
ഈജിപ്തുകാരിയായ ക്ലിയോപാട്രയുടെ മൂക്കിന്റെ നീളം അല്‍പ്പം കുറഞ്ഞിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു എന്നു പറയാറുണ്ട്. ഇതിന് സമാനമായൊരു സംഗതി ശാസ്‌ത്രചരിത്രത്തിലുണ്ട്. ചാള്‍സ് ഡാര്‍വിന്റെ മൂക്കിന്റെ ആകൃതി മറ്റൊന്നായിരുന്നെങ്കില്‍, ശാസ്‌ത്രത്തിന്റെ ഗതി മാറുമായിരുന്നു എന്നതാണത്. 'എച്ച്.എം.എസ്.ബീഗിള്‍'(H.M.S. Beagle) എന്ന കപ്പലിന്റെ ക്യാപ്‌ടനായ റോബര്‍ട്ട് ഫിറ്റ്‌സ്‌റോയ്, തെക്കേയമേരിക്കന്‍ സമുദ്രയാത്രയില്‍ തന്റെ സഹചാരിയായി ഡാര്‍വിനെ നിശ്ചയിക്കാന്‍ ഒരു കാരണം ഡാര്‍വിന്റെ മൂക്കിന്റെ ആകൃതിയായിരുന്നത്രേ! നീളമേറിയ മൂക്ക് ബുദ്ധിസാമര്‍ത്ഥ്യത്തിന്റെയും കുലീനതയുടെയും ചിഹ്നമായി ആ കപ്പിത്താന്‍ വിലയിരുത്തി.
അഞ്ചുവര്‍ഷവും രണ്ടു ദിവസവും നീണ്ട വിഖ്യാതമായ 'ബീഗിള്‍യാത്ര'യാണ് ഒരായുഷ്‌ക്കാലത്തേക്ക് വേണ്ട ഊര്‍ജ്ജവും ഉള്‍ക്കാഴ്‌ചയും ആശയങ്ങളും ഭാവിയില്‍ താന്‍ കണ്ടെത്താനിരിക്കുന്ന സുപ്രധാന സിദ്ധാന്തത്തിനുള്ള തെളിവുകളും, സര്‍വോപരി പ്രശസ്‌തിയും ഡാര്‍വിന് നേടിക്കൊടുത്തത്. 1831-ല്‍ ആരംഭിച്ച ആ യാത്ര സംഭവിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, മണ്ണിരകളില്‍ സജീവ താത്‌പര്യമുള്ള ഒരു ഗ്രാമീണവൈദികനായി ഒടുങ്ങേണ്ട ജീവിതമായിരുന്നു ഡാര്‍വിന്റേത്. ഡാര്‍വിനെ ഡാര്‍വിനാക്കിയത് 'ബീഗിള്‍യാത്ര'യായിരുന്നു എന്നു സാരം. ആ യാത്രയ്‌ക്കു ശേഷം ജീവിതത്തിലൊരിക്കലും അദ്ദേഹം ഇംഗ്ലണ്ടിന് പുറത്ത് പോയിട്ടുമില്ല.
ബീഗിളില്‍ തെക്കേയമേരിക്കന്‍ യാത്ര കഴിഞ്ഞ് 1836-ല്‍ തിരിച്ചെത്തിയ തനിക്ക്, ജീവപരിണാമത്തിന്റെ ശാസ്‌ത്രീയ അടിത്തറ കുടികൊള്ളുന്നത് 'പ്രകൃതിനിര്‍ധാരണ'(Natural Selection) ത്തിലാണെന്ന ഉള്‍ക്കാഴ്‌ച പിറ്റേ വര്‍ഷം തന്നെയുണ്ടായി എന്ന് ഡാര്‍വിന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പരിണാമസിദ്ധാന്തത്തിന്റെ 35-പേജ് വരുന്ന രൂപരേഖ 1842 ആയപ്പോഴേക്കും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. അത് 1844-ഓടെ 189 പേജുള്ള സ്‌കെച്ചാക്കി രൂപപ്പെടുത്തിയെങ്കിലും, 'ജീവജാതികളുടെ ഉത്ഭവം' എന്ന പുസ്‌തകം അദ്ദേഹം പ്രസിദ്ധീകരിക്കുന്നതും പരിണാമസിദ്ധാന്തം ലോകത്തിന് മുന്നിലെത്തുന്നതും 1859-ല്‍ മാത്രമാണ് ; അതും സമാനമായ കണ്ടെത്തലുമായി ആല്‍ഫ്രഡ് റസ്സല്‍ വാലസ് രംഗത്തെത്തിയപ്പോള്‍ മാത്രം.
വൈകിച്ചു എന്നത് വെറും മിത്ത്
1837-ല്‍ തനിക്ക് ബോധ്യപ്പെട്ട വസ്‌തുത, 1844-ല്‍ അതിന്റെ അരലക്ഷം വാക്കുകളുള്ള സ്‌കെച്ച് തയ്യാറായിട്ടും, പ്രസിദ്ധീകരിക്കാന്‍ 1859 വരെ ഡാര്‍വിന്‍ കാത്തതെന്തുകൊണ്ട്? അദ്ദേഹം ഭയപ്പെട്ടിരുന്നോ. ചില പരമ്പരാഗത വിശദീകരണങ്ങള്‍ അങ്ങനെ പറയുന്നു. സഭയുടെ എതിര്‍പ്പ് ഭയന്നായിരുന്നു തന്റെ കണ്ടെത്തല്‍ അദ്ദേഹം പ്രസിദ്ധീകരിക്കാതെ വെച്ചത് എന്നതാണ് ഒരു വിശദീകരണം. കടുത്ത മതവിശ്വാസിയായ ഭാര്യ എമ്മ വേദനിക്കും എന്നു കരുതി പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം മനപ്പൂര്‍വം നീട്ടിവെച്ചു എന്നു വാദിക്കുന്നവരുണ്ട്. സിദ്ധാന്തം രൂപപ്പെടുത്തുന്ന വേളയില്‍ ജീവശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക് ഡാര്‍വിന്‍ പ്രശസ്‌തനായിരുന്നില്ല. ഭൗമശാസ്‌ത്രജ്ഞനായിട്ടാണ് അന്ന് അദ്ദേഹത്തിന്റെ ഖ്യാതി. ആ നിലയ്‌ക്ക് 1844-ല്‍ പ്രസിദ്ധീകരിച്ചാല്‍ പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യത കുറയും എന്ന് ഡാര്‍വിന്‍ കണക്കുകൂട്ടി എന്ന് വാദിക്കുന്ന ചരിത്രകാരന്‍മാരും ഉണ്ട്. ജീവശാസ്‌ത്രജ്ഞനെന്ന നിലയ്‌ക്കു താന്‍ സ്വീകാര്യനായ ശേഷം മതി പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ എന്ന് ഡാര്‍വിന്‍ കരുതിയിരിക്കണം എന്നവര്‍ പറയുന്നു.
എന്നാല്‍, ഇതൊക്കെ വെറും മിത്തുകളാണത്രേ. പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം വൈകിയതിന് പിന്നില്‍ മേല്‍പ്പറഞ്ഞതില്‍ അവസാനത്തേത് ഒരു കാരണമായി കരുതാമെങ്കിലും, മറ്റുള്ളവ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് പുതിയൊരു ഗവേഷണം സൂചിപ്പിക്കുന്നു. കഠിനാധ്വാനിയായിരുന്നു ഡാര്‍വിന്‍. ഏതെങ്കിലുമൊരു ജോലി തുടങ്ങിയാല്‍, എത്ര സമയമെടുത്തിട്ടാണെങ്കിലും അതിന്റെ എല്ലാ തെളിവുകളും വിശദാംശങ്ങളും സമാഹരിച്ചു പ്രസിദ്ധീകരിക്കുകയെന്നത് ഡാര്‍വിന്റെ രീതിയായിരുന്നു. ചെയ്‌തുതീര്‍ക്കാന്‍ നിശ്ചയിച്ച മറ്റ് ചില ദൗത്യങ്ങളില്‍ വ്യാപൃതനായതിനാലും, രോഗപീഡകളാലും 'ജീവജാതികളുടെ ഉത്ഭവ'ത്തിന്റെ പ്രസിദ്ധീകരണം വൈകുകയായിരുന്നു എന്നാണ്, കേംബ്രിഡ്‌ജിലെ ശാസ്‌ത്രചരിത്ര ഗവേഷകനായ ഡോ.ജോണ്‍ വാന്‍ വൈഹെ എത്തിയിരിക്കുന്ന നിഗമനം. സൂക്ഷ്‌മ പരിശോധനക്ക് ഇതുവരെ അധികമാര്‍ക്കും ലഭ്യമാകാത്ത, ഡാര്‍വിന്റെ കുറിപ്പുകളും എഴുത്തുകളും മറ്റ് സ്വകാര്യരേഖകളും പരിശോധിച്ചാണ് ഡോ. വൈഹെ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.
'ജീവജാതികളുടെ ഉത്ഭവം' പ്രസിദ്ധീകരിച്ചിട്ട് 2009-ല്‍ ഒന്നരനൂറ്റാണ്ട് തികയുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു കണ്ടെത്തല്‍ കൗതുകമുണര്‍ത്തുന്നു. മാത്രമല്ല, ഡാര്‍വിന്റെ ജീവിതവും രീതികളും പുനപ്പരിശോധിക്കാനും, അദ്ദേഹം മുന്നോട്ടുവെച്ച ശാസ്‌ത്രസത്യങ്ങള്‍ ഇന്നും എത്ര പ്രസക്തമായി നിലകൊള്ളുന്നു എന്ന് അവലോകനം ചെയ്യാനും, ശാസ്‌ത്രത്തിന് നേരെയുള്ള വെല്ലുവിളികളുടെ മൂര്‍ത്തരൂപമായി എന്തുകൊണ്ട് പരിണാമസിദ്ധാന്തം മാറിയെന്ന കാര്യം ചര്‍ച്ചചെയ്യാനുമൊക്കെയുള്ള അവസരമൊരുക്കുന്നു പുതിയ നിഗമനം. പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം 'മുടങ്ങിയ വര്‍ഷങ്ങളില്‍'(1844-1859) കത്തുകളിലോ ഡയറിക്കുറിപ്പുകളിലോ ഒരിടത്തും, മനപ്പൂര്‍വ്വമുള്ള വൈകിക്കലിനെക്കുറിച്ച് ഒരു പരാമര്‍ശം പോലും ഡാര്‍വിന്റേതായി ഇല്ല എന്നാണ് ഡോ.വൈഹെ കണ്ടെത്തിയിരിക്കുന്നത്. ഡാര്‍വിന്റെ കുറിപ്പുകള്‍ പരിശോധിക്കാന്‍ കാര്യമായ അവസരം കിട്ടാത്ത ആദ്യകാല ചരിത്രകാരന്‍മാരുടെ ഊഹം മാത്രമാണ്, ഭയം മൂലം ഡാര്‍വിന്‍ മനപ്പൂര്‍വ്വം പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം വൈകിച്ചു എന്നതത്രേ. അതങ്ങനെ സംഭവിച്ചു പോയി എന്നു മാത്രമേ പറയാനാകൂ എന്ന് ഡോ.വൈഹെ വാദിക്കുന്നു.
ശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആശയം
പരിണാമ സങ്കല്‍പ്പം ഡാര്‍വിന്റേതല്ല. പുരാതന ഗ്രീസില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്. ജീവജാതികള്‍ക്കു വ്യത്യാസവും വൈവിധ്യവും ഉണ്ടാകുന്നതിനെപ്പറ്റി ഫ്രാന്‍സിസ് ബേക്കണ്‍ (1561-1626) ശ്രദ്ധേയമായ ചില ചര്‍ച്ചകള്‍ 1620-ല്‍ നടത്തിയിരുന്നു. ഗോട്ട്‌ഫ്രൈഡ് വില്‍ഹെം ലൈബനിസ് (1646-1716) ആ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോയി. പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച് ഗവേഷകനായ കോംറ്റെ ജോര്‍ജസ് ലൂയിസ് ബഫോ (1707-1788), ഭൂമുഖത്ത് വ്യത്യസ്‌ത പ്രദേശങ്ങളില്‍ വ്യത്യസ്‌ത ജീവജാതികള്‍ രൂപപ്പെടുന്നതിന്റെ സാമ്യതയില്‍ അത്ഭുതം കൊണ്ടു. അതേ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പരിണാമത്തെപ്പറ്റി ചില നൂതനാശയങ്ങള്‍ മുന്നോട്ടു വെച്ചത് ചാള്‍സ് ഡാര്‍വിന്റെ മുത്തച്ഛനായ ഇറാസ്‌മസ് ഡാര്‍വിന്‍ (1731-1802) ആയിരുന്നു. പരിണാമവും ആര്‍ജിതഗുണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജീന്‍ ബാപ്‌റ്റിസ്റ്റെ ലാമാര്‍ക്ക് (1744-1829) തന്റെ നിഗമനങ്ങള്‍ അവതരിപ്പിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്.
ഡാര്‍വിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍, ഊഹങ്ങളുടെയും ചില ധാരണകളുടെയും മുകളില്‍ കാലങ്ങളായി നിലകൊണ്ട പരിണാമമെന്ന സങ്കല്‍പ്പത്തിന് ശക്തമായ ശാസ്‌ത്രീയ അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്. പരിണാമ പ്രക്രിയയ്‌ക്ക് ചരിത്രത്തിലാദ്യമായി തൃപ്‌തികരമായ ഒരു ശാസ്‌ത്രീയ വിശദീകരണം നല്‍കിയത് ഡാര്‍വിനാണ്. ശാസ്‌ത്രത്തിന്റെ മുഴുന്‍ ചരിത്രവും പരിശോധിച്ചാല്‍, അതിലെ ഏറ്റവും സമുന്നത ആശയം എന്ന് നിസംശയം പറയാവുന്ന 'പ്രകൃതിനിര്‍ധാരണം' ആണ് ഡാര്‍വിന്‍ കണ്ടെത്തിയ ആ വിശദീകരണം. ജീവലോകത്തെ മുഴുവന്‍ നയിക്കുന്ന ചാലകശക്തിയാണ് പ്രകൃതിനിര്‍ധാരണമെന്ന് ഡാര്‍വിന്‍ തിരിച്ചറിഞ്ഞു. "അനുകൂല വ്യതിയാനങ്ങള്‍, രൂപഭേദങ്ങള്‍ എന്നിവയുടെ സംരക്ഷിക്കലിനെയും, അപകടകരമായവയുടെ നശീകരണത്തെയും ഞാന്‍ പ്രകൃതിനിര്‍ധാരണം അഥവാ അര്‍ഹരായവരുടെ അതിജീവനം എന്നു വിളിക്കുന്നു"-'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിലെ ഡാര്‍വിന്റെ ഈ പ്രസ്‌താവന ഒരു സംശയത്തിനും ഇട നല്‍കുന്നില്ല.
എല്ലാ ജീവരൂപങ്ങള്‍ക്കും (സസ്യങ്ങളായാലും ജന്തുക്കളായാലും) കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയില്‍ ഗുണപരമായവ തലമുറകളിലൂടെ സൂക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ് പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന് കാരണം. ഒരു നിശ്ചിത പരിസ്ഥിതിക്ക് ഏറ്റവും അനുഗുണമായവയ്‌ക്കാണ് (രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ) അതിജീവനശേഷിയുണ്ടാവുക. ദീര്‍ഘകാലം കൊണ്ട,് ഭൂമിശാസ്‌ത്രപരമായി വ്യത്യസ്‌ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച് പുതിയ ജീവജാതികള്‍ (സ്‌പീഷിസുകള്‍) ആയി മാറുന്നു. ഇതാണ് പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച് പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്‌മജിവരൂപങ്ങളിലെത്തും. സൂക്ഷ്‌മരൂപങ്ങളില്‍ നിന്ന് പരിണാമം പ്രാപിച്ചാണ് ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.
'ബീഗിള്‍' എന്ന ചരിത്രയാനം
ചരിത്രഗതിയില്‍ ശരിയായ സമയത്ത്, ശരിയായ സ്ഥാനത്ത് എത്താന്‍ കഴിഞ്ഞ ഭാഗ്യവാന്‍ എന്നാണ് ഡാര്‍വിനെ ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്. പക്ഷേ, അതുമാത്രമായിരുന്നില്ല, കഠിനാധ്വാനവും സൂക്ഷ്‌മനിരീക്ഷണവും ഡാര്‍വിനെ ഡാര്‍വിനാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 1809 ഫിബ്രവരി 12-ന് ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബറിയില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്റെ ജനനം (അത്‌ലാന്റിക്കിന് മറുകരയില്‍ കെന്റക്കിയില്‍ എബ്രഹാം ലിങ്കണ്‍ ജനിച്ചതും ഇതേ ദിവസമാണ്). ഡോക്ടറായ റോബര്‍ട്ട് ഡാര്‍വിന്‍ ആയിരുന്നു പിതാവ്. ഡാര്‍വിന് വെറും എട്ടു വയസ്സുള്ളപ്പോള്‍ അമ്മ ജൊസിയ വെഡ്‌ജ്‌വുഡ് മരിച്ചു. പക്ഷേ, അമ്മ വഴി ലഭിച്ച പൂര്‍വികസ്വത്ത്, ജീവിതത്തിലൊരിക്കലും വരുമാനത്തെക്കുറിച്ച് വ്യാകുലപ്പെടാതെ തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ ഡാര്‍വിന് തുണയായി. തന്നെപ്പോലെ മകനും ഡോക്ടറാകണമെന്നായിരുന്നു റോബര്‍ട്ട് ഡാര്‍വിന്റെ ആഗ്രഹം. മകന് വിധി കരുതിവെച്ചത് പക്ഷേ, പ്രകൃതിപഠനമായിരുന്നു; അതും നിയമപഠനവും വൈദികപഠനവും പരാജയപ്പെട്ടതിന് ശേഷം.
'ബീഗിള്‍യാത്ര'യായിരുന്നു ഡാര്‍വിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്. തേക്കെയമേരിക്കയുടെ ഭൂപടനിര്‍മാണത്തിനായി പ്ലാന്‍ചെയ്‌ത 'ബീഗിള്‍ദൗത്യ'ത്തില്‍ ക്യാപ്‌ടന്‍ ഫിറ്റ്‌സ്‌റോയി (1805-1865)യുടെ പ്രകൃതിശാസ്‌ത്രജ്ഞനായ കൂട്ടുകാരനാകാന്‍ കഴിഞ്ഞതാണ് ഡാര്‍വിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടത്. 1831-ല്‍ യാത്രയാരംഭിക്കുമ്പോള്‍ ഫിറ്റ്‌സ്‌റോയിക്ക് പ്രായം ഇരുപത്തിമൂന്ന്, ഡാര്‍വിന് ഇരുപത്തിരണ്ടും. ഡാര്‍വിന്റെ നീണ്ട മൂക്കുപോലെ, ഫിറ്റ്‌സ്‌റോയിയുടെ പല പരിഗണനകളില്‍ ഒന്ന് ഡാര്‍വിന്‍ ദൈവശാസ്‌ത്രം പഠിച്ചിട്ടുണ്ട് എന്ന വസ്‌തുതയായിരുന്നു. ഭൂപടനിര്‍മാണമായിരുന്നു ബീഗിള്‍ ദൗത്യത്തിന്റെ ഔദ്യോഗിക ലക്ഷ്യമെങ്കിലും, ബൈബിളില്‍ പറയുന്ന സൃഷ്ടിസങ്കല്‍പ്പത്തിന് ശാസ്‌ത്രീയ തെളിവു കണ്ടെത്തുകയെന്നത് ക്യാപ്‌റ്റന്‍ ഫിറ്റ്‌സ്‌റോയിയുടെ സ്വാകാര്യ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. അതിന്, ദൈവശാസ്‌ത്രം അഭ്യസിച്ചിട്ടുള്ള പ്രകൃതിശാസ്‌ത്രജ്ഞനായ ഡാര്‍വിന്‍ അനുയോജ്യനാണെന്ന് ക്യാപ്‌ടന്‍ തീര്‍ച്ചയായും കണക്കുകൂട്ടിയിരിക്കണം. ആ യാത്രയില്‍ കണ്ടതൊന്നും പക്ഷേ, സൃഷ്ടിസങ്കല്‍പ്പത്തിലേക്കല്ല ഡാര്‍വിനെ അടുപ്പിച്ചതെന്നു മാത്രം.
യാത്ര വിജയമായിരുന്നു. ജീവിതകാലം മുഴുവന്‍ പ്രകൃതിപഠനം തുടരാന്‍ വേണ്ട ഊര്‍ജം ആ യാത്രയില്‍ നിന്ന് ഡാര്‍വിന് ലഭിച്ചു. ഫോസിലുകളുടെ വലിയൊരു ശേഖരം അദ്ദേഹത്തിന് സ്വന്തമായി. ചിലിയില്‍ വെച്ച് ഒരു വന്‍ ഭൂകമ്പം നേരിട്ടു കാണാനുള്ള അവസരവും ലഭിച്ചു. അങ്ങനെ, ഭൗമപ്രക്രിയയുടെ നിഗൂഢതയ്‌ക്ക് അദ്ദേഹം നേരിട്ടു സാക്ഷിയായി. പുതിയൊരു ഡോള്‍ഫിന്‍ വര്‍ഗ്ഗത്തെ ആ യാത്രിയില്‍ ഡാര്‍വിന്‍ തിരിച്ചറിഞ്ഞു. അതിന്റെ ശാസ്‌ത്രീയനാമം കൗതുകമുണര്‍ത്തുന്നതാണ്- 'ഡോള്‍ഫിനസ് ഫിറ്റ്‌സ്‌റോയി' (Dolphinus fitzroyi). ക്യാപ്‌ടന്‍ ഫിറ്റ്‌സ്‌റോയിക്ക് സന്തോഷമായിക്കാണും തീര്‍ച്ച. ആന്‍ഡിസ് പര്‍വതമേഖലയുടെ വിശദമായ ഭൗമപഠനത്തിനുള്ള അവസരവും യാത്രക്കിടെ ഡാര്‍വിന് ലഭിച്ചു. പില്‍ക്കാലത്ത് പരിണാമ സിദ്ധാന്തത്തിന്റെ സാധൂകരണത്തിനായി മുന്നോട്ടു വെയ്‌ക്കാനുള്ള സുപ്രധാന തെളിവുകളുമായി ഗാലപഗോസ് ദ്വീപുകള്‍ ഡാര്‍വിനെ കാത്തുകിടക്കുകയായിരുന്നു. തിരികെ ഇംഗ്ലണ്ടിലെത്തിയ ഡാര്‍വിന്‍, ഭൂകമ്പം പോലുള്ള ഭൗമപ്രതിഭാസങ്ങള്‍ നേരിട്ടു കണ്ടതിന്റെ ആവേശത്തിലും, ചാള്‍സ് ലൈല്‍(1797-1875) പോലുള്ളവരുടെ സ്വാധീനത്താലും ഭൗമശാസ്‌ത്രത്തിലാണ് ആദ്യം ശ്രദ്ധയൂന്നിയത്.
മാല്‍ത്തൂസ് നല്‍കിയ ഉള്‍ക്കാഴ്‌ച
'ബീഗിള്‍ യാത്ര'യെക്കുറിച്ച് ഡാര്‍വിന്‍ രചിച്ച വിശദമായ വിവരണങ്ങള്‍ എഴുത്തുകാരനെന്ന നിലയ്‌ക്ക് അദ്ദേഹത്തെ പെട്ടന്ന് പ്രശസ്‌തനാക്കി. യാത്രകഴിഞ്ഞ് തിരികെയെത്തിയ ഡാര്‍വിന് വിവിധ ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ച പിറ്റേവര്‍ഷം തന്നെ ലഭിച്ചെങ്കിലും, കാര്യങ്ങള്‍ക്ക് വ്യക്തത ലഭിക്കുന്നത് 1838-ലാണ്. തോമസ് മാല്‍ത്തൂസ് (1766-1834) പേരുവെയ്‌ക്കാതെ 1798-ല്‍ പ്രസിദ്ധീകരിച്ച 'എസ്സെ ഓണ്‍ ദ പ്രിന്‍സിപ്പിള്‍ ഓഫ് പോപ്പുലേഷന്‍' എന്ന ലേഖനം വായിച്ചതാണ് ഡാര്‍വിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. മനുഷ്യനുള്‍പ്പടെയുള്ള ഏത് ജീവിവര്‍ഗ്ഗത്തിന്റെ കാര്യത്തിലും ഭക്ഷണലഭ്യതയും ജനസംഖ്യയും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നാണ് മാല്‍ത്തൂസ് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. ഭക്ഷണലഭ്യതയ്‌ക്കനുസരിച്ച് ജനസംഖ്യ പരിമിതപ്പെടുത്താന്‍ പ്രകൃതി തന്നെ ശ്രമിക്കും. 'പ്രകൃതിനിര്‍ധാരണ'ത്തെ സംബന്ധിച്ച് വ്യക്തത ലഭിക്കാന്‍ ഡാര്‍വിന് ഇതു സഹായകമായി.
പരിണാമസിദ്ധാന്തത്തിന്റെ 189 പേജുള്ള സ്‌കെച്ച് ഡാര്‍വിന്‍ 1944-ല്‍ പൂര്‍ത്തിയാക്കിയ കാര്യം അറിയാവുന്ന രണ്ട് പ്രശസ്‌തരുണ്ടായിരുന്നു; ഭൗമശാസ്‌ത്രജ്ഞന്‍ ചാള്‍സ് ലൈലും (പ്രകൃതിനിര്‍ധാരണത്തെ അദ്ദേഹം പൂര്‍ണമായി പിന്തുണച്ചിരുന്നില്ല എന്നത് വേറെ കാര്യം), പ്രകൃതിശാസ്‌ത്രജ്ഞനായ ജോസഫ് ഹൂക്കറും(1817-1911). ഇരുവരും ഡാര്‍വിന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു. ഹൂക്കര്‍ക്ക് ഡാര്‍വിന്റെ സ്‌കെച്ച് വായിക്കാനും കഴിഞ്ഞു. പിന്നീട് പക്ഷേ, പരിണാമസിദ്ധാന്തം വികസിപ്പിക്കാനോ പ്രസിദ്ധീകരിക്കാനോ ഡാര്‍വിന്‍ ഒരു തിടുക്കവും കാട്ടിയില്ല. അടിയന്തര പ്രാധാന്യമെന്ന് തോന്നിയ മറ്റു കാര്യങ്ങളില്‍ വ്യാപൃതനായി; പതിനഞ്ചു വര്‍ഷക്കാലം. പത്തുകുട്ടികള്‍ക്ക് അതിനിടെ ജന്മം നല്‍കി. നീണ്ടു നിന്ന രോഗപീഡ അദ്ദേഹത്തെ വലച്ചു (രോഗം എന്തായിരുന്നു എന്നത് ഇന്നും വ്യക്തമല്ല. ബീഗിള്‍ യാത്രക്കിടെ ഉഷ്‌ണമേഖലാപ്രദേശത്തുവെച്ച് ഏതോ പ്രാണി കടിച്ചതിന്റെ ഫലമായി ഉണ്ടായ 'ചഗാസസ് രോഗം'(Chagas's disease) ആയിരുന്നു അതെന്നും, അതല്ല വെറും മാനിസകപ്രശ്‌നമായിരുന്നു ഡാര്‍വിന്റേതെന്നും വാദമുണ്ട്). ചികിത്സയ്‌ക്ക് സുദീര്‍ഘമായ സമയങ്ങള്‍ അദ്ദേഹം ചെലവിട്ടു.
പ്രകൃതിശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക് അംഗീകാരം നേടാന്‍ ഡാര്‍വിന്‍ ശ്രമം തുടങ്ങുന്നത് 1846-ലാണ്, ബീഗിള്‍യാത്ര കഴിഞ്ഞെത്തി പത്തുവര്‍ഷത്തിന് ശേഷം. തെക്കേയമേരിക്കയില്‍ നിന്ന് താന്‍ ശേഖരിച്ച സാമ്പിളുകളുടെ സഹായത്തോടെ, കല്ലുമ്മേല്‍കായകളെക്കുറിച്ച് വിശദമായ പഠനം അദ്ദേഹം തുടങ്ങി. എട്ടുവര്‍ഷം കൊണ്ട് മൂന്നു വാല്യങ്ങളിലായി പുറത്തുവന്ന ഒരു ക്ലാസിക്കല്‍ ഗ്രന്ഥമായിരുന്നു ആ പഠനത്തിന്റെ ഫലം. നാച്ചുറലിസ്റ്റ് എന്ന നിലയ്‌ക്ക് അല്‍പ്പം പോലും അറിയപ്പെടാത്ത ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, 1854-ല്‍ പുറത്തു വന്ന ആ ഗ്രന്ഥത്രയം വന്‍നേട്ടം തന്നെയായിരുന്നു. ആ പഠനത്തിന് റോയല്‍ സൊസൈറ്റി ഡാര്‍വിന് 'റോയല്‍ മെഡല്‍' സമ്മാനിച്ചു. ഒരു നാച്ചുറലിസ്‌റ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമായിരുന്നു അത്.
പരിണാമസിദ്ധാന്തം പുറത്തുവന്നത്
1854 മുതല്‍ പരിണാമസിദ്ധാന്തം അവതരിപ്പിക്കാനുള്ള ക്ഷമാപൂവമായ ഒരുക്കങ്ങള്‍ താന്‍ ആരംഭിച്ചതായി ആത്മകഥയില്‍ ഡാര്‍വിന്‍ രേഖപ്പെടുത്തുന്നു. അതിനായി തന്റെ പഴയ കുറിപ്പുകള്‍ മുഴുവന്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യാനാരംഭിച്ചു. തെളിവുകള്‍ സമാഹരിക്കാന്‍ തുടങ്ങി. ആര്‍ക്കും നിഷേധിക്കാനാവാത്ത തരത്തില്‍ അത്രയും വിപുലമായ തെളിവുകളോടെ പരിണാമസിദ്ധാന്തം അവതരിപ്പിക്കാനാണ് ഡാര്‍വിന്‍ ഉദ്ദേശിച്ചത്. പക്ഷേ, കാലം നിശ്ചയിച്ചത് മറ്റൊന്നായിരുന്നു. 1858 ജൂണ്‍ 18-ന് ഡാര്‍വിന്‍ താമസിക്കുന്ന ഡോണ്‍ ഹൗസിലെത്തിയ ഒരു തപ്പാല്‍പാക്കേജ് കാര്യങ്ങളെയാകെ കീഴ്‌മേല്‍ മറിച്ചു. മലായ് ദ്വീപസമൂഹത്തില്‍ പ്രകൃതിപഠനം നടത്തുകയായിരുന്ന ആല്‍ഫ്രഡ് റസ്സല്‍ വാലസ് എന്ന യുവഗവേഷകന്റെ ഒരു ലേഖനവും, അതെക്കുറിച്ച് ഡാര്‍വിന്റെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കത്തുമായിരുന്നു ആ തപ്പാല്‍പാക്കേജിലുണ്ടായിരുന്നത്.
ഡാര്‍വിന്റെ അഭ്യുദയകാംക്ഷിയും ആരാധകനുമായിരുന്നു വാലസ്. ലേഖനം വായിച്ച ഡാര്‍വിന്‍ നടുങ്ങി. ജീവപരിണാമത്തെക്കുറിച്ച് താന്‍ എന്താണോ രണ്ട് പതിറ്റാണ്ടു മുമ്പ് കണ്ടെത്തിയത് അതേ കാര്യത്തില്‍ (പ്രകൃതിനിര്‍ധാരണമെന്ന അടിസ്ഥാനപ്രമാണം) ആണ് വാലസും എത്തിച്ചേര്‍ന്നിരിക്കുന്നത്! ഡാര്‍വിന്‍ ഈ പ്രശ്‌നം ഉടന്‍ തന്നെ ചാള്‍സ് ലൈലിന്റെയും ജോസഫ് ഹൂക്കറുടെയും മുന്നില്‍ അവതരിപ്പിച്ചു. വാലസിന്റെ ലേഖനവും ഡാര്‍വിന്റെ കണ്ടെത്തലും ചേര്‍ത്ത് ഒരു സംയുക്ത പ്രബന്ധം ആ ജൂലായ് ഒന്നിന് ലിനിയന്‍ സൊസൈറ്റിയില്‍ ഒരുപിടി സ്രോതാക്കളുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഡാര്‍വിന്‍ ഹാജരായിരുന്നില്ല. ആരിലും ആ പ്രബന്ധം പ്രത്യേകിച്ചൊരു താത്‌പര്യവും അന്ന് ഉണര്‍ത്തിയില്ല.
'ജീവജാതികളുടെ ഉത്ഭവ'ത്തിന്റെ പ്രസിദ്ധീകരണം ഇനി നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഡാര്‍വിന് ബോധ്യമായി. സുഹൃത്തുക്കളും അക്കാര്യം പിന്തുണച്ചു. അങ്ങനെ, 1859 നവംബര്‍ 24-ന് 'On the Origin of Species by Means of Natural Selection, or the Preservation of favoured races in the struggle for life' എന്ന ഗ്രന്ഥം പുറത്തുവന്നു. ലണ്ടനിലെ ജോണ്‍ മുറെയ് ആയിരുന്നു പ്രസാധകര്‍. ഒരു പ്രതിക്ക് 15 ഷില്ലിങ് വില. ആദ്യ പതിപ്പായി ഇറങ്ങിയ 1250 കോപ്പിയും ഒറ്റദിവസം കൊണ്ട് വിറ്റുതീര്‍ന്നു. ഇന്നും ലോകത്തേറ്റവും വില്‍പ്പനയുള്ള പുസ്‌തകങ്ങളിലൊന്നായി 'ജീവജാതികളുടെ ഉത്ഭവം' തുടരുന്നു. പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാലസ് അറിയുന്നത് പിന്നീടാണെങ്കിലും, ഡാര്‍വിന്റെ ആര്‍ജവത്വത്തില്‍ അദ്ദേഹത്തിന് സംശയമില്ലായിരുന്നു. താനാണ് പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞേതാവെന്ന് വാലസ് ഒരിക്കലും അവകാശപ്പെട്ടിട്ടുമില്ല. 'ജീവജാതികളുടെ ഉത്ഭവം' ഡാര്‍വിനെക്കൊണ്ട് പ്രസിദ്ധീകരിപ്പിക്കാന്‍ താന്‍ ഒരു നിമിത്തമായി എന്നു മാത്രമേ വാലസ് ഇതേപ്പറ്റി പിന്നീട് പറഞ്ഞിട്ടുള്ളൂ.
ജീവശാസ്‌ത്രത്തിന്റെ അടിത്തറ
തന്റെ സിദ്ധാന്തം എതിര്‍ക്കപ്പെടും എന്ന് ഡാര്‍വിന് നല്ല ബോധ്യമുണ്ടായിരുന്നു. വലിയ ആശയങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടേ മതിയാകൂ. പക്ഷേ, അദ്ദേഹം ഭയപ്പെട്ടിരുന്നില്ല എന്നാണ് ഡോ. വൈഹെ പറയുന്നത്. ദീര്‍ഘകാലം പഠനം തുടര്‍ന്ന ശേഷം മാത്രം അതിന്റെ ഫലം പ്രസിദ്ധീകരിക്കുകയെന്നത് ഡാര്‍വിന്റെ രീതിയായിരുന്നുവെന്ന കാര്യം ഡോ. വൈഹെ ഓര്‍മിപ്പിക്കുന്നു. ഓര്‍ക്കിഡുകളെപ്പറ്റി ഗവേഷണം തുടങ്ങി 30 വര്‍ഷം കഴിഞ്ഞാണ് അതു സംബന്ധിച്ച പുസ്‌തകം ഡാര്‍വിന്‍ പ്രസിദ്ധീകരിക്കുന്നത്. മണ്ണിരകളെക്കുറിച്ചുള്ള ഡാര്‍വിന്റെ ഗ്രന്ഥം 42 വര്‍ഷത്തെ പ്രവര്‍ത്തനഫലമായിരുന്നു (മണ്ണിന്റെ ഫലഭൂയിഷ്‌ഠത നിലനിര്‍ത്താന്‍ മണ്ണിരകള്‍ വഹിക്കുന്ന പങ്ക് ആദ്യം കണ്ടെത്തിയതും ഡാര്‍വിനാണ്). അതിനാല്‍, 'ജീവജാതികളുടെ ഉത്ഭവം' ഡാര്‍വിന്‍ മനപ്പൂര്‍വം വൈകിക്കുകയായിരുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്ന്, ഡോ. വൈഹെ വാദിക്കുന്നു.'നോട്ട്‌സ് ആന്‍ഡ് റിക്കോഡ്‌സ് ഓഫ് ദ റോയല്‍ സൊസൈറ്റി'(Notes and Records of the Royal Society) യിലാണ് ഡോ.വൈഹെ തന്റെ വാദഗതികള്‍ അവതരിപ്പിച്ചിട്ടുള്ളത്.
പരിണാമസിദ്ധാന്തത്തിന്റെ പേരില്‍ ഡാര്‍വിന്‍ ഏറെയൊന്നും പ്രകീര്‍ത്തിക്കപ്പെട്ടില്ല. എതിര്‍പ്പ് നേരിടുകയും ചെയ്‌തു. ഡാര്‍വിന്‍ പറഞ്ഞുവെച്ചതിന്റെ അര്‍ത്ഥം ശരിക്കു മനസിലാക്കാന്‍ ശാസ്‌ത്രം അന്നു വേണ്ടത്ര വളര്‍ന്നു കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്‌തവം. എന്നാല്‍, ഡാര്‍വിന്‍ തന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കുന്ന ഏതാണ്ട് അതേ സമയത്ത്, ഇംഗ്ലണ്ടില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെ മധ്യയൂറോപ്പിലെ ഒരു സന്ന്യാസിമഠത്തിന്റെ അടുക്കളത്തോട്ടത്തില്‍, പയറുചെടികളിലൂടെ ഗ്രിഗര്‍ മെന്‍ഡല്‍ (1822-1884) എന്ന സന്ന്യാസി ഡാര്‍വിന്‍ പറഞ്ഞുവെച്ചതിന്റെ അര്‍ത്ഥതലങ്ങള്‍ പാരമ്പര്യത്തിന്റെ തലത്തില്‍ പരീക്ഷിച്ച് അറിഞ്ഞു തുടങ്ങിയിരുന്നു; ഇരുവരും പരസ്‌പരം അറിഞ്ഞിരുന്നില്ലെങ്കിലും.
മെന്‍ഡല്‍ അടിത്തറ പാകിയ ജനിതകശാസ്‌ത്രമാണ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന് ശരിക്കുള്ള പിന്തുണ നല്‍കുകയെന്നറിയാന്‍ പിന്നെയും അരനൂറ്റാണ്ട് കഴിയണമായിരുന്നു. ഏതായാലും, വൈദികാനാക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചു പരാജയപ്പെട്ട ഡാര്‍വിനും, യഥാര്‍ത്ഥ വൈദികനായ മെന്‍ഡലും ചേര്‍ന്ന് അന്ന് രൂപപ്പെടുത്തിയത്, ഇരുപതാം നൂറ്റാണ്ടിലെ ജീവശാസ്‌ത്രത്തിന്റെയാകെ ഉറപ്പുള്ള അടിത്തറയായിരുന്നു. പരിണാമസിദ്ധാന്തത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെങ്കിലും, 1882 ഏപ്രില്‍ 19-ന് ഡാര്‍വിന്‍ അന്തരിച്ചപ്പോള്‍, വെസ്റ്റ്‌മിനിസ്റ്റര്‍ ആബിയില്‍ സാക്ഷാല്‍ ഐസക് ന്യൂട്ടന്റെ ശവക്കല്ലറയ്‌ക്കു സമീപം അദ്ദേഹത്തെ സംസ്‌കരിക്കാന്‍ അധികൃതര്‍ തയ്യാറായി. അത് വളരെ അര്‍ത്ഥവത്തായി. കാരണം, ശാസ്‌ത്രത്തിന്റെ മഹാവേദിയില്‍ തീര്‍ച്ചയായും ന്യൂട്ടനൊപ്പം തന്നെയാണ് ചാള്‍സ് ഡാര്‍വിന്റെ സ്ഥാനം (അതോ ഡാര്‍വിനൊപ്പം ന്യൂട്ടന്റെ സ്ഥാനമോ!).
(അവലംബം: Origin of Species - Charles Darwin, The Cambridge Dictionary of Scientists, Science A History -John Gribbin, A Short History of Nearly Everything -Bill Bryson, The Blind Watchmaker - Richard Dawkins, Was Darwin Wrong-David Quammen, Natioal Geographic, November 2004)
45 comments:
പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ ചാള്‍സ് ഡാര്‍വിന്‍ വൈകയതിന് കാരണം സഭയോടുള്ള ഭയമല്ലായിരുന്നു എന്ന് പുതിയൊരു പഠനം പറയുന്നു. അതെപ്പറ്റിയാണ് 'കുറിഞ്ഞി ഓണ്‍ലൈനി'ലെ നൂറാമത്തെ പോസ്‌റ്റ്. ശാസ്‌ത്രവിഷയങ്ങള്‍ക്കും മലയാളത്തില്‍ വായനക്കാരുണ്ടെന്ന് നിസംശയം തെളിയിക്കുന്നു 'കുറിഞ്ഞി ഓണ്‍ലൈന്' ലഭിച്ച പ്രതികരണം. എല്ലാവര്‍ക്കും ആശംസകള്‍.
-ജോസഫ്
ഈ പോസ്റ്റിനു നന്ദി, ജെ.എ.
സെഞ്ച്വറിയാശംസകള്‍!
താങ്കളുടെ ഇവിടെവരുന്ന ലേഖനങ്ങള്‍ മാത്രമല്ല, മാസികകളില്‍ വരുന്നവയും വായിക്കാറുണ്ട് ഞാന്.
വിജ്ഞാനപ്രദമായ ഒരു പാട് ലേഖനങ്ങള്‍ ഇനിയുമൊരുപാട് ഞങ്ങള്‍ക്ക് വേണ്ടി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
തറവാടി,വല്യമ്മായി
നന്ദി, ജോസഫ്. എഴുത്ത് തുടരുക
നൂറിനഭിനന്ദനങ്ങള്‍.
ഈ ലേഖനം പകുതിയേ വായിച്ചുള്ളൂ. രണ്ടിടത്ത് വര്‍ഷം മാറിപ്പോയിട്ടുണ്ട്-ടൈപ്പിംഗിലെ പിശകാണെന്ന് തോന്നുന്നു (1844 ന് പകരം, 1944 ഉം, 1831 ന് പകരം 1931 ഉം).
സുഹൃത്തുക്കളെ നന്ദി, വക്കാരി മാഷേ, ആ തീയതികള്‍ ശരിയാക്കയിട്ടുണ്ട്
ഈ ബ്ലോഗ് ഈയിടെയാണു ഞാന്‍ കണ്ടെത്തിയത്:)
അറിവു പകര്‍ന്നുതരുന്ന ലേഖനങ്ങള്‍ക്കു നന്ദി, ഇനിയും കുറേ വായിക്കാനുണ്ട്. പഠിക്കാനുണ്ട്.
നന്ദി
(ഡാര്‍വിനു ഭയമുണ്ടായിരുന്നോ എന്നതു ഗവേഷണവിഷയമായതില്‍ അത്ഭുതം തോന്നുന്നു.)
ഈ വഴിക്ക് പലതവണ വന്നുപോയിട്ടും പലപ്പോഴും മറുപടി ഇട്ടിട്ടില്ല.
അറിവിന്റെ ലോകത്തേക്ക് ഇതു നൂറാം കിളിവാതിലാണെന്നറിയുമ്പോള്‍ ആദരവും സന്തോഷവും. തുടര്‍ന്നെഴുതൂ മാഷേ... എല്ലാ ആശംസകളും.
ജ്യോതിര്‍മയി,
ഡാര്‍വിന് ഭയമുണ്ടായിരുന്നോ എന്ന കാര്യം ഗവഷണവിഷയമാക്കിയതില്‍ അത്ഭുത്തിന്റെ കാര്യമില്ല, കാരണം അദ്ദേഹം കണ്ടെത്തിയ കാര്യം അതുവരെ മനുഷ്യന്‍ കൊണ്ടുനടന്ന അടിസ്ഥാന സങ്കല്‍പ്പങ്ങളെയാകെ തകര്‍ക്കുന്ന ഒന്നായിരുന്നല്ലോ. ഇന്നും ഡാര്‍വിനെതിരെ ലോകമെങ്ങും പുതിയ രൂപത്തിലും പൂതിയ ഭാവത്തിലും പ്രതിലോമശാക്തികള്‍ കരുനീക്കുകയാണ്. ആ നിലയ്‌ക്ക് ഒന്നര നൂറ്റാണ്ട് മുമ്പ് ഇത്തരമൊരു സിദ്ധാന്തം പുറത്തുവിടാന്‍ ഡാര്‍വിന് ഭയമുണ്ടായിരുന്നില്ലേ എന്ന് ആരും ന്യായമായും സംശയിക്കും.
മനു,
തീര്‍ച്ചയായും സ്വാഗതം, താങ്ങളുടെ ആശംസകള്‍ക്ക്.
പതിവുപോലെ വിജ്ഞാനപ്രദമായ ലേഖനം.
ഇനിയും നല്ല ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ആശംസകള്‍.
This is a great article. What is more surprising is that, even after 150 years of its inception and towering fossil evidences ( there is also an experimental evidence, I believe, in favor natural selection on flinch birds in Galapagos Islands) people are still fancying to defeat the evolution theory with creationism and intelligent design etc.
An article on that controversies may also be appropriate,if you may, the book you refered ‘The Blind Watchmaker’ talks about that indetail.
അശോക്,
Blind Watchmaker എന്റെ പക്കലുണ്ട്. പരിണാമസിദ്ധാന്തത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രതിരോധമറയാണ് ഡോക്കിന്‍സിന്റെ ആ ഗ്രന്ഥം. മാത്രമല്ല, ഒരു ശാസ്‌ത്രസത്യം എത്ര ശക്തമായി, യുക്തിഭദ്രമായി അവതരിപ്പിക്കാന്‍ കഴിയും എന്നതിന് ഏറ്റവും നല്ല ഉദാഹരണമായി പ്രകീര്‍ത്തിക്കപ്പെട്ട ഗ്രന്ഥമാണത്. തീര്‍ച്ചയായും താങ്ങള്‍ നിര്‍ദ്ദേശിച്ച വിഷയം(പരിണാമസിദ്ധാന്തവും വിവാദങ്ങളും) 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ അവതരിപ്പിക്കാന്‍ സമയംപോലെ ശ്രമിക്കുന്നതാണ്.
സെഞ്ച്വറിയാശംസകള്‍!
പതിവു പോലെ വളരെ നല്ല ലേഖനം.
മിക്ക പോസ്റ്റുകളും വൈകിയാണെങ്കിലും വായിക്കാറുണ്ട്.
സെന്റിനറിയാശംസകള്‍..
പൊന്നൂച്ചായ,ദോശ,പ്രാര്‍ഥന,വേലി...തുടങ്ങിയ പോസ്റ്റുകളില്‍ തടിച്ചു കൂടിയ ജനമേ ബൂലോകത്തെ വിജ്ഞാനത്തിന്റെ കിളിവാതിലില്‍ നൂറ് പോസ്റ്റുകള്‍ വന്നത് അറിഞ്ഞില്ലേ...?ഇത്രവേഗം, വായനക്കാരുടെ പ്രതികരണങ്ങള്‍ അത്രയൊന്നുമില്ലാഞ്ഞിട്ടും ഉത്സാഹത്തോടെ 100 പോസ്റ്റുകള്‍...തികച്ചും അഭിനനന്ദനാര്‍ഹമായ സംഗതി.ഓരോ പോസ്റ്റും വീണ്ടും വായിക്കാന്‍ എടുത്തുവേക്കേണ്ടത്...എല്ലാ ബ്ലോഗേഴ്സിനുമാവാത്തതാണിത്...
തുടരുക...എല്ലാ ഭാവുകങ്ങളും.
സുഹൃത്തുക്കളെ,
പോസ്‌റ്റുകള്‍ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന ഓരോരുത്തരുടെയും പേര് പറഞ്ഞ് നന്ദി പ്രകടിപ്പിക്കാത്തത്, കുറഞ്ഞപക്ഷം ബൂലോകത്തെങ്കിലും അത് ക്ലീഷേ ആയിക്കഴിഞ്ഞു എന്ന ശക്തമായ തോന്നല്‍ മൂലമാണ്. അല്ലാതെ, 'കുറിഞ്ഞി ഓണ്‍ലൈനി'ലെത്തുന്നവരോട് കടപ്പാടോ കൃതജ്ഞതയോ ഇല്ലാത്തതു കൊണ്ടല്ല.
ലോകം ഇങ്ങനെ നിലനില്‍ക്കുന്നത് ഞാനും നിങ്ങളുമടക്കമുള്ളവരുടെ പ്രവൃത്തി മൂലമാണെന്ന് കവി മുല്ലനേഴി ഒരിക്കല്‍ പറഞ്ഞ വാചകം മനസിലെത്തുന്നു. അതുപോലെ, ബൂലോകം ഇങ്ങനെയായത് തീര്‍ച്ചയായും നിങ്ങള്‍ ഓരോരുത്തരുടെയും ശ്രമം കൊണ്ടാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്.
ഈ പോസ്‌റ്റില്‍ പ്രോത്സാഹജനകമായ അഭിപ്രായങ്ങളും ഹൃദയം നിറഞ്ഞ ആശംസകളുമായെത്തിയ ദിവ, ദേവന്‍, വല്യമ്മായി, വിമതന്‍, വക്കാരി, ജ്യോതിര്‍മയി, മനു, വേണു, അശോക്, തമ്പിയളിയന്‍, സിജു, വിഷ്‌ണു പ്രസാദ് മാഷ് എന്നിവരോട് നന്ദിയെന്ന വെറുമൊരു പരാമര്‍ശം കൊണ്ട് എങ്ങനെ കടപ്പാട് പ്രകടിപ്പിക്കാനാവും. വാക്കുകളില്ല സുഹൃത്തുക്കളെ, നിങ്ങള്‍ക്കു മുന്നില്‍....
ജോസഫ്
ബൂലോകത്തെത്താന്‍ വൈകി.ഇവിടെ എത്താന്‍ വളരെ വൈകി.അറിവുകളുടെ ഒരു കൂമ്പാരം ഇവിടെ കൂട്ടിയതിന്‍ നന്ദി.പതുക്കെ വായിച്ചു നോക്കട്ടെ ഓരോന്നും.;)
താങ്കളുടെ മിക്ക പോസ്റ്റുകളും വായിക്കാറുണ്ട്. ലേഖനങ്ങളൊക്കെ അറിവ് പകരുന്നവയായതുകൊണ്ട് നന്ദിയും രേഖപ്പെടുത്താറുണ്ട്. ഇനിയും, ഇത്തരം ലേഖനങ്ങള്‍ ഈ ബ്ലോഗിലൂടെ, വായിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ആശംസകള്. :)
ഈ കിടിലന്‍ ബ്ലോഗിനും ഇതിലെ നൂറാമത്തെ പോസ്റ്റിനും ആശംസകള്.
കുറിഞ്ഞി പൂച്ചേ നല്ല ലേഖനം. ഡാര്‍വിനെ കുറിച്ച് കുറേ കാര്യങ്ങള്‍ മനസിലായി. 100മത് പോസ്റ്റിന് ആശംസകള്‍. സമ്മാനമായി “ഗാലപ്പഗോസിലെ” ഒരു ആമയെ തരട്ടേ
ജൊസഫ് മാഷെ. വളരെ നല്ല ബ്ലൊഗാണ് കുറിഞ്ഞി ഓണ്‍ലൈന്‍. മിക്ക പോസ്റ്റുകളും വായിക്കാറുമുണ്ട്. വളരെ വിജ്ഞാനപ്രദമായ ലേഖനങളാണ് താങ്കളുടേത്. നൂറാം പോസ്റ്റിനനുമോദനങള്‍..
തുടര്‍ന്നും എഴുതുക.
ആശംസകളോടെ.
ശിശു
അതെ ജോസപ്പേട്ടാ, ഞാന്‍ മത്ര്ഭൂമി ആഴ്ച്ച്പ്പതിപ്പു വായിച്ചു പോയല്ലോ. എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത്? സ്കാന്‍ ചെയ്താല്‍ പോരായിരുന്നോ? പിന്നെ, ഇത്രയും നോക്കി ടൈപ്പു ചെയ്യാന്‍ എത്ര സമയം എടുക്കും?
ഗുഡ് വര്‍ക്ക്. എന്നിക്കിഷ്ടായി. അടുത്തതിനായി അക്ഷ്മനായി കാത്തിരിക്കുന്നു
ശ്രീമാന്‍ അനൂപ് അമ്ബല പുഴയേ,
ഞങ്ങളീ മാത്രുഭൂമി ആഴ്ചപ്പതിപ്പ് വായിയ്ക്കാതെയാണ് ഇതൊക്കെ വായിയ്ക്കുന്നത്.ഞങ്ങള്‍ക്ക് അത് വായിയ്ക്കാനും വേണ്ട വിവരമൊന്നുമില്ല.എന്തോ ചെയ്യാനാ..കഷ്ടമായിപ്പോയി.
ഇനി സീരിയസായി പറയാം, അഭിപ്രായം പറയുമ്പോള്‍ വേണ്ടത്ര (മിനിമം) ഗവേഷണം എങ്കിലും നടത്തേണ്ടത് വളരെ അത്യാവശ്യമാണ്.ഇവിടെ ഈ ലേഘനം എഴുതിയിരിയ്ക്കുന്ന ജേ എ മുഖ്യധാരാ മാധ്യമങ്ങളില്‍ ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നയാളാണ്.ഡാര്വിന്‍ പത്തുകൊല്ലം എങ്ങനെ താമസിച്ചു എന്നത് ജേ ഏ കണ്ടുപിടിച്ച അറിവായുമല്ല ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.റിപ്പോര്‍ട്ടിങ്ങില്‍ ആവര്‍ത്തനം വന്നേ പറ്റൂ.
പിന്നെ താങ്കള്‍ക്ക് വായിയ്ക്കേണ്ടെങ്കില്‍ വായിയ്ക്കേണ്ടാ.(ഇനിയത് മാത്രുഭൂമിയില്‍ ജേ ഏ തന്നെയാണ് എഴുതിയത് എന്നു വരുമോ..എന്നാല്‍ :))
അറിവ് ഫ്രീ ആയിട്ട് കിട്ടുമ്പോള്‍ നിന്ദിയ്ക്കരുത്..അനൂപ് അമ്ബല പുഴ ചേട്ടാ..(കൂടുതലില്ല മുഴുവന്‍ കമന്റ് താങ്കളുടെ ഒരു പോസ്റ്റില്‍ തന്നെ ഇട്ടിട്ടുണ്ട്.. ഈ പോസ്റ്റില്‍
വന്നിരുന്ന് അതുമിതും പറയാന്‍ വയ്യ)
ജേ ഏ ദയവായി ഒത്തിരി എഴുതുക..താങ്കളുടെ പ്രയത്നം ഒത്തിരി നന്ദിയര്‍ഹിയ്ക്കുന്നു..നൂറാമത്തെ പോസ്റ്റിന് ഹൃദയം നിറഞ്ഞ ആശംസകള്‍
അമ്ബലപ്പുഴ ചേട്ടന്‍ ഉദ്ദേശിച്ചതു അദ്ദേഹം പോസ്റ്റ് സ്കാന്‍ ചെയ്ത് ഇടുന്ന പോലെ ബാക്കിയുള്ളവരും ഇടാനായിരിക്കും.
ഇങ്ങനേയും വിവരക്കേട് കമെന്റായി ഇടാമോ? അതും ബ്ലോഗിങ്ങിനെ സീരിയസായി കാണുന്ന ഇതേ പോലെ ഉള്ള ഒരാളുടെ പോസ്റ്റില്‍. കഷ്ടം.
ഇതുപോലുള്ള വിജ്ഞാനപ്രദങ്ങളായ പോസ്റ്റുകള്‍ക്കു പിന്നെ ആത്മാര്‍ത്ഥതയെയും അദ്ധ്വാനത്തേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കണം. തരം താണ കമന്റുകള്‍ ഒഴിവാക്കുന്നത് എഴുത്തുകാരനോട് ചെയ്യാവുന്ന മിനിമം മര്യാദയാണ്. വിഷയത്തിലൂന്നിയുള്ള തര്‍ക്കം/എതിര്‍ കമന്റ് എപ്പോഴും സ്വാഗതാര്‍ഹമാണ്. അല്ലാതുള്ളവ ഒട്ടും മാന്യമല്ല.
അനൂപ്,
ഒരു പേപ്പറില് അടിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ആ ആഴ്ച്ച കഴിഞപ്പോള്‍ കുപ്പയില്‍ പോയി, അല്ലെങ്കില്‍ ആരുടെയൊക്കെയോ ലൈബ്രറിയിലെ ഓര്‍ക്കാനാവാത്ത പേജുകളായി.
ഇവിടെയിട്ട ഈ യൂണിക്കോഡ് ലേഖനത്തില്‍ അദ്ദേഹം സംസാരിക്കുന്നത് തലമുറകളോടാണ്. അയ്യായിരം കൊല്ലം കഴിഞ്ഞ് ഡാര്‍വിനു സഭയോടുള്ള ഭയമാണോ സിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ താമസിക്കാന്‍ ന്‍ കാരണം എന്നന്വേഷിക്കുന്ന ഒരു കുട്ടിയോടാണ് അദ്ദേഹം ഇവിടെയിരുന്നു സംവദിച്ചത്. അതൊരു പത്രത്തിനുമാവില്ല. ഒരു മാസികക്കും ആവില്ല. ഒരു പുസ്തകത്തിനും ആവില്ല. ഒരു ഫയലിനും ആവില്ല. ഒരു ഡയറിക്കും ആവില്ല.
ambi said:
"ഇനിയത് മാത്രുഭൂമിയില്‍ ജേ ഏ തന്നെയാണ് എഴുതിയത് എന്നു വരുമോ..എന്നാല്‍"
ലവലേശം ശങ്കിക്കേണ്ട അംബിയേ, അതേ.
സെന്‍ചുറിയാശംസകള്‍. വായനയൊക്കെ പണ്ടേ കഴിഞ്ഞു. കുറിഞ്ഞിയില്‍ വരൂന്ന ശാസ്ത്ര ലേഖനങ്ങള്‍ ഒന്നിനൊന്ന് മെച്ചം.
ആശംസ, നന്നായി, കലക്കി ഇത്യാദി ക്ലീഷേകള്‍ ഒന്നും ഈ ബ്ലോഗില്‍ പറഞ്ഞീട്ട് പോകാന്‍ തോന്നാറില്ല. മിക്ക ആളുകളും ലേബല്‍ ചെയ്ത് വച്ചിരിക്കുന്ന ഏറ്റവൂം നല്ല ബ്ലോഗുകളില്‍ ഒന്ന് തന്നെ ഇത്.
ജോസഫ്, താങ്കളുടെ മിക്ക പോസ്റ്റുകളും വായിക്കുന്നുണ്ട്. ഒരടുക്കും ചിട്ടയുമില്ലാതെയാണെങ്കിലും. വിഷുത്തവള വായിച്ചത് ഇന്നലെയാണ്. അനായാസമായി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ബ്ലോഗ് ഒരു മുതല്‍ക്കൂട്ടാണ്.
അനൂപേ,
യൂണിക്കോഡില്‍ ഇങ്ങിനെ വരുന്നതിന്റെ വേറൊരു ഗുണം, അനൂപിന് ഡാര്‍വിനെപ്പറ്റിയുള്ള എന്തെങ്കിലും കാര്യം ഇന്റര്‍നെറ്റ് വഴി മലയാളത്തില്‍ അറിയണമെങ്കില്‍ ഗൂഗിളില്‍ പോയി ഡാര്‍വിന്‍ എന്ന് മലയാളത്തില്‍ കൊടുത്താല്‍ മതി. ഇവിടെ നോക്കിക്കേ, ഞാന്‍ ഡാര്‍വിന്‍ എന്ന് സേര്‍ച്ച് ചെയ്തപ്പോള്‍ ഗൂഗിള്‍ ആദ്യം തന്ന റിസല്‍ട്ട് തന്നെ ഈ പോസ്റ്റാണ്.
നമ്മള്‍ സ്കാന്‍ ചെയ്തിട്ടാല്‍ പോലും പിന്നെ ഈ ലേഖനത്തിലെ എന്തെങ്കിലും ഒരു വാചകം നമുക്ക് കിട്ടണമെങ്കില്‍ സേര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ പറ്റില്ല. അതാണ് ജോസഫ് ആന്റണി ഇങ്ങിനെ ടൈപ്പ് ചെയ്തിടുന്നതിന്റെ ഒരു ഗുണം.
നൂറാം പോസ്റ്റിനു ഹൃദയം നിറഞ്ഞ ആശംസകള്‍
1. ലേബലുകള്‍ മലയാളത്തിലേക്കാക്കമൊ?
2. ലേബലുകളുടെ വിഡ്ജെറ്റ് ഇവിടെ കാണുന്നില്ല. അതും കൂടി ചേര്‍ക്കാമെങ്കില്‍ എനിക്ക് താല്‍പര്യമുള്ള ലേഖനങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ഉപകാരപ്രദമായേനെ.
വിജ്ഞാനപ്രദമായ ലേഖനം...
വളരെ വിജ്ഞാനപ്രദമായിരുന്നു ഈ ലേഖനം. ഇനിയും ഇതുപോലുള്ള ലേഖനങ്ങള്‍ പോരട്ടെ. ആശംസകള്
നൂറാം പോസ്റ്റ് !!!
നേരത്തെയൊരിക്കല്‍ പറഞ്ഞതു പോലെ, സയന്‍സ് സംബന്ധിയായ കാര്യങ്ങള്‍ ലളിതമായി വായിച്ചറിയാന്‍ ഇന്റര്‍ നെറ്റ് വായനക്കാര്‍ 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ വരണം.
ജോസഫ് ആന്റണി എഴുതുന്നു..
ഇഞ്ചി പെണ്ണ് പറഞ്ഞ ലേബല്‍ മലയാളത്തിലാക്കുന്ന കാര്യം തീര്‍ച്ചയായും പരിഗണിക്കാം. 'ലേബലുകളുടെ വിഡ്‌ജെറ്റ്' എന്തെന്ന് മനസിലായില്ല. സാങ്കേതിക സംഗതികളില്‍ എന്റെ അറിവുകേട് പൊറുക്കുക. വിഡ്‌ജെറ്റ് എന്തെന്ന് വിശദീകരിച്ചാല്‍, അത് ചേര്‍ക്കുന്ന കാര്യവും തീര്‍ച്ചയായും പരിഗണിക്കാം.
പ്രിയസുഹൃത്ത് അനൂപ് അമ്പലപ്പുഴയുടെ കമന്റില്‍ രണ്ട് കാര്യങ്ങളില്‍ പിശകുണ്ട്:
ഒന്ന് - ഈ ലേഖനം അദ്ദേഹം 'മാതൃഭൂമി ആഴ്‌ചപ്പതിപ്പി'ല്‍ വായിച്ചു പോയി എന്നത്. തികച്ചും അസംഭാവ്യം. കാരണം ഞാന്‍ ഇത്തരമൊരു ലേഖനം ആഴ്‌ചപ്പതിപ്പില്‍ എഴുതിയിട്ടില്ല. മാതൃഭൂമി തൊഴില്‍വാര്‍ത്തയ്‌ക്കൊപ്പം പുറത്തിറങ്ങുന്ന 'ഹരിശ്രീ'യിലാണ് ഈ ലേഖനം ഉള്ളത്. 'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ ലേഖനം വന്നതിന് ശേഷമാണ് 'ഹരിശ്രീ'യില്‍ അത് പ്രസിദ്ധീകരിക്കുന്നത് എന്നുകൂടി പറയട്ടെ.
രണ്ട്-ഞാന്‍ ബുദ്ധിമുട്ടി ഇത്രയും ടൈപ്പ് ചെയ്‌ത് ബ്ലോഗിലിടുന്നു എന്ന അനൂപിന്റെ സഹതാപം. കഴിഞ്ഞ രണ്ടു വര്‍ഷമായി പിടലി വേദന കാരണം പേന കൊണ്ടുള്ള എഴുത്തു നിര്‍ത്തിയ വ്യക്തിയാണ് ഞാന്‍. എഴുത്ത് മുഴുവന്‍ ഇപ്പോള്‍ കീബോര്‍ഡിലാണ്. അതിനാല്‍, അത്തരമൊരു സഹതാപത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല.
ഏതായാലും നന്ദി, അനൂപ്. ഇവിടെ ഒട്ടേറെ സുഹൃത്തുക്കളുടെ ഒത്തുചേരലിന് താങ്ങളുടെ വാക്കുകള്‍ ഇടയാക്കി.
മാഷെ,
ടെമ്പ്ലേറ്റ് എന്നൊരു സംഗതി നമ്മള്‍ ബ്ലോഗിന്റെ ഡാഷ് ബോറ്ഡ് നോക്കുമ്പൊ കാണില്ലേ? അതില്‍ ആഡ് എലെമെന്റ്സ് എന്നൊരു സംഗതിയുണ്ട്, അവിടെപ്പോയി നോക്കിയാല്‍ ആഡ് ലേബത്സ് എന്നു കാണും, അപ്പോള്‍ അത് ആഡ് ചെയ്തു സേവ് ഞെക്കിയാല്‍, അത് ആഡ് ആവും. അന്നേരം, ഈ കൊടുക്കുന്ന ലേബലുകള്‍ ഒക്കെ തരം തിരിച്ച് മാഷിന്റെ ബ്ലോഗില്‍ വരും. അന്നേരം എനിക്കൊ മറ്റു വായനക്കാര്‍ക്കൊ ഇഷ്ടമുള്ളത് നോക്കിയെടുക്കാം.
അതാണ് സംഗതി. ഇനീം സംശയമുണ്ടെങ്കില്‍ ചോദിക്കൂൂ കേട്ടൊ.
ലേഖനം ഗംഭീരം.നൂറാമത്തെ പോസ്റ്റ് വളരെ മനോഹരമായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.
ഇഞ്ചി പെണ്ണിന്,
നോക്കട്ടെ. ശരിയായില്ലെങ്കില്‍ വീണ്ടും ചോദിക്കാം.
-ജോസഫ്
കൂട്ടത്തില്‍ പറയട്ടെ, ലേബല്‍ വിജ്ജെറ്റ്, ലേബലുകളെ കാര്യമായി ഉപയോഗപ്പെടുത്തുന്ന എല്ലാ ബ്ലോഗര്‍മാരും വായനക്കാര്‍ക്ക് കൊടുക്കുന്ന നല്ലൊരു സൌകര്യമായിരിക്കും.
ആ, അത് ദേ താഴെ വന്നിട്ടുണ്ട് മാഷെ.
ആ ആഡ് എലമെന്റ്സ് സൈഡിലുള്ള വല്ലതിനും കൊടുത്താല്‍ അത് ബ്ലോഗിന്റെ സൈഡ് ബാറില്‍ വരും. ടെമ്പ്ലേറ്റിന്റെ എല്ലാ വിഡജ്റ്റ്സും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് വളക്കാം തിരിക്കാം. ചുമ്മ മൌസ് വെച്ച് മൂവ് ചെയ്യാം..ട്രൈ ചെയ്തു നോക്കൂ..
I am a mad fan of this blog...
special wishes on its century....
----------------------------------
ആഴ്ച്ചപ്പതിപ്പ് എന്നതിന് മാത്രുഭൂമി യുടെ ഒരു പ്രസിദ്ധീകരണം എന്നേ ഞാന് അര്ദ്ധമക്കിയിരുന്നുള്ളു.
----------------------------------
ഇനി ഗവേഷണ വിദഗ്ദ്ധ്നായ അമ്പിയോട്,
ഞാന് എഴുതിയത് അങ്ങട് ദഹിച്ചില്ലന്നു തൊന്നുന്നു അല്ലയേ ബഹുവചന പ്രിയനായ പ്രിയ അമ്പി? അത് നിങ്ങളേട് ന്യായീകരിക്കാന് എനിക്ക് സമയവുമില്ല, നിങ്ങള് അത് അര്ഹിക്കുന്നുമില്ല.
പിന്നെ മൂര്ത്തിയോട്- സ്തുതി പാടകരുടെ അഭിപ്രായങ്ങളും ,പുകഴ്ത്ത്ലും മത്രമാകം താങ്കകള്‍ ഇഷ്ടപ്പെടുന്നത്. അതാവാം നിങ്ങള് എഴുതുന്നതും. വിമര്ശനങ്ങളെയും, എതിരഭിപ്രായങ്ങളെയും നിന്ദയായും, മാന്യതക്കുറവായും ദര്ശിക്കുന്ന ആ മൂഢപാപ്പരത്വം ഉപേക്ഷിക്കൂ.
ഞാന് എഴുതിയ വിമര്ശനത്തില് നിന്നും ജെ എ ഉള്ക്കോണ്ട +ve വശവും അതിന് അയാള് തന്ന മറുപടിയും കോണ്ട് തീരാനുള്ള പ്രസക്തിയേ അതിന് ഉണ്ടായിരുന്നുള്ളു.
ഒരു പേപ്പറില് അടിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ആ ആഴ്ച്ച കഴിയുംപ്പോള് കുപ്പയില് പോവുകയാണെക്കില് , എന്റെ ഗുരോ നിങ്ങള് തീര്ച്ചയായും ബഹുമാനം അഹികുന്നു. എന്റെ പ്രണാമം.
--------------------------------
ഏതൊരു പ്രസിധീകരണത്തില് ഇടാന് വേണ്ടി എഴുതുന്ന രചന ആയാലും അത് പബ്ളീഷ് ചെയ്യുന്നതിന് മുന്പായി മറ്റൊരു മധ്്യമത്തില് കൂടി പുറത്താവുന്നത്........ എന്തോ എനിക്ക് മനസ്സിലായിരുനില്ല,ഇതുവരെ. താങ്ക്കളുടെ രീതിയും മാതൃഭൂമിയുടെ ശൈലിയും അങങനെ ആണെക്കില്, മാതൃഭൂമി യില് അന്വേഷിച്ച ശേഷം , തീര്ച്ചയായും എന്റെ അഭിപ്രായം പിന്വലിച്ചിരിക്കും.ഇന്ന് അവധി ആയതിനാല് ക്ഷമിക്കൂ.
“കാലത്തിനോപ്പം പ്രചരിപ്പിക്കുന്നു ഒരു സംസ്ക്കാരം” എന്ന് ദിനവും കേള്ക്കുമ്പോള് , ഇതും അതില് പെട്ടതാണോ എന്നറിയാന് ചുമ്മാ ഒരു താല്പര്യം.
തേനും പാലും ഒഴുക്കിക്കോണ്ട്, നല്ലവശങ്ങളെ മത്രം പ്രകീര്ത്തിച്ചു കോണ്ട് ,ആശംസകള് കോണ്ട് മൂടിയുള്ള സംസാരം എനിക്കു വശമില്ല. ഈ ബ് ളോഗിന്റെ വശങ്ങള്ക്ക് അതതരം ഇത്തിക്കണ്ണികള് മാത്രമേ സ്താനം കല്പ്പിക്കുന്നുള്ളു എന്ന് ജേ എ കരുതുന്നു എങ്കില്…………
കാണാം ഏതെക്കിലും
ഇടവഴിയില് വച്ച്,
എന്നെക്കിലും....
Post a Comment