ചെകുത്താന്റെ അടുത്ത ജനിതകബന്ധുക്കള്‍ തെക്കേഅമേരിക്കയില്‍ കാണപ്പെടുന്ന 'പെരുവായന്‍തവളകള്‍'('Pac-Man' frogs) ആണ്‌ എന്ന വസ്‌തുത ഗവേഷകരെ അമ്പരിപ്പിക്കുകയാണ്‌. പെരുവായന്‍തവളകളില്‍ ചിലയിനത്തിന്‌ ചെറിയ രണ്ട്‌ കൊമ്പുകളുമുണ്ട്‌. പേരിനെ അന്വര്‍ഥമാക്കുംവിധം ചെകുത്താന്‍തവളയ്‌ക്കും കൊമ്പുണ്ടായിരുന്നു എന്നാണ്‌ കരുതേണ്ടതെന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ഇന്ന്‌ ഭൂമുഖത്തുള്ളതില്‍ ഏറ്റവും വലിയ തവളകള്‍ പശ്ചിമ ആഫ്രിക്കയിലാണ്‌ കാണപ്പെടുന്നത്‌; ആ ഗോലിയാത്ത്‌ തവളകള്‍ക്ക്‌ പരമാവധി 32 സെന്റീമീറ്റര്‍ നീളവും 3.3 കിലോഗ്രാം ഭാരവുമുണ്ട്‌.

മഡഗാസ്‌കറിലെ അത്യപൂര്‍വമായ ജൈവവൈവിധ്യം സംബന്ധിച്ച ചര്‍ച്ചകളില്‍ പുതിയൊരു അധ്യായമാകുകയാണ്‌ ചെകുത്താന്‍തവള. ആഫ്രിക്കയും മഡഗാസ്‌കറും ഇന്ത്യയും പൗരാണിക ഗോണ്ട്വാന (Gondwana) ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നെന്നും, ഏതാണ്ട്‌ 16 കോടി വര്‍ഷം മുമ്പ്‌ മഡഗാസ്‌കര്‍ ആഫ്രിക്കയില്‍നിന്ന്‌ വേര്‍പെട്ടുവെന്നും 'ഫലകചലനസിദ്ധാന്തം' പറയുന്നു (കാണുക: സമുദ്രജനനം). ഇന്ത്യ അക്കാലത്ത്‌ മഡഗാസ്‌കറുമായി ബന്ധിക്കപ്പെട്ടിരുന്നു. 8.8 കോടിവര്‍ഷം മുമ്പ്‌ മഡഗാസ്‌കറില്‍നിന്ന്‌ വേര്‍പെട്ട ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കുകിഴക്കന്‍ ദിശയിലേക്ക്‌ അകന്ന്‌ മാറി ഏഷ്യയുമായി ചേര്‍ന്നു. (വന്‍കരകളുടെ ആ കൂട്ടിമുട്ടലിന്റെ സമ്മര്‍ദത്തിലാണ്‌ ഹിമാലയം ഉയര്‍ന്നു വന്നത്‌). മഡഗാസ്‌കര്‍ അതോടെ സമുദ്രത്തില്‍ ഒറ്റപ്പെട്ട പ്രദേശമായി എന്നാണ്‌ കരുതുന്നത്‌.

എന്നാല്‍, ചില ഗവേഷകര്‍ ഈ മാതൃക അംഗീകരിക്കുന്നില്ല. ഇന്ത്യയും മഡഗാസ്‌കറും ഉള്‍പ്പെടുന്ന കരഭാഗം തെക്കേഅമേരിക്കയുമായി അന്റാര്‍ട്ടിക്ക വഴി (അന്റാര്‍ട്ടിക്ക അന്ന്‌ ചൂടേറിയ പ്രദേശമായിരുന്നു) ബന്ധപ്പെട്ടിരുന്നു എന്നാണ്‌ അവര്‍ വാദിക്കുന്നത്‌. അവ പൊട്ടിപ്പിളര്‍ന്ന്‌ അകന്ന്‌ മാറിയാണ്‌ ഇന്ന്‌ വ്യത്യസ്‌ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതെന്നാണ്‌ വാദം. ആ വാദഗതിക്ക്‌ ശക്തിപകരുന്നതാണ്‌ മഡഗാസ്‌കറിലെ ചെകുത്താന്‍തവളയ്‌ക്ക്‌ തെക്കേഅമേരിക്കയില്‍ മാത്രമേ ജനിതകബന്ധുക്കള്‍ ഉള്ളു എന്ന വസ്‌തുത. മഡഗാസ്‌കര്‍-അന്റാര്‍ട്ടിക്ക-തെക്കേഅമേരിക്ക ബന്ധത്തെ പിന്തുണയ്‌ക്കുന്നതാണ്‌ പുതിയ കണ്ടെത്തലെന്ന്‌ സൂസണ്‍ ഇവാന്‍സ്‌ പറയുന്നു.

ദിനോസറുകളുടെ കാര്യത്തിലായാലും ചീങ്കണ്ണികള്‍, പക്ഷികള്‍, സസ്‌തനികള്‍ തുടങ്ങിയവയുടെ കാര്യത്തിലായാലും, മഡഗാസ്‌കറിലുള്ളവയ്‌ക്കും തെക്കേഅമേരിക്കയിലുള്ളവയ്‌ക്കും വളരയേറെ പരിണാമബന്ധം തുടര്‍ച്ചയായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന്‌, സെന്റ്‌ പോളിലെ മകലെസ്‌റ്റര്‍ കോളേജിലെ ക്രിസ്റ്റി കുറി റോജേഴ്‌സ്‌ ചൂണ്ടിക്കാട്ടുന്നു. മഡഗാസ്‌കറിലെ പല ജീവികളുടെയും അടുത്ത ബന്ധുക്കളെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും കണ്ടെത്തിയിട്ടുണ്ട്‌. അത്‌ സ്വാഭാവികം മാത്രമാണെന്ന്‌ ഡേവിഡ്‌ ക്രൗസ്‌ സൂചിപ്പിക്കുന്നു.

മനുഷ്യനെക്കാള്‍ വലിയ തേള്‍
എത്രയാണ്‌ സാധാരണ തേളിന്റെ വലിപ്പം; പരമാവധി 30 സെന്റീമീറ്റര്‍ നീളം. എന്നാല്‍, നഖത്തിന്‌ മാത്രം 46 സെന്റീമീറ്റര്‍ നീളമുള്ള തേളിനെപ്പറ്റി സങ്കല്‍പ്പിച്ചു നോക്കൂ. എത്ര ഭീമനായിരിക്കും അത്‌. കുറഞ്ഞത്‌ എട്ടടി നീളമെങ്കിലും അതിനുണ്ടാകും. മനുഷ്യരെക്കാള്‍ വലുത്‌. കഥകളില്‍ മാത്രമുള്ള സാങ്കല്‍പ്പിക ജീവികള്‍ എന്നാകും ഇതെപ്പറ്റി തോന്നുക. അങ്ങനെയല്ല. ഭൂമുഖത്ത്‌ ഒരു കാലത്ത്‌ ഇത്തരം വിചിത്രജീവികള്‍ പാര്‍ത്തിരുന്നു എന്നതിന്‌ പുരാവസ്‌തു ഗവേഷകര്‍ തെളിവ്‌ ഹാജരാക്കിയിരിക്കുകയാണ്‌.

ജര്‍മനിയില്‍ നിന്നു കണ്ടെത്തിയ ഒരു തേള്‍നഖത്തിന്റെ വലിപ്പം 46 സെന്റീമീറ്ററാണ്‌!. 39 കോടി വര്‍ഷം മുമ്പ്‌ ഭൂമുഖത്തുണ്ടായിരുന്ന ജീവി എന്നാണ്‌ ഗവേഷകര്‍ എത്തിയിട്ടുള്ള നിഗമനം. ജലത്തിലായിരുന്നു അവയുടെ വാസം. ആര്‍ത്രോപ്പോഡ്‌ (arthropod) വര്‍ഗത്തില്‍ പെട്ട ഭീമന്‍തേളുകളും, കൂറ്റന്‍വണ്ടുകളും, പാറ്റകളും, ഞണ്ടുകളും, ജംബോ വലിപ്പമുള്ള തുമ്പികളുമൊക്കെ ഒരു കാലത്ത്‌ ഭൂമിയിലുണ്ടായിരുന്നു എന്നതിന്‌ തെളിവാണ്‌ ഈ കണ്ടെത്തലെന്ന്‌ ഗവേഷകര്‍ പറയുന്നു. 'ബയോളജി ലറ്റേഴ്‌സ്‌' എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ്‌ ഭീമന്‍തേളിനെക്കുറിച്ചുള്ള വിവരമുള്ളത്‌.
'ജേക്കെലോപ്‌റ്റെറസ്‌ റിനാനിയേ' (Jaekelopterus rhenaniae) എന്ന്‌ ശാസ്‌ത്രീയ നാമം നല്‍കിയിട്ടിട്ടുള്ള ഭീമന്‍ തേളിന്റെ അവശിഷ്ടം കണ്ടെത്തിയത്‌ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മര്‍ക്കസ്‌ പോഷ്‌മാനാണ്‌. പടിഞ്ഞാറന്‍ ജര്‍മനിയില്‍ പ്രൂമിലെ ഒരു പാറമടയില്‍, ഉത്‌ഖനനത്തിന്റെ ഭാഗമായി ശിലാപാളികള്‍ ഇളക്കി മാറ്റുന്ന വേളയില്‍ ആ വിചിത്ര ജൈവാവശിഷ്ടം പോഷ്‌മാന്റെ ശ്രദ്ധയില്‍ പെട്ടു. `എന്താണെന്ന്‌ ആദ്യം മനസിലായില്ലെങ്കിലും, വലിയൊരു നഖത്തിന്റെ ഭാഗമാണതെന്ന്‌ സൂക്ഷ്‌മ നിരീക്ഷണത്തില്‍ മനസിലായി. അതുപ്രകാരം മുഴുവന്‍ അവശിഷ്ടവും ചികഞ്ഞെടുത്ത്‌ വൃത്തിയാക്കി, പശ വെച്ച്‌ ഒട്ടിച്ചു ചേര്‍ത്തപ്പോള്‍ നഖത്തിന്റെ വലിപ്പം 46 സെന്റീമീറ്റര്‍'- അദ്ദേഹം പറയുന്നു.

പ്രാചീനകാലത്തെ ഭീമന്‍ ആര്‍ത്രോപോഡുകള്‍ പില്‍ക്കാലത്ത്‌ കരയില്‍ കയറിയെന്നും, അവയുടെ പിന്‍ഗാമികളാണ്‌ ഇന്ന്‌ കാണുന്ന തേളുകളും പാറ്റകളും മറ്റുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഭൗമാന്തരീക്ഷത്തില്‍ ഇന്നത്തെക്കാള്‍ വളരെ ഉയര്‍ന്ന തോതില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്ന കാലത്താണ്‌ ഭീമന്‍ തേളുകളും മറ്റും ഉടലെടുത്തത്‌. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഓക്‌സിജന്‍ തോതാവണം അന്നത്തെ ജീവികളുടെ വലിപ്പക്കൂടുതലിന്‌ കാരണമെന്ന്‌, ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനുമായ സിമൊണ്‍ ബ്രാഡി അഭിപ്രായപ്പെടുന്നു.

കാളയോളം വലിയ തൊരപ്പന്‍

തെക്കെഅമേരിക്കയില്‍ യുറൂഗ്വേയുടെയും അര്‍ജന്റീനയുടെയും അതിര്‍ത്തിയില്‍ തെക്കന്‍ അത്‌ലാന്റിക്കില്‍ എത്തുന്ന വിശാലമായ ഒരു ചതുപ്പുണ്ട്‌; റിവര്‍ പ്ലേറ്റ്‌ നദീമുഖം. ആ ചതുപ്പില്‍, യുറൂഗ്വന്‍ തലസ്ഥാനമായ മോന്റെവീഡിയോയ്‌ക്ക്‌ 104 കിലോമീറ്റര്‍ പടിഞ്ഞാറുനിന്ന്‌ സെര്‍ജിയോ വിയെര എന്ന ഫോസില്‍ വേട്ടക്കാരന്‌ 1987-ല്‍ ഒരു വിചിത്ര തലയോട്ടി കിട്ടി. അയാളത്‌ യുറൂഗ്വേയിലെ നാഷണല്‍ ഹിസ്‌റ്ററി ആന്‍ഡ്‌ ആന്‍ഡ്രോപ്പോളജി മ്യൂസിയത്തിന്‌ കൈമാറി.

രണ്ടുപതിറ്റാണ്ടായി മ്യൂസിയത്തിലെ ഒരു പെട്ടിയില്‍ ആരുമറിയാതെ കിടന്ന ആ വിചിത്ര ഫോസില്‍, ക്യൂറേറ്ററായ ആന്‍ഡ്രിസ്‌ റിന്‍ഡര്‍നെച്ചും സഹപ്രവര്‍ത്തകന്‍ ഏര്‍ണസ്റ്റോ ബ്ലാന്‍കോയും ചേര്‍ന്ന്‌ അടുത്തയിടെ വീണ്ടും കണ്ടെത്തി. ഫോസില്‍ ആദ്യം കണ്ടപ്പോള്‍ തങ്ങള്‍ നടുങ്ങിപ്പോയെന്ന്‌ ബ്ലാന്‍കോ പറയുന്നു. `പ്രകൃതിയുടെ രമണീയമായ ഒരു തുണ്ടായിരുന്നു അത്‌. കാളയുടെ തലയോട്ടിയേക്കാള്‍ വലുത്‌. ആ തലയോട്ടിയുടെ ഉടമസ്ഥന്‍ എത്ര ഭീമനായിരിക്കണം എന്നോര്‍ത്താണ്‌ ഞങ്ങള്‍ നടുങ്ങിയത്‌'-അദ്ദേഹം അറിയിക്കുന്നു.
ഫോസിലിനെക്കുറിച്ച്‌ പഠിച്ചപ്പോള്‍ അമ്പരപ്പ്‌ വര്‍ധിച്ചു. എലിയുടെയും അണ്ണാന്റെയുമൊക്കെ ഗണത്തില്‍ പെടുത്താവുന്ന കരണ്ടുതിന്നുന്ന ഒരു തൊരപ്പന്റെ ഫോസിലാണ്‌ തങ്ങള്‍ക്ക്‌ മുന്നില്‍ എത്തിയിരിക്കുന്നതെന്ന്‌ ഗവേഷകര്‍ക്ക്‌ ബോധ്യമായി. ഏതാണ്ട്‌ ഒരു ടണ്‍ ഭാരമുള്ള അതിന്‌ കാളയോളം വലിപ്പം ഉണ്ടായിരുന്നിരിക്കണം! അത്രയും ഭീമാകാരമാര്‍ന്ന തൊരപ്പന്‍മാര്‍ ഭൂമുഖത്തുണ്ടായിരുന്നു എന്നത്‌ അവിശ്വസനീയമായിത്തോന്നി. പക്ഷേ, മുന്നിലുള്ള തെളിവ്‌ എങ്ങനെ അവിശ്വസിക്കും. വടക്കേഅമേരിക്കയുമായി തെക്കേഅമേരിക്ക കൂട്ടുചേരുന്നതിന്‌ മുമ്പ്‌, ഏതാണ്ട്‌ 40 ലക്ഷം വര്‍ഷം മുമ്പാണ്‌ ആ ജിവി നിലനിന്നിരുന്നതെന്ന്‌ ഗവേഷകര്‍ കരുതുന്നു.
'ജോസെഫോയാട്ടിഗാസി മൊനേസി' (Josephoartigasi monesi) എന്ന്‌ ശാസ്‌ത്രീയനാമമിട്ട ആ ജീവിയുടെ തലോട്ടിക്ക്‌ 20 ഇഞ്ചിലേറെ നീളമുണ്ട്‌. അതനുസരിച്ച്‌ ജീവിക്ക്‌ കുറഞ്ഞത്‌ എട്ടടി നീളവും 772 മുതല്‍ 1362 കിലോഗ്രാം വരെ ഭാരവുമുണ്ടായിരുന്നിരിക്കണം എന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ റോയല്‍ സൊസൈറ്റി-ബി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. കരണ്ടു തിന്നുന്ന ജീവിയായിരുന്നു അതെങ്കിലും, അതിന്‌ എലിയോടുള്ളതിലും സാമ്യം ഗിനിപ്പന്നികളോടാണെന്ന്‌ ഗവേഷകര്‍ പറയുന്നു. തലയോട്ടിയുടെ രൂപം വെച്ച്‌ ചിത്രകാരന്‍ സൃഷ്ടിച്ച രൂപം ഗിനിപ്പന്നിക്കും നീര്‍ക്കുതിരയ്‌ക്കും മധ്യേയുള്ളതാണ്‌.

ബീവര്‍ പോലുള്ള തൊരപ്പന്‍മാരുടെ ജീവിതരീതിയാകണം ആ പ്രാചീനജീവികള്‍ക്കും ഉണ്ടായിരുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു. വെള്ളത്തിലും കരയിലുമായാണ്‌ ബീവറുകള്‍ കഴിയുന്നത്‌. അതേപോലെ വനവും പൊന്തക്കാടുകളുമുള്ള നദീതീരങ്ങളിലാകണം പ്രാചീനജീവികളും കഴിഞ്ഞിരുന്നത്‌. ജലസസ്യങ്ങളായിരുന്നു അവയുടെ മുഖ്യഭക്ഷണം എന്ന്‌, അവയുടെ ദന്തനിരകള്‍ സൂചിപ്പിക്കുന്നതായും ഗവേഷകര്‍ അറിയിക്കുന്നു.

കടല്‍ രാക്ഷസന്‍
കടലില്‍നിന്ന്‌ ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ഉരഗത്തിന്റെ ഫോസില്‍ തിരിച്ചറിഞ്ഞത്‌ നോര്‍വീജയന്‍ ശാസ്‌ത്രജ്ഞരാണ്‌. ആര്‍ക്‌ടിക്‌ ദ്വീപ്‌ ശൃംഗലയായ സ്വാല്‍ബാഡില്‍നിന്ന്‌ 15 കോടി വര്‍ഷം മുമ്പ്‌ ദിനോസറുകള്‍ക്കൊപ്പം ഭൂമുഖത്തുണ്ടായിരുന്ന ഈ ഭീമന്റെ ഫോസിലുകള്‍ 2007 ആഗസ്‌തിലാണ്‌ ഉത്‌ഖനനം ചെയ്‌തെടുത്തത്‌. കടലില്‍നിന്ന്‌ കണ്ടെത്തിയിട്ടുള്ള ഏത്‌ ഉരഗത്തെക്കാളും 20 ശതമാനം വലുതാണ്‌ 'കടല്‍ രാക്ഷസനെ'ന്ന്‌, പര്യവേക്ഷണത്തിന്‌ നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ്‌ ഓസ്ലോ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിലെ ഡോ.ജോര്‍ന്‍ ഹുരും അറിയിക്കുന്നു.
മൂക്കു മുതല്‍ വാലറ്റം വരെ അളന്നാല്‍ 15 മീറ്റര്‍ (50 അടി) നീളം വരും രക്ഷസന്‌. ഒരു ചെറിയ കാറിനെ കടിച്ചെടുത്ത്‌ രണ്ടായി മുറിക്കാന്‍ പോന്നത്ര വലുതും ഉറപ്പുള്ളതുമായ താടിയെല്ലുകളും വായയുമാണ്‌ അതിന്റേതെന്ന്‌ ഗവേഷകര്‍ പറയുന്നു. 'പ്ലിയോസര്‍' (pliosaur) എന്ന്‌ വിളിക്കുന്ന, ദിനോസര്‍ കാലത്തെ കടലുരഗ ഗണത്തില്‍ പെടുത്താവുന്നതാണ്‌ 'രാക്ഷസന്‍'. വംശനാശം നേരിട്ട വര്‍ഗം.
രാക്ഷസന്റെ ഫോസില്‍ കണ്ടെത്തിയ സ്വാല്‍ബാഡ്‌ ദ്വീപിന്റെ സ്ഥാനം 15 കോടിവര്‍ഷം മുമ്പ്‌ ആര്‍ക്‌ടിക്കിലായിരുന്നില്ല. അന്നത്‌ ചൂടേറിയ ഒരു മേഖലയിലായിരുന്നു. പിന്നീട്‌ ഫലകചലനങ്ങളുടെ ഫലമായി ആര്‍ക്‌ടിക്കിലെത്തപ്പെട്ടതാണ്‌. ആ വിചിത്രദ്വീപ്‌ ശൃംഗല ഇതിനകം തന്നെ ഫോസില്‍വേട്ടക്കാരുടെ ഇഷ്ടസങ്കേതമായിക്കഴിഞ്ഞിട്ടുണ്ട്‌. ഏതാണ്‌ നാല്‌പതോളം കടലുരഗങ്ങളുടെ ഫോസിലുകള്‍ ആ ഒറ്റ മേഖലയില്‍നിന്ന്‌ കണ്ടെടുക്കാന്‍ പുരാവസ്‌തു ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അതില്‍ ഒട്ടേറെ ഭീമന്‍മാരും ഉള്‍പ്പെടുന്നു. എന്നാല്‍, അവയെയൊക്കെ അതിലംഘിക്കുന്നതാണ്‌ പുതിയ കണ്ടെത്തല്‍. (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, ബയോളജി ലറ്റേഴ്‌സ്‌, പ്രൊസീഡിങ്‌സ്‌ ഓഫ്‌ റോയല്‍ സൊസൈറ്റി-ബി, ബി.ബി.സി).