
അര്‍ബുദം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെയുള്ള പോരാട്ടം പലപ്പോഴും പരാജയത്തിന്റെ നിറംകെട്ട കഥകളാണ് അവശേഷിപ്പിക്കാറ്. എന്നാല്‍, ആ യുദ്ധത്തില്‍ ജയിക്കാനായി ജനിച്ച ചിലരുണ്ട്. പതിറ്റാണ്ടുകള്‍ക്കിടയില്‍ പുതിയ കണ്ടെത്തലുകളുമായി അവര്‍ വിജയഗാഥ രചിക്കാനെത്തും. അത്തരം വിജയഗാഥകള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് സഹായവും ആശ്വാസവുമാകും, പതിനായിരങ്ങളുടെ ജീവന് രക്ഷിക്കും. ശാസ്ത്രചരിത്രത്തില്‍ നാഴികക്കല്ലുകളാകും അങ്ങനെയുള്ള മുന്നേറ്റങ്ങള്‍.
മനുഷ്യജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പാകത്തില്‍ വിജയഗാഥ രചിച്ചവരുടെ പട്ടികയിലാണ് പ്രൊഫ. റോബര്‍ട്ട് ലാങര്‍ എന്ന 59-കാരനായ ഗവേഷകന്റെയും സ്ഥാനം. 'ബയോമെറ്റീരിയലുകളെ'ക്കുറിച്ച് പ്രൊഫ.ലാങര്‍ നടത്തുന്ന ഗവേഷണം, കൂടുതല്‍ അനുഗ്രഹമായത് വൈദ്യശാസ്ത്രത്തിനാണ്. മനുഷ്യശരീരത്തില്‍ ഫലവത്തായും നിയന്ത്രിതമായും ഔഷധങ്ങള്‍ എത്തിക്കാനുള്ള സങ്കേതം വികസിപ്പിച്ചതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം. ലോകത്ത് കുറഞ്ഞത് പത്തുകോടി രോഗികള്‍ക്ക് പ്രൊഫ. ലാങര്‍ വികസിപ്പിച്ച സങ്കേതം ഇന്ന് അനുഗ്രഹമാകുന്നു.
മാനവസമൂഹത്തിന് നല്കിയ സംഭാവനയെ മുന്‍നിര്‍ത്തി 'മില്ലിനിയം ടെക്നോളജി പുരസ്കാരം' (Millennium Technology Prize) ഇത്തവണ പ്രൊഫ. ലാങര്‍ക്ക് ലഭിക്കുമ്പോള്‍, അത് 25 വര്‍ഷമായി അദ്ദഹം തുടരുന്ന ഗവേഷണ സപര്യയ്ക്ക് അര്‍ഹിക്കുന്ന ബഹുമതിയായി. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്കപ്പെടുന്ന ഈ പുരസ്കാരം, സാങ്കേതികവിദ്യയ്ക്കുള്ള 'അനൗദ്യോഗിക നോബല്‍ സമ്മാനം' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എട്ടുലക്ഷം യൂറോ ആണ് സമ്മാനത്തുക. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയാണ് പുരസ്ക്കാരസമര്‍പ്പണ വേദി. 'വേള്‍ഡ് വൈഡ് വെബ്ബ്' (world wide web-www) രൂപപ്പെടുത്തിയ ടിം ബേണേഴ്സ് ലീ, ഊര്‍ജക്ഷമതയേറിയ എല്‍.ഇ.ഡി.കള്‍ (LEDs) വികസിപ്പിച്ച ഷുജി നകമുറെ എന്നിവരാണ് മുമ്പ് ഈ വിഖ്യാത പുരസ്കാരത്തിന് അര്‍ഹരായിട്ടുള്ളവര്‍.
അമേരിക്കയിലെ പ്രസിദ്ധമായ മസാച്യൂസെറ്റ്സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (MIT)യിലെ 13 'ഇന്‍സ്റ്റിട്ട്യൂട്ട് പ്രൊഫസര്മാരി'ല്‍ ഒരാളാണ് പ്രൊഫ. ലാങര്‍. ഹാര്‍വാഡ്-എം.ഐ.ടി. 'ഡിവിഷന് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്നോളജി'യിലെ ഫാക്കല്‍ട്ടി അംഗമായ അദ്ദേഹമാണ്, ലോകത്തെ ഏറ്റവും വലിയ ബയോമെഡിക്കല്‍ എന്‍ജിനിയറിങ് ലാബിന്റെ മേധാവി. 60 ലക്ഷം ഡോളര്‍ വാര്ഷികഗ്രാന്റ് ലഭിക്കുന്ന ആ പരീക്ഷണശാലയില്‍ പ്രൊഫ. ലാങറുടെ കീഴില്‍ നൂറോളം ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നു.
ബയോറബ്ബര് (biorubber), മൈക്രോസ്ഫിയേഴ്സ് (microspheres), സമയബന്ധിതമായി ഔഷധം പുറത്തുവിടുന്ന പോളിമറുകള്‍, മുറിവേല്‍പ്പിക്കാതെ ചര്‍മത്തിലൂടെ ഔഷധം ശരീത്തില്‍ എത്തിക്കുന്ന പാച്ചുകള്‍ തുടങ്ങി 'ബയോമെറ്റീരിയലുകള്‍' (biometerials) എന്ന വിശാലമേഖലയില്‍ ഏറ്റവും വലിയ കീഴടക്കലുകള്‍ നടത്തിയ ഗവേഷകനാണ് പ്രൊഫ. ലാങര്‍. പൊള്ളലേറ്റ് ദുരിതമനുഭവിക്കുന്നവര്‍ക്കു മുതല്‍ ഹൃദ്രോഗവും അര്‍ബുദവും മൂലം പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്കുവരെ ആശ്വാസമായി പ്രൊഫ. ലാങറുടെ കണ്ടുപിടിത്തങ്ങള്‍ എത്തുന്നു.
1974-ലാണ് അദ്ദേഹം ഗവേഷണം ആരംഭിക്കുന്നത്. ഔഷധങ്ങളെ പൊതിഞ്ഞുസൂക്ഷിച്ചിട്ടുള്ള പോളിമറിലെ സൂക്ഷ്മസുക്ഷിരങ്ങളിലൂടെ പുറത്തുവരാന്‍ കഴിയാത്ര വലുതാണ് ഔഷധതന്മാത്രകള്‍ എന്നകാര്യം, ഔഷധപ്രയോഗരംഗത്ത് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ആ പ്രശ്നത്തിന് പരിഹാരം കാണാനായിരുന്നു പ്രൊഫ. ലാങറുടെ ആദ്യശ്രമങ്ങള്‍. പ്രത്യേക ത്രിമാനഘടനയുള്ള പോളിമറുകള്‍ വികസിപ്പിക്കുകയാണ് അതിനായി അദ്ദേഹം ചെയ്തത്. അത്തരം പോളിമറുകള്‍ ഔഷധതന്മാത്രകളെ ഉദ്ദേശിക്കുന്ന രീതിയില്‍ സാവധാനത്തില്‍ രോഗിയുടെ ശരീരത്തിലെത്താന്‍ സഹായിക്കും.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ന്യൂറോസര്‍ജനായ ഹെന്‍ട്രി ബ്രെമ്മും പ്രൊഫ. ലാങറും ചേര്‍ന്ന് എണ്‍പതുകളുടെ മധ്യത്തില്‍ രൂപംനല്കിയ 'ഗ്ലിയാഡല് വാഫര്‍'(Gliadel Wafer) ഇത്തരമൊരു പോളിമര്‍ ഉത്പന്നമാണ്. അര്‍ബുദരോഗികളുടെ മസ്തിഷ്ക്കത്തിനുള്ളില്‍ നേരിട്ട് കീമോതെറാപ്പിയെത്തിക്കാന്, നാണയത്തിന്റെ വലിപ്പം മാത്രമുള്ള ഈ വാഫറിന് കഴിയും. മസ്തിഷ്ക്കാര്‍ബുദ ചികിത്സയില്‍ 25 വര്‍ഷത്തിനിടെയുണ്ടാകുന്ന ആദ്യ ചികിത്സാമാര്‍ഗമായിരുന്നു അത്. '`ഞാനൊരു എന്‍ജിനിയറാണ്, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് എന്റെ ശ്രമങ്ങള്‍''-തന്റെ ഗവേഷണനേട്ടങ്ങളെ ഇങ്ങനെയാണ് പ്രൊഫ.ലാങര്‍ വിലയിരുത്തുന്നത്.
കണ്ടുപിടിത്തങ്ങള്‍ക്കായി മാത്രം ജനിച്ചതാണോ ഈ ഗവേഷകന് എന്ന് തോന്നിപ്പോകും. അഞ്ഞൂറിലേറെ പേറ്റന്റുകളാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ പ്രൊഫ. ലാങര്‍ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഗവേഷണഫലമായി രൂപപ്പെട്ട നാല്പതോളം ഉത്പന്നങ്ങള്‍ വിപണിയിലുണ്ട് അല്ലെങ്കില്‍ പരീക്ഷണഘട്ടം പിന്നിടുന്നു. ''ശാസ്ത്രംകൊണ്ട് നന്മയുണ്ടായിക്കാണാന് ഞാനാഗ്രഹിക്കുന്നു, അത് ജനങ്ങളെ സഹായിക്കുന്നതും''-900-ലേറെ ശാസ്ത്രപ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള പ്രൊഫ.ലാങര്‍ പറയുന്നു.
വെറും ഗവേഷണം കൊണ്ടുമാത്രം ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തില്ലെന്ന് നല്ല നിശ്ചയമുള്ള വ്യക്തിയാണ് പ്രൊഫ.ലാങര്‍. ഗവേഷണഫലങ്ങള്‍ ഉത്പന്നങ്ങളായി പുറത്തു വരണം. അതിന് കമ്പനികളും സ്ഥാപനങ്ങളും വേണം. കുറഞ്ഞത് ഒരു ഡസണ്‍ ബയോടെക് സ്ഥാപനങ്ങള്‍ക്കെങ്കിലും പ്രൊഫ. ലാങര്‍ തുടക്കക്കാരനായിട്ടുണ്ട്, ഒട്ടേറെ സ്ഥാപനങ്ങളുടെ ഉപദേഷ്ടാവുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പേരിലുള്ള പേറ്റന്റുകളുടെ ലൈസന്‍സ് 200-ഓളം കമ്പനികള്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.
1948 ആഗസ്ത് 29-ന് ന്യൂയോര്‍ക്കിലെ അല്ബാനിയില് ജനിച്ച ലാങര്‍, കോര്‍ണല്‍ സര്‍വകലാശാലയില്‍ നിന്നാണ് കെമിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം നേടുന്നത്. എം.ഐ.ടി.യില്നിന്ന് അതേ വിഷയത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ലാങറെ, ജറുസലേമിലെ ഹീബ്രു സര്‍വകലാശാല, സൂറിച്ചിലെ ഇ.ടി.എച്ച്. തുടങ്ങിയ സ്ഥാപനങ്ങള്‍ ഹോണററി ബിരുദം നല്കി ആദരിച്ചിട്ടുണ്ട്. 150-ലേറെ പ്രമുഖ അവാര്‍ഡുകളും പുരസ്കാരങ്ങളും അക്കാദമി അംഗത്വങ്ങളും നേടിയിട്ടുള്ള പ്രൊഫ. ലാങര്‍ക്ക്, ആ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ് മില്ലിനിയം ടെക്നോളജി പുരസ്കാരം.
യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് (2006), എന്‍ജിനിയറിങിലെ 'നോബല്‍ പുരസ്കാരം' എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ചാള്‍സ് സ്റ്റാര്‍ക്ക് ഡ്രാപെര്‍ പ്രൈസ്'(2002), ഹീന്‍സ് അവാര്‍ഡ് ഫോര്‍ ടെക്നോളജി, എക്കണോമി ആന്‍ഡ് എംപ്ലോയ്മെന്റ് (2003), ഹാര്‍വി പ്രൈസ് (2003), തോമസ് ആല്‍വാ എഡിസണ്, ഓര്‍വില്ലി റൈറ്റ് തുടങ്ങിയവര്‍ നേടിയിട്ടുള്ള ജോണ്‍ ഫ്രിറ്റ്സ് അവാര്‍ഡ്(2003), ഡിക്സണ്‍ പ്രൈസ് ഫോര്‍ സയന്‍സ് (2002) തുടങ്ങിയവയെല്ലാം, പ്രൊഫ.ലാങറെ തേടിയെത്തിയ പുരസ്കാരങ്ങളില് പെടുന്നു. 'ഗെയിര്ഡ്നെര് ഫൗണ്ടേഷന് ഇന്റര്‍നാഷണല്‍ അവാര്‍ഡ്' ലഭിച്ചിട്ടുള്ള ഏക എന്‍ജിനിയറും അദ്ദേഹം തന്നെ.
അമേരിക്കയില്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിസിന്, നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനിയറിങ്, നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് എന്നീ മൂന്ന് ദേശീയ അക്കാദമികളിലും അംഗത്വം ലഭിച്ച അത്യപൂര്‍വം ഗവേഷകരില്‍ ഒരാളാണ് പ്രൊഫ. ലാങര്‍. 43 വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ ഈ ബഹുമതി തേടിയെത്തിയ വേറെയാരും ചരിത്രത്തിലില്ല. ആ ചരിത്രത്തിനാണ് ഇപ്പോള്‍ 'സഹസ്രാബ്ദ പുരസ്ക്കാര'ത്തിന്റെ തിളക്കം കൂടി ലഭിക്കുന്നത്. (കടപ്പാട്: എന്‍.ഐ.എച്ച്, വിക്കിപീഡിയ, എം.ഐ.ടി, ബി.ബി.സി.ന്യൂസ്).
1 comment:
ബയോമെറ്റീരിയലുകള്‍ എന്ന വിശാല ഭൂമികയില്‍ ഏറ്റവും വലിയ കീഴടക്കലുകള്‍ നടത്തിയ ഗവേഷകനാണ് പ്രൊഫ. റോബര്‍ട്ട് ലാങര്‍. പൊള്ളലേറ്റ് ദുരിതമനുഭവിക്കുന്നവര്‍ക്കു മുതല്‍ ഹൃദ്രോഗവും അര്‍ബുദവും മൂലം പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്കുവരെ ആശ്വാസമായി പ്രൊഫ.ലാങറുടെ കണ്ടുപിടിത്തങ്ങള്‍ എത്തുന്നു. ലക്ഷക്കണക്കിനാളുകളുടെ ജിവിതം മെച്ചപ്പെടുത്താന്‍ ഇടയാക്കിയ കണ്ടുപിടുത്തങ്ങളുടെ പേരില്‍, ഇത്തവണത്തെ മില്ലിനിയം ടെക്നോളജി പുരസ്കാരം പ്രൊഫ.ലാങര്ക്കാണ് ലഭിച്ചത്.
Post a Comment