Sunday, March 04, 2007

പ്ലൂട്ടോവാഹനത്തിന്റെ വേഗം 14,000 കിലോമീറ്റര്‍ വര്‍ധിച്ചു


പ്ലൂട്ടോപര്യവേക്ഷണ വാഹനമായ 'ന്യൂ ഹെറൈസണ്‍സി'ന്റെ വേഗം കഴിഞ്ഞ ഫിബ്രവരി 28-ന്‌ മണിക്കൂറില്‍ 14,000 കിലോമീറ്റര്‍ വര്‍ധിച്ചു. 13 മാസം മുമ്പ്‌ വിക്ഷേപിച്ച 'നാസ'യുടെ ഈ വാഹനത്തിന്‌, വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ തള്ളല്‍ മൂലമാണ്‌ വേഗം വര്‍ധിച്ചത്‌.

ഇപ്പോള്‍ വാഹനത്തിന്‌ മണിക്കൂറില്‍ 84,000 കിലോമീറ്റര്‍ വേഗമുണ്ട്‌; സെക്കന്‍ഡില്‍ 23.3 കിലോമീറ്റര്‍! ഈ വേഗത്തില്‍ ഇനി എട്ടുവര്‍ഷം കൂടി സഞ്ചരിക്കണം ന്യൂ ഹെറൈസണ്‍സ്‌ പ്ലൂട്ടോയിലെത്താന്‍. 2015 ജൂലായില്‍ വാഹനം അവിടെയെത്തുമെന്നാണ്‌ കണക്കാക്കുന്നത്‌.

പ്ലൂട്ടോവാഹനം വ്യാഴത്തിന്‌ 23 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടിയാണ്‌ കടന്നു പോയത്‌. അടുത്ത ജൂണ്‍ വരെ അത്‌ വ്യാഴത്തെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കും. അതിനിടെ കുറഞ്ഞത്‌ 700 നിരീക്ഷണങ്ങള്‍ സാധ്യമാകുമെന്ന്‌, ന്യൂ ഹെറൈസണ്‍സ്‌ ദൗത്യമേധാവി ഡോ.അലന്‍ സ്‌റ്റേണ്‍ അറിയിക്കുന്നു. വ്യാഴത്തിന്‌ കണ്ടുപിടിക്കപ്പെടാത്ത ഉപഗ്രഹങ്ങള്‍ ഇനിയുമുണ്ടോ എന്നും ന്യൂ ഹെറൈസണ്‍സ്‌ പരിശോധിക്കും. 1995-ല്‍ 'ഗലീലിയോ' വാഹനം വ്യാഴത്തിനടുത്തെത്തിയ ശേഷം ആദ്യമായാണ്‌ സൗരയൂഥത്തിലെ ഏറ്റവും വലിയഗ്രഹം അടുത്തു നിരീക്ഷിക്കപ്പെടുന്നത്‌.

കുള്ളന്‍ഗ്രഹമായ പ്ലൂട്ടോയെയും അതു സ്ഥിതിചെയ്യുന്ന സൗരയൂഥഭാഗമായ 'കിയ്‌പ്പര്‍ ബെല്‍റ്റി'നെയും കുറിച്ചു പഠിക്കാന്‍ അയയ്‌ക്കുന്ന ആദ്യ പേടകമാണ്‌ ന്യൂ ഹെറൈസണ്‍സ്‌. 2006 ജനവരി 19-നാണ്‌ വാഹനം ഭൂമിയില്‍ നിന്നു യാത്രതിരിച്ചത്‌. അരടണ്‍ ഭാരമുള്ള ആ പേടകത്തിലെ നിരീക്ഷണ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള അവസരം കൂടിയായി, വ്യാഴത്തിനടുത്തുകൂടിയുള്ള യാത്ര.
2015-ല്‍ പ്ലൂട്ടോയ്‌ക്കരികിലെത്തുന്ന വാഹനം, ആ കുള്ളന്‍ഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളായ 'കെയ്‌റണ്‍', 'നിക്‌സ്‌', 'ഹൈഡ്ര' എന്നിവയെയും അഞ്ചുമാസം നിരീക്ഷിച്ച്‌ അവയുടെ ഘടനയും ഉള്ളടക്കവും പഠിക്കും.(കടപ്പാട്‌: നാസ)

3 comments:

Joseph Antony said...

വ്യാഴം നല്‍കിയ ഒറ്റ 'കിക്കി'ല്‍ പ്ലൂട്ടോ വാഹനത്തിന്റെ വേഗം 14000 കിലോമീറ്റര്‍ വര്‍ധിച്ചു. ഇപ്പോള്‍ മണിക്കൂറില്‍ 84,000 കിലോമീറ്റര്‍ വേഗത്തിലാണ്‌ ആ വാഹനം പ്ലൂട്ടോയെ ലക്ഷ്യമാക്കി യാത്ര തുടരുന്നത്‌.

കൈയൊപ്പ്‌ said...

സയന്‍സ് ലോകത്തെ പുതുവിവരങ്ങള്‍ ലളിതമായി അറിയാന്‍ ഈ ബ്ലോഗില്‍ വരണം. നന്ദി!

ത്രിശങ്കു / Thrisanku said...

വ്യാഴം നല്‍കിയ ഒറ്റ 'കിക്കി'ല്‍ പ്ലൂട്ടോ വാഹനത്തിന്റെ വേഗം 14000 കിലോമീറ്റര്‍ വര്‍ധിച്ചു.

ഇത് എങ്ങനെയാണ്‍ സാദ്ധ്യമാകുന്നത്?