Friday, June 13, 2008

മാലിന്യനിര്‍മാര്‍ജനം, 'കേരളസ്റ്റൈല്‍'-3

കണ്ടറിയാത്തവര്‍ കൊണ്ടറിയുന്ന കാലം മലിനീകരണം ഒരു പരിധിവിടുമ്പോള്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെടും. പകര്‍ച്ചവ്യാധികള്‍ കേരളത്തെ തുറിച്ചുനോക്കുന്നുവെന്നാല്‍ അതിനര്‍ഥം, പരിസരമലിനീകരണം ഇവിടെ പരിധിവിട്ടിരിക്കുന്നു എന്നാണ്‌. ആയിക്കണക്കിന്‌ ടണ്‍ മാലിന്യം ദിവസവും ഉണ്ടാവുകയും അത്‌ സംസ്‌ക്കരിക്കാന്‍ ഒരു സംവിധാനവുമില്ലാതിരിക്കുകയും ചെയ്യുന്നിടത്ത്‌ അത്‌ സ്വാഭാവികം മാത്രം.

ചിക്കുന്‍ഗുനിയ ബാധിച്ച 1200 പേരെ ഉള്‍പ്പെടുത്തി ആലപ്പുഴ മെഡിക്കല്‍കോളേജില്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ഒരു പഠനം നടക്കുന്നുണ്ട്‌. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗവും വൈറോജളി ഇന്‍സ്‌റ്റിട്ട്യൂട്ടും ചേര്‍ന്ന്‌ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നടത്തുന്ന പഠനത്തില്‍, ചിക്കുന്‍ഗുനിയ ബാധിച്ചവരുടെ തുടര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ്‌ മുഖ്യപരിഗണന. പഠനവിധേയരായ രോഗികളില്‍ 95 ശതമാനവും കൊതുകുതിരികള്‍പോലുള്ള ഏതെങ്കിലും കൃത്രിമമാര്‍ഗം സ്ഥിരമായി അവലംബിച്ചിരുന്നവരാണ്‌. എന്നിട്ടും അവര്‍ക്ക്‌ ചിക്കുന്‍ഗുനിയ ബാധിച്ചു. എന്താണ്‌ ഇതിനര്‍ഥം? `കൊതുകിനെയകറ്റാനുള്ള കൃത്രിമമാര്‍ഗങ്ങളെക്കാള്‍ പ്രധാനം പരിസരശുചിത്വമാണ്‌ എന്നാണിത്‌ വ്യക്തമാക്കുന്നത്‌'-പഠനത്തിന്‌ നേതൃത്വം നല്‍കുന്ന ഡോ.ബി.പത്മകുമാര്‍ പറയുന്നു.

ഒരു പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടാന്‍ മുഖ്യമായും മൂന്ന്‌ ഘടകങ്ങള്‍ വേണമെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. വൈറസോ ബാക്ടീരിയയോ പോലുള്ള ഒരു ഏജന്റ്‌, കൊതുക്‌, ഈച്ച, എലി, മനുഷ്യന്‍ തുടങ്ങി അത്‌ പടര്‍ത്താന്‍ സഹായിക്കുന്ന ഇടനിലക്കാരന്‍, മൂന്നാമതായി പരിസ്ഥിതി മലിനീകരണം. മലിനീകരണം ഒരു പരിധിവിടുമ്പോള്‍ പകര്‍ച്ചവ്യാധി പ്രത്യക്ഷപ്പെടും. പകര്‍ച്ചവ്യാധികള്‍ കേരളത്തെ തുറിച്ചുനോക്കുന്നുവെന്നാല്‍ അതിനര്‍ഥം, പരിസരമലിനീകരണം ഇവിടെ പരിധിവിട്ടിരിക്കുന്നു എന്നാണ്‌. ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി എന്നിങ്ങനെ, പാലക്കാട്‌ ജില്ലയില്‍ അടുത്തയിടെ പ്രത്യക്ഷപ്പെട്ട ഗ്വില്ലിയന്‍ ബാരി സിന്‍ഡ്രോം(ജി.ബി.സിന്‍ഡ്രോം) വരെ കേരളീയരുടെ ഉറക്കം കെടുത്തുകയാണ്‌. ജി.ബി.സിന്‍ഡ്രോം പകര്‍ച്ചവ്യാധിയുടെ സ്വഭാവമുള്ള രോഗമല്ലെങ്കിലും, ലക്ഷത്തിലൊരാളെ മാത്രം ബാധിക്കുന്ന ഈ രോഗം പാലക്കാട്ട്‌ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒരു ഡസനോളം പേരെ ബാധിക്കാനിടയായത്‌ ജലമലിനീകരണത്തിന്റെ ഫലമായാണെന്ന്‌ സംശയമുണര്‍ന്നിരിക്കുന്നു.

കേരളത്തില്‍ ഏറ്റവുമൊടുവിലെത്തിയിരിക്കുന്ന പകര്‍ച്ചവ്യാധി ടൈഫസ്‌ പനിയാണ്‌. കോതമംഗലംകാരനായ ഒരാളില്‍ ഈ രോഗം സ്ഥിരീകരിച്ച കാര്യം ജൂണ്‍ 12-ന്റെ 'മലയാള മനോരമ'യാണ്‌ റിപ്പോര്‍ട്ടു ചെയ്‌തത്‌. കേരളത്തില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത ഈ രോഗം, ചെറുപ്രാണികളാണ്‌ പരത്തുന്നത്‌. പരിസരമലിനീകരണം തന്നെയാണ്‌ രോഗം പടരാന്‍ മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്‌. മാലിന്യത്തില്‍ പെരുകുന്ന ഈച്ചകള്‍ വഴിയും മലിനജലത്തില്‍കൂടിയുമാണ്‌ ടൈഫോഡിഡ്‌ പടരുന്നത്‌. മിക്ക വികസിതരാഷ്ട്രങ്ങളിലും ശുചിത്വത്തിന്റെ അളവുകോലായി ഈ രോഗത്തിന്റെ തോത്‌ കുറയുന്നത്‌ പരിഗണിക്കപ്പെടുന്നു. എന്നാല്‍, `കേരളത്തിലെ മെഡിക്കല്‍കോളേജ്‌ ആസ്‌പത്രികളില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഈ രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ്‌ കണ്ടിട്ടില്ല'-ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസറായ ഡോ.പത്മകുമാര്‍ പറയുന്നു. മാലിന്യസംസ്‌ക്കരണത്തിന്‌ കാര്യമായ സംവിധാനങ്ങളൊന്നുമില്ലാത്ത ഒരു നാട്ടില്‍ ടൈഫോയിഡ്‌ ബാധിതരുടെ സംഖ്യ കുറയാത്തതില്‍ അത്ഭുതമില്ല.

മാലിന്യസംസ്‌ക്കരണം കൃത്യമായി നടന്നില്ലെങ്കില്‍, അത്‌ വന്‍പ്രശ്‌നത്തിനിടയാക്കുന്ന തരത്തിലുള്ളതാണ്‌ നമ്മുടെ കാലാവസ്ഥയും ഭൂപ്രകൃതിയും. `വര്‍ഷത്തില്‍ 160 മഴദിനങ്ങളെ നമുക്ക്‌ നേരിടാനുണ്ട്‌'-ശുചിത്വ മിഷന്റെ മേധാവി ഡോ.അജയകുമാര്‍ വര്‍മ പറയുന്നു. ഊഷ്‌ണമേഖലാപ്രദേശമായതിനാല്‍ ജൈവമാലിന്യങ്ങള്‍ എളുപ്പം അഴുകും. കൊതുകും ഈച്ചയും മറ്റും വേഗം പെരുകും. തുറസ്സായ സ്ഥലത്തുകിടക്കുന്ന മാലിന്യം മഴവെള്ളത്തില്‍ ഒഴുകിയെത്തി മണ്ണിനെയും ഭൂഗര്‍ഭജലത്തെയും ശുദ്ധജലസ്രോതസ്സുകളെയും ദുഷിപ്പിക്കും. ലക്ഷക്കണക്കിന്‌ കിണറുകളും കുളങ്ങളും 44 പുഴകളും എണ്ണമറ്റ തോടുകളും ജലസ്രോതസ്സുകളുമുള്ള കേരളംപോലൊരു ചെറിയൊരു ഭൂപ്രദേശത്ത്‌ ആയിരക്കണക്കിന്‌ ടണ്‍ മാലിന്യം ദിവസവും സംസ്‌ക്കരിക്കപ്പെടാതിരിക്കുമ്പോള്‍ പ്രശ്‌നം എത്ര സങ്കീര്‍ണമാകുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

മാലിന്യത്തിന്‌ തന്നെ ഒട്ടേറെ അവതാരങ്ങളുണ്ട്‌. ഏറ്റവും അപകടകാരിയായതും സംസ്‌ക്കരിക്കാന്‍ വിഷമമുള്ളതുമായ ആസ്‌പത്രി മാലിന്യങ്ങളും ഇലക്ട്രോണിക്‌ മാലിന്യങ്ങളും (ഇ-മാലിന്യം) മുതല്‍(ഇ-മാലിന്യത്തെപ്പറ്റി അറിയാന്‍ വി.കെ.ആദര്‍ശിന്റെ ഈ ബ്ലോഗ്‌ കാണുക) ജൈവാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും കടലാസും വരെ നഗരമാലിന്യത്തില്‍ പെടുന്നു. `ഇവയയെല്ലാം ഒരുമിച്ച്‌ സംസ്‌ക്കരിക്കാനാവില്ല. ഓരോന്നും അതിന്റെതായ വഴിക്കു തന്നെ പോകണം'-പാലക്കാട്‌ മുണ്ടൂരിലെ 'ഇന്റഗ്രേറ്റഡ്‌ റൂറല്‍ ടെക്‌നോളജി സെന്റര്‍'(ഐ.ആര്‍.ടി.സി) രജിസ്‌ട്രാര്‍ വി.ജി.ഗോപിനാഥ്‌ പറയുന്നു. `ഏതായാലും മാലിന്യസംസ്‌കരണം മാറ്റിനിര്‍ത്തിക്കൊണ്ട്‌ ഇനിയുള്ള കാലം മുന്നോട്ടുപോകാനാവില്ല എന്നൊരു ചിന്ത ജനങ്ങളിലും ഭരിക്കുന്നവരിലും ശക്തിപ്പെട്ടിട്ടുണ്ട്‌`'-അദ്ദേഹം പറയുന്നു. അതിന്റെ പ്രതിഫലനം ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാം. നഗരസഭകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും മാലിന്യസംസ്‌കരണത്തിനുള്ള പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കത്‌ അതിന്റെ തെളിവാണ്‌.

പ്രതീക്ഷയേകുന്ന ഈ പുതിയ നീക്കത്തിന്‌ പിന്നില്‍ മൂന്നു കാരണങ്ങളാണ്‌ പ്രൊഫ.ആര്‍.വി.ജി.മേനോന്‍ കാണുന്നത്‌. നഗരമാലിന്യസംസ്‌ക്കരണം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കാതിരിക്കാന്‍ കഴിയില്ല എന്നകാര്യം, പകര്‍ച്ചവ്യാധി ഭീഷണിമൂലം ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമ്മര്‍ദം, പഴയതില്‍നിന്ന്‌ വ്യത്യസ്‌തമായി മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്ക്‌ ഫണ്ട്‌ യഥേഷ്ടം കിട്ടും എന്നകാര്യം. (കാശുണ്ട്‌ എന്നു കണ്ടതോടെ പ്രാഗത്ഭ്യമില്ലാത്ത ചില സ്ഥാപനങ്ങള്‍ മാലിന്യസംസ്‌ക്കരണരംഗത്ത്‌ കടന്നുകൂടുന്നതിനെ കരുതിയിരിക്കണമെന്ന്‌ അദ്ദേഹം ഓര്‍മിപ്പിക്കുന്നു).

മാലിന്യസംസ്‌ക്കരണരംഗത്തുണ്ടായ പുതിയ ചലനത്തിന്‌ കേരളീയര്‍ ഒരു പരിധിവരെയെങ്കിലും ചിക്കുന്‍ഗുനിയയോടുകൂടി കടപ്പെട്ടിരിക്കുന്നു എന്നുസാരം! `നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുന്നു എന്നുകണ്ടപ്പോഴാണ്‌ ഇപ്പോള്‍ മാലിന്യസംസ്‌ക്കരണം ഒരു പ്രശ്‌നമായി വന്നിരിക്കുന്നത്‌. അതുവരെ ആരും ഇത്‌ കണ്ടതായിപ്പോലും നടിച്ചില്ല'-തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ.കെ. വിജയകുമാര്‍ പറയുന്നു. കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്ന്‌ പറയുന്നത്‌ വെറുതെയല്ല.

കേരളത്തില്‍ 66 ലക്ഷം വീടുകളുള്ളതില്‍ 86 ശതമാനത്തിലും ഇപ്പോള്‍ കക്കൂസ്‌ സൗകര്യമുണ്ട്‌. ഒന്നര പതിറ്റാണ്ട്‌ മുമ്പ്‌ ഇതായിരുന്നില്ല സ്ഥിതി. 1991-ല്‍ കക്കൂസുള്ള വീടുകളുടെ ശതമാനം ഗ്രാമങ്ങളില്‍ 44, നഗരങ്ങളില്‍ 73 എന്നിങ്ങനെയായിരുന്നു. `കക്കൂസ്‌ സൗകര്യത്തിന്റെ കാര്യത്തില്‍ കേരളത്തിലുണ്ടായ മുന്നേറ്റം മാലിന്യസംസ്‌ക്കരണത്തിന്റെ കാര്യത്തിലും സംഭവിക്കും, സംശയമില്ല'-ഡോ.വിജയകുമാര്‍ ശുഭാപ്‌തിവിശ്വാസിയാണ്‌.(അടുത്ത ലക്കം: സംസ്‌ക്കരണം മഹാച്ഛര്യം നമുക്കും കിട്ടണം പ്ലാന്റ്‌)

1 comment:

Joseph Antony said...

നമ്മുടെ നിലനില്‍പ്പിനെ ബാധിക്കുന്നു എന്നുകണ്ടപ്പോഴാണ്‌ ഇപ്പോള്‍ മാലിന്യസംസ്‌ക്കരണം ഒരു പ്രശ്‌നമായി വന്നിരിക്കുന്നത്‌. അതുവരെ ആരും ഇത്‌ കണ്ടതായിപ്പോലും നടിച്ചില്ല-തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ഡോ.കെ. വിജയകുമാര്‍ പറയുന്നു. കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്ന്‌ പറയുന്നത്‌ വെറുതെയല്ല. 'മാലിന്യനിര്‍മാര്‍ജനം, കേരളസ്റ്റൈല്‍'- മൂന്നാംഭാഗം.