Sunday, October 20, 2013

'സംക്ഷേപവേദാര്‍ഥ'ത്തിന്റെ രണ്ടാംജന്മവും ചില ചോദ്യങ്ങളും


ആദ്യമായല്ല ഈ ലേഖകന്‍ ഒരു ഡിജിറ്റല്‍ ഗ്രന്ഥം ഓണ്‍ലൈനില്‍ നോക്കുന്നത്. എന്നിട്ടും, ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉള്ളിലൊരു വിറയല്‍ ബാധിച്ചു. ചരിത്രത്തിന്റെ ഭാരം മനസിലേക്ക് ചാര്‍ത്തപ്പെട്ടതുപോലെ. മലയാളിയായ ഒരാള്‍ക്ക്, മലയാളത്തിലെഴുതി ജീവിക്കുന്ന ഒരാള്‍ക്ക്, മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥത്തെ അത്ര നിര്‍വികാരമായി സമീപിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം.

പ്രമുഖ വിക്കിപീഡിയ പ്രവര്‍ത്തകനായ ഷിജു അലക്‌സ്, ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ലിങ്കിലൂടെ 'സംക്ഷേപവേദാര്‍ഥ'മെന്ന ആ ഗ്രന്ഥത്തിന്റെ ഡിജിറ്റല്‍ പതിപ്പ് മുന്നിലെത്തുമ്പോള്‍, പുതുതായി പിറന്ന ഒരു കുഞ്ഞിനെ നോക്കുന്ന അനുഭവമായിരുന്നു. അച്ചടി മലയാളത്തിന്റെ ആദ്യശിശു ! മാതൃഭാഷയില്‍ ജനിച്ച ആദ്യ ഗ്രന്ഥം!

കേരളത്തിലെത്തി മലയാളവും സംസ്‌കൃതവും അഭ്യസിച്ച ഫാദര്‍ ക്ലമെന്റ് പിയാനിയസ് എന്ന മിഷണറിയാണ് 'സംക്ഷേപവൈദാര്‍ഥം' രചിച്ചത്. റോമില്‍ അച്ചടിക്കപ്പെട്ട ആ ഗ്രന്ഥം 241 വര്‍ഷത്തിന് ശേഷമാണ് ഡിജിറ്റല്‍രൂപം പൂണ്ടത്. സംക്ഷേപവേദാര്‍ഥത്തിന്റെ ഡിജിറ്റല്‍ അവതാരം, മലയാളികളെന്ന നിലയ്ക്ക് നമ്മളോട് കാതലായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ മലയാളികള്‍ നല്‍കേണ്ട ചില ഉത്തരങ്ങളും അത് ആവശ്യപ്പെടുന്നു.

അച്ചടിക്കപ്പെട്ട ആദ്യമലയാളഗ്രന്ഥം 'സംക്ഷേപവേദാര്‍ഥ'മാണെങ്കിലും, അച്ചടി മലയാളത്തിന്റെ തുടക്കം ആ ഗ്രന്ഥത്തില്‍ നിന്നല്ല എന്നതാണ് വാസ്തവം. ആ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെടുന്നതിനും 94 വര്‍ഷംമുമ്പ് 1678 ല്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പുറത്തിറങ്ങിയ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്രഗ്രന്ഥത്തിലാണ് മലയാളം ലിപി ആദ്യമായി അച്ചടിരൂപം പൂണ്ടത്. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് 'ഹോര്‍ത്തൂസ്' തയ്യാറാക്കിയത്. കേരളത്തില്‍ കാണപ്പെടുന്ന 679 വ്യത്യസ്ത സസ്യങ്ങളെയും ചെടികളെയും കുറിച്ചുള്ള വിവരണമാണ് ആ ഗ്രന്ഥത്തിലുള്ളത്. 1678-1693 കാലത്ത് 12 വോള്യങ്ങളായി പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസില്‍, സസ്യനാമങ്ങള്‍ ലാറ്റിന്‍, അറബി, നാഗരി ലിപികള്‍ക്കൊപ്പം മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. അച്ചടിമലയാളത്തിന്റെ തുടക്കം അവിടെ നിന്നാണ്.

യൊഹാന്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിവിദ്യ കണ്ടുപിടിക്കുന്നത് 1455 ലാണ്. നൂറുവര്‍ഷം കഴിഞ്ഞ്, 1556 ല്‍ പ്രിന്റിങ് പ്രസ്സ് ഇന്ത്യയിലുമെത്തിയെങ്കിലും, ഇന്ത്യന്‍ലിപിയില്‍ ഒരു പുസ്തകം അച്ചടിക്കപ്പെടുന്നത് പിന്നെയും 22 വര്‍ഷം കഴിഞ്ഞാണ്; 1578 ല്‍. ഫ്രാന്‍സിസ് സേവ്യര്‍ രചിച്ച 'ഡോക്ട്രീന ക്രിസ്തു'വെന്ന 16 പേജുള്ള ലഘുഗ്രന്ഥത്തിന്റെ തമിഴ് പതിപ്പായിരുന്നു ഇന്ത്യന്‍ഭാഷയില്‍ ആദ്യമച്ചടിച്ച പുസ്തകം. മലയാളഭാഷയില്‍ ആദ്യഗ്രന്ഥം പുറത്തിറങ്ങാന്‍ വിധിയുണ്ടായത് റോമില്‍നിന്നാണ്. 'സംക്ഷേപവേദാര്‍ഥ'മെന്ന ആ ഗ്രന്ഥമാണിപ്പോള്‍ ഡിജിറ്റല്‍രൂപത്തില്‍ വീണ്ടും പിറന്നിരിക്കുന്നത്.

2013 ആഗസ്ത് 30 ന് ഓണ്‍ലൈനില്‍ എത്തുന്നതിന് മുമ്പ് എത്ര മലയാളികള്‍ 'സംക്ഷേപവേദാര്‍ഥം' കണ്ടിട്ടുണ്ടാകും. ബാഗ്ലൂരില്‍ ധര്‍മാരാം വൈദികസെമിനാരിയുടെ ലൈബ്രറിയില്‍ നിന്നാണ്, ഈ ഗ്രന്ഥത്തിന്റെ 1772 ല്‍ അച്ചടിച്ച ആദ്യപതിപ്പിന്റെ കോപ്പി കിട്ടുന്നത്. 'സെമിനാരിയിലെ വിദ്യാര്‍ത്ഥിയും മലയാളം വിക്കിസംരംഭങ്ങളില്‍ പങ്കാളിയുമായ ജെഫ് ഷോണ്‍ ജോസ്, ആ ഗ്രന്ഥം സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ സഹായിച്ചു' - ഷിജു അലക്‌സ് അറിയിക്കുന്നു. അച്ചടിക്കപ്പെട്ട ആദ്യമലയാളഗ്രന്ഥം അങ്ങനെ മലയാളം വിക്കി ശേഖരത്തിലെത്തി. ലോകത്തെവിടെയുമുള്ള ആര്‍ക്കും അതിപ്പോള്‍ കാണാം, വായിക്കാം, ഡൗണ്‍ലോഡ് ചെയ്യാം.

മലയാളത്തില്‍ അച്ചടിച്ച ആദ്യഗ്രന്ഥത്തിന്റെ ശരിക്കും രണ്ടാംജന്മമാണ് ഈ ഡിജിറ്റല്‍ അവതാരം! ലോകത്ത് ചുരുക്കം ചില ലൈബ്രറികളില്‍ മാത്രം അവശേഷിക്കുകയെന്ന പരിമിതി മൂലം, അധികമാരുടെയും മുന്നിലെത്താതെ മറഞ്ഞിരിക്കുകയെന്ന ദുര്‍വിധിയില്‍നിന്ന് ഡിജിറ്റല്‍യുഗം അതിന് മോചനം നല്‍കിയിരിക്കുന്നു. അതിന് നേതൃത്വം നല്‍കിയ വിക്കിപ്രവര്‍ത്തകര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

അച്ചടി മലയാളത്തിന്റെ പൈതൃകം ഡിജിറ്റല്‍രൂപത്തിലാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ചെറിയൊരു ഉദാഹരണമാണ് സംക്ഷേപവേദാര്‍ഥത്തിന്റെ രണ്ടാംജന്‍മം. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ലൈബ്രറികളില്‍നിന്ന് ആദ്യകാല മലയാളകൃതികളുടെ കോപ്പികള്‍ തേടിപ്പിടിച്ച് സ്‌കാന്‍ചെയ്ത്, അവയെ മലയാളഭാഷയുടെ ഡിജിറ്റല്‍ സഞ്ചയത്തിലേക്ക് എത്തിക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ഷിജുവും കൂട്ടരും.

ജര്‍മനിയില്‍ ടൂബിങ്ങന്‍ സര്‍വകലാശാലയിലെ ഗുണ്ടര്‍ട്ട് പഠനകേന്ദ്രത്തില്‍ ഉള്ളതായി പ്രമുഖ പണ്ഡിതന്‍ ഡോ.സ്‌കറിയ സക്കറിയ കണ്ടെത്തിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഒരു ശേഖരമുണ്ട്. അത് ഡിജിറ്റലൈസ് ചെയ്യാന്‍ ജര്‍മന്‍ വിക്കിപീഡിയയുടെ സഹായത്തോടെ മലയാളം വിക്കി പ്രവര്‍ത്തകര്‍ നടത്തുന്ന സ്തുത്യര്‍ഹമായ ശ്രമങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. 150 ഓളം പ്രാചീന മലയാളഗ്രന്ഥങ്ങളാണ് ഗുണ്ടര്‍ട്ട് ശേഖരത്തില്‍നിന്ന് ഡിജിറ്റല്‍ മലയാളത്തിന്റെ പൊതുസഞ്ചയത്തിലേക്ക് എത്താന്‍ പോകുന്നത്. മൊത്തം 42,000 പേജ് വരുന്ന ഗ്രന്ഥങ്ങളും കുറിപ്പുകളും താളിയോലഗ്രന്ഥങ്ങളുമൊക്കെ ആ ശേഖരത്തിലുണ്ട്.

'ഗുണ്ടര്‍ട്ട് ലെഗസി' എന്ന പേരില്‍ ടൂബിങ്ങന്‍ സര്‍വകലാശാല നടത്തുന്ന പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം കഴിഞ്ഞ സപ്തംബര്‍ 12 ന് കൊച്ചിയില്‍ കേരള പ്രസ് അക്കാദമിയിലാണ് നടന്നത്. ടൂബിങ്ങന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഇന്‍ഡോളജിസ്റ്റുമായ ഡോ.ഹൈക്കെ മോസര്‍ ആണ് പ്രഖ്യാപനം നടത്തിയത്. മലയാളഭാഷയ്ക്ക് ആദ്യ നിഘണ്ടുവും വ്യാകരണഗ്രന്ഥവുമൊക്കെ സമ്മാനിച്ച ജര്‍മന്‍കാരനായ ഗുണ്ടര്‍ട്ട് കേരളത്തില്‍നിന്ന് തിരികെപ്പോയപ്പോള്‍ ഒപ്പം കൊണ്ടുപോയ 'മലയാളത്തിലെ 1000 പഴഞ്ചൊല്ലുകള്‍', 'പഴഞ്ചൊല്‍ മാല' എന്നീ ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍രൂപം ചടങ്ങില്‍വെച്ച്, മലയാളം വിക്കി പ്രവര്‍ത്തകര്‍ക്ക് കൈമാറുകയും ചെയ്തു.

ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന ഒരു സംശയം, പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ഭാഷാഇന്‍സ്റ്റിട്ട്യൂട്ട്, കേരള സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളും നമ്മുടെ സര്‍വകലാശാലകളും ഇത്തരം സംഗതികളില്‍ എന്ത് പങ്കാണ് വഹിക്കുന്നത് എന്നതാണ്.

പ്രാചീന മലായളഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ച് ഡിജിറ്റല്‍രൂപത്തില്‍ പൊതുസഞ്ചയത്തിലെത്തിക്കേണ്ട ചുമതല സന്നദ്ധപ്രവര്‍ത്തകരുടെ ഉത്തരവാദിത്വമായി വിട്ടുകൊടുത്ത്, വെറും കാഴ്ച്ചക്കാരായി നിന്നാല്‍ മതിയോ ഇത്തരം സ്ഥാപനങ്ങള്‍? മലയാളത്തിന്റെ ഡിജിറ്റല്‍ഭാവി ഉറപ്പുവരുത്തേണ്ട ചുമതല നമ്മുടെ ഔദ്യോഗിക സംവിധാനങ്ങള്‍ക്കോ അതിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനോ ഇല്ലേ? ആ നിലയ്ക്ക് ദിശാബോധമുള്ള എന്തെങ്കിലും നടപടി നമ്മുടെ ഭരണാധികാരികള്‍ കൈക്കൊള്ളുകയോ നടപ്പാക്കുകയോ ചെയ്യുന്നുണ്ടോ?

മലയാളഭാഷ നിലനിന്നു കാണണമെന്നാഗ്രഹിക്കുന്ന ഒരു സമൂഹമാണ് നമ്മുടേതെങ്കില്‍, അടിയന്തിരമായി പരിഹാരം കാണേണ്ട ഒരു വിഷയമാണിത്.

1950 കളിലും അതിന് മുമ്പും പുറത്തിറങ്ങിയ അഞ്ഞൂറിലേറെ മലയാളഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരം അടുത്തയിടെ മാതൃഭൂമി ഓണ്‍ലൈന്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയുണ്ടായി (കാണുക: http://digital.mathrubhumi.com/#books). ഒട്ടേറെ വായനക്കാര്‍ ജിവിതത്തിലൊരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, മറ്റൊരു വിധത്തില്‍ കാണാന്‍ സാധ്യതയില്ലാതിരുന്ന നൂറുകണക്കിന് ഗ്രന്ഥങ്ങളാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുന്നിലെത്തിയത്.

എന്നാല്‍, കേരളത്തിലെ ഏതെങ്കിലുമൊരു പൊതുസ്ഥാപനം ഇത്രകാലത്തിനിടയ്ക്ക് ഇതുപോലൊരു സേവനം പൊതുജനങ്ങള്‍ക്ക് നല്‍കിയതായി അറിവില്ല.

'മലയാളം കമ്പ്യൂട്ടിങ്' എന്ന വിഷയത്തില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് കോഴിക്കോട്ട് ഒരു ഏകദിന ശില്പശാല നടത്തുകയുണ്ടായി. മലയാളം കമ്പ്യൂട്ടിങിന്റെ മേഖലയില്‍ ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് എന്തൊക്കെ സംഗതികളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ആ ശില്പശാലയില്‍ വിശദീകരിക്കപ്പെട്ടു. മെഷീന്‍ ട്രാസ്‌ലേഷന്‍, വോയ്‌സ് റിക്കഗ്നിഷന്‍ എന്നിങ്ങനെ വലിയ വലിയ കാര്യങ്ങള്‍ തങ്ങളുടന്‍ യാഥാര്‍ഥ്യമാക്കാന്‍ പോകുന്നു എന്ന് ഭാഷാഇന്‍സ്റ്റിട്ട്യൂട്ട് അധികൃതര്‍ അവിടെ വിശദീകരിച്ചു. ഇത്തരം സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാളഗ്രന്ഥങ്ങള്‍ മറ്റ് ലോകഭാഷകളിലേക്ക് അനായാസം വിവര്‍ത്തനം ചെയ്‌തെത്തിക്കാന്‍ കഴിയുമെന്നും, നൊബേല്‍ സമ്മാനം പോലും മലയാളത്തെ തേടി വരുമെന്നും മറ്റുമുള്ള ഉട്ട്യോപ്യന്‍ ആശയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്.

ഭാഷാഇന്‍സ്റ്റിട്ട്യൂട്ടിന്റെ ശേഖരത്തിലുള്ള നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്ന അവസരമായിരുന്നു അത്. തെല്ലും യാഥാര്‍ഥ്യബോധത്തോടെയല്ല ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ മലയാളം കമ്പ്യൂട്ടിങ് പോലുള്ള സംഗതികളെ സമീപിക്കുന്നതെന്ന് വ്യക്തം.

സാഹിത്യഅക്കാദമി പോലെ കേരളത്തിലെ പല പൊതുസ്ഥാപനങ്ങളിലും തങ്ങളുടെ ശേഖരത്തിലുള്ള ഗ്രന്ഥങ്ങള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഷങ്ങളായി ചില സര്‍വകലാശാലകളില്‍ പുസ്തകം സ്‌കാന്‍ ചെയ്യുന്ന നടപടി പുരോഗമിക്കുന്നു. ആ ശ്രമങ്ങളൊന്നും യഥാര്‍ഥ ലക്ഷ്യത്തിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. അതല്ലെങ്കില്‍ ഇത്തരം ഒരു സ്ഥാപനം പോലും എന്തുകൊണ്ട് ഇതുവരെ ഡിജിറ്റല്‍രൂപത്തിലാക്കിയ ഗ്രന്ഥങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. 'ഭൂതം നിധി കാക്കുംപോലെ' ഇത് കെട്ടിപ്പൊതിഞ്ഞ് വെച്ചിട്ട് ആര്‍ക്കെന്ത് പ്രയോജനം!

മലയാളത്തിന്റെ ഭാവിയെപ്പറ്റി തെല്ലും ഉത്ക്കണ്ഠപ്പെടാന്‍ ബാധ്യതയില്ലാത്ത ടൂബിങ്ങന്‍ സര്‍വകലാശാല പോലുള്ള വിദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മലയാളത്തിന് നല്‍കുന്ന സേവനം പോലും, മലയാളമുണ്ടെങ്കിലേ നിലനില്‍പ്പുള്ളൂ എന്നുറപ്പുള്ള നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളില്‍നിന്ന് ഉണ്ടാകുന്നില്ല? ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. ഇപ്പോള്‍ തന്നെ നമ്മള്‍ വൈകി എന്നോര്‍ക്കുക.

പുതിയതായി നിലവില്‍ വന്ന മലയാളം സര്‍വകലാശാലയിലാണ് പലരുടെയും പ്രതീക്ഷ. മലയാളത്തിന്റെ ഡിജിറ്റല്‍ഭാവി ഉറപ്പുവരുത്തേണ്ട ബാധ്യത പക്ഷേ, ഏതെങ്കിലുമൊരു സ്ഥാപനത്തിന്റെയോ സന്നദ്ധഗ്രൂപ്പിന്റെയോ മാത്രം തലയില്‍ ചാര്‍ത്തിക്കൊടുത്തിട്ട് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഈ ലേഖകന്‍. അതൊരു കൂട്ടായ ഉത്തരവാദിത്വമാണ്; അക്കാര്യം മറക്കാന്‍ പാടില്ല. (അവലംബം, കടപ്പാട് : 1. ഷിജു അലക്‌സ് (shijualex.in);  2. 'ഹോര്‍ത്തൂസ് മലബാറിക്കൂസ്, മലയാളം ആദ്യമച്ചടിച്ച പുസ്തകം'; ഡി.സി.കിഴക്കേമുറി, ഗ്രന്ഥലോകം, മെയ് 1996 )

കേരള പ്രസ്സ് അക്കാദമിയുടെ 'മീഡിയ' 2013 ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്