Wednesday, January 31, 2007

കുള്ളന്‍ഗ്രഹത്തിന്‌ ധൂമകേതുവാകാന്‍ വിധി

Astronomy

സൗരയൂഥത്തിന്റെ വിദൂരകോണില്‍ സ്ഥിതിചെയ്യുന്ന ഒരു കുള്ളന്‍ഗ്രഹം കണ്ണെഴുതി പൊട്ടുതൊട്ട്‌ വാല്‍നക്ഷത്രസുന്ദരിയായി മുന്നിലെത്തിയാല്‍ എങ്ങനെയിരിക്കും. തമാശയല്ല, അത്തരമൊരു സംഭവത്തിന്‌ അധികം വൈകാതെ (ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്ന്‌ വായിക്കുക) സൗരയൂഥം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്‌

സൗരയൂഥത്തില്‍ ഏറ്റവും പ്രകാശമേറിയ വാല്‍നക്ഷത്രം പിറക്കാന്‍ പോവുകയാണ്‌. '2003 EL61' എന്ന കുള്ളന്‍ഗ്രഹത്തില്‍ നിന്ന്‌. സമീപഭാവിയില്‍ ഈ കുള്ളന്‍ഗ്രഹം നെപ്യൂണുമായി കൂട്ടിയിടിച്ച്‌ വാല്‍നക്ഷത്രമാകുമത്രേ. കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(കാല്‍ടെക്‌) യിലെ പ്രൊഫ. മൈക്ക്‌ ബ്രൗണാണ്‌ കമ്പ്യൂട്ടര്‍ മാതൃകയുടെ സഹായത്തോടെ ഈ പ്രവചനം നടത്തിയിരിക്കുന്നത്‌. 'പത്താമത്തെ ഗ്രഹ'മെന്ന്‌ വിശേഷിപ്പിക്കപ്പെട്ട '2003 UB313' കണ്ടുപിടിച്ചത്‌ പ്രോഫ.ബ്രൗണും സംഘവുമായിരുന്നു. പ്ലൂട്ടോയെക്കാള്‍ ഒന്നരമടങ്ങ്‌ വലുപ്പമുള്ള ആ കുള്ളന്‍ഗ്രഹത്തിന്റെ കണ്ടെത്തലാണ്‌ യഥാര്‍ത്ഥത്തില്‍ പ്ലൂട്ടോയുടെ ഗ്രഹപദവി തെറിപ്പിച്ചത്‌.

റഗ്‌ബിബോളിന്റെ ആകൃതിയാണ്‌ '2003 EL61'-ന്‌. ഏതാണ്ട്‌ പ്ലൂട്ടോയുടെ വലുപ്പമുള്ള ഇത്‌, സൗരയൂഥത്തിന്റെ വിദൂരമേഖലയായ 'കിയ്‌പ്പര്‍ ബെല്‍റ്റി' ലാണ്‌ സ്ഥിതിചെയ്യുന്നത്‌. അതിവേഗത്തിലുള്ള സ്വയംഭ്രമണമാണ്‌ ഇതിന്റെ സവിശേഷത; ഓരോ നാലുമണിക്കൂറിലും സ്വന്തം അച്ചുതണ്ടില്‍ ഒരുതവണ ഭ്രമണം ചെയ്യുന്നു. സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്യൂണുമായി ഭാവിയില്‍ കൂട്ടിയിടിക്കുമ്പോള്‍ സൗരയൂഥത്തിന്റെ ആന്തരമേഖലയിലേക്കാണ്‌ തെന്നിമാറുന്നതെങ്കില്‍ ഈ കുള്ളന്‍ഗ്രഹം ധൂമകേതുവായി പരിണമിക്കുമെന്ന്‌ പ്രൊഫ.ബ്രൗണ്‍ പറയുന്നു. "20ലക്ഷം വര്‍ഷം കഴിഞ്ഞ്‌ നിങ്ങള്‍ക്ക്‌ തിരിച്ചെത്താനായാല്‍, 2003 EL61 ഒരു ധൂമകേതുവായി മാറിയിരിക്കുന്നത്‌ കാണാം''-അദ്ദേഹം പ്രവചിക്കുന്നു. "കണ്ടിട്ടുള്ളതില്‍ ഏറ്റവും പ്രകാശമേറിയ ധൂമകേതുവായിരിക്കുമത്‌".

2003 EL61-ന്റെ ഭ്രമണപഥം വളരെ അസ്ഥിരമാണ്‌. അതിനാല്‍ നെപ്യൂണുമായി ഭാവിയില്‍ ഇത്‌ നേര്‍ക്കുനേര്‍ വരുമെന്ന്‌ കമ്പ്യൂട്ടര്‍ മാതൃകകള്‍ വ്യക്തമാക്കുന്നു. നെപ്യൂണുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സാധ്യതകളാണ്‌ ഈ കുള്ളന്‍ഗ്രഹത്തിന്‌ ഗവേഷകര്‍ കല്‍പ്പിക്കുന്നത്‌. കൂട്ടിയിടിയിലോ, ഗുരുത്വാകര്‍ഷബലത്തിന്റെ പ്രവര്‍ത്തനത്താലോ ഇത്‌ സൗരയൂഥത്തിന്റെ ആന്തരമേഖലയിലേക്ക്‌ തെറിച്ചുമാറി ധൂമകേതുവായി മാറാം. അതിനാണ്‌ ഏറ്റവുമധികം സാധ്യത. അല്ലെങ്കില്‍, സൗരയൂഥത്തിന്റെ ബാഹ്യഭാഗത്തേക്ക്‌ തെറിച്ചുപോകാം. അങ്ങനെയെങ്കില്‍ ഇത്‌ കിയ്‌പ്പര്‍ബെല്‍റ്റിന്‌ പുറത്തുള്ള 'ഊര്‍റ്റ്‌ ക്ലൗഡി' ല്‍ ഒടുങ്ങും (ഊര്‍റ്റ്‌ ക്ലൗഡാണ്‌ സൗരയൂഥത്തിന്റെ വിശാലമായ ബാഹ്യമേഖല). അതുമല്ലെങ്കില്‍, 2003 EL61 എന്നന്നേക്കുമായി സൗരയൂഥത്തിന്റെ അതിരുകള്‍ കടന്ന്‌ ബാഹ്യപ്രപഞ്ചത്തില്‍ പ്രവേശിക്കാം-ഇത്‌ മൂന്നാമത്തെ സാധ്യത.

കിയ്‌പ്പര്‍ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന പ്ലൂട്ടോയുള്‍പ്പടെയുള്ള വസ്‌തുക്കളില്‍ മഞ്ഞും വെള്ളവുമാണ്‌ കൂടുതല്‍ അടങ്ങിയിട്ടുള്ളത്‌. എന്നാല്‍, 2003 EL61-ല്‍ ഏറെ ഭാഗവും പാറയാണ്‌. മഞ്ഞുപാളിയുടെ ബാഹ്യാവരണം മാത്രമേയുള്ളൂ. 450 കോടിവര്‍ഷം മുമ്പ്‌ ഈ കുള്ളന്‍ഗ്രഹത്തിന്‌ ഗോളാകൃതിയായിരുന്നുവെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. പകുതി പാറയും പകുതി മഞ്ഞും അടങ്ങിയ വസ്‌തു. ഇടയ്‌ക്കെപ്പോഴോ കിയ്‌പ്പര്‍ ബെല്‍റ്റില്‍ തന്നെയുള്ള മറ്റൊരു ഭീമന്‍ വസ്‌തുവുമായി കൂട്ടിയിടിച്ച്‌ 2003 EL61-ന്റെ പുറംഭാഗത്തെ മഞ്ഞുപാളികള്‍ പൊട്ടിത്തെറിച്ചു പോയതാവാമെന്ന്‌ പ്രൊഫ.ബ്രൗണും സംഘവും പറയുന്നു. ആ ഇടിയുടെ ശക്തിയിലാണ്‌ ഗ്രഹം ഇത്രവേഗത്തില്‍ ഭ്രമണം ചെയ്യാന്‍ തുടങ്ങിയതത്രേ. അതിവേഗത്തിലുള്ള ഭ്രമണം മൂലം ഇതിന്‌ റഗ്‌ബിബോളിന്റെ ആകൃതി കൈവന്നു. തെറിച്ചുപോയ മഞ്ഞുകട്ടകള്‍ കുള്ളന്‍ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളായി.

"സൗരയൂഥത്തില്‍ ബുധന്‌ സംഭവിച്ചതിന്‌ ഏതാണ്ട്‌ തുല്യമായ അനുഭവമാണ്‌ 2003 EL61-നും സംഭവിച്ചിരിക്കുക"-പ്രൊഫ.ബ്രൗണ്‍ പറയുന്നു. തുടക്കത്തില്‍ അകക്കാമ്പില്‍ ഇരുമ്പും ബാഹ്യഭാഗം ശിലയുമായിരുന്നു ബുധന്‌. എന്നാലിപ്പോള്‍, ബുധനില്‍ അകക്കാമ്പാണ്‌ കൂടുതല്‍. പ്രാചീനകാലത്തെന്നോ ബുധന്‍ ഒരു വലിയ വസ്‌തുവുമായി കൂട്ടിയിടിച്ച്‌ അതിന്റെ പുറംപാളിയിലെ ശിലാഖണ്ഡങ്ങള്‍ നഷ്ടപ്പെട്ടതാണ്‌ ഈയൊരു പരിണാമത്തിന്‌ ഇടയാക്കിയതെന്ന്‌ ഗ്രഹശസ്‌ത്രജ്ഞര്‍ കരുതുന്നു. സിയാറ്റിലില്‍ അടുത്തയിടെ നടന്ന അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ യോഗത്തിലാണ്‌ പ്രൊഫ.ബ്രൗണ്‍ തന്റെ നിഗമനങ്ങള്‍ അവതരിപ്പിച്ചത്‌(കടപ്പാട്‌: അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി)

6 comments:

JA said...

സൗരയൂഥത്തില്‍ ഏറ്റവും പ്രകാശമേറിയ വാല്‍നക്ഷത്രം പിറവിയെടുക്കാന്‍ പോവുകയാണ്‌, ഒരു കുള്ളന്‍ഗ്രഹത്തില്‍ നിന്ന്‌.

പെരിങ്ങോടന്‍ said...

കിയ്‌പ്പര്‍ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന പ്ലൂട്ടോയുള്‍പ്പടെയുള്ള വസ്‌തുക്കളില്‍ മഞ്ഞും വെള്ളവുമാണ്‌ കൂടുതല്‍ അടങ്ങിയിട്ടുള്ളത്‌.

പ്ലൂട്ടോയില്‍ വെള്ളമുണ്ടെന്നോ?

JA said...

സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏതാണ്ട്‌ 15 കോടി കിലോമീറ്ററാണ്‌. അതാണ്‌ ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ്‌(AU). ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ അമ്പതിരട്ടി(50 AU)യാണ്‌ സൂര്യനും കിയ്‌പ്പര്‍ ബെല്‍റ്റിന്റെ തുടക്കവും തമ്മിലുള്ള അകലം. അത്‌ അവിടെ നിന്ന്‌ അങ്ങോട്ട്‌ നീളുകയാണ്‌. സൂര്യനില്‍ നിന്ന്‌ വെറും ഒരു അസ്‌ട്രോണമിക്കല്‍ യൂണിറ്റ്‌ അകലെയുള്ള ഭൂമിയില്‍ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസ്‌ മാത്രമാണ്‌. അങ്ങനെയെങ്കില്‍, സൂര്യനില്‍ നിന്ന്‌ ഇതിന്റെ അമ്പതിരട്ടിയും അതിലേറെയും അകലെയുള്ള കിയ്‌പ്പര്‍ ബെല്‍റ്റില്‍ എന്താവും താപനിലയെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടാണ്‌ അവിടെ വസ്‌തുക്കള്‍ മഞ്ഞുപാളികള്‍ കൊണ്ട്‌ ആവരണം ചെയ്യപ്പെടുന്നത്‌. മഞ്ഞ്‌ വെള്ളത്തിന്റെ വകഭേദം മാത്രമാണല്ലോ. സൗരയൂഥത്തിന്റെ ബാഹ്യമേഖലയാണ്‌ ഊര്‍റ്റ്‌ ക്ലൗഡ്‌. സൂര്യനില്‍ നിന്ന്‌ അരലക്ഷം മുതല്‍ ഒരുലക്ഷം വരെ അസ്‌ട്രോണമിക്കല്‍ യൂണിറ്റ്‌ അകലെയാണ്‌ അതിന്റെ സ്ഥാനമെന്നു കണക്കാക്കുന്നു. നമ്മള്‍ കാണാറുള്ള പല വാല്‍നക്ഷത്രങ്ങളുടെയും ഉറവിടം ഊര്‍റ്റ്‌ ക്ലൗഡാണ്‌. വാല്‍നക്ഷത്രങ്ങളുടെ ശിരസ്സ്‌ പ്രധാനമായും മഞ്ഞുപാളികള്‍ കൊണ്ടാണല്ലോ നിര്‍മിക്കപ്പെട്ടിട്ടുള്ളത്‌.

ഒരു കമന്റിനും പ്രതികരിക്കേണ്ട എന്നത്‌ ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ സ്വീകരിച്ച നിലപാടായിരുന്നു. പക്ഷേ, ചില ഉത്തരങ്ങള്‍ പറയാന്‍ ഓരോ മനുഷ്യനും ബാധ്യസ്ഥനാണല്ലോ. തീര്‍ച്ചയായും പെരിങ്ങോടര്‍, നിങ്ങള്‍ എന്റെ മൗനം ഭേദിച്ചിരിക്കുന്നു.
-ജോസഫ്‌ ആന്റണി

പെരിങ്ങോടന്‍ said...

മൌനം ഭഞ്ജിച്ചതു നല്ല കാര്യം, അതൊരു നീരസത്തോടെയെല്ലെന്നും കരുതുന്നു. സംവാദങ്ങളുണ്ടാകട്ടെ, മോണോലോഗുകള്‍ വിവരസാങ്കേതികതയെ എത്ര സഹായിക്കുമെന്നു തീര്‍ച്ചയില്ല.

Btw വെള്ളം (H2O) ഉണ്ടോ എന്നായിരുന്നു ചോദ്യം.

JA said...

നീരസത്തിന്റെ പ്രശ്‌നമുദിക്കുന്നില്ല പെരിങ്ങോടര്‍. ബഹുവചനം പൊറുക്കുക. സ്വാമികള്‍ എന്നു പറയുംപോലെ, ബഹുമാന സൂചകമെന്ന്‌ മാത്രം കരുതുക.

സൗരയൂഥത്തില്‍ 'കിയ്‌പ്പര്‍ ബെല്‍റ്റ്‌ ' മനുഷ്യന്‌ ഇപ്പോഴും എത്തിപ്പിടിക്കാന്‍ കഴിയുന്നതിലും അകലെയാണ്‌. ഭൂമിക്കടുത്തുള്ള ചൊവ്വായില്‍ ജലമുണ്ടോ എന്നകാര്യത്തിനു പോലും തെളിവ്‌ കിട്ടി വരുന്നതേയുള്ളൂ. ആ നിലയ്‌ക്ക്‌ പ്ലൂട്ടോയില്‍ വെള്ളമുണ്ടോ എന്ന സംശയം സ്വാഭാവികം മാത്രം.

ഇക്കാര്യത്തില്‍ നേരിട്ടുള്ള തെളിവൊന്നും കിട്ടിയില്ല. പക്ഷേ, പ്ലൂട്ടോയുള്‍പ്പടെയുള്ള കിയ്‌പ്പര്‍ ബെല്‍റ്റ്‌ വസ്‌തുക്കളില്‍ മഞ്ഞിന്റെ രൂപത്തില്‍ വെള്ളമുണ്ടെന്നു സൂചിപ്പിക്കുന്ന 'രാസമുദ്ര'(chemical signature)കള്‍ നിരീക്ഷണങ്ങളില്‍ ലഭിച്ചിട്ടുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ പ്ലൂട്ടോയിലും മറ്റ്‌ കിയ്‌പ്പര്‍ ബെല്‍റ്റ്‌ വസ്‌തുക്കളിലും മഞ്ഞുപാളികളാണ്‌ കൂടുതലെന്ന്‌ പറയുന്നത്‌.

വ്യക്തമായ തീര്‍പ്പ്‌ ലഭിക്കാന്‍ ഒരുപക്ഷേ, നമ്മള്‍ കുറെ വര്‍ഷം കൂടി കാക്കണം. 2006 ജനവരി 19-ന്‌ നാസ വിക്ഷേപിച്ച 'ന്യൂ ഹൊറെയ്‌സന്‍' ബഹിരാകാശപേടകം 2015-ഓടെ പ്ലൂട്ടോയുടെ സമീപമെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ആ പേടകം നടത്തുന്ന നിരീക്ഷണങ്ങള്‍ പ്ലൂട്ടോയെയും കിയ്‌പ്പര്‍ ബെല്‍റ്റിനെയും സംബന്ധിച്ച സംശയങ്ങള്‍ക്ക്‌ കുറെയെങ്കിലും പരിഹാരമുണ്ടാക്കിയേക്കും.

vipul said...

highly informatiave very interesting like u....