Friday, October 31, 2008

'ഹബ്ബിള്‍' വീണ്ടും മിഴി തുറന്നു

ഒരു മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പ്‌ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഹബ്ബിളിലെ മുഖ്യ ക്യാമറയായ 'വൈഡ്‌-ഫീല്‍ഡ്‌ പ്ലാനെറ്ററി ക്യാമറ-2' ന്റെ പ്രവര്‍ത്തനമാണ്‌ പുനരാരംഭിച്ചത്‌.
ഭൂമിയില്‍ നിന്ന്‌ 40 കോടി പ്രകാശവര്‍ഷമകലെ സ്ഥിതി ചെയ്യുന്ന 'ആര്‍പ്‌ 147' (Arp 147) എന്ന ഇരട്ട ഗാലക്‌സിയുടെ വിസ്‌മയകരമായ ദൃശ്യം പകര്‍ത്തിക്കൊണ്ടാണ്‌്‌ ഹബ്ബിള്‍ വീണ്ടും തിരികെയെത്തിയത്‌. 2008 ഒക്ടോബര്‍ 27-28 ന്‌ പകര്‍ത്തിയ ദൃശ്യമാണ്‌ നാസ പുറത്തു വിട്ടത്‌.

"എല്ലാം ഭംഗിയായി പ്രവര്‍ത്തിക്കുന്നു എന്നത്‌ ആശ്വാസകരമാണ്‌"-അമേരിക്കയില്‍ മേരിലന്‍ഡിലെ ബാള്‍ട്ടിമോറില്‍ 'സ്‌പേസ്‌ ടെലസ്‌കോപ്പ്‌ സയന്‍സ്‌ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ റോഡ്‌ജെര്‍ ഡോക്‌സീ പറഞ്ഞു. കഴിഞ്ഞ സപ്‌തംബര്‍ മുതല്‍ ഹബ്ബിള്‍ ഏറെക്കുറെ പ്രവര്‍ത്തന രഹിതമായിരുന്നു.

ടെലസ്‌കോപ്പില്‍ നിന്ന്‌ ഡേറ്റ ശേഖരിച്ച്‌ വിശകലനം ചെയ്യേണ്ട ഉപകരണം തകരാറായതാണ്‌ പ്രശ്‌നമായത്‌. ആ പ്രശ്‌നം പരിഹരിച്ചതോടെ ഹബ്ബിളിന്‌ വീണ്ടും ജീവന്‍ വെയ്‌ക്കുകയായിരുന്നു. വൈഡ്‌-ഫീല്‍ഡ്‌ കൂടാതെ ടെലസ്‌കോപ്പിലെ മറ്റ്‌ രണ്ട്‌ ക്യാമറകള്‍ കൂടി ഉടന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ്‌ നാസ അധികൃതര്‍ പ്രതീക്ഷിക്കുന്നത്‌.

ടെലസ്‌കോപ്പിലെ 'അഡ്വാന്‍സ്‌ഡ്‌ ക്യാമറ ഫോര്‍ സര്‍വ്വേസ്‌', ഇന്‍ഫ്രാറെഡ്‌ ക്യാമറയായ 'നിക്‌മോസ്‌' (NICMOS) എന്നിവയാണ്‌ ഉടന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്ന രണ്ടെണ്ണം. ഇതില്‍ ആദ്യത്തേത്‌ സോഫ്‌ട്‌വേര്‍ പ്രശ്‌നം മൂലം രണ്ടാഴ്‌ചയായി പ്രവര്‍ത്തനരഹിതമാണ്‌. വിദൂരതയിലുള്ള മങ്ങിയ ഗാലക്‌സികളുടെ ചിത്രമെടുക്കാനുള്ള നിക്‌മോസ്‌ സപ്‌തംബര്‍ മുതല്‍ പ്രവര്‍ത്തന രഹിതമാണ്‌.
പ്രപഞ്ചത്തില്‍ മനുഷ്യന്‌ സാധ്യമാകാത്ത അകലങ്ങളും കാഴ്‌ചകളും നല്‍കിയത്‌ ഹബ്ബിള്‍ ടെലസ്‌കോപ്പാണ്‌. 1990 ഏപ്രില്‍ 24-ന്‌ വിക്ഷേപിച്ച ഹബ്ബിള്‍ ടെലസ്‌കോപ്പ്‌, വാനനിരീക്ഷണത്തിന്റെ അലകും പിടിയും മാറ്റി. വിസ്‌മയകരമായ നൂറുകണക്കിന്‌ ദൃശ്യങ്ങള്‍ മനുഷ്യന്‌ നല്‍കുക കൂടാതെ, പ്രപഞ്ചശാസ്‌ത്രത്തിലെ ഒട്ടേറെ അഴിയാക്കുരുക്കുകള്‍ക്ക്‌ പരിഹാരമുണ്ടാക്കാനും ഹബ്ബിള്‍ സഹായിച്ചു.

ഭൂമിയില്‍നിന്ന്‌ 569 കിലോമീറ്റര്‍ അകലെ നിന്നാണ്‌ ഹബ്ബിള്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുന്നത്‌. ഓരോ 97 മിനിറ്റിലും അത്‌ ഭൂമിയെ വലംവെക്കുന്നു; സെക്കന്‍ഡില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍.

2003-ലെ കൊളംബിയ ദുരന്തത്തെത്തുടര്‍ന്ന്‌ ഹബ്ബിള്‍ ടെലസ്‌കോപ്പിനുള്ള സര്‍വീസ്‌ ദൗത്യം നാസ മരവിപ്പിച്ചിരുന്നു. പിന്നീട്‌ ആ തീരുമാനം പുനപ്പരിശോധിച്ച നാസ, 2008 ഒക്ടോബറില്‍ അറ്റകുറ്റപ്പണി നടത്താനുള്ള ദൗത്യത്തിന്‌ തീരുമാനമെടുക്കുകയുണ്ടായി. എന്നാല്‍ അത്‌ വീണ്ടും 2009 ഫിബ്രവരിയിലേക്ക്‌ നീട്ടി.

അതിനിടെ, ഹബ്ബിളിന്റെ ചില ഭാഗങ്ങള്‍ നിശ്ചലമായി. ഇപ്പോഴുണ്ടായിട്ടുള്ള തകരാറോടെ, ടെലസ്‌കോപ്പ്‌ ഇനി പ്രവര്‍ത്തിക്കുമോ എന്നുതന്നെ സംശയമുയര്‍ന്നു. എന്നാല്‍, മുഖ്യ ക്യാമറയുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയത്‌ പ്രതീക്ഷയേകിയിരിക്കുകയാണ്‌.

2009 ഫിബ്രവരിയില്‍ ഉദ്ദേശിച്ചതു പോലെ തകരാര്‍ പരിഹരിക്കല്‍ നടന്നാല്‍, 2013-ല്‍ 'ജെയിംസ്‌ വെബ്ബ്‌ സ്‌പേസ്‌ ടെലസ്‌കോപ്പ്‌' വിക്ഷേപിക്കും വരെ ഹബ്ബിള്‍ പ്രവര്‍ത്തിക്കുമെന്നാണ്‌ പ്രതീക്ഷ. (അവലംബം: നാസ).

Tuesday, October 28, 2008

സ്‌റ്റീഫിന്‍ ഹോക്കിങ്‌ സ്ഥാനമൊഴിയുന്നു

വിഖ്യാത ഭൗതികശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌, ലോകത്തെ ഏറ്റവും പ്രശസ്‌തമായ അക്കാദമിക്‌ സ്ഥാനം ഒഴിയുന്നു. കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ 'ലൂക്കാസിയന്‍ പ്രൊഫസര്‍ ഓഫ്‌ മാത്തമാറ്റിക്‌സ്‌' പദവി വഹിക്കുന്ന അദ്ദേഹം, അടുത്ത വര്‍ഷം ആ പദവിയോട്‌ വിട വാങ്ങും.

ലൂക്കാസിയന്‍ പ്രൊഫസര്‍ സ്ഥാനം 67-ാം വയസ്സില്‍ ഒഴിയണം എന്നത്‌ കേംബ്രിഡ്‌ജിന്റെ നയമാണ്‌. ഹോക്കിങിന്‌ അടുത്ത ജനവരിയില്‍ 67 തികയും. ലോകത്തെ ഏറ്റവും പ്രമുഖനായ പ്രാപഞ്ചികശാസ്‌ത്രജ്ഞരില്‍ ഒരാളായ പ്രൊഫ. ഹോക്കിങ്‌, സ്ഥാനമൊഴിഞ്ഞാലും കേംബ്രിഡ്‌ജില്‍ തന്നെ അദ്ദേഹം പ്രവര്‍ത്തനം തുടരും.

1962-ല്‍ കേംബ്രിഡ്‌ജില്‍ ചേര്‍ന്ന പ്രൊഫ. ഹോക്കിങ്‌, 1979-ലാണ്‌ ലൂക്കാസിയന്‍ പ്രൊഫസറായി നിയമിതനാകുന്നത്‌. മാരകമായ മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ പിടിയിലായി ശരീരത്തിന്റെ ചലനശേഷി പോലും നഷ്ടപ്പെട്ടെങ്കിലും, മാറ്റ്‌ കുറയാത്ത പ്രതിഭ കൊണ്ട്‌ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ശാസ്‌ത്രജ്ഞനാണ്‌ പ്രൊഫ. ഹോക്കിങ്‌.

കേംബ്രിഡ്‌ജില്‍ 1663-ല്‍ ഹെന്‍ട്രി ലൂക്കാസ്‌ സ്ഥാപിച്ചതാണ്‌ ലൂക്കാസിയന്‍ പ്രൊഫസര്‍ പദവി. മഹത്തായ ഒരു തുടര്‍ന്ന അവകാശപ്പെടാനുള്ള ഈ പദവിയിലെത്തുന്ന 17-ാമത്തെ വ്യക്തിയാണ്‌ പ്രൊഫ. ഹോക്കിങ്‌.

1664-ല്‍ ഐസക്ക്‌ ബാരോയില്‍ ലൂക്കാസിയന്‍ പദവിയുടെ ചരിത്രം തുടങ്ങി. രണ്ടാമത്‌ ഈ സ്ഥാനം വഹിച്ചത്‌ സാക്ഷാല്‍ ഐസക്ക്‌ ന്യൂട്ടനായിരുന്നു; 1669-ല്‍ അദ്ദേഹം ലൂക്കാസിയന്‍ പ്രൊഫസറായി. ചാള്‍സ്‌ ബാബേജ്‌ 1828-ലും, പോള്‍ ഡിറാക്‌ 1932-ലും ഈ പദവിയിലെത്തി. പ്രൊഫ. ഹോക്കിങിന്‌ തൊട്ടുമുമ്പ്‌ ഈ സ്ഥാനം വഹിച്ചിരുന്നത്‌ സര്‍ ജെയിംസ്‌ ലൈറ്റ്‌ഹില്‍ ആയിരുന്നു. (കടപ്പാട്‌: ബി.ബി.സി, വിക്കിപീഡിയ).

Monday, October 27, 2008

തൂവലുള്ള പുതിയ ദിനോസര്‍, ചൈനയില്‍ നിന്ന്‌

പറക്കാന്‍ മാത്രമല്ല തൂവലുകള്‍ ഉപയോഗിക്കുന്നത്‌, പ്രദര്‍ശനത്തിനും ആകാം. പറക്കല്‍ എന്ന ലക്ഷ്യത്തിനായി തൂവലുകള്‍ രൂപപ്പെടുന്നതിന്‌ വളരെ മുമ്പുതന്നെ അലങ്കാരവസ്‌തുവായി തൂവലുകള്‍ രൂപപ്പെട്ടിരുന്നുവത്രേ. പുതിയതായി കണ്ടെത്തിയ തൂവലുള്ള ദിനോസര്‍ നല്‍കുന്ന സൂചന അതാണ്‌.

വളരെ പണ്ട്‌, പക്ഷികള്‍ക്കും മുമ്പ്‌, ഭൂമിയില്‍ ജീവിച്ചിരുന്ന തൂവലുകളുള്ള ദിനോസറുകളുടെ ഫോസില്‍ ചൈനയില്‍ നിന്ന്‌ ഗവേഷകര്‍ കണ്ടെടുത്തു. റിബ്ബണിന്റെ മാതിരി നാല്‌ നെടുങ്കന്‍ തൂവലുകള്‍ വാലിലുണ്ടായിരുന്ന അവ പറക്കാന്‍ കഴിവുള്ളവ ആയിരുന്നില്ലെന്ന്‌ ഗവേഷകര്‍ കരുതുന്നു. മയിലിന്റെ വലിപ്പമുള്ള ജീവികളായിരുന്നു അവ.

'എപ്പിഡെക്‌സിപ്‌ടെറിക്‌സ്‌' (Epidexipteryx) എന്ന്‌ പേരിട്ടിട്ടുള്ള അവയുടെ ശരീരത്തില്‍, പറക്കലിന്‌ ആവശ്യമായ തൂവല്‍ഭാഗങ്ങള്‍ കാണപ്പെടുന്നില്ല. പ്രദര്‍ശനത്തിന്‌ മാത്രമുള്ളതായിരിക്കാം അവയുടെ തൂവലുകള്‍ എന്ന്‌ 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ജുറാസിക്‌ യുഗത്തിന്റെ മധ്യഭാഗം മുതല്‍ ഉത്തരഭാഗം വരയുള്ള കാലഘട്ടത്തില്‍ ഭൂമുഖത്ത്‌ നിലനിന്ന ജൈവവൈവിധ്യത്തെക്കുറിച്ച്‌ പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്നതാണ്‌ ഈ കണ്ടെത്തല്‍. പക്ഷികള്‍ പ്രത്യക്ഷപ്പെട്ടതിന്‌ തൊട്ടു മുമ്പത്തെ കാലമാണത്‌.
'ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സസി'ലെ പുരാവസ്‌തു ഗവേഷകരായ ഫുഷെങ്‌ ഷാങ്‌, ഷിങ്‌ ക്‌സു എന്നീ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. ഇന്നര്‍ മംഗോളിയ പ്രവിശ്യയിലെ നിന്‍ചെങ്‌ കൗണ്ടിയില്‍ പെടുന്ന ദാവോഹ്യൂഗോ സമതലത്തില്‍ നിന്നാണ്‌ പുതിയ ദിനോസര്‍ ഫോസില്‍ കണ്ടെത്തിയത്‌. നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ആ ഫോസിലിന്റെ പഴക്കം 16.8 കോടിക്കും 15.2 കോടി വര്‍ഷത്തിനും മധ്യേയാണെന്ന്‌ കണക്കാക്കുന്നു.

തൂവലുള്ള ദിനോസറുകള്‍ പരിണാമശ്രേണിയില്‍ ദിനോസറുകള്‍ക്കും പക്ഷികള്‍ക്കും ഇടയ്‌ക്കുള്ള കണ്ണികള്‍ എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. `പുതിയ ഫോസില്‍ ആവേശജനകവും അപ്രതീക്ഷിതവുമായ ഒരു കണ്ടെത്തലാണ്‌`-ലണ്ടന്‍ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിലെ ഗവേഷക ഡോ. ആഞ്‌ജല മില്‍നെര്‍ അഭിപ്രായപ്പെടുന്നു. `പറക്കാനുള്ള ഉപാധിയാകും മുമ്പ്‌, ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ തൂവലുകള്‍ വെറും അലങ്കാരത്തിനായി മാത്രം ഉപയോഗിച്ചിരുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌`-അവര്‍ ചൂണ്ടിക്കാട്ടി.

മാംസഭുക്കുകളായ ചെറു ദിനോസറുകള്‍ പക്ഷികളായി പരിണമിച്ച ചരിത്രത്തിന്റെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നതാണ്‌ പുതിയ കണ്ടെത്തലെന്ന്‌ ഗവേഷകര്‍ കരുതുന്നു. ചൈനയിലെ പേരുകേട്ട ഫോസില്‍ പ്രദേശമായ ലിയായോനിങ്‌ പ്രവിശ്യയില്‍ നിന്ന്‌ ഇതിന്‌ മുമ്പ്‌ തൂവലുള്ള ഒട്ടേറെ ദിനോസറുകളുടെ ഫോസില്‍ കിട്ടിയിട്ടുണ്ട്‌. അവയില്‍ ഏറ്റവും ശ്രദ്ധേയം 'മൈക്രോറാപ്‌ടര്‍' (Microraptor) എന്ന ചെറുദിനോസറിന്റെ അവശിഷ്ടങ്ങളായിരുന്നു. തൂവലുള്ള ആ ജീവിക്ക്‌ വെറുമൊരു അണ്ണാന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ. നാല്‌ കാലുകളിലെയും നീളമുള്ള തൂവലുകള്‍ അവയെ മരങ്ങളില്‍നിന്ന്‌ മരങ്ങളിലേക്ക്‌ പറന്നിറങ്ങാന്‍ സഹായിച്ചിരിക്കണം. ദിനോസറുകളില്‍നിന്ന്‌ പക്ഷികളിലേക്കുള്ള പരിണാമത്തിന്റെ ചരിത്രത്തില്‍ മൈക്രോറാപ്‌ടര്‍ ഒരു നിര്‍ണായക കണ്ണി എന്ന്‌ വലിയിരുത്തപ്പെട്ടു.
എന്നാല്‍, പുതിയതായി കണ്ടെത്തിയ എപ്പിഡെക്‌സിപ്‌ടെറിക്‌സ്‌ തൂവലുള്ള ദിനോസര്‍ കുടുംബത്തിലെ കൂടുതല്‍ പഴയ അംഗമാണ്‌. പറക്കാന്‍ കഴിവില്ലാത്തത്‌. പക്ഷികളുടെ പരിണാമത്തിന്‌ വഴിവെച്ച ദിനോസര്‍ കുടുംബത്തിന്‌ 'തെറോപ്പോഡുകള്‍' (theropods) എന്നാണ്‌ പേര്‌. തെറോപ്പോഡുകളുടെ കൂട്ടത്തില്‍ 'അപ്രതീക്ഷിത സവിശേഷതകള്‍ കൂടിച്ചേര്‍ന്ന' ഇനമാണ്‌ പുതിയതായി കണ്ടെത്തിയ ദിനോസറുകളെന്ന്‌ ഗവേഷകര്‍ പറയുന്നു. കാലുകളില്‍ തൂവലില്ല, എന്നാല്‍ വാലില്‍ നെടുങ്കന്‍ തൂവലുകള്‍ ഉണ്ട്‌, എന്നതാണ്‌ പുതിയ ദിനോസറിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.

പറക്കല്‍ എന്ന ലക്ഷ്യത്തിനായി തൂവലുകള്‍ രൂപപ്പെടുന്നതിന്‌ വളരെ മുമ്പുതന്നെ പ്രദര്‍ശനത്തിനായുള്ള തൂവലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്നാണ്‌ പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന്‌, ഡോ. ഫുഷെങ്‌ ഷാങ്‌ പറയുന്നു. `ഇത്രകാലവും കണ്ടെത്തിയ തൂവലുള്ള ദിനോസറുകളെല്ലാം, ആദ്യ പക്ഷി ഭൂമുഖത്ത്‌ പ്രത്യക്ഷപ്പെട്ടതിന്‌ ശേഷമുള്ളവയുടേതാണ്‌. എന്നാല്‍, പക്ഷികള്‍ക്ക്‌ തൊട്ടുമുമ്പുള്ളതാണപുതിയ ദിനോസര്‍'-ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ 'ആനിമല്‍ ഫ്‌ളൈറ്റ്‌ ഗ്രൂപ്പി'ലെ ഡോ. ഗ്രഹാം ടെയ്‌ലര്‍ പറയുന്നു.

അതിനാല്‍ പുതിയ കണ്ടെത്തല്‍ പ്രധാന്യമര്‍ഹിക്കുന്നു. ദിനോസറുകളില്‍ നിന്ന്‌ പക്ഷികള്‍ പരിണമിച്ചുണ്ടായ നിര്‍ണായക കാലഘട്ടത്തിലെ സംഭവങ്ങളെക്കുറിച്ചറിയാന്‍ സാധ്യത തുറക്കുകയാണ്‌ പുതിയ കണ്ടെത്തല്‍- ഡോ.ടെയ്‌ലര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല, പറക്കാന്‍ ഉപയോഗിക്കുന്നതിന്‌ വളരെ മുമ്പ്‌ അലങ്കാരവസ്‌തുവായി തൂവലുകള്‍ ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിനും തെളിവാണ്‌ ഈ കണ്ടെത്തല്‍. അത്തരത്തില്‍ പരിഗണിച്ചാലും പുതിയ കണ്ടെത്തല്‍ പ്രധാനപ്പെട്ട ഒന്നാണെന്ന്‌ അദ്ദേഹം വിലയിരുത്തുന്നു. (അവലംബം: നേച്ചര്‍)

കാണൂക: ചിറകുള്ള ദിനോസര്‍ ഭീമന്‍, മുമ്പേ പറന്ന മൃഗങ്ങള്‍

Wednesday, October 22, 2008

ബഹിരാകാശ ദൗത്യങ്ങള്‍-3: ചന്ദ്രയാന്‍

ചന്ദ്രനിലേക്ക്‌, ചരിത്രത്തിലേക്ക്‌

ചന്ദ്രയാന്‍ വിക്ഷേപണം വിജയം, ഇന്ത്യയ്‌ക്ക്‌ ചരിത്രമൂഹൂര്‍ത്തം.

എല്ലാം പ്രതീക്ഷിച്ചതുപോലെ നടന്നു. കാലാവസ്ഥ തടസ്സമായില്ല. ബുധനാഴ്‌ച പുലര്‍ച്ചെ 6.20-ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന്‌ പി.എസ്‌.എല്‍.വി-11 റോക്കറ്റില്‍ ചന്ദ്രായന്‍-1 കുതിച്ചുയര്‍ന്നു. നിശ്ചയിച്ചതു പ്രകാരം 18 മിനിറ്റ്‌ കൊണ്ട്‌ വാഹനം ഭൂഭ്രമണപഥത്തില്‍ എത്തി. ഇതോടെ ചന്ദ്രനിലേക്ക്‌ ദൗത്യവാഹമയച്ച രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം നേടി ഇന്ത്യ ചരിത്രത്തില്‍ ഇടംപിടിച്ചു.

ബാക്കി ഭാഗം കൂടി പ്രതീക്ഷിച്ചതു പോലെ മുന്നേറിയാല്‍, നവംബര്‍ എട്ടിന്‌ ചന്ദ്രനും ചന്ദ്രയാനും തമ്മില്‍ ആദ്യ കൂടിക്കാഴ്‌ച നടക്കും. ചന്ദ്രനില്‍ വാഹനമെത്തിച്ച അമേരിക്ക, മുന്‍സോവിയറ്റ്‌ യൂണിയന്‍, യൂറേപ്യന്‍ സ്‌പേസ്‌ ഏജന്‍സി, ചൈന, ജപ്പാന്‍ എന്നിവയ്‌ക്കൊപ്പമാണ്‌ അതുകഴിഞ്ഞാല്‍ ഇന്ത്യയുടെ സ്ഥാനം. ചന്ദ്രയാന്റെ കുറ്റമറ്റ വിക്ഷേപണത്തെ 'ചരിത്രപ്രധാനം' എന്നാണ്‌ ഐ.എസ്‌.എസ്‌.ആര്‍.ഒ. മേധാവി ജി. മാധവന്‍ നായര്‍ വിശേപ്പിച്ചത്‌. "ചന്ദ്രനിലേക്ക്‌ ഇന്ത്യ അതിന്റെ യാത്ര തുടങ്ങിയിരിക്കുന്നു. ആദ്യ ചുവട്‌ പിഴവില്ലാതെ മുന്നോട്ടുവെച്ചു. പേടകത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു കഴിഞ്ഞു"-അദ്ദേഹം അറിയിച്ചു.
44.4 മീറ്റര്‍ ഉയരവും 316 ടണ്‍ ഭാരവുമുള്ള പോളാര്‍ സാറ്റ്‌ലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍-11(PSLV C11) ഇന്ത്യയുടെ വിശ്വസ്‌ത വാഹനമാണെന്ന്‌ ചാന്ദ്രയാന്‍ വിക്ഷേപണത്തോടെ 13-ാമത്തെ തവണയും തെളിഞ്ഞിരിക്കുന്നു. ആകാശത്തേക്ക്‌ 1380 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ പേടകത്തെയും വഹിച്ചുകൊണ്ട്‌ പി.എസ്‌.എല്‍.വി.കുതിച്ചുയരുമ്പോള്‍, സതീഷ്‌ ധവാന്‍ കേന്ദ്രത്തിലും ഐ. എസ്‌.ആര്‍.ഒ.യുടെ ഇതര കേന്ദ്രങ്ങളിലും ആഹ്ലാദം അണപൊട്ടി. "ഒരു വിക്ഷേപണ വാഹനത്തിന്റെ അതുല്യമായ പ്രകടനമാണിത്‌"-ആഹ്ലാദം അടക്കാനാവാതെ മാധവന്‍ നായര്‍ പറഞ്ഞു.

നാലുദിവസമായി വടക്കു കിഴക്കന്‍ മണ്‍സൂണ്‍ തകര്‍ത്തു പെയ്യുകയായിരുന്നു. അത്‌ വിക്ഷേപണത്തെ ബാധിക്കുമോ എന്ന ആശങ്ക ചെറിയ തോതിലെങ്കിലും പരക്കുകയും ചെയ്‌തു. ആ തടസ്സം വകവെയ്‌ക്കാതെയാണ ബുധനാഴ്‌ച പുലര്‍ച്ചെ ചന്ദ്രയാന്‍ കുതിച്ചുയര്‍ന്നത്‌. നാല്‌ ദിവസമായി തങ്ങള്‍ ആശങ്കയിലായിരുന്നു എന്ന്‌ മാധവന്‍ നായര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍, ചെവ്വാഴ്‌ച വൈകുന്നേരത്തോടെ മഴയ്‌ക്ക്‌ കുറച്ചു ശമനമുണ്ടായി. അതുകൊണ്ടാണ്‌ വിക്ഷേപണം പ്രതീക്ഷിച്ച സമയത്തു തന്നെ നടന്നത്‌.

ഇതുവരെയുള്ള ഭാഗം ഇന്ത്യന്‍ ബഹിരാകാശ ഗവേഷകര്‍ക്ക്‌ സുപരിചിതമാണ്‌; ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കുകയെന്നത്‌. ഇനിയുള്ളതാണ്‌ ചന്ദ്രനിലേക്കുള്ള യഥാര്‍ഥ യാത്ര. 18 ദിവസം കൊണ്ട്‌ സങ്കീര്‍ണമായ ഭ്രമണവഴികള്‍ പിന്നിട്ട്‌ 387000 കിലോമീറ്റര്‍ താണ്ടി വേണം ചന്ദ്രയാന്‍ പേടകം ചന്ദ്രന്‌ അരികിലെത്താന്‍. നിലവില്‍ രണ്ട്‌ പേടകങ്ങള്‍ ചന്ദ്രനെ വലംവെക്കുന്നുണ്ട്‌. 2007 സപ്‌തംബറില്‍ ചൈന അയച്ച്‌ 'ചാങെ'യും ഒക്ടോബറില്‍ ജപ്പാന്‍ അയച്ച 'കഗുയ'യും. ചന്ദ്രയാന്‍ കൂടി എത്തുന്നതോടെ ചന്ദ്രന്‍ കുറച്ചു കാലത്തേക്ക്‌ ശരിക്കും ഏഷ്യയുടെ 'പിടിയിലാകും'.

നാലുവര്‍ഷം നീണ്ടം ശ്രമം

പ്രോജക്ട്‌ ഡയറക്ടര്‍ എം.അണ്ണാദുരൈയുടെയും, തിരുവനന്തപുരത്തെ വി.എസ്‌.എസ്‌.സി.ഡയറക്ടര്‍ കെ.രാധാകൃഷ്‌ണന്‍, പി.എസ്‌.എല്‍.വി. പ്രോജക്ട്‌ ഡയറക്ടര്‍ ജോര്‍ജ്‌ കോശി തുടങ്ങി ഒട്ടേറെ പ്രമുഖരുടെയും മേല്‍നോട്ടത്തില്‍ ആയിരത്തോളം ഐ.എസ്‌.ആര്‍.ഒ. ശാസ്‌ത്രജ്ഞരുടെ നാലുവര്‍ഷം നീണ്ട പരിശ്രമമാണ്‌ ചന്ദ്രയാന്‍ ദൗത്യം. ദൗത്യ ചെലവ്‌ 386 കോടി രൂപ. ഭൂമിയില്‍ 1380 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‌ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമ്പോള്‍ ഭാരം 590 കിലോഗ്രാം ആയിരിക്കും.

ചന്ദ്രനില്‍ നിന്ന്‌ ഏതാണ്ട്‌ നൂറുകിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ്‌ വാഹനം ചന്ദ്രനെ നിരീക്ഷിക്കുക. ചന്ദ്രന്റെ ഉത്ഭവ പരിണാമങ്ങള്‍ പഠിക്കുക, അവിടുത്തെ ലവണഘടന മനസിലാക്കുക, ഭാവി ഇന്ധനമെന്നു കരുതുന്ന ഹീലിയം-3 ന്റെ ചന്ദ്രനിലെ സുലഭസാന്നിധ്യം അടുത്തറിയുക തുടങ്ങിയ ലക്ഷ്യങ്ങളാണ്‌ ചന്ദ്രയാന്‍ ദൗത്യത്തിനുള്ളത്‌. 11 പഠനോപകരണങ്ങളുമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന വാഹനം രണ്ടുവര്‍ഷം അവിടെ നിരീക്ഷണം നടത്തും. പഠനോപകരങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യന്‍ നിര്‍മിതവും ആറെണ്ണം വിദേശനിര്‍മിതവുമാണ്‌.

തുമ്പയില്‍ ബിഷപ്പ്‌ ഹൗസില്‍ ഓഫീസും, പള്ളിമുറി 'കണ്‍ട്രോള്‍ റൂമും' ആയി 1963-ല്‍ തുടങ്ങിയ ഇന്ത്യയുടെ ബഹിരാകാശ ചരിത്രം, ചന്ദ്രയാന്‍ വിക്ഷേപണത്തോടെ ലോകത്തിന്റെ നെറുകയിലെത്തുകയാണ്‌. അമേരിക്കന്‍ നിര്‍മിത 'നിക്കി-അപാച്ചേ സൗണ്ടിങ്‌ റോക്കറ്റ്‌' തുമ്പയില്‍നിന്ന്‌ 1963 നവംബര്‍ 21-ന്‌ വിക്ഷേപിച്ചു കൊണ്ടായിരുന്നു തുടക്കം. സെന്റ്‌ മേരി മഗ്‌ലേന പള്ളിമുറിയായിരുന്നു കണ്‍ട്രോള്‍റൂം. അന്തരീക്ഷത്തിലേക്ക്‌ കുതിച്ചുയര്‍ന്ന റോക്കറ്റ്‌ വായുവില്‍ അവശേഷിപ്പിച്ച വെള്ളിവര നിരീക്ഷിക്കാന്‍ അന്ന്‌ കേരളനിയമസഭ പോലും അല്‍പ്പസമയം നിര്‍ത്തിവെച്ചതായി, ഐ.എസ്‌.ആര്‍.ഓ.ന്യൂസ്‌ ലെറ്ററായ 'സ്‌പേസ്‌ ഇന്ത്യ'യുടെ 2003 ഒക്ടോബര്‍-ഡിസംബര്‍ ലക്കം പറയുന്നു.

എസ്‌.ആര്‍.ഇ.ക്ക്‌ പിന്നാലെ

ബഹിരാകാശ ദൗത്യങ്ങളില്‍ ഏറ്റവും ശ്രമകരവും സങ്കീര്‍ണവുമായ ഒന്നാണ്‌, വിക്ഷേപിച്ച പേടകത്തെ ഭ്രമണപഥത്തില്‍ നിന്ന്‌ തിരികെ ഭൂമിയില്‍ സുരക്ഷിതമായി എത്തിക്കുകയെന്നത്‌. 'സ്‌പേസ്‌ കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ്‌' (എസ്‌.ആര്‍.ഐ-1) എന്ന പേടകത്തെ തിരികെ ഭൂമിയിലെത്തിക്കുക വഴി, ഐ.എസ്‌.ആര്‍.ഒ. നിര്‍ണായകമായ ആ കടമ്പ കടന്നിട്ട്‌ വെറും 21 മാസം തികയുന്ന ദിവസമാണ്‌ ചന്ദ്രനിലേക്ക്‌ സ്വന്തം പേടകമയച്ചുകൊണ്ട്‌ ഇന്ത്യയുടെ പുതിയ കുതിപ്പ്‌.

ഗുരുത്വാകര്‍ഷണരഹിത പരീക്ഷണങ്ങള്‍ നടത്താനും, ഒരു പതിറ്റാണ്ടിനകം മനുഷ്യനെ ബഹിരാകാശത്ത്‌ അയയ്‌ക്കാന്‍ ആവശ്യമായ സാങ്കേതിക വിവരങ്ങള്‍ മനസിലാക്കാനും വേണ്ടിയായിരുന്നു എസ്‌.ആര്‍.ഇ. എന്ന പുനരുപയോഗ പേടകത്തിന്റെ വിക്ഷേപണവും വീണ്ടെടുക്കലും. 550 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആ പേടകത്തെ 2007 ജനവരി 22-ന്‌ തിരികെ ഭൂമിയിലെത്തിച്ചുകൊണ്ട്‌ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ ചരിത്രം കുറിച്ചു. ബഹിരാകാശത്തയച്ച പേടകത്തെ തിരികെ ഭൂമിയിലെത്തിക്കാന്‍ അതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ മൂന്ന്‌ രാജ്യങ്ങള്‍ക്കേ കഴിഞ്ഞിരുന്നുള്ളു. എസ്‌.ആര്‍.ഇ. വഴി ആ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു.

എസ്‌.ആര്‍.ഇ.യുടെ തുടര്‍ച്ചയായി 2015-ഓടെ മനുഷ്യനെ ബഹിരാകാശത്ത്‌ അയയ്‌ക്കാനുള്ള പദ്ധതി ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്‌. ചാന്ദ്രയാന്‍-1 ന്റെ വിജയം, ആ പദ്ധതിക്ക്‌ അംഗീകാരം നേടിക്കൊടുക്കുമെന്ന കാര്യം ഉറപ്പാണ്‌. അതാകും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണമേഖലയുടെ അടുത്ത നിര്‍ണായക മുന്നേറ്റം. വന്‍ശക്തികളുടെ മാത്രം മത്സരവേദിയായിരുന്ന ബഹിരാകാശവും ഗോളാന്തര പര്യടനരംഗവും ഇനിയാരുടെയും കുത്തകയാവില്ല എന്നതിന്റെ വ്യക്തമായ തെളിവാണ്‌ ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റങ്ങള്‍.

ചന്ദ്രനിലേക്കുള്ള അറുപത്തിയെട്ടാം ദൗത്യം

ചന്ദ്രനിലേക്കുള്ള അറുപത്തിയെട്ടാം ദൗത്യമാണ്‌ ഇന്ത്യയുടേത്‌. ചാന്ദ്രദൗത്യങ്ങളില്‍ 62 എണ്ണവും അമേരിക്കയുടെയും മുന്‍സോവിയറ്റ്‌ യൂണിയന്റെയുമാണ്‌. 'സ്‌പുട്‌നിക്‌' വഴി ബഹിരാകാശയുഗത്തിലേക്ക്‌ കടന്നയുടന്‍ തന്നെ ചാന്ദ്രപര്യവേക്ഷണവും മനുഷ്യന്‍ ആരംഭിച്ചു. സോവിയറ്റ്‌ യൂണിയന്റെ 'ലൂണാ-1' ആയിരുന്നു ആദ്യ ചാന്ദ്രവാഹനം. 1959 ജവവരി 2-ന്‌ അത്‌ വിക്ഷേപിച്ചു. ആ വാഹനം ചന്ദ്രന്റെ ആയിരക്കണക്കിന്‌ കിലോമീറ്റര്‍ അകലെക്കൂടി കടന്നുപോയി. ആ മാര്‍ച്ച്‌ 3-ന്‌ അമേരിക്കയും ആദ്യ ചാന്ദ്രദൗത്യം അയച്ചു. ശീതയുദ്ധം ബഹിരാകാശാത്തേക്ക്‌ വ്യാപിച്ചതോടെ മത്സരമായി.

1969 ജൂലായ്‌ 20-ന്‌ അമേരിക്കയുടെ 'അപ്പോളോ 11' വാഹനത്തില്‍ എത്തിയ നീല്‍ ആംസ്‌ട്രോങ്‌ ചന്ദ്രനില്‍ കാല്‍കുത്തി. എഡ്വിന്‍ ആല്‍ഡ്രിന്‍ ആയിരുന്നു സഹയാത്രികന്‍. 1972-നകം അഞ്ച്‌ അപ്പോളോ ദൗത്യങ്ങള്‍ കൂടി ചന്ദ്രനില്‍ ആളെയെത്തിച്ചു. ആകെ 12 പേര്‍ ചന്ദ്രനില്‍ പോയി വന്നു. ചന്ദ്രപ്രതലത്തിന്‌ ഏതാനും കിലോമീറ്റര്‍ മാത്രം അകലെയെത്തി, ഭ്രമണപഥത്തില്‍ കറങ്ങി തിരികെ പോന്നവരുമുണ്ട്‌. അപ്പോളോ-8, അപ്പോളോ-10, അപ്പോളോ-13 എന്നീ വാഹനങ്ങളിലും മറ്റ്‌ അപ്പോളോ ദൗത്യങ്ങളിലും പോയ 14 പേര്‍ക്ക്‌ ചന്ദ്രനിലിറങ്ങാന്‍ കഴിയാതെ നിരാശരായി മടങ്ങേണ്ടി വന്നു. അപ്പോളോ യാത്രികര്‍ ഏതാണ്ട്‌ 400 കിലോഗ്രാം മണ്ണും പാറയും ചന്ദ്രനില്‍നിന്ന്‌ ഭൂമിയിലെത്തിച്ചിട്ടുണ്ട്‌.

അപ്പോളോ ദൗത്യത്തോടെ ചന്ദ്രനോടുള്ള താത്‌പര്യം പൊതുവെ കുറഞ്ഞു. 1976 ആഗസ്‌തില്‍ സോവിയറ്റ്‌ യൂണിയന്റെ ലൂണ-24 പേടകം ചന്ദ്രനിലെത്തി മണ്ണു കൊണ്ടുവന്ന ശേഷം, 14 വര്‍ഷം കഴിഞ്ഞാണ്‌ മറ്റൊരു വാഹനം ചന്ദ്രനിലെത്തിയത്‌; ജപ്പാന്റെ 'ഹിറ്റെന്‍'. അമേരിക്ക 1994-ല്‍ ക്ലെമന്റൈന്‍, 1998-ല്‍ ലൂണാര്‍ പ്രോസ്‌പെക്ടര്‍ എന്നീ വാഹനങ്ങള്‍ അയച്ചു. ചന്ദ്രനില്‍ ജലസാന്നിധ്യം അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. 2003-ല്‍ യൂറേപ്യന്‍ സ്‌പേസ്‌ ഏജന്‍സി അയച്ച്‌ 'സ്‌മാര്‍ട്ട്‌-1' പേടകം ദൗത്യം അവസാനിപ്പിച്ച്‌ ചന്ദ്രപ്രതലത്തില്‍ തകര്‍ന്നു വീണത്‌ 2006 സപ്‌തംബര്‍ മൂന്നിനാണ്‌. അടുത്തവര്‍ഷം ലൂണാര്‍ റിക്കനൈസെന്‍സ്‌ ഓര്‍ബിറ്റര്‍ എന്ന വാഹനം അമേരിക്ക അയയ്‌ക്കുന്നുണ്ട്‌. 2020-ഓടെ ചന്ദ്രനില്‍ സ്ഥിരം താവളമുണ്ടാക്കാനാണ്‌ അമേരിക്കയുടെ പദ്ധതി.

ഇത്രയൊക്കെ പഠനങ്ങളും പര്യവേക്ഷണങ്ങളും നടന്നു കഴിഞ്ഞ്‌ ഇന്ത്യയുടെ പേടകം എന്താണ്‌ കണ്ടെത്തുകയെന്ന ചോദ്യം ഉയരുന്നുണ്ട്‌. യഥാര്‍ഥത്തില്‍ ചന്ദ്രനെ സംബന്ധിച്ച പല പ്രശ്‌നങ്ങളും ഇനിയും അറിയാനിരിക്കുന്നതേയുള്ളു എന്നതാണ്‌ വാസ്‌തവം. ഭൂമിക്കെങ്ങനെ ഇത്ര വലിയൊരു ഉപഗ്രഹം ഉണ്ടായി, 450 കോടി വര്‍ഷം മുമ്പ്‌ ചൊവ്വായുടെയത്ര വലിപ്പമുള്ള 'തെയിയ'യെന്ന വസ്‌തു വന്ന്‌ ഭൂമിയെ ഇടിച്ചതിന്റെ ഫലമായാണോ ചന്ദ്രന്‍ രൂപപ്പെട്ടത്‌, ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടോ എന്ന്‌ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്‌. അവയില്‍ ചിലതിനെങ്കിലും ചന്ദ്രയാന്‍ വഴി ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ ഗവേഷകര്‍ക്കുള്ളത്‌.

അണുസംയോജനം (ന്യൂക്ലിയര്‍ ഫ്യൂഷന്‍) വഴി ഊര്‍ജം ഉത്‌പാദിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പ്രതീക്ഷയേകുന്ന ഇന്ധനമാണ്‌ ഹീലിയം-3. ചന്ദ്രപ്രതലത്തില്‍ ഈ മൂലകം സുലഭമാണെന്നും, അവിടെനിന്ന്‌ അത്‌ എളുപ്പത്തില്‍ ശേഖരിക്കാന്‍ കഴിയുമെന്നുമുള്ള വസ്‌തുതയാണ്‌ ലോകരാഷ്ട്രങ്ങളെ വീണ്ടും ചന്ദ്രനിലേക്ക്‌ ആകര്‍ഷിക്കുന്ന മുഖ്യഘടകം. ഭാവിയില്‍ സൗരയൂഥത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്‌ മനുഷ്യന്‍ നടത്തുന്ന ഗോളാന്തരയാത്രകള്‍ക്ക്‌ ഇടത്താവളമാകാനും ചന്ദ്രന്‌ കഴിയും. ഈ ലോകമത്സരത്തില്‍ ഇന്ത്യയും ശക്തമായിത്തന്നെ രംഗത്തുണ്ടെന്ന്‌ പ്രഖ്യാപിക്കുന്നതാണ്‌ ചാന്ദ്രയാന്‍ ദൗത്യം.

പുതിയ ബഹിരാകാശ മത്സരം

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ വന്‍കുതിച്ചു ചാട്ടം നടത്തുക മാത്രമല്ല ചന്ദ്രയാന്‍ ചെയ്യുക. ഏഷ്യയില്‍ പുതിയൊരു ബഹിരാകാശ മത്സരത്തിന്‌ അത്‌ തുടക്കം കുറിക്കുമെന്നും വിദഗ്‌ധര്‍ കരുതുന്നു. ഒപ്പം ആഗോള ബഹിരാകാശ കമ്പോളത്തില്‍ ഇന്ത്യ അവഗണിക്കാനാവാത്ത ശക്തിയാണെന്ന്‌ ചന്ദ്രയാന്‍ ദൗത്യം വ്യക്തമാക്കുകയും ചെയ്യും. 2001 -ന്‌ ശേഷം ജര്‍മനി, ബെല്‍ജിയം, ഇന്‍ഡൊനീഷ്യ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ വാണിജ്യാടിസ്ഥാനത്തില്‍ ഐ.എസ്‌.ആര്‍.ഒ. വിക്ഷേപിച്ചിട്ടുണ്ട്‌. കഴിഞ്ഞ മാര്‍ച്ച്‌ 31-ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഐ.എസ്‌.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ 'ആന്‍ട്രിക്‌സ്‌ കോര്‍പ്പറേഷ'ന്റെ വരുമാനം ഏതാണ്ട്‌ 900 കോടി രൂപയായിരുന്നു. ഈ മേഖലയില്‍ ഐ.എസ്‌.ആര്‍.ഒ.യുടെ പുത്തന്‍കതിപ്പിന്‌ തന്നെ ചന്ദ്രയാന്‍ വഴിതെളിക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

386 കോടി രൂപ ചെലവുള്ള ചന്ദ്രയാന്‍ ദൗത്യത്തില്‍ സ്വകാര്യ മേഖലയ്‌ക്കും കാര്യമായ പങ്കുണ്ട്‌. പദ്ധതിച്ചെലവില്‍ 30 ശതമാനം(115.8 കോടി രൂപ) സ്വകാര്യമേഖലയുടെ വിഹിതമാണ്‌. മാത്രമല്ല, ചന്ദ്രയാനിലുള്ള ഒരോ ഉപകരണത്തിനും നട്ടിനും ബോള്‍ട്ടിനും വരെ ഓരോ സ്ഥാപനങ്ങളുടെ കഥ പറയാനുണ്ട്‌. ഹീറ്റ്‌ പൈപ്പ്‌ മുതല്‍ ആന്റിന വരെയുള്ള ചന്ദ്രയാന്‍ ഉപകരണങ്ങള്‍ നിര്‍മിച്ചതില്‍, ഗോദറേജ്‌, ലാര്‍സണ്‍ ആന്‍ഡ്‌ ടര്‍ബോ, ടാറ്റ അഡ്വാന്‍സ്‌ഡ്‌ മെറ്റീരിയല്‍സ്‌ പോലെ പേരും പെരുമയുമുള്ള കമ്പനികള്‍ക്ക്‌ മാത്രമല്ല പങ്കാളിത്തമുള്ളത്‌. കേരള സ്‌റ്റേറ്റ്‌ സ്‌മാള്‍ സ്‌കെയില്‍ ഇന്‍ഡസ്‌ട്രീസ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (സിഡ്‌കോ) പോലുള്ള സ്ഥാപനങ്ങള്‍ക്കും നല്ല പങ്കുണ്ട്‌. സിഡ്‌കോയുടെ കൊല്ലം ഉയനല്ലൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സിഡ്‌കോ ടൂള്‍സ്‌ ആണ്‌ ചന്ദ്രയാന്റെ പല ഭാഗങ്ങള്‍ക്കും ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കിയത്‌. ഐ.എസ്‌.ആര്‍.ഒ. അതിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്‌ പതിവായി കോണ്‍ട്രാക്ട്‌ നല്‍കാറുള്ള സ്ഥാപനമാണ്‌ സിഡ്‌കോ ടൂള്‍സ്‌. (അവലംബം: വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍, ഐ.എസ്‌.ആര്‍.ഒ).

എസ്‌.ആര്‍.ഇ.യെക്കുറിച്ച്‌ അറിയാന്‍ കാണുക: നിധിപേടകം

Sunday, October 19, 2008

ഇന്റര്‍നെറ്റ്‌ ഉപയോഗം മസ്‌തിഷ്‌ക്കശേഷി വര്‍ധിപ്പിക്കും-പഠനം

ഇന്റര്‍നെറ്റിനെ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ക്കും, അതിന്‌ ശ്രമിക്കുന്നവര്‍ക്കും പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കുന്ന ഒരു വാര്‍ത്ത. ഇന്റര്‍നെറ്റ്‌ ഉപയോഗം മസ്‌തിഷ്‌ക്കശേഷിയെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുമത്രേ.
സെര്‍ച്ചിങ്‌ (തിരയല്‍) പോലുള്ള കാര്യങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന മധ്യവയ്‌ക്കരിലും പ്രായമായവരിലും മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം വര്‍ധിക്കുന്നതായി, ലോസ്‌ ആഞ്‌ജലസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ കണ്ടെത്തിയത്‌.

തീരുമാനങ്ങളെടുക്കാനും സങ്കീര്‍ണ അനുമാനങ്ങളിലെത്താനും സഹായിക്കുന്ന മസ്‌തിഷ്‌ക്കഭാഗങ്ങളുടെ പ്രവര്‍ത്തനം, ഇന്റര്‍നെറ്റ്‌ ഉപയോഗം മൂലം വര്‍ധിക്കുന്നതായാണ്‌ കണ്ടത്‌. പ്രായം ഏറുന്നതോടെ മസ്‌തിഷ്‌കത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങളില്‍ പ്രധാനം, സിരാകോശങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മന്ദതയാണ്‌. ബൗദ്ധീകമായ പ്രകടനം മോശമാകാന്‍ ഇത്‌ കാരണമാകും. പ്രായവുമായി ബന്ധപ്പെട്ട്‌ മസ്‌തിഷ്‌ക്കത്തിനുണ്ടാകുന്ന ഇത്തരം അപചയം തടയാന്‍ ഇന്റര്‍നെറ്റ്‌ ഉപയോഗം സഹായിച്ചേക്കുമെന്ന സൂചനയാണ്‌ പുതിയ പഠനം നല്‍കുന്നത്‌. 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ജെറിയാട്രിക്‌ സൈക്കിയാട്രി'യിലാണ്‌ പഠനഫലം പ്രസിദ്ധീകരിക്കുന്നത്‌.

`വളരെ പ്രോത്സാഹജനകമായ ഫലമാണ്‌ പഠനം നല്‍കിയത്‌`-പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ.ഗാരി സ്‌മാള്‍ പറയുന്നു. ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ക്ക്‌ മധ്യവയസ്‌ക്കരിലും വയസ്സായവരിലും മാനസികമായി നല്ല ഫലങ്ങളുണ്ടാക്കാന്‍ കഴിയുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌-കാലിഫോര്‍ണിയ സര്‍വകലാശാലയ്‌ക്കു കീഴില്‍ 'സെമില്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ ന്യൂറോസയന്‍സസ്‌ ആന്‍ഡ്‌ ഹ്യുമണ്‍ ബിഹേവിയറി'ലെ പ്രൊഫസറായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

55 മുതല്‍ 76 വയസ്സ്‌ വരെ പ്രായമുള്ള 24 പേരെയാണ്‌ ഗവേഷകര്‍ പഠനവിധേയമാക്കിയത്‌. അവരില്‍ പകുതിപ്പേര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ പരിചയമുള്ളവരും ബാക്കിയുള്ളവര്‍ ഈ മേഖലയുമായി അധികം ബന്ധപ്പെടാത്തവരും ആയിരുന്നു. ഇരുകൂട്ടരും വായനയിലും ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങിലും ഏര്‍പ്പെടുമ്പോള്‍, അവരുടെ മസ്‌തിഷ്‌ക്കത്തിലുണ്ടാകുന്ന സൂക്ഷ്‌മമാറ്റങ്ങള്‍ എങ്ങനെ എന്ന്‌ മനസിലാക്കി, അവ തമ്മില്‍ താരതമ്യം ചെയ്‌തായിരുന്നു പഠനം. ഇതിനായി 'ഫങ്‌ഷണല്‍ മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ (fMRI) സ്‌കാന്‍' എന്ന സങ്കേതത്തിന്റെ സഹായം തേടി.

പഠനത്തില്‍ പങ്കെടുത്ത ഓരോ വോളണ്ടിയറും വായിക്കുക, സെര്‍ച്ചിങ്‌ നടത്തുക എന്നീ രണ്ട്‌ പ്രവര്‍ത്തികള്‍ ചെയ്യുന്ന വേളയില്‍ മസ്‌തിഷ്‌ക്ക സ്‌കാനിങ്ങിന്‌ വിധേയരായി. ഭാഷ മനസിലാക്കല്‍, വായന, ഓര്‍മ, ദൃശ്യബോധം എന്നിവയുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക്കഭാഗങ്ങളുടെ പ്രവര്‍ത്തനം രണ്ടു പ്രവര്‍ത്തികളിലും വര്‍ധിച്ചു. എന്നാല്‍, ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ പരിചയമുള്ളവരില്‍ സെര്‍ച്ചിങ്‌ വേളയില്‍ മസ്‌തിഷ്‌ക്കത്തിലെ മറ്റ്‌ ചില ഭാഗങ്ങള്‍ക്കൂടി പ്രവര്‍ത്തന നിരതമാകുന്നതായി തെളിഞ്ഞു. തീരുമാനങ്ങള്‍ കൈക്കൊള്ളല്‍, അനുമാനങ്ങളുണ്ടാക്കല്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക്കഭാഗങ്ങളാണ്‌ ഇന്റര്‍നെറ്റ്‌ ഉപയോഗവേളയില്‍ പ്രവര്‍ത്തനനിരതമായത്‌.

`വായനയുടെ വേളയില്‍ സംഭവിക്കുന്നതിനെക്കാള്‍ വ്യാപകമായ സിരാശൃംഗലാ പ്രവര്‍ത്തനം സെര്‍ച്ചിങ്‌ സമയത്ത്‌ മസ്‌തിഷ്‌ക്കത്തിലുണ്ടാകുന്നു എന്നതാണ്‌, ഞങ്ങള്‍ നടത്തിയ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍`-ഡോ. സ്‌മാള്‍ അറിയിക്കുന്നു. എന്നാല്‍, ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചു പരിചയമുള്ളവരിലേ ഇത്‌ സംഭവിക്കുന്നുള്ളു. സെര്‍ച്ചിങ്‌ വേളയില്‍ ഇന്റര്‍നെറ്റ്‌ പരിചയമുള്ളവരുടെ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനം, മറ്റുള്ളവരെ അപേക്ഷിച്ച്‌ രണ്ടു മടങ്ങ്‌ വര്‍ധിക്കുന്നതായാണ്‌ കണ്ടത്‌. fMRI സ്‌കാനില്‍ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനത്തിന്റെ യൂണിറ്റ്‌ 'വോക്‌സല്‍' (voxel) എന്നാണ്‌ കണക്കാക്കാറ്‌. ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ പരിചയമുള്ളവരില്‍, സെര്‍ച്ചിങ്‌ വേളിയില്‍ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനം ശരാശരി 21,782 വോക്‌സല്‍ ആയി ഉയര്‍ന്നു. അതേ സമയം ഇന്റര്‍നെറ്റ്‌ പരിചയമില്ലാത്തവരില്‍ അത്‌ ശരാശരി 8,646 മാത്രമായിരുന്നു.

വായനയെ അപേക്ഷിച്ച്‌, തിരഞ്ഞെടുക്കലിന്‌ ഏറെ അവസരമൊരുക്കുന്ന പ്രവര്‍ത്തിയാണ്‌ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങ്‌. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ എവിടെ ക്ലിക്ക്‌ ചെയ്യണം തുടങ്ങിയ തന്ത്രങ്ങള്‍ സെര്‍ച്ചിങ്‌ വേളയില്‍ ആവശ്യമായി വരുന്നു. അതാണ്‌ മസ്‌തിഷ്‌ക്കത്തിന്‌ ഉന്‍മേഷം നല്‍കുന്നതെന്ന്‌ ഗവേഷകര്‍ കരുതുന്നു. `വെബ്‌സെര്‍ച്ചിങ്‌ പോലെ ലളിതമായ പ്രവര്‍ത്തനം ദിവസവും നടത്തിയാല്‍ പ്രായമുള്ളവരുടെ മസ്‌തിഷ്‌ക്കത്തിലെ സിരാശൃംഗലാപ്രവര്‍ത്തനം മെച്ചപ്പെടുമെന്ന കാര്യം വ്യക്തമാക്കുന്നത്‌, ഏത്‌ പ്രായത്തിലും പഠനം തുടരാന്‍ പാകത്തിലുള്ളതാണ്‌ നമ്മുടെ മസ്‌തിഷ്‌ക്കം എന്നാണ്‌`-പ്രൊഫ. സ്‌മാള്‍ പറയുന്നു. സെര്‍ച്ചിങിന്‌ ആവശ്യമായ തന്ത്രങ്ങള്‍ വശമില്ലാത്തതാകാം, ഇന്റര്‍നെറ്റ്‌ പരിചയമില്ലാത്തവരുടെ മസ്‌തിഷ്‌ക്കത്തില്‍ സെര്‍ച്ചിങ്‌ കാര്യമായ ഫലം ഉണ്ടാക്കാത്തതിന്‌ കാരണമെന്ന്‌ ഡോ.സ്‌മാള്‍ അറിയിച്ചു.
(അവലംബം: കാലിഫോര്‍ണിയ സര്‍വകലാശാല, ലോസ്‌ ആഞ്‌ജലീസിന്റെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി).

Friday, October 17, 2008

35 വര്‍ഷത്തിന്‌ ശേഷം 'സ്‌പര്‍ശനശേഷി' വീണ്ടും

ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ 35 വര്‍ഷം മുമ്പ്‌ കൈ നഷ്ടമായ വ്യക്തിക്ക്‌, കൈമാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി നാലുമാസത്തിന്‌ ശേഷം ഭാഗികമായി സ്‌പര്‍ശനശേഷി തിരികെ കിട്ടി.

കൈകളുടെ സംവേദനക്ഷമത സാധ്യമാക്കുന്ന മസ്‌തിഷ്‌കഭാഗത്ത്‌, സ്‌പര്‍ശനശേഷിയെ സൂചിപ്പിക്കുന്ന സിഗ്നലുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തി. അവയവത്തോടൊപ്പം ഇന്ദ്രിയശേഷി നഷ്ടമായാലും അത്‌ വീണ്ടും ആര്‍ജിക്കാന്‍ മസ്‌തിഷ്‌കത്തിന്‌ കഴിയുമെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നതായി, 'കറണ്ട്‌ ബയോളജി'യുടെ ഒക്ടോബര്‍ ലക്കത്തിലെ റിപ്പോര്‍ട്ട്‌ പറയുന്നു.

പത്തൊന്‍പതാം വയസ്സില്‍ കൈ നഷ്ടമായ വ്യക്തിക്കാണ്‌, ഓറിഗണ്‍ സര്‍വകലാശാലയിലെ പ്രസിദ്ധ ന്യൂറോസര്‍ജനായ ഡോ. വാറന്‍ ബ്രീഡെന്‍ബാക്‌ പുതിയ കൈ വെച്ചുപിടിപ്പിച്ചത്‌. 35 വര്‍ഷം കൈയില്ലാതെ ജീവിച്ച അയാളുടെ തലച്ചോറില്‍, ശസ്‌ത്രക്രിയയ്‌ക്കു മുമ്പ്‌ കൈയുടെ സംവേദനക്ഷമത സൂചിപ്പിക്കുന്ന സിഗ്നലുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, കൈ മാറ്റിവെച്ച്‌ നാലുമാസം കഴിഞ്ഞപ്പോള്‍ മസ്‌തിഷ്‌ക്കത്തില്‍ 'സ്‌പര്‍ശനശേഷി'യെ സൂചിപ്പിക്കുന്ന സുപ്രധാന സൂചനകള്‍ പ്രത്യക്ഷപ്പെട്ടതായി സ്‌കാനിങില്‍ വ്യക്തമായി. കൈ മാറ്റിവെയ്‌ക്കലില്‍ മാത്രമല്ല, മറ്റ്‌ അവയവങ്ങള്‍ മാറ്റിവെയ്‌ക്കേണ്ട കേസുകളിലും ഗുണകരമായേക്കാവുന്ന പുതിയ സാധ്യതയാണിത്‌.

കൈയിലെ മുഖ്യ സിരകളെയും എല്ലുകളെയും പേശീഭാഗങ്ങളെയുമൊക്കെ പരസ്‌പരം ബന്ധിപ്പിച്ചാണ്‌ 54-കാരനായ രോഗിയുടെ നഷ്ടപ്പെട്ട കൈയ്‌ക്കു പകരം പുതിയത്‌ വെച്ചുപിടിപ്പിച്ചത്‌. വെച്ചുപിടിപ്പിച്ച കൈയ്‌ക്ക്‌്‌ സംവേദനശേഷി ലഭിക്കാനായി ഉത്തേജിപ്പിക്കുമ്പോള്‍, തലച്ചോറില്‍ അത്‌ എന്തുമാറ്റമാണ്‌ വരുന്നതെന്നറിയാന്‍ 'ഫംഗ്‌ഷണല്‍ മാഗ്നെറ്റിക്‌ റെസൊണ്‍സ്‌ ഇമേജിങ്‌' (എഫ്‌.എം.ആര്‍.ഐ) സങ്കേതം ഗവേഷകര്‍ ഉപയോഗിച്ചു. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ നാലുമാസം കൊണ്ടുതന്നെ രോഗിയുടെ കൈപ്പത്തിയില്‍ പെരുവിരലിന്‌ താഴെയുള്ള പേശീഭാഗങ്ങള്‍ക്ക്‌ ചെറിയ തോതില്‍ സ്‌പര്‍ശനാനുഭവം ലഭിച്ചു തുടങ്ങി. മസ്‌തിഷ്‌ക്കത്തില്‍ അതിനനുസരിച്ചുള്ള സിഗ്നലുകളും പ്രത്യക്ഷപ്പെട്ടു.

സാധാരണഗതിയില്‍ ഒരാള്‍ക്ക്‌ കൈ നഷ്ടമായാല്‍, ആ അവയവം വഴിയുള്ള ഇന്ദ്രിയാനുഭവം സാധ്യമാക്കുന്ന മസ്‌തിഷ്‌ക്കഭാഗത്ത്‌ ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടും-ഗവേഷണ പ്രബന്ധത്തിന്റെ മുഖ്യരചയിതാവും 'റോബര്‍ട്ട്‌ ആന്‍ഡ്‌ ബിവെര്‍ലി ലെവിസ്‌ ഫോര്‍ ന്യൂറോഇമേജിങി'ലെ പ്രൊഫസറുമായ സ്‌കോട്ട്‌ ഫ്രേ അറിയിക്കുന്നു. എന്നാല്‍, ഒരു പ്രത്യേക അവയവത്തില്‍ നിന്നുള്ള സിഗ്നലുകളെ ഇന്ദ്രിയശേഷിയാക്കി മാറ്റുന്ന മസ്‌തിഷ്‌ക്കഭാഗത്തിന്‌ 35 വര്‍ഷത്തിന്‌ ശേഷവും പഴയ കഴിവ്‌ തിരികെ ലഭിക്കാം എന്നാണ്‌ പുതിയ പഠനം സൂചിപ്പിക്കുന്നത്‌. സിരാസംബന്ധിയായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും അവയവംമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ക്കുമാണ്‌ മസ്‌തിഷ്‌ക്കത്തിന്റെ ഈ ഗുണം ഏറെ പ്രയോജനം ചെയ്യുക. ഇത്തരക്കാര്‍ക്ക്‌ നല്‍കിവരുന്ന പുനരധിവാസ ചികിത്സകള്‍ക്ക്‌ ഇത്‌ വലിയ മുതല്‍ക്കൂട്ടായേക്കും-അദ്ദേഹം പറയുന്നു.

ജോലിസ്ഥലത്ത്‌ യന്ത്രത്തില്‍ കുടുങ്ങി കൈ നഷ്ടമായ രോഗി 35 വര്‍ഷമായി കൃത്രിമകൈയുടെ സഹായത്തോടെ ജോലി ചെയ്യുകയായിരുന്നു. 2006 ഡിസംബറിലാണ്‌ അയാള്‍ക്ക്‌ ഡോ. ബ്രീഡെന്‍ബാക്‌ കൈമാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. കൈ നഷ്ടമായാല്‍ മണിക്കൂറുകള്‍ക്കകം മസ്‌തിഷ്‌കത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ്‌ മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. കൈയില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സിരാകോശങ്ങള്‍ മറ്റ്‌ 'ഉത്തരവാദിത്വങ്ങള്‍' ഏറ്റെടുക്കുന്നു. പിന്നീടെപ്പോഴെങ്കിലും കൈയില്‍ നിന്നുള്ള സിഗ്നലുകള്‍ വീണ്ടുമുണ്ടായാല്‍ അത്‌ സ്വീകരിക്കാന്‍ മസ്‌തിഷ്‌ക്കം തയ്യാറാകുമോ എന്നത്‌ ചോദ്യത്തിനാണ്‌ ഭാഗികമായെങ്കിലും ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്‌. (അവലംബം: കറണ്ട്‌ ബയോളജി, ഓറിഗണ്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി)

Wednesday, October 15, 2008

നോബല്‍ സമ്മാനം 2008 - രസതന്ത്രം

ശാസ്‌ത്രവിപ്ലവം സൃഷ്ടിച്ച 'പച്ചവെളിച്ചം'
പതിനേഴാം നൂറ്റാണ്ടില്‍ ആന്റണ്‍ വാന്‍ ലീയുവെന്‍ഹോക്ക്‌ നടത്തിയ സൂക്ഷ്‌മദര്‍ശനിയുടെ കണ്ടെത്തല്‍ അതുവരെ അജ്ഞാതമായിരുന്ന ഒരു ലോകമാണ്‌ ശാസ്‌ത്രത്തിന്‌ മുന്നിലെത്തിച്ചത്‌. ബാക്ടീരിയകളും ബീജകോശങ്ങളും രക്തകോശങ്ങളും നേരിട്ടു കാണമെന്ന സ്ഥിതിയായി. ഇതിന്‌ സമാനമായ മറ്റൊരു കണ്ടെത്തലാണ്‌ 'ഹരിത ഫ്‌ളൂറസെന്റ്‌ പ്രോട്ടീന്‍' അഥവാ 'ജി.എഫ്‌.പി' (green fluorescent protein-GFP) യുടേത്‌. ഇത്രകാലവും അസാധ്യമായിരുന്ന കാഴ്‌ചകളാണ്‌, ജി.എഫ്‌.പി.യുടെ 'പച്ചവെളിച്ചം' ശാസ്‌ത്രത്തിന്‌ കാട്ടിക്കൊടുത്തത്‌. കോശങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ നേരിട്ട്‌ നിരീക്ഷിക്കാന്‍ ജി.എഫ്‌.പി.അവസരമൊരുക്കി. മസ്‌തിഷ്‌ക്കത്തില്‍ സിരാകോശങ്ങള്‍ എങ്ങനെ വികസിക്കുന്നുവെന്നും അര്‍ബുദകോശങ്ങള്‍ എത്തരത്തില്‍ പരിസരങ്ങളിലേക്ക്‌ വ്യാപിക്കുന്നുവെന്നുമൊക്കെ അത്‌ കാണിച്ചു തന്നു. ആധുനിക വൈദ്യശാസ്‌ത്ര, ജീവശാസ്‌ത്ര ഗവേഷണങ്ങള്‍ക്ക്‌ ഏറെ കരുത്തു പകര്‍ന്ന ഒന്നായി മാറി ആ തിളങ്ങുന്ന പ്രോട്ടീന്‍. മൈക്രോസ്‌കോപ്പ്‌ പോലെ വൈദ്യശാസ്‌ത്രത്തിന്റെ പക്കല്‍ ശക്തമായ മറ്റൊരു ഉപകരണമായി മാറിയ ആ പ്രോട്ടീനാണ്‌ 2008 ല്‍ രസതന്ത്രനോബലിലെ താരം. 'ജി.എഫ്‌.പി.യുടെ കണ്ടെത്തലിനും വികാസത്തിനും' ജപ്പാന്‍ ഗവേഷകനായ ഒസാമു ഷിമോമുറ (80), അമേരിക്കന്‍ ഗവേഷകരായ മാര്‍ട്ടിന്‍ കാല്‍ഫീ (61), റോജര്‍ ടിസീന്‍ (56) എന്നിവര്‍ക്ക്‌ ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നോബര്‍ പുരസ്‌കാരം നല്‍കുന്നതായി 'റോയല്‍ സ്വീഡീഷ്‌ അക്കാദമി ഓഫ്‌ സയന്‍സസ്‌' അതിന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞു.

കോടിക്കണക്കിന്‌ കോശങ്ങളുണ്ട്‌ നമ്മുടെ ശരീരത്തില്‍. മില്ലീമീറ്ററിന്റെ നൂറില്‍ രണ്ടുഭാഗം മാത്രം വലിപ്പമുള്ളതാണ്‌ ഓരോ കോശവും. കോശത്തിന്റെ നിര്‍മാണശിലകളായ പ്രോട്ടീനുകള്‍, ഫാറ്റി ആസിഡുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, തുടങ്ങി ഒട്ടേറെ ഘടകങ്ങളെ നേരിട്ടു നിരീക്ഷിക്കുകയെന്നത്‌ സാധാരണ മൈക്രോസ്‌കോപ്പിന്റെ സാധ്യതയ്‌ക്ക്‌ അപ്പുറമുള്ള കാര്യമാണ്‌. കോശങ്ങള്‍ക്കുള്ളില്‍ നടക്കുന്ന സൂക്ഷ്‌മ രാസപ്രക്രിയകള്‍ മനസിലാക്കുകയെന്നതും ദുഷ്‌ക്കരമായ സംഗതിയാണ്‌. എങ്കിലും ഇത്തരം പ്രക്രിയകള്‍ മനസിലാക്കിയേ തീരൂ. ഗവേഷകര്‍ ചെയ്യേണ്ടിവരുന്നത്‌ ഇത്തരം സൂക്ഷ്‌മസങ്കീര്‍ണതകള്‍ മനസിലാക്കിയെടുക്കുക എന്നതാണ്‌. കോശങ്ങള്‍ പുതിയ രക്തധമനികള്‍ക്ക്‌ തുടക്കമിടുന്നത്‌ എങ്ങനെ എന്ന കാര്യം ഗ്രഹിക്കുന്നത്‌ പരിഗണിക്കുക. ആ അറിവുപയോഗിച്ച്‌ ചിലപ്പോള്‍ അര്‍ബുദ ട്യൂമറുകളുടെ വളര്‍ച്ച തടയാന്‍ സാധിക്കും. ട്യൂമറുകള്‍ക്ക്‌ പ്രാണവായുവും പോഷകങ്ങളും ലഭിക്കുന്നത്‌ തടയാന്‍ പുതിയ രക്തധമനികളുടെ വളര്‍ച്ച ചെറുത്താല്‍ മതിയല്ലോ. ആവശ്യമുള്ള ഏതെങ്കിലും പ്രോട്ടീനുമായി ജി.എഫ്‌.പി.യെ ഘടിപ്പിച്ചാല്‍ ഗവേഷകര്‍ക്ക്‌ ലഭിക്കുക സുപ്രധാനമായ വിവരങ്ങളായിരിക്കും. ഒരു പ്രത്യേക പ്രോട്ടീന്‍ കോശത്തിനുള്ളില്‍ ഉടലെടുക്കുന്നത്‌ മനസിലാക്കാനും, അതിന്റെ സഞ്ചാരഗതി പിന്തുടരാനുമൊക്കെ ഈ ഹരിത പ്രോട്ടീന്‍ സഹായിക്കുന്നു.

ജി.എഫ്‌.പി.-പതിറ്റാണ്ടുകളുടെ ചരിത്രം

അടിസ്ഥാന ഗവേഷണരംഗത്തെ ഒരു കണ്ടുപിടിത്തം എങ്ങനെ ഗവേഷണലോകത്ത്‌ വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ നിമിത്തമായേക്കാം എന്നാണ്‌ ജി.എഫ്‌.പി.യുടെ ഉദാഹരണം നമ്മോട്‌ പറയുന്നത്‌. ജൈവശാസ്‌ത്ര ഗവേഷണരംഗത്ത്‌ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ വിപ്ലവം തന്നെ സൃഷ്ടിച്ച ആ 'പച്ചവെളിച്ച'ത്തിന്റെ കഥ തുടങ്ങേണ്ടത്‌ ജപ്പാനില്‍ നിന്നാണ്‌; രണ്ടാംലോകമഹായുദ്ധം തകര്‍ത്തെറിഞ്ഞ ജപ്പാനില്‍ ഒസാമു ഷിമോമുറയെന്ന ഗവേഷകനില്‍ നിന്ന്‌. ഒട്ടേറെ ജാപ്പനീസ്‌ വിദ്യാര്‍ഥികളെപ്പോലെ, ഷിമോമുറയുടെ വിദ്യാഭ്യാസവും യുദ്ധവും ആറ്റംബോംബാക്രമണവും മൂലം തടസ്സപ്പെട്ടു. എങ്കിലും നാഗോയ സര്‍വകലാശാലയിലെ പ്രൊഫ. യാഷിമസ ഹിരാതയുടെ അസിസ്റ്റന്റായി ആ യുവാവിന്‌ 1955-ല്‍ ജോലി ലഭിച്ചു. 'സിപ്രിഡിന'യെന്ന പേരില്‍ അറിയപ്പെടുന്ന കല്ലുമ്മേല്‍കായയുടെ തകര്‍ന്ന തോട്‌ വെള്ളം നനയുമ്പോള്‍ എന്തുകൊണ്ട്‌ തിളക്കമുള്ളതായി മാറുന്നു എന്നു കണ്ടെത്താനുള്ള ജോലി പ്രൊഫ. ഹിരാത ആ യുവാവിന്‌ നല്‍കി. അനുഭവസമ്പത്തില്ലാത്ത അസിസ്റ്റന്റിന്‌ അത്തരമൊരു ചുമതല നല്‍കിയത്‌ വിചിത്രമായി തോന്നാം. ഒരു അമേരിക്കന്‍ സംഘം ഇക്കാര്യം കണ്ടെത്താന്‍ കുറെ നാളായി ശ്രമിച്ചു വരികയായിരുന്നു. അതിനാല്‍, അത്തരമൊരു പഠനം ഏതെങ്കിലും ഗവേഷണ വിദ്യാര്‍ഥിക്ക്‌ പി.എച്ച്‌.ഡി. എടുക്കാനുള്ള ഒന്നായി മാറുന്നതില്‍ പ്രൊഫ. ഹിരാതയ്‌ക്കു താത്‌പര്യമില്ലായിരുന്നു. അതാണ്‌ അസിസ്റ്റന്റിനെ ഏല്‍പ്പിക്കാന്‍ നിമിത്തമായത്‌.

കഠിനപ്രയത്‌നം വഴി 1956-ല്‍ ആ കല്ലുമ്മേല്‍കായയുടെ തോടില്‍ തിളക്കമുണ്ടാക്കുന്ന രാസവസ്‌തു വേര്‍തിരിച്ചെടുക്കുന്നതില്‍ ഷിമോമുറ വിജയിച്ചു. അതൊരു പ്രോട്ടീനായിരുന്നു. തകര്‍ന്ന തോടിനെക്കാള്‍ 37,000 മടങ്ങ്‌ തിളക്കമുള്ളതായിരുന്നു അത്‌. ഈ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്‌, അമേരിക്കയിലെ പ്രസിദ്ധമായ പ്രിന്‍സെറ്റന്‍ സര്‍വകലാശാല ഷിമോമുറയെ റിക്രൂട്ട്‌ ചെയ്‌തു. സര്‍വകലാശാലയില്‍ ഉന്നതസ്ഥാനത്തുണ്ടായിരുന്ന ഫ്രാന്‍ക്‌ ജോണ്‍സണ്‍ എന്ന ഗവേഷകനാണ്‌ അതിന്‌ മുന്‍കൈ എടുത്തത്‌. വിടപടയല്‍ വേളയില്‍ സമ്മാനമെന്ന നിലയ്‌ക്ക്‌ ഷിമോമുറയ്‌ക്ക്‌ നാഗോയ സര്‍വകലാശാല പി.എച്ച്‌.ഡി. നല്‍കി. എന്തിന്റെ കണ്ടുപിടിത്തം വെറും പി.എച്ച്‌.ഡി.ക്കുള്ള ഉപാധിയാകരുതെന്ന്‌ പ്രൊഫ. ഹിരാത കരുതിയോ അത്‌ സംഭവിച്ചു. ഗവേഷണ ബിരുദത്തിനായി യൂണിവേഴ്‌സിറ്റിയില്‍ ചേരാത്ത ഷിമോമുറയ്‌ക്ക്‌ അത്‌ നല്‍കിയെന്നതും കൗതുകകരമായി.

അമേരിക്കയിലെത്തിയ ഷിമോമുറ, തിളക്കമുള്ള മറ്റ്‌ ജൈവവസ്‌തുക്കളെപ്പറ്റി പഠനം ആരംഭിച്ചു. ഇത്തവണ അത്‌ 'അക്വോറിയ വിക്ടോറിയ'(Aequorea victoria)യെന്ന്‌ ശാസ്‌ത്രീയനാമമുള്ള ജെല്ലിഫിഷായിരുന്നു. വടക്കേയമേരിക്കയുടെ പടിഞ്ഞാറന്‍ തീരക്കടലിലാണ്‌, പച്ചവെളിച്ചത്തില്‍ തിളങ്ങുന്ന ആ ജീവി കാണപ്പെടുന്നത്‌. ജോണ്‍സണും ഷിമോമുറയുമായി ഗവേഷണത്തില്‍ സഹകരിച്ചു. 1961-ലെ വേനല്‍ക്കാലം മുഴുവന്‍ ഫ്രൈഡേ ഹാര്‍ബറില്‍ നിന്ന്‌ ജെല്ലിഫിഷുകളെ ശേഖരിച്ച്‌ അവയുടെ 'സത്ത'യെടുക്കുന്നതില്‍ ഇരുവരും മുഴുകി. ഷിമോമുറയുടെ പക്കല്‍നിന്ന്‌ ഒരു ദിവസം ആ സത്തയില്‍ അല്‍പ്പം, കടല്‍വെള്ളമുണ്ടായിരുന്ന പാത്രത്തില്‍ വീണു. പെട്ടന്ന്‌ അത്‌ ശക്തമായി തിളങ്ങാന്‍ തുടങ്ങി. കടല്‍വെള്ളത്തിലുള്ള കാല്‍സ്യം അയോണുകളുമായി നടന്ന രാസപ്രവര്‍ത്തനമാണ്‌ തിളക്കത്തിന്‌ കാരണമെന്ന്‌ അദ്ദേഹം മനസിലാക്കി. പക്ഷേ, ജെല്ലിഫിഷുകളില്‍ കാണപ്പെടുന്ന പച്ചനിറത്തിലുള്ള തിളക്കമായിരുന്നില്ല, നീല നിറമുള്ളതായിരുന്നു അത്‌. ഏതാണ്ട്‌ പതിനായിരം ജെല്ലിഫിഷില്‍ നിന്നെടുത്ത സത്തയുമായി ഇരുവരും തിരികെ പ്രിന്‍സെറ്റനിലെത്തി. മാസങ്ങള്‍കൊണ്ട്‌ ആ സത്ത സംശുദ്ധീകരിച്ചപ്പോള്‍ നീലനിറത്തില്‍ തിളങ്ങുന്ന ഏതാനും മില്ലിഗ്രം രാസവസ്‌തുവാണ്‌ ലഭിച്ചത്‌. 'അക്വോറിന്‍' എന്ന്‌ അതിന്‌ പേരും നല്‍കി.
സൂര്യപ്രകാശത്തില്‍ നേരിയ പച്ചനിറത്തിലും, ബള്‍ബില്‍ നിന്നുള്ള വെട്ടത്തില്‍ മഞ്ഞയായും, ആള്‍ട്രാവയലറ്റ്‌ പ്രകാശത്തില്‍ ഫ്‌ളൂറസെന്റ്‌ പച്ചയിലും തിളങ്ങുന്ന പ്രോട്ടീന്‍ കണ്ടെത്തിയ കാര്യവും അത്‌ വേര്‍തിരിച്ചെടുത്ത പ്രക്രിയയും, ഷിമോമുറയും ജോണ്‍സണും ചേര്‍ന്ന്‌ 1962-ല്‍ പ്രസിദ്ധീകരിച്ചു. 'ഹരിത പ്രോട്ടീന്‍' എന്ന്‌ ആദ്യം പേര്‌ നല്‍കപ്പെട്ട അത്‌ പിന്നീട്‌ 'ഹരിത ഫ്‌ളൂറസെന്റ്‌ പ്രോട്ടീന്‍'(ജി.എഫ്‌.പി) എന്നറിയപ്പെടാന്‍ തുടങ്ങി. ആള്‍ട്രോവയലറ്റ്‌ കിരണങ്ങള്‍ പതിക്കുമ്പോള്‍ ആ പ്രോട്ടീന്‍ എന്തുകൊണ്ട്‌ കൂടുതല്‍ ശക്തിയായി തിളങ്ങുന്നു എന്നറിയാനായി 1970-കളില്‍ ഷിമോമുറയുടെ ശ്രമം. ജി.എസ്‌.പി.യില്‍ ഒരു പ്രത്യേക 'ക്രോമോഫോര്‍' ഉള്ളതായി അദ്ദേഹം തെളിയിച്ചു. പ്രകാശോര്‍ജം ആഗിരണം ചെയ്യുന്നത്‌ അതാണ്‌. ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ പതിക്കുമ്പോള്‍, ഊര്‍ജം ആഗിരണം ചെയ്‌ത്‌ അവ ഉത്തേജിപ്പിക്കപ്പെടുന്നു. അത്തരത്തില്‍ ഉത്തേജിപ്പിക്കപ്പെട്ട ഊര്‍ജം പുറത്തുവരുന്നത്‌ പച്ച തരംഗദൈര്‍ഘ്യത്തിലാണ്‌. ജെല്ലിഫിഷില്‍ ജി.എഫ്‌.പി.യുടെ ക്രോമോഫോര്‍ അക്വോറിനില്‍ നിന്നുള്ള നീലവെളിച്ചം പച്ചയായി പരിവര്‍ത്തനം ചെയ്യും. അതാണ്‌ ജെല്ലിഫിഷും അക്വോറിനും വ്യത്യസ്‌ത നിറങ്ങളില്‍ തിളങ്ങാന്‍ കാരണം. ജീവലോകത്തുള്ള മറ്റ്‌ തിളങ്ങുന്ന രാസവസ്‌തുക്കളെ അപേക്ഷിച്ച്‌ ജി.എഫ്‌.പി.ക്കുള്ള സവിശേഷത, തിളക്കമുണ്ടാകാന്‍ അതിന്‌ മറ്റൊന്നിന്റെയും സഹായം ആവശ്യമില്ല എന്നതാണ്‌. ഷിമോമുറ ഇപ്പോള്‍ മേരിക്കയില്‍ വുഡ്‌സ്‌ ഹോളിലുള്ള മറൈന്‍ ബയോളജിക്കല്‍ ലബോറട്ടറിയിലെയും അമേരിക്കയിലെ തന്നെ ബോസ്‌റ്റണ്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെയും എമിറൈറ്റ്‌സ്‌ പ്രൊഫസറാണ്‌.

രണ്ടാംഭാഗത്തിന്റെ തുടക്കം

ജി.എസ്‌.പി.യുടെ കഥ എഴുപതുകളില്‍ ഷിമോമുറയുടെ പഠനങ്ങളോടെ അവസാനിച്ചില്ല. യഥാര്‍ഥത്തില്‍ അതൊരു തുടക്കമായിരുന്നു. ജൈവലോകത്തെ സ്വയംതിളക്കമുള്ള അംഗങ്ങളെപ്പറ്റി 1988-ല്‍ കൊളംബിയ സര്‍വകലാശാലയില്‍ ഒരു സെമിനാര്‍ നടന്നു. 1982 മുതല്‍ അതേ സര്‍വകലാശാലയില്‍ പ്രൊഫസറായ മാര്‍ട്ടിന്‍ കാല്‍ഫീയും സെമിനാറില്‍ പങ്കെടുത്തു. പച്ചനിറത്തില്‍ തിളങ്ങുന്ന ഒരു പ്രോട്ടീനിനെക്കുറിച്ച്‌ സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട വസ്‌തുതകള്‍, കാല്‍ഫീയില്‍ കൗതുകവും ആകാംക്ഷയുമുയര്‍ത്തി. തന്റെ പഠനവസ്‌തുവായ ചെറുവിരയുടെ (സി. ഇലഗന്‍സ്‌) കോശങ്ങള്‍ മാപ്പുചെയ്യാന്‍ ഹരിത ഫ്‌ളൂറസെന്റ്‌ പ്രോട്ടീന്‍, ശക്തമായ ഒരുപകരണം ആയിരിക്കുമെന്ന്‌ അദ്ദേഹത്തിന്‌ തോന്നി. അതുപയോഗിച്ച്‌ വിരയുടെ കോശങ്ങളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും സാധിക്കുമെന്ന്‌ അദ്ദേഹം ഊഹിച്ചു.

ഈ ആശയങ്ങള്‍ പരീക്ഷിക്കാന്‍, ആദ്യം ആ ജെല്ലിഫിഷിന്റെ ജിനോമില്‍ ജി.എഫ്‌.പി.ക്കു കാരണമാകുന്ന ജീന്‍ എവിടെയാണെന്ന്‌ കണ്ടെത്തണമായിരുന്നു. ഇതേ ലക്ഷ്യത്തോടെ മസാച്യൂസെറ്റ്‌സില്‍ വുഡ്‌സ്‌ ഹോള്‍ ഓഷ്യാനോഗ്രാഫിക്‌ ഇന്‍സ്റ്റിട്ട്യൂഷനിലെ ഗവേഷകനായ ഡഗ്ലസ്‌ പ്രാഷര്‍ ഗവേഷണം ആരംഭിച്ചിട്ടുള്ളതായി അന്വേഷണത്തില്‍ വിവരം ലഭിച്ചു. പ്രാഷറെ ബന്ധപ്പെട്ട്‌, ജീനിനെ കണ്ടെത്തിയാല്‍ അറിയിക്കണം എന്ന്‌ കാല്‍ഫീ അഭ്യര്‍ഥിച്ചു. ഏതാനും വര്‍ഷം കഴിഞ്ഞ്‌ പ്രാഷര്‍ ശരിയായ ജി.എഫ്‌.പി. ജീന്‍ കാല്‍ഫീക്ക്‌ അയച്ചുകൊടുത്തു. ഇ.കോളി ബാക്ടീരിയയുടെ സഹായത്തോടെ, ആ ജീനില്‍നിന്ന്‌ ജി.എസ്‌.പി. ഉത്‌പാദിപ്പിക്കാന്‍ ഗവേഷണവിദ്യാര്‍ഥിയായ ഘിയ യൂസ്‌കിര്‍ച്ചെന്‌ കാല്‍ഫീ നിര്‍ദേശം നല്‍കി. ഒരു മാസം കൊണ്ട്‌ അവള്‍ അതില്‍ വിജയിച്ചു.

ജി.എഫ്‌.പി.അടങ്ങിയ ബാക്ടീരിയകള്‍ പച്ചനിറത്തില്‍ തിളങ്ങുന്നത്‌ മൈക്രോസ്‌കോപ്പിലൂടെ അവര്‍ കണ്ടു. ഇന്നത്തെ ജി.എഫ്‌.പി. വിപ്ലവത്തിന്റെ യഥാര്‍ഥ തുടക്കം അവിടെയായിരുന്നു. മാത്രമല്ല, ജി.എഫ്‌.പി.യുടെ തിളക്കത്തിന്‌ പിന്നില്‍ മറ്റ്‌ ചില പ്രോട്ടീനുകളുടെ സഹായംകൂടി വേണമെന്ന ധാരണയും ഈ കണ്ടെത്തല്‍ തിരുത്തിക്കുറിച്ചു. വേറൊരു പ്രോട്ടീനിന്റെ സഹായമില്ലാതെയാണ്‌ അത്‌ തിളങ്ങുന്നതെന്ന്‌ വ്യക്തമായി. അടുത്തതായി സി. ഇലഗന്‍സ്‌ വിരയുടെ ഏതാനും സിരാകോശത്തില്‍ ജി.എഫ്‌.പി. സന്നിവേശിപ്പിക്കുന്നതില്‍ കാല്‍ഫീ വിജയിച്ചു. 1994 ഫിബ്രവരിയില്‍ 'സയന്‍സ്‌' ഗവേഷണവാരിക ആ ഗവേഷണത്തിന്റെ ഫലം പ്രസിദ്ധപ്പെടുത്തി. കടുംപച്ചനിറത്തില്‍ തിളങ്ങുന്ന സിരാകോശങ്ങളോടുകൂടിയ സി. ഇലഗന്‍സ്‌ വിരയുടെ ചിത്രമായിരുന്നു വാരികയുടെ മുഖചിത്രം.

മഴവില്ലിന്റെ വര്‍ണം മസ്‌തിഷ്‌ക്കത്തില്‍
കടുംപച്ചനിറം മാത്രമല്ല, മറ്റ്‌ വര്‍ണങ്ങളിലും തിളങ്ങാന്‍ പാകത്തില്‍ ജി.എഫ്‌.പി.യെ പരുവപ്പെടുത്താമെന്ന കണ്ടെത്തലായിരുന്നു അടുത്ത മുന്നേറ്റം. 1989 മുതല്‍ അമേരിക്കയിലെ സാന്‍ ഡിയാഗോയില്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ പ്രൊഫസറായ റോജര്‍ ടിസീന്‍ ആണ്‌ ആ മുന്നേറ്റത്തിന്‌ പിന്നില്‍. മറ്റ്‌ നിറങ്ങളില്‍ തിളങ്ങുക മാത്രമല്ല, ഏറെനേരം കൂടുതല്‍ ശക്തിയായി തിളങ്ങാന്‍ പാകത്തില്‍ ജി.എഫ്‌.പി.യെ മാറ്റാനുള്ള ജനിതകസങ്കേതമാണ്‌ ടിസീനിന്റെ സംഭാവന.

20 വ്യത്യസ്‌തയിനം അമിനോആസിഡുകളാണ്‌ ശരീരത്തിലെ പ്രോട്ടീനുകളെ സൃഷ്ടിക്കുന്നത്‌. വിത്യസ്‌ത രൂപത്തിലും ചേരുവയിലും അമിനോആസിഡ്‌ ശൃംഗലകള്‍ ചേര്‍ന്ന്‌ വിവിധ പ്രോട്ടീനുകള്‍ ആകുന്നു. ജി.എഫ്‌.പി.യുടെ കാര്യവും മറ്റൊന്നല്ല. 238 അമിനോആസിഡുകള്‍ ചേര്‍ന്നാണ്‌ ആ ഹരിത പ്രോട്ടീന്‍ രൂപപ്പെടുന്നത്‌. അവയില്‍ തിളക്കത്തിന്‌ കാരണമായ ക്രോമോഫോര്‍ രാസപരമായി രൂപപ്പെടുന്നത്‌ എങ്ങനെ എന്നറിയാനുള്ള പഠനമാണ്‌ ടിസീന്‍ ആദ്യം നടത്തിയത്‌. ജി.എഫ്‌.പി.യില്‍ 65-67 സ്ഥാനങ്ങളിലെ മൂന്ന്‌ അമിനോ ആസിഡുകള്‍ പരസ്‌പരം പ്രവര്‍ത്തിച്ചാണ്‌ ക്രോമോഫോര്‍ രൂപപ്പെടുന്നതെന്ന്‌ മുമ്പു തന്നെ സൂചനയുണ്ടായിരുന്നു. ഓക്‌സിജന്റെ സഹായത്തോടെ, വേറൊരു പ്രോട്ടീനിന്റെയും പിന്തുണയില്ലാതെ, നടക്കുന്ന ഈ രാസപ്രവര്‍ത്തനം വിശദീകരിക്കുന്നതില്‍ ടിസീന്‍ വിജയിച്ചു.

ഡി.എന്‍.എ. സങ്കേതത്തിന്റെ സഹായത്തോടെ, വ്യത്യസ്‌ത അമിനോആസിഡുകളെ ജി.എഫ്‌.പി.യുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷ്‌ഠിക്കുന്നതിനായി ടിസീനിന്റെ പിന്നീടുള്ള ശ്രമം. അങ്ങനെ പ്രകാശവര്‍ണരാജിയിലെ മറ്റ്‌ ഭാഗങ്ങളും ആഗിരണം ചെയ്‌ത്‌ വിവിധ വര്‍ണങ്ങളില്‍ തിളങ്ങാന്‍ ജി.എഫ്‌.പി.ക്ക്‌ കഴിയുമെന്ന സ്ഥിതിയായി. സിയാന്‍, നീല, മഞ്ഞ നിറങ്ങളില്‍ കൂടുതല്‍ ശക്തിയായി തിളങ്ങാന്‍ കഴിയുന്ന ജി.എഫ്‌.പി.വകഭേദങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ടിസീന്‍ വിജയം വരിച്ചു. വ്യത്യസ്‌ത പ്രോട്ടീനുകളെ വ്യത്യസ്‌ത നിറങ്ങളില്‍ മാര്‍ക്കു ചെയ്‌ത്‌ അവയുടെ പ്രവര്‍ത്തനവും ഇടപഴകലും പഠിക്കാന്‍ ഇത്‌ അവസരമൊരുക്കി. എലിയുടെ തലച്ചോറിലെ വിവിധയിനം സിരാകോശങ്ങള്‍ക്ക്‌ വ്യത്യസ്‌ത വര്‍ണം നല്‍കി, മഴവില്ലിന്റെ വര്‍ണങ്ങളെല്ലാം മസ്‌തിഷ്‌ക്കത്തില്‍ രൂപപ്പെടുത്താമെന്ന്‌ ഗവേഷകര്‍ തെളിയിച്ചു.

അനന്തസാധ്യതകള്‍

വൈദ്യശാസ്‌ത്ര പഠനത്തിലോ ജൈവപ്രക്രിയകള്‍ മനസിലാക്കുന്നതിലോ മാത്രം ഒതുങ്ങുന്നില്ല ജി.എഫ്‌.പി.യുടെ സാധ്യതകള്‍. പരിസ്ഥിതി സംരക്ഷണത്തിനും ഭീകരാക്രമണം തടയാനും വരെ ഇന്ന്‌ ജി.എഫ്‌.പി.യുടെ വകഭേദങ്ങള്‍ സഹായത്തിനെത്തുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍, പ്രത്യേകിച്ചും ബംഗ്ലാദേശ്‌ പോലുള്ള രാജ്യങ്ങളില്‍, വലിയൊരു പരിസ്ഥിതി പ്രശ്‌നമാണ്‌ കിണര്‍ വെള്ളത്തിലെ ആഴ്‌സെനിക്‌ സാന്നിധ്യം. ആയിരങ്ങള്‍ കിണര്‍വെള്ളം കുടിച്ച്‌ വിഷബാധയ്‌ക്ക്‌ ഇരയാകുന്നു. വെള്ളത്തില്‍ ആഴ്‌സെനിക്‌ സാന്നിധ്യം അറിയാന്‍ ഇന്ന്‌ ഗവേഷകര്‍ ആശ്രയിക്കുന്നത്‌ ജനിതകമാറ്റം വരുത്തി ജി.എഫ്‌.പി.സന്നിവേശിപ്പിച്ച ബാക്ടീരിയത്തെയാണ്‌. ആഴ്‌സെനിക്കിന്റെ സാന്നിധ്യത്തില്‍ ബാക്ടീരിയ പച്ചനിറത്തില്‍ തിളങ്ങാന്‍ തുടങ്ങും. ടി.എന്‍.ടി. പോലുള്ള സ്‌ഫോടനകവസ്‌തുക്കളുടെയും, സിങ്ക്‌, കാഡ്‌മിയം മുതലായ ഖനലോഹങ്ങളുടെയും സാന്നിധ്യത്തില്‍ പച്ചനിറത്തില്‍ തിളങ്ങുന്ന സൂക്ഷ്‌മജീവികളെ ഇത്തരത്തില്‍ വികസിപ്പിക്കുന്നതിലും ഗവേഷകര്‍ വിജയിച്ചിട്ടുണ്ട്‌.

ഇതൊക്കെയാണെങ്കിലും, ജി.എഫ്‌.പി.യെ സംബന്ധിച്ച ഒരു നിഗൂഢത ഇനിയും ചുരുളഴിയാനുണ്ട്‌. 'അക്വോറിയ വിക്ടോറിയ'യെന്ന ജെല്ലിഫിഷ്‌ എന്തിന്‌ തിളങ്ങുന്നു എന്നകാര്യമാണ്‌ ഗവേഷകര്‍ക്ക്‌ പിടികിട്ടാത്ത വസ്‌തുത. പല ജീവികളും തിളങ്ങുന്ന ജീനുകള്‍ ഉപയോഗിക്കുന്നത്‌ ശത്രുക്കളെ അകറ്റാനും, ഇരകളെയും ഇണകളെയും ആകര്‍ഷിക്കാനുമൊക്കെയാണ്‌. പക്ഷേ, ജെല്ലിഫിഷിന്‌ ഇതിന്റെ ആവശ്യമെന്ത്‌ ? ഇനിയും ഉത്തരമില്ല.
(അവലംബം: റോയല്‍ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയന്‍സസിന്റെ വാര്‍ത്താക്കുറിപ്പ്‌, നോബല്‍ വെബ്‌സൈറ്റ്‌).

കാണുക: നോബല്‍ സമ്മാനം 2007 - രസതന്ത്രം

Tuesday, October 07, 2008

നോബല്‍ സമ്മാനം 2008 - ഭൗതികശാസ്‌ത്രം

കണികാഭൗതികത്തിന്റെ അകപ്പൊരുള്‍ തേടിയവര്‍ക്ക്‌ ബഹുമതി
2008 പോലെ കണികാഭൗതികം ഇത്രമാത്രം ബഹുജനശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു വര്‍ഷം മനുഷ്യചരിത്രത്തിലുണ്ടായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണം ജനീവയില്‍ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ്‌, പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന ഈ ശാസ്‌ത്രശാഖ ഇത്രയേറെ ശ്രദ്ധേയമായത്‌. ഭൗതീകശാസ്‌്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന റോയല്‍ സ്വീഡിഷ്‌ അക്കാഡമി ഓഫ്‌ സയന്‍സും ഈ പൊതുവികാരത്തില്‍നിന്ന്‌ വിട്ടുനിന്നില്ല എന്നാണ്‌, 2008-ലെ നോബല്‍ പ്രഖ്യാപനം തെളിയിക്കുന്നത്‌. കണികാഭൗതീകത്തിന്റെ (quantum physics) അകപ്പൊരുള്‍ തേടിയ മൂന്ന്‌ ജപ്പാന്‍ വംശജര്‍ക്കാണ്‌ ഇത്തവണ പുരസ്‌കാരം. അതില്‍ ഒരാള്‍ അമേരിക്കന്‍ പൗരനും രണ്ടുപേര്‍ ജാപ്പനീസ്‌ ശാസ്‌ത്രജ്ഞരുമാണ്‌്‌.

'ഉപആറ്റോമിക കണങ്ങള്‍ക്കിടയിലെ സ്വാഭാവിക വിഘടിത സമമിതി (spontaneous broken symmetry) യുമായി ബന്ധപ്പെട്ട കണ്ടുപിടിത്ത'ത്തിന്‌, അമേരിക്കയില്‍ ഷിക്കാഗോ സര്‍വകലാശാലയ്‌ക്കു കീഴിലെ 'എന്‍ട്രിക്കോ ഫെര്‍മി ഇന്‍സ്റ്റിട്ട്യൂട്ടി'ലെ ഗവേഷകന്‍ യോയിച്ചിറോ നാമ്പു (87) വിന്‌ 14 ലക്ഷം ഡോളര്‍ (6.58കോടി രൂപ) വരുന്ന സമ്മാനത്തുകയില്‍ പകുതി ലഭിക്കും. ദ്രവ്യത്തിന്റെ മൗലിക ഘടകമായ 'ക്വാര്‍ക്കുകള്‍ മൂന്നുതലമുറയുണ്ടെന്ന്‌ പ്രവചിക്കുന്ന, വിഘടിത സമമിതിയുടെ പ്രവചനം നടത്തിയ' ജപ്പാന്‍ ഗവേഷകര്‍ മകോട്ടോ കൊബായാഷി (64), തോഷിഹിഡെ മസ്‌കാവ (68) എന്നിവര്‍ സമ്മാനത്തുകയുടെ ബാക്കി പകുതി പങ്കിടും. ജപ്പാനില്‍ ടിസുകുബയില്‍ ഹൈ എനര്‍ജി ആക്‌സിലറേറ്റര്‍ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനിലെ ഗവേഷകനാണ്‌ കൊബായാഷി. ക്യോട്ടോ സര്‍വകലാശാലയ്‌ക്ക്‌ കീഴില്‍ യുക്കാവ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സിലെ ശാസ്‌ത്രജ്ഞനാണ്‌ മസ്‌കാവ.

വിഘടിത സമമിതി
സമമിതി (symmetry ) യെന്നത്‌ ഭൗതികലോകത്തിന്റെ അനുപേക്ഷണീയമായ പ്രത്യേകതയാണ്‌. പക്ഷേ, ലോകം കുറ്റമറ്റ സമമിതിയല്ല പ്രകടമാകുന്നത്‌. പ്രപഞ്ചാരംഭത്തില്‍ തന്നെ സമമിതി എങ്ങനെയോ വിഘടിച്ചു പോയിരിക്കുന്നു. അത്തരമൊരു സമമിതിത്തകര്‍ച്ച സംഭവിക്കാതിരുന്നെങ്കില്‍ ദ്രവ്യവും പ്രതിദ്രവ്യവും തുല്യ അളവില്‍ പ്രത്യക്ഷപ്പെടുകയും, അവ പരസ്‌പരം നിഗ്രഹിച്ച്‌ ഒന്നുമില്ലാത്ത അവസ്ഥ പ്രപഞ്ചത്തില്‍ സംജാതമാകുകയും ചെയ്യുമായിരുന്നു. പ്രപഞ്ചം ഇന്നത്തെ നിലയ്‌ക്ക്‌ ദ്രവ്യത്താല്‍ നിര്‍മിതമായ ഒന്നായി കാണപ്പെടുന്നതിന്റെ കാരണം ആ സമമിതിത്തകര്‍ച്ചയാണ്‌. നമ്മളെല്ലാം വിഘടിത സമമിതിയുടെ സന്താനങ്ങളാണ്‌ എന്നു സാരം.

പ്രപഞ്ചം ആരംഭിച്ചത്‌ കുറ്റമറ്റ സമമിതിയിലായിരുന്നെങ്കിലും പിന്നീടതിന്‌ നിലതെറ്റി. പ്രതിദ്രവ്യത്തെ കടത്തിവെട്ടി ദ്രവ്യത്തിനിവിടെ വാഴാന്‍ അവസരം ലഭിച്ചു. ആയിരംകോടി വീതം ദ്രവ്യകണങ്ങളിലും പ്രതിദ്രവ്യകണങ്ങളിലും ഒരു ദ്രവ്യകണം അധികമുണ്ടായാല്‍ മതി നമ്മുടെ ലോകത്തിന്‌ നിലനില്‍ക്കാന്‍. ആ അധികദ്രവ്യമാണ്‌ ദൃശ്യപ്രപഞ്ചത്തിന്റെയാകെ ഉള്ളടക്കം. ഗാലക്‌സികളും ഗ്രഹങ്ങളും എന്തിന്‌ ജീവന്‍ പോലും ആ അധികദ്രവ്യത്തിന്റെ അനുഗ്രഹമാണ്‌. എന്നുവെച്ചാല്‍ വിഘടിത സമമിതിയുടെ അനുഗ്രഹം. എന്നാല്‍, ഈ സമമിതി അതിലംഘനത്തിന്റെ യഥാര്‍ഥ കാരണം ഇന്നും ഗവേഷണ വിഷയമാണ്‌. ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണത്തിലൊരെണ്ണം, ഇക്കാര്യം പഠിക്കാന്‍ വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്‌തിട്ടുള്ളതാണ്‌.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലാണ്‌ സമമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗവേഷണ വിഷയമാകുന്നത്‌. പ്രപഞ്ചത്തിലെ എല്ലാ ബലങ്ങളെയും ദ്രവ്യത്തെയും ബന്ധിപ്പിച്ച്‌ ഒരു ഏകീകൃത സിദ്ധാന്തം രൂപപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ സമമിതി സംബന്ധിച്ച പഠനങ്ങളും ശക്തിപ്രാപിച്ചത്‌. സ്വാഭാവിക വിഘടിത സമമിതിയെ സംബന്ധിച്ച തന്റെ ഗണിത സമീകരണത്തിന്‌ യോയിച്ചിറോ നാമ്പു 1960-ല്‍ രൂപംനല്‍കി. പ്രപഞ്ചത്തിന്റെ മൗലികഘടനയും ബലങ്ങളും ഭാഗികമായി വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ പില്‍ക്കാലത്ത്‌ രൂപപ്പെടുത്താന്‍, നാമ്പുവിന്റെ സിദ്ധാന്തങ്ങള്‍ ഏറെ പ്രയോജനപ്പെട്ടു. നാമ്പു പ്രവചിച്ച സ്വാഭാവിക സമമിതിത്തകര്‍ച്ച 1964-ല്‍ നടന്ന കണികാപരീക്ഷണങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്‌ അത്ഭുതത്തോടെയാണ്‌ ശാസ്‌ത്രലോകം വീക്ഷിച്ചത്‌.

നാമ്പുവിന്റെ ഗവേഷണത്തില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു, കൊബായാഷിയും മസ്‌കാവയും മുന്നോട്ടുവെച്ച സമമിതിത്തകര്‍ച്ച. 1972-ല്‍ കൊബായാഷിയും മസ്‌കാവയും പ്രവചിച്ച കാര്യം പൂര്‍ണമായി സ്ഥിരീകരിക്കപ്പെടുന്നത്‌ അടുത്തയിടെയാണ്‌. സമമിതിത്തകര്‍ച്ചയെ സ്റ്റാന്‍ഡേര്‍ഡ്‌ മോഡലിനുള്ളില്‍ നിന്നുകൊണ്ടാണ്‌ ഇരുവരും വിശദീകരിച്ചത്‌. പക്ഷേ, ആ വിശദീകരണം ശരിയാകണമെങ്കില്‍ മൂന്നു കുടുംബങ്ങളില്‍ പെട്ട ക്വോര്‍ക്കുകള്‍ വേണം. മൂന്നു കുടുംബങ്ങളിലായി ആറു വ്യത്യസ്‌ത ക്വോര്‍ക്കുകള്‍ ഉള്ള കാര്യം ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. മാത്രമല്ല, അമേരിക്കയില്‍ സ്റ്റാന്‍ഫഡിലുള്ള 'ബാബാര്‍' കണികാസംവേദകവും (particle detector), ജപ്പാനിലുള്ള 'ബെല്ലെ' കണികാസംവേദകവും ഉപയോഗിച്ച്‌ 2001-ല്‍ നടത്തിയ വെവ്വേറെ പരീക്ഷണങ്ങളില്‍, മൂന്നു പതിറ്റാണ്ട്‌ മുമ്പ്‌ കൊബായാഷിയും മസ്‌കാവയും പ്രവചിച്ച കാര്യം ശരിയാണെന്നു തെളിഞ്ഞു. (അവലംബം: റോയല്‍ സ്വീഡിഷ്‌ അക്കാദമി ഓഫ്‌ സയന്‍സസിന്റെ വാര്‍ത്താക്കുറിപ്പ്‌)

കാണുക: നോബല്‍ സമ്മാനം 2007 - ഭൗതികശാസ്‌ത്രം

നോബല്‍ സമ്മാനം 2008 - വൈദ്യശാസ്‌ത്രം

വൈറസുകളെ തിരിച്ചറിഞ്ഞവര്‍ക്ക്‌ ബഹുമതി
വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ഇത്തവണ എയ്‌ഡ്‌സ്‌ വൈറസ്‌ തിരിച്ചറിഞ്ഞവര്‍ക്ക്‌ ലഭിക്കാനാണ്‌ സാധ്യതയെന്ന്‌ പലരും പ്രവചിച്ചിരുന്നു. സാധാരണഗതിയില്‍ നോബല്‍ പ്രഖ്യാപനത്തിന്‌ മുമ്പുള്ള ഇത്തരം പ്രവചനങ്ങള്‍ വെറും പ്രവചനങ്ങളായി ഒടുങ്ങുകയാണ്‌ പതിവ്‌. ഈ വര്‍ഷം പക്ഷേ, പ്രവചനം ഫലിച്ചിരിക്കുന്നു. എയ്‌ഡ്‌സിന്‌ കാരണമായ ഹ്യുമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസി(എച്ച്‌.ഐ.വി) നെ കണ്ടെത്തിയ രണ്ട്‌ ഫ്രഞ്ച്‌ ഗവേഷകരും, ഗര്‍ഭാശയ അര്‍ബുദവും ഹ്യുമണ്‍ പാപ്പിലോമ വൈറസും (എച്ച്‌.പി.വി) തമ്മിലുള്ള ബന്ധം മനസിലാക്കിയ ജര്‍മന്‍ ഗവേഷകനുമാണ്‌ 2008-ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്‌. എച്ച്‌.ഐ.വി. തിരിച്ചറിഞ്ഞ ഫ്രോന്‍കോയിസ്‌ ബാരി സിനൗസ്സി(61)യും ലൂക്‌ മോന്റഗ്നീറും(76) 14 ലക്ഷം ഡോളര്‍ (6.58കോടി രൂപ) വരുന്ന സമ്മാനത്തുകയില്‍ പകുതി പങ്കിടും. ബാക്കി പകുതി പാപ്പിലോമ വൈറസിനെക്കുറിച്ചു പഠിച്ച ഹരാള്‍ഡ്‌ സുര്‍ ഹോസെ(72) ന്‌ ലഭിക്കുമെന്ന്‌ കരോലിന്‍സ്‌ക ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌ പറയുന്നു.

പത്തുവര്‍ഷം നീണ്ട ശ്രമം
ജര്‍മന്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിന്റെ മുന്‍മേധാവിയായ ഹരാള്‍ഡ്‌ ഹോസെ, 1970-കളിലാണ്‌, പാപ്പിലോമ വൈറസും അര്‍ബുദവും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ ശ്രമം തുടങ്ങുന്നത്‌. നിലവിലുള്ള ധാരണകള്‍ക്ക്‌ വിരുദ്ധമായ നീക്കമായിരുന്നു അദ്ദേഹത്തിന്റേത്‌. പത്തുവര്‍ഷം നീണ്ട ശ്രമകരമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ എച്ച്‌.പി.വി.യും ഗര്‍ഭാശയ അര്‍ബുദവും തമ്മിലുള്ള ബന്ധം അദ്ദേഹം സ്ഥാപിച്ചെടുത്തു. അര്‍ബുദചികിത്സയില്‍ വന്‍മുന്നേറ്റം സൃഷ്ടിക്കാന്‍ പോന്ന ഗവേഷണമായിരുന്നു അത്‌. ഗര്‍ഭാശയ അര്‍ബുദത്തിനെതിരെ ഫലപ്രദമായ വാക്‌സിനുകള്‍ രൂപപ്പെടുത്താനും, ആരംഭത്തില്‍ തന്നെ തിരിച്ചറിയുക വഴി രോഗം മാരകമാകാതെ ചെറുക്കാനുമൊക്കെ ഹോസെയുടെ കണ്ടുപിടിത്തം സഹായിച്ചു.

ലോകത്താകെയുണ്ടാകുന്ന അര്‍ബുദബാധയില്‍ അഞ്ചു ശതമാനവും പാപ്പിലോമ വൈറസ്‌ബാധ കൊണ്ടാണ്‌ സംഭവിക്കുന്നത്‌. ഗര്‍ഭാശയ അര്‍ബുദം സ്ഥിരീകരിച്ച 99.7 ശതമാനം സ്‌ത്രീകളിലും ഈ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ലൈംഗീകബന്ധത്തിലൂടെ ഏറ്റവുമധികം പകരുന്ന രോഗാണുവാണ്‌ എച്ച്‌്‌.പി.വി. വൈവിധ്യമാര്‍ന്ന ഒരു കുടുംബത്തില്‍ പെട്ട വൈറസാണിത്‌. നൂറിലേറെയിനം പാപ്പിലോമ വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അവയില്‍ 40 ഇനങ്ങള്‍ മൂത്രനാളിയിലും ഗൂഹ്യഭാഗങ്ങളിലുമാണ്‌ ബാധിക്കുന്നത്‌. 15 ഇനം പാപ്പിലോമ വൈറസുകളാണ്‌ ഗര്‍ഭാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ലോകത്താകെ പ്രതിവര്‍ഷം അഞ്ചുലക്ഷം സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭാശയ അര്‍ബുദം ബാധിക്കുന്നുണ്ട്‌. സ്‌ത്രീകളെ ബാധിക്കുന്ന അര്‍ബുദത്തില്‍ രണ്ടാം സ്ഥാനമാണ്‌ 'നിശബ്ദകൊലയാളി'യെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ രോഗത്തിനുള്ളത്‌.

എച്ച്‌.ഐ.വി.യുടെ കണ്ടെത്തല്‍

കാലിഫോര്‍ണിയായിലും ന്യൂയോര്‍ക്കിലും സ്വവര്‍ഗപ്രേമികളായ യുവാക്കളെ ഒരുതരം അപരിചിതരോഗം ബാധിച്ചതായി 1981-ലാണ്‌ കണ്ടെത്തുന്നത്‌. എയ്‌ഡ്‌സ്‌ എന്നു പേരിട്ട ആ രോഗം ഭൂമുഖത്ത്‌ ഇതുവരെ 250 ലക്ഷം പേരുടെ ജീവനപഹരിച്ചു എന്നാണ്‌ കണക്ക്‌. നിലവില്‍ 330 ലക്ഷംപേര്‍ എച്ച്‌.ഐ.വി.ബാധിച്ചവരായുണ്ട്‌. ഇനിയും വൈദ്യശാസ്‌ത്രത്തിന്‌ കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഈ മാരകരോഗം ഇതിലും എത്രോയോ കൂടുതല്‍ പേരെ കൊന്നൊടുക്കുമായിരുന്നു; രോഗകാരിയായ വൈറസിനെ തിരിച്ചറിയാതിരുന്നെങ്കില്‍. മനുഷ്യന്റെ പ്രതിരോധ സംവിധാനം തകര്‍ത്ത്‌ രോഗിയെ തീര്‍ത്തും നിരാലംബമാക്കുന്ന രോഗമാണിത്‌. രോഗകാരിയായ എച്ച്‌.ഐ.വി.യെ തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടാണ്‌, ഫലപ്രദമായ രോഗനിര്‍ണയ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കാനും വൈറസ്‌ പ്രതിരോധ ഔഷധങ്ങള്‍ രൂപപ്പെടുത്താനും കഴിഞ്ഞത്‌. രോഗം പകരുന്നത്‌ തടയാനും, വൈറസ്‌ ബാധിച്ചവര്‍ക്ക്‌ വര്‍ഷങ്ങളോളം സാധാരണ ജീവിതം നയിക്കാമെന്ന സ്ഥിതിയുണ്ടായതും ഇതുകൊണ്ടാണ്‌.

1981-ല്‍ എയ്‌ഡ്‌സ്‌ കണ്ടെത്തിയ ഉടന്‍ തന്നെ, ലോകമെങ്ങുമുള്ള ഗവേഷകര്‍ അതിന്‌ കാരണമായ രോഗാണുവിനെ തിരിച്ചറിയാന്‍ ശ്രമമാരംഭിച്ചു. അതില്‍ വിജയിച്ചത്‌ ബാരി സിനൗസ്സിയും മോന്റഗ്നീറുമായിരുന്നു. പാരീസിലെ പാസ്റ്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന റെഗുലേഷന്‍ ഓഫ്‌ റിട്രോവൈറല്‍ ഇന്‍ഫെക്ഷിയസ്‌ യൂണിറ്റിന്റെ മേധാവിയാണ്‌ പ്രൊഫ. ബാരി സിനൗസ്സി. പാസ്റ്റര്‍ ഇന്‍സ്റ്റ്‌ട്ട്യൂട്ടില്‍ നിന്ന്‌ തന്നെ ഗവേഷണ ബിരുദം നേടിയ ശാസ്‌ത്രജ്ഞയാണ്‌ അവര്‍. പാരീസിലെ വേള്‍ഡ്‌ ഫൗണ്ടേഷന്‍ ഓഫ്‌ എയ്‌ഡ്‌സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ പ്രിവന്‍ഷന്റെ മേധാവിയാണ്‌ പ്രൊഫ. മോന്റഗ്നീര്‍. എയ്‌ഡ്‌സിന്റെ പ്രാരംഭഘട്ടത്തില്‍ രോഗിയുടെ ലസികാഗ്രന്ഥിയിലാണ്‌ എച്ച്‌.ഐ.വി. പെരുകി വര്‍ധിക്കുന്നതെന്ന്‌ ഗവേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ബാരി സിനൗസ്സിയും മോന്റഗ്നീറും തിരിച്ചറിഞ്ഞു. മറ്റ്‌ ചില റിട്രോവൈറസുകളെപ്പോലെ രോഗിയുടെ ശരീരകോശങ്ങളില്‍ ക്രമാതീതമായി പെരുകുന്ന സ്വഭാവം എച്ച്‌.ഐ.വി.ക്ക്‌ ഇല്ലെന്നും ഗവേഷണത്തില്‍ വ്യക്തമായി. പ്രതിരോധകോശങ്ങളായ ടി ലിംഫോസൈറ്റുകളിലാണ്‌ എയ്‌ഡ്‌സ്‌ വൈറസ്‌ പെരുകുന്നത്‌. അതാണ്‌ ശരീരപ്രതിരോധം നശിക്കാന്‍ ഒരു കാരണമെന്നവര്‍ മനസിലാക്കി. 1984-ഓടെ വൈറസിനെ വ്യക്തമായി തിരിച്ചറിയാന്‍ ഇരുവര്‍ക്കും സാധിച്ചു.

വൈറസിന്റെ ഘടനയും സ്വഭാവവും മനസിലായതോടെ, എയ്‌ഡ്‌സിനെതിരെ ഔഷധങ്ങള്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലോകമെങ്ങും സജീവമായി. ഒട്ടേറെ വൈറസ്‌ പ്രതിരോധ ഔഷധങ്ങള്‍ രംഗത്തുവന്നു. ഒപ്പം വൈറസ്‌ ബാധ തിരിച്ചറിയാനുള്ള ടെസ്‌റ്റുകള്‍ നിലവില്‍ വരാനും വൈറസിന്റെ കണ്ടുപിടിത്തം കാരണമായി. വൈറസ്‌ വ്യാപിക്കുന്നത്‌ പരിമിതപ്പെടുത്താന്‍ സഹായിച്ചത്‌ ഇതാണ്‌. എച്ച്‌.ഐ.വി.യുടെ കണ്ടെത്തല്‍, വൈറസിനെ ക്ലോണ്‍ ചെയ്‌ത്‌ പഠനം നടത്താനും അവസരമൊരുക്കി. വൈറസിന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ അതുവഴി ലഭിച്ചു.

വൈറസ്‌ പഠനത്തിന്റെ നോബല്‍ വഴികള്‍

വൈറസുകളെ പഠനവിധേയമാക്കിയവര്‍ക്ക്‌ ആദ്യമായല്ല വൈദ്യശാസ്‌ത്ര നോബല്‍ ലഭിക്കുന്നത്‌. 1966-ല്‍ അമേരിക്കന്‍ ഗവേഷകനായ പെയ്‌റ്റണ്‍ റൗസിന്‌ ബഹുമതി ലഭിച്ചത്‌, അര്‍ബുദ ട്യൂമറുകളും വൈറസുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിനായിരുന്നു. പ്രോസ്‌റ്റേറ്റ്‌ അര്‍ബുദത്തിന്‌ ഹോര്‍മോണ്‍ ചികിത്സ കണ്ടെത്തിയതിന്‌ ചാള്‍സ്‌ ബ്രന്റണ്‍ ഹഗ്ഗിന്‍സ്‌, അന്ന്‌ റൗസിനൊപ്പം പുരസ്‌കാരം പങ്കിട്ടു.

വൈറസുകള്‍ പെരുകുന്നതിന്റെ രഹസ്യവും അവയുടെ ജനിതകഘടനയും സംബന്ധിച്ച കണ്ടുപിടിത്തങ്ങള്‍ക്കായിരുന്നു 1969-ലെ വൈദ്യശാസ്‌ത്ര നോബല്‍. മാക്‌സ്‌ ഡെല്‍ബ്രുക്‌, ആല്‍ഫ്രെഡ്‌ ഡി. ഹെര്‍ഷെ, സാര്‍വദോര്‍ ഇ. ലൂറിയ എന്നിവരാണ്‌ അത്തവണ ബഹുമതി പങ്കിട്ടത്‌. ട്യൂമര്‍ വൈറസുകളും കോശങ്ങളിലെ ജനിതകവസ്‌തുവും തമ്മിലുള്ള ഇടപഴകലിനെക്കുറിച്ച്‌ പുതിയ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന ഡേവിഡ്‌ ബാള്‍ട്ടിമോര്‍, റെനാറ്റോ ഡ്യുല്‍ബെക്കോ, ഹൊവാര്‍ഡ്‌ മാര്‍ട്ടിന്‍ ടെമിന്‍ എന്നിവര്‍ 1975-ലെ വൈദ്യശാസ്‌ത്ര നോബല്‍ പങ്കിട്ടു.

റിട്രോവൈറല്‍ ഓന്‍കോജീനുകളുടെ (വ്യതികരണം സംഭവിച്ച്‌ അര്‍ബുദത്തിന്‌ നിമിത്തമാകുന്ന ജീനുകളാണ്‌ ഓന്‍കോജീനുകള്‍) തന്മാത്രതലത്തിലെ ഉത്ഭവത്തെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങള്‍ക്കായിരുന്നു 1989-ലെ നോബല്‍ സമ്മാനം. മൈക്കല്‍ ബിഷപ്പും ഹരോള്‍ഡ്‌ ഇ. വര്‍മുസുമാണ്‌ പുരസ്‌കാരം പങ്കുവെച്ചത്‌. വൈറസ്‌ ബാധിത കോശങ്ങളെ ശരീരപ്രതിരോധ സംവിധാനം എങ്ങനെ തിരിച്ചറിയുന്നു എന്നത്‌ സംബന്ധിച്ച കണ്ടുപിടിത്തമാണ്‌ പീറ്റര്‍ സി. ഡോഹെര്‍ട്ടി, റോള്‍ഫ്‌ സിന്‍കെനാഗല്‍ എന്നിവരെ 1996-ലെ നോബലിന്‌ അര്‍ഹരാക്കിയത്‌.
(അവലംബം: കരോലിന്‍സ്‌ക ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, നോബല്‍ വെബ്‌സൈറ്റ്‌)

കാണുക: വൈദ്യശാസ്‌ത്ര നോബല്‍ സമ്മാനം -2007

Sunday, October 05, 2008

അമിതഭയം ഒഴിവാക്കാന്‍ സാധ്യത

ജൈവശാസ്‌ത്രപരമായി മനുഷ്യന്റെ പ്രാചീന മാനസികാവസ്ഥകളില്‍ ഒന്നാണ്‌ ഭയം. ഒരു പരിധി വരെ ഭയം ആവശ്യവുമാണ്‌. അപകടങ്ങളില്‍നിന്ന്‌ രക്ഷനേടാന്‍ ചിലപ്പോഴെങ്കിലും അതു തുണയാകുന്നു. എന്നാല്‍, ചിലരില്‍ അകാരണമായ ഭയം രോഗാവസ്ഥ തന്നെയാകാറുണ്ട്‌. ഭയം മൂലമുള്ള ഉത്‌ക്കണ്‌ഠകളും ആകുലതകളും അത്തരക്കാരില്‍ ജീവിതവിജയത്തെ കവര്‍ന്നെടുക്കുന്ന ശാപമായി മാറുന്നു. ഭീതിജനകമായ ഓര്‍മകളെ മസ്‌തിഷ്‌ക്കത്തില്‍ ആഴത്തില്‍ പതിച്ചുവെയ്‌ക്കുന്ന ഒരു പ്രോട്ടീനിന്റെ കണ്ടെത്തല്‍, ഇത്തരക്കാര്‍ക്ക്‌ ഭാവിയില്‍ തുണയായേക്കും. അമിതഭയം ഒഴിവാക്കാനും, അപകടങ്ങള്‍ക്ക്‌ ശേഷം മനസിനുണ്ടാകുന്ന അകാരണ ഉത്‌ക്കണ്‌ഠകള്‍ പരിമിതപ്പെടുത്താനും ഇമൊറി സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ സഹായിച്ചേക്കും.

പ്രാരംഭഘട്ടത്തില്‍ ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമാണെന്നു കണ്ടിട്ടുള്ള ബീറ്റാകറ്റേനിന്‍ എന്ന പ്രോട്ടീന്‍ആണ്‌, ഭീതിയുണര്‍ത്തുന്ന കാര്യങ്ങള്‍ മനസില്‍ റിക്കോര്‍ഡ്‌ ചെയ്‌ത്‌ സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതായി തെളിഞ്ഞതെന്ന്‌, 'നേച്ചര്‍ ന്യൂറോസയന്‍സി'ന്റെ ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ഓര്‍മ വര്‍ധിപ്പിക്കാനും കുറയ്‌ക്കാനും കഴിയുന്ന ഇടപെടലുകള്‍ക്കും ചികിത്സകള്‍ക്കും ബീറ്റാകറ്റേനിന്‍ ഭാവിയില്‍ അവസരമൊരുക്കുമെന്നാണ്‌ വിലയിരുത്തല്‍. ആ നിലയ്‌ക്ക്‌ അമിതഭയം ഒഴിവാക്കാന്‍ മാത്രമല്ല, സ്‌മൃതിനാശരോഗം (അള്‍ഷൈമേഴ്‌സ്‌ രോഗം), പ്രജ്ഞാനാശം (ഡിമെന്‍ഷ്യ) തുടങ്ങിയവയുടെ ചികിത്സയ്‌ക്കും ഈ പ്രോട്ടീന്‍ തുണയായിക്കൂടെന്നില്ല.

ഇമൊറി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ കെറി റെസ്സ്‌ലറും കിംബെര്‍ലി മഗുസ്‌ചാക്കും ചേര്‍ന്നാണ്‌ ബീറ്റാകറ്റേനിന്‍ പ്രോട്ടീന്‍ ഭീതിയുണര്‍ന്ന ഓര്‍മയില്‍ വഹിക്കുന്ന പങ്കിനെപ്പറ്റി എലികളില്‍ പഠനം നടത്തിയത്‌. മസ്‌തിഷ്‌കത്തില്‍ വൈകാരികമായ ഓര്‍മകളുടെ താവളം എന്നു കരുതുന്ന 'അമിഗ്‌ഡാല'(amygdala) കേന്ദ്രീകരിച്ചായിരുന്നു പഠനം. മാനസികരോഗ ചികിത്സിയില്‍ ഉപയോഗിക്കുന്ന ലിഥിയം(lithium) എന്ന ഔഷധത്തിന്റെ സഹായത്തോടെ മസ്‌തിഷ്‌കത്തില്‍ പ്രോട്ടീനിന്റെ അളവ്‌ സ്ഥിരപ്പെടുത്തിയും, ഒരു വൈറസ്‌ കുത്തിവെച്ച്‌ ബീറ്റാകറ്റേനിന്‌ നിദാനമാകുന്ന ജീനിനെ നീക്കം ചെയ്‌തുമായിരുന്നു ഗവേഷണം.

ഒരു പ്രത്യേക ശബ്ദം കേള്‍പ്പിച്ച ശേഷം എലികളെ ഷോക്കടിപ്പിച്ചായിരുന്ന പരീക്ഷണം. ക്രമേണ ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ എലികള്‍ ഭയപ്പെടുന്ന അവസ്ഥയെത്തി. ഒരു പ്രത്യേക വൈറസ്‌ കുത്തിവെച്ച്‌ ബീറ്റാകറ്റേനിന്‌ കാരണമായ ജീനിനെ സിരാകോശങ്ങളില്‍നിന്ന്‌ നീക്കംചെയ്‌തപ്പോള്‍, എലികള്‍ ഭയപ്പെടുന്നത്‌ പൂര്‍ണമായി ഒഴിവായില്ലെങ്കിലും അതിന്റെ തീവ്രത കുറഞ്ഞതായി മഗുസ്‌ചാക്ക്‌ അറിയിക്കുന്നു. അതേസമയം, ലിഥിയം ലവണമുപയോഗിച്ച്‌ ആ പ്രോട്ടീനിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിച്ചപ്പോള്‍ എലികള്‍ വല്ലാതെ ഭയപ്പെടാന്‍ ആരംഭിക്കുകയും ചെയ്‌തു.

അമിതഭീതി, ഉത്‌ക്കണ്‌ഠ, സ്‌മൃതിനാശം തുടങ്ങിയ പ്രശ്‌നങ്ങളെ നേരിടാന്‍ ബീറ്റാകറ്റേനിന്‍ ഒരു പ്രധാന ലക്ഷ്യമാണെന്ന്‌ ഈ ഗവേഷണം വ്യക്തമാക്കി. ഉദാഹരണത്തിന്‌ അപകടത്തില്‍ മുറിവേറ്റോ, ആഘാതം മൂലം മനസു തളര്‍ന്നോ കഴിയുന്നവരില്‍ നിന്ന്‌ അകാരണഭയവും ഉത്‌ക്കണ്‌ഠയും ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ രോഗശമനം വേഗത്തിലാകും. അത്തരം സമീപനത്തിന്‌ ഈ പഠനത്തില്‍ സാധ്യതയുണ്ട്‌. ലിഥയം ഒഴികെ ഈ പ്രോട്ടീനെ ലക്ഷ്യം വെയ്‌ക്കുന്ന ഔഷധങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. പുതിയ ഔഷധങ്ങള്‍ക്ക്‌ ഈ ഗവേഷണം പ്രേരണയായേക്കും. (അവലംബം: നേച്ചര്‍ ന്യൂറോസയന്‍സ്‌, ഇമൊറി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌:മാതൃഭൂമി).

കാണുക: സ്‌തനാര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ മാര്‍ഗം

Saturday, October 04, 2008

എയ്‌ഡ്‌സ്‌ വൈറസിന്‌ നൂറ്റാണ്ടിന്റെ ചരിത്രം

മൃഗങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന എയ്‌ഡ്‌സ്‌ വൈറസ്‌ എന്നാണ്‌, ജീവിവര്‍ഗങ്ങളുടെ അതിരുകള്‍ ഭേദിച്ച്‌ മനുഷ്യരിലേക്ക്‌ എത്തിയത്‌ ? തെക്കുകിഴക്കന്‍ കാമറൂണില്‍ വെച്ച്‌ 1930-കളില്‍ ചിമ്പാന്‍സികളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ എച്ച്‌.ഐ.വി.യെന്ന എയ്‌ഡ്‌സ്‌ വൈറസ്‌ എത്തിയെന്നാണ്‌ ഇതുവരെ കരുതിയിരുന്നത്‌. ആ ധാരണ പക്ഷേ, തിരുത്താന്‍ സമയമായെന് ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ഒരു നൂറ്റാണ്ട്‌ മുമ്പുതന്നെ വൈറസ്‌ മനുഷ്യരിലെത്തിയതായി അവര്‍ കണ്ടെത്തിയിരിക്കുന്നു.
എയ്‌ഡ്‌സിന്‌ കാരണമായ ഹ്യുമണ്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ്‌ (എച്ച്‌.ഐ.വി), 1884 നും 1924 നും ഇടയ്‌ക്കെപ്പോഴോ മൃഗങ്ങളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ എത്തിയെന്നാണ്‌ ഗവേഷകരെത്തിയിരിക്കുന്ന പുതിയ നിഗമനം. കോളനിവാഴ്‌ചക്കാലത്ത്‌ ബെല്‍ജിയന്‍ കോംഗോയിലെ ഡോക്ടര്‍മാര്‍ സൂക്ഷിച്ചു വെച്ചിരുന്ന കോശഭാഗങ്ങളുടെ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. കാലിഫോര്‍ണിയയിലും ന്യൂയോര്‍ക്കിലും സ്വവര്‍ഗപ്രേമികളായ യുവാക്കളെ ബാധിച്ചിരിക്കുന്ന അപരിചിത രോഗം 1981-ലാണ്‌ അമേരിക്കന്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌. എയ്‌ഡ്‌സ്‌ എന്നു പേരിട്ട ആ രോഗം ലോകത്ത്‌ ഇതുവരെ കുറഞ്ഞത്‌ 250 ലക്ഷം പേരുടെ മരണത്തിനിയാക്കി. നിലവില്‍ 330 ലക്ഷം പേര്‍ ഭൂമുഖത്ത്‌ എച്ച്‌.ഐ.വി.ബാധിതരാണ്‌.

വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും കീഴടങ്ങാന്‍ കൂട്ടാക്കാത്ത എച്ച്‌.ഐ.വി.യെപ്പറ്റി മനസിലാക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ വലിയൊരു മുന്നേറ്റമാണ്‌, അരിസോണ സര്‍വകലാശാലയിലെ പരിണാമശാസ്‌ത്രജ്ഞന്‍ മൈക്കല്‍ വൊറോബീയുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോള്‍ നടത്തിയിരിക്കുന്നത്‌. ആഫ്രിക്കയില്‍ എയ്‌ഡ്‌സ്‌ ഒരു മഹാമാരിയായി പടരുന്ന കാര്യം തിരിച്ചറിയുന്നതിനും വളരെ മുമ്പുതന്നെ എച്ച്‌.ഐ.വി-1 എന്ന വൈറസ്‌ വകഭേദത്തിന്റെ വൈവിധ്യവത്‌ക്കരണം പടിഞ്ഞാന്‍-മധ്യ ആഫ്രിക്കന്‍ മേഖലയില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു എന്നാണ്‌ പുതിയ പഠനം സൂചിപ്പിക്കുന്നതെന്ന്‌, 'നേച്ചര്‍' വാരിക പറയുന്നു.

വൈറസിന്റെ ഏറ്റവും പഴയ തെളിവ്‌ ലഭിച്ചിട്ടുള്ളത്‌ ഒരു പുരുഷന്റെ 1959-ലെ രക്തസാമ്പിളില്‍ നിന്നാണ്‌. ബെല്‍ജിയന്‍ കോകംഗോയില്‍ ജീവിച്ചിരുന്ന വ്യ്‌ക്തിയാണ്‌ അയാള്‍. ഇതേ പ്രദേശത്തു തന്നെ 1960-ല്‍ മരിച്ച ഒരു സ്‌ത്രീയുടെ കോശഭാഗങ്ങളുടെ ബയോസ്‌പി സാമ്പിള്‍ കിന്‍ഷാസ സര്‍വകലാശാലയില്‍ സൂക്ഷിച്ചു വെച്ചിരുന്നതില്‍ എയ്‌ഡ്‌സ്‌ വൈറസിന്റെ എം. വകഭേദത്തിന്റെ സാന്നിധ്യം അടുത്തയിടെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. 1959-ലെയും 1960-ലെയും വൈറസ്‌ സാമ്പിളുകളുടെ ജനിതകഘടന, സവിശേഷ രീതിയില്‍ താരതമ്യം ചെയ്യാന്‍ വൊറോബീയ്‌ക്കും സംഘത്തിനും ഇത്‌ അവസരമൊരുക്കി.

രണ്ട്‌ സാമ്പിളുകളിലും വൈറസ്‌ വകഭേദങ്ങള്‍ക്ക്‌ സംഭവിച്ച ജനിതകമാറ്റങ്ങളാണ്‌ താരതമ്യം ചെയ്യപ്പെട്ടത്‌. `വളരെ വേഗം വ്യതികരണത്തിന്‌ (mutation) വിധേയമാകുന്ന ഒന്നാണ്‌ എച്ച്‌.ഐ.വി.' ന്യൂ മെക്‌സിക്കോയില്‍ ലോസ്‌ അലമോസ്‌ ലബോറട്ടറിയിലെ ബെറ്റെ കോബര്‍ അറിയിക്കുന്നു. `ഓരോ വ്യതികരണവും അടുത്ത തലമുറയിലേക്ക്‌ സംക്രമിക്കപ്പെടുന്നു'-എച്ച്‌.ഐ.വി.വൈറസിനെ ജനിതക വിശകലനത്തിന്‌ വിധേയമാക്കിയിട്ടുള്ള അവര്‍ പറയുന്നു.

എച്ച്‌.ഐ.വി.യുടെ ജിനോമിലെ ഒരുശതമാനം വര്‍ഷംതോറും വ്യതികരണത്തിന്‌ വിധേയമാകുന്നു എന്നാണ്‌ കണക്ക്‌. ഈ വ്യതികരണങ്ങളുടെ തോത്‌ വിശകലനം ചെയ്യാന്‍ `മോളിക്യുലാര്‍ ക്ലോക്ക്‌` എന്ന അളവുകോലാണ്‌ ഗവേഷകര്‍ ഉപയോഗിക്കുന്നത്‌. ഇതുപയോഗിച്ച്‌ വ്യതികരണങ്ങളുടെ ചരിത്രത്തിലേക്ക്‌ ഊളിയിടാനും, മുന്‍വകഭേദത്തില്‍നിന്ന്‌ ഇപ്പോഴത്തെ വൈറസ്‌ വകഭേദം എന്ന്‌ ഉത്ഭവിച്ചു എന്നു കണക്കാക്കുകയും ചെയ്യാം.

സാധാരണഗതിയില്‍ ഒരു ജീവിക്ക്‌ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍കൊണ്ട്‌ സംഭവിക്കുന്ന പരിണാമ വ്യത്യാസങ്ങള്‍, വൈറസുകള്‍ക്ക്‌ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ സംഭവിക്കാം. എച്ച്‌.ഐ.വി.യുടെ കാര്യവും വ്യത്യസ്‌തമല്ല. 50 ലക്ഷം വര്‍ഷം പ്രായമുള്ള ഒരു ഫോസിലില്‍നിന്ന്‌ കിട്ടുന്ന വിവരങ്ങളാണ്‌, ഈ വൈറസിന്റെ 50 വര്‍ഷത്തെ പരിണാമ ചരിത്രം വെളിപ്പെടുത്തുക. എച്ച്‌.ഐ.വി.യുടെ ജനിതക വ്യതികരണ തോത്‌ സൂക്ഷ്‌മമായി താരതമ്യം ചെയ്‌തപ്പോള്‍, 1884 നും 1924 നും മധ്യേ എപ്പോഴോ ആണ്‌ മൃഗവകഭേദമായ സിമിയന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്‌ (SIV) എന്ന പൂര്‍വികന്‍ മനുഷ്യരിലേക്ക്‌ കടന്നതെന്ന്‌ വ്യക്തമായി.

കൊളോണിയല്‍ നഗരങ്ങളുടെ രൂപപ്പെടല്‍ നടന്ന കാലത്താണ്‌, വൈറസുകള്‍ മനുഷ്യരിലേക്കെത്തിയതും പടരാന്‍ തുടങ്ങിയതും എന്നകാര്യം ശ്രദ്ധേയമാണെന്ന്‌ ഗവേഷകര്‍ പറയുന്നു. വൈറസുകളുടെ അഥിതികളായി മനുഷ്യര്‍ മാറിയെന്നതു മാത്രമല്ല നഗരവത്‌ക്കരണത്തിന്റെ അര്‍ഥം - പഠനത്തില്‍ പങ്കാളിയാരുന്ന ഡോ. സ്‌റ്റീഫന്‍ വോളിന്‍സ്‌കി പറയുന്നു. വേശ്യവൃത്തി പോലെ വൈറസിന്‌ പകരാനുള്ള സാഹചര്യവും നഗരവത്‌ക്കരണത്തോടെ വര്‍ധിച്ചു- ഷിക്കാഗോയില്‍ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലിയലെ ഗവേഷകനായ അദ്ദേഹം അഭിപ്രായപ്പെടുന്നു.

വളരെ വേഗം പരിണമിച്ച്‌ ഇപ്പോഴത്തെ നിലയ്‌ക്ക്‌ എത്തി എന്നതുപോലെ തന്നെ, അധികം വൈകാതെ എച്ച്‌.ഐ.വി.യുടെ ഉന്‍മൂലനവും നടക്കുമെന്ന ശുഭാപ്‌തിവിശ്വാസിയാണ്‌ വൊറോബീ. `മനുഷ്യ സമൂഹത്തിലുണ്ടായ മാറ്റങ്ങളാകാം എച്ച്‌.ഐ.വി.യുടെ വ്യാപനത്തിനുള്ള വാതായനം തുറന്നത്‌. ഈ മഹാമാരിയുടെ വ്യാപനം വിപരീതദിശയില്‍ ആക്കാനുള്ള മാറ്റങ്ങള്‍ സമൂഹത്തിന്‌ വരുത്താന്‍ സാധിക്കുമെന്നാണ്‌ ഇക്കാര്യം ഓര്‍മിപ്പിക്കുന്നത്‌. എച്ച്‌.ഐ.വി.യുടെ ഏറ്റവും വലിയ ദൗര്‍ബല്യം, പകരാനുള്ള കഴിവ്‌ അതിന്‌ താരതമ്യേന കുറവാണ്‌ എന്നതാണ്‌. ആ ദൗര്‍ബല്യം തന്നെ മനുഷ്യന്‌ പ്രയോജനപ്പെടുത്താന്‍ കഴിയണം. കാര്യക്ഷമമായ പരിശോധനകള്‍ വഴിയും, രോഗപ്രതിരോധം മുഖേനയും, വൈറല്‍നാശ ഔഷധങ്ങളുടെ ഉപയോഗത്തിലൂടെയും വൈറസിനെ ഉന്മൂലനത്തിലേക്ക്‌ നയിക്കാനാകും`-വൊറോബീ വിശ്വസിക്കുന്നു. (അവലംബം: നേച്ചര്‍ ഗവേഷണവാരിക, അരിസോണ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌).

കാണുക: സ്വവര്‍ഗപ്രേമികളെ എച്ച്‌.ഐ.വി.വേട്ടയാടുന്നു