Showing posts with label Biodiversity. Show all posts
Showing posts with label Biodiversity. Show all posts

Wednesday, March 01, 2017

ജാഫര്‍പാലോട്ടിയെന്ന കടന്നലും ജാനകിഅമ്മാള്‍ എന്ന പൂമരവും



ശാസ്ത്രീയനാമങ്ങളെന്ന് കേള്‍ക്കുമ്പോഴേ ഉള്ളില്‍ പേടി തോന്നുന്നയാളാണ് ഞാന്‍-പണ്ടും ഇന്നും. മിക്കവരുടെയും സ്ഥിതി ഇതുതന്നെ. 

എന്നാല്‍, കേരളത്തില്‍ നിന്ന് അടുത്തയിടെ തിരിച്ചറിഞ്ഞ കടന്നലിന്റെ പേര് കേട്ടപ്പോള്‍ പേടിയല്ല, സന്തോഷമാണുണ്ടായത്. ഏറെ വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള സുഹൃത്ത് ഡോ.മുഹമ്മദ് ജാഫര്‍ പാലോട്ടിന്റെ പേരാണ് അതിന് നല്‍കിയിരിക്കുന്നത്-'പാരാന്‍സിസ്‌ട്രോസിറസ് ജാഫര്‍പാലോട്ടി' (Parancistrocerus jaferpaloti). സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാകേന്ദ്രത്തിലെ ഗവേഷകനാണ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ജാഫര്‍ പാലോട്ട്.  

സസ്യങ്ങളുടെയും ജീവികളുടെയും ശാസ്ത്രീയനാമമെന്ന 'ഭീകരത'യ്ക്ക് അയവ് വരുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്. നമുക്ക് പരിചിതമായ മലയാളം പേരുകളാണെങ്കില്‍ പ്രത്യേകിച്ചും. പേരിന് ഉടമകളായവരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കല്‍ കൂടിയാണ് ഇത്തരം പേരിടല്‍. 

ഇത്രയും പറഞ്ഞതുകൊണ്ട്, ജീവികള്‍ക്കും സസ്യങ്ങള്‍ക്കും മലയാളനാമങ്ങള്‍ നല്‍കുന്നത് പുതിയ ഏര്‍പ്പാടാണെന്ന് കരുതരുത്. ലാറ്റിന്‍വത്ക്കരിച്ച രണ്ട് വാക്കുകളില്‍ ഏത് സസ്യ / ജീവി  ഇനത്തെയും ദ്യോതിപ്പിക്കുന്നതിന് 'ദ്വിനാമകരണസമ്പ്രദായം' എന്നാണ് പറയുന്നത്. ഈ പേരിടല്‍ രീതിക്ക്  തുടക്കമിട്ട സ്വീഡിഷ് ഗവേഷകന്‍ കാള്‍ ലിനേയസ് 1753 ല്‍ പ്രസിദ്ധീകരിച്ച 'സ്പീഷീസ് പ്ലാന്റാറം' (Species Plantarum) എന്ന ഗ്രന്ഥത്തില്‍ തന്നെ സസ്യനാമങ്ങളായി ഒട്ടേറെ മലയാളം പേരുകള്‍ ഇടംപിടിച്ചിരുന്നു. പപ്പായ, തിരുതാളി, വെറ്റില, ചെമ്പകം, കണ്ടല്‍, മുരിങ്ങ, ഇലഞ്ഞി, ചിലിമ്പി (ബിലിമ്പി) എന്നിങ്ങനെ. 



തെക്കന്‍ സ്വീഡനില്‍ 1707 മെയ് 23 ന് ഒരു ലൂഥറാന്‍ വൈദികന്റെ മകനായി ജനിക്കുകയും പ്രമുഖ യൂറോപ്യന്‍ സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും, 1742 ല്‍ ഉപ്‌സല സര്‍വ്വകലാശാലയില്‍ ബോട്ടണി മേധാവിയായി നിയമിതനാവുകയും ചെയ്ത ലിനേയസ് 1778 ലാണ് അന്തരിച്ചത്. മരിക്കും മുമ്പ് അദ്ദേഹം ഇന്നു കാണുന്ന തരത്തില്‍ ജീവലോകത്തിന്റെ ക്രമത്തിന് ബലമുള്ള അടിത്തറ സൃഷ്ടിച്ചു. 

ലിനേയസിന്റെ കാലം വരെ ജീവലോകം ക്രമരഹിതവും കുത്തഴിഞ്ഞതുമായിരുന്നു. ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ഓരോ വിദഗ്ധരും തോന്നും മാതിരിയാണ് പേരിട്ടിരുന്നത്. ഇന്നത്തെ ശാസ്ത്രീയനാമങ്ങള്‍ കേട്ട് പരിഭ്രമിക്കുന്നവര്‍ അന്നത്തെ പേരുകള്‍ കേള്‍ക്കണമായിരുന്നു. ഉദാഹരണത്തിന് കാട്ടുതക്കാളിയുടെ അന്നത്തെ ശാസ്ത്രീയനാമം നോക്കുക: 'Physalis amno ramosissime ramis angulosis glabris foliis dentoserratis'. ഇതിനെ ലിനേയസ് 'ഫൈസാലിസ് ആന്‍ഗുലേറ്റ' (Physalis angulata) എന്ന് വെട്ടിയൊതുക്കി ആശയക്കുഴപ്പം അവസാനിപ്പിച്ചു. 

മാത്രമല്ല, ഒരേ ചെടിക്ക് പല വിദഗ്ധരും പല പേരുകള്‍ നല്‍കുന്നതും കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഒരു സസ്യത്തെ അല്ലെങ്കില്‍ ജീവിയെ ലാറ്റിന്‍വത്ക്കരിച്ച രണ്ട് വാക്കുകളില്‍ നാമകരണം ചെയ്യുന്ന രീതിയാണ് ഇതിന് പരിഹാരമായി ലിനേയസ് നടപ്പിലാക്കിയത്. അതാണ് ദ്വിനാമകരണസമ്പ്രദായം. അതില്‍ ആദ്യവാക്ക് 'ജീനസി'നെയും രണ്ടാംവാക്ക് 'സ്പീഷീസി'നെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് നമ്മള്‍ മനുഷ്യരുടെ ശാസ്ത്രീയനാമം നോക്കുക - ഹോമോ സാപ്പിയന്‍സ്. ഇതില്‍ 'ഹോമോ' എന്നത് ജീനസിനെയും 'സാപ്പിയന്‍സ്' എന്നത് നമ്മുടെ സ്പീഷീസിനെയുമാണ് സൂചിപ്പിക്കുന്നത്. 

ഇത്രയും വായിക്കുമ്പോള്‍ സംശയം തോന്നാം, സ്വീഡനില്‍ ജനിച്ചുവളര്‍ന്ന ലിനേയസ് 1753 ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ എങ്ങനെ ചെമ്പകവും മുരിങ്ങയും പോലുള്ള മലയാളം സസ്യനാമങ്ങള്‍ കടന്നുകൂടി എന്ന്. ലിനേയസിന് മലയാള ഭാഷ അറിയാമായിരുന്നോ?. ഇല്ല, അദ്ദേഹത്തിന് മലയാളത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. പിന്നെങ്ങനെ ഇത് സംഭവിച്ചു?

ഈ ചോദ്യത്തിന്റെ ഉത്തരം കുടികൊള്ളുന്നത് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥത്തിലാണ്. ആധുനിക സസ്യവര്‍ഗീകരണശാസ്ത്രത്തിന്റെ തുടക്കമെന്ന് കരുതാവുന്ന 'സ്പീഷീസ് പ്ലാന്റാറം' തയ്യാറാക്കാന്‍ ലിനേയസ് ആശ്രയിച്ച ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, അതിന് 75 വര്‍ഷംമുമ്പ് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച 'ഹോര്‍ത്തൂസ്' ആയിരുന്നു. 1678-1693 കാലത്ത് 12 വോള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട അത് അന്നത്തെ മലബാറായ കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ്, ഇട്ടി അച്യുതന്‍ എന്ന പ്രസിദ്ധ മലയാളി വൈദ്യരുടെ സഹായത്തോടെ ആ ഗ്രന്ഥം തയ്യാറാക്കിയത്. 'ഹോര്‍ത്തൂസി'ന്റെ ആധികാരികത അംഗീകരിച്ച ലിനേയസ്, അതിലെ മലയാളം സസ്യനാമങ്ങള്‍ തന്റെ നാമകരണഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

മലയാളം പേരുകള്‍ ജീവികളുടെയും സസ്യയിനങ്ങളുടെയും ശാസ്ത്രീയനാമമാകുന്നത് പില്‍ക്കാലത്തും തുടര്‍ന്നു. ഉദാഹരണത്തിന് യൂറോപ്പിലെ പ്രധാനപ്പെട്ട ഉദ്യാനവൃക്ഷങ്ങളിലൊന്നായ മഗ്നോളിയയുടെ ഒരു വകഭേദത്തിന്റെ പേര് മഗ്നോളിയ കോബുസ് 'ജാനകി അമ്മാള്‍' എന്നാണ്. തലശ്ശേരി സ്വദേശിയും ഇന്ത്യയിലെ ആദ്യസസ്യശാസ്ത്രജ്ഞയുമായ ഡോ.ഇ.കെ.ജാനകി അമ്മാളിന്റെ പേരിലുള്ളത്. 1940 കളില്‍ ബ്രിട്ടനില്‍ ഗവേഷണം നടത്തുന്ന കാലത്ത് മഗ്നോളിയ പൂമരത്തിന്റെ ക്രോമസോം പഠനം ജാനകി അമ്മാള്‍ കാര്യമായി നടത്തുകയുണ്ടായി. അതിന്റെ ഫലമായി രൂപപ്പെടുത്തിയ വകഭേദമാണ് ജാനികി അമ്മാളിന്റെ പേരിലുള്ള പൂമരം! 



1980 കളുടെ ആദ്യപകുതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായിരുന്ന പ്രൊഫ.കെ.എസ്.മണിലാലും സംഘവും സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയുണ്ടായി. ആ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ ഒരു ഓര്‍ക്കിഡിന് സൈലന്റ് വാലിയുടെ പേര് തന്നെ അവര്‍ നല്‍കി-'കുകുമിസ് സൈലന്റ്‌വാലീയി' (പ്രൊഫ. മണിലാലിന്റെ പേരിലും ഉണ്ട് നല് സസ്യയിനങ്ങള്‍). 

ഈ കോളത്തിനായി ചില വിവരങ്ങള്‍ ആരാഞ്ഞ് എഴുതിയപ്പോള്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധ ഉഭയജീവി ഗവേഷകന്‍ ഡോ.സത്യഭാമ ദാസ് ബിജു (ഡോ.എസ്.ഡി.ബിജു) അയച്ചുതന്ന ലിസ്റ്റിലെ ഒരു പേര് എന്നെ അമ്പരപ്പിച്ചു. എന്റെ പഴയ സുഹൃത്തും ബോണക്കാടിനടുത്ത് അഗസ്ത്യകൂടം താഴ്‌വരയിലെ ചാത്തന്‍കോട് ട്രൈബല്‍ സെറ്റില്‍മെന്റിലെ അംഗവുമായ മല്ലന്‍ കാണിയുടെ പേരും ഒരു ജീവിക്ക് കിട്ടിയിട്ടുണ്ട് -'മൈക്രിക്‌സാലസ് മല്ലനി'! തെക്കന്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഒരിനം തവളയാണിത്. ഡോ.ബിജുവിന്റെയും സംഘത്തിന്റെയും വഴികാട്ടിയായിരുന്നു മല്ലന്‍ കാണി. 1998 ല്‍ അഗസ്ത്യകൂടം താഴ്‌വരയില്‍ മല്ലന്‍ കാണിയുടെ സഹായത്തോടെയാണ് ഈ തവളയിനത്തെ അവര്‍ തിരിച്ചറിഞ്ഞത്. 



'ഇന്ത്യയുടെ ഫ്രോഗ്മാന്‍' എന്ന വിശേഷണമുള്ള ഡോ.ബിജുവും സംഘവും കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഒട്ടേറെ തളയിനങ്ങള്‍ക്ക് മലയാളം പേരുകളാണ് നല്‍കിയത്. സഹ്യാദ്രി, പൊന്‍മുടി, മൂന്നാര്‍, ഗവി, പെരിയാര്‍, നെല്ലിയാമ്പതി എന്നീ പേരുകളിലൊക്കെ തവളയിനങ്ങള്‍ക്ക് ലഭിച്ചത് അങ്ങനെയാണ്. ഡോ.ബിജുവിന്റെ പേരിലറിയപ്പെടുന്ന തവളയിനവുമുണ്ട് - 'ബെഡ്ഡോമിക്‌സാലസ് ബിജുയി'.

ശാസ്ത്രസാഹിത്യത്തില്‍ ഇടംനേടിയിട്ടുള്ള മലയാളം പേരുകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. മലയാളികളായ എത്രയോ ഗവേഷകര്‍ക്ക് കിട്ടിയിട്ടുള്ള ഏക അംഗീകാരം ഒരുപക്ഷേ, അവരുടെ പേരില്‍ അറിയപ്പെടുന്ന സസ്യയിനങ്ങളോ ജന്തുക്കളോ മാത്രമായിരിക്കാം. 


( ചിത്രം 1: പാരാന്‍സിസ്‌ട്രോസിറസ് ജാഫര്‍പാലോട്ടി-ഡോ.ജാഫര്‍ പാലോട്ടിന്റെ നാമത്തിലുള്ള കടന്നല്‍. ഫോട്ടോ: സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, കോഴിക്കോട് മേഖലാകേന്ദ്രം; 2. കാല്‍ ലിനേയസ്. ചിത്രം കടപ്പാട്: വിക്കിപീഡിയ; 3. മഗ്നോളിയ കോബുസ് 'ജാനകി അമ്മാള്‍' എന്ന പൂമരം; 4. മൈക്രിക്‌സാലസ് മല്ലനി-മല്ലന്‍ കാണിയുടെ പേരിലുള്ള തവള. ഫോട്ടോ: ഡോ.എസ്.ഡി.ബിജു)

* 2017 ഫെബ്രുവരി 7ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്.

by ജോസഫ് ആന്റണി 

Monday, July 08, 2013

ഭൂപടത്തിലില്ലാത്ത ദ്വീപുകള്‍

ജീവികളുടെ ഭൂപടത്തില്‍നിന്ന് ഒരു ജീവിവര്‍ഗം അപ്രത്യക്ഷമാകുന്നത് ചെറുക്കാന്‍ ഭൂപടത്തിലില്ലാത്ത ദ്വീപുകള്‍ തേടിനടന്നയാളാണ് സതീഷ് ഭാസ്‌ക്കര്‍. കടലാമകളെക്കുറിച്ച് പഠിക്കാന്‍ ആരും എത്താത്ത വിദൂരതീരങ്ങളില്‍ അലഞ്ഞ മനുഷ്യന്‍. ഇന്ത്യയില്‍ കടലാമഗവേഷണം രണ്ടു പതിറ്റാണ്ടോളം ഒറ്റയാള്‍ പട്ടാളത്തെപ്പോലെ സ്വന്തം ചുമലിലേറ്റി നടന്നയാള്‍. ജനിച്ചത് കേരളത്തിലാണെങ്കിലും ഒരിക്കലും കേരളീയര്‍ തിരിച്ചറിയാത്ത വ്യക്തിത്വം.


ലക്ഷദ്വീപിലെ ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപായ സുഹേലി വലിയകരയില്‍നിന്ന് മണ്‍സൂണ്‍ കാലത്തെ പ്രക്ഷുബ്ദമായ കടലിലേക്കാണ്, കുപ്പിയിലടച്ച് ഭദ്രമാക്കിയ ആ കത്ത് സതീഷ് ഭാസ്‌ക്കര്‍ 'പോസ്റ്റു'ചെയ്തത്. ചെന്നൈയില്‍ തന്റെ പ്രിയതമയ്ക്കുള്ളതായിരുന്നു കത്ത്. കേരളതീരത്തോ ഗോവയിലോ അടിയുന്ന ആ 'കുപ്പിക്കത്ത്' ആരെങ്കിലും കണ്ടെടുത്ത് ചെന്നൈയിലേക്ക് അയച്ചുകൊള്ളുമെന്ന് സതീഷ് കരുതി.

കടലിലൂടെ ആ കത്ത് പോയത് പക്ഷേ, ശ്രീലങ്കയ്ക്കാണ്! 1982 ജൂലായ് 3 ന് അയച്ച കത്ത് 24 ദിവസംകൊണ്ട് 800 കിലോമീറ്റര്‍ ഒഴുകി ശ്രീലങ്കയിലെത്തി. അന്തോണി ഡമേഷ്യസ് എന്ന മത്സ്യത്തൊഴിലാളിക്കാണ് അത് കിട്ടിയത്. കത്തിലെ വാചകങ്ങള്‍ ആ മത്സ്യത്തൊഴിലാളിയെ ഏറെ സ്പര്‍ശിച്ചു. തനാരാണെന്നും ആ കത്ത് തനിക്ക് എത്രമാത്രം മതിപ്പുളവാക്കിയെന്നും കാണിച്ച് ഒരു കവറിങ് ലറ്ററും, സ്വന്തം കുടുംബഫോട്ടോയും ചേര്‍ത്താണ് അതയാള്‍ ചെന്നൈയിലേക്ക് അയച്ചത്. 'നിങ്ങള്‍ കുടുംബസമേതം ശ്രീലങ്കയ്ക്ക് ഒരിക്കല്‍ വരണം' എന്ന് സ്‌നേഹപൂര്‍വ്വം ക്ഷണിക്കാനും ആ മത്സ്യത്തൊഴിലാളി മറന്നില്ല.

ആ മണ്‍സൂണ്‍ കാലത്ത് കടലിന് നടുവിലെ ദ്വീപില്‍ ഏകനായി കഴിയുന്ന ഭര്‍ത്താവിന്റെ കത്ത് വായിച്ച് ബൃന്ദയ്ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. സതീഷ് ഭാസ്‌ക്കര്‍ എന്ന മനുഷ്യന്‍ പെരുമഴയത്ത് ആ വിദൂര ദ്വീപില്‍ ഒറ്റയ്ക്ക് കഴിയുന്നത് എന്തിനെന്ന് മനസിലാക്കിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഹാരി മില്ലര്‍, കടലിലൂടെ ഒഴുകിയെത്തിയ ആ കത്തിന്റെ വിവരം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വാര്‍ത്തയാക്കി. വാര്‍ത്തയുടെ തലവാചകം ഇങ്ങനെയായിരുന്നു : 'റോബിന്‍സണ്‍ സതീഷ് ഭാസ്‌ക്കര്‍'! ('റോബിന്‍സണ്‍ ക്രൂസോ' എന്ന നോവല്‍ നാമം ഓര്‍ക്കുക).

മണ്‍സൂണ്‍ കാലത്ത് മുട്ടയിടാനെത്തുന്ന ഗ്രീന്‍ കടലാമകളെക്കുറിച്ച് പഠിക്കാന്‍ അറബിക്കടലിലെ വിജനദ്വീപില്‍ അഞ്ചുമാസം ഒറ്റയ്ക്ക് കഴിയുകയായിരുന്നു സതീഷ് ഭാസ്‌ക്കര്‍. ഭാര്യ ബൃന്ദയെയും മൂന്നുമാസം മാത്രം പ്രായമായ തന്റെ കടിഞ്ഞൂല്‍ പുത്രിയെയും ചെന്നൈയില്‍ വിട്ടിട്ടാണ് ആ ദൗത്യത്തിന് അദ്ദേഹം പുറപ്പെട്ടത്. ജനവാസമുള്ള അടുത്ത പ്രദേശം കവറത്തി ദ്വീപാണ്. സുഹേലിയില്‍ നിന്ന് 52 കിലോമീറ്റര്‍ കടല്‍ താണ്ടിയാലേ അവിടെയെത്തൂ. മണ്‍സൂണിലെ പെരുമഴയത്ത് പ്രക്ഷുബ്ദമായ കടല്‍ താണ്ടി ഒരു ബോട്ടും സുഹേലിക്ക് വരില്ല. അതാണ് ഭാര്യയ്ക്കുള്ള കത്ത് കുപ്പിയിലടച്ച് കടലില്‍ 'പോസ്റ്റു'ചെയ്യാന്‍ സതീഷിനെ പ്രേരിപ്പിച്ച സംഗതി!


ഇന്ത്യയില്‍ കടലാമഗവേഷണത്തിന്റെ ആദ്യകാല ചരിത്രത്തില്‍ ഇത്തരം ഒട്ടേറെ കഥകള്‍ കണ്ടെത്താനാകും. സാഹസികതയുടെയും അപൂര്‍വ്വതയുടെയും പരിവേഷമുള്ളവ. കഥകള്‍ പലതാണെങ്കിലും പക്ഷേ, അതിലെല്ലാം ഒറ്റ നായകനെയേ കാണാനാകൂ. സതീഷ് ഭാസ്‌ക്കര്‍ എന്ന സൗമനായ മനുഷ്യനെ മാത്രം! ഇന്ത്യന്‍ തീരങ്ങളിലും വിദൂരദ്വീപുകളിലും കടലാമകളുടെ വരവും പോക്കും അറിയാന്‍ ആദ്യമായി അലഞ്ഞയാണ് അദ്ദേഹം. ഇന്ത്യയില്‍ കടലാമഗവേഷണം രണ്ടുപതിറ്റാണ്ടോളം ഒറ്റയാള്‍ പട്ടാളത്തെപ്പോലെ സ്വന്തം ചുമലില്‍ പേറിയ മനുഷ്യന്‍. ജനിച്ചത് കേരളത്തിലാണെങ്കിലും ഒരിക്കലും കേരളീയര്‍ തിരിച്ചറിയാത്ത വ്യക്തിത്വം.

'സ്‌കൂള്‍കുട്ടിയുടെ ഭാഗത്തുനിന്ന് നോക്കിയാല്‍, എന്റെ ജീവിതം ഒരു കെട്ടുകഥ പോലെ തോന്നാം' - തെക്കന്‍ ഗോവയില്‍ കാന ബനോളിയിലെ വസതിയിലിരുന്ന് പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനിടെ സതീഷ് പറഞ്ഞു. മദ്രാസ്സ് ഐ.ഐ.ടി.യില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പഠിച്ച സതീഷാണ് ഇന്ത്യയില്‍ കടലാമഗവേഷണത്തിന് അടിത്തറയിട്ടതെന്ന് പറയുമ്പോള്‍, 7500 കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ തീരം മുഴുവന്‍ ഈ മനുഷ്യന്‍ കാല്‍നടയായി പിന്നിട്ടുവെന്ന് അറിയുമ്പോള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ മേഖല ഉള്‍പ്പടെ ഇന്ത്യയിലെ 670 ഓളം ദ്വീപുകളില്‍ കടലാമകള്‍ക്കായി ഇദ്ദേഹം പര്യടനം നടത്തിയ കഥ കേള്‍ക്കുമ്പോള്‍, കൊലയാളി സ്രാവുകള്‍ നിറഞ്ഞ എത്രയോ കടലിടുക്കുകള്‍ അതിനായി നീന്തിക്കടന്നിട്ടുണ്ടെന്ന് മനസിലാക്കുമ്പോള്‍, നദീതടങ്ങളിലും കായലോരങ്ങളിലും ചീങ്കണ്ണികള്‍ ഇദ്ദേഹത്തോട് കാട്ടിയ സൗജന്യത്തെക്കുറിച്ചറിയമ്പോള്‍, ഭൂമുഖത്തെ ഏറ്റവും വിഷമേറിയ മത്സ്യമായ സ്‌റ്റോണ്‍ഫിഷിന്റെയും കൊടിയവിഷമുള്ള പാമ്പുകളുടെയും കാട്ടാനയുടെയും ആക്രമണങ്ങളില്‍നിന്ന് തലമുടിനാരിഴ വ്യത്യാസത്തില്‍ അദ്ദേഹം രക്ഷപ്പെട്ടകാര്യം കേട്ട് അത്ഭുതപ്പെടുമ്പോള്‍ - ഉറപ്പാണ്, കെട്ടുകഥകള്‍ പോലും തോല്‍ക്കുന്നതായി തോന്നും!


കടലാമകളെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ മേഖല പോലുള്ള ദ്വീപ് ശൃംഖലകളാണ് പ്രധാനമെന്ന് സതീഷ് പറയുന്നു. അതില്‍തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപുകള്‍. 'ഏതാണ്ട് 400 മീറ്റര്‍ നീളവും90 മീറ്റര്‍ മാത്രം വീതിയുമുള്ള അത്തരം ദ്വീപുകള്‍ ഭൂപടത്തില്‍ പോലും കണ്ടെന്ന് വരില്ല'- അദ്ദേഹം അറിയിക്കുന്നു. ജീവികളുടെ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമാകാതിരിക്കാന്‍ കടലാമകള്‍ക്ക് താങ്ങാകുന്നത് ഭൂപടത്തിലില്ലാത്ത അത്തരം ദ്വീപുകളാണ്. ശുദ്ധജലം പോലും ലഭ്യമല്ലാത്ത ആ വിദൂരദ്വീപുകളിലായിരുന്നു സതീഷിന്റെ പ്രവര്‍ത്തനം ഏറെയും.

1977 ലാണ് സതീഷ് കടലാമകളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്. ഗുജറാത്ത് തീരം മുതല്‍ അധികമാരും സന്ദര്‍ശിച്ചിട്ടില്ലാത്ത രാജ്യത്തെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നായ മെറോ (Meroe) ദ്വീപില്‍ വരെ സതീഷിന്റെ പര്യവേക്ഷണങ്ങള്‍ നീണ്ടു. ഇന്ത്യയില്‍ മാത്രമല്ല, ന്യൂ ഗിനി പോലെ ഇന്‍ഡൊനീഷ്യയുടെ വിദൂരതീരങ്ങളിലും കടലാമഗവേഷണത്തിന് തുടക്കമിടാന്‍ സതീഷിന് കഴിഞ്ഞു. 1984-1985 കാലത്താണ് ഡബ്ല്യു.ഡബ്ല്യു.എഫ് - ഇന്‍ഡൊനീഷ്യയുടെ ക്ഷണംസ്വീകരിച്ച് ന്യൂ ഗിനിയുടെ പടിഞ്ഞാറേ അറ്റത്തുള്ള വൊഗല്‍കോപ്ഫ് തീരത്ത് അദ്ദേഹം പഠനം നടത്തുന്നത്.


'ഞാന്‍ കടലാമകളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയ കാലത്ത്, ആ ജീവികളുടെ പ്രജനനകേന്ദ്രങ്ങളായ കടലോരങ്ങള്‍ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം പോലും ആളുകള്‍ക്ക് അറിയുമായിരുന്നില്ല'-സതീഷ് ഓര്‍ക്കുന്നു. 'പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ പ്രധാന്യം എനിക്ക് ബോധ്യമായി'. എവിടെയാണ് കടലാമകള്‍ എത്തുന്നത്, എത്രയെണ്ണം എത്തുന്നു, ഏതൊക്കെ ഇനങ്ങള്‍ എത്തുന്നു, എപ്പോഴാണ് പ്രജനന സീസണ്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിരുന്നു സതീഷിന്റെ ശ്രമം. 'ഇതില്‍ ചിലതിന്റെ ഉത്തരം എനിക്ക് കണ്ടെത്താനായി. ഞാന്‍ ആകെ ചെയ്തതായി എനിക്ക് തോന്നുന്നത് ഇതുമാത്രമാണ്'. അല്ലാതെയുള്ള ഒരു അവകാശവാദത്തിനും സതീഷ് തയ്യാറല്ല.

പാറയില്‍ ഭാസ്‌ക്കരന്റെയും ചെറിയചാണാശ്ശേരി രാമന്‍ പത്മിനിയുടെയും ഏക സന്താനമായി 1946 സപ്തംബര്‍ 11 ന് എറണാകളും ജില്ലയിലെ ചെറായിയിലാണ് സതീഷ് ഭാസ്‌ക്കറിന്റെ ജനനം. ഇരിങ്ങാലക്കുട സ്വദേശിയായിരുന്ന ഭാസ്‌ക്കരന്‍ പട്ടാളത്തില്‍ മേജറായിരുന്നു; പത്മിനി ചെറായി സ്വദേശിയും. കേരളത്തിന് പുറത്ത് വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു സതീഷിന്റെ ആദ്യകാല വിദ്യാഭ്യാസം. ഷില്ലോങിലെ സെന്റ് എഡ്മണ്ട് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ സതീഷ്, മദ്രാസ്സ് ഐ.ഐ.ടി.യില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങിന് ചേര്‍ന്നു.

ചെന്നൈയില്‍ വെച്ച് കടലിനോട് തോന്നിയ പ്രണയമാണ് ഒരര്‍ഥത്തില്‍ ആ വിദ്യാര്‍ഥിയെ കടലാമഗവേഷണത്തിലേക്ക് എത്തിച്ചത്. 'കടലില്‍ നീന്തുന്നത് (ബോഡി സര്‍ഫിങ്) എനിക്ക് ഹരമായി' - സതീഷ് ഓര്‍ക്കുന്നു. മദ്രാസ്സ് സ്‌നേക്ക് പാര്‍ക്കിന്റെ സ്ഥാപകനും പ്രശസ്ത ഉരഗജീവി വിദഗ്ധനുമായ റോമുലസ് വിറ്റേക്കറുമായി സതീഷ് പരിചയപ്പെടുന്നതും ആ സമയത്താണ്. ആ പരിചയം സതീഷിന്റെ മാത്രമല്ല, ഇന്ത്യയിലെ കടലാമഗവേഷണത്തിന്റെയും ശിരോലിഖിതം മാറ്റിയെഴുതി. ഐ.ഐ.ടി.യ്ക്ക് പകരം സ്‌നേക്ക്പാര്‍ക്കിലായി സതീഷിന്റെ ശ്രദ്ധ, എന്‍ജിനിയറിങ് ഗ്രന്ഥങ്ങള്‍ക്ക് പകരം ബയോളജി പുസ്തകങ്ങളായി വായന!


വിറ്റേക്കര്‍ ആ സമയത്ത് ചീങ്കണ്ണികളെക്കുറിച്ച് പഠിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച സമയമാണ്. 'കടലാമകളെക്കുറിച്ച് പഠിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. അതിനൊരു മുഴുവന്‍ സമയ പ്രവര്‍ത്തകനെ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നു''-2010 ല്‍ ഒരു അഭിമുഖത്തില്‍ വിറ്റേക്കര്‍ പറഞ്ഞു. കടലിനെ പ്രണിയിക്കുന്ന സതീഷ് ആയിരുന്നു അതിന് വിറ്റേക്കര്‍ കണ്ടെത്തിയ വ്യക്തി. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കാതെ കടലാമകളുടെ രഹസ്യങ്ങള്‍ തേടി ആ യുവാവ് പുറപ്പെട്ടു.

മദ്രാസ് സ്‌നേക്ക് പാര്‍ക്കിന്റെ 'ഫീല്‍ഡ് ഓഫീസര്‍' എന്ന നിലയ്ക്കാണ് സതീഷ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യ അദ്ദേഹത്തെ റിക്രൂട്ട് ചെയ്തു. സ്‌നേക്ക് പാര്‍ക്കിലെ സെക്രട്ടറിയായിരുന്ന ബൃന്ദ ബ്രിഡ്ജിത്തിനെ 1981 ജനവരിയില്‍ സതീഷ് വിവാഹം കഴിച്ചു. സതീഷ്-ബൃന്ദ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട് -നൈല, കൈലി, സന്ധ്യ.

ലോകത്താകെയുള്ള എട്ടിനം കടലാമകളില്‍ അഞ്ച് സ്പീഷീസുകള്‍ -ഒലിവ് റിഡ്‌ലി, ഗ്രീന്‍, ഹ്വാക്‌സ്ബില്‍, ലോഗര്‍ഹെഡ്, ലെതര്‍ബാക്ക് എന്നിവ - ഇന്ത്യന്‍ തീരങ്ങളില്‍ എത്തുന്നുണ്ട്.  ഇവയില്‍ ലോഗര്‍ഹെഡ് ഇന്ത്യയിലൊരിടത്തും മുട്ടയിടുന്നതായി ഇതുവരെ കണ്ടിട്ടില്ല. ബാക്കി നാലിനങ്ങളില്‍ ഒലിവ് റിഡ്‌ലിയാണ് ഏറ്റവും കൂടുതലായി ഇന്ത്യയിലെത്തുന്നത്. ഒറിസ്സാ തീരത്തെ ഗഹീര്‍മാതാ കടലോരമാണ് ലോകത്തേറ്റവുമധികം ഒലിവ് റിഡ്‌ലികള്‍ കൂട്ടത്തോടെ പ്രജനനത്തിനെത്തുന്ന സ്ഥലം.

എന്നാല്‍, 17 വര്‍ഷം നീണ്ട കടലാമഗവേഷണത്തിനിടെ സതീഷ് ഏറ്റവും കുറച്ച് ശ്രദ്ധിച്ചിട്ടുള്ള ഇനം ഒലിവ് റിഡ്‌ലിയാണ്. അതെപ്പറ്റി സതീഷ് പറയുന്നത് ഇങ്ങനെ : 'പതിനായിരക്കണക്കിന് ഒലിവ് റിഡ്‌ലികളെ ടാഗ് ചെയ്ത ഗവേഷകര്‍ ഇന്ത്യയില്‍ തന്നെയുണ്ട്. പക്ഷേ, അവര്‍ ഒരു ഗ്രീന്‍ കടലാമയെയോ ലതര്‍ബാക്കിനെയോ ഹ്വാക്‌സ്ബിലിനെയോ ടാഗ് ചെയ്തിട്ടുണ്ടാകില്ല. കാരണം, അവ പ്രജനനത്തിനെത്തുന്നത് ഇന്ത്യയുടെ വന്‍കരയിലല്ല, വിദൂര ദീപുകളുടെ തീരങ്ങളിലാണ്. അത്തരം സ്ഥലങ്ങളായിരുന്നു എന്റെ പ്രവര്‍ത്തന മേഖല'. ശരിയാണ് ഇന്ത്യന്‍ തീരത്ത് ഗ്രീന്‍ കടലാമകള്‍ മുട്ടയിടുന്നത് ആദ്യമായി നേരിട്ട് നിരീക്ഷിച്ച വ്യക്തി സതീഷാണ്; ലക്ഷദ്വീപിലെ സുഹേലി വലിയകരയില്‍ വെച്ച് 1982 ല്‍. ലെതര്‍ബാക്ക് കടലാമകള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ മുട്ടയിടാനെത്തുന്ന വിവരം ആദ്യമായി സ്ഥിരീകരിച്ചതും അദ്ദേഹം തന്നെ. റുട്ട്‌ലന്‍ഡ് ദ്വീപിലെ ജഹാജി ബീച്ചില്‍ ലെതര്‍ബാക്ക് പ്രജനനം നടത്തുന്ന വിവരം 1978 ല്‍ സതീഷ് രേഖപ്പെടുത്തി. 1991-1995 കാലത്ത് ആന്‍ഡമാനിലെ ആളില്ലാത്ത ചെറുദ്വീപായ സൗത്ത് റീഫ് ഐലന്‍ഡില്‍ തുടര്‍ച്ചയായി മാസങ്ങളോളം താമസിച്ച് ഹ്വാക്‌സ്ബില്‍ കടലാമകളുടെ പ്രജനനരീതികള്‍ പഠിച്ചു. പില്‍ക്കാല ഗവേഷണങ്ങള്‍ക്കുള്ള അടിത്തറയാണ് ഇതിലൂടെ സതീഷ് പണിതുയര്‍ത്തിയത്.

മദ്രാസ്സ് ക്രോക്കഡൈല്‍ ബാങ്കാണ് 1990 കളില്‍ സതീഷിന്റെ ഗവേഷണങ്ങള്‍ക്ക് ഫണ്ട് നല്‍കിയിരുന്നത്. ഫണ്ടിന്റെ കുറവ് വന്നതോടെ 1995 ല്‍ തന്റെ പഠനം നിര്‍ത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായി. കടലാമഗവേഷണത്തില്‍നിന്ന് റിട്ടയര്‍ചെയ്ത സതീഷ് ആ വര്‍ഷംതന്നെ കുടുംബസമേതം ഗോവയിലേക്ക് താമസം മാറ്റി.


പ്രൊഫഷണലായി ബയോളജി പഠിക്കാത്ത വ്യക്തിയാണ് സതീഷ്. ഒരു വിഷയത്തിലും ബിരുദവുമില്ല. ശരിക്കുപറഞ്ഞാല്‍ ഒരു അമേച്വര്‍ ഗവേഷകന്‍. എന്നിട്ടും, 1979 നവംബറില്‍ കടലാമസംരക്ഷണത്തെക്കുറിച്ച് ആദ്യ അന്താരാഷ്ട്ര സമ്മേളനം വാഷിങ്ടണ്‍ ഡി.സിയില്‍ നടക്കുമ്പോള്‍ ഇന്ത്യയില്‍നിന്ന് അതില്‍ പങ്കെടുത്ത രണ്ടുപേരില്‍ ഒരാള്‍ സതീഷായിരുന്നു. കടലാമഗവേഷണത്തിനുള്ള അംഗീകാരമായി 1984 ല്‍ റോളക്‌സിന്റെ അവാര്‍ഡും ഫാന്‍സി വാച്ചും സതീഷിന് സമ്മാനിക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ സീ തര്‍ട്ട്ല്‍ സൊസൈറ്റി (ഐ.എസ്.ടി.എസ്) അതിന്റെ മുപ്പതാംവാര്‍ഷിക സമ്മേളനം 2010 ഏപ്രിലില്‍ ഗോവയില്‍ നടത്തിയപ്പോള്‍, ആ വര്‍ഷത്തെ 'ഐ.എസ്.ടി.എസ്.ചാമ്പ്യന്‍സ് അവര്‍ഡ്' നല്‍കി സതീഷിനെ ആദരിച്ചു.

ഒരു പഠനമേഖലയെ സ്വന്തംചുമലിലേറ്റി മുന്നോട്ട് നയിച്ച വ്യക്തിയാണ് സതീഷ്. 'വംശനാശത്തില്‍നിന്ന് അതിജീവനത്തിലേക്ക് ഒരു ജീവിവര്‍ഗത്തെ കൈപിടിച്ചുയര്‍ത്താന്‍, ഒരു മനുഷ്യന് ആ ജീവിയോടും അതിന്റെ ആവാസവ്യവസ്ഥയോടുമുള്ള അഭിനിവേശം എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം, അതാണ് സതീഷിന്റെ ജീവിത'മെന്ന് മൂന്നുവര്‍ഷംമുമ്പ് വിറ്റേക്കര്‍ അഭിപ്രായപ്പെട്ടത് തീര്‍ച്ചയായും അതിശയോക്തിയല്ല. (ചിത്രങ്ങളില്‍ ആദ്യത്തേത് ഗോവയില്‍വെച്ച് ലേഖകന്‍ എടുത്തത്. ബാക്കി ചിത്രങ്ങള്‍ക്ക് കടപ്പാട് : സതീഷ് ഭാസ്‌ക്കര്‍)

- മാതൃഭൂമി വാരാന്തപ്പതിപ്പ് (ജൂലായ് 7, 2013) പ്രസിദ്ധീകരിച്ച ഫീച്ചറിന്റെ പൂര്‍ണരൂപം

Monday, September 17, 2012

കമ്മ്യൂണിസ്റ്റ് പച്ച മുതല്‍ കോണ്‍ഗ്രസ്സ് പച്ച വരെ


ഈ ലേഖനം മുമ്പ്  'മാതൃഭൂമി ഓണ്‍ലൈനി'ല്‍
പ്രസിദ്ധീകരിച്ചതാണ്. 
 ഇതിന്റെ ഇന്‍ഫര്‍മേഷന്‍ മൂല്യം കണക്കിലെടുത്ത് ഇതിവിടെ പോസ്റ്റ് ചെയ്യുകയാണ്. 


1990-കളുടെ ആദ്യ പകുതിയാലാണ്, കേരളത്തിലെ തേനീച്ചകര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടു. ഏതോ അജ്ഞാതകാരണത്താല്‍ തേനീച്ച മുഴുവന്‍ ചത്തടിഞ്ഞു. ലോണെടുത്തും മറ്റും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് മുന്നില്‍ വഴിമുട്ടി. കണ്ണൂരിലെ മലയോര മേഖലയിലാണ് ഏറ്റവും വലിയ പ്രഹരമേറ്റത്. കൂടുതല്‍ തേന്‍ ലഭിക്കും എന്നവകാശപ്പെട്ട്, ഇറ്റലിയില്‍നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ഒരിനം തേനീച്ചയ്‌ക്കൊപ്പം ഇവിടെയെത്തിയ മാരകവൈറസാണ്, നാടന്‍ തേനീച്ചകളുടെ അന്തകനായതെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. മറ്റൊരു കാര്യംകൂടി താമസിയാതെ മനസിലായി, കേരളത്തില്‍ വളര്‍ത്തുതേനീച്ചകര്‍ മാത്രമല്ല, കാട്ടിലെ തേനീച്ചയ്ക്കും കൂട്ടനാശം സംഭവിച്ചിരിക്കുന്നു. ഇടുക്കിയിലും തെക്കന്‍ കേരളത്തിലും കാട്ടില്‍നിന്ന് തേന്‍ ശേഖരിച്ച് ജീവിക്കുന്ന ആദിവാദികളുടെ ജീവിതം അവതാളത്തിലായി.

ഇനി വേറൊരു സംഭവം. 2001-ല്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടര്‍ന്നുപിടിച്ചത് ബ്രിട്ടനില്‍ വന്‍പ്രത്യാഘാതം സൃഷ്ടിച്ചു. കാലിവ്യവസായം തകര്‍ച്ച നേരിട്ടു. എഴുപത് ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടി വന്നു. പൊതുതിരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് മാറ്റിവെച്ചു. ഒട്ടേറെ കായിക-വിനോദ പരിപാടികള്‍ റദ്ദാക്കി. 1600 കോടി ഡോളര്‍ (80,000 കോടി രൂപ) നഷ്ടം ആ മൃഗരോഗം ബ്രട്ടന് വരുത്തിയെന്നാണ് കണക്ക്. രോഗത്തിന്റെ വേരുകള്‍ തേടിപ്പോയ ഗവേഷകര്‍ എത്തിയത് പക്ഷേ, ഇന്ത്യയിലാണ്-ഉത്തര്‍ പ്രദേശില്‍!

തൊണ്ണൂറുകളില്‍ ഉത്തര്‍ പ്രദേശില്‍നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്ത ആടുകളിലൂടെ ഇവിടെനിന്ന് പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവില്‍ ബ്രിട്ടനിലെത്തി നാശംവിതച്ചത്.

അന്യജീവജാതികള്‍ ഒരു പ്രദേശത്ത് കടന്നുകൂടി പെരുകി അവിടുത്തെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിന് ഉദാഹരണങ്ങളാണ് മുകളില്‍ വിവരിച്ചത്. ഇത്തരം ഭീഷണിയാണ് ജൈവഅധിനിവേശം (Bioinvasion) എന്ന് അറിയപ്പെടുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്‌നങ്ങളിലൊന്നായി ജൈവഅധിനിവേശം മാറിയിരിക്കുന്നു.

ഇറ്റാലിയന്‍ വൈറസിനെപ്പോലെ, ആഫ്രിക്കന്‍ പായലും അക്കേഷ്യയും പാര്‍ത്തനീയവും ആഫ്രിക്കന്‍ മുഷിയും തിലാപ്പിയ മത്സ്യവുമൊക്കെ മറ്റുരാജ്യങ്ങളില്‍നിന്ന് കേരളത്തിലെത്തി ഇവിടുത്തെ കൃഷിക്കും ആവാസവ്യവസ്ഥയ്ക്കും ഭീഷണിസൃഷ്ടിക്കുന്ന ഇനങ്ങളാണ്. കേരളമുള്‍പ്പടെ ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗര്‍ കൊതുക് ചിക്കുന്‍ഗുനിയ ഉള്‍പ്പടെ 21-ഓളം മാരക വൈറസുകളുടെ വാഹകരാണ്.

ആഗോളതലത്തില്‍ അധിനിവേശ ജീവജാതികള്‍ വരുത്തുന്ന വിളനാശവും, വനത്തിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും, ഇവ നിയന്ത്രിക്കാന്‍ വേണ്ടിവരുന്ന ചെലവും, അധിനിവേശം നടത്തുന്ന രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കും ഉണ്ടാകുന്ന നാശവുമെല്ലാം കണക്കാക്കിയാല്‍ പ്രതിവര്‍ഷം ഒരുപക്ഷേ, ഒരുലക്ഷം കോടി ഡോളറിന്റെ വരെ നഷ്ടം സംഭവിക്കുന്നുവെന്നാണ് കണക്ക്. ഗതാഗതത്തിലുണ്ടായ വര്‍ധനയും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന് ആക്കംകൂട്ടുന്നതായി 'വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്' പറയുന്നു. ആഗോളവത്ക്കരണമാണ് ഇക്കാര്യത്തില്‍ മുഖ്യപ്രതിയെന്ന് സാരം.

ജൈവഅധിനിവേശം കേരളത്തില്‍
ജൈവഅധിനിവേശത്തില്‍ നിന്ന് കേരളവും മുക്തമല്ല. കമ്മ്യൂണിസ്റ്റ് പച്ച മുതല്‍ കോണ്‍ഗ്രസ്സ് പച്ച വരെ നീളുന്നു കേരളത്തിലെ അധിനിവേശ ഇനങ്ങളുടെ പട്ടിക. അതിലെ ചില പ്രധാന ഇനങ്ങള്‍ ചുവടെ :

1. ആഫ്രിക്കന്‍ പായല്‍ (African Payal - Salvinia molesta)


കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മിന്നല്‍വേഗത്തില്‍ പടര്‍ന്നു വ്യാപിക്കുന്ന ജലസസ്യമാണിത്. കേരളം പോലുള്ള പ്രദേശങ്ങളില്‍ കൃഷിക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് ആഫ്രിക്കന്‍ പായല്‍. വെള്ളത്തിലെ പോഷകാംശം ചോര്‍ത്തുക വഴിയും, ജലോപരിതലത്തില്‍ തിങ്ങിക്കൂടി വളരുന്നതിനാല്‍ സൂര്യപ്രകാശം തടയുന്നതിനാലും, വെള്ളത്തിലുള്ള സസ്യയിനങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും കടുത്ത ഭീഷണിയാണ് ഈ സസ്യം.

പേര് ആഫ്രിക്കന്‍ പായല്‍ എന്നാണെങ്കിലും, ഇതിന്റെ സ്വദേശം തെക്കുകിഴക്കന്‍ ബ്രസ്സീലും വടക്കന്‍ അര്‍ജന്റീനയുമാണ്. 1940-കളിലാണ് ഇത് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല നീര്‍പ്രദേശങ്ങള്‍ക്കും ആഫ്രിക്കന്‍ പായല്‍ ഭീഷണിയാണ്. ഏറ്റവുമൊടുവില്‍ ഈ ജലസസ്യം കടന്നുകൂടിയ പ്രദേശം അമേരിക്കന്‍ ഐക്യനാടുകളാണ്. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളില്‍ വളര്‍ത്തി വില്‍ക്കാനും ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കന്‍ പായല്‍ കൊണ്ടുവന്നത്. പക്ഷേ, അതൊടുവില്‍ വലിയൊരു പ്രശ്‌നമായി മാറുകയായിരുന്നു.

2. തിലാപ്പിയ (Mozambique Tilapia-Oreochromis mossambicus)
ഉള്‍നാടന്‍ ശുദ്ധജലാശയങ്ങളില്‍ വളരെ വേഗം പെരുകുന്ന തിലാപ്പിയ എന്ന മത്സ്യയിനം കേരളീയര്‍ക്ക് സുപരിചിതമാണ്. സംസ്ഥാനത്തെ ശുദ്ധജല മത്സ്യസമ്പത്തിന് ഏറ്റവുമധികം പരിക്കേല്‍പ്പിച്ച ജീവിയാണ് തിലാപ്പിയ എന്ന് പക്ഷേ, പലര്‍ക്കും അറിയില്ല. നമ്മുടെ നാടന്‍ മത്സ്യയിനങ്ങള്‍ എത്രയെണ്ണം തിലാപ്പിയ മൂലം വംശനാശം നേരിട്ടു എന്നതിന് വ്യക്തമായ കണക്കില്ല. ഒരുകാര്യം വാസ്തവമാണ്, തിലാപ്പിയ എത്തുന്ന ജലാശയങ്ങളിലും നീരൊഴുക്കുകളിലും മറ്റ് മത്സ്യയിനങ്ങളൊന്നും അധികകാലം അവശേഷിക്കാറില്ല. നമ്മുടെ തടാകങ്ങളിലും പുഴകളിലും നിന്ന് അത്തരത്തില്‍ എത്രയോ സ്വാദിഷ്ടമായ മത്സ്യങ്ങള്‍ തിലാപ്പിയ മൂലം ഇല്ലാതായിക്കഴിഞ്ഞു.

മത്സ്യകൃഷി (അക്വാകള്‍ച്ചര്‍) യുടെ ഭാഗമായി ലോകത്താകമാനം എത്തിയ തിലാപ്പിയ, തെക്കന്‍ആഫ്രിക്കന്‍ സ്വദേശിയാണ്. ഉഷ്ണമേഖലാ പ്രദേശത്തെ മിക്ക പ്രദേശത്തും തിലാപ്പിയ എത്തിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എത്തുന്ന ഇടങ്ങളില്‍ വളരെ വേഗം ആധിപത്യമുറപ്പിക്കുന്ന ഈ മത്സ്യം, കണ്ണില്‍കാണുന്ന എന്തും തിന്നുതീര്‍ക്കും. മറ്റ് മത്സ്യങ്ങള്‍ക്ക് അതിനാല്‍ പിടിച്ച് നില്‍ക്കാന്‍ പറ്റാതെ വരുന്നു. അങ്ങനെയാണ് തദ്ദേശ മത്സ്യയിനങ്ങള്‍ക്ക് തിലാപ്പിയ ഭീഷണിയാകുന്നത്. യു.എന്നിന് കീഴിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന തിലോപ്പിയയെ 'ജൈവമലിനകാരി' (biopollutant) എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

3. അക്കേഷ്യ (Acacia mearnsii)
ചതുപ്പുകള്‍ വറ്റിക്കാനും, വിറകിനും, തരിശുഭൂമിയില്‍ വനവല്‍ക്കരണം നടത്താനുമൊക്കെ സഹായിക്കുന്ന വൃക്ഷം എന്ന നിലയില്‍ നമ്മുടെ നാട്ടിലും എത്തിയതാണ് അക്കേഷ്യ. പല ഇനങ്ങളില്‍ പെട്ട ഇവ നമ്മുടെ നാട്ടിലുണ്ട്. നല്ല ലക്ഷ്യംവെച്ച് ഇവിടെ അവതരിപ്പിച്ച അക്കേഷ്യ പക്ഷേ, തദ്ദേശ പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വന്‍ഭീഷണിയാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. ഇന്ന് കേരളത്തില്‍ വനമേഖലകള്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും പുല്ലിനങ്ങള്‍ക്കും കടുത്ത ഭീഷണിയാണ് അക്കേഷ്യ.

ബ്ലാക്ക്‌വാറ്റില്‍ ഉള്‍പ്പടെയുള്ളവ അക്കേഷ്യയെന്ന് സാധാരണ അറിയപ്പെടുന്നു. വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍ വളരാന്‍ ശേഷിയുള്ള അക്കേഷ്യയിനങ്ങള്‍, മണ്ണില്‍നിന്ന് വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നു. അതിനാല്‍ അക്കേഷ്യകൃഷി ജലക്ഷാമത്തിനും കാരണമാകാറുണ്ട്. അക്കേഷ്യ പൂക്കുമ്പോള്‍ വായുവില്‍ പൊടി കലര്‍ന്ന് പരിസരവാസികള്‍ക്ക് അലര്‍ജിയും ശ്വാസകോശരോഗങ്ങളും ഉണ്ടാകുന്ന സംഭവങ്ങളും സാധാരണമാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഈ സസ്യം ഇന്ന് ലോകത്ത് മിക്ക രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസില്‍, ഏറ്റവും ദോഷകാരികളായ നൂറ് അധിനിവേശയിനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം അക്കേഷ്യയ്ക്കാണ്.

4. ആഫിക്കന്‍ ഭീമന്‍ ഒച്ച് (Giant African Snail-Achatina fulica)
ഉഷ്ണമേഖല പ്രദേശത്തെ വിളകള്‍ക്കും കൃഷിക്കും സസ്യവൈവിധ്യത്തിനും കടുത്ത ഭീഷണിയായിട്ടുള്ള അധിനിവേശ ജീവിയാണ് ആഫ്രിക്കന്‍ ഭീമന്‍ ഒച്ച്. വിളകള്‍ക്ക് മാത്രമല്ല, പല ദ്വീപ് പ്രദേശങ്ങളിലും തദ്ദേശയിനം ഒച്ചുകള്‍ക്കും ഇവ കടുത്ത ഭീഷണിയാണ്. കേരളത്തിലും ചില പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നത് പരിസ്ഥിതി, ആരോഗ്യ, ശുചിത്വ പ്രശ്‌നമായി മാറിയിട്ടുണ്ട്. കൃഷിയിടങ്ങളിലും തീരപ്രദേശങ്ങളിലും സ്വാഭാവിക വനങ്ങളിലും കൃത്രിമവനങ്ങളിലും നഗരപ്രദേശങ്ങളിലും ചതുപ്പുകളിലുമെല്ലാം ഈ ജീവികള്‍ വേഗം പെരുകുന്നു. ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസില്‍ പെടുത്തിയിട്ടുള്ള ഏറ്റവും ദോഷകാരികളായ നൂറ് അധിനിവേശയിനങ്ങളില്‍ രണ്ടാംസ്ഥാനമാണ് ആഫ്രിക്കന്‍ ഭീമന്‍ ഒച്ചിന്.

കിഴക്കന്‍ ആഫ്രിക്കന്‍ സ്വദേശിയായ ഈ ജീവിക്ക് ചില ഔഷധഗുണങ്ങളുള്ളതായി കണ്ടിട്ടുണ്ട്. ഒരു പ്രോട്ടീന്‍ ഉറവിടവുമാണിത്. ആ നിലയ്ക്ക് ഗവേഷണലക്ഷ്യങ്ങള്‍ക്കായി ലോകത്ത് പലഭാഗത്തും ഈ ജിവിയെ എത്തിക്കുകയായിരുന്നു. കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ യാദൃശ്ചികമായും ഇവ പലയിടത്തും എത്തി. അധിനിവേശം നടന്നിടത്തുനിന്ന് ആസൂത്രിതമായ നടപടികള്‍ വഴി ഈ ജീവിയെ ഒഴിവാക്കിയ സംഭവങ്ങള്‍ ഉണ്ട്. വടക്കേയമേരിക്കയിലെ ടെക്‌സാസ്, ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് എന്നിവ കൃത്യമായ നടപടികള്‍ വഴി ഒച്ചുഭീഷണി ഇല്ലാതാക്കിയ പ്രദേശങ്ങളാണ്.

5. ടൈഗര്‍ കൊതുക് (Asian Tiger Mosquito - Aedes albopictus)
ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈല്‍ വൈറസ്, ഡങ്കിപ്പനി തുടങ്ങി ഒട്ടേറെ മാരകരോഗങ്ങള്‍ക്ക് കാരണമായ വൈറസുകള്‍ പരത്തുന്ന ടൈഗര്‍ കൊതുക് മനുഷ്യര്‍ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന അധിനിവേശ ജീവിവര്‍ഗമാണ്. കേരളവും ഈ കൊതുക് പരത്തുന്ന രോഗങ്ങളുടെ ഭീഷണിയിലാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വദേശിയായ ഈ കൊതുക്, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. 1967-ലാണ് ടൈഗര്‍ കൊതുകുകള്‍ ഏഷ്യയില്‍ തന്നെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ ആഗോളതാപനം മൂലം കൂടുതല്‍ രാജ്യങ്ങള്‍ ടൈഗര്‍ കൊതുകുകള്‍ക്ക് പെരുകാന്‍ അനുയോജ്യമായ മേഖലകളായി മാറി.

6. മണ്ഡരി (Coconut Mite - Aceria guerreronis)
കേരളംപോലെ നാളികേര കൃഷിക്ക് പ്രധാന്യമുള്ള നാടിന്റെ നട്ടെല്ലൊടിക്കാന്‍ പോന്ന ഒന്നാണ് മണ്ഡരിബാധ. മണ്ഡരിയെന്ന കീടം കേരളത്തെ സംബന്ധിച്ചിടത്തോളം ഉറക്കം കെടുത്തുന്ന ഒരു അധിനിവേശ ജീവിയാണ്. മെക്‌സിക്കന്‍ സ്വദേശിയെന്ന് കരുതുന്ന ഈ കീടം, ഇന്ന് ഉഷ്ണമേഖലാപ്രദേശങ്ങളിലാകെ കര്‍ഷകരുടെ പേടിസ്വപ്‌നമാണ്. കൊപ്രയില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് മണ്ഡരിബാധ മൂലം ഉണ്ടാകുന്നു എന്നാണ് കണക്ക്.

7. കോണ്‍ഗ്രസ്സ് പച്ച അഥവാ പാര്‍ത്തീനിയം (Congress grssa - Parthenium hysterophorus)

മധ്യഅമേരിക്കന്‍ സ്വദേശിയായ ഈ കള 1950-കളില്‍ അമേരിക്കയില്‍നിന്നുള്ള ഗോതമ്പ് ഇറക്കുമതിയുടെ ഭാഗമായാണ് നമ്മുടെ നാട്ടില്‍ എത്തിയത്. ഓസ്‌ട്രേലിയ, ഇന്ത്യ, തയ്‌വാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ കള വലിയൊരു പരിസ്ഥിതി-ആരോഗ്യ ഭീഷണിയായി മാറിയിട്ടുണ്ട്. കൃഷിക്ക് വന്‍ഭീഷണി സൃഷ്ടിക്കുന്ന ഇത്, മനുഷ്യരില്‍ അലര്‍ജിക്കും കാരണമാകാറുണ്ട്. കോണ്‍ഗ്രസ്സ് പച്ച തിന്നുന്ന മാടുകളുടെ മാംസം മലിനമാകാറുണ്ട്. വളരെ വേഗം വളര്‍ന്ന് പടരാനുള്ള കഴിവാണ് ഈ സസ്യം ഭീഷണിയാകാന്‍ കാരണം. ശരാശരി കോണ്‍ഗ്രസ്സ് പച്ച 15,000 മുതല്‍ ഒരുലക്ഷം വരെ വിത്തുകള്‍ ഉത്പാദിപ്പിക്കുന്നു. സസ്യത്തിന് വേഗം മറ്റിടങ്ങളിലേക്ക് പടരാന്‍ ഇത് അനുകൂല അവസരമൊരുക്കുന്നു.

8. കമ്മ്യൂണിസ്റ്റ് പച്ച (Siam Weed - Chromolaena odorata)


മറ്റ് സസ്യയിനങ്ങള്‍ക്ക് ഇടം നല്‍കാതെ കൂട്ടത്തോടെ വളര്‍ന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കേരളത്തില്‍ ഒരു അധിനിവേശ സസ്യയിനമാണ്. തെക്കേയമേരിക്കയും മധ്യയമേരിക്കയും സ്വദേശമായ ഈ സസ്യം, ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു. പ്ലാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകള്‍ക്കും ജൈവവൈവിധ്യത്തിനും ഈ അധിനിവേശ സസ്യയിനം ഭീഷണിയാണ്.

9. ആഫിക്കന്‍ മുഷു (African Catfish-Clarias gariepinus)
കേരളം ഉള്‍പ്പടെ ഒട്ടേറെ മേഖലകളില്‍ ശുദ്ധജല മത്സ്യയിനങ്ങള്‍ക്ക് ഭീഷണിയായി മാറുന്ന മറ്റൊരു അധിനിവേശയിനമാണ് ആഫ്രിക്കന്‍ മുഷു. കൃത്രിമ മത്സ്യകൃഷിക്ക് വേണ്ടി ലോകം മുഴുവന്‍ എത്തിയ ഈ മത്സ്യം, അധിനിവേശ മത്സ്യം എന്ന നിലയ്ക്ക് ഇപ്പോള്‍ പലയിടത്തും വന്‍പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.


10. പാണ്ടി തൊട്ടാവാടി (Giant False Sensitive Plant - Mimosa dipltoricha)

കേരളത്തിലും ഭീഷണി സൃഷ്ടിക്കുന്ന മറ്റൊരു അധിനിവേശ സസ്യമാണിത്. വളരെ വേഗം വളര്‍ന്ന് പെരുകി മറ്റ് സസ്യങ്ങള്‍ക്ക് വളരാന്‍ കഴിയാത്ത സാഹചര്യമൊരുക്കുന്ന കളയാണ് പാണ്ടിത്തൊട്ടാവാടി. രണ്ട് മീറ്ററോളം പൊക്കത്തില്‍ വളരുന്ന ഈ സസ്യം ബ്രസീല്‍ സ്വദേശിയാണ്. വളര്‍ന്ന് തുടങ്ങുമ്പോഴേ നശിപ്പിക്കുകയാണ് ഇതിന്റെ വ്യാപനം നിയന്ത്രിക്കാന്‍ വേണ്ടത്. നാഷണല്‍ പാര്‍ക്കുകളിലും വന്യജീവിസങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളര്‍ന്ന് പരക്കുന്ന ഈ കള, പ്രാദേശിക സസ്യയിനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.


11. ധൃതരാഷ്ട്ര പച്ച (Mile a minute - Mikania macrantha)
ചെക്ക് സസ്യശാസ്ത്രജ്ഞന്‍ ജോഹാന്‍ ക്രിസ്റ്റിയന്‍ മില്‍ക്കാന്റെ പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത്. വളക്കൂറും ഈര്‍പ്പവും ജൈവാവശിഷ്ടങ്ങളുമുള്ള മണ്ണില്‍ ഭ്രാന്തമായ രീതിയില്‍ വളര്‍ന്നുപടരുന്ന സസ്യമാണിത്. കൃഷിയിടങ്ങളിലും കാടുകളിലും വെളിമ്പ്രദേശങ്ങളിലുമൊക്കെ വേഗം വ്യാപിക്കുന്ന ഈഅധിനിവേശസസ്യം കേരളത്തിലെ ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയായിട്ടുള്ള സസ്യജാതിയാണ്. കാറ്റിലൂടെയും വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചും വിത്തുവിതരണം നടത്തുന്ന ഈ സസ്യം, പല രാജ്യങ്ങളിലും വളരെയേറെ പ്രശ്‌നകാരിയായ കളയാണ്.

തെക്കേയമേരിക്കയും മധ്യ അമേരിക്കയുമാണ് ഇതിന്റെ ജന്മദേശം. രണ്ടാംലോകമഹായുദ്ധകാലത്ത് വ്യോമതാവളങ്ങള്‍ ശത്രുദൃഷ്ടിയില്‍നിന്ന് മറച്ചു വെയ്ക്കാന്‍ സസ്യത്തെ വളര്‍ത്തിയിരുന്നു. അങ്ങനെയാണ് ഇന്ത്യയിലും ഈ കളയെത്തിയത്. ഇന്ത്യയില്‍ തേയിലകൃഷിക്ക് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്ന മൂന്ന് കളകളില്‍ ഒന്നാണ് ഇപ്പോള്‍ ധൃതരാഷ്ട്ര പച്ച.


12. കുളവാഴ (Water Hyacinth- Eichhornia crassipes)
ജലാശയങ്ങളിലും നീര്‍പ്രദേശങ്ങളിലും കാണപ്പെടുന്ന ഏറ്റവും പ്രശ്‌നകാരിയായ അധിനിവേശ സസ്യങ്ങളിലൊന്നാണ് കുളവാഴ. വേഗം വളര്‍ന്ന് വ്യാപിക്കുന്ന ഈ കള, മനോഹരമായി പുഷ്പിക്കുന്ന സസ്യമാണ്. അതിനാല്‍, കുളങ്ങളിലും മറ്റും അലങ്കാരസസ്യമായി വളര്‍ത്താന്‍ മനുഷ്യന്‍ തന്നെ മിക്കയിടത്തും എത്തിച്ചതാണ് ഈ സസ്യത്തെ. വെറും 12 ദിനംകൊണ്ട് രണ്ടുമടങ്ങ് പ്രദേശത്ത് വ്യാപിക്കാന്‍ ശേഷിയുള്ള കുളവാഴ, നീരൊഴുക്ക് തടയുകയും ബോട്ട് സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്യാറുണ്ട്. ഈ നീര്‍കള വളരുന്ന സ്ഥലത്ത് നീന്തലും മത്സ്യബന്ധനവും അസാധ്യമാകുന്നു. വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാല്‍, വെള്ളത്തിനടിയിലുള്ള ജീവജാലങ്ങള്‍ക്ക് കുളവാഴ ഭീഷണിയാകുന്നു. തെക്കേയമേരിക്കയിലെ ആമസോണ്‍ പ്രദേശമാണ് കുളവാഴയുടെ സ്വദേശം. അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളില്‍ ഈ കള ഇപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കുന്നു.

13. ഗാംബൂസിയ (Mosquito Fish-Gambusia affinis)


അമേരിക്കന്‍ ഐക്യനാടുകളുടെ തെക്കന്‍ പ്രദേശത്തും മെക്‌സിക്കോയിലും കാണപ്പെട്ടിരുന്ന ഈ മത്സ്യത്തെ, കഴിഞ്ഞ നൂറ്റാണ്ടില്‍ കൊതുക് നശീകരണത്തിനായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിച്ചതാണ്. അധിനിവേശ ഇനമായി ഇത് നാടന്‍ മത്സ്യങ്ങള്‍ക്കും ജലജീവികള്‍ക്കും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കൊതുകുകളുടെ മുട്ട മാത്രമല്ല, നാടന്‍ മത്സ്യയിനങ്ങളുടെയും മുട്ട തിന്നു നശിപ്പിക്കുന്ന ഗാംബൂസിയ മത്സ്യം, ലോകമെമ്പാടും ഒട്ടേറെ മത്സ്യയിനങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളിയുയര്‍ത്തിക്കഴിഞ്ഞു.  കേരളത്തിലും ഈ മത്സ്യം ഭീഷണിയാണ്. ഒരിക്കല്‍ ഒരിടത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെ നിന്ന് ഇതിനെ ഒഴിവാക്കുക അസാധ്യമാണ്. അതിനാല്‍, പുതിയ ഇടങ്ങളില്‍ ഈ മത്സ്യത്തെ എത്തിക്കാതെ തടയുകയാണ് ഉചിതം.

14. അരിപ്പൂ/കൊങ്ങിണി (Spanish Flag-Lantana camara)


തെക്കേയമേരിക്കന്‍ സ്വദേശിയായ ഈ സസ്യയിനം കേരളം ഉള്‍പ്പടെ ലോകത്തിന്റെ വിവിധ മേഖലകളില്‍ കളയായി പടര്‍ന്നിട്ടുള്ള അധിനിവേശയിനമാണ്. കൊങ്ങിണിച്ചെടിയുടെ 650 വ്യത്യസ്ത ഇനങ്ങള്‍ അറുപതോളം രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒറ്റയ്ക്കും കൂട്ടമായും വളര്‍ന്നു പരക്കുന്ന ഇവ, പ്രാദേശിക ജൈവവൈവിധ്യത്തിനും കൃഷിക്കും ഭീഷണിയാണ്.

(കടപ്പാട്: സുവേളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഗ്ലോബല്‍ ഇന്‍വേസീവ് സ്പീഷിസ് ഡേറ്റാബേസ്, യു.എന്‍, വേള്‍ഡ് വാച്ച് ഇന്‍സ്റ്റിട്ട്യൂട്ട്)