Sunday, October 28, 2007

ധമനികളുടെ രക്ഷയ്‌ക്ക്‌ നൂതന മാര്‍ഗം

രക്തം കട്ടപിടിച്ചോ കൊഴുപ്പ്‌ അടിഞ്ഞുകൂടിയോ രക്തപ്രവാഹം തടസ്സപ്പെട്ട ധമനികള്‍ ഭേദമാക്കാന്‍ പുതിയൊരു മാര്‍ഗ്ഗം രംഗത്തെത്തുന്നു. അമേരിക്കന്‍ കമ്പനി വികസിപ്പിച്ച ഒരിനം പ്രത്യേക ജല്‍ പ്രതീക്ഷയാവുകയാണ്‌.

ക്തസഞ്ചാരം തടസ്സപ്പെട്ട ധമനികള്‍ നേരെയാക്കാനുള്ളതാണ്‌ ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി (angioplasty). ധമനിയുടെ കേടുവന്ന ഭാഗത്ത്‌ ഔഷധം പുറപ്പെടുവിക്കുന്ന 'സ്റ്റെന്റും'(stent) ഘടിപ്പിക്കുന്നു. വീണ്ടും അവിടെ തടസ്സമുണ്ടാകാതെ നോക്കാനാണിത്‌. എന്നാല്‍, ഹൃദ്രോഗചികിത്സയില്‍ സര്‍വസാധാരണമായ ആന്‍ജിയോപ്ലാസ്റ്റിയുടെയും സ്റ്റെന്റിന്റെയും സാധുത ശക്തമായി ചോദ്യംചെയ്യപ്പെടുന്നതിന്‌ വൈദ്യസമൂഹം അടുത്തയിടെ സാക്ഷിയായി. ജീവന്‍ രക്ഷിക്കാനെന്നു പറഞ്ഞ്‌ വന്‍ചെലവില്‍ നടത്തപ്പെടുന്ന ഈ ചികിത്സാവിധികള്‍ യഥാര്‍ത്ഥത്തില്‍ ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുകയെന്ന്‌ പഠനങ്ങളില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണിത്‌. സ്റ്റെന്റുകളുടെ സുരക്ഷിതത്വത്തെപ്പറ്റി തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്‌.

രക്തം കട്ടപിടിച്ചോ കൊഴുപ്പ്‌ അടിഞ്ഞുകൂടിയോ രക്തപ്രവാഹം തടസ്സപ്പെട്ട ധമനികള്‍ ഭേദമാക്കാന്‍ പുതിയൊരു മാര്‍ഗ്ഗം രംഗത്തെത്തുന്നു എന്ന വാര്‍ത്ത ഈ സാഹചര്യത്തില്‍ വളരെ ആകാംക്ഷയോടെയാണ്‌ വിദഗ്‌ധര്‍ കാണുന്നത്‌. ധമനിയിലെ തടസ്സം നീക്കിയശേഷം അവിടെ വീണ്ടും രക്തതടസ്സമുണ്ടാകുന്നതിനെ 'റെസ്റ്റെനോസിസ്‌' (restenosis) എന്നാണ്‌ പറയാറ്‌. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്‌ജില്‍ പ്രവര്‍ത്തിക്കുന്ന 'പെര്‍വാസിസ്‌ തെറാപ്യൂട്ടിക്‌സ്‌' എന്ന കമ്പനി രൂപപ്പെടുത്തിയ ഒരിനം 'ജല്‍'(gel) ആണ്‌ റെസ്‌റ്റെനോസിസ്‌ തടയാന്‍ സഹായിക്കുന്നത്‌. തടസ്സം നീക്കിയ ധമനീഭാഗത്തിന്റെ ബാഹ്യഭാഗത്ത്‌ ഈ ജല്‍ പൊതിഞ്ഞുവെച്ചാല്‍ മതി, ധമനിയുടെ ആന്തരപാളി (എന്‍ഡോഥെലിയം-endothelium) വേഗം സുഖപ്പെടും.

"രക്തധമനിയുടെ ഘടന വളരെ സങ്കീര്‍ണമാണ്‌"; ഹാര്‍വാഡ്‌-എം.ഐ.ടി. ബയോമെഡിക്കല്‍ എഞ്ചിനിയറിങ്‌ സെന്ററിന്റെ മേധാവിയും 'പെര്‍വാസിസ്‌' കമ്പനിയുടെ സഹസ്ഥാപകനുമായ ഇലാസെര്‍ ഇഡെല്‍മാന്‍ അറിയിക്കുന്നു. ധമനിയുടെ ആന്തരപാളിക്ക്‌ തകരാര്‍ പറ്റുന്നത്‌ അവിടെ ലോലമായ പേശീകോശങ്ങള്‍ സാധാരണഗതിയിലല്ലാതെ വളരാന്‍ ഇടയാക്കും (ഹൈപ്പെര്‍പ്ലാസിയ-hyperplasia-എന്നാണ്‌ ഈ പ്രക്രിയയ്‌ക്കു പറയുക). ധമനിയുടെ ആന്തരഭാഗം വീണ്ടും കട്ടികൂടാനും രക്തതടസ്സം ഉണ്ടാകാനും ഇതിടയാക്കും. കള്‍ച്ചര്‍ ചെയ്‌ത്‌ വളര്‍ത്തിയെടുത്ത എന്‍ഡോഥെലിയം കോശങ്ങളടങ്ങിയ ജല്ലാണ്‌ ഇതിന്‌ പ്രതിവിധിയായി പെര്‍വാസിസ്‌ കമ്പനി വികസിപ്പിച്ചെടുത്തത്‌.

ഈ ജല്‍ ധമനിയുടെ ബാഹ്യഭാഗത്ത്‌ പൊതിഞ്ഞു വെയ്‌ക്കുമ്പോള്‍ 'എന്‍ഡോഥെലിയത്തിന്‌ കുഴപ്പമില്ല, കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്‌' എന്ന വിധത്തിലുള്ള രാസസൂചകങ്ങള്‍ (സിഗ്നലുകള്‍) ഇത്‌ പുറപ്പെടുവിക്കും. അതുവഴി ശരീരത്തിന്റെ പ്രതിരോധസംവിധാനം ധമനിയുടെ ആ ഭാഗത്തെ വെറുതെ വിടും. ആന്‍ജിയോപ്ലാസ്റ്റി മൂലം കേടുപറ്റിയ ധമനിയുടെ ആന്തരപാളിക്ക്‌ ഭേദമാകാനുള്ള സമയം ഇതുവഴി ലഭിക്കും. ധമനീഭാഗം പൊതിയാനുപയോഗിച്ച ജല്ലിന്‌ 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ ജൈവവിഘടനം സംഭവിക്കുകയും ചെയ്യും-പെര്‍വാസിസിന്റെ മേധാവി സ്റ്റീവ്‌ ബോലിന്‍ഗര്‍ അറിയിക്കുന്നു. ഹൃദ്രോഗികള്‍ക്കു മാത്രല്ല ഈ സങ്കേതം അനുഗ്രഹമാകുകയെന്ന്‌ ഗവേഷകര്‍ പറയുന്നു. വൃക്ക തകരാര്‍ മൂലം ഡയാലിസിന്‌ വിധേയമാകുന്നവര്‍ക്കും ഇത്‌ പ്രയോജനം ചെയ്യും. (അവലംബം: ടെക്‌നോളജി റിവ്യൂ, കടപ്പാട്‌: മാതൃഭൂമി)

Friday, October 26, 2007

മഹാമാരികള്‍ നേരിടാന്‍ ഓണ്‍ലൈന്‍ ഗെയിം

പ്ലേഗും എബോളയും പോലുള്ള മഹാമാരികളെ നേരിടാന്‍ വൈദ്യശാസ്‌ത്രത്തിന്‌ ഓണ്‍ലൈന്‍ ഗെയിം തുണയായേക്കും.

യഥാര്‍ഥ സാഹചര്യത്തില്‍ പൊട്ടിപ്പുറപ്പെടുന്ന മാരക പകര്‍ച്ചവ്യാധികളുട പ്രത്യഘാതങ്ങളെക്കുറിച്ച്‌, വിര്‍ച്വല്‍ലോകത്ത്‌ നടക്കുന്ന ഗെയിം ഉള്‍ക്കാഴ്‌ച നല്‍കുന്നുവെന്ന്‌ ഗവേഷകര്‍ പറയുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നത്‌ ഫലപ്രദമായി തടയാനും, കൂടുതല്‍ പേരെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാനും ഈ ഉള്‍ക്കാഴ്‌ച ഭാവിയില്‍ പ്രയോജനപ്പെട്ടേക്കും.

നിയന്ത്രാധീതമാം വിധം പ്ലേഗ്‌ പടരുന്ന സാഹചര്യം മുന്‍നിര്‍ത്തി രൂപപ്പെടുത്തിയിട്ടുള്ള 'വേള്‍ഡ്‌ ഓഫ്‌ വാര്‍ക്രാഫ്‌ട്‌' (World of Warcraft) ഓണ്‍ലൈന്‍ ഗെയിമാണ്‌ ഗവേഷകര്‍ വിശകലന വിധേയമാക്കിയത്‌. ഗെയിമില്‍ രോഗാണുബാധ രൂക്ഷമായി പടരുന്നതോടെ സാമൂഹികമായ എല്ലാ ക്രമങ്ങളും തകരുന്നു. കരുതല്‍ നടപടികളൊക്കെ ചീട്ടുകൊട്ടാരം പോലെ തകരുന്നു. വൈവിധ്യമാര്‍ന്ന പ്രതികരണമാണ്‌ ആ വിര്‍ച്വല്‍ലോകത്തെ അംഗങ്ങളില്‍ നിന്നുണ്ടാകുന്നത്‌. ഇത്‌ യഥാര്‍ഥ ലോകത്തു നടക്കുന്നതുമായി ഏറെ സാമ്യമുള്ള സ്ഥിതിവിശേഷമാണെന്ന്‌ ഗവേഷകര്‍ വിലയിരുത്തുന്നു.

'ടഫ്‌ട്‌സ്‌ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ മെഡിസിനി'ലെ പ്രൊഫ. നീന ഫെഫര്‍മാനും സംഘവും, ഓണ്‍ലൈന്‍ ഗെയിമിനെക്കുറിച്ചു നടത്തിയ വിശകലന പഠനത്തിന്റെ റിപ്പോര്‍ട്ട്‌ 'ലാന്‍സെറ്റ്‌ ഇന്‍ഫെക്ഷിയസ്‌ ഡിസീസസ്‌' എന്ന ജേര്‍ണലിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ഗെയിമില്‍ മഹാമാരി പടരുമ്പോള്‍, സ്വന്തം ജീവന്‍ അപകടപ്പെടുത്തിക്കൊണ്ട്‌ ചിലര്‍ രോഗബാധിതരെ സഹായിക്കാനെത്തുന്നു, മറ്റു ചിലര്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നഗരങ്ങള്‍ വിട്ട്‌ പലായനം ചെയ്യുന്നു, രോഗം ബാധിച്ച മറ്റു ചിലരാകട്ടെ മനപ്പൂര്‍വം മറ്റുള്ളവര്‍ക്ക്‌ രോഗം പരത്തുന്നു. "പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ മനുഷ്യന്റെ പെരുമാറ്റത്തിനും സ്വഭാവത്തിനും വലിയ സ്വാധീനം ചെലുത്താനാകും"-പ്രൊഫ.നീന പറയുന്നു.

പകര്‍ച്ചവ്യാധികള്‍ യഥാര്‍ഥത്തില്‍ പടരുന്നിടത്ത്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ പഠിക്കുക വിഷമമാണ്‌. നിരീക്ഷണങ്ങളും വൈഷമ്യമേറിയതാകുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്നതിനെക്കുറിച്ച്‌ പരീക്ഷണം നടത്തുകയും അസാധ്യം. ഈ പ്രശ്‌നം പരിഹരിക്കാന്‍ വിര്‍ച്വല്‍ലോകം സഹായിക്കും. കമ്പ്യൂട്ടര്‍ മാതൃകകളില്‍ ഏത്‌ പ്രതികരണം സൃഷ്ടിക്കുകയും സാധ്യം. അത്‌ സുരക്ഷിതവുമാണ്‌. അങ്ങനെ ലഭിക്കുന്ന ഉള്‍ക്കാഴ്‌ച പകര്‍ച്ചവ്യാധികള്‍ പടരാതെ നോക്കാനും, ഫലപ്രദമായി തടയാനും ഉപയോഗിക്കാനാകും-പ്രൊഫ.നീന വിശ്വസിക്കുന്നു. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, മാതൃഭൂമി).

Wednesday, October 24, 2007

നാനോനാരുകള്‍ സോളാര്‍ ബാറ്ററിയാകുമ്പോള്‍

സൂര്യനാണ്‌ ഭൂമിയുടെ ഏറ്റവും വലിയ ഊര്‍ജദാതാവ്‌. പക്ഷേ, സൂര്യപ്രകാശത്തില്‍ നിന്ന്‌ വൈദ്യുതോര്‍ജമുണ്ടാക്കാന്‍ ഇപ്പോഴും വലിയ ചെലവാണ്‌. വിലകൂടിയ സോളാര്‍ പാനലുകളുടെ സ്ഥാനത്ത്‌ ചെലവു കുറഞ്ഞ നാനോസോളാര്‍ ബാറ്ററികള്‍ സ്ഥാനംപിടിക്കുന്ന കാലം വിദൂരമല്ലെന്ന്‌ ഈ രംഗത്തെ പുതിയ മുന്നേറ്റങ്ങള്‍ സൂചന നല്‍കുന്നു

ലമുടിയെക്കാള്‍ വളരെ നേര്‍ത്ത നാരുകള്‍ സോളാര്‍സെല്ലുകളായി പ്രവര്‍ത്തിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. സൂര്യപ്രകാശത്തില്‍ നിന്ന്‌ വൈദ്യുതോര്‍ജം ഉത്‌പാദിപ്പിക്കാന്‍ അത്തരമൊരു സങ്കേതം വികസിപ്പിക്കുന്നതില്‍ ആദ്യവിജയം നേടിയിരിക്കുകയാണ്‌ ഹാര്‍വാഡ്‌ സര്‍വകലാശാലയിലെ ഒരു ഗവേഷകന്‍. വെറും 300 നാനോമീറ്റര്‍ മാത്രം കനമുള്ള നാരുകളെ, സൗരോര്‍ജ ബാറ്ററികളാക്കി മാറ്റാമെന്നാണ്‌ കണ്ടുപിടിച്ചിരിക്കുന്നത്‌. പരിസ്ഥിതി പഠനത്തിനും സൈനികാവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ചെറുസെന്‍സറുകളും, റോബോട്ടുകളും ഇത്തരം നാനോബാറ്ററികളുപയോഗിച്ച്‌ പ്രവര്‍ത്തിക്കും. സൂര്യപ്രകാശത്തില്‍നിന്ന്‌ വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള ചെലവ്‌ കാര്യമായി കുറയ്‌ക്കാനും പുതിയ മുന്നേറ്റം സഹായിക്കുമെന്നാണ്‌ പ്രതീക്ഷ.

ഒരു മില്ലിമീറ്റര്‍ എന്നത്‌ പത്തുലക്ഷം നാനോമീറ്ററിന്‌ തുല്യമാണ്‌. അത്ര സൂക്ഷ്‌മതലത്തിലാണ്‌ നാനോസങ്കേതങ്ങള്‍ പ്രവര്‍ത്തിക്കുക. മനുഷ്യന്റെ തലമുടിയുടെ കനം എണ്‍പതിനായിരം നാനോമീറ്റര്‍ വരുമെന്നാണ്‌ കണക്ക്‌. തലമുടി നാരിന്റെ 267-ലൊരു ഭാഗം മാത്രം കനംവരുന്ന സിലിക്കന്‍ നാരുകളെയാണ്‌ സോളാര്‍ ബാറ്ററികളായി രൂപപ്പെടുത്താന്‍ ഗവേഷകര്‍ക്ക്‌ സാധിച്ചത്‌. ക്രിസ്‌റ്റല്‍രൂപത്തിലുള്ള സിലിക്കണ്‍ കാമ്പും (core) അതിന്‌ ചുറ്റും വ്യത്യസ്‌ത ഇലക്ട്രോണിക്‌ സ്വഭാവമുള്ള സിലിക്കണ്‍ പാളികളും ഉള്‍പ്പെട്ട രൂപഘടനയാണ്‌ നാനോസെല്ലുകളുടേത്‌. സാധാരണ സോളാര്‍ സെല്ലുകളില്‍ അര്‍ധചാലക പാളികളാണ്‌ സൂര്യപ്രകാശം ആഗിരണം ചെയ്യുകയും, ഉല്‍സര്‍ജിക്കപ്പെടുന്ന ഇലക്ട്രോണുകളെ തടഞ്ഞുനിര്‍ത്തി വൈദ്യുതപ്രവാഹം സൃഷ്ടിക്കുകയും ചെയ്യുന്നത്‌. അത്തരം അര്‍ധചാലക പാളികളുടെ അതേ ധര്‍മമാണ്‌ സോളാര്‍ സെല്ലിലെ സൂക്ഷ്‌മ സിലിക്കണ്‍പാളികള്‍ നിര്‍വഹിക്കുക.

നാനോനാരുകളെ സെന്‍സറുകളും ട്രാന്‍സിസ്‌റ്ററുകളുമാക്കി മാറ്റാമെന്ന്‌ കണ്ടെത്തിയിട്ടുള്ള ഹാര്‍വാഡ്‌ രസതന്ത്ര പ്രൊഫസര്‍ ചാള്‍സ്‌ ലീബെര്‍ ആണ്‌, അത്തരം നാരുകളെ സോളാര്‍ ബാറ്ററിയായും രൂപപ്പെടുത്താമെന്ന്‌ തെളിയിച്ചത്‌. ഇത്തരം നാനോ ബാറ്ററിയുപയോഗിച്ച്‌, മുമ്പ്‌ താന്‍ രൂപപ്പെടുത്തിയ രണ്ട്‌ നാനോ ഉപകരണങ്ങളെ (ഒരു പി.എച്ച്‌.സെന്‍സറും ഒരു ട്രാന്‍സിസ്‌റ്റര്‍ സെറ്റും) പ്രവര്‍ത്തിപ്പിക്കാന്‍ ലീബെറിന്‌ കഴിഞ്ഞു. ഒറ്റ സിലിക്കണ്‍ നാരുപയോഗിച്ച്‌ സോളാര്‍ വൈദ്യുതിയുണ്ടാക്കാം എന്നതിന്റെ ആദ്യ ഉദാഹരണമാണിത്‌-'ജോര്‍ജിയ ടെകി'ലെ മെറ്റീരിയല്‍സ്‌ സയന്‍സ്‌ ആന്‍ഡ്‌ എഞ്ചിനിയറിങ്‌ പ്രൊഫസറായ ഷോങ്‌ ലിന്‍ വാങ്‌ പറയുന്നു. നാനോടെക്‌നോളജി രംഗത്ത്‌ തീര്‍ച്ചയായും വഴിത്തിരിവായേക്കാവുന്ന ഗവേഷണമാണിതെന്നും അദ്ദേഹം വിലയിരുത്തുന്നു.

നാനോടെക്‌നോളജിയില്‍ വലിപ്പക്കുറവാണ്‌ പ്രധാനം. ഉപകരണങ്ങള്‍ക്കും സങ്കേതങ്ങള്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വലിപ്പം കുറയുന്ന അവസ്ഥ. നാനോ റോബോട്ടുകളും സെന്‍സറുകളും പോലുള്ള തീരെച്ചെറിയ ഉപകരണങ്ങള്‍ക്ക്‌ പരമ്പരാഗത മാര്‍ഗങ്ങളിലൂടെ വൈദ്യുതി നല്‍കുക പ്രായോഗികമല്ല. അതിന്‌ നാനോതലത്തില്‍ തന്നെ വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ കഴിയണം. പ്രൊഫ. ലീബെറിന്റെ കണ്ടെത്തല്‍ അത്തരമൊരു സാധ്യതയാണ്‌ മുന്നോട്ടു വെയ്‌ക്കുന്നതെന്ന്‌, 'ഐ.ബി.എം.റിസര്‍ച്ചി'ലെ ഫെലോ ആയ ഫായെദോന്‍ അവൗറിസ്‌ പറയുന്നു. സ്വതന്ത്ര നാനോസംവിധാനങ്ങള്‍ സാധ്യമാകണമെങ്കില്‍, അതിന്‌ പ്ലഗ്ഗില്‍ നിന്ന്‌ വൈദ്യുതി നല്‍കുന്ന പരമ്പരാഗത മാര്‍ഗം പ്രായോഗികമാവില്ല. പകരം നാനോ സോളാര്‍ ബാറ്ററികള്‍ പോലുള്ളവ കൂടിയേ തീരൂ എന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

സൂക്ഷ്‌മയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രമാവില്ല ഇത്തരം നാനോ സോളാര്‍സെല്ലുകള്‍ ഭാവിയില്‍ പ്രയോജനപ്പെടുക. ഇത്തരം സൂക്ഷ്‌മനാരുകളുടെ നിരകളെ, കൂടുതല്‍ സൂര്യപ്രകാശം ആഗിരണം ചെയ്യത്തക്കവിധം കറ്റകളാക്കി രൂപപ്പെടുത്തി വന്‍തോതില്‍ വൈദ്യുതി ഉത്‌പാദിപ്പിക്കാനും കഴിഞ്ഞേക്കും. സൗരവൈദ്യുതി ഉത്‌പാദനത്തിനായി കെട്ടിടങ്ങളുടെ മുകളിലും മറ്റും വന്‍വിലയുള്ള സൗരോര്‍ജ പാനലുകളാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. അവയ്‌ക്കു പകരം ഇത്തരം നാനോനാര്‌ കറ്റകള്‍ ഉപയോഗിച്ച്‌ ലാഭകരമായി വൈദ്യുതി ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞേക്കും. നാനോ സൗരസെല്ലുകള്‍ വഴി, സൗരവൈദ്യുതിയുടെ ചെലവ്‌ വന്‍തോതില്‍ കുറയ്‌ക്കാനാകുമെന്ന്‌ 'കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി' (Caltech) യിലെ ഗവേഷകരായ നാഥാന്‍ ലൂയിസും ഹാരി അറ്റ്‌വാട്ടറും മുമ്പുതന്നെ നിര്‍ദ്ദേശിച്ചിരുന്നു. പരമ്പരാഗത സോളാര്‍ പാനലുകള്‍ക്ക്‌ പകരം, ചെലവു കുറഞ്ഞ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ (ചിലപ്പോള്‍ തുരുമ്പില്‍ നിന്നു പോലും) സോളാര്‍ സെല്ലുകള്‍ രൂപപ്പെടുത്താം എന്നതാണ്‌ ഇതിന്‌ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്‌.

സോളാര്‍ സെല്ലുകള്‍ രണ്ടുകാര്യങ്ങളില്‍ മികവുറ്റതായാലേ, അതില്‍നിന്ന്‌ വേണ്ട വിധം വൈദ്യുതി ലഭിക്കൂ. പ്രകാശത്തെ ആഗിരണം ചെയ്യാന്‍ ശേഷിയുണ്ടാകണം എന്നതാണ്‌ ഒന്നാമത്തെ കാര്യം. സോളാര്‍സെല്ലുകളില്‍ അതിന്‌ പാകത്തിലുള്ള പ്രകാശസംവേദകത്വമുള്ള ഒരു പാളി കൂടിയേ തീരൂ. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ പതിക്കുമ്പോള്‍ തെറിച്ചുമാറുന്ന ഇലക്ട്രോണുകളെ ശേഖരിച്ച്‌ വൈദ്യുത പ്രവാഹം സൃഷ്ടിക്കാന്‍ പാകത്തില്‍ മറ്റൊരു പാളി വേണം. കനംകൂടിയ പാളിയില്‍ എന്തെങ്കിലും മാലിന്യമോ വൈകല്യമോ ഉണ്ടെങ്കില്‍, ഇലക്ട്രോണുകള്‍ അവിടെ കുടുങ്ങും. അസാധാരണമാം വിധം നേര്‍ത്ത പാളിയല്ല അതെങ്കിലും ഇലക്ട്രോണുകള്‍ കുടുങ്ങിപ്പോകാന്‍ സാധ്യതയുണ്ട്‌. എന്നാല്‍, അത്രയ്‌ക്കു നേര്‍ത്തപാളി സാധാരണ സോളാര്‍ സെല്ലുകളില്‍ പ്രായോഗികമാവില്ല. അതിനാല്‍, അങ്ങേയറ്റം സംശുദ്ധമായ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച്‌ ഇലക്ട്രോണുകളുടെ നഷ്ടം ഒഴിവാക്കുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. അത്തരം പദാര്‍ഥങ്ങള്‍ക്ക്‌ വലിയ വിലയാകും. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ സോളാര്‍സെല്ലുകള്‍ക്ക്‌ വലിയ വില നല്‍കേണ്ടി വരുന്നത്‌ അതുകൊണ്ടാണ്‌.

ഈ പ്രശ്‌നത്തിന്‌ നാനോനാരുകള്‍ പരിഹാരം നല്‍കുന്നു. നീളമനുസരിച്ച്‌ പ്രകാശം ആഗിരണം ചെയ്യാന്‍ അവയ്‌ക്കാകും. അതേസമയം, നാനോനാരില്‍ സൂക്ഷ്‌മപാളികളിലെ ചെറുദൂരങ്ങള്‍ മാത്രമേ ഇലക്ട്രോണുകള്‍ക്ക്‌ താണ്ടേണ്ടതായുള്ളു. നാരുകളിലെ സിലിക്കണ്‍പാളികള്‍ അത്രമേല്‍ നേര്‍ത്തതാകയാല്‍, മാലിന്യമോ മറ്റെന്തെങ്കിലും വൈകല്യമോ മൂലം ഇലക്ട്രോണുകള്‍ കുടുങ്ങിപ്പോവുക അസാധ്യം. അതിനാല്‍, ചെലവു കുറഞ്ഞ പദാര്‍ഥങ്ങള്‍കൊണ്ട്‌ നാനാ സോളാര്‍സെല്ലുകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയും. സൂര്യപ്രകാശത്തില്‍ നിന്ന്‌ ഇങ്ങനെ വൈദ്യുതിയുണ്ടാക്കാമെന്ന്‌ തെളിയിക്കുമ്പോള്‍ തന്നെ, ലീബെര്‍ക്കു മുന്നില്‍ ഇനിയും വെല്ലുവിളികള്‍ അവശേഷിക്കുന്നു. പരിമിത എണ്ണം നാനോസോളാര്‍ സെല്ലുകള്‍ മാത്രമേ ലീബെര്‍ പരീക്ഷിച്ചിട്ടുള്ളു. നാനോനാരുകള്‍ രാസമാര്‍ഗങ്ങളിലൂടെ വലിയ കറ്റകളായി വളര്‍ത്തിയെടുത്താലേ, അവയ്‌ക്ക്‌ കൂടുതല്‍ പ്രയോഗക്ഷമതയുണ്ടാകൂ. അതിനുള്ള ശ്രമങ്ങള്‍ പ്രാഥമികഘട്ടത്തില്‍ മാത്രമാണ്‌ എത്തിയിട്ടുള്ളത്‌. ലീബെര്‍ ഉപയോഗിച്ചതുപോലെ വിവിധപാളികളുള്ള നാനോനാരുകളുടെ കറ്റകള്‍ വളര്‍ത്തിയെടുക്കുക എളുപ്പമാകില്ല എന്നതും പ്രശ്‌നമാണ്‌.

നാനോ സോളാര്‍ബാറ്ററികളുടെ ഏറ്റവും വലിയ പരിമിതി, അവയുടെ കുറഞ്ഞ വൈദ്യുതോത്‌പാദന ക്ഷമതയാണ്‌. ലീബെര്‍ രൂപംനല്‍കിയവയ്‌ക്ക്‌, പതിക്കുന്നതില്‍ 3.4 ശതമാനം സൂര്യപ്രകാശം വൈദ്യുതിയാക്കാനേ ശേഷിയുള്ളു. നിലവില്‍ സിലിക്കണ്‍ സോളാര്‍പാനലുകള്‍ക്ക്‌ 20 ശതമാനമാണ്‌ ക്ഷമത. അതുമായി താരതമ്യം ചെയ്‌താല്‍, ലീബെര്‍ രൂപംനല്‍കിയ നാനോസെല്ലുകളുടെ ക്ഷമത അത്ര മോശമല്ല. കാരണം, അവ വിലകുറഞ്ഞ പദാര്‍ഥങ്ങള്‍കൊണ്ട്‌ നിര്‍മിക്കുന്നതാകയാല്‍, പത്തുശതമാനം ക്ഷമത സാധ്യമായാല്‍ പോലും ഇന്നത്തെ നിലയ്‌ക്ക്‌ ലാഭകരമാകും. കൂടുതല്‍ പ്രകാശം ആഗിരണം ചെയ്യത്തക്കവിധം നാനോനാരുകളുടെ കറ്റകള്‍ രൂപപ്പെടുത്താനും ഉയര്‍ന്ന വോള്‍ട്ടേജ്‌ ലഭ്യമാക്കാനുമാണ്‌ ഗവേഷകരുടെ ഇനിയുള്ള ശ്രമം.(കടപ്പാട്‌: ടെക്‌നോളജി റിവ്യു)

Sunday, October 21, 2007

ശരീരം തളര്‍ന്നവര്‍ക്ക്‌ 'നടക്കാന്‍' വിര്‍ച്വല്‍ ലോകം

ശരീരത്തിന്റെ ചലനശേഷി നഷ്ടമായവര്‍ക്ക്‌ തുണയാകത്തക്ക വിധം പുതിയൊരു സംവിധാനം നിലവില്‍ വരികയാണ്‌. വിചാരങ്ങള്‍ക്കനുസരിച്ച്‌, പ്രതീതിയാഥാര്‍ഥ്യത്തിന്റെ പുത്തന്‍ലോകം സൃഷ്ടിക്കാനുള്ള സംവിധാനമാണ്‌ ഒരു സംഘം യൂറോപ്യന്‍ ഗവേഷകര്‍ ഒരുക്കുന്നത്‌
സ്‌തിഷ്‌കാഘാതം, വാഹനാപകടങ്ങള്‍ മുതലായ പ്രശ്‌നങ്ങളാല്‍ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും, ഭാവിയില്‍ ഒരുപക്ഷേ അവരുടെ വൈദഗ്‌ധ്യം വിവിധ മേഖലകളില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന പുതിയ സംവിധാനം വരുന്നു. രോഗിയുടെ മസ്‌തിഷ്‌കത്തിലുണ്ടാകുന്ന സിഗ്നലുകള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രതീതിയാഥാര്‍ത്ഥ്യത്തിന്റെ (വിര്‍ച്വല്‍ റിയാലിറ്റി) പുത്തന്‍ലോകമാണ്‌ ഈ സംവിധാനത്തിന്റെ കാതല്‍. മനസിലെ വിചാരങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കും എന്നതിനാല്‍, ചക്രക്കസേരയിലോ കിടക്കയിലോ ജീവിതം തളച്ചിടേണ്ട അവസ്ഥയിലെത്തിയ രോഗിക്ക്‌, ആ വിര്‍ച്വല്‍ ലോകത്ത്‌ ഇഷ്ടാനുസരണം നടക്കാനും കൈകാലുകള്‍ ചലിപ്പിക്കാനുമൊക്കെ കഴിയും.

വിര്‍ച്വല്‍ ലോകത്താണെങ്കില്‍ പോലും, തന്റെ ശരീരചലനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും എന്നു വരുന്നത്‌, മസ്‌തിഷ്‌ക്കാഘാതം (സ്‌ട്രോക്ക്‌) പോലുള്ള പ്രശ്‌നങ്ങള്‍ ബാധിച്ച്‌ ശരീരം സ്‌തംഭിച്ചു പോയവര്‍ക്ക്‌ ശരീരത്തിന്റെ ശേഷി വീണ്ടെടുക്കാന്‍ ഉത്തേജകമായേക്കും. മാത്രമല്ല, നിസ്സഹായതയുടെ കയത്തില്‍നിന്ന്‌ കരകയറാനും ഇത്‌ സഹായിക്കും. ഇത്തരം പ്രശ്‌നം ബാധിച്ചവര്‍ക്ക്‌ ഭാവിയില്‍ തന്റെ വിചാരങ്ങള്‍ക്കനുസരിച്ച്‌ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും, കുറയൊക്കെ അന്യസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കാനും പുതിയ സംവിധാനം സഹായകമായേക്കുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. മാത്രല്ല, വിചാരങ്ങള്‍ വിനിമയം ചെയ്യാനാകുമെന്നു വന്നാല്‍, ശരീരം തളര്‍ന്ന്‌ സംസാരശേഷി നഷ്ടമായവര്‍ക്കു പോലും സ്വന്തം കഴിവുകളും വൈദഗ്‌ധ്യവും ഉപയോഗിക്കാന്‍ അത്‌ അവസരമൊരുക്കുമെന്ന്‌ 'ന്യൂ സയന്റിസ്റ്റ്‌' വാരികയിലെ റിപ്പോര്‍ട്ട്‌ പറയുന്നു.

മസ്‌തിഷ്‌കസിഗ്നലുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കമ്പൂട്ടര്‍ പ്രോഗ്രാമാണ്‌ പുതിയ സംവിധാനം യാഥാര്‍ത്ഥ്യമാക്കുന്നത്‌. ഓസ്‌ട്രിയയിലെ ഗ്രാസ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌നോളജി, ബ്രിട്ടനില്‍ യൂണിവേഴ്‌സിറ്റി കോളേജ്‌ ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകസംഘങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ കണ്‍സോഷ്യം (PRESENCCIA) ആണ്‌ പുതിയ വിര്‍ച്വല്‍ സംവിധാനം രൂപപ്പെടുത്തുന്നത്‌. ഇലക്ട്രോണുകള്‍ വഴിയോ നാട്ടികള്‍ (ഇംപ്ലാന്റുകള്‍) ഉപയോഗിച്ചോ മസ്‌തിഷ്‌ക സിഗ്നലുകള്‍ ബാഹ്യഉപകരണത്തിലേക്ക്‌ വിനിമയം ചെയ്യുന്നതില്‍ വൈദഗ്‌ധ്യം നേടുന്നത്‌ ഓസ്‌ട്രിയന്‍ സംഘമാണ്‌. രോഗിയുടെ തലയോട്ടിയില്‍ സ്ഥാപിക്കുന്ന ഇലക്ട്രോഡുകളിലൂടെയെത്തുന്ന സിഗ്നലുകള്‍, 'ഇലക്ട്രോഎന്‍സെഫലോഗ്രാം' (EEG) എന്ന നൂതന ഉപകരണത്തിന്റെ സഹായത്തോടെ വിശകലനം ചെയ്യും. ആ സിഗ്നലുകള്‍ക്കനുസരിച്ചുള്ള ശക്തമായ വിര്‍ച്വല്‍ലോകം സൃഷ്ടിക്കുന്നത്‌ ബ്രിട്ടീഷ്‌ സംഘമാണ്‌.

മുന്നോട്ടു നടക്കുക, കൈകള്‍ ചലിപ്പിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നതിനെപ്പറ്റി രോഗി ചിന്തിക്കുമ്പോള്‍, സിരാപ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനങ്ങള്‍ ഈ മാര്‍ഗ്ഗത്തിലൂടെ മനസിലാക്കാനാകും. ത്രിമാനദൃശ്യസംവിധാനത്തിന്റെ പ്രതീതിയുണ്ടാക്കിയിട്ടുള്ള മുറിയിരുന്ന്‌, പുതിയ സംവിധാനത്തിലൂടെ വിചാരങ്ങള്‍ പ്രതീതിയാഥാര്‍ത്ഥ്യമാക്കാന്‍ രോഗിക്കു കഴിയും. മുന്നിലെ സ്‌ക്രീനില്‍ കാണുന്ന കഥാപാത്രത്തെ (അവതാരത്തെ) മുന്നിലേക്കോ വശങ്ങളിലേക്കോ വിചാരങ്ങളിലൂടെ രോഗിക്ക്‌ ചലിപ്പിക്കാനുമാകും. ആരോഗ്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെയുപയോഗിച്ച്‌, യൂണിവേഴ്‌സിറ്റി കോളേജ്‌ ലണ്ടനിലെ ഗവേഷകര്‍ ഈ സംവിധാനം ആദ്യം പരീക്ഷിച്ചു. അതിനുശേഷം, ശരീരം ഏതാണ്ട്‌ പൂര്‍ണമായി തളര്‍ന്നയാള്‍ ഈ സംവിധാനം ഉപയോഗിച്ചു നോക്കി. സ്‌ക്രീനിലെ അവതാരങ്ങളെ മുന്നോട്ടു നടത്തിച്ച്‌ ഓരോന്നും 'ഹലോ' പറയുംവരെ കാത്തിരിക്കാന്‍ രോഗിക്ക്‌ നിര്‍ദ്ദേശം നല്‍കി. ഭൂരിപക്ഷം വേളയിലും രോഗി അത്‌ ഏതാണ്ട്‌ (90ശതമാനം സമയത്തിനുള്ളില്‍) കൃത്യമായി സാധിച്ചെന്ന്‌ ഗവേഷകര്‍ അറിയിക്കുന്നു.

"രോഗി അത്‌ ഇഷ്ടപ്പെട്ടു"-പരീക്ഷണം നടത്തിയ യൂണിവേഴ്‌സിറ്റി കോളേജ്‌ സംഘത്തിലെ അംഗമായിരുന്ന ഡോറോന്‍ ഫ്രീഡ്‌മാന്‍ അറിയിക്കുന്നു. തന്റെ ചുവടുകള്‍ മുന്നോട്ടു ചലിക്കുന്നതായി ചിന്തിക്കുന്നതും, പുതിയ സംവിധാനം വഴി യഥാര്‍ത്ഥത്തില്‍ 'ചലിക്കുന്നതും' വലിയ അനുഭവമായിരുന്നു എന്നാണ്‌ രോഗി അറിയിച്ചത്‌. കായികവും മനശാസ്‌ത്രപരവുമായ പുനരധിവാസം വേണ്ട സാഹചര്യങ്ങളില്‍ വിര്‍ച്വല്‍ റിയാലിറ്റി വൈദ്യശാസ്‌ത്രരംഗത്തെ പുതിയ സാധ്യതയായി മാറുകയാണെന്ന്‌, ഇസ്രായേലിലെ 'ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഹെര്‍സ്‌ലിയ'യില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഫ്രീഡ്‌മാന്‍ പറയുന്നു. നിയന്ത്രിതമായ ഒരു പരിസ്ഥിതിയാണ്‌ വിര്‍ച്വല്‍ റിയാലിറ്റി ഒരുക്കിത്തരുന്നത്‌. രോഗികള്‍ക്ക്‌ ഏത്‌ തരം പ്രവര്‍ത്തനം നടത്തുന്നതായും സ്വന്തമായി 'അനുഭവി'ക്കാന്‍ കഴയും-അദ്ദേഹം അഭിപ്രായപ്പെടുന്നു. (അവലംബം: ന്യൂ സയന്റിസ്‌റ്റ്‌ വാരിക)

Friday, October 19, 2007

ഭാരതീയ ശാസ്‌ത്രജ്ഞര്‍-19: കെ.എസ്‌.കൃഷ്‌ണന്‍

പരലുകളുടെ കാന്തിക സ്വഭാവവും അവയുടെ ആന്തര ഘടനയും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ നടത്തിയ ശ്രമത്തിലൂടെ ഖരഭൗതീകത്തിന്റെ അടിത്തറ ശക്തമാക്കിയ ശാസ്‌ത്രജ്ഞനാണ്‌ കെ.എസ്‌. കൃഷ്‌ണന്‍. ഗ്രാഫൈറ്റ്‌ പരലുകളില്‍ ഇലക്ട്രോണുകളിലെ ഊര്‍ജവിതരണത്തിന്റെ കണ്ടെത്തലാണ്‌ അദ്ദേഹം നടത്തിയ മറ്റൊരു മുന്നേറ്റം. അക്കാദമിക ലോകത്തും വ്യവസായിക രംഗത്തും വന്‍പ്രയോഗ സാധ്യതയുള്ളതായിരുന്നു കൃഷ്‌ണന്‍ നടത്തിയ ഓരോ മുന്നേറ്റവും.

ധുനിക ഭാരതത്തെ സംബന്ധിച്ചിടത്തോളം ശാസ്‌ത്രരംഗത്തെ സുവര്‍ണയുഗം എന്നു വിശേഷിപ്പിക്കാവുന്ന കാലഘട്ടം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയാണ്‌. പാശ്ചാത്യലോകത്തെ ഏതു ശാസ്‌ത്ര മുന്നേറ്റവും സ്വാംശീകരിച്ച്‌ പുത്തന്‍ ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇന്തയ്‌ക്കു കഴിഞ്ഞ കാലം. പ്രതിജ്ഞാബദ്ധരും പ്രതിഭാധനന്‍മാരുമായ ഒരുകൂട്ടം ശാസ്‌ത്രജ്ഞര്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ കാലം. പല ശാസ്‌ത്രമേഖലകള്‍ക്കും അടിത്തറയാകാന്‍ അന്ന്‌ ഇന്ത്യയില്‍ നടന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. ശ്രീനിവാസ രാമാനുജന്‍, മേഘനാഥ്‌ സാഹ, എസ്‌.എന്‍. ബോസ്‌, സി.വി.രാമന്‍, എസ്‌.കെ.മിത്ര എന്നിങ്ങനെ ഗണിതത്തിന്റെയും ഭൗതീകത്തിന്റെയും വിശാല ഭൂമികയില്‍ സ്വന്തം മേഖലകള്‍ വെട്ടിത്തുറന്നവരുടെ കാലം. അക്കൂട്ടത്തില്‍ അവഗണിക്കാന്‍ പറ്റാത്ത നാമമാണ്‌ കെ.എസ്‌. കൃഷ്‌ണന്‍.

സി.വി.രാമനോടുള്ള ആരാധന മൂത്ത്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ കൊല്‍ക്കത്തയിലെത്തുകയും, അദ്ദേഹത്തിന്റെ സഹായിയായി ഗവേഷണം തുടങ്ങുകയും, 'രാമന്‍ പ്രഭാവത്തി'ന്റെ കണ്ടുപിടിത്തത്തില്‍ പങ്കാളിയാവുകയും, പില്‍ക്കാലത്ത്‌ പരലുകളുടെ ആന്തരഘടനയക്കുറിച്ചു പഠിക്കുന്ന ഖരവസ്‌തു ഭൗതീകപഠനശാഖയുടെ ഇന്ത്യയിലെ തലതൊട്ടപ്പനാവുകയും, രാജ്യത്തെ ഏറ്റവും മുന്തിയ ശാസ്‌ത്ര ഗവേഷണസ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും ചെയ്‌ത വ്യക്തിയാണ്‌ കെ.എസ്‌.കൃഷ്‌ണന്‍. രാമന്‍ പ്രഭാവത്തെക്കുറിച്ച്‌ ലോകമറിയുന്നത്‌ 1928-ല്‍ 'നേച്ചര്‍' ഗവേഷണ വാരികയില്‍ പ്രസീദ്ധീകരിക്കപ്പെട്ട പ്രബന്ധത്തിലൂടെയാണ്‌. സി.വി.രാമനും കെ.എസ്‌.കൃഷ്‌ണനും ചേര്‍ന്ന്‌ തയ്യാറാക്കിയതായിരുന്നു ആ പ്രബന്ധം. ആ കണ്ടുപിടിത്തത്തിന്‌ 1930-ല്‍ സി.വി.രാമന്‌ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

ആ നോബല്‍ സമ്മാനം പില്‍ക്കാലത്ത്‌ ചില വിവാദങ്ങളുയര്‍ത്തി. പുരസ്‌കാരത്തില്‍ യഥാര്‍ഥത്തില്‍ കൃഷ്‌ണനും അവകാശമുണ്ടായിരുന്നുവെന്നും, രാമന്‍ ഒറ്റയ്‌ക്ക്‌ അത്‌ തട്ടിയെടുത്തു എന്നുമായിരുന്നു മുഖ്യ ആരോപണം. എന്നാല്‍, കൃഷ്‌ണന്‌ ഒരിക്കലും തന്റെ ഗുരുനാഥന്‍ അവിഹിതമായി എന്തെങ്കിലും നേടി എന്ന തോന്നലുണ്ടായിട്ടില്ല. 'രാമന്‍ പ്രഭാവം' രാമന്റെ തന്നെ കണ്ടുപിടിത്തമാണെന്ന ശക്തമായ അഭിപ്രായക്കാരനായിരുന്നു കൃഷ്‌ണന്‍. താന്‍ അദ്ദേഹത്തെ സഹായിച്ചു എന്നത്‌ വാസ്‌തവമാണ്‌; നോബല്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്‌ രാമന്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുമുണ്ട്‌. ആന്ധ്ര സര്‍വകലാശാലയില്‍ കൃഷ്‌ണന്റെ പ്രൊഫസര്‍ സ്ഥാനത്തിന്‌ രാമന്‍ നല്‍കിയ ശുപാര്‍ശകത്തിലെ ഒരു വാചകം ഇങ്ങനെയായിരുന്നു: "1930-ലെ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം, കല്‍ക്കത്തയില്‍ 1921 മുതല്‍ നടന്ന പഠനങ്ങളെ ആസ്‌പദമാക്കുന്നതിന്‌ പകരം, 1928-ല്‍ മാത്രം നടന്ന ഗവേഷണത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു എങ്കില്‍, കൃഷ്‌ണന്‌ നോവല്‍ പുരസ്‌കാരത്തിന്റെ പങ്ക്‌ തീര്‍ച്ചയായും ലഭിക്കുമായിരുന്നു".

തമിഴ്‌നാട്ടില്‍ രാംനാട്ടിലെ വര്‍ട്രാപില്‍ 1898 ഡിസംബര്‍ നാലിനാണ്‌ കരിയമാണിക്കം ശ്രീനിവാസ കൃഷ്‌ണന്‍ (Kariamanikkam Srinivasa Krishnan) ജനിച്ചത്‌. 'കരിയമാണിക്കം വാധ്യാര്‍' എന്ന്‌ നാട്ടുകാര്‍ വിളിച്ചിരുന്ന ശ്രീനിവാസ അയ്യങ്കാര്‍ എന്ന അധ്യാപകന്‍ ആയിരുന്നു പിതാവ്‌. ശ്രീവില്ലിപുരത്തൂരിലെ ഹിന്ദുഹൈസ്‌കൂള്‍ പഠനത്തിന്‌ ശേഷം 1916-ല്‍ കൃഷ്‌ണന്‍ മദ്രാസ്‌ ക്രിസ്‌ത്യന്‍കോളേജില്‍ ചേര്‍ന്നു. അവിടെത്തന്നെ രസതന്ത്ര വിഭാഗത്തില്‍ ഡെമോണ്‍ട്രേറ്റായി പിന്നീട്‌ ജോലിയില്‍ പ്രവേശിച്ചു. സി.വി.രാമനോടുള്ള താത്‌പര്യത്തില്‍ അദ്ദേഹം 1923-ല്‍ കൊല്‍ക്കത്തയിലെത്തി. ശാസ്‌ത്രപോഷിണി സമിതി (Indian Association for the Cultivation of Science-IACS) യില്‍ രാമന്റെ ശിഷ്യനായി കൃഷ്‌ണന്‍. 1928-ല്‍ ധാക്ക സര്‍വകലാശാലയില്‍ ഭൗതികശാസ്‌ത്രവിഭാഗത്തില്‍ റീഡറായി നിയമിക്കപ്പെട്ടു. പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ എസ്‌.എന്‍.ബോസായിരുന്നു വകുപ്പു മേധാവി. 1933-ല്‍ അദ്ദേഹം കൊല്‍ക്കത്തയില്‍ തിരികെയെത്തി ശാസ്‌ത്രപോഷിണി സമിതിയില്‍ ഭൗതീകശാസ്‌ത്രത്തിലെ 'മഹേന്ദ്ര ലാല്‍ സിര്‍കാര്‍ പ്രൊഫസര്‍' ആയി സ്ഥാനമേറ്റു. 1942-ല്‍ അലഹമാബ്‌ സര്‍വകലാശാലയിലെ ഭൗതീകശാസ്‌ത്ര വിഭാഗം മേധാവിയായി.

ആദ്യാനുരാഗം അവസാനം വരെ

തൊഴില്‍ ശരിക്കറിയാവുന്ന അധ്യാപകനാവാം ചിലപ്പോള്‍ ഒരു പ്രതിഭാശാലിയെ ശരിയായ ദിശയിലേക്ക്‌ തിരിച്ചു വിടുക. കെ.എസ്‌.കൃഷ്‌ണന്റെ അനുഭവം ഇക്കാര്യം ശരിവെയ്‌ക്കുന്നു. ശാസ്‌ത്രവിഷയങ്ങളില്‍ തനിക്കുണ്ടായ താത്‌പര്യത്തിന്റെ തുടക്കം കൃഷ്‌ണന്‍ വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌-"1911-ല്‍ ഹൈസ്‌കൂളില്‍ ഫോര്‍ത്ത്‌ ഫോറത്തില്‍ (ഒന്‍പതാം ക്ലാസില്‍) പഠിക്കുമ്പോഴായിരുന്നു ശാസ്‌ത്രത്തോടുള്ള എന്റെ ആദ്യാനുരാഗം ഉടലെടുത്തത്‌. ഞങ്ങളുടെ ടീച്ചര്‍ ഒരു പ്രൊഫഷണല്‍ ശാസ്‌ത്രജ്ഞനായിരുന്നില്ല എങ്കിലും, ആരെയും പിടിച്ചിരുത്തും വിധം വ്യക്തമായി ശാസ്‌ത്രവിഷയങ്ങള്‍ വിശദീകരിക്കുന്നതില്‍ അദ്ദേഹത്തിന്‌ പ്രാഗത്ഭ്യം ഉണ്ടായിരുന്നു. അദ്ദേഹം നല്‍കിയ പാഠങ്ങള്‍ എന്റെ മനസിന്റെ ആഴങ്ങളിലേക്കിറങ്ങി, കൂടുതല്‍ അറിയാന്‍ അഭിവാഞ്ചയുണ്ടായി. പുസ്‌തകങ്ങളിലെ പാഠങ്ങള്‍ വെറുതെ അവതരിപ്പിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്‌തത്‌. ലളിതമായ പരീക്ഷണങ്ങളോടെയാണ്‌ വിശദീകരിച്ചത്‌, ഞങ്ങളെയും പരീക്ഷണങ്ങള്‍ ചെയ്യാന്‍ അത്‌ പ്രേരിപ്പിച്ചു. ഇത്തരം വളരെക്കുറച്ച്‌ അധ്യാപകരയേ എനിക്കു പരിചയമുള്ളു. അദ്ദേഹത്തെ എന്റെ ആദ്യ ശാസ്‌ത്രാധ്യാപകനായി കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്‌..". എ.സുബ്രഹ്മണ്യ അയ്യര്‍ എന്നായിരുന്നു ആ അധ്യാപകന്റെ പേര്‌. അദ്ദേഹം ആ ബലന്റെ മനസില്‍ ഇട്ടുകൊടുത്ത വിത്തുകളാണ്‌, ഇന്ത്യന്‍ ശാസ്‌ത്രചരിത്രത്തില്‍ തനതായ അധ്യായം തീര്‍ത്ത്‌ വളര്‍ന്നു വന്നത്‌.

ശാസ്‌ത്രരംഗത്തെ കൃഷ്‌ണന്റെ സംഭാവനകളില്‍ ആദ്യത്തേത്‌, തീര്‍ച്ചയായും 'രാമന്‍ പ്രഭാവത്തി'ന്റെ കണ്ടെത്തലിന്‌ നല്‍കിയ സംഭാവനയാണ്‌. ശ്രമകരമായ പരീക്ഷണങ്ങളിലൂടെ ഒന്നാംകിട ശാസ്‌ത്രജ്ഞനാകാനുള്ള മികച്ച പാഠങ്ങളാണ്‌ ഗുരുനാഥനായ സി.വി.രാമനില്‍ നിന്ന്‌ അദ്ദേഹം സ്വായത്തമാക്കിയത്‌. പില്‍ക്കാലത്ത്‌ കൃഷ്‌ണന്റെ ഗവേഷണ താത്‌പര്യങ്ങളെ രൂപപ്പെടുത്തിയതിലും ആ അനുഭവം മുഖ്യപങ്കു വഹിച്ചു. പരലുകളുടെ (crystals) കാന്തിക സ്വഭാവവും അവയുടെ ആന്തര ഘടനയും തമ്മിലുള്ള ബന്ധം മനസിലാക്കാനായി സ്വന്തം നിലയ്‌ക്ക്‌ രൂപപ്പെടുത്തിയ പരീക്ഷണ സങ്കേതങ്ങളാണ്‌ കൃഷ്‌ണന്റെ പ്രധാന സംഭാവനകളില്‍ ഒന്ന്‌. ഗ്രാഫൈറ്റ്‌ പരലുകളില്‍ ഇലക്ട്രോണുകളിലെ ഊര്‍ജവിതരണത്തിന്റെ കണ്ടെത്തലാണ്‌ മറ്റൊന്ന്‌. അക്കാദമിക ലോകത്തും വ്യവസായിക രംഗത്തും വന്‍പ്രയോഗ സാധ്യതയുള്ളതായിരുന്നു കൃഷ്‌ണന്‍ നടത്തിയ ഓരോ മുന്നേറ്റവും. ഡൈകള്‍, ഔഷധങ്ങള്‍, ചായങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, ഇന്ധനങ്ങള്‍ തുടങ്ങി വാണിജ്യപ്രധാനമായ എത്രയോ മേഖലകളില്‍ ഖരവസ്‌തു ഭൗതീകത്തിലെ കണ്ടെത്തലുകള്‍ ഇന്ന്‌ പ്രയോജനപ്പെടുത്തുന്നു.

ക്വാണ്ടം ഭൗതീകത്തിന്റെ ആവിര്‍ഭാവത്തിന്‌ ശേഷം, പുതിയ കാഴ്‌ചപ്പാടോടെ തന്മാത്രാതലത്തിലുള്ള അന്വേഷണങ്ങള്‍ ആദ്യം നടത്തിയ ശാസ്‌ത്രജ്ഞരില്‍ ഒരാള്‍ കൃഷ്‌ണനായിരുന്നു. ക്ലാസിക്കല്‍ ഭൗതികമാകട്ടെ, ആധുനിക ഭൗതികമാകട്ടെ-ഭൗതീകശാസ്‌ത്രത്തിലെ വിവിധ മേഖലകളിലെ പ്രതിഭാസങ്ങള്‍ തമ്മിലുള്ള ബന്ധം മനസിലാക്കാനും, അവ തമ്മില്‍ ബന്ധിപ്പിക്കാനും അസാധാരണമായ പ്രാഗത്ഭ്യം കൃഷ്‌ണന്‍ പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, രാജ്യത്ത്‌ ശാസ്‌ത്രസാങ്കേതിക മേഖലയുടെ പുരോഗതിക്ക്‌ വിലപ്പെട്ട സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. ആണവോര്‍ജ കമ്മീഷന്‍, കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസെര്‍ച്ച്‌ (CSIR), യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മീഷന്‍ (UGC) മുതലായ സ്ഥാപനങ്ങള്‍ കെട്ടിപ്പെടുക്കുന്നതില്‍ അദ്ദേഹത്തിന്‌ മുഖ്യപങ്കുണ്ടായിരുന്നു. ഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി (NPL) യുടെ സ്ഥാപക ഡയറക്ടര്‍ കൃഷ്‌ണനായിരുന്നു. 1948-ലാണ്‌ ലബോറട്ടറി ആരംഭിച്ചത്‌.

കൃഷ്‌ണന്റെ വ്യക്തിത്വത്തില്‍ എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയായി ചൂണ്ടിക്കാട്ടാറുള്ളത്‌, ശാസ്‌ത്രവിഷയങ്ങള്‍ ലളിതമായ രീതിയില്‍, എന്നാല്‍ അതിലെ ആവേശത്തിന്റെ ഘടകം അല്‍പ്പവും ചോര്‍ന്നു പോകാതെ സാധാരണക്കാര്‍ക്ക്‌ പകര്‍ന്നു കൊണ്ടുക്കാനുള്ള കഴിവാണ്‌. എല്ലാ ശാസ്‌ത്രജ്ഞര്‍ക്കും അത്യാവശ്യം വേണ്ട, എന്നാല്‍ പലര്‍ക്കും സാധിക്കാത്ത കാര്യം. ശാസ്‌ത്ര വസ്‌തുതകള്‍-അതെത്ര സങ്കീര്‍ണമായാലും-മാതൃഭാഷയായ തമിഴില്‍ വിശദീകരിക്കാനാകും എന്ന്‌ അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം തമിഴില്‍ രചിച്ച അസംഖ്യം ശാസ്‌ത്രലേഖനങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വാസം ശരിയായിരുന്നു എന്നു തെളിയിക്കുന്നു. ഓള്‍ ഇന്ത്യാ റേഡിയോയില്‍ അദ്ദേഹം നടത്തിയിരുന്ന ശാസ്‌ത്രപ്രഭാഷണങ്ങളും കാര്യങ്ങളുടെ വ്യക്തതയും ലാളിത്യവും കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. തമിഴ്‌ സാഹിത്യത്തിലും സംസ്‌കൃതത്തിലും ഉണ്ടായിരുന്ന അഗാധപാണ്ഡിത്യം അദ്ദേഹത്തിന്‌ അനുഗ്രഹമായി. ശാസ്‌ത്രത്തിന്റെ മികച്ച വക്താവായിരുന്നു എന്നും അദ്ദേഹം. പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു പോലും ശാസ്‌ത്രരംഗത്തെ പുത്തന്‍ ചലനങ്ങളെക്കുറിച്ചറിയാന്‍ കൃഷ്‌ണനെ അഭയം തേടിയിരുന്നു.

കൃഷ്‌ണനെ തേടിയെത്തിയ ബഹുമതികള്‍ക്കു കണക്കില്ല. സ്വദേശത്തും വിദേശത്തും നിന്ന്‌ അസംഖ്യം ബഹുമതികള്‍ക്ക്‌ അദ്ദേഹം അര്‍ഹനായി. റോയല്‍ സൊസൈറ്റിയില്‍ ഫെലോഷിപ്പ്‌(1940), ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ സര്‍ സ്ഥാനം(1946), ഇന്ത്യന്‍ ശാസ്‌ത്ര കോണ്‍ഗ്രസിന്റെ ജനറല്‍ പ്രസിഡന്റ്‌ (1948), പത്മഭൂഷണ്‍ (1954), ദേശീയ പ്രൊഫസര്‍ സ്ഥാനം(1960), മികച്ച ശാസ്‌ത്രജ്ഞന്‌ സര്‍ക്കാര്‍ നല്‍കുന്ന ആദ്യത്തെ ശാന്തിസ്വരൂപ്‌ ഭട്‌നാഗര്‍ സമ്മാനം(1961) എന്നിവയൊക്കെ അതില്‍ പെടുന്നു. അന്താരാഷ്ട്ര ക്രിസ്റ്റലോഗ്രാഫി യൂണിയന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍ കൃഷ്‌ണനായിരുന്നു. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്യൂര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സിന്റെ വൈസ്‌ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1961 ജൂണ്‍ 14-ന്‌ ഹൃദയാഘത്തെ തുടര്‍ന്നായിരുന്നു അന്ത്യം. (കാണുക: മേഘനാഥ്‌ സാഹ, അവലംബം: Current Science, Dec 10,1998, Vigyan Prasar Sciece Portal)

Wednesday, October 17, 2007

'ഗൂഗിള്‍ഫോണ്‍' അണിയറയില്‍

അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയാണ്‌, ഗൂഗിളിന്റെ ആവനാഴിയില്‍ നിന്ന്‌ പുതിയ ആയുധം പുറത്തിറങ്ങുന്നു; സാക്ഷാല്‍ 'ഗൂഗിള്‍ഫോണ്‍'. ഗൂഗിള്‍ കമ്പനി പക്ഷേ ഇതിനോട്‌ പ്രതികരിച്ചിട്ടില്ല

പ്പിള്‍ കമ്പനി ജൂണില്‍ പുറത്തിറക്കിയ 'ഐഫോണി'ന്റെ നടുക്കത്തില്‍ നിന്ന്‌ ലോകം മുക്തമായിട്ടില്ല. നിലവിലുള്ള ഫോണ്‍ സങ്കല്‍പ്പങ്ങളില്‍ മിക്കതിനെയും കാലഹരണപ്പെടലിന്റെ ദുര്‍വിധിക്ക്‌ വിടുകയാണ്‌ ഐഫോണ്‍ ചെയ്‌തത്‌. ഇന്ത്യയുള്‍പ്പടെ ഭൂരിപക്ഷം രാജ്യങ്ങളിലും ആ മൊബൈല്‍ ഫോണ്‍ ഇതുവരെ എത്തിയിട്ടുമില്ല. അപ്പോഴേക്കുമതാ, ഐഫോണിനെയും കടത്തിവെട്ടാന്‍ പാകത്തില്‍ മറ്റൊന്ന്‌ പുറത്തുവരുന്നുവത്രേ; സാക്ഷാല്‍ ഗൂഗിളിന്റെ ആവനാഴിയില്‍ നിന്ന്‌. 'ഗൂഗിള്‍ഫോണ്‍' അഥവാ 'ജിഫോണി' (GPhone) നെ സംബന്ധിച്ച അഭ്യൂഹം സാങ്കേതിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ശക്തമായിരിക്കുകയാണ്‌.

ഗൂഗിള്‍ അടുത്തയിടെ ഫയല്‍ ചെയ്‌തിരിക്കുന്ന ചില പേറ്റന്റ്‌ അപേക്ഷകളും, സമീപമാസങ്ങളില്‍ ഗൂഗിള്‍ ചില ഐ.ടി.കമ്പനികളെ വിലയ്‌ക്കെടുത്തതും 'ഗൂഗിള്‍ഫോണ്‍' അണിയറയില്‍ ഒരുങ്ങുന്നു എന്നതിന്‌ തെളിവായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോകത്തേറ്റവും നിഗൂഢത പേറുന്ന ഓണ്‍ലൈന്‍ മാധ്യമകമ്പനിയാണ്‌ ഗൂഗിള്‍. അവരുടെ പദ്ധതികളും ഉത്‌പന്നങ്ങളും എന്തൊക്കെയാണെന്ന്‌ മുന്‍കൂട്ടി പറയാറില്ല. ഒരു ഉത്‌പന്നമോ സര്‍വീസോ ഗൂഗിളില്‍ നിന്ന്‌ പുറത്തുവരുന്നതു പോലും സാധാരണക്കാര്‍ പലപ്പോഴും അറിയുന്നത്‌ പിന്നീടായിരിക്കും. സ്വാഭാവികമായും ഗൂഗിള്‍ഫോണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ ശരിവെയ്‌ക്കാനോ നിഷേധിക്കാനോ കമ്പനി തയ്യാറായിട്ടില്ല.

മൊബൈല്‍ ഫോണുകള്‍ക്കായുള്ള സോഫ്‌ട്‌വേറുകളോ സേവനങ്ങളോ ഗൂഗിള്‍ സൃഷ്ടിക്കുന്നത്‌ യഥാര്‍ഥത്തില്‍ പുതിയ സംഗതിയല്ല. ജിമെയില്‍, ഗൂഗിള്‍ മാപ്പ്‌സ്‌/ലോക്കല്‍ തുടങ്ങിയവയുടെ മൊബൈല്‍ഫോണ്‍ വകഭേദങ്ങള്‍ ഇതിനകം ഗൂഗിള്‍ സൃഷ്ടിച്ചു കഴിഞ്ഞു. എന്നാല്‍, അടുത്തയിടെ ഫിന്നിഷ്‌ കമ്പനിയായ 'ജയ്‌ക്കു'(Jaiku)വിനെ ഗൂഗിള്‍ സ്വന്തമാക്കിയത്‌, ഗൂഗിള്‍ഫോണ്‍ തയ്യാറാകുന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്ന്‌ 'ടെക്‌നോളജി റിവ്യു' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. തങ്ങള്‍ എവിടെയാണെന്നും, എന്താണു ചെയ്യുന്നതെന്നുമുള്ള കാര്യങ്ങളെപ്പറ്റി ഹൃസ്വസന്ദേശങ്ങള്‍ വെബ്‌ വഴി പ്രസിദ്ധീകരിക്കാനോ, സുഹൃത്തുക്കളുടെ സെല്‍ഫോണുകളിലേക്ക്‌ അയച്ചുകൊടുക്കാനോ സഹായിക്കുന്ന സംവിധാനമാണ്‌ 'ജയ്‌ക്കു' നല്‍കുന്ന സേവനം. ഈ സങ്കല്‍പ്പത്തിന്‌ 'മൈക്രോബ്ലോഗിങ്‌' (microblogging) എന്നാണ്‌ പേര്‌.

'നോക്കിയ'യില്‍ പ്രോഡക്ട്‌ മാനേജരായിരുന്ന ജിറി എന്‍ഗെസ്‌ട്രോം സഹസ്ഥാപകനായിട്ടുള്ള ജയ്‌ക്കു കമ്പനി യഥാര്‍ഥത്തില്‍ മൊബൈല്‍ഫോണുകള്‍ക്ക്‌ സോഫ്‌ട്‌വേറുകള്‍ രൂപപ്പെടുത്താന്‍ വേണ്ടി ആരംഭിച്ചതാണ്‌. പിന്നീട്‌ അതിന്റെ പ്രവര്‍ത്തനം മൈക്രോബ്ലോഗിങ്‌ പോലെ വെബ്ബിലേക്കും വ്യാപിക്കുകയായിരുന്നു. ജയ്‌ക്കുവിനെ സ്വന്തമാക്കുന്നതിത്‌ ഗൂഗിള്‍ എന്തു തുക നല്‍കി തുടങ്ങിയ കാര്യങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളു. അത്തരം വിശദാംശങ്ങളെക്കാള്‍ വാചാലമാണ്‌, ആ കമ്പനിയെ ഗൂഗിള്‍ വാങ്ങിയെന്ന കാര്യമെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാലിഫോര്‍ണിയയില്‍ പാലോ ഓള്‍ട്ടോയില്‍ പ്രവര്‍ത്തിക്കുന്ന 'ആന്‍ഡ്രോയിഡ്‌' (Android) എന്ന മൊബൈല്‍ ഫോണ്‍ സോഫ്‌ട്‌വേര്‍ കമ്പനിയെ നേരത്തെ ഗൂഗിള്‍ വാങ്ങിയിരുന്നു. മൊബല്‍ഫോണ്‍ അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന സോഫ്‌ട്‌വേറുകളാണ്‌ ഈ കമ്പനി നിര്‍മിക്കുന്നത്‌. അതിന്‌ പിന്നാലെയാണ്‌ ജയ്‌ക്കുവും ഗൂഗിളിലെത്തിയിരിക്കുന്നത്‌.

ജയ്‌ക്കു കൂടാതെ മൈക്രോബ്ലോഗിങ്‌ രംഗത്തുള്ള സ്ഥാപനങ്ങളാണ്‌ 'ട്വിറ്റെര്‍' (Twitter), 'പ്ലേസെസ്‌'(Plazes), 'പൗന്‍സ്‌' (Pownce), 'ഫേസ്‌ബുക്ക്‌' (Facebook) തുടങ്ങിയവ. ഇവയെല്ലാം നല്‍കുന്ന സര്‍വീസുകള്‍ തമ്മില്‍ നേരിയ വ്യത്യാസങ്ങളേയുള്ളു. ഇവയില്‍ ട്വിറ്റെറാണ്‌ ഏറ്റവും ജനപ്രീതിയുള്ള കമ്പനി. 'നോക്കിയ S60' ഹാന്‍ഡ്‌സെറ്റിനാവശ്യമായ സോഫ്‌ട്‌വേര്‍ ഡൗണ്‍ലോഡ്‌ ചെയ്യുക പോലുള്ള സൗകര്യങ്ങള്‍ ട്വിറ്റെര്‍ നല്‍കുന്നുണ്ട്‌. ജയ്‌ക്കുവിനെ ഗൂഗിള്‍ ഏറ്റെടുത്തത്‌, മൈക്രോബ്ലോഗിങ്‌ രംഗത്തെ മറ്റ്‌ കമ്പനികള്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുന്നു എന്നതിന്റെ സൂചനയാണ്‌ നല്‍കുന്നത്‌.

സാധാരണഗതില്‍ പുതിയ ആശയങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ അവയ്‌ക്ക്‌ പേറ്റന്റ്‌അപേക്ഷ പോലും നല്‍കാത്ത കമ്പനിയാണ്‌ ഗൂഗിള്‍. അവസാനഘട്ടത്തിലാകും പേറ്റന്റ്‌ നടപടി ആരംഭിക്കുക. ആ നിലയ്‌ക്കും ഗൂഗിള്‍ഫോണ്‍ എത്താറായി എന്നാണ്‌ കരുതേണ്ടതെന്ന്‌, 'മാഡ്‌ 4 മൊബൈല്‍ ഫോണ്‍സ്‌' എന്ന ബ്ലോഗില്‍ പാട്രിക്ക്‌ അല്‍ടോഫ്‌ട്‌ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തയിടെ വളരെ വിചിത്രമായ ചില ആശയങ്ങള്‍ പേറ്റന്റ്‌ ചെയ്യാനുള്ള അപേക്ഷ ഗൂഗിള്‍ സമര്‍പ്പിച്ചിരുന്നു. ഒരു ഉപഭോക്താവ്‌ എന്താണ്‌ അന്വേഷിക്കുന്നതെന്ന്‌, മുന്‍കൂട്ടി അറിയാനും അതിനനുസരിച്ചുള്ള സെര്‍ച്ച്‌ ഫലങ്ങള്‍ മൊബൈല്‍ഫോണില്‍ എത്തിക്കാനും സഹായിക്കുന്ന സങ്കേതമാണ്‌ അവയിലൊന്ന്‌.

ഉപഭോക്താവ്‌ ഒരു നിശ്ചിത സമയത്ത്‌ ഏത്‌ സ്ഥലത്താണെന്ന്‌ മനസിലാക്കിയാണ്‌ ഇത്തരമൊരു പ്രവചനം സാധ്യമാകുന്നത്‌. അയാളുടെ സെര്‍ച്ചിങ്‌ ചരിത്രം ഇതോടൊപ്പം കൂട്ടിയിണക്കിയാണ്‌, അന്വേഷിക്കുന്നത്‌ എന്താണെന്ന്‌ മുന്‍കൂട്ടി മനസിലാക്കുകയത്രേ. ഇത്തരമൊരു സംഗതി ഗൂഗിള്‍ പുറത്തിറക്കാന്‍ പോകുന്നതായി 2000-ലെ വിഡ്‌ഢിദിനത്തില്‍ ഒരു അഭ്യൂഹം പരന്നിരുന്നു. ഉപഭോക്താവിന്റെ മനസ്സ്‌ മനസിലാക്കാന്‍ സഹായിക്കുന്ന 'ഗൂഗിള്‍ മെന്റല്‍പ്ലക്‌സ്‌' (Google MentalPlex) എന്നാണ്‌ ആ വിഡ്‌ഢിദിന സംഗതിക്ക്‌ ഇട്ടിരുന്ന പേര്‌. അത്‌ പക്ഷേ, യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്നാണ്‌ ഗൂഗിളിന്റെ പുതിയ പേറ്റന്റ്‌ അപേക്ഷ നല്‍കുന്ന സൂചനയത്രേ.

ഉദാഹരണത്തിന്‌, നിങ്ങള്‍ ന്യൂഡല്‍ഹിയില്‍ ഇടയ്‌ക്കിടെ സന്ദര്‍ശിക്കുന്ന വ്യക്തിയാണെന്നിരിക്കട്ടെ. അത്തരമൊരു സന്ദര്‍ശനത്തിനിടെ ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ നിങ്ങള്‍ കൊണാട്ട്‌പ്ലേസിലാണെന്ന്‌ സങ്കല്‍പ്പിക്കുക. ഊണ്‌ കഴിക്കാന്‍ നിങ്ങള്‍ നല്ലൊരു ഹോട്ടലാണ്‌ അപ്പോള്‍ തേടുകയെന്ന്‌ ഗൂഗിള്‍ മനസിലാക്കും. ഡല്‍ഹിയിലെത്തുമ്പോള്‍ മിക്കപ്പോഴും ഉച്ചഭക്ഷണം ഏതെങ്കിലും ചൈനീസ്‌ റസ്‌റ്റൊറണ്ടില്‍ നിന്ന്‌ കഴിക്കുന്നയാളാണ്‌ നിങ്ങളെങ്കില്‍, ഒരുമണിക്ക്‌ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിങ്ങള്‍ സെര്‍ച്ച്‌ ചെയ്യുക കൊണാട്ട്‌പ്ലേസിന്‌ സമീപത്തെ മുന്തിയ ചൈനീസ്‌ റസ്റ്റൊറണ്ടായിരിക്കും എന്ന്‌ ഗൂഗിള്‍ മനസിലാക്കും; അവിടെയുള്ള റസ്‌റ്റൊറണ്ടുകളുടെ വിവരങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെത്തുകയും ചെയ്യും.

വൈകിട്ട്‌ എട്ടുമണിക്ക്‌ നിങ്ങള്‍ മറ്റൊരു സ്ഥലത്താകും. ഏതാണ്ട്‌ ആ സമയത്ത്‌ ബാറുകള്‍ തേടുന്നയാളാണെങ്കില്‍, നിങ്ങള്‍ അപ്പോഴുള്ള സ്ഥലത്തിന്‌ സമീപത്തെ നല്ല ബാറുകളുടെ വിവരങ്ങള്‍ മുന്‍കൂട്ടി തന്നെ ഗൂഗിള്‍ നിങ്ങളെ അറിയിക്കും. രാത്രി 11-ന്‌ താമസസ്ഥലത്തെത്താന്‍ ടാക്‌സി വേണ്ടിവരുമെന്നു മനസിലാക്കി, സമീപത്തെ ടാക്‌സി സ്റ്റാന്‍ഡുകളുടെ വിവരങ്ങളും നമ്പറുകളും ഗൂഗിള്‍ മുന്നിലെത്തിക്കും. ഫോണുകളിലെ ടെക്‌സ്‌റ്റ്‌ മെസ്സേജ്‌ പേയ്‌മന്റ്‌ സംവിധാനത്തിന്‌ അടുത്തയിടെ ഗൂഗിള്‍ പേറ്റന്റ്‌ നേടിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

വന്യമായ പല പ്രവചനങ്ങളും വെളിപ്പെടുത്തലുകളും 'മൊബൈല്‍ ഫോണ്‍സ്‌' പോലുള്ള ബ്ലോഗുകള്‍ ഗൂഗിള്‍ഫോണിനെക്കുറിച്ച്‌ നടത്തുന്നുണ്ട്‌. ഗൂഗിളിന്‌ വേണ്ടി മൊബൈല്‍ഫോണുകള്‍ നിര്‍മിക്കുന്നത്‌ തയ്‌വാന്‍ കേന്ദ്രമായുള്ള 'ഹൈടെക്‌ കമ്പ്യൂട്ടര്‍' (HTC) കമ്പനിയാണെന്നും, 2007 അവസാനമാകുമ്പോഴേക്കും പത്തുലക്ഷം ഫോണുകള്‍ തയ്യാറായിട്ടുണ്ടാകുമെന്നുമാണ്‌ ഒരു റിപ്പോര്‍ട്ട്‌. ഗൂഗിള്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്കുള്ള സാങ്കേതിക സഹകരണം പ്രശസ്‌ത ഹാര്‍ഡ്‌വേര്‍ കമ്പനിയായ 'ടെക്‌സാസ്‌ ഇന്‍സ്‌ട്രുമെന്റ്‌സി' (TI) ന്റേതാണെന്നത്‌ മറ്റൊരു വിവരം. 'ഓറഞ്ച്‌ നെറ്റ്‌വര്‍ക്കി'ലാകും ഗൂഗിള്‍ ഫോണ്‍ ആദ്യം ഉപയോഗിക്കുകയെന്നും, അതിനാല്‍ അത്‌ 'ഗൂഗിള്‍/ഓറഞ്ച്‌ ഫോണുകള്‍' എന്നാകും അറിയപ്പെടുകയത്രേ.

മൊബൈല്‍ ഫോണുകളിലെ ഡേറ്റാ വിനിമയത്തിനുള്ള പുതിയ പ്രോട്ടോക്കോളാണ്‌ 'ഹൈ-സ്‌പീഡ്‌ ഡൗണ്‍ലിങ്ക്‌ പാക്കറ്റ്‌ ആക്‌സസ്‌' (HSDPA). ഒരു 3.5G സങ്കേതമാണിത്‌. വീടുകളിലുപയോഗിക്കാറുള്ള ADSL ലൈനിന്റെയത്ര വേഗത്തില്‍ മൊബൈല്‍ഫോണില്‍ ഡൗണ്‍ലോഡ്‌ സാധ്യമാകുന്ന ഈ സങ്കേതത്തിന്‌ പകരം, കുറച്ചുകൂടി നിലവാരം കുറഞ്ഞ EDGE (Enhanced Data rates for GSM Evolution) സങ്കേതമാകും ഗൂഗിള്‍ഫോണുകളില്‍ ഉപയോഗിക്കുകയത്രേ. ഗൂഗിളിന്റെ രീതിക്കനുസരിച്ച്‌ ഇത്‌ പ്രതീക്ഷിക്കാനാവത്തതാണെന്ന്‌ പാട്രിക്ക്‌ അല്‍ടോഫ്‌ട്‌ റിപ്പോര്‍ട്ടു ചെയ്യുന്നു. ഏതായാലും നിജസ്ഥിതി അറിയാനിരിക്കുന്നതേയുള്ളു. അഭ്യൂഹങ്ങള്‍ക്ക്‌ വിരാമമിടേണ്ടത്‌ ഗൂഗിളാണ്‌. അവര്‍ അതിന്‌ തയ്യാറാകുന്നതു വരെ കാക്കുകയേ മാര്‍ഗമുള്ളു. (കാണുക: ഗൂഗിള്‍ വിസ്‌മയം-1, 2, 3, 4. അവലംബം: ടെക്‌നോളജി റിവ്യു)

ഭീമന്‍ ദിനോസര്‍

അര്‍ജന്റീനയില്‍ നിന്ന്‌ ഒരു അപൂര്‍വ കണ്ടെത്തല്‍
നാലുനില കെട്ടിടത്തിന്റെയത്ര പൊക്കമുള്ള ഒരു ജീവിയെ സങ്കല്‍പ്പിച്ചു നോക്കൂ; എന്തൊരു രൂപമായിരിക്കുമല്ലേ അത്‌. എട്ടുകോടി വര്‍ഷം മുമ്പ്‌ ഭൂമുഖത്ത്‌ നിലനിന്നിരുന്ന അത്രയും വലിപ്പമുള്ള ഒരു ഭീമന്‍ ദിനോസറിന്റെ ഫോസില്‍ ഏതാണ്ട്‌ പൂര്‍ണരൂപത്തില്‍ തന്നെ കണ്ടെടുത്തിരിക്കുകയാണ്‌, ദക്ഷിണഅമേരിക്കയിലെ ഒരുസംഘം ഗവേഷകര്‍. ലോകത്ത്‌ ഇന്നുവരെ കണ്ടെത്തിയ ഏറ്റവും ഭീമാകാരമാര്‍ന്ന മൂന്നു ദിനോസറുകളിലൊന്ന്‌ അതാണത്രേ. അതൊരു പുതിയ ഇനത്തില്‍ പെട്ട ദിനോസറാണെന്നും ഗവേഷകര്‍ പറയുന്നു.

അര്‍ജന്റീനയില്‍ പാറ്റഗോനിയ മേഖലയില്‍ നിന്നാണ്‌ ഫോസില്‍ കണ്ടെത്തിയത്‌; ന്യൂക്വെന്‍ പ്രവിശ്യയിലെ ബരിയല്‍സ്‌ തടാകത്തിന്റെ തീരത്തുനിന്ന്‌. ഏതാണ്ട്‌ 105 അടി നീളമുള്ള ആ ദിനോസറിന്‌ 'ഫ്യുറ്റാലോഗ്‌ന്‍കോസാറസ്‌ ഡ്യൂകേയ്‌' (Futalognkosaurus dukei) എന്നാണ്‌ പേരു നല്‍കിയിട്ടുള്ളത്‌. പേരിന്റെ ആദ്യഭാഗം കടംകൊണ്ടത്‌ പ്രാദേശിക മപുച്ചെ ഭാഷയിലെ 'പല്ലികളുടെ ഭീമന്‍ തലവന്‍' എന്ന പ്രയോഗത്തില്‍ നിന്നാണ്‌. അര്‍ജന്റീന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ക്ക്‌ ഉത്‌ഖനനത്തിന്‌ ധനസഹായം നല്‍കിയ, അമേരിക്കന്‍ ഊര്‍ജക്കമ്പനി 'ഡ്യൂക്ക്‌ എനര്‍ജി കോര്‍പ്പറേഷനി'ല്‍ നിന്നാണ്‌ ദിനോസര്‍ പേരിന്റെ രണ്ടാംഭാഗം വന്നത്‌. 2000-ലാണ്‌ ഉത്‌ഖനനം തുടങ്ങിയത്‌.

ലോകത്ത്‌ ജീവിച്ചിരുന്ന ദിനോസറുകളില്‍ ഏറ്റവും ഭീമന്‍മാരില്‍ ഒന്ന്‌ മാത്രമല്ല, ഇത്രയും പൂര്‍ണരൂപത്തില്‍ ഫോസില്‍ കിട്ടുന്നതും അപൂര്‍വമാണെന്ന്‌, അര്‍ജന്റീനയില്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ കൊമാഹ്യുവിന്‌ കീഴിലുള്ള പാലിയന്റോളജി കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജോര്‍ജ്‌ കാല്‍വോ അറിയിക്കുന്നു. ഏതാണ്ട്‌ 70 ശതമാനവും പൂര്‍ണരൂപത്തിലുള്ളതാണ്‌ ഫോസില്‍. മുമ്പ്‌ കണ്ടെത്തിയിട്ടുള്ള ഭീമന്‍ ദിനോസര്‍ ഫോസിലുകള്‍ പത്തുശതമാനം മാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌. "ഇതൊരു പുതിയ ഇനമാണ്‌, പുതിയ ഗ്രൂപ്പില്‍ പെട്ടത്‌"-അര്‍ജന്റീനന്‍ പലിയന്റോളജിസ്‌റ്റ്‌ ജുവാന്‍ പോര്‍ഫിരി അറിയിച്ചു.

9.7 കോടി വര്‍ഷം മുമ്പു മുതല്‍ 6.6 കോടി വര്‍ഷം മുമ്പു വരെ നീളുന്ന 'ലേറ്റ്‌ ക്രിറ്റേഷ്യസ്‌ യുഗ'ത്തില്‍ ജീവിച്ചിരുന്ന ഇവയ്‌ക്ക്‌ ഭീമന്‍ കഴുത്താണ്‌ ഉണ്ടായിരുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു. അക്കാലത്തെ ചില മൃഗങ്ങളുടെയും മത്സ്യത്തിന്റെയും ഇലകളുടെയും ചീങ്കണ്ണികളെ അനുസ്‌മരിപ്പിക്കുന്ന രണ്ട്‌ ജീവികളുടെയും ഒട്ടേറെ ദിനോസറുകളുടെയും ഫോസിലുകള്‍, ഉത്‌ഖനനം നടന്ന ചെറിയൊരു സ്ഥലത്തുനിന്ന്‌ ഗവേഷകര്‍ കണ്ടെത്തി.

ദിനോസര്‍ ഭീമന്‍ നദിയിലൂടെ ഒഴുകിയെത്തി തടഞ്ഞു നിന്നപ്പോള്‍, ഒഴുകിയെത്തിയ മറ്റ്‌ ജീവികളും അതില്‍ തട്ടി അവിടെ കുടുങ്ങിയതാണെന്നു കരുതുന്നു. ശരിക്കുമൊരു പ്രാചീന ആവാസവ്യവസ്ഥയുടെ ഫോസില്‍ പതിപ്പാണ്‌ ഗവേഷകരെ അവിടെ കാത്തിരുന്നത്‌. 'അനല്‍സ്‌ ഓഫ്‌ ദി ബ്രസീലിയന്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ ഈ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (കടപ്പാട്‌:റോയിട്ടേഴ്‌സ്‌, എ.എഫ്‌.പി, ബി.ബി.സി.ന്യൂസ്‌).

Sunday, October 14, 2007

നേത്രരോഗികള്‍ക്ക്‌ ആശ്വാസമേകാന്‍ കൃത്രിമ കോര്‍ണിയ

നേത്രരോഗികള്‍ക്ക്‌ ആശ്വാസമേകാന്‍ പുതിയൊരിനം കൃത്രിമ കോര്‍ണിയ രംഗത്തെത്തുന്നു. കണ്ണിലെ സുപ്രധാന ഭാഗമായ കോര്‍ണിയയ്‌ക്ക്‌ രോഗം മൂലമോ അല്ലാതെയോ തകരാര്‍ പറ്റിയ ഒരു കോടി ആളുകള്‍ ഭൂമുഖത്തുണ്ടെന്നാണ്‌ കണക്ക്‌. അത്തരക്കാര്‍ക്ക്‌ സുരക്ഷിതമായ രീതിയില്‍ ഉപയോഗിക്കാവുന്ന കൃത്രിമ കോര്‍ണിയ, അടുത്തവര്‍ഷം മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

കോര്‍ണിയ മാറ്റിവെയ്‌ക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ കാര്യമായി കുറയ്‌ക്കുന്ന രീതിയിലാണ്‌ പുതിയ കൃത്രിമ കോര്‍ണിയയുടെ രൂപകല്‍പ്പന. ജര്‍മനിയില്‍ പോട്ട്‌സ്‌ഡാമിലെ 'ഫ്രാന്‍ഹോഫര്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ലെ ജൊവാച്ചിം സ്‌റ്റോര്‍സ്‌ബര്‍ഗും സംഘവുമാണ്‌, പ്രോട്ടീന്‍ പൂശിയ പോളിമര്‍ ഉപയോഗിച്ച്‌ കൃത്രിമ കോര്‍ണിയ രൂപപ്പെടുത്തിയത്‌. ഇപ്പോള്‍ ലഭ്യമായ കൃത്രിമ കോര്‍ണിയകളിലെ പോരായ്‌മകള്‍ മിക്കതും ഇതില്‍ പരിമതിപ്പെടുത്തിയിട്ടുള്ളതായി, അമേരിക്കയില്‍ യേല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ നേത്രരോഗ വിദഗ്‌ധനായ ഡോ.ജോണ്‍ ഹുവാങ്‌ പറയുന്നു. മുയലുകളില്‍ ഇത്‌ പരീക്ഷിച്ചപ്പോള്‍ നല്ല ഫലമാണ്‌ ലഭിച്ചത്‌.

വലിയൊരു കഷണം പ്ലാസ്റ്റിക്കാണ്‌ ഇപ്പോള്‍ കോര്‍ണിയ മാറ്റിവെയ്‌ക്കാന്‍ ഉപയോഗിക്കുന്നത്‌. രോഗിയുടെ കോര്‍ണിയ കോശഭാഗങ്ങള്‍ പ്ലാസ്റ്റിക്കിന്‌ മുകളിലൂടെ വളര്‍ന്ന്‌ കാഴ്‌ച തടസ്സപ്പെടുത്താതിരിക്കാനാണ്‌ വലിയ പ്ലാസ്റ്റിക്ക്‌ കഷണം ഉപയോഗിക്കുന്നത്‌. വലിപ്പക്കൂടുതല്‍ കൊണ്ട്‌ അത്‌ നേത്രത്തില്‍ നേരിട്ടു തുന്നിപ്പിടിപ്പിക്കുക ബുദ്ധിമുട്ടാണ്‌. അണുബാധയ്‌ക്കും നീര്‍വീക്കത്തിനും ചിലപ്പോള്‍ കണ്ണിന്റെ കാഴ്‌ച തന്നെ പൂര്‍ണമായി നഷ്ടപ്പെടാനും തുന്നലിലെ മുറിവുകള്‍ കാരണമാകാം.

എന്നാല്‍, വെള്ളം പിടിക്കാത്ത പോളിമറാണ്‌ പുതിയയിനം കൃത്രിമ കോര്‍ണിയയില്‍ ഉപയോഗിച്ചിട്ടുള്ളത്‌. അതിനാല്‍ അത്‌ നേത്രത്തിലെ ശ്രവങ്ങള്‍ ആഗിരണം ചെയ്‌ത്‌ വീര്‍ത്തുവരില്ല. മാത്രമല്ല, മുകളിലൂടെ കോശപാളികള്‍ വളരാനും അനുവദിക്കില്ല. കൃത്രിമ കോര്‍ണിയയുടെ മധ്യഭാഗത്ത്‌ ഇത്‌ അനുഗ്രഹമാണ്‌. കാരണം കോശപാളികള്‍ വളരാത്തതിനാല്‍ കാഴ്‌ചയ്‌ക്ക്‌ മങ്ങലുണ്ടാകില്ല. അതേസമയം, കൃത്രിമ കോര്‍ണിയുടെ അരികുകള്‍ക്ക്‌ മുകളിലൂടെ കോശപാളികള്‍ വളര്‍ന്നില്ലെങ്കില്‍, അത്‌ കണ്ണില്‍ ഉറച്ചിരിക്കില്ല. അതിന്‌ കൃത്രിമ കോര്‍ണിയായി ഉപയോഗിക്കുന്ന പോളിമര്‍ കഷണത്തിന്റെ അരികുകളില്‍, കോശങ്ങളെ ആകര്‍ഷിക്കാനായി പ്രത്യേക പ്രോട്ടീന്‍ പൂശിയിട്ടുണ്ട്‌.

അത്തരത്തില്‍ പ്രത്യേക പ്രോട്ടീന്‍ ആവരണം ഉള്ളതിനാല്‍ നേത്രത്തില്‍ അത്‌ ബലമായി ഉറച്ചിരിക്കും-'ടെക്‌നോളി റിവ്യു'വില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സ്‌റ്റോര്‍സ്‌ബര്‍ഗ്‌ പറയുന്നു. മുകളിലൂടെയുള്ള കോശവളര്‍ച്ച തടയുന്നതില്‍ വലിപ്പം കുറഞ്ഞ പോളിമര്‍ കഷണം മതി പുതിയ കൃത്രിമ കോര്‍ണിയയുടെ നിര്‍മിതിക്ക്‌. വലിപ്പം കുറവായതിനാല്‍ അത്‌ കണ്ണില്‍ സുരക്ഷിതമായി തുന്നിച്ചേര്‍ക്കാനും കഴിയും. മാത്രമല്ല, നിലവിലുള്ള രീതി പോലെ, കോര്‍ണിയ മാറ്റിവെയ്‌ക്കാന്‍ ദാതാവില്‍ നിന്നുള്ള കോശപാളികളുട ആവശ്യവും വരുന്നില്ല, അതും വലിയ നേട്ടമാണ്‌-ഡോ. ഹുവാങ്‌ അറിയിക്കുന്നു. കോര്‍ണിയ ദാതാക്കളുടെ എണ്ണം കുറവായതിനാല്‍ മോശപ്പെട്ട കോശപാളികള്‍ പലപ്പോഴും ഉപയോഗിക്കേണ്ടി വരും. പുതിയ മാര്‍ഗത്തില്‍ അതിന്റെ പ്രശ്‌നമില്ല-അദ്ദേഹം പറയുന്നു.(അവലംബം: ടെക്‌നോളജി റിവ്യു, കടപ്പാട്‌: മാതൃഭൂമി)

Saturday, October 13, 2007

ആഗോളതാപനം ചെറുക്കാനുള്ള ശ്രമത്തിന്‌ സമാധാന നോബല്‍

ഇന്റര്‍ ഗവണ്‍മെന്റര്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചും (IPCC), മുന്‍ യു.എസ്‌.വൈസ്‌ പ്രസിഡന്റ്‌ അല്‍ ഗോറും ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു

നോബല്‍ കമ്മിറ്റിയും ഒടുവില്‍ ആ സത്യം അംഗീകരിച്ചു; ഭൂമിക്കു ചൂടുപിടിക്കുകയാണ്‌, മനുഷ്യനാണ്‌ അതിന്‌ ഉത്തവാദി. മനുഷ്യപ്രേരിതമായ ആഗോളതാപനം ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ കരുത്തേകിയതിന്‌ മുന്‍ യു.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ആല്‍ബര്‍ട്ട്‌ ആര്‍നോള്‍ഡ്‌ (അല്‍) ഗോര്‍ ജൂനിയറിനും യു. എന്നിനു കീഴിലുള്ള 'ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിനും' (IPCC) 2007-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സമ്മാനിക്കുക വഴി നോര്‍വീജിയന്‍ നോബല്‍ കമ്മറ്റി ചെയ്‌തിരിക്കുന്നത്‌ അതാണ്‌. ഈ നോബല്‍ പ്രഖ്യാപനത്തില്‍ ഇന്ത്യയ്‌ക്കും അഭിമാനിക്കാന്‍ വകയുണ്ട്‌. സമാധാന നോബല്‍ പങ്കിട്ട ഐ.പി.സി.സി.യുടെ ചെയര്‍മാന്‍ പ്രശസ്‌ത ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍ ഡോ.രാജേന്ദ്ര പച്ചൂരിയാണ്‌.

സമാധാന പുരസ്‌കാര പ്രഖ്യാപനം പ്രതീക്ഷിച്ചതു തന്നെയാണ്‌. ആഗോളതാപനത്തിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഇനി അവഗണിക്കാനാകില്ലെന്നും, അത്തരം ശ്രമങ്ങളില്‍ മുഴുകിയിട്ടുള്ള മുന്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ്‌ അല്‍ ഗോറിനെ നോബല്‍ കമ്മറ്റി പരിഗണിച്ചേക്കുമെന്നും പല വിദഗ്‌ധരും പ്രവചിച്ചിരുന്നു. എന്നാല്‍, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച അവസാന വാക്കായ ഐ.പി.സി.സിയെക്കൂടി അംഗീകരിച്ചിരിക്കുക വഴി നോബല്‍ കമ്മറ്റി ആ പ്രതീക്ഷകളെ കടത്തി വെട്ടിയിരിക്കുകയാണ്‌. ഭൂമി നിലവില്‍ നേരിടുന്ന ആഗോളതാപന ഭീഷണിക്ക്‌ 90 ശതമാനവും മനുഷ്യന്‍ തന്നെയാണ്‌ ഉത്തരവാദിയെന്നു വ്യക്തമാക്കുന്ന, ഐ.പി.സി.സിയുടെ നാലാം വിലയിരുത്തല്‍ റിപ്പോര്‍ട്ട്‌ (Fourth Assessment Report) 1997-ലാണ്‌ പുറത്തിറങ്ങിയത്‌. ആ നിലയ്‌ക്കും ഈ പുരസ്‌കാര ലബ്ധി പ്രാധാന്യമര്‍ഹിക്കുന്നു.

ഐ.പി.സി.സി

കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി തുടരുന്ന ഗവേഷണങ്ങളിലൂടെ, മനുഷ്യപ്രവര്‍ത്തനങ്ങളും ആഗോളതാപനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശാല ധാരണയുണ്ടാക്കാന്‍ ഐ.പി.സി.സിക്ക്‌ കഴിഞ്ഞതായി നോബല്‍ കമ്മറ്റി വിലയിരുത്തി. ലോക കാലാവസ്ഥാ സംഘടയും (WMO) യു.എന്‍.പരിസ്ഥിതി സംഘടനയും (UNEP) ചേര്‍ന്ന്‌ 1988-ലാണ്‌ ഐ.പി.സി.സിക്ക്‌ രൂപംനല്‍കുന്നത്‌. 130-ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 2500 പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ അംഗങ്ങളായ ഈ സമിതി, ഭൂമുഖത്തെ ഏറ്റവും വലിയ ശാസ്‌ത്രസമിതിയാണ്‌. ഐ.പി.സി.സി. നിലവില്‍ വരുന്ന സമയത്ത്‌ ആഗോളതാപനം വെറും അനുമാനമോ വ്യാജപ്രചാരണമോ ആയി മാത്രമാണ്‌ വലിയൊരു വിഭാഗം കണ്ടിരുന്നത്‌. എന്നാല്‍, ആ സ്ഥിതി തൊണ്ണൂറുകളില്‍ മാറി. ആഗോളതാപനത്തിന്‌ ശാസ്‌ത്രീയ അടിത്തറ ഉണ്ടായി. അതിന്‌ കാരണമായത്‌ ഐ.പി.സി.സി. തന്നെയാണ്‌.

'യു.എന്‍.ഫ്രേംവര്‍ക്ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചി'ലെ വ്യവസ്ഥകള്‍ നടക്കാനാവശ്യമായ വിഷയങ്ങളെക്കുറിച്ച്‌ പ്രസക്തമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക എന്നതാണ്‌ ഐ.പി.സി.സി.യുടെ പ്രധാന ഉത്തരവാദിത്വം. കാലാവസ്ഥാ വ്യതിയാനം ഏതെല്ലാം മേഖലകളില്‍ ആഘാതം സൃഷ്ടിക്കുമെന്നും അതിന്‌ പരിഹാര പ്രക്രിയ എങ്ങനെ സാധ്യമാണെന്നുമുള്ള കാര്യമാണ്‌ ഐ.പി.സി.സിയുടെ പരിഗണനാ വിഷയം. സമിതി അതിന്റെ ആദ്യ വിലയിരുത്തല്‍ റിപ്പോര്‍ട്ട്‌ 1990-ലാണ്‌ പ്രസിദ്ധീകരിച്ചത്‌. അതിനൊരു അനുബന്ധ റിപ്പോര്‍ട്ട്‌ 1992-ല്‍ പുറത്തുവന്നു. രണ്ടാം റിപ്പോര്‍ട്ട്‌ 1995-ലും, മൂന്നാം റിപ്പോര്‍ട്ട്‌ 2001-ലും പ്രസിദ്ധീകരിച്ചു. 2001-ലെ റിപ്പോര്‍ട്ട്‌ പ്രകാരം, ഭൂമി ചൂടുപിടിക്കുന്നതില്‍ മനുഷ്യപ്രവര്‍ത്തനങ്ങളുടെ പങ്ക്‌ 60 ശതമാനം എന്നാണ്‌ വിലയിരുത്തിയിരുന്നത്‌. എന്നാല്‍, 2007-ല്‍ പുറത്തിറക്കിയ നാലം റിപ്പോര്‍ട്ടില്‍ അത്‌ 90 ശതമാനമായി. എന്നുവെച്ചാല്‍, ആഗോളതാപനത്തിന്റെ കാര്യത്തില്‍ മനുഷ്യന്‌ ഇനിയൊരു ഒളിച്ചോട്ടത്തിന്‌ പഴുതില്ല എന്ന്‌ ഐ.പി.സി.സി. അതിന്റെ നാലം റിപ്പോര്‍ട്ടിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

ഡോ. രാജേന്ദ്ര പച്ചൂരി ഐ.പി.സി.സിയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നത്‌ 2002-ലാണ്‌. ആഗോളതാപന പ്രശ്‌നത്തില്‍ അമേരിക്കയിലെ ജോര്‍ജ്‌ ബുഷ്‌ ഭരണകൂടത്തിന്റെ അപ്രീതിയ്‌ക്കിരയായ റോബര്‍ട്ട്‌ വാട്ട്‌സന്റെ പിന്‍ഗാമിയാണ്‌ ഡോ.പച്ചൂരി. 1940 ആഗസ്‌ത്‌ 20ന്‌ നൈനിറ്റാളില്‍ ജനിച്ച പച്ചൂരി, അമേരിക്കയിലെ നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയില്‍ നിന്നാണ്‌ ഇന്‍ഡസ്‌ട്രിയല്‍ എഞ്ചിനിയറിങില്‍ ബിരുദാനന്തര ബിരുദം നേടുന്നത്‌; 1972-ല്‍. അതേ വിഷയത്തില്‍ തന്നെ ഗവേഷണ ബിരുദം നേടിയ അദ്ദേഹം, പിന്നീട്‌ സാമ്പത്തികശാസ്‌ത്രത്തിലും പി.എച്ച്‌.ഡി.നേടി.

അമേരിക്കയിലും ഇന്ത്യയിലും വിവിധ സര്‍വകലാശാലകളില്‍ അധ്യാപനായിരുന്ന ഡോ.പച്ചൂരി, 1994-1999 കാലത്ത്‌ യു.എന്‍.വികസന പ്രോഗ്രാം (UNDP) അഡ്‌മിനിസ്‌ട്രേറ്ററുടെ ഉപദേശകരില്‍ ഒരാളായിരുന്നു. 1992 മുതല്‍ 'ഏഷ്യന്‍ എനര്‍ജി ഇന്‍സ്‌റ്റിട്ട്യൂട്ടി'ന്റെ അധ്യക്ഷനായിരുന്ന ഡോ. പച്ചൂരിയിപ്പോള്‍ മുന്‍ യു.എന്‍.സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ സ്ഥാപിച്ച 'ഗ്ലോബല്‍ ഹ്യുമനിറ്റേറിയന്‍ ഫോറ'ത്തില്‍ ബോര്‍ഡ്‌ അംഗമാണ്‌. 25 വര്‍ഷം മുമ്പ്‌ 'ടാറ്റ എനര്‍ജി റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌' (TERI) സ്ഥാപിച്ചപ്പോള്‍ മുതല്‍ അതിന്റെ മേധാവിയായിരുന്നു. ഐ.പി.സി.സി. അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോഴാണ്‌ അദ്ദേഹം മാറിയത്‌. ഊര്‍ജവും വ്യവസായവുമായി ബന്ധപ്പെട്ട്‌ 23 ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ഡോ.പച്ചൂരി, ഒട്ടേറെ ശാസ്‌ത്ര പ്രബന്ധങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌. 2001-ല്‍ അദ്ദേഹത്തെ പത്മഭുഷന്‍ നല്‍കി രാഷ്ട്രം ആദരിച്ചു.

അല്‍ ഗോര്‍

പരിസ്ഥിതി വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ലോകത്തെ ഏറ്റവും പ്രശസ്‌തനായ രാഷ്ട്രീയ നേതാവാണ്‌ അല്‍ ഗോര്‍. 1997-ല്‍ ക്യോട്ടോയില്‍ നടന്ന നിര്‍ണായക യു.എന്‍. കാലവസ്ഥാ സമ്മേളനത്തില്‍ അമേരിക്കന്‍ സംഘത്തെ നയിച്ചത്‌ അദ്ദേഹമായിരുന്നു. എന്നാല്‍, ജോര്‍ജ്‌ ബുഷ്‌ അധികാരത്തിലെത്തി ആദ്യം ചെയ്‌ത കാര്യം ക്യോട്ടോഉടമ്പടി അമേരിക്ക അംഗീകരിക്കുന്നില്ല എന്ന പ്രഖ്യാപനമായിരുന്നു എന്നത്‌ വേറെ കാര്യം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച കാര്യങ്ങള്‍ യു.എന്നിന്‌ പുറത്ത്‌ അമേരിക്കന്‍ വ്യവസായ താത്‌പര്യങ്ങള്‍ക്ക്‌ അനുസൃതമായ രീതിയില്‍ മാറ്റിയെടുക്കാന്‍ ബുഷും സംഘവും ഊര്‍ജിതശ്രമം നടത്തുന്ന സമയത്തു തന്നെ, അല്‍ ഗോറിന്‌ പുരസ്‌കാരം നല്‍കുക വഴി നോബല്‍ കമ്മറ്റി ശക്തമായ സന്ദേശമാണ്‌ പുറപ്പെടുവിച്ചിരിക്കുന്നത്‌. സമാധാനത്തിനുള്ള ഈ നോബല്‍ പലരുടെയും സമാധാനം കെടുത്തുമെന്ന്‌ സാരം. സാധാരണഗതില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളോട്‌ അനുഭാവം പ്രകടിപ്പിക്കുന്ന തീരുമാനമാണ്‌ നോബല്‍ സമാധാന കമ്മറ്റി കൈക്കൊള്ളാറുള്ളതെങ്കിലും ഇത്തവണ ചുവടു മാറ്റിയിരിക്കുന്നു. പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും, പ്രഭാഷണങ്ങള്‍, സിനിമകള്‍, ഗ്രന്ഥങ്ങള്‍ എന്നിവ വഴിയും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം 59-കാരനായ അല്‍ ഗോര്‍ ശക്തിപ്പെടുത്തിയതായി നോബല്‍ കമ്മറ്റി വിലയിരുത്തി.

1948 മാര്‍ച്ച്‌ 31-ന്‌ വാഷിങ്‌ടണ്‍ ഡി.സി.യില്‍ ജനിച്ച അല്‍ ഗോര്‍, അമേരിക്കയിലെ ഡെമോക്രാറ്റിക്‌ രാഷ്ട്രീയത്തിന്‌ കരുത്തു പകര്‍ന്ന നേതാവാണ്‌. 1977-1985 കാലത്ത്‌ യു.എസ്‌. പ്രതിനിധിസഭയില്‍ അദ്ദേഹം അംഗമായിരുന്നു. 1985-1993 കാലത്ത്‌ ടെന്നസ്സിയില്‍ നിന്നുള്ള സെനറ്റ്‌ പ്രതിനിധിയായി പ്രവര്‍ത്തിച്ച അദ്ദേഹം, 1991-2001 ല്‍ ബില്‍ ക്ലിന്റനു കീഴില്‍ അമേരിക്കയുടെ നാല്‌പത്തി അഞ്ചാം വൈസ്‌ പ്രസിഡന്റായി. 200-ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റ്‌ സ്ഥാനാര്‍ഥിയായെങ്കിലും തിരഞ്ഞെടുപ്പ്‌ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജോര്‍ജ്‌ ബുഷിനോട്‌ പരാജയം സമ്മതിച്ചു.

പക്ഷേ, അതുകൊണ്ട്‌ അല്‍ ഗോര്‍ പൊതുരംഗം വിട്ടില്ല. പരിസ്ഥിതി വിഷയങ്ങളില്‍, പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിഷയത്തില്‍ പ്രചാരണവും ബോധവത്‌ക്കരണവും തുടര്‍ന്നു. ഇതു സംബന്ധിച്ച്‌ താന്‍ നടത്താറുള്ള പ്രഭാഷണങ്ങളുടെ സംക്ഷിപ്‌ത രൂപം 'ആന്‍ ഇന്‍കണ്‍വീനിയന്റ്‌ ട്രൂത്ത്‌' എന്ന പേരില്‍ അദ്ദേഹം സിനിമയാക്കി. ചാര്‍ട്ടുകളും ഡേറ്റാകളും നിറഞ്ഞ ആ സിനിമ ഒരു സ്ലൈഡ്‌ ഷോയുടെ തോന്നലാണ്‌ ഉളവാക്കുന്നതെങ്കിലും, അത്‌ ബോക്‌സോഫീസ്‌ ഹിറ്റായി; രണ്ട്‌ ഓസ്‌കറുകളും നേടി (ഒരു ഓസ്‌കര്‍ ഗാനത്തിലുള്ളതായിരുന്നെങ്കിലും). വര്‍ഷങ്ങളായി അല്‍ ഗോര്‍ നടത്തിവന്ന പ്രചാരണങ്ങള്‍ക്ക്‌ എത്ര മൂല്യമുണ്ടെന്ന്‌ നോബല്‍ കമ്മറ്റി അവരുടെ തീരുമാനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ലോകത്ത്‌ ഏറ്റവുമധികം ഹരിതഗൃഹ വാതകങ്ങള്‍ പുറത്തു വിടുന്ന അമേരിക്കയ്‌ക്ക്‌, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശ്രമങ്ങളില്‍ നിന്ന്‌ ഇനി പുറംതിരിഞ്ഞു നില്‍ക്കാനാവില്ല എന്നും ഈ നോബല്‍ പ്രഖ്യാപനം വ്യക്തമാക്കുന്നു.(കാണുക: ആഗോളതാപനം: ഒളിച്ചോട്ടത്തിന്‌ പഴുതില്ല, പ്രതിസ്ഥാനത്ത്‌ മനുഷ്യന്‍ തന്നെ) (അവലംബം: നോബല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ്‌, ഐ.പി.സി.സി, വിക്കിപീഡിയ).

Thursday, October 11, 2007

പ്രതല രസതന്ത്രത്തിന്റെ ആചാര്യന്‌ നോബല്‍

ജറാഡ്‌ എര്‍ട്ടല്‍ ആ പുത്തന്‍ പഠനശാഖയ്‌ക്ക്‌ ശാസ്‌ത്രീയ അടിത്തറ സ്ഥാപിക്കുകയായിരുന്നു എന്ന്‌ വിലയിരുത്തല്‍. ഖരപ്രതലങ്ങളില്‍ രാസപ്രവര്‍ത്തനം നടക്കുന്നതെങ്ങനെ എന്നതിന്റെ വിശദാംശങ്ങളാണ്‌ അദ്ദേഹം കണ്ടെത്തിയത്‌

രപ്രതലങ്ങളില്‍ എങ്ങനെയാണ്‌ ആറ്റങ്ങളും തന്മാത്രകളും പെരുമാറുന്നത്‌. രാസപ്രവര്‍ത്തന വേളയില്‍ അവയ്‌ക്ക്‌ എന്തു സംഭവിക്കും. ഇക്കാര്യം പഠിക്കുന്നത്‌, പരമ്പരാഗത കെമിസ്‌ട്രി ലാബില്‍ ടെസ്റ്റ്‌ട്യൂബില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ അത്രയും ലളിതമല്ല. വാക്വം ചേമ്പറുകളും ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പും മാലിന്യമുക്തമായ മുറികളും, ഒപ്പം അതിനൂതന രീതിശാസ്‌ത്രങ്ങളും അത്യഗാധ സൂക്ഷ്‌മതയും ഒക്കെയുണ്ടെങ്കിലേ അതിന്‌ കഴിയൂ. അതാണ്‌ 'പ്രതല രസതന്ത്ര'ത്തിന്റെ (Surface Chemistry) ലോകം. എന്തുകൊണ്ട്‌ ഖരപ്രതലങ്ങളിലെ രാസപ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഇത്രയും പണിപ്പെടണം എന്നു തോന്നാം. നിത്യജീവിതത്തില്‍ നമുക്ക്‌ പരിചിതമായ ഒട്ടേറെ സംഗതികളുടെ വിശദീകരണം ഈ പഠനമേഖലയാണ്‌ നല്‍കുന്നത്‌. അത്‌ ഇരുമ്പ്‌ തുരുമ്പു പിടിക്കുന്നതാകാം, കൃത്രിമ രാസവളങ്ങള്‍ നിര്‍മിക്കുന്നതാകാം, കാറിലെ പുകക്കുഴലില്‍ വെച്ച്‌ പുകയിലെ വിഷാംശം ഇല്ലാതാക്കുന്നതാകാം, ഓസോണ്‍ പാളിക്ക്‌ ശോഷണം സംഭവിക്കുന്നതാകാം (സ്‌ട്രാറ്റോസ്‌ഫിയറില്‍ മഞ്ഞുപരലുകളുടെ പ്രതലത്തില്‍ നടക്കുന്ന രാസപ്രക്രിയയിലൂടെ).

1960-കള്‍ മുതല്‍ അര്‍ധചാലക നിര്‍മാണത്തില്‍ ഉപയോഗിച്ചു വന്ന വാക്വം സങ്കേതങ്ങളുടെ ചുവടുപിടിച്ചാണ്‌ പ്രതല രസതന്ത്രത്തിന്റെ മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞത്‌. ഈ പുത്തന്‍ പഠനശാഖയുടെ സാധ്യത ആദ്യമേ തിരിച്ചറിയുകയും, അതിനാവശ്യമായ ശാസ്‌ത്രീയ അടിത്തറ സൃഷ്ടിക്കുകയും ചെയ്‌ത ഗവേഷകാനാണ്‌ ജറാഡ്‌ എര്‍ട്ടല്‍ (Gerhard Ertl) എന്ന ജര്‍മന്‍കാരന്‍. പ്രതല രസതന്ത്രത്തിന്റെ ആചാര്യപദവിക്ക്‌ അര്‍ഹനായ അദ്ദേഹം 1997-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അര്‍ഹനായി. നോബല്‍ സമ്മാനം പ്രഖ്യാപിക്കപ്പെട്ട ഒക്ടോബര്‍ 10-ന്‌ 71 തികഞ്ഞ എര്‍ട്ടലിന്‌ പിറന്നാള്‍ സമ്മാനം പോലെയായി ആ ബഹുമതി. "ഒരാള്‍ക്കു നല്‍കാവുന്ന ഏറ്റവും മുന്തിയ പിറന്നാല്‍ സമ്മാനമാണിത്‌"-അദ്ദേഹം പറയുന്നു. വ്യത്യസ്‌ത പരീക്ഷണങ്ങളിലൂടെ ഘട്ടംഘട്ടമായി പ്രതല രാസപ്രവര്‍ത്തനങ്ങളുടെ പൂര്‍ണചിത്രം കാട്ടിത്തരികയാണ്‌ എര്‍ട്ടല്‍ ചെയ്‌തതെന്ന്‌ നോബല്‍ കമ്മറ്റി വിലയിരുത്തി. അങ്ങേയറ്റം സൂക്ഷ്‌മതയും വൈദഗ്‌ധ്യവും ആവശ്യമുള്ള പരീക്ഷണങ്ങളിലൂടെ, പ്രതല രസതന്ത്രത്തിലെ അടിസ്ഥാന പ്രക്രിയകള്‍ എര്‍ട്ടല്‍ കണ്ടെത്തുകയായിരുന്നു.

ലോഹപ്രതലങ്ങളില്‍ ഹൈഡ്രജന്‍ വാതകം എങ്ങനെ പെരുമാറുന്നു എന്നായിരുന്നു എര്‍ട്ടലിന്റെ ആദ്യപഠനം. ഇലക്ട്രോകെമിക്കല്‍ സോളാര്‍സെല്ലുകളിലെ ഇലക്ട്രോഡുകളില്‍ ഒന്നില്‍ ഹൈഡ്രജന്‍ ഉത്‌പാദിപ്പിക്കപ്പെടാറുണ്ട്‌. ഈ രാസപ്രക്രിയ വിപരീത ദിശയില്‍ ഉപയോഗിച്ച്‌ ഇന്ധനസെല്ലുകളില്‍ (fuel cells) വൈദ്യുതി ഉത്‌പാദിപ്പിക്കാനും കഴിയും. ഖരപ്രതലത്തില്‍ ഹൈഡ്രജന്റെ പെരുമാറ്റവും പ്രവര്‍ത്തനവും നിര്‍ണായകമാകുന്ന ചില സന്ദര്‍ഭങ്ങളാണ്‌ ഇവ. ഖരപ്രതലത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ വ്യവസായികമായി എത്ര പ്രാധാന്യമര്‍ഹിക്കുന്നു എന്ന്‌ ഈ ഉദാഹരം വ്യക്തമാക്കുന്നു. ഉത്‌പ്രേരകത്വം (catalysis) ആണ്‌ ഈ അറിവ്‌ നിര്‍ണായകമാകുന്ന മറ്റൊരു മേഖല. അതെപ്പറ്റി അറിയാന്‍ വേണ്ടി 'ഹാബെര്‍-ബോഷ്‌ (Haber-Bosch) പ്രക്രിയ'യില്‍ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ പഠിക്കാന്‍ എര്‍ട്ടല്‍ പിന്നീട്‌ തീരുമാനിച്ചു.

അന്തരീക്ഷവായുവില്‍ നിന്ന്‌ നൈട്രജനെ ആഗിരണം ചെയ്‌ത്‌ കൃത്രമരാസവളം നിര്‍മിക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌ ഹാബെര്‍-ബോഷ്‌ പ്രക്രിയ. വളരെയേറെ വ്യവസായിക പ്രാധാന്യമുള്ള രാസപ്രക്രിയയാണിത്‌. അന്തരീക്ഷത്തില്‍ നിന്ന്‌ നൈട്രജനെ നേരിട്ട്‌ ആഗിരണം ചെയ്യാനുള്ള കഴിവ്‌ സസ്യങ്ങള്‍ക്കില്ല. ഇടിമിന്നലിലൂടെ മഴവെള്ളത്തില്‍ കലര്‍ന്നും, ചില സസ്യങ്ങളുടെ വേരുകളില്‍ കാണപ്പെടുന്ന ബാക്ടീരിയയുടെ സഹായത്തോടെയുമാണ്‌ മണ്ണില്‍ നൈട്രജന്‍ എത്തുന്നത്‌. ഇത്തരത്തില്‍ പരിതമിതമായ തോതില്‍ ലഭ്യമാകുന്ന നൈട്രജനെ വന്‍തോതിലുള്ള കൃഷിയില്‍ ആശ്രയിക്കാനാകില്ല, വിള മോശമാകും. അവിടെയാണ്‌ കൃത്രിമരാസവളങ്ങളുടെയും അവയുണ്ടാക്കാന്‍ സഹായിക്കുന്ന രാസപ്രക്രിയയുടെയും പ്രാധാന്യം. ഹാബെര്‍-ബോഷ്‌ പ്രക്രിയ കണ്ടെത്തിയതിന്‌ ഫ്രിറ്റ്‌സ്‌ ഹാബെര്‍ എന്ന ഗവേഷകന്‌ 1918-ല്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

ഹാബെര്‍-ബോഷ്‌ പ്രക്രിയ എങ്ങനെ സംഭവിക്കുന്നു എന്നതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തുകയാണ്‌ എര്‍ട്ടല്‍ ചെയ്‌തത്‌. ക്രമമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രതല രസതന്ത്രതത്ത്വങ്ങള്‍ പ്രയോഗിക്കപ്പെട്ട ഒന്നായിരുന്നു എര്‍ട്ടലിന്റെ ആ പരിശ്രമം. പ്രതല രസതന്ത്രം എന്ന പഠനശാഖയുടെ രീതിശാസ്‌ത്രം രൂപപ്പെടാന്‍ അത്‌ സഹായിച്ചു. അന്തരീക്ഷ വായുവില്‍ മുഖ്യഘടകമായ നൈട്രജന്‍, ഹൈഡ്രജനുമായി പ്രവര്‍ത്തിച്ച്‌ അമോണിയ ഉണ്ടാവുകയാണ്‌ ഹാബെര്‍-ബോഷ്‌ പ്രക്രിയയില്‍ സംഭവിക്കുന്നത്‌. ഇരുമ്പാണ്‌ ഉത്‌പ്രേരകം (catalyst); ഇരുമ്പുതരികള്‍. ഇരുമ്പുതരികളുടെ പ്രതലത്തിന്റെ പിന്തുണയോടെയാണ്‌ രാസപ്രവര്‍ത്തനം നടക്കുന്നത്‌. ആ പ്രതല രാസപ്രവര്‍ത്തനത്തിന്റെ സൂക്ഷ്‌മ വിശാദാംശങ്ങളാണ്‌ എര്‍ട്ടല്‍ തേടിയത്‌. അതില്‍ ഏത്‌ ഘട്ടമാണ്‌ സാവധാനത്തില്‍ നടക്കുന്നതെന്ന സുപ്രധാന ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. രാസപ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കാന്‍, മെല്ലെ നടക്കുന്ന ഘട്ടം വേഗത്തിലാക്കിയാല്‍ മതിയല്ലോ.

ഹാബെര്‍-ബോഷ്‌ പ്രക്രിയ പഠിക്കാന്‍ ഒരു കുറ്റമറ്റ സംവിധാനമാണ്‌ എര്‍ട്ടല്‍ ഉപയോഗിച്ചത്‌. ഒരു വാക്വം ചേംബറില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധവും മിനുസമേറിയതുമായ ഇരുമ്പു പ്രതലത്തിലേക്ക്‌, നിയന്ത്രിത അളവില്‍ വാതകങ്ങള്‍ പ്രയോഗിച്ചു. ലോഹപ്രതലത്തില്‍ നൈട്രജന്‍ വാതകം എത്തുമ്പോള്‍, തന്മാത്രാരൂപത്തില്‍ അവിടെ ആദ്യം ബന്ധിക്കപ്പെടുന്നു. രസതന്ത്രത്തിലെ ഏറ്റവും കരുത്തേറിയ ബോണ്ടുകളില്‍ ഒന്നാണ്‌ രണ്ട്‌ നൈട്രജന്‍ ആറ്റങ്ങള്‍ പരസ്‌പരം ബന്ധിക്കപ്പെട്ടുള്ള നൈട്രജന്‍ തന്മാത്രയിലേത്‌. ഇരുമ്പു പ്രതലവുമായി കൂട്ടുചേരുന്ന തന്മാത്രകള്‍ പിന്നീട്‌ നൈട്രജന്‍ ആറ്റങ്ങളായി വേര്‍പെടുന്നു. ഈ പ്രക്രയയ്‌ക്ക്‌ കുറച്ചു കാലതാമസമുള്ളതായി എര്‍ട്ടല്‍ നിരീക്ഷിച്ചു. നൈട്രജന്‍ തന്മാത്രാരൂപത്തിലാണോ ആറ്റമികരൂപത്തിലാണോ ഹൈഡ്രജനുമായി പ്രവര്‍ത്തിച്ച്‌ അമോണിയ ഉണ്ടാകുന്നത്‌ എന്നറിയുകയായിരുന്നു പരീക്ഷണത്തിന്റെ മുഖ്യലക്ഷ്യം. അതിന്‌ ഹൈഡ്രജന്‍ പ്രയോഗിക്കുമ്പോള്‍ ലോഹപ്രതലത്തില്‍ ആറ്റമികനൈട്രജന്റെ അളവാണോ തന്മാത്രാരൂപത്തിലുള്ള നൈട്രജന്റെ അളവാണോ കുറയുന്നതെന്ന്‌ കണ്ടെത്തിയാല്‍ മതി. അതിനായി വിവിധ സ്‌പെക്ട്രോസ്‌കോപ്പിക്‌ രീതികള്‍ ഉപയോഗിച്ചു. കൂടുതല്‍ ഹൈഡ്രജന്‍ പ്രയോഗിക്കുമ്പോള്‍, ഇരുമ്പിന്റെ പ്രതലത്തിലെ ആറ്റമികനൈട്രജന്റെ അളവ്‌ കുറയുന്നതായി കണ്ടു. ഹാബെര്‍-ബോഷ്‌ പ്രക്രിയ നടക്കുന്നത്‌ ഹൈഡ്രജനും ആറ്റമിക നൈട്രജനും പ്രവര്‍ത്തിച്ചാണെന്ന്‌ അങ്ങനെ ആദ്യമായി തെളിയിക്കപ്പെട്ടു.

മാത്രമല്ല, ഹാബെര്‍-ബോഷ്‌ പ്രക്രിയയുടെ തോതിനെ മൊത്തില്‍ പരിമിതപ്പെടുത്തുന്നത്‌, നൈട്രജന്‍ തന്മാത്രകള്‍ ഇരുമ്പു പ്രതലത്തില്‍ വെച്ച്‌ വേര്‍പെട്ട്‌ ആറ്റങ്ങളായി മാറുന്ന ഘട്ടമാണെന്നും വ്യക്തമായി. ഒരിക്കല്‍ നൈട്രജന്‍ ആറ്റങ്ങളായി മാറിക്കഴിഞ്ഞാല്‍ ബാക്കിയെല്ലാം പെട്ടന്നു നടക്കുന്നതായി വ്യക്തമായി. ഇതിനര്‍ഥം ഈ രാസപ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നൈട്രജന്‍ തന്മാത്രകള്‍ ആറ്റങ്ങളാകുന്ന ഘട്ടം വേഗത്തിലാക്കിയാല്‍ മതിയെന്നാണ്‌. പൊട്ടാസ്യം ചേര്‍ക്കുന്നത്‌ ഹാബെര്‍-ബോഷ്‌ പ്രക്രിയയുടെ വേഗം കൂട്ടുമെന്ന്‌ നേരത്തെ അറിയാമായിരുന്നു. അത്‌ എന്തുകൊണ്ടാണെന്നും എര്‍ട്ടല്‍ കണ്ടെത്തി. അവിടം കൊണ്ട്‌ അദ്ദേഹം അവസാനിപ്പിച്ചില്ല, ഹാബെര്‍-ബോഷ്‌ പ്രക്രിയ മുഴുവന്‍ വിപരീതദിശയില്‍ നടത്താനാകുമെന്നും അദ്ദേഹം തെളിയിച്ചു. എങ്ങനെയാണ്‌ അമോണിയ ലോഹപ്രതലത്തില്‍ പെരുമാറുന്നതെന്ന്‌ അദ്ദേഹം പഠിച്ചു. അതുവഴി, അതെങ്ങനെ ഘട്ടംഘട്ടമായി അതിന്റെ ഘടകങ്ങളായ ഹൈഡ്രജനും നൈട്രജനുമായി വേര്‍പെടുന്നുവെന്നും. ശരിക്കൊരു നിയന്ത്രിത മാതൃകയുടെ സഹായത്തോടെ ഹാബെര്‍-ബോഷ്‌ പ്രക്രിയ പോലൊരു സുപ്രധാന രാസപ്രക്രിയയുടെ അഴകളവുകള്‍ കണ്ടെത്താന്‍ എര്‍ട്ടലിന്റെ പരീക്ഷണങ്ങള്‍ സഹായിച്ചു. അടിസ്ഥാന ഗവേഷണ മേഖലയില്‍ മാത്രമല്ല, വ്യവസായിക രംഗത്തും ഈ കണ്ടെത്തലിന്റെ പ്രധാന്യം സുവ്യക്തമാണ്‌.

പ്രതല രസതന്ത്രത്തിന്റെ രീതിശാസ്‌ത്രം വ്യക്തമാക്കിത്തരുന്നു ഹാബെര്‍-ബോഷ്‌ പ്രക്രിയയുടെ പുനപ്പരിശോധന. അതേപോലെ തന്നെയാണ്‌ കാറുകളുടെ പുകക്കുഴലില്‍ കാര്‍ബണ്‍മോണോക്‌സയിഡ്‌ എന്ന വിഷവാതകത്തെ കാര്‍ബണ്‍ഡയോക്‌സയിഡാക്കാന്‍ പ്ലാറ്റിനം പ്രതലം സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ എര്‍ട്ടല്‍ നടത്തിയ പഠനം. വളരെയേറെ പ്രായോഗിക ഉപോയഗമുള്ള പഠനമായിരുന്നു അത്‌. ആ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങള്‍ അദ്ദേഹം ക്രമമായി കണ്ടെത്തി. കാര്‍ബണ്‍മോണോക്‌സയിഡ്‌ ഒരു അധിക ഓക്‌സിജന്‍ ആറ്റം സ്വീകരിച്ച്‌ കാര്‍ബണ്‍ഡയോക്‌സയിഡ്‌ ആയി മാറുന്നത്‌ ലളിതമായ ഒരു പ്രവര്‍ത്തനം എന്നാണ്‌ പൊതുവില്‍ കരുതിയിരുന്നത്‌. അത്‌ തെറ്റാണെന്നും, അതിസങ്കീര്‍ണമായ ഒരു രാസപ്രവര്‍ത്തനമാണ്‌ പുകക്കുഴലുകളില്‍ നടക്കുന്നതെന്നും എര്‍ട്ടല്‍ തെളിയിച്ചു. പ്രതല രസതന്ത്രം എന്ന പുത്തന്‍ ശാസ്‌ത്രശാഖയാണ്‌ ഇത്തരം പരീക്ഷണങ്ങളിലൂടെ കരുത്താര്‍ജിച്ചത്‌.

ജറാഡ്‌ എര്‍ട്ടര്‍: 1936-ല്‍ ജര്‍മനിയിലെ ബാഡ്‌ കാനസ്‌റ്റഡ്‌റ്റില്‍ ജനിച്ചു. ജര്‍മനിയില്‍ ടെക്‌നിക്‌ യൂണിവേഴ്‌സിറ്റി മന്‍ചെനില്‍ നിന്ന്‌ 1965-ല്‍ ഫിസിക്കല്‍ കെമിസ്‌ട്രിയില്‍ ഗവേഷണ ബിരുദം നേടി. ഇപ്പോള്‍ ബെര്‍ലിനില്‍ മാക്‌സ്‌-പ്ലാങ്ക്‌ സൊസൈറ്റിക്കു കീഴിലെ ഫ്രിറ്റ്‌സ്‌-ഹാബര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രൊഫസര്‍.(അവലംബം: നോബല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ്‌).

Wednesday, October 10, 2007

ഹാര്‍ഡ്‌ഡിസ്‌കുകളുടെ വലിപ്പം കുറയ്‌ക്കാന്‍ മാര്‍ഗ്ഗം

കണ്ടെത്തിയവര്‍ക്ക്‌ ഭൗതീകശാസ്‌ത്ര നോബല്‍

'ഭീമന്‍ കാന്തികപ്രതിരോധ'മെന്ന പ്രതിഭാസം കണ്ടെത്തുക വഴി ഹാര്‍ഡ്‌ഡിസ്‌കുകളില്‍ നിന്ന്‌ ഡേറ്റ വീണ്ടെടുക്കാന്‍ നൂതനമാര്‍ഗം തുറന്ന, ഫ്രഞ്ച്‌ ഗവേഷകന്‍ ആല്‍ബര്‍ട്ട്‌ ഫെര്‍ട്ടും ജര്‍മന്‍കാരന്‍ പീറ്റര്‍ ഗ്രുന്‍ബെര്‍ഗും 2007-ലെ ഭൗതികശാസ്‌ത്ര നോബല്‍ സമ്മാനം പങ്കിട്ടു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ഡിസ്‌കുകളുടെ വലിപ്പം അസാധാരണമാംവിധം കുറയ്‌ക്കാന്‍ വഴിവെച്ച ആ കണ്ടുപിടിത്തം, ഇപ്പോള്‍ 'സ്‌പിന്‍ട്രോണിക്‌സ്‌' എന്ന പുത്തന്‍ ഇലക്ട്രോണിക്‌സ്‌ ശാഖയ്‌ക്കു തന്നെ പിറവി നല്‍കിയിരിക്കുന്നു.

ലക്ട്രോണിക്‌ ഉപകരണങ്ങളുടെയും കമ്പ്യൂട്ടറുകളുടെയും വലിപ്പം ഓരോ ദിവസം കഴിയുംതോറും കുറയുകയാണ്‌. മേശപ്പുറത്തു വ്യാപിച്ചു കിടന്ന കമ്പ്യൂട്ടറുകള്‍ ഇപ്പോള്‍ ലാപ്‌ടോപ്പുകള്‍ക്കും പാംടോപ്പുകള്‍ക്കും വഴിമാറിയിരിക്കുന്നു. എടുത്താല്‍ പൊന്താത്ത വലിപ്പമുണ്ടായിരുന്ന മ്യൂസിക്‌ സിസ്റ്റങ്ങള്‍ അവിശ്വസനിയമാംവിധം ചെറുതായിരിക്കുന്നു. നൂറുകണക്കിന്‌ സി.ഡി.കളില്‍ കൊള്ളുന്ന മ്യൂസിക്‌ ഫയലുകള്‍ പോക്കറ്റിലൊതുങ്ങുന്ന മ്യൂസിക്‌ പ്ലേയറുകളില്‍ സംഭരിക്കാം. വിവരസംഭരണത്തിന്‌ ഉപയോഗിക്കുന്ന ഹാര്‍ഡ്‌ഡിസ്‌കുകളുടെ വലിപ്പത്തിലുണ്ടായ കുറവാണ്‌ ഇതെല്ലാം സാധ്യമാക്കുന്നത്‌.

വ്യത്യസ്‌ത കാന്തികമേഖലകളായാണ്‌ ഹാര്‍ഡ്‌ ഡിസ്‌കുകളില്‍ ഡേറ്റാ സംഭരണം നടക്കുന്നത്‌. ഹാര്‍ഡ്‌ഡിസ്‌കുകള്‍ സ്‌കാന്‍ ചെയ്‌ത്‌ വ്യത്യസ്‌ത കാന്തികമേഖലകള്‍ തിരിച്ചറിഞ്ഞ്‌, ഡേറ്റാ വീണ്ടെടുക്കാന്‍ 'റീഡ്‌-ഔട്ട്‌ ഹെഡുകളാ'ണ്‌ സഹായിക്കുന്നത്‌. ഡിസ്‌കുകളുടെ വലിപ്പം കുറയുമ്പോള്‍ അതിനനുസരിച്ച്‌ അവയിലെ കാന്തികമേഖലകളുടെ വിസ്‌താരം ചുരുങ്ങും. ഓരോ ബിറ്റ്‌ ഡേറ്റായ്‌ക്കും പകരം നില്‍ക്കേണ്ട കാന്തികമണ്ഡലങ്ങള്‍ ദുര്‍ബലമാകുമെന്ന്‌ ചുരുക്കം. അതിനനുസരിച്ച്‌ പ്രവര്‍ത്തനക്ഷമതയേറിയ ഹെഡുകള്‍ ഉണ്ടെങ്കിലേ ഡേറ്റാ വീണ്ടെടുക്കല്‍ സാധ്യമാകൂ.

ഹാര്‍ഡ്‌ഡിസ്‌കുകളിലെ ഹെഡുകളുടെ പ്രവര്‍ത്തനക്ഷമതയില്‍ ഒരു കുതിച്ചുചാട്ടം തന്നെ തൊണ്ണൂറുകളിലുണ്ടായി. അതിനനുസരിച്ച്‌ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ഡിസ്‌കുകളുടെ വലിപ്പം കുറയ്‌ക്കാനും കഴിഞ്ഞു. അതിന്‌ വഴിതെളിച്ചത്‌ പീറ്റര്‍ ഗ്രുന്‍ബെര്‍ഗും, ആല്‍ബര്‍ട്ട്‌ ഫെര്‍ട്ടും 1988-ല്‍ കണ്ടുപിടിച്ച ഒരു പ്രതിഭാസമാണ്‌. 'ഭീമന്‍ കാന്തികപ്രതിരോധം' (Giant Magnetoresistance) അഥവ 'ജി.എം.ആര്‍' എന്നറിയപ്പെടുന്ന ആ പ്രതിഭാസം കണ്ടെത്തിയതിനാണ്‌ ഇരുവര്‍ക്കും ഈ വര്‍ഷത്തെ ഭൗതീകശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്‌. പുരസ്‌കാരത്തുകയായ 15.3 ലക്ഷം ഡോളര്‍ (6.12 കോടി രൂപ) ഇരുവര്‍ക്കും തുല്യമായി വീതിച്ചു നല്‍കും.

കാന്തികപ്രതിരോധം എന്നത്‌ പുതിയ കാര്യമല്ല. ഒരു കാന്തിക ചാലകത്തില്‍ കാന്തികബലരേഖകളുടെ അതേ ദിശയില്‍ മറ്റൊരു കാന്തികമണ്ഡലം പ്രയോഗിക്കുമ്പോള്‍ പ്രതിരോധം കുറയുന്നതായും, കുറുകെ പ്രയോഗിക്കുമ്പോള്‍ പ്രതിരോധം വര്‍ധിക്കുന്നതായും പ്രശസ്‌ത ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞന്‍ കെല്‍വിന്‍ പ്രഭു 1857-ല്‍ തന്നെ കണ്ടെത്തിയിരുന്നു. ഇത്‌ സാധാരണ സാഹചര്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണ്‌. എന്നാല്‍, ജി.എം.ആര്‍. പ്രതിഭാസം നാനോ തലത്തിലേ പ്രാവര്‍ത്തികമാകൂ. ഇലക്ട്രോണുകളുടെ ക്വാണ്ടംമെക്കാനിക്കല്‍ ഗുണമായ 'സ്‌പിന്‍' (spin) ഈ പ്രതിഭാസത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നു. അതിനാല്‍, നാനോടെക്‌നോളജിക്ക്‌ ആദ്യമായി ഒരു പ്രായോഗിക ഉപയോഗം കൈവന്നത്‌ ഈ പ്രതിഭാസത്തിലൂടെയാണെന്ന്‌ നോബല്‍ കമ്മറ്റി വിലയിരുത്തുന്നു.

ഇരുമ്പിന്റെയും ക്രോമിയത്തിന്റെയും ഒട്ടേറെ നാനോപാളികള്‍ അടുക്കിവെച്ചു നടത്തിയ പഠനങ്ങളിലാണ്‌ ആല്‍ബര്‍ട്ട്‌ ഫെര്‍ട്ട്‌ ഈ പ്രതിഭാസം കണ്ടെത്തിയത്‌. എന്നാല്‍, പീറ്റര്‍ ഗ്രുന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘം കുറെക്കൂടി ലളിതമായ രീതിയില്‍ ഇത്‌ സാധ്യമാക്കി. ഇത്തരം നാനോപാളികള്‍ സൃഷ്ടിക്കുക പക്ഷേ, വലിയ ചെലവേറിയതും ശ്രമകരവുമായ പ്രക്രിയായിരുന്നു. അതിനാല്‍, ജി.എം.ആര്‍.പ്രതിഭാസം കണ്ടെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്‌ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ലളിതമായ സങ്കേതത്തിലൂടെ ഇതേ പ്രതിഭാസം സൃഷ്ടിക്കാമെന്ന്‌ ബ്രിട്ടീഷ്‌ വംശജനായ അമേരിക്കക്കാരന്‍ സ്റ്റുവര്‍ട്ട്‌ പാര്‍ക്കിന്‍ കണ്ടെത്തിയതോടെ കാര്യങ്ങള്‍ മാറി. ജി.എം.ആര്‍. അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഹാര്‍ഡ്‌ഡിസ്‌ക്‌ ഹെഡ്‌ 1997-ല്‍ നിര്‍മിച്ചു.

സ്‌പിന്‍ട്രോണിക്‌സ്‌

ഹാര്‍ഡ്‌ഡിസ്‌കുകളില്‍ അമര്‍ത്തിയൊതുക്കി വെച്ചിരിക്കുന്ന ഡേറ്റാ വീണ്ടെടുക്കുന്നതോടെ ജി.എം.ആര്‍.പ്രതിഭാസത്തിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല. 'സ്‌പിന്‍ട്രോണിക്‌സ്‌'(spintronics) എന്നൊരു പുത്തന്‍ ഇലക്ട്രോണിക്‌സ്‌ ശാഖ തന്നെ പിറവിയെടുക്കാന്‍ ഈ പ്രതിഭാസം കാരണമായി. പരമ്പരാഗത ഇലക്ട്രോണിക്‌സില്‍ ഇലക്ട്രോണുകളുടെ ചലനമാണ്‌ പ്രധാനമെങ്കില്‍, സ്‌പിന്‍ട്രോണിക്‌സില്‍ ഇലക്ട്രോണിന്റെ സ്‌പിന്നും പ്രധാനമാണ്‌. ഇലക്ട്രോണുകളുടെ സ്‌പിന്നിന്റെ ദിശ നിലനിര്‍ത്താന്‍ സാധിക്കുന്നത്‌ അതിസൂക്ഷ്‌മമായ നാനോ അകലങ്ങളില്‍ മാത്രമാണ്‌. നാനോടെക്‌നോളജി നല്‍കുന്ന മാനങ്ങളാണ്‌ സ്‌പിന്‍ട്രോണിക്‌സ്‌ പ്രയോജനപ്പെടുത്തുന്നത്‌.


ക്വാണ്ടം ഭൗതീകത്തിലെ 'ടണലിങ്‌' എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ, ജി.എം.ആറിന്‌ തുടര്‍ച്ചായായി 'ടണലിങ്‌ കാന്തികപ്രതിരോധം' (Tunnelling Magnetoresistance) അഥവാ ടി.എം.ആര്‍. എന്ന സങ്കേതം ഇപ്പോള്‍ പ്രചാരത്തിലായിക്കഴിഞ്ഞു. കൂടുതല്‍ ദുര്‍ബലമായ കാന്തികമണ്ഡലങ്ങളിലെ ഡേറ്റ വീണ്ടെടുക്കാന്‍ കഴിയുന്ന ഹാര്‍ഡ്‌ഡിസ്‌ക്‌ ഹെഡുകള്‍ അതുവഴിയുണ്ടാക്കാന്‍ കഴിയുന്നു. പുതിയ തലമുറയില്‍പെട്ട 'റീഡ്‌-ഔട്ട്‌ ഹെഡു'കള്‍ ഈ സങ്കേതം പ്രയോജനപ്പെടുത്തുന്നവയാണ്‌.

കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന 'റാന്‍ഡം ആക്‌സിസ്‌ മെമ്മറി' (RAM)ക്ക്‌ പകരം, സ്ഥിരമായി നിലനില്‍ക്കുന്ന കാന്തിക മെമ്മറി (MRAM) ആണ്‌ സ്‌പിന്‍ട്രോണിക്‌സിന്റേതായി രൂപപ്പെട്ടു തുടങ്ങിയിട്ടുള്ള മറ്റൊരു സാധ്യത. സേവ്‌ ചെയ്യാതെ തന്നെ ഡേറ്റ കമ്പ്യൂട്ടര്‍ ഓര്‍ത്തിരിക്കുന്ന സംവിധാനമാണിത്‌. വൈദ്യുതി നിലച്ചാലും കമ്പ്യൂട്ടറില്‍ നിന്ന്‌ ഡേറ്റ നഷ്ടമാകില്ല എന്നതാണ്‌ ഈ മെമ്മറിയുടെ പ്രത്യേകത.

എന്നുവെച്ചാല്‍, ജി.എം.ആറിന്റെ കണ്ടുപിടിത്തത്തോടെ പുതിയൊരു സാങ്കേതിക ഭൂമിക തന്നെ തുറന്നു കിട്ടിയിരിക്കുന്നു എന്നുസാരം; ഇലക്ട്രോണുകളുടെ ചാര്‍ജ്‌ പോലതന്നെ സ്‌പിന്നും പ്രയോജനപ്പെടുത്തുന്ന ഒന്നാണത്‌. അടിസ്ഥാനശാസ്‌ത്രവും പുത്തന്‍സാങ്കേതികവിദ്യകളും എത്രമാത്രം പരസ്‌പരപൂരകമായി പ്രവര്‍ത്തിക്കുന്നു എന്നതിന്‌ ഉദാഹരണം കൂടിയാണ്‌ ജി.എം.ആറിന്റെ കണ്ടുപിടിത്തവും പ്രയോഗങ്ങളും.

ആല്‍ബെര്‍ട്ട്‌ ഫെര്‍ട്ട്‌: ഫ്രാന്‍സിലെ കാര്‍ക്കസോണില്‍ 1938-ന്‌ ജനിച്ചു. ഒര്‍സേയിലെ പാരീസ്‌-സഡ്‌ സര്‍വകലാശാലിയില്‍ നിന്ന്‌ 1970-ല്‍ ഗവേഷണ ബിരുദം നേടി. 1976 മുതല്‍ അവിടെ പ്രവര്‍ത്തിക്കുന്ന അദ്ദേഹം ആ സര്‍വകലാശാലയില്‍ പ്രൊഫസറാണ്‌. 1995 മുതല്‍ സി.എന്‍.ആര്‍.എസ്‌-തെയ്‌ല്‍ ജോയന്റ്‌ ഫിസിക്‌സിന്റെ മേധാവി.

പീറ്റര്‍ ഗ്രുന്‍ബര്‍ഗ്‌: ഇപ്പോള്‍ ചെക്ക്‌ റിപ്പബ്ലിക്കില്‍ പെടുന്ന പില്‍സെന്‍ നഗരത്തില്‍ 1939-ല്‍ ജനിച്ചു. ജര്‍മനിയിലെ ഡാംസ്റ്റഡ്‌ സാങ്കേതികവിദ്യാ സര്‍വകലാശാലയില്‍ നിന്ന്‌ 1969-ല്‍ ഗവേഷണ ബിരുദം നേടി. 1972 മുതല്‍ 32 വര്‍ഷം യൂലിച്ചിലെ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ സോളിഡ്‌ സ്‌റ്റേറ്റ്‌ റിസര്‍ച്ചില്‍ ഗവേഷണ വിഭാഗം മേധാവിയായിരുന്നു. (അവലംബം: നോബല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ്‌)

Tuesday, October 09, 2007

ജീന്‍സങ്കേതത്തിന്‌ വൈദ്യശാസ്‌ത്ര നോബല്‍

'എലികളില്‍ മനുഷ്യനെ പഠിക്കുന്ന വിദ്യ' കണ്ടെത്തിയ മൂന്നു ശാസ്‌ത്രജ്ഞര്‍ 2007-ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു. ആധുനിക ബയോമെഡിക്കല്‍ ഗവേഷണത്തിന്‌ അടിത്തറ പാകിയ പഠനമാണിതെന്ന്‌ വിലയിരുത്തല്‍

ലികള്‍ മനുഷ്യര്‍ക്ക്‌ എന്തെങ്കിലും പ്രയോജനം ചെയ്യുന്നുവെന്ന്‌ കരുതാത്തവരാണ്‌ മിക്കവരും. മാത്രമല്ല, അവ ശല്യവും ഭക്ഷ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയുമാണ്‌. ആ ഭീഷണി നേരിടാന്‍ പൂച്ചയെ മുതല്‍ എലിക്കെണികള്‍ വരെ നമ്മള്‍ ഉപയോഗിക്കുന്നു. ഒരു ജനിതകശാസ്‌ത്രജ്ഞന്റെ കാഴ്‌ചപ്പാടില്‍ക്കൂടി നോക്കിയാല്‍ പക്ഷേ, മറ്റൊരു ചിത്രമാകും എലിയെക്കുറിച്ച്‌ ലഭിക്കുക. ശല്യം എന്നതിനെക്കാളേറെ, എലി ഒരു സാധ്യതയെന്നാകും ആ ശാസ്‌ത്രജ്ഞന്‍ വാദിക്കുക. കാരണം മനുഷ്യശരീരത്തെ മാരകമായി ബാധിക്കുന്ന ഒട്ടേറെ രോഗങ്ങളുടെ ജനിതകവഴികള്‍ തെളിഞ്ഞു വന്നത്‌ എലികളിലൂടെയാണ്‌. ആരോഗ്യമുള്ള മനുഷ്യ ശരീരത്തെ തന്മാത്രാതലത്തില്‍ രോഗങ്ങള്‍ എങ്ങനെ കീഴ്‌പ്പെടുത്തുന്നുവെന്നും, അവയ്‌ക്കു പ്രതിവിധി എങ്ങനെ കണ്ടെത്താമെന്നും ജനിതകപരിഷ്‌കരണം വരുത്തിയ എലികളെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളാണ്‌ പറഞ്ഞു തന്നത്‌. 'എലികളില്‍ മനുഷ്യരെ പഠിക്കുന്ന' ആ സാങ്കേതത്തിന്‌ 'ജീന്‍ ടാര്‍ജറ്റിങ്‌' (gene targeting) എന്നാണ്‌ പേര്‌. ആ വിദ്യ രൂപപ്പെടുത്തിയത്‌ മുഖ്യമായും മൂന്നു പേരാണ്‌-അമേരിക്കക്കാരായ മരിയോ ആര്‍. കപെച്ചി, ഒലിവര്‍ സ്‌മിതീസ്‌ എന്നിവരും, ബ്രിട്ടീഷുകാരനായ മാര്‍ട്ടിന്‍ ജെ.ഇവാന്‍സും. അവരാണ്‌ 2007-ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടത്‌.

"ഭ്രൂണവിത്തുകോശങ്ങള്‍ (embryonic stem cells) ഉപയോഗിച്ച്‌ എലികളില്‍ സവിശേഷ ജനിതക പരിഷ്‌കരണങ്ങള്‍ വരുത്താനുള്ള തത്ത്വങ്ങള്‍ കണ്ടുപിടിച്ചതിനാണ്‌" ഈ മൂന്നു ശാസ്‌ത്രജ്ഞര്‍ക്കും നോബല്‍ സമ്മാനം നല്‍കുന്നതെന്ന്‌, സ്‌റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്‌റ്റിട്ട്യൂട്ടിലെ നോബല്‍ അസംബ്ലി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്‌ പറയുന്നു. ശരിക്കു പറഞ്ഞാല്‍ പുതിയ നൂറ്റാണ്ടിന്റെ ശാസ്‌ത്രമെന്നു കരുതുന്ന ജനിതക വിദ്യയ്‌ക്ക്‌ എണ്‍പതുകളില്‍ അടിത്തറയിട്ടവരാണ്‌ കപെച്ചിയും സ്‌മിതീസും ഇവാന്‍സും. നിലവില്‍ ബയോമെഡിക്കല്‍ ഗവേഷണത്തിന്റെ എല്ലാ മേഖലകളിലും ഇവരുടെ മുന്നേറ്റം ആധിപത്യം പുലര്‍ത്തുന്നു. അവര്‍ കണ്ടെത്തിയ സങ്കേതത്തിന്റെ സഹായത്താല്‍ ഗവേഷണരംഗത്ത്‌ ഒരു വിപ്ലവം തന്നെ സമീപകാലത്തുണ്ടായി. അടിസ്ഥാന ഗവേഷണത്തില്‍ മുതല്‍ പുതിയ ചികിത്സ കണ്ടെത്താനുള്ള അന്വേഷണത്തില്‍ വരെ ശക്തമായ ഒരായുധമാണ്‌ ഗവേഷകരുടെ പക്കല്‍ ജീന്‍ ടാര്‍ജറ്റിങ്‌. വരുംവര്‍ഷങ്ങളിലും ഇത്‌ ആരോഗ്യ, ഔഷധ ഗവേഷണരംഗങ്ങളില്‍ അനുപേക്ഷണിയമായി തുടരുമെന്ന്‌ നോബല്‍ കമ്മറ്റി വിലയിരുത്തുന്നു.

ജീന്‍ ടാര്‍ജറ്റിങ്‌

ഓരോ ജീനുകളെ വെവ്വേറെയായി പ്രവര്‍ത്തനരഹിതമാക്കാനാണ്‌ ജീന്‍ ടാര്‍ജറ്റിങ്‌ ഉപയോഗിക്കുന്നത്‌. അങ്ങനെ ജീനുകളെ 'അണച്ചുകളഞ്ഞ്‌' നടത്തുന്ന പരീക്ഷണങ്ങള്‍ വഴി ഭ്രൂണവളര്‍ച്ച, ശരീരശാസ്‌ത്രം, വാര്‍ധക്യം, രോഗങ്ങള്‍ തുടങ്ങി ഒട്ടേറെ അവസ്ഥകളെയും മേഖലകളെയും കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും. ഇതിനകം എലികളിലെ പതിനായിരത്തിലേറെ ജീനുകള്‍ (ആകെയുള്ളതില്‍ പകുതി) ഇത്തരത്തില്‍ 'അണച്ചുവെച്ച്‌' പരീക്ഷണം നടത്തിയിട്ടുണ്ട്‌. ജീന്‍ ടാര്‍ജറ്റിങിന്റെ സഹായത്തോടെ എലികളുടെ ജിനോമില്‍ ഏതു തരത്തിലുള്ള പരിഷ്‌കരണം നടത്താനും ഇന്ന്‌ ഗവേഷകര്‍ക്കാകും. മനുഷ്യര്‍ക്കുണ്ടാകുന്ന അസുഖങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീനുകളെ ജീന്‍ ടാര്‍ജറ്റിങ്‌ വഴി എലികളിലേക്ക്‌ സന്നിവേശിപ്പിച്ച്‌ പഠനം നടത്താന്‍ കഴിയും. ഓരോ ജീനുകള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്‍ എന്തു പങ്കാണുള്ളതെന്ന്‌ സൂക്ഷ്‌മതലത്തില്‍ മനസിലാക്കാന്‍ അത്‌ സഹായിക്കും. ഹൃദ്രോഗം, അല്‍ഷൈമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌ തുടങ്ങിയ രോഗങ്ങളെക്കുറിച്ചൊക്കെ പുതിയ ധാരണകള്‍ ഉണ്ടാക്കാനും അവയ്‌ക്കു ചികിത്സാമാര്‍ഗങ്ങള്‍ കണ്ടെത്താനും ഈ സങ്കേതം തുണയാകുന്നു.

ശരീരത്തിന്റെ വളര്‍ച്ചയും പ്രവര്‍ത്തനവും സംബന്ധിച്ച എല്ലാ വിവരങ്ങളും രാസകോഡുകളായി സൂക്ഷിച്ചിട്ടുള്ളത്‌ ഡി.എന്‍.എ.തന്മാത്രയിലാണ്‌. ജനിതകവിവരങ്ങള്‍ മുഴുവന്‍ ജീവന്റെ തന്മാത്രയെന്ന്‌ അറിയപ്പെടുന്ന ഡി.എന്‍.എ.യില്‍ സ്ഥിതിചെയ്യുന്നു. 23 ജോടി ക്രോമസോമുകളിലായി മനുഷ്യ ഡി.എന്‍.എ. കോശമര്‍മത്തില്‍ അടുക്കി വെച്ചിരിക്കുകയാണ്‌. ക്രോമസോം ജോഡികളില്‍ ഒരെണ്ണം മാതാവില്‍ നിന്നും ഒരെണ്ണം പിതാവില്‍ നിന്നും വന്നതാണ്‌. ക്രോമസോം ജോടികളിലെ ഡി.എന്‍.എ.ശ്രേണികളുടെ പാരസ്‌പര്യമാണ്‌ സമൂഹത്തില്‍ ജനിതക വൈജാത്യത്തിന്‌ കാരണമാകുന്നത്‌. ഈ പാരസ്‌പര്യം സാധ്യമാകുന്നത്‌ 'ഹോമലോഗസ്‌ റികോമ്പിനേഷന്‍' (homologous recombination) എന്ന പ്രക്രിയ വഴിയാണ്‌. പരിണാമത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഈ പ്രക്രിയ കാത്തുസൂക്ഷിക്കപ്പെടുന്നു. 50 വര്‍ഷം മുമ്പ്‌ ജോഷ്വ ലെഡര്‍ബേര്‍ഗ്‌ എന്ന നോബല്‍ സമ്മാനജേതാവാണ്‌ ബാക്ടീരിയയില്‍ ഈ പ്രക്രിയ ആദ്യമായി കാട്ടിത്തന്നത്‌.

സസ്‌തിനികളുടെ കോശങ്ങളില്‍ ജീന്‍ പരിഷ്‌ക്കരണത്തിന്‌ ഹോമലോഗസ്‌ റികോമ്പിനേഷന്‍ പ്രക്രിയ ഉപയോഗിക്കാന്‍ മരിയോ കാപെച്ചിയും ഓലിവര്‍ സ്‌മിതീസും സ്വന്തം നിലയ്‌ക്ക്‌ നടത്തിയ പഠങ്ങളും, ഭ്രൂണവിത്തുകോശങ്ങളില്‍ മാര്‍ട്ടിന്‍ ഇവാന്‍സ്‌ നടത്തിയ പഠനങ്ങളും സമ്മേളിപ്പിച്ചപ്പോഴാണ്‌, 1986-ഓടെ ജീന്‍ ടാര്‍ജറ്റിങ്‌ സങ്കേതം രൂപപ്പെടുന്നത്‌. കോശത്തില്‍ പുറത്തുനിന്ന്‌ സന്നിവേശിപ്പിക്കുന്ന ഡി.എന്‍.എ.ശ്രേണീഭാഗത്തിനും കോശത്തിലെ ക്രോമസോമിനുമിടയില്‍ ഹോമലോഗസ്‌ റികോമ്പിനേഷന്‍ സാധ്യമാണെന്ന്‌ കാപെച്ചി തെളിയിച്ചു. തകരാര്‍ സംഭവിച്ച ജീനുകളെ ഈ പ്രക്രിയയുടെ സഹായത്തോടെ അന്യ ഡി.എന്‍.എ.ഭാഗം കൊണ്ട്‌ കേടുമാറ്റാന്‍ കഴിയുമെന്നും അദ്ദേഹം സ്ഥാപിച്ചു. സ്‌മിതീസ്‌ മറ്റൊരു രീതിയില്‍ ഇതെ സാധ്യതയിലെത്തി. വ്യതികരണം സംഭവിച്ച മനുഷ്യജീനുകളെ നന്നാക്കാനായിരുന്നു സ്‌മിതിസിന്റെ ശ്രമം. ആ ശ്രമത്തിനൊടുവില്‍ അദ്ദേഹം എത്തിയത്‌, ഹോമലോഗസ്‌ റികോമ്പിനേഷന്‍ എന്നത്‌ ഏത്‌ ജീനിന്റെ കാര്യത്തിലും സാധ്യമാണെന്ന നിഗമനത്തിലാണ്‌.

ഭ്രൂണവിത്തുകോശങ്ങള്‍ എന്ന വജ്രായുധം

കപാച്ചിയും സ്‌മിതീസും ഉപയോഗിച്ച തരത്തിലുള്ള കോശങ്ങള്‍ ജീന്‍ ടാര്‍ജറ്റിങിനുള്ള ജീവികളെ സൃഷ്ടിക്കാന്‍ പര്യാപ്‌തമായിരുന്നില്ല. അതിനുള്ള വഴി തെളിഞ്ഞത്‌ മാര്‍ട്ടിന്‍ ഇവാന്‍സിന്റെ പരിശ്രമത്തില്‍ നിന്നാണ്‌. എലികളുടെ ട്യൂമറുകളില്‍ നിന്നുള്ള ഭ്രൂണ കാര്‍സിനോമ കോശങ്ങള്‍ (EC കോശങ്ങള്‍) ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ പഠനം. എല്ലാത്തരം കോശങ്ങളായും പരിണമിക്കാന്‍ കഴിവുള്ളവയായിരുന്നു EC കോശങ്ങള്‍. പ്രാഥമിക ബീജകോശങ്ങളിലേക്ക്‌ ജീനുകളെ എത്തിക്കാന്‍ EC കോശങ്ങള്‍ സഹായിക്കുമോ എന്നറിയാനായിരുന്നു ഇവാന്‍സിന്റെ ശ്രമം. ട്യൂമറുകളില്‍ നിന്നുള്ളവയാകയാല്‍ EC കോശങ്ങളിലെ ക്രോമസോമുകള്‍ വൈകല്യമുള്ളവയാണ്‌. അതിനാല്‍, ബീജകോശ രൂപീകരണത്തില്‍ അതിന്‌ കാര്യമായ സംഭാവന സാധ്യമായില്ല. ഇക്കാര്യത്തിന്‌ പകരം കോശങ്ങള്‍ കണ്ടെത്താനായി പിന്നത്തെ ശ്രമം. അങ്ങനെയാണ്‌, എലികളുടെ ഭ്രൂണത്തില്‍ നിന്ന്‌ ഏത്‌ തരത്തിലുള്ളകോശഭാഗങ്ങളായും മാറാന്‍ കഴിവുള്ള അടിസ്ഥാനകോശങ്ങള്‍ ഇവാന്‍സ്‌ കണ്ടുപിടിക്കുന്നത്‌. 'ഭ്രൂണവിത്തുകോശങ്ങള്‍' എന്നാണ്‌ ഇത്തരം കോശങ്ങള്‍ ഇപ്പോള്‍ അറിയപ്പെടുന്നത്‌.

ബീജകോശ രൂപീകരണത്തില്‍ വിത്തുകോശങ്ങള്‍ ഉപയോഗിക്കാനായി പിന്നത്തെ ശ്രമം. ഒരു വര്‍ഗത്തിലെ എലിയുടെ ഭ്രൂണത്തിലേക്ക്‌, മറ്റൊരു എലിയുടെ ഭ്രൂണവിത്തുകോശങ്ങള്‍ കുത്തിവെച്ചായിരുന്നു പരീക്ഷണം. ഇരു വര്‍ഗത്തിലെയും എലികളുടെ കോശങ്ങളടങ്ങിയ ഭ്രൂണം രൂപപ്പെടുത്താന്‍ അങ്ങനെ കഴിഞ്ഞു. അതില്‍നിന്ന്‌ പിറന്ന സന്തതിയില്‍, കുത്തിവെച്ച ഭ്രൂണവിത്തുകോശത്തിലെ ജീനുകളും അടങ്ങിയിട്ടുണ്ടാകും. റിട്രോവൈറസുകളുടെ സഹായത്തോടെ പുതിയ ജീനുകള്‍ സന്നിവേശിപ്പിച്ച്‌ പരിഷ്‌ക്കരിച്ച ഭ്രൂണവിത്തുകോശങ്ങള്‍ ഉപയോഗിച്ചായി പിന്നത്തെ പരീക്ഷണം. പുതിയ ജനിതകവസ്‌തു അടങ്ങിയ എലികളെ സൃഷ്ടിക്കുന്നതില്‍ അങ്ങനെ ഇവാന്‍സ്‌ വിജയം കണ്ടു.

മൂന്ന്‌ ശാസ്‌ത്രജ്ഞരും വെവ്വേറെ നിലകളില്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ സമ്മേളിക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ, ജീന്‍ ടാര്‍ജറ്റിങ്‌ സങ്കേതം യാഥാര്‍ഥ്യമാകാന്‍. 1986-ഓടെ അതിനുള്ള കളമൊരുങ്ങി. ജീന്‍ ടാര്‍ജറ്റിങിനുള്ള എലിയെ സൃഷ്ടിക്കാന്‍ ഭ്രൂണവിത്തുകോശങ്ങളില്‍ ഹോമലോഗസ്‌ റികോമ്പിനേഷന്‍ സാധ്യമാക്കിയതിന്റെ ആദ്യറിപ്പോര്‍ട്ട്‌ 1989-ല്‍ പ്രസിദ്ധീകരിച്ചു. അതിന്‌ ശേഷം ഈ സങ്കേതത്തിന്റെ സഹായത്തോടെ ബയോമെഡിക്കല്‍ ഗവേഷണരംഗം ഒരു കുതിച്ചുചാട്ടത്തിനാണ്‌ സാക്ഷ്യം വഹിച്ചത്‌. ഇന്ന്‌ ശരീരശാസ്‌ത്രത്തിലെ ഏതാണ്ടെല്ലാ വസ്‌തുതകളെക്കുറിച്ചും ജീന്‍ ടാര്‍ജറ്റിങിന്റെ സഹായത്തോടെ പഠിക്കാനാകും. ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ നൂറുകണക്കിന്‌ ജീനുകള്‍ വഹിക്കുന്ന പങ്കെന്താണെന്ന്‌ മനസിലായത്‌ ഈ സങ്കേതത്തിന്റെ സഹായത്തോടെയാണ്‌. അവയവങ്ങളുടെ വളര്‍ച്ചയില്‍ ജീനുകള്‍ വഹിക്കുന്ന റോള്‍ മനസിലാക്കാന്‍ കപാച്ചിയുടെ പില്‍ക്കാല പഠനങ്ങള്‍ സഹായിച്ചു. മനുഷ്യരിലെ ഒട്ടേറെ ജനിതകവൈകല്യങ്ങളുടെ കാരണവും അദ്ദേഹത്തിന്റെ ഗവേഷണം വ്യക്തമാക്കി.

മനുഷ്യരെ ബാധിക്കുന്ന പാരമ്പര്യ രോഗമായ സിസ്‌റ്റിക്‌ ഫൈബ്രോസിസ്‌ (cystic fibrosis) പോലുള്ള പാരമ്പര്യ രോഗങ്ങളുടെ എലികളിലെ മാതൃക സൃഷ്ടിക്കാന്‍ ഇവാന്‍സ്‌ ജീന്‍ ടാര്‍ജറ്റിങ്‌ ഉപയോഗിച്ചു. ഇത്തരം രോഗങ്ങളില്‍ ജീന്‍തെറാപ്പിയുടെ സാധ്യത പരിശോധിക്കാനും അതുവഴി സാധിച്ചു. പാരമ്പര്യ രോഗങ്ങള്‍ക്കൊപ്പം, മാനസികസമ്മര്‍ദ്ദം, ധമനികളുടെ ജരിതാവസ്ഥ (atherosclerosis) തുടങ്ങിയ സാധാരണ രോഗങ്ങളുടെ മാതൃകകള്‍ എലികളില്‍ സൃഷ്ടിക്കാന്‍ സ്‌മിതീസിന്‌ കഴിഞ്ഞു. ഒട്ടേറെ ഗവേഷകര്‍ വിവിധ മേഖലകളില്‍ ഇന്ന്‌ ജീന്‍ ടാര്‍ജറ്റിങ്‌ സങ്കേതം ഉപയോഗിക്കുന്നു. ഹൃദ്രോഗം, പ്രമേഹം, അര്‍ബുദങ്ങള്‍ എന്നിങ്ങനെ മനുഷ്യനെ ബാധിക്കുന്ന അഞ്ഞൂറോളം ആരോഗ്യപ്രശ്‌നങ്ങളുടെ ജനിതകമാതൃകകള്‍ എലികളില്‍ സൃഷ്ടിക്കാന്‍ ഇതിനകം ഗവേഷകര്‍ക്കു കഴിഞ്ഞു. ജീന്‍ ടാര്‍ജറ്റിങിന്റെ ശരിക്കുള്ള സാധ്യതയിലേക്ക്‌ ലോകം പ്രവേശിച്ചു കഴിഞ്ഞിട്ടേയുള്ളൂ എന്ന്‌ സാരം.

മരിയോ കപാച്ചി: 1937-ല്‍ ഇറ്റലിയില്‍ ജനിച്ചു. ഇപ്പോള്‍ യു.എസ്‌.പൗരന്‍. ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍ നിന്ന്‌ 1967-ല്‍ ബയോഫിസിക്‌സില്‍ ഡോക്ടറേറ്റ്‌ നേടി. നിലവില്‍ അമേരിക്കയില്‍ സാള്‍ട്ട്‌ ലേക്ക്‌ സിറ്റിയില്‍ ഉത്താ സര്‍വകലാശാലയിലെ ഹൊവാര്‍ഡ്‌ ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ ഇന്‍വെസ്‌റ്റിഗേറ്ററും, ഹ്യുമണ്‍ ജനറ്റിക്‌സ്‌ ആന്‍ഡ്‌ ബയോളജിയിലെ പ്രൊഫസറും.

സര്‍ മാര്‍ട്ടിന്‍ ഇവാന്‍സ്‌: ബ്രിട്ടനില്‍ 1941-ല്‍ ജനിച്ചു. 1969-ല്‍ ലണ്ടനില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന്‌ അനാറ്റമി ആന്‍ഡ്‌ എംബ്രയോളജിയില്‍ ഡോക്ടറേറ്റ്‌ നേടി. യു.കെ.യില്‍ കാര്‍ഡിഫ്‌ സര്‍വകലാശാലയ്‌ക്കു കീഴിലെ സ്‌കൂള്‍ ഓഫ്‌ ബയോസയന്‍സസിന്റെ മേധാവിയും മാമലിയന്‍ ജനറ്റിക്‌സിന്റെ പ്രൊഫസറും.

ഒലിവര്‍ സ്‌മിതീസ്‌: ബ്രിട്ടനില്‍ 1925-ല്‍ ജനിച്ചു. ഇപ്പോള്‍ യു.എസ്‌.പൗരന്‍. 1951-ല്‍ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബയോകെമിസ്‌ട്രിയില്‍ ഡോക്ടറേറ്റ്‌. അമേരിക്കയില്‍ ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത്‌ കരോലിന സര്‍വകലാശാലയില്‍ പത്തോളജി ആന്‍ഡ്‌ ലബോറട്ടറി മെഡിസിന്റെ പ്രൊഫസര്‍.(അവലംബം: നോബല്‍ കമ്മറ്റിയുടെ വാര്‍ത്താക്കുറിപ്പ്‌)

Sunday, October 07, 2007

കൃത്രിമ ജീവരൂപം: പ്രഖ്യാപനം ഉടന്‍

പരീക്ഷണശാലയില്‍ ക്രോമസോം നിര്‍മിച്ചു; വലിപ്പം 381 ജീന്‍ നീളവും 580,000 ബേസ്‌ ജോടികളും.

രീക്ഷണശാലയില്‍ ലഭ്യമായ രാസവസ്‌തുക്കളുപയോഗിച്ച്‌ ക്രോമസോം രൂപപ്പെടുത്തുന്നതില്‍ ആദ്യമായി ശാസ്‌ത്രലോകം വിജയം കണ്ടു. വിവാദ ജനിതകശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ്‌ വെന്ററും സംഘവുമാണ്‌ ഈ മുന്നേറ്റത്തിന്‌ പിന്നില്‍. ആ ക്രോമസോമിന്റെ സഹായത്തോടെ, ഭൂമുഖത്തെ ആദ്യകൃത്രിമ ജീവരൂപം സൃഷ്ടിച്ചതായി ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. വന്‍ വിവാദം സൃഷ്ടിച്ചേക്കാവുന്ന മുന്നേറ്റമാണിത്‌.

അമേരിക്കയില്‍ മേരിലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 'ജെ.ക്രെയ്‌ഗ്‌ വെന്റര്‍' ഇന്‍സ്റ്റിട്ട്യൂട്ടാണ്‌, കൃത്രിമ ക്രോമസോം നിര്‍മിക്കുന്നതില്‍ വിജയിച്ചത്‌. നോബല്‍ പുരസ്‌കാര ജേതാവ്‌ ഹാമില്‍ട്ടണ്‍ സ്‌മിത്തിന്റെ നേതൃത്വത്തില്‍ ക്രെയ്‌ഗ്‌ വെന്റര്‍ രൂപംനല്‍കിയ 20 ജനിതകവിദഗ്‌ധരുടെ സംഘമാണ്‌, ക്രോമസോം കൃത്രിമമായി നിര്‍മിച്ചതെന്ന്‌ 'ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ടു ചെയ്‌തു. പരീക്ഷണശാലയില്‍ തുന്നിച്ചേര്‍ത്ത്‌ നിര്‍മിക്കുന്ന ജിനോം (genome) ഉപയോഗിച്ച്‌ കൃത്രിമജീവരൂപം സൃഷ്ടിക്കുമെന്ന്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ സ്ഥാപനം മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു.

ഒരു ജീവിയുടെ കോശമര്‍മത്തില്‍ ക്രോമസോമുകളിലായാണ്‌ അതിന്റെ ഡി.എന്‍.എ. സ്ഥിതിചെയ്യുന്നത്‌. 300 കോടിയിലേറെ ബേസ്‌ ജോടികളുള്ള മനുഷ്യ ഡി.എന്‍.എ. കോശമര്‍മത്തില്‍ 23 ജോടി ക്രോമസോമുകളിലായി അടുക്കി വെച്ചിരിക്കുന്നു. ഓരോ ജിവിയിലും ക്രോമസോമുകളുടെ സംഖ്യയും ഡി.എന്‍.എ.യുടെ വലിപ്പവും സ്വഭാവവും വ്യത്യാസപ്പെട്ടിരിക്കും. 5.8 ലക്ഷം ബേസ്‌ ജോടികള്‍ അടങ്ങിയ, 381 ജീനുകളുടെ നീളം വരുന്ന ക്രോമസോമാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ സംഘം ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെ നിര്‍മിച്ചത്‌. ഡിസൈനര്‍ ജിനോമിന്റെ കാലത്തേക്കാണ്‌ ലോകം നീങ്ങുന്നതെന്ന്‌ ഈ മുന്നേറ്റം സൂചിപ്പിക്കുന്നു.

മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തില്‍ ദാര്‍ശനികമായി സുപ്രധാനമായ ചുവടുവെപ്പാണിതെന്ന്‌ ക്രെയ്‌ഗ്‌ വെന്റര്‍ പറയുന്നു. ഹ്യുമണ്‍ ജിനോം പദ്ധതിക്കെതിരെ വെല്ലുവിളി ഉയര്‍ത്തി സ്വന്തം നിലയ്‌ക്ക്‌ മാനവജിനോം കണ്ടെത്തിയ ഗവേഷകനാണ്‌ അദ്ദേഹം. "സ്വന്തം ജനിതകോഡ്‌ വായിക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയില്‍നിന്ന്‌ ആ സുപ്രധാനകോഡ്‌ എഴുതിയുണ്ടാക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയിലേക്ക്‌ മനുഷ്യന്‍ ഇതൊടെ മാറിയിരിക്കുകയാണ്‌"-ക്രെയ്‌ഗ്‌ വെന്റര്‍ അഭിപ്രായപ്പെട്ടു.

'മൈക്കോപ്ലാസ്‌മ ജനിറ്റലിയം' (Mycoplasma genitalium) എന്ന ബാക്ടീരിയത്തെ അടിസ്ഥാനമാക്കിയാണ്‌ ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും പുതിയ ക്രോമസോം നിര്‍മിച്ചിരിക്കുന്നത്‌. ഈ ക്രോമസോമിന്റെ സഹായത്തോടെ സൃഷ്ടിക്കുന്ന സൂക്ഷ്‌മജീവിക്ക്‌ 'മൈക്കോപ്ലാസ്‌മ ലാബൊറട്ടോറിയം' (Mycoplasma laboratorium) എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. കൃത്രിമ ക്രോമസോം ജീവനുള്ള ബാക്ടീരിയയിലേക്ക്‌ മാറ്റിവച്ചാല്‍, ജീവിയുടെ നിയന്ത്രണം ആ ക്രോമസോം ഏറ്റെടുക്കുകയും, അത്‌ മറ്റൊരു ജീവരൂപം ആകുകയും ചെയ്യും.

മറ്റ്‌ അവയവങ്ങള്‍ മാറ്റിവെയ്‌ക്കുന്നതു പോലെ, ഒരു ബാക്ടീരിയത്തിന്റെ ജിനോം പൂര്‍ണമായി മാറ്റി സ്ഥാപിക്കുന്നതില്‍ വിജയിച്ചതായി ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും അടുത്തയിടെ പ്രഖ്യാപിച്ചിരുന്നു. പരീക്ഷണശാലയില്‍ കൃത്രിമജിവിയെ സൃഷ്ടിക്കാനുള്ള നീക്കത്തില്‍ നിര്‍ണായക ചുവടുവെപ്പായി അത്‌ വിശേഷിപ്പിക്കപ്പെട്ടു. ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഡിസൈന്‍ ചെയ്‌തെടുക്കുന്ന ജിനോം കൊണ്ട്‌ സൃഷ്ടിക്കുന്ന കൃത്രിമ സൂക്ഷ്‌മജീവികളെ ഉപയോഗിച്ച്‌ ഇന്ധനം നിര്‍മിക്കാനും, ആഗോളതാപനം ചെറുക്കാനുമൊക്കെ കഴിയുമെന്ന്‌ ക്രെയ്‌ഗ്‌ വെന്റര്‍ പറയുന്നു.

എന്നാല്‍, തീക്കൊള്ളികൊണ്ട്‌ തല ചൊറിയുന്നതു പോലെ അപകടം പിടിച്ച ഏര്‍പ്പാടാണ്‌ കൃത്രിമജീവരൂപത്തെ സൃഷ്ടിക്കാനുള്ള നീക്കമെന്ന്‌ വിമര്‍ശകര്‍ പറയുന്നു. നൈതികമായി ഒട്ടേറെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഭീഷണികളും ഉണ്ടാകാന്‍ ഡിസൈനര്‍ ജിനോമുകളും കൃത്രിമ ജീവരൂപങ്ങളും കാരണമാകുമെന്ന്‌ അവര്‍ വാദിക്കുന്നു. സമൂഹത്തിന്‌ വന്‍വെല്ലുവിളിയാണ്‌ ഇതുയര്‍ത്തുന്നതെന്ന്‌, കനേഡിയന്‍ ബയോഎത്തിക്ക്‌സ്‌ സംഘടനയായ 'ഇ.ടി.സി' (ETC) ഗ്രൂപ്പിന്റെ ഡയറക്ടര്‍ പാറ്റ്‌ മൂണി പറയുന്നു. ഔഷധങ്ങളും ഇന്ധനങ്ങളും പോലുള്ള പുതിയ സാധ്യതകളാണോ, അതോ ജൈവായുധങ്ങള്‍ക്കുള്ള പുതിയ അവസരമാണോ ക്രെയ്‌ഗ്‌ വെന്ററിന്റെ ഗവേഷണം മുന്നോട്ടു വെയ്‌ക്കുന്നതെന്ന്‌ സമൂഹം മൊത്തത്തില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ അദ്ദേഹം വാദിക്കുന്നു.

എന്നാല്‍, കൃത്രിമ ക്രോമസോം നിര്‍മിക്കുന്നതിന്‌ മുമ്പ്‌ അതിന്റെ ധാര്‍മിക വശങ്ങളെക്കുറിച്ച്‌ പുനരവലോകനം നടത്തിയതായും, മികച്ച സയന്‍സ്‌ ആണ്‌ ഈ ഗവേഷണം എന്ന ശക്തമായ വിചാരമാണ്‌ തങ്ങള്‍ക്കുണ്ടായതെന്നും ക്രെയ്‌ഗ്‌ വെന്റര്‍ പറയുന്നു. "വലിയ ആശയങ്ങളെയാണ്‌ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്‌. ജീവനെ സംബന്ധിച്ച്‌ പുതിയൊരു മൂല്യസംവിധാനം രൂപപ്പെടുത്താനാണ്‌ ശ്രമം. ഈ തോതില്‍ വസ്‌തുതകള്‍ കൈകാര്യം ചെയ്യുമ്പോള്‍, എല്ലാവരും സന്തുഷ്ടരായിരിക്കുമെന്ന്‌ പ്രതീക്ഷിക്കാനാവില്ല"-അദ്ദേഹം പറയുന്നു.(കാണുക: ജിനോം മാറ്റിവെയ്‌ക്കാവുന്ന കാലം, ആദ്യകൃത്രിമജീവി പരീക്ഷണശാലയില്‍ ഒരുങ്ങുന്നു). (കടപ്പാട്‌: 'ഗാര്‍ഡിയന്‍' പത്രം)

Thursday, October 04, 2007

ഇന്ത്യയിലെ ഏറ്റവും ചെറിയ തവള പശ്ചിമഘട്ടത്തില്‍

വയനാട്ടില്‍ കുറിച്യര്‍മലയിലെ ചോലക്കാട്ടില്‍ നിന്ന്‌ ഡോ.എസ്‌.ഡി.ബിജുവും സംഘവും കണ്ടെത്തിയ പുതിയയിനം തവള, ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ചെറുതാണ്‌. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നമ്മള്‍ കരുതുന്നതിലും എത്രയോ സമ്പന്നമാണെന്നും, ഇനിയും അതിന്റെ മഹത്ത്വം ശരിക്ക്‌ മനസിലാക്കാനായിട്ടില്ല എന്നുമാണ്‌ പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്‌

ന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ എറ്റവും ചെറിയ തവളയെ വയനാട്ടില്‍ കുറിച്യര്‍മലയില്‍ കണ്ടെത്തി. മലയാളിയും പ്രശസ്‌ത തവളഗവേഷകനുമായ ഡോ.എസ്‌.ഡി.ബിജുവും സംഘവും നടത്തിയ ഈ കണ്ടെത്തലിന്റെ വിവരം പുതിയ ലക്കം 'കറണ്ട്‌ സയന്‍സി'ലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. 'നിക്ടിബട്രാക്കസ്‌ മിനിമസ്‌' എന്ന്‌ ശാസ്‌ത്രീയനാമം നല്‍കിയിട്ടുള്ള ഈ തവളയ്‌ക്ക്‌ വളര്‍ച്ച പൂര്‍ത്തിയാക്കുമ്പോള്‍ വെറും പത്തു മുതല്‍ 14 മില്ലിമീറ്റര്‍ വരെയേ വലിപ്പമുള്ളൂ.
ഇതിന്‌ മുമ്പ്‌ ക്യൂബ, ആമസോണ്‍, ബോര്‍ണിയോ മേഖകളില്‍ നിന്നാണ്‌ ചെറുതവളകളെ കണ്ടെത്തിയിട്ടുള്ളത്‌. ചെറുതവളകളായ 'നിക്ടിബട്രാക്കിഡെ'യില്‍ പെട്ട 12 വര്‍ഗങ്ങളെ ലോകത്ത്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അവയുടെ വലിപ്പമേ, പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ ചെറുതവളകള്‍ക്കും ഉള്ളു എന്ന്‌ ഗവേഷകര്‍ പറയുന്നു. സമുദ്രനിരപ്പില്‍ നിന്ന്‌ 1200 മീറ്റര്‍ ഉയരത്തിലുള്ള ചോലക്കാട്ടില്‍നിന്നാണ്‌ ചെറുതവളകളെ ഡോ.ബിജുവും സംഘവും കണ്ടെത്തിയത്‌.
സാധാരണഗതിയില്‍ ചവറുകള്‍ക്കും പാറകള്‍ക്കുമടിയില്‍ പകല്‍ സമയത്ത്‌ കഴിയുന്ന 'നിക്ടിബട്രാക്കസ്‌' തവളകള്‍, രാത്രിയാകുമ്പോഴാണ്‌ സജീവമാവുക. കാതുതുളയ്‌ക്കുന്ന ശബ്ദമാണ്‌ ഇവ രാത്രികാലങ്ങളില്‍ പുറപ്പെടുവിക്കുക. മണ്‍സൂണ്‍ രാത്രികളില്‍ അത്‌ ഉച്ചസ്ഥായിയിലെത്തും. ഇതൊരു 'രാത്തവള' (night-frog) ആണ്‌. 'നിക്ടിബട്രാക്കസ്‌' എന്നതിന്റെ അര്‍ഥവും അതാണ്‌. മുമ്പ്‌ ഈ തവളകളെ കണ്ടിട്ടുള്ള ഗവേഷകര്‍ ഒരുപക്ഷേ, അവ തവളക്കുട്ടികളാണെന്ന്‌ തെറ്റിദ്ധരിച്ചിരിക്കാം.
മറ്റ്‌ തവളകളില്‍ കാണപ്പെടും പോലെ, ഇവയുടെ വിരലുകള്‍ ചര്‍മം കൊണ്ട്‌ വലപോലെ പരസ്‌പരം ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. ഇക്കാര്യത്തിന്‌ ഇവയുടെ വലിപ്പക്കുറവുമായി ബന്ധമുണ്ടെന്ന്‌ ഡോ.എസ്‌.ഡി.ബിജു. സംശയിക്കുന്നു. ഉയര്‍ന്ന വിതാനങ്ങളില്‍ കഴിയാന്‍ പാകത്തില്‍ സംഭവിച്ച പരിണാമത്തിന്റെ ഫലമാകാമിത്‌. ലോകത്തെ 18 സുപ്രധാന ജൈവവൈവിധ്യ മേഖലകളില്‍ ഒന്നായി കണക്കാക്കുന്ന പശ്ചിമഘട്ടത്തെ ശരിക്കു മനസിലാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ്‌ ഇതുപോലുള്ള കണ്ടെത്തലുകളെന്ന്‌ ഡോ.ബിജു പറയുന്നു. പശ്ചിമഘട്ടം പോലുള്ള ജൈവസമ്പന്ന മേഖലകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇത്‌ അടിവരയിടുന്നു.
ഡല്‍ഹി സര്‍വകലാശാലയ്‌ക്കു കീഴിലെ 'ദി സെന്റര്‍ ഫോര്‍ എന്‍വിരോണ്‍മെന്റല്‍ മാനേജ്‌മെന്റ്‌ ഓഫ്‌ ഡിഗ്രേഡഡ്‌ ഇക്കോസിസ്‌റ്റംസി' (CEMDE) ലെ റീഡറാണ്‌, ചടയമംഗലം സ്വദേശിയായ ഡോ. ബിജു. പശ്ചിമഘട്ടത്തില്‍ നിന്ന്‌ ആദ്യമായല്ല അദ്ദേഹം പുതിയൊരു തവളവര്‍ഗ്ഗത്തെ കണ്ടുപിടിക്കുന്നത്‌. ഈ രംഗത്ത്‌ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും പ്രധാന കണ്ടുപിടിത്തങ്ങളിലൊന്ന്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന, 'നാസികാബട്രാച്ചസ്‌ സഹ്യാദ്രേന്‍സിസ്‌' (Nasikabatrachus sahydrensis) എന്ന തവളവര്‍ഗത്തെ (അതുവഴി പുതിയൊരു തവള കുടുംബത്തെയും) ഡോ.ബിജുവാണ്‌ തിരിച്ചറിഞ്ഞത്‌; കോട്ടയത്തു നിന്ന്‌.
മരത്തിന്‌ മുകളില്‍ ഇലച്ചാര്‍ത്തുകളില്‍ ജീവിക്കുന്ന 'ഫിലോട്ടസ്‌ നെരോസ്‌റ്റാഗൊന' (Philautus nerostagona) എന്ന തവളയിനത്തെ വയനാട്ടില്‍ നിന്നു ഡോ.ബിജുവും സംഘവും ഏതാനും വര്‍ഷം മുമ്പ്‌ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നു കണ്ടെത്തുന്ന ആദ്യ 'കനോപ്പി തവള' (canopy frog) യായിരുന്നു അത്‌. തവളകള്‍ ഉള്‍പ്പടെ പശ്ചിമഘട്ടത്തിലെ ഉഭയജീവകളെക്കുറിച്ച്‌ സമഗ്രമായൊരു പഠനത്തിന്‌ ഡോ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുങ്ങുന്നതിനിടെയാണ്‌ പുതിയ തവളവര്‍ഗ്ഗത്തെ കണ്ടെത്തിയ വിവരം പുറത്തു വന്നിരിക്കുന്നത്‌. (കാണുക: പശ്ചിമഘട്ടത്തിലെ തവളകളെത്തേടി. കടപ്പാട്‌: ദി ഹിന്ദു).

Wednesday, October 03, 2007

സ്‌പുട്‌നിക്ക്‌-ആദ്യ കൃത്രിമ ഉപഗ്രഹം


ഭൂമിക്ക്‌ ഗോളാകൃതിയായതിനാല്‍ ആദ്യ കൃത്രിമ ഉപഗ്രഹത്തിനും ഗോളാകൃതി വേണമെന്ന്‌ സോവിയറ്റ്‌ ശാസ്‌ത്രജ്ഞര്‍ തീരുമാനിച്ചു. ശീതയുദ്ധകാലത്തെ സോവിയറ്റ്‌ ആയുധപ്പുരയിലാണ്‌ സ്‌പുട്‌നിക്ക്‌ രൂപംകൊണ്ടതെങ്കിലും, അതിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ സംഭവിച്ചത്‌ ബഹിരാകാശ യുഗത്തിന്റെ പിറവിയാണ്‌. അതിനിപ്പോള്‍ അരനൂറ്റാണ്ട്‌ തികയുന്നു.

"സോവിയറ്റ്‌ യൂണിയന്‍ ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക്‌ തൊടുത്തു വിട്ടിരിക്കുന്നു. അത്‌ ഭൂമിയെ മണിക്കൂറില്‍ 18,000 മൈല്‍ വേഗത്തിലാണ്‌ ചുറ്റുന്നത്‌. ആ ഗോളം യു.എസിന്‌ മുകളിലൂടെ നാലുതവണ കടന്നു പോയതായി കണ്ടെത്തി"-ഒട്ടൊരു അവശ്വസനിയതയോടെ 1957 സപ്‌തംബര്‍ അഞ്ചിന്റെ 'ന്യൂയോര്‍ക്ക്‌ ടൈംസ്‌' അതിന്റെ രണ്ടുവരി തലവാചകത്തില്‍ വിളംബരം ചെയ്‌തു. ന്യൂയോര്‍ക്ക്‌ ടൈംസ്‌ മാത്രമല്ല, അമേരിക്കന്‍ ശാസ്‌ത്രസമൂഹമാകെ അവിശ്വസനിയതയോടെയും നടുക്കത്തോടെയുമാണ്‌, സോവിയറ്റ്‌ യൂണിയന്‍ കൃത്രമ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശ്രവിച്ചത്‌.
'സ്‌പുട്‌നിക്ക്‌-1' ആയിരുന്നു ആ ഉപഗ്രഹം. അവിടെ നിന്നാണ്‌ ബഹിരാകാശയുഗത്തിന്റെ തുടക്കം. 83.5 കിലോഗ്രാം ഭാരമുള്ള ഗോളാകൃതിയിലുള്ള ആ ക്യാപ്‌സ്യൂള്‍, 1957 ഓക്ടോബര്‍ നാലിനാണ്‌ ഭ്രമണപഥത്തിലെത്തിയത്‌. "ഭൂമിക്ക്‌ ഗോളാകൃതിയാണുള്ളത്‌, അതിനാല്‍ ഉപഗ്രഹത്തിനും ഗോളാകൃതി വേണം" എന്ന്‌ നിശ്ചയിച്ചതായി, സോവിയറ്റ്‌ സ്‌പേസ്‌ പ്രോഗ്രാമിന്റെ സ്ഥാപകരില്‍ ഒരാളായ ബൊറിസ്‌ ചെര്‍റ്റോക്ക്‌ പിന്നീട്‌ അറിയിച്ചു. സോവിയറ്റ്‌ സ്‌പേസ്‌ പ്രോഗ്രാമിന്റെ പിതാവെന്നറിയപ്പെടുന്ന സെര്‍ജി കൊറോലേവ്‌ ആണ്‌ ഗോളാകൃതി നിര്‍ദ്ദേശിച്ചത്‌.
സ്‌പുട്‌നിക്കിനെ ഒക്‌ടോബര്‍ ആറിന്‌ വിക്ഷേപിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്‌. എന്നാല്‍, അതിന്റെ തലേ ദിവസം അമേരിക്കക്കാര്‍ എന്തോ ഒന്ന്‌ ആസൂത്രണം ചെയ്യുന്നതായി കൊറോലേവ്‌ സംശയിച്ചു. അതിനാല്‍, വിക്ഷേപണ സമയപരിധി വെട്ടിച്ചുരുക്കി ഒക്ടോബര്‍ നാലാക്കുകയായിരുന്നു. വെറും മൂന്നുമാസം കൊണ്ട്‌ നിര്‍മിച്ച സ്‌പുട്‌നിക്കില്‍ കാര്യമായ ഗവേഷണ ഉപകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്‌പേസിലെത്തി ഭൂമിയെ ഭ്രമണം ചെയ്‌തു എന്നതൊഴിച്ചാല്‍, അത്‌ ഗൗരവമേറിയ ഡാറ്റയൊന്നും നല്‍കിയതുമില്ല. ചിതറിയ ശബ്ദത്തിലുള്ള ഏതാനും ബീപ്‌, ബീപ്‌ ശബ്ദങ്ങള്‍ മാത്രമാണ്‌ അത്‌ സ്‌പേസില്‍ നിന്ന്‌ ഭൂമിയിലേക്ക്‌ അയച്ചത്‌. ഏതായാലും മനുഷ്യനിര്‍മിതമായ ആദ്യ ഉപഗ്രഹം എന്ന നിലയ്‌ക്ക്‌ ചരിത്രത്തില്‍ സ്ഥാനം നേടാനായിരുന്നു അതിന്റെ വിധി.
യഥാര്‍ഥത്തില്‍ ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായി സോവിയറ്റ്‌ യൂണിയന്‍ അയച്ചതല്ല സ്‌പുട്‌നിക്ക്‌. ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌ മിസൈല്‍ ഗവേഷണത്തിനിടെ യാദൃശ്ചികമായി സംഭവിച്ചു പോയതാണത്‌. 1945-ല്‍ ജപ്പാനില്‍ അമേരിക്കയിട്ട ആറ്റംബോംബിന്റെ നടുക്കത്തില്‍ നിന്നാണ്‌ സോവിയറ്റ്‌ യൂണിയന്റെ ബാലിസ്‌റ്റിക്‌ മിസൈല്‍ പ്രോഗ്രാമിന്റെ തുടക്കം. അമേരിക്കയുടെ പക്കല്‍ ആറ്റംബോംബും അതു വര്‍ഷിക്കാനുള്ള പോര്‍വിമാനങ്ങളും ഉണ്ടെന്നു മാത്രമല്ല, യൂറോപ്പ്‌, തുര്‍ക്കി, ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ സൈനിക സാന്നിധ്യം വ്യാപിപ്പിക്കുക വഴി അമേരിക്ക സോവിയറ്റ്‌ യൂണിയന്‌ ചുറ്റും നിലയുറപ്പിച്ചിരിക്കുന്നു എന്ന സ്ഥിതിയുണ്ടായി.
അമേരിക്കയ്‌ക്കു ബദലായി 1949-ല്‍ സോവിയറ്റ്‌ യൂണിന്‍ ആറ്റംബോംബ്‌ പരീക്ഷിച്ചു. അവസാന ആയുധം എന്നു കണക്കുന്ന ഹൈഡ്രജന്‍ ബോംബിനായി സോവിയറ്റ്‌ ആണവശാസ്‌ത്രജ്ഞന്‍ ആന്‍ഡ്രേയ്‌ സഖാറോവിന്റെയും സംഘവും അതിനകം ശ്രമമാരംഭിച്ചിരുന്നു. പക്ഷേ, ഏത്‌ വാഹനം ഇത്തരം ബോംബുകള്‍ ലക്ഷ്യത്തിലെത്തിക്കും. രണ്ടാംലോക മഹായുദ്ധകാലത്ത്‌ ജര്‍മനി ഉപയോഗിച്ചിരുന്ന V-2 റോക്കറ്റുകള്‍ എതിരാളികളെ എത്ര ഭീതിയിലാഴ്‌ത്തിയിരുന്നു എന്നത്‌ സോവിയറ്റ്‌ യൂണിയന്‌ അറിവുള്ളതാണ്‌. സ്‌റ്റാലിന്‍ അന്നേ അതിന്റെ പ്രധാന്യം കണ്ടു.
1945-ല്‍ ചുമപ്പുസേന കിഴക്കന്‍ ജര്‍മനിയില്‍ കടന്നപ്പോള്‍, സെര്‍ജി കൊറോലേവും വാലെന്റിന്‍ ഗ്ലുഷ്‌കോയും ഉള്‍പ്പടെയുള്ള സോവിയറ്റ്‌ വിദഗ്‌ധരുടെ വലിയൊരു സംഘം ഒപ്പമുണ്ടായിരുന്നു. V2 റോക്കറ്റിന്റെ ജന്മസ്ഥാനമെന്നു കണക്കാക്കുന്ന പീനിമുന്‍ഡെയില്‍ നിന്ന്‌ കിട്ടാവുന്ന എല്ലാ രേഖകളും ഉപകരണങ്ങളും, പുരവസ്‌തു ഗവേഷകരെപ്പോലെ അവര്‍ ശേഖരിച്ചു. അവിടെ അവശേഷിച്ചിരുന്ന ജര്‍മന്‍ വിദഗ്‌ധരും സഹായിച്ചു. V2 റോക്കറ്റിന്റെ പിതാവായ വേണ്‍ഹര്‍ വോന്‍ ബ്രോനിന്റെ രഹസ്യങ്ങള്‍ പുനസൃഷ്ടിക്കാനായിരുന്നു അത്‌. ലഭിച്ച വിവരങ്ങള്‍ സമ്മേളിപ്പിച്ച്‌ പൂര്‍ണമായി ഒരു റോക്കറ്റ്‌ രൂപകല്‍പ്പന ചെയ്യാനും പരീക്ഷിക്കാനും 18 മാസമെടുത്തു.
1947-ല്‍ ആ സാമിഗ്രികളും രേഖകളുമെല്ലാം സോവിയറ്റ്‌ യൂണിയനിലെത്തിച്ചു. ജര്‍മന്‍ വിദഗ്‌ധരെയും കൊണ്ടുവന്നു. അങ്ങനെയാണ്‌ വിപുലമായ രീതിയിലൊരു റോക്കറ്റ്‌ പ്രോഗ്രാം സോവിയറ്റ്‌ യൂണിയന്‍ തുടങ്ങുന്നത്‌. കൊറോലേവിനും ഗ്ലുഷ്‌കോയ്‌ക്കും ആ പ്രോഗ്രാമിന്റെ തലപ്പത്തേക്ക്‌ സ്ഥാനക്കയറ്റം ലഭിച്ചു. V2 റോക്കറ്റില്‍ നിന്ന്‌ കടംകൊണ്ട ആശയം ഉപയോഗിച്ചാണ്‌, 1953-ല്‍ കൊറോലേവും സംഘവും R-7 മിസൈല്‍ പ്രോഗ്രാം ആരംഭിക്കുന്നത്‌. ഹൈഡ്രജന്‍ ബോംബുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനായിരുന്നു ആ പദ്ധതി.
പക്ഷേ, ഹൈഡജന്‍ ബോംബിന്‌ എത്ര വലിപ്പമുണ്ടാകുമെന്ന്‌ R-7 പദ്ധതി തുടങ്ങുന്ന ഘട്ടത്തില്‍ ആര്‍ക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല. R-7 റോക്കറ്റിന്‌ ഹൈഡ്രജന്‍ ബോംബ്‌ വഹിക്കാനാവില്ല എന്ന്‌ താമസിയാതെ വ്യക്തമായി. പിന്നീട്‌ ആ റോക്കറ്റിന്‌ ഒട്ടേറെ തവണ നവീകരണവും പുനര്‍നാമകരണവും നടന്നു. ഇന്നു റഷ്യ ഉപയോഗിക്കുന്ന 'സോയുസ്‌' റോക്കറ്റ്‌ R-7 ന്റെ പിന്‍ഗാമിയാണ്‌. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്‌ക്ക്‌ ഇന്ന്‌ സഹായിക്കുന്നത്‌ സോയുസ്‌ റോക്കറ്റുകളാണ്‌.
അമ്പതുകളില്‍ R-7 പ്രോഗ്രാം പുരോഗമിക്കുന്ന വേളയില്‍ തന്നെ, ആ റോക്കറ്റിന്റെ സഹായത്തോടെ മനുഷ്യനിര്‍മിത ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാന്‍ അനുവാദം നല്‍കാന്‍ സോവിയറ്റ്‌ നേതൃത്വത്തോട്‌ കൊറോലേവ്‌ ആവശ്യപ്പെട്ടു. യു.എന്നിന്റെ നേതൃത്വത്തില്‍ 'അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷം' (IGY) ആയി 1957-1958 ആചരിക്കുന്ന സാഹചര്യം കണക്കിലെടുത്ത്‌, 1956 മെയില്‍ കൊറോലേവിന്‌ സോവിയറ്റ്‌ അധികാരികള്‍ ഉപഗ്രഹവിക്ഷപണത്തിന്‌ അനുവാദം നല്‍കി. അങ്ങനെ 'സ്‌പുട്‌നിക്ക്‌-1' 1957 -ല്‍ ഭ്രമണപഥത്തിലെത്തി.
അതേവര്‍ഷം തന്നെ, ഒക്ടോബര്‍ വിപ്ലവത്തിന്റെ നാല്‌പതാം വാര്‍ഷികം പ്രമാണിച്ച്‌, നികിത ക്രൂഷ്‌ച്ചേവിന്റെ നിര്‍ദ്ദേശപ്രകാരം 'സ്‌പുട്‌നിക്ക്‌-2' ല്‍ ലെയ്‌ക്കയെന്ന പെണ്‍നായയെ ഭ്രമണപഥത്തിലെത്തിച്ചെങ്കിലും, വാഹനം വിക്ഷേപിച്ച്‌ അധികം വൈകും മുമ്പ്‌ നായ ചത്തു. ക്രൂഷ്‌ച്ചേവിന്റെ തിടുക്കത്തിലുള്ള പ്രഖ്യാപനം സഫലമാക്കാന്‍ വേണ്ടി, വേണ്ടത്ര മുന്നൊരുക്കമോ ഗവേഷണമോ കൂടാതെയാണ്‌ സ്‌പുട്‌നിക്ക്‌-2 വിക്ഷേപിച്ചത്‌. അതിനാല്‍, ആ വിക്ഷേപണത്തില്‍ നിന്നു കാര്യമായ എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചില്ല. നിരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങളോടെ ബഹിരാകാശത്തെത്തുന്ന ആദ്യ ഉപഗ്രഹം 'സ്‌പുട്‌നിക്ക്‌-3' ആണ്‌. പക്ഷേ, ഭ്രമണപഥത്തില്‍ വെച്ച്‌ അതിലെ ടേപ്പ്‌ റിക്കോര്‍ഡര്‍ തകരാറിലായതിനാല്‍ അധികം വിവരങ്ങളൊന്നും ഭൂമിയിലെത്തിയില്ല.
ബാലിസ്‌റ്റിക്‌ മിസൈല്‍ പ്രോഗ്രാമിന്റെ ഭാഗമായി സ്‌പുട്‌നിക്ക്‌ വിക്ഷേപിച്ചതു പോലെ, പില്‍ക്കാലത്തും ബഹിരാകാശ പര്യവേക്ഷണം പ്രതിരോധ ഗവേഷണവുമായി ബന്ധപ്പെടുത്തിയാണ്‌ സോവിയറ്റ്‌ യൂണിയന്‍ നടത്തിയത്‌. എന്നാല്‍, അമേരിക്കന്‍ ബഹിരാകാശ പരിപാടി ആരംഭിക്കുന്നത്‌ വ്യത്യസ്‌തമായ രീതിയിലാണ്‌. 1958-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗീകരിച്ച 'സ്‌പേസ്‌ ആക്ടി'ന്റെ അടിസ്ഥാനത്തില്‍, ഒരു സിവിലിയന്‍ ഏജന്‍സിയായാണ്‌ 'നാഷണല്‍ എയ്‌റോനോട്ടിക്കല്‍ സ്‌പേസ്‌ അഡ്‌മിനസ്‌ട്രേഷന്‍'(NASA) രൂപം കൊണ്ടത്‌.(അവലംബം: സയന്‍സ്‌ ഗവേഷണ വാരിക, വിക്കിപീഡിയ, ടൈംസ്‌ ഓഫ്‌ ഇന്ത്യ)