Monday, April 28, 2008

മനുഷ്യന്‌ ആഫ്രിക്കയില്‍ സംഭവിച്ചത്‌

മാനവചരിത്രത്തില്‍ മൂന്നില്‍രണ്ട്‌ ഭാഗവും മനുഷ്യന്‍ ആഫ്രിക്കയില്‍ കഴിഞ്ഞു. അതിനിടെ, അവന്‍ വംശനാശത്തിന്റെ വക്കിലെത്തി. ഏതാണ്ട്‌ രണ്ട്‌ വര്‍ഗങ്ങളായി പിരിയുന്നിടംവരെ പോലും കാര്യങ്ങളെത്തി; ഭാഗ്യത്തിന്‌ വീണ്ടും ഒന്നായി. പ്രാചീന മനുഷ്യചരിത്രത്തിന്റെ അറിയപ്പെടാത്ത അധ്യായം ചുരുളഴിയുന്നു.


കോശങ്ങളില്‍ ഒരു പരിണാമസമസ്യപോലെയാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ (mitochondrial DNA) സ്ഥാനമുറപ്പിച്ചത്‌. പ്രാചീനമായ ഒരു ബാക്ടീരിയം പൂര്‍വികകോശങ്ങളുമായി സമന്വയിച്ചതിന്റെ ഫലമായി സസ്യങ്ങളിലും മനുഷ്യരുള്‍പ്പടെയുള്ള ജീവികളിലും കോശങ്ങളില്‍ അത്‌ ആവിര്‍ഭവിച്ചു. പരിണാമം സംബന്ധിച്ച്‌ ഇന്നുയരുന്ന പല സമസ്യകള്‍ക്കും ഉത്തരം നല്‍കുന്നതും മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.തന്നെയാണ്‌. സമീപകാല പരിണാമമുദ്രകള്‍ ഈ ഡി.എന്‍.എ.യില്‍ വ്യക്തമായി പതിഞ്ഞുകിടപ്പുണ്ട്‌ എന്നതാണ്‌ ഇതിന്‌ കാരണം. മനുഷ്യരിലും മറ്റു ജീവികളിലും സസ്യങ്ങളിലും കോശത്തിനുള്ളില്‍ കോശമര്‍മത്തിന്‌ വെളിയിലാണ്‌ മൈറ്റോകോണ്‍ഡ്രിയയുടെ സ്ഥാനം. കോശങ്ങളിലെ 'പവര്‍ഹൗസാണത്‌. അവിടെ കാണപ്പെടുന്ന ജനിതകവസ്‌തുവാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.

മനുഷ്യന്‍ ഉള്‍പ്പടെ പല ജീവികളിലും മാതാവ്‌ വഴിയാണ്‌ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നത്‌. പിതാവിന്റെ ജീനുകള്‍ മൈറ്റോകോണ്‍ഡ്രിയയിലെ ജനിതകവസ്‌തുവുമായി സങ്കലിക്കാറില്ല. അതിനാല്‍, 'മനുഷ്യകുടുംബവൃക്ഷ' (human family tree)ത്തിന്‌ രൂപം നല്‍കാന്‍ ഈ ഡി.എന്‍.എ.സഹായിക്കുന്നു. കുടുംബവൃക്ഷത്തിന്റെ ശാഖകളും ഉപശാഖകളും ഇതിനകം വിശദമായി പഠിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. അത്തരം പഠനങ്ങളുടെ ഫലമായാണ്‌, മനുഷ്യവര്‍ഗം 60,000 വര്‍ഷം മുമ്പാണ്‌ ആഫ്രിക്കയില്‍നിന്ന്‌ ഏഷ്യയിലേക്ക്‌ വ്യാപിച്ചതെന്ന ബോധ്യത്തില്‍ ഗവേഷകര്‍ എത്തിയത്‌. 50,000 വര്‍ഷം മുമ്പ്‌ ഓസ്‌ട്രേലിയയിലേക്കും, 35,000 വര്‍ഷം മുമ്പ്‌ യൂറോപ്പിലേക്കും, 15,000 വര്‍ഷം മുമ്പ്‌ അമേരിക്കയിലേക്കും മനുഷ്യന്‍ വ്യാപിച്ചതായും അറിയാം.

എന്നാല്‍, രണ്ടുലക്ഷം വര്‍ഷം മുമ്പ്‌ ആവിര്‍ഭവിച്ച 'ഹോമോ സാപ്പിയന്‍സ്‌ ' എന്ന മനുഷ്യന്‌, ഏഷ്യയിലേക്ക്‌ ആദ്യകുടിയേറ്റം നടക്കുന്ന കാലം വരെ -ഏതാണ്ട്‌ 1.4 ലക്ഷം വര്‍ഷക്കാലം-ആഫ്രിക്കയില്‍ എന്താണ്‌ സംഭവിച്ചത്‌. മനുഷ്യന്റെ പ്രാചീനചരിത്രം എന്താണ്‌ പറയുന്നത്‌. ലോകത്തെ ബാക്കിയെല്ലാ പ്രദേശത്തും കാണപ്പെടുന്നതിലുമധികം വൈവിധ്യം ആഫ്രിക്കയിലെ മനുഷ്യരില്‍ മാത്രം ഉള്ളതെന്തുകൊണ്ട്‌. ഈ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, മനുഷ്യകുടിയേറ്റത്തിന്റെ ജനിതകവഴികള്‍ പഠിക്കുന്ന 'ജിനോഗ്രാഫിക്‌ പ്രോജക്ട്‌' (Genographic Project) എന്ന ഗവേഷണപദ്ധതിവഴി മനുഷ്യന്റെ ആ പ്രാചീനചരിത്രം ഇപ്പോള്‍ ചുരുളഴിയുകയാണ്‌.

വാഷിങ്‌ടണ്‍ കേന്ദ്രമായി നടക്കുന്ന ജിനോഗ്രാഫിക്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌ നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റിയിലെ സ്‌പെന്‍സര്‍ വെല്‍സും ഹൈഫയില്‍ 'റാംബാം മെഡിക്കല്‍ സെന്ററി'ലെ ഡൊറോന്‍ ബെഹാറുമാണ്‌. ആഫ്രിക്കയിലെ ജനിതകവൈവിധ്യം എങ്ങനെ രൂപപ്പെട്ടു എന്നു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന 624 ആഫ്രിക്കക്കാരുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. അവര്‍ വിശകലന വിധേയമാക്കി. മാത്രമല്ല, വിശാലമായ ബാഹ്യലോകത്തേക്ക്‌ കാലൂന്നുംമുമ്പ്‌ ആധുനികമനുഷ്യന്‍ എങ്ങനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ വ്യാപിച്ചു എന്നതിനെക്കുറിച്ചും ഈ ഗവേഷണം വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതായി 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ഹ്യുമണ്‍ ജനറ്റിക്‌സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

പ്രാചീനമനുഷ്യന്‍ ആഫ്രിക്കയില്‍ ശരിക്കും രണ്ട്‌ വ്യത്യസ്‌ത വര്‍ഗങ്ങളായി മാറുന്ന തരത്തില്‍ ഒരവസരത്തില്‍ വേര്‍പിരിഞ്ഞെന്നും, ആ വേര്‍പിരിയല്‍ ഏതാണ്ട്‌ ഒരുലക്ഷം വര്‍ഷം നീണ്ടുനിന്നെന്നും, അതിനുശേഷം ഇരുവിഭാഗവും വീണ്ടും ഒന്നാവുകയായിരുന്നുവെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു. കഠിനവരള്‍ച്ച മൂലം വടക്കുകിഴക്കന്‍ ആഫ്രിക്കയിലും തെക്കന്‍ ആഫ്രിക്കയിലുമായി വേര്‍പെട്ടുപോയ തായ്‌വഴികളാണ്‌, വ്യത്യസ്‌ത വര്‍ഗങ്ങളായി പരിണമിക്കുന്നതിന്റെ വക്കത്തെത്തിയതത്രേ. മാത്രമല്ല, പ്രതികൂല കാലാവസ്ഥ മൂലം ഒരുഘട്ടത്തില്‍ മനുഷ്യവര്‍ഗം ശരിക്കും വംശനാശത്തിന്റെ വക്കിലെത്തിയെന്നും പഠനം പറയുന്നു. അംഗസംഖ്യ വെറും 2000 എന്ന നിലയ്‌ക്കെത്തി. ശിലായുഗത്തിന്റെ അവസാനഘട്ടത്തില്‍ (Late Stone Age) വീണ്ടും ജനസംഖ്യ വര്‍ധിക്കുകയായിരുന്നുവത്രേ.

തെക്കന്‍ ആഫ്രിക്കയില്‍ കാണപ്പെടുന്ന 'ഖോയി'(Khoi), 'സാന്‍' (San) വര്‍ഗക്കാരുടെ ഡി.എന്‍.എ.മാതൃകകളാണ്‌ ഗവേഷകര്‍ പ്രത്യേക ശ്രദ്ധ നല്‍കി പഠിച്ചത്‌. കാടരിച്ചും വേട്ടയാടിയും കഴിയുന്ന ഈ വര്‍ഗക്കാരെ പുറംലോകമറിയുന്നത്‌ 'ബുഷ്‌മെന്‍' (bushmen) എന്ന പേരിലാണ്‌ (പ്രശസ്‌തമായ 'ഗോഡ്‌ മസ്‌റ്റ്‌ ബി ക്രേസി' എന്ന സിനിമ ഓര്‍ക്കുക). കാര്‍ഷികവൃത്തി തുടങ്ങുംമുമ്പുള്ള മനുഷ്യസംസ്‌ക്കാരത്തിന്‌ ഏറ്റവും മികച്ച ഉദാഹരണമായാണ്‌ പല നരവംശശാസ്‌ത്രജ്ഞരും ബുഷ്‌മെന്‍ വിഭാഗങ്ങളുടെ ജീവിതത്തെ കാണുന്നത്‌.

കിഴക്കന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ട ഈ വര്‍ഗം 150,000 വര്‍ഷം മുമ്പ്‌ രണ്ടായി പിരിഞ്ഞ്‌, ഒരു വിഭാഗം തെക്കന്‍ ആഫ്രിക്കയിലും മറ്റൊരു ഗ്രൂപ്പ്‌ വടക്കുകിഴക്കന്‍ ആഫ്രിക്കയിലും കുടിയേറി. പിന്നീട്‌ ഒരുലക്ഷം വര്‍ഷക്കാലം മനുഷ്യവര്‍ഗം ഇങ്ങനെ രണ്ടായി വേര്‍പിരിഞ്ഞു കഴിഞ്ഞുവെന്നാണ്‌ ഡി.എന്‍.എ.യിലെ വ്യതികരണങ്ങള്‍ നല്‍കുന്ന സൂചനയെന്ന്‌ ഡൊറോന്‍ ബെഹാര്‍ പറയുന്നു. `ഏതാണ്ട്‌ 40,000 വര്‍ഷം മുമ്പ്‌ ഇരുവിഭാഗവും വീണ്ടും ഒന്നായി. മനുഷ്യവര്‍ഗം ബാഹ്യലോകത്തേക്ക്‌ കുടിയേറുന്ന കാലമായിരുന്നു അത്‌`. ഒരുലക്ഷം വര്‍ഷത്തോളം രണ്ടായി പിരിഞ്ഞുകഴിഞ്ഞ മനുഷ്യവര്‍ഗത്തിന്റെ ഒരു തായ്‌വഴിയില്‍ പെട്ടവരാണ്‌ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും; ബുഷ്‌മെന്‍ വിഭാഗത്തിലെ ഭൂരിപക്ഷംപേരും രണ്ടാമത്തെ തായ്‌വഴിയില്‍ പെട്ടവരും.

എന്തുകൊണ്ട്‌ മനുഷ്യന്‍ ഒരുലക്ഷം വര്‍ഷക്കാലം വേര്‍പിരിഞ്ഞുപോയി എന്ന കാര്യം പൂര്‍ണമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാവ്യതിയാനം അതിലൊരു മുഖ്യപങ്ക്‌ വഹിച്ചിരിക്കാം എന്നാണ്‌ കരുതുന്നത്‌. ആ കാലത്ത്‌ കഠിനവരള്‍ച്ചയുടെ പിടിയിലായി ആഫ്രിക്കയുടെ കുറെ ഭാഗമെന്ന്‌, ഇപ്പോള്‍ മൊസാമ്പിക്കിലുള്ള മലാവി തടകത്തില്‍നിന്ന്‌ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നു. അത്തരം കാലാവസ്ഥാവ്യതിയാനമാകാം മനുഷ്യവര്‍ഗത്തെ രണ്ടായി വേര്‍തിരിക്കുന്ന സ്ഥിതിയിലേക്ക്‌ തള്ളിവിട്ടതെന്ന്‌ സ്‌പെന്‍സര്‍ വെല്‍സ്‌ അറിയിക്കുന്നു. മാത്രമല്ല, മനുഷ്യവര്‍ഗത്തിന്റെ അംഗസംഖ്യയും അക്കാലത്ത്‌ അപകടകരമായി ശോഷിച്ചു-വെറും 2000 വരെയെത്തിയെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. കാലാവസ്ഥ മെച്ചമായതിനൊപ്പം ശിലായുഗത്തിന്റെ അവസാനകാലത്ത്‌ പുതിയ ഉപകരണങ്ങളും സങ്കേതങ്ങളും സഹായത്തിനെത്തുകയും ചെയ്‌തതോടെയാണ്‌, വംശനാശത്തില്‍നിന്ന്‌ മനുഷ്യന്‍ കരകയറിയതും ആഫ്രിക്കയുടെ പുറത്തേക്ക്‌ വ്യാപിക്കാന്‍ അവന്‍ പ്രാപ്‌തനായതും.

മൈറ്റോകോണ്‍ഡ്രിയല്‍ ജിനോം വിശകലനം ചെയ്യുക വഴി മനുഷ്യന്റെ പ്രാചീനചരിത്രം അറിയുക മാത്രമല്ല സാധിക്കുക. മനുഷ്യവര്‍ഗത്തിലെ വ്യത്യസ്‌ത വംശങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന രോഗങ്ങളുടെ ഉത്ഭവം മനസിലാക്കാനും, ചില വര്‍ഗങ്ങള്‍ക്ക്‌ ചില രോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നത്‌ അല്ലെങ്കില്‍ ബാധിക്കാത്തത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്റെ ജനിതക കാരണം കണ്ടെത്താനും, അതുവഴി പാര്‍ക്കിന്‍സണ്‍സ്‌ രോഗം, അള്‍ഷൈമേഴ്‌സ്‌ രോഗം, പ്രമേഹം തുടങ്ങി പാരമ്പര്യസ്വഭാവമുള്ള ഒട്ടേറെ രോഗങ്ങള്‍ക്ക്‌ ഫലപ്രദമായ ചികിത്സ കണ്ടെത്താനും ഇതു വഴിവെച്ചേക്കുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

ആഫ്രിക്കയില്‍ മനുഷ്യന്‍ രണ്ട്‌ തായ്‌വഴിയായി ഒരുകാലത്ത്‌ വേര്‍തിരിഞ്ഞെന്ന്‌, മുമ്പ്‌ ബ്രിട്ടീഷ്‌ ഗവേഷകന്‍ പീറ്റര്‍ ഫോര്‍സ്‌റ്റര്‍ ഒരു പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആഫ്രിക്കയ്‌ക്കു പുറത്ത്‌ മനുഷ്യവര്‍ഗം നടത്തിയ കുടിയേറ്റങ്ങള്‍ പഠിക്കാനായി മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.വിശകലനം ചെയ്‌തപ്പോഴാണ്‌, ആന്‍ഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഫോര്‍സ്‌റ്റര്‍ 1997-ല്‍ അത്തരമൊരു നിഗമനത്തിലെത്തിയത്‌. അദ്ദേഹത്തിന്റെ നിഗമനത്തെ ജിനോഗ്രാഫിക്‌ പ്രോജക്ട്‌ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്‌. (അവലംബം: നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റി)

5 comments:

Joseph Antony said...

കിഴക്കന്‍ ആഫ്രിക്കയില്‍ മനുഷ്യവര്‍ഗം 150,000 വര്‍ഷം മുമ്പ്‌ രണ്ടായി പിരിഞ്ഞ്‌, ഒരു വിഭാഗം തെക്കന്‍ ആഫ്രിക്കയിലും മറ്റൊരു ഗ്രൂപ്പ്‌ വടക്കുകിഴക്കന്‍ ആഫ്രിക്കയിലും കുടിയേറി. പിന്നീട്‌ ഒരുലക്ഷം വര്‍ഷക്കാലം മനുഷ്യവര്‍ഗം ഇങ്ങനെ രണ്ടായി വേര്‍പിരിഞ്ഞു കഴിഞ്ഞു. ഒരുലക്ഷം വര്‍ഷത്തോളം രണ്ടായി പിരിഞ്ഞുകഴിഞ്ഞ മനുഷ്യവര്‍ഗത്തിന്റെ ഒരു തായ്‌വഴിയില്‍ പെട്ടവരാണ്‌ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും; ബുഷ്‌മെന്‍ വിഭാഗത്തിലെ ഭൂരിപക്ഷംപേരും രണ്ടാമത്തെ തായ്‌വഴിയില്‍ പെട്ടവരും..... മനുഷ്യചരിത്രത്തിന്റെ അറിയപ്പെടാത്ത അധ്യായം ചുരുളഴിയുന്നു.

Jayasree Lakshmy Kumar said...

ice info. thanks

siva // ശിവ said...

ഈ വിവരങ്ങള്‍ക്കും വിവരണത്തിനും നന്ദി....തുടര്‍ന്നും ഇതുപോലെ അഗാധമായ പഠനങ്ങള്‍ പ്രതീക്ഷിക്കുന്നു....

Anonymous said...

i had attended the bloggers workshop conducted by kerala bloggers academy yesterday at kozhiode. i was the youngest one to attend the class yesterday , as i am just 14yrs old . i am already a part blogosphere and i am blogging for more than 4 months . here is the link to my blog http://webwrecked.blogspot.com do plz visit it

ഹാരിസ് said...

:)