Thursday, August 30, 2007

ഓസോണ്‍ വിള്ളല്‍ ഇക്കുറി നേരത്തേ

അന്റാര്‍ട്ടിക്കിന്‌ മുകളിലെ ഓസോണ്‍ പാളിയില്‍ വര്‍ഷം തോറും പ്രത്യക്ഷപ്പെടാറുള്ള വിള്ളല്‍, ഇക്കുറി നേരത്തെയെത്തിയതായി യു.എന്നിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ലോക കാലാവസ്ഥാ സംഘടന' (WMO) അറിയിച്ചു. ഓസോണ്‍ വിള്ളല്‍ ഒക്ടോബര്‍ ആദ്യം വരെ വളരുമെന്നതിനാല്‍ അതിന്‌ എന്തു വലിപ്പമുണ്ടാകുമെന്ന്‌ ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ലെന്ന്‌ സംഘടന വ്യക്തമാക്കി. അന്റാര്‍ട്ടിക്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓസോണ്‍ വിള്ളല്‍ കണ്ടെത്തിയത്‌ കഴിഞ്ഞ വര്‍ഷമായിരുന്നു.

സൂര്യനില്‍ നിന്നെത്തുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടില്‍ വെച്ച്‌ അരിച്ചു മാറ്റുന്നത്‌ അവിടെയുള്ള ഓസോണ്‍ പാളിയാണ്‌. റഫ്രിജറേറ്ററിലും ശീതീകരണികളിലും മറ്റും വ്യാപകമായി ഉപയോഗിച്ചു വന്ന ക്ലോറോഫ്‌ളൂറോകാര്‍ബണുകള്‍ (CFCs) ആണ്‌ ഓസോണ്‍ പാളിയെ ശോഷിപ്പിച്ചതില്‍ മുഖ്യപ്രതി. ഓസോണ്‍ പാളിയില്ലായിരുന്നെങ്കില്‍ ഭൂമുഖത്ത്‌ ആയിരക്കണക്കിന്‌ ആളുകള്‍ ചര്‍മാര്‍ബുദവും നേതൃരോഗങ്ങളും ബാധിച്ച്‌ ദുരിതത്തിലാകുമായിരുന്നു.

1988-ല്‍ നിലവില്‍ വന്ന മോണ്‍ട്രിയല്‍ ഉടമ്പടി പ്രകാരം സി.എഫ്‌.സികള്‍ പോലുള്ളവയുടെ ഉത്‌പാദനവും ഉപയോഗവും കാര്യമായി പരിമിതപ്പെടുത്താന്‍ ലോകത്തിനായി. പക്ഷേ, ഇതിനകം അന്തരീക്ഷത്തില്‍ എത്തിക്കഴിഞ്ഞ ക്ലോറിനും ബ്രോമിനും ഓസോണ്‍ പാളിക്കു ക്ഷതമേല്‍പ്പിക്കുന്നത്‌ ഏറെ നാള്‍ തുടരുമെന്നും, അതുകൊണ്ടാണ്‌ സി.എഫ്‌.സികളുടെ അളവ്‌ കുറഞ്ഞിട്ടും ഓസോണ്‍ പാളിയില്‍ വര്‍ഷം തോറും വിള്ളല്‍ പ്രത്യക്ഷപ്പെടുന്നതെന്നും വിദഗ്‌ധര്‍ പറയുന്നു.

ഓസോണിനെ അപകടപ്പെടുത്തുന്ന രാസവസ്‌തുക്കളുടെ ഉപയോഗം കുറഞ്ഞെങ്കിലും, അന്റാര്‍ട്ടിക്കില്‍ പ്രത്യക്ഷപ്പെടുന്ന ഓസോണ്‍ വിള്ളലിന്‌ കുറവുണ്ടായിട്ടില്ല-കാലാവസ്ഥാ സംഘടനയുടെ പ്രസ്‌താവന പറയുന്നു. ഇപ്പോഴത്തെ നിലയ്‌ക്ക്‌ അന്റാര്‍ട്ടിക്ക ഒഴികെ മറ്റ്‌ ഭൂഖണ്ഡങ്ങള്‍ക്ക്‌ മുകളില്‍ 1980-ന്‌ മുമ്പത്തെ അവസ്ഥയിലേക്ക്‌ ഓസോണ്‍ പാളി തിരികെയെത്താന്‍ 2049 വരെ കാക്കേണ്ടിവരുമെന്നാണ്‌ കണക്കാക്കുന്നത്‌. അന്റാര്‍ട്ടിക്കയില്‍ അത്‌ പൂര്‍വസ്ഥിതിയിലെത്താന്‍ 2065 എങ്കിലുമാകണമെന്നു യു.എന്‍.പരിസ്ഥിതി പ്രോഗ്രാമും (യു.എന്‍.ഇ.പി) കാലാവസ്ഥാ സംഘടനയും പറയുന്നു.

Monday, August 27, 2007

നക്ഷത്രങ്ങള്‍ സാക്ഷി; 'ഗൂഗിള്‍' ഇനി ആകാശത്തും

ടെലിസ്‌കോപ്പിന്റെ കണ്ടുപിടിത്തമാണ്‌ മനുഷ്യന്‌ പ്രപഞ്ചത്തിലേക്കുള്ള വാതായനം തുറന്നു തന്നത്‌. ആ കണ്ടുപിടിത്തത്തിന്റെ നാനൂറാം വാര്‍ഷികവേളയില്‍, ഇന്റര്‍നെറ്റ്‌ കമ്പനിയായ 'ഗൂഗിള്‍' മറ്റൊരു വാതായനം ആകാശത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു തുറന്നു തന്നിരിക്കുന്നു; 'ഗൂഗിള്‍സ്‌കൈ'. മുന്നിലെ കമ്പ്യൂര്‍ സ്‌ക്രീനില്‍ ഇനി വിര്‍ച്വല്‍ രൂപത്തില്‍ പ്രപഞ്ചം മുന്നിലെത്തും
ണ്ടു പതിറ്റാണ്ടു മുമ്പാണ്‌. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ കാരിക്കുഴിയെന്ന സ്ഥലത്ത്‌ വെള്ളയാണി കാര്‍ഷിക സര്‍വകലാശാലയുടെ ഒരു ആദിവാസി ഗവേഷണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. അവിടെയുള്ള ഉദ്യോഗസ്ഥരില്‍ ഒരു വെറ്ററിനറി സര്‍ജനും ഉള്‍പ്പെട്ടിരുന്നു; ഡോ.രാജ്‌കമല്‍. നാട്ടുകാരായ ഞങ്ങള്‍ കുറെ ചെറുപ്പക്കാരെ അദ്ദേഹമാണ്‌ നക്ഷത്രനിരീക്ഷണം പഠിപ്പിച്ചത്‌. ബാംഗ്ലൂരിലെ പഠനകാലത്ത്‌ ഹോസ്‌റ്റലില്‍ വെച്ചാണ്‌ ഡോ.രാജ്‌കമല്‍ നക്ഷത്രനിരീക്ഷണം അഭ്യസിക്കുന്നത്‌. രാമന്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹത്തിന്റെ മുറിയില്‍ ഒപ്പം താമസിച്ചിരുന്നത്‌. ആറുമാസക്കാലം ഇരുവരും ഹോസ്‌റ്റലിന്റെ ടെറസ്സിന്‌ മുകളില്‍ രാത്രി ഉറക്കമിളച്ചതിന്റെ ഫലമായി പകര്‍ന്നു കിട്ടിയ അറിവാണ്‌, അതിലളിതമായി ഡോ.രാജ്‌കമല്‍ ഞങ്ങള്‍ക്ക്‌ പകര്‍ന്നു തന്നത്‌.

മൃഗഡോക്ടര്‍ നക്ഷത്രനീരീക്ഷണം പഠിപ്പിക്കുന്നത്‌ കൗതുകകരമായി തോന്നാം. പക്ഷേ, ആ നവംബറില്‍ ആദ്യദിവസം തന്നെ താടിക്കാരനായ ആ ഡോക്ടറുടെ ആരാധകരായി ഞങ്ങള്‍ മാറി. കുന്നത്തുമലയുടെ ചെരിവു മുതല്‍ കുരിശുമല വരെ നീളുന്ന ആകാശത്ത്‌ എത്രയെത്ര അത്ഭുതങ്ങളാണ്‌ കാത്തിരിക്കുന്നതെന്ന്‌ അമ്പരപ്പോടെ ഞങ്ങള്‍ മനസിലാക്കി. സിറിയസ്‌ നക്ഷത്രത്തില്‍ നിന്നു തുടങ്ങി രോഹിണി, കാര്‍ത്തികമാരിലൂടെ മുന്നേറി, ഓറിയോണ്‍ എന്ന വേട്ടക്കാരനെ പരിചയപ്പെട്ട്‌, സപ്‌തര്‍ഷികളില്‍ ഒരു മുനിയുടെ ഭാര്യയെക്കണ്ട്‌ കണ്ണിന്‌ കാഴ്‌ചശക്തി ശരിയാണെന്ന്‌ ഉറപ്പു വരുത്തി, ഒരോ രാത്രിയും ഞങ്ങള്‍ക്കു മുന്നില്‍ ആകാശം തെളിഞ്ഞു തെളിഞ്ഞു വന്നു. സൈഗ്നസ്‌ നക്ഷത്രഗണത്തിന്റെ സഹായത്തോടെ ധ്രുവനക്ഷത്രം കണ്ടെത്താന്‍ ഞങ്ങള്‍ പഠിച്ചു. ഏതു കടലിലും വടക്കും തെക്കും തെറ്റില്ലെന്ന്‌ ഉറപ്പുവരുത്തി. സൈഗ്നസ്‌ കോണ്‍സ്‌റ്റലേഷന്റെ പരിസരത്ത്‌ ഒരു തമോഗര്‍ത്തം ഒളിച്ചിരിപ്പുണ്ടെന്ന വിവരം ഞങ്ങള്‍ക്ക്‌ ഗൂഢമായ ഒരാനന്ദം നല്‍കി.

അങ്ങനെ അഞ്ചുമാസം കഴിഞ്ഞു, മെയ്‌ മാസമെത്തി. ഇടവപ്പാതിയുടെ മുന്നൊരുക്കങ്ങള്‍ ആകാശത്ത്‌ കണ്ടു തുടങ്ങി. പല രാത്രികളിലും ആകാശം ഇരുണ്ടുകിടന്നു. നക്ഷത്രങ്ങള്‍ മേഘങ്ങള്‍ക്കുള്ളില്‍ ഒളിച്ചു. ചില രാത്രികളില്‍ മഴയും. ഒടുവില്‍ ഡോ.രാജ്‌കമല്‍ പ്രഖ്യാപിച്ചു; ഈ സീസണിലെ നക്ഷത്രനീരീക്ഷണം അവസാനിച്ചിരിക്കുന്നു. ഞങ്ങളപ്പോള്‍ ആകാശത്തിന്റെ ഒരു പകുതി പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. അടുത്ത സീസണായപ്പോഴേക്കും ഡോ.രാജ്‌കമല്‍ ആ ഗവേഷണകേന്ദ്രം വിട്ടു. ആകാശത്തിന്റെ മറ്റേ പകുതി ഇന്നും അജ്ഞാതം. നക്ഷത്രങ്ങളെയും പ്രപഞ്ചത്തെയും കുറിച്ച്‌ എന്തെങ്കിലും പുതിയ വിവരം അറിയുമ്പോഴൊക്കെ, രാത്രി ഉറക്കമിളച്ചും തന്റെ അറിവ്‌ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്നു കൊടുക്കാന്‍ മടിയില്ലായിരുന്ന ആ നല്ല അധ്യാപകന്റെ രൂപം മനസിലേക്ക്‌ കടന്നുവരും. ഇന്റര്‍നെറ്റ്‌ കമ്പനിയായ 'ഗൂഗിള്‍', നക്ഷത്രങ്ങളിലേക്ക്‌ ഒരു ഓണ്‍ലൈന്‍ പാത വെട്ടിത്തുറന്നിരിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോഴും ആദ്യം മനസിലോര്‍ത്തത്‌ ഡോ.രാജ്‌കമലിനെയായിരുന്നു.

രണ്ടുപതിറ്റാണ്ടു മുമ്പ്‌ വിട്ടിട്ടുപോന്ന ആകാശത്തിന്റെ മറ്റേ പകുതി, മണ്‍സൂണ്‍ മേഘങ്ങളെ പേടിക്കാതെ ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാണാന്‍ കഴിയും. ആകാശം മാത്രമല്ല, ആകാശത്തിനപ്പുറത്ത്‌ പ്രപഞ്ചത്തിന്റെ വിശാല അതിരുകളിലേക്കാണ്‌ 'ഗൂഗിള്‍സ്‌കൈ'(Google Sky) എന്ന പുതിയ സംവിധാനം വാതായനം തുറന്നു തരുന്നത്‌. 'ഗൂഗിള്‍എര്‍ത്ത്‌' (Google Earth) എന്ന ദൃശ്യാനുഭവവുമായി പ്രപഞ്ചത്തെ ഒന്നോടെ കൂട്ടിയിണക്കുന്ന സംവിധാനമാണിത്‌. കോടിക്കണക്കിന്‌ നക്ഷത്രങ്ങളും നക്ഷത്രഗണങ്ങളുമെല്ലാം സ്വന്തം കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ ഒരാള്‍ക്ക്‌ സന്ദര്‍ശിക്കാം; അവയ്‌ക്കിടയില്‍ പര്യവേക്ഷണം നടത്താം. ഒരുപക്ഷേ, ആരും ഇന്നുവരെ സങ്കല്‍പ്പിക്കാന്‍ പോലും കൂട്ടാക്കാതിരുന്ന പുതിയൊരു സാധ്യതയാണ്‌ ഗൂഗിള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്‌.

ഭൗമപ്രതലത്തിന്റെ ത്രിമാനചിത്രങ്ങള്‍ അതിവിദഗ്‌ധമായി സമ്മേളിപ്പിച്ച്‌ ഒരു വിര്‍ച്വല്‍ഭൂമി സൃഷ്ടിക്കുകയാണ്‌ 'ഗൂഗിള്‍എര്‍ത്തി'ല്‍ ചെയ്‌തിരിക്കുന്നതെങ്കില്‍, വിവിധ നിരീക്ഷണാലയങ്ങളും സ്‌പേസ്‌ ടെലിസ്‌കോപ്പുകളും പകര്‍ത്തിയ പ്രപഞ്ചദൃശ്യങ്ങള്‍ വിളക്കിച്ചേര്‍ത്ത്‌ ശരിക്കുമൊരു ആകാശപര്യടനത്തിന്റെ അനുഭവം പ്രദാനം ചെയ്യുകയാണ്‌ 'ഗൂഗില്‍സ്‌കൈ'യില്‍. അതും ത്രിമാനരൂപത്തില്‍ തന്നെ. 'ഗൂഗിള്‍എര്‍ത്തി'ന്റെ സൈറ്റിലെത്തി (http://earth.google.com/sky/skyedu.html) ഒരു സൗജന്യപ്രോഗ്രം ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ മതി, പ്രപഞ്ചം നിങ്ങളുടെ മൗസ്‌ക്ലിക്കിന്റെ അടുപ്പത്തിലെത്തി. 'അതിശയകരം' എന്നാണ്‌ ഗൂഗിളിന്റെ പുതിയ സേവനത്തെ ബ്രിട്ടീഷ്‌ അസ്‌ട്രോണമിക്കല്‍ അസോസിയേഷനിലെ ഡോ.ജോണ്‍ മാന്‍സണ്‍ വിശേഷിപ്പിക്കുന്നത്‌. ടെലസ്‌കോപ്പ്‌ കണ്ടുപിടിച്ചതിന്റെ നാനൂറാം വാര്‍ഷികവേളയിലാണ്‌ പുതിയൊരു പ്രപഞ്ചകവാടം ഗൂഗിള്‍ തുറന്നു തന്നിരിക്കുന്നത്‌ എന്ന കാര്യവും ശ്രദ്ധേയമാണ്‌. ഏതാണ്ട്‌ പത്തുകോടി നക്ഷത്രങ്ങളെയും 20 കോടി ഗാലക്‌സികളെയും സൂം ചെയ്‌തും അവയ്‌ക്കരികിലൂടെ അടുത്തും അകന്നും 'പറന്നും' ഗൂഗിള്‍സ്‌കൈയില്‍ പര്യവേക്ഷണം നടത്താം.

നക്ഷത്രങ്ങള്‍, നെബുലകള്‍, ഗാലക്‌സികള്‍ എന്നിവയെ പൊതുനാമത്തിലും, അവയുടെ കാറ്റലോഗ്‌ നാമത്തിലും 'ഗൂഗിള്‍സ്‌കൈ'യില്‍ തിരയാം (സെര്‍ച്ച്‌ ചെയ്യാം). ഉദാഹരണത്തിന്‌ 'ക്രാബ്‌ നെബുല', 'വിള്‍പൂള്‍ ഗാലക്‌സി' എന്നിങ്ങനെയുള്ള പൊതുനാമങ്ങളില്‍, അല്ലെങ്കില്‍ M51, NGC 5194 തുടങ്ങിയ കാറ്റലോഗ്‌ നാമങ്ങളില്‍. 'ഓമേഗ സെഞ്ചുറി'യെന്ന ഭീമന്‍ നക്ഷത്രഗണത്തെ തിരയുകയാണെന്നു വെയ്‌ക്കുക. ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പ്‌ പകര്‍ത്തിയ അതിന്റെ വിസ്‌മയ ദൃശ്യത്തിലേക്ക്‌ നിങ്ങള്‍ സൂം ചെയ്യപ്പെടും. ഒരു പ്രാപഞ്ചികവസ്‌തുവില്‍ ഇരട്ടക്ലിക്ക്‌ നടത്തിയാല്‍, അതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ലിങ്കുകളും പുതിയൊരു വിന്‍ഡോ ആയി തെളിഞ്ഞു വരും; ലിങ്ക്‌ മിക്കവാറും വിക്കിപീഡിയയെന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശത്തിലേക്കുള്ളതായിരിക്കും. ഇത്രയും പറഞ്ഞതു കൊണ്ട്‌ പ്രപഞ്ചത്തിലുള്ള എന്തും 'ഗൂഗിള്‍സ്‌കൈ' ഉപയോഗിച്ചു തിരയാമെന്നോ, പര്യവേക്ഷണം നടത്താമെന്നോ അര്‍ത്ഥമില്ല. ഏറ്റവും പ്രകാശമാനമുള്ളതും ഏറ്റവും പ്രശസ്‌തിയാര്‍ജിച്ചതുമായ വസ്‌തുക്കള്‍ മാത്രമേ ഇപ്പോള്‍ ലഭ്യമാകൂ.

രണ്ട്‌ പ്രമുഖ നിരീക്ഷണാലയങ്ങള്‍ നടത്തിയ ആകാശ സര്‍വേകളിലെ വിവരങ്ങളും ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ ശേഖരിച്ചിട്ടുള്ള നിരീക്ഷണഡേറ്റയും ത്രിമാനതലത്തില്‍ സമ്മേളിപ്പിച്ചാണ്‌ 'ഗൂഗിള്‍സ്‌കൈ' യാഥാര്‍ത്ഥ്യമാകുന്നത്‌. കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) ക്കു കീഴിലുള്ള 'പലോമര്‍ ഒബ്‌സര്‍വേറ്ററി' ഉത്തരാര്‍ധഗോളത്തിലും, 'ആന്‍ഗ്ലോ-ഓസ്‌ട്രേലിയന്‍ ഒബ്‌സര്‍വേറ്ററി' ദക്ഷിണാര്‍ധഗോളത്തിലും നടത്തിയ ആകാശസര്‍വേകളാണ്‌ ഗൂഗിള്‍ ഉപയോഗിക്കുന്നത്‌. കൂടാതെ രണ്ട്‌ അര്‍ധഗോളഭാഗത്തും ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ നടത്തിയ നിരീക്ഷണവിവരങ്ങളുമുണ്ട്‌. നക്ഷത്രഗണങ്ങള്‍, സൗരയൂഥത്തിലെ ഗ്രഹചലനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ കൂട്ടിച്ചേര്‍ക്കാനും ഗൂഗിള്‍സ്‌കൈ അവസരമൊരുക്കുന്നു.

"വിവരസാങ്കേതികവിദ്യ വഴി ശാസ്‌ത്രം മാത്രമല്ല വിപ്ലവകരമായി മാറുന്നത്‌, വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തുന്ന രീതിയും മാറ്റിമറിക്കപ്പെടുകയാണ്‌"-'കാല്‍ടെക്കി'ലെ വാനശാസ്‌ത്രജ്ഞനായ ജോര്‍ജ്‌ ഡിജോര്‍ഗോവിസ്‌കി അഭിപ്രായപ്പെടുന്നു. ഗൂഗിള്‍സ്‌കൈയ്‌ക്ക്‌ ഇനിയും അത്ഭുതകരമായ ഉപയോഗങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ എന്നദ്ദേഹം പറയുന്നു. പ്രകാശമലിനീകരണം മൂലം നിറംകെട്ട ആകാശം വിധിക്കപ്പെട്ട നഗരവാസികള്‍ക്കും ഗൂഗിള്‍സ്‌കൈ ആശ്വാസം പകരും. നഗരങ്ങളില്‍ നൂറുകണക്കിന്‌ ഹാലജന്‍ ബള്‍ബുകളും നിയോണ്‍ പ്രഭയും കണ്ണഞ്ചിക്കുന്ന പരസ്യബോര്‍ഡുകളും തല്ലിക്കെടുത്തിയ ആകാശത്തെ ഗൂഗിള്‍സ്‌കൈ കമ്പ്യൂട്ടര്‍ സ്‌ക്രീനിലൂടെ വീണ്ടെടുത്തു തരുമെന്നത്‌ തീര്‍ച്ചയായും ആശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്‌. (കടപ്പാട്‌: ടെലിഗ്രാഫ്‌, ഗൂഗിള്‍)

Sunday, August 26, 2007

ബധിരതയകയറ്റാന്‍ പ്രകാശം

കാഴ്‌ചയ്‌ക്കുള്ളതാണ്‌ പ്രകാശമെന്ന്‌ നമുക്കറിയാം. എന്നാല്‍, കേഴ്‌വിക്കും പ്രകാശം ഉപയോഗിക്കാം എന്നു കണ്ടെത്തിയിരിക്കുകയാണ്‌ ഒരുസംഘം ഗവേഷകര്‍. കണ്ടുപിടിത്തങ്ങളുടെ വഴികള്‍ പലപ്പോഴും പ്രതീക്ഷിക്കുന്നതിലും വിചിത്രമായിരിക്കുമെന്ന വസ്‌തുതയ്‌ക്ക്‌ അടിവരയിടുകയാണ്‌ ഈ ഗവേഷണം.

ധിരതയുടെ ദുരിതം പേറുന്നവര്‍ക്ക്‌ ആശ്വാസമേകാന്‍ പ്രകാശമെത്തുന്നു; ലേസറിന്റെ രൂപത്തില്‍. ശ്രവണശക്തി വീണ്ടെടുക്കാന്‍ ഉപയോഗിക്കുന്ന 'കോക്ലിയര്‍ ഇംപ്ലാന്റുകളു'ടെ (cochlear implants) പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ ലേസറുകള്‍ക്കു കഴിയുമെന്നാണ്‌ പുതിയ കണ്ടെത്തല്‍. നിലവില്‍ ഇത്തരം ഇംപ്ലാന്റുകളില്‍ ഉപയോഗിക്കുന്നത്‌ വൈദ്യുത സിഗ്നലുകളാണ്‌. അതിനു പകരം ലേസര്‍ ഉപയോഗിക്കുമ്പോള്‍ മികച്ച ഫലം നല്‍കുന്നു എന്നാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌.

ലോകത്ത്‌ ഒരു ലക്ഷം പേര്‍ക്കെങ്കിലും ശബ്ദത്തിന്റെ ലോകം തുറന്നു കൊടുത്തിട്ടുള്ളത്‌ കോക്ലിയര്‍ ഇംപ്ലാന്റുകളാണ്‌. ശസ്‌ത്രക്രിയ ചെയ്‌ത്‌ ചെവിക്കുള്ളിലും തലയ്‌ക്കു പുറത്തുമായി ഘടിപ്പിക്കുന്ന ഈ സംവിധാനത്തിന്റെ സഹായത്തോടെ പലര്‍ക്കും ടെലഫോണും മറ്റും ഉപയോഗിക്കാന്‍ കഴിയുമെങ്കിലും, സാധാരണ ശ്രവണശക്തി തിരികെ നല്‍കാന്‍ ഇവയ്‌ക്കാവില്ല. ഇത്തരം ഇംപ്ലാന്റുകളില്‍ ലേസര്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുമെന്ന്‌ ഷിക്കാഗോയില്‍ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

മനുഷ്യനുള്‍പ്പടെയുള്ള സസ്‌തനികളില്‍ ശബ്ദം തിരിച്ചറിയപ്പെടുന്നത്‌ നാഡീസ്‌പന്ദനങ്ങളുടെ (neural firing) തോതനുസരിച്ചാണ്‌. ചെവിക്കുള്ളിലെ ശ്രവണനാഡി (auditory nerve) യാണ്‌ ഈ സ്‌പന്ദനങ്ങളെ മസ്‌തിഷ്‌കത്തിലെത്തിക്കുന്നത്‌. ശ്രവണനാഡിയിലൂടെയുള്ള സ്‌പന്ദനതോത്‌ ഇന്‍ഫ്രാറെഡ്‌ ലേസര്‍ രശ്‌മികളുപയോഗിച്ച്‌ നിയന്ത്രിക്കാനാകുമെന്ന്‌, നോര്‍ത്ത്‌വെസ്‌റ്റേണിലെ ക്ലൗസ്‌ പീറ്റര്‍ റിച്ചെറും സംഘവും മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു. ഈ ഫലം കോക്ലിയര്‍ ഇംപ്ലാന്റുകളെ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാമെന്നാണ്‌ പ്രതീക്ഷ. അമേരിക്കയിലെ 'നാഷണല്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ഡീഫ്‌നെസ്സ്‌ ആന്‍ഡ്‌ അഥെര്‍ കമ്മ്യൂണിക്കേഷന്‍ ഡിസ്‌ഓര്‍ഡേസ്‌ ' (NIDCD) ആണ്‌ ഗവേഷണത്തിന്‌ ഫണ്ട്‌ നല്‍കുന്നത്‌.

നിലവിലുള്ള കോക്ലിയര്‍ ഇംപ്ലാന്റുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതസിഗ്നലുകള്‍, ശരീരത്തിലെ നനവുള്ള, ലവണാംശം കലര്‍ന്ന പരിസ്ഥിതിയില്‍ ചിതറിപ്പോവാറുണ്ട്‌. ചെവിയ്‌ക്കുള്ളില്‍ കോക്ലിയയിലെ വിവിധയിനം നാഡീനാരുകളെ കൃത്യമായി സൂക്ഷ്‌മതയോടെ സ്‌പന്ദിപ്പിക്കാന്‍ ഇത്‌ തടസ്സമാകുന്നു. മാത്രമല്ല, പ്രത്യേക നാഡീഭാഗങ്ങള്‍ക്കു പകരം ചിതറിയ സിഗ്നലുകള്‍ കോക്ലിയയെ മൊത്തത്തില്‍ ഉത്തേജിപ്പിക്കുന്നതും ശ്രവണപ്രക്രിയ സങ്കീര്‍ണമാക്കുന്നു. സാധാരണ കോക്ലിയര്‍ ഇംപ്ലാന്റുകളില്‍ 16 അല്ലെങ്കില്‍ 24 ഇലക്ട്രോഡുകളുണ്ട്‌. അവയില്‍ ഒന്നോ രണ്ടോ എണ്ണം മാത്രം സ്‌പന്ദിപ്പിക്കുന്ന രീതിയാണ്‌ ഈ പ്രശ്‌നം മറികടക്കാന്‍ വിദഗ്‌ധര്‍ അവലംബിക്കാറ്‌. പക്ഷേ, അപ്പോള്‍ യഥാര്‍ത്ഥ ശബ്ദത്തിന്റെ മാധുര്യം ശ്രോതാവിന്‌ അപ്രാപ്യമാകുന്നു.

എന്നാല്‍, ലേസര്‍ കിരണത്തിന്‌ നാഡീനാരുകളില്‍ സൂക്ഷ്‌മമായി കേന്ദ്രീകരിക്കാന്‍ കഴിയും, സൂചിമുന മാതിരി. വൈദ്യുത സിഗ്നലുകളെപ്പോലെ നനവോ ലവണാംശമോ ഇവയെ ചിതറിക്കില്ല. അതിനാല്‍ നാഡിസ്‌പന്ദനങ്ങള്‍ കൃത്യമായി പുറപ്പെടുവിക്കും വിധം ലേസറുകള്‍ പ്രവര്‍ത്തിക്കും. വലിയ തകരാറില്ലാതെ ശബ്ദം ശ്രവിക്കാന്‍ ഇത്‌ വഴിയൊരുക്കും.

എന്നാല്‍, ശ്രവണനാഡി ഏറെക്കാലം ഇത്തരത്തില്‍ ഉത്തേജിപ്പിക്കുന്നത്‌ സുരക്ഷിതണോ എന്നതാണ്‌ പ്രശ്‌നം. റിച്ചറും സംഘവും മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍, ആറ്‌ മണിക്കൂര്‍ വരെ തുടര്‍ച്ചയായി ലേസര്‍ ഉത്തേജനത്തിന്‌ വിധേയമാക്കിയിട്ടും ശ്രവണനാഡിക്ക്‌ കാര്യമായ തകരാര്‍ കണ്ടില്ലെന്ന്‌ 'ടെക്‌നോജളി റിവ്യു' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. സുരക്ഷിതത്വം ഉറപ്പാക്കാന്‍ മൃഗങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തിയ ശേഷമേ, മനുഷ്യരില്‍ ഈ മാര്‍ഗ്ഗം പരീക്ഷിക്കാനാവൂ. അതിന്‌ ചിലപ്പോള്‍ വളര്‍ഷങ്ങള്‍ വേണ്ടിവരും.

ഒരോ പ്രത്യേക തരംഗദൈര്‍ഘ്യമുള്ള ലേസറുകളോട്‌ മാത്രം പ്രതികരിക്കാനും, അതിനനുസരിച്ച്‌ സ്‌പന്ദനങ്ങള്‍ പുറപ്പെടുവിക്കാനും പാകത്തില്‍ ശ്രവണനാഡീകോശങ്ങളെ ജീന്‍തെറാപ്പി വഴി പരുവപ്പെടുത്താനും ഭാവിയില്‍ കഴിഞ്ഞേക്കുമെന്ന്‌ 'മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോജളി' (MIT) യിലെ എഡ്‌ ബോയ്‌ഡെന്‍ പറയുന്നു. പ്രകാശോത്തേജനം വഴി ശ്രവണനാഡിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഈ മാര്‍ഗ്ഗം, ബധിരതയ്‌ക്കെതിരെ ഭാവിയില്‍ ഏറ്റവും വലിയ ആയുധമായിക്കൂടെന്നില്ല. (അവലംബം: ടെക്‌നോളജി റിവ്യു. കടപ്പാട്‌: മാതൃഭൂമി).

Wednesday, August 22, 2007

ഗൂഗിളിന്‌ ഇനി 'ഇന്ത്യന്‍ മുഖം'

മലയാളം ഉള്‍പ്പടെ 12 പ്രമുഖ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമായ വിവരങ്ങള്‍ സെര്‍ച്ച്‌ ചെയ്‌തെടുക്കാവുന്ന സംവിധാനം ഗൂഗിള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിളിന്റെ ഈ ചുവടുമാറ്റം, ഭാഷകളുടെ അതിരുകളും പരിമിതികളും ഇന്റര്‍നെറ്റില്‍ മായ്‌ച്ചുകളയാനുള്ള ശക്തമായ ഒരു മുന്നേറ്റത്തിന്റെ തുടക്കമാണ്‌

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ കമ്പനിയായ ഗൂഗിളിന്റെ (Google) സെര്‍ച്ചിങ്‌ പോലുള്ള സേവനങ്ങള്‍ ഇനി മുതല്‍ മലയാളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാകും. ഇംഗ്ലീഷ്‌ ഭാഷയില്‍ പ്രാഗത്ഭ്യം കുറഞ്ഞ ഉപഭോക്താക്കള്‍ക്ക്‌ സ്വന്തം ഭാഷയില്‍ തന്നെ ഗൂഗിളിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങ്‌ നടത്താം; അതാത്‌ ഭാഷകളില്‍ നെറ്റിലുള്ള വിവരങ്ങള്‍ തേടാം. ഇന്റര്‍നെറ്റില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ മായ്‌ച്ചു കളയാന്‍ പോന്ന ശ്രദ്ധേയമായ ഒരു കാല്‍വെപ്പായി ഇത്‌ വിലയിരുത്തപ്പെടുന്നു.

ഒരു ഡസണ്‍ പ്രമുഖ ഇന്ത്യന്‍ഭാഷകളിലും, നേപ്പാളി, സിന്‍ഹള ഭാഷകളിലും ഉപയോഗിക്കാന്‍ സാധിക്കും വിധം 'വിര്‍ച്വല്‍' കീബോഡുകള്‍ ഗൂഗിളിന്റെ പരീക്ഷശാലയായ 'ഗൂഗിള്‍ലാബ്‌സ്‌' ലഭ്യമാക്കിക്കഴിഞ്ഞു. അവയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ സെര്‍ച്ച്‌ പദാവലികള്‍ സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നേരിട്ടു ടൈപ്പു ചെയ്യാം, വിവരങ്ങള്‍ തേടുകയുമാകാം. (മലയാളം വിര്‍ച്വല്‍ കീബോര്‍ഡിനെപ്പറ്റി സിബുവിന്റെ ബ്ലോഗിലുണ്ട്‌. ലിങ്ക്‌ ഇവിടെ).

'ലിപിമാറ്റവ്യവസ്ഥ' (transliteration) ഉപയോഗിച്ച്‌ ഹിന്ദിയില്‍ എഴുതാന്‍ കഴിയുന്ന (ഹിന്ദിയിലെ ഉച്ചാരണത്തിനനുസരിച്ചുള്ള ഇംഗ്ലീഷ്‌ എഴുത്തിലൂടെ ഹിന്ദി സൃഷ്ടിക്കുന്ന രീതി. മലയാളത്തില്‍ ഇപ്പോള്‍ നിലവിലുള്ള, മംഗ്ലീഷ്‌ വഴി മലയാളം എഴുതുന്ന 'മൊഴിസ്‌കീം' പോലെ) ഒരു സംവിധാനവും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്‌. അങ്ങനെ എഴുതി കിട്ടുന്ന ഹിന്ദി വാക്കുകള്‍, സെര്‍ച്ച്‌ വിന്‍ഡോയില്‍ നല്‍കി ഹിന്ദിയില്‍ സെര്‍ച്ചിങ്‌ ആകാം. അല്ലെങ്കില്‍, ബ്ലോഗുകള്‍ക്കും ഗൂഗിള്‍ ഡോക്യുമെന്റുകള്‍ക്കും മറ്റും രചനകളും ഇത്തരത്തില്‍ ഡേറ്റ സൃഷ്ടിക്കലും ആകാം.

ഹിന്ദിയില്‍ മാത്രമല്ല, മറ്റ്‌ ഇന്ത്യന്‍ഭാഷകളിലും സമാനമായ ലിപിമാറ്റ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ ഗൂഗിള്‍ ഉദ്ദേശിക്കുന്നതായി, കമ്പനിയുടെ ബാംഗ്ലൂര്‍ കേന്ദ്രത്തിന്റെ മേധാവിയും എഞ്ചിനയറിങ്‌ ഡയറക്ടറുമായ പ്രസാദ്‌ റാം അറിയിക്കുന്നു. ശരിക്കു പറഞ്ഞാല്‍ മലയാളത്തില്‍ ഈ സംവിധാനം ഇപ്പോള്‍ തന്നെ വികസിച്ചിട്ടുണ്ട്‌. മലയാളം യുണീകോഡില്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍, ബ്ലോഗുകളിലും മലയാളം വിക്കിപീഡിയ ഉള്‍പ്പടെയുള്ള മലയാളം യുണീകോഡ്‌ സൈറ്റുകളിലും നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകും.

ഏത്‌ ഭാഷയുടെയും യുണീകോഡിനെ പിന്തുണയ്‌ക്കും വിധം ഗൂഗിള്‍ നടത്തുന്ന ഈ ചുവടുവെപ്പ്‌ മലയാളം പത്രങ്ങളുടെയും ചാനലുകളുടെയും ഓണ്‍ലൈന്‍ എഡിഷനുകള്‍ അത്യന്തം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്‌. കാരണം മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ സംരംഭങ്ങളൊന്നും യുണീകോഡിലേക്ക്‌ മാറിയിട്ടില്ല; വ്യത്യസ്‌ത മലയാളം ഫോണ്ടുകളാണ്‌ ഇവയെല്ലാം ഉപയോഗിക്കുന്നത്‌. ഗൂഗിളില്‍ മലയാളത്തില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ ഒറ്റ മലയാള പത്രത്തിന്റെയും ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വിവങ്ങള്‍ ലഭിക്കാത്തതിന്‌ കാരണം ഇതാണ്‌. ഈ സ്ഥിതി മാറ്റാന്‍ മലയാളം പത്രങ്ങള്‍ ശ്രമിച്ചില്ലെങ്കില്‍, സെര്‍ച്ചിങിന്റെ അതിരുകള്‍ക്ക്‌ വെളിയില്‍ അവയ്‌ക്ക്‌ അജ്ഞാതവാസം തുടരേണ്ടി വരും (ശുഭസൂചകമായി ചെറിയ മാറ്റം ഇക്കാര്യത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്‌-'മാതൃഭൂമി' ഇപ്പോള്‍ ഭാഗികമായി യുണീകോഡിലേക്ക്‌ മാറിയിരിക്കുന്നു).

ഇന്ത്യയിലെ എണ്ണമറ്റ നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കുമായി പ്രാദേശിക വിവരങ്ങള്‍ തേടാന്‍ സഹായിക്കുന്ന സംവിധാനമാണ്‌ ഇന്ത്യയ്‌ക്കായി ഗൂഗിള്‍ ഒരുക്കുന്ന മറ്റൊരു സേവനം. വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, പ്രാദേശിക വ്യാപാരസ്ഥാപനങ്ങളുടെയും മറ്റ്‌ സ്ഥാപനങ്ങളുടെയും സ്ഥാനങ്ങള്‍ ഒക്കെ ഇത്തരത്തില്‍ ലഭ്യമാക്കും. മാത്രമല്ല, ഇത്തരം സ്ഥാപനങ്ങള്‍ക്ക്‌ വെബ്‌സൈറ്റുകളുണ്ടെങ്കില്‍ അവയുടെ ലിങ്കുകളും നല്‍കും. ഇത്തരം പ്രാദേശിക സ്ഥാപനങ്ങളെ ഓണ്‍ലൈനില്‍ കൊണ്ടുവരാനുള്ള ശ്രമവും ഗൂഗിള്‍ നടത്തും.

ഇന്ത്യന്‍ ഭാഷാ കീബോര്‍ഡുകളുടെയും ഹിന്ദി ട്രാന്‍ലിറ്ററേഷന്‍ സംവിധാനത്തിന്റെയും ലിങ്കുകള്‍ 'ഗൂഗിള്‍ ഇന്ത്യ ലാബ്‌സി'ല്‍ (http://labs.google.co.in/) ലഭ്യമാണ്‌. പ്രാദേശിക സെര്‍ച്ച്‌ സംവിധാനത്തിന്റെയും (http://local.google.co.in/) ലിങ്കുണ്ട്‌. പ്രാദേശിക വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ക്ക്‌ പുതിയ വിവരങ്ങള്‍ ചേര്‍ക്കാന്‍ www.google.co.in/local/add എന്ന ലിങ്ക്‌ സഹായിക്കും. (അവലംബം: പി.ടി.ഐ, കടപ്പാട്‌: ദി ഹിന്ദു, 22 ആഗസ്‌ത്‌ 2007)

Tuesday, August 21, 2007

മറ്റൊരു ജീവന്‍; അകാര്‍ബണിക ധൂളികളില്‍

ഭൂമിക്കു വെളിയില്‍ ജീവന്റെ നിലനില്‍പ്പിന്‌ ഓര്‍ഗാനിക്‌ സംയുക്തങ്ങള്‍ അനിവാര്യമായിരിക്കില്ലെന്ന്‌ പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. നമുക്കു പരിചയമുള്ള രൂപത്തിലല്ലാതെ നക്ഷത്രധൂളീപഥങ്ങളിലും മറ്റും ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതയാണ്‌ ഈ പഠനം മുന്നോട്ടു വെയ്‌ക്കുന്നത്‌

ഭൂമിയില്‍ ജീവന്‌ ഓര്‍ഗാനിക്‌ അടിത്തറയാണുള്ളത്‌. കാര്‍ബണ്‍ഡയോക്‌സയിഡും കാര്‍ബൊണേറ്റുകളും ഒഴികെയുള്ള, കാര്‍ബണിക തന്‍മാത്രകള്‍ (organic molecules) ആണ്‌ ജീവന്റെ നിലനില്‍പ്പിന്‌ അടിസ്ഥാനം. മനുഷ്യന്‍ പരിചയിച്ചിട്ടുള്ള ജീവരൂപങ്ങള്‍ക്കെല്ലാം ഇത്‌ ബാധകമാണ്‌. അതിനാല്‍, വിദൂര നക്ഷത്രപഥങ്ങളില്‍ അകാര്‍ബണിക സംയുക്തങ്ങളുടെ ധൂളികളില്‍ ജീവന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു കേട്ടാലോ. വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, അന്യലോകങ്ങളില്‍ അകാര്‍ബണിക സംയുക്തങ്ങളെ അടിസ്ഥാനശിലകളാക്കി ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നതിന്‌ ഒരു അന്താരാഷ്ട്ര ഗവേഷക സംഘം തെളിവു ഹാജരാക്കിയിരിക്കുന്നു. ഭൂമിക്കു വെളിയില്‍ ജീവന്റെ നിലനില്‍പ്പിന്‌ കാര്‍ബണിക സംയുക്തങ്ങള്‍ അത്ര അനിവാര്യമായിരിക്കില്ല എന്നാണ്‌ പുതിയ കണ്ടെത്തല്‍ നല്‍കുന്ന സൂചന.

അനുയോജ്യമായ സാഹചര്യങ്ങളില്‍ അകാര്‍ബണിക ധൂളികള്‍ വാര്‍ത്തുള രൂപഘടനകള്‍ (helical structures) ആയി മറുമെന്നും, ഓര്‍ഗാനിക്‌ സംയുക്തങ്ങളും ജീവരൂപങ്ങളും ചെയ്യും പോലെ ഇവയും പരസ്‌പരം പ്രതികരിക്കുകയും ജീവന്റെ ലക്ഷണങ്ങള്‍ കാട്ടുകയും ചെയ്യുമത്രേ. റഷ്യന്‍ ഗവേഷകനായ വി.എന്‍. ടിസിറ്റോവിച്ചും സംഘവുമാണ്‌, സങ്കീര്‍ണമായ അകാര്‍ബണിക ധൂളീഘടനകളെക്കുറിച്ച്‌ നടത്തിയ പഠനത്തിനൊടുവില്‍ ഈ നിഗമനത്തിലെത്തിയത്‌. ശാസ്‌ത്രകല്‍പ്പിത കഥകളെ തോല്‌പിക്കുന്ന ഈ കണ്ടെത്തല്‍ 'ന്യൂ ജേര്‍ണല്‍ ഓഫ്‌ ഫിസിക്‌സി'ലാണ്‌ വിവരിച്ചിട്ടുള്ളത്‌.

റഷ്യന്‍ അക്കാദമി ഓഫ്‌ സയന്‍സിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ജനറല്‍ ഫിസിക്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ ശാസ്‌ത്രജ്ഞനാണ്‌ ടിസിറ്റോവിച്ച്‌. ജര്‍മനിയില്‍ ഗാര്‍ച്ചിങിലുള്ള 'മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ എക്ട്രാടെറസ്‌ട്രിയല്‍ ഫിസിക്‌സിലെ'യും, ഓസ്‌ട്രേലിയയില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സിഡ്‌നിയിലെയും ഗവേഷകരാണ്‌ 'പ്ലാസ്‌മാ'വസ്ഥയിലുള്ള സങ്കീര്‍ണരൂപഘടനകള്‍ പഠനവിധേയമാക്കിയത്‌. ഖരം, ദ്രാവകം, വാതകം എന്നിവ കഴിഞ്ഞാല്‍ ദ്രവ്യത്തിന്റെ നാലാമത്തെ രൂപമാണ്‌ 'പ്ലാസ്‌മ'. അത്യുന്നത ഊഷ്‌മാവില്‍ ആറ്റങ്ങളിലെ ഇലക്ട്രോണുകള്‍ സ്വതന്ത്രകണങ്ങളെപ്പോലെ പെരുമാറുന്ന അവസ്ഥയാണിത്‌. സൂര്യനിലും നക്ഷത്രങ്ങളിലുമൊക്കെ ദ്രവ്യം ഈ അവസ്ഥയിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

ഇത്രകാലവും ഭൗതീകശാസ്‌ത്രജ്ഞര്‍ കരുതിയിരുന്നത്‌ പ്ലാസ്‌മ പോലുള്ള കണികാമേഘങ്ങളില്‍ വളരെക്കുറച്ച്‌ സമ്മേളിക്കലേ നടക്കൂ എന്നാണ്‌. എന്നാല്‍, വൈദ്യുതചാര്‍ജുകള്‍ വേര്‍പെടത്തക്കവിധത്തില്‍ പ്ലാസ്‌മയിലെ കണങ്ങള്‍ക്ക്‌ സ്വയംസമ്മേളിച്ച്‌ ധ്രുവീകരണമുണ്ടാക്കാനുള്ള കഴിവുണ്ടെന്ന്‌, കമ്പ്യൂട്ടര്‍ മാതൃകകള്‍ ഉപയോഗിച്ച്‌ ടിസിറ്റോവിച്ചും സംഘവും സ്ഥാപിച്ചു. ഇതിന്റെ ഫലമായി ഖരകണങ്ങളുടെ സൂക്ഷ്‌മനാരുകള്‍ ചുറ്റിപ്പിണഞ്ഞ്‌ കോര്‍ക്ക്‌ക്രൂവിന്റെ ഘടന കൈവരുന്നതായി ഗവേഷകര്‍ കണ്ടു. ഇത്തരം വാര്‍ത്തുള രൂപഘടനകള്‍ ഇലക്ട്രോണിക്‌ ചാര്‍ജുള്ളവയും പരസ്‌പരം ആകര്‍ഷിക്കുന്നവയുമാണ്‌.

ജന്മപ്രേരണ കൊണ്ടെന്ന പോലെ ഈ വാര്‍ത്തുളഘടനകള്‍ പരസ്‌പരം ആകര്‍ഷിക്കുക മാത്രമല്ല, ഡി.എന്‍.എ, പ്രോട്ടീനുകള്‍ തുടങ്ങിയ ജൈവതന്മാത്രകളുമായി ബന്ധപ്പെട്ടു മാത്രം കണ്ടിട്ടുള്ള ചില മാറ്റങ്ങള്‍ക്ക്‌ വിധേയമാകുകയും ചെയ്യുന്നു എന്ന കാര്യം ഗവേഷകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. ഉദാഹരണത്തിന്‌, കോശങ്ങളുടെ വിഭജനവേളയില്‍ ഡി.എന്‍.എ.തന്മാത്രകള്‍ക്കു സംഭവിക്കുന്നതു പോലെ ഈ വര്‍ത്തുളഘടനകള്‍ക്കും വിഭജിക്കാന്‍ സാധിക്കും. ആദ്യഘടനയുടെ രണ്ട്‌ കോപ്പികളായി അവയ്‌ക്കു മാറാനാകും. മാത്രമല്ല, സമീപമുള്ള മറ്റു രൂപങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച്‌ കൂടുതല്‍ സ്ഥിരതയുള്ളവയായി മാറാനും ഇവയ്‌ക്കു കഴിയും. സ്ഥിരത കുറഞ്ഞവ അതിജീവിക്കില്ല. എന്നുവെച്ചാല്‍, 'കഴിവുള്ളവ അതിജീവിക്കുന്ന അവസ്ഥ' പ്ലാസ്‌മയിലും സംഭവിക്കുന്നു എന്നര്‍ത്ഥം. ജീവലോകത്ത്‌ പരിണാമത്തിന്റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത്‌ ഈ പ്രക്രിയയാണ്‌.

നക്ഷത്രധൂളികളിലെ പ്ലാസ്‌മാഘടനകള്‍ ഇത്തരത്തില്‍ ജീവിക്കുകയാകുമോ? "ഇത്തരം സങ്കീര്‍ണമായ സ്വയംസംഘടിത പ്ലാസ്‌മാഘടനകള്‍ അകാര്‍ബണിക ജീവരൂപങ്ങള്‍ക്കു വേണ്ട എല്ലാ സ്വഭാവങ്ങളും പ്രദര്‍ശിപ്പിക്കുന്നു"-ടിസിറ്റോവിച്ച്‌ പറയുന്നു. "അവ സ്വാശ്രയമായ, പുനരുത്‌പാദനക്ഷമമായ, സ്വയം ഉരുത്തിരിയുന്ന ഘടനകളാണ്‌". ഇത്തരം വാര്‍ത്തുള പ്ലാസ്‌മാഘടനകള്‍ക്ക്‌ അനുയോജ്യമായ സാഹചര്യങ്ങള്‍ ബാഹ്യപ്രപഞ്ചത്തില്‍ സുലഭമാണ്‌. ഒരുപക്ഷേ, ഭൂമിയില്‍ ആദിമജീവന്‍ ഉരുത്തിരിഞ്ഞതുപോലും ഇത്തരത്തിലുള്ള അകാര്‍ബണിക ജീവരൂപം ആയിട്ടാകാമെന്ന്‌ ഗവേഷകര്‍ സംശയിക്കുന്നു. ഇത്തരമേതെങ്കിലും ഭിന്നജീവരൂപം, ഇന്നു നമുക്കു പരിചിതമായ ഓര്‍ഗാനിക്‌ തന്മാത്രകളുടെ ആദിമ ചട്ടക്കൂട്‌ (template) ആയി പ്രവര്‍ത്തിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന്‌ ഗവേഷകര്‍ കരുതുന്നു. (അവലംബം: ന്യൂ ജേര്‍ണല്‍ ഓഫ്‌ ഫിസിക്‌സ്‌)

Sunday, August 19, 2007

ട്യൂമറുകള്‍ നശിപ്പിക്കാന്‍ വൈദ്യുതമണ്ഡലം


അര്‍ബുദ ചികിത്സയില്‍ പുത്തന്‍ പ്രതീക്ഷ
വൈദ്യുതമണ്ഡലത്തിന്റെ സഹായത്തോടെ മസ്‌തിഷ്‌ക ട്യൂമറുകള്‍ നശിപ്പിക്കാനുള്ള സങ്കേതവുമായി ഒരു ഇസ്രായേലി ഗവേഷകന്‍ രംഗത്തെത്തി. ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കാതെ അര്‍ബുദകോശങ്ങളെ മാത്രം നശിപ്പിക്കാനുള്ള സങ്കേതമാണിത്‌.

പരീക്ഷണ ഘട്ടത്തിലുള്ള ഈ മാര്‍ഗ്ഗം, മാരകമായ മസ്‌തികട്യൂമറുകള്‍ ബാധിച്ചവര്‍ക്ക്‌ പുത്തന്‍ പ്രീതീക്ഷയാകുന്നു. സ്‌തനാര്‍ബുദ ചികിത്സയിലും ഇത്‌ പ്രയോജനപ്പെട്ടേക്കുമെന്നാണ്‌ പ്രതീക്ഷ.

ഇസ്രായേലിലെ ഹൈഫയില്‍ പ്രവര്‍ത്തിക്കുന്ന 'ടെക്‌നിയോന്‍-ഇസ്രായേല്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി'യിലെ ഗവേഷകനായ യോരം പാള്‍ട്ടിയാണ്‌ പുതിയ സങ്കേതം വികസിപ്പിച്ചത്‌. ദുര്‍ബലമായ വൈദ്യുതകാന്തിക മണ്ഡലം ഉപയോഗിച്ചു അര്‍ബുദകോശങ്ങള്‍ നശിപ്പിക്കുന്ന ഉപകരണമാണിത്‌. ഇത്‌ വിപണനം ചെയ്യാന്‍ 'നോവോക്യൂര്‍' (NovoCure) എന്നൊരു കമ്പനിയും യോരം പാള്‍ട്ടി സ്ഥാപിച്ചിട്ടുണ്ട്‌. മസ്‌തിഷ്‌കത്തെ ബാധിക്കുന്ന മാരകമായ 'ഗ്ലിയോബ്ലാസ്‌റ്റോമ' (glioblastoma) യെന്ന അര്‍ബുദത്തിനെതിരെയാണ്‌ ഈ സങ്കേതം ഉപയോഗിക്കുന്നത്‌. അമേരിക്കയിലും യൂറോപ്പിലും ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടന്നു വരികയാണ്‌.

പരീക്ഷണശാലയിലും മൃഗങ്ങളിലും പരീക്ഷിച്ചപ്പോള്‍, എല്ലാത്തരം അര്‍ബുദകോശങ്ങളെയും വൈദ്യുത മണ്ഡലം നശിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടു. മറ്റു കോശങ്ങളില്‍ നിന്ന്‌ അര്‍ബുദകോശങ്ങളെ വേര്‍തിരിക്കുന്ന മുഖ്യഘടകം അവ ഭ്രാന്തമായി വിഭജിച്ചു പെരുകും എന്നതാണ്‌. സാധാരണകോശങ്ങള്‍ സമയമെടുത്തേ വിഭജിക്കൂ. പാള്‍ട്ടി കണ്ടെത്തിയ വൈദ്യുതമണ്ഡലത്തിന്റെ പ്രത്യേകത, പെട്ടന്നു പെരുകുന്ന അര്‍ബുദകോശങ്ങളെ തിരഞ്ഞുപിടിച്ചു നശിപ്പിക്കും എന്നതാണ്‌. സാധാരണകോശങ്ങളെ അത്‌ വെറുതെ വിടുകയും ചെയ്യും.

അര്‍ബുദ ചികിത്സയില്‍ നിലവില്‍ ഉപയോഗിക്കുന്ന മുഖ്യഉപാധികള്‍ മൂന്നാണ്‌; കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സ, ശസ്‌ത്രക്രിയ. ഇതിനെല്ലാമുള്ള പ്രശ്‌നം 90 ശതമാനത്തോളം രോഗികളില്‍ ചികിത്സ കഴിഞ്ഞും ഗ്ലിയോബ്ലാസ്‌റ്റോമ വീണ്ടുമുണ്ടാകുന്നു എന്നതാണ്‌ - പുതിയ ഉപകരണം പരീക്ഷിക്കുന്ന ഇല്ലിനോയിസ്‌ സര്‍വകലാശാലയിലെ ഡോ.ഹെര്‍ബെര്‍ട്ട്‌ ഇന്‍ഗല്‍ഹാര്‍ഡ്‌ പറയുന്നു. മറ്റ്‌ ചികിത്സകളൊക്കെ പരാജയപ്പെട്ട പത്തുപേരിലാണ്‌ പുതിയ ഉപകരണം പരീക്ഷിക്കുന്നതെന്ന്‌ അദ്ദേഹം അറിയിച്ചു.

കോശങ്ങളുടെ ജ്യാമിതീയഘടന (geometry) അടിസ്ഥാനമാക്കിയാണ്‌ പുതിയ സങ്കേതം പ്രവര്‍ത്തിക്കുന്നത്‌. സാധാരണകോശങ്ങള്‍ക്ക്‌ വൃത്താകൃതിയാണുള്ളതെങ്കില്‍, വിഭജിക്കുന്ന കോശങ്ങളുടേത്‌ വ്യത്യസ്‌തമാണ്‌. പാള്‍ട്ടി വികസിപ്പിച്ച ഉപകരണത്തിലെ വൈദ്യുതമണ്ഡലം കോശങ്ങള്‍ക്കുള്ളിലൂടെയും പുറത്തുകൂടിയും തുടര്‍ച്ചയായി കടന്നു പോകും. എന്നാല്‍, വിഭജിക്കുന്ന കോശങ്ങള്‍ അവയുടെ ജ്യാമിതീയഘടന മൂലം ഒരു കാചം (ലെന്‍സ്‌) പോലെ പ്രവര്‍ത്തിക്കും. വൈദ്യുതമണ്ഡലത്തെ കോശത്തിന്റെ മധ്യഭാഗത്തേക്ക്‌ കേന്ദ്രീകരിക്കും. തുടര്‍ച്ചയായി വൈദ്യുതമണ്ഡലം ഇങ്ങനെ കേന്ദ്രീകരിക്കപ്പെടുമ്പോള്‍, സ്വാഭാവികമായും കോശം വിഘടിച്ചു നശിക്കും. ഡി.എന്‍.എ, പ്രോട്ടീനുകള്‍ എന്നിങ്ങനെയുള്ള സുപ്രധാന ജൈവ തന്മാത്രകളെല്ലാം നശിപ്പിക്കപ്പെടും.

വര്‍ഷങ്ങളായി ഇത്തരം വൈദ്യുതമണ്ഡലങ്ങള്‍ അര്‍ബുദകോശങ്ങളില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിലാണ്‌ പാള്‍ട്ടി. കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തിലും, ലാബ്‌ പരീക്ഷണങ്ങളിലും അര്‍ബുദകോശങ്ങളെ നശിപ്പിക്കാനുള്ള വൈദ്യുത മണ്ഡലങ്ങളുടെ കഴിവ്‌ സ്ഥിരീകരിക്കപ്പെട്ടു. "ഇതിനു പിന്നിലെ ഫിസിക്‌സ്‌ ശക്തമാണ്‌"-ഹാര്‍വാഡ്‌ മെഡിക്കല്‍ സ്‌കൂളിലെ റേഡിയോളജി പ്രൊഫസര്‍ ഡേവിഡ്‌ കോഹെന്‍ പറയുന്നു.

വൈദ്യുതമണ്ഡലം തുടര്‍ച്ചയായി മസ്‌തിഷ്‌കത്തില്‍ ഏല്‍ക്കത്തക്ക വിധം ഒരു ഉപകരണം തലയില്‍ ധരിക്കുകയാണ്‌ പരീക്ഷണത്തിന്റെ ഭാഗമായി രോഗികള്‍ ചെയ്യുന്നത്‌. അമേരിക്കയില്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (FDA) ഈ ഉപകരണം മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. പത്തു രോഗികളില്‍ നടന്ന ആദ്യഘട്ട പഠനത്തില്‍ നല്ല ഫലം കണ്ടതിനെ തുടര്‍ന്നാണ്‌ ക്ലിനിക്കല്‍ പരീക്ഷണത്തിന്‌ എഫ്‌.ഡി.എ. സമ്മതിച്ചത്‌. ആദ്യ പത്തുരോഗികളില്‍ ഒരാളുടെ രോഗം പൂര്‍ണമായി ഭേദമാകുകയുണ്ടായി.

പുതിയ ഉപകരണം കൊണ്ടുള്ള ചികിത്സയും കീമോതെറാപ്പിയും യോജിച്ചു പോകുമെന്നതാണ്‌, തങ്ങള്‍ നടത്തിയ പഠനത്തിലെ പ്രധാന കണ്ടെത്തല്‍ എന്ന്‌ പാള്‍ട്ടി അറിയിക്കുന്നു. വൈദ്യുതമണ്ഡല ചികിത്സയ്‌ക്കൊപ്പം ഉപയോഗിച്ചപ്പോള്‍, കീമോതെറാപ്പിയുടെ ചെറിയ ഡോസുകള്‍ കൊണ്ടു തന്നെ ഫലം കണ്ടു. യൂറോപ്പില്‍ പുതിയതായി ഗ്ലിയോബ്ലാസ്‌റ്റോമ കണ്ടെത്തിയ കുറെ രോഗികളില്‍ ഈ സങ്കരചികിത്സ 'നോവോക്യൂര്‍' കമ്പനി ആരംഭിച്ചിട്ടുമുണ്ട്‌. കീമോതെറാപ്പിയുടെ ഡോസ്‌ കുറച്ച്‌ അതിന്റെ പാര്‍ശ്വഫലങ്ങള്‍ പരിമിതപ്പെടുത്താന്‍ പുതിയ സങ്കേതം സഹായം ചെയ്യുമെന്നാണ്‌ പ്രതീക്ഷ.

രോഗികള്‍ മാസങ്ങളോളം ഉപയോഗിച്ചിട്ടും, തലയോട്ടിയില്‍ ഇലക്ട്രിക്‌ ഉപകരണം ഘടിപ്പിക്കുന്നതുകൊണ്ടുള്ള അസ്വസ്ഥതയല്ലാതെ മറ്റെന്തെങ്കിലും പാര്‍ശ്വഫലം പുതിയ ചികിത്സ ഉണ്ടാക്കുന്നതായി കണ്ടില്ലെന്ന്‌ ഡോ.ഇന്‍ഗല്‍ഹാര്‍ഡ്‌ അറിയിക്കുന്നു. റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളുമായി താരതമ്യം ചെയ്‌താല്‍, പുതിയ ചികിത്സ ഇക്കാര്യത്തില്‍ വളരെ മികച്ചതാണ്‌.

പ്രായമായവരില്‍ മസ്‌തിഷ്‌ക കോശങ്ങള്‍ വിഭജിച്ചു പെരുകാത്തതിനാല്‍ പുതിയ സങ്കേതമുപയോഗിക്കുമ്പോള്‍ പ്രശ്‌നമില്ല. എന്നാല്‍, ശരീരത്തിന്റെ ഇതരഭാഗങ്ങളില്‍ വിഭജിച്ചു പെരുകുന്ന കോശങ്ങള്‍ക്ക്‌ ഈ സങ്കേതം എന്തുഫലമാണ്‌ ഉണ്ടാക്കുകയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്‌. മാത്രമല്ല, രോഗികള്‍ എത്രനാള്‍ ഈ വൈദ്യുത ഉപകരണം തലയില്‍ ഘടിപ്പിച്ചു നടക്കണം എന്നകാര്യത്തിലും വ്യക്തതയില്ല. ഉപകരണത്തിന്റെ വില ആയിരം ഡോളര്‍ (40,000 രൂപ) വരും. അതിലെ ഇലക്ട്രോഡുകള്‍ ആഴ്‌ചയില്‍ രണ്ടുതവണ മാറ്റേണ്ടി വരുന്നതും ചിലവേറിയ സംഗതിയാണ്‌. (അവലംബം: ടെക്‌നോളജി റിവ്യു)

Friday, August 17, 2007

പുതിയ തവളകള്‍, വണ്ടുകള്‍, മത്സ്യങ്ങള്‍

ഇതുവരെ കാണാത്ത ജീവികള്‍ ആമസോണില്‍ നിന്ന്‌

ശാസ്‌ത്രലോകത്തിന്റെ കണ്ണില്‍ പെടാത്ത എത്രയോ ജീവികള്‍ ഇനിയും ഭൂമുഖത്തുണ്ട്‌. നമ്മള്‍ അറിഞ്ഞതിലും എത്രയോ കൂടുതലാണ്‌ അറിയാന്‍ ബാക്കിയുള്ളത്‌. ഈ വസ്‌തുത ഒന്നുകൂടി അടിവരയിട്ട്‌ ഉറപ്പിക്കുന്നതാണ്‌, ദക്ഷിണ അമേരിക്കയിലെ വടക്കന്‍ ആമസോണ്‍ മേഖലയില്‍ ഗവേഷകര്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടത്തിയ പര്യവേക്ഷണം. ഡസണ്‍ കണക്കിന്‌ പുതിയ ജീവിവര്‍ഗങ്ങളെയാണ്‌ അവിടെ കണ്ടെത്തിയത്‌; എല്ലാം ശാസ്‌ത്രലോകത്തിന്‌ പുതിയവ.

നാലു തവളയിനങ്ങള്‍, ആറിനം മത്സ്യങ്ങള്‍, ഡസണ്‍ കണക്കിന്‌ വണ്ടുകള്‍, പുതയൊരിനം ഉറുമ്പ്‌ ഒക്കെ പുതിയതായി കണ്ടെത്തിയവയില്‍ പെടുന്നു. കിഴക്കന്‍ സുരിനാം മേഖലയില്‍ 2005 - 2006 കാലയളവില്‍ നടന്ന പര്യവേക്ഷണമാണ്‌ ജീവിവര്‍ഗ്ഗങ്ങളുടെ പുത്തന്‍ ഭൂമിക ഗവേഷകര്‍ക്ക്‌ മുന്നില്‍ തുറന്നു കൊടുത്തത്‌. 'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍' (CI) എന്ന പ്രകൃതിസംരക്ഷണ സംഘടന സര്‍വെയ്‌ക്ക്‌ നേതൃത്വം നല്‍കി.

കിഴക്കന്‍ ആമസോണ്‍ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ വനമേഖലയ്‌ക്ക്‌ കടുത്ത സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്‌. വനനാശവും വ്യാപകമാണ്‌. ചില ജീവികള്‍ ഇപ്പോള്‍ തന്നെ വംശനാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു. ആ മേഖലയിലെ ജൈവവൈവിധ്യം എത്ര സമ്പന്നമാണെന്നു കണ്ടെത്തുകയായിരുന്നു പര്യവേക്ഷണത്തിന്റെ ലക്ഷ്യം.

സ്വര്‍ണഖനികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ്‌ കിഴക്കന്‍ സുരിനാം. അതുണ്ടാക്കുന്ന ജലമലിനീകരണത്തിന്റെ ഫലമായി അരനൂറ്റാണ്ട്‌ മുമ്പ്‌ വംശനാശം നേരിട്ടെന്നു കരുതിയ ഒരിനം മത്സ്യത്തെ വീണ്ടും ഈ പര്യവേക്ഷണം വഴി കണ്ടെത്താന്‍ കഴിഞ്ഞു. എന്തെല്ലാം ആവിടെ ഇനിയും ബാക്കിയുണ്ടാകും മനുഷ്യന്‌ അറിയാത്തതായി എന്ന്‌ ഗവേകര്‍ അത്ഭുതപ്പെടുന്നു.

"ആമസോണില്‍ അത്രയധികം പരിക്കേല്‍ക്കാത്ത കന്യാവനങ്ങള്‍ അവശേഷിക്കുന്നത്‌ സുരിനാമിന്റെ പര്‍വത മേഖലയിലാണ്‌. ശാസ്‌ത്രഗവേഷണത്തിന്‌ എത്ര വലിയ അവസരമാണ്‌ ആ മേഖല തുറന്നു തരുന്നതെന്ന്‌ ഈ പഠനം വ്യക്തമാക്കി"-പര്യവേക്ഷക സംഘത്തിന്റെ മേധാവി ലീയാന്‍ അലോന്‍സൊ പറഞ്ഞു. സാമ്പത്തിക വികസനത്തിനൊപ്പം, സുരിനാമിന്റെ പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണിത്‌ വ്യക്തമാക്കുന്നത്‌-അവര്‍ അഭിപ്രായപ്പെട്ടു.

ഒന്നര വര്‍ഷം മുമ്പ്‌ ഇന്‍ഡൊനീഷ്യയില്‍ പാപ്പുവയിലെ ഫോജാപര്‍വതത്തിന്റെ താഴ്‌വരയില്‍ ഇത്തരമൊരു ജൈവകലവറ കണ്ടെത്തിയിരുന്നു. ഇതുവരെ മനുഷ്യസ്‌പര്‍ശമേല്‍ക്കാത്ത മൂന്നലക്ഷം ഹെക്ടര്‍ വിസ്‌തൃതി വരുന്ന ആ വനമേഖലയില്‍ നിന്ന്‌ മനുഷ്യന്‌ അപരിചിതമായിരുന്ന ഡസണ്‍കണക്കിന്‌ ജീവികളെയും സസ്യയിനങ്ങളെയുമാണ്‌ കണ്ടെത്തിയത്‌. 'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലി'ന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു അവിടെയും സര്‍വെ നടന്നത്‌.

ഫോജാതാഴ്‌വരയിലെ ജീവികളും പക്ഷികളും ഇതുവരെ മനുഷ്യരെ കണ്ടിട്ടില്ലാത്തതിനാല്‍, അവയ്‌ക്ക്‌ തെല്ലും പേടിയില്ല എന്നത്‌ ഗവേഷകരെ അമ്പരിപ്പിക്കുയുണ്ടായി. തലോടാനും ഓമനിക്കാനും അവ നിന്നുകൊടുക്കുക പോലും ചെയ്‌തു. പുതിയൊരിനം തേന്‍പക്ഷി (1939-ന്‌ ശേഷം ന്യൂ ഗിനിയില്‍ പുതിയതായി കണ്ടെത്തുന്ന ആദ്യപക്ഷി), പുതിയൊരു സസ്‌തനി, 20 ഇനം തവളകള്‍, അഞ്ചു പനവര്‍ഗ്ഗങ്ങള്‍, നാല്‌ ചിത്രശലഭങ്ങള്‍, ഒട്ടേറെ പുതിയ സസ്യയിനങ്ങള്‍ ഒക്കെ ഫോജാതാഴ്‌വരയിലെ കണ്ടെത്തലില്‍ ഉള്‍പ്പെട്ടു.പുതിയതായി കണ്ടെത്തിയ സസ്‌തനി ഒരു മരംകേറി കങ്കാരുവാണ്‌ - ശാസ്‌ത്രീയ നാമം 'ഡന്‍ഡ്രോലാഗസ്‌ പുല്‍ച്ചെരിമസ്‌' (Dendrolagus pulcherrimus). (കടപ്പാട്‌: നാഷണല്‍ ജ്യോഗ്രഫിക്‌ ന്യൂസ്‌)

Tuesday, August 14, 2007

കടലാസില്‍ വൈദ്യുതി സംഭരിക്കാം

ഊര്‍ജരംഗത്ത്‌ വിപ്ലവവുമായി മലയാളി ഗവേഷകര്‍ബാറ്ററിയുടെ പരിമിതികളില്ലാതെ കടലാസില്‍ വൈദ്യുതി സംഭരിച്ചു സൂക്ഷിക്കാനും, ബാറ്ററിക്കു പകരം ചാര്‍ജുചെയ്‌ത കടലാസ്‌ ഉപോയോഗിക്കാനും മാര്‍ഗ്ഗം തെളിയുന്നു. ഊര്‍ജസാങ്കേതിക രംഗത്ത്‌ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന ഈ കണ്ടുപിടിത്തത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ രണ്ട്‌ മലയാളി ഗവേഷകര്‍. വിമാനങ്ങള്‍ക്കു മുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുവരെ ഭാവിയില്‍ തുണയായേക്കാവുന്ന 'ബാറ്ററി കടലാസ്‌ ' യാഥാര്‍ത്ഥ്യമാകുന്നത്‌ നാനോ ടെക്‌നോളജിയുടെ സഹായത്തോടെയാണ്‌.

അമേരിക്കയില്‍ റെന്‍സ്സലേര്‍ പോളിടെക്‌നിക്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ പ്രൊഫസറായ കൊടുങ്ങല്ലൂര്‍ സ്വദേശി പുളിക്കല്‍ എം.അജയന്‍ നേതൃത്വം നല്‍കിയ സംഘമാണ്‌ ഈ മുന്നേറ്റം നടത്തിയത്‌. ഗവേഷകനായ കണ്ണൂര്‍ നടുവില്‍ സ്വദേശി ഡോ. ഷൈജുമോന്‍ എം. മാണിക്കോത്ത്‌ ഈ ഉത്‌പന്നം വികസിപ്പിച്ചതില്‍ മുഖ്യപങ്കു വഹിച്ചു. ഇന്ത്യക്കാരായ വിക്ടര്‍ പുഷ്‌പരാജ്‌, അശ്വനി കുമാര്‍, ശരവണബാബു മുരുകേശന്‍ തുടങ്ങിയവരും ഗവേഷക സംഘത്തിലുണ്ട്‌. കടലാസില്‍ കാര്‍ബണ്‍ നാനോട്യൂബുകള്‍ പതിപ്പിച്ചു നിര്‍മിച്ച ഇതിന്‌ പരമ്പരാഗത ബാറ്ററിയുടെ പരിമിതികളൊന്നുമില്ല. കാര്‍ബണ്‍ നാനോട്യൂബുകളുടെ സാന്നിധ്യം മൂലം കടലാസിന്‌ കറുത്ത നിറമായിരിക്കും എന്നു മാത്രം.

"കനം കുറവ്‌, ഭാരം കുറവ്‌, എങ്ങനെ വേണമെങ്കിലും വളയ്‌ക്കാം, തിരിക്കാം, മടക്കാം, മുറിക്കാം. ഏത്‌ രൂപകല്‍പ്പനയ്‌ക്കും വഴങ്ങും. ഭാവിയിലെ ഉപകരണങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഊര്‍ജ്ജസ്രോതസ്സായിരിക്കും ഇത്‌"-ടെലിഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ഡോ. ഷൈജുമോന്‍ പറഞ്ഞു. കാര്‍ബണ്‍ നാനോട്യൂബുകള്‍ ഇതില്‍ ഇലക്ട്രോഡുകളായി പ്രവര്‍ത്തിക്കും. ജലംശമില്ലാത്ത അയണീകൃത ദ്രാവകമാണ്‌ ഇലക്ട്രോലൈറ്റ്‌. ജലംശം ഇല്ലാത്തതിനാല്‍ ഈ 'ബാറ്ററി' ഏത്‌ ഉയര്‍ന്ന ഊഷ്‌മാവിലും താഴ്‌ന്ന ഊഷ്‌മാവിലും പ്രവര്‍ത്തിക്കും.


"ഒരേ സമയം ലിഥിയം-അയണ്‍ ബാറ്ററിയായും, സൂപ്പര്‍ കപ്പാസിറ്ററായും പ്രവര്‍ത്തിക്കുന്ന തരത്തിലാണ്‌ ഈ ഉത്‌പന്നം രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌"-ഡോ. ഷൈജുമോന്‍ അറിയിച്ചു. ഇലക്ട്രോലൈറ്റിന്റെ അസാന്നിധ്യത്തില്‍ മനുഷ്യ ശരീരത്തിലെ വിയര്‍പ്പും രക്തവുമൊക്കെ ബാറ്ററി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. "ഏറ്റവും വലിയ പ്രത്യേകത, സാധാരണ ബാറ്ററിയില്‍ കാണപ്പെടുന്ന അപകടകാരികളായ വിഷവസ്‌തുക്കളൊന്നും ഇതിലില്ല എന്നതാണ്‌. കടലാസിന്റെ ഘടകമായ സെല്ലുലോസ്‌ ആണ്‌ ഇതില്‍ 90 ശതമാനവും. കാര്‍ബണും വിഷവസ്‌തുവല്ല. ആ നിലയ്‌ക്ക്‌ തികച്ചും പരിസ്ഥിതിക്കിണങ്ങുന്ന ഊര്‍ജസംഭരണ മാര്‍ഗ്ഗമാണിത്‌"-ഡോ.ഷൈജുമോന്‍ പറഞ്ഞു.

വിഷവസ്‌തുക്കളില്ലാത്തതിനാല്‍ ശരീരത്തില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും കൃത്രിമ അവയവങ്ങള്‍ക്കുമാകും 'ബാറ്ററി കടലാസ്‌' ഏറ്റവും വലിയ അനുഗ്രഹമാകുക. ഇത്തരം കടലാസ്‌ ബാറ്ററിയായി ഉപയോഗിച്ചാല്‍, സെല്‍ഫോണുകളുടെയും മറ്റും കനം എത്ര കുറയും എന്ന്‌ സങ്കല്‍പ്പിച്ചു നോക്കുക. കാറുകളുടെ വാതില്‍ തന്നെ ബാറ്ററിയായി പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഭാവിയില്‍ രൂപകല്‍പ്പന ചെയ്യാനാകും. ലാപ്‌ടോപ്പുകളും മറ്റും കടലാസ്‌ പോലെ കനംകുറഞ്ഞതാകും. സാധ്യതകളുടെ അപാരതയാണ്‌ ഈ ഊര്‍ജ സംഭരണമാര്‍ഗ്ഗം മുന്നോട്ടു വെക്കുന്നത്‌.

പക്ഷേ, പുതിയ ഉത്‌പന്നം വിപണിയിലെത്താന്‍ വര്‍ഷങ്ങള്‍ ഇനിയും കാക്കേണ്ടി വരും. കണ്ടുപിടിത്തത്തിന്റെ മാതൃകാവകാശത്തിന്‌ (പേറ്റന്റിന്‌) അപേക്ഷ നല്‍കിയതായി ഡോ.ഷൈജുമോന്‍ അറിയിച്ചു. കടലാസിന്റെ ഊര്‍ജസംഭരണ ക്ഷമത വര്‍ധിപ്പിക്കാനും, ഉത്‌പാദനത്തിന്‌ വിവിധ സങ്കേതങ്ങള്‍ ആവിഷ്‌ക്കരിക്കാനും ശ്രമം തുടങ്ങി കഴിഞ്ഞു. ഭാവിയില്‍ ഇത്തരം ബാറ്ററികടലാസ്‌ പത്രം പോലെ അച്ചടിച്ചിറക്കാന്‍ കഴിഞ്ഞേക്കുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'(പി.എന്‍.എ.എസ്‌) ന്റെ പുതിയ ലക്കത്തില്‍ കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കൊടുങ്ങല്ലൂരില്‍ പുളിക്കല്‍ കുടുംബത്തില്‍ അന്തരിച്ച കെ. മാധവപണിക്കരുടെയും റിട്ടയേര്‍ഡ്‌ അധ്യാപിക രാധ പുളിക്കലിന്റെയും മകനാണ്‌ പ്രൊഫ. അജയന്‍. ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.ടെക്‌ നേടിയ അദ്ദേഹം ഇപ്പോള്‍ റെന്‍സ്സലേര്‍ പോളിടെക്‌നികില്‍ മെറ്റീരിയല്‍ സയന്‍സ്‌ അന്‍ഡ്‌ എഞ്ചിനിയറിങ്ങില്‍ ഹെന്‍ട്രി ബുര്‍ലേജ്‌ പ്രൊഫസറാണ്‌. നാനോകാര്‍ബണ്‍ ഗവേഷണത്തില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുള്ള പ്രൊഫ. അജയന്‍, പോളിടെക്‌നിക്കിലെ 'കാര്‍ബണ്‍ നാനോമെറ്റീരിയല്‍സ്‌ റിസര്‍ച്ച്‌ ഗ്രൂപ്പി'ന്റെ മേധാവിയാണ്‌. ഈ ഗ്രൂപ്പാണ്‌ കടലാസില്‍ ബാറ്ററി സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ചത്‌.

കണ്ണൂര്‍ നടുവില്‍ മാണിക്കോത്ത്‌ കുടുംബത്തിലെ ടി.പി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും അധ്യാപിക എം.എം. സുഭദ്രയുടെയും മകനാണ്‌ ഡോ. ഷൈജുമോന്‍. തളിപ്പറമ്പ്‌ സര്‍ സയ്യദ്‌ കോളേജില്‍ നിന്ന്‌ ഭൗതീകശാസ്‌ത്രത്തില്‍ ബിരുദവും തൃശ്ശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ നിന്ന്‌ ബിരുദാന്തര ബിരുദവും നേടിയ ഷൈജുമോന്‍, മദ്രാസ്‌ ഐ.ഐ.ടി.യില്‍ നിന്ന്‌ കാര്‍ബണ്‍ നാനോടെക്‌നോളജിയില്‍ ഗവേഷണ ബിരുദം നേടിയ ശേഷമാണ്‌ അമേരിക്കയിലെത്തുന്നത്‌. പ്രഫുല്ലയാണ്‌ ഭാര്യ.പ്രൊഫ. അജയനും ഡോ.ഷൈജുമോനും സപ്‌തംബര്‍ ഒന്നു മുതല്‍ ടെക്‌സാസിലെ റൈസ്‌ യൂണിവേഴ്‌സിറ്റിയിലേക്ക്‌ പ്രവര്‍ത്തനം മാറ്റുകയാണ്‌.
(അവലംബം: റെന്‍സ്സലേര്‍ പോളിടെക്‌നിക്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, ഡോ.ഷൈജുമോന്‍ എം.മാണിക്കോത്തുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം. കടപ്പാട്‌: മാതൃഭൂമി)

Sunday, August 12, 2007

സ്‌തനാര്‍ബുദം തിരിച്ചറിയാന്‍ എം.ആര്‍.ഐ.സ്‌കാന്‍

സ്‌തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ എം.ആര്‍.ഐ.സ്‌കാന്‍ ഫലപ്രദമെന്ന്‌ കണ്ടെത്തല്‍. നിലവില്‍ രോഗനിര്‍ണയത്തിനുപയോഗിക്കുന്ന 'മാമോഗ്രാമു'കളെ അപേക്ഷിച്ച്‌ എം.ആര്‍.ഐ.സ്‌കാന്‍ ഇരട്ടി ഫലംചെയ്യുമെന്ന്‌ ബോണ്‍ സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞു.

മാരകമായ സ്‌തനാര്‍ബുദം അതിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തുക വഴി രോഗം വഷളാകാതെ തടയാനും രോഗിയുടെ ജീവന്‍ രക്ഷിക്കാനും കഴിയും. ലോകമെമ്പാടും ലക്ഷക്കണക്കിന്‌ സ്‌ത്രീകള്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നതാണ്‌ പുതിയ കണ്ടെത്തല്‍. നിലവില്‍ സ്‌തനാര്‍ബുദം തിരിച്ചറിയാന്‍ വൈദ്യസമൂഹം ആശ്രയിക്കുന്നത്‌ മുഖ്യമായും എക്‌സ്‌റേ അടിസ്ഥാനമാക്കിയുള്ള മാമോഗ്രാമുകളാണ്‌ (mammograms). ശിരസിലെ തകരാറുകള്‍ കണ്ടെത്തനാണ്‌ 'മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ ഇമേജിങ്‌ സ്‌കാനുകള്‍'(MRI scans) കൂടുതലായി ഉപയോഗിച്ചു വരുന്നത്‌. മാമോഗ്രാമുകളുടെ സഹായത്തോടെ പഠനവിധേയമാക്കിയവരില്‍ 56 ശതമാനം പേരുടെ സ്‌തനാര്‍ബുദം തിരിച്ചറിഞ്ഞപ്പോള്‍, എം.ആര്‍.ഐ.സ്‌കാന്‍ ഉപയോഗിച്ച്‌ 92 ശതമാനം പേരുടെ രോഗം കൃത്യമായി മനസിലാക്കാനായി എന്നത്‌ ഗവേഷകരെ അത്ഭുതപ്പെടുത്തി.

ബോണ്‍ സര്‍വകലാശാലയിലെ റേഡിയോളജിസ്‌റ്റ്‌ പ്രൊഫ. ക്രിസ്റ്റ്യന്‍ കുഹലിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട്‌, പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ 'ലാന്‍സെറ്റി'ന്റെ പുതിയ ലക്കത്തിലാണുള്ളത്‌. 7319 സ്‌ത്രീകളെ അഞ്ചുവര്‍ഷക്കാലം പഠനവിധേയമാക്കിയാണ്‌ പുതിയ നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്‌. സ്‌തനാര്‍ബുദത്തിന്റെ കാര്യത്തില്‍ മിക്ക കേസുകളിലും, സ്‌തനങ്ങളില്‍ ക്ഷീരനാളികള്‍ക്കുള്ളിലെ കോശങ്ങളിലാണ്‌ രോഗം ആദ്യം പ്രത്യക്ഷപ്പെടുക. 'ഡക്ടല്‍ കാര്‍സിനോമ ഇന്‍ സിടു'(ductal carcinoma in situ-DCIS) എന്നാണ്‌ രോഗം അറിയപ്പെടുന്നത്‌. മാരകമായി മാറുന്ന അര്‍ബുദമാണിത്‌. തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ രോഗത്തിന്റെ പുരോഗതി തടഞ്ഞ്‌ രോഗിയെ രക്ഷിക്കാനാകും.

അതിനുള്ള വഴിയാണ്‌ പുതിയ കണ്ടെത്തല്‍ തുറന്നു തന്നിരിക്കുന്നതെന്ന്‌ പഠന റിപ്പോര്‍ട്ട്‌ പറയുന്നു. "സ്‌തനാര്‍ബുദം നിര്‍ണയിക്കുന്ന കാര്യത്തില്‍ മാമോഗ്രാമിന്‌ പകരമുള്ള ഒന്നായല്ല എം.ആര്‍.ഐ.സ്‌കാനിനെ പരിഗണിക്കേണ്ടത്‌; കൂടുതല്‍ ഫലപ്രദമായ ഒന്നായാണ്‌''-ഈ ഗവേഷണ റിപ്പോര്‍ട്ട്‌ അവലോകനം ചെയ്‌ത നെതര്‍ലന്‍ഡിലെ റാഡ്‌ബൗണ്ട്‌ സര്‍വകലാശാലയിലെ ഡോ. കാര്‍ല ബോട്ടസും ഡോ. റിറ്റ്‌സെ മാനും ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ഫലപ്രദമായി രോഗം നിര്‍ണയിക്കാമെന്നു മാത്രമല്ല, രോഗനിര്‍ണയത്തില്‍ എം.ആര്‍.ഐ.സ്‌കാന്‍ ഉപയോഗിക്കുമ്പോള്‍ തെറ്റു പറ്റുന്നതിന്റെ തോത്‌ തുലോം കുറവാണെന്നും തങ്ങളുടെ പഠനത്തില്‍ വ്യക്തമായെന്ന്‌ പ്രൊഫ. കുഹല്‍ അറിയിച്ചു.

സ്‌തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്ന സ്‌ക്രീനിങുകള്‍ക്ക്‌ സ്‌ത്രീകള്‍ വിധേയരാകേണ്ടതിന്റെ പ്രധാന്യം അടിവരയിട്ടുറപ്പിക്കുന്നു ഈ ഗവേഷണം. സ്‌തനാര്‍ബുദ സ്‌ക്രീനിങിന്‌ വിധേയരാകുന്ന സ്‌ത്രീകള്‍ക്കിടയില്‍ മരണനിരക്ക്‌ കുറവാണെന്ന്‌ കഴിഞ്ഞ വര്‍ഷം ഒരു ഗവേഷണ റിപ്പോര്‍ട്ട്‌ വ്യക്തമാക്കിയിരുന്നു. അത്തരം സ്‌ക്രീനിങിന്‌ ഇതുവരെ മാമോഗ്രാമുകള്‍ മാത്രമാണ്‌ ഡോക്ടര്‍മാര്‍ ആശ്രയിച്ചിരുന്നതെങ്കില്‍, എം.ആര്‍.ഐ.സ്‌കാനിങിന്റെ സഹായത്തോടെ സ്‌ക്രീനിങ്‌ കൂടുതല്‍ ഫലപ്രദമാക്കാനും കൂടുതല്‍ സ്‌ത്രീകളുടെ ജീവന്‍ രക്ഷിക്കാനും കഴിയുമെന്നാണ്‌ പുതിയ പഠനഫലം വ്യക്തമാക്കുന്നു. (അവലംബം: ബോണ്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി)

Saturday, August 11, 2007

പരിണാമകഥയ്‌ക്ക്‌ പുത്തന്‍ ഭേദഗതി

മനുഷ്യ പരിണാമത്തിന്റെ കഥ ഇനിയും പൂര്‍ത്തിയാട്ടില്ല. അറ്റുപോയ ഒട്ടേറെ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബാക്കിയുണ്ട്‌. ആഫ്രിക്കയില്‍ നിന്നു ലഭിച്ച പുതിയ രണ്ട്‌ ഫോസിലുകള്‍ ശാസ്‌ത്രലോകത്തെ ബോധ്യപ്പെടുത്തുന്നത്‌ ഇതാണ്‌
കിഴക്കന്‍ ആഫ്രിക്കയിലെ റിഫ്‌ട്‌ താഴ്‌വരയില്‍ നിന്നു പുതിയതായി കണ്ടെത്തിയ രണ്ട്‌ ഫോസിലുകള്‍ മനുഷ്യ പരിണാമത്തിന്റെ കഥ മാറ്റിയെഴുതുന്നു. മനുഷ്യപൂര്‍വികാനായ 'ഹോമോ ഇറക്ടസ്‌' പരിണമിച്ചുണ്ടായത്‌ 'ഹോമോ ഹാബിലിസ്‌' എന്ന വര്‍ഗ്ഗത്തില്‍ നിന്നല്ല എന്നതാണ്‌ പരിണാമകഥയിലെ പുതിയ ഭേദഗതി. 'ഹോമോ ഇറക്ടസി'ന്‌ മനുഷ്യനോടുള്ളതിനെക്കാള്‍ സാദൃശ്യം ഗൊറില്ലകള്‍, ചിമ്പാന്‍സികള്‍ തുടങ്ങിയ കുരങ്ങുകളോടാണെന്നും പുതിയ കണ്ടെത്തല്‍ സൂചന നല്‍കുന്നു. ഇറക്ടസ്‌ വര്‍ഗ്ഗത്തിലെ സ്‌ത്രീകള്‍ പുരുഷന്‍മാരെ അപേക്ഷിച്ച്‌ വളരെ ചെറുതായിരുന്നെന്ന വസ്‌തുത നരവംശശാസ്‌ത്രജ്ഞരെ അമ്പരിപ്പിക്കുകയാണ്‌.
മനുഷ്യപരിണാമത്തിന്റെ 'കളിത്തൊട്ടില്‍' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ്‌ കിഴക്കന്‍ ആഫ്രിക്കയിലെ റിഫ്‌ട്‌ താഴ്‌വര. മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം സംബന്ധിച്ച ഏറ്റവും വിലപ്പെട്ട തെളിവുകള്‍ അവിടെ നിന്നാണ്‌ കണ്ടെടുത്തിട്ടുള്ളത്‌. ആ മേഖലയില്‍ കെനിയയിലെ തുര്‍ക്കാന തടാകത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന്‌ ഏഴുവര്‍ഷം മുമ്പു കണ്ടെത്തിയ രണ്ട്‌ വ്യത്യസ്‌ത ഫോസിലുകളാണ്‌ ഇപ്പോള്‍ പരിണാമത്തിന്‌ പുതിയ പാഠഭേദം ചാര്‍ത്തുന്നത്‌. ഒരു പെണ്‍ 'ഹോമോ ഇറക്ടസി'(Homo erectus)ന്റെ തലയോട്ടിയും, 'ഹോമോ ഹാബിലിസി'(Homo habilis)ന്റെ താടിയെല്ലിന്റെ ഭാഗവുമാണ്‌ അവിടെ നിന്ന്‌ ലഭിച്ചത്‌.
ഒരു പെണ്‍ ഹോമോ ഇറക്ടസിന്റെ ഫോസില്‍ ഗവേഷകലോകത്തിന്‌ ലഭിക്കുന്നത്‌ ആദ്യമായാണ്‌. ആധുനിക ഗൊറില്ലകള്‍, ചിമ്പാന്‍സികള്‍ തുടങ്ങിയ വാനരന്‍മാരുടെ കാര്യത്തില്‍ പെണ്‍വര്‍ഗ്ഗം ആണ്‍വര്‍ഗ്ഗത്തെ അപേക്ഷിച്ച്‌ ചെറുതാണ്‌. ഇതുപോലെ ആയിരുന്നിരിക്കാം ഹോമോ ഇറക്ടസിന്റെ കാര്യവും എന്ന്‌ ഗവേഷകര്‍ കരുതുന്നു. ഫ്രെഡറിക്‌ മാന്‍ഥിയാണ്‌ ഫോസിലുകള്‍ കണ്ടെത്തിയത്‌. അതെപ്പറ്റി നടന്ന ഗവേഷണത്തില്‍ പ്രശസ്‌ത ഗവേഷക മീവ്‌ ലീക്കിയും മകള്‍ ലൂയിസ്‌ ലീക്കിയും മുഖ്യപങ്ക്‌ വഹിച്ചു.
14.4 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ്‌ 'ഹാബിലി'സിന്റെ ഫോസിലെങ്കില്‍, 'ഇറക്ടസി'ന്റേത്‌ 15.5 ലക്ഷം പഴക്കമുള്ളതാണ്‌. ഇരുവര്‍ഗ്ഗങ്ങളും ഏതാണ്ട്‌ ഒരേ കാലഘട്ടത്തില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ കഴിഞ്ഞിരുന്നു എന്നതിന്‌ തെളിവാണ്‌ ഈ ഫോസിലുകള്‍-'നേച്ചര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. കുറഞ്ഞത്‌ അരലക്ഷം വര്‍ഷമെങ്കിലും ഇരുവര്‍ഗ്ഗങ്ങളും ആഫ്രിക്കയില്‍ ഒരുമിച്ചു കഴിഞ്ഞിരിക്കാം. ഹോമോ ഹാബിലസില്‍ നിന്ന്‌ ഹോമോ ഇറക്ടസും, അതില്‍ നിന്ന്‌ ഇപ്പോഴത്തെ മനുഷ്യവര്‍ഗ്ഗമായ 'ഹോമോ സാപ്പിയന്‍സും' പരിണമിച്ചുണ്ടായി എന്ന നിഗമനം ഇതോടെ അപ്രസക്തമാകുന്നു. ഹാബിലിസും ഇറക്ടസും പൊതുപൂര്‍വികനില്‍ നിന്നു വേര്‍പിരിഞ്ഞതാകാം എന്നേ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കരുതാനാവൂ എന്ന്‌ ഗവേഷകര്‍ പറയുന്നു.
ഇരുവര്‍ഗ്ഗവും ഒരേസമയം കിഴക്കന്‍ ആഫ്രിക്കയില്‍ കഴിഞ്ഞെങ്കിലും, ഹാബിലിസ്‌ വര്‍ഗ്ഗം വനമേഖലയില്‍ സസ്യജന്യമായ ഭക്ഷ്യണം (പരിപ്പുകളും കിഴങ്ങുകളും) തേടിയും, ഇറക്ടസ്‌ വര്‍ഗ്ഗം പുല്‍മേടുകള്‍ നിറഞ്ഞ സാവന്നയില്‍ വേട്ടയാടിയും (മാംസം, കൊഴുപ്പ്‌ തുടങ്ങിയവ ഭക്ഷിച്ചും) കഴിഞ്ഞിരുന്നു എന്നാണ്‌ ഗവേഷകര്‍ കരുതുന്നത്‌. ആഫ്രിക്കയില്‍ നിന്ന്‌ ആദ്യമായി പുറംലോകത്തെത്തിയ മനുഷ്യപൂര്‍വികന്‍ ഹോമോ ഇറക്ടസ്‌ ആണ്‌. യൂറോപ്പ്‌, ചൈന എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ നിന്ന്‌ ഈ വര്‍ഗ്ഗത്തിന്റെ ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്‌.
പുതിയ കണ്ടെത്തല്‍ ചില ഭേദഗതി വരുത്തുന്നുവെങ്കിലും, മനുഷ്യ പരിണാമത്തിന്റെ യഥാര്‍ത്ഥ കഥയ്‌ക്ക്‌ വലിയ പരിക്കൊന്നും ഈ കണ്ടെത്തല്‍ മൂലമുണ്ടാകുന്നില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. ആഫ്രിക്കയിലെ റിഫ്‌ട്‌ താഴ്‌വരയില്‍ ഏതാണ്ട്‌ 50 ലക്ഷം വര്‍ഷം മുമ്പ്‌ പരിണമിച്ചുണ്ടായ മനുഷ്യ പൂര്‍വികന്‍ പിന്നീട്‌ ആഫ്രിക്കയ്‌ക്ക്‌ പുറത്ത്‌ കുടിയേറി ലോകം മുഴുവന്‍ വ്യാപിച്ചുവെന്നാണ്‌ പരിണാമ ചരിത്രം പറയുന്നത്‌. അതിന്‌ മാറ്റമൊന്നും വന്നിട്ടില്ല. "മനുഷ്യ പരിണാമത്തിന്റെ കഥ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല. അറ്റുപോയ ഒട്ടേറെ കണ്ണികള്‍ ബാക്കിയുണ്ടാവാം. കൂടുതല്‍ കണ്ടെത്തല്‍ നടത്തുമ്പോള്‍ കൂടുതല്‍ ചോദ്യങ്ങളും ഉയരും"-കെനിയന്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ഫാരാ ഐഡില്‍ പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല.(അവലംബം: 'നേച്ചര്‍' ഗവേഷണവാരിക)

Thursday, August 09, 2007

ഭീമന്‍ഗ്രഹം; കണ്ടെത്തിയില്‍ ഏറ്റവും വലുത്‌

മനുഷ്യന്‍ ഇന്നുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും വലിയ ഗ്രഹം സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തി. സൗരയൂഥത്തിലെ വ്യാഴഗ്രഹത്തെക്കാള്‍ 70 ശതമാനം വലിപ്പം കൂടുതലുള്ള ഗ്രഹഭീമനെയാണ്‌, ഭൂമിയില്‍നിന്ന്‌ 1435 പ്രകാശവര്‍ഷം അകലെ ഒരു നക്ഷത്രത്തിന്‌ സമീപം കണ്ടെത്തിയത്‌.

എന്നാല്‍, അതിന്‌ സാന്ദ്രത വളരെ കുറവാണ്‌. അതിനാല്‍ വ്യാഴത്തെക്കാള്‍ കുറഞ്ഞ പിണ്ഡമെയുള്ളു എന്ന്‌ 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

'ട്രാന്‍സ്‌അത്‌ലാന്റിക്‌ എക്‌സോപ്ലാനെറ്റ്‌ സര്‍വെ'(TrES) സംഘത്തില്‍ പെട്ട ഗ്രൂപ്പാണ്‌ 'TrES-4' എന്നു പേരിട്ടിട്ടുള്ള ഗ്രഹത്തെ തിരിച്ചറിഞ്ഞത്‌. 'GSC02620-00648' എന്ന നക്ഷത്രത്തെ പ്രദക്ഷണം വെയ്‌ക്കുന്ന ഗ്രഹമാണത്‌. മാതൃനക്ഷത്രത്തില്‍ നിന്ന്‌ 70 ലക്ഷം കിലോമീറ്റര്‍ അകലെയാണ്‌ ഗ്രഹത്തിന്റെ ഭ്രമണപഥം. അതിനാല്‍ കൊടുംചൂടാണ്‌ ഗ്രഹത്തിലെന്ന്‌ ഗവേഷകര്‍ കണക്കുകൂട്ടുന്നു; കുറഞ്ഞത്‌ 1327 ഡിഗ്രി സെല്‍സിയസ്‌ ഊഷ്‌മാവെങ്കിലും കാണും ഗ്രഹത്തില്‍!

വലിയ ഗ്രഹം മാത്രമല്ല, അത്‌ 'വാലുള്ള ഗ്രഹം' കൂടിയാകാന്‍ സാധ്യതയുണ്ടെന്ന്‌ ഗവേഷകര്‍ കരുതുന്നു. പിണ്ഡം കുറവായതിനാല്‍ ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണം ദുര്‍ബലമായിരിക്കും. അതുകൊണ്ട്‌ ഉപരിഅന്തരീക്ഷത്തിന്റെ കുറെഭാഗം വാലുപോലെ നീണ്ടുകാണാന്‍ സാധ്യതയുണ്ട്‌. "സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തുന്ന ഏറ്റവും വലിയ ഗ്രഹമാണിത്‌"-അസ്‌ട്രോഫിസിക്കല്‍ ജേര്‍ണലിലെ പ്രബന്ധത്തിന്റെ മുഖ്യരചയിതാവും അമേരിക്കയില്‍ ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകനുമായ ജോര്‍ജി മന്‍ഡുഷേവ്‌ അറിയിച്ചു.

ആ ഗ്രഹത്തിന്റെ വലിപ്പം ഇത്ര കൂടാന്‍ കാരണമെന്തെന്ന്‌, നിലവിലുള്ള സിദ്ധാന്തങ്ങള്‍ പ്രകാരം ഗവേഷകര്‍ക്ക്‌ വിശദീകരിക്കാനാകുന്നില്ല. ഇത്തരം ചൂടന്‍ വാതകഗ്രഹങ്ങളുടെ പിറവിയെക്കുറിച്ചും ഘടനയെക്കുറിച്ചും മനസിലാക്കുന്നത്‌, സൗരയൂഥത്തെ കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കും-കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(Caltech)യിലെ ഗവേഷകവിദ്യാര്‍ത്ഥിയായ ഫ്രാന്‍സിസ്‌ ഓഡൊനോവന്‍ പറയുന്നു.

ഭൂമിയില്‍നിന്നു നോക്കുമ്പോള്‍ മാതൃനക്ഷത്രത്തിന്‌ നേരെ മുമ്പിലൂടെ ഗ്രഹം കടന്നു പോകുന്നതുകൊണ്ടാണ്‌ (സംതരണം സംഭവിക്കുന്നതിനാല്‍) അതിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്‌. സൗരയൂഥത്തിന്‌ വെളിയില്‍ മിക്ക ഗ്രഹങ്ങളും ഇത്തരം പരോക്ഷ നിരീക്ഷണപ്രക്രിയ വഴിയാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. TrES-4 ഗ്രഹം മാതൃനക്ഷത്രത്തിന്‌ മുന്നിലൂടെ കടന്നു പോകുമ്പോള്‍ നക്ഷത്രത്തിന്റെ ഒരു ശതമാനം പ്രകാശം തടസ്സപ്പെടുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. വെറും 3.55 ദിവസം കൂടുമ്പോള്‍ ഗ്രഹം ഒരു തവണ നക്ഷത്രത്തെ പ്രദിക്ഷണം ചെയ്യുന്നു.

ഇതുവരെ 244 ഗ്രഹങ്ങളെ സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തിയിട്ടുണ്ട്‌. അവയില്‍ 40 എണ്ണം 2007-ലെ ആദ്യ ഏഴുമാസങ്ങളിലാണ്‌ കണ്ടെത്തിയത്‌. സ്വിസ്സ്‌ വാനശാസ്‌ത്രജ്ഞരായ മൈക്കല്‍ മേയര്‍, ഡിഡിയര്‍ ക്വേലോസ്‌ എന്നിവര്‍ ചേര്‍ന്ന്‌ ആദ്യ ബാഹ്യഗ്രഹത്തെ കണ്ടെത്തിയ കാര്യം 1995-ലാണ്‌ സ്ഥിരീകരിച്ചതെന്നു കൂടി അറിയുമ്പോള്‍, ഈ രംഗത്ത്‌ എത്ര വലിയ മുന്നേറ്റമാണ്‌ ഒരു പതിറ്റാണ്ടുകൊണ്ട്‌ ഉണ്ടായതെന്ന്‌ മനസിലാക്കാം. (അവലംബം: അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍)

Thursday, August 02, 2007

ജിനോം മാറ്റിവെയ്‌ക്കാവുന്ന കാലം

ഒരു ജീവിയുടെ കോശത്തിലെ ജിനോം അതേപടി മറ്റൊരു ജീവിയിലേക്ക്‌ മാറ്റിവെക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരിക്കുന്നു. ഒരു ബാക്ടീരിയത്തെ കൃത്രിമമായി പരീക്ഷണശാലയില്‍ സൃഷ്ടിക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ പുതിയൊരു നാഴിക്കക്കല്ലാണ്‌ ഈ വിജയം
ഹൃദയവും വൃക്കയും കരളുമൊക്കെ മാറ്റിവെക്കുന്നത്‌ ഇന്ന്‌ അത്ഭുതമല്ല. ദിവസവും അത്തരം വാര്‍ത്തകള്‍ നമ്മുടെ കാതിലെത്തുന്നു. എന്നാല്‍, പുത്തന്‍ കാലം ഇതിനെയൊക്കെ കടത്തിവെട്ടുകയാണ്‌. മാറ്റിവെക്കല്‍ അതിന്റെ സൂക്ഷ്‌മതലത്തിലേക്ക്‌ കടന്നിരിക്കുന്നു; ശരിക്കു പറഞ്ഞാല്‍ തന്മാത്രാതലത്തിലേക്ക്‌. ഒരു ജീവിയുടെ പൂര്‍ണ ജനിതകസാരമായ 'ജിനോ'(genome) മും മാറ്റിവെക്കാവുന്ന കാലം എത്തിയിരിക്കുന്നു. ഒരു ബാക്ടീരിയത്തിന്റെ ജിനോം പൂര്‍ണമായി മാറ്റിവെക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്‌ അമേരിക്കയില്‍ മേരിലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 'ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ' എന്ന സ്ഥാപനം. 'സയന്‍സ്‌' ഗവേഷണ വാരികയാണ്‌ ഈ വിജയത്തിന്റെ കഥ അടുത്തയിടെ പ്രസിദ്ധീകരിച്ചത്‌.

പരീക്ഷണശാലയില്‍ കൃത്രിമജിവിയെ സൃഷ്ടിക്കാനുള്ള നീക്കത്തില്‍ നിര്‍ണായക ചുവടുവെപ്പാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു. ഡി.എന്‍.എ.തുണ്ടുകള്‍ കൂട്ടിയിണക്കി കൃത്രിമ ഡി.എന്‍.എ.യുണ്ടാക്കി പുതിയൊരു ബാക്ടീരയത്തെ സൃഷ്ടിക്കാന്‍ ശ്രമം തുടരുന്ന സ്ഥാപനമാണ്‌ 'ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌'. ഇതിനകം വിവാദമായിക്കഴിഞ്ഞ ഈ സംരംഭത്തിന്‌ പ്രശസ്‌ത ജനിതക ശാസ്‌ത്രജ്ഞന്‍ ജെ.ക്രെയ്‌ഗ്‌ വെന്റര്‍ നേതൃത്വം നല്‍കുന്നു.(കാണുക: ആദ്യകൃത്രിമജീവി ഒരുങ്ങുന്നു). ഇന്ധനങ്ങള്‍ ഉത്‌പാദിപ്പിക്കാന്‍ ശേഷിയുള്ള സൂക്ഷ്‌മജീവികളെ നിര്‍മിക്കുകയാണ്‌ ഈ സംരംഭത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും ക്രെയ്‌ഗ്‌ വെന്റര്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌. മാനവജിനോം കണ്ടുപിടിക്കുക വഴി ചരിത്രം സൃഷ്ടിച്ച ശാസ്‌ത്രജ്ഞനാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍.

ജനിതക സാങ്കേതികവിദ്യയില്‍ ഒട്ടേറെ മുന്നേറ്റങ്ങള്‍ പോയ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്‌. അന്യജീനുകളും ഡി.എന്‍.എ.ഭാഗങ്ങളും ഒരു ജീവിയുടെ ജിനോമില്‍ സന്നിവേശിപ്പിച്ച്‌ ഒട്ടേറെ ഗവേഷണങ്ങള്‍ നടന്നിട്ടുമുണ്ട്‌. എന്നാല്‍, ഒരു ജീവിയുടെ മുഴുവന്‍ ജിനോമും മറ്റൊരു ജീവിയിലേക്ക്‌ ഒന്നോടെ മാറ്റിവെക്കുന്നതില്‍ വിജയിക്കുന്നത്‌ ആദ്യമായാണ്‌. "ബയോളജിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഈ ഗവേഷണ പ്രബന്ധം ഒരു നാഴികക്കല്ലാണ്‌"-'സയന്‍സ്‌' വാരികയുടെ ഡെപ്യൂട്ടി എഡിറ്റര്‍ ബാര്‍ബര ജസ്‌നി, ക്രെയ്‌ഗ്‌ വെന്റര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ നേരിട്ടെത്തി സാക്ഷ്യപ്പെടുത്തി.

ജനിതകമായി അത്ര വ്യത്യാസമില്ലാത്ത രണ്ട്‌ ബാക്ടീരിയങ്ങളെയാണ്‌ ജിനോം മാറ്റിവെയ്‌ക്കല്‍ പ്രക്രിയയ്‌ക്ക്‌ ക്രെയ്‌ഗ്‌ വെന്ററുടെ സംഘം തിരഞ്ഞെടുത്തത്‌. അതിലൊരെണ്ണത്തിന്റെ ഡി.എന്‍.എ.വേര്‍തിരിച്ചെടുത്തിട്ട്‌, ഒരു പ്രത്യേക ആന്റിബയോട്ടിക്കിനോട്‌ പ്രതിരോധശേഷി നേടാന്‍ സഹായിക്കുന്ന ഒരു ജീന്‍ അതില്‍ സന്നിവേശിപ്പിച്ചു. അങ്ങനെ പരിഷ്‌കരിച്ച ഡി.എന്‍.എ. രണ്ടാമത്തെ ബാക്ടീരിയത്തിന്റെ കോശഭിത്തിയിലൂടെ ഉള്ളില്‍ കടത്തി. എന്നിട്ട്‌, ആന്റിബയോട്ടിക്കിന്റെ സാന്നിധ്യത്തില്‍ അതിനെ കോശവിഭനം നടത്താന്‍ അനുവദിച്ചപ്പോള്‍ ആതിഥേയ കോശത്തിലെ ക്രോമസോമുകള്‍ നശിച്ചു. കോശത്തില്‍ അവശേഷിച്ചത്‌ അതിഥി ഡി.എന്‍.എ.മാത്രമായി. അതോടെ, ആതിഥേയ ബാക്ടീരിയത്തിന്റെ ജൈവഗുണങ്ങള്‍ അതിഥിയുടേതായി. "ശരിക്കും പ്രോട്ടീനിന്റെ സാകല്യം(repertoire) മുഴുവനായിത്തന്നെ മാറി"-ക്രെയ്‌ഗ്‌ വെന്റര്‍ അറിയിച്ചു.

കൃത്രിമ ബാക്ടീരിയത്തെ സൃഷ്ടിക്കാന്‍ ക്രെയ്‌ഗ്‌ വെന്റര്‍ നടത്തുന്ന ശ്രമങ്ങളില്‍ സുപ്രധാന വഴിത്തിരിവാണ്‌ ഈ ജിനോം മാറ്റിവെയ്‌ക്കല്‍. ഇതിനായി, മനുഷ്യന്റെ മൂത്രനാളിയിലും മറ്റും കാണപ്പെടുന്ന 'മൈകോപ്ലാസ്‌മ ജനിറ്റലിയം'(mycoplasma genitalium) എന്ന ബാക്ടീരിയത്തിന്റെ ജനിതകഘടന ഒരു പതിറ്റാണ്ടായി ഗവേഷകര്‍ പഠിച്ചു വരികയാണ്‌. ഡി.എന്‍.എ.തുണ്ടുകള്‍ തുന്നിച്ചേര്‍ത്ത്‌ പുതിയൊരു ജിനോം സൃഷ്ടിച്ച ശേഷം, അതുപയോഗിച്ച്‌ പുതിയൊരു ബാക്ടീരിയത്തെ സൃഷ്ടിക്കുകയെന്നതാണ്‌ ക്രെയ്‌ഗ്‌ വെന്ററും ഉദ്ദേശിക്കുന്നത്‌. ഡി.എന്‍.എ. ഒരു ബാക്ടീരിയത്തിനുള്ളിലേക്ക്‌ മാറ്റി വെയ്‌ക്കുകയെന്നത്‌, ഡി.എന്‍.എ.തുണ്ടുകള്‍ കൂട്ടിച്ചേര്‍ത്ത്‌ പുതിയൊരു ജിനോം സൃഷ്ടിക്കുന്നതു പോലെ പ്രധാനമാണ്‌. എന്നുവെച്ചാല്‍, ഒരു കൃത്രിമ ബാക്ടീരിയത്തെ സൃഷ്ടിക്കുന്നതില്‍ ആദ്യ കടമ്പയാണ്‌ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും കടന്നിരിക്കുന്നതെന്നു സാരം.

പക്ഷേ, ഈ ജിനോം മാറ്റിവെക്കല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിന്‌ കൃത്യമായി ഉത്തരം നല്‍കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും, ആതിഥേയ കോശത്തിലെ ജിനോം എങ്ങനെ അപ്രത്യക്ഷമായി എന്നത്‌. ബാക്ടീരിയയിലാണ്‌ ഇത്‌ വിജയിച്ചത്‌. അതിനെക്കാള്‍ ഉയര്‍ന്ന ശ്രേണിയിലുള്ള ജീവികളുടെ കാര്യത്തില്‍ ഇത്‌ ശരിയാകുമോ എന്ന്‌ ഉറപ്പില്ല. ഏത്‌ കോശത്തിലും എത്തപ്പെടുന്ന അന്യവസ്‌തുക്കളെ നശിപ്പിച്ചു കളയാന്‍ കോശങ്ങള്‍ക്ക്‌ പ്രവണതയുണ്ട്‌. അതിനാല്‍, വ്യത്യസ്‌ത ജീവികളില്‍ ആതിഥേയ ഡി.എന്‍.എ.യെ നശിപ്പിക്കുന്ന രാസാഗ്നി തടുക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ ഗവേഷകര്‍ കണ്ടുപിടിക്കേണ്ടി വരും. (കടപ്പാട്‌: സയന്‍സ്‌ ഗവേഷണ വാരിക)