Saturday, June 21, 2008

മാച്ചൂ പിക്‌ച്ചൂ മുമ്പേ കണ്ടെത്തിയിരുന്നു

മാച്ചൂ പിക്‌ച്ചൂ എന്നൊരു ചരിത്രനഗരം പെറുവില്‍ ആന്‍ഡിസ്‌ പവര്‍തശിഖരത്തില്‍ മറഞ്ഞിരിക്കുന്ന കാര്യം 1911-ലാണ്‌ ലോകമറിഞ്ഞത്‌; അമേരിക്കക്കാരനായ ഒരു പര്യവേക്ഷകനില്‍നിന്ന്‌. എന്നാല്‍ അതിനും 40 വര്‍ഷം മുമ്പേ ഈ നഷ്ടനഗരം കണ്ടെത്തിയിരുന്നുവത്രേ.

പെറുവില്‍ ആന്‍ഡിസ്‌ പര്‍വതശിഖരത്തിലാണ്‌ ഇന്‍കാകളുടെ നഷ്ടനഗരമായ മാച്ചൂ പിക്‌ച്ചൂവിന്റെ സ്ഥാനം. അരസഹസ്രാബ്ദത്തിന്‌ മുമ്പ്‌ നിര്‍മിച്ച ഈ നഗരം അധിനിവേശക്കാരില്‍ നിന്നു മറഞ്ഞിരിക്കുകയായിരുന്നു; നൂറ്റാണ്ടുകളോളം. ഇങ്ങനെയൊരു പുരാതന നഗരമുള്ള കാര്യം ആധുനികലോകത്തിന്‌ മുമ്പിലെത്തിച്ചത്‌ 1911-ല്‍ യു.എസ്‌.പര്യവേക്ഷകനായ ഹിരാം ബിന്‍ഗാം ആണെന്ന്‌ ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നു. പക്ഷേ, അത്‌ ശരിയല്ലത്രേ. ബിന്‍ഗാമാണ്‌ മാച്ചൂ പിക്‌ച്ചൂ കണ്ടെത്തിയതെന്ന കഥ തിരുത്തേണ്ടിവരുമെന്ന്‌ ഒരുസംഘം ചരിത്രവിദഗ്‌ധര്‍ പറയുന്നു.

ബിന്‍ഗാമിനും 40 വര്‍ഷം മുമ്പുതന്നെ ഒരു ജര്‍മന്‍ വ്യാപാരി മാച്ചൂ പിക്‌ച്ചൂ കണ്ടെത്തുകയും, വിലപിടിപ്പുള്ള ഒട്ടേറെ ചരിത്രാവശിഷ്ടങ്ങള്‍ അവിടെനിന്ന്‌ യൂറോപ്പിലേക്ക്‌ കടത്തുകയും ചെയ്‌തുവത്രേ. എന്നാല്‍, താന്‍ കണ്ടെത്തിയ ആ പുരാതന നഗരത്തിന്‌ മറ്റെന്തെങ്കിലും സവിശേഷതയുള്ളതായി അഗസ്‌റ്റോ ബേണ്‍സ്‌ എന്ന ആ വ്യാപാരിക്ക്‌ തോന്നിയില്ലെന്നു മാത്രം. ബേണ്‍സിന്റെ പ്രവര്‍ത്തന മേഖലകള്‍ അടയാളപ്പെടുത്തിയ ഒരു ഭൂപടം പെറുവിലെ നാഷണല്‍ മ്യൂസിയത്തില്‍നിന്ന്‌ അടുത്തയിടെ ഒരു ചരിത്രഗവേഷകന്‍ കണ്ടെത്തിയതോടെയാണ്‌, മാച്ചൂ പിക്‌ച്ചൂവിനെ സംബന്ധിച്ച ഈ അറിയപ്പെടാത്ത ഏട്‌ വെളിവായത്‌.

അവസാനത്തെ ഇന്‍കാ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്ന പച്ചാക്യുടെക്‌ 1450-കളോടെ സ്ഥാപിച്ച രഹസ്യനഗരമാണ്‌ മാച്ചൂ പിക്‌ച്ചൂ. പിന്നീട്‌ വന്ന സ്‌പാനിഷ്‌ അധിനിവേശക്കാരില്‍നിന്ന്‌ ഇങ്ങനെയൊരു സ്ഥലമുള്ള കാര്യം ഇന്‍കാ വര്‍ഗക്കാര്‍ മറച്ചുവെച്ചു. എന്നാല്‍, മൂന്നു നൂറ്റാണ്ടിന്‌ ശേഷം പെറുവില്‍നിന്ന്‌ സ്വര്‍ണവും തടിയും കച്ചവടം ചെയ്യാനെത്തിയ ജര്‍മന്‍ വ്യാപാരിയായ ബേണ്‍സ്‌, പെറുവിയന്‍ അധികൃതരുടെ നിശബ്ദാനുമതിയോടെ 1867-ല്‍ മാച്ചൂ പിക്‌ച്ചൂവിലെ ശവകുടീരങ്ങള്‍ റെയ്‌ഡ്‌ ചെയ്യുകയും അവിടെനിന്ന്‌ അമൂല്യമായ വസ്‌തുക്കള്‍ കൊള്ളയടിക്കുകയും ചെയ്‌തതായാണ്‌ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്‌.

മാച്ചൂ പിക്‌ച്ചൂ സ്ഥിതിചെയ്യുന്ന വനനിബിഡമായ ആന്‍ഡിസ്‌ പര്‍വതമേഖലയുടെ ചുവട്ടില്‍ ബേണ്‍സ്‌ ഒരു തടിമില്‍ സ്ഥാപിക്കുകയും, ആ പുരാതനനഗരിയിലെ വിലപിടിപ്പുള്ള വസ്‌തുക്കള്‍ ആസൂത്രിതമായി കൊള്ളയടിക്കുകയും ചെയ്യുകയാണത്രേ ഉണ്ടായത്‌. അയാള്‍ ആ വസ്‌തുക്കള്‍ യൂറോപ്യന്‍ ഗാലറികള്‍ക്കും മ്യൂസിയങ്ങള്‍ക്കും വിറ്റു കാശാക്കി. 40 വര്‍ഷം കഴിഞ്ഞാണത്രേ, അമേരിക്കയില്‍ യേല്‍ സര്‍വകലാശാലയിലെ പര്യവേക്ഷകനായ ഹിരാം ബിന്‍ഗാം മാച്ചൂ പിക്‌ച്ചൂവിലെത്തുന്നതും, അങ്ങനെയൊരു നഗരമുള്ള കാര്യം ലോകത്തെ അറിയിക്കുന്നതും.

പെറുവില്‍ ഇത്രകാലത്തിനിടെ ഒറ്റ പുരവസ്‌തു പര്യവേക്ഷണം പോലും നടന്നിട്ടില്ലാത്തതുകൊണ്ട്‌, എന്തൊക്കെ മാച്ചൂ പിക്‌ച്ചൂവില്‍നിന്ന്‌ നഷ്ടപ്പെട്ടുവെന്ന്‌ ആര്‍ക്കും ഒരു പിടിയുമില്ല. രാജ്യത്തുനിന്ന്‌ ഇപ്പോഴും ഒട്ടേറെ അമൂല്യ പുരാവസ്‌തുക്കള്‍ കവര്‍ച്ചചെയ്യപ്പെടുന്നുണ്ട്‌, അവ അന്താരാഷ്ട്ര ബ്ലാക്ക്‌മാര്‍ക്കറ്റില്‍ എത്തുന്നുമുണ്ട്‌. ആ നിലയ്‌ക്ക്‌ മാച്ചൂ പിക്‌ച്ചൂവിന്‌ നഷ്ടമായത്‌ ഇനി കണ്ടുപിടിക്കുക ശ്രമകരമാരിയിരിക്കും, ഒരുപക്ഷേ അസാധ്യവും.(ബി.ബി.സി.ന്യൂസ്‌)
കാണുക: മാച്ചൂ പിക്‌ച്ചൂവും നെരൂദയും

4 comments:

Joseph Antony said...

അവസാനത്തെ ഇന്‍കാ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്ന പച്ചാക്യുടെക്‌ 1450-കളോടെ സ്ഥാപിച്ച രഹസ്യനഗരമാണ്‌ മാക്‌ചൂ പിച്ചൂ. പിന്നീട്‌ വന്ന സ്‌പാനിഷ്‌ അധിനിവേശക്കാരില്‍നിന്ന്‌ ഇങ്ങനെയൊരു സ്ഥലമുള്ള കാര്യം ഇന്‍കാ വര്‍ഗക്കാര്‍ മറച്ചുവെച്ചു. എന്നാല്‍, മൂന്നു നൂറ്റാണ്ടിന്‌ ശേഷം പെറുവില്‍നിന്ന്‌ സ്വര്‍ണവും തടിയും കച്ചവടം ചെയ്യാനെത്തിയ ജര്‍മന്‍ വ്യാപാരിയായ ബേണ്‍സ്‌, പെറുവിയന്‍ അധികൃതരുടെ നിശബ്ദാനുമതിയോടെ 1867-ല്‍ മാക്‌ചൂ പിച്ചൂവിലെ ശവകുടീരങ്ങള്‍ റെയ്‌ഡ്‌ ചെയ്യുകയും അവിടെനിന്ന്‌ അമൂല്യമായ വസ്‌തുക്കള്‍ കടക്കുകയും ചെയ്‌തതായാണ്‌ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്‌.

Roby said...

മാച്ചു പിക്ച്ചു എന്നല്ലേ?

siva // ശിവ said...

ഒരുനാള്‍ ഞാനും മാച്ചു പിക്ച്ചുവില്‍ പോകും....

Joseph Antony said...

റോബി, ശരിയാണ്‌, അങ്ങനെ മാറ്റുന്നു.
ശിവ, യാത്രാമംഗളങ്ങള്‍.