
കാലൊടിഞ്ഞ മൂങ്ങ-ഒപ്പമുള്ളത് ഡോ.അബ്ദുള്‍ ഗഫൂര്‍
2005 ഫിബ്രവരിയിലാണ് ഒരു പ്രകൃതിപഠനക്യാമ്പിന് തേക്കടയിലെത്തിയത്; കോഴിക്കോട് പ്രസ്ക്ലബ്ബിന് കീഴിലെ 'ഇന്‍സ്റ്റ്ട്ട്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസ'(ICJ)ത്തിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം. മൂന്നുദിവസത്തെ ക്യാമ്പ്. അതിനൊപ്പം ട്രക്കിങ്ങും ബോട്ടിങ്ങും. കുമിളിയിലെ വനശ്രീ ഓഡിറ്റോറിയത്തിലാണ് ക്ലാസുകള്‍. അതിന് തൊട്ടടുത്ത് മുളങ്കാടുകള്‍ക്കു നടുവിലെ ഡോര്‍മിട്രിയില്‍ താമസം. തേക്കടിയിലെ ഇക്കോടൂറിസം ഓഫീസര്‍ സി.എ.അബ്ദുള്‍ ബഷീര്‍ മേറ്റ്ല്ലാ പരിപാടികള്‍ക്കും തത്ക്കാലം വിടനല്‍കി ഞങ്ങള്‍ക്കൊപ്പമുണ്ട്.
വനശ്രീ ഓഡിറ്റോറിയത്തിലെ സ്റ്റേജിനു ചുവടെയുള്ള സ്ഥലത്താണ് ക്ലാസുകള്‍. ആദ്യദിവസം വൈകുന്നേരം മുഖവുര ക്ലാസ്. അതീവരുചികരമായ കഞ്ഞിയും ചമ്മന്തിയും പയറു തോരനും. രണ്ടാമത്തെ ദിവസം അതിരാവിലെ ട്രക്കിങ് നിശ്ചയിച്ചിരുന്നു. രണ്ട് ഗൈഡുകള്‍ ഞങ്ങളെ കാട്ടില്‍ കൊണ്ടുപോയി. മൂടല്‍മഞ്ഞിന്റെ പുലരിയായിരുന്നു അത്. മരങ്ങള്‍ക്കെല്ലാം മഞ്ഞിന്റെ ആത്മാവ്. ഒരുകൂട്ടം ആനകള്‍ ദര്‍ശനം നല്‍കി. അപര്‍ണ, സൂര്യഗോപന്‍ എന്നിങ്ങനെയുള്ള ഫോട്ടോഗ്രാഫര്‍മാര്‍ സൂം ചെയ്തും അല്ലാതെയും ആനകളുടെ ദൃശ്യങ്ങള്‍ ക്യാമറയിലാക്കി. ആനകള്‍ അതിനനുസരിച്ച് തിരിഞ്ഞും മറിഞ്ഞും തുമ്പിക്കൈ ഉയര്‍ത്തിയുമൊക്കെ പോസുചെയ്തു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓട്ടോഫോക്കസ് ക്യാമറയാണ് കൈയിലുള്ളതെന്നു പോലും മറന്ന് ചിലര്‍, ആകാശത്തോളം ഉയരമുള്ള വൃക്ഷത്തിന്റെ ഉച്ചിയില്‍ പ്രത്യക്ഷപ്പെട്ട മലയണ്ണാന്റെ സമീപദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു. മറ്റു ചിലര്‍ മൂക്കിലെത്തുന്ന ആനച്ചൂര് ഭീതയോടെ ജീവിതത്തിലാദ്യമായി തിരിച്ചറിഞ്ഞു.
ഒരാഴ്ചയായി നൈറ്റ്ഡ്യൂട്ടിയിലായിരുന്ന എനിക്ക്, കോഴിക്കോട് നിന്ന് തേക്കടി വരെയുള്ള യാത്രയുടെയും ഉറക്കമിളപ്പിന്റെയും ക്ഷീണം ബാക്കിയായിരുന്നു. ട്രക്കിങ് കഴിഞ്ഞു വന്ന് ഭക്ഷണം കഴിഞ്ഞുള്ള ആദ്യക്ലാസില്‍ ഞാന്‍ മുങ്ങി. രണ്ടുമണിക്കൂര്‍ ഉറങ്ങിയെണീക്കുമ്പോള്‍, രാവിലത്തെ സെഷന്റെ ഇടവേളയാണ്. ചായ കുടിക്കുന്നതിനിടെ, നിഷാദ് എന്റെയടുത്തെത്തി ചോദിച്ചു;'ആ സ്റ്റേജിലൊരു കാര്‍ബോര്‍ഡ്പെട്ടി കണ്ടില്ലേ'. ഞാന്‍ നോക്കി. ശരിയാണ്, ഒരു പെട്ടി. 'അതിലൊരു മൂങ്ങയുണ്ട്', നിഷാദ് അറിയിച്ചു. പെട്ടിക്കുള്ളില്‍ അതിന് ശ്വാസം മുട്ടില്ലേ എന്നാണ് ആദ്യം എനിക്കുണ്ടായ സംശയം. പെട്ടിയിലുള്ളത് കാലൊടിഞ്ഞ മൂങ്ങയാണെന്നും രാവിലെ ഒരാള്‍ വന്ന് അതിന് തീറ്റ കൊടുക്കുന്നതു കണ്ടെന്നുമൊക്ക പറഞ്ഞ് എന്നെ ആകര്‍ഷിക്കാന്‍ നിഷാദ് ശ്രമിച്ചെങ്കിലും, എനിക്കത്ര താത്പര്യം തോന്നിയില്ല. 'ശരി, അവര്‍ വളര്‍ത്തട്ടെ', എന്നു പറഞ്ഞ് ഞാന്‍ തടിതപ്പി. പിന്നീടാണ് ഓര്‍ത്തത് എന്നെപ്പോലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പകല്‍ ഉറങ്ങുന്ന വര്‍ഗ്ഗമാണല്ലോ മൂങ്ങകളും എന്ന്. പെട്ടിക്കുള്ളില്‍ അവന്‍ ഒടിഞ്ഞകാലുമായി ഉറക്കമായിരിക്കും!
ഉച്ചയ്ക്ക് ഊണിന്റെ വേളയില്‍ നിഷാദ് വീണ്ടും പിടികൂടി. 'മൂങ്ങയ്ക്ക് ഇറച്ചികഷണങ്ങളാണ് തിന്നാന്‍ കൊടുക്കുന്നത്' അവന്‍ പറഞ്ഞു. നിഷാദെന്താ മൂങ്ങായുടെ അംബാസഡറോ, ഞാന്‍ മനസിലോര്‍ത്തു. അതോ കഴിഞ്ഞ ജന്‍മത്തില്‍ ഇവന്‍ മൂങ്ങയായിരുന്നോ? സംശയം ബലപ്പെട്ടു. 'രാവിലെ ഒരു ഡോക്ടര്‍ വന്ന് ആ മൂങ്ങയെ സ്റ്റേജില്‍ നടത്തിച്ചു. ചികിത്സയുടെ ഭാഗമാണത്രേ'-നിഷാദ് തുടര്‍ന്നു. കൊള്ളാമല്ലോ, ഞാന്‍ മനസിലോര്‍ത്തു. മൂങ്ങകള്‍ക്കും ഫിസിയോതെറാപ്പി, കാലം പോണ പോക്കേ. 'കാലൊടിഞ്ഞ മൂങ്ങയെ ഒരാള്‍ തെരുവില്‍ നിന്നു വിലക്കു വാങ്ങി ഇവിടെ ഏല്‍പ്പിച്ചതാണത്രേ'-നിഷാദ് വിടാന്‍ ഭാവമില്ല. ക്ലാസ് തുടങ്ങാന്‍ സമയമായതുകൊണ്ട് തത്ക്കാലം അവന്‍ അവസാനിപ്പിച്ചു. നാലുമണിക്ക് ചായയ്ക്കു പിരിഞ്ഞപ്പോള്‍ നിഷാദ് വീണ്ടുമെത്തി. 'മൂങ്ങയെ കാല് തല്ലിയൊടിച്ച് ഒരാള്‍ വില്‍ക്കാന്‍ കൊണ്ടുനടന്നതാണ്. ഒരു സായ്‌വാണ് അതിനെ വാങ്ങിയേല്‍പ്പിച്ചതെന്ന് ആ ഡോക്ടര്‍ പറഞ്ഞു. ഡോക്ടറോട് ചോദിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും' ഇത്രയുമായപ്പോള്‍ എനിക്ക് മനസിലായി, ഇതിലൊരു വാര്‍ത്തയുണ്ട്, ഞാന്‍ ആ മൂങ്ങയെപ്പറ്റി എന്തെങ്കിലും എഴുതണം എന്ന് നിഷാദ് ആത്മാര്‍ത്ഥമായി കരുതുന്നു.
'ഇടയ്ക്കിടെ സായ്‌വ് വിദേശത്തു നിന്ന് വിളിച്ചുചോദിക്കുമത്രേ, മൂങ്ങയ്ക്ക് സുഖമായോ എന്ന്'നിഷാദ് പറഞ്ഞു. ശരിക്കും നടുക്കമുളവാക്കുന്നതായിരുന്നു ആ വിവരം. കാലൊടിഞ്ഞ മൂങ്ങയുടെ വിവരം
വിദേശത്തുനിന്ന് ഒരു സായ്‌വ് വിളിച്ചു ചോദിക്കുക! തകര്‍പ്പനല്ലേ. അതുവരെ നിഷാദിന് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാത്തതിന് ഞാന്‍ സ്വയം ശാസിച്ചു. പെട്ടന്ന് അനാകര്‍ഷകമായ വെറുമൊരു മൂങ്ങ എന്ന നിലയില്‍ നിന്ന് ആ സംഭവത്തിന് മോചനമായി. 'ആ ഡോക്ടറെ എങ്ങനെ ബന്ധപ്പെടാന്‍ കഴിയും'-ഞ്ഞാന്‍ ചോദിച്ചു. അക്കാര്യം നിഷാദിനും അറിയാമായിരുന്നില്ല. 'ഇക്കോടൂറിസം ഓഫീസര്‍ അബ്ദുള്‍ ബഷീര്‍ സാറിന് അറിയാമായിരിക്കും'-നിഷാദ് പറഞ്ഞു.
മൂങ്ങയെപ്പറ്റി ചോദിച്ചപ്പോള്‍ ബഷീര്‍ സാറിനും അത്ര താത്പര്യം തോന്നിയില്ല.
അതിനെ ചികിത്സിക്കുന്ന ഡോക്ടറെപ്പറ്റി പക്ഷേ, അദ്ദേഹം വാചാലനായി. വളരെ വര്‍ണാഭമായ വിവരണം തന്നെ നല്‍കി. 'ഡോ. അബ്ദുള്‍ ഗഫൂര്‍ തേക്കടി വന്യജീവിസങ്കേതത്തിലെ വൈല്‍ഡ്ലൈഫ് വെറ്റിനറി സര്‍ജനാണ്. വനത്തിലാണ് ജോലിയെങ്കിലും അയാളുടെ മനസ് കടലിലാണ്. ചോറിങ്ങും കൂറങ്ങും'ബഷീര്‍ പറഞ്ഞു. ലക്ഷദ്വീപുകാരനാണ് ഡോ.ഗഫൂര്‍. കടല്‍പക്ഷികളാണ് ഇഷ്ടഗവേഷണ വിഷയം. അറബിക്കടലില്‍ ചില ദ്വീപുകളിലെ പാറക്കൂട്ടങ്ങള്‍ക്കരികില്‍, കടല്‍പക്ഷികള്‍ മുട്ടയിടുന്നത് നിരീക്ഷിക്കാന്‍ മണിക്കൂറുകളോളം കഴുത്തറ്റം വെള്ളത്തില്‍ കിടക്കുന്നതാണ് ഡോക്ടറുടെ മുഖ്യവിനോദമത്രേ! അങ്ങനെ അദ്ദേഹവും ശരിക്കൊരു കടല്‍ജീവിയായി പരിണമിക്കുന്ന ഘട്ടത്തില്‍ ദൈവം സഹായിച്ച് ഇവിടെ പണികിട്ടിയതാണ്. അല്ലെങ്കില്‍ അടുത്ത മനുഷ്യപരിണാമം അറബിക്കടലില്‍ സംഭവിക്കുമായിരുന്നു-ബഷീര്‍ പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയും വ്യാഖ്യാനിക്കാം. ഡോക്ടറെ കാണണം, മൂങ്ങയെപ്പറ്റി അറിയാനാണ് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ രാത്രി ഇവിടെ വരാന്‍ ഏര്‍പ്പാടാക്കാം എന്ന് ബഷീര്‍ ഉറപ്പുനല്‍കി.
അങ്ങനെ (നിഷാദ് പുറകെ നടന്നിട്ടും കേള്‍ക്കാന്‍ കൂട്ടാക്കാത്ത ഞാന്‍) മൂങ്ങയുടെ നിജസ്ഥിതിയറിയാന്‍ ആ രാത്രിയില്‍ ഡോ.ഗഫൂര്‍ വരുന്നതും കാത്ത് ഉറങ്ങാതിരുന്നു. പത്തര കഴിഞ്ഞു അദ്ദേഹം എത്തുമ്പോള്‍. പൊക്കംകുറഞ്ഞ് താടിയുള്ള ഒരു യുവാവ്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അറവുമാടുകളെത്തുന്ന മുഖ്യമര്‍ഗ്ഗങ്ങളിലൊന്ന് കുമിളിയാണ്. അതുവഴി കുളമ്പുരോഗം കേരളത്തില്‍ എത്താന്‍ സാധ്യത കൂടുതലാണ്. പെരിയാര്‍ വന്യജീവിസങ്കേതത്തിലേക്ക് രോഗം പകരാതിരിക്കാന്‍ നാട്ടുകാരെ ബോധവത്ക്കരിക്കാന്‍ പോയതാണ്; അതാണ് വൈകിയതെന്ന് ഡോ.ഗഫൂര്‍ അറിയിച്ചു. ആ തണുത്ത രാത്രിയില്‍, യാത്രയുടെ ക്ഷീണത്തില്‍ എല്ലാവരും ഉറങ്ങിത്തുടങ്ങിയ സമയത്ത്, ഡോ. ഗഫൂര്‍ എന്നോട് മൂങ്ങയുടെ കഥ പങ്കുവെച്ചു. ആ കഥ 2005 മാര്‍ച്ച് 13-ന് 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ ഫീച്ചറായി പ്രത്യക്ഷപ്പെട്ടു. അത് ചുവടെ.
മൂങ്ങേ സായ്‌വ് വിളിക്കുന്നു
ഇടതുകാലൊടിഞ്ഞ ഒരു വെള്ളിമൂങ്ങയാണ് ഈ സംഭവകഥയിലെ നായകന്‍. ഉപനായകര്‍ ഗ്രീക്കുകാരായ ഒരു സായ്‌വും മദാമ്മയും; കൊച്ചിയില്‍ വിനോദ സഞ്ചാരത്തിനെത്തിയവര്‍. തേക്കടിയില്‍ വനംവകുപ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ.അബ്ദുള്‍ ഗഫൂര്‍, തേക്കടിയിലെ തന്നെ വനഗവേഷണ കേന്ദ്രത്തില്‍ വാച്ചറായ കെ. ആര്‍. ശേഖരന്‍ എന്നിവരും ഇതിലെ കഥാപാത്രങ്ങളാണ്. ഫിബ്രവരിയില്‍ കാലം തെറ്റിയെത്തിയ കൊടും ചൂടില്‍ അമര്‍ന്നു കിടക്കുന്ന കൊച്ചി തെരുവില്‍ നിന്ന് കഥയുടെ ആരംഭം.
അജ്ഞാതനായ ഒരാള്‍ വില്‍ക്കാന്‍ കൊണ്ടുനടന്ന മൂങ്ങയില്‍, ഗ്രീക്ക് സ്വദേശികളായ കരാബിനിയോസിനും ഭാര്യ അലക്സിയോസിനും തോന്നിയ സഹതാപം കലര്‍ന്ന കൗതുകം, അതിനെ 400 രൂപാ നല്‍കി വാങ്ങാന്‍ അവരെ പ്രേരിപ്പിച്ചതൊടെയാണ് തുടക്കം. മൂങ്ങയെ വാങ്ങി മോചിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കാശും വാങ്ങി കച്ചവടക്കാരന്‍ സ്ഥലം വിട്ടപ്പോഴാണ് പക്ഷേ, മൂങ്ങയുടെ ഇടതുകാല്‍ ഒടിഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. സായ്‌വും മദാമ്മയും ധര്‍മ്മസങ്കടത്തിലായി. ഒടിഞ്ഞ കാലുമായി ഈ പാവത്തെ എങ്ങനെ പറപ്പിച്ചു വിടും. വീണ്ടും ആരുടെയെങ്കിലും കൈയില്‍ പെടില്ലേ. വികലാംഗനായ ഈ മൂങ്ങയെയും കൊണ്ട് വിനോദ സഞ്ചാരികളായ തങ്ങള്‍ എന്തുചെയ്യും ?
ഒടുവില്‍ ഇരുവരും മൂങ്ങയെ മൃഗസംരക്ഷണ വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫീസിലെത്തിച്ചു. മൂങ്ങയെ ചികിത്സിച്ച് ഭേദമാക്കി വിട്ടയയ്ക്കും എന്ന കാര്യത്തില്‍ ഉറപ്പുകിട്ടണം എന്ന് സായ്‌വും മദാമ്മയും വാശിപിടിച്ചതോടെ, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി. മൃഗസംരക്ഷണ വകുപ്പിന്റെ ഓഫീസാണ്, അല്ലാതെ ഇത് പക്ഷി സംരക്ഷണ വകുപ്പോ, മൂങ്ങാ സംരക്ഷണ വകുപ്പോ അല്ലെന്ന് സായ്‌വിനെയും മദാമ്മയെയും പറഞ്ഞു മനസിലാക്കാന്‍ അവര്‍ ആഗ്രഹിച്ചിട്ടുണ്ടാകണം. തങ്ങള്‍ നാളെ വരും, അപ്പോഴേയ്ക്കും തീരുമാനമുണ്ടാകണം എന്ന് ഭീഷണി മുഴക്കി സായ്‌വും മദാമ്മയും സ്ഥലം വിട്ടു.
എന്തിനും ഒരു പരിഹാരം വേണമല്ലോ. മൃഗസംരക്ഷണ വകുപ്പിലെ ഒരാള്‍ക്ക് ഭാഗ്യവശാല്‍ തന്റെ സുഹൃത്തും തേക്കടിയില്‍ വനംവകുപ്പിലെ വെറ്റിനറി സര്‍ജനുമായ ഡോ. അബ്ദുള്‍ ഗഫൂറിനെ ഓര്‍മ്മ വന്നു. ലക്ഷദ്വീപ് സ്വദേശിയായ ഡോ.ഗഫൂറിന്റെ ഇഷ്ട വിഷയം കടല്‍ പക്ഷികളാണെങ്കിലും, ഇത്തരം കേസുകളിലും താത്പര്യമുള്ളയാളാണ് അദ്ദേഹം. താമസിച്ചില്ല, ഡോ.ഗഫൂറിന്റെ സെല്‍ഫോണില്‍ സന്ദേശമെത്തി; കാലൊടിഞ്ഞ ഒരു മൂങ്ങയെ രക്ഷിക്കണം, ഒപ്പം ഞങ്ങളേയും! അദ്ദേഹം പ്രശ്നം ഏറ്റു. പിറ്റേന്ന് മൃഗസംരക്ഷണ വകുപ്പിന്റെ ഓഫീസിലെത്തിയ സായ്‌വിനെയും മദാമ്മയെയും ഡോ. ഗഫൂറിന്റെ ഫോണ്‍ നമ്പര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.
അടുത്തദിവസം ഡോ.ഗഫൂര്‍ എറണാകുളത്തെത്തി, നഗരവാസിയായ ആ വെള്ളിമൂങ്ങയെ ഒരു കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാക്കി ബസ് മാര്‍ഗ്ഗം തേക്കടിയിലെത്തിച്ചു ചികിത്സ തുടങ്ങി. ഒടിഞ്ഞ കാലില്‍ പ്ലാസ്റ്ററിടുമ്പോള്‍ പലരും ഡോക്ടറോട് ചോദിച്ചു, "എന്തിനാ സാറേ ഇത്ര കഷ്ടപ്പെടുന്നത്, ആ കാലങ്ങു വെട്ടി വിട്ടാല്‍ പോരേ?" ലളിതമായ പരിഹാരമാര്‍ഗ്ഗം. പക്ഷേ, "തനിക്കതിന് മനസു വന്നില്ലെ"ന്ന് ഡോ. ഗഫൂര്‍ സമ്മതിക്കുന്നു. (കാലൊടിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാണ് പ്ലാസ്റ്ററിട്ടത്. അതുകൊണ്ട് മുറിവു ഭേദമാകുമോ എന്ന സംശയം ബാക്കിനില്‍ക്കുന്നു എന്നത് വേറെ കാര്യം.) ഒരു കടുവയോ പുലിയോ ആണ് കാലൊടിഞ്ഞ നിലയില്‍ കിട്ടുന്നതെങ്കില്‍ നമ്മളതിന്റെ കാല് വെട്ടുമോ എന്നാണ് ഡോ.ഗഫൂര്‍ ചോദിക്കുന്നത്. "ഇതൊരു വെറും പക്ഷിയല്ലേ, നമ്മുക്കിതിന്റെ കാല് തല്ലിയൊടിച്ച് തെരുവില്‍ വില്‍ക്കാം, വിലയ്ക്കു വാങ്ങി കൂട്ടിലടയ്ക്കാം, അല്ലെങ്കില്‍ ഒടിഞ്ഞ കാല് വെട്ടി എന്നന്നേക്കുമായി അംഗവിഹീനനാക്കി വിട്ടയയ്ക്കാം-ഇതാണ് നമ്മുടെ മനോഭാവം."
മൂങ്ങയെ തേക്കടിയിലെത്തിച്ചതിന്റെ രണ്ടാം ദിവസം വൈകുന്നേരം ഡോ.ഗഫൂറിന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. ഗ്രീസില്‍ നിന്നുള്ള വിളിയാണ്! "മൂങ്ങ എന്തു ചെയ്യുന്നു. ആരോഗ്യസ്ഥിതി എങ്ങനെ. സുഖം പ്രാപിച്ചു തുടങ്ങിയോ. എന്താണ് തിന്നാന്‍ കൊടുത്തത്. സുഖമായാല്‍ അവന്‍ പറന്നു പൊയ്ക്കൊള്ളില്ലേ?" എല്ലാ ചോദ്യങ്ങള്‍ക്കും ഡോ.ഗഫൂര്‍ ക്ഷമാപൂര്‍വ്വം മറുപടി കൊടുത്തു: "മൂങ്ങയുടെ കാലില്‍ പ്ലാസ്റ്ററിട്ടുകഴിഞ്ഞു. ദിവസവും നടത്തി പരിശീലിപ്പിക്കുന്നുണ്ട്. ഇറച്ചിയും വെള്ളവുമാണ് അവന് ഇഷ്ടം. ശേഖരന്‍ എന്നൊരാളാണ് മൂങ്ങയുടെ ലോക്കല്‍ ഗാര്‍ഡിയന്‍". ഡോക്ടറുടെ വിശദീകരണം കഴിഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്ന് മറുപടി വന്നു, "ശരി പിന്നീട് വിളിക്കാം". അങ്ങനെ, കേരളത്തില്‍ ആദ്യമായി 'ചോദിക്കാനും പറയാനും ആളുള്ള' ഒരു മൂങ്ങായുണ്ടായി!
മൂങ്ങയുടെ 'ലോക്കല്‍ ഗാര്‍ഡിയന്‍' ശേഖരനാണെന്ന് പറഞ്ഞത് അതിശയോക്തിയല്ല. മൂങ്ങകളെ മാത്രമല്ല പ്രപഞ്ചത്തിലെ സര്‍വ്വ പക്ഷികളെയും സ്നേഹിക്കുന്ന വ്യക്തിയാണ്, തേക്കടിയില്‍ 16 വര്‍ഷമായി വനംവകുപ്പിന്റെ വാച്ചറായി ജോലിനോക്കുന്ന ശേഖരന്‍. ഇപ്പോള്‍ വനഗവേഷണ വിഭാഗത്തിലുള്ള ശേഖരന്‍, 60 ഇനം പക്ഷികളെ തിരിച്ചറിയാന്‍ തനിക്ക് കഴിയുമെന്നു പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ, ഇതു മാത്രമല്ല നമ്മുടെ നായകന്റെ സംരക്ഷണ-ശുശ്രൂഷ ചുമതല ശേഖരനെ ഏല്‍പ്പിക്കാന്‍ ഡോ. ഗഫൂറിനെ പ്രേരിപ്പിച്ച ഘടകം. മൂങ്ങകള്‍ വേഗം ഇണങ്ങുന്ന വര്‍ഗ്ഗമാണ്. സ്ഥിരമായി ഒരാഴ്ച ഒരിടത്തു കഴിഞ്ഞാല്‍, പിന്നെയത് ആ പരിസരം വിട്ടു പോകില്ല. അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു നിന്നുകളയും. വീണ്ടും ആരുടെയെങ്കിലും കൈയില്‍ പെടും. കാലൊടിഞ്ഞവനാണെങ്കിലും, മൂങ്ങയെ ഒരിടത്ത് 'അഡ്മിറ്റ്' ചെയ്ത് ചികിത്സിക്കുന്നത് 'റിസ്ക്കാ'ണെന്നു സാരം! ചികിത്സ കഴിഞ്ഞ് അവനെ പറപ്പിച്ചു വിട്ടില്ലെങ്കില്‍ ഗ്രീസില്‍ നിന്ന് ആള് പറന്നു വരും, സമാധാനം ചോദിക്കാന്‍.
മൂങ്ങയുടെ ചികിത്സ തുടരണം; എന്നാല്‍, അവന്‍ ഇണങ്ങാന്‍ പാടില്ല. ശരിക്കും കുടുക്കു തന്നെ. ഈ വൈതരണി കടക്കാന്‍ ഡോ. ഗഫൂര്‍ കണ്ടെത്തിയ മരുന്നാണ് ശേഖരന്‍. മൂങ്ങയ്ക്ക് വെള്ളവും ഇറച്ചിയും സമയത്ത് കൊടുത്താല്‍ മാത്രം പോരാ, ശേഖരന്‍ എവിടെ പോകുന്നോ അവിടെയൊക്കെ മൂങ്ങയേയും കൊണ്ടു പൊയ്ക്കൊള്ളണം. ശേഖരന് ഒരു ദിവസം കുമിളിയിലെ വനശ്രീയിലാണ് ഡ്യൂട്ടിയെങ്കില്‍, രാവിലെ അവിടെയെത്തുമ്പോള്‍ കൈയില്‍ സാമാന്യം വലിയൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിയുമുണ്ടാകും; അതിനുള്ളില്‍ (നേരം വെളുത്തതിനാല്‍) മൂങ്ങ ഉറക്കം പിടിച്ചിട്ടുണ്ടാകും. വനശ്രീ ഓഡിറ്റോറിയത്തിലെ സ്റ്റേജിന്റെ മൂലയ്ക്ക് മൂങ്ങയെ പെട്ടിക്കുള്ളില്‍ ഉറങ്ങാന്‍ വിട്ട് ശേഖരന്‍ തന്റെ തിരക്കുകളില്‍ മുഴുകും. ഇടയ്ക്ക് ഡോ.ഗഫൂറെത്തിയാല്‍, മൂങ്ങയെ എഴുന്നേല്‍പ്പിച്ച് കുറച്ചു നേരം നടത്തി പരിശീലിപ്പിക്കും.
പിറ്റേന്ന് ശേഖരന് തേക്കടിയിലെ രാജീവ് ഗാന്ധി മ്യൂസിയത്തിലാകും ഡ്യൂട്ടി; അവിടെ സ്ഥാപിക്കുന്ന ആനയുടെ അസ്ഥികൂടം കൂട്ടിയോജിപ്പിക്കുന്ന പണി. അവിടെയെത്തുമ്പോഴും ശേഖരനൊപ്പം മൂങ്ങായുമുണ്ടാകും. വൈകുന്നേരം മടങ്ങുമ്പോള്‍ ശേഖരന്‍ 'മൂങ്ങാപ്പെട്ടി ' കൈയിലെടുക്കും. ആ സമയത്ത് ഡോ.ഗഫൂര്‍ ഒട്ടൊരു ഉത്ക്കണ്ഠയോടെ ഗ്രീസില്‍ നിന്നുള്ള ഫോണ്‍ കോളിന് മറുപടി പറയാന്‍ തയ്യാറെടുക്കുകയായിരിക്കും.
'ടിറ്റോ ആല്‍ബ' (Tito alba) എന്നാണ് വെള്ളിമൂങ്ങയുടെ ശാസ്ത്രീയ നാമം. 'ബാണ്‍ ഓള്‍' (Barn Owl) എന്ന് ഇംഗ്ലീഷില്‍ വിളിക്കുന്ന ഈ പക്ഷിയെ ചികിത്സിച്ചു ഭേദമാക്കിയതു കൊണ്ട് ആര്‍ക്കാണ് പ്രയോജനം എന്നു ചോദിച്ചാല്‍, "നമുക്കു തന്നെ" എന്നാവും ഡോ.ഗഫൂര്‍ നല്‍കുന്ന മറുപടി. വെറുതെ പറയുകയല്ല, അതിന് കാരണമുണ്ട്. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും കാണപ്പെടുന്ന, പത്തായ പക്ഷി, കളപ്പുര കൂമന്‍ എന്നൊക്കെ പേരുള്ള, വെള്ളിമൂങ്ങകള്‍ എലികളെ പിടിക്കുന്നതില്‍ അങ്ങേയറ്റം വൈദഗ്ധ്യം ഉള്ളവരാണ്. ഒരു വെള്ളിമൂങ്ങ ഒരു വര്‍ഷം 1300 എലികളെ പിടിക്കുമെന്നാണ് ഏകദേശ കണക്ക്. ഒരു എലി പ്രതിവര്‍ഷം 15000 കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കും എന്ന കണക്കുകൂടി ചേര്‍ത്തു വായിച്ചാലേ, മൂങ്ങകള്‍ എത്രവലിയ സേവനമാണ് നമുക്കു ചെയ്യുന്നതെന്ന് വ്യക്തമാകൂ. എത്രവലിയ എലിയായാലും മൂങ്ങയുടെ കൈയില്‍ നിന്ന് രക്ഷപ്പെടാനാകില്ല. അതുകൊണ്ടാണ്, ഇന്ദുചൂഢന്‍ 'കേരളത്തിലെ പക്ഷികള്‍' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍, എലികളുടെ ശത്രു പൂച്ചകളാണെന്ന പഴങ്കഥ തിരുത്തി, പൂച്ചകളുടെ സ്ഥാനം മൂങ്ങക്കും ചേരയ്ക്കും നല്‍കണമെന്ന് എഴുതി വെച്ചത്.
പകല്‍ കണ്ണു കാണാത്ത വെള്ളിമൂങ്ങകള്‍ രാത്രിയാണ് വേട്ടയ്ക്കിറങ്ങുക. "സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്ത്, ഈ പക്ഷികളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കാന്‍ ഒരു പദ്ധതി നടപ്പാക്കണം" എന്ന് ഡോ.ഗഫൂര്‍ പറയുന്നു. "എലികളെ നശിപ്പിക്കാന്‍ ഇതിലും നല്ല ഒരു ജൈവ നിയന്ത്രണമാര്‍ഗ്ഗം കാണില്ല." എന്നാല്‍ നമ്മളെന്താണ് ചെയ്യുന്നത്. മൂങ്ങകളുടെ കാല് തല്ലിയൊടിച്ച് കൂട്ടിലിട്ടു വളര്‍ത്തുന്നു. ഭൂമിയുടെ ഏതോ വിദൂരകോണില്‍ നിന്ന് നാടുകാണാനെത്തിയ ആ ദമ്പതിമാര്‍ക്കു തോന്നിയ അനുകമ്പ നമ്മുടെ മനസില്‍ എന്നാണ് ഉടലെടുക്കുക.
പിന്‍കുറിപ്പ്:-
ഫീച്ചറിലെ നായകനായ മൂങ്ങയുടെ കാലിന് കുറച്ചു വൈകല്യമുണ്ടായിരുന്നെങ്കിലും മുറിവുണങ്ങിയപ്പോള്‍ അതിനെ ശേഖരന്‍ കാട്ടിലേക്ക് തുറന്നു വിട്ടു. ഫീച്ചര്‍ പ്രസിദ്ധീകരിച്ച സമയത്ത് ഡോ.ഗഫൂര്‍ സ്ഥലത്തുണ്ടായിരുന്നില്ല, യാത്രയിലായിരുന്നു. ഒരു മാസം കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍, കാലൊടിഞ്ഞ മൂന്ന് മൂങ്ങകളും പരിക്കുപറ്റിയ ഒരു വേഴാമ്പലും അദ്ദേഹത്തെ കാത്ത് തേക്കടിയില്‍ ഉണ്ടായിരുന്നു. ഫീച്ചര്‍ വായിച്ചവര്‍ എത്തിച്ചതാണ് രോഗികളെ. പരിക്കുപറ്റിയ ഇത്തരം ജീവികള്‍ക്കു വേണ്ടി ഒരു സാനിറ്റോറിയം തുടങ്ങിയാലോ എന്ന ആലോചനയിലാണ് താനെന്ന് ഡോ.ഗഫൂര്‍ പിന്നീടൊരിക്കല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. അദ്ദേഹത്തിനത് കഴിയും എന്നാണെന്റെ വിശ്വാസം.
9 comments:
വാര്‍ത്തകളെക്കാള്‍ ഉദ്വേഗജനകമാണ് മിക്കപ്പോഴും അതിനു പിന്നിലുള്ള കഥകള്‍. പക്ഷേ, അതു പലപ്പോഴും ആരും അറിയാതെ പോകുന്നു. ഒരു മൂങ്ങ എങ്ങനെ വാര്‍ത്തയായി എന്നതാണ് ഈ പോസ്റ്റില്‍
ജെറാള്‍ഡ് ഡറലിന്റെ ഒരു കുറിപ്പു വായിക്കുമ്പോലെ.
നന്ദി.
മാഷിന്റെ പതിവു വായനക്കാരനായിരിക്കുന്നു ഞാനും.
വളരെ ഒഴുക്കുള്ള വിവരണം. ഒട്ടും മുഷിവ് തോന്നിയില്ല.
പരീക്ഷണം
ഒരു ശരിയായ പത്രപ്രവര്‍ത്തകന്റെ എഴുത്ത് .മനോഹരമായിരിക്കുന്നു.നമ്മുടെ ബെര്‍ളി ഇത് കാണുന്നുണ്ടോ ആവോ?.
"അങ്ങനെ, കേരളത്തില്‍ ആദ്യമായി 'ചോദിക്കാനും പറയാനും ആളുള്ള' ഒരു മൂങ്ങായുണ്ടായി!" മനോഹരം, ശരിയ്ക്കും ടച്ചിംഗ്...
മാഷിന്റെ ഓരോ ലേഖനങ്ങളും ഒന്നിനൊന്നു മെച്ചപ്പെടുന്നു.
മൂങ്ങ,പേടിപ്പിക്കുന്ന ഒരു പക്ഷി ആയിരുന്നു എനിക്ക്..എന്നാല്‍ ഇപ്പോള്‍ മൂങ്ങയെയും സ്നേഹിക്കാന്‍ തോന്നുന്നു എനിക്ക്..
നല്ല രസകരമായ വിവരണം,ക്യാമ്പില്‍ പങ്കെടുത്ത് എല്ലാം നേരില്‍ കണ്ട ഒരു പ്രതിതി.ഡോക്റ്റര്‍ ഗഫൂറും ശേഖരേട്ടനും സായിപ്പും മദാമ്മയും മൂങ്ങയും സുലമായിരിക്കട്ടെ !
Post a Comment