ശുചിത്വത്തിന്റെ കാര്യത്തില്‍ മേനിനടിക്കുകയും മറ്റ് നാട്ടുകാരെ കളിയാക്കുകയും ചെയ്യുന്ന മലയാളിക്ക് അവന്റെ മാലിന്യം എന്തുചെയ്യണമെന്ന് അറിയാമോ. കേരളത്തില്‍ ദിവസവുമുണ്ടാകുന്ന ആയിരക്കണക്കിന് ടണ്‍ മാലിന്യത്തിന് എന്താണ് സംഭവിക്കുന്നത്-ഒരു അന്വേഷണം പതിനാല് വര്‍ഷം മുമ്പാണ്, തിരുവനന്തപുരത്തെ 'പ്രോഗ്രാം ഫോര്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍'(പി.സി.ഒ) എന്ന സ്ഥാപനത്തില്‍ ഒരു ശില്‌പശാല നടന്നു. 'നഗരമാലിന്യനിര്‍മാര്‍ജന'മായിരുന്നു വിഷയം. അന്നവിടെ സംസാരിച്ചവരില്‍ പലരും കേരളം നേരിടുന്ന രൂക്ഷമായ മാലിന്യപ്രശ്‌നത്തെക്കുറിച്ചും, അത് പരിപാലിക്കുന്നതില്‍ നമ്മള്‍ നേരിടുന്ന തികഞ്ഞ പരാജയത്തെക്കുറിച്ചും ഓര്‍മിപ്പിച്ചു. തിരുവനന്തപുരം നഗരസഭ നടത്തുന്ന മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനം സിവിശേഷമായ ഒന്നാണെന്ന് പ്രൊഫ.ആര്‍.വി.ജി.മേനോന്‍ ചൂണ്ടിക്കാട്ടി. ഒരുപക്ഷേ, ലോകത്ത് ഒരു നഗരവും അവലംബിക്കാത്ത മാര്‍ഗം. 'D & R' രീതിയെന്നാണ് അതിന് അദ്ദേഹം പേരു വിളിച്ചത്. പൂര്‍ണരൂപം-Dump & Run! തിരുവനന്തപുരം മാത്രമല്ല, കേരളത്തിലെ ഇതര നഗരസഭകളും മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളുമൊക്കെ അവലംബിക്കുന്നതും വേറെ മാര്‍ഗമായിരുന്നില്ല.
ഇത് ഒന്നരപതിറ്റാണ്ട് മുമ്പത്തെ കഥ. കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് മനസിലാക്കാന്‍, ഇതെഴുതുന്നയാള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം സംസ്ഥാനത്ത് ഒരു യാത്ര നടത്തുകയുണ്ടായി. മേനിനടിക്കലുകള്‍ സുലഭം. ഏത് പട്ടണത്തിലെ ഭരണാധികാരിയെ കണ്ടാലും അവര്‍ ഉത്സാഹപൂര്‍വം അവിടെ വരാന്‍ പോകുന്ന, അല്ലെങ്കില്‍ നടത്താനുദ്ദേശിക്കുന്ന, അതുമല്ലെങ്കില്‍ തുടങ്ങിക്കൊണ്ടിരിക്കുന്ന കോടികളുടെ മാലിന്യനിര്‍മാര്‍ജന പദ്ധതികളെപ്പറ്റി വാചാലരാകും. കൊള്ളാം, വരാന്‍ പോകുന്നത് നല്ല നാളെയാണ്. പക്ഷേ, ഇപ്പോള്‍ എന്താണ് സ്ഥിതി? അക്കാര്യം ഒന്ന് നിര്‍ബന്ധപൂര്‍വം അന്വേഷിച്ചാല്‍ ആവര്‍ത്തിക്കപ്പെടുന്നത്, ഒന്നര പതിറ്റാണ്ടു മുമ്പത്തെ കഥ തന്നെ, പ്രൊഫ.ആര്‍.വി.ജി.മേനോന്‍ പറഞ്ഞത്-എവിടെയെങ്കിലും കൊണ്ടിടുക, രക്ഷപ്പെടുക!
കൊച്ചിയുടെ കാര്യം ഉദാഹരണമായെടുക്കാം. കേരളത്തിന്റെ വാണിജ്യതലസ്ഥാനം. ഐ.ടി.ഹബ്ബാകാന്‍ കാലുനീട്ടുന്ന നഗരം. അവിടെ ചരിത്രത്തിലാദ്യമായി ഒരു മാലിന്യസംസ്‌ക്കരണപ്ലാന്റ് പരീക്ഷണാര്‍ഥം പ്രവര്‍ത്തനം ആരംഭിച്ചത് 2008 മെയ് 18-നാണ്. ബ്രഹ്മപുരത്ത്, 63 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. 21 കോടിരൂപ ചെലവ്. ഫണ്ട് 'ജവഹര്‍ലാല്‍നെഹൃ ദേശീയ നഗരപുനരുജ്ജീവന ദൗത്യ' (JNNURM)ത്തില്‍ നിന്ന്. ആന്ധ്രപ്രദേശ് ടെക്‌നോളജി ഡവലപ്‌മെന്റ് ആന്‍ഡ് പ്രൊമോഷന്‍ സെന്റര്‍ (ATDPC) ആണ് പ്ലാന്റ് നിര്‍മിച്ചത്. 'ഹിക്വിപ് ടെക്‌നോളജീസ്' (Hyquip Technologies) ഒരുവര്‍ഷം നടത്തുന്നതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നു. 400 ടണ്‍ സംസ്‌ക്കരണശേഷിയുണ്ട് പ്ലാന്റിനെന്ന് ഡെപ്യുട്ടി മേയര്‍ സി.കെ.മണിശങ്കര്‍ അറിയിക്കുന്നു. നല്ലതുതന്നെ. പക്ഷേ, ചോദ്യം അതല്ല. പരീക്ഷണാര്‍ഥം നഗരസഭ മാലിന്യസംസ്‌ക്കരണം ആരംഭിച്ചിട്ടേയുള്ളു. അത് എത്രത്തോളം വിജയിക്കും എന്ന് തെളിയാനിരിക്കുന്നതേയുള്ളു. ദിവസവും (ഓര്‍ക്കുക, മാലിന്യത്തിന് അവധിയില്ല) 250 ടണ്‍ ഖരമാലിന്യം (പ്രതിമാസം 7500 ടണ്‍) ഉണ്ടാകുന്ന കൊച്ചി ഇതുവരെ അത് എന്തുചെയ്യുകയായിരുന്നു.
ഈ ചോദ്യത്തിന് നഗരസഭാ അധികൃതര്‍ നല്‍കുന്ന മറുപടി, മാലിന്യം ഇതുവരെ 'ലാന്‍ഡ്‌ഫില്ലി'ന് ഉപയോഗിക്കുകയായിരുന്നു എന്നാണ്. വിവരമുള്ളവര്‍ ഇതുകേട്ടാല്‍ അത്ഭുതപ്പെടും. സാധാരണഗതിയില്‍, സംസ്‌ക്കരിച്ച നഗരമാലിന്യത്തില്‍ ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ (rejects-തിരസ്‌കൃത മാലിന്യങ്ങള്‍) ഭൂജലവിതാനത്തിനും ശുദ്ധജലസ്രോതസ്സുകള്‍ക്കും മലിനീകരണം ഉണ്ടാകാതിരിക്കാന്‍ പാകത്തില്‍, പ്രത്യേകരീതിയില്‍ മണ്ണിനടിയില്‍ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നതിനെയാണ് 'സാനിറ്ററി എന്‍ജിനിയേര്‍ഡ് ലാന്‍ഡ്‌ഫില്‍' എന്നു പറയുന്നത്. കേരളത്തില്‍ അങ്ങനെയൊന്ന് ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനം ഉണ്ടാക്കിയതായി ഇതുവരെ അറിവില്ല. മാലിന്യം മുഴുവനായി ആരും ഇത്തരം ലാന്‍ഡ്‌ഫില്ലിന് ഉപയോഗിക്കാറില്ല. കൊച്ചി നഗരസഭയ്‌ക്ക് അതെങ്ങനെ ഇത്രകാലവും സാധിച്ചു എന്ന് അന്വേഷിക്കുമ്പോഴാണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടുക. ഇത് നേരത്ത പറഞ്ഞ 'ഡി ആന്‍ഡ് ആര്‍' രീതിയുടെ മറ്റൊരു വകഭേദമാണ്. എവിടെയെങ്കിലും കൊണ്ടുതള്ളുകയെന്നര്‍ഥം! ഇത്തരം 'ലാന്‍ഡ്‌ഫില്ലി'ന് പിന്നില്‍ എന്തെല്ലാം താത്‌പര്യങ്ങളും അഴിമതികളും ഉണ്ടെന്നു ചികഞ്ഞാല്‍, കോടികളുടെ തലചുറ്റുന്ന കണക്കുകളാകും പുറത്തുവരിക.
കണക്കുകള്‍ കഥ പറയുന്നു
കേരളത്തില്‍ അഞ്ച് നഗരസഭകളും 53 മുനിസിപ്പാലിറ്റികളും 999 ഗ്രാമപഞ്ചായത്തുകളുമാണുള്ളത്. ഒക്കെക്കൂടി 1057 തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏറ്റവുമധികം വിദേശ-അന്യസംസ്ഥാന പര്യടനങ്ങളും പഠനയാത്രകളും നടത്തിയിട്ടുള്ളത് മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച് അറിയാനാണ്. എന്നിട്ട് പഠിച്ചോ, പരിഹരിച്ചോ? അതുമാത്രം നടന്നില്ല. ശുചിത്വത്തിന്റെ കാര്യത്തില്‍ മേനിനടിക്കുകയും മറ്റ് സംസ്ഥാനക്കാരെ കളിയാക്കുകയും ചെയ്യുന്ന മലയാളിക്ക് അവന്റെ മാലിന്യം എന്തുചെയ്യണമെന്ന് ഇത്രകാലമായിട്ടും അറിയില്ല, അല്ലെങ്കില്‍ എന്തുചെയ്യണമെന്ന് ഗൗരവമായി ആലോചിച്ചിട്ടില്ല.
'ക്ലീന്‍കേരളമിഷന്‍' സമാഹരിച്ചിട്ടുള്ള കണക്കു പ്രകാരം കേരളത്തില്‍ പ്രതിദിനമുണ്ടാകുന്ന ആളോഹരി മാലിന്യം (2006-ല്‍) 210 ഗ്രാമാണ്. നഗരസഭകളില്‍ ഇത് 465 ഗ്രാമും മുനിസിപ്പാലിറ്റികളില്‍ 268 ഗ്രാമും ഗ്രാമപഞ്ചായത്തുകളില്‍ 187 ഗ്രാമുമാണ്. 2001-ല്‍ കേരളത്തിലാകെ പ്രതിദിനം 5878 ടണ്‍ നഗരഖരമാലിന്യം സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണ് കണക്ക്. 2006-ല്‍ ഇത് 6506 ടണ്‍ ആയി. എന്നുവെച്ചാല്‍, ദിനംപ്രതിയുള്ള മാലിന്യം ഓരോ വര്‍ഷം കഴിയുന്തോറും ഏതാണ്ട് 125 ടണ്‍ എന്ന കണക്കിന് വര്‍ധിക്കുന്നു. അതനുസരിച്ച് 2008-ല്‍ കേരളത്തില്‍ ദിവസവും 6756 ടണ്‍ ഖരമാലിന്യം ഉണ്ടാകുന്നു. സംസ്ഥാനത്തുണ്ടാകുന്ന നഗരമാലിന്യത്തില്‍ ഏതാണ്ട് 85 ശതമാനംവരെ ജൈവമാലിന്യമാണ്. ജീര്‍ണിച്ചു നശിക്കുന്നതും, പ്രകൃതിയോട് ചേരുന്നതും. എട്ടു മുതല്‍ ഒന്‍പത് ശതമാനം വരെ പ്ലാസ്റ്റിക്കും നൈലോണ്‍തുണികളും മറ്റും. അത് അജീര്‍ണം. ബാക്കിയുള്ളതില്‍ കുപ്പി,ടയര്‍, ഫ്യൂസായ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, വിഷമയമായ രാസവസ്‌തുക്കള്‍ മുതലായവയൊക്കെ ഉള്‍പ്പെടുന്നു.
മാലിന്യത്തിന്റെ ഉള്ളടക്കമെന്തെന്ന് മനസിലാക്കി, അവയെ ഉത്ഭവസ്ഥാനത്തുതന്നെ (വീടുകള്‍, ഹോട്ടലുകള്‍, ഹോസ്‌പിറ്റലുകള്‍, പാര്‍ക്കുകള്‍, റെയില്‍വെസ്റ്റേഷനുകള്‍, ബസ്റ്റാന്റുകള്‍, കമ്പോളങ്ങള്‍, കല്ല്യാണമണ്ഡപങ്ങള്‍ തുടങ്ങിയിടത്ത്) വേര്‍തിരിച്ചു ശേഖരിക്കുക എന്നതാണ് മാലിന്യപരിപാലനത്തില്‍ ഏറ്റവും പ്രധാനം. ഇതാണ് ആദ്യഘട്ടം. വീടുകളില്‍നിന്ന് ഏറ്റെടുക്കുന്ന മാലിന്യം, വെവ്വേറെ അറകളുള്ള വാഹനത്തില്‍ ജീര്‍ണിക്കുന്നവയും അല്ലാത്തവയും എന്ന് പ്രത്യേകം ശേഖരിച്ച്, സംസ്‌ക്കരണകേന്ദ്രത്തില്‍ എത്തിക്കുകയാണ് രണ്ടാംഘട്ടം. തുറസ്സായ വണ്ടികളില്‍ മാലിന്യം കൊണ്ടുപോകാന്‍ പാടില്ല. മാലിന്യം വെറുംകൈകൊണ്ട് തൊടാനും പാടില്ല. സംസ്‌ക്കരണകേന്ദ്രത്തില്‍ എത്തിക്കുന്നതില്‍ ജീര്‍ണിക്കുന്ന ജൈവാവശിഷ്ടങ്ങളെ കംപോസ്‌റ്റ്, ബയോഗ്യാസ്, ഗ്യാസുപയോഗിച്ചുള്ള വൈദ്യുതിയൊക്കെയാക്കി മാറ്റുന്നതാണ് മൂന്നാംഘട്ടം. ആ പ്രക്രിയയ്‌ക്ക് ദിവസങ്ങളും ആഴ്‌ചകളും എടുക്കും. (കംപോസ്‌റ്റാകാന്‍ കുറഞ്ഞത് 30-40 ദിവസം വേണം). എന്നിട്ടും ജീര്‍ണിക്കാതെ അവശേഷിക്കുന്ന തിരസ്‌കൃത മാലിന്യങ്ങളെ സാനിറ്ററി എന്‍ജിനിയേര്‍ഡ് ലാന്‍ഡ്‌ഫില്ലാക്കി ജലസ്രോതസ്സുകള്‍ക്കോ മണ്ണിനോ പ്രകൃതിക്കോ ദോഷമില്ലാത്ത രീതിയില്‍ മറവുചെയ്യുന്നതാണ് നാലാംഘട്ടം.
എല്ലാദിവസവും ആവര്‍ത്തിക്കേണ്ട പ്രക്രിയയാണിത്. ഒരുദിവസം പോലും അവധി പാടില്ല. എങ്കില്‍ മൊത്തം താളംതെറ്റും. അതിനുള്ള കൃത്യമായ പ്ലാനിങും സംവിധാനവും കൂടിയേ തീരൂ. ഇത്രയും കാര്യങ്ങള്‍ ക്രമമായും സ്ഥിരമായും കാര്യക്ഷമതയോടെ നിര്‍വഹിക്കപ്പെടുന്നിടത്തേ, മാലിന്യനിര്‍മാര്‍ജനം ശരിയായി നടക്കുന്നു എന്നു പറയാനാകൂ. മേല്‍പ്പറഞ്ഞ ഘട്ടങ്ങളില്‍ എവിടെയെങ്കിലും തടസ്സമുണ്ടെങ്കില്‍-മാലിന്യം വേര്‍തിരിച്ച് ലഭിക്കുന്നില്ലെങ്കില്‍, വീടികളില്‍നിന്ന് ഒരുദിവസം ശേഖരിക്കാതിരുന്നാല്‍, സംസ്‌ക്കരണശാലയിലേക്ക് പോകുന്നത് ഒരുദിവസം മുടങ്ങിയാല്‍, സംസ്‌ക്കരണപ്രകിയ ഒരുദിവസം വൈകിയാല്‍, തിരസ്‌കൃത മാലിന്യങ്ങളെ ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നില്ലെങ്കില്‍-എങ്കില്‍ മൊത്തം സംവിധാനവും താളം തെറ്റും. 200 ടണ്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ മാത്രം ആള്‍ശേഷിയും സംസ്‌ക്കരണശേഷിയുമുള്ള ഒരു പട്ടണത്തില്‍ ഒറ്റദിവസംകൊണ്ട് അതിന്റെ ഇരട്ടി കൈകാര്യം ചെയ്യുക എളുപ്പമാവില്ലല്ലോ. ഇക്കാര്യങ്ങള്‍ കൃത്യമായി സാധിക്കുന്നില്ലെങ്കില്‍, എത്രവിദേശ യാത്ര നടത്തിയിട്ടും കോടികളുടെ പ്ലാന്റ് സ്ഥാപിച്ചിട്ടും കാര്യമില്ല. (അടുത്ത ലക്കം: കേരളത്തില്‍ സംഭവിക്കുന്നത്).
3 comments:
മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. ഏത് പട്ടണത്തിലെ ഭരണാധികാരിയെ കണ്ടാലും അവര്‍ ഉത്സാഹപൂര്‍വം, അവിടെ വരാന്‍ പോകുന്ന അല്ലെങ്കില്‍ നടത്താനുദ്ദേശിക്കുന്ന, അല്ലെങ്കില്‍ തുടങ്ങിക്കൊണ്ടിരിക്കുന്ന കോടികളുടെ മാലിന്യനിര്‍മാര്‍ജന പദ്ധതികളെപ്പറ്റി വാചാലരാകും. കൊള്ളാം, വരാന്‍ പോകുന്നത് നല്ല നാളെയാണ്. പക്ഷേ, ഇപ്പോള്‍ എന്താണ് സ്ഥിതി? അക്കാര്യം ഒന്ന് നിര്‍ബന്ധപൂര്‍വം അന്വേഷിച്ചാല്‍ ആവര്‍ത്തിക്കപ്പെടുന്നത്, ഒന്നര പതിറ്റാണ്ടു മുമ്പത്തെ കഥ തന്നെ, പ്രൊഫ.ആര്‍.വി.ജി.മേനോന്‍ പറഞ്ഞത്-Dump & Run (D&R Method), എവിടെയെങ്കിലും കൊണ്ടിടുക, രക്ഷപ്പെടുക!
നല്ല ലേഖനം മാഷേ... മാലിന്യ വിമുക്ത കേരളം എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും ഒരു വ്യത്യാസവും ഇതു വരെ കണ്ടിട്ടില്ല.
എല്ലാദിവസവും ആവര്‍ത്തിക്കേണ്ട പ്രക്രിയയാണിത്. ഒരുദിവസം പോലും അവധി പാടില്ല. എങ്കില്‍ മൊത്തം താളംതെറ്റും.ha ha inkerala we dont haver enough time to make harthals and strikes...
Post a Comment