Monday, February 15, 2010

പ്രപഞ്ചത്തിന് പ്രായം കൂടുന്നു


ഇതുവരെയുള്ള ധാരണ ഇതാണ് - ഏതാണ്ട് 1373 കോടി വര്‍ഷം മുമ്പ് മഹാവിസ്‌ഫോടനം എന്ന പ്രക്രിയയിലൂടെ പ്രപഞ്ചം ഉടലെടുത്തു. പ്രാപഞ്ചിക സൂക്ഷ്മതരംഗപശ്ചാത്തലം (CMB) നിരീക്ഷിച്ച് വിശകലനം ചെയ്താണ് ഈയൊരു നിഗമനത്തില്‍ ഗവേഷകലോകം എത്തിയത്.

എന്നാല്‍, പ്രപഞ്ചത്തിന്റെ പ്രായത്തില്‍ രണ്ടുകോടി വര്‍ഷം കൂടി ചേര്‍ക്കണമെന്ന് പുതിയൊരു ഗവേഷണം നിര്‍ദേശിക്കുന്നു. ഇതുസംബന്ധിച്ച് നടത്തിയ ഏറ്റവും കൃത്യമായ കണക്കുകൂട്ടലില്‍ വ്യക്തമായത് പ്രപഞ്ചത്തിന്റെ പ്രായം 1375 കോടി വര്‍ഷമാണ് എന്നാണ്.

നാസയുടെ ബഹിരാകാശ പേടകമായ 'വില്‍ക്കിന്‍സണ്‍ അനിസോട്രോഫി പ്രോബ്' (ഡബ്ല്യുമാപ്പ്-WMAP) നല്‍കിയ വിവരങ്ങളാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതത്രേ. മുമ്പത്തെ പ്രായം ഗവേഷകര്‍ കണക്കുകൂട്ടിയതും ഇതേ പേടകം നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.

മഹാവിസ്‌ഫോടനം കഴിഞ്ഞ് നാലുലക്ഷം വര്‍ഷത്തിന് ശേഷം പ്രപഞ്ചത്തില്‍ ദ്രവ്യം തണുക്കാനാരംഭിച്ചപ്പോള്‍ പുറത്തുവന്ന വികിരണമാണ് സി.എം.ബി. 'പ്രപഞ്ചത്തിന്റെ ഫോസില്‍' എന്ന് വിളിക്കാവുന്ന വികിരണാവശിഷ്ടമാണത്. അതെപ്പറ്റി പഠിക്കാനും പ്രപഞ്ചോത്പത്തിയെയും വികാസത്തെയും കുറിച്ച് മനസിലാക്കാനുമാണ് 2001-ല്‍ ഡ്ബ്ല്യുമാപ്പ് വിക്ഷേപിച്ചത്.

പ്രപഞ്ചത്തിന്റെ എല്ലാ ദിശകളില്‍ നിന്നും തുല്യതോതിലെത്തുന്ന വളരെ വളരെ മങ്ങിയ സൂക്ഷ്മവികിരണമാണ് സി.എം.ബി. ഇത് മാപ്പ് ചെയ്യുക വഴി ഡബ്ല്യുമാപ്പ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്, പ്രപഞ്ചത്തിന്റെ ബാല്യത്തിലെ ചിത്രം രൂപപ്പെടുത്തുകയാണ്.

സൂക്ഷ്മമായ വിശകലനം വഴി, സി.എം.ബി.യിലെ ലോലമായ താപവ്യതിയാനങ്ങള്‍ ഗവേഷകര്‍ക്ക് കൃത്യമായി കണ്ടെത്താനാകും. ചൂടുകൂടിയേ സ്ഥാനങ്ങളും ചൂടു കുറഞ്ഞ സ്ഥാനങ്ങളും. ഗാലക്‌സികളുടെ തുടക്കം സി.എം.ബി.യിലെ ഇത്തരം സ്ഥാനങ്ങളാണെന്ന് കരുതുന്നു.

താപവ്യതിയാനമുള്ള ഇത്തരം സ്ഥാനങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ (മറ്റ് ഡ്ബ്ല്യുമാപ്പ് വിവരങ്ങളും കൂടി സംയോജിപ്പിച്ച്) പ്രപഞ്ചത്തിന്റെ എണ്ണമറ്റ മാതൃകകള്‍ രൂപപ്പെടുത്താനാകും. അവയില്‍ ഏത് മാതൃകയാണ് യാഥാര്‍ഥ്യങ്ങളുമായി ഏറ്റവും ചേര്‍ന്ന് പോകുന്നതെന്ന് മനസിലാക്കാനും കഴിയും.

'ഇതിനെ ഒരു വിരലടയാളമെന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുക'- പുതിയ പഠനത്തില്‍ പങ്കാളിയായിരുന്ന ചാള്‍സ് ബെന്നറ്റ് പറയുന്നു. 'വിവിധ വസ്തുതകള്‍ (പ്രപഞ്ചത്തിന്റെ പ്രായം, ശ്യാമദ്രവ്യത്തിന്റെ അളവ് തുടങ്ങിയവ) ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഒട്ടേറെ മാതൃകകള്‍ രൂപപ്പെടുത്താന്‍ നമുക്ക് കഴിയും'-ബാള്‍ട്ടിമോറില്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകന്‍ കൂടിയായ ബെന്നറ്റ അറിയിക്കുന്നു.

ഡബ്ല്യുമാപ്പ് കഴിഞ്ഞ ഏഴ് വര്‍ഷം പുറത്തുവിട്ട ഡാറ്റ ഉപയോഗിച്ചാണ് ബെന്നറ്റും സംഘവും പ്രപഞ്ചത്തിന്റെ പ്രായം കണക്കുകൂട്ടിയത്. മുമ്പുള്ള കണക്ക് പ്രകാരം 1373 കോടി വര്‍ഷമായിരുന്നു അത്. എന്നാല്‍, കൂടുതല്‍ കൃത്യതയോടെ വിശകലനം ചെയ്തപ്പോള്‍ പ്രപഞ്ചത്തിന്റെ പ്രായം 1375 കോടി വര്‍ഷം എന്ന് ലഭിച്ചതായി 'ആര്‍ക്‌സൈവി'ല്‍ (arXiv.org) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

പ്രാപഞ്ചത്തിന്റെ മാനങ്ങളില്‍ പരിഗണിച്ചാല്‍, രണ്ടുകോടി വര്‍ഷം അത്ര വലിയൊരു വ്യത്യാസം ആയിരിക്കില്ല. എന്നാല്‍, ഭൗതികശാസ്ത്രത്തിന് ഇനിയും പരിഹരിക്കേണ്ട പല സമസ്യകള്‍ക്കും (ശ്യാമോര്‍ജം, ശ്യാമദ്രവ്യം) ഉത്തരം തേടുമ്പോള്‍ ഇതിന് വലിയ പ്രാധാന്യം കൈവരുമെന്ന് ഗവേഷകര്‍ കരുതുന്നു. (അവലംബം: arXiv.org)

4 comments:

Joseph Antony said...

ഇതുവരെയുള്ള ധാരണ ഇതാണ് - ഏതാണ്ട് 1373 കോടി വര്‍ഷം മുമ്പ് മഹാവിസ്‌ഫോടനം എന്ന പ്രക്രിയയിലൂടെ പ്രപഞ്ചം ഉടലെടുത്തു. പ്രാപഞ്ചിക സൂക്ഷ്മതരംഗപശ്ചാത്തലം (CMB) നിരീക്ഷിച്ച് വിശകലനം ചെയ്താണ് ഈയൊരു നിഗമനത്തില്‍ ഗവേഷകലോകം എത്തിയത്. എന്നാല്‍, പ്രപഞ്ചത്തിന്റെ പ്രായത്തില്‍ രണ്ടുകോടി വര്‍ഷം കൂടി ചേര്‍ക്കണമെന്ന് പുതിയൊരു ഗവേഷണം നിര്‍ദേശിക്കുന്നു. ഇതുസംബന്ധിച്ച് നടത്തിയ ഏറ്റവും കൃത്യമായ കണക്കുകൂട്ടലില്‍ വ്യക്തമായത് പ്രപഞ്ചത്തിന്റെ പ്രായം 1375 കോടി വര്‍ഷമാണ് എന്നാണ്.

നന്ദന said...

എന്തായാ‍ലും രണ്ട് വർഷംകൂടി കൂട്ടാം

Unknown said...

അറിവിന്‌ നന്ദി മാഷേ

ടോട്ടോചാന്‍ said...

നന്ദന... രണ്ട് വര്‍ഷമല്ല കേട്ടോ... 2 കോടി വര്‍ഷമാണ്....