Sunday, March 09, 2014

ഹോര്‍ത്തൂസ് മലബാറിക്കൂസ് - രണ്ടുതവണ പിറന്ന അപൂര്‍വ്വഗ്രന്ഥം

 ജോസഫ് ആന്റണി
ഒരു ഗ്രന്ഥം രണ്ടുതവണ പിറക്കുമോ? വ്യത്യസ്ത പതിപ്പുകള്‍ ഒരു ഗ്രന്ഥത്തിന് വന്നേക്കാമെങ്കിലും, രണ്ടുതവണ അത് പിറക്കുകയെന്നത് അസാധ്യം എന്ന് ആരും സമ്മതിക്കും. എന്നാല്‍, അങ്ങനെയൊരു ഗ്രന്ഥമുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന വിശിഷ്ടഗ്രന്ഥത്തിനാണ് രണ്ടുതവണ പിറക്കാനുള്ള അപൂര്‍വ്വ വിധിയുണ്ടായത്. ആ ഗ്രന്ഥം ആദ്യം പ്രസിദ്ധീകരിച്ച് കൃത്യം മൂന്നേകാല്‍ നൂറ്റാണ്ട് തികഞ്ഞപ്പോള്‍ അതിന്റെ രണ്ടാംപിറവി നടന്നു; അത് കേരളത്തില്‍ നിന്നായിരുന്നു.

മൂന്നേകാല്‍ നൂറ്റാണ്ടിന്റെ കാലദൈര്‍ഘ്യത്തിനിടെ രണ്ടുതവണ പിറന്നു എന്ന് ആലങ്കാരികമായി പറഞ്ഞതല്ല. ശരിക്കും സംഭവിച്ചതാണത്. കേരളത്തിലെ (പഴയകാലത്തെ മലബാര്‍) സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിനില്‍ തയ്യാറാക്കപ്പെട്ട 12 വോള്യമുള്ള ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. 'ഹോര്‍ത്തൂസ് മലബാറിക്കൂസി'ന്റെ അര്‍ഥം തന്നെ 'മലബാര്‍ ഉദ്യാനം' എന്നാണ്. പതിനേഴാം നൂറ്റാണ്ടില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ്, ചേര്‍ത്തലക്കാരനായ ഇട്ടി അച്യുതന്‍ എന്ന മലയാളി വൈദ്യനെ മുഖ്യസഹായിയായി വെച്ചുകൊണ്ട് ഹോര്‍ത്തൂസ് തയ്യാറാക്കിയത്.

ലാറ്റിനില്‍ പ്രസിദ്ധീകരിച്ച ആ ബൃഹത്ഗ്രന്ഥത്തില്‍ 742 അധ്യായങ്ങളിലായി, കേരളത്തില്‍ വളരുന്ന 679 വ്യത്യസ്ത സസ്യയിനങ്ങളുടെ വിവരണമാണുള്ളത്. ഒരോ ചെടിയുടെയും സസ്യശാസ്ത്രപരമായ വിശേഷങ്ങളും, സാമ്പത്തികവശങ്ങളും, ഔഷധഗുണങ്ങളുമെല്ലാം ഹോര്‍ത്തൂസില്‍ വിവരിച്ചിരിക്കുന്നു. വിവരണം മാത്രമല്ല, സസ്യങ്ങളുടെ ജീവന്‍ തുടിക്കുന്ന 791 ചിത്രങ്ങളും ഹോര്‍ത്തൂസിലുണ്ട് (712 എണ്ണം ഇരട്ട ഫോളിയോ വലിപ്പത്തിലും, 79 എണ്ണം ഫോളിയോ വലിപ്പത്തിലും!). ആ ലാറ്റിന്‍ ഗ്രന്ഥത്തില്‍ സസ്യനാമങ്ങള്‍ മലയാളത്തിലും ചേര്‍ക്കുക വഴി, ചരിത്രത്തിലാദ്യമായി മലയാള ലിപി അച്ചടിമഷി പുരണ്ടതും ഹോര്‍ത്തൂസിലാണ്.

സ്വാഭാവികമായും ഇത്ര ബൃഹത്തായ ഒരു സംരംഭം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയിലും നെതര്‍ലന്‍ഡ്‌സിലുമായി നൂറുകണക്കിനാളുകളുടെ സഹായം വാന്‍ റീഡിന് തേടേണ്ടി വന്നു. രാഷ്ട്രീയ എതിര്‍പ്പും സാമ്പത്തിക പ്രയാസങ്ങളും ഉള്‍പ്പടെ എണ്ണിയാലൊടുങ്ങാത്ത വൈതരണികള്‍ പിന്നിടേണ്ട വലിയൊരു ദൗത്യമായി മാറി ഹോര്‍ത്തൂസിന്റെ പ്രസിദ്ധീകരണം. കാല്‍നൂറ്റാണ്ടിലേറെ വേണ്ടിവന്നു ഹോര്‍ത്തൂസിന്റെ രചനയ്ക്കും പ്രസിദ്ധീകരണത്തിനും. 1678 - 1693 കാലത്താണ് ഹോര്‍ത്തൂസിന്റെ 12 വോള്യങ്ങളും ആംസ്റ്റര്‍ഡാമില്‍നിന്ന് ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്നത്.

കേരളത്തില്‍ വളരുന്ന നൂറുകണക്കിന് സസ്യങ്ങളെ അന്നത്തെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വര്‍ഗീകരിക്കുകയാണ് വാന്‍ റീഡ് ചെയ്തത്. ആധുനിക സസ്യവര്‍ഗീകരണശാസ്ത്രം (ടാക്‌സോണമി) നിലവില്‍ വരുന്നതിന് മുമ്പായിരുന്നു അത്. കേരളത്തില്‍ മാത്രമല്ല, ലോകത്ത് ഒരു ഉഷ്ണമേഖലാ പ്രദേശത്തുനിന്നും അന്നുവരെ ഇത്രയേറെ സസ്യങ്ങളെ സമഗ്രമായി മനസിലാക്കി വര്‍ഗീകരിച്ച് രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ആ നിലയ്ക്ക് സസ്യവര്‍ഗീകരണശാസ്ത്രത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത് വാന്‍ റീഡാണെന്ന് പറയുന്നത് തെറ്റാവില്ല.

ഹോര്‍ത്തൂസ് പ്രസിദ്ധീകരിച്ച് മൂന്നു നൂറ്റാണ്ടുകാലം അതിനെ ലാറ്റിനില്‍നിന്ന് പരിഭാഷപ്പെടുത്താനോ സാധാരണക്കാരുടെ കൈകളിലെത്തിക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. ലാറ്റിനില്‍ തയ്യാറാക്കപ്പെട്ട ആ ഗ്രന്ഥത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് സമഗ്രമായി മനസിലാക്കുന്നതിലും ആര്‍ക്കും വിജയിക്കാനായില്ല. പാശ്ചാത്യലോകത്ത് മുന്നൂറിലേറെ പണ്ഡിതരും സസ്യശാസ്ത്രജ്ഞരും ഹോര്‍ത്തൂസിനെ പരിഭാഷപ്പെടുത്താനും മനസിലാക്കാനും ഈ കാലത്തിനിടെ ശ്രമിച്ചു. കാര്യമായ വിജയം ആര്‍ക്കും സാധ്യമായില്ല.

ഹോര്‍ത്തൂസിനെ പരിഭാഷപ്പെടുത്താന്‍ കഴിയാത്തതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതിന് ശ്രമിക്കുന്നയാള്‍ ലാറ്റിന്‍ അറിവുള്ളയാളാവണം, സസ്യശാസ്ത്രജ്ഞനാകണം, കേരളത്തിലെ സസ്യങ്ങളെ ആഴത്തില്‍ മനസിലാക്കിയ വ്യക്തിയാകണം, മലയാളം അറിയാമായിരിക്കണം. മാത്രമല്ല, 12 വോള്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആ ബൃഹത്ഗ്രന്ഥം പൂര്‍ണമായി മനസിലാക്കിയെടുക്കാന്‍ പതിറ്റാണ്ടുകളുടെ കഠിനാധ്വാനവും ക്ഷമയും വേണം.

ഇതെല്ലാമുള്ള ഒരാള്‍ രംഗത്ത് വരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ്. ഹോര്‍ത്തൂസിനെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പൂര്‍ണമായി പരിഭാഷപ്പെടുത്തുകയും, ഹോര്‍ത്തൂസില്‍ വിവരിച്ചിരിക്കുന്ന 679 സസ്യയിനങ്ങളില്‍ ഒന്നൊഴികെ ബാക്കി മുഴുവന്‍ എണ്ണത്തെയും വീണ്ടും തേടിപ്പിടിച്ച് ആധുനിക സസ്യശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് വിശദീകരിക്കുകയും, ഹോര്‍ത്തൂസിലുള്ള ഭാഷാപരവും ചരിത്രപരവുമായ സംഗതികള്‍ മുഴുവന്‍ വ്യാഖ്യാനിക്കുകയും ചെയ്ത ആ വ്യക്തിയുടെ പേരാണ് ഡോ.കെ.എസ്.മണിലാല്‍. ഹോര്‍ത്തൂസിന് രണ്ടാംജന്മം നല്‍കിയത് മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞനാണ്. അതിനായി തന്റെ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ആ ഗവേഷകന്‍ സമര്‍പ്പിച്ചു.

ഒര്‍ക്കുക - വാന്‍ റീഡ് തന്റെ ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ ഹോര്‍ത്തൂസിനായി ചെലവിട്ടപ്പോള്‍, മണിലാല്‍ അതിന്റെ ഇരട്ടി സമയം ആ ഗ്രന്ഥത്തിന് രണ്ടാംജന്മം നല്‍കാന്‍ വേണ്ടി ചെലവഴിച്ചു. 2003 ല്‍ കേരളയൂണിവേഴ്‌സിറ്റി ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പും, 2008 ല്‍ മലയാളം പതിപ്പും പ്രസിദ്ധീകരിച്ചു.

വാന്‍ റീഡ്
ലോകത്തെ ആദ്യ ബഹുരാഷ്ട്ര കോര്‍പ്പറേഷനായ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയില്‍ ഇരുപതാം വയസില്‍ (1656 ല്‍) സൈനികനായി ചേര്‍ന്ന വ്യക്തിയാണ് ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ്. ആംസ്റ്റര്‍ഡാമിലെ ഒരു കുലീന പ്രഭുകുടുംബത്തിലെ അംഗമായി 1636 ല്‍ ജനിച്ച വാന്‍ റീഡിന് പ്രാഥമിക വിദ്യാഭ്യാസം പോലും ശരിക്ക് ലഭിച്ചിരുന്നില്ല. അഡ്മിറല്‍ റിജ്‌ലോഫ് വാന്‍ ഗൊന്‍സിന് കീഴാണ് സൈനികനായി വാന്‍ റീഡ് പ്രവര്‍ത്തിച്ചത്. 

സിലോണും മലബാറും പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള കപ്പല്‍പ്പടയെ നയിച്ചത് വാന്‍ ഗൊന്‍സ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രീതീ പിടിച്ചുപറ്റിയ വാന്‍ റീഡിന്, മലബാര്‍ ആക്രമണങ്ങളില്‍ നേതൃനിരയില്‍ സ്ഥാനംലഭിച്ചു. 1663 ല്‍ വാന്‍ ഗൊന്‍സിന്റെ നേതൃത്വത്തില്‍ ഡച്ച് സേന കൊച്ചികോട്ട പിടിച്ചെടുത്തപ്പോള്‍, മലബാര്‍ കൗണ്‍സിലറും കൊച്ചി രാജാവിന്റെ സ്റ്റേറ്റ് ഓഫീസറുമായി നിയമിക്കപ്പെട്ടത് വാന്‍ റീഡായിരുന്നു.

നാട്ടുരാജാക്കന്‍മാരുമായി ബന്ധപ്പെട്ട്, സമ്മതത്തോടെയോ ബലപ്രയോഗത്തിലൂടെയോ കുരുമുളക് വ്യാപാരത്തിന്റെ കുത്തക കൈക്കലാക്കുക എന്നതായിരുന്നു വാന്‍ റീഡില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം. അതിനായുള്ള യാത്രകള്‍ക്കിടയിലാണ് കേരളത്തിലെ സസ്യസമ്പത്ത് വാന്‍ റീഡിനെ ആകര്‍ഷിക്കാന്‍ തുടങ്ങുന്നത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം ഡച്ച് കമ്പനിക്ക് സാമ്പത്തികമായി ഗുണംചെയ്യുമെന്ന് വാന്‍ റീഡ് കണ്ടു. പ്രത്യേകിച്ചും ഡച്ച് പട്ടാളക്കാരുടെ ചികിത്സാകാര്യത്തില്‍. പ്രധാനമായും ഈ ചിന്തയാണ്, 1670 ല്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായി നിയമിക്കപ്പെട്ട ശേഷം, ഹോര്‍ത്തൂസ് തയ്യാറാക്കുന്നതിലേക്ക് വാന്‍ റീഡിനെ നയിച്ചത്.

പ്രാഥമിക വിദ്യാഭ്യാസം പോലും ശരിക്കു ലഭിക്കാത്ത ഒരാള്‍ക്ക് ഹോര്‍ത്തൂസ് പോലൊരു സസ്യശാസ്ത്രഗ്രന്ഥം തയ്യാറാക്കുക സാധ്യമല്ലല്ലോ. അത്തരമൊരു സംരംഭത്തിന് പുറപ്പെടുമ്പോള്‍ വാന്‍ റീഡിന് തന്റെ പരിമിതികളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാല്‍, സസ്യശാസ്ത്രത്തിലും വൈദ്യത്തിലും വിദഗ്ധനെന്ന് പേരെടുത്ത കത്തോലിക്കാ വൈദികനായ ഫാ.മാത്യു ഓഫ് സെന്റ് ജോസഫിന്റെ സഹായം വാന്‍ റീഡ് തേടി. 1674 ല്‍ തുടങ്ങിയ ഹോര്‍ത്തൂസ് പദ്ധതിയില്‍ ആ വൈദികനെ സഹായിക്കാന്‍ രംഗഭട്ട്, വിനായക പണ്ഡിറ്റ്, അപ്പു ഭട്ട് എന്നീ കൊങ്കിണി ബ്രാഹ്മണരെ വാന്‍ റീഡ് നിയോഗിക്കുകയും ചെയ്തു.

പക്ഷേ, പദ്ധതി കുറച്ച് പുരോഗമിച്ചപ്പോള്‍ ഒരുകാര്യം വാന്‍ റീഡിന് ബോധ്യമായി. അന്യനാട്ടുകാരനായ ഫാ.മാത്യുവിന് (അദ്ദേഹം ഇറ്റലിക്കാരനായിരുന്നു) കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് അത്ര അവഗാധമില്ല. മാത്രമല്ല, ഫാ.മാത്യു തയ്യാറാക്കുന്ന സസ്യചിത്രങ്ങള്‍ മിഴിവുള്ളതോ, പലപ്പോഴും സസ്യങ്ങളേതെന്ന് തിരിച്ചറിയാന്‍ പാകത്തില്‍ ഉള്ളതോ അല്ല.

ആ സമയത്ത് കൊച്ചി സന്ദര്‍ശിച്ച പ്രശസ്ത ഡച്ച് സസ്യശാസ്ത്രജ്ഞന്‍ ഹോള്‍ ഹെര്‍മാന്‍  ഉപദേശിച്ചതു പ്രകാരം, അതുവരെ ചെയ്ത കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് ഹോര്‍ത്തൂസ് പദ്ധതി പുതിയതായി തുടങ്ങി. ഇത്തവണ, മലബാറിലെ ഏറ്റവും പ്രസിദ്ധനായ വൈദ്യന്‍ ഇട്ടി അച്യുതനെയാണ് വാന്‍ റീഡ് മുഖ്യസഹായി ആയി നിയമിച്ചത്. കൊച്ചിയിലെ ഡച്ച് ക്യാമ്പിലുണ്ടായിരുന്ന പ്രഗത്ഭരായ ചില ചിത്രകാരന്‍മാരുടെ സഹായവും തേടി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സസ്യങ്ങള്‍ ശേഖരിക്കാന്‍ നൂറുകണക്കിനാളുകളെ വാന്‍ റീഡ് നിയോഗിച്ചു. കൊച്ചി രാജാവും തുണയ്‌ക്കെത്തി. യൂറോപ്യന്‍ മാനദണ്ഡമനുസരിച്ച് ശാസ്ത്രത്തിന്റെ സാര്‍വത്രികഭാഷയായ ലാറ്റിനില്‍ തന്നെ വേണം ഗ്രന്ഥം എന്നകാര്യത്തില്‍ വാന്‍ റീഡിന് നിര്‍ബന്ധമുണ്ടായിരുന്നു. സസ്യവിവരങ്ങളും ഔഷധഗുണങ്ങളും ഇട്ടി അച്യുതന്‍ പറഞ്ഞുകൊടുക്കുന്നത് മലയാളത്തില്‍നിന്ന് പോര്‍ച്ചുഗീസിലേക്കും, പോര്‍ച്ചുഗീസില്‍നിന്ന് ഡച്ചിലേക്കും, ഡച്ചില്‍നിന്ന് ലാറ്റിനിലേക്കും പരിഭാഷപ്പെടുത്താന്‍ വിദഗ്ധരെ വെച്ചു.

എന്നാല്‍, ഹോര്‍ത്തൂസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഡച്ച് കമ്പനിക്കുള്ളില്‍നിന്ന് വാന്‍ റീഡിന് എതിര്‍പ്പ് നേരിടേണ്ടി വന്നു. അതൊടുവില്‍ കൊച്ചി ഗവര്‍ണര്‍ സ്ഥാനത്തു നിന്നുള്ള അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. 1677 ല്‍ വാന്‍ റീഡ് കൊച്ചി വിട്ടു. ഹോര്‍ത്തൂസിന്റെ ആദ്യ രണ്ടു വോള്യങ്ങള്‍ അതിനകം പ്രസിദ്ധീകരണത്തിന് ആംസ്റ്റര്‍ഡാമിലേക്ക് അയച്ചിരുന്നു. ബാക്കി പത്ത് വോള്യങ്ങള്‍ക്കുള്ള സസ്യവിവരണവും ചിത്രങ്ങളുമായാണ് വാന്‍ റീഡ് ആംസ്റ്റര്‍ഡാമിലെത്തിയത്.

വലിയ ചെലവുള്ള സംഗതിയായിരുന്നു ഹോര്‍ത്തൂസിന്റെ പ്രസിദ്ധീകരണം. അന്ന് യൂറോപ്പില്‍ ലഭ്യമായ ഏറ്റവും പ്രഗത്ഭരായ സസ്യശാസ്ത്രജ്ഞരെയാണ് ഹോര്‍ത്തൂസിന്റെ എഡിറ്റിങ് ജോലി വാന്‍ റീഡ് ഏല്‍പ്പിച്ചത്. ആധുനിക അച്ചടിവിദ്യകളൊന്നും രംഗത്തെത്തിയിട്ടില്ലാത്ത കാലം. ചിത്രങ്ങള്‍ ചെമ്പുതകിടില്‍ കൊത്തിയുണ്ടാക്കിയാണ് അച്ചടിച്ചത്. സ്വാഭാവികമായും സാമ്പത്തിക പരാധീനത മൂലം അച്ചടി ഇടയ്ക്ക് തടസ്സപ്പെട്ടു. എങ്കിലും പിന്നീട് ഒരോ വോള്യങ്ങളായി ഹോര്‍ത്തൂസ് പുറത്തു വന്നു.

എന്നാല്‍, തന്റെ സ്വപ്‌നപദ്ധതിയായ ആ ഗ്രന്ഥത്തിന്റെ എല്ലാ വോള്യങ്ങളും പുറത്തുവരുന്നതിന് സാക്ഷിയാകാന്‍ വാന്‍ റീഡിന് ഭാഗ്യമുണ്ടായില്ല. 1684 ല്‍ ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനിയുടെ വേസ്റ്റേണ്‍ ക്വാര്‍ട്ടേഴ്‌സിന്റെ കമ്മിഷണര്‍-ജനറലായി വാന്‍ റീഡ് നിയമിക്കപ്പെട്ടു. ഇന്ത്യയുള്‍പ്പടെയുള്ള മേഖലയിലെ കമ്പനി ഉദ്യോഗസ്ഥര്‍ക്കിടിയില്‍ വേരുറപ്പിച്ച അഴിമതിയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുക എന്ന സുപ്രധാന ദൗത്യമാണ് അതുവഴി വാന്‍ റീഡില്‍ ഏല്‍പ്പിക്കപ്പെട്ടത്. വിവിധ മേഖലകളില്‍ സൈനികവ്യൂഹത്തോടൊപ്പം യാത്ര ചെയ്ത് ആ ദൗത്യം നടപ്പിലാക്കുന്നതിനിടെ, 1691 ഫിബ്രവരിയില്‍ വാന്‍ റീഡ് വീണ്ടും കൊച്ചിയില്ലെത്തി.

അതിനിടെ ഉദരരോഗബാധിതനായ അദ്ദേഹം, കൊച്ചിയില്‍നിന്ന് സൂറത്തിലേക്കുള്ള കപ്പല്‍ യാത്രാമധ്യേ 1691 ഡിസംബര്‍ 15 ന് ബോംബൈ തീരത്തുവെച്ച് അന്തരിച്ചു. സൂറത്തിലെ ഡച്ച് സെമിത്തേരിയിലാണ് വാന്‍ റീഡ് അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹം മരിക്കുമ്പോഴും ഹോര്‍ത്തൂസിന്റെ എല്ലാ വോള്യങ്ങളും പുറത്തു വന്നിരുന്നില്ല.

വാന്‍ റീഡ് മരിച്ച് മൂന്നുനൂറ്റാണ്ട് കഴിഞ്ഞിട്ടും, അദ്ദേഹത്തിന്റെ മരണം ചരിത്രകാരന്‍മാര്‍ക്കിടിയില്‍ തര്‍ക്കവിഷയമാണ്. വാന്‍ റീഡിനെ ശത്രുക്കള്‍ വിഷംനല്‍കി കൊന്നു എന്ന് ചില ചരിത്രകാരന്‍മാര്‍ വാദിക്കുന്നു. അതിന് സാധ്യതയുണ്ട്. ഈസ്റ്റിന്ത്യാ കമ്പനിയിലെ അഴിമതിക്കാരായ മേലാളന്‍മാര്‍ അതിനും മടിക്കുന്നവരായിരുന്നില്ല.

മണിലാല്‍
വാന്‍ റീഡ് തയ്യാറാക്കിയ ആ ബൃഹത്ഗ്രന്ഥം മൂന്നു നൂറ്റാണ്ടു കാലം സാധാരണക്കാര്‍ക്ക് ലഭ്യമായില്ല എന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. ഹോര്‍ത്തൂസില്‍ പ്രതിപാദിച്ചിരിക്കുന്ന സംഗതികള്‍ സമഗ്രമായി മനസിലാക്കാനോ ലാറ്റിനില്‍നിന്ന് പരിഭാഷപ്പെടുത്താനോ ആര്‍ക്കും സാധിച്ചില്ല. ആ ചരിത്രനിയോഗം ഏറ്റെടുത്ത വ്യക്തിയാണ് കാട്ടുങ്ങല്‍ സുബ്രഹ്മണ്യം മണിലാല്‍ എന്ന കെ.എസ്.മണിലാല്‍. ആ മഹാഗ്രന്ഥത്തിന്റെ 12 വാല്യവും ലാറ്റിനില്‍ നിന്ന് ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും പൂര്‍ണമായി വിവര്‍ത്തനം ചെയ്ത ഏകവ്യക്തിയാണ് മണിലാല്‍. മാത്രമല്ല, ആ ഗ്രന്ഥത്തില്‍ പറയുന്ന ഒന്നൊഴികെ മുഴുവന്‍ സസ്യങ്ങളെയും വീണ്ടും ശേഖരിക്കുകയും തിരിച്ചറിയുകയും, അവയെ മുഴുവന്‍ സസ്യശാസ്ത്രപരമായും ഭാഷാപരമായും വ്യാഖ്യാനിക്കുകയും ചെയ്ത വ്യക്തിയും അദ്ദേഹം തന്നെ. അതുവഴി കേരളസംസ്‌ക്കാരത്തിന്റെ വിലപ്പെട്ട ഒരധ്യായം വീണ്ടെടുക്കുകയാണ് അദ്ദേഹം ചെയ്തത്. അരനൂറ്റാണ്ടു കാലം തന്റെ ജീവിതം മണിലാല്‍ അതിനായി സമര്‍പ്പിച്ചു. ശരിക്കും അതൊരു നിയോഗമായിരുന്നു. ആ നിയോഗത്തിന്റെ മഹത്ത്വം പക്ഷേ, കേരളീയസമൂഹം ഇനിയും വേണ്ടവിധം മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.

കാട്ടുങ്ങല്‍ എ.സുബ്രഹ്മണ്യത്തിന്റെയും കെ.കെ.ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയില്‍ ജനിച്ച മണിലാല്‍, കുട്ടിക്കാലത്ത് അച്ഛന്റെ പഠനമുറിയിലെ പേപ്പര്‍ക്ലിപ്പിങുകളില്‍ നിന്നാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പേര് ആദ്യം കാണുന്നത്. മലയാളം ആദ്യമച്ചടിച്ച ആ ഗ്രന്ഥം തന്റെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്ന് ആ കുട്ടി കരുതിയില്ല. പക്ഷേ, സംഭവിച്ചത് അങ്ങനെയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് 1957 ല്‍ സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത മണിലാല്‍, മധ്യപ്രദേശില്‍ സാഗര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും പൂര്‍ത്തിയാക്കുന്നത്. 1964 ല്‍ സസ്യശാസ്ത്രത്തില്‍ പി.എച്ച്.ഡി.നേടിയ അദ്ദേഹം, ആ വര്‍ഷം തന്നെ കേരള സര്‍വകലാശാലയിലെ അധ്യാപകനായി ചേര്‍ന്നു. ബോട്ടണി വകുപ്പിന്റെ  കാലിക്കറ്റ് സെന്ററിലായിരുന്നു നിയമനം. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിലവില്‍ വന്നപ്പോള്‍ അവിടേക്ക് മാറി. 1970 മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വകുപ്പില്‍ അധ്യാപകനായിരുന്ന അദ്ദേഹം 1999 ലാണ് വിരമിച്ചത്.

സാഗര്‍ സര്‍വകലാശാലയില്‍ എം.എസ്.സിക്ക് ചേര്‍ന്ന ശേഷം 1958 ല്‍ ഡറാഡൂണില്‍ പഠനയാത്രയ്ക്ക് പോയപ്പോള്‍, അവിടെ വനഗവേഷണകേന്ദ്രത്തിലെ ലൈബ്രറിയില്‍നിന്ന് ഹോര്‍ത്തൂസ് ആദ്യമായി മണിലാല്‍ കണ്ടു. മൂന്നുദിവസം അവിടെയിരുന്ന് അതില്‍ പരാമര്‍ശിച്ചിരുന്ന മുഴുവന്‍ സസ്യനാമങ്ങളും കുറിച്ചെടുത്തുകൊണ്ടായിരുന്നു, ഹോര്‍ത്തൂസിനെ മനസിലാക്കാനുള്ള പ്രവര്‍ത്തനം മണിലാല്‍ ആരംഭിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ ഗ്രന്ഥം മനസിനെ വേട്ടയാടിക്കൊണ്ടിരുന്നു. ഒടുവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ അക്കാദമിക് ആയിത്തന്നെ ഹോര്‍ത്തൂസ് പഠനവിധേയമാക്കാന്‍ മണിലാല്‍ തുടങ്ങി. 1970 കളുടെ തുടക്കത്തിലായിരുന്നു അത്.

ആ ശ്രമം തുടങ്ങുമ്പോഴത്തെ ആദ്യത്തെ കടമ്പ, ഹോര്‍ത്തൂസിന്റെ കോപ്പി എവിടുന്ന് കിട്ടും എന്നതായിരുന്നു. അതിനായി വര്‍ഷങ്ങള്‍ നീണ്ട അന്വേഷണവും അലച്ചിലും വേണ്ടിവന്നു. അക്കാലത്ത് ഇന്ത്യയില്‍ തന്നെ ചുരുക്കം ചെലി ഹോര്‍ത്തൂസ് കോപ്പികളേ ഉള്ളൂ എന്ന് ആ അന്വേഷണത്തില്‍ മണിലാലിന് ബോധ്യമായി. ഒടുവില്‍ കോയമ്പത്തൂരില്‍ തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാലാ ലൈബ്രറിയില്‍ ഒഴിവാക്കാനായി ഉപേക്ഷിക്കപ്പെട്ട കടലാസ് കൂമ്പാരത്തില്‍നിന്ന് മണിലാല്‍ ഹോര്‍ത്തൂസിന്റെ 12 വോള്യങ്ങളും കണ്ടെടുത്തു. പക്ഷേ, അത് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അതിന്റെ കോപ്പി എടുക്കാന്‍ അന്ന് അഞ്ചേക്കര്‍ സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന 25,000 രൂപ അദ്ദേഹം ചെലവിട്ടു (ഫോട്ടോസ്റ്റാറ്റ് നിലവില്‍ വരാത്ത കാലം. 35 എംഎം ക്യാമറയില്‍ ഫോട്ടോയെടുത്ത് പ്രിന്റെടുക്കണം. അതിനായി ഒരു ഫോട്ടോഗ്രാഫറെ മണിലാല്‍ നിയോഗിച്ചു. 250 റോള്‍ ഫിലിം വേണ്ടിവന്നു ഹോര്‍ത്തൂസിന്റെ കോപ്പിടെയുക്കാന്‍. ആ ഫിലിമിന് മാത്രം അന്ന് വന്ന ചെലവാണിത്!)

ഹോര്‍ത്തൂസിന്റെ കോപ്പി കൈയിലെത്തിയപ്പോള്‍, ആ ലാറ്റിന്‍ വിവരണങ്ങള്‍ ആര് പരിഭാഷപ്പെടുത്തും എന്നതായി അടുത്ത കടമ്പ. ലാറ്റിന്‍ അറിയാവുന്ന ഏതെങ്കിലും വൈദികരുടെ സേവനം തേടാം എന്നായിരുന്നു മണിലാലിന്റെ ചിന്ത. 1975 മുതല്‍ അതിനായി വൈദികരെ തേടി കേരളം മുഴുവന്‍ രണ്ടുവര്‍ഷം സഞ്ചരിച്ചു. ഒടുവില്‍ അത് പ്രായോഗികമാവില്ലെന്ന് കണ്ടപ്പോള്‍, സ്വന്തമായി ലാറ്റിന്‍ പഠിക്കാന്‍ മണിലാല്‍ തീരുമാനിച്ചു. ആലുവായില്‍ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പോന്തിഫിക്കല്‍ സെമിനാരിയിലെ ഫാ.ഡോ.ആന്റണി മുക്കത്താണ് അക്കാര്യത്തില്‍ മണിലാലിനെ സഹായിക്കുന്നത്. 1979 ല്‍ ആരംഭിച്ച ലാറ്റിന്‍ പഠന-ഹോര്‍ത്തൂസ് വിവര്‍ത്തന പ്രക്രിയ, 1988 ല്‍ ഫാ.മുക്കത്ത് ആരോഗ്യകാരണങ്ങളാല്‍ സെമിനാരി വിടുംവരെ തുടര്‍ന്നു.

 പിന്നീട് ഹോര്‍ത്തൂസിലെ സസ്യവിവരണങ്ങള്‍ മുഴുവന്‍ മണിലാല്‍ ഒറ്റയ്ക്കാണ് ഇംഗ്ലീഷിലേക്ക് മാറ്റുന്നത്. ഹോര്‍ത്തൂസിന്റെ ആമുഖം, സമര്‍പ്പണം തുടങ്ങിയ ഭാഗങ്ങള്‍ ലാറ്റിനില്‍ നിന്ന് വിവര്‍ത്തനം ചെയ്യാന്‍ കോട്ടയത്തെ ഫാ.ജോസഫ് കണ്ണമ്പുഴയും മണിലാലിനെ സഹായിച്ചു. 1999 ല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് വിരമിക്കുമ്പോഴേക്കും വിവര്‍ത്തന പ്രക്രിയ പൂര്‍ത്തിയായി. 24 വര്‍ഷമാണ് അത് പൂര്‍ത്തിയാക്കാന്‍ മണിലാല്‍ ചെലവിട്ടത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഗ്രന്ഥമാണ് ഹോര്‍ത്തൂസ്. അതില്‍ പരാമര്‍ശിച്ചിരിക്കുന്ന നൂറുകണക്കിന് സസ്യയിനങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടോ എന്നറിയേണ്ടതും, അവയെ ആധുനികമായ രീതിയില്‍ വിശദീകരിക്കേണ്ടതും ഹോര്‍ത്തൂസിനെ സമഗ്രമായി മനസിലാക്കാന്‍ അത്യാവശ്യമാണ്. അത് സാധിക്കണമെങ്കില്‍ ഹോര്‍ത്തൂസിലെ സസ്യയിനങ്ങളെ മുഴുവന്‍ വീണ്ടും തേടിപ്പിടിക്കണം. അതിലുള്ള നൂറിലേറെ സസ്യങ്ങള്‍ സുപരിചിതമാണ്, ബാക്കിയുള്ളവയെ മുഴുവന്‍ കണ്ടെത്തണം. ആ പ്രവര്‍ത്തനം 1975 ല്‍ ആരംഭിച്ചു. മൂന്നുനൂറ്റാണ്ടിന് മുമ്പ് വാന്‍ റീഡിനായി സസ്യങ്ങള്‍ ശേഖരിക്കാന്‍ 200 ഓളം പേര്‍ രംഗത്തിറങ്ങിയപ്പോള്‍, മണിലാലനെ സഹായിക്കാന്‍ ആകെയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയും എറണാകുളം ചെറായി സ്വദേശിയുമായ സി.ആര്‍.സുരേഷ് മാത്രമായിരുന്നു (സുരേഷിന്റെ ഗവേഷണ വിഷയം ഹോര്‍ത്തൂസ് ആയിരുന്നു. ലോകത്താദ്യമായി ഹോര്‍ത്തൂസില്‍ പി.എച്ച്.ഡി.നേടിയ വ്യക്തിയാണ് സുരേഷ്).

 വാഷിങ്ടണിലെ സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിട്ട്യൂഷനിലെ സസ്യശാസ്ത്രവിഭാഗത്തിലാണ് സസ്യങ്ങളുടെ ഐഡന്റിഫിക്കേഷനില്‍ വലിയൊരു പങ്ക് നടന്നത്. അതിനായി സുരേഷും മണിലാലും വാഷിങ്ടണില്‍ പോയി. എങ്കിലും ഹോര്‍ത്തൂസിലെ സസ്യങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാറ്റിനെയും തേടിപ്പിടിച്ച് വിശദീകരിക്കാന്‍ 27 വര്‍ഷം വേണ്ടിവന്നു! 'നീറ്റിപ്പന'യാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയ സസ്യം-അത് 2002 ലായിരുന്നു.

ഇതുകൊണ്ടും തീരുന്നില്ല ഹോര്‍ത്തൂസിനായി മണിലാല്‍ നടത്തിയ പരിശ്രമങ്ങള്‍. പതിനേഴാംനൂറ്റാണ്ടിലെ മലയാളത്തിലെ വാമൊഴി നാമങ്ങളാണ് ഹോര്‍ത്തൂസിലുള്ളത്. അവയില്‍ പല വാക്കുകളും ഇപ്പോഴില്ല. ഭാഷാപരമായ അത്തരം സങ്കീര്‍ണതകളെ മനസിലാക്കിയെടുക്കാന്‍ ഇതിനിടെ വര്‍ഷങ്ങളോളം അദ്ദേഹം ശ്രമിച്ചു. ഹോര്‍ത്തൂസ് പിറന്ന ആംസ്റ്റര്‍ഡാമിലെത്തി കാര്യങ്ങള്‍ പഠിച്ചു. ഹോര്‍ത്തൂസിന്റെ കൈയെഴുത്ത് പ്രതിയും ചിത്രങ്ങളും ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം സന്ദര്‍ശിച്ച് അവ നേരിട്ട് പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കി. ഹോര്‍ത്തൂസിന്റെ പഠനത്തിനിടെ വാന്‍ റീഡ് ആംസ്റ്റര്‍ഡാമിലെത്തിച്ച സസ്യങ്ങളുടെ ഹെര്‍ബേറിയം ശേഖരം റഷ്യയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച്, അത് പരിശോധിച്ച് ഉറപ്പുവരുത്താന്‍ മണിലാല്‍ സ്വന്തം കാശ് മുടക്കി മോസ്‌കോയിലുമെത്തി.

ഇത്രയേറെ ത്യാഗവും സമര്‍പ്പണവും നടത്തിയ ആ വ്യക്തിയുടെ പേര് ആ ഗ്രന്ഥത്തില്‍ ചേര്‍ക്കാതിരിക്കാന്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം കുറച്ചുകാട്ടാന്‍ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ച കേരള സര്‍വകലാശാല ശ്രമിച്ചുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍, മണിലാല്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് പ്രകാരം അങ്ങനെ സംഭവിച്ചു. അന്ന് ഡോ.ബി.ഇക്ബാലായിരുന്നു കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍. അദ്ദേഹം മുന്‍കൈ എടുത്താണ് 2003 ല്‍ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. അതുകഴിഞ്ഞ് അതിന്റെ മലയാളം പതിപ്പ് തയ്യാറാക്കാനും മണിലാല്‍ തന്നെ നേതൃത്വം നല്‍കി. 2008 ല്‍ മലയാളം പതിപ്പ് കേരളസര്‍വകലാശാല പ്രസിദ്ധീകരിച്ചു.

പ്രസിദ്ധീകരണ വേളയില്‍ മണിലാലിന്റെ പ്രാധാന്യം ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടന്നത് മാത്രമല്ല, കേരളചരിത്രത്തെ സംബന്ധിച്ച് ഇത്രയേറെ പ്രാധാന്യമുള്ള ഒരു അധ്യായം വീണ്ടെടുത്തു നല്‍കാന്‍ ആയുസ്സും ധനവും ചെലവിട്ട ആ മനുഷ്യനെ കണ്ടതായി പോലും നടിക്കാന്‍ നമ്മള്‍ തയ്യാറായിട്ടില്ല.

നമുക്ക് പ്രധാനപ്പെട്ടതായി തോന്നുന്നില്ലെങ്കിലും, എല്ലാവര്‍ക്കും അങ്ങനെയല്ല. അതിന് തെളിവാണ്, ഹോര്‍ത്തൂസിനെ മനസിലാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുന്‍നിര്‍ത്തി നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ 'ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ' (Officer in the Order of Orange - Nassau award) 2012 മെയ് ഒന്നിന് കോഴിക്കോട്ട് വെച്ച് മണിലാലിന് സമ്മാനിക്കപ്പെട്ടത്. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന ആ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരനായിരുന്നു മണിലാല്‍.
(മാതൃഭൂമി ബുക്‌സ് 2002 ല്‍ പ്രസിദ്ധീകരിച്ച 'ഹരിതഭൂപടം: കെ.എസ്.മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവിയും' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ലേഖകന്‍)

അവലംബം -
1. Manilal, K.S. 2003. Van Reede's Hortus Malabaricus. Annotated English Edition (12 Vols.). University of Kerala, Thiruvananthapuram
2. Heniger, J, 1986. HENDRIK ADRIAAN VAN REEDE TOT DRAKENSTEN (1636 - 1691) AND HORTUS MALABARICUS: A  Contribution to the History of Colonial Botany. A.A.Balkema/Rotterdam/Boston
3. Nicolson, Dan H. & Suresh, C. R.& Manilal, K. S. 1988. An Interpretaion of Van Reede's Hortus Malabaricus. Koeltz Scientific Books, Konigstein, Federal Republic of Germany
4. Fournier, Marian. 1987.  Enterprise in Botany: Van Reede and his Hortus Malabaricus - Part 1& Part 2, Archive of Natural History 14 (2)
5. ആന്റണി, ജോസഫ്. 2012. ഹരിതഭൂപടം-കെ.എസ്.മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവിയും. മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
6. ഡോ.കെ.എസ്. മണിലാലുമായി ലേഖകന്‍ പലപ്പോഴായി നടത്തിയ നേരിട്ടുള്ള ആശയവിനിമയം


-സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളിയുടെ 'ആത്മിക 2013'ല്‍ പ്രസിദ്ധീകരിച്ചത്

Friday, March 07, 2014

കാല്‍പ്പാട് നോക്കി ആളെ തിരിച്ചറിയുന്നവര്‍ (സിനിമയിലല്ല!)

ജിത്തു ജോസഫിന്റെ 'മെമ്മറീസ്' എന്ന സിനിമയില്‍, കൊലപാതകിയുടെ ഒരു കാലിന് അല്‍പ്പം നീളംകുറവാണെന്ന് നായകനും കുടിയനുമായ പോലീസ് ഓഫീസര്‍ പറയുന്ന രംഗമുണ്ട്. മണ്ണില്‍ പതിഞ്ഞ കാലടികള്‍ പരിശോധിച്ചിട്ട്, പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആ ഓഫീസര്‍ അത് പറയുമ്പോള്‍ സ്വാഭാവികമായും ഷെര്‍ലക് ഹോംസിലേക്ക് നമ്മളെത്തും.

കാല്‍പ്പാട് നോക്കി കുറ്റവാളികളുടെ പ്രത്യേകത വിവരിക്കുന്ന എത്രയോ രംഗങ്ങള്‍ ഷെര്‍ലക് ഹോംസ് കഥകളിലുണ്ട്! അതില്‍ എന്റെ ഫേവറൈറ്റ്, 'കാണാതായ കുട്ടി' ( The Priory School ) എന്ന കഥയില്‍ , സ്‌കൂളില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ കാളകളുടെ ലാടമിട്ട കുതിരയെ ഉപയോഗിച്ച വില്ലന്റെ ബുദ്ധിയാണ്. ചതുപ്പിലൂടെ കുതിര പോയിട്ടുണ്ടെന്ന് ആരുമറിയില്ല. അവിടെ പതിഞ്ഞിട്ടുള്ളത് കാലികള്‍ പോയ അടയാളം മാത്രം. പക്ഷേ, കളി ഷെര്‍ലക് ഹോംസിനോടാകുമ്പോള്‍ കഥ മാറുമെന്ന് വില്ലന്‍ ഓര്‍ത്തിരിക്കില്ല!!

പറയാന്‍ വന്നത് ഡിറ്റക്ടീവ് സ്റ്റോറിയല്ല; കാല്‍പ്പാട് നോക്കി കള്ളന്‍മാരെ കുടുക്കാന്‍ പരമ്പരാഗതമായി വൈദഗ്ധ്യം ലഭിച്ചിട്ടുള്ള ഒരു വിഭാഗത്തെക്കുറിച്ചാണ്. രാജസ്ഥാനിലെ കച്ച് മേഖലയില്‍് അതിര്‍ത്തി ഗ്രാമമായ റാപ്പാറില്‍വെച്ച് അത്തരക്കാരെ താന്‍ പരിചയപ്പെട്ട കാര്യം, ആത്മകഥയായ 'The Fall of a Sparrow' യില്‍ വിഖ്യാത പക്ഷിനിരീക്ഷകന്‍ ഡോ.സാലിം അലി വിവരിച്ചിട്ടുണ്ട്. അത്തരക്കാര്‍ പ്രാദേശികമായി അറിയപ്പെട്ടിരുന്നത് 'puggee' എന്നാണ്.
സാലിം അലി അവരെ വിശേഷിപ്പിച്ചിട്ടുള്ളത് 'hereditary trackers' എന്നും.

മരുഭൂമിയാണ്. എല്ലാവരുടെയും കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിട്ടുണ്ടാകും. 'ഒരു ഗ്രാമത്തിലെ ഓരോരുത്തരുടെയും കാല്‍പ്പാടുകള്‍, അവരുടെ മുഖം പോലെ തന്നെ puggee കള്‍ക്ക് പരിചിതമായിരുന്നു'-സാലിം അലി എഴുതുന്നു. അതുപോലെ തന്നെ, ആ ഗ്രാമത്തിലെ ഒട്ടകങ്ങളുടെ കാലടികളും ഹൃദിസ്ഥമാണ്.

1940 കളില്‍ കച്ച് മേഖലയില്‍ പക്ഷി സര്‍വ്വേയ്ക്ക് പോയപ്പോഴാണ് 'കാല്‍പ്പാട് വിദഗ്ധ'രെ സാലിം അലി ആദ്യം കാണുന്നത്. അത്തരം ഒന്നോരണ്ടോ വിദഗ്ധരെ എല്ലാ പോലീസ് സ്‌റ്റേഷനിലും അധികൃതര്‍ നിയമിച്ചിട്ടുള്ള കാര്യവും അദ്ദേഹം ശ്രദ്ധിച്ചു. പോലീസ് സ്‌റ്റേഷനിലെ puggee കളുടെ ഏക ജോലി, രാവിലെയും വൈകുന്നേരവും ഗ്രാമത്തിലൂടെ ചുറ്റിനടന്ന് കാല്‍പ്പാടുകള്‍ നോക്കുക എന്നത് മാത്രമാണ്. അപരിചിതരാരെങ്കിലും ഗ്രാമത്തില്‍ കടക്കുകയോ, പുറത്തുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരത് കൃത്യമായി മനസിലാക്കും. അതുപോലെ തന്നെ, ഗ്രാമത്തിലെ ഒട്ടകങ്ങള്‍ പുറത്തുപോയിട്ടുണ്ടെങ്കിലും അവര്‍ കണ്ടെത്തും.

അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒട്ടകങ്ങള്‍ മോഷണംപോകുന്നത് അക്കാലത്ത് പതിവായിരുന്നു. അതിനാല്‍ , കാല്‍പ്പാട് വിദഗ്ധരുടെ സേവനം പോലീസിന് വലിയ ആശ്വാസമായിരുന്നു.

മണലില്ലാത്ത സ്ഥലത്തുകൂടി പോയതിനാല്‍, ഒരു ഗ്രാമത്തില്‍നിന്ന് മോഷണം പോയ ഒട്ടകത്തെ അവിടുത്തെ puggee യ്ക്ക് പിന്തുടരാന്‍ കഴിഞ്ഞില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന വഴിക്ക് ആ ഒട്ടകത്തിന്റെ കാല്‍പ്പാട് കണ്ട്, അത് പിന്തുടര്‍ന്ന് അയാള്‍ ഒട്ടകത്തെ കണ്ടെത്തിയ കാര്യം ഒരു പോലീസ് ഓഫീസര്‍ പറഞ്ഞത് സാലിം അലി വിവരിച്ചിട്ടുണ്ട്.

പില്‍ക്കാലത്ത് പോലീസ് ആധുനിക കുറ്റാന്വേഷണമാര്‍ഗങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയതോടെ puggee കളുടെ പ്രധാന്യം കുറയുകയും, ആ പരമ്പരാഗത വൈദഗ്ധ്യംതന്നെ അസ്തമിക്കാന്‍ ആരംഭിക്കുകയും ചെയ്തുവത്രേ.

Saturday, March 01, 2014

ഇന്ത്യ പോളിയോ വിമുക്തം - ചൊവ്വാദൗത്യത്തെക്കാള്‍ മഹത്തായ വിജയം

മൂന്നര വയസ്സുള്ളപ്പോഴാണ് എനിക്ക് പോളിയോ ബാധിച്ചത്. ഇടതുവശം പാടെ തളര്‍ന്നു. അന്ന് വളരെയേറെ ത്യാഗങ്ങള്‍ സഹിച്ച് എന്റെ വീട്ടുകാര്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ എന്നെ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചു. കിഴിയിടീലുമൊക്കെ കൊണ്ടാകണം, 59-ാം ദിവസം ഞാന്‍ സ്വന്തംകാലില്‍ എണീറ്റു നടന്നു. ഇന്നും നടക്കുന്നു...!

ശരിക്കു പറഞ്ഞാല്‍ പോളിയോ (അക്കാലത്ത് ഇളംപിള്ളവാതം എന്ന് നാട്ടുമൊഴി) വന്നിട്ട് എണീറ്റ് നടക്കാന്‍ പറ്റിയെന്നത് ചെറിയ കാര്യമല്ലെന്ന് പിന്നീടെനിക്ക് മനസിലായി. അക്കാലത്ത് വൈകുന്നേരം അമ്പൂരി സ്‌കൂള്‍ വിടുമ്പോള്‍ മുടന്തിയും ഇഴഞ്ഞും വടിയൂന്നിയുമൊക്കെ അരഡസനോളം ദൗര്‍ഭാഗ്യര്‍ സ്‌കൂളിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് വന്നിരുന്നത് കാണുമ്പോള്‍ പ്രത്യേകിച്ചും. കേരളത്തിലെ ഏത് സ്‌കൂളിന് മുന്നില്‍ നിന്നാലും, പോളിയോ മൂലം അംഗവൈകല്യം വന്ന കുട്ടികളെ കാണാമായിരുന്നു അക്കാലത്ത്.

ജോനാസ് സാല്‍ക്ക് എന്ന മഹാനായ ശാസ്ത്രജ്ഞന്‍ 1950 കളുടെ അവസാനം കണ്ടുപിടിച്ച പോളിയോ പ്രതിരോധ മരുന്ന് നമ്മുടെ നാട്ടില്‍ പ്രചാരത്തിലെത്തിയ ശേഷമാണ്, ദുഖപൂര്‍ണമായ ആ കാഴ്ചയ്ക്ക് ശമനമുണ്ടാകുന്നത്. ഇന്ന് കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നില്‍ പോലും പോളിയോ മൂലം വികലാംഗനായ അല്ലെങ്കില്‍ വികലാംഗയായ ഒരു വിദ്യാര്‍ഥിയുമില്ല. അതിന് നമ്മള്‍ നന്ദി പറയേണ്ടത്, പോളിയോ പ്രതിരോധ പ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കിയ ശാസ്ത്രത്തിനോടും, അത് പ്രാവര്‍ത്തികമാക്കിയ ആരോഗ്യപ്രവര്‍ത്തകരോടുമാണ്.

2011 ജനവരി 13 നാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്തത്. (പശ്ചിമ ബംഗാളിലെ റുഷയെന്ന ആ കുട്ടിയുടെ ചിത്രമാണ് ഇതോടൊപ്പം). ഇപ്പോള്‍ ഇന്ത്യ പോളിയോ വിമുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ചരിത്രത്തില്‍ വസൂരിയോട് മനുഷ്യന്‍ നടത്തിയ പോരാട്ടത്തിന് സമമായിരുന്നു പോളിയോയുടെ കാര്യത്തിലും നടന്നത്. വസൂരിയുടെ കാര്യത്തിലെന്ന പോലെ, പല കോണുകളില്‍നിന്നും എതിര്‍പ്പുയര്‍ന്നു. മുന്‍വിധികള്‍ കൊണ്ട് ഇതിനെ എതിര്‍ത്തവരുണ്ട്, അജ്ഞതമൂലം വേറെ ചിലര്‍ എതിര്‍ത്തു...ആ എതിര്‍പ്പുകളെ മറികടന്നാണ് പോളിയോ നിര്‍മാര്‍ജന യജ്ഞം ഇന്ത്യയില്‍ വിജയിച്ചിരിക്കുന്നത്....ഒരുപക്ഷേ, ചൊവ്വാദൗത്യത്തെക്കാളും നമുക്ക് അഭിമാനിക്കാവുന്ന നേട്ടം.
(ഈ വിഷയത്തില്‍ ഡോ. എം .മുരളീധരന്‍ എഴുതിയ ലേഖനം വായിക്കുക :http://goo.gl/OpaQEX )

#ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍

മൂക്കന്‍ തവള - അണ്ടര്‍ഗ്രൗണ്ടിലെ ഗായകന്‍ !!

കോട്ടയം ജില്ലയിലൊരിടത്ത് കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്നാണ് പ്രശസ്ത ഉഭയജീവി ഗവേഷകനായ ഡോ.എസ്.ഡി.ബിജു 1999 ല്‍ ആ മൂക്കന്‍ തവളയെ ആദ്യം കണ്ടത്. Nasikabatrachus sahyadrensis എന്ന ആ തവളയെ കണ്ടെത്തിയ വിവരം 2003 ല്‍ നേച്ചര്‍ ജേര്‍ണലിലൂടെ ലോകമറിഞ്ഞു. ആ കണ്ടെത്തല്‍ വെറുമൊരു തവളയിനത്തിന്റേതായിരുന്നില്ല; പുതിയൊരു തവള കുടുംബത്തിന്റെയായിരുന്നു. 

Nasikabatrachidae എന്ന തവളകുടുംബത്തിലാണ് 'ഇന്ത്യന്‍ പര്‍പ്പിള്‍ തവള'യെന്ന് വിളിപ്പേര് കിട്ടിയ മൂക്കന്‍ തവള ഉള്‍പ്പെടുന്നത്. ഭൂമുഖത്ത് പുതിയൊരു തവളകുടുംബത്തെ 1926 ന് ശേഷം ആദ്യമായി കണ്ടെത്തുകയായിരുന്നു. തവളകുടുംബങ്ങളുടെ എണ്ണം 29 ആയിരുന്നത്, മൂക്കന്‍ തവളയുടെ കണ്ടെത്തലോടെ 30 ആയി (http://goo.gl/JF1zRl).

13 കോടി വര്‍ഷത്തെ പരിണാമകഥ ഡിഎന്‍എ യില്‍ പേറി നടക്കുന്ന മൂക്കന്‍ തവളയെ, 'ജീവിക്കുന്ന ഫോസില്‍' എന്നാണ് ശാസ്ത്രലോകം വിശേഷിപ്പിച്ചത്. ദിനോസറുകള്‍ക്കൊപ്പം ഭൂമിയില്‍ കഴിഞ്ഞിരുന്ന ആ തവളയുടെ ജനിതകബന്ധുക്കള്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സെയ്‌ഷെല്‍ ദ്വീപിലാണുള്ളതെന്നത് ഗവേഷകരെ അമ്പരപ്പിച്ചു. ഒരുകാലത്ത് ഇന്ത്യയും സെയ്‌ഷെല്‍ ദ്വീപുകളും ആഫ്രിക്കയുമൊക്കെ ഗോണ്ട്വാനയെന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ തെളവുകൂടിയായി മൂക്കന്‍ തവളയുടെ കണ്ടെത്തല്‍ .

ഇപ്പോഴിതാ ഡോ.ബിജുവും സംഘവും മൂക്കന്‍ തവളയുടെ കൂടുതല്‍ വിവരങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചിരിക്കുന്നു. മണ്‍സൂണ്‍ കാലത്ത് ചെറിയൊരു സമയത്തേക്ക് ഇണചേരാനായി മാത്രമേ ഇവ പുറത്തിറങ്ങാറുള്ളൂ. വര്‍ഷത്തില്‍ ബാക്കി സമയം മുഴുവന്‍ ഇവ മണ്ണിന്നടിയിലാണ് കഴിയുക (അണ്ടര്‍ഗ്രൗണ്ടിലായതിനാലാണ് ഈ കക്ഷികളെ അധികമാരും കാണാത്തത്). കത്രികപോലെ മൂര്‍ച്ചയേറിയ വിരലുകള്‍കൊണ്ട് 12 അടി താഴ്ച്ച വരെ മണ്ണ് കുഴിച്ചെത്താന്‍ ഇവറ്റകള്‍ക്കാകുമത്രേ!

മണ്ണിന്നടിയില്‍ നിന്നുതന്നെ ഉച്ചത്തില്‍ വിളിച്ച് ഇണകളെ ആണ്‍തവളകള്‍ ആകര്‍ഷിക്കുന്നുവെന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഇണകളെ ആകര്‍ഷിക്കാന്‍ മൂക്കന്‍ തവളകള്‍ പൊഴിക്കുന്ന സംഗീതം ആദ്യമായി റിക്കോര്‍ഡ് ചെയ്യാനും ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇടുക്കിയില്‍ കുളമാവിനടുത്ത് മേത്തോട്ടിയില്‍നിന്നാണ് മൂക്കന്‍ തവളയുടെ സംഗീതം റിക്കോര്‍ഡ് ചെയ്തത് (PLOS ONE ജേര്‍ണലില്‍ ഇതെപ്പറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കാണുക : http://goo.gl/xz6AOk ).
(ചിത്രം കടപ്പാട് : എസ്.ഡി.ബിജു, ഡെല്‍ഹി യൂണിവേഴ്‌സിറ്റി. മൂക്കന്‍ തവളയുടെ സംഗീതവീഡിയോ ചുവടെയുള്ള ലിങ്കില്‍) http://goo.gl/iFQ0OW

യുട്യൂബ് വീഡിയോ കാണുക
#ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍

സ്‌ട്രൊമാറ്റോലൈറ്റ് എന്ന പ്രാചീനജീവരൂപം

പശ്ചിമ ഓസ്‌ട്രേലിയയിലെ ജാക്ക് ഹില്‍ മേഖലയില്‍നിന്ന് കിട്ടിയ ഒരു സിര്‍കോണ്‍ പരലിന്റെ പഴക്കം 440 കോടി വര്‍ഷമാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു (http://www.news.wisc.edu/releases/18407). ഭൂമിയുടെ പ്രായം 460 കോടി വര്‍ഷമാണെന്നോര്‍ക്കുക. അപ്പോള്‍, ഭൂമിയുള്‍പ്പടെ സൗരയൂഥം ഉണ്ടായിട്ട് വെറും 16 കോടി വര്‍ഷമേ ആയിരുന്നുള്ള ആ പരല്‍ക്കഷണം രൂപപ്പെട്ടപ്പോള്‍! ഭൂമിയുടെ പുറംപാളിയുടെ അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കമുള്ള തുണ്ട് അതാണെന്ന് ഗവേഷകര്‍ നിഗമനത്തി. 

ഈ വാര്‍ത്ത കണ്ടപ്പോഴാണ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഷാര്‍ക്ക് ബേ ( Shark Bay ) തീരത്തുള്ള മറ്റൊരു അത്ഭുതത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ യാത്രാവിവരണമായ 'Down Under' ല്‍ ബില്‍ ബ്രൈസണ്‍ വിവരിച്ചിട്ടുള്ള കാര്യം ഓര്‍ത്തത്.

പശ്ചിമ ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍നിന്ന് 800 കിലോമീറ്റര്‍ വടക്കോട്ട് തീരദേശ ഹൈവേയിലൂടെ യാത്രചെയ്താല്‍ ഷാര്‍ക്ക് ബേയിലെത്താം. 350 കോടി വര്‍ഷംമുമ്പ് ഭൂമുഖത്ത് കാണപ്പെട്ടിരുന്ന ജീവരൂപമായ സ്‌ട്രൊമാറ്റലൈറ്റ് ( Stromatolite ) ഇപ്പോഴും 'ജീവനോടെയുള്ള' ഭൂമുഖത്തെ ഏകസ്ഥലമാണ് ഷാര്‍ക് ബേ എന്ന് ബ്രൈസണ്‍ പറയുന്നു.

തീരക്കടലിലെ സ്‌ട്രൊമാറ്റലൈറ്റ് ശേഖരം നേരിട്ട് കണ്ട് ബ്രൈസണ്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെ : 'Stromatolites are not easy to describe. They are of so primitive a nature that they don't even adopt regular shapes in the way, say, crystals do. Stomatolites just, as it were blob out. Nearer the shore they formed large, slightly undulant platforms - rather like very old asphalt. Further out they were arrayed as individual clumps that brought to very large cow-pats, or perhaps the dung of a particularly troubled elephant. Most books refer to them as club-shaped or cauliflower shaped or even columnar. In fact, they are shapeless grey-black blobs, without character or lustre.'

വടക്ക്-പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പില്‍ബാറയിലെ ഊഷരമായ കുന്നുകളില്‍ പര്യവേക്ഷണം നടത്തുകയായിരുന്ന സ്റ്റാന്‍ ഓറാമിക് എന്ന ഭൗമശാസ്ത്രജ്ഞന്‍, അവിടെ ഫോസിലുകളാല്‍ സമ്പന്നമായ ഒരു പാറക്കെട്ട് കണ്ടെത്തുകയുണ്ടായി. 350 കോടി വര്‍ഷം പഴക്കമുള്ള സ്‌ട്രൊമാറ്റലൈറ്റ് ഫോസിലുകളാണ് ആ പാറക്കെട്ടുകളെ നിധിതുല്യമാക്കിയത്. അതില്‍ ചില സാമ്പിളുകളുമായി അദ്ദേഹം പോന്നു. പിന്നീട് ശാസ്ത്രീയമായി പഠിക്കാന്‍ പില്‍ബാറയിലെത്തിയ ഓറാമികിന്റെ സംഘത്തിന് ആ ഫോസില്‍ മേഖല കണ്ടെത്താനായില്ല്. അതിപ്പോഴും, വീണ്ടും കണ്ടെത്താനായി വിശാലമായ ഓസ്‌ട്രേലിയന്‍ തരിശുകളില്‍ കാത്തുകിടക്കുകയാണെന്ന് ബ്രൈസന്‍ പറയുന്നു.

ഫോസില്‍ ശേഖരം വീണ്ടും കണ്ടെത്താനായില്ലെ
ങ്കിലും, അധികം വൈകുംമുമ്പ് ഷാര്‍ക്ക് ബേയില്‍ സ്‌ട്രൊമാറ്റലൈറ്റ് ജീവനോടെയുള്ള കാര്യം ഗവേഷകര്‍ക്ക് കണ്ടെത്താനായി. ലോക പൈതൃകകേന്ദ്രമായി യുണെസ്‌കോ പ്രഖ്യാപിച്ച സ്ഥലമാണ് ഇപ്പോള്‍ ഷാര്‍ക്ക് ബേ.

പിന്‍കുറിപ്പ് : ഭൂമിയുടെ പുറന്തോടിന്റെ ഏറ്റവും പഴക്കമുള്ള കഷണവും, ഭൂമുഖത്ത് ഇപ്പോഴുള്ള ജീവരൂപങ്ങളില്‍ ഏറ്റവും പ്രാചീനമായതും ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്താണ് കണ്ടെത്തിയതെന്ന കാര്യം തീര്‍ച്ചയായും പ്രധാനപ്പെട്ടതല്ലേ!!

(ഷാര്‍ക്ക് ബേയിലെ സ്‌ട്രൊമാറ്റലൈറ്റ് പ്രദേശമാണ് ചിത്രത്തില്‍. ചിത്രം കടപ്പാട് : വിക്കിപീഡിയ)

#ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍