Sunday, September 30, 2007

ക്ഷുദ്രഗ്രഹങ്ങളെ അടുത്തറിയാന്‍ 'ഡോണ്‍'

ക്ഷുദ്രഗ്രഹങ്ങളെ അടുത്തറിയുക വഴി സൗരയൂഥത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍, നാസയുടെ ദൗത്യവാഹനമായ 'ഡോണ്‍' യാത്ര തിരിച്ചു. എട്ടുവര്‍ഷം കൊണ്ട്‌ 500 കോടി കിലോമീറ്റര്‍ സഞ്ചിരിക്കുന്ന ഈ ആളില്ലാ വാഹനം, രണ്ടു പ്രമുഖ ക്ഷുദ്രഗ്രഹങ്ങളായ 'സിറസ്‌', 'വെസ്റ്റ' എന്നിവയെയാണ്‌ നിരീക്ഷിക്കുക. നാസയുടെ 'ഡിസ്‌കവറി പ്രോഗ്രാ'മിലെ ഒന്‍പതാമത്തെ വാഹനമാണ്‌ ഡോണ്‍.

2007 സപ്‌തംബര്‍ 27-ന്‌ ഫ്‌ളോറിഡയിലെ കേപ്‌ കാനവെറലില്‍ നിന്നു യാത്ര തിരിച്ച ഡോണ്‍ (Dawn), നാലുവര്‍ഷം യാത്ര ചെയ്‌ത്‌ 2011 ഒക്ടോബറില്‍ വെസ്‌റ്റ (Vesta) യ്‌ക്കു സമീപമെത്തും. അപ്പോഴേയ്‌ക്കും വാഹനം 300 കോടി കിലോമീറ്റര്‍ താണ്ടിയിട്ടുണ്ടാകും. വെസ്റ്റയെ ഒന്‍പതു മാസം വലംവെയ്‌ക്കുന്ന ഡോണ്‍, അതിന്‌ ശേഷം സിറസി (Ceres)ലേക്കു യാത്രയാകും. സിറിസിനു സമീപമെത്താന്‍ നാലുവര്‍ഷമെടുക്കും. 2015 ജൂലായില്‍ സിറസിന്‌ സമീപമെത്തുന്ന വാഹനം അഞ്ചുമാസം നിരീക്ഷണം നടത്തും. അതോടെ ദൗത്യം അവസാനിക്കും.

460 കോടി വര്‍ഷം മുമ്പ്‌ സൗരയൂഥം രൂപപ്പെട്ട വേളയില്‍ ഗ്രഹങ്ങളുടെ ഭാഗമാകാന്‍ കഴിയാതെ പോയ ചെറുവസ്‌തുക്കളാണ്‌ ക്ഷുദ്രഗ്രഹങ്ങളും ഉല്‍ക്കകളും. ചൊവ്വായ്‌ക്കും വ്യാഴത്തിനുമിടയില്‍ ഒരു ബെല്‍റ്റ്‌ പോലെ ഇവ സ്ഥിതി ചെയ്യുന്നു. സൂര്യനില്‍ നിന്ന്‌ 2.3 അസ്‌ട്രോണമിക്കല്‍ യൂണിറ്റ്‌ (AU) മുതല്‍ 3.3 അസ്‌ട്രോണമിക്കല്‍ യൂണിറ്റു വരെയുള്ള ഭാഗത്താണ്‌ ക്ഷുദ്രഗ്രഹബല്‍റ്റ്‌ (asteriod belt) സ്ഥിതിചെയ്യുന്നത്‌. (സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലമായ 15 കോടി കിലോമീറ്ററാണ്‌ ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ്‌).

നൂറുകണക്കിന്‌ കിലോമീറ്റര്‍ വ്യാസമുള്ളവ മുതല്‍ വളരെ ചെറിയ വസ്‌തുക്കള്‍ വരെ ക്ഷുദ്രഗ്രഹബല്‍റ്റിലുണ്ട്‌. ലക്ഷക്കണക്കിന്‌ വസ്‌തുക്കള്‍ അവിടെയുണ്ടെന്നാണ്‌ കണക്ക്‌. അവയില്‍ ഏറ്റവും വലുതാണ്‌ സിറിസ്‌. 1801 ജനവരി ഒന്നിന്‌ ഗിയുസെപ്പി പിയാസ്സിയാണ്‌ ഈ ക്ഷുദ്രഗ്രഹത്തെ കണ്ടുപിടിച്ചത്‌. അതിന്‌ ഗോളാകൃതിയാണുള്ളത്‌; വ്യാസം ഏതാണ്ട്‌ 960 കിലോമീറ്റര്‍ വരും. ക്ഷുദ്രഗ്രഹബല്‍റ്റിന്റെ ആകെ പിണ്ഡത്തില്‍ മൂന്നിലൊന്ന്‌ സിറിസിലാണ്‌ സ്ഥിതിചെയ്യുന്നത്‌. സൂര്യനില്‍ നിന്ന്‌ 2.77 AU അകലെയാണ്‌ സിറിസിന്റെ സ്ഥാനം.

2006 ആഗസ്‌തില്‍ പ്രാഗില്‍ നടന്ന അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (IAU) സമ്മേളനം, സിറിസിനെ പ്ലൂട്ടോയ്‌ക്കൊപ്പം ഒരു 'കുള്ളന്‍ഗ്രഹ'മായി പ്രഖ്യാപിച്ചു. സിറിസിന്‌ ശിലാനിര്‍മിത അകക്കാമ്പാണുള്ളതെന്ന്‌ കോര്‍ണല്‍ സര്‍വകലാശാലയിലെ പീറ്റര്‍ തോമസ്‌ നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അകക്കാമ്പിന്‌ പുറത്തായി ഹിമപാളികളാല്‍ സമ്പന്നമായ പുറംപാളി. ആ പാളിക്ക്‌ 60 മുതല്‍ 120 കിലോമീറ്റര്‍ വരെ കനം ഉണ്ടാകാം. ഏതാണ്ട്‌ 20 കോടി ഘനകിലോമീറ്റര്‍ വെള്ളം സിറസില്‍ ഹിമപാളിയുടെ രൂപത്തിലുണ്ടെന്ന്‌ പീറ്റര്‍ തോമസിന്റെ പഠനങ്ങള്‍ പറയുന്നു.


ക്ഷുദ്രഗ്രഹബല്‍റ്റിലെ രണ്ടാമത്തെ വലിയ വസ്‌തുവാണ്‌ വെസ്റ്റ. 1807 മാര്‍ച്ച്‌ 29-ന്‌ ജര്‍മന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ഹെയ്‌ന്‍റിക്‌ വില്‍ഹെം ഒല്‍ബേര്‍സ്‌ കണ്ടെത്തിയ ആ ക്ഷുദ്രഗ്രഹത്തിന്‌ 520 കിലോമീറ്റര്‍ വ്യാസമുണ്ട്‌. സൂര്യനില്‍ നിന്ന്‌ 2.5 AU അകലെയാണ്‌ സ്ഥാനം. സിറിസില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌ വെസ്‌റ്റ. വെള്ളത്തിന്റെ ഒരു ലക്ഷണവും വെസ്‌റ്റയിലില്ല. ചൂടേറിയ അകക്കാമ്പും, പാറകള്‍ നിറഞ്ഞ പ്രതലവുമാണുള്ളത്‌. വെസ്‌റ്റയുടെ തെക്കന്‍ ധ്രുവമേഖലയില്‍ 460 കിലോമീറ്റര്‍ വ്‌സ്‌താരവും 13 കിലോമീറ്റര്‍ ആഴവുമുള്ള ഒരു ഗര്‍ത്തമുള്ളതായി പീറ്റര്‍ തോമസും സംഘവും ഹബ്‌ള്‍ സ്‌പേസ്‌ ടെലസ്‌കോപ്പിന്റെ സഹായത്തോടെ അടുത്തയിടെ കണ്ടെത്തുകയുണ്ടായി. മറ്റേതോ സൗരയൂഥ വസ്‌തുവുമായുള്ള കൂട്ടിയിടിയുടെ ഫലമാണ്‌ ഈ ഗര്‍ത്തമെന്നു കരുതുന്നു.

സൗരയൂഥം രൂപപ്പെട്ട സമയത്തുണ്ടായ ക്ഷുദ്രഗ്രഹങ്ങളെക്കുറിച്ചു കൂടുതല്‍ അറിയുന്നത്‌, സൗരയൂഥത്തിന്റെ ബാല്യത്തെക്കുറിച്ച്‌ മനസിലാക്കാന്‍ സഹായിക്കുമെന്ന കാഴ്‌ചപ്പാടാണ്‌ ഡോണ്‍ പോലൊരു ദൗത്യവാഹനത്തെ അയയ്‌ക്കാന്‍ നാസയെ പ്രേരിപ്പിച്ചത്‌. 1.64 മീറ്റര്‍ നീളവും 1.27 മീറ്റര്‍ വീതിയുമുള്ള ഡോണ്‍ വാഹനത്തിലെ ആധുനിക ഉപകരണങ്ങള്‍, ആ ക്ഷുദ്രഗ്രഹങ്ങളുടെ രാസപരവും ഭൗതീകവുമായ പ്രത്യേകതകള്‍ സൂക്ഷ്‌മമായി മനസിലാക്കാന്‍ സഹായിക്കും. ഒരു ഉന്നതശേഷിയുള്ള ക്യാമറയും രണ്ട്‌ സ്‌പെക്ട്രോമീറ്ററും ഡോണിലുണ്ട്‌. അയണ്‍ പ്രൊപ്പല്‍ഷന്‍ (ion propulsion) യന്ത്രങ്ങളാണ്‌ ഡോണിലേത്‌. ക്‌സീനോണ്‍ ഇന്ധനത്തില്‍ നിന്ന്‌ പുറപ്പെടുന്ന അയോണുകളാണ്‌ വാഹത്തിന്റെ യാത്രയ്‌ക്ക്‌ സഹായിക്കുക.

ഡോണിന്റേത്‌ ശരിക്കു പറഞ്ഞാല്‍ ഒരു പുനര്‍ജന്മമാണ്‌. ഈ ദൗത്യം നാസ നേരത്തെ റദ്ദാക്കിയതാണ്‌. 2006-ല്‍ ലഭിച്ച 44.9 കോടി ഡോളര്‍ (1796 കോടിരൂപ) ഫണ്ടിന്റെ ബലത്തില്‍ അത്‌ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. നാസയുടെ ഡിസ്‌കവറി പ്രോഗ്രാമില്‍ ഉള്‍പ്പെട്ട പത്ത്‌ ആളില്ലാ വാഹനങ്ങളില്‍ ഒന്‍പതാമത്തേതാണ്‌ ഡോണ്‍. നിയര്‍, പാത്ത്‌ഫൈന്‍ഡര്‍, പ്രോസ്‌പെക്ടര്‍, സ്റ്റാര്‍ഡസ്റ്റ്‌, ജനിസസ്‌, കോന്റൂര്‍, മെസ്സെഞ്ചര്‍, ഡീപ്‌ ഇംപാക്ട്‌, കെപ്ലാര്‍ എന്നിവയാണ്‌ മറ്റ്‌ ദൗത്യങ്ങള്‍. ഇവയില്‍ സൗരയൂഥത്തിന്‌ വെളിയില്‍ ഭൂമിക്കു സമാനമായ ഗ്രഹങ്ങളെ കണ്ടെത്താനുദ്ദേശിച്ചുള്ള കെപ്ലാര്‍ ദൗത്യം 2008-ലാണ്‌ യാത്ര തിരിക്കുക.(കടപ്പാട്‌: നാസ)

Sunday, September 23, 2007

അര്‍ബുദം ചെറുക്കാന്‍ കോശമാറ്റ രീതി

അന്യശരീരത്തില്‍ നിന്നുള്ള പ്രതിരോധകോശങ്ങള്‍ ഉപയോഗിച്ച്‌ അര്‍ബുദം ചെറുക്കാന്‍ വഴിതെളിയുന്നതായി റിപ്പോര്‍ട്ട്‌. ചിലരുടെ ശരീരത്തില്‍ കാണപ്പെടുന്ന ഒരു പ്രത്യേകയിനം പ്രതിരോധകോശത്തിന്‌ അര്‍ബുദം നശിപ്പിക്കാന്‍ ശേഷിയുണ്ടെന്ന കണ്ടെത്തല്‍ പുത്തന്‍ പ്രതീക്ഷയാവുകയാണ്‌. ഭാവിയില്‍ ഇത്തരം കോശങ്ങള്‍ മാറ്റിവെച്ച്‌ അര്‍ബുദരോഗികള്‍ക്ക്‌ മുക്തി നേടാന്‍ കഴിഞ്ഞേക്കും.

മനുഷ്യശരീരത്തിലെ 'ഗ്രാനുലോസൈറ്റുകള്‍' (granulocytes) എന്നയിനം പ്രതിരോധ കോശങ്ങള്‍ക്കാണ്‌ അര്‍ബുദ നശീകരണ ശേഷിയുള്ളതായി കണ്ടെത്തിയിരിക്കുന്നത്‌. ബാക്ടീരിയ ബാധയുണ്ടാകുമ്പോള്‍ അത്‌ അമര്‍ച്ച ചെയ്യാന്‍ മുഖ്യപങ്കു വഹിക്കുന്ന പ്രതിരോധകോശങ്ങളാണ്‌ ഗ്രാനുലോസൈറ്റുകള്‍. ഇവയ്‌ക്ക്‌ അര്‍ബുദ പ്രതിരോധത്തില്‍ ചെറിയ പങ്കേയുള്ളു എന്നാണ്‌ ഇത്രകാലവും കരുതിയിരുന്നത്‌. ആ സങ്കല്‍പ്പം തിരുത്താന്‍ സമയമായെന്ന്‌ 'ന്യൂ സയന്റിസ്‌റ്റ്‌' വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

നോര്‍ത്ത്‌ കരോലിനയില്‍ വേക്ക്‌ ഫോറസ്‌റ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ മെഡിസിനിലെ ഡോ.ഷെങ്‌ ക്യുയിയും സംഘവുമാണ്‌ പഠനം നടത്തിയത്‌. അണുബാധ ചെറുക്കാന്‍ ശരീരത്തെ സഹായിക്കുന്ന പ്രതിരോധകോശങ്ങള്‍, അര്‍ബുദത്തെ ചെറുക്കാനും സഹായിക്കുന്നു എന്നകാര്യം പുതിയ അറിവല്ല. പക്ഷേ, അര്‍ബുദത്തിന്റെ കാര്യത്തില്‍ അത്ര വലിയ പങ്കില്ലെന്നു ഇതുവരെ കരുതിയ ഒരിനം പ്രതിരോധകോശങ്ങള്‍ക്ക്‌ രക്ഷകനാകാന്‍ കഴിയുമെന്നാണ്‌ പുതിയ പഠനം സൂചിപ്പിക്കുന്നത്‌.

നൂറു സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്നുള്ള രക്തമുപയോഗിച്ച്‌ ഓരോരുത്തരുടെയും ഗ്രാനുലോസൈറ്റ്‌ കോശങ്ങള്‍ വേര്‍തിരിച്ചെടുക്കുകയാണ്‌ പഠനത്തിന്റെ ഭാഗമായി ചെയ്‌തത്‌. എന്നിട്ട്‌, അവ ഓരോന്നും പരീക്ഷണശാലയില്‍ ഗര്‍ഭാശയ അര്‍ബുദകോശങ്ങളുമായി കലര്‍ത്തി. ചിലരുടെ ഗ്രാനുലോസൈറ്റ്‌ കോശങ്ങള്‍ 97 ശതമാനം അര്‍ബുദ കോശങ്ങളെയും നശിപ്പിച്ചതായി ഡോ.ക്യുയിയും സംഘവും കണ്ടു. എന്നാല്‍, മറ്റു ചിലരുടെ ഗ്രാനുലോസൈറ്റ്‌ കോശങ്ങള്‍ കാര്യമായി ഫലം ചെയ്‌തില്ല. മാത്രമല്ല, ശൈത്യകാലത്ത്‌ ഈ കോശങ്ങള്‍ (ആരുടെ ശരീരത്തില്‍ നിന്നുള്ളതായാലും) അര്‍ബുദം നശിപ്പിക്കുന്നില്ലെന്നും വ്യക്തമായി.

എലികളില്‍ ഈ മാര്‍ഗ്ഗം പരീക്ഷിച്ചപ്പോള്‍, അര്‍ബുദ പ്രതിരോധശേഷിയുള്ള ഗ്രാനുലോസൈറ്റ്‌ കോശങ്ങള്‍ ഉപയോഗിച്ച്‌ രോഗം ഭേദമാക്കാന്‍ കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ ഈ രീതി മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങുമെന്ന്‌ ഡോ.ക്യുയി അറിയിച്ചു. ഇത്തരം കോശങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഇവ സുലഭമാണെന്നതാണ്‌. എന്നാല്‍, പ്രതിരോധ കോശങ്ങള്‍ മാറ്റിവെച്ചുള്ള ചികിത്സ അപകടം വരുത്തുമെന്ന്‌ വാദിക്കുന്ന വിദഗ്‌ധരും കുറവല്ല. പുതിയൊരു ശരീരത്തില്‍ പ്രതിരോധ കോശങ്ങള്‍ എത്തുമ്പോള്‍, ആ ശരീരം അന്യവസ്‌തുവെന്നു കരുതി ആക്രമിക്കപ്പെട്ടു എന്നു വരാമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.(അവലംബം: ന്യൂ സയന്റിസ്‌റ്റ്‌, കടപ്പാട്‌: മാതൃഭൂമി)

Saturday, September 22, 2007

ഓസോണിനെ രക്ഷിക്കാന്‍ ആഗോള ധാരണ

ഓസോണ്‍പാളിക്ക്‌ ദോഷം ചെയ്യുന്ന രാസവസ്‌തുക്കളുടെ ഉപയോഗം നിശ്ചയിച്ച സമയപരിധിക്കു മുമ്പേ അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ധാരണയിലെത്തി.

കാനഡയിലെ മോണ്‍ട്രിയലില്‍ വെള്ളിയാഴ്‌ച (2007 സപ്‌തംബര്‍ 21-ന്‌) ചേര്‍ന്ന സമ്മേളനത്തില്‍ ഇരുന്നൂറോളം രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ്‌ ഈ സുപ്രധാന ധാരണയിലെത്തിയതെന്ന്‌ യു.എന്‍. അറിയിച്ചു.

ഓസോണ്‍ ശോഷണം തടയാനുദ്ദേശിച്ച്‌ യു.എന്നിന്റെ നേതൃത്വത്തില്‍ രൂപംനല്‍കിയ, 'മോണ്‍ട്രിയല്‍ ഉടമ്പടി'യുടെ ഇരുപതാം വാര്‍ഷികം പ്രമാണിച്ചു നടന്ന സമ്മേളനത്തിലാണ്‌ പുതിയ ധാരണയുണ്ടായത്‌. ഭൗമാന്തരീക്ഷത്തിലെ ഓസോണ്‍ പാളിയാണ്‌ സൂര്യനില്‍ നിന്നുള്ള അപകടകാരികളായ ആള്‍ട്രാവയലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ ഭൂമിയെ രക്ഷിക്കുന്നത്‌. ഓസോണ്‍ പാളിക്കേറ്റ പരിക്ക്‌ ആഗോള ഭീഷണിയായി മാറുന്നുവെന്ന്‌ വ്യക്തമായതിന്റെ ഫലമായിരുന്നു ചരിത്രപ്രധാനമായ മോണ്‍ട്രിയല്‍ ഉടമ്പടി.

ഓസോണ്‍ പാളിക്ക്‌ ഭീഷണിയുയര്‍ത്തുന്ന 'ഹൈഡ്രോക്ലോറോഫ്‌ളൂറോകാര്‍ബണുകളു'ടെ (എച്ച്‌.സി.എഫ്‌.സി) ഉപയോഗം വികസിത രാഷ്ട്രങ്ങള്‍ 2030 ആകുമ്പോഴേക്കും, വികസ്വര രാഷ്ട്രങ്ങള്‍ 2040 ആകുമ്പോഴേക്കും ഉപേക്ഷിക്കണം എന്നാണ്‌ യഥാര്‍ഥത്തില്‍ തീരുമാനിച്ചിരുന്നത്‌. അത്‌ യഥാക്രമം 2020, 2030 എന്നിങ്ങനെ പുനര്‍നിശ്ചയിക്കാനാണ്‌ പുതിയ ധാരണ. എയര്‍കണ്ടീഷനറുകളിലും റഫ്രിജറേറ്ററുകളിലും ഉപയോഗിക്കുന്ന രാസവസ്‌തുക്കളാണ്‌ എച്ച്‌.സി.എഫ്‌.സികള്‍.

യു.എന്‍.പരിസ്ഥിതി പ്രോഗ്രാമിന്റെ (യു.എന്‍.ഇ.പി) പിന്തുണയോടെ അമേരിക്ക മുന്നോട്ടു വെച്ച നിര്‍ദേശം മറ്റ്‌ രാഷ്ട്രങ്ങള്‍ അംഗീകരിക്കുകയായിരുന്നുവെന്ന്‌, യു.എന്‍.ഇ.പി.വക്താവ്‌ നിക്ക്‌ നുട്ടാല്‍ അറിയിച്ചു. സുപ്രധാന ധാരണയാണ്‌ ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. 1987-സപ്‌തംബറില്‍ രൂപംനല്‍കിയ, 190 രാജ്യങ്ങള്‍ ഒപ്പിട്ട മോണ്‍ട്രിയല്‍ ഉടമ്പടിയില്‍ പറഞ്ഞിരുന്ന സമയക്രമമാണ്‌ ഇപ്പോള്‍ മുന്നോട്ടാക്കുന്നത്‌.

'ക്ലോറോഫ്‌ളൂറോകാര്‍ബണുകള്‍'(സി.എഫ്‌.സി), എച്ച്‌.സി.എഫ്‌.സികള്‍ തുടങ്ങി ഓസോണ്‍ ശോഷണം വരുത്തുന്ന രാസവസ്‌തുക്കളുടെ ഉപയോഗം അവസാനിപ്പിക്കാനും, ഓസോണ്‍ പാളിക്കേറ്റ പരിക്ക്‌ ഭേദമാക്കാനും ഉദ്ദേശിച്ചാണ്‌ ഇരുപത്‌ വര്‍ഷം മുമ്പ്‌ മോണ്‍ട്രിയല്‍ ഉടമ്പടി നിലവില്‍ വന്നത്‌. സി.എഫ്‌.സികളുടെ ഉപയോഗം 2010 ആകുമ്പോഴേക്ക്‌ ലോകരാഷ്ട്രങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു ഉടമ്പടിയിലെ വ്യവസ്ഥ. ആ ലക്ഷ്യത്തില്‍ 95 ശതമാനവും ഇതിനകം കൈവരിച്ചു കഴിഞ്ഞു.

ഓസോണിന്‌ പരിക്കേല്‍പ്പിക്കുന്ന 88,000 ടണ്‍ രാസവസ്‌തുക്കള്‍ ഇപ്പോഴും പക്ഷേ, ലോകത്ത്‌ ഉത്‌പാദിപ്പിക്കുന്നു എന്നാണ്‌ കണക്ക്‌. അതില്‍ 85 ശതമാനത്തിന്റെയും ഉത്തരവാദികള്‍ വ്യവസായിക രാഷ്ട്രങ്ങളാണ്‌. 10,000 മുതല്‍ 15,000 ടണ്‍ വരെ ഓസോണ്‍ ശോഷണ രാസവസ്‌തുക്കള്‍ ലോകത്ത്‌ അനധികൃതമായി നിര്‍മിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. ഇപ്പോള്‍ ഉത്‌പാദിപ്പിക്കുന്ന ഓസോണ്‍ ശോഷണ രാസവസ്‌തുക്കളില്‍ മുഖ്യം എച്ച്‌.സി.എഫ്‌.സികളാണ്‌.

സി.എഫ്‌.സികളുടെ ഉപയോഗം പരിമിതപ്പെട്ടെങ്കിലും, അന്തരീക്ഷത്തിലെ ഓസോണ്‍ പാളിക്ക്‌ ഇതിനകം ഏറ്റ പരിക്ക്‌ ഭേദമാകാന്‍ അരനൂറ്റാണ്ടു കൂടിയെങ്കിലും കഴിയുമെന്നാണ്‌ വിദഗ്‌ധര്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്‌. കഴിഞ്ഞ വര്‍ഷം അന്റാര്‍ട്ടിക്‌ മേഖലയില്‍ പ്രത്യക്ഷപ്പെട്ട ഓസോണ്‍ വിള്ളലിന്റെ വലിപ്പം 295 ലക്ഷം ചതുരശ്ര കിലോമീറ്ററായിരുന്നു. ആദ്യമായാണ്‌ അത്ര വലിയൊരു വിള്ളല്‍ ഓസോണ്‍ പാളിയില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇത്തവണ അന്റാര്‍ട്ടിക്കിന്‌ മുകളില്‍ ഓസോണ്‍ വിള്ളല്‍ പതിവിലും നേരത്തെ പ്രത്യക്ഷപ്പെട്ടതായി ലോകകാലാവസ്ഥ സംഘടന വെളിപ്പെടുത്തിയിരുന്നു.(കാണുക: ഓസോണ്‍ വിള്ളല്‍ ഇക്കുറി നേരത്തെ) (കടപ്പാട്‌: എ.എഫ്‌.പി, റോയിട്ടേഴ്‌സ്‌)

Friday, September 21, 2007

വെള്ളത്തിലോടുന്ന കാര്‍!

ജയിംസ്‌ ബോണ്ടിന്റെ സിനിമാസെറ്റില്‍ നിന്ന്‌ അടിച്ചുമാറ്റി കൊണ്ടുവന്നതു പോലൊരു കാര്‍; കരയിലും വെള്ളത്തിലും ഓടുന്നത്‌. ലോകത്തെ ആദ്യ ഉഭയകാര്‍ ('ഉഭയജീവി'യെ സ്‌മരിക്കുക) നിര്‍മിക്കുകയാണ്‌ 'ഗിബ്‌സ്സ്‌ ടെക്‌നോജളീസ്‌' (Gibbs Technologies) എന്ന കമ്പനി. മൂന്നു പേര്‍ക്ക്‌ യാത്രചെയ്യാവുന്ന ഈ കാറിന്റെ പേര്‌ 'അക്വാഡ' (Aquada) എന്നാണ്‌.

2008-ല്‍ നിര്‍മാണം ആരംഭിക്കാനുദ്ദേശിക്കുന്ന കാറിന്‌ ഏതാണ്ട്‌ 85,000 ഡോളര്‍ (34 ലക്ഷം രൂപ) വില വരും. കരയില്‍ ഇവന്‍ പുലിയാണ്‌; മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തില്‍ പായും, വെള്ളത്തില്‍ 50 കിലോമീറ്റര്‍ വേഗത്തിലും. ഏറ്റവും കൂടുതല്‍ വേഗത്തിലോടുന്ന ഉഭയവാഹനമാണിതെന്ന്‌ കമ്പനി അവകാശപ്പെടുന്നു. ബ്രിട്ടീഷ്‌ സംരംഭകനായ റിച്ചാര്‍ഡ്‌ ബ്രാന്‍സന്‍ 2004-ല്‍ ഇംഗ്ലീഷ്‌ ചാനല്‍ കടക്കാന്‍ ഉപയോഗിച്ചത്‌ അക്വാഡയുടെ ആദ്യരൂപം ആയിരുന്നു. അത്‌ റിക്കോര്‍ഡായിരുന്നു; ഇംഗ്ലീഷ്‌ ചാനല്‍ ഏറ്റവും വേഗത്തില്‍ കടക്കുന്ന 'ഉഭയവാഹന'മെന്ന നിലയില്‍.

ന്യൂസിലന്‍ഡിലെ തന്റെ വീട്ടിന്‌ മുന്നിലെ ബീച്ചിലെ വെള്ളത്തിലൂടെ കാറില്‍ സഞ്ചരിക്കുകയെന്നത്‌, കമ്പനിയുടെ സ്ഥാപകന്‍ അലന്‍ ഗിബ്ബ്‌സിന്റെ സ്വപ്‌നമാണ്‌. ലണ്ടനും ന്യൂയോര്‍ക്കും പോലുള്ള നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക്‌ ഇത്തരം കാറുകള്‍ അനുഗ്രഹമാകുമെന്ന്‌ കമ്പനി കണക്കു കൂട്ടുന്നു. ട്രാഫിക്‌ ജാമില്‍ നിന്ന്‌ വേണമെങ്കല്‍ വെള്ളത്തിലൂടെ രക്ഷപ്പെടാം.

അമേരിക്കയിലായിരിക്കും അക്വാഡ നിര്‍മിക്കുകയെന്ന്‌ ഗിബ്ബ്‌സ്‌ അറിയിക്കുന്നു. 15,00 തൊഴിലാളികളെ വെച്ച്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം കാറുകള്‍ നിര്‍മിക്കുകയാണ്‌ ഉദ്ദേശം. നവീനമെന്ന ഘടകം അക്വാഡയെ വ്യത്യസ്‌തമാക്കുന്നു. പക്ഷേ, അത്‌ വാങ്ങി കരയിലും വെള്ളത്തിലും യാത്ര ചെയ്യണോ എന്ന്‌ തീരുമാനിക്കേണ്ടത്‌ ഉപഭോക്താക്കളാണ്‌. അക്വാഡ വാണിജ്യ വിജയം നേടുമോ എന്നത്‌ കാത്തിരുന്നു കാണേണ്ടതാണെന്ന്‌ സാരം.(കടപ്പാട്‌: ദി ഇക്കണോമിസ്‌റ്റ്‌, ഗിബ്‌സ്സ്‌ ടെക്‌നോജളീസ്‌)

Tuesday, September 18, 2007

അപൂര്‍വ ഫോസിലിന്‌ ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ നാമം

നാല്‌പത്‌ വര്‍ഷം മുമ്പ്‌ ഡോ.എസ്‌.ബി.മിശ്രയെന്ന ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍ കാനഡയില്‍ കണ്ടെത്തിയ ഒരു ഫോസിലിന്‌, ശാസ്‌ത്രലോകം അദ്ദേഹത്തിന്റെ നാമം നല്‍കിയിരിക്കുന്നു. പരിണാമചരിത്രത്തിലെ സുപ്രധാന കണ്ടെത്തലായി അറിയപ്പെടുന്ന ആ ഫോസില്‍ ഇനി മിശ്രയുടെ പേരില്‍ അറിയപ്പെടും

ഭൗമശാസ്‌ത്ര ചരിത്രത്തില്‍ വഴിത്തിരിവായ കണ്ടെത്തല്‍ നടത്തിയ ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‌, 40 വര്‍ഷത്തിന്‌ ശേഷം ശാസ്‌ത്രലോകത്തിന്റെ അപൂര്‍വ ബഹുമതി. കാനഡയില്‍ നിന്ന്‌ ഡോ.എസ്‌.ബി. മിശ്ര കണ്ടെത്തിയ 56.5 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്‌താണ്‌ കാനഡയും അന്താരാഷ്ട്ര ശാസ്‌ത്രസമൂഹവും അദ്ദേഹത്തെ ആദരിച്ചിരിക്കുന്നത്‌.

1967-ല്‍ കാനഡയില്‍ ന്യൂഫൗണ്ട്‌ലന്‍ഡിലെ ആവലോന്‍ ഉപദ്വീപില്‍ നിന്നാണ്‌ മിശ്ര ആ കണ്ടെത്തല്‍ നടത്തിയത്‌. ഭൂമുഖത്തെ ബഹുകോശജീവികളുടെ ഏറ്റവും പഴക്കമേറിയ ഫോസില്‍. പരിണാമചരിത്രത്തില്‍, ഏകകോശജീവികള്‍ക്കും ബഹുകോശജീവികള്‍ക്കും മധ്യേയുള്ള സുപ്രധാന കണ്ണി. മിസ്‌റ്റേക്കണ്‍ പോയന്റ്‌ എന്നറിയപ്പെടുന്ന സ്ഥലത്തു നിന്ന്‌ മിശ്ര കണ്ടെത്തിയ ആ ഫോസില്‍ ഇനിമേല്‍ 'ഫ്രാക്ടോഫ്യൂസസ്‌ മിശ്രേ' (Fractofusus misrai) എന്നറിയപ്പെടും.

അടുത്തയിടെ കാനഡയിലെ പോര്‍ച്ചുഗല്‍ കോവ്‌ സൗത്ത്‌ നഗരത്തില്‍ നടന്ന ചടങ്ങിലാണ്‌, ആ അപൂര്‍വ ഫോസില്‍ മിശ്രയുടെ പേരില്‍ അറിയപ്പെടുമെന്ന പ്രഖ്യാപനമുണ്ടായത്‌. കനേഡിയന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ശാസ്‌ത്രജ്ഞരും പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ വെച്ച്‌, കാനഡയില്‍ നിന്നുള്ള ഗേ നാര്‍ബോണ്‍, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജിം ഗെഹ്‌ലിങ്‌ എന്നീ പ്രമുഖ ഭൗമശാസ്‌ത്രജ്ഞര്‍ ആ ഫോസിലിന്റെ പേര്‌ പ്രഖ്യാപിച്ചു. ഇരുവരും ചേര്‍ന്ന്‌ 'കനേഡിയന്‍ ജേര്‍ണല്‍ ഓഫ്‌ എര്‍ത്ത്‌ സയന്‍സസി'ല്‍ ഇതു സംബന്ധിച്ച്‌ ഒരു പ്രബന്ധവും പ്രസിദ്ധീകരിക്കുകയുണ്ടായി.

കാനഡയില്‍ ഭൗമശാസ്‌ത്ര വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മിശ്ര താമസിച്ച സ്ഥലമാണ്‌ പോര്‍ച്ചുഗല്‍ കോവ്‌ സൗത്ത്‌ നഗരം. സ്വദേശികളോ വിദേശികളോ ആയ ഗവേഷണ വിദ്യാര്‍ഥികള്‍ പോകാന്‍ തയ്യാറാകാതിരുന്ന ദുര്‍ഗമമായ പ്രദേശമായിരുന്നു അന്ന്‌ ആവലോന്‍ ഉപദ്വീപ്‌ മേഖല. അധ്യാപകനും സ്വിസ്സ്‌ ഭൗമശാസ്‌ത്രജ്ഞനുമായിരുന്ന പ്രൊഫ. ഡബ്ല്യു.ഡി.ബ്രൂക്ക്‌നെര്‍ ആ ഉപദ്വീപിന്റെ ഭൂപടം തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മിശ്ര അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു. മിശ്രയുടെ ഗവേഷണ പ്രബന്ധത്തിനുള്ള വിഷയവും അതായിരുന്നു.

അതുവരെ ആരും പര്യവേക്ഷണം നടത്താത്ത ആവലോണ്‍ ഉപദ്വീപില്‍ മിശ്രയെ ആ ഫോസില്‍ മിശ്രയെ കാത്തിരിക്കുന്നുണ്ടായിരുന്നു. 'നേച്ചര്‍', 'ജിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ അമേരിക്ക ബുള്ളറ്റിന്‍', 'ജിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ' തുടങ്ങിയവിലൊക്കെ മിശ്രയുടെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അതോടെ, മിശ്ര പ്രശസ്‌തനായി. ഫോസില്‍ കണ്ടെത്തിയ മിസ്‌റ്റേക്കണ്‍ പോയന്റ്‌ സംരക്ഷണ മേഖലയായി കാനഡ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവിടം യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ പെടുത്താനുള്ള ശ്രമവും നടന്നു വരികയാണ്‌.

പ്രശസ്‌തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ 1972-ല്‍ മിശ്ര വടക്കേയമേരിക്ക വിട്ട്‌, ജന്മനാട്ടില്‍ തിരിച്ചെത്തി. ഒരു ഗ്രാമീണവിദ്യാലയം സ്ഥാപിക്കുകയെന്ന ബാല്യകാല സ്വപ്‌നം സാക്ഷാത്‌ക്കരിക്കാനായിരുന്നു ആ വരവ്‌. ലക്‌നൗവിനടുത്ത്‌ അദ്ദേഹം വിദ്യാലയം സ്ഥാപിച്ചു. ഫോസിലിന്റെ നാമകരണ ചടങ്ങിന,്‌ ഇപ്പോള്‍ ലക്‌നൗവില്‍ താമസിക്കുന്ന മിശ്ര പോയില്ല. സഹ ഭൗമശാസ്‌ത്രജ്ഞരില്‍ നിന്ന്‌ ഇത്തരമൊരു ബഹുമതി ലഭിക്കുന്നത്‌ വലിയ കാര്യാമാണെന്നു മാത്രം അദ്ദേഹം പ്രതികരിച്ചു.(കടപ്പാട്‌: പി.ടി.ഐ)

Saturday, September 15, 2007

അയല്‍പക്കത്ത്‌ ഒരു 'നക്ഷത്രപ്രേതം'

മരിച്ചു കഴിഞ്ഞ ഒരു നക്ഷത്രം ന്യൂട്രോണ്‍ താരമായി ആകാശഗംഗയ്‌ക്കരികില്‍ ഉണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നു. 'കാല്‍വെര'യെന്നു പേരിരിട്ടിട്ടുള്ള ആ 'നക്ഷത്രപ്രേതം' ഒരു ഒറ്റയാന്‍ ന്യൂട്രോണ്‍ താരമാണ്‌. ന്യൂട്രോണ്‍ താരങ്ങളെക്കുറിച്ച്‌ നിലവിലുള്ള ധാരണകള്‍ തിരുത്തിയെഴുതാന്‍ ഈ കണ്ടെത്തല്‍ കാരണമായേക്കാം എന്ന്‌ ഗവേഷകര്‍ കരുതുന്നു.

പ്രേതങ്ങളില്‍ വിശ്വസിക്കാത്ത ആളാവാം നിങ്ങള്‍. എങ്കിലും അയല്‍പക്കത്ത്‌ ഒരു പ്രേതം കഴിയുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കുക രസമായിരിക്കും. ഒരുപക്ഷേ, വല്ലാത്ത അമ്പരപ്പായിരിക്കും അതുണ്ടാക്കുക. അത്തരമൊരു അവസ്ഥയിലാണ്‌ വാനശാസ്‌ത്രലോകം ഇപ്പോള്‍. കാരണം, നമ്മുടെ പരിസരത്ത്‌ ഒരു മരിച്ച നക്ഷത്രം 'പ്രേത'മായി കഴിയുന്ന കാര്യം തികച്ചും അപ്രതീക്ഷിതമായി അവര്‍ കണ്ടെത്തിയിരിക്കുന്നു; ഒരു ന്യൂട്രോണ്‍ താരത്തിന്റെ (neutron star) രൂപത്തില്‍! സൂര്യന്‍ ഉള്‍പ്പെടുന്ന ആകാശഗംഗ (ക്ഷീരപഥം) യ്‌ക്ക്‌ അരികിലാണ്‌ 'നക്ഷത്രപ്രേതം' നിലയുറപ്പിച്ചിട്ടുള്ളത്‌; 250 മുതല്‍ ആയിരം പ്രകാശവര്‍ഷം വരെ അരികെ. 'കാല്‍വെര' (Calvera) എന്നാണ്‌ അതിനു നല്‍കിയിട്ടുള്ള പേര്‌.

ഇന്ധനം എരിഞ്ഞു തീരുമ്പോള്‍ നക്ഷത്രങ്ങള്‍ മരിക്കും. നക്ഷത്രത്തിന്റെ പിണ്ഡം (mass) എത്രയുണ്ടെന്ന കാര്യം ആശ്രയിച്ചാണ്‌ അന്ത്യത്തില്‍ അവ എന്താകും എന്ന്‌ നിശ്ചയിക്കപ്പെടുക. സൂര്യനെക്കാള്‍ നാലു മുതല്‍ എട്ടു മടങ്ങു വരെ പിണ്ഡമുള്ള നക്ഷത്രങ്ങളാണ്‌ അവയുടെ അന്ത്യത്തില്‍ സൂപ്പര്‍നോവ (supernova) സ്‌ഫോടനത്തിന്‌ വിധേയി ന്യൂട്രോണ്‍ താരങ്ങളാകുക. അതിഭീമമായ സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ ഫലമായി നക്ഷത്രത്തിന്റെ പുറംപാളികള്‍ പൊട്ടിത്തെറിക്കുമ്പോള്‍, അതിന്റെ അകക്കാമ്പ്‌ (core) അതിശക്തമായ ഗുരുത്വാകര്‍ഷണത്താല്‍ ഞെരിഞ്ഞമരുന്നു.

അതിഭീമമായ ആ സമ്മര്‍ദം അതിജീവിക്കാന്‍ ആറ്റങ്ങള്‍ക്കു പോലും കഴിയാതെ വരും. ഇലക്ട്രോണുകള്‍ പ്രോട്ടോണുകളുമായി ചേര്‍ന്ന്‌ ന്യൂട്രോണുകളായി മാറുന്നു. എന്നുവെച്ചാല്‍, നക്ഷത്രം പൂര്‍ണമായും ന്യൂട്രോണ്‍ മാത്രമാകും. ആറ്റത്തിന്റെ ന്യൂക്ലിയസ്‌ പോലെ, ഒരു അതിഭീമന്‍ ന്യൂക്ലിയസ്സായി നക്ഷത്രം മൊത്തത്തില്‍ പരണമിക്കുന്നു.

ന്യൂട്രോണ്‍ താരമെന്ന സാധ്യത ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്‌ 1933-ലാണ്‌; ഫ്രിറ്റ്‌സ്‌ സ്വിക്കി, വാള്‍ട്ടര്‍ ബേഡ്‌ എന്നീ ശാസ്‌ത്രജ്ഞര്‍ ചേര്‍ന്ന്‌. ഒരു ന്യൂട്രോണ്‍ താരത്തിന്‌ ഏതാണ്ട്‌ 16 കിലോമീറ്റര്‍ വ്യാസവും, സൂര്യന്റെ 1.4 മടങ്ങ്‌ പിണ്ഡവും ഉണ്ടാകും. അസാധാരണമാം വിധം സാന്ദ്രതയേറിയതാവും അതിലെ ദ്രവ്യം. ന്യൂട്രോണ്‍ താരത്തില്‍ നിന്നെടുക്കുന്ന ഒരു സ്‌പൂണ്‍ ദ്രവ്യത്തിന്‌ ഭൂമിയില്‍ നൂറ്‌ കോടി ടണ്‍ ഭാരമുണ്ടാകും.

സാധാരണ ഗതിയില്‍ ന്യൂട്രോണ്‍ താരത്തിനൊപ്പം സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളോ, അല്ലെങ്കില്‍ ഒരു പങ്കാളി നക്ഷത്രമോ കാണാറുണ്ട്‌. ചില ന്യൂട്രോണ്‍ താരങ്ങള്‍ റേഡിയോ സ്‌പന്ദനങ്ങള്‍ പുറപ്പെടുവിക്കും. എന്നാല്‍, 'ഉര്‍സ മൈനര്‍' (Ursa Minor) എന്ന നക്ഷത്രസമൂഹത്തില്‍ കണ്ടെത്തിയ പുതിയ ന്യൂട്രോണ്‍ താരത്തിന്‌, ഈ പ്രത്യേകതകളൊന്നുമില്ല. 'ഒറ്റയാന്‍ ന്യൂട്രോണ്‍ താരം' എന്ന്‌ വാനശാസ്‌ത്രജ്ഞര്‍ പേരിട്ടിട്ടുള്ള ഒരു വിചിത്ര ഗണത്തിലാണ്‌ കാല്‍വെര ഉള്‍പ്പെടുന്നത്‌. ഇതുവരെ കണ്ടെത്തിയിട്ടുള്ള എട്ടാമത്തെ ഒറ്റയാന്‍ ന്യൂട്രോണ്‍ താരമാണ്‌ കാല്‍വെര.

അമേരിക്കന്‍, കാനേഡിയന്‍ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ ഈ കണ്ടെത്തലിന്റെ വിവരം 'അസ്‌ട്രോഫിസിക്കല്‍ ജേണല്‍' ആണ്‌ പ്രസിദ്ധീകരിച്ചത്‌. 1960 -കളില്‍ പുറത്തു വന്ന 'ദി മാഗ്നിഫിഷ്യന്റ്‌ സെവന്‍' എന്ന സിനിമയിലെ വില്ലന്റെ പേരാണ്‌ കാല്‍വെര. മുമ്പ്‌ കണ്ടെത്തിയ ഏഴ്‌ ഒറ്റയാന്‍ ന്യൂട്രോണ്‍ താരങ്ങള്‍ക്ക്‌ ആ സിനിമയിലെ ഏഴ്‌ നായകരുടെ പേരാണ്‌ നല്‍കിയത്‌. എട്ടാമന്‌ വില്ലന്റെ പേര്‌ നല്‍കിയെന്നു മാത്രം.

കാനഡയിലെ മോണ്‍ട്രിയലില്‍ മക്‌ഗില്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. റോബര്‍ട്ട്‌ റുട്ട്‌ലെഡ്‌ജ്‌ ആണ്‌ കാല്‍വെരയെ ആദ്യം നിരീക്ഷിച്ചത്‌. ജര്‍മന്‍-അമേരിക്കന്‍ നിരീക്ഷണ ഉപഗ്രഹമായ 'റോസാറ്റ്‌' (Rosat) നിരീക്ഷിച്ച 18,000 എക്‌സ്‌റേ ഉറവിടങ്ങളുടെ കാറ്റലോഗുകള്‍ താരതമ്യം ചെയ്യുന്ന വേളയിലായിരുന്നു അത്‌. 1990-1999 കാലഘട്ടത്തില്‍ നടത്തിയ നിരീക്ഷണ വിവരങ്ങളായിരുന്നു അത്‌. ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ്‌ രൂപത്തിലും റേഡിയോ കിരണങ്ങളാലും ഉപഗ്രഹം നിരീക്ഷിച്ച പ്രാപഞ്ചിക വസ്‌തുക്കളുടെ കാറ്റലോഗുകളാണ്‌ റുട്ട്‌ലെഡ്‌ജ്‌ താരതമ്യം ചെയ്‌തത്‌.

1RXS J141256.0+792204 എന്ന റേഡിയോ ഉറവിടത്തിന്‌ സമീപം മറ്റ്‌ തരംഗദൈര്‍ഘ്യമുള്ള റേഡിയോ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അന്യവസ്‌തുക്കളൊന്നും ഇല്ലെന്ന്‌ അദ്ദേഹത്തിന്‌ സൂചന ലഭിച്ചു. നാസയുടെ 'സിഫ്‌ട്‌ '(Swift) ഉപഗ്രഹത്തിന്റെ സഹായത്തോടെ ഒരു സംഘം വാനശാസ്‌ത്രജ്ഞര്‍ 2006 ആഗസ്‌തില്‍ ആ വിചിത്ര വസ്‌തുവിനെ സൂക്ഷ്‌മമായി പഠിച്ചു. സിഫ്‌ടിലെ എക്‌സ്‌റേ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍, റോസാറ്റ്‌ നിരീക്ഷിച്ചപ്പോഴത്തെ അതേ അളവില്‍ ഇപ്പോഴും അത്‌ എക്‌സ്‌റേ രൂപത്തില്‍ ഊര്‍ജവികിരണങ്ങള്‍ പുറപ്പെടുവിക്കുന്നതായി കണ്ടു. അറിയപ്പെടുന്ന ഒരു വാനശാസ്‌ത്രവസ്‌തുവും അതിനൊപ്പമില്ലെന്നും വ്യക്തമായി. ആ ഒറ്റയാന്‍ ന്യൂട്രോണ്‍ താരത്തിന്റെ സ്ഥാനം കുറെക്കൂടി കൃത്യമായി നിര്‍ണയിക്കാനും കഴിഞ്ഞു.

ഹാവായില്‍ സ്ഥാപിച്ചിട്ടുള്ള ജെമിനി നോര്‍ത്ത്‌ ടെലിസ്‌കോപ്പിന്റെയും, നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററിയുടെയും സഹായത്തോടെ നടത്തിയ കൂടുതല്‍ നിരീക്ഷണങ്ങളില്‍ കാല്‍വെരയെന്ന ആ ന്യൂട്രോണ്‍ താരത്തിന്റെ പ്രത്യേകതകള്‍ ഒന്നുകൂടി സ്ഥിരീകരിക്കപ്പെട്ടു. ശക്തമായി എക്‌സ്‌റേ കിരണങ്ങള്‍ പുറപ്പെടുവിക്കുകയും എന്നാല്‍ വളരെ മങ്ങിയ രൂപത്തില്‍ മാത്രം ദൃശ്യപ്രകാശം പുറത്തു വിടുകയും ചെയ്യുന്ന ഒന്നാണ്‌ കാല്‍വെര. അത്‌ ഏതുതരം ന്യൂട്രോണ്‍ താരമാണെന്ന കാര്യം ഇപ്പോഴും നിഗൂഢതയായി തുടരുകയാണ്‌.

ന്യൂട്രോണ്‍ താരങ്ങളെക്കുറിച്ച്‌ നിലവിലുള്ള സിദ്ധാന്തങ്ങളൊന്നും ഒറ്റയാന്‍ ന്യൂട്രോണ്‍ താരങ്ങളുടെ കാര്യത്തില്‍ ശരിയാകുന്നില്ലെന്ന്‌, പ്രൊഫ. റുട്ട്‌ലെഡ്‌ജ്‌ പറയുന്നു. "ഒന്നുകില്‍ അറിയപ്പെടുന്നവയില്‍ ഒരു അസാധാരണ അംഗമാണത്‌, അല്ലെങ്കില്‍ പുതിയൊരിനം ന്യൂട്രോണ്‍ താരമാണത്‌"-അദ്ദേഹം അഭിപ്രായപ്പെടുന്നു.ആകാശഗംഗയുടെ പരപ്പിന്‌ മുകളിലാണ്‌ കാല്‍വെരയുടെ സ്ഥാനം. നമ്മുടെ മാതൃനക്ഷത്ര ഗണമായ ആകാശഗംഗയുടെ അതിരിലെവിടെയോ കഴിഞ്ഞിരുന്ന ഒരു നക്ഷത്രം, സൂപ്പര്‍നോവയായി പൊട്ടിത്തെറിച്ച ശേഷം ഇപ്പോഴത്തെ സ്ഥാനത്തേക്ക്‌ നീങ്ങിപ്പോയതാകണം എന്ന്‌ ഗവേഷകര്‍ കരുതുന്നു. അറിയപ്പെടുന്നവയില്‍ ഭൂമിക്ക്‌ ഏറ്റവുമടുത്ത്‌ സ്ഥിതിചെയ്യുന്ന ന്യൂട്രോണ്‍ താരം ഇതാണെന്ന്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: അസ്‌ട്രോഫിസിക്കല്‍ ജേണല്‍)

Thursday, September 13, 2007

188 ജീവിവര്‍ഗങ്ങള്‍ കൂടി ചുമപ്പ്‌ പട്ടികയില്‍

ഏഷ്യന്‍ കഴുകന്‍മാര്‍ ഉള്‍പ്പടെ ഉന്‍മൂലന ഭീഷണി നേരിടുന്ന 188 ജീവിവര്‍ഗ്ഗങ്ങളെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന (IUCN) പുതിയതായി ചുമപ്പുപട്ടിക (Red list) യില്‍ ഉള്‍പ്പെടുത്തി. ജൈവവൈവിധ്യം നേരിടുന്ന ഭീഷണിയുടെ വ്യാപ്‌തി വ്യക്തമാക്കുന്നതാണ്‌ ഈ നടപടി.

ലോകത്തെ ജൈവസമ്പത്തില്‍ ഏതാണ്ട്‌ 40 ശതമാനം വംശനാശ ഭീഷണിയുടെ നിഴലിലാണെന്ന്‌ പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഏഷ്യന്‍ കഴുകന്‍മാരെക്കൂടാതെ, യാങ്‌റ്റിസ്‌ നദിയിലെ ഡോള്‍ഫിനുകള്‍, ആഫ്രിക്കന്‍ സമതലത്തില്‍ കാണപ്പെടുന്ന ഗൊറില്ലകള്‍, ശാന്തസമുദ്രത്തിലെ പവിഴപ്പുറ്റുകള്‍, വടക്കേയമേരിക്കയിലെ ഒട്ടേറെ ഇഴജന്തുക്കള്‍ ഒക്കെ പുതിയതായി ചുമപ്പു പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്‌.

ഭൂമുഖത്ത്‌ 41,415 വര്‍ഗ്ഗങ്ങള്‍ നിലിനില്‍പ്പിന്‌ ഭീഷണി നേരിടുന്നവയാണ്‌. അതില്‍ 16,306 ഇനങ്ങള്‍ കടുത്ത ഉന്‍മൂലന ഭീഷണിയിലും. ആകെയെണ്ണത്തിന്റെ 39 ശതമാനം വരുമിത്‌. അവയില്‍ 188 ഇനങ്ങള്‍ ഈ വര്‍ഷം ചുമപ്പു പട്ടികയില്‍ ഇടംനേടി. ലോകത്താകെയുള്ള സസ്‌തനി വര്‍ഗങ്ങളില്‍ നാലിലൊന്നും, പക്ഷികളില്‍ എട്ടിലൊന്നും, ഉഭയജിവികളില്‍ മൂന്നിലൊന്നും, അറിയപ്പെടുന്ന സസ്യവര്‍ഗ്ഗങ്ങളില്‍ 70 ശതമാനവും അപകടത്തിന്റെ വക്കിലാണ്‌-ഐ.യു.സി.എന്‍. പറയുന്നു. ജീവിവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ അമൂല്യമായ ശ്രമങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്‌. പക്ഷേ, അതൊന്നും പര്യാപ്‌തമല്ലെന്നാണ്‌ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന്‌, ഐ.യു.സി.എന്‍. ഡയറക്ടര്‍ ജനറല്‍ ജൂലിയ മാര്‍ട്ടൊന്‍ ലിഫിവെര്‍ പറഞ്ഞു. ജൈവവൈവിധ്യ ശോഷണത്തിന്റെ തോത്‌ വര്‍ധിക്കുകയാണ്‌. അര്‍ഥവത്തായ പ്രവര്‍ത്തനങ്ങള്‍ വഴി അത്‌ കുറയ്‌ക്കാനും, വംശനാശ പ്രതിസന്ധിക്കു പരിഹാരം കാണാനും കഴിയണം-അവര്‍ അഭിപ്രായപ്പെട്ടു.

ഏറ്റവും ആധികാരികമായ ജൈവവൈവിധ്യ സൂചികയാണ്‌ ചുമപ്പ്‌ പട്ടിക. പ്രകൃതി സംരക്ഷണരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ ജീവിവര്‍ഗ്ഗങ്ങളെ നിരീക്ഷിച്ചും, അവയുടെ ആവാസവ്യവസ്ഥയ്‌ക്കേല്‍ക്കുന്ന ക്ഷതത്തിന്റെ തീവ്രത വിലയിരുത്തിയുമാണ്‌ അവ നേരിടുന്ന ഭീഷണിയുടെ തോത്‌ നിശ്ചയിക്കുക. അതനുസരിച്ചാണ്‌ ഐ.യു.സി.എന്‍. ഈ പട്ടിക തയ്യാറാക്കുക.

ജലമലിനീകരണവും, കണക്കറ്റ മത്സ്യബന്ധനവും, നദീഗതാഗതവും, ആവാസവ്യവസ്ഥയുടെ നാശവുമാണ്‌ യാങ്‌റ്റിസ്‌ നദിയിലെ ഡോള്‍ഫിനുകള്‍ക്ക്‌ വിനയായത്‌. ആ ചൈനീസ്‌ ജീവിക്കായി കഴിഞ്ഞ നവംബറിലും ഡിസംബറിലും നടത്തിയ വിപുലമായ തിരച്ചില്‍ ഫലം കണ്ടില്ല. അതെത്തുടര്‍ന്നാണ്‌ ആ ജീവിവര്‍ഗ്ഗം ഒരുപക്ഷേ അന്യംനിന്നിരിക്കാം എന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്‌. എന്നാല്‍, അവ പാടെ വംശനാശം നേരിട്ടു കഴിഞ്ഞോ എന്നകാര്യം സ്ഥിരീകരിക്കാന്‍ കുടുതല്‍ സര്‍വെകള്‍ നടത്തേണ്ടതുണ്ട്‌. ഒരു ഡോള്‍ഫിനെ കണ്ടതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുണ്ടായിരുന്നു. അക്കാര്യം ചൈനീസ്‌ അധികൃതര്‍ അന്വേഷിച്ചു വരികയാണ്‌.

പരിക്കേറ്റ കന്നുകാലികളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന 'ഡൈക്ലോഫെനാക്‌' (diclofenac) ആണ്‌ ഏഷ്യന്‍ കഴുകന്‍മാര്‍ക്ക്‌ വിനയായത്‌. ഏഷ്യയിലെ ചുമപ്പുതലയന്‍ കഴുകന്‍ (Sarcogyps calvus) ഉള്‍പ്പടെ അഞ്ചിനങ്ങളുടെ സ്ഥാനം ചുമപ്പു പട്ടികയിലായി. ആഫ്രിക്കയുടെ പശ്ചിമ സമതലങ്ങളില്‍ കാണപ്പെടുന്ന ഗോറില്ലകളുടെ (Gorilla gorilla) എണ്ണം പൊടുന്നനെ കുറഞ്ഞതാണ്‌ അവ പട്ടികയില്‍ ഇടംനേടാന്‍ കാരണമായത്‌. എബോള വൈറസ്‌ ബാധയും വേട്ടയുമാണ്‌ ഗൊറില്ല വര്‍ഗ്ഗത്തിന്‌ വിനയായത്‌.

ലോകത്തു നടക്കുന്ന അക്വേറിയം വ്യാപാരത്തിന്റെ ഒരു രക്തസാക്ഷിയും ഇത്തവണ ചുമപ്പു പട്ടികയില്‍ പെട്ടിട്ടുണ്ട്‌; ഇന്‍ഡൊനീഷ്യയില്‍ സുലാവേസിക്കടുത്ത്‌ ബാന്‍ഗായി ദ്വീപിന്റെ പരിസരത്തു മാത്രം കാണപ്പെടുന്ന 'ബാന്‍ഗായി കര്‍ദിനാള്‍മത്സ്യം' (Pterapogon kauderni). വര്‍ഷം തോറും ഈയിനത്തില്‍ പെട്ട ഒന്‍പതു ലക്ഷം മത്സ്യങ്ങളെയാണ്‌ അക്വേറിയങ്ങള്‍ക്കായി കടലില്‍ നിന്ന്‌ പിടിക്കുന്നത്‌. അവ ഉന്‍മൂലന ഭീഷണി നേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളു എന്നു സാരം.

ആകെ ഒറ്റ ജീവിവര്‍ഗ്ഗം മാത്രമാണ്‌ ഇത്തവണ ഐ.യു.സി.എന്നിന്റെ പട്ടികയില്‍ അപകടം കുറഞ്ഞ വിഭാഗത്തിലേക്കു മാറിയത്‌; 'മൗറീഷ്യസ്‌ ഇക്കോ പാരകീറ്റ്‌ ' (Mauritius echo parakeet - Psittacula eques) എന്ന പേരുള്ള തത്തകള്‍ മാത്രം. 15 വര്‍ഷം മുമ്പ്‌ ലോകത്തെ ഏറ്റവും അപൂര്‍വമായ തത്തയിനങ്ങളില്‍ ഒന്നായിരുന്നു ഇത്‌. പക്ഷേ, ഇപ്പോഴത്‌ അങ്ങനെയല്ല, എണ്ണം വര്‍ധിച്ചിരിക്കുന്നു. "ഫലപ്രദമായ സംരക്ഷണ പ്രവര്‍ത്തനമാണ്‌ ഇവയുടെ സ്ഥിതി മെച്ചപ്പെടുത്തിയതെ"ന്നാണ്‌ ഐ.യു.സി.എന്നിന്റെ വിലയിരുത്തല്‍.

ഇതിനകം ഭൂമുഖത്തു നിന്ന്‌ അപ്രത്യക്ഷമായ വര്‍ഗ്ഗങ്ങളുടെ എണ്ണം 785 ആണ്‌. 65 ഇനങ്ങള്‍ ഇപ്പോള്‍ കൂടുകളിലോ, വളര്‍ത്തു സ്ഥലത്തോ മാത്രമേ കാണപ്പെടുന്നുള്ളു. സസ്യങ്ങളും ജന്തുക്കളും സൂക്ഷ്‌മജീവികളും ഉള്‍പ്പടെ ലോകത്താകെയുള്ള ഇനങ്ങള്‍ ഒരു കോടിക്കും പത്തുകോടിക്കും മധ്യേ വരുമെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍, ഒന്നര കോടി സസ്യ-ജീവി വര്‍ഗങ്ങള്‍ ഉണ്ടെന്ന്‌ പൊതുവെ പറയപ്പെടുന്നു. അതില്‍ വെറും 17 ലക്ഷം ഇനങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്തി വിശദീകരിക്കാന്‍ ഗവേഷകലോകത്തിനായിട്ടുള്ളൂ. ഈ കണക്കിനുള്ളിലാണ്‌ വംശനാശത്തിന്റെ പട്ടികയും വരുന്നത്‌. അതിന്‌ പുറത്ത്‌ എത്ര ജീവികളും സസ്യങ്ങളും അപ്രത്യക്ഷമാകുന്നു എന്നതിന്‌ ആരുടെ പക്കലും കണക്കില്ല. (അവലംബം: ഐ.യു.സി.എന്‍, കടപ്പാട്‌: എ.എഫ്‌.പി)

Sunday, September 09, 2007

പശ്ചിമഘട്ടത്തിലെ തവളകളെത്തേടി

ലോകത്തെ ഏറ്റവും ജൈവവൈവിധ്യമേറിയ പ്രദേശങ്ങളിലൊന്നാണ്‌ പശ്ചിമഘട്ടം. കേരളത്തിന്‌ കിഴക്ക്‌ കൊട്ടപോലെ ഉയര്‍ന്നു നില്‍ക്കുന്ന ഈ പര്‍വതനിര തെക്ക്‌ കന്യാകുമാരി മുതല്‍ വടക്ക്‌ താപ്‌തി നദീതടം വരെ നീളുന്നു. ഹിമാലയത്തെക്കാള്‍ പ്രായക്കൂടുതലുള്ള പര്‍വത പംക്തിയാണിതെന്ന്‌ ഭൗമശാസ്‌ത്രജ്ഞര്‍ പറയുന്നു. ഈ പ്രദേശത്തെ തവളകളെക്കുറിച്ച്‌ സമഗ്രമായ പഠനത്തിന്‌ തയ്യാറെടുക്കുകയാണ്‌ ഒരു സംഘം ശാസ്‌ത്രജ്ഞര്‍.


വനനാശവും കുടിയേറ്റവും മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള ഭീഷണി പശ്ചിമഘട്ടം നേരിടുന്നുണ്ട്‌. ഈ പശ്ചാത്തലത്തില്‍ ഇത്തരമൊരു പഠനം പ്രാധാന്യമാര്‍ജിക്കുന്നു. കാരണം, പരിസ്ഥിതിയിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റം ദോഷകരമായി ആദ്യം ബാധിക്കുന്നത്‌ തവളകള്‍ പോലുള്ള ഉഭയജീവികളെയാണ്‌. ആവാസവ്യവസ്ഥയുടെ നാശം പല തവളവര്‍ഗ്ഗങ്ങളെയും വംശനാശത്തിലേക്ക്‌ തള്ളിവിടുകയാണെന്ന്‌ ശാസ്‌ത്രലോകം കരുതുന്നു.


ഡല്‍ഹി സര്‍വകലാശാലയ്‌ക്കു കീഴിലെ 'ദി സെന്റര്‍ ഫോര്‍ എന്‍വിരോണ്‍മെന്റല്‍ മാനേജ്‌മെന്റ്‌ ഓഫ്‌ ഡിഗ്രേഡഡ്‌ ഇക്കോസിസ്‌റ്റംസി' (CEMDE) ലെ ഗവേഷകരാണ്‌, ഈ പഠനപദ്ധതിയുമായി രംഗത്തെത്തിയിട്ടുള്ളത്‌. ഈ സ്ഥാപനത്തിലെ റീഡറും മലയാളിയുമായ പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ എസ്‌.ഡി. ബിജുവാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കുക. പശ്ചിമഘട്ടത്തിലെ ഉഭയജീവികളുടെ 'ഡി.എന്‍.എ.ബാര്‍കോഡ്‌ (DNA barcode) സംവിധാനം' വികസിപ്പിക്കുകയാണ്‌ മുഖ്യലക്ഷ്യം.

പശ്ചിമഘട്ടത്തിലെ തവളവര്‍ഗങ്ങളെക്കുറിച്ച്‌ വ്യക്തത ലഭിക്കുമെന്ന്‌ മാത്രമല്ല, പുതിയ വര്‍ഗങ്ങളെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. തവളകള്‍ ഉള്‍പ്പടെയുള്ള 230 ഉഭയജീവിവര്‍ഗങ്ങളെ ഇന്ത്യയില്‍ നിന്ന്‌ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. വനപംക്തികളിലും മലമടക്കുകളിലും കന്യാവനങ്ങളിലുമൊക്കെ ഇനിയും എത്രയോ വര്‍ഗ്ഗങ്ങള്‍ തിരിച്ചറിയപ്പെടാന്‍ അവശേഷിക്കുന്നുണ്ടെന്ന്‌ ഗവേഷകര്‍ കരുതുന്നു.

പുതിയ ജീവിവര്‍ഗ്ഗങ്ങളെ തിരിച്ചറിയാന്‍ അനുയോജ്യമായ ഒരു സംവിധാനം വികസിപ്പിക്കാത്തതാണ്‌, ഇന്ത്യന്‍ ഗവേഷകരംഗം നേരിടുന്ന മുഖ്യപ്രതിസന്ധി. അതിനൊരു പരിഹാരമുണ്ടാക്കലും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്‌. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്‌, കേന്ദ്രശാസ്‌ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ സഹായവും ഈ പദ്ധതിക്കുണ്ട്‌. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിന്റെ പുതിയൊരു വശം അനാവരണം ചെയ്യാന്‍ ഈ പദ്ധതി സഹായിക്കുമെന്ന്‌ ഡോ.ബിജു കരുതുന്നു.

'നാസികാബട്രാച്ചസ്‌ സഹ്യാദ്രേന്‍സിസ്‌'

പശ്ചിമഘട്ടത്തില്‍ ഇനിയും തവളവര്‍ഗങ്ങള്‍ കണ്ടെത്താന്‍ ബാക്കിയുണ്ടെന്ന്‌ ഡോ. ബിജു പറയുന്നതില്‍ അതിശയോക്തിയില്ല. തവളകളെ സംബന്ധിച്ച പഠനമേഖലയില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും പ്രധാന കണ്ടുപിടിത്തങ്ങളിലൊന്ന്‌ നടത്തിയ ഗവേഷകനാണ്‌ അദ്ദേഹം; അതും പശ്ചിമഘട്ടമേഖലയില്‍ നിന്ന്‌. 'നാസികാബട്രാച്ചസ്‌ സഹ്യാദ്രേന്‍സിസ്‌' (Nasikabatrachus sahydrensis) എന്ന തവളവര്‍ഗത്തെയാണ്‌ ഡോ.ബിജു കോട്ടയത്തു നിന്ന്‌ കണ്ടെത്തിയത്‌. മൂക്കുനീണ്ട ഒരു വിചിത്ര തവളയായിരുന്നു അത്‌. തിരുവനന്തപുരത്തെ പാലോടുള്ള 'ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ (TBG&RI) ഗവേഷകനായിരുന്നു ഡോ.ബിജു അന്ന്‌.

1999-ല്‍ കോട്ടയത്ത്‌ കിണര്‍ കുഴിക്കുന്ന ഒരു സ്ഥലത്തു നിന്നാണ്‌ ഡോ.ബിജു ആ വിചിത്ര തവളയെ ആദ്യം കണ്ടത്‌. പിന്നീട്‌ നടത്തിയ അന്വേഷണത്തില്‍ ഇടുക്കിയിലെ കട്ടപ്പനയില്‍ നിന്നും ഈയിനം തവളയെ കണ്ടുകിട്ടി. ബ്രസ്സല്‍സില്‍ ഫ്രീയൂണിവേഴ്‌സിറ്റിയിലെ പരിണാമശാസ്‌ത്രജ്ഞനായ ഡോ. ബോസ്സയറ്റിനൊപ്പം ഈ തവളയുടെ ഡി.എന്‍.എ. പരിശോധന നടത്തിയപ്പോള്‍ ഒരു കാര്യം വ്യക്തമായി; പുതിയൊരു തവളയിനത്തെ മാത്രമല്ല ഡോ.ബിജു കണ്ടെത്തിയത്‌, പുതിയൊരു തവള കുടുംബത്തെക്കൂടിയാണ്‌.

അതിനുമുമ്പ്‌ പുതിയൊരു തവളകുടുംബത്തെ ശാസ്‌ത്രലോകം കണ്ടെത്തിയത്‌ 1926-ലാണ്‌. 29 ആയിരുന്ന അറിയപ്പെടുന്ന തവളകുടുംബങ്ങളുടെ എണ്ണം. ഡോ.ബിജുവിന്റെ കണ്ടെത്തലോടെ അത്‌ 30 ആയി. മാത്രമല്ല, ഈ മൂക്കന്‍ തവളയുടെ ജനിതകബന്ധുക്കള്‍ കേരളത്തില്‍ നിന്ന്‌ 3000 കിലോമീറ്റര്‍ അകലെ ഇന്ത്യാമഹാസമുദ്രത്തിലെ സെഷെല്ലിസ്‌ ദ്വീപുകളിലാണ്‌ കാണപ്പെടുന്നതെന്ന കാര്യവും അത്ഭുതത്തോടെയാണ്‌ ഗവേഷകലോകം മനസിലാക്കിയത്‌. 2003-ല്‍ വിഖ്യാത ഗവേഷണവാരികയായ 'നേച്ചറി'ല്‍ ഈ കണ്ടുപിടിത്തത്തിന്റെ വിവരം പ്രസിദ്ധീകരിച്ചപ്പോള്‍, 'നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം' എന്ന്‌ മാധ്യമങ്ങള്‍ അതിനെ പ്രകീര്‍ത്തിച്ചു.

സെഷെല്ലിസ്‌ ദ്വീപില്‍ കാണപ്പെടുന്ന 'സൂഗ്ലോസൈഡെ'യെന്ന തവളവര്‍ഗ്ഗവും 'സഹ്യാദ്രേന്‍സിസും' ഏതാണ്ട്‌ 13 കോടി വര്‍ഷം മുമ്പാണത്രേ വ്യത്യസ്‌ത വര്‍ഗ്ഗങ്ങളായി വേര്‍പിരിഞ്ഞത്‌. ഡോ.ബിജു കണ്ടെത്തിയ ആ മൂക്കന്‍ തവള, ദിനോസറുകള്‍ ഭൂമുഖത്ത്‌ വിഹരിച്ചിരുന്ന ആ കാലം മുതല്‍ വലിയ മാറ്റമൊന്നും കൂടാതെ നിലനില്‍ക്കുകയായിരുന്നു. എന്നുവെച്ചാല്‍, ജീവനുള്ള ഒരു 'ഫോസിലാ'ണ്‌ ഡോ.ബിജു കണ്ടെത്തിയതെന്ന്‌ സാരം.

പക്ഷേ, പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ തവളയുടെ ബന്ധുക്കള്‍ ആയിരക്കണക്കിന്‌ കിലോമീറ്റര്‍ അകലെ സെഷെല്ലിസ്‌ ദ്വീപുകളില്‍ എങ്ങനെ വന്നു പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം തേടുമ്പോള്‍, ഡോ.ബിജു നടത്തിയ കണ്ടെത്തല്‍ ജൈവശാസ്‌ത്രപരമായി മാത്രമല്ല ഭൗമശാസ്‌ത്രപരമായും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി മാറി. ജര്‍മന്‍ ഭൗമശാസ്‌ത്രജ്ഞന്‍ ആല്‍ഫ്രഡ്‌ വേഗണര്‍ 1912-ല്‍ മുന്നോട്ടു വെച്ച ഫലകചലന സിദ്ധാന്തത്തിന്‌ തെളിവാകുകയായിരുന്നു ആ കണ്ടെത്തല്‍.

15കോടി വര്‍ഷം മുമ്പ്‌ `പാന്‍ജിയ' (Pangea)യെന്ന ഭീമന്‍ ഭൂഖണ്ഡം മാത്രമാണ്‌ ഭൂമുഖത്തുണ്ടായിരുന്നതെന്ന്‌ വേഗണറുടെ സിദ്ധാന്തം പറയുന്നു. അത്‌ പിന്നീട്‌ തെക്ക്‌ `ഗോണ്ട്വാനാലാന്‍ഡ്‌' എന്നും, വടക്ക്‌ `ലോറേഷ്യ'യെന്നും രണ്ട്‌ ഭൂഖണ്ഡങ്ങളായി പിളര്‍ന്നു. വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്‌, യൂറോപ്പ്‌ എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ. ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത്‌ അന്റാര്‍ട്ടിക്കയും അതിനോട്‌ ചേര്‍ന്ന്‌ ഓസ്‌ട്രേലിയയും നിലകൊണ്ടു. മഡഗാസ്‌ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു.

ഏതാണ്ട്‌ പത്തുകോടി വര്‍ഷം മുമ്പ്‌ (ദിനോസറുകളുടെ യുഗമായിരുന്നു അത്‌) ആ പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന്‌ ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. അതിപ്പോഴും തുടരുന്നു. മഡഗാസ്‌ക്കറില്‍ നിന്ന്‌ അടര്‍ന്നുമാറിയ ഇന്ത്യ തെക്കോട്ടു നീങ്ങി. ഇന്ത്യയും സെഷെല്ലിസും ഒന്നായി അവശേഷിച്ചു. ആറരക്കോടി വര്‍ഷം മുമ്പാണ്‌ അവ വേര്‍പെടുന്നത്‌. സെഷെല്ലിസ്‌ ഇന്ത്യാമഹാസമുദ്രത്തില്‍ നിലയുറപ്പിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കോട്ട്‌ യാത്ര തുടര്‍ന്നു. അഞ്ചരക്കോടി വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ ഉപഭൂഖണ്ഡം എഷ്യന്‍ വന്‍കരയില്‍ അമര്‍ന്നു. ഹിമാലയം അതിന്റെ ഫലമായി സൃഷ്‌ടിക്കപ്പെട്ടു.

സെഷെല്ലിസില്‍ കാണപ്പെടുന്ന തവളകള്‍ക്കും സഹ്യാദ്രിയിലെ തവളയ്‌ക്കും തമ്മില്‍ ജനിതകബന്ധം എങ്ങനെ വന്നുവെന്ന്‌ ഗ്വാണ്ട്വാനലാന്‍ഡിന്റെ പൊട്ടിയടരല്‍ സൂചന നല്‍കുന്നു. തിരിച്ചു ചിന്തിച്ചാല്‍, ഫലകചലന സിദ്ധാന്തത്തിന്‌ ഈ മൂക്കന്‍ തവള ശക്തമായ പിന്തുണ നല്‍കുന്നു എന്നു സാരം. പുതിയ ജീവികളുടെ കണ്ടെത്തല്‍ പലപ്പോഴും അപ്രതീക്ഷിതമായ പുതിയ തെളിവുകളിലേക്കും പുതിയ വെളിപ്പെടുത്തലുകളിലേക്കും ലോകത്തെ നയിക്കുന്നതെങ്ങനെയെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. പശ്ചിമഘട്ടത്തില്‍ ഇനിയും ഇത്തരം അത്ഭുതങ്ങള്‍ ബാക്കിയുണ്ട്‌. അവ അനാവരണം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ ഡോ.ബിജുവും കൂട്ടരും ആസൂത്രണം ചെയ്യുന്ന പുതിയ പഠനപദ്ധതി.
(അവലംബം: New leap in amphibian research, P.Venugopal, The Hindu, സപ്‌തംബര്‍ 3, 2007; ദിനോസറുകളുടെ സഹചാരികള്‍ പശ്ചിമഘട്ടത്തില്‍, ജോസഫ്‌ ആന്റണി, മാതൃഭൂമി വാരാന്തപ്പതിപ്പ്‌, നവംബര്‍ 2, 2003; ഫോട്ടാ കടപ്പാട്‌: സാലി പാലോട്‌)

Sunday, September 02, 2007

മലയാളംവിക്കി ഡോട്ട്‌ കോം

ആര്‍ക്കും എഴുതാവുന്ന, ആര്‍ക്കും തിരുത്താവുന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ്‌ 'വിക്കിപീഡിയ'. അതിന്റെ മലയാളം പതിപ്പില്‍ 3500 ലേഖനങ്ങള്‍ തികഞ്ഞിരിക്കുന്നു. കേരളത്തില്‍ അധികമാരും അറിയാത്ത 'മലയാളംവിക്കി' സംരംഭത്തെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നത്‌ പ്രവാസികളായ അല്ലെങ്കില്‍ അന്യസംസ്ഥാനത്ത്‌ കഴിയുന്ന മലയാളികളാണ്‌. കേരളത്തില്‍ മലയാളഭാഷ തികഞ്ഞ അവഗണന നേരിടുന്ന വേളയിലാണ്‌, മലയാളത്തിന്റെ ഓണ്‍ലൈന്‍ അടിത്തറ കെട്ടിപ്പൊക്കാനുള്ള ഈ ആഗോളശ്രമം ശക്തിപ്രാപിക്കുന്നത്‌.

യനാട്ടിലെ മാനന്തവാടിക്കടുത്ത്‌ വിന്‍സന്റ്‌ഗിരിയില്‍ 'കാവേരി' ഹോട്ടല്‍ നടത്തുന്ന പി.എന്‍.ചന്ദ്രന്റെ മകള്‍ ശാലിനി, ഇടയ്‌ക്കിടെ തന്റെ അഭ്യുദയകാംക്ഷികളുടെ സഹതാപത്തിന്‌ ഇരയാകാറുണ്ട്‌. ബി.എ.യ്‌ക്ക്‌ മുഖ്യവിഷയമായി മലയാളഭാഷ പഠിക്കുന്നു എന്നതാണ്‌ അവള്‍ നേരിടുന്ന സഹതാപ പ്രകടനങ്ങള്‍ക്ക്‌ അടിസ്ഥാനം. "കഷ്ടം, വേറെ ഒരു വിഷയവും കിട്ടിയില്ലേ പഠിക്കാന്‍", "മലയാളം പഠിച്ചിട്ട്‌ ഇന്നത്തെ കാലത്ത്‌ എന്തുചെയ്യാന്‍" എന്നിങ്ങനെയുള്ള ചോദ്യങ്ങളെ ആ പെണ്‍കുട്ടി നിറഞ്ഞ ചിരിയോടെ അവഗണിക്കും.

"പഠിക്കാന്‍ കൊള്ളാവുന്ന ഒന്നാണ്‌, അല്ലെങ്കില്‍ പഠിച്ചിട്ട്‌ എന്തെങ്കിലും പ്രയോജനമുള്ളതാണ്‌ മലയാളം എന്ന ചിന്ത ആളുകളില്‍ നിന്ന്‌ എങ്ങനെയോ പോയിരിക്കുന്നു"-ശാലിനി പറയുന്നു. മലയാളഭാഷ പഠിക്കാന്‍ മുന്നോട്ടു വരുന്നവരുടെ എണ്ണത്തിലും ഈ മനോഭാവം പ്രതിഫലിക്കുന്നുണ്ട്‌. കാലിക്കറ്റ്‌ സര്‍വകലാശാലയുടെ വയനാട്ടിലെ വിദൂര പഠനകേന്ദ്രത്തില്‍ ബി.എ.മലയാളം ഫൈനല്‍ ഇയര്‍ ബാച്ചില്‍ മാനന്തവാടിയില്‍ നിന്ന്‌ ഇത്തവണ ആകെയുള്ളത്‌ രണ്ടുപേരാണ്‌; അതിലൊരാളാണ്‌ ശാലിനി. മാതൃഭാഷക്ക്‌ കേരളത്തില്‍ ലഭിക്കുന്ന 'സ്വീകാര്യത'യുടെ ഒരു നേര്‍ചിത്രമാണ്‌ ശാലിനിയുടെ അനുഭവം.

ഇനി മറ്റൊരു ഉദാഹരണം നോക്കുക. പാലക്കാട്‌ പനയംപാടം സ്വദേശിയാണ്‌ ഷിജു അലക്‌സ്‌. പുണെയില്‍ 'സൈബേജ്‌' കമ്പനിയില്‍ ടെക്‌നിക്കല്‍ റൈറ്റര്‍. വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ വാടകവീട്ടിലെത്തിയാല്‍ കമ്പ്യൂട്ടറിന്‌ മുന്നില്‍ തപസ്സ്‌ തുടങ്ങുകയായി. 'മലയാളം വിക്കിപീഡിയ'യെന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുകയാണ്‌ ഉദ്ദേശം. ഇഷ്ടവിഷയമായ ജ്യോതിശാസ്‌ത്രമാകും മിക്കപ്പോഴും വിഷയം. നക്ഷത്രങ്ങളുടെ പിറവി, സൂപ്പര്‍നോവകളുടെ അനന്തമജ്ഞാത രഹസ്യങ്ങള്‍. ചിലപ്പോള്‍ നേരത്തെ പൂര്‍ത്തിയാക്കാതെ വിട്ട ലേഖനത്തിന്റെ കുറവു തീര്‍ക്കാനുണ്ടാകും, അല്ലെങ്കില്‍ മറ്റാരെങ്കിലുമെഴുതിയ വിക്കി ലേഖനത്തില്‍ അല്‍പ്പം എഡിറ്റിങ്‌.

അപ്പോഴേക്കും ലോകത്തിന്റെ വേറെയേതെങ്കിലും കോണില്‍ നിന്ന്‌ ഷിജുവിനെ തേടി 'ജിമെയില്‍ ടോക്കി'ല്‍ മറ്റൊരു വിക്കി പ്രവര്‍ത്തകന്റെ അന്വേഷണം വരും. സംശയം തീര്‍ക്കല്‍, അല്ലെങ്കില്‍ ചെറിയൊരു തര്‍ക്കം. ഏതെങ്കിലും ഇംഗ്ലീഷ്‌ വാക്കിനു തുല്യമായ മലയാളം വാക്ക്‌ ഏതാകാമെന്ന അന്വേഷണം. മലയാളംവിക്കിയെ എങ്ങനെ കൂടുതല്‍ മികച്ചതാക്കാം എന്ന ഒരു ഓണ്‍ലൈന്‍ ചര്‍ച്ച. അതങ്ങനെ നീളും, രാത്രി വൈകും വരെ. ഇതിപ്പോള്‍ ഷിജുവിന്റെ ദിനചര്യയുടെ ഭാഗമാണ്‌.

ഷിജു മാത്രമല്ല, 'മലയാളംവിക്കി'ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം ജീവിതത്തിന്റെ ഭാഗമാക്കിയ വേറെയും ചിലരുണ്ട്‌. അമേരിക്കയില്‍ ഫിലാഡല്‍ഫിയയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ തിരക്കുകള്‍ക്കിടയില്‍ മന്‍ജിത്‌ കൈനിക്കരയും, ന്യൂഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തിന്റെ ദൈനംദിന വീര്‍പ്പുമുട്ടലുകള്‍ക്കിടെ ചാലക്കുടി സ്വദേശി സുനില്‍ വി.എസും, യു.എ.ഇ.യില്‍ 'ഗള്‍ഫ്‌ ബിസിനസ്‌ മെഷീന്‍സ്‌' കമ്പനിയില്‍ ടെക്‌നിക്കല്‍ സെയില്‍സ്‌ സ്‌പെഷ്യലിസ്റ്റിന്റെ ഉത്തരവാദിത്വത്തിനിടയില്‍ കൊല്ലം തങ്കശ്ശേരി സ്വദേശി ഫ്രാന്‍സിസ്‌ സിമി നസ്രേത്തും, ചാലക്കുടിയില്‍ ഓര്‍ത്തോഡന്റിസ്‌റ്റായ ഡോ.സി.പി.വിപിനും, മാഹി എം.ജി.ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ കോളേജില്‍ അധ്യാപകനായ ഡോ.മഹേഷ്‌ മംഗലാട്ടും ഉള്‍പ്പടെ ഒട്ടേറെപ്പേര്‍. തങ്ങളുടെ ദിവസത്തിന്റെ ഒരുഭാഗം ഇവര്‍ 'മലയാളംവിക്കി'ക്കു വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു.

ശരിക്കു പറഞ്ഞാല്‍ ഈ സമര്‍പ്പണം മലയാളഭാഷയ്‌ക്കു വേണ്ടി കൂടിയുള്ളതാണ്‌. വിജ്ഞാനവും വിവരങ്ങളും ഓണ്‍ലൈനില്‍ മലയാളത്തില്‍ എഴുതി സൂക്ഷിക്കാനുള്ള ഒരു ബൃഹത്‌സംരംഭത്തിന്റെ ഭാഗമാവുകയാണ്‌ ഇവര്‍; ലാഭേച്ഛയില്ലാതെ, തികഞ്ഞ നിസ്വാര്‍ത്ഥതയോടെ. വിവരവിനിമയത്തിന്റെ നട്ടെല്ലായി ഇന്റര്‍നെറ്റ്‌ മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇന്റര്‍നെറ്റില്‍ മലയാളഭാഷ പിന്തള്ളപ്പെട്ടു പോകരുതെന്ന്‌ ആഗ്രഹിക്കുന്നവരുടെ യഥാര്‍ത്ഥ പ്രതിനിധികളാണ്‌ ഇവര്‍. നാളെ ഇന്റര്‍നെറ്റില്‍ നിന്ന്‌ മലയാളത്തിലും വിവരങ്ങള്‍ കിട്ടണമെങ്കില്‍, അതിന്റെ കേന്ദ്രസ്ഥാനത്ത്‌ മലയാളംവിക്കി പോലൊരു സംരംഭം ഉണ്ടെങ്കിലേ കഴിയൂ എന്ന തിരിച്ചറിവാണ്‌ ഇവരെ നയിക്കുന്നത്‌.

ഒരു ഭാഷ ജീവനോടെ നിലനില്‍ക്കണമെങ്കില്‍ അതിലൂടെ വിവരങ്ങളും വിജ്ഞാനവും വിനിമയം ചെയ്യപ്പെടണം. അതിനുള്ള അവസരം ഭാഷയ്‌ക്കു ലഭിക്കുന്നില്ലെങ്കില്‍, 'മൃതഭാഷ'യെന്ന വിധിയാകും അതിനെ കാത്തിരിക്കുക. സ്വാഭാവികമായും ഇന്റര്‍നെറ്റിലൂടെ (ഓണ്‍ലൈനിലൂടെ) ഏതെങ്കിലുമൊരു ഭാഷയില്‍ വിവരങ്ങള്‍ തേടാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്നത്തെ സ്ഥിതിയില്‍ ആ ഭാഷയ്‌ക്ക്‌ ഭാവിയില്ല എന്ന്‌ നിശ്ചയിക്കാം. ആ നിലയ്‌ക്ക്‌ മലയാളവും നാളെ ഉപയോഗിക്കപ്പെടണമെങ്കില്‍ ഓണ്‍ലൈനിലൂടെ മലയാളത്തില്‍ വിവരങ്ങളും വിജ്ഞാനവും ലഭ്യമാക്കാന്‍ സാധിക്കണം. അതിനുള്ള ബലമുള്ള അടിത്തറയാണ്‌ 'മലയാളംവിക്കി'. ശാലിനിയുടെ അനുഭവം പോലെ കേരളത്തില്‍ മാതൃഭാഷ അവഗണിക്കപ്പെടുന്ന വേളയിലാണ്‌, സംസ്ഥാനത്തിന്‌ പുറത്തിരുന്ന്‌ ഷിജുവിനെപ്പോലുള്ളവര്‍ ഗൃഹാതുരത്വത്തോടെ മലയാളത്തിന്‌ ഓണ്‍ലൈന്‍ അടിത്തറ കെട്ടിപ്പൊക്കുന്നത്‌.

ആര്‍ക്കും എഴുതാവുന്ന, ആര്‍ക്കും എഡിറ്റു ചെയ്യാവുന്ന, ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന, എല്ലാവര്‍ക്കും സ്വന്തമായ സ്വതന്ത്രവിജ്ഞാനകോശമാണ്‌ 'വിക്കിപീഡിയ'. ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ്‌ ഇന്ന്‌ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശം. അതിന്റെ മലയാളം പതിപ്പാണ്‌ 'മലയാളംവിക്കി'(http://ml.wikipedia.org/). ഇന്റര്‍നെറ്റില്‍ ആര്‍ക്കു വേണമെങ്കിലും എവിടെയിരുന്നും മലയാളത്തില്‍ വിവരങ്ങള്‍ തേടാനും, മലയാളത്തില്‍ ലേഖനം എഴുതാനും, തിരുത്താനും 'മലയാളം വിക്കിപീഡിയ'അവസരം നല്‍കുന്നു. "വിവരങ്ങള്‍ ആര്‍ക്കും സ്വന്തമല്ലെന്ന കാഴ്‌ചപ്പാടാണ്‌ വിക്കിപീഡിയയെ നയിക്കുന്നത്‌"-ഷിജു അലക്‌സ്‌ പറയുന്നു. ശരിക്കു പറഞ്ഞാല്‍ വിവരശേഖരണത്തിന്റെയും വിതരണത്തിന്റെയും യഥാര്‍ത്ഥ ജനാധിപത്യവത്‌ക്കരണമാണിത്‌. 'ജി.എന്‍.യു. ഫ്രീ ഡോക്യുമെന്റേഷന്‍ ലൈസന്‍സി'നാല്‍ വിക്കിപീഡിയ നിയന്ത്രിക്കപ്പെടുന്നു. അതിനാല്‍ അതിന്റെ ഉള്ളടക്കം എക്കാലവും സ്വതന്ത്രവും സൗജന്യവുമായിരിക്കും.

അഞ്ചുവര്‍ഷമായി 'മലയാളംവിക്കി' ആരംഭിച്ചിട്ട്‌. മലയാളത്തില്‍ ഇത്തരമൊരു ഓണ്‍ലൈന്‍ സംരംഭം പുരോഗമിക്കുന്നു എന്നറിയാവുന്നവര്‍ കേരളത്തില്‍ കുറവായിരിക്കും. വിക്കിയുടെ കാര്യമവിടെ നില്‍ക്കട്ടെ, ഇന്റര്‍നെറ്റില്‍ മലയാളം എഴുതാന്‍ കഴിയും എന്നകാര്യം പോലും പലര്‍ക്കും അജ്ഞാതമാണ്‌. മലയാളംവിക്കിയിലെ സജീവ പ്രവര്‍ത്തകനായ ചാലക്കുടി സ്വദേശി ഡോ. സി.പി.വിപിനിന്റെ അനുഭവം ഇതിന്‌ അടിവരയിടുന്നു. കമ്പ്യൂട്ടറുമായി 1992 മുതല്‍ ബന്ധമുള്ളയാളാണ്‌ അദ്ദേഹം. "പക്ഷേ, കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ കഴിയും എന്ന്‌ മനസിലാകുന്നത്‌ 2006 സപ്‌തംബറില്‍ മാത്രമാണ്‌; ആ അറിവ്‌ ഒരു ആവേശമായിരുന്നു"-അദ്ദേഹം പറയുന്നു. ഏതാണ്ട്‌ അതേ സമയത്താണ്‌ 'മലയാളംവിക്കി'യെന്ന സംരംഭവും ഡോക്ടറുടെ ശ്രദ്ധയില്‍ വരുന്നത്‌. മലയാളം കമ്പ്യൂട്ടിങിനോടുള്ള ആവേശം വിക്കിയിലേക്കും പടര്‍ന്നു.

വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ്‌ സംരംഭത്തിന്റെ തുടക്കം 2001 ജനവരി 15-നായിരുന്നു. ഇംഗ്ലീഷ്‌ വിക്കിപീഡിയയാണ്‌ അന്ന്‌ തുടങ്ങിയത്‌. ഇപ്പോള്‍ 229 ലോകഭാഷകളില്‍ വിക്കിപീഡിയയ്‌ക്ക്‌ പതിപ്പുകളുണ്ട്‌ (മൃതമായിക്കൊണ്ടിരുന്ന പല ഭാഷകളും വിക്കിയിലൂടെ പുനര്‍ജനിക്കുന്നു). ആ പതിപ്പുകളില്‍ ഒന്നാണ്‌ 'മലയാളംവിക്കി'. മാതൃസംരംഭം ഉദ്‌ഘാടനം ചെയ്യപ്പെട്ട്‌ ഏതാണ്ട്‌ രണ്ടുവര്‍ഷം കഴിഞ്ഞ്‌, 2002 ഡിസംബര്‍ 21-ന്‌ മലയാളംവിക്കി ആരംഭിച്ചു. അമേരിക്കന്‍ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരന്‍
എം.പി.യായിരുന്നു അതിനു പിന്നില്‍.

രണ്ടുവര്‍ഷത്തോളം മലയാളം വിക്കി നിലനിര്‍ത്താന്‍ യത്‌നിച്ചതും അദ്ദേഹം തന്നെയായിരുന്നു. ബാലാരിഷ്ടതയുടെ ആദ്യവര്‍ഷങ്ങള്‍. വിനോദ് പ്രഭാകരന്‍ മാത്രം ആദ്യം കുറെ നാള്‍ മലയാളംവിക്കി കൊണ്ടു നടന്നു. പിന്നീട്‌ ചില വിദേശ മലയാളികള്‍ ഒപ്പം കൂടി (ഇപ്പോഴും മലയാളംവിക്കിയുടെ മുഖ്യപ്രവര്‍ത്തകരെല്ലാം കേരളത്തിന്‌ വെളിയില്‍ ജോലി ചെയ്യുന്ന മലയാളികളാണ്‌). എങ്കിലും 2004 വരെ കാര്യമായ പുരോഗതിയുണ്ടായില്ല. മലയാളംവിക്കിയില്‍ നൂറു ലേഖനങ്ങള്‍ തികയാന്‍ രണ്ടുവര്‍ഷമെടുത്തു (2004 ഡിസംബറില്‍) എന്നു പറഞ്ഞാല്‍ കാര്യങ്ങളുടെ മന്ദഗതി മനസിലാക്കാമല്ലോ.

എന്നാല്‍, 2004 മധ്യത്തോടെ മലയാളം കമ്പ്യൂട്ടിങ്‌ രംഗത്തുണ്ടായ മുന്നേറ്റം വിക്കിക്കും അനുഗ്രഹമായി. ഇക്കാലത്താണ്‌ മലയാളഭാഷയില്‍ യുണീകോഡ്‌ എഴുത്തുസാമിഗ്രികളും കമ്പ്യൂട്ടര്‍ ലിപിവ്യവസ്ഥകളും സജീവമായിത്തുടങ്ങിയത്‌. ഒപ്പം മലയാളം ബ്ലോഗുകളും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബ്ലോഗിങ്ങിലെ താത്‌പര്യം മൂലം കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പഠിച്ച കുറെപ്പേര്‍ മലയാളം വിക്കിയ്‌ക്കും സംഭാവന ചെയ്യാന്‍ തയ്യാറായി രംഗത്തെത്തി.

ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഗൂഗിളില്‍ എഞ്ചിനിയറായി ജോലി ചെയ്യുന്ന തൃശൂര്‍ തലോര്‌ സ്വദേശി സിബു ജോണി രൂപപ്പെടുത്തിയ 'വരമൊഴി'യെന്ന പ്രോഗ്രാമാണ്‌ പലരും ആദ്യകാലത്ത്‌ മലയാളം എഴുതാന്‍ ആശ്രയിച്ചിരുന്നത്‌. എഴുതേണ്ട മലയാളവാക്കുകള്‍ക്ക്‌ സമാനമായ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ ടൈപ്പു ചെയ്യുന്ന ലിപിമാറ്റ (transliteration)രീതിയാണ്‌ വരമൊഴി അവലംബിച്ചിട്ടുള്ളത്‌. മൊഴിസ്‌കീം തന്നെ പിന്തുടരുന്ന 'കീമാന്‍' എന്ന പ്രഗ്രാം പിന്നീട്‌ രംഗത്തെത്തി. യു.എ.ഇ.യില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായ പാലക്കാട്‌ പെരിങ്ങോട്‌ സ്വദേശി രാജ്‌ നായര്‍ ചിട്ടപ്പെടുത്തിയ ഈ പ്രോഗ്രാമിന്റെ പ്രത്യേകത, അതുപയോഗിച്ച്‌ ഇന്റര്‍നെറ്റ്‌ ബ്രൗസറിലേക്ക്‌ നേരിട്ടു മലയാളം ടൈപ്പു ചെയ്യാം എന്നതാണ്‌. ഇന്ന്‌ ഭൂരിപക്ഷം മലയാളം ബ്ലോഗര്‍മാരും ആശ്രയിക്കുന്നത്‌ കീമാന്‍ ആണ്‌. ഒരു ഇന്‍ബില്‍റ്റ്‌ ടൂള്‍ മലയാളംവിക്കിയില്‍ അടുത്തയിടെ ചേര്‍ക്കപ്പെട്ടു (രാജ്‌ നായര്‍ തന്നെയാണ്‌ അതും രൂപപ്പെടുത്തിയത്‌). അതിന്റെ സഹായത്തോടെ മലയാളംവിക്കിയില്‍ ഇപ്പോള്‍ നേരിട്ട്‌ എഴുതാം.

കമ്പ്യൂട്ടറിന്‌ മലയാളവും വഴങ്ങുമെന്ന സ്ഥിതിയുണ്ടായ ആ സമയത്ത്‌, മലാളംവിക്കിയുടെ കാര്യത്തില്‍ മറ്റൊരു സംഗതി കൂടി സംഭവിച്ചു. കേരളത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന മന്‍ജിത്‌ കൈനിക്കര അമേരിക്കയിലെത്തി. അദ്ദേഹം സജീവമാകുന്നതോടെയാണ്‌ മലയാളംവിക്കിയുടെ പുതിയ ഘട്ടത്തിന്റെ തുടക്കം. മുഖ്യതാള്‍ അണിയിച്ചൊരുക്കുന്നതിനും കൂടുതല്‍ പ്രവര്‍ത്തകരെ മലയാളംവിക്കിയിലേക്ക്‌ ആകര്‍ഷിക്കുന്നതിനുമൊക്കെ മന്‍ജിത്‌ നടത്തിയ ശ്രമം ഒരു പരിധിവരെ ഫലം കണ്ടു. 2005 സപ്‌തംബറില്‍ മന്‍ജിത്‌ മലയാളംവിക്കിയുടെ ആദ്യ സിസോപ്പ്‌ ആയി ചുമതലയേറ്റു. ഒരു മാസത്തിന്‌ ശേഷം അദ്ദേഹം ഈ സംരംഭത്തിന്റെ ആദ്യ ബ്യൂറോക്രാറ്റും ആയി. സാങ്കേതിക കാര്യങ്ങളില്‍ മലയാളംവിക്കി ഏതാണ്ട്‌ സ്വയംപര്യാപ്‌തത നേടുന്നത്‌ ഈ സമയത്താണ്‌.

മലയാളം കമ്പ്യൂട്ടിങ്ങിലുണ്ടായ മുന്നേറ്റം ബ്ലോഗിങിലും മലയാളംവിക്കിയിലും ശരിക്കൊരു കുതിച്ചുചാട്ടമുണ്ടാക്കുന്നത്‌ 2006 മുതലാണ്‌. ബ്ലോഗിങിലൂടെ മലയാളം ടൈപ്പിങ്‌ അനായാസം പഠിച്ചെടുത്ത പലരുടെയും സജീവശ്രദ്ധ വിക്കിയിലേക്കും തിരിഞ്ഞു. മലയാളംവിക്കിയിലെ ഉള്ളടക്കത്തിന്റെ വൈവിധ്യവും ലേഖനങ്ങളുടെ എണ്ണവും വര്‍ധിച്ചു. 2006 ഏപ്രില്‍ പത്തിന്‌ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. അതേ സപ്‌തംബറില്‍ ലേഖനങ്ങളുടെ എണ്ണം 1000-വും നവംബറില്‍ 1500-ഉം ആയി. ഈ മുന്നേറ്റം ഇപ്പോഴും തുടരുന്നു; നിലവില്‍ 3500 ലേഖനങ്ങള്‍ മലയാളംവിക്കിയിലുണ്ട്‌. ഇപ്പോഴത്തെ കണക്കു പ്രകാരം ഓരോ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങള്‍ പുതിയതായി ചേര്‍ക്കപ്പെടുന്നു.

ലേഖനങ്ങള്‍ മാത്രമല്ല ഫോട്ടോകളും മറ്റു രേഖകളും വിക്കിക്ക്‌ സംഭാവന ചെയ്യുന്നവരുമുണ്ട്‌. "പണ്ടൊക്കെ കൈയിലുള്ള ക്യാമറയുടെ ഉപയോഗം എന്തെന്നു തന്നെ നിശ്ചയമില്ലായിരുന്നു"-ഡോ.വിപിന്‍ പറയുന്നു. ഇപ്പോള്‍ സ്ഥിതി മാറി. "എവിടെ പോകുമ്പോഴും ഒരു ഡിജിറ്റല്‍ ക്യാമറ എന്റെ പക്കലുണ്ടാകും, വിക്കിയില്‍ ചേര്‍ക്കാന്‍ പറ്റിയ ഒരു ചിത്രം എപ്പോഴാണ്‌ കിട്ടുക എന്നറിയില്ലല്ലോ"-അദ്ദേഹം പറയുന്നു. ഡോ.വിപിനിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല.

കൂട്ടായ്‌മയുടെ ഉത്തമ ഉദാഹരണമാണ്‌ വിക്കിയിലെ വിവരശേഖരണം. ആര്‍ക്കും എഴുതുകയും ആര്‍ക്കും തിരുത്തുകയും ചെയ്യാവുന്ന കൂട്ടായ്‌മ. ഇത്തരം കൂട്ടായ്‌മയില്‍ നിന്ന്‌ ഒരു വിജ്ഞാനകോശം എങ്ങനെയുണ്ടാകും എന്ന്‌ പലര്‍ക്കും സംശയമുണ്ടാകും. തെറ്റു വരില്ലേ, അബദ്ധങ്ങള്‍ കടന്നു കൂടില്ലേ; ഒരു വിജ്ഞാനകോശത്തില്‍ അത്‌ പാടുണ്ടോ. ഒരാള്‍ തെറ്റുവരുത്തിയാല്‍ വേറെയാരെങ്കിലും അത്‌ കണ്ടെത്തി തിരുത്തും എന്നതാണ്‌ വിക്കിയുടെ അനുഭവം. ഇംഗ്ലീഷ്‌വിക്കിയില്‍ വരുന്ന തെറ്റുകള്‍ക്ക്‌ എന്തു സംഭവിക്കുന്നു എന്നൊരു പരിശോധന വിക്കി മീഡിയ ഫൗണ്ടേഷന്‍ നടത്തുകയുണ്ടായി. അഞ്ചുമിനിറ്റിനകം തെറ്റുകള്‍ തിരുത്തപ്പെടുന്നു എന്നാണ്‌ തെളിഞ്ഞത്‌. കൂടുതല്‍ പേര്‍ കാണുകയും തിരുത്തുകയും ചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരും എന്നതാണ്‌ വിക്കി അനുഭവം. ഉദാഹരണത്തിന്‌ മലയാളംവിക്കിയില്‍ ഒറ്റവരിയില്‍ തുടങ്ങിയ 'ചാലക്കുടി' ലേഖനത്തിന്റെ കാര്യമെടുക്കാം. പത്തോളം പേര്‍ ചേര്‍ന്ന്‌ മുന്നൂറിലേറെ പ്രാവശ്യം വെട്ടിയും തിരുത്തിയും അതിന്ന്‌ മലയാളംവിക്കിയിലെ ഏറ്റവും മികച്ച ലേഖനങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ആന, ലോറി ബേക്കര്‍, ഇന്ത്യന്‍ റെയില്‍വെ, പറയിപെറ്റ പന്തീരുകുലം തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ഉന്നത നിലവാരം നേടിയ മലയാളംവിക്കി ലേഖനങ്ങളാണ്‌.

വിക്കിയില്‍ സംഭാവന ചെയ്യുന്നവരെ നയിക്കുന്നത്‌ ഖ്യാതിയോ മറ്റെന്തെങ്കിലും നേട്ടമോ അല്ല. സ്വന്തം പേരുപയോഗിച്ച്‌ വിക്കിയില്‍ എഴുതുന്നവരുടെ എണ്ണം പോലും വളരെ കുറവാണ്‌. മിക്കവരും ഓരോ തൂലികാനാമങ്ങള്‍ക്ക്‌ പിന്നിലാണ്‌. എഴുതുന്നവര്‍ മാത്രമല്ല, ലേഖനങ്ങള്‍ തിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നവരിലും അദൃശ്യരുണ്ട്‌. അറിവ്‌ മറ്റുള്ളവരുമായി പങ്കുവെക്കുന്നതൊടൊപ്പം, സ്വന്തം അറിവ്‌ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം കൂടി വിക്കിയില്‍ സംഭാവന ചെയ്യുന്ന മിക്കവര്‍ക്കുമുണ്ട്‌. ഡോ. വിപിന്‍ അത്തരക്കാരിലൊരാളാണ്‌. കേരളചരിത്രമാണ്‌ അദ്ദേഹം വിക്കിയില്‍ കൂടുതലായി എഴുതാറ്‌. "എഴുതുമ്പോള്‍ നമ്മുടെ അറിവു വര്‍ധിക്കും. മാത്രമല്ല, പഠിച്ച കാര്യം പിന്നീട്‌ നോക്കണമെങ്കില്‍ കൂടെ കൊണ്ടുനടക്കേണ്ടതില്ല. വിക്കിയിലെഴുതിയത്‌ ഓണ്‍ലൈനിലുണ്ടാകും, ലോകത്തെവിടെയിരുന്നും നോക്കാം"-ഡോ.വിപിന്‍ പറയുന്നു. മലയാളം യുണീകോഡാണ്‌ വിക്കിയില്‍ ഉപയോഗിക്കുന്നത്‌. അതിനാല്‍, ഗൂഗിള്‍ പോലുള്ള സെര്‍ച്ച്‌ എഞ്ചിനുകള്‍ അതിനെ പിന്തുണയ്‌ക്കുന്നു. മലയാളം യുണീകോഡ്‌ ഉപയോഗിച്ച്‌ ഗൂഗിളില്‍ തിരച്ചില്‍ നടത്തിയാല്‍ മലയാളംവിക്കിയിലെ വിവരങ്ങള്‍ മുന്നിലെത്തും.

ഗുണനിലവാരം അളക്കാനുള്ള വിക്കി ഏകകമായ 'പേജ്‌ഡെപ്‌ത്‌' പ്രകാരം ഇന്ത്യന്‍ഭാഷകളിലെ മറ്റ്‌ വിക്കികളെ അപേക്ഷിച്ച്‌ മലയാളംവിക്കി ഏറെ മുന്നിലാണ്‌. വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം, ലേഖനങ്ങളില്‍ എത്ര തിരുത്തലുകള്‍ നടന്നു, എത്ര അനുബന്ധ ലേഖനങ്ങള്‍ നിലവിലുണ്ട്‌ എന്നിങ്ങനെയുള്ള വിവരങ്ങള്‍ സമീകരിച്ചുണ്ടാക്കിയതാണ്‌ 'പേജ്‌ഡെപ്‌ത്‌' എന്ന ഏകകം. ഇംഗ്ലീഷ്‌ വിക്കിക്ക്‌ ഇത്‌ 320 ആണ്‌; മലയാളംവിക്കിയുടേത്‌ 70-ന്‌ മുകളിലും. 33,000 ലേഖനങ്ങളുള്ള തെലുഗുവിക്കിയുടേ പേജ്‌ ഡെപ്‌ത്‌ വെറും രണ്ടാണെന്നു കൂടി അറിയുക. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിന്‌ തൊട്ടുപിന്നിലുള്ളത്‌ ബംഗാളിവിക്കിയാണ്‌. അതിന്റെ പേജ്‌ഡെപ്‌ത്‌ പക്ഷേ മലയാളത്തിന്റെ പകുതിയേ ഉള്ളു. പേജ്‌ഡെപ്‌ത്‌ വര്‍ധിച്ചതുകൊണ്ടു മാത്രം പക്ഷേ, ഗുണനിലവാരം ഒരു പരിധിയ്‌ക്കു മേല്‍ ഉയരില്ല. അതിന്‌ നല്ല മലയാളം എഴുത്തുകാരും തിരുത്തലുകാരും വിക്കിയില്‍ വന്നേ തീരൂ.

കേരളത്തെക്കുറിച്ചും കേരളീയരെക്കുറിച്ചും കേരളീയതയെക്കുറിച്ചുമുള്ള ലേഖനങ്ങളാണ്‌ മലയാളംവിക്കിയില്‍ കൂടുതല്‍ വരേണ്ടതെന്ന കാര്യത്തില്‍ മിക്ക വിക്കിപ്രവര്‍ത്തകരും യോജിക്കുന്നു. ഇംഗ്ലീഷ്‌വിക്കിയില്‍ ഇല്ലാത്ത വിഷയങ്ങള്‍ക്കാണ്‌ മലയാളംവിക്കിയില്‍ കൂടുതല്‍ സന്ദര്‍ശകരുള്ളത്‌. അത്തരം ലേഖനങ്ങള്‍ പക്ഷേ, മലയാളംവിക്കിയില്‍ കുറവാണ്‌. ഉള്ളവയുടെ തന്നെ (ചിലത്‌ മാറ്റി നിര്‍ത്തിയാല്‍) നിലവാരം വളരെ ശോചനീയമാണെന്ന്‌ ഡോ.മഹേഷ്‌ മംഗലാട്ട്‌ വിലയിരുത്തുന്നു. ലേഖനങ്ങളുടെ എണ്ണം ഇത്രയുണ്ടെന്നു പറഞ്ഞ്‌ ഊറ്റം കൊള്ളുന്നതിനേക്കാള്‍, ഉള്ള ലേഖനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കലാണ്‌ പ്രധാനമെന്ന നിലപാടാണ്‌ അദ്ദേഹത്തിന്റേത്‌. "തുറന്ന മനോഭാവവും അറിവു പങ്കുവെക്കാനുള്ള സന്നദ്ധതയും നമ്മുടെ പല ബുദ്ധിജീവികള്‍ക്കുമില്ല; അതും വിക്കി പോലുള്ള സംരംഭങ്ങള്‍ക്ക്‌ പ്രതിബന്ധമാണ്‌"-അദ്ദേഹം വിലയിരുത്തുന്നു. കേരളത്തില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നവര്‍ക്കിടയില്‍ തന്നെ മലയാളഭാഷ എങ്ങനെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം എന്നൊരു ചിന്താഗതി ഉണ്ടാകുന്നില്ല. മലയാളത്തിന്‌ കേരളത്തില്‍ നേരിടുന്ന അവഗണന ഇവിടെയും രൂക്ഷമായി പ്രതിഫലിക്കുന്നു.

"മലയാളംവിക്കിയ്‌ക്ക്‌ പുരോഗതി വേണമെങ്കില്‍ കേരളത്തില്‍ നിന്നു തന്നെ കഴിവും സന്നദ്ധതയുമുള്ള കൂടുതല്‍ പേര്‍ അതിലേക്കു വരണം"-മന്‍ജിത്‌ കൈനിക്കര അഭിപ്രായപ്പെടുന്നു. തീര്‍ച്ചയായും അടുത്തകാലം വരെ കേരളത്തിലെ ഭൗതീക സാഹചര്യം ഇത്തരമൊരു ഓണ്‍ലൈന്‍ സംരംഭത്തിന്‌ അനുകൂലമായിരുന്നില്ല. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകളുടെ വന്‍ചെലവ്‌, ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവ്‌, ഇത്തരം സംഗതികളിലുള്ള ആളുകളുടെ ധാരണക്കുറവ്‌. ഇപ്പോള്‍ പക്ഷേ, കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഇടത്തരക്കാര്‍ക്കു താങ്ങാന്‍ പറ്റുന്ന നിലയ്‌ക്ക്‌ കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറഞ്ഞിരിക്കുന്നു, പ്രധാന നഗരങ്ങളിലെല്ലാം ഇന്റര്‍നെറ്റ്‌ ബ്രോഡ്‌ബാന്‍ഡ്‌ ലഭ്യമായിരിക്കുന്നു, അക്ഷയ പോലുള്ള സംരംഭങ്ങള്‍, കേരളത്തിലെ സ്‌കൂളുകള്‍ പോലും സ്വന്തം ബ്ലോഗും സൈറ്റുമൊക്കെ നിര്‍മിച്ച്‌ രംഗത്തെത്തി തുടങ്ങിയിരിക്കുന്നു. ഇതൊരു അനുകൂല സാഹചര്യമാണ്‌. ഈ സാഹചര്യം മലയാളംവിക്കിക്കും ഗുണകരമാക്കാന്‍ കഴിയണം. അല്ലാതെ, മലയാളമെന്നത്‌ ഭാവിയില്‍ വെറുമൊരു ഗൃഹാതുരത്വം മാത്രമായാല്‍ പോര.

അല്‍പ്പം ചരിത്രം

അസാധാരണമാം വിധം ലളിതമായ ഒരു സോഫ്‌ട്‌വേറാണ്‌ 'വിക്കി'(Wiki). വെറും അഞ്ചുവരിയുള്ള ഒരു കമ്പ്യൂട്ടര്‍ കോഡ്‌. ആര്‍ക്കും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്ത്‌ വെബ്‌സൈറ്റ്‌ ഉണ്ടാക്കുകയും അനുവദിക്കപ്പെടുന്ന ആര്‍ക്കും എഡിറ്റു ചെയ്യാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന ഒന്നാണത്‌. വാര്‍ഡ്‌ കന്നിങ്‌ഹാം എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമറാണ്‌ 'വിക്കി'യുടെ പിതാവ്‌. 1995-ല്‍ മധുവിധുവിന്‌ ഹാവായിയിലെത്തിപ്പോഴാണ്‌ വിക്കിയെന്ന പേര്‌ കന്നിങ്‌ഹാമിന്‌ ലഭിച്ചത്‌; ഹോണോലുലു ദ്വീപിലെ വിമാനത്താവള ടെര്‍മിനലുകളെ ബന്ധിപ്പിച്ച്‌ ഓടിയിരുന്ന വിക്കിവിക്കി ചാന്‍സ്‌ ആര്‍.ടി 52 ബസ്സിന്റെ പേരില്‍ നിന്ന്‌. ഹാവായിയന്‍ ഭാഷയില്‍ വിക്കിയെന്നാല്‍ 'വേഗത്തില്‍' എന്നാണര്‍ത്ഥം. 1995 മാര്‍ച്ച്‌ 25-ന്‌ കന്നിങ്‌ഹാം ഈ സോഫ്‌ട്‌വേറിനെ www.c2.com എന്ന സൈറ്റില്‍ കുടിയിരിത്തി. ഇന്ന്‌ എത്രയോ വന്‍കിട സ്ഥാപനങ്ങള്‍ അവരുടെ പദ്ധതികളുടെ വിജയത്തിന്‌ വിക്കിമാര്‍ഗ്ഗം തേടുന്നു.

വിക്കി സോഫ്‌ട്‌വേര്‍ ഉപയോഗിച്ച്‌ ജിമ്മി വേയ്‌ല്‍സ്‌ ആണ്‌ 'വിക്കിപീഡിയ'(www.wikipedia.org) യെന്ന സംരംഭത്തിന്‌ തുടക്കം കുറിക്കുന്നത്‌; 2001 ജനുവരി 15-ന്‌. ഇംഗ്ലീഷ്‌ വിക്കിപീഡിയയിരുന്നു അന്ന്‌ ആരംഭിച്ചത്‌. ലക്ഷക്കണക്കിന്‌ ഉപഭോക്താക്കള്‍ തന്നെയാണ്‌ വിക്കിപീഡിയയില്‍ സൗജന്യമായി എഴുതുന്നത്‌. ആദ്യവര്‍ഷം തന്നെ ഇംഗ്ലീഷ്‌ വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഇന്നത്‌ ഇരുപതു ലക്ഷത്തോളമാണ്‌. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ ലേഖനങ്ങളുടെ എണ്ണം ഇതിലും എത്രയോ കുറവാണ്‌. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ബ്രിട്ടാണിക്കയ്‌ക്കൊപ്പം തന്നെയാണ്‌ വിക്കിപീഡിയയുടേയും സ്ഥാനമെന്ന്‌, പ്രശസ്‌ത ഗവേഷണ വാരികയായ 'നേച്ചര്‍' ഒരുവര്‍ഷം മുമ്പ്‌ തെളിയിക്കുകയുണ്ടായി. ഇപ്പോള്‍ ദിനംപ്രതി ആറുലക്ഷത്തിലേറെപ്പേര്‍ ഇംഗ്ലീഷ്‌ വിക്കിപീഡിയ സന്ദര്‍ശിക്കുന്നു. (വിക്കി സോഫ്‌ട്‌വേര്‍ സംബന്ധിച്ച്‌ ഇവിടെ ചേര്‍ത്തിട്ടുള്ള വിവരങ്ങള്‍, 2005 ജൂണ്‍ ആറിന്റെ 'ടൈം മാഗസിനി'ല്‍ വന്ന Wiki, Wiki, World എന്ന ലേഖനത്തില്‍ നിന്ന്‌ കടംകൊണ്ടതാണ്‌)
മറ്റ്‌ വിക്കി സംരംഭങ്ങള്‍

‍വിക്കിപീഡിയയ്‌ക്കുണ്ടായത്‌ അഭൂതപൂര്‍വമായ വളര്‍ച്ചയാണ്‌. അതിന്റെ ചുവടുപിടിച്ച്‌, വിക്കിമീഡിയ ഫൗണ്ടേഷന്‍ മറ്റ്‌ വിവരശേഖരണ മേഖലയിലേക്കും ശ്രദ്ധ തിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ 'വിക്ഷ്‌ണറി', പഠനസഹായികളും മറ്റും ഉള്‍പ്പെടുന്ന 'വിക്കിബുക്‌സ്‌', പൗരവാര്‍ത്തകളുടെ സഹായത്തോടെയുള്ള 'വിക്കിന്യൂസ്‌', പകര്‍പ്പവകാശ കാലയളവു കഴിഞ്ഞ ഗ്രന്ഥങ്ങള്‍ ശേഖരിച്ചുവെയ്‌കുന്ന 'വിക്കിസോഴ്‌സ്‌', സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന 'വിക്കിവാഴ്‌സിറ്റി', ഉദ്ധരണികള്‍ ചേര്‍ത്തുവെക്കുന്ന 'വിക്കിക്വോട്‌സ്‌' എന്നിവയൊക്കെ വിക്കിപീഡിയയുടെ സഹസംരംഭങ്ങളാണ്‌.

വിക്കിസോഴ്‌സ്‌ മലയാളത്തില്‍ 'വിക്കിവായനശാല'(http://ml.wikisource.org/) എന്ന പേരില്‍ അറിയപ്പെടുന്നു. യുണീകോഡിലാകുന്ന ആദ്യമലയാള ഗ്രന്ഥമായ 'സത്യവേദപുസ്‌തകം (ബൈബിള്‍)' ഈ ആഗസ്‌തിലാണ്‌ വിക്കിവായനശാലയില്‍ ഇടംനേടിയത്‌. ഇവിടെയെത്തുന്ന ആദ്യഗ്രന്ഥമാണത്‌. താമസിയാതെ രാമയണവും എത്തും. വിക്ഷ്‌ണറി 'വിക്കിനിഘണ്ടു' (http://ml.wiktionary.org/) എന്നപേരിലാണ്‌ മലയാളത്തില്‍; വിക്കിബുക്‌സ്‌ 'വിക്കിപുസ്‌തകശാല' (http://ml.wikibooks.org/) എന്ന പേരിലും. പക്ഷേ ഈ പദ്ധതികളെല്ലാം അതിന്റെ പ്രാരംഭഘട്ടത്തിലാണ്‌. സന്നദ്ധരായ മലയാളികള്‍ കൂടുതലായി ഈ രംഗത്തെത്തിയാലേ ഇവയൊക്കെ അര്‍ത്ഥവത്തായ നിലയില്‍ പുരോഗമിക്കൂ.

വിക്കി പദാവലി

വിക്കിപീഡിയര്‍ - സേവന സന്നദ്ധരായി വിക്കിപീഡിയയില്‍ സഹകരിക്കുന്നവര്‍. ഇവരുടെ സമൂഹമാണ്‌ വിക്കിസമൂഹം. മലയാളംവിക്കിയില്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ടായിരത്തോളം വിക്കിപീഡിയറുണ്ട്‌. രജിസ്റ്റര്‍ ചെയ്യാത്തവരുമുണ്ട്‌. വിക്കിപീഡിയരില്‍ ചിലര്‍ വിക്കിയില്‍ ലേഖനങ്ങള്‍ എഴുതുന്നു, ചിലര്‍ തെറ്റുകള്‍ തിരുത്തുന്നു, മറ്റു ചിലര്‍ ചിത്രങ്ങള്‍ ചേര്‍ക്കുന്നു, ചിലര്‍ ലേഖനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു, വേറെ ചിലര്‍ പുതിയതായി വിക്കസമൂഹത്തില്‍ ചെരുന്നവരെ സ്വാഗതം ചെയ്യുന്നു. വിജ്ഞാനതൃഷ്‌ണയും സന്നദ്ധതയുമാണ്‌ വിക്കിപീഡിയരെ നയിക്കുന്നത്‌.

സിസോപ്പുകള്‍ - വിക്കിപീഡിയയിലെ കാര്യനിര്‍വാഹകരാണ്‌ ഇവര്‍. വിക്കിപീഡിയയില്‍ സൃഷ്ടിക്കപ്പെടുന്ന ചപ്പും ചവറും മാറ്റുന്നതും, തങ്ങള്‍ക്കിടയിലേക്ക്‌ നുഴഞ്ഞു കയറിയേക്കാവുന്ന വിക്കിവിരുദ്ധരെ നിയന്ത്രിക്കുന്നതും സിസോപ്പുകളാണ്‌. ഒരേസമയം വിക്കിസമൂഹത്തിലെ തൂപ്പുകാരും പടയാളികളുമാണ്‌ ഇവരെന്നു പറയാം. സിസോപ്പുകളെ വിക്കിപീഡിയര്‍ തിരഞ്ഞെടുക്കുന്നു. മലയാളംവിക്കിയില്‍ ഏഴ്‌ സിസോപ്പുകളാണുള്ളത്‌.

ബ്യൂറോക്രാറ്റുകള്‍ - മുകളില്‍ സൂചിപ്പിച്ച രണ്ടു വിഭാഗങ്ങളെയും അപേക്ഷിച്ച്‌ ജോലിഭാരം കൂടിയ വിഭാഗമാണ്‌ ബ്യൂറോക്രാറ്റുകള്‍. ഇവരെയും വിക്കപീഡിയര്‍ തിരഞ്ഞെടുക്കുകയാണ്‌ ചെയ്യുക. വൃത്തിയാക്കല്‍, സംരക്ഷണം തുടങ്ങിയ ജോലികള്‍ക്കു പുറമെ, പുതിയതായെത്തുന്ന സിസോപ്പുകളെയും മറ്റും പരിശീലിപ്പിച്ചെടുക്കുകയെന്നതും ബ്യൂറോക്രാറ്റുകളുടെ ജോലിയാണ്‌. മലയാളംവിക്കിയില്‍ ഒരു ബ്യൂറോക്രാറ്റാണുള്ളത്‌.

നിങ്ങള്‍ക്കും പങ്കുചേരാം

വിക്കിപീഡിയയുടെ ഏറ്റവും വലിയ സവിശേഷത എത്ര കൂടുതല്‍ ആളുകള്‍ അതില്‍ പങ്കു ചേരുന്നുവോ അത്രയും ഗുണനിലവാരം വര്‍ധിക്കുമെന്നതാണ്‌. മലയാളംവിക്കിയുടെ കാര്യവും വ്യത്യസ്‌തമല്ല. മലയാളംവിക്കിയില്‍ ഇപ്പോള്‍ രജിസ്‌റ്റര്‍ ചെയ്‌ത രണ്ടായിരത്തോളം അംഗങ്ങളുണ്ടെങ്കിലും, ലേഖനങ്ങള്‍ രചിച്ചും ചിത്രങ്ങള്‍ ചേര്‍ത്തും വിക്കിയെ പരിപോഷിക്കുന്നവരുടെ സംഖ്യ ഇരുപതില്‍ താഴെ മാത്രമാണ്‌. ഈ അവസ്ഥയ്‌ക്കു മാറ്റമുണ്ടാകണം. എല്ലാ തരത്തിലും പെട്ട കേരളീയര്‍ മലയാളംവിക്കിയുടെ ഭാഗമാകണം.

ഇന്‍ര്‍നെറ്റ്‌ ഉപയോഗിക്കുന്ന മലയാളിയെ സംബന്ധിച്ച്‌ വിക്കിയില്‍ സഹകരിക്കുക ഇന്നൊരു പ്രശ്‌നമേയല്ല. അതില്‍ എങ്ങനെ ലേഖനങ്ങള്‍ എഴുതാം, തിരുത്താം എന്നൊക്കെയുള്ള വിവരങ്ങള്‍ വിക്കിയില്‍ തന്നെയുണ്ട്‌. അല്‍പ്പം സമയവും സന്നദ്ധതയും കാട്ടണമെന്നു മാത്രം. ഒരുപക്ഷേ, അക്ഷരത്തെറ്റു മാറ്റിയാകാം ഒരു വിക്കിലേഖനത്തെ നിങ്ങള്‍ക്ക്‌ നന്നാക്കാന്‍ കഴിയുക. അല്ലെങ്കില്‍ ഒരു പിശക്‌ തിരുത്തി, അതുമല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ താത്‌പര്യമുള്ള ഒരു ലേഖനം തുടങ്ങി. അതേ താത്‌പര്യമുള്ള മറ്റാരെങ്കിലുമൊക്കെ ചേര്‍ന്ന്‌ അത്‌ പൂര്‍ത്തിയാക്കിക്കൊള്ളും. ഇതൊന്നുമല്ലെങ്കില്‍ ഒരു ചിത്രം സംഭാവന ചെയ്‌ത്‌, ഒരു രേഖാചിത്രം വരച്ചു കൊടുത്ത്‌. അങ്ങനെ, അങ്ങനെ, മലയാളത്തെ ഈ കൂട്ടായ്‌മയിലൂടെ ഭാവിക്കായി നിലനിര്‍ത്താന്‍ ഓരോ മലയാളിക്കും കഴിയും.
(2007 സപ്‌തംബര്‍ രണ്ടിന്റെ 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്‌. വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഷിജു അലക്‌സ്‌, മന്‍ജിത്‌ കൈനിക്കര, ഫ്രാന്‍സിസ്‌ സിമി നസ്രേത്ത്‌. ചിത്രീകരണം: സജീവന്‍ എന്‍.എന്‍,കടപ്പാട്‌: മാതൃഭൂമി).