Saturday, February 28, 2009

15 ലക്ഷം വര്‍ഷം പഴക്കമുള്ള പാദമുദ്ര

കെനിയയില്‍ നിന്ന്‌ പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തിയ ഫോസില്‍ കാല്‍പാടുകളിലൊന്നാണ്‌ ചിത്രത്തില്‍. 15 ലക്ഷം വര്‍ഷം പഴക്കമുള്ള ഈ പാദമുദ്ര മനുഷ്യന്റെ പൂര്‍വികനായ 'ഹോമോ ഇറക്ടസി'ന്റെയാണെന്ന്‌ കരുതുന്നു. ആധുനിക മനുഷ്യനെപ്പോലെ നിവര്‍ന്ന്‌ നടക്കാന്‍ കഴിഞ്ഞിരുന്ന ആ പൂര്‍വികരെക്കുറിച്ച്‌ ഫോസില്‍ അസ്ഥികള്‍ വഴിയുള്ള അറിവേ ഇതുവരെ ലഭ്യമായിരുന്നുള്ളു. ആ വര്‍ഗത്തിന്റെ കാല്‍പാദത്തിന്റെ ആകൃതി, ഘടന, ശരീരഭാരം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച്‌ വിലയേറിയ വിവരങ്ങള്‍ നല്‍കുന്ന കണ്ടെത്തലാണ്‌ ഫോസില്‍ പാദമുദ്രയെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരിക പറയുന്നു.

ബ്രിട്ടിനില്‍ ബൗണെമൗത്ത്‌ സര്‍വകലാശാലയിലെ മാത്യു ബെന്നറ്റും സംഘവുമാണ്‌, വടക്കന്‍ കെനിയയിലെ ഇലെരെറ്റില്‍ എക്കല്‍ അടിഞ്ഞുറച്ചുണ്ടായ പ്രദേശത്തുനിന്ന്‌ പ്രാചീന കാല്‍പാട്‌ കണ്ടെത്തിയത്‌. നമ്മളെപ്പോലെ തന്നെ നിവര്‍ന്നു നടക്കുന്ന ശീലമായിരുന്നു ഹോമോ ഇറക്ടസ്‌ വര്‍ഗത്തിന്റേതുമെന്നാണ്‌ കാല്‍പാടുകള്‍ വ്യക്തമാക്കുന്നത്‌. അല്ലാതെ, അവയുടെ പൂര്‍വികരായ ആസ്‌ട്രലോപിത്തേഷ്യനുകളെ (australopithecines)പ്പോലെ കൂനി നടക്കുന്നവയായിരുന്നില്ലത്രേ അവ.

മനുഷ്യപരിണാമത്തില്‍ വലിയൊരു കുതിച്ചുചാട്ടമുണ്ടായത്‌, ഹോമോ ഇറക്ടസിന്റെ ആവിര്‍ഭാവത്തോടുകൂടിയാണെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഭക്ഷണത്തിലും ആവാസവ്യവസ്ഥയിലും വലിയ വൈവിധ്യമുണ്ടായത്‌ അ വര്‍ഗത്തിന്റെ വരവോടെയാണ്‌. ആദിഗേഹമായ ആഫ്രിക്കയില്‍നിന്ന്‌ പുറത്തുവന്ന ഹോമോ വര്‍ഗവും അതാണ്‌.

അനുബന്ധം: മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട്‌ പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തുന്ന ഏറ്റവും പഴക്കമേറിയ പാദമുദ്രയല്ല വടക്കന്‍ കെനിയയിലേത്‌. 1978-ല്‍ ടാന്‍സാനിയയിലെ ലയേട്ടോളിയില്‍ നിന്ന്‌ കണ്ടെത്തിയ ഫോസില്‍ കാല്‍പാടിന്‌ 370 ലക്ഷം വര്‍ഷം പഴക്കമാണ്‌ കണക്കാക്കുന്നത്‌. 'ആസ്‌ട്രലോപിത്തക്കസ്‌ അഫാറെന്‍സിസ്‌' വര്‍ഗത്തിന്റേതായിരുന്നു അത്‌. (അവലംബം: സയന്‍സ്‌ ഗവേഷണ വാരിക)

Friday, February 27, 2009

പരീക്ഷണശാലയില്‍ പല്ല്‌ വളര്‍ത്തിയെടുക്കാം

കേടായ പല്ല്‌ അടയ്‌ക്കുന്നതും പരിചരിക്കുന്നതും അവസാനിപ്പിക്കാം. പുതിയതായി വളര്‍ത്തിയെടുത്ത നല്ല സുന്ദരന്‍ പല്ല്‌ പകരംവെയ്‌ക്കാം. ഇനാമല്‍ പോണങ്കില്‍ പോട്ടെ, വേറെയുണ്ടാക്കാം.

പല്ലിന്റെ പ്രശ്‌നം, അതിന്റെ ബാഹ്യഭാഗമായ ഇനാമല്‍ കേടുവന്നാല്‍ പിന്നെയത്‌ സ്വാഭാവികമായി പുനര്‍ജനിക്കില്ല എന്നതാണ്‌. പോയാല്‍ പോയതു തന്നെ എന്നുസാരം. സിമന്റും സെറാമിക്കും ലോഹവും പോരാതെ വന്നാല്‍ റൂട്ട്‌ഗനാല്‍ ചെയ്‌ത്‌ കൃത്രിമ അടപ്പിടലും ഒക്കെ വേണ്ടിവരും. ആശാരിമാരും മേസ്‌തരിമാരുമൊക്കെ ചെയ്യുന്ന പണി ഡന്തിസ്റ്റ്‌ ചെയ്‌ത്‌ കുറെ നാള്‍കൂടി ചിക്കനും മട്ടണുമൊക്കെ ചവയ്‌ക്കാന്‍ പാകത്തിലാക്കിത്തരും പല്ലിനെ. എങ്കിലും തൊന്തരവൊഴിയില്ല, ഇടയ്‌ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.

കേടുവന്ന ഇനാമല്‍ പുനസ്ഥാപിക്കുകയാണ്‌ ഈ തലവേദനയ്‌ക്ക്‌ പരിഹാരം. പക്ഷേ, ഭാഗ്യക്കേടിന്‌ ഇന്നുവരെ ഇനാമല്‍ കൃത്രിമമായി രൂപപ്പെടുത്താന്‍ ഗവേഷകര്‍ക്ക്‌ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ അമേരിക്കയില്‍ ഒറിഗോണ്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു മുന്നേറ്റത്തിന്റെ പ്രസക്തി. ഇനാമലിന്റെ വളര്‍ച്ചയ്‌ക്ക്‌ അടിസ്ഥാനമായ ജീനിനെ തിരിച്ചറിഞ്ഞിരിക്കുകയാണ്‌ അവര്‍. ആ ജീനിന്റെ സഹായത്തോടെ നാളെയൊരു കാലത്ത്‌ പരീക്ഷണശാലയില്‍ പല്ല്‌ വളര്‍ത്തിയെടുക്കാനും, അതുവഴി ദന്തചികിത്സയിലെ മേസ്‌തിരിപ്പണിയും മരാമത്ത്‌ ജോലികളും അവസാനിപ്പിക്കാനും കഴിഞ്ഞേക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു.

എലികളില്‍ നടത്തിയ പഠനങ്ങളില്‍, പ്രതിരോധ പ്രതികരണങ്ങള്‍, ത്വക്കിന്റെയും സിരകളുടെയും വികാസം തുടങ്ങിയവയില്‍ പങ്കുണ്ടെന്ന്‌ തെളിഞ്ഞ ഒരു ജീനുണ്ട്‌- 'Ctip2'. ഈ ജീനിനാണ്‌ ഇനാമല്‍കോശങ്ങളുടെ വളര്‍ച്ചയിലും പങ്ക്‌ വഹിക്കുന്നതായി കണ്ടെത്തിയതെന്ന്‌, 'പ്രോസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി' (PNAS)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. പക്ഷേ, ആരും അമിത ആവേശം കാട്ടരുത്‌. ഇതൊരു പ്രാഥമിക കണ്ടെത്തലേ ആകുന്നുള്ളൂ. "ഏറെ ഗവേഷണം ഇനിയും വേണം"-പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ.ക്രിസ്സ കിയൂസ്സി പറയുന്നു, എങ്കിലേ തോണി കരയ്‌ക്കടുക്കൂ.

ഇനാമലിന്‌ അടിസ്ഥാനമായ കോശങ്ങള്‍ക്ക്‌ 'അമലോബ്ലാസ്‌റ്റുകള്‍' (ameloblasts) എന്നാണ്‌ പേര്‌. ഈ കോശങ്ങളുടെ വളര്‍ച്ചയില്‍ Ctip2 ജീനിന്‌ നിര്‍ണായക പങ്കുള്ളതായാണ്‌ ഗവേഷകര്‍ക്ക്‌ സൂചന ലഭിച്ചത്‌. വിത്തുകോശങ്ങളില്‍ ഈ ജീനിന്റെ പ്രഭാവം (expression) വര്‍ധിപ്പിച്ച്‌ ഇനാമല്‍ കൃത്രിമമായി വളര്‍ത്തിയെടുക്കാനാകുമെന്നാണ്‌ പ്രതീക്ഷ. ആരോഗ്യമുള്ള പല്ലും പരീക്ഷണശാലയില്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞേക്കും. കേടുവന്ന പല്ലിലെ ഇനാമല്‍ ബലപ്പെടുത്താനും, അല്ലെങ്കില്‍ പല്ല്‌ തന്നെ മാറ്റി പകരമൊന്ന്‌ സൃഷ്ടിക്കാനും പുതിയ കണ്ടെത്തല്‍ വഴിതുറന്നേക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു.  (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌)

Thursday, February 26, 2009

രതിയുടെ ഉത്ഭവം

മുപ്പത്തിയാറരകോടി വര്‍ഷം പഴക്കമുള്ള ഒരു മത്സ്യഫോസിലില്‍നിന്ന്‌ രതിയുടെയും പ്രത്യുത്‌പാദനത്തിന്റെയും പ്രാചീനവഴികള്‍ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍.

വിചിത്രമാണ്‌ ജീവലോകത്തെ കാര്യങ്ങള്‍. തികച്ചും അപ്രതീക്ഷിതമായ ഒരു കോണില്‍നിന്നാവും ഏറെ ജിജ്ഞാസയുണര്‍ത്തുന്ന ഒരു സൂചന, അല്ലെങ്കില്‍ തെളിവ്‌ ലഭിക്കുക. ഓസ്‌ട്രേലിയിയില്‍ നിന്ന്‌ കണ്ടെടുത്ത്‌ കാല്‍നൂറ്റാണ്ടായി ലണ്ടനിലെ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി (NHM) യുടെ ശേഖരത്തില്‍ സൂക്ഷിച്ചിരുന്ന ഒരു മത്സ്യഫോസിലിന്റെ കാര്യം അതാണ്‌ വ്യക്തമാക്കുന്നത്‌. വെട്ടിവിഴുങ്ങിയ ഇരയോടുകൂടി ജീവന്‍ വെടിഞ്ഞതെന്നു കരുതിയ ആ പ്രാചീനമത്സ്യത്തില്‍ നിന്ന്‌, രതിയുടെയും പുനരുത്‌പാദനത്തിന്റെയും പ്രാചീനവഴികള്‍ക്ക്‌ ശക്തമായ സൂചന ലഭിച്ചിരിക്കുകയാണിപ്പോള്‍.

36.5 കോടി വര്‍ഷം മുമ്പ,്‌ 'മത്സ്യയുഗം' എന്നറിയപ്പെടുന്ന ഉത്തര ഡിവോണിയന്‍ കാലഘട്ടത്തില്‍ (Upper Devonian Period) ജീവിച്ചിരുന്ന ആ മത്സ്യത്തിനുള്ളില്‍നിന്ന്‌ അഞ്ച്‌ സെന്റീമീറ്റര്‍ വരുന്ന ഭ്രൂണം കണ്ടെത്തിയതാണ്‌ പുതിയ തെളിവായത്‌. ശാസ്‌ത്രലോകം കരുതിയിരുന്നതിലും വളരെ മുമ്പുതന്നെ, ജീവികള്‍ ഇണചേര്‍ന്ന്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മംനല്‍കുന്ന സമ്പ്രദായം ജീവലോകത്ത്‌ നിലവില്‍ വന്നിരുന്നു എന്നാണ്‌, പുതിയ കണ്ടെത്തലില്‍നിന്ന്‌ അനുമാനിക്കേണ്ടതെന്ന്‌ 'നേച്ചര്‍' ഗവേഷണവാരിക പറയുന്നു.

മത്സ്യങ്ങളുടെയും മറ്റും കാര്യത്തില്‍ മാതാവിന്റെ ശരീരത്തിന്‌ വെളിയില്‍ വെച്ച്‌ അണ്ഡവും ബീജവും ഒന്നുചേര്‍ന്ന്‌ പുതിയ തലമുറയെ സൃഷ്ടിക്കുന്ന ബാഹ്യബീജസങ്കലന രീതി, ഇണചേരുന്ന രീതിക്ക്‌ വളരെ മുമ്പ്‌ നിലവില്‍ വന്നിരുന്നു എന്നാണ്‌ ഇതുവരെയുണ്ടായിരുന്ന സങ്കല്‍പ്പം. ആ ധാരണ തിരുത്തേണ്ടി വരുമെന്ന്‌്‌ പുതിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഇണചേരല്‍ വഴിയുള്ള ആന്തരബീജസങ്കലനവും മുമ്പുതന്നെ നിലവില്‍ വന്നിരുന്നു എന്നാണ്‌ മനസിലാക്കേണ്ടത്‌. "ആന്തരബീജസങ്കലനത്തെ സംബന്ധിച്ച്‌ ലഭ്യമായതില്‍ ഏറ്റവും പുരാതനമായ തെളിവാണിത്‌"-നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ക്യൂറേറ്ററായ സെരീന ജോഹാന്‍സന്‍ അറിയിക്കുന്നു.

'ഇന്‍സിസോസ്‌ക്യൂട്ടം റിച്ചീ' (Incisoscutum ritchiei) എന്ന്‌ ശാസ്‌ത്രീയനാമം നല്‍കിയിട്ടുള്ള ഈ മത്സ്യം, 'പ്ലാക്കൊഡേമുകള്‍' (placoderms) എന്ന പ്രാചീന മത്സ്യവിഭാഗത്തില്‍ പെടുന്നതാണ്‌. 1980-കള്‍ മുതല്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശേഖരത്തിലുണ്ടായിരുന്ന ഫോസില്‍ മത്സ്യം, അവസാന ഇരതേടലിന്‌ ശേഷം ചത്തതാണ്‌ എന്നായിരുന്നു നിഗമനം. അതിന്റെ വയറ്റില്‍ കാണപ്പെടുന്നത്‌ ഒടുവില്‍ തിന്ന ചെറുമത്സ്യമാണെന്ന്‌ ഗവേഷകര്‍ കരുതി. എന്നാല്‍, ഡോ. ജോഹാന്‍സനും കൂട്ടരും ആ ഫോസില്‍ പുനരവലോകനത്തിന്‌ വിധേയമാക്കിയപ്പോള്‍, അതിന്റെ വയറ്റിലുള്ളത്‌ ഇരയല്ല, അഞ്ച്‌ സെന്റീമീറ്റര്‍ നീളമുള്ള ഭ്രൂണമാണെന്ന്‌ വ്യക്തമായത്‌.

ഇന്ന്‌ കാണുന്ന നട്ടെല്ലികളുടെ (vertebrates) പ്രാചീന പൂര്‍വികരെന്ന്‌ കരുതുന്ന വിഭാഗമാണ്‌ പ്ലാക്കൊഡേമുകള്‍. "ആ നിലയ്‌ക്ക്‌ അവ നമ്മുടെ വിദൂരപൂര്‍വികരാണ്‌"-ഓസ്‌ട്രേലിയയില്‍ മ്യൂസിയം വിക്ടോറിയയിലെ ഗവേഷകനായ ഡോ. ജോണ്‍ ലോങ്‌ പറയുന്നു. ഡോ.ലോങും പുതിയ ഗവേഷണത്തില്‍ പങ്ക്‌ വഹിച്ചിരുന്നു. താടിയെല്ലുള്ളവയായിരുന്നു പ്ലാക്കോഡേമുകള്‍. ഡിവോണിയന്‍ കാലഘട്ടം തീര്‍ന്നതോടെ അവയുടെ കാലം കഴിയുകയും, താടിലെല്ലുള്ള മറ്റൊരു നട്ടെല്ലിയിനം പ്രത്യക്ഷപ്പെടുകയും ചെയ്‌തു. 'ബോണി മത്സ്യം' (bony fish) എന്നറിയപ്പെടുന്ന അവയാണ്‌ ടെട്രാപോഡുകള്‍ (tetrapods) ആയി പരിണമിച്ചത്‌. നാല്‌ കാലുകളോടുകൂടിയ അവയില്‍നിന്നാണ്‌്‌ പിന്നീട്‌ സസ്‌തനികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍, ഉഭയജീവികള്‍ ഒക്കെ ഉടലെടുത്തതെന്ന്‌ കരുതുന്നു.

ഇന്ന്‌ ഭൂമുഖത്ത്‌ കാണുന്ന പല ജീവികളുടെയും തുടക്കമായിരുന്നിരിക്കാം, പുതിയതായി കണ്ടെത്തിയ പ്രാചീനമത്സ്യയിനം എന്ന്‌ സാരം. സ്വാഭാവികമായും ഇന്ന്‌ നിലനില്‍ക്കുന്ന പ്രധാന പ്രത്യുത്‌പാദനപ്രക്രിയ ആ പ്രാചീനജീവികളില്‍ കാണപ്പെട്ടു എന്നതില്‍ അതിശയിക്കേണ്ട കാര്യമില്ല. "പ്രത്യുത്‌പാദന ജീവശാസ്‌ത്രത്തിന്റെ തെളിവ്‌ ഫോസില്‍ റിക്കോര്‍ഡുകളില്‍ നിന്ന്‌ ലഭിക്കുക അങ്ങേയറ്റം അപൂര്‍വമാണ്‌. ആ നിലയ്‌ക്ക്‌ വളരെ പ്രാധാനപ്പെട്ട ഫോസില്‍ തെളിവാണിത്‌"-ഡോ. ജോഹാന്‍സന്‍ പറയുന്നു.

ഇണചേരുന്നതിനും പെണ്‍മത്സ്യത്തിന്റെ ശരീരത്തിനുള്ളില്‍ ആണ്‍മത്സ്യത്തിന്‌ ബീജം നിക്ഷേപിക്കാനും, സ്രാവുകളില്‍ കാണപ്പെടുന്നതുപോലുള്ള ശരീര സംവിധാനം ആ പ്രാചീന മത്സ്യത്തിലും ഉണ്ടായിരുന്നുവെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. ഇത്തരം പ്രാചീന ജീവികള്‍ക്കിടയില്‍ ഇണചേരല്‍ സാധാരണമായിരുന്നു എന്നുവേണം കരുതാനെന്ന്‌ ഗവേഷകര്‍ പറയുന്നു.
(അവലംബം: നേച്ചര്‍).  

Wednesday, February 25, 2009

അര്‍ബുദസാധ്യത കണ്ടെത്താന്‍ ഒരുതുള്ളി രക്തം

വെറും ഒരുതുള്ളി രക്തമുപയോഗിച്ച്‌ അര്‍ബുദ പ്രോട്ടീനുകളെ തിരിച്ചറിയാനും രോഗസാധ്യതയെത്രയെന്ന്‌ മനസിലാക്കാനും സഹായിക്കുന്ന ചെലവുകുറഞ്ഞ സങ്കേതം രംഗത്തെത്തുന്നു.

രക്തത്തിലെ പ്രോട്ടീന്‍ തിരിച്ചറിയുന്നതിന്‌ നിലവിലുള്ള മാര്‍ഗങ്ങള്‍ ചെലവേറിയവയാണ്‌; മാത്രമല്ല പരിശോധനയ്‌ക്ക്‌ വലിയ അളവില്‍ രക്തം പലതവണ ആവശ്യമായി വരുന്നു. എന്നാല്‍, ഒരുതുള്ളി രക്തത്തിന്റെ സഹായത്തോടെ വെറും പത്തുമിനിറ്റുകൊണ്ട്‌ പ്രോട്ടീനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരിനം 'മൈക്രോഫ്‌ളൂയിഡ്‌ ചിപ്പി'ന്‌ രൂപം നല്‍കിയിരിക്കുകയാണ്‌ അമേരിക്കന്‍ ഗവേഷകര്‍. അതിന്റെ ഉപയോഗം പരീക്ഷണാര്‍ഥം ആരംഭിച്ചു കഴിഞ്ഞതായി 'നേച്ചര്‍ ബയോടെക്‌നോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

പുതിയ ചിപ്പിന്റെ സഹായത്തോടെ രോഗിയുടെ കിടക്കയ്‌ക്കരികില്‍ വെച്ചുതെന്ന പരിശോധന നടത്താനാകും എന്നാണ്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്‌. അര്‍ബുദം മാത്രമല്ല മറ്റ്‌ മാരകരോഗങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ സാന്നിധ്യം ശരീരത്തിലുണ്ടോ എന്ന്‌ തിരിച്ചറിയാനും പുതിയ സങ്കേതം സഹായിക്കും. പ്രായമേറിയവരുടെ കാര്യത്തില്‍ വലിയ അനുഗ്രഹമാകും ഈ പരിശോധന. കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) യിലെ രസതന്ത്ര പ്രൊഫസര്‍ ജെംയിസ്‌ ഹീത്തും, 'ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ സിസ്റ്റംസ്‌ ബയോളജി'യുടെ പ്രസിഡന്റ്‌ ലിയോറി ഹൂഡും ചേര്‍ന്നാണ്‌ പുതിയ ചിപ്പ്‌ രൂപപ്പെടുത്തിയത്‌.

രക്തത്തില്‍ സീറത്തിലെ പ്രോട്ടീനുകളാണ്‌ പരിശോധിക്കുക. `രോഗങ്ങള്‍ തിരിച്ചറിയാനുള്ള സുപ്രധാന വാതായനമാണ്‌ സീറം പ്രോട്ടീനുകള്‍`-ലോസ്‌ ഏഞ്‌ജലിസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പാത്തോളജി പ്രൊഫസര്‍ പോള്‍ മിഷെല്‍ പറയുന്നു. പാശ്ചാത്യരാജ്യങ്ങളിലെ നിലവാരം വെച്ചാണെങ്കില്‍, നിലവില്‍ രക്തത്തിലെ ഒരു പ്രോട്ടീന്‍ തിരിച്ചറിയാനുള്ള ചെലവ്‌ 500 ഡോളര്‍ (ഏതാണ്ട്‌ 24000 രൂപ) വരും, 15 മില്ലിലിറ്ററോളം രക്തവും രോഗിയില്‍നിന്ന്‌ കുത്തിയെടുക്കണം. ഒപ്പം മണിക്കൂറുകള്‍ നീളുന്ന ശ്രമകരമായ പരിശോധനകളും ആവശ്യമാണ്‌. ആ സ്ഥിതിക്ക്‌ മാറ്റമുണ്ടാക്കാനാണ്‌ തങ്ങളുടെ ശ്രമമെന്ന്‌ പ്രൊഫ. ഹീത്ത്‌ അറിയിക്കുന്നു. ചെലവുകുറഞ്ഞ രീതിയില്‍ അര്‍ബുദസാധ്യതയോ രോഗസാന്നിധ്യമോ നേരത്തെ കണ്ടെത്താനായാല്‍ ഫലപ്രദമായ പ്രതിരോധനടപടികള്‍ വഴി രോഗത്തെ നിയന്ത്രിക്കാനാവും.

രോഗിയുടെ ഒരുതുള്ളി രക്തം ചിപ്പിലെ സൂക്ഷ്‌മചാനലിലേക്ക്‌ ചെറിയൊരു ബാഹ്യസമ്മര്‍ദത്തിന്റെ സഹായത്തോടെ സന്നിവേശിപ്പിക്കുകയാണ്‌ പരിശോധനാവേളയില്‍ ചെയ്യുക. ആദ്യചാനല്‍ ശാഖോപശാഖകളായി പിരിയുന്നതോടെ കൂടുതല്‍ ഇടുങ്ങിയതായി വരുന്ന രൂപത്തിലാണ്‌ ചിപ്പിന്റെ രൂപകല്‍പ്പന. അതിനാല്‍, ചിപ്പിനുള്ളിലേക്ക്‌ എത്തുന്നതോടെ രക്തകോശങ്ങള്‍ അതില്‍നിന്ന്‌ ഒഴിവാകുകയും പ്രോട്ടീന്‍സമ്പന്നമായ സീറം മാത്രം ഉള്ളിലേക്ക്‌ പ്രവേശിക്കുകയും ചെയ്യും (നിലവില്‍ ഈ സീറം വേര്‍തിരിക്കലിന്‌ പ്രത്യേകയിനം സെന്‍ട്രിഫ്യൂജുകള്‍ ആവശ്യമാണ്‌). ചിപ്പിലെ ഇടുങ്ങിയ ചാനലുകളില്‍ വിവിധ ആന്റിബോഡികളു (പ്രതിദ്രവ്യം) ടെ നിരകള്‍ സജ്ജമാക്കിയിട്ടുണ്ട്‌. അവയില്‍ ഓരോ ആന്റിബോഡിയും സീറത്തില്‍നിന്ന്‌ ബന്ധപ്പെട്ട പ്രോട്ടീനുകളെ പിടിച്ചെടുക്കും.

രക്തവും സീറവും പുറത്തുകളഞ്ഞ ശേഷം ചുവപ്പ്‌ ഫ്‌ളുറസെന്റ്‌ പ്രോട്ടീനുകള്‍ ചിപ്പിലേക്ക്‌ സന്നിവേശിപ്പിക്കും. രക്തത്തില്‍ നിന്ന്‌ പ്രോട്ടീനുകള്‍ ആഗിരണം ചെയ്യപ്പെട്ട സ്ഥലങ്ങള്‍ പ്രകാശമടിക്കുമ്പോള്‍ തിളങ്ങാന്‍ തുടങ്ങും. അത്‌ 'പ്രോട്ടീന്‍ ബാര്‍കോഡുകള്‍' (protein bar codes) ആയി രൂപപ്പെട്ടിരിക്കുകയാണ്‌. ഫ്‌ളൂറസെന്റ്‌ മൈക്രോസ്‌കോപ്പിന്റെയോ, ജീന്‍ചിപ്പ്‌ സ്‌കാനറിന്റെയോ സഹായത്തോടെ രക്തത്തിലെ പ്രോട്ടീനുകള്‍ ഏതെന്ന്‌ വായിച്ചെടുക്കാം. ഏത്‌ രോഗത്തിന്റെ സാന്നിധ്യമാണോ പരിശോധിക്കേണ്ടത്‌ അതിനനുസരിച്ച്‌ ബന്ധപ്പെട്ട ആന്റിബോഡികള്‍ ഉപയോഗിച്ച്‌ ചിപ്പുകള്‍ രൂപപ്പെടുത്താനാകും. ഇപ്പോള്‍ പരീക്ഷണാര്‍ഥം ഉപയോഗിക്കുന്ന ചിപ്പുകള്‍ സ്‌തനാര്‍ബുദവും പ്രോസ്‌റ്റേറ്റ്‌ അര്‍ബുദവും തിരിച്ചറിയാന്‍ വേണ്ടിയുള്ളതാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

പുതിയയിനം പരിശോധന ചിപ്പുകള്‍ക്ക്‌ ചെലവ്‌ കുറവാണെങ്കിലും അതിന്റെ ഉള്ളടക്കം മനസിലാക്കാന്‍ സഹായിക്കുന്ന ഫ്‌ളുറസെന്റ്‌ മൈക്രോസ്‌കോപ്പുകള്‍ ചെലവേറിയതും യുദ്ധമേഖലയിലോ വീടുകളിലോ ഒക്കെ എത്തിച്ച്‌ പരിശോധന നടത്താന്‍ കഴിയുന്നതിലും ഭാരമേറിയവയുമാണ്‌. അതിനാല്‍ ഫ്‌ളൂറസെന്റ്‌ പ്രോട്ടീനുകളുടെ പരിധിയില്‍ നിന്ന്‌ ഇത്തരം പരിശോധനാരീതികള്‍ മാറേണ്ടതുണ്ടെന്ന്‌ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലിയ്‌ക്ക്‌ കീഴിലെ കെക്ക്‌ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ എമില്‍ കര്‍താലോവ്‌ അഭിപ്രായപ്പെടുന്നു. ലളിതമായ രീതിയില്‍ പരിശോധിക്കാന്‍ കഴിയും വിധം ചാര്‍ജുചെയ്യപ്പെട്ട പ്രോട്ടീനുകള്‍ ഭാവിയില്‍ ഉപയോഗിക്കാനാകും എന്നാണ്‌ അദ്ദേഹം വിശ്വസിക്കുന്നത്‌.
(അവലംബം: നേച്ചര്‍ ബയോടെക്‌നോളജി, കടപ്പാട്‌: മാതൃഭൂമി)

Wednesday, February 18, 2009

'ദൈവകണം' കണ്ടെത്താന്‍ മത്സരം മുറുകുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണത്തെ, അതിന്റെ സുപ്രധാന ലക്ഷ്യം കൈവരിക്കുന്ന കാര്യത്തില്‍, അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍ തോല്‍പ്പിക്കുമോ? ജനീവയ്‌ക്ക്‌ സമീപം സ്ഥാപിച്ചിട്ടുള്ള ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) തകരാറിലായി അടച്ചിട്ടത്‌ അമേരിക്കയും യൂറോപ്പും തമ്മില്‍ ഒരു ശാസ്‌ത്രകിടമത്സരത്തിന്‌ വഴിതെളിച്ചിരിക്കുകയാണ്‌. പിണ്ഡത്തിന്‌ നിദാനം എന്ന്‌ കരുതുന്ന 'ഹിഗ്ഗ്‌സ്‌ ബോസോണുകള്‍' കണ്ടെത്തുന്ന കാര്യത്തിലാണ്‌ മത്സരം മുറുകുന്നത്‌.

ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നുതന്നെ 'ദൈവകണം' എന്നറിയപ്പെടുന്ന ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ അസ്‌തിത്വം തെളിയിക്കുകയെന്നതാണ്‌. 2008 സപ്‌തംബര്‍ 10-ന്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, അതിലെ ചില കാന്തങ്ങളുടെ തകരാര്‍ മൂലം പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. ഇപ്പോഴത്തെ നിലയ്‌ക്ക്‌ 2009 സപ്‌തംബറെങ്കിലുമാകും പരീക്ഷണം പുനരാരംഭിക്കാനെന്ന്‌, ചുമതലക്കാരായ യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്‌ (സേണ്‍) പറയുന്നു.

ഈ സമയം മുതലാക്കി എത്രയും വേഗം ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്താനും, മത്സരത്തില്‍ മുന്നിലെത്താനുമാണ്‌ അമേരിക്കയില്‍ ഫെര്‍മിലാബ്‌ അധികൃതരുടെ ശ്രമം. ഫെര്‍മിലാബിലെ 'ടെവട്രോണ്‍' കണികാത്വരകം (Tevatron accelerator), ഹിഗ്ഗ്‌സ്‌ ബോസോണിന്‌ ആവശ്യമായ ഊര്‍ജനിലയിലെത്താനും ആ നിഗൂഢകണത്തെ കണ്ടെത്താനും ശ്രമം ഊര്‍ജിതമാക്കിയിരിക്കുകയാണ്‌. ഹാഡ്രോണ്‍ കൊളൈഡര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുംമുമ്പ്‌ ഹിഗ്ഗ്‌സ്‌ ബോസോണുകളെ പിടികൂടാന്‍ കഴിഞ്ഞേക്കുമെന്നാണ്‌ ഫെര്‍മിലാബ്‌ അധികൃതരുടെ പ്രതീക്ഷ.

ഷിക്കാഗോയില്‍ 'അമേരക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ്‌ ഓഫ്‌ സയന്‍സി'(AAAS)ന്റെ വാര്‍ഷിക സമ്മേളനത്തിനിടെയാണ്‌ കഴിഞ്ഞ ദിവസം, ഫെര്‍മിലാബിന്റെയും സേണിന്റെയും പ്രവര്‍ത്തകര്‍, പുതിയ കിടമത്സരത്തെ സംബന്ധിച്ച സൂചന നല്‍കിയത്‌. ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ തങ്ങള്‍ ആദ്യം കണ്ടെത്താനുള്ള എറ്റവും കുറഞ്ഞ സാധ്യത 'ഫിഫ്‌ടി-ഫിഫ്‌ടി'യാണെന്നും, കൂടിയ സാധ്യത 96 ശതമാനം വരെയാണെന്നും ഫെര്‍മിലാബ്‌ അധികൃതര്‍ വെളിപ്പെടുത്തി. ഇല്ലിനോയിസില്‍ സ്ഥാപിച്ചിട്ടുള്ള ടെവട്രോണില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഫെര്‍മിലാബ്‌ ഡയറക്ടര്‍ പിയര്‍ ഓഡോണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു.

അത്യുന്നത ഊര്‍ജനിലയില്‍ സഞ്ചരിക്കുന്ന കണങ്ങള്‍ പരസ്‌പരം കൂട്ടിമുട്ടി ചിതറിത്തെറിക്കുന്ന വേളയില്‍, ഹിഗ്ഗ്‌സ്‌ ബോസോണ്‍ പോലുള്ള കണങ്ങളുടെ മുദ്രകള്‍ അതില്‍ പ്രത്യക്ഷപ്പെടുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. ഹാഡ്രോണ്‍ കൊളൈഡറിലും ടെവട്രോണിലും അതാണ്‌ നടക്കുന്നത്‌. `ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിന്‌ മുമ്പ്‌ ഹിഗ്ഗ്‌സ്‌ ബോസോണുകളെപ്പറ്റിയുള്ള സൂചന കണ്ടെത്താന്‍ ഞങ്ങള്‍ക്ക്‌ വളരെ നല്ല അവസരമാണുള്ളത്‌`-ഫെര്‍മിലാബിലെ ഡോ.ദിമിത്രി ഡെനിസോവ്‌ അറിയിച്ചു. അടുത്ത രണ്ട്‌ വര്‍ഷത്തിനകം അത്‌ സാധിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു.

ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ പിണ്ഡപരിധി 170 GeV (ഗിഗാ-ഇലക്ട്രോണ്‍ വോള്‍ട്ട്‌സ്‌) ആണെങ്കില്‍, ഞങ്ങള്‍ അത്‌ കണ്ടെത്താനുള്ള സാധ്യത 96 ശതമാനം വരെയാണ്‌-ഒഡോണ്‍ അറിയിക്കുന്നു. ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ സൂചനയുള്ളതെന്ന്‌ കരുതാവുന്ന എട്ട്‌ കണികാകൂട്ടിയിടികള്‍ ഇതിനം ടെവട്രോണില്‍ നടന്നതായി ഫെര്‍മിലാബ്‌ കരുതുന്നു. പക്ഷേ, വ്യക്തത ലഭിക്കാന്‍ കൂടുതല്‍ ഡേറ്റ വേണം. ഒരുപക്ഷേ, ഈ വെനല്‍ക്കാലത്ത്‌ തന്നെ ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ ആദ്യമുദ്രകള്‍ ഞങ്ങള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞേക്കാം- ഒഡോണ്‍ പറഞ്ഞു.

ഹാഡ്രോണ്‍ കൊളൈഡര്‍ അടച്ചിട്ടിരിക്കുന്നത്‌ തിരിച്ചടിയാണെന്ന്‌, കൊളൈഡറിന്റെ പ്രോജക്ട്‌ മേധാവി ലിന്‍ ഇവാന്‍സ്‌ സമ്മതിക്കുന്നു. `മത്സരം ആരംഭിച്ചിരിക്കുകയാണ്‌`-ഇവാന്‍സ്‌ പറഞ്ഞു. മുമ്പ്‌ പ്രതീക്ഷിച്ചിരുന്നത്‌, 2009-ല്‍ തന്നെ ഹാഡ്രോണ്‍ കൊളൈഡറില്‍ ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ കണ്ടെത്താനാകുമെന്നാണ്‌. ആ പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നു. ഹാഡ്രോണ്‍ കൊളൈഡറിന്റെ തകരാര്‍ ഫെര്‍മിലാബിന്‌ അധികസമയം നല്‍കി.

പക്ഷേ, ഒരുവര്‍ഷത്തിനകം ഞങ്ങള്‍ വീണ്ടും രംഗത്തെത്തും. അതിന്‌ ശേഷം ഫെര്‍മിലാബിന്‌ മുന്നിലെത്താനാകില്ല. ഇരുകൂട്ടരെ സംബന്ധിച്ചും ഈ മത്സരം ആരോഗ്യകരമാണ്‌-ഇവാന്‍സ്‌ അറിയിച്ചു. ടെവട്രോണ്‌ ഒരിക്കലും സാധിക്കാത്തത്ര വലിയ കാര്യങ്ങള്‍ക്കായാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ നിര്‍മിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ ഹിഗ്ഗ്‌സ്‌ ബോസോണ്‍കൊണ്ട്‌ കാര്യങ്ങള്‍ അവസാനിക്കുന്നില്ല-അദ്ദേഹം ആശ്വസിക്കുന്നു.
(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌)

അനുബന്ധം: ഹിഗ്ഗ്‌സിന്റെ പേരിലാണ്‌ അറിയപ്പെടുന്നതെങ്കിലും, പിണ്ഡത്തിന്‌ നിദാനമായ സംവിധാനം പ്രവചിക്കുന്നത്‌ 1964-ല്‍ മൂന്ന്‌ ശാസ്‌ത്രജ്ഞര്‍ ചേര്‍ന്നാണ്‌ - പീറ്റര്‍ ഹിഗ്ഗ്‌സ്‌, റോബര്‍ട്ട്‌ ബ്രൗട്ട്‌, ഫ്രാന്‍കോയിസ്‌ ഇംഗ്ലെര്‍ട്ട്‌ എന്നിവര്‍ ചേര്‍ന്ന്‌. ഹിഗ്ഗ്‌സ്‌ അന്ന്‌ എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകനായിരുന്നു. മൗലീകകണങ്ങളെക്കുറിച്ചും, ദ്രവ്യത്തിന്റെ അടിസ്ഥാനഘടനയെക്കുറിച്ചും ശാസ്‌ത്രലോകത്തിന്‌ പുതിയ ഉള്‍ക്കാഴ്‌ച ലഭിക്കുന്ന കാലമായിരുന്നു അത്‌. ദ്രവ്യത്തിന്‌ എങ്ങനെ പിണ്ഡം ലഭിക്കുന്നു. പിണ്ഡമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ക്ക്‌ വലിയ അര്‍ഥമില്ല. ഗുരുത്വാകര്‍ഷണബലം പോലും ഉണ്ടാകില്ല. ഭൗതികശാസ്‌ത്രത്തെ തുടര്‍ച്ചയായി അലട്ടിയിരുന്ന ഈ പ്രശ്‌നത്തിനാണ്‌ ഹിഗ്ഗ്‌സും കൂട്ടരും പരിഹാരം മുന്നോട്ടു വെച്ചത്‌.

പിണ്ഡത്തിന്‌ ആധാരമായി ഹിഗ്ഗ്‌സും കൂട്ടരും മുന്നോട്ടുവെച്ച സംവിധാനം, പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു ബലമണ്ഡലമാണ്‌. 'ഹിഗ്ഗ്‌സ്‌ മണ്ഡലം' (Higgs field) എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായ വേളയില്‍ ഒരു കണത്തിനും പിണ്ഡമുണ്ടായിരുന്നില്ല. പ്രപഞ്ചം തണുക്കുകയും താപനില ഒരു നിര്‍ണായക തലത്തിലെത്തുകയും ചെയ്‌തപ്പോള്‍, ഹിഗ്ഗ്‌സ്‌ മണ്ഡലം എന്നൊരു ബലമണ്ഡലം രൂപപ്പെട്ടു. ഈ ബലമണ്ഡലവുമായി ഇടപഴകാന്‍ ശേഷിയുള്ള കണങ്ങള്‍ക്ക്‌, ഇടപഴകലിന്റെ തോത്‌ അനുസരിച്ച്‌ പിണ്ഡം ലഭിക്കുന്നു. ബലകണമായ 'ഹിഗ്ഗ്‌സ്‌ ബോസോണ്‍' വഴിയാണ്‌, മറ്റ്‌ കണങ്ങള്‍ ആ മണ്ഡലവുമായി ഇടപഴകുന്നത്‌. ഇടപഴകാത്ത കണങ്ങള്‍ക്ക്‌ പിണ്ഡം ഉണ്ടാകില്ല. ഇതാണ്‌ പ്രപഞ്ചത്തിലെ പിണ്ഡത്തിന്‌ ആധാരമായി ഹിഗ്ഗ്‌സ്‌ മുന്നോട്ടുവെച്ച വിശദീകരണം.

44 വര്‍ഷമായി ഇക്കാര്യം പ്രപഞ്ചത്തിന്റെ മൗലീകഘടന സംബന്ധിച്ച ഓരോ സിദ്ധാന്തത്തിലും പ്രമുഖമായി കടന്നു വരുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയെ ഭാഗികമായി പ്രതിനിധീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡലി'ല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ സാങ്കല്‍പ്പിക ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ കൂടിയേ തീരൂ. പക്ഷേ, ഇതുവരെ ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ അസ്‌തിത്വം തെളിയിക്കാനോ, അവയെ കണ്ടെത്താനോ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടില്ല. അതിന്‌ ശേഷിയുള്ള ഉപകരണം വികസിപ്പിക്കാന്‍ മനുഷ്യന്‌ ഇതുവരെ കഴിഞ്ഞില്ല എന്നതാണ്‌ ഇതിന്‌ ലഭിക്കുന്ന ഒരു വിശദീകരണം.

ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ പിണ്ഡം എന്തെന്ന്‌ അറിയില്ല എന്നതാണ്‌, അവയെ കണ്ടെത്തുന്നത്‌ ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ ഉണ്ടാകുമെന്ന്‌ പ്രവചിക്കപ്പെട്ടിട്ടുള്ള ഒരു പിണ്ഡപരിധിയുണ്ട്‌. ആ പരിധി പരിശോധിക്കാന്‍ തക്ക ഊര്‍ജനിലയിലുള്ള പരീക്ഷണങ്ങള്‍ ഇന്നുവരെ നടന്നിട്ടില്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ ആ പിണ്ഡപരിധി ലഭ്യമാണ്‌. അഥവാ ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, പിണ്ഡം സംബന്ധിച്ച്‌ പുതിയ സിദ്ധാന്തങ്ങള്‍ക്കുള്ള സാധ്യത തുറക്കലാകും അത്‌.

വാല്‍ക്കഷണം: ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ സര്‍വവ്യാപിയാണ്‌, പക്ഷേ ഇതുവരെ അവയെ ആരും കണ്ടിട്ടില്ല. അതുകൊണ്ടാണ്‌ അവയ്‌ക്ക്‌ 'ദൈവകണം' എന്ന്‌ വിളിപ്പേര്‌ കിട്ടിയത്‌.

കാണുക:
പ്രപഞ്ചസാരംതേടി ഒരു മഹാസംരംഭം

Tuesday, February 17, 2009

എച്ച്‌.ഐ.വി.യ്‌ക്കെതിരെ ജീന്‍തെറാപ്പി

ചെലവേറിയ വൈറസ്‌പ്രതിരോധ മരുന്നുകളുടെ സ്ഥാനത്ത്‌ എച്ച്‌.ഐ.വി.ബാധിച്ചവരെ ചികിത്സിക്കാന്‍ ജീന്‍തെറാപ്പി സഹായിച്ചേക്കും.

ജര്‍മനിയില്‍ എച്ച്‌.ഐ.വി.ബാധിച്ചയാളെ മജ്ജമാറ്റിവെയ്‌ക്കലിലൂടെ വൈറസ്‌ മുക്തനാക്കിയതാണ്‌ ഇത്തരമൊരു ശുഭപ്രതീക്ഷയ്‌ക്ക്‌ വഴിവെച്ചിരിക്കുന്നത്‌. ശരീരത്തില്‍ ഒരു പ്രത്യേകയിനം ജീന്‍ ഉള്ളയാളുടെ മജ്ജ്‌ എച്ച്‌.ഐ.വി.ബാധിച്ചയാളില്‍ മാറ്റിവയ്‌ക്കുകയായിരുന്നു. രണ്ടുവര്‍ഷമായി ഒരു മരുന്നും കഴിക്കുന്നില്ല, എന്നിട്ടും രോഗിയുടെ ശരീരത്തില്‍ വൈറസ്‌ സാന്നിധ്യം കാണുന്നില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു.

എച്ച്‌.ഐ.വി. ബാധിച്ചവര്‍ക്ക്‌ ചെലവേറിയതും പാര്‍ശ്വഫലങ്ങളുള്ളതുമായ വൈറസ്‌പ്രതിരോധ ഔഷധങ്ങള്‍ മാത്രമാണ്‌ നിലവില്‍ ആശ്രയം. ജീവിതകാലം മുഴുവന്‍ മരുന്നു കഴിച്ചാലും ശരീരത്തില്‍നിന്ന്‌ വൈറസിനെ ഒഴിവാക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊന്നും കഴിയില്ല. എയ്‌ഡ്‌സിന്റെ ആരംഭം നീട്ടിവെയ്‌ക്കാം എന്നുമാത്രം. ഈ ദുസ്ഥിതിയ്‌ക്ക്‌ പരിഹാരമാകാന്‍ ജീന്‍തെറാപ്പി സഹായിച്ചേക്കുമെന്നാണ്‌, 'ന്യൂ ഇംഗ്ലണ്ട്‌ ജേര്‍ണല്‍ ഓഫ്‌ മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നത്‌.

ജര്‍മനിയില്‍ കഴിയുന്ന 42-കാരനായ അമേരിക്കക്കാരന്‍ പത്തുവര്‍ഷമായി എച്ച്‌.ഐ.വി.ബാധിതനായിരുന്നു. ബെര്‍ലിനിലാണ്‌ അയാള്‍ ചികിത്സതേടിയത്‌. മരുന്നുകള്‍ കഴിച്ച്‌ വൈറസിനെ അടക്കിനിര്‍ത്തുകയാണ്‌ വര്‍ഷങ്ങളോളം ചെയ്‌തത്‌. എന്നാല്‍, നാലുവര്‍ഷം മുമ്പ്‌ അയാളെ ലുക്കീമിയ കൂടി പിടികൂടി. അങ്ങനെയാണ്‌ രണ്ടുവര്‍ഷം മുമ്പ്‌ അയായ്‌ക്ക്‌ മജ്ജമാറ്റിവെയ്‌ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്‌. മജ്ജമാറ്റിവെച്ച്‌ രണ്ടുവര്‍ഷമായിട്ടും രോഗിയില്‍ എച്ച്‌.ഐ.വി.യോ ലുക്കീമിയയോ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന്‌ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എച്ച്‌.ഐ.വി.പകര്‍ന്നാലും അപൂര്‍വം ചിലരുടെ ശരീരത്തില്‍ അത്‌ പെരുകാറില്ല. വൈറസ്‌ബാധയ്‌ക്ക്‌ എല്ലാ സാധ്യതയുണ്ടായിട്ടും ചില ലൈംഗീകതൊഴിലാളികള്‍ക്ക്‌ വൈറസ്‌ ബാധിക്കാത്ത കാര്യം, 20 വര്‍ഷംമുമ്പ്‌ നെയ്‌റോബിയില്‍ ആരോഗ്യഗവേഷകര്‍ ശ്രദ്ധിച്ചിരുന്നു. 'സി.സി.ആര്‍.5' (CCR5) എന്നൊരു ജീനിന്‌ വ്യതികരണം (മ്യൂട്ടേഷന്‍) സംഭവിച്ചവര്‍ക്കാണ്‌ എച്ച്‌.ഐ.വി.യ്‌ക്കെതിരെ പ്രതിരോധശേഷിയുള്ളതെന്ന്‌ പിന്നീട്‌ വ്യക്തമായി. പാശ്ചാത്യരാജ്യങ്ങളില്‍ ഈ ജനിതകവ്യതികരണമുള്ളവരുടെ സംഖ്യ ഒന്നു മുതല്‍ മൂന്ന്‌ ശതമാനം വരെയാണ്‌.

ബെര്‍ലിനില്‍ ചാരിറ്റെ ഹോസ്‌പിറ്റലിലെ ഡോ. ജെറോ ഹുട്ടറും സംഘവും, 61 പേരെ പരിശോധിച്ചപ്പോള്‍ അതില്‍ ഒരാള്‍ക്ക്‌ ആ സവിശേഷ ജീന്‍വ്യതികരണമുള്ളതായി കണ്ടു. അയാള്‍ മജ്ജമാറ്റിവെയ്‌ക്കലില്‍ സഹകരിക്കാന്‍ തയ്യാറായി. അങ്ങനെയാണ്‌ പത്തുവര്‍ഷമായി എച്ച്‌.ഐ.വി.ബാധിച്ച്‌ ഒടുവില്‍ ലുക്കീമിയ പിടികൂടിയ രോഗിയില്‍ പരീക്ഷണം നടന്നത്‌. ബെര്‍ലിനില്‍ വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്‌ രോഗി. രണ്ടുവര്‍ഷമായി അയാള്‍ തുടര്‍ച്ചയായി പരിശോധനകള്‍ക്ക്‌ വിധേയനാകുന്നു. മജ്ജ, രക്തം, ശരീരകലകള്‍ തുടങ്ങിയവയൊക്കെ പരിശോധിക്കുവെങ്കിലും ഇതുവരെയും എച്ച്‌.ഐ.വി.വീണ്ടും പ്രത്യക്ഷപ്പെട്ടതായി കണ്ടില്ല. അതിനാല്‍ അയാള്‍ക്ക്‌ വൈറസ്‌ പ്രതിരോധ മരുന്നുകളും നല്‍കുന്നില്ല.

സാധാരണഗതിയില്‍ മരുന്ന്‌ നിര്‍ത്തി ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ വൈറസ്‌ വീണ്ടും പ്രത്യക്ഷപ്പെടാറുണ്ട്‌. അതുവെച്ചു നോക്കിയാല്‍, ആദ്യമായാണ്‌ ഒരു എച്ച്‌.ഐ.വി.ബാധിതന്‍ ഇത്രകാലം രോഗാണുമുക്തനായിരിക്കുന്നതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ, അയാള്‍ പൂര്‍ണമായി വൈറസ്‌മുക്തനായി എന്ന്‌ വിധിയെഴുതാനായിട്ടില്ല. കാരണം, തലച്ചോറിലോ കരളിലോ ലസികാവ്യൂഹത്തിലോ വൈറസ്‌ ഒളിച്ചിരിക്കുന്നുണ്ടാകാമെന്ന്‌ ഡോക്ടര്‍മാര്‍ സംശയിക്കുന്നു.

എന്നിരുന്നാലും എച്ച്‌.ഐ.വി.യെ നേരിടുന്നതില്‍ പുതിയൊരു സമീപനം സാധ്യമാണെന്ന്‌ ഈ കേസ്‌ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ട്‌ പറയുന്നു. നിശ്ചിത ജനിതക വ്യതികരണമുള്ളയാളെ മജ്ജമാറ്റിവെയ്‌ക്കലിന്‌ കിട്ടുക പ്രയാസമാണ്‌. അതിനാല്‍ വ്യാപകമായി മജ്ജമാറ്റിവെയ്‌ക്കല്‍ സാധ്യമാകില്ല. പക്ഷേ, ജീന്‍തെറാപ്പിക്ക്‌ നല്ല സാധ്യതയാണ്‌ ഇത്‌ തുറന്നു തരുന്നത്‌. `ആരംഭകാലത്ത്‌ എച്ച്‌.ഐ.വി. ഒരു തരത്തിലുള്ള ചികിത്സയ്‌ക്കും വഴങ്ങില്ലായിരുന്നു. ഇന്ന്‌ സ്ഥിതി മാറി. ഞങ്ങള്‍ നടത്തിയ ചികിത്സ ഭാവിപ്രതീക്ഷയുടെ അഗ്രമാണ്‌`-ഡോ. ഹുട്ടര്‍ പറയുന്നു.

Friday, February 13, 2009

മാറുന്ന പ്രപഞ്ചസങ്കല്‍പ്പം

പാലക്കാട്‌ വിക്ടോറിയ കോളേജില്‍ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 46-ാം വാര്‍ഷികസമ്മേളനത്തില്‍ (2009 ഫിബ്ര.13-15) ഡോ.താണു പത്മനാഭന്‍ നടത്തിയ ഉദ്‌ഘാടനപ്രഭാഷണത്തെ ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌.

ചരിത്രാതീതകാലം മുതല്‍ മനുഷ്യനെ ഭ്രമിപ്പിക്കുകയും ആകര്‍ഷിക്കുകയും ജിജ്ഞാസുവാക്കുകയും ചെയ്‌തതാണ്‌ പ്രപഞ്ചം. പ്രപഞ്ചത്തെ സംബന്ധിച്ച ഒട്ടേറെ മാതൃകകള്‍ ഓരോ കാലഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അതില്‍ ഏറ്റവും ഇങ്ങേയറ്റത്തുള്ളതിനെ ഒറ്റ വാക്യത്തില്‍ ഒതുക്കാം: `ഭൂമി ഒന്നിന്റെയും കേന്ദ്രമല്ല, എന്നാല്‍ എല്ലാറ്റിന്റെയും കേന്ദ്രമാണ്‌`. ഈ സങ്കല്‍പ്പിത്തിലേക്കെത്താന്‍ മനുഷ്യന്‌ കാലവും ഒട്ടേറെ കടമ്പകളും കടക്കേണ്ടതുണ്ടായിരുന്നു. നാഴികക്കല്ലുകളെ പിന്നിടേണ്ടതുണ്ടായിരുന്നു. തെറ്റുകളില്‍ നിന്ന്‌ ശരികളിലേക്കും ശരികളില്‍ നിന്ന്‌ കൂടുതല്‍ ശരികളിലേക്കും വരേണ്ടതുണ്ടായിരുന്നു. മുന്നേറ്റത്തില്‍നിന്ന്‌ പ്രതിസന്ധിയും, പ്രതിസന്ധിയില്‍ നിന്ന്‌ മുന്നേറ്റവുമുണ്ടാക്കുന്ന ശാസ്‌ത്രത്തിന്റെ രീതി സ്വായത്തമാക്കേണ്ടതുണ്ടായിരുന്നു. ഭരണാധിപന്‍മാരെ പിന്‍പറ്റിയും മതസങ്കല്‍പ്പങ്ങളോട്‌ പടവെട്ടിയുമാണ്‌ പ്രപഞ്ചസങ്കല്‍പ്പം വളര്‍ന്നത്‌.

ടോളമി, കോപ്പര്‍നിക്കസ്‌, ടൈക്കോ ബ്രാഹെ, ജോഹാന്നസ്‌ കെപ്ലാര്‍, ഗലീലിയോ, ഐസക്‌ ന്യൂട്ടണ്‍, ജയിംസ്‌ ക്ലാര്‍ക്ക്‌ മാക്‌സ്‌വെല്‍, ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈന്‍ തുടങ്ങിയവരിലൂടെ വികസിച്ചുവന്ന പ്രപഞ്ചസങ്കല്‍പ്പം, ഇന്ന്‌ വെറുമൊരു സങ്കല്‍പ്പം മാത്രമല്ല. പ്രപഞ്ചസിദ്ധാന്തങ്ങള്‍ പരീക്ഷണങ്ങളിലൂടെ പരീക്ഷിച്ചും നിരീക്ഷിച്ചും തീര്‍പ്പുകളിലെത്താവുന്ന തരത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കാര്യങ്ങള്‍ മാറിയിരിക്കുന്നു. അതിനാവശ്യമായ സാങ്കേതിക മുന്നേറ്റം ഉണ്ടായിരിക്കുന്നു. ഇന്ന്‌ പ്രപഞ്ചത്തെപ്പറ്റി പറയുന്ന വസ്‌തുതകളൊന്നും സങ്കല്‍പ്പങ്ങളോ അഭ്യൂഹങ്ങളോ അല്ല, നിരീക്ഷിച്ചറിഞ്ഞ വസ്‌തുതകളാണ്‌.

പ്രപഞ്ചത്തില്‍ വെറും നാല്‌ ശതമാനം മാത്രമേ ദൃശ്യദ്രവ്യം ഉള്ളൂ എന്നും, 26 ശതമാനം ശ്യാമദ്രവ്യവും 70 ശതമാനം ശ്യാമോര്‍ജവുമാണെന്നത്‌ നിരീക്ഷണങ്ങളിലൂടെ അറിഞ്ഞ വസ്‌തുതയാണ്‌. അടുത്ത പതിനഞ്ച്‌ വര്‍ഷത്തിനകം ശ്യാമദ്രവ്യം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ്‌ കരുതുന്നത്‌. അതിന്റെ നിഗൂഢത അതോടെ ചുരുളഴിയും. പത്തോ പതിനഞ്ചോ വര്‍ഷത്തിന്‌ ശേഷമാണ്‌ പ്രപഞ്ച സങ്കല്‍പ്പത്തെക്കുറിച്ച്‌ ഇത്തരമൊരു വേദിയില്‍ സംസാരിക്കേണ്ടി വരുന്നതെങ്കില്‍, തികച്ചും വ്യത്യസ്‌തമായ ചിത്രമാകും ഒരുപക്ഷേ അന്ന്‌ മുന്നോട്ട്‌ വെയ്‌ക്കാന്‍ കഴിയുക.

'മാറുന്ന പ്രപഞ്ചസങ്കല്‍പ്പം' എന്ന വിഷയത്തില്‍ ഡോ. താണു പത്മനാഭന്‍ നടത്തിയ പ്രഭാഷണത്തെ വേണമെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്ന്‌ ഖണ്ഡികകളായി ചുരുക്കാം. പക്ഷേ, അതുകൊണ്ട്‌ പ്രഭാഷണത്തിന്റെ റിപ്പോര്‍ട്ട്‌ പൂര്‍ണമാകില്ല. പ്രപഞ്ചസങ്കല്‍പ്പമായിരുന്നു വിഷയമെങ്കിലും, അത്‌ സരളവും ലളിതവുമായി വിവരിച്ചു പോകുന്നതിനിടെ, ആധുനികശാസ്‌ത്രത്തിന്റെ ചരിത്രത്തിലൂടെ തന്നെയാണ്‌ വിഖ്യാതനായ ആ ശാസ്‌ത്രജ്ഞന്‍ സഞ്ചരിച്ചത്‌. ഒപ്പം ശാസ്‌ത്രത്തിന്റെ രീതികളും ചട്ടങ്ങളും നര്‍മംതികഞ്ഞ പരാമര്‍ശങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ടു. മാറ്റമില്ലാതെ തുടരുകയെന്നത്‌ ശാസ്‌ത്രത്തിന്റെ വഴിയല്ലെന്നും, ശാസ്‌ത്രാന്വേഷണം എപ്പോഴും ചലനാത്മകമായിരിക്കണമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

യഥാര്‍ഥ ശാസ്‌ത്രപുരോഗതി സാധ്യമാകാന്‍ സമൂഹത്തിന്‌ ശാസ്‌ത്രീയ മനോഭാവം വേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രഭാഷണത്തിന്റെ തുടക്കം. അവിടെ നിന്ന്‌ വാക്കുകളിലൂടെ അദ്ദേഹം പുരാതന സംസ്‌ക്കാരങ്ങളുടെ കാലത്ത്‌ മനുഷ്യന്‍ പ്രപഞ്ചത്തെ ആകാംക്ഷയോടെയും അത്ഭുതത്തോടെയും നിരീക്ഷിച്ചിരുന്നത്‌ എങ്ങനെയെന്നതിലേക്ക്‌ സഞ്ചരിച്ചു. `എല്ലാ പുരാതന സമൂഹങ്ങളും സ്വര്‍ഗത്തെ (ആകാശത്തെ) സംബന്ധിച്ച്‌ ജിജ്ഞാസയുള്ളവരായിരുന്നു. ആകാശത്ത്‌ നോക്കി അത്ഭുതംകൂറാത്ത ഒരു സമൂഹവുമില്ല`. എന്താണ്‌ ആകാശത്ത്‌ സംഭവിക്കുന്നത്‌? അറിയില്ല. അതിനാല്‍ ''എല്ലാറ്റിനും അവര്‍ ദൈവികമായ പരിവേഷം നല്‍കി. ഒരു പ്രാചീന ജനസമൂഹവും ഇതില്‍നിന്ന്‌ വ്യത്യസ്‌തരല്ലായിരുന്നു`.

പ്രപഞ്ചത്തെ സംബന്ധിച്ച്‌ അത്ഭുതപ്പെടുക എന്നതല്ലാതെ, എങ്ങനെയാണ്‌ പ്രപഞ്ചം എന്നതിന്‌ ഒരു മാതൃക ആദ്യം അവതരിപ്പിച്ചത്‌ ടോളമിയായിരുന്നു. അദ്ദേഹത്തിന്റെ 'ഭൗമകേന്ദ്രിതസിദ്ധാന്തം' അനുസരിച്ച്‌ ഭൂമിയായിരുന്നു പ്രപഞ്ചകേന്ദ്രം. മനുഷ്യവിജ്ഞാനത്തിന്റെ അന്നത്തെ അതിരുകള്‍വെച്ചുനോക്കിയാല്‍, വലിയൊരു പുരോഗതിയാണ്‌ ടോളമിയുടെ പ്രപഞ്ചസങ്കല്‍പ്പത്തിലൂടെ സംഭവിച്ചത്‌. ഒന്നര സഹസ്രാബ്ദം മാറ്റമില്ലാതെ നിലനിന്ന ടോളമിയുടെ പ്രപഞ്ചസങ്കല്‍പ്പത്തിന്‌ ഉലച്ചില്‍ തട്ടുന്നത്‌ കോപ്പര്‍നിക്കസ്‌ (1473-1543) പുതിയ പ്രപഞ്ചമാതൃകയുമായി എത്തുന്നതോടെയാണ്‌. ഭൂമിയല്ല, സൂര്യനാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ വാദിക്കുന്ന 'സൗരകേന്ദ്രിത സിദ്ധാന്ത'മായിരുന്നു കോപ്പര്‍നിക്കസിന്റെ സംഭാവന. ചരിത്രത്തിലാദ്യമായി പൊതുസമൂഹം, പ്രത്യേകിച്ചും മതസമൂഹം, ശാസ്‌ത്രവുമായി സംഘര്‍ഷത്തിലാകുന്ന ഘട്ടമായിരുന്നു അത്‌.

പിന്നീട്‌ വന്ന രണ്ടുപേര്‍-ടൈക്കോ ബ്രാഹെ (1546-1601), ജോഹാന്നസ്‌ കെപ്ലാര്‍ (1571-1630)-നിരീക്ഷണത്തിന്റെയും ഗണിതവത്‌ക്കരണത്തിന്റെയും സഹായത്തോടെ പ്രപഞ്ചസങ്കല്‍പ്പങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചു. രാജാക്കന്‍മാരുടെ പിന്‍ബലമില്ലാതെ ശാസ്‌ത്രഗവേഷണം അക്കാലത്ത്‌ അസാധ്യമായിരുന്നു എന്നതിന്‌ ഏറ്റവും മുന്തിയ ഉദാഹരണമാണ്‌ ഡാനിഷ്‌ വാനശാസ്‌ത്രജ്ഞനായിരുന്ന ബ്രാഹെയുടെ ഗവേഷണവും ജീവിതവും. ചെറിയച്ഛന്‍ തട്ടിക്കൊണ്ടുപോയി പഠിപ്പിച്ച്‌ വളര്‍ത്തിയതാണ്‌ ആ ശാസ്‌ത്രജ്ഞെനെ. ഡെന്‍മാര്‍ക്കിലെ ഫ്രെഡറിക്‌ രണ്ടാമന്‍ രാജാവ്‌ വിട്ടുകൊടുത്ത ദ്വീപ്‌ അദ്ദേഹം അന്ന്‌ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാനനിരീക്ഷണകേന്ദ്രമാക്കി മാറ്റി. ടെലസ്‌കോപ്പിന്‌ മുമ്പുള്ള കാലമായിരുന്നു അത്‌.

ബ്രാഹെയുടെ വാനനിരീക്ഷണഫലങ്ങളെ അടിസ്ഥാനമാക്കിയാണ്‌ കെപ്ലാര്‍ ഗ്രഹചലനത്തെ സംബന്ധിച്ച സുപ്രധാനമായ മൂന്ന്‌ നിയമങ്ങള്‍ രൂപപ്പെടുത്തിയത്‌. പ്രപഞ്ചത്തെ സംബന്ധിച്ച ഗൗരവതരവും ശാസ്‌ത്രീയവുമായ ആദ്യകണ്ടെത്തലായിരുന്നു കെപ്ലാറുടെ നിയമങ്ങള്‍ എന്നുപറഞ്ഞാല്‍ തെറ്റില്ല. പ്രപഞ്ചം കുറ്റമറ്റതാണ്‌ എന്ന ഗ്രീക്ക്‌ സങ്കല്‍പ്പത്തിന്‌ ക്ഷതമേല്‍ക്കുന്നതായിരുന്നു കെപ്ലാറുടെ നിയമങ്ങള്‍. അദ്ദേഹത്തിന്റെ നിയമം അനുസരിച്ച്‌ ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നത്‌ കുറ്റമറ്റ വൃത്തപഥത്തിലല്ല, മറിച്ച്‌ വാര്‍ത്തുള ഭ്രമണപഥത്തിലാണ്‌. കെപ്ലാറുടെ കാലത്ത്‌ തന്നെയാണ്‌ ശാസ്‌ത്രചരിത്രത്തിലെ മഹാരഥന്‍മാരിലൊരാളായ ഗലീലിയോ (1564-1642) ജീവിച്ചിരുന്നതും. അദ്ദേഹം ടെലസ്‌കോപ്പ്‌ ഉപയോഗിച്ച്‌ നോക്കിയപ്പോള്‍ ചന്ദ്രപ്രതലം കുറ്റമറ്റതല്ല, കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന്‌ കണ്ടു. ശുക്രന്‌ വൃദ്ധിക്ഷയങ്ങളുണ്ടെന്ന്‌ അദ്ദേഹം മനസിലാക്കി. ആകാശം മാറ്റമില്ലാത്തതും കുറ്റമറ്റതുമാണെന്ന്‌ പ്രാചീനസങ്കല്‍പ്പത്തിന്‌ ഉലച്ചില്‍ തട്ടുകയായിരുന്നു.

ഇവരുടെ തുടര്‍ച്ചയായാണ്‌ ന്യൂട്ടന്റെ (1642-1727) രംഗപ്രവേശം. പ്രപഞ്ചത്തെ സംബന്ധിച്ച മൗലീകമായ ചില പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തിയത്‌ ന്യൂട്ടനാണ്‌. ആപ്പിള്‍ താഴേക്ക്‌ വീഴുന്നത്‌ എല്ലാവരും കണ്ടിരിക്കണം. വസ്‌തുക്കള്‍ താഴെ വീഴുക തന്നെ ചെയ്യുമെന്നറിയാത്ത ഒരു സമൂഹവും ചരിത്രത്തിലുണ്ടാവില്ല. പക്ഷേ, എന്തുകൊണ്ട്‌ വസ്‌തുക്കള്‍ താഴെ വീഴുന്നു എന്ന്‌ ചിന്തിച്ചിടത്താണ്‌, അതിന്‌ ഉത്തരം കണ്ടെത്തിയിടത്താണ്‌ ന്യൂട്ടന്റെ പ്രതിഭ. ഗുരുത്വാകര്‍ഷണമെന്നൊരു ബലമുണ്ടെന്നും, ആപ്പിള്‍ താഴെ വീഴുന്നതിന്‌ പിന്നിലും ഭൂമി സൂര്യന്‌ ചുറ്റും കറങ്ങുന്നതിന്‌ പിന്നിലും ഒരേ ബലം തന്നെയാണെന്ന്‌ പ്രവര്‍ത്തിക്കുന്നതെന്നും മനസിലാക്കിയിടത്താണ്‌ ന്യൂട്ടന്റെ വിജയം. ഭൂമിയിലെ നിയമങ്ങള്‍ തന്നെയാണ്‌ ആകാശത്തും കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്ന്‌ ആദ്യമായി ലോകം മനസിലാക്കുകയായിരുന്നു. ആകാശത്തെയും ഭൂമിയിലെയും നിയമങ്ങള്‍ ഏകീകരിക്കുകയാണ്‌ ന്യൂട്ടണ്‍ ചെയ്‌തതെന്ന്‌ മറ്റൊരര്‍ഥത്തില്‍ പറയാം.

ശാസ്‌ത്രചരിത്രത്തില്‍ സുപ്രധാനമായ മറ്റൊരു ഏകീകരണം നടത്തിയത്‌ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജയിംസ്‌ ക്ലാര്‍ക്ക്‌ മാക്‌സ്‌വെല്‍ (1831-1879) ആണ്‌. വൈദ്യുതകാന്തികതയെയും പ്രകാശത്തെയും അദ്ദേഹം ഏകീകരിച്ചു. പ്രകാശം വൈദ്യുതകാന്തികതരംഗങ്ങളാണെന്ന്‌ അദ്ദേഹം ഗണിത സമീകരണത്തിലൂടെ സ്ഥാപിച്ചു. അത്തരമൊരു മുന്നേറ്റമുണ്ടായപ്പോള്‍, പ്രകാശത്തിന്റെ സ്വഭാവം സംബന്ധിച്ച്‌ ഒരു പ്രതിസന്ധി ഉടലെടുത്തു. ആ പ്രതിസന്ധി മറികടക്കാന്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്‍ (1879-1955) രംഗത്തെത്തേണ്ടതുണ്ടായിരുന്നു. പ്രതിസന്ധി, അത്‌ മറികടക്കാന്‍ പുതിയൊരു മുന്നേറ്റം, പുതിയ മുന്നേറ്റം പിന്നെയും മറ്റൊരു പ്രതിസന്ധി കൊണ്ടുവരുന്നു-അങ്ങനെയാണ്‌ ശാസ്‌ത്രം പുരോഗമിക്കുന്നത്‌.

(ഗലീലിയോ മരിച്ചതും ന്യൂട്ടന്‍ ജനിച്ചതും 1642-ല്‍, മാക്‌സ്‌വെല്‍ മരിച്ചതും ഐന്‍സ്‌റ്റൈന്‍ പിറന്നതും 1879-ല്‍. ശാസ്‌ത്രചരിത്രത്തിലെ ശരിക്കുള്ള തുടര്‍ച്ച തന്നെ -ലേഖകന്‍).

1905-ല്‍ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഐന്‍സ്റ്റൈന്‍ പ്രകാശത്തിന്റെ സ്വാഭാവം പുനര്‍നിര്‍ണയിച്ചു. പ്രപഞ്ചത്തില്‍ ഒന്നിനും പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാവില്ല എന്നതായിരുന്നു കണ്ടെത്തല്‍. പക്ഷേ, അപ്പോള്‍ ഒരു പ്രശ്‌നം. അത്‌ ന്യൂട്ടണ്‍ പറഞ്ഞതുമായി യോജിക്കുന്നില്ല. സൂര്യന്‍ ഈ നിമിഷം ഇല്ലാതായാല്‍ ഭൂമിയില്‍ അക്കാര്യം അറിയുക എട്ടു മിനിറ്റ്‌ കഴിഞ്ഞായിരിക്കും. കാരണം പ്രകാശത്തിന്‌ സൂര്യനില്‍നിന്ന്‌ ഇവിടെയെത്താന്‍ അത്രയും സമയം വേണം. അങ്ങനെയെങ്കില്‍ ഭൂമിക്ക്‌ മേലുള്ള സൂര്യന്റെ 'ഗുരുത്വാകര്‍ഷണ പിടി' എപ്പോള്‍ പോകും. ന്യൂട്ടന്റെ സിദ്ധാന്തം അനുസരിച്ചാണെങ്കില്‍ ഉടന്‍ തന്നെ അത്‌ സംഭവിക്കം, എട്ടുമിനിറ്റ്‌ കഴിയില്ല. അപ്പോള്‍ ഗുരുത്വാകര്‍ഷണബലം പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുമെന്നാണോ. അങ്ങനെയെങ്കില്‍ ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തം തെറ്റല്ലേ. അവിടെ ഐന്‍സ്‌റ്റൈന്‌ ഗുരുത്വാകര്‍ഷം എന്തെന്ന്‌ പുനര്‍നിര്‍ണയം ചെയ്യേണ്ടി വന്നു. പത്തുവര്‍ഷം കഴിഞ്ഞ്‌ പുറത്ത്‌ വന്ന സാമാന്യആപേക്ഷികതാ സിദ്ധാന്തം അതാണ്‌. ഗുരുത്വാകര്‍ഷണം ഐന്‍സ്റ്റൈന്‍ പുനര്‍നിര്‍വചിച്ചപ്പോള്‍, അന്നുവരെയുണ്ടായിരുന്ന പ്രപഞ്ചസങ്കല്‍പ്പം അടിമുടി മാറി.

പത്തുകിലോയും അഞ്ചുകിലോയുമുള്ള വസ്‌തുക്കള്‍ താഴേയ്‌ക്കിട്ടാല്‍, ഭാരം പ്രശ്‌നമല്ല, അവ രണ്ടും ഒരേ സമയത്ത്‌ നിലംപതിക്കും. ഗലീലിയോ തെളിയിച്ചതാണിത്‌. അന്നുമുതല്‍ ആര്‍ക്കും ഇതില്‍ തര്‍ക്കമില്ല. പക്ഷേ, എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിക്കുന്നു. ഭാരം രണ്ടായിട്ടും ഇരുവസ്‌തുക്കളും എന്തുകൊണ്ട്‌ ഒരേസമയം നിലംപതിക്കുന്നു എന്ന മൗലികചിന്തയിലാണ്‌ ഐന്‍സ്റ്റൈന്റെ പ്രതിഭ കുടികൊള്ളുന്നത്‌. അക്കാര്യം വിശദീകരിക്കാന്‍ അദ്ദേഹം സ്ഥലകാലത്തിലെ വക്രതയായി ഗുരുത്വാകര്‍ഷണത്തെ പുനര്‍നിര്‍വചിച്ചു. ബുധന്റെ ഭ്രമണപഥത്തിനുണ്ടായിരുന്ന 'വൈകല്യം' ന്യൂട്ടനെ കബളിപ്പിച്ചതാണ്‌. ഐന്‍സ്റ്റൈന്റെ സിദ്ധാന്തത്തിന്‌ മുന്നില്‍ അത്‌ വഴങ്ങി.

ഗുരുത്വാകര്‍ഷണബലത്തിന്റെ പുനര്‍നിര്‍വചനം മാത്രമായിരുന്നില്ല ഐന്‍സ്റ്റൈന്‍ നടത്തിയത്‌. മുഴുവന്‍ പ്രപഞ്ചത്തിന്റെയും സ്വഭാവമാണ്‌ തന്റെ സിദ്ധാന്തത്തിലൂടെ ഐന്‍സ്റ്റൈന്‍ പുനര്‍നിര്‍ണയിച്ചത്‌. ഒരുകൂട്ടം സൂത്രവാക്യങ്ങള്‍ ഐന്‍സ്റ്റൈന്‌ മുന്നില്‍ തെളിഞ്ഞു. അതിലൂടെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം അമ്പരപ്പോടെ മനസിലാക്കി. മനുഷ്യന്റെ മുഴുവന്‍ നാഗരികതയെടുത്താലും അതിലെ ഏറ്റവും മഹനീയമായ നിമിഷമായിരിക്കണം അത്‌. തനിക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു എന്ന്‌ ഐന്‍സ്റ്റൈന്‍ കരുതി. ആ തെറ്റ്‌ തിരുത്താന്‍ ഒരു സ്ഥിരാംങ്കം അദ്ദേഹം ഉള്‍പ്പെടുത്തി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്ന്‌ പിന്നീട്‌ ആ സ്ഥിരാങ്കത്തെ അദ്ദേഹം വിശേഷിപ്പിച്ചു.

വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം. വെറും നാല്‌ ശതമാനം മാത്രം ദൃശ്യദ്രവ്യമുള്ള പ്രപഞ്ചം. 26 ശതമാനത്തോളം നിഗൂഢമായ
ശ്യാമദ്രവ്യവും , 70 ശതമാനം അതിനിഗൂഢമായ ശ്യാമോര്‍ജവുമടങ്ങിയ പ്രപഞ്ചം. സൂക്ഷ്‌്‌മകണങ്ങളാണ്‌ ശ്യാമദ്രവ്യത്തിന്റെ ഘടകങ്ങള്‍ എന്നാണ്‌ കരുതുന്നത്‌. ഗാലക്‌സികളെ ഇന്നത്തെ നിലയ്‌ക്ക്‌ നിലനിര്‍ത്തുന്ന ആ നിഗൂഢദ്രവ്യരൂപം അടുത്ത പത്തോ പതിനഞ്ചോ വര്‍ഷത്തിനകം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ടേക്കാം. അതോടെ അതിന്റെ നിഗൂഢത ചുരുളഴിയും. ദ്രവാവസ്ഥപോലുള്ള എന്തോ ഒരു ഊര്‍ജരൂപം, പ്രപഞ്ചത്തെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാലകശക്തി, അതാണ്‌ ശ്യാമോര്‍ജം. വിപരീതസമ്മര്‍ദമാണ്‌ അത്‌ പ്രപഞ്ചത്തില്‍ ഏല്‍പ്പിക്കുന്നത്‌. ഈ നിഗൂഢതകള്‍ ചുരുളഴിയുന്നതോടെ, ഭൗതികശാസ്‌ത്രം ഏറെക്കാലമായി കാക്കുന്ന ഏകീകൃതസിദ്ധാന്തം സാധ്യമാകും.

പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുവരെ പ്രപഞ്ചത്തെ സംബന്ധിച്ച കാര്യങ്ങള്‍ സങ്കല്‍പ്പങ്ങളോ സിദ്ധാന്തങ്ങളോ മാത്രമായിരുന്നെങ്കില്‍, ഇന്ന്‌ സ്ഥിതി മാറിയിരിക്കുന്നു. ആധുനിക പ്രപഞ്ചസങ്കല്‍പ്പത്തെക്കുറിച്ച്‌ ഇന്ന്‌ പറയുന്ന കാര്യങ്ങളൊക്കെ നിരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിലൂള്ളതാണ്‌. പരിഹരിക്കാന്‍ പ്രശ്‌നങ്ങളുണ്ട്‌, അതില്ലെങ്കില്‍ ശാസ്‌ത്രമില്ല. ഒരുകാലത്ത്‌ ഭൂമിയായിരുന്നു മനുഷ്യന്റെ സങ്കല്‍പ്പത്തിലെ പ്രപഞ്ചകേന്ദ്രം. പിന്നീടത്‌ മാറി. ഇന്ന്‌ ചിത്രം മറ്റൊന്നാണ്‌. ഭൂമി സൂര്യനെ ചുറ്റുന്നുവെങ്കില്‍ സൂര്യന്‍ ആകാശഗംഗയുടെ കേന്ദ്രത്തെ ചുറ്റുകയാണ്‌. ആകാശഗംഗ ഒന്നോടെ ഭ്രമണം ചെയ്യുന്നു. പ്രപഞ്ചവികാസം മൂലം, ഗാലക്‌സികള്‍ പരസ്‌പരം അകലുന്നു. നമ്മള്‍ എങ്ങോട്ട്‌ നോക്കിയാലും പ്രപഞ്ചം ഒരേപോലെ കാണപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍, "ഭൂമി ഒന്നിന്റെയും കേന്ദ്രമല്ല, അതേസമയം എല്ലാറ്റിന്റെയും കേന്ദ്രമാണ്‌". ഇതാണ്‌ നിലവില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ പ്രപഞ്ചസങ്കല്‍പ്പം.

വാല്‍ക്കഷണം: "കോമണ്‍സെന്‍സ്‌ ഉണ്ടെങ്കില്‍ നല്ല ശാസ്‌ത്രജ്ഞനാവുക ബുദ്ധിമുട്ടാണ്‌. വലിയ പ്രതിഭകള്‍ക്കൊക്കെ കോമണ്‍സെന്‍സ്‌ കുറവായിരുന്നു എന്നുകാണാം"-പതിനെട്ട്‌ വയസ്സുവരെ ഒരാളുടെ തലയില്‍ കയറിപ്പറ്റുന്ന മുന്‍വിധികളുടെ പേരാണ്‌ കോമണ്‍സെന്‍സ്‌ എന്ന്‌ ഐന്‍സ്‌റ്റൈന്‍ പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ട്‌ ഡോ. താണു പത്മനാഭന്‍.

ഡോ. താണു പത്മനാഭന്‍: ലോകപ്രശസ്‌തനായ കോസ്‌മോളജിസ്‌റ്റ്‌. 1957 മാര്‍ച്ച്‌ 10-ന്‌ തിരുവനന്തപുരത്ത്‌ ജനിച്ച അദ്ദേഹം ബിരുദവും ബിരൂദാനന്തരബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന്‌ നേടിയ ശേഷം, മുംബൈയില്‍ ടാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ (TIFR) നിന്ന്‌ ഗവേഷണബിരുദം കരസ്ഥമാക്കി. ബ്രിട്ടനില്‍ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ ഇസ്റ്റിട്ട്യൂട്ട്‌ ഓഫ്‌ അസ്‌ട്രോണമിയില്‍ നിന്ന്‌ പോസ്‌റ്റ്‌ ഡോക്ടറര്‍ ഗവേഷണം പൂര്‍ത്തിയാക്കിയ പത്മനാഭന്‍, ഇപ്പോള്‍ പൂണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ്‌ അസ്‌ട്രോഫിസിക്‌സില്‍ ശാസ്‌ത്രജ്ഞനാണ്‌. ശാന്തി സ്വരൂപ്‌ ഭട്‌നഗര്‍ അവാര്‍ഡ്‌ (1996), സി.എസ്‌.ഐ.ആറിന്റെ മില്ലിനിയം മെഡല്‍, ജി.ഡി. ബിര്‍ല അവാര്‍ഡ്‌ ഫോര്‍ സയന്റിഫിക്‌ റിസര്‍ച്ച്‌ (2003), പത്മശ്രീ (2007), ജെ.സി.ബോസ്‌ ഫെലോഷിപ്പ്‌ (2008) തുടങ്ങി ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.

Thursday, February 12, 2009

സമാനതകളില്ലാതെ ഡാര്‍വിന്‍

ചാള്‍സ്‌ ഡാര്‍വിന്‍ ജനിച്ചിട്ട്‌ ഇന്ന്‌ ഇരുന്നൂറ്‌ വര്‍ഷം തികയുന്നു. വിഖ്യാതമായ തന്റെ സമുദ്രപര്യടനത്തിനിടെ ജീവലോകത്തെ പരസ്‌പരബന്ധത്തെക്കുറിച്ച്‌ ഡാര്‍വിന്റെ മനസില്‍ പതിഞ്ഞ നേരിയ വെളിച്ചം, ഇപ്പോള്‍ ശാസ്‌ത്രലോകത്തെയാകെ നയിക്കുന്ന വെള്ളിവെളിച്ചമായി മാറിയിരിക്കുന്നു. സമാനതകളില്ലാത്ത ഒരു പ്രതിഭാസമാണ്‌ ഡാര്‍വിന്‍. എന്നിട്ടും ആ മഹാശാസ്‌ത്രജ്ഞനെയും അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയും വിവാദം വിട്ടൊഴിയുന്നില്ല.

വലിയ സിദ്ധാന്തങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചേക്കാമെന്ന കാര്യം ഏറ്റവും ശരിയാവുക ഒരുപക്ഷേ, ചാള്‍സ്‌ ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച പരിണാമസിദ്ധാന്തത്തിന്റെ കാര്യത്തിലാകും. ജീവലോകത്തിന്റെ അടിസ്ഥാനബന്ധത്തെപ്പറ്റി ആവിഷ്‌ക്കരിച്ച ആ സിദ്ധാന്തത്തെ, ഡാര്‍വിന്‍ ജനിച്ചിച്ച്‌ 200 വര്‍ഷം തികയുമ്പോഴും വിവാദം വിട്ടൊഴിഞ്ഞിട്ടില്ല. ഇന്നത്തെ നിലയ്‌ക്ക്‌ അത്‌ ഉടനെയൊന്നും കെട്ടടങ്ങുന്ന മട്ടുമില്ല. തനിക്ക്‌ 50 വയസ്സുള്ളപ്പോള്‍ ഡാര്‍വിന്‍ വെളിപ്പെടുത്തിയ ആ സിദ്ധാന്തം പക്ഷേ, എല്ലാ വിവാദങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച്‌ ശാസ്‌ത്രത്തിലെ ഏറ്റവും വലിയ ചാലകശക്തിയായി ഇന്ന്‌ മാറിയിരിക്കുന്നു എന്നതാണ്‌ വാസ്‌തവം. അതുകൊണ്ടാണ്‌ ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും പരിണാമസിദ്ധാന്തത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും ശാസ്‌ത്രലോകം അത്യുത്സാഹപൂര്‍വം ആഘോഷിക്കുന്നത്‌.

ഇരുന്നൂറ്‌ വര്‍ഷം മുമ്പ്‌ ഇതേ ദിവസമാണ്‌ (1809 ഫിബ്രവരി 12-ന്‌) ചാള്‍സ്‌ റോബര്‍ട്ട്‌ ഡാര്‍വിന്‍ ജനിച്ചത്‌; ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബറിയില്‍ ഒരു സമ്പന്ന കുടുംബത്തില്‍. (മറ്റൊരു യുഗസൃഷ്ടാവായ എബ്രഹാം ലിങ്കണ്‍ അത്‌ലാന്റിക്കിന്‌ മറുകരെ കെന്റക്കിയില്‍ ജനിച്ചതും ഇതേ ദിവസമാണ്‌). ഡോക്ടറായ റോബര്‍ട്ട്‌ ഡാര്‍വിന്‍ ആയിരുന്നു പിതാവ്‌. ഡാര്‍വിന്‌ വെറും എട്ടു വയസ്സുള്ളപ്പോള്‍ അമ്മ ജൊസിയ വെഡ്‌ജ്‌വുഡ്‌ മരിച്ചു. തന്നെപ്പോലെ മകനും ഡോക്ടറാകണമെന്നായിരുന്നു റോബര്‍ട്ട്‌ ഡാര്‍വിന്റെ ആഗ്രഹം. മകന്‌ വിധി കരുതിവെച്ചത്‌ പക്ഷേ, പ്രകൃതിപഠനമായിരുന്നു; അതും നിയമപഠനവും വൈദികപഠനവും പരാജയപ്പെട്ടതിന്‌ ശേഷം.

ഡാര്‍വിന്‍ ജനിക്കുമ്പോള്‍ ലോകം വളരെ വ്യത്യസ്‌തമായിരുന്നു. ഭൂമിക്ക്‌ പ്രായം വെറും 6000 വര്‍ഷം മാത്രമെന്നായിരുന്നു ധാരണ. ആറ്റങ്ങളെ സംബന്ധിച്ച ആധുനികസിദ്ധാന്തത്തിന്‌ വെറും ആറ്‌ വയസ്സ്‌ മാത്രം പഴക്കം. പ്രകൃതി നിറയെ അത്ഭുതങ്ങളായിരുന്നു. ജീവലോകം ഏറ്റവും വലിയ അത്ഭുതം. എല്ലാറ്റിനും പിന്നില്‍ ഒരു അദൃശ്യശക്തിയുടെ സാന്നിധ്യമുണ്ടെന്നത്‌ കാലങ്ങളായുള്ള വിശ്വാസമായിരുന്നു. പ്രകൃതി മുഴുവന്‍ നിയന്ത്രിക്കപ്പെടുന്നത്‌ ദൈവത്തിന്റെ നിയമത്താലാണെന്നത്‌ അംഗീകൃത വസ്‌തുതയായി നിലകൊണ്ടു. കാലങ്ങളായുള്ള ആ വിശ്വാസപ്രമാണത്തെയാണ്‌ ഡാര്‍വിന്‌ വെല്ലുവിളിക്കേണ്ടിയിരുന്നത്‌. 1859-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'ജീവജാതികളുടെ ഉത്ഭവം' എന്ന, ഇന്നും 'വിറ്റുതീരാത്ത' ഗ്രന്ഥത്തില്‍, ആ വെല്ലുവിളി അദ്ദേഹം ഉയര്‍ത്തി. 'പ്രകൃതിനിര്‍ധാരണ'ത്തെ അടിസ്ഥാനമാക്കിയുള്ള പരിണാമസിദ്ധാന്തമായിരുന്നു ആ വെല്ലുവിളി. പ്രകൃതി പ്രവര്‍ത്തിക്കുന്നത്‌ പ്രകൃതിയുടെ തന്നെ നിയമങ്ങളാലാണെന്നും അതിന്‌ അദൃശ്യശക്തിയുടെ പിന്‍ബലം വേണ്ടെന്നും ആ സിദ്ധാന്തം അടിവരയിട്ടുറപ്പിച്ചു.

ഒറ്റത്തവണയേ ഡാര്‍വിന്‍ ഇംഗ്ലണ്ടിന്‌ പുറത്ത്‌ പോയിട്ടുള്ളു. അത്‌ എച്ച്‌.എം.എസ്‌.ബീഗിള്‍ എന്ന കപ്പലില്‍ നടത്തിയ സമുദ്രയാത്രയാണ്‌. ശാസ്‌ത്രചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ പര്യടനം. 1831-ല്‍ തുടങ്ങി അഞ്ചുവര്‍ഷവും രണ്ട്‌ ദിവസവും നീണ്ട യാത്ര പര്യവസാനിക്കുമ്പോള്‍ ഡാര്‍വിന്റെ പക്കല്‍ 368 പേജ്‌ ജന്തുശാസ്‌ത്രകുറിപ്പുകളും 1383 പേജ്‌ ഭൗമശാസ്‌ത്രക്കുറിപ്പുകളും 770 പേജ്‌ നിറയുന്ന ഡയറിയും ഉണ്ടായിരുന്നു. ഒപ്പം ഭരണികളില്‍ ചാരായത്തില്‍ സൂക്ഷിച്ച 1529 ജീവികളും ഉണക്കി സൂക്ഷിച്ച 3907 സാമ്പിളുകളും ഫോസിലുകളുടെ വലിയൊരു ശേഖരവും (ഗാലപോഗസ്‌ ദ്വീപില്‍നിന്ന്‌ ജീവനോടെ കൊണ്ടുപോന്ന ആമ വേറെയും). ഒരായുഷ്‌ക്കാലത്തേക്ക്‌ വേണ്ട ഊര്‍ജ്ജവും ഭാവിയില്‍ താന്‍ കണ്ടെത്താനിരിക്കുന്ന സുപ്രധാന സിദ്ധാന്തത്തിനുള്ള തെളിവുകളും ഉള്‍ക്കാഴ്‌ചയും, സര്‍വോപരി പ്രശസ്‌തിയും ഡാര്‍വിന്‌ നേടിക്കൊടുത്തത്‌ ആ കപ്പല്‍യാത്രയാണ്‌.

പരിണാമ സങ്കല്‍പ്പം ഡാര്‍വിന്റേതല്ല. പുരാതന ഗ്രീസില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്‌. ഡാര്‍വിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍, ഊഹങ്ങളുടെയും ചില ധാരണകളുടെയും മുകളില്‍ കാലങ്ങളായി നിലകൊണ്ട പരിണാമമെന്ന സങ്കല്‍പ്പത്തിന്‌ ശക്തമായ ശാസ്‌ത്രീയ അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്‌. പരിണാമ പ്രക്രിയയ്‌ക്ക്‌ ചരിത്രത്തിലാദ്യമായി തൃപ്‌തികരമായ ഒരു ശാസ്‌ത്രീയ വിശദീകരണം നല്‍കിയത്‌ ഡാര്‍വിനാണ്‌. ശാസ്‌ത്രത്തിന്റെ മുഴുന്‍ ചരിത്രവും പരിശോധിച്ചാല്‍, അതിലെ ഏറ്റവും സമുന്നത ആശയം എന്ന്‌ നിസംശയം പറയാവുന്ന 'പ്രകൃതിനിര്‍ധാരണം' ആണ്‌ ഡാര്‍വിന്‍ കണ്ടെത്തിയ ആ വിശദീകരണം. ജീവലോകത്തെ മുഴുവന്‍ നയിക്കുന്ന ചാലകശക്തിയാണ്‌ പ്രകൃതിനിര്‍ധാരണമെന്ന്‌ ഡാര്‍വിന്‍ തിരിച്ചറിഞ്ഞു.

എല്ലാ ജീവരൂപങ്ങള്‍ക്കും (സസ്യങ്ങളായാലും ജന്തുക്കളായാലും) കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച്‌ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌. അവയില്‍ ഗുണപരമായ മാറ്റങ്ങള്‍ തലമുറകളിലൂടെ സൂക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ്‌ പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന്‌ കാരണം. രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ ഒരു നിശ്ചിത പരിസ്ഥിതിക്ക്‌ ഏറ്റവും അനുഗുണമായവയ്‌ക്കാണ്‌ അതിജീവനശേഷിയുണ്ടാവുക. ദീര്‍ഘകാലം കൊണ്ട,്‌ ഭൂമിശാസ്‌ത്രപരമായി വ്യത്യസ്‌ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച്‌ പുതിയ ജീവജാതികള്‍ (സ്‌പീഷിസുകള്‍) ആയി മാറുന്നു. ഇതാണ്‌ പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച്‌ പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്‌മജിവരൂപങ്ങളിലെത്തും. സൂക്ഷ്‌മരൂപങ്ങളില്‍ നിന്ന്‌ പരിണാമം പ്രാപിച്ചാണ്‌ ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.

ആധുനികശാസ്‌ത്രത്തിന്റെ ഒട്ടേറെ ശാഖകള്‍ക്ക്‌ ഇന്ന്‌ പരിണാമസിദ്ധാന്തത്തിന്റെ പിന്‍ബലത്തോടെയല്ലാതെ നിലനില്‍പ്പില്ല. ജീവശാസ്‌ത്രത്തിന്റെയും വൈദ്യശാസ്‌ത്രത്തിന്റെ സര്‍വകോണുകളിലും ഡാര്‍വിന്റെ സിദ്ധാന്തം സ്വാധീനം ചെലുത്തുന്നു. രാഷ്ട്രീയത്തിലും കലകളിലും എന്തിന്‌ സോഫ്‌ട്‌വേര്‍ നിര്‍മാണത്തില്‍പ്പോലും പരിണാമസിദ്ധാന്തം പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്തുന്നു. എന്നിട്ടും ലോകത്ത്‌ പല രാജ്യങ്ങളിലും പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരുടെ സംഖ്യ അവിശ്വസനിയമാംവിധം കുറവാണ്‌. അമേരിക്കയെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഗാലപ്പ്‌ പോളില്‍ വെളിവായ വസ്‌തുത, 'ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍കൊണ്ട്‌ മനുഷ്യന്‍ ഇന്നത്തെ രൂപത്തില്‍ പരിണമിച്ചെന്ന്‌' വിശ്വസിക്കുന്നവരുടെ സംഖ്യ വെറും 14 ശതമാനം മാത്രമെന്നാണ്‌, 1982-ല്‍ ഇത്‌ ഒന്‍പത്‌ ശതമാനമായിരുന്നു.

പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതെ രാജ്യങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്‌തപ്പെടുന്നു എന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. അമേരിക്കയില്‍ സ്ഥിതി മോശമാണെങ്കില്‍, ഐസ്‌ലന്‍ഡ്‌, ഡെന്‍മാര്‍ക്ക്‌, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിണാമസിദ്ധാന്തത്തിന്‌ വന്‍സ്വീകാര്യതയാണുള്ളത്‌. ദൈവത്തിലുള്ള വിശ്വാസവും പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും കാലിഫോര്‍ണിയയില്‍ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസ്‌റ്റായ ഫില്‍ സുക്കെര്‍മാനും നടത്തിയ പഠനം സൂചിപ്പിക്കുന്നത്‌, അതിജീവനത്തിനായുള്ള 'ഡാര്‍വീനിയന്‍ സമ്മര്‍ദ്ദം' കൂടുതലുള്ള സമൂഹങ്ങളിലാണ്‌ ഡാര്‍വിന്റെ സിദ്ധാന്തത്തിന്‌ സ്വീകാര്യത കുറവെന്നാണ്‌. ഭക്ഷണവും ആരോഗ്യസംവിധാനങ്ങളും പാര്‍പ്പിടസൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്‌, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവവിശ്വാസം കുറവായിരിക്കുമെന്ന്‌ പഠനം സൂചിപ്പിക്കുന്നു.

ഇതൊന്നും പക്ഷേ, ഡാര്‍വിനെ ആഘോഷിക്കുന്നതില്‍നിന്ന്‌ ശാസ്‌ത്രലോകത്തെ തടയുന്നില്ല. ബ്രിട്ടനില്‍ മാത്രം 300 ഇടങ്ങളിലാണ്‌ ഡാര്‍വിന്റെ ജന്‍മവാര്‍ഷികം ആഘോഷിക്കുക. ഡാര്‍വിന്റെ ജന്മസ്ഥലമായ ഷ്രൂസ്‌ബറിയില്‍ ഒരുമാസത്തെ ആഘോഷമാണ്‌ പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌. ബ്രിട്ടനില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഡാര്‍വിന്‍ അനുസ്‌മരിക്കപ്പെടുന്നു. ഏതാനും ആഴ്‌ചകളായി ലോകത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെയെല്ലാം പ്രമുഖ വ്യക്തി ഡാര്‍വിനാണ്‌. പരിണാമത്തെ സംബന്ധിച്ച രണ്ടാം ലോകഉച്ചകോടി ആഗസ്‌തില്‍ ഗാലപോഗസ്‌ ദ്വീപില്‍ നടക്കും. ഓസ്‌ട്രോലിയ ഡാര്‍വിന്റെ ഓര്‍മയ്‌ക്കായി ഒരു വെള്ളിനാണയം പുറത്തിറക്കും. കേരളത്തിലും വിവിധ ഗ്രൂപ്പുകള്‍ ഡാര്‍വിന്റെ വാര്‍ഷികം ആഘോഷിക്കുന്നുണ്ട്‌. ഗലീലിയോ ടെലസ്‌കോപ്‌ ഉപയോഗിച്ച്‌ വാനനിരീക്ഷണം നടത്തിയതിന്റെ നാനൂറാംവാര്‍ഷികം കൂടിയാണിത്‌. ഡാര്‍വിന്റെയും ഗലീലിയോയുടെയും വാര്‍ഷികങ്ങള്‍ ഒരുമിച്ചു വരുന്ന 2009-നെ 'ശാസ്‌ത്രവര്‍ഷ'മായി പ്രഖ്യാപിച്ചിരിക്കുകയാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ (ഇതു കാണുക). കേരളത്തിലുടനീളം ആയിരക്കണക്കിന്‌ ശാസ്‌ത്രക്ലാസുകളും പ്രചാരണപരിപാടികളുമാണ്‌ ശാസ്‌ത്രവര്‍ഷം പ്രമാണിച്ച്‌ പരിഷത്ത്‌ സംഘടിപ്പിക്കുക.

അനുബന്ധം

1. 'ബീഗിളി'ല്‍ ക്യാപ്‌ടന്‍ റോബര്‍ട്ട്‌ ഫിറ്റ്‌സ്‌റോയിയുടെ 'പ്രാതല്‍പങ്കാളി'യായിരുന്നു ഡാര്‍വിന്‍. അഞ്ച്‌ വര്‍ഷം നീണ്ട്‌ ആ സമുദ്രപര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍, മണ്ണിരകളില്‍ അതീവതാത്‌പര്യമുള്ള ഒരു ഗ്രാമീണവൈദികനായി ഒതുങ്ങേണ്ട ജീവിതമായിരുന്നു ഡാര്‍വിന്റേത്‌. എന്നാല്‍, ഇന്നാണ്‌ ഡാര്‍വിന്‍ ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹം എന്താകുമായിരുന്നു? ഡാര്‍വിന്റെ പേരക്കിടാവിന്റെ പേരക്കിടാങ്ങളായ 72 പേരില്‍പ്പെട്ട റൂത്ത്‌ പാഡലിന്റെ അഭിപ്രായത്തില്‍, ഡി.എന്‍.എ.യും പ്രതിരോധസംവിധാനവുമാകുമായിരുന്നു ഇന്നുണ്ടായിരുന്നെങ്കില്‍ ഡാര്‍വിന്റെ ഇഷ്ടമേഖലകള്‍.

2. ബീഗിള്‍ യാത്രയ്‌ക്കിടെ ഒട്ടേറെ പുതിയ ജീവികളെ ഡാര്‍വിന്‍ കണ്ടെത്തുകയുണ്ടായി. പുതിയതായി കണ്ടെത്തിയ ഡോള്‍ഫിന്‍ ഇനത്തിന്‌, ക്യാപ്‌ടന്‍ ഫിറ്റ്‌സ്‌റോയിയുടെ ബഹുമാനാര്‍ഥം ''ഡോള്‍ഫിനസ്‌ ഫിറ്റ്‌സ്‌റോയി' (Dolphinus
fitzroyi) എന്നാണ്‌ പേരിട്ടട്ടത്‌. തെക്കേയമേരിക്കയില്‍നിന്ന്‌ 27 ഇനം എലികളുടെ സാമ്പിള്‍ ഡാര്‍വിന്‍ ശേഖരിച്ചു. അതില്‍ ശാസ്‌ത്രത്തിന്‌ പുതിയതായ ഒരിനത്തിന്റെ ശാസ്‌ത്രീയനാമം 'മുസ്‌ ഡാര്‍വിനി' (Mus darwinii)എന്നാണ്‌.

3. ബീഗിള്‍ യാത്ര തുടങ്ങുമ്പോള്‍ പ്രകൃതിശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക്‌ ഡാര്‍വിന്‍ ചെറുപ്പക്കാരനായ ഒരു തുടക്കക്കാരന്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പര്യടനത്തിനിടെ താന്‍ കണ്ടെത്തിയ ജീവിവര്‍ഗങ്ങളെ ശരിയായി തിരിച്ചറിയാനോ ഫോസിലുകളെക്കുറിച്ച്‌ വേണ്ടത്ര വിവരം സ്വയം ആര്‍ജിക്കാനോ ആവശ്യമായ വൈദഗ്‌ധ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1936 ഒക്ടോബറില്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ശേഷം, താന്‍ കൊണ്ടുവന്ന സാമ്പിളുകളെ തിരിച്ചറിയാന്‍ വിദഗ്‌ധരുടെ സഹായം ഡാര്‍വിന്‍ തേടി. പക്ഷിയിനങ്ങളെ തിരിച്ചറിയാന്‍ ജോണ്‍ ഗൗള്‍ഡ്‌ എന്ന പക്ഷിശാസ്‌ത്രജ്ഞന്റെയും, സസ്‌തനികളുടെ ഫോസിലുകളുടെ കാര്യത്തില്‍ റിച്ചാര്‍ഡ്‌ ഒവെന്‍ എന്ന വിദഗ്‌ധന്റെയും, ഇഴജന്തുക്കളുടെ സാമ്പിളുകള്‍ തിരിച്ചറിയാന്‍ തോമസ്‌ ബെല്‍ എന്ന ജന്തുശാസ്‌ത്രജ്ഞന്റെയും സഹായമാണ്‌ അദ്ദേഹം തേടിയത്‌.

4. 1882 ഏപ്രില്‍ 19-നാണ്‌ ഡാര്‍വിന്‍ അന്തരിച്ചത്‌. മധ്യഇംഗ്ലണ്ടില്‍ കാണപ്പെടുന്ന ഒരിനം ചിപ്പിയെക്കുറിച്ച്‌ മരിക്കുന്നതിന്‌ രണ്ടാഴ്‌ച മുമ്പ്‌ അദ്ദേഹം ചെറിയൊരു പ്രബന്ധം രചിച്ചു. ഡാര്‍വിന്റെ അവസാനത്തെ രചനയായിരുന്നു അത്‌. ചെരിപ്പുനിര്‍മാതാവും അമേച്വര്‍ നാച്ചുറലിസ്റ്റുമായ വാള്‍ട്ടര്‍ ഡ്രാബ്രിഡ്‌ജ്‌ ക്രിക്ക്‌ എന്ന ചെറുപ്പക്കാരനാണ്‌ ആ ചിപ്പി സാമ്പിള്‍ ഡാര്‍വിന്‌ അയച്ചുകൊടുത്തത്‌. ആ ചെരിപ്പുനിര്‍മാതാവിന്‌ ഒരു മകനുണ്ടായി ഹാരി ക്രിക്ക്‌. ഹാരിയുടെ മകനായ ഫ്രാന്‍സിസ്‌ ക്രിക്കും അമേരിക്കക്കാരനായ ജയിംസ്‌ വാട്‌സണും ചേര്‍ന്നാണ്‌ 1953-ല്‍ ഡി.എന്‍.എ. ഘടന കണ്ടെത്തിയത്‌. പരിണാമത്തെക്കുറിച്ച്‌ ഡാര്‍വിന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന്‌ ശാസ്‌ത്രലോകത്തിന്‌ ബോധ്യപ്പെടുത്തിക്കൊടുത്തത്‌ ആ കണ്ടെത്തലായിരുന്നു!

(അവലംബം: Beyond the Orgin (Nature, Nov.20, 2008); Evolution-Unfinished Business(The Economist, Feb.5, 2009); On Darwin's 200th, a theory still in controversy, Gregory Katz (Associated Press, Feb.8, 2009); Darwin's Living Legacy-Evolutionary Theory 150 Years Later, Gary Stix (Scientific American, Dec.15, 2008); All of science owes debt to Darwin, David Perlman (San Francisco Chronicle, Feb.8, 2009); Darwin's First Clues, David Quammen (National Geographic, Feb.2009); Modern Darwins, Matt Ridley (National Geographic, Feb.2009); ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം -കുറിഞ്ഞി ഓണ്‍ലൈന്‍).

Thursday, February 05, 2009

ക്ഷീരപഥത്തില്‍ 38,000 ഇടങ്ങളില്‍ ജീവന്‍!

ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്റെ സാന്നിധ്യമുണ്ടോ എന്നത്‌, മനുഷ്യചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെട്ട ചോദ്യമാവണം. ഉണ്ടാവാം, എന്നല്ലാതെ ഉണ്ട്‌ എന്ന്‌ ഉത്തരം നല്‍കാന്‍ ശാസ്‌ത്രലോകത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂമിയെപ്പോലൊരു ഗ്രഹം, ജീവന്റെ സാന്നിധ്യം-ഇങ്ങനെയൊന്ന്‌ കണ്ടെത്താനാകുമോ എന്നതാണ്‌ ബഹിരാകാശപര്യവേക്ഷണത്തിന്റെയെല്ലാം പിന്നിലെ ഹിഡണ്‍ അജണ്ട. പക്ഷ, ഇത്രകാലവും മറ്റൊരിടത്ത്‌ ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ മനുഷ്യന്‌ ആയിട്ടില്ല.

ഇപ്പോഴിതാ നിലവിലുള്ള വസ്‌തുതകളും സാധ്യതകളും മുന്‍നിര്‍ത്തി എഡിന്‍ബറോ സര്‍വകലാശാലയിലെ ഡുന്‍കന്‍ ഫൊര്‍ഗാന്‍ ഒരു സാധ്യതാപഠനം നടത്തിയിരിക്കുന്നു. നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥം എന്ന ആകാശഗംഗയില്‍ എത്രയിടത്ത്‌ ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ഉത്തരം ഇതാണ്‌- ക്ഷീരപഥത്തില്‍ കുറഞ്ഞത്‌ 361 ഇടങ്ങളില്‍, അല്ലെങ്കില്‍ പരമാവധി 38,000 ഇടത്ത്‌ ജീവനുണ്ടാകാം!

സൗരയൂഥത്തിന്‌ വെളിയില്‍ ഇതുവരെ 330 ലേറെ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. ഇത്തരം അന്യഗ്രഹങ്ങളുടെ സംഖ്യയുമായി താരതമ്യം ചെയ്‌താണ,്‌ ജീവന്റെ നിലനില്‍പ്പിന്‌ ക്ഷീരപഥത്തില്‍ എത്രയിടത്ത്‌ സാധ്യതയുണ്ടെന്ന്‌ ഫൊര്‍ഗാന്‍ കണക്കുകൂട്ടിയത്‌- 'ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ അസ്‌ട്രോബയോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ഇനി ഇതിലും കൂടുതല്‍ അന്യജീവസ്ഥാനങ്ങള്‍ ക്ഷീരപഥത്തിലുണ്ടെങ്കില്‍പ്പോലും, അവയുമായി ഭൂമിയില്‍നിന്ന്‌ ബന്ധം സ്ഥാപിക്കാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

നമ്മുടേത്‌ പോലൊരു ഗാലക്‌സിയില്‍ സൗരയൂഥങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത, നിലവില്‍ കണ്ടെത്തിയ വിദൂരഗ്രഹങ്ങളുടെ ബാഹുല്യവുമായി കൂട്ടിയിണക്കിയാണ്‌ ഫൊര്‍ഗാന്‍ പഠനം നടത്തിയത്‌. ഇത്രകാലവും തുടര്‍ന്നുപോന്ന തരത്തിലുള്ള വെറുമൊരു താരതമ്യപഠനമായിരുന്നില്ല അത്‌. വ്യത്യസ്‌ത സാധ്യതകളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ മാതൃകകള്‍ ഉപയോഗിച്ചായിരുന്നു പഠനം.

മൂന്ന്‌ സാഹചര്യങ്ങള്‍ പഠനത്തിനായി പരിഗണിച്ചു. ജീവന്‍ ഉടലെടുക്കാനും അതൊരു നാഗരികതയായി വളരാനും വളരെ പ്രയാസമുള്ള സാഹചര്യത്തിനായിരുന്നു ആദ്യപരിഗണന. ആ സാഹചര്യത്തില്‍ ക്ഷീരപഥത്തില്‍ നാഗരികത നിലനില്‍ക്കുന്ന 361 ഇടങ്ങള്‍ക്ക്‌ സാധ്യത കണ്ടു. രണ്ടാമത്‌, ജീവന്‍ എളുപ്പത്തില്‍ ഉടലെടുക്കുകയും, നാഗരികതയായി അത്‌ രൂപപ്പെടുന്നതിന്‌ പ്രയാസവുമുള്ള സാഹചര്യത്തിനായിരുന്നു പരിഗണന. ആ സാഹചര്യത്തില്‍ ക്ഷീരപഥത്തില്‍ 31,513 ഇടങ്ങളില്‍ നാഗരികത നിലനില്‍ക്കാനാണ്‌ സാധ്യത കണ്ടത്‌.

മൂന്നാമത്‌, ക്ഷുദ്രഗ്രഹപതനം പോലുള്ള സംഭവങ്ങള്‍ വഴി ഒരിടത്തുനിന്ന്‌ മറ്റൊരിടത്ത്‌ ജിവന്‍ വ്യാപിക്കുന്ന സാഹ്യചര്യം പരിഗണിച്ചപ്പോള്‍ 37,964 ഇടങ്ങളില്‍ ജീവനുണ്ടാകാന്‍ സാധ്യത കണ്ടതായി റിപ്പോര്‍ട്ട്‌ പറയുന്നു. സാധ്യതകള്‍ ഇതായതുകൊണ്ട്‌ നാളെത്തന്നെ അന്യഗ്രഹജീവികളുമായി സമ്പര്‍ക്കം പുലര്‍ത്തിക്കളായം എന്ന്‌ കരുതരുതെന്ന്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു. കാരണം, "അന്യഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടെങ്കില്‍പ്പോലും അവ ഏത്‌ രൂപത്തിലാകുമെന്ന്‌ അറിയാത്തതിനാല്‍, നമുക്ക്‌ അവയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ എളുപ്പമല്ലെ"ന്ന്‌ ഫൊര്‍ഗാന്‍ പറയുന്നു. (അവലംബം: ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ അസ്‌ട്രോബയോളജി).

ഭീമന്‍പാമ്പ്‌-നീളം 13 മീറ്റര്‍, ഭാരം 1140 കിലോഗ്രാം

അനകോണ്ടയും പെരുമ്പാമ്പുമെല്ലാം കൃശഗാത്രരെന്ന്‌ തോന്നിക്കും; പുതിയതായി കണ്ടെത്തിയ ഒരു പ്രാചീനപാമ്പിന്‌ മുന്നില്‍. നിങ്ങളെ പിടിക്കാനെത്തിയാല്‍, വണ്ണം മൂലം വാതിലിലൂടെ മുറിക്കുള്ളില്‍ കടക്കാന്‍ പറ്റാത്തത്ര ഭീമന്‍. അത്തരമൊരു പാമ്പിന്റെ ഫോസില്‍ തെക്കെയമേരിക്കയില്‍ നിന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ പുരാവസ്‌തുഗവേഷകര്‍. 13 മീറ്റര്‍ (42.7 അടി) നീളവും 1140 കിലോഗ്രാം ഭാരവുമുണ്ടായിരുന്ന പാമ്പിന്റെ ഫോസിലാണത്‌.

ബ്ലൂമിങ്‌ടണില്‍ ഇന്‍ഡ്യാന സര്‍വകലാശാലയിലെ ഭൗമശാസ്‌ത്രജ്ഞന്‍ ഡേവിഡ്‌ പോളിയും സംഘവുമാണ്‌ കണ്ടെത്തലിന്‌ പിന്നില്‍. വടക്കന്‍ കൊളംബിയയിലെ സെറെജോന്‍ കല്‍ക്കരി ഖനിയില്‍നിന്ന്‌ കിട്ടിയ ഫോസില്‍ ആറ്‌ കോടി വര്‍ഷം പഴക്കമുള്ളതാണെന്നും, ഇതിലും വലിയൊരു പാമ്പിനെക്കുറിച്ച്‌ മനുഷ്യന്‌ ഇതുവരെ അറിവില്ലെന്നും പുതിയലക്കം 'നേച്ചര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ഇഴയുമ്പോള്‍ ആ ഭീമന്‌ നമ്മുടെ അരയ്‌ക്കൊപ്പം പൊക്കമുണ്ടാകുമെന്ന്‌ ഡേവിഡ്‌ പോളി പറയുന്നു. അന്യംനിന്നുപോയ ആ പാമ്പ്‌വര്‍ഗത്തിന്‌ 'ടൈറ്റനോബോവ സെറെജോനെന്‍സിസ്‌' (Titanoboa cerrejonensis) എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. ടൈറ്റനോബോവയെപ്പോലൊരു ഭീമന്‌ നിലനില്‍ക്കാന്‍ അന്തരീക്ഷ താപനില 30-34 ഡിഗ്രി സെല്‍സിയസ്‌ എങ്കിലും വേണമെന്ന്‌, നേച്ചര്‍ റിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവും ടൊറന്റോ-മിസ്സിസ്സാഗ സര്‍വകലാശാലിയിലെ ഗവേഷകനുമായ ജാസന്‍ ഹെഡ്‌ അഭിപ്രായപ്പെടുന്നു.

തെക്കേയമേരിക്കയിലെ ഉഷ്‌ണമേഖലാ ആവാസവ്യവസ്ഥ ആറ്‌ കോടിവര്‍ഷംമുമ്പ്‌ വളരെ വ്യത്യസ്‌തമായിരുന്നുവെന്ന്‌ ഗവേഷകര്‍ പറയുന്നു. അത്തരം ആവാസവ്യവസ്ഥകള്‍ ഭീമന്‍ ജീവികള്‍ക്ക്‌ നിലനില്‍ക്കാന്‍ പാകത്തിലുള്ളതായിരുന്നു എന്നതിന്‌ ഒട്ടേറെ ഉദാഹരണങ്ങള്‍ ശാസ്‌ത്രത്തിന്‌ മുന്നിലുണ്ട്‌. ദിനോസറുകള്‍, ഭീമന്‍തുമ്പികള്‍ ഒക്കെ അതില്‍ പെടുന്നു. നിലത്തിമിംഗലം ഉടലെടുത്തതും ആ കാലത്തായിരുന്നു. അനകോണ്ടയും പെരുമ്പാമ്പും പോലെ വിഷമില്ലാത്ത പാമ്പുവര്‍ഗത്തില്‍പ്പെട്ടതാണ്‌ ടൈറ്റനോബോവയും. (അവലംബം: നേച്ചര്‍, ഇന്‍ഡ്യാന സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌).

കാണുക: പ്രാചീന ഭീമന്‍മാര്‍

Wednesday, February 04, 2009

പുതിയ 12 തവളയിനങ്ങള്‍ പശ്ചിമഘട്ടത്തില്‍നിന്ന്‌

പ്രകൃതി എപ്പോഴും അതിന്റെ മാന്ത്രികച്ചെപ്പില്‍ അത്ഭുതങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടാകും. സമീപത്ത്‌ കഴിഞ്ഞിട്ടും നമ്മളറിയാത്ത ജീവിവര്‍ഗങ്ങളെ അത്തരം അത്ഭൂതങ്ങളെന്ന്‌ വിശേഷിപ്പിക്കാമെങ്കില്‍, പശ്ചിമഘട്ടത്തില്‍നിന്ന്‌ ഒരു ഡസണ്‍ അത്ഭുതങ്ങള്‍ അനാവൃതമായിരിക്കുന്നു; 12 പുതിയ തവളയിനങ്ങളുടെ രൂപത്തില്‍. മലയാളിയും ലോകപ്രശസ്‌ത ഗവേഷകനുമായ ഡോ.എസ്‌.ഡി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം, മേഖലയില്‍ കഴിഞ്ഞ പത്തുവര്‍ഷം നടത്തിയ പഠനത്തിന്റെ ഫലമാണിത്‌.

കൈയേറ്റവും നഗരവത്‌ക്കരണവുംകൊണ്ട്‌ അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചിമഘട്ടം വനമേഖലയെ കൂടുതല്‍ ശ്രദ്ധയോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ ഈ പഠനം വ്യക്തമാക്കുന്നതെന്ന്‌, ഡല്‍ഹി സര്‍വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്‌ പറയുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ ഉഭയജീവി ഗവേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്ന സിസ്‌റ്റമാറ്റിക്‌സ്‌ ലാബിന്റെ മേധാവിയാണ്‌ ഡോ.ബിജു. അദ്ദേഹത്തോടൊപ്പം ബ്രസ്സല്‍സില്‍ ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ആംഫീബിയന്‍ ഇവലൂഷന്‍ ലാബിലെ ഡോ. ഫ്രാങ്കി ബൊസ്സൂയറ്റും ഈ ഗേവഷണത്തില്‍ പങ്കാളിയാണ്‌.

ലണ്ടനില്‍നിന്ന്‌ പ്രസിദ്ധീകരിക്കുന്ന 'സുവോളജിക്കല്‍ ജേര്‍ണല്‍ ഓഫ്‌ ലീനിയന്‍ സൊസൈറ്റി'യുടെ പുതിയ ലക്കത്തിലാണ്‌ 12 തവളയിനങ്ങളെ കണ്ടെത്തിയ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. 'ഫിലോട്ടസ്‌' (Philautus) വര്‍ഗത്തില്‍ പെട്ടതാണ്‌ പുതിയതായി കണ്ടെത്തിയ 12 ഇനങ്ങളും. ഒപ്പം നൂറു വര്‍ഷമായി പശ്ചിമഘട്ടത്തില്‍ കണ്ടിട്ടില്ലാത്ത, 'ഫിലോട്ടസ്‌ ട്രാവന്‍കോറിക്കസ്‌' (Travancore bushfrog -Philautus travancoricus) എന്ന തവളയെ വീണ്ടും കണ്ടെത്തിയ വിവരവും റിപ്പോര്‍ട്ടിലുണ്ട്‌.

ഫിലോട്ടസ്‌ വര്‍ഗത്തില്‍പ്പെട്ട തവളകളെ പശ്ചിമഘട്ടത്തില്‍ ആദ്യമായി കണ്ടെത്തുന്നത്‌ 1854-ലാണ്‌. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടെ ഈ വര്‍ഗത്തിലുള്ള 32 ഇനങ്ങളെ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇപ്പോള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട 12 എണ്ണം ഉള്‍പ്പടെ അതില്‍ 19 ഇനങ്ങളെ തിരിച്ചറിഞ്ഞത്‌ ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളിലാണ്‌.

ജീവലോകത്തെ സംബന്ധിച്ച്‌ ഒട്ടേറെ ഭൂപരിമിതയിനങ്ങളുടെ (ഭൂപരിമിതം=endemic) ആവാസകേന്ദ്രമാണ്‌ പശ്ചിമഘട്ടം എന്ന്‌ പുതിയ പഠനം തെളിയിക്കുന്നു. അവയില്‍ പലതിന്റെയും നിലനില്‍പ്പ്‌ അപകടത്തിലാണ്‌. ആവാസവ്യവസ്ഥയ്‌ക്കേല്‍ക്കുന്ന ചെറിയൊരു ഉലച്ചില്‍ മതി, പല ജീവിയിനങ്ങളും എന്നന്നേക്കുമായി നഷ്ടപ്പെടാന്‍. ആ സ്ഥിതിക്ക്‌ മേഖലയിലെ പരിസ്ഥിതിയുടെ സംരക്ഷണത്തിന്‌ വളരെ പ്രാധാന്യമുണ്ട്‌. "ഒരു ജീവിവര്‍ഗം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെയതിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെന്ന്‌ ഓര്‍ക്കുക"-ഡല്‍ഹി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌ പറയുന്നു. (ഫോട്ടോ കടപ്പാട്‌: ഡോ.എസ്‌.ഡി.ബിജു, www.frogindia.org/).

കാണുക: ഡോ. എസ്‌.ഡി.ബിജുവിന്‌ അന്താരാഷ്ട്ര ബഹുമതി, ഇന്ത്യയിലെ ഏറ്റവും ചെറിയ തവള, പശ്ചിമഘട്ടത്തിലെ തവളകളെത്തേടി, ദിനോസറുകളുടെ സഹചാരികള്‍ പശ്ചിമഘട്ടത്തില്‍.

Tuesday, February 03, 2009

സൈബര്‍ലോകത്ത്‌ ഇനി സമുദ്രയുഗം

'നഖം നനയാതെ നത്തയെടുക്കാം' എന്നതുപോലയല്ലേ, ദേഹം നനയാതെ കടലിലിറങ്ങാം എന്ന്‌ പറയുന്നതും. ഈ പറച്ചില്‍ വെറുമൊരു ചൊല്ലല്ലെന്ന്‌ സൈബര്‍യുഗം തെളിയിക്കുകയാണ്‌. നനയാതെ കടലിലിറങ്ങാനും പര്യവേക്ഷണം നടത്താനും ഇനി ഇന്റര്‍നെറ്റ്‌ മതി.

നിങ്ങള്‍ മുറിവിട്ട്‌ പുറത്തുപോകേണ്ടതു പോലുമില്ല. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കടലിന്റെ അഗാധരഹസ്യങ്ങളും അറിയാ അത്ഭുതങ്ങളും ചുരുളഴിയും. ആധുനിക മനുഷ്യന്റെ ദൃശ്യാനുഭവത്തിന്‌ അസാധാരണമായ മാനം പകര്‍ന്ന 'ഗൂഗിള്‍ എര്‍ത്താ'(Google Earth)ണ്‌ സമുദ്രങ്ങളെക്കൂടി സ്വന്തം ചിറകിന്‍കീഴില്‍ കൊണ്ടുവന്ന്‌ പുതിയൊരു അത്ഭുതലോകം തുറക്കുന്നത്‌. 'കാലിഫോര്‍ണിയ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ തിങ്കളാഴ്‌ച നടന്ന ചടങ്ങില്‍ ഗൂഗിള്‍ എര്‍ത്തിലെ പുതിയ അത്ഭുതം ഉത്‌ഘാടനം ചെയ്യപ്പെട്ടു.

ഉപഗ്രഹങ്ങളിലും വിമാനങ്ങളിലും നിന്ന്‌ പകര്‍ത്തിയ ഭൗമദൃശ്യങ്ങള്‍ ത്രിമാനതലത്തില്‍ അടരുകളായി സമ്മേളിപ്പിച്ചുണ്ടാക്കിയ വിര്‍ച്വല്‍ ഭൂമിയാണ്‌ 'ഗൂഗിള്‍ എര്‍ത്ത്‌'. ഭൂപ്രതലത്തില്‍ മൂന്നില്‍ രണ്ട്‌ വരുന്ന സമുദ്രങ്ങള്‍ക്ക്‌ ഇത്രനാളും ആ ത്രിമാനമാപ്പില്‍ വലിയ സ്ഥാനമില്ലായിരുന്നു. ആ പോരായ്‌മ നീക്കിയിരിക്കുകയാണ്‌ പുതിയ സംവിധാനത്തിലൂടെ. സമുദ്രത്തിന്റെ വെറും ദൃശ്യങ്ങള്‍ ഗൂഗിള്‍ എര്‍ത്തില്‍ ചേര്‍ക്കുകയല്ല ചെയ്‌തിരിക്കുന്നത്‌. സമുദ്രത്തിന്റെ പ്രതലവും അടിത്തട്ടുമെല്ലാം പുതിയൊരു ത്രിമാന അടരായി (layer) സന്നിവേശിപ്പിച്ചിരിക്കുകയാണ്‌. സെര്‍ച്ച്‌ ചെയ്യുന്നയാള്‍ക്ക്‌, കടലിനുള്ളിലേക്ക്‌ സഞ്ചരിക്കാം, അടിത്തട്ടിലെ പവിഴപ്പുറ്റുകളും മറ്റ്‌ അത്ഭുതങ്ങളും ചികയാം. കപ്പല്‍ഛേദത്തിന്റെ അവശേഷങ്ങളെ അടുത്തുചെന്ന്‌ പരിശോധിച്ച്‌ അശ്ചര്യപ്പെടാം!

നാഷണല്‍ ജ്യോഗ്രഫിക്‌, യു.എസ്‌.നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (NOAA), യു.എസ്‌. നാവികസേന, സ്‌ക്രിപ്പ്‌സ്‌ ഓഷ്യാനോഗ്രാഫി, സെന്‍സസ്‌ ഓഫ്‌ മറൈന്‍ ലൈഫ്‌ തുടങ്ങി ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും പദ്ധതികളുടെയും ഡസണ്‍കണക്കിന്‌ ഗവേഷകരുടെയും സഹകരണത്തോടെയാണ്‌ ഗൂഗിള്‍ എര്‍ത്തിന്റെ ഭാവം മാറുന്നതെന്ന്‌, ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ അറിയിക്കുന്നു. ഏതാനും വര്‍ഷം മുമ്പ്‌ മാഡ്രിഡില്‍ നടന്ന ഒരു കോണ്‍ഫറന്‍സിനിടെ, നാഷണല്‍ ജ്യോഗ്രഫികിലെ പ്രസിദ്ധ സമുദ്രഗവേഷകയായ സില്‍വിയ ഇയര്‍ലിയാണ്‌, ഗൂഗിള്‍ എര്‍ത്തിന്റെ സമുദ്രസാധ്യത ആദ്യം ചൂണ്ടിക്കാട്ടിയതെന്ന്‌, ഗൂഗിളിന്റെ ജിയോ പ്രോഡക്ട്‌സ്‌ വിഭാഗം മേധാവി ജോണ്‍ ഹാന്‍കെ അറിയിക്കുന്നു.

വെറുതെ പര്യവേക്ഷണം നടത്തുക മാത്രമല്ല സാധ്യമാവുക. സമുദ്രങ്ങളിലെ ആയിരക്കണക്കിന്‌ ഡേറ്റാപോയന്റുകളും ഈ സംവിധാനത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. ത്രിമാനമാപ്പിനൊപ്പം മള്‍ട്ടിമീഡിയ സാധ്യതകളും സന്നിവേശിപ്പിച്ചാണ്‌ ഡേറ്റാപോയന്റുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌. വീഡിയോകള്‍, സമുദ്രജീവികളുടെ ചിത്രങ്ങള്‍, തിരമാലയഭ്യാസം നടത്താന്‍ ഏറ്റവും യോജിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍, യഥാര്‍ഥ സമുദ്രപര്യവേക്ഷണങ്ങളുടെ വിവരങ്ങളിലേക്ക്‌ ലോഗ്‌ ചെയ്യാനുള്ള സൗകര്യം....അങ്ങനെ ഗംഭീരമായ വിവരശേഖരമാണ്‌ ഡേറ്റാപോയന്റുകളില്‍ കാത്തിരിക്കുന്നത്‌.

ടൈം ട്രാവല്‍

സമുദ്രം കൊണ്ട്‌ മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ്‌ ഗൂഗിള്‍ അറിയിക്കുന്നത്‌. സാധ്യതകള്‍ ഒരിക്കലും തീരില്ലല്ലോ. ഗൂഗിള്‍ എര്‍ത്തിലെ പുതിയ ചില ഫീച്ചറുകള്‍ അതിനുള്ള തെളിവാണ്‌. ഇതുവരെ ഒരു സ്ഥലത്തിന്റെ ഒറ്റ ത്രിമാനദൃശ്യമേ പല വിതാനത്തില്‍ നിന്ന്‌ നോക്കാന്‍ പാകത്തില്‍ അടരുകളായി ഗൂഗിള്‍ എര്‍ത്തില്‍ ക്രമീകരിച്ചിരുന്നുള്ളൂ. ഒരു സ്ഥലം ഇപ്പോള്‍ എങ്ങനെയുണ്ട്‌ എന്നതിന്റെ ഉപഗ്രഹദൃശ്യമാണത്‌. 50 വര്‍ഷം മുമ്പ്‌ ആ പ്രദേശം എങ്ങനെയിരുന്നു എന്നറിയാന്‍ മാര്‍ഗമില്ല. ഗൂഗിള്‍ എര്‍ത്തിലെ പുതിയ ഫീച്ചര്‍ അതാണ്‌. കാലത്തിലൂടെ പിന്നിലോട്ട്‌ പോകാനുള്ള മാര്‍ഗം! ഒരു പ്രദേശം ഇപ്പോള്‍ എങ്ങനെയുണ്ട്‌, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എങ്ങനെയിരുന്നു എന്ന്‌ സെര്‍ച്ച്‌ ചെയ്യാനുള്ള സംവിധാനം. ഗൂഗിള്‍ എര്‍ത്തില്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയുടെ ദൃശ്യം നോക്കിയാല്‍ പുതിയ സാധ്യത എത്രയെന്ന്‌ മനസിലാക്കാം. അമ്പത്‌ വര്‍ഷം മുമ്പ്‌ വെറുമൊരു കാര്‍ഷിക മേഖലയായിരുന്ന പ്രദേശം, ലോകത്തിന്റെ സാങ്കേതിക തലസ്ഥാനമായ സിലിക്കണ്‍വാലിയായി മാറിയപ്പോള്‍ സംഭവിച്ച മാറ്റം നേരില്‍ കാണാം.

ത്രിമാന ചൊവ്വയാണ്‌ മറ്റൊരു ഗൂഗിള്‍ എര്‍ത്ത്‌ ഫീച്ചര്‍. നാസയുടെ സഹായത്തോടെ ചൊവ്വാഗ്രഹത്തിന്റെ ത്രിമാന മാപ്പ്‌ തയ്യാറാക്കിയിരിക്കുകയാണ്‌ ഇതില്‍. ഗൂഗിള്‍ എര്‍ത്തിന്റെ ടൂള്‍ബാറില്‍ നിന്ന്‌ Mars സെലക്ട്‌ ചെയ്‌ത്‌ ചൊവ്വായുടെ പ്രതലത്തിലൂടെ ഒരാള്‍ക്ക്‌ സ്വന്തം മുറിയിരുന്ന്‌ സഞ്ചാരമാരംഭിക്കാം. മനുഷ്യന്‍ ചൊവ്വായിലെത്തിട്ടില്ലെങ്കിലും ഇന്റര്‍നെറ്റിന്റെ സാധ്യത ചൊവ്വായിലെത്തിക്കഴിഞ്ഞു എന്ന്‌ സാരം. വര്‍ഷങ്ങള്‍ക്ക്‌ ശേഷം മനുഷ്യന്‍ ചൊവ്വയിലെത്തുകയാണെങ്കില്‍, അവിടെ കാണുന്ന ദൃശ്യങ്ങളാണ്‌ ഇപ്പോഴേ നമ്മള്‍ സ്വന്തം കമ്പ്യൂട്ടറിലൂടെ കണ്ട്‌ മതിമറക്കുന്നത്‌. അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷം പ്രമാണിച്ച്‌ വളരെ അര്‍ഥവത്തായ ഒരു നീക്കമാണ്‌ ത്രിമാന ചൊവ്വ.
(അവലംബം: ഗൂഗിള്‍).

വാല്‍ക്കഷണം: കടല്‍ക്കൊള്ളക്കാര്‍ ജാഗ്രതൈ! കഞ്ചാവ്‌ തോട്ടം ഗൂഗിള്‍ എര്‍ത്തില്‍ കണ്ടതുപോലെ കടല്‍ക്കൊള്ളക്കാര്‍ക്കും ഇനി ഗൂഗിള്‍ എര്‍ത്ത്‌ ഭീഷണിയായേക്കും.

കാണുക:
ഗൂഗിള്‍ എര്‍ത്തില്‍ 'കഞ്ചാവ്‌ തോട്ടം'

Monday, February 02, 2009

അര്‍ബുദത്തിനെതിരെ കോശങ്ങളെ 'പരിശീലിപ്പിക്കാം'

അര്‍ബുദട്യൂമറുകള്‍ നശിപ്പിക്കാന്‍ പാകത്തില്‍ പ്രതിരോധകോശങ്ങളെ ശരീരത്തിനുള്ളില്‍ വെച്ചുതന്നെ പരിശീലിപ്പിക്കാന്‍ മാര്‍ഗം തെളിയുന്നു.

പ്രത്യേകമായി തയ്യാറാക്കിയ ഒരിനം പോളിമര്‍ ഇംപ്ലാന്റ്‌ ഉപയോഗിച്ച്‌ ഇത്‌ സാധിക്കുമെന്ന്‌ ഹാര്‍വാഡ്‌ സര്‍വകലാശാലിയിലെ ഗവേഷകരാണ്‌ കണ്ടെത്തിയത്‌. ഇത്തരം ഇംപ്ലാന്റുകള്‍ പരീക്ഷിച്ച എലികള്‍ക്ക്‌ മാരകമായ ഒരിനം അര്‍ബുദത്തിനെതിരെ 90 ശതമാനം അതിജീവനശേഷി കൈവന്നതായി കണ്ടു. മനുഷ്യരിലും ഈ ഫലം ആവര്‍ത്തിക്കാനായാല്‍ അര്‍ബുദത്തിനെതിരെ ശക്തമായ ഒരായുധമായി പുതിയ സങ്കേതം മാറുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

ശരീരപ്രതിരോധത്തെ കബളിപ്പിച്ച്‌ മറഞ്ഞിരിക്കുകയെന്നത്‌ അര്‍ബുദത്തിന്റ സവിശേഷതയാണ്‌. അര്‍ബുദം നേരിടുന്നതില്‍ പ്രധാന പ്രതിബന്ധവും ഇതാണ്‌. അര്‍ബുദത്തിന്റെ ഈ സവിശേഷത നിഷ്‌ഫലമാക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്നാണ്‌ 'ഇമ്മ്യൂണോതെറാപ്പി'യെന്ന നൂതനസമീപനം. ഇമ്മ്യൂണോതെറാപ്പിയുടെ ചുവടുപിടിച്ചാണ്‌ ട്യൂമര്‍കോശങ്ങള്‍ തിരിച്ചറിഞ്ഞ്‌ നശിപ്പിക്കാനായി, പ്രതിരോധകോശങ്ങളെ ആകര്‍ഷിച്ച്‌ ഉത്തേജിപ്പിക്കുന്ന പോളിമര്‍ ഇംപ്ലാന്റ്‌ ഹാര്‍വാഡ്‌ സംഘം രൂപപ്പെടുത്തിയത്‌. കീമോതെറാപ്പി പോലുള്ള പരമ്പരാഗത ചികിത്സാരീതികളുടെ തോതും തീവ്രതയും ഇതുവഴി കുറയ്‌ക്കാനാകും. പ്രതിരോധവൈകല്യരോഗങ്ങളായ ടൈപ്പ്‌ ഒന്ന്‌ പ്രമേഹം (ജുവനൈല്‍ പ്രമേഹം), ആമവാതം (റുമാറ്റോയിഡ്‌ ആര്‍ത്രൈറ്റിസ്‌) തുടങ്ങിയവയ്‌ക്കെതിരെയും പുതിയ മാര്‍ഗം പ്രയോഗിക്കാനാകും എന്ന്‌ 'നേച്ചര്‍ മെറ്റീരിയല്‍സ്‌' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

അര്‍ബുദത്തിനെതിരെ നിലവില്‍ ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി അതീവ സങ്കീര്‍ണമാണ്‌. മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ അതത്ര വിജയിക്കുന്നതായും കണ്ടിട്ടില്ല-പുതിയ മാര്‍ഗം വികസിപ്പിച്ച സംഘത്തിന്‌ നേതൃത്വം നല്‍കിയ ഡോ.ഡേവിഡ്‌ മൂനി പറയുന്നു. നിലവിലുള്ള ഇമ്മ്യൂണോതെറാപ്പിയില്‍ രോഗിയുടെ ശരീരത്തില്‍നിന്ന്‌ ഡെന്‍ഡ്രിക്‌ കോശങ്ങള്‍ (dendritic cells) എന്ന പ്രതിരോധകോശങ്ങളെ ആദ്യം വേര്‍തിരിച്ചെടുക്കണം. അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന ആന്റിജനുമായി ശരീരത്തിന്‌ വെളിയില്‍വെച്ച്‌ അതിനെ സമ്പര്‍ക്കത്തില്‍ വിട്ട്‌ പ്രതിരോധപ്രതികരണം ഉണ്ടാക്കണം. അങ്ങനെ പരുവപ്പെടുത്തിയ കോശങ്ങള്‍ വീണ്ടും രോഗിയില്‍ കുത്തിവെയ്‌ക്കണം. അവ ലസികാഗ്രന്ഥികളിലെത്തി അവിടെവെച്ച്‌, മറ്റൊരിനം പ്രതിരോധകോശങ്ങളായ ടി-കോശങ്ങളെ (T cells) ഉത്തേജിപ്പിക്കണം. അത്തരം ടി-കോശങ്ങള്‍ ട്യൂമറിനെ ആക്രമിച്ച്‌ നശിപ്പിക്കണം.

ഡെന്‍ഡ്രിക്‌ കോശങ്ങള്‍ വളരെ അസ്ഥിരമാണ്‌ എന്നതാണ്‌ സാധാരണ ഇമ്മ്യൂണോതെറാപ്പിയിലെ ഏറ്റവും വലിയ പ്രശ്‌നം. `മാറ്റിവെയ്‌ക്കുമ്പോഴേക്കും ആ കോശങ്ങള്‍ നശിച്ചിരിക്കും. മാത്രമല്ല, തിരികെ കുത്തിവെച്ചാല്‍ തന്നെ അവയുടെ പ്രവര്‍ത്തനത്തില്‍ പരിമിതമായ നിയന്ത്രണമേ നമുക്ക്‌ ലഭിക്കൂ`-ഡോ. മൂനി പറയുന്നു. ഇമ്മ്യൂണോതെറാപ്പിയില്‍ ശരീരത്തിന്‌ വെളിയില്‍വെച്ച്‌ നടത്തേണ്ട സങ്കീര്‍ണപ്രക്രിയകളെല്ലാം ശരീരത്തിനുള്ളില്‍ വെച്ചുതന്നെ നിര്‍വഹിക്കാനാകുന്നു എന്നതാണ്‌ ഡോ.മൂനിയും സംഘവും വികസിപ്പിച്ച പോളിമര്‍ ഇംപ്ലാന്റിന്റെ പ്രത്യേകത. ഇതിനുപയോഗിക്കുന്ന പോളിമര്‍ ജൈവവിഘടനത്തിന്‌ വിധേയമാകും എന്നതിനാല്‍ അത്‌ ശരീരത്തിനുള്ളില്‍ ഘടിപ്പിക്കുന്നതുകൊണ്ട്‌ മറ്റ്‌ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുന്നുമില്ല.

സ്‌പോഞ്ചുപോലെ സൂക്ഷ്‌മസുക്ഷിരങ്ങളുള്ള ഒന്നാണ്‌ ഡോ. മൂനി വികസിപ്പിച്ച പോളിമര്‍ ഇംപ്ലാന്റ്‌. ശരീരത്തിനുള്ളിലെത്തിക്കഴിഞ്ഞാല്‍ അത്‌ ഡെന്‍ഡ്രിക്‌ കോശങ്ങളെ ഒരു രാസസൂചകം വഴി ആകര്‍ഷിക്കുന്നു. അടുത്തെത്തുന്ന കോശങ്ങള്‍ പോളിമറിലെ സുക്ഷിരങ്ങളില്‍ തത്‌ക്കാലത്തേക്ക്‌ തങ്ങും. അവിടെവെച്ചാണ്‌ അര്‍ബുദത്തിനെതിരെ 'പരിശീലനം' നടക്കുന്നത്‌. അതിന്‌ പോളിമറില്‍ രണ്ട്‌ സൂചകങ്ങങ്ങള്‍ (സിഗ്നലുകള്‍) ഉണ്ട്‌. ഏത്‌ അര്‍ബുദത്തിനെതിരെയാണോ സജ്ജമാകേണ്ടത്‌, അതുമായി ബന്ധപ്പെട്ട ആന്റിജന്‍ സൂചകമാണ്‌ ഒന്ന്‌. ബാക്ടീരിയയുടെ ഡി.എന്‍.എ.യുടെ തുണ്ടുകളാണ്‌ രണ്ടാമത്തെ സൂചകം. ഡി.എന്‍.എ.തുണ്ടുകളുടെ സാന്നിധ്യം പ്രതിരോധകോശങ്ങളെ ശക്തിയായി ഉത്തേജിപ്പിക്കും. `അണുബാധയ്‌ക്ക്‌ നടുവിലാണെന്ന` തോന്നല്‍ കോശങ്ങളിലുണ്ടാക്കാന്‍ ഇതിടയാക്കും-ഡോ.മൂനി വിശദീകരിക്കുന്നു.

ട്യൂമര്‍കോശങ്ങളെ തിരഞ്ഞുപിടിച്ച്‌ ശക്തമായി ആക്രമിക്കാന്‍ പ്രതിരോധസംവിധാനത്തിന്‌ ഇത്‌ പ്രേരണ നല്‍കും. പ്രതിരോധസംവിധാത്തില്‍നിന്ന്‌ മറഞ്ഞിരിക്കാന്‍ അര്‍ബുദകോശങ്ങള്‍ക്ക്‌ സാധിക്കാതെ വരും. എലികളുടെ തൊലിക്കടിയിലാണ്‌ പോളിമര്‍ ഇംപ്ലാന്റുകള്‍ സ്ഥാപിച്ച്‌ ഗവേഷകര്‍ പരീക്ഷിച്ചത്‌. ത്വക്കിനെ ബാധിക്കുന്ന മെലനോമയെന്ന മാരക അര്‍ബുദത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആന്റിജനാണ്‌ കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ഇംപ്ലാന്റില്‍ ഉണ്ടായിരുന്നത്‌. ആ അര്‍ബുദത്തിനെതിരെയുള്ള അതിജീവനം 90 ശതമാനം വരെ വര്‍ധിച്ചതായി പരീക്ഷണങ്ങളില്‍ കണ്ടു. `കോശ സാങ്കേതികവിദ്യയും മെറ്റീരിയല്‍സ്‌ സയന്‍സും തമ്മിലുള്ള ചേതോഹരമായ കൂടിച്ചേരലാണ്‌` ഡോ.മൂനിയുടെ ഗവേഷണമെന്ന്‌, ഔഷധ പ്രയോഗത്തിനായുള്ള പോളിമറുകള്‍ വികസിപ്പിക്കുന്നതില്‍ ആചാര്യനായ എം.ഐ.ടി.ഗവേഷകന്‍ ഡോ.റോബര്‍ട്ട്‌ ലാങര്‍ അഭിപ്രായപ്പെട്ടു.

എലികളില്‍ വിജയിച്ച മാര്‍ഗം കുറച്ചുകൂടി വലിയ മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷമാകും മനുഷ്യരില്‍ പ്രയോഗിക്കുക. പക്ഷേ, ഒരുകാര്യം ഇനിയും വ്യക്തമാകാനുണ്ട്‌. ദീര്‍ഘനാളത്തേക്ക്‌ ഈ ചികിത്സ പ്രായോഗികമാകുമോ എന്നകാര്യം. ഇത്തരം ഇംപ്ലാന്റുകള്‍ ഉപയോഗിച്ചാല്‍, മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ കഴിഞ്ഞ്‌ ശരീരത്തിന്റെ പ്രതിരോധകോശങ്ങള്‍ക്ക്‌ അര്‍ബുദത്തെ തിരിച്ചറിഞ്ഞ്‌ നശിപ്പിക്കാന്‍ കഴിയുമോ എന്നത്‌ ഇനിയും വ്യക്തമായിട്ടില്ല. ഒരിക്കല്‍ ശരീരം ശത്രുവിനെ തിരിച്ചറിയാന്‍ പഠിച്ചാല്‍, പിന്നീടും അതിന്‌ കഴിയണം. ഇക്കാര്യം വിശദമായി പഠിക്കാനുള്ള ശ്രമത്തിലാണ്‌ ഗവേഷകരിപ്പോള്‍.
(അവലംബം: നേച്ചര്‍ മെറ്റീരിയല്‍സ്‌, കടപ്പാട്‌: മാതൃഭൂമി).

Sunday, February 01, 2009

കഞ്ചാവ്‌തോട്ടം 'ഗൂഗിള്‍ എര്‍ത്തി'ല്‍

ഗൂഗിള്‍ തകര്‍ന്നു എന്ന വാര്‍ത്ത ലോകമെങ്ങും സംഭ്രമമുണ്ടാക്കുന്നതിനിടെ ഒരു കൗതുകവാര്‍ത്ത.

ഗൂഗിള്‍ തകര്‍ന്നു എന്നു പറഞ്ഞാല്‍ ലോകം അവസാനിച്ചു എന്നാണര്‍ഥം, കുറഞ്ഞപക്ഷം ഇന്റര്‍നെറ്റിനെ സംബന്ധിച്ചെങ്കിലും. മണിക്കൂറുകളേ ആയിട്ടുള്ളു ഇങ്ങനെയൊരു വാര്‍ത്ത പരക്കുകയും ശമിക്കുകയും ചെയ്‌തിട്ട്‌. ഗൂഗിളില്‍ തിരഞ്ഞവര്‍ക്കൊക്കെ സെര്‍ച്ച്‌ ഫലത്തോടൊപ്പം (ഏത്‌ സൈറ്റാണെങ്കിലും) ഈ സൈറ്റ്‌ നിങ്ങളുടെ കമ്പ്യൂട്ടറിനെ അപകടപ്പെടുത്തും എന്ന മുന്നറിപ്പ്‌ കിട്ടുകയാണ്‌ ചെയ്‌തത്‌. ഗൂഗിളും വിക്കിപ്പീഡിയയും പോലും അത്തരമൊരു ടാഗിനൊപ്പം പ്രത്യക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ കാര്യത്തിന്റെ കിടപ്പ്‌ മനസിലാകുമല്ലോ (ബെര്‍ലിത്തരങ്ങളില്‍ ഇതെപ്പറ്റി വന്ന പോസ്‌റ്റ്‌ കാണുക). ഒരു കൈപ്പിഴ പറ്റിയതാണ്‌ എന്ന്‌ പറഞ്ഞ്‌ സംഭവം ഒരുമണിക്കൂര്‍കൊണ്ട്‌ ഗൂഗിള്‍ നേരെയാക്കി (ഗൂഗിള്‍ ബ്ലോഗിലെ വിശദീകരണം ഇവിടെ). ഏതായാലും വെബ്ബ്‌ലോകത്തിന്റെ വിറ ഇനിയും മാറിയിട്ടില്ല.

അതിനിടെ, ഗൂഗിള്‍ എര്‍ത്തുമായി ബന്ധപ്പെട്ട്‌ കൗതുകമുണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട്‌്‌. സംഭവം സ്വിറ്റ്‌സ്വര്‍ലന്‍ഡിലാണ്‌. ഒരു കുറ്റവാളിയുടെ വിലാസം വെച്ച്‌ സ്ഥലം മനസിലാക്കാന്‍ പോലീസ്‌ ഗൂഗിള്‍ എര്‍ത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. അപ്പോഴാണ്‌ സ്ഥലത്ത്‌ ചോളച്ചെടികളാല്‍ മറഞ്ഞിരിക്കുന്ന രണ്ടേക്കര്‍ സ്ഥലം പോലീസിന്‌ മുന്നില്‍ തെളിഞ്ഞത്‌. അവിടുത്തെ കൃഷി കണ്ട്‌ പോലീസ്‌ ഞെട്ടി; സംഭവം സാക്ഷാല്‍ കഞ്ചാവ്‌! സ്ഥലം റെയ്‌ഡ്‌ ചെയ്‌തു. പ്രതിവര്‍ഷം 42 കോടി രൂപായുടെ കഞ്ചാവ്‌കൃഷി ആ രണ്ടേക്കറില്‍ നടന്നിരുന്നു എന്നാണ്‌ പോലീസ്‌ വെളിപ്പെടുത്തുന്നത്‌.

2004-2008 കാലത്ത്‌ ഏതാണ്ട്‌ ഏഴ്‌ ടണ്‍ ഹാഷിഷും കഞ്ചാവും കച്ചവടം ചെയ്‌ത മയക്കുമരുന്ന്‌ റാക്കറ്റില്‍ ഉള്‍പ്പെട്ട, രണ്ട്‌ കര്‍ഷകരുടെ സ്ഥലം എവിടെയാണെന്ന്‌ ഗൂഗിള്‍ എര്‍ത്തില്‍ തിരയുകയായിരുന്നു തങ്ങളെന്ന്‌ സ്വിസ്സ്‌ പോലീസ്‌ പറയുന്നു. വടക്കുകിഴക്കന്‍ തുര്‍ഗാവു സംസ്ഥാനത്താണ്‌ കഞ്ചാവ്‌തോട്ടം കണ്ടെത്തിയത്‌. മയക്കുമരുന്നു സംഘത്തിലെ 16 പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്‌.

വാല്‍ക്കഷണം: കഞ്ചാവ്‌ വേട്ട ഫാഷനാക്കിയ നമ്മുടെ എക്‌സൈസ്‌-ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥന്‍മാര്‍ക്കുള്ള ഗുണപാഠം- വേണമെങ്കില്‍ കഞ്ചാവുതോട്ടം ഗൂഗിള്‍ എര്‍ത്തിലും കാണാം.