Sunday, July 25, 2010

'ദൈവകണം' : എല്‍.എച്ച്.സി.യില്‍ നിന്ന് ശുഭസൂചന

ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടെത്താന്‍ സഹായിക്കുമെന്നു കരുതുന്ന ഒരിനം പിണ്ഡമേറിയ കണം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ടതായി സൂചന. അത് ശരിയെങ്കില്‍, ടോപ് ക്വാര്‍ക്ക് എന്ന കണത്തെ അമേരിക്കയ്ക്ക് വെളിയില്‍ ആദ്യമായി കണ്ടെത്തുകയാണ്.
സര്‍വവ്യാപിയാണ്, എന്നാല്‍ ആരും ഇതുവരെ കണ്ടിട്ടില്ല- പിണ്ഡത്തിന് അടിസ്ഥാനമെന്ന് കണികാശാസ്ത്രം പറയുന്ന ഹിഗ്ഗ്‌സ് ബോസോണുകളെ അതിനാല്‍ 'ദൈവകണം' എന്ന് വിശേഷിപ്പിക്കുന്നു. ജനീവയ്ക്കും സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി)ന്റെ അവതാര ലക്ഷ്യങ്ങളിലൊന്നു തന്നെ ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുക എന്നതാണ്.

പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് ശരിയാകണമെങ്കില്‍, ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കപ്പെട്ടേ തീരൂ. അതിന് സാധിച്ചാല്‍, ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയനിമിഷമാകും അത്. സാധിച്ചില്ലെങ്കിലോ, എല്ലാം പുതിയതായി തുടങ്ങേണ്ടി വരും. ദ്രവ്യത്തിന്റെ മൗലികസ്വാഭാവത്തെക്കുറിച്ച് പുതിയ സിദ്ധാന്തങ്ങള്‍ തന്നെ രൂപീകരിക്കേണ്ടി വരും.

ഏതായാലും, ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ശുഭസൂചനകള്‍ എല്‍.എച്ച്.സിയില്‍ നിന്ന് എത്തിത്തുടങ്ങി. ശാസ്ത്രത്തിന് അറിയാവുന്നതില്‍ ഏറ്റവും പിണ്ഡമേറിയ ഉപആറ്റോമിക കണം 'ടോപ് ക്വാര്‍ക്ക്' (top quark) ആണ്. ആ കണം ഇതുവരെ അമേരിക്കയിലലല്ലാതെ മറ്റൊരിടത്തും പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന ഒട്ടേറെ കണങ്ങളെ യൂറോപ്പില്‍ ആദ്യമായി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം. എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍ നിന്ന് കൂടുതല്‍ ഫലം ലഭിക്കുന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനുള്ള ശ്രമത്തെ മുന്നോട്ടു നയിക്കാന്‍ ടോപ് ക്വാര്‍ക്കുകള്‍ സഹായിക്കുമെന്ന് കണികാശാസ്ത്രജ്ഞനായ ഡോ.ആര്‍നൗഡ് ലൂകോട്ടി പറയുന്നു. എല്‍.എച്ച്.സിയിലെ രണ്ട് പ്രധാന പരീക്ഷണങ്ങളായ 'അറ്റ്‌ലസ്', 'കോംപാക്ട് മ്യുവോണ്‍ സോളിനോയിഡി' (സി.എം.എസ്) എന്നിവയില്‍ നിന്ന് ടോപ് ക്വാര്‍ക്കുകളെക്കുറിച്ച് തെളിവുകിട്ടിയെന്ന കാര്യം, പാരീസില്‍ ഹൈ എന്‍ര്‍ജി ഫിസിക്‌സ് സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തി (ICHEP)ലാണ് ഗവേഷകര്‍ അവതരിപ്പിച്ചത്. ജൂലായ് 22 മുതല്‍ 28 വരെയാണ് സമ്മേളനം.

യൂറോപ്യന്‍ കണികാപരീക്ഷണകേന്ദ്രമായ 'സേണ്‍' ആണ് എല്‍.എച്ച്.സിയുടെ ചുമതല വഹിക്കുന്നത്. ഭൂമിക്കയിടില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായി പരീക്ഷണ ഉപകരണമാണ്. 27 കിലോമീറ്റര്‍ വൃത്താകൃതിയില്‍ അത്യുന്ന ഊര്‍ജനിലയില്‍, എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന കണികാധാരകളെ നാലു സ്ഥാനങ്ങളില്‍ പരസ്പരം കൂട്ടയിടിപ്പിച്ച് അതില്‍ നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സിയില്‍ ചെയ്യുക.

കണികാകൂട്ടിയിടികള്‍ നടക്കുന്നിടത്ത് സംഭവിക്കുന്നതെന്ന് സൂക്ഷ്മായി മനസിലാക്കാനും രേഖപ്പെടുത്താനുമായി ആറ് കണികാസംവേദകങ്ങള്‍ എല്‍.എച്ച്.സിയിലുണ്ട്. അവയില്‍ രണ്ടെണ്ണമാണ് അറ്റ്‌ലസും സി.എം.എസ്സും. ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന കണങ്ങളുടെ സാന്നിധ്യമുണ്ടായ ഒന്‍പത് കണികാകൂട്ടിയിടികള്‍ അത്‌ലസും, 3-4 കൂട്ടിയിടികള്‍ സി.എം.എസ്സും റിക്കോര്‍ഡ് ചെയ്തതായി ഗവേഷകര്‍ പറയുന്നു.
സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ദ്രവ്യത്തിന്റെ ഘടകഭാഗങ്ങളിലൊന്നായി കണക്കാക്കുന്ന ടോപ് ക്വാര്‍ക്കിനെ ആദ്യം കണ്ടെത്തുന്നത് 1995 ല്‍, അമേരിക്കയില്‍ ഇല്ലിനോയില്‍ പ്രവര്‍ത്തിക്കുന്ന ഫെര്‍മിലാബിലെ ടെവട്രോണ്‍ കണികാത്വരകത്തിലാണ്. ടെവട്രോണ്‍ അതിനു ശേഷം വന്‍തോതില്‍ ടോപ് ക്വാര്‍ക്കുകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍, അമേരിക്കയ്ക്ക് പുറത്ത് ഒരു ലാബിലും ഈ കണത്തെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

എല്‍.എച്ച്.സിയിലെ സി.എം.എസ്.പരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ട കണം ടോപ് ക്വാര്‍ക്കാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന്, കണികാശാസ്ത്രജ്ഞന്‍ ടിം ക്രിസ്ത്യന്‍സന്‍ പാരീസിലെ സമ്മേളനത്തില്‍ പറഞ്ഞു. ടോപ് ക്വാര്‍ക്കും ഹിഗ്ഗ്‌സ് ബോസോണുകളും തമ്മില്‍ പ്രത്യേക ഇടപഴകല്‍ നടക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. അതിനാല്‍, ടോപ് ക്വാര്‍ക്കിന്റെ കണ്ടെത്തല്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ വെളിപ്പെടുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഹിഗ്ഗ്‌സ് ബോസോണുകളുടെ പിണ്ഡം എന്തെന്ന് ശാസ്ത്രലോകത്തിന് നിശ്ചയമില്ല എന്നതാണ്, അവയെ കണ്ടെത്തുന്നത് ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ടോപ് ക്വാര്‍ക്കിനെക്കാള്‍ കൂടുതലാണോ കുറവാണോ ഹിഗ്ഗ്‌സിന്റെ പിണ്ഡം എന്ന് വ്യക്തമല്ല. സാധാരണഗതിയില്‍ അത്യുന്നത ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടിയില്‍ പ്രത്യക്ഷപ്പെടുന്ന കണങ്ങള്‍ അങ്ങേയറ്റം അസ്ഥിരമായിരിക്കും. സെക്കന്‍ഡിന്റെ കോടിയിലൊരംശം സമയം കൊണ്ടു തന്നെ കൂടുതല്‍ സ്ഥിരതയുള്ള കണങ്ങളായി അവയ്ക്ക് 'അപചയം' (decay) സംഭവിക്കും.

ടോപ് ക്വാര്‍ക്കിനെക്കാള്‍ 'ഭാര'മേറിയതാണ് ഹിഗ്ഗ്‌സെങ്കില്‍, കണികാകൂട്ടിയിടി നടക്കുന്ന വേളയില്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ രൂപപ്പെടുകയും നൊടിയിടയില്‍ അപചയം സംഭവിച്ച് അവ ടോപ് ക്വാര്‍ക്കും ബ്യൂട്ടി ക്വാര്‍ക്കും (ബി-ക്വാര്‍ക്ക്) ആയി മാറും. എന്നാല്‍, ഹിഗ്ഗ്‌സ് ബോസോണിന് ടോപ് ക്വാര്‍ക്കിലും കുറവാണ് പിണ്ഡമെങ്കില്‍, കണികാകൂട്ടിയിടിയുടെ വേളയില്‍ ടോപ് ക്വാര്‍ക്ക് രൂപപ്പെടുകയും അത് അപചയം വഴി ഹിഗ്ഗ്‌സും ബി-ക്വാര്‍ക്കുമായി പരിണമിക്കുകയും ചെയ്യും. രണ്ടാണങ്കിലും ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുന്ന കാര്യത്തില്‍ ടോപ് ക്വാര്‍ക്കിന് സഹായിക്കാനാകും.

ഹിഗ്ഗ്‌സ് ബോസോണുകള്‍ രൂപപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള ചില കണികാകൂട്ടിയിടികള്‍ അമേരിക്കയിലെ ടെവട്രോണ്‍ കണികാത്വരകത്തില്‍ സമീപകാലത്ത് രേഖപ്പെടുത്തിയിരുന്നു. അതിനാല്‍, എല്‍.എച്ച്.സിക്ക് മുമ്പ് 'ദൈവകണം' അമേരിക്കന്‍ പരീക്ഷണശാലയില്‍ പ്രത്യക്ഷപ്പെടുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്താല്‍, ടെവട്രോണിന്റെ പ്രവര്‍ത്തനം 2014 വരെ നീട്ടുന്നതായി കഴിഞ്ഞ ദിവസമാണ് ഫെര്‍മിലാബ് അധികൃതര്‍ പ്രസ്താവിച്ചത്. എന്നുവെച്ചാല്‍, അത്‌ലാന്റിക്കിന്റെ ഇരുകരകളിലുമായി 'ദൈവകണം' കണ്ടെത്താനുള്ള മത്സരം മുറുകുകയാണെന്ന് സാരം. (കടപ്പാട്: Symmetrybreaking)


കാണുക

Sunday, July 11, 2010

'ലുറ്റേഷ്യ'യെ 'റോസറ്റ' കണ്ടപ്പോള്‍

ഭൂമിയില്‍ നിന്ന് 45.4 കോടി കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. 'ലുറ്റേഷ്യ'യെന്ന ക്ഷുദ്രഗ്രഹത്തെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'റോസറ്റ'യെന്ന ദൗത്യവാഹനം അടുത്തു കണ്ടു. മനുഷ്യനിര്‍മിതമായ ഒരു വാഹനത്തിന് ആദ്യമായാണ് ഇത്രയും വലിയ ഒരു ക്ഷുദ്രഗ്രഹത്തെ ഇത്ര അടുത്ത് നിരീക്ഷിക്കാന്‍ സാധിക്കുന്നത്. ആ ക്ഷുദ്രഗ്രഹത്തിന്റെ ഏതാണ് 3000 കിലോമീറ്റര്‍ അരികിലൂടെ റോസെറ്റ കടന്നുപോയി.

ചൊവ്വയുടെ ഭ്രമണപഥത്തിനും അപ്പുറത്ത് ക്ഷുദ്രഗ്രഹബെല്‍റ്റെന്ന് അറിയപ്പെടുന്ന പ്രദേശത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ഏറ്റവും നീളംകൂടിയ ഭാഗത്ത് 120 കിലോമീറ്റര്‍ നീളമുണ്ട് ലുറ്റേഷ്യയ്ക്ക്. ഉല്‍ക്കാപതനങ്ങളാലും മറ്റും കുഴികള്‍ നിറഞ്ഞ് പരുക്കനായി മാറിയിരിക്കുന്ന ലുറ്റേഷ്യയുടെ പ്രതലം റോസറ്റയുടെ ക്യാമറ വ്യക്തമായി കണ്ടു.

ലുറ്റേഷ്യയ്ക്ക് സമീപത്തുകൂടി കടന്നു പോകുന്ന വേളയില്‍ ഏതാണ്ട് 400 ദൃശ്യങ്ങള്‍ വിവിധ വര്‍ണരാജികളില്‍ റോസറ്റ പകര്‍ത്തിയിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍ വ്യക്തമാകുമ്പോള്‍, സൗരയൂഥത്തിന്റെ ചരിത്രത്തെക്കുറിച്ച് അത് കൂടുതല്‍ ഉള്‍ക്കാഴ്ച ശാസ്ത്രലോകത്തിന് നല്‍കും.

1. ഏതാണ്ട് 36000 കിലോമീറ്റര്‍ അകലെ നിന്ന് റോസറ്റ പകര്‍ത്തിയ ലുറ്റേഷ്യയുടെ ചിത്രമാണിത്. പശ്ചാത്തലത്തില്‍ പൊട്ടുപോലെ കാണുന്നത് ശനി ഗ്രഹം.

2. ലുറ്റേഷ്യയ്ക്ക് അടുത്തേക്ക് എത്തുന്ന സമയത്ത് പകര്‍ത്തിയ വിവിധ ദൃശ്യങ്ങള്‍. 5.1 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നെടുത്തതാണ് ആദ്യ ദൃശ്യം. 81000 കിലോമീറ്റര്‍ അകലെ നിന്നുള്ളതാണ് ഒടുവിലത്തെ ദൃശ്യം.

3. ക്ഷുദ്രഗ്രഹത്തിന് ഏറ്റവും അടുത്തേക്ക് എത്തുമ്പോള്‍ റോസറ്റ പകര്‍ത്തിയ ദൃശ്യങ്ങള്‍.

4. ലുറ്റേഷ്യയുടെ പ്രതലത്തിന്റെ സമീപദൃശ്യങ്ങള്‍.

ഇതിന് മുമ്പ് മനുഷ്യനിര്‍മിതമായ ഒരു പേടകം അടുത്തു കണ്ട ഏറ്റവും വലിയ ക്ഷുദ്രഗ്രഹം 50 കിലോമീറ്റര്‍ വിസ്താരമുള്ള 'മഥില്‍ഡി' (Mathilde) ആയിരുന്നു. നാസയുടെ 'നിയര്‍-ഷുമാക്കര്‍' ദൗത്യം 1997 ല്‍ ആ ക്ഷുദ്രഗ്രഹത്തിന് സമീപത്തെത്തി.

റോസറ്റ ഇതിനകം 'സ്റ്റീന്‍സ്' എന്ന ബഹിരാകാശ ശിലാഖണ്ഡത്തിന് സമീപത്തുകൂടി സഞ്ചരിക്കുകയുണ്ടായി, 2008 ലായിരുന്നു അത്. 'ചുരിയുമോവ്-ഗെരാസിമെന്‍കോ' എന്ന ധൂമകേതുവിലെത്താനായി യൂറോപ്പ് അയച്ച ദൗത്യമാണ് റോസറ്റ. ഈ വാല്‍നക്ഷത്രദൗത്യം 2014 ല്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. (അവലംബം:
ഇ.എസ്.എ)

Tuesday, July 06, 2010

പ്രാചീന പ്രപഞ്ചദൃശ്യം, 'പ്ലാങ്കി'ല്‍ നിന്ന്

പ്രപഞ്ചത്തിന്റെ ഉത്ഭവവും ഉള്ളടക്കവും പരിണാമവും 'അടുത്തറിയാന്‍' വിക്ഷേപിച്ച യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'പ്ലാങ്ക് ദൗത്യ'ത്തില്‍ നിന്ന് ആകാശത്തിന്റെ പൂര്‍ണദൃശ്യം ആദ്യമായി ലഭിച്ചു. വെറും ആറു മാസം പ്ലാങ്ക് നടത്തിയ ആകാശ സ്‌കാനിങിന്റെ ഫലമാണ് ഈ അസാധാരണ ദൃശ്യം.

380,000 വര്‍ഷം മാത്രം പ്രായമുള്ളപ്പോള്‍ പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള സര്‍വ്വെയാണ് പ്ലാങ്ക് നടത്തുന്നത്. മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടമായി പ്രപഞ്ചമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫോസില്‍ വികരണത്തെ 'പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലം' (CMB) എന്നാണ് വിളിക്കുക.

ആ തരംഗപശ്ചാത്തലം അസാധാരണമാംവിധം വ്യക്തതയോടെ പകര്‍ത്താന്‍ പ്ലാങ്കിന് കഴിയുന്നുണ്ടെന്ന്, ഇപ്പോള്‍ പുറത്തു വന്ന ദൃശ്യം വ്യക്തമാക്കുന്നു. ഇതുവരെ ഒരു ദൗത്യത്തിനും സൂക്ഷ്മതരംഗ പശ്ചാത്തലം ഇത്ര സൂക്ഷ്മമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

ഈ ദൃശ്യത്തിന്റെ മധ്യേ കുറുകെ കാണുന്ന തിളക്കമാര്‍ന്ന രേഖ ഭൂമിയും സൂര്യനും സ്ഥിതിചെയ്യുന്ന ഗാലക്‌സിയായ ആകാശഗംഗ (ക്ഷീരപഥം) ആണ്. ചിത്രത്തിലുള്ളത് നഗ്നനേത്രങ്ങള്‍ക്കൊണ്ട് ദൃശ്യമാകാത്തത്ര ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള (മൈക്രോവേവ് മുതല്‍ ഇന്‍ഫ്രാറെഡ് വരെയുള്ള) പ്രകാശമാണ്.

'ശരിക്കും നമ്മുടെ ഗാലക്‌സിയിലെ വാതകപടലങ്ങളും ധൂളികളും മാത്രമേ ഇതില്‍ ദൃശ്യമായിട്ടുള്ളു'-പ്ലാങ്ക് ദൗത്യസംഘത്തിലെ അംഗം ആന്‍ഡ്രൂ ജഫീ അറിയിക്കുന്നു. ഗാലക്‌സികളുടെ രൂപപ്പെടല്‍ സംബന്ധിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇതിലെ വിശദാംശങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.

സൂക്ഷ്മതരംഗ പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കുക വഴി, പ്രപഞ്ചത്തിന്റെ 'അതിവികാസത്തിന്' (inflation) വ്യക്തമായ തെളിവ് കണ്ടെത്തുകയെന്നതും പ്ലാങ്കിന്റെ ലക്ഷ്യമാണ്. മഹാവിസ്‌ഫോടനം നടന്ന ആദ്യനിമിഷത്തില്‍ തന്നെ പ്രകാശത്തെക്കാള്‍ വേഗത്തിലൊരു 'അതിവികാസത്തി'ന് പ്രപഞ്ചം വിധേയമായി എന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകള്‍ സൂചന നല്‍കുന്നത്. ആ സംഭവം സൂക്ഷ്മതരംഗ പശ്ചാത്തലത്തില്‍ മുദ്രണം ചെയ്തിട്ടുണ്ടെന്ന് കരുതുന്നു.

2009 മെയില്‍ വിക്ഷേപിച്ച പ്ലാങ്ക്, ഭൂമിയില്‍ നിന്ന് പത്തുലക്ഷത്തിലേറെ കിലോമീറ്റര്‍ അകലെ നിന്നാണ് പ്രപഞ്ചനിരീക്ഷണം നടത്തുന്നത്. അതിശീതാവസ്ഥയില്‍ പ്രവര്‍ത്തിക്കത്തക്ക വിധമാണ് പ്ലാങ്കിലെ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിലെ ചില ഡിറ്റെക്ടറുകള്‍ പ്രവര്‍ത്തിക്കുക മൈനസ് 273.05 ഡിഗ്രി സെല്‍സിയസ് ഊഷ്മാവിലാണ്. ദ്രവ്യത്തിന് എത്താവുന്ന ഏറ്റവും താഴ്ന്ന താപനിലയായ കേവലപൂജ്യം മൈനസ് 274 ഡിഗ്രിയാണെന്നോര്‍ക്കുക (അവലംബം: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി).

കാണുക