'കുള്ളന്‍ഗ്രഹ' (dwarf planet) പട്ടികയില്‍ ഒന്നാംസ്ഥാനം പ്ലൂട്ടോയ്‌ക്ക് നഷ്ടമായി. 'ഇറിസ്'(Eris) എന്ന ക്ഷുദ്രഗ്രഹമാണത്രേ പിണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ക്ഷുദ്രഗ്രഹം. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനമാണ് പ്ലൂട്ടോയ്‌ക്കു വീണ്ടും തിരിച്ചടിയായിരിക്കുന്നത്.
സൗരയൂഥത്തിന്റെ വിദൂരഭാഗത്തുള്ള കിയ്‌പ്പര്‍ ബെല്‍റ്റി (Kueper belt)ലാണ് പ്ലൂട്ടോ സ്ഥിതിചെയ്യുന്നത്. ആ മേഖലയില്‍ 2005-ല്‍ കണ്ടെത്തിയ 'ഇറിസി'ന്, പ്ലൂട്ടോയെക്കാള്‍ 27 ശതമാനം പിണ്ഡം (mass) കൂടുതലുണ്ടെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടിയിരിക്കുന്നത്. ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ സഹായത്തോടെ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (കാല്‍ടെക്)യിലെ മൈക്ക് ബ്രൗണിന്റെയും എമിലി ഷാലറുടെയും പഠനമാണ് ഇക്കാര്യം തെളിയിച്ചത്- പുതിയലക്കം 'സയന്‍സ്' മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
2003-ല്‍ ആദ്യം നിരീക്ഷിച്ച '2003യുബി313' എന്ന കിയ്‌പ്പര്‍ ബെല്‍റ്റ് വസ്‌തുവിനെ തിരിച്ചറിയുന്നത് 2005-ലാണ്. മൈക്ക് ബ്രൗണും സംഘവും തന്നെയായിരുന്നു ആ കണ്ടെലിന് പിന്നിലും. പിന്നീട് 'ഇറിസ്' എന്നു നാമകരണം ചെയ്യപ്പെട്ടു. ഗ്രീക്ക് പുരാണത്തില്‍ ഭിന്നതയുടെയും വിവാദത്തിന്റെയും ദേവതയായ ഇറിസിന്റെ പേരു നല്‍കപ്പെട്ട ആ വസ്‌തുവിന്റെ കണ്ടുപിടിത്തമാണ്, യഥാര്‍ത്ഥത്തില്‍ പ്ലൂട്ടോയുടെ ഗ്രഹപദവി തെറിപ്പിച്ചത്. ഇറിസ് തന്നെ ഇപ്പോള്‍ പ്ലൂട്ടോയെ വീണ്ടും തരംതാഴ്‌ത്താന്‍ കാരണമായിരിക്കുന്നു.
1930 ഫിബ്രവരി 18-ന് ക്ലൈഡ് ടോംബോയെന്ന അമേരിക്കന്‍ വാനനിരീക്ഷകനാണ് പ്ലൂട്ടോയെ തിരിച്ചറിഞ്ഞത്. പാതളദേവനായ പ്ലൂട്ടോയുടെ നാമത്തിലുള്ള അതിന്റെ മുക്കാല്‍ നൂറ്റാണ്ടു നിലനിന്ന ഗ്രഹപദവി, 2006 ആഗസ്‌ത് 24-ന് പ്രാഗില്‍ നടന്ന അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (IAU) സമ്മേളനം റദ്ദാക്കുകയായിരുന്നു. പുതിയതായി അംഗീകരിച്ച കുള്ളന്‍ഗ്രഹങ്ങളുടെ പട്ടികയില്‍ പ്ലൂട്ടോയെ ഉള്‍പ്പെടുത്തുകയും ചെയ്‌തു. പ്ലൂട്ടോയും ഇറിസും കൂടാതെ ക്ഷുദ്രഗ്രഹമായ 'സിറിസ്' (Ceres) ആണ് അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു കുള്ളന്‍ഗ്രഹം.
ഇറിസിന് പ്ലൂട്ടോയെക്കാള്‍ വ്യാസം കൂടുതലുണ്ടെന്ന് മുമ്പു തന്നെ മനസിലായിരുന്നു. പിണ്ഡത്തിന്റെ താരതമ്യം ഇപ്പോഴാണ് സാധ്യമാകുന്നത്. "അതനുസരിച്ച് പ്ലൂട്ടോ ഇനി ഏറ്റവും വലിയ കുള്ളന്‍ഗ്രഹമല്ല"-മൈക്ക് ബ്രൗണ്‍ അറിയിക്കുന്നു. വാര്‍ത്തുള ഭ്രമണപഥമാണ് ഇറിസിന്റേതെന്ന് അദ്ദേഹം പറയുന്നു. 560 വര്‍ഷംകൊണ്ടാണ് സൂര്യനെ ഒരു തവണ അത് വലംവെയ്‌ക്കുന്നത്. നിലവില്‍ ഭൂമിയില്‍നിന്ന് 1450 കോടി കിലോമീറ്റര്‍ അകലെയാണ് അത് സ്ഥിതിചെയ്യുന്നത്. കൊടുംതണുപ്പാണ് അതിന്റെ പ്രതലത്തില്‍; മൈനസ് 250 ഡിഗ്രി സെല്‍സിയസ്. ഇറിസിനൊരു ഉപഗ്രഹവുമുണ്ട്; 'ഡിസ്‌നോമിയ'(Dysnomia).
പ്ലൂട്ടോ 250 വര്‍ഷംകൊണ്ടാണ് സൂര്യനെ ഒരു തവണ വലംവെക്കുന്നത്. വാര്‍ത്തുള ഭ്രമണപഥം തന്നെയാണ് അതിന്റെയും. ചിലയവസരങ്ങളില്‍ നെപ്യൂണിന്റെ ഭ്രമണപഥം മുറിച്ചു കടന്ന് പ്ലൂട്ടോ ഇപ്പുറത്തെത്തും. പ്ലൂട്ടോയുടെ ഗ്രഹപദവി പോകാന്‍ ഇതും കാരണമായിരുന്നു. പ്ലൂട്ടോയ്‌ക്ക് മൂന്ന് ഉപഗ്രഹങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്; കെയ്‌റണ്‍, നിക്‌സ്, ഹൈഡ്ര . സൗരയൂഥത്തില്‍ കുറഞ്ഞത് 50 വസ്‌തുക്കളെങ്കിലും കുള്ളന്‍ഗ്രഹ പദവിക്ക് യോഗ്യതയുള്ളതായി ഉണ്ടെന്ന് മൈക്ക് ബ്രൗണ്‍ പറഞ്ഞു.(അവലംബം: സയന്‍സ് ഗവേഷണവാരിക)
3 comments:
പ്ലൂട്ടോയ്‌ക്കു വീണ്ടും സ്ഥാനനഷ്ടം. ഗ്രഹപദി പോയതിന് പിന്നാലെ ഏറ്റവും വലിയ കുള്ളന്‍ഗ്രഹമെന്ന സ്ഥാനവും നഷ്ടമായിരിക്കുന്നു..പാവം പ്ലൂട്ടോ.
പ്ലൂട്ടോക്കിപ്പോ ശനിദശയാ :-)
അടുക്കുന്തോറും ചൂടു കൂടുകാണല്ലോ സൂര്യഭഗവാനേ:)
നടക്കട്ട് നടക്കട്ട്, ഒരിക്കലും അണയരുത് കുറിഞ്ഞി!!
Post a Comment