Monday, April 27, 2009

പന്നിപ്പനി - പുതിയ ഭീഷണി

മനുഷ്യന്‌ വെല്ലുവിളിയായി പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ എന്തുകൊണ്ട്‌? ഇത്രകാലവും പ്രകൃതിയില്‍ അപകടകാരിയല്ലാതെ കഴിഞ്ഞ ഒരു വൈറസ്‌ എന്തുകൊണ്ട്‌ പെട്ടന്നൊരു നാള്‍ മാരകമായി മനുഷ്യനെ ബാധിക്കാന്‍ തുടങ്ങുന്നു. മൃഗങ്ങളുടെയും മറ്റ്‌ ജീവികളുടെയും ജൈവാതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞ വൈറസുകള്‍, ആ അതിര്‍ത്തി ഭേദിച്ച്‌ മനുഷ്യരിലേക്ക്‌ എത്താന്‍ എന്താണ്‌ പ്രകോപനം.

അഞ്ചുവര്‍ഷം മുമ്പ്‌ ഏതാണ്ട്‌ ഇതേ കാലയളവില്‍, 'സാര്‍സി'ന്റെ പിടിയിലായ ഹോങ്കോങിനെ അനുസ്‌മരിപ്പിക്കുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമാണ്‌ മെക്‌സിക്കോയില്‍ നിന്ന്‌ ഇപ്പോള്‍ എത്തുന്നത്‌. എങ്ങും സര്‍ജിക്കല്‍ മാസ്‌ക്‌ ധരിച്ചവര്‍. സ്‌കൂളുകളും സിനിമാശാലകളും പാര്‍ക്കുകളും പൊതുഭക്ഷണശാലകളുമെല്ലാം അടഞ്ഞു കിടക്കുന്നു. ഹസ്‌തദാനമോ മറ്റ്‌ ഉപചോരങ്ങളോ ഇല്ല; കത്തോലിക്കാ ദേവാലയങ്ങളില്‍ പോലും അത്തരം കാര്യങ്ങള്‍ വിലക്കിയിരിക്കുന്നു. ടൂറിസം വ്യവസായം പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നു. വ്യോമയാന കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ലോകം മുഴുവന്‍ ഭീതിയോടെയും ആകാംക്ഷയോടെയും കാണുന്ന ഈ സംഭവങ്ങള്‍ക്കെല്ലാം ആധാരം ഒരു വൈറസാണ്‌; മനുഷ്യനെ ബാധിക്കാന്‍ പാകത്തില്‍ രൂപാന്തരം സംഭവിച്ച വൈറസ്‌ വകഭേദം.

ഒരു മഹാമാരിയുടെ എല്ലാ ലക്ഷണങ്ങളും കാട്ടുന്ന 'പന്നിപ്പനി' (സൈ്വന്‍ ഫ്‌ളു) യാണ്‌ മെക്‌സിക്കോയില്‍ പടര്‍ന്നിരിക്കുന്നത്‌. 2000-ലേറെ ആളുകളെ ബാധിച്ച ഈ മാരക ന്യുമോണിയ മൂലം നൂറിലേറെപ്പേര്‍ ഇതിനകം മരിച്ചു. യു.എസ്‌.എ.യും കാനഡയും ന്യൂസിലന്‍ഡും ഉള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളിലേക്ക്‌ രോഗം പടര്‍ന്നു കഴിഞ്ഞു. ആഗോളതലത്തില്‍ ഒരു മഹാമാരിയാകാന്‍ എല്ലാ സാധ്യതയുമുള്ള വൈറസാണ്‌ പന്നിപ്പനിയുടേതെന്നും, അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന തുടക്കത്തില്‍ തന്നെ മുന്നറിയിപ്പ്‌ നല്‍കി. മെക്‌സിക്കോയ്‌ക്കുള്ള യാത്ര ഒഴിവാക്കാനും യു.എസ്‌.എ.യിലേക്ക്‌ കഴിയുമെങ്കില്‍ യാത്ര ചെയ്യാതിരിക്കാനും സ്വന്തം പൗരന്‍മാര്‍ക്ക്‌ യൂറോപ്യന്‍ യൂണിയനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

സാധാരണ സീസണല്‍ ഫ്‌ളൂവിന്‌ കാരണമാകുന്ന H1N1 എന്ന വൈറസിന്റെ വകഭേദമാണ്‌ മെക്‌സിക്കോയില്‍ പടര്‍ന്നിരിക്കുന്നത്‌. പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്റെയും പന്നികളില്‍ കാണപ്പെടുന്ന രണ്ടിനം വൈറസുകളുടെയും (അമേരിക്കന്‍ യൂറേഷ്യന്‍ വകഭേദങ്ങളുടെ) ജനിതകഅംശങ്ങള്‍ അടങ്ങിയ വൈറസ്‌ വകഭേദമാണ്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നിരിക്കുന്നത്‌. ഇത്തരം ജനിതകചേരുവയുള്ള പന്നിപ്പനി വൈറസിനെ ആദ്യമായാണ്‌ തിരിച്ചറിയുന്നതെന്ന്‌, അമേരിക്കയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍' (സി.ഡി.സി.) വക്താവ്‌ ടോം സ്‌കിന്നര്‍ പറയുന്നു.

എന്തുകൊണ്ട്‌ പുതിയ വൈറസുകള്‍
മനുഷ്യന്‌ വെല്ലുവിളിയായി പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ എന്തുകൊണ്ട്‌? ഇത്രകാലവും പ്രകൃതിയില്‍ അപകടകാരിയല്ലാതെ കഴിഞ്ഞ ഒരു വൈറസ്‌ എന്തുകൊണ്ട്‌ പെട്ടന്നൊരു നാള്‍ മാരകമായി മനുഷ്യനെ ബാധിക്കാന്‍ തുടങ്ങുന്നു. മൃഗങ്ങളുടെയും മറ്റ്‌ ജീവികളുടെയും ജൈവാതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞ വൈറസുകള്‍, ആ അതിര്‍ത്തി ഭേദിച്ച്‌ മനുഷ്യരിലേക്ക്‌ എത്താന്‍ എന്താണ്‌ പ്രകോപനം.

ഇതിന്റെ ഉത്തരം ലളിതമല്ലെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. പ്രകൃതിക്ക്‌ മേല്‍ മനുഷ്യന്‍ നടത്തുന്ന അതിക്രമങ്ങള്‍ മുതല്‍ ആധുനിക മൃഗപരിപാലനവും കൃഷിരീതികളും വരെ പുതിയ രോഗാണുക്കളുടെ കടന്നുവരവിന്‌ കാരണമാകുന്നുണ്ട്‌. ജനപ്പെരുപ്പവും, ആധുനിക ഗതാഗതവുമൊക്കെ ഇതിന്‌ ആക്കം കൂട്ടുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ നേരിടേണ്ട ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ്‌ പുതിയ വൈറസുകള്‍ എന്ന്‌ പന്നിപ്പനിയും സൂചന നല്‍കുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മാത്രം മുപ്പതിലേറെ പുതിയ വൈറസുകല്‍ മനുഷ്യന്‌ ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. എബോള ഐവറികോസ്‌റ്റ്‌, ആന്‍ഡിസ്‌ വൈറസ്‌, ഹെപ്പറ്റിറ്റിസ്‌-എഫ്‌, ജി, പൈറൈറ്റില്‍, ബ്ലാക്ക്‌ ലഗൂണ്‍ വൈറസ്‌, നിപാ, ഒസ്‌കാര്‍ വൈറസ്‌ എന്നിവയൊക്കെ അതില്‍ പെടുന്നു. ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ അംഗങ്ങളാണ്‌ സാര്‍സ്‌ വൈറസും പന്നപ്പനി വൈറസും.

ഇരുപതാം നൂറ്റാണ്ട്‌ തുടങ്ങുമ്പോള്‍ ഭൂമുഖത്ത്‌ ആകെയുണ്ടായിരുന്നത്‌ 150 കോടി ജനങ്ങളാണ്‌. ഇന്നത്‌ 600 കോടിയിലേറെയാണ്‌. പുതിയ രോഗാണുക്കള്‍ക്ക്‌ മനുഷ്യരെ 'കണ്ടെത്താനുള്ള' സാധ്യത ഒരു നൂറ്റാണ്ട്‌ കൊണ്ട്‌ നാലിരട്ടി വര്‍ധിച്ചു എന്നുസാരം. ജനസംഖ്യയ്‌ക്കൊപ്പം പരിസ്ഥിതിയിലും കൃഷി-മൃഗപരിപാലന മാര്‍ഗങ്ങളിലൊക്കെ മാറ്റം വന്നു. വനങ്ങള്‍ വെട്ടി വെളുപ്പിച്ചപ്പോള്‍, ഇത്രകാലവും പ്രകൃതിയില്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന പല മാരക വൈറസുകളും മനുഷ്യരില്‍ അഭയം തേടി. കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കര്‍ണാടകത്തിലെ മലനാട്‌ മേഖലയില്‍ 'ക്യാസാനൂര്‍ വനരോഗം' എന്നൊരു വൈറസ്‌ബാധ പടര്‍ന്നു. വനം വെളുപ്പിച്ചപ്പോഴായിരുന്നു അത്‌. അവിടുള്ള കുരങ്ങുകളില്‍ വൈറസ്‌ നേരത്തെ തന്നെ ഉണ്ടായിരുന്നു. വനം നശിപ്പിക്കുന്നതുവരെ അവ മനുഷ്യരെ ബാധിച്ചിരുന്നില്ല.

പുത്തന്‍ കൃഷി രീതികളും മൃഗപരിപാലന മാര്‍ഗങ്ങളും പുതിയ രോഗാണുക്കളുടെ ആവിര്‍ഭാവത്തിന്‌ കാരണമാകുന്നതായി വിദഗ്‌ധര്‍ പറയുന്നു. മെക്‌സിക്കോയില്‍ തന്നെ 'മാംസഫാക്ടറി'കള്‍ എന്ന്‌ വിളിക്കാവുന്ന പന്നികൃഷിയിടങ്ങളിലാണ്‌ പുതിയ രോഗം പ്രത്യക്ഷപ്പെട്ടത്‌. ആയിരക്കണക്കിന്‌ പന്നികളെ ചെറിയ കെട്ടിടങ്ങളില്‍ വളര്‍ത്തിയെടുത്ത്‌ വ്യവസായികാടിസ്ഥാനത്തില്‍ മാംസത്തിനുപയോഗിക്കുകയാണ്‌ മെക്‌സിക്കോയില്‍, ശരിക്കും ഫാക്ടറികളെപ്പോലെ. അത്തരം അന്തരീക്ഷത്തില്‍ ഒരു വൈറസിന്‌ ജനിതകവ്യതിയാനം സംഭവിച്ച്‌ മനുഷ്യരിലെത്താന്‍ എല്ലാ സാധ്യതയുമുണ്ടെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.
(അവലംബം: CDC, WHO, വിവിധ വാര്‍ത്താ ഏജന്‍സികള്‍).

Wednesday, April 22, 2009

അല്‍പ്പം മെലിയൂ; ഭൂമിക്കായി


ഇന്ന്‌ ഭൗമദിനം

പൊണ്ണത്തടിയും അമിതഭാരവും കുറയ്‌ക്കുന്നത്‌ നിങ്ങളുടെ മാത്രമല്ല, ഭൂമിയുടെ ആരോഗ്യത്തിനും നന്നെന്ന്‌ റിപ്പോര്‍ട്ട്‌. ശരീരം അല്‍പ്പം മെലിഞ്ഞിരിക്കുന്നത്‌ പരിസ്ഥിതിക്ക്‌ ഗുണകരമാണത്രേ. ആഗോളതാപനം കുറയ്‌ക്കാന്‍ അത്‌ സഹായിക്കുമെന്ന്‌ 'ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ്‌ എപ്പിഡിമിയോളജി' പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ലോകം ഭൗമദിനം ആചരിക്കുന്ന വേളയിലാണ്‌ പുതിയ പഠനറിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌.

ആഗോളതാപനത്തിന്‌ കാരണം കാര്‍ബണ്‍ഡയോക്‌സയിഡ്‌ അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്‌. ഊര്‍ജോത്‌പാദനം, വാഹനഗതാഗതം, ഭക്ഷ്യോത്‌പാദനം തുടങ്ങിയവയാണ്‌ വാതകവ്യാപനത്തിന്‌ മുഖ്യകാരണം. വിയറ്റ്‌നാമിലെപ്പോലെ ജനസംഖ്യയില്‍ ഭൂരിപക്ഷം പേരും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരാണെങ്കില്‍, അമിത ശരീരഭാരമുള്ളവരെ അപേക്ഷിച്ച്‌ 20 ശതമാനം ഭക്ഷ്യവസ്‌തുക്കളേ അവര്‍ക്ക്‌ വേണ്ടിവരൂ. സ്വാഭാവികമായും ഭക്ഷ്യോത്‌പാദനം കുറയും, അന്തരീക്ഷത്തില്‍ ഹരിതഗൃഹവാതക വ്യാപനം കുറയും-റിപ്പോര്‍ട്ട്‌ പറയുന്നു.

അതേ സമയം അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ജനസംഖ്യയിലെ 40 ശതമാനവും അമിത ശരീരഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ്‌. അത്തരമൊരു ജനത, അമിത ഉപഭോഗം വഴി പരിസ്ഥിതിക്ക്‌ ഏല്‍പ്പിക്കുന്ന സമ്മര്‍ദം വലുതാണെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു. 'ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഹൈജീന്‍ ആന്‍ഡ്‌ ട്രോപ്പിക്കല്‍ മെഡിസിനി'ലെ ഫില്‍ എഡ്വേര്‍ഡ്‌സ്‌, ഇയാന്‍ റോബര്‍ട്ട്‌സ്‌ എന്നിവരാണ്‌ പഠനം നടത്തിയത്‌. വാഹനഗതാഗതം വഴിയുള്ള ഊര്‍ജോപയോഗവും മെലിഞ്ഞവരുടെ കാര്യത്തില്‍ കുറവായിരിക്കും.

നൂറുകോടി ആളുകളെ പരിഗണിക്കുക. അമിത ശരീരഭാരമുള്ള അത്രയും പേരുടെ ജീവിതശൈലിയും, അത്രതന്നെ മെലിഞ്ഞവരുടെ കാര്യവും താരതമ്യം ചെയ്‌താല്‍, മെലിഞ്ഞവര്‍ മൂലം അന്തരീക്ഷത്തില്‍ എത്തുന്ന കാര്‍ബണ്‍ഡയോക്‌സയിഡ്‌ നൂറുകോടി ടണ്‍ കുറവായിരിക്കും. ഭൂമി അത്രയും കുറച്ചേ ചൂടുപിടിക്കൂ എന്ന്‌ സാരം. പൊണ്ണത്തടിയുള്ളവരെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ചികിത്സാച്ചെലവുകളുമൊക്കെ ചര്‍ച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, അത്തരക്കാര്‍ ആഗോളതാപനത്തിന്‌ ആക്കംകൂട്ടുന്ന കാര്യം കാര്യമായി ശ്രദ്ധിക്കപ്പെടാറില്ല.

ആഹാരം അല്‍പ്പം കുറയ്‌ക്കുകയും ശരീരം കുറച്ച്‌ മെലിയുകയുമാണ്‌ എന്തുകൊണ്ടും നല്ലതെന്നാണ്‌ ഈ പഠനം പറയുന്നത്‌. പക്ഷേ, ലോകമെങ്ങും കാണുന്ന പ്രവണത മറിച്ചാണെന്ന്‌ പഠനറിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. എല്ലാ രാജ്യത്തും തടിച്ച ശരീരക്കാരുടെ സംഖ്യ കൂടുകയാണത്രേ. ബ്രിട്ടന്റെ കാര്യം ഉദാഹരണമായെടുത്താല്‍, 1994-2004 കാലത്ത്‌ ജനങ്ങളുടെ ശരാശരി ബോഡി മാസ്‌ ഇന്‍ഡക്‌സ്‌ (ബി.എം.ഐ), ആണുങ്ങളില്‍ 26-ല്‍ നിന്ന്‌ 27.3 ആയി. സ്‌ത്രീകളിലില്‍ ശരാശരി ബി.എം.ഐ. 25.8 -ല്‍ നിന്ന്‌ 26.9 ആയി.

തടികൂടുകയെന്ന്‌ പറഞ്ഞാല്‍ നടക്കാനും സ്വതന്ത്രമായി ചലിക്കാനുമുള്ള സ്വാതന്ത്ര്യം കുറയുകയെന്നാണ്‌ അര്‍ഥം. അത്തരക്കാര്‍ക്ക്‌ കൂടുതലായി വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. അപ്പോഴും അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സയിഡിന്റെ വ്യാപനം കൂടുന്നു, ഭൂമിക്ക്‌ ചൂടുകൂടാന്‍ കാരണമാകുന്നു. ആഗോളതാപനം ചെറുക്കാനുള്ള ആഗോളശ്രമങ്ങളില്‍, ശരീരം അല്‍പ്പം മെലിയാന്‍ പാകത്തില്‍ ഭക്ഷ്യോപയോഗം കുറയ്‌ക്കാനും ജനങ്ങളെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നാണ്‌ ഈ പഠനം നല്‍കുന്ന സൂചന.
(അവലംബം: 'ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഹൈജീന്‍ അന്‍ഡ്‌ ട്രോപ്പിക്കല്‍ മെഡിസി'ന്റെ വാര്‍ത്താക്കുറിപ്പ്‌).

Tuesday, April 21, 2009

'ശല്യമെയിലുകള്‍' ഭൂമിയെ ചൂടുപിടിപ്പിക്കുന്നു

ഇന്റര്‍നെറ്റിലെ 'ശല്യമെയിലുകള്‍' (spam) വെറും ശല്യങ്ങള്‍ മാത്രമല്ല, അവ ആഗോളതാപനത്തിന്‌ ആക്കം കൂട്ടുകയും ചെയ്യുന്നു. ഇത്തരം പാഴ്‌മെയിലുകള്‍ കൈകാര്യം ചെയ്യാനും വിനിമയം ചെയ്യാനും വേണ്ട ഊര്‍ജം ഉത്‌പാദിപ്പിക്കാന്‍, പ്രതിവര്‍ഷം 170 ലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്‌സയിഡ്‌ നമ്മള്‍ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കുന്നു!

ലോകം മറ്റൊരു ഭൗമദിനം ആചരിക്കാനൊരുങ്ങുന്ന വേളയിലാണ്‌ അസ്വസ്ഥതയുളവാക്കുന്ന ഈ വിവരം പുറത്തു വന്നിരിക്കുന്നത്‌.

വര്‍ഷം തോറും ഇന്റര്‍നെറ്റ്‌ വഴി 62 ലക്ഷംകോടി ശല്യമെയിലുകള്‍ അയയ്‌ക്കപ്പെടുന്നു എന്നാണ്‌ കണക്ക്‌. ഇത്രയും മെയിലുകളുടെ ഊര്‍ജമൂല്യം എത്രയെന്ന്‌, ഐ.സി.എഫ്‌. ഇന്റര്‍നാഷണലും മകഫീ കമ്പനിയും ചേര്‍ന്ന്‌ കണക്കാക്കിയപ്പോഴാണ്‌ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യമായത്‌. ശല്യമെയിലുകള്‍ കൈകാര്യം ചെയ്യാന്‍ വര്‍ഷംതോറും വേണ്ടിവരുന്നത്‌ 3300 കോടി യൂണിറ്റ്‌ വൈദ്യുതിയാണ്‌. 24 ലക്ഷം വീടുകളുടെ ആവശ്യത്തിന്‌ ഇത്രയും മതി.

കമ്പ്യൂട്ടറുകളില്‍ ശല്യമെയിലുകളെ 'അരിച്ചുമാറ്റുന്ന' സംവിധാനം ഏര്‍പ്പെടുത്തിയാല്‍, അത്തരം മെയിലുകള്‍ 75 ശതമാനം കുറയുമെന്ന്‌ ഐ.സി.എഫ്‌. പറയുന്നു. 23 ലക്ഷം കാറുകളെ റോഡുകളില്‍നിന്ന്‌ പിന്‍വലിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡ്‌ എത്ര കുറയുമോ, ആ ഫലം ഇത്‌ നല്‍കുമത്രേ! ആഗോളതാപനം ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സ്‌പാം ചെറുക്കുന്നതും ഉള്‍പ്പെടുത്തേണ്ടത്‌ പ്രധാനമെന്നാണ്‌ ഈ പഠനം വ്യക്തമാക്കുന്നത്‌.
(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, മാതൃഭൂമി).

Wednesday, April 15, 2009

അതിരുകള്‍ മായ്‌ക്കാന്‍ 'സിക്‌സ്‌ത്‌സെന്‍സ്‌'

വെറുമൊരു @ ചിഹ്നം വിരല്‍കൊണ്ട്‌ വായുവില്‍ വരയ്‌ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇ-മെയില്‍ പരിശോധിക്കാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. വിരല്‍കൊണ്ട്‌ കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്‌ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച്‌ തെളിയുന്നത്‌ എത്ര അത്ഭുതകരമായിരിക്കും...സിക്‌സ്‌ത്‌സെന്‍സ്‌ എന്ന പുതിയ സംവിധാനം ഭൗതികലോകത്തിന്റെയും ഡിജിറ്റല്‍ലോകത്തിന്റെയും അതിരുകള്‍ മായ്‌ക്കുകയാണ്‌.

ലാപ്‌ടോപ്പുകള്‍, സ്‌മാര്‍ട്ട്‌ഫോണുകള്‍-ഭൗതികലോകത്തുനിന്ന്‌ ഡിജിറ്റല്‍ ഭൂമികയിലേക്ക്‌ പ്രവേശിക്കാന്‍ നമ്മളെ സഹായിക്കുന്ന വാതായനങ്ങള്‍. ഭൗതികലോകത്തിന്റെ അതിരില്‍നിന്ന്‌ ഡിജിറ്റല്‍ലോകത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക്‌ ഇത്തരം ഉപകരണങ്ങള്‍ വഴി ഒരാള്‍ക്ക്‌ കടന്നുചെല്ലാം. ഇവിടുള്ള ഒരു പ്രശ്‌നം, ഭൗതികലോകവും ഡിജിറ്റല്‍ലോകവും അതാതിന്റെ അതിര്‍ത്തിക്കുള്ളില്‍ വെവ്വേറെയായി നിലനില്‍ക്കുന്നു എന്നതാണ്‌. ഒരുകണക്കിന്‌ ഇതൊരു പരിമിതിയാണ്‌. ഈ പരിമിതി മറികടക്കണമെങ്കില്‍, ഭൗതികലോകത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഡിജിറ്റല്‍ലോകത്തെ കുടിയിരുത്തിയാല്‍ മതി. നമ്മുക്ക്‌ ചുറ്റുമുള്ള ലോകത്തെ കമ്പ്യൂട്ടറായി പരിവര്‍ത്തനം ചെയ്യണം. അത്‌ സാധിച്ചാല്‍ ഭൗതിലോകവും ഡിജിറ്റല്‍ലോകവും തമ്മില്‍ അന്തരമേ ഉണ്ടാവില്ല.


അസാധ്യമെന്നോ അസംഭാവ്യമെന്നോ തോന്നാം ഇക്കാര്യം. അസാധ്യമെന്ന്‌ കരുതുന്നത്‌ യാഥാര്‍ഥ്യമാക്കാനുള്ളതാണ്‌ സാങ്കേതികവിദ്യ. ഇവിടെയും സാങ്കേതികവിദ്യ തുണയ്‌ക്കെത്തുകയാണ്‌. മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി) ക്ക്‌ കീഴിലുള്ള മീഡിയ ലാബിലെ 'ഫ്‌ളൂയിഡ്‌ ഇന്റര്‍ഫേസസ്‌ ഗ്രൂപ്പ്‌' വികസിപ്പിക്കുന്ന 'സിക്‌സ്‌ത്‌സെന്‍സ്‌' (SixthSense) എന്ന സംവിധാനം, ഡിജിറ്റല്‍ അതിരുകള്‍ മായ്‌ച്ച്‌ നമുക്ക്‌ ചുറ്റുമുള്ള ലോകംതന്നെ കമ്പ്യൂട്ടറാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌. ശരീരത്തില്‍ ധരിക്കാവുന്ന, ധരിക്കുന്നയാളുടെ അംഗവിക്ഷേപങ്ങളെ പിന്തുടര്‍ന്ന്‌ അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടിങ്‌ പ്ലാറ്റ്‌ഫോമാണ്‌ സിക്‌സ്‌ത്‌സെന്‍സ്‌. ചുറ്റുമുള്ള സംഗതികള്‍ ഡിജിറ്റല്‍വിവരങ്ങളായി തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്‌തുകൊണ്ടാണ്‌ അതിന്റെ പ്രവര്‍ത്തനം.

വെറുമൊരു @ ചിഹ്നം വിരല്‍കൊണ്ട്‌ വായുവില്‍ വരയ്‌ക്കുക, അതോടെ യാത്രചെയ്യുന്ന തീവണ്ടിയുടെ വശത്തോ, അല്ലെങ്കില്‍ ഇരിക്കുന്ന മുറിയുടെ ഭിത്തിയിലോ ഇ-മെയില്‍ പരിശോധിക്കാന്‍ കഴിയുന്ന കാര്യം ചിന്തിച്ചുനോക്കൂ. വിരല്‍കൊണ്ട്‌ കൈത്തണ്ടിയില്‍ വെറുമൊരു വൃത്തം വരയ്‌ക്കുക വഴി, അവിടെ സമയം നോക്കാവുന്ന വിര്‍ച്വല്‍ വാച്ച്‌ തെളിയുന്നത്‌ എത്ര അത്ഭുതകരമായിരിക്കും. ചൂണ്ടുവിരലുകളും തള്ളവിരലുകളും ചേര്‍ത്ത്‌ കണ്ണിന്‌ മുന്നില്‍ വെറുമൊരു ചതുരപഫ്രെയിം ഉണ്ടാക്കിയാല്‍ മതി, മുന്നിലുള്ള ദൃശ്യത്തിന്റെ ഡിജിറ്റല്‍ ഫോട്ടോ പകര്‍ത്താം എന്ന്‌ വന്നാലോ. നിങ്ങളുടെ ഫ്‌ളൈറ്റ്‌ വൈകുന്നതിന്റെ കാരണം, കൈയിലുള്ള ബോര്‍ഡിങ്‌ പാസില്‍ തന്നെ തെളിഞ്ഞുവരുമെങ്കിലോ!

അനുയോജ്യമായ വിവരങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാക്കാനാണ്‌ തങ്ങളുടെ ശ്രമമെന്ന്‌, ഫ്‌ളൂയിഡ്‌ ഇന്റര്‍ഫേസസ്‌ ഗ്രൂപ്പിന്റെ മേധാവി ഡോ. പാട്ടി മയെസ്‌ അറിയിക്കുന്നു. നിലവിലുള്ള മൊബൈല്‍ ഉപകരണങ്ങള്‍ പ്രയോജനപ്രദമാണ്‌, പക്ഷേ അവയ്‌ക്ക്‌്‌ 'കാഴ്‌ചയോ കേഴ്‌വിയോ' ഇല്ല-അവര്‍ പറയുന്നു. "ഒരാള്‍ എവിടെയാണെന്നും, എന്തു ചെയ്യുകയാണെന്നും, എന്തുകാര്യത്തിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നതെന്നുമൊക്കെ മനസിലാക്കാനും അതിനനുസരിച്ച്‌ പ്രതികരിക്കാനും കഴിയുന്ന ഒരു കമ്പ്യൂട്ടര്‍ സംവിധാനമാണ്‌ ഞങ്ങളുടെ ലക്ഷ്യം"-ഡോ. മയെസ്‌ അറിയിക്കുന്നു.

സിക്‌സ്‌ത്‌സെന്‍സിന്റെ പ്രാഥമികരൂപം ഗവേഷകര്‍ കഴിഞ്ഞവര്‍ഷം അവതരിപ്പിച്ചിരുന്നു. ഹെല്‍മറ്റില്‍ ഘടിപ്പിച്ചിട്ടുള്ള വെബ്‌ക്യാമറയുടെ രൂപത്തിലായിരുന്നു അത്‌്‌. എന്നാല്‍, കുറച്ചുകൂടി സൗകര്യപ്രദമായ മോഡലാണ്‌ ഗവേഷകര്‍ ഇപ്പോള്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌. ഏപ്രില്‍ ആദ്യം ബോസ്‌റ്റണില്‍ നടന്ന 'കമ്പ്യൂട്ടര്‍-ഹ്യുമണ്‍ ഇന്ററാക്ഷന്‍' (CHI 2009) സമ്മേളനത്തില്‍ പുതിയ വകഭേദം അവതരിപ്പിച്ചു. ചെറുക്യാമറയും പ്രൊജക്ടറും ചെര്‍ന്ന ചെറിയൊരു ഉപകരണമാണ്‌ പുതിയ രൂപം. കഴുത്തില്‍ അണിയാവുന്ന അതിന്‌ ഒരു സിഗരറ്റ്‌ പാക്കറ്റിന്റെ വലിപ്പമേയുള്ളു. ക്യാമറ ശരിക്കുമൊരു ഡിജിറ്റല്‍ നേത്രമായാണ്‌ പ്രവര്‍ത്തിക്കുക. ഉപയോഗിക്കുന്നയാള്‍ കാണുന്നത്‌ ക്യാമറയും കാണും. ഉപയോഗിക്കുന്നയാളുടെ കൈകളിലെ പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും ചലനം ക്യാമറ സൂക്ഷ്‌മായി പിന്തുടരും.

ഒരാള്‍ എന്തുമായി ഇടപഴകുന്നു എന്നുമാത്രമല്ല, എങ്ങനെ ഇടപഴകുന്നു എന്നു മനസിലാക്കുകയാണ്‌ സിക്‌സ്‌ത്‌സെന്‍സ്‌ ചെയ്യുക. ഒരു പ്രത്യേക സാഹചര്യത്തില്‍, അതിന്‌ അനുയോജ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ സിക്‌സ്‌ത്‌സെന്‍സിലെ സോഫ്‌ട്‌വേര്‍ ഇന്റര്‍നെറ്റില്‍ പരതും. അപ്പോഴാണ്‌ ഉപകരണത്തിലെ പ്രൊജക്ടര്‍ കാര്യങ്ങള്‍ ഏറ്റെടുക്കുക. "നിങ്ങള്‍ക്ക്‌ മുന്നിലെ ഏത്‌ പ്രതലവും ഇടപഴകാന്‍ പാകത്തിലുള്ളതാക്കി (interactive) മാറ്റാന്‍ കഴിയും"- സിക്‌സ്‌ത്‌സെന്‍സ്‌ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രണവ്‌ മിസ്‌ട്രി പറയുന്നു. "ഞാനൊരു പുസ്‌തകശാലയിലാണെന്ന്‌ കരുതുക, കൈയിലൊരു പുസ്‌തകമുണ്ട്‌. സിക്‌സ്‌ത്‌സെന്‍സ്‌ ഉടന്‍ തന്നെ ആ പുസ്‌തകം തിരിച്ചറിയുകയും, ആമസോണ്‍ സൈറ്റില്‍നിന്ന്‌ പുസ്‌തകത്തിന്റെ അവലോകനം, വില തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച്‌ പുസ്‌തകത്തിന്റെ പുറംചട്ടയില്‍ അത്‌ കാട്ടിത്തരികയും ചെയ്യും". ആമസോണില്‍ നിന്നുള്ള അവലോകനം വേണ്ടെങ്കില്‍, ന്യൂയോര്‍ക്ക്‌ ടൈംസിന്റേത്‌ പരീക്ഷിക്കാം.


സിക്‌സ്‌ത്‌സെന്‍സിന്റെ ഹാര്‍ഡ്‌വേര്‍ വലിയ ചെലവുള്ളതല്ല. നിലവിലുള്ള മോഡലിന്റേതിന്‌ 350 ഡോളറേ (ഏതാണ്ട്‌ 18000 രൂപ) വില വരൂ. അതേസമയം, ഭൗതികലോകവും ഡിജിറ്റല്‍ലോകവും തമ്മിലുള്ള അതിരുകള്‍ മായ്‌ക്കാന്‍ ഗൗരവമാര്‍ന്ന പ്രോഗ്രാമിങിന്റെയും എന്‍ജിനിയറിങിന്റെയും സഹായം കൂടിയേ തീരൂ. സോഫ്‌ട്‌വേറാണ്‌ പ്രധാനം-ഡോ. മയെസ്‌ പറഞ്ഞു. തുടക്കമെന്ന നിലയ്‌ക്ക്‌ ചുരുക്കം ചില ഉപയോഗങ്ങളേ സിക്‌സ്‌ത്‌സെന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിലേക്ക്‌ മറ്റുള്ളവര്‍ക്കും ധാരാളം സംഭാവനകള്‍ നല്‍കാനാകുമെന്ന്‌ അവര്‍ വിശ്വസിക്കുന്നു.

അധികം വൈകാതെ സിക്‌സ്‌ത്‌സെന്‍സിന്‌ ചില വാണിജ്യ ഉപയോഗങ്ങള്‍ക്ക്‌ മിസ്‌ട്രി സാധ്യത കാണുന്നുണ്ട്‌. ഗെയിമുകളുടെ ലോകത്താണ്‌ മറ്റൊരു സാധ്യത. ടെലിവിഷന്റെയോ കമ്പ്യൂട്ടര്‍ സ്‌ക്രീനുകളുടെയോ മുന്നില്‍ ചടഞ്ഞിരിക്കാതെ, കുട്ടികളെ പുറംലോകത്തിന്റെ സാധ്യതയിലേക്ക്‌ എത്തിക്കാന്‍ ഈ ഉപകരണം സഹായിക്കും. ഒരു ടെന്നീസ്‌ പാഠം വേണമെങ്കില്‍ യഥാര്‍ഥ കോര്‍ട്ടില്‍ വെച്ചുതന്നെ നല്‍കാന്‍ സിക്‌സ്‌ത്‌സെന്‍സ്‌ അവസരമൊരുക്കും. ലാപ്‌ടോപ്പുകളെയോ സ്‌മാര്‍ട്ട്‌ഫോണുകളെയോ സിക്‌സ്‌ത്‌സെന്‍സ്‌്‌ അപ്രസക്തമാക്കുമെന്ന്‌ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നവരാരും കരുതുന്നില്ല. എന്നാല്‍, അത്തരം ഉപകരണങ്ങള്‍ പ്രായോഗികമാകാത്ത ചില സാഹചര്യങ്ങളില്‍ തീര്‍ച്ചയായും സിക്‌സ്‌ത്‌സെന്‍സ്‌്‌ ആധിപത്യം ഉറപ്പിക്കും. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, എം.ഐ.ടി. മീഡിയ ലാബ്‌).

Tuesday, April 14, 2009

വിദൂരതയില്‍ ഒരു പ്രാപഞ്ചിക കരം

ഭൂമിയില്‍നിന്ന്‌ 17,000 പ്രകാശവര്‍ഷം അകലെയുള്ള ഒരു എക്‌സ്‌റേ നെബുലയുടെ ചിത്രം സമീപകാലത്തെ ഏറ്റവും വിചിത്രമായ ആകാശദൃശ്യമായിരിക്കുകയാണ്‌. നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി പകര്‍ത്തിയ ആ ദൃശ്യത്തിലുള്ളത്‌ വിരലഗ്രങ്ങള്‍ കത്തിയുരുകുന്ന ഒരു പ്രാപഞ്ചിക കരമാണ്‌്‌.

അതിവേഗം സ്വയംഭ്രമണം ചെയ്യുന്ന ന്യൂട്രോണ്‍താങ്ങളെ പള്‍സറുകള്‍ എന്നാണ്‌ വിളിക്കുക. അത്തരമൊരു പള്‍സറാണ്‌ പ്രപഞ്ചത്തിന്റെ വിദൂരതയില്‍ അത്ഭുതദൃശ്യം ഒരുക്കിവെച്ചിരിക്കുന്നത്‌. പള്‍സറിന്റെ പേര്‌ PSR B1509-58 (ചുരുക്കപ്പേരില്‍ B1509 എന്ന്‌ വിളിക്കാം). വെറും 19 കിലോമീറ്റര്‍ വ്യാസം മാത്രമുള്ള ആ പള്‍സര്‍ തുടര്‍ച്ചയായി വന്‍തോതില്‍ പുറത്തേക്കു തുപ്പുന്ന ഊര്‍ജമാണ്‌ ചുറ്റുമുള്ള സ്‌പേസില്‍ സങ്കീര്‍ണമായ വിചിത്ര ആകൃതിക്ക്‌ കാരണം.

വിരലഗ്രങ്ങള്‍ കത്തിയെരിയുന്ന കനലുകള്‍പോലെ കാണുന്നത്‌ താഴ്‌ന്ന ഊര്‍ജനിലയിലുള്ള എക്‌സ്‌റേ മൂലമാണ്‌. ഇടത്തരം ഊര്‍ജനിലയിലുള്ള എക്‌സ്‌റേ ഉല്‍സര്‍ജിക്കുന്ന ഭാഗങ്ങളാണ്‌ പച്ചനിറത്തിലേത്‌. ഏറ്റവും ഉന്നത ഊര്‍ജമുള്ള എക്‌സ്‌റേ ഭാഗം നീല നിറത്തിലും കാണുന്നു. ഭൂമിയിലെ കണക്കുവെച്ച്‌ 1700 വര്‍ഷമാണ്‌ B1509 ന്റെ പ്രായമെന്ന്‌ ശാസ്‌ത്രജ്ഞര്‍ കരുതുന്നു. 17,000 പ്രകാശവര്‍ഷം അകലെയാണ്‌ അത്‌ സ്ഥിതിചെയ്യുന്നത്‌.

ഭീമാകരമാര്‍ന്ന നക്ഷത്രങ്ങള്‍ അന്ത്യത്തില്‍ ഇന്ധനം തീര്‍ന്ന്‌ ന്യൂട്രോണ്‍ താരങ്ങളായി മാറാറുണ്ട്‌. B1509 പള്‍സറും അത്തരത്തില്‍ രൂപപ്പെട്ടതാണ്‌. സെക്കന്‍ഡില്‍ ഏഴ്‌ തവണ ഭ്രമണം ചെയ്യുന്ന ആ പള്‍സറിന്റെ പ്രതലത്തില്‍ അതിശക്തമായ കാന്തികമണ്ഡലമുണ്ട്‌. ഭൂമിയുടേതിന്റെ 15 ലക്ഷംകോടി മടങ്ങ്‌ ശക്തമാണ്‌ അത്‌. ആ കാന്തികമണ്ഡലത്തിന്റെ ശക്തിയില്‍ ആ പള്‍സര്‍ ഭീമമായ തോതില്‍ ഊര്‍ജം നിരന്തരം പുറന്തള്ളുന്നു.


സ്വയംഭ്രമണവും അതിശക്തമായ കാന്തികമണ്ഡലവും ചേര്‍ന്ന്‌ B1509 പള്‍സറിനെ അത്‌ സ്ഥിതിചെയ്യുന്ന ഗാലക്‌സിയിലെ ഏറ്റവും കരുത്തുറ്റ വൈദ്യുതകാന്തിക ജനറേറ്ററാക്കി മാറ്റുന്നു. ആ ജനറേറ്റര്‍ ഇലക്ട്രോണുകളുടെയും അയോണുകളുടെയും ശക്തമായ പ്രവാഹം പുറത്തേക്ക്‌ സൃഷ്ടിക്കുന്നു. കാന്തികനെബുലയിലൂടെ ഇലക്ട്രോണുകള്‍ നീങ്ങുമ്പോള്‍, അവയുടെ ഊര്‍ജം വൈദ്യുതകാന്തിക തരംഗങ്ങളായി പുറത്ത്‌ വിടുകയും, ചന്ദ്രയിലൂടെ കണ്ട ദൃശ്യം രൂപപ്പെടുകയുമാണ്‌ ചെയ്യുക.

അനുബന്ധം: നക്ഷത്രധൂളികളും ഹൈഡ്രജന്‍, പ്ലാസ്‌മ എന്നിവയും ചേര്‍ന്ന്‌ സൃഷ്ടിക്കപ്പെടുന്ന നക്ഷത്രാന്തര മേഘപടലങ്ങളാണ്‌ നെബുലകള്‍. പടര്‍ന്ന്‌ വ്യാപിച്ചു കിടക്കുന്ന ഏത്‌ ജ്യോതിശാസ്‌ത്ര വസ്‌തുവിനെയും നെബുലയെന്ന്‌ വിളിക്കാറുണ്ട്‌. ആകാശഗംഗയുടെ അപ്പുറമുള്ള ഗാലക്‌സികള്‍ പോലും നെബുലയെന്ന്‌ അറിയപ്പെട്ടിരുന്നു. നമ്മുടെ അയല്‍ ഗാലക്‌സിയായ ആന്‍ഡ്രൊമിഡ ഗാലക്‌സിയെ, മുമ്പ്‌ ആന്‍ഡ്രൊമിഡ നെബുലയെന്ന്‌ വിളിച്ചിരുന്നു. ആകാശഗംഗയ്‌ക്ക്‌ പുറത്ത്‌ വേറെ ഗാലക്‌സികളുണ്ടെന്ന്‌ എഡ്വിന്‍ ഹബ്ബിള്‍ കണ്ടെത്തുന്നതിന്‌ മുമ്പായിരുന്നു അത്‌. സാധാരണഗതിയില്‍ പുതിയ നക്ഷത്രങ്ങള്‍ ജനിക്കുന്ന പ്രദേശങ്ങളിലാണ്‌ നെബുലകള്‍ കാണാറ്‌. ഈഗിള്‍ നെബുല ഉദാഹരണം. നാസ പുറത്തുവിട്ടിട്ടുള്ള ഏറ്റവും പ്രശസ്‌ത ദൃശ്യങ്ങളില്‍ 'സൃഷ്ടിയുടെ ഗോപുരങ്ങള്‍' എന്നറിയപ്പെടുന്ന ഈഗിള്‍ നെബുല ഭാഗവും ഉള്‍പ്പെടുന്നു.
(കടപ്പാട്‌: നാസ). 

Wednesday, April 08, 2009

വിചിത്ര സിഗ്നലുകള്‍; ശ്യാമദ്രവ്യത്തിന്‌ തെളിവോ?

'പമേല'യെന്ന ബഹിരാകാശ പേടകം പിടിച്ചെടുത്ത പ്രതിദ്രവ്യ സിഗ്നലുകള്‍ നിഗൂഢമായ ശ്യാമദ്രവ്യത്തില്‍ നിന്നെന്ന്‌ സൂചന.


ശാസ്‌ത്രലോകത്തിന്‌ ഇനിയും പിടികൊടുക്കാത്ത ഒന്നാണ്‌ ശ്യാമദ്രവ്യം (Dark Matter). പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തില്‍ 22 ശമാനം വരുമെന്ന്‌ കരുതുന്ന ശ്യാമദ്രവ്യം എങ്ങനെയിരിക്കുമെന്ന്‌ ഇന്നും അറിയില്ല. വൈദ്യുതകാന്തിക തരംഗങ്ങള്‍ പ്രതിഫലിപ്പിക്കുകയോ, സാധാരണ ദ്രവ്യവുമായി ഇടപഴകുകയോ ചെയ്യാത്ത ദ്രവ്യരൂപമാണത്‌. ആ നിലയ്‌ക്ക്‌ 'പമേല'യെന്ന ബഹിരാകാശ പേടകം പിടിച്ചെടുത്തിരിക്കുന്ന വിചിത്ര സിഗ്നലുകള്‍, ശ്യാമദ്രവ്യത്തെ സംബന്ധിച്ച ആകാംക്ഷ വര്‍ധിപ്പിക്കുന്നു. അജ്ഞാതമായ പൊസിട്രോണ്‍ സ്രോതസ്സില്‍നിന്നുള്ള ആ സിഗ്നലുകള്‍ ശ്യാമദ്രവ്യത്തിന്റെ സൂചനയാകാമെന്ന്‌ ഗവേഷകര്‍ സംശയിക്കുന്നു.


ഗാലക്‌സികളെ നിലനിര്‍ത്തുന്ന അദൃശ്യദ്രവ്യരൂപമാണ്‌ ശ്യാമദ്രവ്യം. ഈ ദ്രവ്യരൂപം സംബന്ധിച്ച പരോക്ഷ തെളിവുകളേ ഇതുവരെ ലഭിച്ചിട്ടുള്ളു. പ്രതിദ്രവ്യ (antimatter) കണങ്ങളായ പൊസിട്രോണുകളുടെ രൂപത്തില്‍ ലഭിച്ച സിഗ്നലുകള്‍ ശ്യാമദ്രവ്യത്തില്‍ നിന്നുള്ളതാണെങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭൗതീകശാസ്‌ത്ര മുന്നേറ്റമാണ്‌ സംഭവിച്ചിരിക്കുന്നത്‌. പക്ഷേ, പൊസിട്രോണ്‍ സിഗ്നലുകള്‍ ശ്യാമദ്രവ്യത്തില്‍ നിന്നാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ ഗവേഷകര്‍ തയ്യാറല്ല. കൂടുതല്‍ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്‌. മാത്രമല്ല, ജനീവയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ (LHC) നിന്നുള്ള പരീക്ഷണഫലം പുറത്തുവരികയും വേണം. 'നേച്ചര്‍' ഗവേഷണ വാരികയാണ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.

ഇപ്പോള്‍ ലഭിച്ചിട്ടുള്ള സിഗ്നല്‍ ശ്യാമദ്രവ്യത്തില്‍ നിന്നുള്ളതാണെങ്കില്‍, ആ വിചിത്ര ദ്രവ്യരൂപത്തെ സംബന്ധിച്ച്‌ മനുഷ്യന്‌ നേരിട്ടുള്ള തെളിവ്‌ ആദ്യമായി ലഭിച്ചിരിക്കുകയാണ്‌. 'പേലോഡ്‌ ഫോര്‍ ആന്റിമാറ്റര്‍ മാറ്റര്‍ എപ്ലൊറേഷന്‍ ആന്‍ഡ്‌ ലൈറ്റ്‌ ന്യൂക്ലിയയ്‌ അസ്‌ട്രോഫിസിക്‌സ്‌' എന്നതിന്റെ ചുരുക്കപ്പേരാണ്‌ 'പമേല'. 2006 ജൂണില്‍ ഭ്രമണപഥത്തിലെത്തിച്ച ഈ പേടകം റഷ്യ, ഇറ്റലി, ജര്‍മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ സംയുക്തസംരംഭമാണ്‌. ശ്യാമദ്രവ്യകണങ്ങളെ കണ്ടെത്താന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങള്‍ പമേല പേടകത്തിലുണ്ട്‌. മൂന്ന്‌ വര്‍ഷമാണ്‌ ഈ ദൗത്യത്തിന്റെ കാലാവധി.

പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത്‌ ഇലക്ട്രോണുകളുടെ പ്രതികണമായ പൊസിട്രോണുകളുടെ ആധിക്യം കണ്ടതാണ്‌ ഗവേഷകരെ ആകര്‍ഷിച്ചത്‌. പമേലയില്‍ പൊസിട്രോണുകളുടെ അനുപാതം അളക്കുന്ന ഉപകരണമാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. ഉയര്‍ന്ന ഊര്‍ജനിലയില്‍ പൊസിട്രോണുകളുടെ ആധിക്യം വര്‍ധിച്ചിരിക്കുന്നു. "ഊര്‍ജനില ഏറുന്നതിനനുസരിച്ച്‌ പൊസിട്രോണുകളുടെ അനുപാതം കുറയുകയാണ്‌ ചെയ്യേണ്ടത്‌"-റോം ടോര്‍ വെര്‍ഗറ്റ സര്‍വകലാശാലയിലെ പ്രൊഫസര്‍ പിയര്‍ഗിയോര്‍ഗിയോ പിക്കോസ പറഞ്ഞു. "എന്നാല്‍ ഒരു പ്രത്യേക ഊര്‍ജപരിധിയില്‍ ഇതിന്‌ വിപരീതമായി കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണ്‌ പമേല കണ്ടെത്തിയത്‌"-അദ്ദേഹം അറിയിച്ചു.

ആ പ്രതിദ്രവ്യ സിഗ്നലുകള്‍ പക്ഷേ, ശ്യാമദ്രവ്യത്തില്‍ നിന്ന്‌ തന്നെയാകണം എന്നില്ല. അന്ത്യം സംഭവിച്ച നക്ഷത്രത്തിന്റെ അതിസാന്ദ്രരൂപമായ പള്‍സറുകളുമാകാം പൊസിട്രോണ്‍ സിഗ്നലുകളുടെ ഉറവിടം. 2008-ല്‍ വിക്ഷേപിച്ച നാസയുടെ 'ഫെര്‍മി ഗാമാറേ സ്‌പേസ്‌ ടെലലസ്‌കോപ്പ്‌' പള്‍സറുകളെ ഇതിനകം നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്‌. ആ സ്‌പേസ്‌ ടെലസ്‌കോ്‌പ്പില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍, ഇപ്പോള്‍ കണ്ടെത്തിയ നിഗൂഢ സിഗ്നലുകള്‍ പള്‍സറുകളില്‍ നിന്നുള്ളതാണോ എന്ന്‌ വ്യക്തമാകും.

"പല പ്രമുഖ ഗവേഷകരും ഇത്‌ ശ്യാമദ്രവ്യത്തില്‍ നിന്നുള്ളതാണ്‌ എന്ന ചിന്താഗതിക്കാരാണ്‌"-്‌പ്രൊഫ. പിക്കോസ പറഞ്ഞു. ഫെര്‍മി ടെലസ്‌കോപ്പില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, ഈ സിഗ്നലുകള്‍ പള്‍സറുകളില്‍ നിന്നുള്ളതല്ലെങ്കില്‍,..... ശ്യാമദ്രവ്യകണങ്ങള്‍ എന്താണെന്ന്‌ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ കാട്ടിത്തരുകയും ചെയ്‌താല്‍ ഉറപ്പിക്കാം, പമേല കണ്ടെത്തിയിരിക്കുന്നത്‌ ശ്യാമദ്രവ്യമാണ്‌. ഒരുപക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തവും ഇതാകാം!

അനുബന്ധം: ആധുനിക പ്രപഞ്ചശാസ്‌ത്രം പറയുന്നത്‌, വൈദ്യുത കാന്തിക തരംഗങ്ങള്‍ പ്രതിഫലിപ്പിക്കുന്ന, നമുക്ക്‌ സുപരിചിതമായ സാധാരണ ദ്രവ്യം പ്രപഞ്ചത്തില്‍ വെറും നാല്‌ ശതമാനം മാത്രമേയുള്ളു എന്നാണ്‌. ബാക്കിയുള്ള 96 ശതമാനവും എന്താണെന്ന്‌ ഇപ്പോഴും വ്യക്തമാല്ല. അതില്‍ 22 ശതമാനം ശ്യാമദ്രവ്യവും അവശേഷിക്കുന്ന 74 ശതമാനം ശ്യാമോര്‍ജവും (dark energy) ആണെന്ന്‌, പ്രപഞ്ചത്തിലെ സൂക്ഷ്‌മതരംഗ പശ്ചാത്തലത്തെക്കുറിച്ച്‌ നടന്ന പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്‌. എന്നാല്‍, എന്താണ്‌ ശ്യാമദ്രവ്യമെന്നും ശ്യാമോര്‍ജമെന്നും ഇനിയും വ്യക്തമല്ല. ഗാലക്‌സികളെ കൂട്ടിനിര്‍ത്തുന്ന അദൃശ്യ ദ്രവ്യരൂപമാണ്‌ ശ്യാമദ്രവ്യമെന്ന്‌ പരോക്ഷമായി വ്യക്തമായിട്ടുണ്ട്‌. അതേസമയം, പ്രപഞ്ചത്തെ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിപരീതസമ്മര്‍ദ്ദമായാണ്‌ ശ്യാമോര്‍ജം വിവക്ഷിക്കപ്പെടുന്നത്‌. (അവലംബം: നേച്ചര്‍ ഗവേഷണ വാരിക)

Tuesday, April 07, 2009

ചിത്രശലഭങ്ങള്‍ ഹൈവേ മുറിച്ചുകടക്കുന്നു; ദയവായി വേഗം കുറയ്‌ക്കൂ

സ്‌കൂള്‍കുട്ടികള്‍ റോഡിന്‌ കുറുകെ ചാടാന്‍ സാധ്യതയുണ്ട്‌ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ്‌ ബോര്‍ഡ്‌ നമുക്ക്‌ സുപരിചിതമാണ്‌. വനമേഖലകളില്‍ ഹോണ്‍ മുഴക്കരുത്‌ എന്ന മുന്നറിയിപ്പും സാധാരണമാണ്‌. പക്ഷേ, 'ചിത്രശലഭങ്ങള്‍ ഹൈവെ മുറിച്ചുകടക്കുന്നു, വാഹനത്തിന്റെ വേഗം കുറയ്‌ക്കൂ' എന്നൊരു മുന്നറിയിപ്പായാലോ!

ഏതെങ്കിലും പരിസ്ഥിതിഭ്രാന്തന്‍മാരുടെ ഏര്‍പ്പാടായിരിക്കും അതെന്ന്‌ കരുതി തള്ളാന്‍ വരട്ടെ. മധ്യതയ്‌വാനിലെ ലിനേയ്‌ ടൗണ്‍ഷിപ്പില്‍ നാഷണല്‍ എക്‌സ്‌പ്രസ്സ്‌വേ ബ്യൂറോയാണ്‌ ഹൈവെയില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ ചിത്രശലഭങ്ങളുടെ രക്ഷ ഉറപ്പാക്കിയത്‌. ബോര്‍ഡുകള്‍ സ്ഥാപിക്കുക മാത്രമല്ല, ആ ടൗണ്‍ഷിപ്പിലെ ഹൈവെയുടെ ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍ രണ്ടാഴ്‌ചക്കാലം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തിലേ ഓടിക്കാവൂ എന്നും അധികൃതര്‍ ഉത്തരവിട്ടു.

വടക്കന്‍ തയ്‌വാനിലേക്ക്‌ ദേശാടനം നടത്തുന്ന ആയിരക്കണക്കിന്‌ 'മില്‍ക്ക്‌വീഡ്‌ ചിത്രശലഭങ്ങളി'ല്‍ വലിയൊരു ഭാഗത്തിന്റെ സഞ്ചാരപഥത്തിലാണ്‌ ഹൈവെ സ്ഥിതിചെയ്യുന്നത്‌ എന്നകാര്യം കണക്കിലെടുത്താണ്‌ ഇത്തരമൊരു നിയന്ത്രണം. മാര്‍ച്ച്‌ 22 മുതല്‍ ഏപ്രില്‍ ആറ്‌ വരെ, രാവിലെ ഒന്‍പത്‌ മുതല്‍ പകല്‍ 12 വരെയുള്ള സമയത്താണ്‌ ഏറ്റവുമധികം ചിത്രശലഭങ്ങള്‍ ഇതുവഴി പറക്കുക. അതുകൊണ്ടാണ്‌ ചിത്രശലഭങ്ങളുടെ രക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടി കൈക്കൊണ്ടത്‌.

വാഹനങ്ങളുടെ വേഗം കുറച്ചാല്‍ ശലഭങ്ങള്‍ രക്ഷപ്പെടുമെന്ന്‌ മാത്രമല്ല, എത്ര മനോഹരമാണ്‌ അവയെന്ന്‌ വാഹനത്തിലുള്ളവര്‍ക്ക്‌ കണ്ട്‌ ആസ്വദിക്കാനും കഴിയുമെന്ന്‌ എക്‌സ്‌പ്രസ്സ്‌വേ ബ്യൂറോയുടെ മധ്യമേഖലാ മേധാവി ഹുസ്യു ചെങ്‌-ചാങ്‌ പറയുന്നു. വാഹനങ്ങളുടെ വേഗം കുറയ്‌ക്കുക മാത്രമല്ല, ഹൈവെയുടെ വശത്ത്‌ വലകള്‍ കെട്ടി ചിത്രശലഭങ്ങളെ കുറെക്കൂടി ഉയരത്തില്‍ പറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. ചീറിപ്പായുന്ന വാഹനങ്ങളില്‍ ചെന്നിടിച്ച്‌ ശലഭങ്ങള്‍ ചത്തുവീഴുന്നത്‌ ഒഴിവാക്കാന്‍ ഇതും സഹായിക്കുന്നു.

ഈ പ്രദേശത്തുകൂടിയുള്ള ശലഭങ്ങളുടെ ദേശാടനം സുരക്ഷിതമാക്കാന്‍ ഏതാനും വര്‍ഷങ്ങളായി അധികൃതരും പരിസ്ഥിതി പ്രവര്‍ത്തകരും ഒട്ടേറെ നടപടികള്‍ എടുത്തിട്ടുണ്ട്‌. 2007 ഏപ്രില്‍ 4, 5, 6 തിയതികളില്‍ ഹൈവെയുടെ കുറച്ച്‌ ദൂരം അടച്ചിടുക പോലും ചെയ്‌തു. ഇത്തവണ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ വിപുലമാക്കി. നാഷണല്‍ ഫ്രീവേ നമ്പര്‍-മൂന്നിന്റെ ഒരു ഭാഗത്ത്‌ 660 മീറ്റര്‍ നീളത്തിലും നാലുമീറ്റര്‍ പൊക്കത്തിലുമാണ്‌ വല കെട്ടിയിട്ടുള്ളത്‌. മാത്രമല്ല, ആ സ്ഥലത്ത്‌ മരങ്ങള്‍ വളര്‍ത്തി, ചിത്രശലഭങ്ങളെ മുകളിലൂടെ പറത്താനും ശ്രമം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്‌. ഇതിനകം 853 മരങ്ങള്‍ നട്ടുകഴിഞ്ഞു.

തെക്കന്‍ തയ്‌വാനിലെ 'പര്‍പ്പിള്‍ ബട്ടര്‍ഫ്‌ളൈ വാലി'യെന്നറിയപ്പെടുന്ന പ്രദേശത്താണ്‌ ശൈത്യകാലത്ത്‌ മില്‍ക്ക്‌വീഡ്‌ ചിത്രശലഭങ്ങള്‍ തമ്പടിക്കുന്നത്‌. നവംബര്‍ തുടക്കത്തില്‍ ലക്ഷക്കണക്കിന ശലഭങ്ങള്‍ അവിടെ ഉണ്ടാകുമെന്നാണ്‌ കണക്ക്‌. മാര്‍ച്ച്‌ അവസാനവും ഏപ്രിലിലുമായി ഇവ വടക്കന്‍ഭാഗത്തേക്ക്‌ ദേശാടനം നടത്തുന്നു.(മെക്‌സിക്കോയിലെ മൊണാര്‍ക്ക്‌ ശലഭങ്ങളുടെ വാര്‍ഷിക ദേശാടനമാണ്‌ ഇതിന്‌ സമാനമായുള്ള മറ്റൊരു പ്രതിഭാസം).

300 കിലോമീറ്റര്‍ വരുന്ന അവയുടെ സഞ്ചാരപഥത്തില്‍ ലിനേയ്‌ ടൗണ്‍ഷിപ്പിലെ 600 മീറ്റര്‍ ഹൈവെഭാഗവും ഉള്‍പ്പെടുന്നു. ഫ്‌ളൈഓവര്‍ മാതിരി ഉയര്‍ന്നു നില്‍ക്കുന്ന ആ ഭാഗത്തുകൂടി 2005 ഏപ്രില്‍ മൂന്നിന്‌ മിനിറ്റില്‍ ശരാശരി 11,500 ശലഭങ്ങള്‍ കടന്നുപോയതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു. ഹൈവെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന്‌ ശലഭങ്ങള്‍ വാഹനങ്ങളില്‍ തട്ടിയും മറ്റും നശിക്കാറുണ്ട്‌.

2003-ല്‍ ഹൈവെ നിര്‍മിച്ചവര്‍ ഇത്തരമൊരു പ്രശ്‌നത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. പരിസ്ഥിതി വിദഗ്‌ധര്‍ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോഴാണ്‌, രക്ഷാനടപടികള്‍ ആരംഭിച്ചത്‌. തയ്‌വാന്‍ മേഖലയിലെ ഭക്ഷ്യശൃംഗലയില്‍ സുപ്രധാന സ്ഥാനമാണ്‌ പര്‍പ്പിള്‍നിറമുള്ള മില്‍ക്ക്‌വീഡ്‌ ശലഭങ്ങള്‍ക്കുള്ളതെന്ന്‌ ഐ-ഷോവു സര്‍വകലാശാലയിലെ പ്രൊഫ. സ്വീഹു ചെങ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മുന്നറിയിപ്പു നല്‍കിയിരുന്നു. ചെറിയ ജീവികളാണെങ്കിലും ജീവലോകത്ത്‌ അവ വലിയ പങ്കാണ്‌ വഹിക്കുന്നതെന്ന തിരിച്ചറിവാണ്‌ ഇപ്പോഴത്തെ നടപടികള്‍ക്ക്‌ പിന്‍ബലമേകിയത്‌.
(അവലംബം: വാര്‍ത്താഏജന്‍സികള്‍).

Monday, April 06, 2009

ആദം-ആദ്യ 'യന്ത്രശാസ്‌ത്രജ്ഞന്‍'

ശാസ്‌ത്രജ്ഞര്‍ കരുതിയിരിക്കുക. നിലവിലുള്ള വിവരങ്ങള്‍ വെച്ച്‌ യുക്തിപൂര്‍വം അനുമാനങ്ങളിലെത്താനും അവ പരീക്ഷിച്ചറിയാനും അതുവഴി പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്താനും ഭാവിയില്‍ ഒരുപക്ഷേ, നിങ്ങളുടെ ആവശ്യം വേണ്ടി വരില്ല. ഒരു 'യന്ത്രശാസ്‌ത്രജ്ഞന്‍' മതിയാകും അതിന്‌. ഇത്രകാലവും ഭാവനയില്‍ മാത്രം സാധ്യമായിരുന്ന കാര്യങ്ങള്‍ ആധുനികശാസ്‌ത്രം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ബ്രിട്ടീഷ്‌ ഗവേഷകര്‍ രൂപംനല്‍കിയ യന്ത്രശാസ്‌ത്രജ്ഞന്‍.

'ആദം' എന്നാണ്‌ യന്ത്രശാസ്‌ത്രജ്ഞന്‌ നല്‍കിയിരിക്കുന്ന പേര്‌. സ്വന്തമായി കണ്ടുപിടിത്തം നടത്തിയ ആദ്യയന്ത്രമെന്ന ബഹുമതി ആദം കരസ്ഥമാക്കിക്കഴിഞ്ഞു. യീസ്റ്റ്‌ കോശങ്ങളുപയോഗിച്ച്‌ ഏതാണ്ട്‌ ഒരു ഡസന്‍ കണ്ടെത്തലുകള്‍ നടത്തിയ ആദം, ശാസ്‌ത്രലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്‌. യീസ്റ്റ്‌ കോശങ്ങളിലെ വ്യത്യസ്‌ത ജീനുകളുടെ ധര്‍മമെന്തെന്ന്‌ കണ്ടെത്താന്‍ വേണ്ടി രൂപകല്‍പ്പന ചെയ്‌ത ആദത്തിന്‌, പ്രതിദിനം ആയിരം പരീക്ഷണങ്ങള്‍ സ്വന്തംനിലയ്‌ക്ക്‌ നടത്താന്‍ ശേഷിയുണ്ട്‌. പുതിയ ഔഷധങ്ങള്‍ കണ്ടുപിടിക്കാന്‍ വേണ്ടി ഒരു യന്ത്രശാസ്‌ത്രജ്ഞയ്‌ക്കും ഗവേഷകര്‍ രൂപംനല്‍കുന്നുണ്ട്‌; പേര്‌ 'ഹൗവ്വ'!

ആധുനിക ആദവും ഹൗവ്വയും പുതിയൊരു വര്‍ഗത്തിന്റെ ആദിമാതാവും പിതാവുമാകുമോ? കണ്ടുപിടിത്തങ്ങളുടെ ലോകം സ്വന്തമാക്കുക വഴി ഇത്തരം യന്ത്രങ്ങള്‍ ശാസ്‌ത്രജ്ഞരുടെയും ഗവേഷകരുടെയും പണിയില്ലാതാക്കുമോ? അതിന്‌ സാധ്യത കുറവാണെന്ന്‌, ആദത്തിന്‌ രൂപം നല്‍കിയ അബെരിസ്റ്റ്‌വിഥ്‌ സര്‍വകലാശാലയിലെ പ്രൊഫ. റോസ്‌ കിങും കൂട്ടരും പറയുന്നു. സമയമെടുത്തുള്ള ശ്രമകരമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇത്തരം യന്ത്രങ്ങളെ ഏല്‍പ്പിച്ചിട്ട്‌, ഗവേഷകര്‍ക്ക്‌ ഭാവിയില്‍ മുന്തിയ ഗവേഷണങ്ങളില്‍ ഏര്‍പ്പെടാനാകും-പ്രൊഫ. കിങ്‌ പ്രവചിക്കുന്നു.

കൃത്രിമബുദ്ധി (artificial intelligence-AI) വികസിപ്പിക്കാന്‍ പതിറ്റാണ്ടുകളായി ഗവേഷകലോകം നടത്തുന്ന ശ്രമങ്ങളില്‍ വലിയൊരു മുന്നേറ്റമാണ്‌ ആദത്തിന്റെ പിറവിയിലൂടെ സംഭവിച്ചിരിക്കുന്നതെന്ന്‌, ഇക്കാര്യം പ്രസിദ്ധീകരിച്ച 'സയന്‍സ്‌' ഗവേഷണ വാരിക പറയുന്നു. ഏതെങ്കിലുമൊരു ഗവേഷണ പ്രവര്‍ത്തനം യാന്ത്രികമായി ചെയ്യുകയല്ല ആദത്തിന്റെ രീതി. വിവരങ്ങളെ യുക്തിപൂര്‍വം വിശകലനം ചെയ്‌ത്‌ നിഗമനങ്ങളിലെത്താനും അതുവെച്ച്‌ പരീക്ഷണങ്ങള്‍ നടത്തി കണ്ടെത്തലുകള്‍ നടത്താനും അതിന്‌ കഴിയും. ആ ഫലങ്ങള്‍ ഉപയോഗിച്ച്‌ പുതിയ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്യാനുമാകും. ഇത്തരമൊരു കാര്യം ഇതുവരെ ഒരു യന്ത്രത്തിനും കഴിഞ്ഞിരുന്നില്ല.

യന്ത്രശാസ്‌ത്രജ്ഞന്റെ ആദിരൂപം മാത്രമാണ്‌ ആദം. അടുത്ത 10-20 വര്‍ഷത്തിനുള്ളില്‍ ലബോറട്ടറികളില്‍ ഇത്തരം യന്ത്രങ്ങള്‍ ഗവേഷകരുടെ വലംകൈയായി മാറും-പ്രൊഫ. കിങ്‌ അഭിപ്രായപ്പെടുന്നു. 6000 ജീനുകളുള്ള യീസ്റ്റുകളില്‍, വ്യത്യസ്‌ത ജീനുകളുടെ ധര്‍മമെന്തെന്ന്‌ കണ്ടുപിടിക്കാന്‍ പാകത്തിലാണ്‌ ആദത്തിന്റെ രൂപകല്‍പ്പന. 12 ജീനുകളുടെ ധര്‍മം സ്വന്തം നിലയ്‌ക്ക്‌ കണ്ടെത്താന്‍ ആദത്തിന്‌ കഴിഞ്ഞതായി റിപ്പോര്‍ട്ട്‌ പറയുന്നു. യീസ്റ്റ്‌ കോശങ്ങളുടെ വളര്‍ച്ച നിരീക്ഷിച്ചാണ്‌, അവയിലെ ജീനുകളുടെ ധര്‍മം ആദം കണ്ടെത്തിയത്‌. അറിയപ്പെടുന്ന ജീനുകളുടെ ധര്‍മം മനസിലാക്കി അതുപയോഗിച്ച്‌, മറ്റുള്ളവയുടെ ധര്‍മമെന്തെന്ന്‌ പ്രവചിച്ച ശേഷം അത്‌ പരീക്ഷിച്ചറിയുകയാണ്‌ യന്ത്രം ചെയ്‌തത്‌.

ഇതേ ഗവേഷകസംഘം തന്നെയാണ്‌ പുതിയ ഔഷധങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ഹൗവ്വയ്‌ക്ക്‌ രൂപം നല്‍കുന്നത്‌. ആയിരക്കണക്കിന്‌ രാസസംയുക്തങ്ങള്‍ പരിശോധിച്ച്‌ അവയില്‍ പ്രത്യേക രോഗങ്ങള്‍ക്കെതിരെ പ്രയോഗിക്കാന്‍ കഴിയുന്നവയെ കണ്ടെത്തുകയാണ്‌ ലക്ഷ്യം. ഔഷധ ഗവേഷണരംഗത്ത്‌ ഒരുപക്ഷേ, വിപ്ലവം സൃഷ്ടിക്കാന്‍ പോന്ന നീക്കമാണിത്‌. ഇനിയും ചികിത്സ കണ്ടെത്താനാകാത്ത ഒട്ടേറെ രോഗങ്ങള്‍ക്കുള്ള മരുന്ന്‌ മനുഷ്യന്‌ നല്‍കുക യന്ത്രങ്ങളാകില്ലെന്ന്‌ ആരുകണ്ടു.

'സയന്‍സ'്‌ ഗവേഷണ വാരികയുടെ പുതിയ ലക്കത്തില്‍, യന്ത്രബുദ്ധിയുമായി ബന്ധപ്പെട്ട്‌ മറ്റൊരു മുന്നേറ്റത്തിന്റെ റിപ്പോര്‍ട്ടുമുണ്ട്‌. ഭൗതികശാസ്‌ത്രത്തിലെ അടിസ്ഥാന ചലനനിയമങ്ങള്‍, പെന്‍ഡുലത്തിന്റെ ചലനത്തില്‍നിന്ന്‌ കണ്ടെത്താന്‍ കഴിയുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം അമേരിക്കയില്‍ കോര്‍ണല്‍ സര്‍വകലാശാലയിലെ ഹോഡ്‌ ലിപ്‌സണും മൈക്കല്‍ ഷിമിഡും ചേര്‍ന്ന്‌ തയ്യാറാക്കി എന്നാണ്‌ ആ റിപ്പോര്‍ട്ട്‌. പെന്‍ഡുലചലനത്തിന്റെ ഡേറ്റ സന്നിവേശിപ്പിച്ചപ്പോള്‍, ഭൗതികശാസ്‌ത്ര സംബന്ധിയായി മറ്റ്‌ മുന്‍കൂര്‍ നിര്‍ദ്ദേശങ്ങളൊന്നും കൂടാതെ, ഐസക്ക്‌ ന്യൂട്ടന്റെ ചലന നിയമങ്ങളിലെത്താന്‍ ആ പ്രോഗ്രാമിന്‌ കഴിഞ്ഞു.

പക്ഷേ, ഇതുകൊണ്ട്‌ യഥാര്‍ഥ ശാസ്‌ത്രജ്ഞര്‍ക്ക്‌ പകരമാകാന്‍ യന്ത്രങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ ലിപ്‌സണ്‍ കരുതുന്നില്ല. വിവരങ്ങളുടെ കുത്തൊഴുക്കിനിടയില്‍ നിന്ന്‌ പുതിയ നിയമങ്ങളും സിദ്ധാന്തങ്ങളും കണ്ടുപിടിക്കുകയെന്നതാണ്‌ ആധുനിക ഗവേഷണം നേരിടുന്ന പ്രധാന പ്രശ്‌നം. അതിന്‌ പരിഹാരമുണ്ടാക്കാന്‍ യന്ത്രശാസ്‌ത്രജ്ഞര്‍ക്ക്‌ കഴിഞ്ഞേക്കുമെന്ന്‌ അദ്ദേഹം പറയുന്നു.
(അവലംബം: സയന്‍സ്‌ ഗവേഷണ വാരിക).