Sunday, June 15, 2008

അല്‍ഷൈമേഴ്‌സിനെതിരെ ആദ്യ ഔഷധം ഒരുങ്ങുന്നു

ലോകത്ത്‌ ലക്ഷക്കണക്കിനാളുകളെ വിസ്‌മൃതിയുടെ നിസ്സഹായതയിലേക്ക്‌ തള്ളിവിടുന്ന ആരോഗ്യപ്രശ്‌നമാണ്‌ അല്‍ഷൈമേഴ്‌സ്‌ രോഗം. ഒരു നൂറ്റാണ്ടിനുമുമ്പ്‌ തിരിച്ചറിയപ്പെട്ട ഈ രോഗത്തിന്‌ മുന്നില്‍ വൈദ്യശാസ്‌ത്രം ഇത്രകാലവും തോല്‍ക്കുകയായിരുന്നു. പക്ഷേ, തോല്‍വിയുടെ ആ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞതായി സൂചന. അമേരിക്കയിലെയും യൂറോപ്പിലെയും ഗവേഷകര്‍ അല്‍ഷൈമേഴ്‌സിനെതിരെയുള്ള ആദ്യ ഔഷധത്തിന്റെ പരീക്ഷണത്തിലാണ്‌.

അല്‍ഷൈമേഴ്‌സ്‌ രോഗത്തിനെതിരെ ദ്വിമുഖ ആക്രമണത്തിന്‌ ശേഷിയുള്ള പുതിയൊരിനം ഔഷധമാണ്‌ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്‌. രോഗകാരിയായ വികലപ്രോട്ടീന്‍ തലച്ചോറില്‍ അടിഞ്ഞുകൂടുന്നത്‌ ചെറുക്കാന്‍ ഔഷധത്തിന്‌ കഴിയുമെന്നകാര്യം ഗവേഷകലോകത്ത്‌ ആവേശവും ആകാംക്ഷയും സൃഷ്ടിച്ചിരിക്കുകയാണ്‌. ലോകത്ത്‌ നിലവില്‍ 240 ലക്ഷം പേരെ ബാധിച്ചിട്ടുള്ള രോഗമാണ്‌ അല്‍ഷൈമേഴ്‌സ്‌. 2020 ആകുമ്പോഴേക്കും ഈ സംഖ്യ 810 ലക്ഷം കവിയുമെന്നാണ്‌ വിലയിരുത്തല്‍.

'ഗാമാ-സെക്രീറ്റേസ്‌ മോഡുലേറ്റേഴ്‌സ്‌' (gamma-secretase modulators -GSM) എന്ന പേരില്‍ അറിയപ്പെടുന്ന പുതിയയിനം ഔഷധങ്ങളാണ്‌ സ്‌മൃതിനാശരോഗത്തെ ചെറുക്കുന്നതായി തെളിഞ്ഞത്‌. അല്‍ഷൈമേഴ്‌സിന്റെ വരവിന്‌ കാരണം, അമിലോയ്‌ഡ്‌ ബീറ്റാ പ്രോട്ടീനുകള്‍ എന്ന വികലപ്രോട്ടീനുകള്‍ തലച്ചോറില്‍ കൊഴുപ്പുകട്ടകളുടെ രൂപത്തില്‍ (പ്ലാക്കുകള്‍ ആയി) അടിഞ്ഞുകൂടുന്നതാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.

തലച്ചോറില്‍ കൊഴുപ്പുകട്ടകള്‍ ഉണ്ടാകുന്നത്‌ തടയുക മാത്രമല്ല ജി.എസ്‌.എം. ചെയ്യുക, ആ പ്രോട്ടീനുകളുടെ ചെറുതുണ്ടുകളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചെറുതുണ്ടുകള്‍ വര്‍ധിക്കുന്നത്‌, വലിയ കൊഴുപ്പുകട്ടകള്‍ രൂപപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഇതാണ്‌ ജി.എസ്‌.എമ്മിന്റെ ദ്വിമുഖതന്ത്രം. പക്ഷേ, എന്തുകൊണ്ട്‌ ജി.എസ്‌.എം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നകാര്യം വ്യക്തമല്ലെന്ന്‌, പുതിയ ലക്കം 'നേച്ചറി'ലെ റിപ്പോര്‍ട്ട്‌ പറയുന്നു.

അല്‍ഷൈമേഴ്‌സിനിടയാക്കുന്ന വികലപ്രോട്ടീനിന്‌ കാരണമായ എന്‍സൈമിനെ (രാസാഗ്നിയെ) അല്ല ജി.എസ്‌.എം. ഉന്നംവെക്കുന്നത്‌, പ്രോട്ടീനിനെ തന്നെയാണ്‌. പ്രോട്ടീനെതിരെ നേരിട്ട്‌ പ്രവര്‍ത്തിക്കുന്ന ഔഷധങ്ങള്‍ സാധ്യമല്ലെന്നാണ്‌ ഇത്രകാലവും ഗവേഷകലോകം കരുതിയിരുന്നത്‌. അസാധ്യമെന്നു കരുതിയ കാര്യമാണ്‌ ഇപ്പോള്‍ സാധ്യമായിരിക്കുന്നതെന്ന്‌ സാരം. ഭ്രാന്തിപ്പശുരോഗം പോലെ, വികലപ്രോട്ടീനുകളുടെ പ്രവര്‍ത്തനംകൊണ്ട്‌ മസ്‌തിഷ്‌ക്കദ്രവീകരണം സംഭവിക്കുന്ന പല രോഗങ്ങള്‍ക്കും ചികിത്സ കണ്ടെത്താന്‍ പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കും.

"ഔഷധസാധ്യതയുടെ ലോകം വിപുലപ്പെടുത്തിയിരിക്കുകയാണ്‌ പുതിയ കണ്ടെത്തല്‍"-ഗവേഷണത്തില്‍ പങ്കാളിയായിരുന്ന അമേരിക്കയില്‍ മയോക്ലിനിക്കിലെ ന്യൂറോളജിസ്റ്റ്‌ ഡോ.ടോഡ്‌ ഗോള്‍ഡി പറയുന്നു. ഒട്ടേറെ വ്യത്യസ്‌തരോഗങ്ങള്‍ക്ക്‌ പുതിയയിനം ഔഷധങ്ങള്‍ കണ്ടെത്താനുള്ള തുടക്കമായേക്കും ഇതെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

അമേരിക്കയിലെയും യൂറോപ്പിലെയും 29 ഗവേഷകരുടെ സംയുക്തസംരംഭമായാണ്‌ പുതിയ ഗവേഷണം പുരോഗമിക്കുന്നത്‌. 'ടാറെന്‍ഫ്‌ളൂര്‍ബില്‍'(tarenflurbil) എന്ന ജി.എസ്‌.എം.തന്മാത്രയുടെ പരീക്ഷണം മനുഷ്യരില്‍ അവസാനഘട്ടത്തിലാണ്‌. 'ഫ്‌ളൂറിസാന്‍'(flurizan) എന്നാണ്‌ ആ തന്മാത്രയ്‌ക്കു നല്‍കിയിട്ടുള്ള ബ്രാന്‍ഡ്‌നാമം. ഇതേ വര്‍ഗത്തില്‍പെട്ട ഒട്ടേറെ മരുന്നുകള്‍ വരുംവര്‍ഷങ്ങളില്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറായിരിക്കുകയാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.(അവലംബം: നേച്ചര്‍)

3 comments:

Joseph Antony said...

ഒരു നൂറ്റാണ്ടിനുമുമ്പ്‌ തിരിച്ചറിയപ്പെട്ട അല്‍ഷൈമേഴ്‌സ്‌ രോഗത്തിന്‌ മുന്നില്‍ വൈദ്യശാസ്‌ത്രം ഇത്രകാലവും തോല്‍ക്കുകയായിരുന്നു. പക്ഷേ, തോല്‍വിയുടെ ആ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. അല്‍ഷൈമേഴ്‌സിനെ ചെറുക്കാന്‍ കഴിവുള്ള ആദ്യ ഔഷധം പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ്‌.

പ്രിയ said...

"ഭ്രാന്തിപ്പശുരോഗം പോലെ, വികലപ്രോട്ടീനുകളുടെ പ്രവര്‍ത്തനംകൊണ്ട്‌ മസ്‌തിഷ്‌ക്കദ്രവീകരണം സംഭവിക്കുന്ന പല രോഗങ്ങള്‍ക്കും ചികിത്സ കണ്ടെത്താന്‍ പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കും."

ഒത്തിരി പ്രതീക്ഷകള്‍ നല്കുന്ന കണ്ടെത്തല്‍ :)
ലേഖനത്തിന് നന്ദി

ദേവന്‍ said...

അങ്ങനെ ഓരോന്നായിഒ മഹാവ്യാധികള്‍ മെരുങ്ങട്ടെ. ശാസ്ത്രം ജയിക്ക.

അല്‍ഷൈമേര്‍സ് വന്നു മരിച്ചവരില്‍ നടത്തിയ ഓട്ടോപ്സികളിലെല്ലാം തന്നെ തലച്ചോറിലെ സെനൈല്‍ പ്ലേക്കുകളുടെ കോര്‍ ഭാഗത്ത് അലൂമിനിയം വളരെക്കൂടുതല്‍ ഉണ്ടെന്നും അല്‍ഷൈമേര്‍സിനു അലുമിനിയം പോയിങ്ങ്ങ് ഒരു കാരണമായേക്കാം എന്നും ഒരു വാദം വളരെക്കാലമായി നിലവിലുണ്ടായിരുന്നു, എന്തായിത്തീര്‍ന്നെന്ന് ഒരു ഊഹവുമില്ല.