Saturday, June 14, 2008

മാലിന്യനിര്‍മാര്‍ജനം, 'കേരളസ്റ്റൈല്‍'-4

സംസ്‌ക്കരണം മഹാച്ഛര്യം, നമുക്കും കിട്ടണം പ്ലാന്റ്‌ പ്ലാന്റ്‌ സ്ഥാപിച്ച്‌ മാലിന്യം സംസ്‌ക്കരിക്കാമെന്നാണ്‌ പലരുടെയും ധാരണ. മാലിന്യസംസ്‌ക്കരണത്തില്‍ പ്ലാന്റ്‌ എന്നുദ്ദേശിക്കുന്ന യന്ത്രത്തിന്റെ റോള്‍, വെറുമൊരു അരിപ്പയുടേത്‌ മാത്രമാണെന്ന്‌ അറിയുക. യഥാര്‍ഥ സംസ്‌ക്കരണം നടത്തേണ്ടത്‌ ചിലയിനം ബാക്ടീരിയകളുടെയും ഫംഗസുകളുടെയും ജോലിയാണ്‌. അത്‌ കുറഞ്ഞത്‌ അഞ്ചാഴ്‌ച നീളുന്ന പ്രക്രിയയാണ്‌.

കൊച്ചി നഗരസഭ ബ്രഹ്മപുരത്ത്‌ സ്ഥാപിച്ച മാലിന്യസംസ്‌ക്കരണപ്ലാന്റിന്റെ ട്രയല്‍ റണ്‍ നന്നത്‌ 2008 മെയ്‌ 16-നാണ്‌. അതിന്റെ പിറ്റേന്നത്തെ പത്രങ്ങളിലെല്ലാം അതുസംബന്ധിച്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. കാലങ്ങളായി മാലിന്യത്തിന്റെ ശാപം പേറിക്കഴിഞ്ഞിരുന്ന കൊച്ചി നഗരം ശുചിത്വത്തിന്റെ പുതുയുഗത്തിലേക്ക്‌ കടന്നത്‌ വിളംബരം ചെയ്‌തുകൊണ്ടുള്ളതായിരുന്നു റിപ്പോര്‍ട്ടുകളെല്ലാം. 'ദ ഹിന്ദു'വില്‍ വന്ന റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: 'മണിക്കൂറില്‍ 25 ടണ്‍ മാലിന്യം വേര്‍തിരിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്‌. നൂറ്‌ മില്ലീമീറ്ററില്‍ താഴെ കനമുള്ളവ കമ്പോസ്‌റ്റ്‌ നിര്‍മിക്കാനും അതിന്‌ മുകളിലുള്ളവ ലാന്‍ഡ്‌ഫില്ലിനും പോകും'. ഇതാണോ അപ്പോള്‍ സംസ്‌ക്കരണം. പ്ലാന്റ്‌ സ്ഥാപിച്ച്‌ മാലിന്യം സംസ്‌ക്കരിക്കാമെന്നാണ്‌ പലരുടെയും ധാരണ. ഇവിടെ നോക്കുക, മാലിന്യത്തെ വലുതും ചെറുതുമായ കഷണങ്ങളായി വേര്‍തിരിക്കല്‍ മാത്രമാണ്‌ പ്ലാന്റില്‍ നടക്കുന്നത്‌.

മാലിന്യസംസ്‌ക്കരണത്തെപ്പറ്റി ആദ്യം മനസിലാക്കേണ്ട വസ്‌തുത അതൊരു സംസ്‌ക്കാരത്തിന്റെ ഭാഗമാണ്‌, അല്ലാതെ പ്ലാന്റ്‌ സ്ഥാപിച്ചതുകൊണ്ടു മാത്രം സാധ്യമാകുന്ന കാര്യമല്ല എന്നതാണ്‌. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ എക്‌സെല്‍ കമ്പനി സ്ഥാപിച്ച പ്ലാന്റുണ്ട്‌. കോഴിക്കോട്‌ ഞെളിയന്‍പറമ്പിലും അതേ കമ്പനിയുടെ പ്ലാന്റുണ്ട്‌. മാലിന്യസംസ്‌ക്കരണത്തില്‍ പ്ലാന്റ്‌ എന്നുദ്ദേശിക്കുന്ന യന്ത്രത്തിന്റെ റോള്‍, വെറുമൊരു അരിപ്പയുടേത്‌ മാത്രമാണ്‌. യഥാര്‍ഥ സംസ്‌ക്കരണം നടത്തേണ്ടത്‌ 'മീസോഫിലിക്‌', 'തെര്‍മോഫിലിക്‌' എന്നിങ്ങനെയുള്ള ചില ബാക്ടീരിയകളുടെയും ഫംഗസുകളുടെയും ജോലിയാണ്‌. അവയുടെ പ്രവര്‍ത്തനഫലമായി ജൈവമാലിന്യങ്ങള്‍ കംപോസ്‌റ്റായി മാറാന്‍ കുറഞ്ഞത്‌ 30-40 ദിവസമെടുക്കും. (മാലിന്യം ദ്രവിപ്പിച്ച്‌ കംപോസ്‌റ്റാക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍, ജനതികപരിഷ്‌ക്കരണം വരുത്തിയ ചിലയിനം ബാക്ടീരിയകളെ അമേരിക്കയിലും മറ്റും വികസിപ്പിച്ചിട്ടുണ്ട്‌. അത്‌ കേരളത്തില്‍ ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്‌. അത്തരം ബാക്ടീരിയ കംപോസ്‌റ്റിലൂടെ നമ്മുടെ കൃഷിയിടങ്ങളിലെത്തുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ആശങ്കപ്പെടുന്നവരുമുണ്ട്‌. പക്ഷേ, ആരോപണങ്ങളല്ലാതെ, ഇതു സംബന്ധിച്ച്‌ എന്തെങ്കിലും പഠനങ്ങളോ അന്വേഷണറിപ്പോര്‍ട്ടുകളോ ലഭ്യമല്ല.)

എന്നുവെച്ചാല്‍, യഥാര്‍ഥ മാലിന്യസംസ്‌ക്കരണം എന്നത്‌ യന്ത്രം ഉപയോഗിച്ച്‌ നടത്താവുന്നതല്ല, 40 ദിവസംകൊണ്ട്‌ കംപോസ്‌റ്റായി മാറുന്ന സുദീര്‍ഘ പ്രക്രിയയാണെന്നു സാരം. ഇതില്‍ ആദ്യ പത്തുദിവസം മാലിന്യത്തിന്‌ ദുര്‍ഗന്ധമുണ്ടാകും. അത്‌ കുറയ്‌ക്കാന്‍ മേല്‍മൂടിയുള്ള സ്ഥലത്ത്‌ സംസ്‌ക്കരണം നടത്തുക, കമ്പോസ്‌റ്റാക്കാന്‍ ചതുരത്തില്‍ മാലിന്യം ഒരേ കനത്തിലിട്ടുണ്ടാക്കുന്ന 'വിന്‍ഡ്രോ' ടാര്‍പ്പോളിന്‍കൊണ്ട്‌ മൂടുക മുതലായ രീതികള്‍ അവലംബിക്കുകയേ നിവൃത്തിയുള്ളു. വളരെ സൂക്ഷ്‌മമായും ചിട്ടയായും നടത്തിയാലേ, ദുര്‍ഗന്ധം പരമാവധി കുറച്ച്‌ ശരിയായ സംസ്‌ക്കരണം സാധ്യമാകൂ. പക്ഷേ, നമുക്ക്‌ താത്‌പര്യം ഇത്തരമൊരു ചിട്ടയായ സംവിധാനം ഉണ്ടാക്കുന്നതിലല്ല, പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിലാണ്‌. കോടികളുടെ ഏര്‍പ്പാടാണ്‌ പ്ലാന്റ്‌. അതാണ്‌ മിക്കവര്‍ക്കും താത്‌പര്യം കൂടാന്‍ കാരണം.

മാലിന്യസംസ്‌ക്കരണത്തിന്‌ അവാര്‍ഡ്‌ വരെ നേടുന്ന സ്ഥലങ്ങളില്‍ എങ്ങനെയാണ്‌ കാര്യങ്ങള്‍ നടക്കുന്നതെന്ന്‌ അന്വേഷിച്ചു നോക്കുക. എത്ര പ്രാകൃതാവസ്ഥയിലാണ്‌ കേരളം എന്നു വ്യക്തമാകും. ഉദാഹരണത്തിന്‌ കോഴിക്കോടിന്റെ കാര്യമെടുക്കാം. കേരളത്തില്‍ ട്രഞ്ചിങ്‌ഗ്രൗണ്ട്‌ സ്വന്തമായുണ്ടാക്കിയ ആദ്യ നഗരമാണ്‌ കോഴിക്കോട്‌. സ്വന്തമായി ആദ്യം മാലിന്യസംസ്‌ക്കരണപ്ലാന്റ്‌ സ്ഥാപിച്ചതും കോഴിക്കോട്‌ തന്നെ. ദിവസവും 200 ടണ്‍ മാലിന്യം നഗരത്തില്‍ ഉണ്ടാകുന്നു. നഗരത്തില്‍ മാലിന്യശേഖരണത്തിന്‌ കുടുംബശ്രീ സജീവമാണ്‌. ഏതാണ്ട്‌ 600 കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി (വീടൊന്നിന്‌ ദിവസവും ഒരു രൂപാവീതം നല്‍കണം; മാസം 30 രൂപ) മാലിന്യം ശേഖരിക്കുന്നു. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യം എത്തുന്നത്‌ നഗരസഭയുടെ ട്രഞ്ചിങ്‌ഗ്രൗണ്ടായ ഞെളിയന്‍പറമ്പിലെ സംസ്‌ക്കരണകേന്ദ്രത്തിലേക്കാണ്‌.

ഞെളിയന്‍പറമ്പിലെ 18 ഏക്കര്‍ സ്ഥലം 1938-ല്‍ നഗരസഭ സ്വന്തമായി വാങ്ങുന്നത്‌ കോഴിക്കോട്‌ നഗരത്തിലെ കക്കൂസ്‌ മാലിന്യങ്ങള്‍ കൊണ്ടുതള്ളാനാണ്‌. 1984-ല്‍ തോട്ടിപ്പണി നിര്‍ത്തലാക്കും വരെ അത്‌ തുടര്‍ന്നു. അതുകഴിഞ്ഞാണ്‌ നഗരമാലിന്യങ്ങള്‍ ഞെളിയന്‍പറമ്പില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്‌. അതങ്ങനെ കുന്നുകൂടി കിടന്ന്‌ നാറി. ഞെളിയന്‍പറമ്പിന്‌ മുന്നിലെ റോഡിലൂടെ യാത്രചെയ്‌തിട്ടുള്ളവര്‍ക്ക്‌ പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല, എന്താണ്‌ ഞെളിയന്‍പറമ്പെന്ന്‌. നാട്ടുകാര്‍ സമരവും സത്യഗ്രഹവും തുടങ്ങി; എന്തുചെയ്യണമെന്നറിയാതെ നഗരസഭയും. ഒടുവില്‍ ഡല്‍ഹിയില്‍നിന്ന്‌ ഡോ.മനോജ്‌ ദത്തയെന്ന വിദഗ്‌ധന്‍ രക്ഷകനായി എത്തി. വര്‍ഷങ്ങളായി കുന്നുകൂടിക്കിടന്ന ചപ്പുചവറുകള്‍ക്ക്‌ മുകളില്‍ മണ്ണിട്ടുനിരത്തി, കയര്‍ ജിയോടെക്‌സ്‌റ്റൈല്‍സ്‌ (കയര്‍വലകള്‍) കൊണ്ട്‌ ബന്ധവസ്ഥാക്കി, മുകളില്‍ പുല്ലും നട്ടു.

റോഡിലൂടെ പോകുമ്പോള്‍ ആ പച്ചപ്പാണ്‌ ഇപ്പോള്‍ കാണുന്നത്‌. ദുര്‍ഗന്ധവും കുറവുണ്ട്‌. റോഡില്‍നിന്ന്‌ കാണാന്‍ കഴിയാത്ത മുകള്‍ഭാഗത്ത്‌ 2000-ല്‍കമ്മീഷന്‍ ചെയ്‌ത പ്ലാന്റ്‌ പ്രവര്‍ത്തിക്കുന്നു. എല്ലാം ഭദ്രമാണെന്ന്‌ പുറത്തുനിന്നു നോക്കിയാല്‍ തോന്നും. യാഥാര്‍ഥ്യം അറിയാന്‍ ഞെളിയന്‍പറമ്പിനുള്ളില്‍ കയറി നോക്കണം. ശവത്തെ കുളിപ്പിച്ച്‌ പുതപ്പിച്ചു കിടത്തിയതു പോലെയാണ്‌ യഥാര്‍ഥ സ്ഥിതി. പ്ലാന്റ്‌ സ്ഥിതിചെയ്യുന്ന ആസ്‌ബസ്റ്റോസ്‌ മേഞ്ഞ വിശാലമായ കെട്ടിടത്തിനുള്ളിലും പുറത്തുമായി മാലിന്യം നിറഞ്ഞു കവിയുകയാണ്‌. ദുര്‍ഗന്ധം മൂലം അടുക്കാന്‍ വയ്യ. നഗരസഭയുടെ വാഹനങ്ങളില്‍ ദിവസവും 200 ടണ്‍ മാലിന്യം ആസ്‌ബസ്റ്റോസ്‌ മേല്‍ക്കൂരയ്‌ക്ക്‌ കീഴില്‍കൊണ്ട്‌ തള്ളുകയാണ്‌. എന്തോ ചില ബാക്ടീരിയകളടങ്ങിയ ഇനോക്കുലിന്‍ തളിക്കുന്നുണ്ടെന്ന്‌ പ്ലാന്റിന്റെ ചുമതല വഹിക്കുന്നവര്‍ പറയുന്നു. ഏതായാലും ആഴ്‌ചകളോളം ജൈവമാലിന്യങ്ങള്‍ കിടക്കുമ്പോള്‍ ദ്രവിക്കുമല്ലോ. അത്‌ ഒരറ്റത്തുനിന്ന്‌ ഏതാനും തൊഴിലാളികള്‍ പ്ലാന്റില്‍ അരിച്ചെടുക്കുന്നു. അരിച്ചു കിട്ടിയത്‌ കംപോസ്‌റ്റ്‌ എന്നാണ്‌ അവര്‍ പറയുന്നത്‌. ഇതാണോ മാലിന്യസംസ്‌ക്കരണം എന്ന്‌ അത്ഭുതപ്പെട്ടുപോകും.

പക്ഷേ, ആരും ആ കംപോസ്‌റ്റ്‌ വാങ്ങാന്‍ എത്തുന്നില്ല. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ നടക്കുന്ന വിന്‍ഡ്രോകംപോസ്‌റ്റിങില്‍ വിന്‍ഡ്രോ ക്രമീകരിക്കുന്നത്‌ ഒരാള്‍പൊക്കത്തില്‍ കൂടുതലാകാന്‍ പാടില്ല എന്നാണ്‌ വിദഗ്‌ധമതം. മാത്രമല്ല, ആഴ്‌ചയിലൊരിക്കല്‍ വിന്‍ഡ്രോ മറിച്ചിടുകയും വേണം. പക്ഷേ, ഞെളിയന്‍പറമ്പിലെ പ്ലാന്റില്‍ ഇതൊന്നും നടക്കുന്നില്ല. ഒരറ്റത്ത്‌ മേല്‍ക്കൂരയോളം പൊക്കത്തില്‍ മാലിന്യം കൊണ്ടിടുന്നു. മറ്റേ വശത്ത്‌ ഏതാനും തൊഴിലാളികള്‍ നിന്ന്‌ പ്ലാന്റില്‍ അരിക്കുന്നു. അരിച്ച ശേഷം ബാക്കിയുള്ള തിരസ്‌കൃതമാലിന്യങ്ങള്‍ എന്തുചെയ്യണമെന്ന്‌ ഒരു നിശ്ചയവുമില്ല. പ്ലാന്റിന്‌ ചുറ്റും അത്‌ കൂടിക്കിടന്ന്‌ അഴുകുകയാണ്‌. സാനിറ്ററി ലാന്‍ഡ്‌ഫില്ലിന്‌ സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്‌ നഗരസഭ. കേരളത്തില്‍ ആദ്യ സംസ്‌ക്കരണപ്ലാന്റ്‌ സ്ഥാപിച്ച നഗരസഭയിലെ കാര്യമാണിത്‌. പത്തുവര്‍ഷമായി നഗരമാലിന്യത്തില്‍നിന്ന്‌ വെര്‍മികംപോസ്‌റ്റ്‌ (മണ്ണിരകംപോസ്‌റ്റ്‌) ഉണ്ടാക്കി മാതൃകയായ നോര്‍ത്ത്‌ പറവൂര്‍ മുനിസിപ്പാലിറ്റിയുടെ ഉദാഹരണം കൂടി നോക്കാം. ആദ്യമേ പറയട്ടെ, മണ്ണിരകംപോസ്‌റ്റ്‌ എന്നത്‌ ചെറിയ തോതില്‍ മാത്രം നടത്താവുന്ന ഒരു ഏര്‍പ്പാടാണ്‌. കാരണം, കംപോസ്‌റ്റ്‌ കളത്തില്‍ ഉറുമ്പുകയറാന്‍ പാടില്ല, എലി വരരുത്‌, ഊഷ്‌മാവും ഈര്‍പ്പവും ഒരു നിശ്ചിത കണക്കില്‍ നിലനില്‍ക്കേണ്ടതുണ്ട്‌. ഇത്തരം വ്യവസ്ഥകളൊക്കെ പാലിച്ച്‌ വന്‍തോതില്‍ മണ്ണിരകംപോസ്‌റ്റ്‌ ഉണ്ടാക്കുക അത്ര പ്രായോഗികമല്ല. അതിനാല്‍, മാലിന്യത്തില്‍ കുറച്ചുഭാഗം മാത്രമേ ഇത്തരത്തില്‍ സംസ്‌ക്കരിക്കാന്‍ കഴിയൂ. നോര്‍ത്ത്‌ പറവൂരിലും നടക്കുന്നത്‌ വ്യത്യസ്‌തമല്ല. ദിവസവും ഏതാണ്ട്‌ ഏഴ്‌ ടണ്ണിലേറെ മാലിന്യം ഉണ്ടാകുന്ന മുനിസിപ്പാലിറ്റിയില്‍ വെറും ഒരു ടണ്‍ മാത്രമാണ്‌ വെര്‍മികംപോസ്‌റ്റ്‌ ആക്കുന്നത്‌.

മുനിസിപ്പാലിറ്റിയുടെ ട്രഞ്ചിങ്‌ഗ്രൗണ്ടിന്റെ ഒരു ഭാഗത്താണ്‌ കംപോസ്‌റ്റ്‌ നിര്‍മാണത്തിനുള്ള ആസ്‌ബസ്‌റ്റോസ്‌ ഷെഡ്‌. പ്ലാസ്റ്റിക്‌ കലര്‍ന്ന മാലിന്യം കംപോസ്‌റ്റിങിന്‌ ഉപയോഗിക്കുന്നില്ല. അതിനാല്‍, അവിടുത്തെ കംപോസ്‌റ്റില്‍ കര്‍ഷകര്‍ക്ക്‌ വിശ്വാസമുണ്ട്‌. തൃശൂരില്‍നിന്നു പോലും വാഹനങ്ങളുമായെത്തി ആളുകള്‍ കംപോസ്‌റ്റ്‌ വാങ്ങിപ്പോകുന്നു. പക്ഷേ, യഥാര്‍ഥ പ്രശ്‌നം മാലിന്യത്തില്‍ ഏഴിലൊന്നേ ഇത്തരത്തില്‍ സംസ്‌ക്കരിക്കപ്പെടുന്നുള്ളു എന്നതാണ്‌. ബാക്കി മുഴുവന്‍ ട്രഞ്ചിങ്‌ഗ്രൗണ്ടില്‍ കിടന്ന്‌ ചീയുകയാണ്‌. കാക്കയും എലിയും ഈച്ചയുമാര്‍ത്ത്‌ നാറുന്നു. മഴ പെയ്യുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകും. പുതിയൊരു സമഗ്രപദ്ധതി താമസിയാതെ യാഥാര്‍ഥ്യമാകും. അതിന്റെ പ്രോജക്ട്‌ അനുവദിച്ചു കഴിഞ്ഞു. അതോടെ പ്രശ്‌നത്തിന്‌ പരിഹാരമാകുമെന്ന ശുഭപ്രതീക്ഷയിലാണ്‌ മുനിസിപ്പല്‍ അധികൃതര്‍. മുനിസിപ്പാലിറ്റിയുടെ കമ്പോളത്തില്‍ അറവുശാലാമാലിന്യം ബയോഗ്യാസായി മാറ്റാനുള്ള പ്ലാന്റിന്റെ പണിയും പുരോഗമിക്കുകയാണ്‌. മാര്‍ക്കറ്റില്‍ അതുപയോഗിച്ച്‌ 50 ബള്‍ബുകള്‍ കത്തിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.

മാലിന്യസംസ്‌ക്കരണം ചിലര്‍ക്ക്‌ എങ്ങനെ കറവപ്പശു ആകുന്നു എന്നു മനസിലാക്കാന്‍, സംസ്‌ക്കരണത്തിന്‌ തിരുവനന്തപുരം നഗരസഭ ഏഴുവര്‍ഷം മുമ്പുണ്ടാക്കിയ കരാര്‍ പരിശോധിച്ചാല്‍ മാത്രം മതി. പോപ്‌സണ്‍ കമ്പനിയുമായിട്ടായിരുന്നു കരാര്‍. വിളപ്പില്‍ശാലയിലെ നഗരസഭയുടെ സ്ഥലത്ത്‌ പ്ലാന്റ്‌ സ്ഥാപിച്ച്‌ മാലിന്യസംസ്‌ക്കരണം പോപ്‌സണ്‍ നടത്തും. കംപോസ്‌റ്റ്‌ വിറ്റ്‌ അതിനുള്ള ചെലവ്‌ പോപ്‌സണ്‍ കണ്ടെത്തിക്കൊള്ളും. നഗരസഭ ദിവസവും 300 ടണ്‍ മാലിന്യം വീതം നല്‍കിയാല്‍ മാത്രം മതി, മറ്റൊന്നും വേണ്ട. 300 ടണ്‍ മാലിന്യം വീതം നല്‍കിയില്ലെങ്കില്‍, നഗരസഭ ദിവസവും 49,000 രൂപാവീതം പോപ്‌സണ്‌ നഷ്ടപരിഹാരം നല്‍കണം. ഇതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥ.

കംപോസ്‌റ്റ്‌ ഉദ്ദേശിച്ചതുപോലെ വില്‍ക്കാന്‍ പറ്റുന്നില്ല എന്നു കണ്ടതോടെ, മാലിന്യസംസ്‌ക്കരണത്തിന്റെ താളംതെറ്റാന്‍ തുടങ്ങി. നൂറുകണക്കിന്‌ ടണ്‍ മാലിന്യം വിളപ്പില്‍ശാലയില്‍ കിടന്ന്‌ അഴുകി. മലിനജലം കരമനയാറിനെ വിഷലിപ്‌തമാക്കി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ എങ്ങനെയെങ്കിലും തടിതപ്പിയാല്‍ മതിയെന്നായി പോപ്‌സണ്‌, പോപ്‌സണെ ഒഴിവാക്കിയാല്‍ മതിയെന്നായി നഗരസഭയ്‌ക്കും. പക്ഷേ, അപ്പോഴാണ്‌ ഇരുകൂട്ടരും തമ്മിലുണ്ടാക്കിയ കരാറിലെ മര്‍മപ്രധാനമായ ഭാഗം പോപ്‌സണ്‍ ആയുധമാക്കിയത്‌. നഗരസഭ ദിവസവും 300 ടണ്‍ മാലിന്യം തന്നുകൊള്ളാമെന്നാണ്‌ കരാര്‍. വെറും 200 ടണ്‍ മാലിന്യത്തില്‍ താഴെ മാത്രം തിരുവനന്തപുരത്തുണ്ടാകുന്ന സമയത്താണ്‌ ഈ കരാര്‍ ഉണ്ടാക്കിയതെന്നോര്‍ക്കണം. അപ്പോള്‍ ദിവസവും ബാക്കി 100 ടണ്‍ എവിടെനിന്ന്‌ കൊടുക്കുമെന്നാണ്‌ നഗരസഭ കരുതിയത്‌. കരാര്‍ ആര്‍ക്കുവേണ്ടിയാണ്‌ ഉണ്ടാക്കിയതെന്ന്‌ വ്യക്തമാണല്ലോ.

കരാറില്‍ പറഞ്ഞിരിക്കുന്ന കണക്കിന്‌ മാലിന്യം നല്‍കിയിട്ടില്ല, അതിനാല്‍ നഗരസഭ ദിവസം 49,000 രൂപാ വെച്ച്‌ 12.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്‌ പോപ്‌സണ്‍ വാദിച്ചു. ഒടുവില്‍ ഏഴുകോടി രൂപാനല്‍കി പോപ്‌സണെ ഒഴിവാക്കി. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എന്‍വിരോണ്‍മെന്റ്‌ ആന്‍ഡ്‌ ഡെവലെപ്‌മെന്റി (സി.ഇ.ഡി)നെയാണ്‌ ഇപ്പോള്‍ സംസ്‌ക്കരണത്തിന്റെ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്‌. ചെലവ്‌ മുഴുവന്‍ നഗരസഭ വഹിക്കണം എന്നാണ്‌ വ്യവസ്ഥ. മലിനജലം ശുദ്ധീകരിക്കാനുള്ള പ്ലാന്റിന്റെയും സാനിറ്ററി ലാന്‍ഡ്‌ഫില്ലിന്റെയും രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. അവ കൂടി പൂര്‍ത്തിയാക്കിയാല്‍ തിരുവനന്തപുരം നഗരസഭ മാലിന്യസംസ്‌ക്കരണത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്‌ മാതൃകയാകുമെന്നാണ്‌ സി.ഇ.ഡി. പറയുന്നത്‌.

കേരളത്തില്‍ ഒരു ടണ്‍ മാലിന്യം കൈകാര്യം ചെയ്യാന്‍ (പരിപാലനത്തിന്‌) 1200 മുതല്‍ 2400 രൂപ വരെയാണ്‌ ചെലവ്‌ വരുന്നത്‌. ടണ്ണൊന്നിന്‌ ശരാശരി 1800 രൂപ എന്നു കണക്കാക്കിയാല്‍, വര്‍ഷംതോറും 450 കോടി രൂപ. പക്ഷേ, ഈ മുടക്കുമുതലിന്‌ ചേര്‍ന്ന പ്രയോജനം ജനങ്ങള്‍ക്ക്‌ ലഭിക്കുന്നില്ലെന്നു മാത്രമല്ല, പകര്‍ച്ചവ്യാധികള്‍ പടരാന്‍ പാകത്തില്‍ കേരളം മലിനമാകുകയും ചെയ്യുന്നു. (അടുത്ത ലക്കം: പല വഴികള്‍ ഒത്തുചേരണം).

2 comments:

Joseph Antony said...

മാലിന്യം ദ്രവിപ്പിച്ച്‌ കംപോസ്‌റ്റാക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍, ജനതികപരിഷ്‌ക്കരണം വരുത്തിയ ചിലയിനം ബാക്ടീരിയകളെ അമേരിക്കയിലും മറ്റും വികസിപ്പിച്ചിട്ടുണ്ട്‌. അത്‌ കേരളത്തില്‍ ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്‌. അത്തരം ബാക്ടീരിയ കംപോസ്‌റ്റിലൂടെ നമ്മുടെ കൃഷിയിടങ്ങളിലെത്തുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന്‌ ആശങ്കപ്പെടുന്നവരുമുണ്ട്‌ മാലിന്യനിര്‍മാര്‍ജനം, 'കേരളസ്റ്റൈല്‍', നാലാംലക്കം.

അങ്കിള്‍ said...

:)