Showing posts with label Universe. Show all posts
Showing posts with label Universe. Show all posts

Wednesday, December 30, 2015

ഐന്‍സ്‌റ്റൈന്റെ മഹാസിദ്ധാന്തത്തിന് 100 വയസ്സ്

പുതിയ കാലത്തെ പ്രപഞ്ചസങ്കല്‍പ്പമാകെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച 'സാമാന്യ ആപേക്ഷിതാ സിദ്ധാന്ത'ത്തിന്റെ ചുവടുപിടിച്ച് രൂപപ്പെട്ടതാണ്. പ്രപഞ്ചത്തിന്റെ ഉത്ഭവവും വികാസവും അന്തിമവിധിയും അടങ്ങിയ ആ മഹാസിദ്ധാന്തം അവതരിപ്പിച്ചിട്ട് 2015 നവംബര്‍ 25ന് ഒരു നൂറ്റാണ്ട് തികഞ്ഞു

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ 'ഇന്റര്‍സ്റ്റെല്ലാര്‍' ('Interstellar') സിനിമ കണ്ട പലരും അതിലെ 'കടിച്ചാല്‍ പൊട്ടാത്തതും' 'എടുത്താല്‍ പൊന്താത്തതു'മായ ശാസ്ത്രസങ്കല്‍പ്പങ്ങളെക്കുറിച്ച് അത്ഭുതപ്പെട്ടു. തമോഗര്‍ത്തങ്ങളും വേം ഹോളുകളും സ്‌പേസ്‌ടൈം വാര്‍പ്പും ടൈം ട്രാവലുമൊക്കെ മനുഷ്യഭാവനയ്ക്ക് പോലും വഴങ്ങാത്ത തരത്തിലുള്ള സങ്കീര്‍ണതകളാണെന്ന് ചിലര്‍ പരാതിപ്പെട്ടു. കഴിയുന്നത്ര കൃത്യതയോടെ അവയൊക്കെ സിനിമയില്‍ ദൃശ്യവത്ക്കരിക്കാന്‍ പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ കിപ് തോണ്‍ ആണ് സംവിധായകനെ സഹായിച്ചത്.

അവയൊന്നും പക്ഷേ, പുതിയ സങ്കല്‍പ്പങ്ങളായിരുന്നില്ല. കഴിഞ്ഞ നൂറുവര്‍ഷമായി ഒരു മഹാസിദ്ധാന്തവുമായി ശാസ്ത്രലോകം പടവെട്ടിയതിന്റെ അന്തരഫലങ്ങളാണ് മേല്‍സൂചിപ്പിച്ച സങ്കല്‍പ്പങ്ങളോരോന്നും. 'സാമാന്യ ആപേക്ഷികതാ സിദ്ധാന്തം' ('ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി') എന്നാണ് അത് അറിയപ്പെടുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ആ സിദ്ധാന്തത്തിന്റെ അന്തിമരൂപം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് 1915 നവംബര്‍ 25നാണ്.

സാധാരണക്കാരുടെ മനസില്‍ ഐന്‍സ്‌റ്റൈന് സ്ഥാനംനേടിക്കൊടുത്തത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഊര്‍ജസമവാക്യമാണ്. പദാര്‍ഥവും ഊര്‍ജവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് സ്ഥാപിക്കുന്ന ആ സമവാക്യമാണ് ഒരര്‍ഥത്തില്‍ ആറ്റംബോംബിന്റെ വരെ അടിത്തറ! വേഗം കൂടുമ്പോള്‍ സമയം പിന്നോട്ടിഴയും എന്നതായിരിക്കാം (ടൈം ഡയലേഷന്‍ എന്നാണിതിന്റെ പേര്) ഐന്‍സ്‌റ്റൈന്റെ കണ്ടുപിടിത്തങ്ങളില്‍ സാധാരണക്കാരെ അമ്പരപ്പിച്ച മറ്റൊരു സങ്കല്‍പ്പം. ഈ സങ്കല്‍പ്പങ്ങളൊക്കെ പക്ഷേ, 1905ല്‍ അദ്ദേഹം അവതരിപ്പിച്ച 'വിശിഷ്ട ആപേക്ഷികതാ സിദ്ധാന്ത'ത്തില്‍ ('സ്‌പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റി') ഉള്‍പ്പെട്ടതാണ്.

ഊര്‍ജസമവാക്യം ഉള്‍പ്പടെ മേല്‍സൂചിപ്പിച്ച സംഗതികള്‍ കണ്ടെത്തിയ ഐന്‍സ്റ്റൈന് പിന്നെയും പത്തുവര്‍ഷത്തെ കഠിനാധ്വാനം വേണ്ടിവന്നു 'സമാന്യ ആപേക്ഷികതാ സിദ്ധാന്ത'ത്തിലേക്ക് എത്താനെന്ന് പറയുമ്പോള്‍, എന്താകും ആ മഹാസിദ്ധാന്തത്തിന്റെ ഉള്ളടക്കമെന്ന് ഊഹിക്കാന്‍ തന്നെ ബുദ്ധിമുട്ടാകും. 1970കളില്‍ എഴുത്തുകാരനായ സി.പി.സ്‌നോ ഇങ്ങനെയൊരു വിലയിരുത്തല്‍ നടത്തി: വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം 1905ല്‍ പ്രസിദ്ധീകരിക്കാന്‍ ഐന്‍സ്‌റ്റൈന് കഴിയാതെ വന്നിരുന്നെങ്കില്‍, രണ്ടോമൂന്നോ വര്‍ഷത്തിനുള്ളില്‍ മറ്റാരെങ്കിലും ആ സിദ്ധാന്തവുമായി രംഗത്തെത്തിയേനെ. അത്തരമൊരു സിദ്ധാന്തത്തിന്റെ ഈറ്റുനോവിലായിരുന്നു ശാസ്ത്രലോകം. എന്നാല്‍, സാമാന്യ ആപേക്ഷികതാ സിദ്ധാന്തം 1915ല്‍ ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ചിരുന്നില്ലെങ്കില്‍, ലോകമിന്നും ആ സിദ്ധാന്തത്തിനായി കാത്തിരുന്നേനെ! ഐന്‍സ്‌റ്റൈനിലെ പ്രതിഭ ശരിക്കും വെളിപ്പെട്ടത് 1915 ലാണെന്ന് സാരം.

രണ്ട് 'ആപേക്ഷികതാ സിദ്ധാന്തങ്ങള്‍' ഐന്‍സ്റ്റൈന്‍ ആവിഷ്‌ക്കരിച്ചുവെന്ന് വ്യക്തമായല്ലോ. അതില്‍ 1905ലെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അങ്ങേയറ്റം ലളിതമായ ഒരു സങ്കല്‍പ്പത്തിന് മേലാണ് കെട്ടിയുയര്‍ത്തിയിരിക്കുത്. നിങ്ങള്‍ ഏത് ചലനാവസ്ഥയിലായാലും ശരി, ഭൗതികശാസ്ത്രത്തിലെ മൗലികനിയമങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല - ഇതാണ് ആ സിദ്ധാന്തത്തിന്റെ കാതല്‍. ആ സിദ്ധാന്തത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഗതികളിലൊന്ന് പ്രകാശവേഗവുമായി ബന്ധപ്പെട്ട ആശയങ്ങളായിരുന്നു. സെക്കന്‍ഡില്‍ 2,99,792 കിലോമീറ്റര്‍ ആണ് ശൂന്യതയില്‍ പ്രകാശത്തിന്റെ പ്രവേഗം. ഇതൊരു പ്രാപഞ്ചിക സ്ഥിരാങ്കമാണ്. മാത്രമല്ല, പ്രപഞ്ചത്തില്‍ ഏത് വസ്തുവിനും സാധ്യമായ പരമാവധി വേഗവും ഇതുതന്നെയാണെന്ന് ഐന്‍സ്റ്റൈന്‍ പ്രഖ്യാപിച്ചു. ഒരര്‍ഥത്തില്‍, ക്ലാസിക്കല്‍ ഭൗതികത്തിന്റെ അങ്ങേത്തലയ്ക്കല്‍ ഗലീലിയോ ഗലീലിയും ഐസക് ന്യൂട്ടനും ആവിഷ്‌ക്കരിച്ച ചലനനിയമങ്ങളും, ഇങ്ങേത്തലയ്ക്കല്‍ മൈക്കല്‍ ഫാരഡെയും ജെയിംസ് ക്ലാക്ക് മാക്‌സ്‌വെല്ലും അവതരിപ്പിച്ച വൈദ്യുതകാന്തിക സിദ്ധാന്തവും തമ്മില്‍ കൂട്ടിക്കെട്ടുകയാണ് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തില്‍ ഐന്‍സ്റ്റൈന്‍ ചെയ്തത്.

1879 മാര്‍ച്ച് 14ന് ജര്‍മനിയിലെ ഉം പട്ടണത്തില്‍ ജനിച്ച ഐന്‍സ്റ്റൈന്‍, സൂറിച്ചില്‍ 'സ്വിസ്സ് ഫെഡറല്‍ പോളിടെക്‌നിക്കല്‍ സ്‌കൂളി'ലെ പഠനം മികവോടെ പൂര്‍ത്തിയാക്കാത്തതിനാല്‍ അധ്യാപകനാവുകയെന്ന മോഹം ഉപേക്ഷിക്കേണ്ടി വന്ന വ്യക്തിയാണ്. സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ ബേണിലെ പേറ്റന്റ് ഓഫിസില്‍ ഗുമസ്തനായി ചേര്‍ന്ന ആ യുവാവ്, പേറ്റന്റ് അപേക്ഷകള്‍ പരിശോധിക്കുന്ന ജോലിക്കിടെ ഭൗതികശാസ്ത്രത്തിലെ നാഴികക്കല്ലുകളായി മാറിയ ഏതാനും പ്രബന്ധങ്ങള്‍ 1905ല്‍ പ്രസിദ്ധീകരിച്ചു. അതില്‍ ഏറ്റവും പ്രധാനം 'വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം' ആയിരുന്നു (പ്രകാശത്തെ കണങ്ങളായി പരിഗണിച്ചുകൊണ്ട് ഫോട്ടോഇലക്ട്രിക് പ്രഭാവത്തിന് നല്‍കിയ വിശദീകരമായിരുന്നു അതില്‍ മറ്റൊരു പ്രബന്ധത്തിന്റെ ഉള്ളടക്കം. അതിന് 1921ല്‍ ഐന്‍സ്റ്റൈന് നൊബേല്‍ പുരസ്‌കാരം ലഭിച്ചു. ആപേക്ഷികതാ സിദ്ധാന്തം പക്ഷേ, അത്തരമൊരു പുരസ്‌ക്കാരത്തിന് അര്‍ഹമാണെന്ന് നൊബേല്‍ കമ്മറ്റിക്ക് തോന്നിയില്ല!).

1907ല്‍ ഒരു സയന്‍സ് ഇയര്‍ബുക്കിന് വേണ്ടി ആപേക്ഷികതാ സിദ്ധാന്തത്തെക്കുറിച്ച് ലേഖനം തയ്യാറാക്കുമ്പോഴാണ് ഒരുകാര്യം ഐന്‍സ്‌റ്റൈന്‍ ശ്രദ്ധിച്ചത് - തന്റെ സിദ്ധാന്തത്തില്‍ ഗുരുത്വബലം (ഗ്രാവിറ്റി) ഉള്‍പ്പെടുന്നില്ല. ഗുരുത്വബലംകൂടി ഉള്‍പ്പെടുത്തി ആ സിദ്ധാന്തം സാമാന്യവത്ക്കരിക്കാനായി പിന്നീടുള്ള ശ്രമം. അതാണ് ഒടുവില്‍ 'സാമാന്യ ആപേക്ഷികതാ സിദ്ധാന്ത'മായി മാറിയത്. ന്യൂട്ടന്റെ ഗുരുത്വബല സിദ്ധാന്തത്തെ പുതിയ അറിവുകളുടെ വെളിച്ചത്തില്‍ ഐന്‍സ്‌റ്റൈന്‍ നവീകരിച്ചപ്പോള്‍ വെളിവായത്, ഗുരുത്വബലമെന്ന് കേവലമൊരു ബലമേയല്ല - അതൊരുതരം ജ്യാമിതിയാണ് എന്നാണ്! ഐന്‍സ്റ്റൈന്റെ സിദ്ധാന്തത്തോടെ ന്യൂട്ടന്റെ സിദ്ധാന്തം അപ്രസക്തമായി എന്ന് കരുതുന്നവരുണ്ട്. ഇത് തീര്‍ത്തും തെറ്റാണ്. ന്യൂട്ടന്റെ സിദ്ധാന്തത്തെ പരിഷ്‌ക്കരിക്കുകയാണ് ഐന്‍സ്റ്റൈന്‍ ചെയ്തത്. റോക്കറ്റുകളയയ്ക്കുക, ഗ്രഹചലനങ്ങള്‍ വിശദീകരിക്കുക തുടങ്ങിയ നിത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ ഇന്നും ന്യൂട്ടനെ തന്നെയാണ് ശാസ്ത്രം ആശ്രയിക്കുന്നത്. തമോഗര്‍ത്തങ്ങള്‍, പ്രപഞ്ചവികാസം പോലുള്ള സംഗതികള്‍ വരുമ്പോഴാണ് ഐന്‍സ്‌റ്റൈന്റെ ആവശ്യം വരുന്നത്.


തന്റെ തനത് ശൈലിയില്‍, ലളിതമായ ഒരു ചിന്താപരീക്ഷണത്തില്‍ നിന്നാണ് ഗുരുത്വബലം സംബന്ധിച്ച അന്വേഷണം ഐന്‍സ്റ്റൈന്‍ ആരംഭിച്ചത്. ഒരു ഗുരുത്വമണ്ഡലത്തില്‍ തടസ്സമില്ലാതെ പതിക്കുന്ന വസ്തുവിന്, താഴേക്കുള്ള ആ വിഴ്ചയില്‍ ഭാരം അനുഭവപ്പെടുമോ ഇല്ലയോ? ഇതായിരുന്നു പ്രശ്‌നം. ഇല്ല എന്ന നിഗമനത്തില്‍ ഐന്‍സ്റ്റൈനെത്തി. ഗുരുത്വമണ്ഡലമാകയാല്‍ താഴേക്ക് വീഴുന്ന വേളയില്‍ വസ്തുവിന് ത്വരണം (ആക്‌സലറേഷന്‍) സംഭവിക്കും. ത്വരണവും ഗുരുത്വബലവും തമ്മിലുള്ള സംതുലനാവസ്ഥമൂലമാണ് വസ്തുവിന് ഭാരം അനുഭവപ്പെടാത്തത്....സ്ഥലകാലങ്ങളുടെ (സ്‌പേസ്‌ടൈമിന്റെ) വക്രതയാണ് യഥാര്‍ഥത്തില്‍ ഗുരുത്വബലമായി അനുഭവപ്പെടുന്നതെന്ന സങ്കല്‍പ്പത്തിലേക്ക് ഐന്‍സ്റ്റൈനെ എത്തിച്ചത് ഈ ദിശയിലുള്ള അന്വേഷണമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മന്‍ ഗണിതപ്രതിഭ ബേണ്‍ഹാഡ് റീമാന്‍, വക്രപ്രതലങ്ങളെ കൈകാര്യം ചെയ്യാന്‍ വികസിപ്പിച്ച ജ്യോമതി (നൊണ്‍-യുക്ലിഡിയന്‍ ജ്യാമിതി) തുണയായി.

ആ ജ്യാമിതിയുടെ സഹായത്തോടെ തയ്യാറാക്കിയ വെറും മൂന്നുപേജുള്ള 'ദി ഫീല്‍ഡ് ഇക്വേഷന്‍സ് ഓഫ് ഗ്രാവിറ്റേഷന്‍' ബെര്‍ലിനിലെ പ്രൂഷ്യന്‍ അക്കാദമി ഓഫ് സയന്‍സസില്‍ നൂറുവര്‍ഷം മുമ്പ് അവതരിപ്പിക്കുമ്പോള്‍, മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പങ്ങളെയാകെ കടപ്പുഴക്കാന്‍ പോന്ന ഒരു ബോംബാണ് അവിടെ ഐന്‍സ്റ്റൈന്‍ പൊട്ടിക്കുന്നതെന്ന് ആര്‍ക്കും ബോധ്യമുണ്ടായിരുന്നില്ല. സംഭവിച്ചത് പക്ഷേ, അതാണ്. മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പം പീന്നീടൊരിക്കലും പഴയതുപോലെ ആയില്ല!

സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിനായുള്ള അന്വേഷണത്തിനിടെ ഐന്‍സ്റ്റൈന്‍ ബേണിലെ പേറ്റന്റ് ഓഫീസ് വിട്ടിരുന്നു. സൂറിച്ച് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാവുകയും, പിന്നീട് പ്രാഗില്‍ പ്രൊഫസറായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. 1914ല്‍ ബെര്‍ലിനിലെ കൈസര്‍ 'വില്‍ഹം ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഫിസിക്‌സി'ന്റെ ഡയറക്ടറായി അദ്ദേഹം സ്ഥാനമേറ്റു. അതിനിടെ, ന്യൂട്ടന്റെ സിദ്ധാന്തംകൊണ്ട് പരിഹരിക്കാന്‍ കഴിയാതെ വന്ന ഒരു പ്രശ്‌നം സ്വന്തം സിദ്ധാന്തത്തിന്റെ സഹായതത്താല്‍ ഐന്‍സ്റ്റൈന്‍ പരിഹരിച്ചത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ആദ്യവിജയമായി. ബുധന്‍ ഗ്രഹത്തിന്റെ ഭ്രമണപഥം സംബന്ധിച്ച പ്രശ്‌നമായിരുന്നു അത്.

അടുത്ത വിജയം വന്നത്, പ്രസിദ്ധ ബ്രിട്ടീഷ് നക്ഷത്രഭൗതിക ശാസ്ത്രജ്ഞന്‍ ആര്‍തര്‍ എഡിങ്ടണിന്റെ നേതൃത്വത്തിലുള്ള സംഘം ദക്ഷിണാഫ്രിക്കയില്‍ പോയി സൂര്യഗ്രഹണം നിരീക്ഷിച്ചപ്പോഴായിരുന്നു. സൂര്യന്റെ ഗുരുത്വബലം മൂലം അതിനടുത്തുള്ള സ്‌പേസ് വക്രീകരിക്കപ്പെടുമെന്നും, സൂര്യന് സമീപത്തുകൂടി കടന്നുവരുന്ന നക്ഷത്രപ്രകാശത്തിന് അതിനാല്‍ ദിശാവ്യതിയാനമുണ്ടാകുമെന്നും ഐന്‍സ്റ്റൈന്‍ പ്രവചിച്ചു. സൂര്യഗ്രഹണവേളയില്‍ ആകാശം ഇരുളുകയും നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ ഇത് അളന്ന് തിട്ടപ്പെടുത്താമെന്നും ഐന്‍സ്‌റ്റൈന്‍ പറഞ്ഞു. എഡിങ്ടണും കൂട്ടരും നടത്തിയ നിരീക്ഷണത്തില്‍ ഐന്‍സ്‌റ്റൈന്‍ പ്രവചിച്ചത് ശരിയാണെന്ന് തെളിഞ്ഞു. 1919 നവംബര്‍ ആറിന് ലണ്ടനില്‍ റോയല്‍ സൊസൈറ്റിയുടെയും റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെയും സംയുക്തയോഗത്തില്‍ ആ ഫലം അവതരിപ്പിക്കപ്പെട്ടു. അതോടെയാണ് നമുക്കിന്ന് പരിചിതനായ ഐന്‍സ്‌റ്റൈന്‍ എന്ന 'സൂപ്പര്‍സ്റ്റാര്‍' ജനിക്കുന്നത്!

നൂറുവര്‍ഷം മുമ്പ് അദ്ദേഹം അവതരിപ്പിച്ച ആ സിദ്ധാന്തത്തിന്റെ മുന്നോട്ടുള്ള ഗതി ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ സമീപകാല ചരിത്രമാണ്. രണ്ടുതരത്തിലാണ് ഐന്‍സ്റ്റൈന്റെ ഫീല്‍ഡ് സമവാക്യങ്ങളെ ശാസ്ത്രലോകം സമീപിച്ചത്. ആദ്യത്തെ കൂട്ടര്‍ അതിന്റെ വ്യത്യസ്ത ഫലങ്ങള്‍ എന്തൊക്കെയാണെന്ന് തിട്ടപ്പെടുത്താനുള്ള നിരന്തരശ്രമങ്ങള്‍ തുടര്‍ന്നു. പ്രപഞ്ചത്തിന്റെ വിശാലഘടനയും, പ്രപഞ്ചവികാസവും, തമോഗര്‍ത്തങ്ങളും, ന്യൂട്രോണ്‍താരങ്ങളും, വേംഹോളുകളും, ഗ്രാവിറ്റേഷണല്‍ ലെന്‍സിങും, ശ്യാമോര്‍ജവും (ഡാര്‍ക്ക് എനര്‍ജി) ഒക്കെ, ശാസ്ത്രലോകത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് പലകാലങ്ങളിലായി ആ ഫീല്‍ഡ് സമവാക്യങ്ങളില്‍നിന്ന് പുറത്തുചാടി. ഐന്‍സ്റ്റൈന്റെ ഫീല്‍ഡ് സമവാക്യങ്ങളെ ഇനിയും പൂര്‍ണമായി മെരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പുതിയ ഫലങ്ങള്‍ ഇനിയും കണ്ടെത്താനാകുമെന്ന് സാരം!

ഇരുപതാംനൂറ്റാണ്ടില്‍ രൂപംകൊണ്ട ഭൗതികശാസ്ത്രത്തിലെ മറ്റൊരു മഹാസ്തംഭമായ ക്വാണ്ടംഭൗതികവുമായി ഐന്‍സ്റ്റൈന്റെ സിദ്ധാന്തം കൂട്ടിയിണക്കാനുള്ള ശ്രമമാണ് രണ്ടാമത്തെ കൂട്ടര്‍ നടത്തിയത്. ഐന്‍സ്‌റ്റൈന്റെ ഫീല്‍ഡ്‌സമവാക്യങ്ങള്‍ വിശാലപ്രപഞ്ചത്തെയാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം, ക്വാണ്ടംഭൗതികം ആറ്റങ്ങളും ഉപആറ്റമിക കണങ്ങളുമടങ്ങിയ സൂക്ഷ്മപ്രപഞ്ചത്തെയും. ഇവ രണ്ടും പ്രായോഗികമായി ശരിയെന്ന് തെളിഞ്ഞിട്ടുള്ള സിദ്ധാന്തങ്ങളാണ്. എന്നാല്‍, ഇവ തമ്മില്‍ പരസ്പരം ചേരുന്നില്ല. അതിനുള്ള മാര്‍ഗം നൂറുവര്‍ഷമായിട്ടും തുറന്നുകിട്ടിയിട്ടില്ല. ആധുനിക ഭൗതികശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിത്.

നൂറുവര്‍ഷം കഴിഞ്ഞിട്ടും ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമുയര്‍ത്തിയ വെല്ലുവിളി അവസാനിച്ചിട്ടില്ലെന്ന് സാരം. ആ വെല്ലുവിളി നേരിടാന്‍ 'പുതിയൊരു ന്യൂട്ടനെയോ ഐന്‍സ്‌റ്റൈനെയോ' കാക്കുകയാണ് ഇന്ന് ശാസ്ത്രലോകം.

(അവലംബം: 1. The Perfect Theory (2014), by Pedro G.Ferreira; 2. Einstein: His Life and Universe (2007), by Walter Isaacson; 3. Black Holes & Time Warps - Einstein's Outrageous Legacy (1994), by Kip S. Thorne).

by ജോസഫ് ആന്റണി 

-2015 നവംബര്‍ 25ന് മാതൃഭൂമി ദിനപത്രത്തിലും മാതൃഭൂമി ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം.

Wednesday, May 13, 2015

ഹബ്ബിള്‍ ടെലിസ്‌കോപ്പിന് 25

കാല്‍നൂറ്റാണ്ടിനിടെ വെറും കണ്ടുപിടിത്തങ്ങള്‍ നടത്തുകയല്ല ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ചെയ്തത്, ജ്യോതിശാസ്ത്രത്തിന്റെ ഭാവി കണ്ടെത്തുകയായിരുന്നു ആ ടെലിസ്‌കോപ്പ്

മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പങ്ങളെയാകെ നവീകരിക്കാന്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനോളം സഹായിച്ച ഉപകരണങ്ങള്‍ ചരിത്രത്തില്‍ തന്നെ വിരളമാണ്. പഴയ നിഗമനങ്ങള്‍ സ്ഥിരീകരിക്കുക മാത്രമല്ല, പുതിയ സങ്കല്‍പ്പങ്ങള്‍ക്ക് വിത്തുപാകുകയും ചെയ്തു ആ ടെലിസ്‌കോപ്പ്. ഹബ്ബിള്‍ പകര്‍ത്തിയ നൂറുകണക്കിന് പ്രപഞ്ചദൃശ്യങ്ങള്‍, പുതിയ തലമുറകളുടെ ദൃശ്യബോധത്തെ പോലും മാറ്റിമറിച്ചു. ജ്യോതിശാസ്ത്രത്തിന് ആധുനിക കാലത്ത് ലഭിച്ച ഏറ്റവും ശക്തമായ ആ ഉപകരണത്തിന് ഇപ്പോള്‍ 25 വയസ്സ് തികയുന്നു.

1990 ഏപ്രില്‍ 24 ന് ഡിസ്‌കവറി പേടകം ഭ്രമണപഥത്തിലെത്തിച്ച ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍നിന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കണ്ടെത്തലുകളുടെ പ്രളയം തന്നെയുണ്ടായി. പ്രപഞ്ചത്തിന്റെ പ്രായവും, നക്ഷത്രങ്ങളുടെ പിറവിയും, അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ ഹബ്ബളിന്റെ അത്ഭുതനേത്രങ്ങള്‍ തേടിപ്പിടിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് മനസിലാക്കാന്‍ സഹായിക്കുക മാത്രമല്ല, ആ വികാസതോത് വര്‍ധിക്കുകയാണെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ തെളിയിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമായ ശ്യാമോര്‍ജം (dark energy) എന്താണെന്ന ആകാംക്ഷയിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത് ഒരര്‍ഥത്തില്‍ ഹബ്ബിളാണ്!
 പൊടിയും വായുവും നിറഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് തടസ്സമാണെന്നും, അത് മറികടക്കാന്‍ ടെലിസ്‌കോപ്പുകളെ ബഹിരാകാശത്ത് സ്ഥാപിക്കണമെന്നുമുള്ള ആശയം ആദ്യമവതരിപ്പിക്കുന്നത് ലിമാന്‍ സ്പിറ്റ്‌സര്‍ (1914-1997) ആണ്. ബഹിരാകാശത്തുനിന്നുള്ള ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് 1946 ല്‍ സ്പിറ്റ്‌സര്‍ തന്റെ പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോള്‍ മനുഷ്യന്‍ റോക്കറ്റുകള്‍ പോലും വിക്ഷേപിക്കാന്‍ ആരംഭിച്ചിരുന്നില്ല.

സ്പ്റ്റ്‌സറുടെ ആശയത്തിന്റെ ചുവടുപിടിച്ചാണ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അതിന്റെ 'ഗ്രേറ്റ് ഒബ്‌സര്‍വേറ്ററി' പരമ്പര 1970 കളില്‍ ആസൂത്രണം ചെയ്യുന്നത്. ആ പരമ്പരയിലെ ആദ്യ അംഗമാണ് ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പ്. എന്നുവെച്ചാല്‍ 1970 കളില്‍ ആരംഭിച്ച ആലോചനകളാണ് 1990 ല്‍ യാഥാര്‍ഥ്യമായതെന്നര്‍ഥം.

പ്രപഞ്ചം വികസിക്കുകയാണെന്ന് 1930 ല്‍ കണ്ടെത്തിയ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിളിന്റെ പേര് ആ സ്‌പേസ് ടെലിസ്‌കോപ്പിന് നല്‍കി. 15.9 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവും 11,110 കിലോഗ്രാം ഭാരവുമുള്ള ഹബ്ബിള്‍ ടെലിസ്‌കോപ്പ്, ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ് പ്രപഞ്ച നിരീക്ഷണം നടത്തുന്നത്. ഹബ്ബിളിന് ഒരു തവണ ഭൂമിയെ ചുറ്റാന്‍ 96 മിനിറ്റ് മതി. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആ ടെലിസ്‌കോപ്പ് ദിവസം 17 തവണ അത് ഭൂമിയെ വലംവെയ്ക്കുന്നു. 
ഹബ്ബിള്‍ ഇതിനകം ഭൂമിയെ ചുറ്റി 480 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 12 ലക്ഷം നിരീക്ഷണങ്ങള്‍ നടത്തി. 2.4 മീറ്റര്‍ വ്യസമുള്ള ദര്‍പ്പണത്തിന്റെ സഹായത്തോടെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ (അള്‍ട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നിങ്ങനെ) പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ഹബ്ബിളിന് സാധിക്കും.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ശാസ്ത്രചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പ്. പക്ഷേ, 1990 ല്‍ വിക്ഷേപിച്ചപ്പോള്‍ കഥ മറ്റൊന്നായിരുന്നു. ഹബ്ബിളിനെ ബഹിരാകാശത്തെത്തിച്ച ശേഷമാണ് അതിന്റെ മുഖ്യദര്‍പ്പണത്തിന് തകരാറുള്ള കാര്യം മനസിലായത്. ഹബ്ബിള്‍ പകര്‍ത്തുന്ന ദൃശ്യങ്ങളൊന്നും വ്യക്തതയുള്ളതല്ല! ആ പ്രശ്‌നം പരിഹരിക്കാന്‍ അന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു രക്ഷാദൗത്യത്തിന് നാസ തയ്യാറായി. 1993 ല്‍ എന്‍ഡവര്‍ പേടകത്തില്‍ ബഹിരാകാശ സഞ്ചാരികളെ ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പിലയച്ച് അതിന്റെ തകരാര്‍ പരിഹരിച്ചു!

ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിക്ക് ചുറ്റും പായുന്ന ഹബ്ബിളിനൊപ്പം അതേ വേഗത്തില്‍ സഞ്ചരിച്ച് തകരാര്‍ പരിഹരിച്ചുവെന്നത് അസാധാരണം എന്നല്ലാതെ വിശേഷിപ്പിക്കാനാകുമോ!

ഹബ്ബിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തിനിടെ നടന്ന ആദ്യ സര്‍വീസ് ദൗത്യമായിരുന്നു 1993 ലേത്. അതൊരു തുടക്കമായിരുന്നു. ഹബ്ബിളില്‍ അറ്റകുറ്റപണി നടത്താനുള്ള രണ്ടാമത്തെ ദൗത്യം 1997 ഫിബ്രവരിയില്‍ നടന്നു; ഡിസ്‌കവറി പേടകമാണ് അതിന് ഉപയോഗിച്ചത്. സ്‌പേസ് ടെലിസ്‌കോപ്പ് ഇമേജിങ് സ്‌പെക്ട്രോഗ്രാഫ് പോലുള്ള ചില നിര്‍ണായക ഉപകരണങ്ങള്‍ അന്ന് മാറ്റി സ്ഥാപിച്ചു. 1999 ഡിസംബറിലായിരുന്നു മൂന്നാമത്തെ സര്‍വീസ് ദൗത്യം. ഹബ്ബിളിന്റെ ബലന്‍സ് നിലനിര്‍ത്തുന്ന ഗൈറോസ്‌കോപ്പുകളില്‍ മൂന്നെണ്ണം തകരാറിലായത് മാറ്റി. 2002 മാര്‍ച്ചില്‍ നാലാമത്തെ ദൗത്യം -സോളാര്‍ പാനലുകളും ക്യാമറയും മാറ്റി സ്ഥാപിച്ചു; കൊളംബിയ പേടകത്തില്‍ പോയവര്‍ 'അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേയ്‌സ്' ഹബ്ബളില്‍ സ്ഥാപിച്ചു.
2003 ഫിബ്രവരി ഒന്നിന് നടന്ന കൊളംബിയ ദുരന്തം (ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള അടക്കം ഏഴ് ബഹിരാകാശയാത്രികര്‍ മരിച്ച ദുരന്തം) ഹബ്ബിളിന്റെ തുടര്‍ന്നുള്ള നവീകരണം അവതാളത്തിലാക്കി. പുതിയ സര്‍വീസ് ദൗത്യങ്ങള്‍ റദ്ദാക്കി. ഹബ്ബിളിനെ വേണമെങ്കില്‍ ഇനി കൈവിടാം എന്ന തോന്നലും നാസയില്‍ ശക്തമായി. പക്ഷേ, നാസക്ക് അതിന് മനസ് വന്നില്ല. ശാസ്ത്രലോകം അപ്പോഴേക്കും ഹബ്ബിളുമായി അത്രമേല്‍ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു!

അതുകൊണ്ടാണ്, ഹബ്ബിളിനെ നവീകരിക്കാനും അതിന്റെ അറ്റകുറ്റപ്പണി നടത്താനുമുള്ള അഞ്ചാമത്ത ദൗത്യം വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാന്‍ചെയ്തത്. 2009 മെയ് മാസത്തില്‍ അറ്റ്‌ലാന്റിസ് ബഹിരാകാശ പേടകത്തില്‍ പോയ സഞ്ചാരികളാണ് ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വെറും കേടുതീര്‍ക്കല്‍ ആയിരുന്നില്ല അഞ്ചാംദൗത്യം. ഹബ്ബിളിലെ സുപ്രധാന ഭാഗങ്ങളെല്ലാം മാറ്റി പുതുക്കി. പഴയ ക്യാമറയ്ക്ക് പകരം പുതിയ 'വൈഡ് ഫീല്‍ഡ് ക്യാമറ' സ്ഥാപിച്ചു. സ്‌പേസ് ടെലിസ്‌കോപ്പിന്റെ ബാലന്‍സ് നിലനിര്‍ത്തുന്ന ആറ് ഗൈറോസ്‌കോപ്പുകളും മാറ്റി. വിദൂരലക്ഷ്യങ്ങളില്‍ ദൃഷ്ടി ഉറപ്പിച്ചു നിര്‍ത്താന്‍ ഹബ്ബിളിനെ സഹായിക്കുന്ന 'ഫൈന്‍ഗൈഡന്‍സ് സെന്‍സറും' പുതുക്കി. അങ്ങനെ ഹബ്ബിളിനെ അടിമുടി നവീകരിച്ചു.

അഞ്ചുവര്‍ഷത്തേക്ക് കൂടി ഹബ്ബിളിന്റെ ആയുസ്സ് നീട്ടുന്ന സുപ്രധാന ദൗത്യമായിരുന്നു 2009 ലേത്. പക്ഷേ, ആ കാലയളവ് കഴിഞ്ഞിട്ടും ഹബ്ബിളിന്റെ പ്രവര്‍ത്തനത്തിന് തടസ്സമില്ലെന്ന്, ഏറ്റവുമൊടുവില്‍ (2015 ല്‍) പുറത്തുവന്ന കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡില്‍ പ്രതലത്തിന് കീഴെ സമുദ്രമുണ്ടെന്നതാണ് ആ കണ്ടെത്തല്‍. ഹബ്ബിള്‍ നടത്തിയ അത്ഭുതകരമായ കണ്ടെത്തലുകളില്‍ ഒന്ന് മാത്രമാണിത്. ലോകത്തെ എത്രയോ ഗവേഷണഗ്രൂപ്പുകള്‍ വ്യത്യസ്തമായ കണ്ടെത്തലുകള്‍ ഹബ്ബിളിന്റെ നിരീക്ഷണം വഴി നടത്തിയിരിക്കുന്നു.

ബാള്‍ട്ടിമോറിലെ 'സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിട്യൂട്ടി'നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചുമതല എങ്കിലും, ആര്‍ക്ക് വേണമെങ്കിലും ഹബ്ബിളിന്റെ സേവനം തേടാം. ഹബ്ബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം ആപേക്ഷകള്‍ നാസയ്ക്ക് ലഭിക്കുന്നു എന്നാണ് കണക്ക്. അതില്‍നിന്ന് തിരഞ്ഞെടുക്കുന്ന 200 അപേക്ഷകള്‍ അനുവദിക്കപ്പെടും. 
ഒരു വര്‍ഷം 20,000 നിരീക്ഷണങ്ങള്‍ നടത്താന്‍ ഹബ്ബിളിനാകും; ദിവസം ശരാശരി 54 നിരീക്ഷണങ്ങള്‍. അതുവഴി ഓരോ ആഴ്ചയിലും 18 ഡി.വി.ഡി.നിറയുന്നത്ര ഡേറ്റ ഹബ്ബിള്‍ ഭൂമിയിലേക്ക് അയയ്ക്കുന്നു. ഗവേഷകര്‍ക്ക് ലോകത്തെവിടെയിരുന്നും ഈ ഡേറ്റ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് വിശകലനം ചെയ്യാം. പ്രവര്‍ത്തനം തുടങ്ങി ആദ്യ രണ്ടുപതിറ്റാണ്ടിനുള്ളില്‍ ഹബ്ബിളില്‍നിന്നുള്ള നിരീക്ഷണഫലങ്ങളുടെ സഹായത്തോടെ 6000 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പുറത്തുവന്നു.

ഹബ്ബിളില്‍ നിന്നുണ്ടായ കണ്ടുപിടിത്തങ്ങളുടെ വ്യാപ്തി പരിശോധിച്ചാല്‍, ആധുനിക ജ്യോതിശ്ശാസ്ത്രം ഏറ്റവും കടപ്പെട്ടിരിക്കുന്ന ഉപകരണം അതാണെന്ന് വ്യക്തമാകും. പ്രപഞ്ചത്തിന്റെ പ്രായം 1300 കോടിക്കും 1400 കോടി വര്‍ഷത്തിനും മധ്യേയാണെന്ന കണ്ടെത്തലാകും അതില്‍ ഏറ്റവും പ്രധാനം.

1993 ല്‍ തകരാര്‍ പരിഹരിച്ചുകഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഹബ്ബിള്‍ ആദ്യത്തെ പ്രധാന നിരീക്ഷണം നടത്തി. ഷൂമാക്കര്‍-ലെവി 9 എ വാല്‍നക്ഷത്രം വ്യാഴഗ്രഹത്തില്‍ ഇടിച്ചുതകരുന്നതിന്റെ സ്‌തോഭജനകമായ ദൃശ്യങ്ങള്‍ ഹബ്ബിള്‍ പകര്‍ത്തി. ഒരു വാല്‍നക്ഷത്രം ഗ്രഹത്തില്‍ പതിക്കുന്നതിന്റെ പ്രതാഘാതങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നതിനും ആഴത്തില്‍ വിശകലനം ചെയ്യുന്നതിനും ശാസ്ത്രലോകത്തിന് ആദ്യമായി അവസരം ലഭിച്ചു.

അതായിരുന്നു ഹബ്ബിളിന്റെ യഥാര്‍ഥ തുടക്കം. പിന്നീട് ഹബ്ബിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1996 ലാണ്, ആകാശഗംഗയിലെ ഒരു 'സുക്ഷിര'ത്തിലൂടെ ബാഹ്യപ്രപഞ്ചത്തിലേക്ക് ഹബ്ബിള്‍ വിസ്തരിച്ചൊന്ന് 'നോക്കി'. ഗ്രേറ്റ് ബിയര്‍ നക്ഷത്രഗണത്തിന്റെ ദിശയിലായിരുന്നു ആ നിരീക്ഷണം. 10 ദിവസം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിന്റെ ഫലം അതിശയിപ്പിക്കുന്ന പ്രപഞ്ചദൃശ്യങ്ങളായി പുറത്തുവന്നു. നൂറുകണക്കിന് വിദൂര ഗാലക്‌സികളായിരുന്നു ആ ദൃശ്യത്തിലുള്ളത്. അതില്‍ ചിലത് പ്രപഞ്ചമുണ്ടായി ഏതാണ്ട് നൂറുകോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടത്. ഗാലക്‌സികളില്‍ നക്ഷത്രങ്ങളുടെ പിറവി ആദ്യം എത്ര ഊര്‍ജിതമായിരുന്നുവെന്നും, പിന്നീട് നക്ഷത്രപിറവിയുടെ ആവേഗം കുറഞ്ഞെന്നും ആ നിരീക്ഷണഫലം വ്യക്തമാക്കി.
നക്ഷത്രങ്ങളുടെ പിറവി എങ്ങനെയാണെന്നത് ജ്യോതിശാസ്ത്രജ്ഞരെ എക്കാലവും ആകാംക്ഷയിലാഴ്ത്തിയിട്ടുണ്ട്. ഗാലക്‌സികളില്‍ ധൂളിപടലങ്ങളുടെ മറയത്ത് നടക്കുന്ന നക്ഷത്രജനനങ്ങള്‍ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ നിരീക്ഷിക്കാന്‍ ഹബ്ബിളിന് കഴിഞ്ഞു. എത്ര നാടകീയമായ സംഭവങ്ങളുടെ അകമ്പടിയോടെയാണ് നക്ഷത്രങ്ങള്‍ പിറക്കുന്നതെന്ന് ആ നിരീക്ഷണങ്ങള്‍ തെളിയിച്ചു. ഹബ്ബിളില്‍നിന്ന് ലഭിച്ച ഏറ്റവും പ്രസിദ്ധമായ ദൃശ്യങ്ങളില്‍ ചിലത് 'സൃഷ്ടിയുടെ ഗോപുരങ്ങള്‍' (Pillars of Creation) എന്നറിയപ്പെടുന്ന, നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന മേഖലകളുടേതാണ്.

ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് ശരിയായി നിര്‍ണയിക്കുക എന്നതായിരുന്നു. ആ തോത് നിര്‍ണയിക്കുക വഴി പ്രപഞ്ചത്തിന്റെ പ്രായമെത്രയാണെന്ന് കണക്കാന്‍ ഹബ്ബിളില്‍നിന്നുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തെ സഹായിച്ചു.

പ്രപഞ്ചത്തിലെ വിദൂര ഗാലക്‌സികളിലേക്കുള്ള അകലം നിശ്ചയിക്കാന്‍ പ്രമാണദീപ്തികളായി ഉപയോഗിക്കുന്ന വിദൂര സൂപ്പര്‍നോവകളെ നിര്‍ണയിക്കാനും ജ്യോതിശാസ്ത്രജ്ഞരെ ഹബ്ബിള്‍ സഹായിച്ചു. വിദൂരഗാലക്‌സികളിലേക്കുള്ള അകലമറിയാന്‍ മാത്രമല്ല, പ്രപഞ്ചത്തിന്റെ പ്രാചീനകാലത്തേക്ക് ദൃഷ്ടിപായിക്കാനും അത് സഹായിച്ചു. ഒപ്പം, ആ നിരീക്ഷണങ്ങള്‍ അത്ഭുതകരമായ മറ്റൊരു തിരിച്ചറിവിലേക്ക് ശാസ്ത്രത്തെ നയിക്കുകയും ചെയ്തു. പ്രപഞ്ചം വെറുതെ വികസിക്കുകയല്ല, ആ വികാസത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു ആ തിരിച്ചറിവ്. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ കാരണം ശ്യാമോര്‍ജമെന്ന നിഗൂഢ ഊര്‍ജരൂപം ചെലുത്തുന്ന വിപരീതബലമാണെന്നും ഗവേഷകര്‍ നിഗമനത്തിലെത്തി. ശരിക്കുപറഞ്ഞാല്‍, ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ഭാവിയെ ഇതുവഴി ഹബ്ബിള്‍ ടെലസ്‌കോപ്പ് പുനര്‍നിര്‍ണയം നടത്തുകയായിരുന്നു.  
ഏതാണ്ടെല്ലാ ഗാലക്‌സികളുടെയും കേന്ദ്രത്തില്‍ തമോഗര്‍ത്തങ്ങളുണ്ടെന്നതാണ് ഹബ്ബിള്‍ നടത്തിയ പ്രസിദ്ധമായ മറ്റൊരു കണ്ടെത്തല്‍. മാത്രമല്ല, ആ തമോഗര്‍ത്തങ്ങള്‍ക്ക് ഗാലക്‌സിയുടെ മൊത്തം ദ്രവ്യമാനവുമായി (ദ്രവ്യമാനം = mass) ബന്ധമുണ്ടെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. ആദ്യം തമോഗര്‍ത്തം രൂപപ്പെട്ട ശേഷം, ഗാലക്‌സിയുടെ ദ്രവ്യമാനം നിശ്ചയിക്കപ്പെടുകയായിരുന്നോ, അതോ തിരിച്ചാണോ സംഭവിക്കുന്നത് എന്ന ചോദ്യമാണ് ഈ കണ്ടെത്തല്‍ അവശേഷിപ്പിക്കുന്നത്. അതുമല്ലെങ്കില്‍, ഗാലക്‌സിയും തമോഗര്‍ത്തവും ഒരേസമയം രൂപപ്പെട്ടതാണോ എന്ന സംശയവും ഉയരുന്നു.

കണ്ടെത്തലുകള്‍ നടത്തുക മാത്രമല്ല, പുതിയ കണ്ടെത്തലുകള്‍ക്ക് ഭാവിസാധ്യതകള്‍ തുറന്നിടുകകൂടിയാണ് ഹബ്ബിള്‍ ചെയ്യുന്നത്. പിന്‍ഗാമികള്‍ക്കുള്ള വഴിയൊരുക്കുക കൂടിയാണ് കാല്‍നൂറ്റാണ്ടുകാലം ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് ചെയ്തത് (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ).
 


by ജോസഫ് ആന്റണി 

- ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ 25-ാം വാര്‍ഷികത്തിന് 'മാതൃഭൂമി ഓണ്‍ലൈനി'ല്‍ പ്രസിദ്ധീകരിച്ചത്. ലിങ്ക്: http://goo.gl/5xILRN