Monday, April 07, 2008

ഉറുമ്പുകള്‍ കാലാവസ്ഥ പ്രവചിക്കുമ്പോള്‍

ശാന്തസമുദ്രത്തില്‍ ശക്തിപ്പെട്ടിരിക്കുന്ന ലാനിനാ എന്ന കാലാവസ്ഥാ പ്രതിഭാസത്തിനും എന്റെ മുറിയിലുണ്ടായ ഉറുമ്പുശല്യത്തിനും തമ്മിലെന്താണ്‌ ബന്ധം. പൊരിവേനലില്‍ പെരുമഴ വരുന്ന കാര്യം ഉറുമ്പുകള്‍ നേരത്തെയറിഞ്ഞിരുന്നു എന്നുവേണം കരുതാന്‍.


മാര്‍ച്ച്‌ രണ്ടാമത്തെ ആഴ്‌ചയിലായിരുന്നു അത്‌. പാലക്കാട്ട്‌ ഞാന്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ തുണിയിടുന്ന അയയില്‍ ഉറുമ്പുകള്‍ ജാഥയായി പ്രത്യക്ഷപ്പെട്ടു. പുറംഭിത്തിയുടെ ഭാഗത്തുനിന്നാണ്‌ വരവ്‌. നാലുമീറ്റര്‍ നീളമുള്ള അയച്ചരടിന്‌ മുകളിലൂടെ ഒരുതരം വേവലാതിയോടെ ധൃതിപിടിച്ച്‌ പോകുന്ന അവയെല്ലാം വീട്ടിനുള്ളിലെ ഭിത്തിയിലെ ചെറുസുക്ഷിരത്തില്‍ അപ്രത്യക്ഷരാകുന്നു. അയയിലെ മുഷിഞ്ഞ തുണികളാകാം അവറ്റയെ ആകര്‍ഷിക്കുന്നതെന്ന്‌ ആദ്യം കരുതി. വസ്‌ത്രങ്ങളെല്ലാം മാറ്റിയിട്ടു നോക്കി. എന്നിട്ടും ഉറുമ്പുകളുടെ തത്രപ്പാടിന്‌ അയവില്ല. വീട്ടിനുള്ളിലേക്ക്‌ വരുന്നവയുടെയെല്ലാം പക്കല്‍ ധാന്യശകലങ്ങളുണ്ട്‌. സുക്ഷിരത്തില്‍നിന്ന്‌ തിരികെ ഇറങ്ങിപ്പോകുന്നവര്‍ കൈയുംവീശി പോകുന്നു. ഭക്ഷണം സംഭരിക്കുകയാണവിടെ. ധൃതിപിടിച്ചുള്ള ആ സംഭരണമഹാമഹം മൂന്നുദിവസം തുടര്‍ന്നു. നാലാംദിവസം ഒറ്റ ഉറുമ്പിനെയും കണ്ടില്ല. അയ ഒഴിഞ്ഞുകിട്ടി. വസ്‌ത്രങ്ങള്‍ വീണ്ടും അവിടെ സ്ഥാനംപിടിച്ചു.

കൊടുംചൂടിന്റെ ഏപ്രിലിനെ വരവേല്‍ക്കാന്‍ മാര്‍ച്ച്‌ മാസം പ്രകൃതിയ തപപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഉറുമ്പുകള്‍ ഭക്ഷണം ശേഖരിക്കാന്‍ കാട്ടുന്ന ഈ ധൃതിയെപ്പറ്റി ഞാനാലോചിച്ചു. കോഴിക്കോട്ട്‌ മുമ്പ്‌ വാടകയ്‌ക്കു താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ ഉറുമ്പുനിരീക്ഷണം ചെറിയ തോതില്‍ നടത്തിയിരുന്നു (നല്ല രസമുള്ള ഏര്‍പ്പാടാണ്‌, അല്‍പ്പം അകന്നുനിന്ന്‌ വേണം നിരീക്ഷണം എന്നുമാത്രം. ഉറുമ്പുകടി അത്ര സുഖമുള്ള ഏര്‍പ്പാടല്ലല്ലോ). വേനലില്‍ മഴയ്‌ക്ക്‌ ഒരു സാധ്യതയുമില്ലാത്ത സമയത്ത്‌ ഉറുമ്പുകള്‍ ഇങ്ങനെ ധൃതിപിടിച്ച്‌ ധാന്യശേഖരണം നടത്തിയാല്‍, പെരുമഴ അടുത്തിരിക്കുന്നു എന്നതിന്റെ സൂചനയായി അത്‌ കണക്കാക്കാം. മൂന്നുവര്‍ഷം മുമ്പാണെന്ന്‌ ഓര്‍മ, മെയ്‌ ആദ്യവാരം വീട്ടിലാകെ ഉറുമ്പുകള്‍ പ്രത്യക്ഷപ്പെടുകയും കൈയില്‍ കിട്ടുന്നതൊക്കെ അരിക്കുകയും ചെയ്‌തതുകണ്ട്‌ ഭാര്യ പൊറുതിമുട്ടി. ഉറുമ്പുകളുടെ തത്രപ്പാട്‌ കണ്ടപ്പോള്‍ ഇടവപ്പാതി നേരത്തെ പെയ്യും എന്നതിന്റെ സൂചനയാകാം അതെന്ന്‌ ഞാന്‍ ഭാര്യയോട്‌ പറഞ്ഞു. ആ മെയ്‌ 19-ന്‌ മഴ തുടങ്ങി. അന്തംവിട്ടുപോയ കാലാവസ്ഥാ വകുപ്പിന്‌, പക്ഷേ, പെയ്യുന്നത്‌ ഇടവപ്പാതിയാണെന്ന്‌ സ്ഥിരീകരിക്കാന്‍ പിന്നെയും ഒരാഴ്‌ച വേണ്ടിവന്നു.

ഈ മാര്‍ച്ച്‌ രണ്ടാംവാരത്തില്‍ ഉറുമ്പുകള്‍ മൂന്നുദിവസം പൊറുതിമുട്ടിച്ചതിന്റെ കാരണം മനസിലാക്കാന്‍ അധികനാള്‍ കാക്കേണ്ടി വന്നില്ല. ഇടവപ്പാതിയെ തോല്‍പ്പിക്കുംപോലുള്ള വേനല്‍മഴ, തുലാവര്‍ഷമെന്നു തോന്നുംവിധം ഇടിമിന്നലോടെ കേരളത്തില്‍ പെയ്‌തിറങ്ങി. കാലാവസ്ഥാവകുപ്പിന്‌ ഒരു പ്രവചനത്തിനും ഇടകൊടുക്കാതെയായിരുന്നു വരവ്‌. കൊയ്‌ത്തിനായി കാത്തുകിടന്ന നെല്‍പ്പാടങ്ങള്‍ക്കും കാര്‍ഷികമേഖലയ്‌ക്കും മഴ ശരിക്കും ഇടിത്തീയായി. റിക്കോഡ്‌ വേനല്‍മഴയായിരുന്നു ഇത്തവണത്തേത്‌. മാര്‍ച്ച്‌ ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ കേരളത്തില്‍ ലഭിക്കുന്ന ശരാശരി മഴ 1.8 സെന്റീമീറ്ററാണ്‌. ഇത്തവണ പക്ഷേ, അതിന്റെ ഏതാണ്ട്‌ ആറിരട്ടി മഴ (10.3 സെന്റീമീറ്റര്‍) പെയ്‌തു. തിരുവനന്തപുരം നഗരത്തില്‍ മാത്രം മാര്‍ച്ച്‌ 23-ന്‌ 24 മണിക്കൂറില്‍ പെയ്‌ത മഴയുടെ അളവ്‌ 8.4 സെന്റീമീറ്ററാണ്‌. ഇതിന്‌ മുമ്പ്‌ മാര്‍ച്ചില്‍ ഇത്തരമൊരു കനത്തപെയ്‌ത്ത്‌ 62 വര്‍ഷം മുമ്പാണുണ്ടായത്‌; 1946 മാര്‍ച്ച്‌ 16-ന്‌. അന്ന്‌ 24 മണിക്കൂര്‍കൊണ്ട്‌ തലസ്ഥാനനഗരിയില്‍ എട്ടുസെന്റീമീറ്റര്‍ മഴ പെയ്‌തു. (ആര്‍.ലക്ഷ്‌മി നാരായണന്‍, മാതൃഭൂമി, 2008 മാര്‍ച്ച്‌ 31).

അറബിക്കടലിലുണ്ടായ അസാധാരണമായ ന്യൂനമര്‍ദമാണ്‌ കനത്ത വേനല്‍മഴയ്‌ക്ക്‌ നിദാനമെന്ന്‌ കാലാവസ്ഥാവകുപ്പ്‌ പറയുന്നു. ശരിയാണ്‌. പക്ഷേ, എന്തുകൊണ്ട്‌ ഇത്തരമൊരു ന്യൂനമര്‍ദം ഈ വേനലില്‍? ഈ ചോദ്യത്തിന്‌ ഉത്തരം തേടുമ്പോഴാണ്‌, 2007 ആഗസ്‌ത്‌ മുതല്‍ ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചുവരുന്ന ഒരു തണുപ്പന്‍ കാലാവസ്ഥാപ്രതിഭാസം പരിഗണനയ്‌ക്കെത്തുന്നത്‌. കഴിഞ്ഞ 56 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത 'ലാനിനാ'(La Nina) പ്രതിഭാസം ശാന്തസമുദ്രമേഖലയില്‍ ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്‌. ശാന്തസമുദ്രോപരിതലത്തെ അകാരണമായി തണുപ്പിക്കുന്ന പ്രതിഭാസമാണിത്‌. ആറുമാസമായി ശാന്തസമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത്‌ ശരാശരിയിലും 0.5 ഡിഗ്രി സെല്‍സിയസ്‌ കുറവാണ്‌ താപനില. ആഗോളകാലാവസ്ഥയാകെ തകിടം മറിക്കാന്‍ ശേഷിയുള്ള പ്രതിഭാസമാണിത്‌. മഴപെയ്യേണ്ടിടത്ത്‌ വരള്‍ച്ചയുണ്ടാകും. നല്ല വേനലും ചൂടും അനുഭവപ്പെടേണ്ട ഇടങ്ങളില്‍ മഞ്ഞും മഴയും നാശംവിതയ്‌ക്കും. കേരളത്തിലെ പെരുമഴയ്‌ക്കു പിന്നിലും ലാനിനായുടെ സ്വാധീനം ഉണ്ടെന്നു വേണം അനുമാനിക്കാന്‍.

ലാനിനായുടെ സ്വാധീനഫലമായി ഈ വര്‍ഷം ആഗോളതാപനിലയില്‍ നേരിയ കുറവുണ്ടാകുമെന്ന്‌ 'ലോക കാലാവസ്ഥാസംഘടന' (WMO)യുടെ മേധാവി മൈക്കല്‍ ജറൗഡ്‌ കഴിഞ്ഞ ദിവസം പ്രസ്‌താവിക്കുകയുണ്ടായി. 2008-ന്റെ ആദ്യപകുതി മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന്‌ പ്രതീക്ഷിക്കുന്ന ഈ കാലാവസ്ഥാ പ്രതിഭാസത്തിന്റെ തിക്തഫലങ്ങള്‍ ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ അനുഭവിച്ചു തുടങ്ങിയതായും ജറൗഡ്‌ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ അടുത്തയിടെയുണ്ടായ പേമാരി ഉദാഹരണം.

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഞ്ഞുവീഴ്‌ചയ്‌ക്കും ഹിമക്കാറ്റിനും ചൈന ഇരയായതും ലാനിനാ മൂലമാണെന്നു വിദഗ്‌ധര്‍ പറയുന്നു. കഴിഞ്ഞ ജനവരിയില്‍ മധ്യ-തെക്കന്‍ ചൈനയിലെ 19 പ്രവിശ്യകള്‍ അതിശക്തമായ മഞ്ഞുവീഴ്‌ചയ്‌ക്ക്‌ ഇരയായി. അതുമൂലം ജനവരിയില്‍ മാത്രം രാജ്യത്ത്‌ 60 പേര്‍ മരിച്ചു. 18 ലക്ഷം പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നു. സിവില്‍ അഫയേഴ്‌സ്‌ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഞ്ഞുവീഴ്‌ച ചൈനയിലുണ്ടാക്കിയത്‌ 750 കോടി ഡോളറിന്‌ (30,000 കോടിരൂപ) സമാനമായ നാശനഷ്ടമാണ്‌. (വേനല്‍മഴ മൂലമുണ്ടായ നാശനഷ്ടം നേരിടാന്‍ കേരളം കേന്ദ്രത്തോട്‌ ചോദിച്ചത്‌ 150 കോടിരൂപാ സഹായമെന്ന്‌ ഏപ്രില്‍ ആറിന്റെ പത്രങ്ങള്‍).

എന്നുവെച്ചാല്‍, ശാന്തസമുദ്രത്തില്‍ ശക്തിപ്പെട്ട ആ കാലാവസ്ഥാ പ്രതിഭാസത്തിനും ചൈനയിലെ മഞ്ഞുവീഴ്‌ചയ്‌ക്കും എന്റെ മുറിയിലൂണ്ടായ ഉറുമ്പുശല്യത്തിനും തമ്മില്‍ ബന്ധമുണ്ടെന്നു സാരം. പെരുമഴ വരുന്നു എന്നത്‌ ഉറുമ്പുകള്‍ നേരത്തെ മനസിലാക്കിയതിന്റെ പ്രതിഫലനമായിരുന്നു ഞാന്‍ മൂന്നുദിവസം കണ്ടതും നിരീക്ഷിച്ചതും.

'ചെറിയ പെണ്‍കുട്ടി'യും വലിയ പ്രശ്‌നങ്ങളും
'ലാനിനാ'യെന്നാല്‍ സ്‌പാനിഷ്‌ഭാഷയില്‍ 'ചെറിയ പെണ്‍കുട്ടി'യെന്നാണ്‌ അര്‍ഥം. ഇത്തവണത്തേതുപോലെ മറ്റൊരു റിക്കോഡ്‌ വേനല്‍മഴ ദക്ഷിണേന്ത്യയില്‍ പെയ്‌തത്‌ 1984-ലാണ്‌. അത്‌ മറ്റൊരു ലാനിനാക്കാലത്തായിരുന്നു. ആ ഫിബ്രവരി, മാര്‍ച്ച്‌ കാലയളവില്‍ കേരളത്തില്‍ യഥാക്രമം 469 ശതമാനവും, 131 ശതമാനവും അധികം മഴ ലഭിച്ചു. അതിന്റെ പിറ്റേ വര്‍ഷമാണ്‌ (1985) ശാന്തസമുദ്രത്തിലെ തണുപ്പന്‍ പ്രതിഭാസത്തിന്‌ 'ലാനിനാ'യെന്ന്‌ പേര്‌ ലഭിച്ചത്‌. 'ചെറിയ പെണ്‍കുട്ടി'യെന്നാണ്‌ പേരെങ്കിലും, ലോകത്ത്‌ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷി ഈ പ്രതിഭാസത്തിനുണ്ട്‌. യഥാര്‍ഥത്തില്‍ ലാനിനാ എന്താണെന്ന്‌ മനസിലാക്കണമെങ്കില്‍, ഇതിന്റെ വിപരീത പ്രതിഭാസമായ 'എല്‍നിനോ'(El Nino) എന്താണെന്നുകൂടി അറിയണം.

മൂന്നു മുതല്‍ ഏഴുവര്‍ഷംവരെ നീളുന്ന ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ്‌ എല്‍ നിനോ രൂപപ്പെടുക. 'എല്‍നിനോ സതേണ്‍ ഓസിലേഷന്‍'(ENSO) എന്നാണ്‌ ഈ പ്രതിഭാസത്തിന്റെ പൂര്‍ണനാമം. ആഗോള കാലാവസ്ഥയാകെ തകിടം മറിക്കാന്‍ എല്‍ നിനോയ്‌ക്ക്‌ കഴിയും. എല്‍ നിനോക്കാലത്ത്‌ ഭൂമിയുടെ ചുറ്റളവിന്റെ അഞ്ചിലൊന്ന്‌ വരുന്ന ഭാഗത്ത്‌ (യൂറോപ്പ്‌ ഭൂഖണ്ഡത്തിന്റത്ര വിസ്‌തൃതിയില്‍) ശാന്തസമുദ്രോപരിതലം അകാരണമായി ചൂടുപിടിക്കാനാരംഭിക്കും. മേഖലയില്‍ കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ട്‌ വീശുന്ന വാണിജ്യവാതങ്ങള്‍ (Trade winds) നിലയ്‌ക്കുകയോ ദുര്‍ബലമാവുകയോ ചെയ്യും. അതിന്‌ പകരം, എതിര്‍ദിശയിലേക്കുള്ള കാറ്റിന്റെ ശക്തിവര്‍ധിക്കും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, ആ കാറ്റിന്റെ തള്ളലിന്‌ വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന്‌ സമീപത്തേക്കു നീങ്ങും. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും. അവിടെനിന്ന്‌ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകും.

അങ്ങനെ എല്‍നിനോയുടെ തിക്തഫലം ആദ്യം അനുഭവിക്കേണ്ടിവരിക പെറുവിലെ മുക്കുവരാണ്‌. ക്രിസ്‌മസ്‌ കാലത്താണ്‌ ഈ ചൂടന്‍പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത്‌ എന്നതിനാല്‍, 'ഉണ്ണിയേശു' അഥവാ 'ചെറിയ ആണ്‍കുട്ടി' എന്ന്‌ സ്‌പാനിഷില്‍ അര്‍ത്ഥം വരുന്ന 'എല്‍നിനോ' എന്ന പേര്‌ അതിന്‌ നല്‍കിയത്‌ പെറുവിലെ മുക്കുവരാണ്‌; പത്തൊന്‍പതാം നൂറ്റാണ്ടില്‍. 13000 വര്‍ഷം മുമ്പും എല്‍ നിനോ രൂപപ്പെട്ടിരുന്നു എന്നതിന്‌ പെറുവിന്റെ തീരത്തുനിന്ന്‌ ഭൗമശാസ്‌ത്രജ്ഞര്‍ക്ക്‌ തെളിവു ലഭിച്ചിട്ടുണ്ട്‌. പക്ഷേ, ഏറ്റവും ശക്തമായ എല്‍നിനോകള്‍ രൂപപ്പെട്ടത്‌ ഇരുപതാം നൂറ്റാണ്ടിലാണ്‌. ഇരുപതാംനൂറ്റാണ്ടില്‍ 23 തവണ എല്‍ നിനോ പ്രത്യക്ഷപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ എല്‍നിനോ എന്നറിയപ്പെടുന്നത്‌ 1997-1998 കാലത്തേതാണ്‌. ലോകത്താകെ 2100 പേരുടെ മരണത്തിനും 3300 കോടി ഡോളറിന്റെ(148500കോടി രൂപ) നാശനഷ്ടങ്ങള്‍ക്കും ആ എല്‍നിനോ കാരണമായി.

ഇന്ത്യന്‍മണ്‍സൂണിന്റെയും താളംതെറ്റിക്കാന്‍ എല്‍നിനോയ്‌ക്കും ലാനിനായ്‌ക്കും കഴിയും. ഇന്ത്യയില്‍ കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന പഠനറിപ്പോര്‍ട്ട്‌ 2006 സപ്‌തംബര്‍ എട്ടിന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റീരിയോളജി'യിലെ ഡോ.കെ.കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌.

എല്‍നിനോയുടെ വിപരീത പ്രതിഭാസമാണ്‌ ലാനിനാ അഥവാ ചെറിയ പെണ്‍കുട്ടി. എല്‍നിനോ ശമിച്ചുകഴിഞ്ഞാള്‍ ചില കാലത്ത്‌ ലാനിനാ ശക്തിപ്രാപിക്കും. 2007-ല്‍ അത്ര ശക്തമല്ലാത്ത ഒരു എല്‍നിനോ രൂപപ്പെട്ടിരുന്നു. അതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ ലാ നിനാ ശക്തിപ്രാപിച്ചിരിക്കുന്നത്‌. ഈ നൂറ്റാണ്ടിലെ ആദ്യ ലാ നിനായാണിത്‌. ഇരുപതാം നൂറ്റാണ്ടില്‍ 23 തവണ എല്‍നിനോ പ്രത്യക്ഷപ്പെട്ടപ്പോള്‍, 15 തവണ ലാ നിനാ ശക്തിപ്രാപിച്ചു. എല്‍ നിനോക്കാലത്ത്‌ പേമാരിയും ദുരിതവുമുണ്ടായിടത്ത്‌ ലാനിനാക്കാലത്ത്‌ കൊടിയ വരള്‍ച്ചയായിരിക്കും. അല്ലാത്തിടങ്ങളില്‍ നേരെ തിരിച്ചും.

എല്‍നിനോയും ലാനിനായും എന്തുകൊണ്ടുണ്ടാകുന്നു എന്നത്‌ ശാസ്‌ത്രലോകത്തിന്‌ ഇനിയും പിടികിട്ടാത്ത പ്രഹേളികയാണ്‌. ഒരുകാര്യം വാസ്‌തവമാണ്‌; ഈ പ്രതിഭാസങ്ങളുടെ തോതും ശക്തിയും വര്‍ധിച്ചത്‌ സമീപകാലത്താണ്‌. ആഗോളതാപനത്തിന്റെ തോതു വര്‍ധിച്ചതും പോയ നൂറ്റാണ്ടിലാണ്‌. ഇത്‌ യാദൃശ്ചികമല്ലെന്ന്‌ ചില വിദഗ്‌ധര്‍ കരുതുന്നു. ആഗോളതാപനം മൂലം ഭൗമാന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍, ഭൂമി സ്വന്തം നിലയ്‌ക്ക്‌ അത്‌ പുനക്രമീകരിക്കാന്‍ ശ്രമിക്കും. ഈ പുനക്രമീകരണമാണ്‌ എല്‍നിനോയുടെയും ലാനിനായുടെയും രൂപത്തില്‍ നടക്കുന്നതെന്ന്‌ കരുതുന്നവരുണ്ട്‌. അത്‌ ശരിയാണെങ്കില്‍, ആഗോളതാപനം നേരിടുന്നതിലൂടെയേ ഇത്തരം കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പ്രഹരശേഷി കുറയ്‌ക്കാന്‍ കഴിയൂ.

'കാലാവസ്ഥാവ്യതിയാനം ആരോഗ്യത്തിന്‌ ഹാനികരം'
ഇതൊരു പിന്‍കുറിപ്പാണ്‌. ഇന്ന്‌ ഏപ്രില്‍ ഏഴാണ്‌-'ലോകാരോഗ്യദിനം'. ഇത്തവണത്തെ വിഷയം 'കാലാവസ്ഥാവ്യതിയാനം ആരോഗ്യത്തിനും നന്നല്ല' എന്നതാണ്‌. അസാധാരണമായ വേനല്‍മഴയ്‌ക്കിരയായ കേരളത്തില്‍ ഈ വിഷയത്തിനിപ്പോള്‍ വളരെ പ്രാധാന്യമുണ്ട്‌. ചൂടുകാലത്ത്‌ മഴപെയ്യുന്നത്‌ കൊതുകിന്‌ പെരുകാന്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നു. ചൂടും ഈര്‍പ്പവും ഒന്നിച്ചു വര്‍ധിക്കുന്നത്‌ വിവിധ രോഗാണുക്കള്‍ക്ക്‌ പെരുകാനുള്ള അവസരവും ഒരുക്കിക്കൊടുക്കുന്നു. അങ്ങനെയെങ്കില്‍, കൃഷിനാശംകൊണ്ടു മാത്രം ഈ വേനല്‍മഴയുടെ കെടുതി സംസ്ഥാനത്ത്‌ അവസാനിച്ചേക്കില്ല എന്നുവേണം കരുതാന്‍. ഡെങ്കിപ്പനി, കോളറ, ചിക്കുന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികളും നമ്മളെ കാത്തിരിക്കുകയല്ലേ എന്നാണ്‌ ആശങ്ക.

രണ്ടുവര്‍ഷമേ ആയുള്ളു കേരളത്തില്‍ ചിക്കുന്‍ഗുനിയ പടരാന്‍ തുടങ്ങിയിട്ട്‌. ഇത്രകാലവും കാണാത്ത മഹാമാരികള്‍, പ്രത്യേകിച്ചും കൊതുകു പരത്തുന്നവ, പെട്ടന്ന്‌ പ്രത്യക്ഷപ്പെടുന്നത്‌, കാലാവസ്ഥാവ്യതിയാനത്തിന്റെ ആദ്യസൂചനയാണെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കില്‍, തെക്കന്‍കേരളത്തെ വേട്ടയാടിയ, ഇപ്പോള്‍ മലബാറില്‍ ആരംഭിച്ചിട്ടുള്ള ചിക്കുന്‍ഗുനിയ തീര്‍ച്ചയായും ഒരു സൂചനയാണ്‌, ആഗോളതാപനം കേരളത്തെ നേരിട്ടു ബാധിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നതിന്റെ. (അവലംബം:WMO,WHO,NOAA).
കാണുക: വരുന്നത്‌ പെരുമഴക്കാലം
ഭൂമിക്കു പനി; കേരളത്തിനും
എല്‍ നിനോ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍

8 comments:

Joseph Antony said...

അറബിക്കടലിലുണ്ടായ അസാധാരണമായ ന്യൂനമര്‍ദമാണ്‌ കനത്ത വേനല്‍മഴയ്‌ക്ക്‌ നിദാനമെന്ന്‌ കാലാവസ്ഥാവകുപ്പ്‌ പറയുന്നു. ശരിയാണ്‌. പക്ഷേ, എന്തുകൊണ്ട്‌ ഇത്തരമൊരു ന്യൂനമര്‍ദം ഈ വേനലില്‍? ഈ ചോദ്യത്തിന്‌ ഉത്തരം തേടുമ്പോഴാണ്‌, 2007 ആഗസ്‌ത്‌ മുതല്‍ ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചുവരുന്ന ഒരു തണുപ്പന്‍ കാലാവസ്ഥാപ്രതിഭാസം പരിഗണനയ്‌ക്കെത്തുന്നത്‌. കഴിഞ്ഞ 56 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത 'ലാ നിനാ'(La Nina) പ്രതിഭാസം ശാന്തസമുദ്രമേഖലയില്‍ ഇപ്പോള്‍ ശക്തിപ്പെട്ടിരിക്കുകയാണ്‌.

ബയാന്‍ said...

വളരെ താല്പര്യത്തോടെ വായിച്ചു, നല്ല വിവരണം.

ഇനി കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും തവളകളെ സ്വതന്ത്രരാ‍ക്കാം.

കണ്ണൂരാന്‍ - KANNURAN said...

നല്ലൊരു പോസ്റ്റ്. ഉറുമ്പുകള്‍ക്കും മറ്റു ജീവികള്‍ക്കും ഇത്തരം കഴിവുണ്ടെന്നതില്‍ സംശയം വേണ്ട. ലാനിനയും എല്‍നിനോയുമൊക്കെ ശരിക്കും മനസ്സിലാക്കാന്‍ സാധിച്ചു. നന്ദി.

കുഞ്ഞന്‍ said...

കൌതകത്തോടെ വായിച്ചൂ...

പിന്നെ ഈ വിഷയത്തില്‍ നിന്നും അല്പം മാറി, പണ്ടു പണ്ട് ഈ കാലാവസ്ഥ വകുപ്പൊന്നുമില്ലാത്ത കാലത്ത് കൃത്യമായി ഞാറ്റു വേലയും വേലിയേറ്റവും വേലിയെറക്കവും, സൂര്യചന്ദ്ര ഗ്രഹണങ്ങള്‍, ഇടവപ്പാതിയും എന്തിനു വേണ്ട സൂര്യോദയവും അസ്തമയ സമയങ്ങളും പറഞ്ഞിരുന്നില്ലെ (പഞ്ചാഗം).പറഞ്ഞു വരുന്നത് ഈ കഴിവുകള്‍ മനുഷ്യനിലും ഉണ്ടായിരുന്നുവെന്നല്ലെ സൂചിപ്പിക്കുന്നത്?

Vanaja said...

കാലാവസ്ഥാ വ്യതിയാനം മനസ്സിലാകി ഉറുമ്പുകള്‍ നേരത്തെ ആഹാരസംഭരണം തുടങ്ങി. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള എന്തേലും നടപടികള്‍ നമ്മള്‍ മനുഷ്യര്‍ തുടങ്ങിയോ ആവോ?

ശ്രീ said...

കൌതുകകരം... വിജ്ഞാനപ്രദം.
:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല പോസ്റ്റ് . കുറേപ്പേര്‍ കൂടി വായിച്ചിരുന്നെങ്കില്‍...

deepam said...

അല്ലയോ മനുഷ്യരേ, നിങ്ങള്‍ ഉറുബുകളേ കണ്ട് പഠിക്കു.