
ആലുവായ്ക്കടുത്ത് കീഴ്‌മാട് പഞ്ചായത്തിലെ എടയപ്പുറത്ത് ആളൊഴിഞ്ഞ കെട്ടിടം എടപ്പള്ളി സ്വദേശിയായ ഒരാള്‍ നാലുമാസം മുമ്പ് വാടകയ്‌ക്കെടുത്തത് കരകൗശലവസ്‌തുക്കള്‍ നിര്‍മിക്കാനെന്നു പറഞ്ഞാണ്. വാഹനങ്ങളില്‍ അവിടെ സാധനങ്ങള്‍ കൊണ്ടിറക്കുന്നതും കയറ്റുന്നതുമൊന്നും ആദ്യം ആരും കാര്യമായി ശ്രദ്ധിച്ചില്ല. പിന്നീട് നാട്ടുകാരായ ചില സ്‌ത്രീകള്‍ക്ക് അവിടെ ജോലി നല്‍കി. ആ സ്‌ത്രീകള്‍ വഴിയാണ് അത്ര പന്തയല്ലാത്ത കാര്യങ്ങളാണെന്ന് നടക്കുന്നതെന്ന സൂചന കിട്ടിയത്. കഴിഞ്ഞ മെയ് ആറിന് പോലീസ് ആ വീട് റെയ്‌ഡ് ചെയ്‌തു. അത്യന്തം അപകടകാരിയായ 50 ടണ്‍ ആസ്‌പത്രിമാലിന്യം അവിടെ ശേഖരിച്ചിട്ടുള്ളതായി കണ്ടെത്തി. ഉപയോഗിച്ച സിറിഞ്ചുകള്‍, ബ്ലഡ്‌ബാഗുകള്‍, കത്തീറ്ററുകള്‍, മൂത്രബാഗുകള്‍, ഡയാലിസിസ് കിറ്റുകള്‍ ഒക്കെ ഉള്‍പ്പെട്ട ആസ്‌പത്രിമാലിന്യം.
എറണാകുളത്തെ ചില ആസ്‌പത്രികളില്‍നിന്ന് തനിക്ക് വിറ്റതാണ് ആ മാലിന്യമെന്ന് പിടിയിലായ ആള്‍ പോലീസിനോട് സമ്മതിച്ചു. അതു മുഴുവന്‍ കഴുകി വൃത്തിയാക്കി കോയമ്പത്തൂരിന് സംസ്‌ക്കരിക്കാന്‍ കൊണ്ടുപോവുകയാണെന്നും അയാള്‍ പറഞ്ഞു. അണുമുക്തമാക്കാത്ത ആ സിറിഞ്ചുകളും ബ്ലഡ്‌ബാഗുകളുമൊക്കെ പുതിയ പാക്കറ്റുകളിലാക്കി വീണ്ടും ഇവിടെ തന്നെ തിരിച്ചെത്തും, മെഡിക്കല്‍സ്റ്റോറുകള്‍ വഴി. കേന്ദ്രബയോമെഡിക്കല്‍ മാലിന്യനിര്‍മാര്‍ജനച്ചട്ടം അനുസരിച്ച് കഠിനമായ നിയമലംഘനമാണിത്. ആതുരസേവനമെന്നത് വെറും ലാഭക്കച്ചവടമായി മാത്രം കാണുന്ന ചില ആസ്‌പത്രികളാണ് ഇതില്‍ മുഖ്യപ്രതി. രാഷ്ട്രീയസ്വാധീനമുപയോഗിച്ച് വെറും മാലിന്യം ശേഖരിച്ചു എന്നു മാത്രമാക്കി ആലുവായിലെ കേസ് ഒതുക്കി. ആസ്‌പത്രിമാലിന്യം എന്നകാര്യം പോലീസ് കേസില്‍നിന്ന് ഒഴിവാക്കി. അതുള്‍പ്പെടുത്തിയാല്‍ മാലിന്യം നല്‍കിയ ആസ്‌പത്രികളും കുടുങ്ങും.
ഇനി വേറൊരു ഉദാഹരണം. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ കഴിഞ്ഞ ഏപ്രില്‍ 28 പുലര്‍ന്നപ്പോള്‍ നാട്ടുകാര്‍ കണ്ടത് അത്യന്തം അറപ്പുളവാക്കുന്ന ഒരു ദൃശ്യമാണ്. പന്തലാംപാടം മുതല്‍ തേനിടുക്ക് വരെയുള്ള ഏഴുകിലോമീറ്റര്‍ ദൂരത്ത് റോഡിന്റെ വശങ്ങളില്‍, മാംസാവശിഷ്ടങ്ങളും മുറിവുകെട്ടിയ പഞ്ഞിയും പ്ലാസ്റ്ററുകളും ഉള്‍പ്പടെയുള്ള ദുര്‍ഗന്ധം പരത്തുന്ന ആസ്‌പത്രിമാലിന്യം വിതറിയിരിക്കുന്നു! എറണാകുളം ഭാഗത്തുള്ള ചില ആസ്‌പത്രികളില്‍നിന്ന് പുലര്‍ച്ചെ ആളൊഴിഞ്ഞ സമയത്ത് വണ്ടിയില്‍ കൊണ്ടിട്ടതാണ് അതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ഏതായാലും ആര്‍ക്കെതിരെയും ഇതുവരെയും നടപടിയൊന്നും ഉണ്ടായില്ല. കേരളത്തിലെ ആസ്‌പത്രിമാലിന്യ സംസ്‌ക്കരണത്തിന്റെ വികൃതമുഖമാണ് മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളും അനാവരണം ചെയ്യുന്നത്.
ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ വേഗം വാര്‍ത്താപ്രാധാന്യം നേടും അത് സ്വാഭാവികം മാത്രം. ഇത്തരം പ്രവണതകള്‍ അനുവദിച്ചുകൂട തന്നെ. പക്ഷേ, ഇതിനൊരു മറുവശമുണ്ട്, അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒന്ന്. ഇന്ത്യയിലാകെയുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ 26 ശതമാനം സ്ഥിതിചെയ്യുന്ന കേരളത്തില്‍, ബയോമെഡിക്കല്‍ മാലിന്യവുമായി ബന്ധപ്പെട്ട് ഇത്തരം ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോരാ എന്നതാണത്. പ്രത്യേകിച്ചും പൊതുമാലിന്യം സംസ്‌ക്കരിക്കുന്ന കാര്യത്തില്‍ കേരളത്തിന്റെ പരിതാപകരമായ അവസ്ഥയുമായി തട്ടിച്ചുനോക്കിയാല്‍. നഗരമാലിന്യപ്രശ്‌നത്തില്‍ കേരളത്തില്‍ എത്ര സ്ഥലത്താണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുള്ളത്. എത്ര കോടതി വിധികളാണ് നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും എതിരെ ഉണ്ടാകുന്നത്. ആസ്‌പത്രിമാലിന്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് അത്തരം സംഭവങ്ങള്‍ കേരളത്തില്‍ വിരളമായിരിക്കുന്നു; ഇത്രയേറെ ആസ്‌പത്രികളും ലബോറട്ടറികളും ഉണ്ടായിട്ടും.

അതിന് ഉത്തരം തേടിപ്പോയാല്‍ ചെന്നെത്തുക ഒരുപക്ഷേ, പാലക്കാട് ജില്ലയിലെ കഞ്ചിക്കോടിനടുത്ത് പുതുശ്ശേരി വില്ലേജിലെ മാന്‍തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന 'ഇമേജ്'(IMAGE) എന്ന സംസ്‌ക്കരണപ്ലാന്റിലാകും. കേരളത്തിലുണ്ടാകുന്ന അപകടകാരിയായ ആസ്‌പത്രി മാലിന്യത്തില്‍ മൂന്നിലൊന്ന് സംസ്‌ക്കരിക്കുന്നത് ഇവിടെയാണ്. സംസ്ഥാനത്തെ 14 ജില്ലകളില്‍ ആസ്‌പത്രികളിലും ലബോറട്ടറികളിലും നിന്ന് ദിവസവും നേരിട്ടു ശേഖരിച്ച് മാലിന്യം ഇവിടെ സുരക്ഷിതമായി എത്തിച്ച് സംസ്‌ക്കരിക്കുന്നു. ദിനംപ്രതി ആറരടണ്‍ മാലിന്യം സംസ്‌ക്കരിക്കുന്ന ഇമേജ്, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആസ്‌പത്രിമാലിന്യ സംസ്‌ക്കരണപ്ലാന്റാണ്. അധികമാരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ മാന്‍തുരുത്തിയുടെ വിജനപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, കേരളത്തെ അപകടകാരിയായ ആസ്‌പത്രിമാലിന്യത്തില്‍നിന്ന് രക്ഷിക്കുന്നതില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്.(ആലുവായില്‍നിന്ന് പിടിച്ചെടുത്ത ആസ്‌പത്രിമാലിന്യവും ഇമേജിലാണ് സംസ്‌ക്കരിച്ചത്).
കേരളത്തിലെ ആസ്‌പത്രിമാലിന്യപ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കേരളഘടകം ആരംഭിച്ചതാണ് ഇമേജ്. ('ഐ.എം.എ.ഗോസ് ഇക്കോഫ്രണ്ട്‌ലി' എന്നതിന്റെ ചുക്കെഴുത്താണ് ഇമേജ്). മാന്‍തുരുത്തിയില്‍ ഐ.എം.എ.യുടെ വകയായുള്ള 23 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന സംസ്‌ക്കരണപ്ലാന്റില്‍, 5700 ചതുരശ്രഅടി വരുന്ന മുഖ്യകെട്ടിടം, മാലിന്യവുമായെത്തുന്ന ട്രക്കുകള്‍ കഴുകി അണുമുക്തമാക്കാനുപയോഗിക്കുന്ന 2000 ചതുരശ്രഅടി സിമന്റ്‌തറ, വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള ജലസംസ്‌ക്കരണപ്ലാന്റ്, ഇന്‍സിനറേറ്ററുമായി ബന്ധിപ്പിക്കപ്പെട്ട 30 മീറ്റര്‍ ഉയരമുള്ള പുകക്കുഴല്‍, മാലിന്യങ്ങള്‍ ഭസ്‌മീകരിക്കുമ്പോള്‍ ലഭിക്കുന്ന ചാരം മറവുചെയ്യുന്ന ലാന്‍ഡ്‌ഫില്‍ പ്രദേശം ഒക്കെ ഉള്‍പ്പെടുന്നു. ഹൈദരാബാദ്, ചെന്നെ തുടങ്ങിയ നഗരങ്ങളില്‍ വര്‍ഷങ്ങളായി ആസ്‌പത്രിമാലിന്യസംസ്‌കരണപ്ലാന്റ് നടത്തി അനുഭവസമ്പത്തുള്ള 'ജി.ജെ.മള്‍ട്ടിവേവ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡി'നെയാണ് ഇമേജിന്റെ നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.
കേരളത്തിലെ ആസ്‌പത്രികളില്‍ കിടക്കയൊന്നിന് 1.3 മുതല്‍ രണ്ട് കിലോഗ്രാംവരെ ഖരമാലിന്യവും 450 ലിറ്റര്‍ ദ്രവമാലിന്യവും ദിനംപ്രതി ഉണ്ടാകുന്നു എന്നാണ് കണക്ക്. ആസ്‌പത്രികളില്‍നിന്നുള്ളത് മുഴുവനും അപകടകാരിയായ മാലിന്യമല്ല. അതില്‍ 85 ശതമാനം സാധാരണ നഗരമാലിന്യത്തോടൊപ്പം സംസ്‌ക്കരിക്കാം. ചികിത്സയുടെയും പരിശോധനകളുടെയും ശസ്‌ത്രക്രിയകളുടെയും ഭാഗമായുണ്ടാകുന്ന അണുബാധയുള്ള അപകടകാരിയായ മാലിന്യം പത്തുശതമാനമേ വരൂ, അഞ്ചു ശതമാനം വിഷമാലിന്യവും. അണുബാധയുള്ള മാലിന്യങ്ങളും ശരീരഭാഗങ്ങളും ഒരു കാരണവശാലും മറ്റ് മാലിന്യവുമായി കൂടിക്കലരാന്‍ പാടില്ല. അത് അത്യുന്നത ഊഷ്‌മാവില്‍ എരിച്ചുകളയുകയാണ് (ഇന്‍സിനറേറ്റ് ചെയ്യുക) ചെയ്യേണ്ടത്. ഉപയോഗിച്ച സൂചികളും സിറിഞ്ചുകളുമൊക്കെ ഒരു കാരണവശാലും പുനരുപയോഗം നടത്താന്‍ ഇടയാകരുത്. അണുമുക്തമാക്കിയ ശേഷം അവ കഷണങ്ങളാക്കി മാറ്റണം.

ആസ്‌പത്രിമാലിന്യം ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അത് വഴിവെക്കും. എച്ച്.ഐ.വി, ഹെപ്പറ്റിറ്റിസ് ബി, സി തുടങ്ങിയ മാരകരോഗങ്ങള്‍ പടരാനും, പ്രതിരോധശേഷി കൂടിയ രോഗാണുക്കള്‍ പ്രത്യക്ഷപ്പെടാനുമൊക്കെ അതിടയാക്കും. ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) നടത്തിയിട്ടുള്ള പഠനം വെളിവാക്കുന്നത്, ലോകത്ത് പ്രതിദിനം 50,000 പേര്‍ പകര്‍ച്ചവ്യാധികളാല്‍ മരിക്കുന്നുവെന്നാണ്. അതിന് ഒരു കാരണം മാലിന്യനിര്‍മാര്‍ജനം ശരിയായി നടക്കാത്തതാണ്. ഈ പശ്ചാത്തലത്തിലാണ് ആസ്‌പത്രിമാലിന്യ സംസ്‌ക്കരണത്തിന് 1998-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നിയമം പാസാക്കിയത് (Biomedical Waste (Management and Handling)Rules,1998).
ഓരോ ആസ്‌പത്രിയും അവിടെയുണ്ടാകുന്ന മാലിന്യം ശാസ്‌ത്രീയമായും സുരക്ഷിതമായും നിര്‍മാര്‍ജനം ചെയ്യണമെന്ന് ഈ നിയമം അനുശാസിക്കുന്നു. അതിനുള്ള സംവിധാനവും സജ്ജീകരണങ്ങളും അതാത് ആസ്‌പത്രികള്‍ തന്നെ ഒരുക്കണം. അതിന് കഴിയുന്നില്ലെങ്കില്‍, കേന്ദ്രീകൃതപ്ലാന്റ് സ്ഥാപിച്ച് ഒരു പ്രദേശത്തെ ആസ്‌പത്രിമാലിന്യങ്ങള്‍ അവിടെ സംസ്‌കരിക്കണം. ആസ്‌പത്രിമാലിന്യം സംസ്‌ക്കരിക്കാനുള്ള പ്ലാന്റ് ജനനിബിഡമായ പ്രദേശത്ത് പാടില്ല എന്നതാണ് കേന്ദ്രനിയമത്തിലെ മറ്റൊരു നിബന്ധന. സംസ്‌ക്കരണത്തിന്റെ ഭാഗമായുണ്ടാകുന്നത് വെളുത്ത പുകയായിരിക്കണം. സംസ്‌ക്കരണത്തിന്റെ അവസാനഘട്ടത്തില്‍ രോഗാണുക്കളോ, മണ്ണ്,വായു,വെള്ളം മുതലായവ മലിനമാക്കുന്നതോ പരിസ്ഥിതിക്കു യോജിക്കാത്തതോ ആയ യാതൊരു വസ്‌തുവും അവശേഷിക്കരുത്. മാത്രമല്ല, ഈ പ്ലാന്റുകള്‍ ഏതുസമയത്തും പരിശോധിക്കാനും നിയമം തെറ്റിച്ചുവെന്നു കണ്ടാല്‍ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പിനും അവകാശമുണ്ടായിരിക്കും.
കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ആസ്‌പത്രിമാലിന്യസംസ്‌കരണം ഏറ്റെടുക്കാന്‍ ഐ.എം.എ.തയ്യാറാകണമെന്ന് ആവശ്യപ്പെട്ടത് അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ്. കേരളത്തില്‍ നാലിടത്ത് പ്ലാന്റുകള്‍ സ്ഥാപിക്കാനായിരുന്നു ഐ.എം.എ. ആദ്യം പദ്ധതിയിട്ടത്. കൊല്ലത്ത് പാരിപ്പള്ളിയിലും കണ്ണൂരില്‍ തളിപ്പറമ്പിലുമൊക്കെ സ്ഥലം നോക്കിയെങ്കിലും ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. ഒടുവില്‍ പാലക്കാട്ടേത് മാത്രമാണ് യാഥാര്‍ഥ്യമായത്. കേരളത്തിലെ മുഴവന്‍ ആസ്‌പത്രിമാലിന്യവും റോഡു മാര്‍ഗം പാലക്കാട്ട് എത്തിക്കണം എന്നത് വന്‍ചെലവാണുണ്ടാക്കുന്നത്. അതിനാല്‍, തെക്കന്‍ കേരളത്തില്‍ പുതിയൊരു പ്ലാന്റ് സ്ഥാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഐ.എം.എ.
ബാഗുകള്‍ കഥപറയുന്നു
ആസ്‌പത്രിമാലിന്യസംസ്‌ക്കരണത്തിന് സംസ്ഥാനത്ത് ശ്രദ്ധേയമായ ഒരു മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇമേജിന്റെ പ്രസക്തി. മാലിന്യശേഖരണം മുതല്‍ സംസ്‌ക്കരണം വരെയുള്ള ഘട്ടത്തില്‍ അത് പ്രകടമാണ്. ബയോമെഡിക്കല്‍ മാലിന്യത്തിന്റെ നിര്‍മാര്‍ജനത്തില്‍ മുഖ്യമായും അഞ്ചു ഘട്ടങ്ങളുണ്ട്; തരംതിരിക്കല്‍, ശേഖരണം, നീക്കംചെയ്യല്‍, സംസ്‌ക്കരണം, നിര്‍മാര്‍ജനം. ഇതില്‍ ആദ്യഘട്ടമായ തരംതിരിക്കല്‍ ആസ്‌പത്രികളിലാണ് നടക്കുന്നത്. ആസ്‌പത്രിജീവനക്കാരാണ് അത് ചെയ്യേണ്ടത്. അതിനുള്ള പരിശീലനവും ഇമേജ് നല്‍കുന്നു. മാലിന്യങ്ങളെ തരംതിരിച്ച് പ്രത്യേകം കവറുകളിലോ ടിന്നുകളിലോ വേണം സൂക്ഷിക്കാന്‍. ഇതിനായി ഒരു മഞ്ഞബാഗും, ഒരു ചുവന്ന ബാഗും, രണ്ട് പ്ലാസ്റ്റിക് ടിന്നുകളും ഉണ്ടാകും.
ശസ്‌ത്രക്രിയാവേളയില്‍ നീക്കംചെയ്യുന്ന ശരീരഭാഗങ്ങള്‍, പ്രസവവേളയില്‍ നീക്കംചെയ്യുന്ന മറുപിള്ള (പ്ലാസന്റ), മുറിവുകെട്ടാനുപയോഗിച്ച ബാന്‍ഡേജുകള്‍, തുണി, രക്തവും പഴുപ്പും പറ്റിയ പഞ്ഞി, ഒടിവ് ചികിത്സയ്‌ക്കുപയോഗിച്ച പ്ലാസ്റ്റര്‍ ഓഫ് പാരീസ്, ലാബ് പരിശോധനകളുടെ അവശിഷ്ടങ്ങള്‍, മെഡിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായുള്ള മാലിന്യങ്ങള്‍ തുടങ്ങിയവ മഞ്ഞബാഗിലാണ് സൂക്ഷിക്കുക. ഇവ ഏതാണ്ട് 850 ഡിഗ്രിസെല്‍സിയസ് ഊഷ്‌മാവിന് മേല്‍ എരിച്ചുകളയേണ്ട (ഇന്‍സിനറേറ്റ് ചെയ്യേണ്ട) മാലിന്യങ്ങളാണ്. കത്തിക്കാന്‍ പാടില്ലാത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍-ഉപയോഗിച്ച സിറിഞ്ച്, ട്രിപ്പ് ഇടാനുപയോഗിച്ച ട്യൂബുകള്‍, മൂത്രബാഗുകള്‍, ഡയാലിസിസ് കിറ്റ്, കത്തീറ്ററുകള്‍, രക്തബാഗുകള്‍ തുടങ്ങിയവ-ചുവപ്പുബാഗില്‍ സൂക്ഷിക്കുന്നു. മൂര്‍ച്ചയുള്ള അവശിഷ്ടങ്ങള്‍ കുത്തിവെക്കാനുപയോഗിച്ച സൂചി മുതലായവ അണുനാശകലായനി ഒഴിച്ച രണ്ട് ടിന്നുകളിലായാണ് സൂക്ഷിക്കുക-ലോഹാവശിഷ്ടങ്ങള്‍ ഒന്നിലും ഗ്ലാസ്‌കൊണ്ടുള്ളവ മറ്റൊന്നിലും.

2003 ഡിസംബര്‍ 14-ന് ഉദ്‌ഘാടനം ചെയ്യപ്പെട്ട ഇമേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 2004 ജനവരിയിലാണ്. രണ്ടുകോടി രൂപ ഇമേജിന് മുടക്കുമുതല്‍ വേണ്ടിവന്നു. ഇമേജില്‍ അഫിലിയേറ്റ് ചെയ്‌ത ആസ്‌പത്രികള്‍ നല്‍കിയ സംഖ്യയായിരുന്നു പ്രവര്‍ത്തന മൂലധനം. അഫിലിയേഷന് സ്വകാര്യ ആസ്‌പത്രികള്‍ കിടക്കയൊന്നിന് ആയിരംരൂപാ വീതം നല്‍കണം. നൂറു കിടക്കയുള്ള ആസ്‌പത്രിക്ക് ഒരുലക്ഷം രൂപാ അഫിലിയേഷന്‍ ഫീസ് ആകും. മാലിന്യം നീക്കംചെയ്യാന്‍ കിടക്കയൊന്നിന് ദിവസം 3.5 രൂപാ വീതമാണ് നല്‍കേണ്ടത്. 2005 ജൂലായില്‍ ഐ.എം.എ.യും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് സര്‍ക്കാര്‍ ആസ്‌പത്രികള്‍ക്ക് അഫിലിയേഷന്‍ ഫീസ് ഇല്ല; കിടക്കയൊന്നിന് ദിനംപ്രതി 2.75 രൂപാ മതി. സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ സ്വകാര്യമേഖലയില്‍ 1413 ആരോഗ്യസ്ഥാപനങ്ങളും, 75 സര്‍ക്കാര്‍ ആസ്‌പത്രികളും ഇമേജില്‍ അഫിലിയേറ്റ് ചെയ്‌തിട്ടുണ്ട്. സ്വകാര്യമേഖലയില്‍നിന്ന് 26,338 കിടക്കകളും, സര്‍ക്കാര്‍ മേഖലയില്‍നിന്ന് 11,335 കിടക്കകളും. ആകെ 37,673 കിടക്കകളില്‍നിന്നുള്ള ആസ്‌പത്രിമാലിന്യം ഇമേജ് കൈകാര്യം ചെയ്യുന്നു.
അഫിലിയേഷന്‍ ഫീസ് വളരെ ഉയര്‍ന്നതാണ് എന്നതാണ് ഇമേജിനെപ്പറ്റി പല ആസ്‌പത്രികളും ഉന്നയിക്കുന്ന മുഖ്യ ആക്ഷേപം. എന്നാല്‍, ഐ.എം.എ.യുടെ നിലപാട് അതിന് വിരുദ്ധമാണ്. തുടക്കത്തില്‍ വെറും 900 കിടക്ക മാത്രമാണ് ഇമേജില്‍ അഫിലിയേറ്റ് ചെയ്‌തിരുന്നത്. ആദ്യരണ്ടുവര്‍ഷം സ്ഥാപനത്തിന് 30 ലക്ഷം രൂപ നഷ്ടം നേരിടേണ്ടിവന്നു. മാത്രമല്ല, ഇന്‍സിനറേറ്ററുകളും മറ്റ് യന്ത്രങ്ങളും പത്തുവര്‍ഷം നിലനില്‍ക്കുമെന്നാണ്, അവ സ്ഥാപിച്ച കമ്പനികള്‍ തുടക്കത്തില്‍ അവകാശപ്പെട്ടതെങ്കിലും മൂന്നുവര്‍ഷമായപ്പോള്‍ തന്നെ പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കേണ്ടി വന്നു. ഇപ്പോള്‍ മൂന്നാമത്തെ ഇന്‍സിനറേറ്ററിന്റെ നിര്‍മാണം നടക്കുകയാണ്. അഫിലിയേഷന്‍ ഫീസ് ഇത്രയും ഇല്ലായിരുന്നെങ്കില്‍ ഇതിനകം ഇമേജ് പൂട്ടിപ്പോകുമായിരുന്നു എന്നാണ് ഇമേജ് സെക്രട്ടറി ഡോ.ജെ.രാജഗോപാലന്‍നായര്‍ പറയുന്നത്.
കേരളത്തിനൊട്ടാകെ പ്രയോജനം ചെയ്യുന്ന ഈ പ്ലാന്റിന് നാലുവര്‍ഷമായിട്ടും അധികൃതര്‍ വൈദ്യുതികണക്ഷന്‍ നല്‍കിയിട്ടില്ല. ജനറേറ്ററാണ് ഇപ്പോഴും ആശ്രയം. അതിന് മണിക്കൂറില്‍ 15 ലിറ്റര്‍ ഡീസല്‍ വേണം. ഇന്ധനത്തിനും ഗതാഗതത്തിനുമായാണ് ഇമേജിന്റെ ചെലവില്‍ 75-80 ശതമാനവും പോകുന്നതെന്ന് അധികൃതര്‍ പറയുന്നു. ഒരു ദിവസം ഈ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞത് 75,000 രൂപ ചെലവ് വരുമെന്ന്, ഇമേജിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായ 'ജി.ജെ.മള്‍ട്ടിവേവി'ന്റെ ടി.ജയരാജ് അറിയിക്കുന്നു.
പ്ലാന്റില്‍ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളം പോലും ഇമേജില്‍നിന്ന് പരിസരത്തേക്കു തുറന്നു വിടുന്നില്ല. ശുദ്ധീകരിച്ച വെള്ളം ഇമേജ് കോംപൗണ്ടിലെ ചെടികള്‍ നനയ്‌ക്കാനും മറ്റുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍, ഇന്‍സിനറേഷന് ശേഷം ലഭിക്കുന്ന ചാരം മറവുചെയ്യുന്നതില്‍ ഇപ്പോഴും പ്രശ്‌നം അവശേഷിക്കുന്നു. (ഒരു ടണ്‍ മാലിന്യം ഇന്‍സിനറേറ്റ് ചെയ്യുമ്പോള്‍ അഞ്ചുകിലോഗ്രാം ചാരം ഉണ്ടാകും). അത് മണ്ണില്‍ കുഴിയെടുത്ത് ഇഷ്ടികനിരത്തി അതില്‍ മറവുചെയ്യുകയാണ് ചെയ്യുന്നത്. കേന്ദ്രനിയമത്തില്‍ പറയുംപ്രകാരമാണ് ഇതെന്ന് ഇമേജ് അധികൃതര്‍ അറിയിക്കുന്നു.
എന്നാല്‍, ചാരത്തില്‍ ഘനലോഹങ്ങളുടെ സാന്നിധ്യം ഉണ്ടാകാമെന്നും മണ്ണില്‍ മറവുചെയ്യുന്നത് സുരക്ഷിതമല്ലെന്നും കരുതുന്ന പരിസ്ഥിതി വിദഗ്‌ധരുണ്ട്. ഏതാനും മാസത്തിനം ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇമേജ്. അപകകാരമായ മാലിന്യം സംസ്‌ക്കരിക്കാന്‍ എറണാകുളത്ത് കെ.എസ്.ഐ.ഡി.സി.യുടെ മേല്‍നോട്ടത്തില്‍ രൂപംനല്‍കിയ കമ്പനി പ്രവര്‍ത്തനം തുടങ്ങിയാല്‍, ഇമേജിലെ ചാരം അവിടെയെത്തിച്ച് മറവുചെയ്യാനാണ് പരിപാടി. 'കേരള എന്‍വിരോഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ലിമിറ്റഡ്' എന്ന കമ്പനി, അമ്പലമുകള്‍ ഭാഗത്ത് 50 ഏക്കര്‍ സ്ഥലത്താണ് മാലിന്യസംസ്‌ക്കരണം നടത്തുക.
കേരളത്തിന്റെ ആരോഗ്യ പരിരക്ഷാരംഗത്ത് അധികമാരുടെയും ശ്രദ്ധയില്‍ പെടാത്ത സുപ്രധാന കര്‍ത്തവ്യം നിര്‍വഹിക്കുന്നു എന്നത് മാത്രമല്ല ഇമേജിന്റെ പ്രസക്തി, ശാസ്‌ത്രീയമായി നടത്തിയാല്‍ മാലിന്യസംസ്‌ക്കരണം ഒരു പ്രശ്‌നമല്ലെന്ന് കേരളീയരെ ബോധ്യപ്പെടുത്തുകകൂടി ഈ സ്ഥാപനം ചെയ്യുന്നു. 'ആലുവാമോഡല്‍' മാലിന്യസംസ്‌ക്കരണം ഇല്ലാതാക്കാനും ഇമേജ് പോലുള്ള സ്ഥാപനങ്ങള്‍ കൂടുതലുണ്ടായാലേ കഴിയൂ.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഐ.എം.എ; ഡോ.ജെ.രാജഗോപാലന്‍നയര്‍, സെക്രട്ടറി, ഇമേജ്; വി.എസ്.എസ്.നായര്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, എസ്.യു.റ്റി.ഹോസ്‌പിറ്റല്‍, തിരുവനന്തപുരം; ഇ.ജെ.വിജയഭാസ്, ചീഫ് എന്‍വിരോണ്‍മെന്റല്‍ എന്‍ജിനിയര്‍ (റിട്ട.), സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്, കേരള എണ്‍വിരോണ്‍മെന്റ് കോണ്‍ഗ്രസ്-2008). (2008 ആഗസ്‌ത് ലക്കം 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ പ്രസിദ്ധീകരിച്ചത്)
11 comments:
ഇന്ത്യയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ 26 ശതമാനം സ്ഥിതിചെയ്യുന്നത് കേരളത്തിലാണ്. ആ നിലയ്‌ക്ക് ബയോമെഡിക്കല്‍ മാലിന്യവുമായി ബന്ധപ്പെട്ട് ഇവിടെ ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോര. നഗരമാലിന്യപ്രശ്‌നത്തില്‍ കേരളത്തില്‍ എത്ര സ്ഥലത്താണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുള്ളത്. എത്ര കോടതി വിധികളാണ് നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും എതിരെ ഉണ്ടാകുന്നത്. ആസ്‌പത്രിമാലിന്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് അത്തരം സംഭവങ്ങള്‍ കേരളത്തില്‍ വിരളമായിരിക്കുന്നു; ഇത്രയേറെ ആസ്‌പത്രികളും ലബോറട്ടറികളും ഉണ്ടായിട്ടും. അതിനുള്ള ഉത്തരം തേടി പോയാല്‍ ചെന്നെത്തുക, പാലക്കാട് ജില്ലയിലെ കഞ്ചിക്കോടിനടുത്ത് പ്രവര്‍ത്തിക്കുന്ന 'ഇമേജ്'എന്ന സംസ്‌ക്കരണപ്ലാന്റിലാകും.
:)
ആരോഗ്യമാസികയില്‍ വായിച്ചപ്പോള്‍ എന്തെ ഇതുവരെ ബ്ലോഗില്‍ കാണാത്തതെന്നു ചിന്തിച്ചു.
ഇമേജ് ഹോസ്പിറ്റല്‍ വേസ്റ്റ് മാനേജ്മെന്റിന്റെ കാര്യത്തില്‍ ചെയ്യുന്നത് വളരെ പ്രശംസനീയം തന്നെ. പക്ഷെ അവയുടെ സംസ്ക്കരണ രീതി അപകടകരമാണ്. കേരളത്തിലെ മുഴുവന്‍ ആശുപത്രികളിലെ മാലിന്യങ്ങളും ഒരിടത്ത് സംഭരിച്ച് ഇന്‍സിനറേറ്ററിലൂടെ കത്തിക്കുന്നത് തികച്ചും അപലപനീയമാണ്. ഗ്രീന്‍പീസ് പോലുള്ള സംഘടനകള്‍ പറയുന്നത് ഇന്‍സിനറേഷന്‍ ഒരു പരിഹാരമല്ലെന്നാണ്. ഇന്‍സിനറേഷനിലൂടെ പുറം തള്ളപ്പെടുന്ന മാലിന്യങ്ങള്‍ കനത്ത പാരിസ്ഥിതിക ആഘാതങ്ങളാണുണ്ടാക്കുന്നത്. അതുമുഴുവന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ നിക്ഷേപിക്കപ്പെടുന്നു എന്നത് വളരെ ആശാങ്കാജനകമാണ്. അതിനേക്കാള്‍ ആശങ്കയുണ്ടാക്കുന്നു കൂടുതല്‍ ജനസാന്ദ്രതയുള്ള അമ്പലമുകളിലേക്കിതു വരുമ്പോള്‍.
ഇന്‍സിനറേഷന്‍ എന്താണെന്നും, അതിനുള്ള ബദലുകളും ഗ്രീന്‍പീസ് നിര്‍ദ്ദേശിക്കുന്നത് ഇവിടെ വായിക്കാം.
ബദല്‍ നിര്‍ദ്ദേശങ്ങളുടെ ലിങ്ക് ശരിയല്ലെന്നു തോന്നുന്നു. ഇതാണ് ശരിയായ ലിങ്ക്.
)-
കണ്ണൂരാനെ, ഇന്‍സിനറേറ്റ് ചെയ്യുമ്പോള്‍ ഡയോക്സിന്‍ ഉണ്ടാക്കുന്ന പി.വി.സി, ‘ഇമേജ്’ ഇന്‍സിനറേറ്റ് ചെയ്യുന്നില്ല എന്നല്ലേ ലേഖനത്ത്തില്‍ പറയുന്നത്. അവ അണുവിമുക്തമാക്കി കഷ്ണങ്ങളാക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നു.
ഡാലി,
ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് നന്ദി.
ഇക്കാര്യം കണ്ണൂരാന്‍ തന്നെ ലേഖനം ഒന്നുകൂടി വായിച്ചു ബോധ്യപ്പെടട്ടെ എന്ന നിലപാടിലാണ്, ആ കമന്റിന് മറുപടി നല്‍കാതിരുന്നത്.
ഇന്‍സിനറേഷന്റെ ഏറ്റവും വലിയ മെച്ചമായി ശാസ്‌ത്രലോകം അംഗീകരിക്കുന്ന കാര്യം തന്നെ, അതിലെ ഭസ്‌മീകരണം നടക്കുന്നത് 850 ഡിഗ്രി സെല്‍സിയസിന് മേലുള്ള ഊഷ്‌മാവിലായതിനാല്‍, പി.വി.സി.യുടെ അംശങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഡയോക്‌സിന്‍ ഏറ്റവും പരിമിതമായ തോതിലേ പുറത്തു വരൂ എന്നതാണ്. വെളുത്ത പുകയാണ് ഇന്‍സിനറേറ്ററിലെ കുഴലിലൂടെ പുറത്തു വരുന്നതെങ്കില്‍, അതില്‍ മാലിന്യം ഒന്നുമില്ല, നീരാവി മാത്രമേ ഉള്ളൂ എന്ന് ഉറപ്പിക്കാം.
ആസ്‌പത്രി മാലിന്യങ്ങളില്‍ ഇന്‍സിനറേറ്റ് ചെയ്യേണ്ട മാലിന്യങ്ങളുടെ പകരം നിര്‍മാര്‍ജന മാര്‍ഗമായി നിര്‍ദേശിക്കപ്പെടുന്നത്, ആഴത്തില്‍ കുഴിച്ചിടലാണ്. കേരളം പോലെ ഇത്രയേറെ ജനസാന്ദ്രതയും, മഴയുമുള്ള മേഖലയില്‍ അത് ഒട്ടും അനുയോജ്യമല്ല. ഭൂഗര്‍ഭജലവിതാനം മലിനമാക്കാതെ കേരളത്തില്‍ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമേ അത് സാധിക്കൂ.
പിന്നെ, കേരളത്തിലെ ആസ്‌പത്രി മാലിന്യങ്ങള്‍ മുഴുവന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍കൊണ്ട് നിക്ഷേപിക്കപ്പെടുന്നു എന്ന കണ്ണൂരാന്റെ നിരീക്ഷണവും പൂര്‍ണമായി ശരിയല്ല. അവിടെ കോണ്ടുചെന്ന് ഒന്നും നിക്ഷേപിക്കുന്നില്ല. ഇന്‍സിനറേഷന്‍, ഓട്ടോക്ലേവിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ദിവസവും സംസ്‌ക്കരിച്ച് മാലിന്യം നിര്‍മാര്‍ജനം ചെയ്യുകയാണ് ചെയ്യുന്നത്. ആയിരം കിലോ മാലിന്യം ഇന്‍സിനറേറ്റ് ചെയ്യുമ്പോള്‍ വെറും അഞ്ച് കിലോഗ്രാം ചാരം മാത്രമാണ് അവശേഷിക്കുക. അതാണ് ലാന്‍ഡ്‌ഫില്ലായി ഉപയോഗിക്കുന്നത്. അമ്പലമുകളിലെ മാലിന്യനിര്‍മാര്‍ജന സംവിധാനത്തിലേക്ക് ആ ചാരം മാത്രമാണ് ഇമേജില്‍ നിന്ന് കൊണ്ടുപോവുക.
നല്ല ലേഖനം. വിവരങ്ങള്‍ക്ക് നന്ദി! ഇന്‍സിനറേറ്ററുകള്‍ വന്‍തോതില്‍ industrial waste നശിപ്പിക്കുന്നതിന്ന് ഉപയോഗിക്കുന്നതായും കണ്ടിട്ടുണ്ട്.
ലേഖനം വളരെ നന്നായിട്ടുണ്ട്.
It is desirable to have biomedical waste treatment and disposal plants in every district while we have many hospitals even in smaller towns/villages. IMAGE can see the option of seeking help from corporate houses and trading companies like textile/jewelry groups which do great business in Kerala.
Post a Comment