Wednesday, April 07, 2010

ഈ കടലാമകള്‍ക്കെല്ലാം എന്തു സംഭവിക്കുന്നു

കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ കൊളാവിപ്പാലം ബീച്ചിലെ 'തീരം-പ്രകൃതിസംരക്ഷണ സമിതി'യുടെ പ്രവര്‍ത്തകരിലൊരാളായ കെ.വിജയന്‍ ഒരാഴ്ചയായി മീന്‍പിടിക്കാന്‍ കടലിലായിരുന്നു, ഏപ്രില്‍ രണ്ടാനാണ് കരയ്ക്കണഞ്ഞത്. കാപ്പാട് മുതല്‍ ഏഴിമല വരെയുള്ള മേഖലയില്‍, തീരത്തുനിന്ന് മുപ്പത് കിലോമീറ്ററോളം അകലെ പുറംകടലില്‍ അവരുടെ ബോട്ട് ചുറ്റിത്തിരിയുന്നതിനിടെ, വിജയനെ വല്ലാതെ വേദനിപ്പിച്ച അനുഭവമുണ്ടായി. പല ദിവസങ്ങളിലായി അഞ്ചു കടലാമകള്‍ ചത്തുപൊങ്ങിയിരിക്കുന്നു.

ഒന്നര പതിറ്റാണ്ടായി കടലാമകളുടെ സംരക്ഷണത്തിന് സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന സംഘത്തില്‍പെട്ടയാളാണ് വിജയന്‍. അത്തരമൊരാളെ ഈ കാഴ്ച വേദനിപ്പിച്ചതില്‍ അത്ഭുതമില്ല. 'ഞങ്ങളുടെ ബോട്ടിനരികില്‍ അഞ്ച് ചത്ത ആമകളെ കണ്ടെങ്കില്‍, ആരും ശ്രദ്ധിക്കാതെ എത്ര ആമകള്‍ നമ്മുടെ തീരക്കടലില്‍ നശിക്കുന്നുണ്ടാവാം'-ഈ സംഭവം ഫോണ്‍ വഴി വിശദീകരിക്കുമ്പോള്‍ വിജയന്‍ പറഞ്ഞു.

ട്രോളിങിനുപയോഗിക്കുന്ന വലയില്‍ കുടുങ്ങിയാണ് ആമകള്‍ നശിക്കുന്നത്. 'തീരത്തുനിന്ന് 30 കിലോമീറ്റര്‍ അകലെയെത്തിയാല്‍ കടലില്‍ മറ്റൊരു ലോകമാണ് നമ്മള്‍ കാണുന്നത്'-വിജയന്‍ അറിയിച്ചു. ബോട്ടുകളുടെയും ട്രോളറുകളുടെയും വന്‍തിരക്കാണവിടെ. കടലില്‍ നടക്കുന്നത് അമിതമായ ചൂഷണമാണെന്ന് സാരം. ആ തിരക്കിനും മത്സരത്തിനുമിടിയില്‍ സാധുക്കളായ ആമകള്‍ വലയില്‍ കുടുങ്ങിയാല്‍ തന്നെ അക്കാര്യം ശ്രദ്ധിക്കാന്‍ ആര്‍ക്ക് സമയം!

വിജയന്‍ പുറംകടലില്‍ കണ്ട സങ്കടകരമായ കാഴ്ചയ്‌ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്ന് കൊളാവിപ്പാലം കടപ്പുറത്തെ ആമസംരക്ഷണ പ്രവര്‍ത്തകരുടെ മ്യൂസിയത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും കൊളാവിപ്പാലം തീരത്ത് എത്തിയ ആമകളുടെ എണ്ണം, ശേഖരിച്ച ആമമുട്ടകളുടെ കണക്ക്, വിരിഞ്ഞു കടലിലിറക്കിവിട്ട ആമക്കുഞ്ഞുങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളിലാണ് ആ രജിസ്റ്ററിലുള്ളത്. അതില്‍ ആമസംരക്ഷണ പ്രവര്‍ത്തനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഉത്ക്കണ്ഠയുണര്‍ത്തുന്ന വിവരം എന്താണെന്ന് ചോദിച്ചാല്‍, ഓരോ വര്‍ഷവും മുട്ടയിടാന്‍ എത്തുന്ന ആമകളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നു എന്നതാണ്.


സങ്കടങ്ങളുടെ കണക്കുപുസ്തകം

2002-2003 സീസണില്‍ 48 ആമകള്‍ എത്തിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 5605 മുട്ടകള്‍ ശേഖരിച്ചു, അതില്‍ 4646 എണ്ണം വിരിഞ്ഞു, കടലിലിറക്കി വിട്ടു. 2003-2004 സീസണില്‍ വന്ന ആമകളുടെ എണ്ണം 26 ആയി. മുട്ടകളുടെയും ആമക്കുഞ്ഞുങ്ങളുടെയും സംഖ്യ അതിന് ആനുപാതികമായി കുറഞ്ഞു. അതുകഴിഞ്ഞാല്‍ (2004 മുതല്‍ 2009 വരെ) ഓരോ സീസണിലും എത്തിയ ആമകളുടെ എണ്ണം യഥാക്രമം 8, 8, 23, 9, 6 എന്നിങ്ങനെയാണ്. ഈ സീസണില്‍ (2009-2010) 11 ആമകള്‍ എത്തി. 1214 മുട്ടകള്‍ ശേഖരിച്ചു, 947 കുഞ്ഞുങ്ങള്‍ വിരിഞ്ഞു.


എന്നുവെച്ചാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി, ഒരു സീസണിലൊഴികെ ബാക്കിയെല്ലാറ്റിലും, കൊളാവിപ്പാലത്ത് മുട്ടയിടാന്‍ എത്തിയതായി രേഖപ്പെടുത്തിയ കടലാമകളുടെ എണ്ണം പത്തില്‍ താഴെയായി. തീരം തേടിയെത്തുന്ന ആമകളുടെ സംഖ്യയില്‍ ഇത്തരത്തില്‍ കുറവു വന്നതിന്റെ മുഖ്യകാരണമാവാം വിജയന്‍ പുറംകടലില്‍ കണ്ട ചത്ത ആമകള്‍. പക്ഷേ, അതുമാത്രമല്ല കാരണം. കൊളാവിപ്പാലത്ത് ആ ചെറുപ്പക്കാര്‍ കടലാമസംരക്ഷണം തുടങ്ങുന്ന കാലത്തുണ്ടായിരുന്ന തീരമേ ഇന്നില്ല. സ്വാഭാവികമായും തുറന്ന തീരത്തെ മണല്‍പ്പരപ്പ് തേടിയെത്തുന്ന ആമകള്‍ കൊളാവിപ്പാലം കടപ്പുറത്ത് കയറി മുട്ടയിടാതെ മടങ്ങിയിട്ടുണ്ടാകാം. തീരം ശോഷിക്കാന്‍ കാരണം എന്ന് അവര്‍ കരുതുന്ന കോട്ടപ്പുഴ അഴിമുഖത്തെ മണലെടുപ്പ് പക്ഷേ ഇപ്പോഴും തുടരുന്നു, അതിനെതിരെയുള്ള ഗ്രാമവാസികളുടെ സമരവും.

കോട്ടപ്പുഴ അഴിമുഖത്തെ മണലെടുപ്പ് മാത്രമാകുമോ തീരം കടലെടുത്തു പോകാന്‍ കാരണം. കൊളാവിപ്പാലത്തെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം, അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷത്തിലുള്ള കാരണം അതുതന്നെയാണ്. എന്നാല്‍, അതിന് മറ്റൊരു കാരണം കൂടി ചൂണ്ടിക്കാട്ടാനാകും എന്നാണ് പുതിയ പഠനങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി കടല്‍നിരപ്പുയരുന്നത് ഇന്ത്യന്‍തീരത്തും വര്‍ധിച്ചിരിക്കുന്നു എന്ന കണ്ടെത്തലാണത്. കൊളാവിപ്പാലം കടപ്പുറം ഉള്‍പ്പടെ, കേരളത്തിന്റെ തീരം നേരിടുന്ന ശോഷണത്തിനും ഒരു കാരണം ആഗോളതാപനം തന്നെ എന്നു വരുന്നു.

കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യന്‍തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോത് കൂടുകയാണെന്ന് ജനവരി ആദ്യ ആഴ്ചയില്‍ തിരുവനന്തപുരത്ത് നടന്ന ദേശീയശാസ്ത്രകോണ്‍ഗ്രസ്സില്‍ സംസാരിക്കവെ, കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ.ശൈലേഷ് നായക് വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിവര്‍ഷം 3.1 മില്ലിമീറ്റര്‍ എന്ന തോതിലാണ് സമുദ്രനിരപ്പ് ഉയരുന്നത്. രണ്ടായിരം വരെ പ്രതിവര്‍ഷം ഇത് 1.3 മില്ലിമീറ്റര്‍ ആയിരുന്നു. വെറും അഞ്ചുവര്‍ഷംകൊണ്ടുണ്ടായ ഈ മാറ്റം ആശങ്കാജനകമാണ് (മാതൃഭൂമി, ജനവരി 6, 2010). എന്നുവെച്ചാല്‍, കൊളാവിപ്പാലത്തെ ആമമ്യൂസിയത്തിലെ രജിസ്റ്റര്‍ നല്‍കുന്ന ആപത് സൂചനയും ഒരര്‍ഥത്തില്‍ വിരല്‍ചുണ്ടുന്നത് ലോകം നേരിടുന്ന വലിയൊരു പരിസ്ഥിതി പ്രതിസന്ധിയിലേക്ക് കൂടിയാണെന്നു സാരം.


വലയില്‍ ഒടുങ്ങുന്നത് ലക്ഷക്കണക്കിന് കടലാമകള്‍

കൊളാവിപ്പാലം ആമമ്യൂസിയത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ കണക്കുകളുമായി ചേര്‍ത്ത് വായിക്കേണ്ട ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം
ബി.ബി.സി. റിപ്പോര്‍ട്ടു ചെയ്തു. ലോകത്താകമാനം രണ്ടുപതിറ്റാണ്ടിനിടെ മത്സ്യബന്ധന വലകളില്‍ കുടുങ്ങി ലക്ഷക്കണക്കിന് കടലാമകള്‍ ഒടുങ്ങി എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത് ഗവേഷകര്‍ എത്തിയ നിഗമനം, 'കണ്‍സര്‍വേഷന്‍ ലെറ്റേഴ്‌സ്' ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കടലാമകള്‍ കുടുങ്ങാതിരിക്കാനുള്ള സുരക്ഷിതത്വ സംവിധാനം ഇല്ലാത്ത വലകള്‍ ഉപയോഗിക്കുന്നതാണ് ഇത്തരമൊരു ദുസ്ഥിതിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കടലാമകളുടെ സുരക്ഷ ഉറപ്പാക്കാനായി സുരക്ഷിതത്വ സംവിധാനമുള്ള വലകള്‍ ഉപയോഗിക്കാന്‍ റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. കടലാമകളുടെ അറിയപ്പെടുന്ന ഏഴിനങ്ങളില്‍ ആറും ചുമപ്പ്പട്ടികയിലാണെന്ന കാര്യംകൂടി പരിഗണിക്കുമ്പോഴേ കടലാമകള്‍ ആ ജീവിവര്‍ഗം നേരിടുന്ന ഭീഷണിയുടെ യഥാര്‍ഥ വ്യാപതി മനസിലാകൂ.

'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലി'ന്റെ ഗ്ലോബര്‍ മറൈന്‍ ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകനായ, ഡ്യൂക്ക് സര്‍വകലാശാലയിലെ ഡോ. ബ്രയാന്‍ വാലസ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 1990-2008 കാലയളവില്‍ ലോകത്താകെ 85000 കടലാമകള്‍ വലയില്‍ കുടുങ്ങി നശിച്ചതായി രേഖകളില്‍ കാണുന്നു. റിക്കോര്‍ഡില്‍ കാണുന്നത് യഥാര്‍ഥ കണക്കിന്റെ വളരെ ചെറിയൊരംശമേ ആകുന്നുള്ളു. കാരണം ചെറുകിട മത്സ്യബന്ധനം നടത്തുന്ന ആരും കണക്ക് സൂക്ഷിക്കാറില്ല.

വലയില്‍ കുടുങ്ങി നശിക്കുന്ന കടലാമകളുടെ മൊത്തം സംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ, രേഖപ്പെടുത്തിയ കണക്ക് പ്രതിഫലിപ്പിക്കുന്നുള്ളു എന്ന് ഡോ. വാലസ് പറയുന്നു. അതിനാല്‍, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് ആമകള്‍ നശിച്ചിട്ടുണ്ടാകാമെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.

കൊളാവിപ്പാലത്തെ തീരം സമിതി പ്രവര്‍ത്തകര്‍ സൂക്ഷിക്കുന്ന ആമ രജിസ്റ്റര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്തുകൊണ്ട് സങ്കടങ്ങളുടെ കണക്കുപുസ്തകമായി മാറുന്നു എന്നതിന് ഈ റിപ്പോര്‍ട്ട് വിശദീകരണം നല്‍കുന്നു, വിജയന്‍ പുറംകടലില്‍ കണ്ട ദയനീയമായ കാഴ്ച മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും!

3 comments:

Joseph Antony said...

വിജയന്‍ പുറംകടലില്‍ കണ്ട സങ്കടകരമായ കാഴ്ചയ്‌ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്ന് കൊളാവിപ്പാലം കടപ്പുറത്തെ ആമസംരക്ഷണ പ്രവര്‍ത്തകരുടെ മ്യൂസിയത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും കൊളാവിപ്പാലം തീരത്ത് എത്തിയ ആമകളുടെ എണ്ണം, ശേഖരിച്ച ആമമുട്ടകളുടെ കണക്ക്, വിരിഞ്ഞു കടലിലിറക്കിവിട്ട ആമക്കുഞ്ഞുങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളിലാണ് ആ രജിസ്റ്ററിലുള്ളത്. അതില്‍ ആമസംരക്ഷണ പ്രവര്‍ത്തനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഉത്ക്കണ്ഠയുണര്‍ത്തുന്ന വിവരം എന്താണെന്ന് ചോദിച്ചാല്‍, ഓരോ വര്‍ഷവും മുട്ടയിടാന്‍ എത്തുന്ന ആമകളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നു എന്നതാണ്.

Vinayaraj V R said...

ഭീകരതയുടെ അളവു നമ്മള്‍ മനസ്സിലാക്കുന്നതിലും കൂടുതലാണ്‌. ഇതു കൂടി കൂടെ വായിക്കുക.

Sudheer K. Mohammed said...

മനുഷ്യന്റെ ആര്‍ത്തി.....
എല്ലാം നശിപ്പിക്കും ....