Friday, February 05, 2010

ഡാര്‍വിന്റെ പൂര്‍വികര്‍


45000 വര്‍ഷം മുമ്പ് ആഫ്രിക്ക വിട്ടവര്‍ ഇറാനില്‍ പാര്‍പ്പുറപ്പിച്ച ശേഷം യൂറോപ്പിലേക്ക് നടത്തിയ കുടിയേറ്റമാണ് ചാള്‍സ് ഡാര്‍വിന്റെ തായ്‌വഴിയുടെ ചരിത്രം. പരിണാമത്തിന്റെ രഹസ്യം കണ്ടെത്തിയ ഡാര്‍വിന്റെ പൂര്‍വികചരിത്രം ജനിതകവിശകലനം വഴിയാണ് വെളിപ്പെട്ടത്.

ആഫ്രിക്കയാണ് മനുഷ്യന്റെ ആദിഗേഹമെന്ന് ആദ്യം അനുമാനിച്ചത് ചാള്‍സ് ഡാര്‍വിനാണ്. തലമുറകളിലൂടെ പിന്നോട്ടു പോയാല്‍ പ്രാചീനപൂര്‍വികരിലെത്താമെന്ന് അര്‍ഥമാക്കുമ്പോഴും, അദ്ദേഹം തന്റെ പ്രാചീന തായ്‌വഴികളെക്കുറിച്ച് ചിന്തിച്ചുണ്ടാവില്ല. എന്നാല്‍, ആധുനിക ജീന്‍സങ്കേതങ്ങളുടെ സഹായത്തോടെ ഡാര്‍വിന്റെ പൂര്‍വിക തായ്‌വഴികള്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഡാര്‍വിന്റെ പിന്‍മുറക്കാരില്‍ ഒരാളായ ക്രിസ് ഡാര്‍വിനാണ് ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തത്.

ആധുനിക പരിണാമസിദ്ധാന്തത്തിന് അടിത്തറയിട്ട ഡാര്‍വിന്‍ ജനിച്ചിട്ട് ഈ ഫിബ്രവരി 12-ന് 201 വര്‍ഷം തികയുകയാണ്. ആ വേളയിലാണ് അദ്ദേഹത്തിന്റെ പ്രാചീനതായ്‌വഴി കണ്ടെത്തിയ വിവരം പുറത്ത് വന്നിരിക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെയും ഐ.ബി.എമ്മിന്റെയും പങ്കാളിത്തത്തോടെ നടക്കുന്ന 'ജിനോഗ്രാഫിക് പ്രോജക്ട്' (Genographic Project) ആണ് ഡാര്‍വിന്റെ മുന്‍ഗാമികളുടെ കുടിയേറ്റപാത തിരിച്ചറിഞ്ഞത്.

ഓസ്‌ട്രേലിയയില്‍ സിഡ്‌നിക്ക് സമീപം ബ്ലൂ മൗണ്ടന്‍സില്‍ താമസിക്കുന്ന ക്രിസ് ഡാര്‍വിന്റെ 'Y' ക്രോമസോമിലെ വ്യതികരണങ്ങള്‍ വിശകലനം ചെയ്താണ്, ഡാര്‍വിന്റെ പ്രാചീനപൂര്‍വികരെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. '45,000 വര്‍ഷം മുമ്പാണ് ഡാര്‍വിന്റെ പൂര്‍വികര്‍ ആഫ്രിക്ക വിട്ടത്'-ജിനോഗ്രാഫിക് പ്രോജക്ടിന്റെ മേധാവി ഡോ. സ്‌പെന്‍സര്‍ വെല്‍സ് പറയുന്നു.

യൂറോപ്പ്യന്‍ പുരുഷന്‍മാരുടെ മുഖ്യതായ്‌വഴിയായ 'ഹാപ്പ്‌ലോഗ്രൂപ്പ് ആര്‍1ബി' (Haplogroup R1b) യിലാണ് ക്രിസ് ഡാര്‍വിന്‍ (അതുവഴി അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ ചാള്‍സ് ഡാര്‍വിനും) ഉള്‍പ്പെടുന്നതെന്ന് ജനിതകവിശകലനം വ്യക്തമാക്കി. 'തെക്കന്‍ ഇംഗ്ലണ്ടിലെ പുരുഷന്‍മാരില്‍ 70 ശതമാനവും ഹാപ്പ്‌ലോഗ്രൂപ്പില്‍ പെട്ടവരാണ്. അയര്‍ലണ്ടിലും സ്‌പെയിനിലും ഇത് 90 ശതമാനത്തിനും മേലാണ്'-ഡോ.വെല്‍സ് അറിയിക്കുന്നു.

വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് അല്ലെങ്കില്‍ വടക്കന്‍ ആഫ്രിക്കയിലേക്കാണ് ഡാര്‍വിന്റെ പിതൃതായ്‌വഴിയില്‍ പെട്ട പൂര്‍വികര്‍ കുടിയേറിയതെന്ന്, ജിനോഗ്രാഫിക് പ്രോജക്ടിന്റെ ഭാഗമായി നടന്ന ജനിതകവിശകലനം വ്യക്തമാക്കി. അതുകഴിഞ്ഞാല്‍ ആ പശ്ചിമേഷ്യന്‍ ഗോത്രത്തില്‍ നിന്ന് പുതിയൊരു തായ്‌വഴി വേര്‍പിരിയുന്നത് ഏതാണ്ട് 40,000 വര്‍ഷം മുമ്പാണ്. ആ സമയത്ത് ഇറാനില്‍ അല്ലെങ്കില്‍ മധ്യേഷ്യയുടെ തെക്കന്‍ പ്രദേശത്ത് ജീവിച്ചിരുന്ന പുരുഷനില്‍ നിന്നാണ് പുതിയ തായ്‌വഴി വഴി രൂപപ്പെടുന്നത്.

പടിഞ്ഞാറ് യൂറോപ്പിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പ്, ഏതാണ്ട് 35,000 വര്‍ഷം മുമ്പ് അടുത്ത ജനിതകവ്യതികരണവും അതുവഴി അടുത്ത തായ്‌വഴിയും ഡാര്‍വിന്റെ പൂര്‍വികപാതയില്‍ രൂപപ്പെട്ടു. 30,000 വര്‍ഷം മുമ്പ് രൂപപ്പെട്ട ക്രോ-മാഗ്നോന്‍ (Cro-Magnon) ജനതയുടെ നേരിട്ടുള്ള പിന്‍ഗാമികളാണ് ഹാപ്പ്‌ലോഗ്രൂപ്പില്‍പെട്ട പുരുഷന്‍മാര്‍. നിയാണ്ടര്‍ത്തല്‍ വംശത്തിന്റെ തിരോധാനത്തിന് ശേഷം യൂറോപ്പിലാകമാനം മനുഷ്യവംശം വ്യാപിച്ചപ്പോള്‍ അതില്‍ മുന്നിട്ടു നിന്നത് ക്രോ-മാഗ്നോന്‍ ജനത.

ചാള്‍സ് ഡാര്‍വിന്‍-എമ്മ വെഡ്ജ്‌വുഡ് ദമ്പതിമാര്‍ക്ക് ജനിച്ച പത്ത് മക്കളില്‍ ഒരാളായിരുന്നു ജ്യോതിശാസ്ത്രജ്ഞന്‍ ജോര്‍ജ് ഡാര്‍വിന്‍. അദ്ദേഹത്തിന്റെ പുത്രന്‍ വില്ല്യത്തിന്റെ മകനായ ജോര്‍ജ് (എസ്‌റാസ്മസ്) ഡാര്‍വിന്റെ മകനാണ് 48-കാരനായ ക്രിസ് ഡാര്‍വിന്‍. 1986-ല്‍ ഓസ്‌ട്രേലിയയില്‍ കുടിയേറിയ ക്രിസ് ഡാര്‍വിന്‍ ബ്ലൂ മൗണ്ടന്‍ പ്രദേശത്ത് സാഹസികയാത്രയ്‌ക്കെത്തുന്നവരുടെ വഴികാട്ടിയായി പ്രവര്‍ത്തിക്കാറുണ്ട്. തന്റെ കുടുംബത്തിന്റെ യഥാര്‍ഥ കുടിയേറ്റ ചരിത്രം അറിയാനായതില്‍ താന്‍ ആവേശഭരിതനാണെന്ന് ക്രിസ് ഡാര്‍വിന്‍ പറയുന്നു.

അമ്മ വഴിയുള്ള ഡാര്‍വിന്റെ തായ്‌വഴി മനസിലാക്കാന്‍, അദ്ദേഹത്തിന്റെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. വിശകലനം ചെയ്യാനും ജിനോഗ്രാഫിക് സംഘം മറന്നില്ല. 'ഹാപ്പ്‌ലോഗ്രൂപ്പ് കെ' (Haplogroup K) യില്‍ പെട്ട സ്ത്രീകളാണ് ഡാര്‍വിന്റെ മാതൃതായ്‌വഴിയെന്നാണ് വിശകലനത്തില്‍ വ്യക്തമായത്. തെക്കന്‍ റഷ്യയിലെ കാക്കാസിയന്‍ പര്‍വതനിരകള്‍ താണ്ടി കരിങ്കടലിന് സമീപത്തെ സ്റ്റെപ്പികളിലെത്തിയ സ്ത്രീകളില്‍ പെട്ടതാണ് ഡാര്‍വിന്റെ മുതുമുതുമുത്തശ്ശി. (കടപ്പാട്: നാഷണല്‍ ജ്യോഗ്രഫിക്)

കാണുക

6 comments:

Joseph Antony said...

'45,000 വര്‍ഷം മുമ്പാണ് ഡാര്‍വിന്റെ പൂര്‍വികര്‍ ആഫ്രിക്ക വിട്ടത്'-ജിനോഗ്രാഫിക് പ്രോജക്ടിന്റെ മേധാവി ഡോ. സ്‌പെന്‍സര്‍ വെല്‍സ് പറയുന്നു. യൂറോപ്പ്യന്‍ പുരുഷന്‍മാരുടെ മുഖ്യതായ്‌വഴിയായ 'ഹാപ്പ്‌ലോഗ്രൂപ്പ് ആര്‍1ബി' (Haplogroup R1b) യിലാണ് ക്രിസ് ഡാര്‍വിന്‍ (അതുവഴി അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ ചാള്‍സ് ഡാര്‍വിനും) ഉള്‍പ്പെടുന്നതെന്ന് ജനിതകവിശകലനം വ്യക്തമാക്കി.

Cibu C J (സിബു) said...

ഇതിലെ ന്യൂസ് വാല്യുമനസ്സിലായില്ല. അയ്യായിരം രൂപ മുടക്കിയാൽ ആർക്കും ചെയ്യാവുന്ന ഒരു ടെസ്റ്റാണിത്. ഇനി കരുണാകരന്റേയും സോണിയയുടേയും മമ്മൂട്ടിയുടേയും തായ്‌വഴി തിരയുകയല്ലേ..

Joseph Antony said...

സിബു,
ശരിയാണ്, അയ്യായിരം രൂപ മുടക്കിയാല്‍ ആര്‍ക്കും നടത്താം, തായ്‌വഴികള്‍ തിരയാം. ജിനോഗ്രാഫിക് പ്രോജക്ട് മേധാവി അക്കാര്യം
ഇവിടെ വിശദീകരിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് ഡാര്‍വിന്റെ തായ്‌വഴികള്‍ക്ക് ന്യൂസ് വാല്യു നഷ്ടപ്പെടില്ലല്ലോ. പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിച്ച ആളുടെ പരിണാമവഴികള്‍ തീര്‍ച്ചയായും കൗതുകമുണര്‍ത്തുന്നു എന്നാണ് എന്റെ തോന്നല്‍. ആ തോന്നലാണ് ഈ പോസ്റ്റ് തയ്യാറാക്കാന്‍ പ്രേരണ.

Rainbow said...

very informative ,Thanks , keep posting ....

Vempally|വെമ്പള്ളി said...

നല്ല പോസ്റ്റ്, സിബൂ അറിയാവുന്ന കാര്യങ്ങള്‍ പോസ്റ്റാക്കുന്നതിന് ന്യൂസ് വാല്യൂ ഉണ്ടൊ എന്നു നോക്കേണ്ട ആവശ്യമുണ്ടൊ?

കാഡ് ഉപയോക്താവ് said...

ഒരു പക്ഷെ ഡാർവിന്റെ പരമ്പര കുരങ്ങിൽ നിന്നാണോ എന്നറിയാനായിരിക്കും !
"ഗ്രീക്ക്‌ ചിന്തകനായ അരിസ്റ്റോട്ടിൽ മനുഷ്യനെ യുക്തിബോധമുള്ള മൃഗം എന്നാണ്‌ നിർവചിച്ചതു. ആധുനിക ജീവശാസ്ത്രം മനുഷ്യന്‌ നൽകിയ നിർവചനം ഹോമോസാപിയൻന്നയുക്തിബോധമുള്ള മൃഗം- എന്നാണ്‌."
ചിന്തകന്‍ post ചെയ്തത്