മുകളിലേക്ക് ശോഷിക്കുന്ന കുറിഞ്ഞിമേടുകള്‍
2006-ലെ കുറിഞ്ഞിപ്പൂക്കാലം നല്‍കുന്ന ചില മുന്നറിയിപ്പുകള്‍. കുറിഞ്ഞിയെ ആഘോഷമാക്കുന്നതിനിടിയില്‍ വിട്ടുപോകുന്ന കാഴ്ചകള്‍
ഓസ്ട്രേലിയന്‍ പരിസ്ഥിതി ഗവേഷകനായ ടിം ഫ്ലാനെറി(Tim Flannery)യുടെ പുതിയ പുസ്തകമാണ് 'ദി വെതര്‍ മേക്കേഴ്സ്'(The Weather Makers). ന്യൂ ഗിനി(New Guinea) ദ്വീപിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മൗണ്ട് ആല്‍ബര്‍ട്ട് എഡ്വേര്‍ഡില്‍ കാല്‍നൂറ്റാണ്ട് മുമ്പ് കയറിയ അനുഭവം വിവരിച്ചുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. കൊടുമുടിയുടെ മേല്‍ച്ചെരുവുകളില്‍ നിന്ന് താഴേയ്ക്കിറങ്ങുന്ന പുല്‍മേട് ഒരു വിതാനത്തിലെത്തുമ്പോള്‍ വനവുമായി സംഗമിക്കുന്നു. ഒറ്റ ചുവടുവെയ്പ്പിന് ശാദ്വലമായ പുല്‍മേട്ടില്‍ നിന്ന് ഘോരവനത്തിന്റെ ഇരുളിലേക്ക് ഒരാള്‍ക്ക് കടക്കാനാകും.

സാധാരണഗതിയില്‍ വനവും പുല്‍മേടും അതാതിന്റെ അതിര്‍ത്തികാക്കുന്നതില്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ല. പക്ഷേ, മൗണ്ട് ആല്‍ബര്‍ട്ട് എഡ്വേര്‍ഡിന്റെ ചെരുവില്‍, പുല്‍മേട്ടില്‍ മാത്രം കാണപ്പെടുന്ന ചിലയിനം പന്നല്‍ച്ചെടികള്‍ എങ്ങനെ പുല്‍മേടിനു തൊട്ടുതാഴത്തെ വനത്തിലും എത്തി എന്നകാര്യം ഫ്ലാനറിയെ അത്ഭുതപ്പെടുത്തുകയുണ്ടായി. വനം മുകളിലേക്കു നീങ്ങിയതിന്റെ, അതിനനുസരിച്ച് പുല്‍മേട് ശോഷിച്ചുപോയതിന്റെ തെളിവാണ് താന്‍ കണ്ടതെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ന് ഇക്കാര്യം ഓര്‍ക്കുമ്പോള്‍, ആഗോളതാപനം ആവാസവ്യവസ്ഥകള്‍ക്കുണ്ടാക്കുന്ന മാറ്റത്തിന്റെ തെളിവാണ് കാല്‍നൂറ്റാണ്ടു മുമ്പ് താന്‍ കണ്ടതെന്ന് ഫ്ലാനറി കരുതുന്നു.
1994-ല്‍ നീലക്കുറിഞ്ഞി പൂത്തതിന് സാക്ഷിയാകാന്‍ മൂന്നാറിലെ രാജമലയില്‍ എത്തിയവരില്‍ ചിലരെങ്കിലും ഈ പൂക്കാലത്തും അവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകണം. പക്ഷേ, ഇത്തവണ രാജമലയിലെത്തിയ ലക്ഷക്കണക്കിനാളുകളുടെ തിരക്കിനിടയില്‍, മേല്‍വിവരിച്ചതുപോലൊരു രംഗം മിക്കവരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കാന്‍ ഇടയില്ല. രാജമലയില്‍ നായ്ക്കൊല്ലിമലയുടെ അടിവാരത്ത്, തേയിലത്തോട്ടങ്ങള്‍ അവസാനിക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ അതിര്‍ത്തി മുതല്‍ തന്നെ കഴിഞ്ഞ തവണ കുറിഞ്ഞിച്ചെടികള്‍ നിരന്നു പൂത്തിരുന്നു. പുല്‍മേടും അവിടം മുതല്‍ ദൃശ്യമായിരുന്നു.
പക്ഷേ, 12 വര്‍ഷത്തിന് ശേഷം താഴ്‌ന്ന പ്രദേശത്തെ പുല്‍മേട് മുഴുവന്‍ കുറ്റിക്കാടിനും പൊന്തകള്‍ക്കും വഴിമാറിയിരിക്കുന്ന കാഴ്ചയാണ് സന്ദര്‍ശകരെ കാത്തിരുന്നത്. അവിടെ ശേഷിച്ചിട്ടുള്ള ഏതാനും കുറിഞ്ഞിച്ചെടികള്‍ പൊന്തക്കാട്ടില്‍ ഞെരുങ്ങി പോയിരിക്കുന്നു. ഏറെ മുകളില്‍ പല കൊടുംവളവുകള്‍ക്ക് അപ്പുറം, നായ്ക്കൊല്ലിമലയുടെ ചുവട്ടിലെത്തുമ്പോഴേ ഇത്തവണ ശരിക്കും കുറിഞ്ഞിച്ചെടികള്‍ നിരന്നു പൂത്തത് കാണാന്‍ കഴിയുമായിരുന്നുള്ളൂ. പുല്‍മേടും കുറിഞ്ഞിക്കാടും മുകളിലേക്ക് ശോഷിച്ചു പോയിരിക്കുന്നു. ആ കാഴ്ച കാണുമ്പോള്‍, കേരളത്തിലും അന്തരീക്ഷതാപനില ഉയരുകയാണെന്ന കാര്യമാണ് മനസിലേക്ക് ആശങ്കയോടെ കടന്നു വരുന്നത്. കഴിഞ്ഞ 48 വര്‍ഷത്തിനിടെ സംസ്ഥാനത്ത് താപനില 0.8 ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചെന്ന പഠനഫലം 2005-ലാണ് പുറത്തുവന്നത്.
രാജമലയിലെ തിരക്കിന്റെ പ്രളയത്തില്‍ ശ്വാസംമുട്ടിയ പലരും ഇത്തവണ കുറിഞ്ഞി കാണാന്‍ നേരെ പോയത് കാന്തല്ലൂരിലേക്കാണ്. കുറിഞ്ഞിപൂക്കാലം മൂന്നാറിനെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ്സങ്കേതങ്ങളിലൊന്നായി ഒറ്റയടിക്ക് മാറ്റിയെങ്കില്‍, മൂന്നാറിലെ തിരക്ക് കാന്തല്ലൂരിനെ സഞ്ചാരികളുടെ മറ്റൊരു ലക്ഷ്യസ്ഥാനമാക്കി മാറ്റി. കുറഞ്ഞത് 5000 വാഹനങ്ങളെങ്കിലും കുറിഞ്ഞിസ്നേഹികളെയും കൊണ്ട് കാന്തല്ലൂരിലെത്തി.
കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ് ഈ ലേഖകന്‍ കാന്തല്ലൂര്‍ സന്ദര്‍ശിക്കുന്നത്. അവിടെ ഒറ്റപ്പെട്ട ചില സ്ഥാനങ്ങളിലൊഴികെ കുറിഞ്ഞിപ്പൂക്കള്‍ കരിഞ്ഞു തുടങ്ങിയിരുന്നു. ബസ്സിറങ്ങി കുറിഞ്ഞിക്കാടുകള്‍ എവിടെയാണെന്ന് ചോദിക്കുമ്പോള്‍ തന്നെ അന്വേഷണം വന്നു, 'കുറിഞ്ഞി പറിക്കണോ?'. അമ്പരപ്പാണ് മനസിലുയര്‍ന്നത്. കാന്തല്ലൂരിലെ ഓട്ടോ ഡ്രവറായ മനോജ്, ആ ചോദ്യത്തിന്റെ പൊരുള്‍ പിന്നീട് പറഞ്ഞു തന്നു. കാന്തല്ലൂരില്‍ കുറിഞ്ഞി പൂത്തത് കാണാനെത്തിയവരില്‍ പലരും കുറിഞ്ഞിയോടുള്ള സ്നേഹംമൂത്ത്, കെട്ടുകണക്കിന് കുറിഞ്ഞി പറിച്ച് വണ്ടികളിലിട്ടാണ് ചുരമിറങ്ങിയത്. രാജമലയിലേതുപോലെ, വനംവകുപ്പിന്റെ കര്‍ക്കശ നിയന്ത്രണത്തിലല്ല കാന്തല്ലൂരിലെ കുറിഞ്ഞിക്കാടുകള്‍. അതുകൊണ്ട് കുറിഞ്ഞി പറിക്കുന്നതിന് നിയന്ത്രണവുമില്ല.
പന്ത്രണ്ട് വര്‍ഷം വളര്‍ച്ച പൂര്‍ത്തിയാക്കിയാണ് നീലകുറിഞ്ഞിച്ചെടികള്‍ പൂക്കുക. പൂക്കള്‍ വിത്താകുന്നതോടെ ചെടികളുടെ ആയുസ്സ് തീരുന്നു. അവ നശിക്കുന്നു. വിത്തുകള്‍ വീണ് കുറിഞ്ഞിച്ചെടിയുടെ പുതിയ തലമുറ നാമ്പിടുന്നു. എന്നുവെച്ചാല്‍, 1994-ല്‍ പൂത്ത കുറിഞ്ഞിച്ചെടികളുടെ സന്താനങ്ങളാണ് ഇത്തവണത്തെ പൂക്കാലം സമ്മാനിച്ചത്. അവയുടെ സന്താനങ്ങള്‍ വേണം 2018-ല്‍ വീണ്ടുമൊരു പൂക്കാലവുമായി എത്താന്‍. അങ്ങനെയെങ്കില്‍ കാന്തല്ലൂരില്‍ കുറിഞ്ഞിച്ചെടികളുടെ പുതിയ തലമുറയുണ്ടാകുമോ? കെട്ടുകണക്കിന് കുറിഞ്ഞിപ്പൂവുമായി മലയിറങ്ങിയവര്‍ വീണ്ടുമൊരു പൂക്കാലമുണ്ടാകില്ല എന്ന് ഉറപ്പാക്കുകയല്ലേ ചെയ്തത്?
നീലക്കുറിഞ്ഞിയുടെ പൂക്കാലം തേനിന്റെ കൂടി കാലമാണ്. കുറിഞ്ഞിത്തേനിന് പ്രത്യേക വാസനയാണെന്നും ഗുണം കൂടുമെന്നും ആദിവാസികള്‍ പറയുന്നു. ഒക്ടോബര്‍ എട്ടിനാണ് കാന്തല്ലൂരില്‍ ഇത്തവണ ആദ്യമായി കുറിഞ്ഞിത്തേന്‍ വില്‍പ്പനയ്ക്കെത്തിയത്. എന്നാല്‍, നീലക്കുറിഞ്ഞി പൂത്താല്‍ തേനിച്ചയെ ക്ഷണിക്കുന്നതു മുതല്‍ ആദ്യതേന്‍ എടുക്കുന്നതു വരെ ആഘോഷിക്കാറുള്ള വട്ടവട ഗ്രാമവാസികള്‍ക്ക് ഇത്തവണ കുറിഞ്ഞിത്തേന്‍ ലഭിച്ചില്ല. കാരണം വട്ടവയുടെ മലഞ്ചെരിവുകളില്‍ നിന്ന് കുറിഞ്ഞിക്കാടുകള്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. പകരം അവിടമെല്ലാം യൂക്കാലിപ്റ്റസ് ഗ്രാന്‍ഡീസ് തോട്ടങ്ങള്‍ കൈയടക്കിയിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഈ മേഖലയില്‍ വന്ന മാറ്റമാണിത്. പുല്‍മേടുകളും കൃഷിയിടങ്ങളും മുഴുവന്‍ പുറംനാട്ടുകാര്‍ കൈയടക്കിയതിന്റെ ബാക്കിപത്രം. ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കമ്പൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശം 'നീലക്കുറിഞ്ഞി സാങ്ങ്ച്വറി'യായി സംസ്ഥാന വനംവകുപ്പ് പ്രഖ്യാപിച്ചെങ്കിലും, വട്ടവടയുടെ ഇന്നത്തെ അവസ്ഥ ആ പ്രഖ്യാപനത്തിന് നേരെ ഉയരുന്ന വെല്ലുവിളിയാണ്.
5 comments:
:) ഒരു ചിരി മാത്രം സമ്മാനിച്ച് പോകുന്നതിനെ തെറ്റിദ്ധരിക്കരുത്. താങ്കള്‍ എഴുതുന്നതൊക്കെ അറിവുണ്ടാക്കുന്ന കാര്യങ്ങളാണ്. നന്ദി.
സൂ, സൂവിന്റെ ഈ ഒരു ചിരിയേക്കാള്‍ വലിയ സമ്മാനം ബൂലോഗത്ത് എന്തെങ്കിലും കിട്ടാനുണ്ടോ?
:)
ഒറ്റയ്ക്കൊരു പൂവോ ചെടിയോ എടുത്തുനോക്കിയാല്‍ അത്ര പ്രത്യേകതയൊന്നും തോന്നില്ല നീലക്കുറിഞ്ഞിയ്ക്ക്. പക്ഷേ ആ പൂവിന് വിശിഷ്ടമായ ഒരു സുഗന്ധമുണ്ട്. തീരെ നേരിയത്. ആരും അറിയാതിരിക്കാനെന്നോണം അത്ര നേര്‍ത്തത്. എങ്കിലും ഹൃദ്യം! സുന്ദരം!! വേറെ ഒരിടത്തും മണത്തറിയാനാവാത്തത്!!!
സൂവിന്റെ പുഞ്ചിരി പോലെ...
കാടുനാടാക്കാനുള്ള മനുഷ്യന്റെ വ്യഗ്രത എവിടെ ചെന്നവസാനിക്കും ? വളരെ വിശദമായ പഠനം തന്നെ.
അറിവു തരുന്ന നല്ല പഠനം.
Post a Comment